പുസ്തകങ്ങൾ

രചയിതാവ്.: കെ. വിദ്യാസാഗര്‍
വിവർത്തനം: ഷിബു ബാബു &ഷൈനി

പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താൽ എഴുതപ്പെട്ട ബൈബിളിൽ (2 പത്രോസ് 1:20,20) വൈരുദ്ധ്യങ്ങൾ ഉണ്ടാകുക അസാധ്യമാണ്. ദൈവവചനം സത്യമാണ് (യോഹന്നാൻ 17:17, സങ്കീർത്തനം 119:160).എന്നാല്‍ ചില ആളുകൾ പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും എഴുത്തുകൾ സംരക്ഷിക്കുന്നതിനായി, അതായത് ഭാവി തലമുറകൾക്ക് കൈമാറുന്നതിനായി അവ പകർത്താൻ തുടങ്ങിയപ്പോൾ, ചെറിയ ചെറിയ തെറ്റുകൾ അതില്‍ സംഭവിച്ചു. കാരണം അക്കാലത്ത് അച്ചടിയന്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വളരെ പ്രയാസകരമായ രീതിയിൽ, അതായത് വിളക്കിന്‍റെ വെളിച്ചത്തിൽ കൈകള്‍ക്കൊണ്ടാണ് ഈ പകര്‍പ്പുകള്‍ എഴുതേണ്ടി വന്നിരുന്നത്. മാത്രമല്ല, അവർ അതിന് ഉപയോഗിച്ചത് ഇന്നുള്ള പേനയും പേപ്പറും ആയിരുന്നില്ല. അതുകൊണ്ടാണ് ചില തെറ്റുകൾ സംഭവിച്ചത്. ഇന്ന് നമ്മുടെ ബൈബിളിൽ ചില സംഖ്യാപരവും പേരുമായി ബന്ധപ്പെട്ടതുമായ വൈരുദ്ധ്യങ്ങൾ നാം കാണുന്നത് ഇങ്ങനെ തെറ്റുകൾ സംഭവിച്ചതുകൊണ്ടാണ്. അത്തരം സമയങ്ങളിൽ, നമ്മുടെ നിലവിലുള്ള ബൈബിളുകൾ വിവർത്തനം ചെയ്‌തിരിക്കുന്ന പകർപ്പുകളെക്കാൾ പഴയ കൈയെഴുത്തുപ്രതികൾ, അതായത് യഹൂദന്മാർ എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയ പഴയനിയമത്തിന്‍റെ ആദ്യ വിവർത്തനമായ Septuagint (LXX) പരിശോധിച്ചു നോക്കുന്നതിനാൽ നമുക്ക് അവ പരിഹരിക്കാനാകും.അവയെല്ലാം Dead sea scrolls ന്‍റെ ഒപ്പം ലഭ്യമാണ്. അതേ സന്ദർഭത്തിൽ എഴുതപ്പെട്ട മറ്റ് വാക്യഭാഗങ്ങള്‍ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നതും അവ പരിഹരിക്കപ്പെടുന്നതിന് കാരണമാകുന്നു.

ശ്രദ്ധിക്കുക; ദൈവനിശ്വസ്തതയാൽ എഴുതപ്പെട്ട തിരുവെഴുത്തുകളിൽ ഒരു തെറ്റും ഉണ്ടായിരുന്നില്ല. പകർപ്പുകൾ എഴുതിയപ്പോൾ വരുന്ന തെറ്റുകൾ പരിശോധിച്ചുകൊണ്ട് നമുക്ക് അത് തിരുത്താനും കഴിയും. അതുപോലെതന്നെ, പ്രവാചകന്മാരിലൂടെയും അപ്പോസ്തലന്മാരിലൂടെയും അവൻ എഴുതിയതിൽ നിന്ന് ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല, കാരണം പത്രോസ് പഠിപ്പിച്ചതുപോലെ, ആ വാക്കുകൾ ശാശ്വതമാണ് (1 പത്രോസ് 1:24). അതിലുപരി, പകർപ്പുകൾ എഴുതുമ്പോൾ സംഭവിച്ച ആ തെറ്റുകൾ വെറും സംഖ്യകളെയും പേരുകളെയും സംബന്ധിച്ചുള്ളവ മാത്രമാണ്, സന്ദേശത്തെ ബാധിക്കുന്നവയല്ല. ഇനി ഞാൻ വിഷയത്തിലേക്ക് കടക്കുകയാണ്.

ഉൽപത്തി 15:13-16 അപ്പോൾ അവൻ അബ്രാമിനോട്: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്‍റെശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു.

ഈ വാക്യഭാഗത്തിൽ ദൈവം അബ്രഹാമിനോട് രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ആദ്യമായി; അവന്‍റെ സന്തതി 400 വർഷക്കാലം അന്യദേശത്ത് കഷ്ടതകൾ അനുഭവിക്കും. രണ്ടാമതായി; ആ സന്തതിയുടെ നാലാം തലമുറ ആ കഷ്ടതയിൽ നിന്ന് വിടുവിക്കപ്പെടുകയും കനാൻ ദേശം കൈവശമാക്കുകയും ചെയ്യും. ആദ്യമായി നമുക്ക് അബ്രഹാമിന്‍റെ സന്തതി അന്യദേശത്ത് 400 വർഷക്കാലം കഷ്ടത അനുഭവിച്ചതിനെക്കുറിച്ച് പഠിക്കാം. സ്തെഫാനോസും ഇതിനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട് (അപ്പൊ.പ്രവൃത്തികൾ 7:6). “യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പതു സംവത്സരമായിരുന്നു. നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു” (പുറപ്പാട് 12:40-41) എന്ന് എഴുതപ്പെട്ടിരിക്കുന്നതിനെ അടിസ്ഥാനമാക്കി, ദൈവം അബ്രാഹാമിനോട് പറയുന്ന ആ 400 വർഷം യിസ്രായേല്യർ മിസ്രയീം ദേശത്ത് കഷ്ടത അനുഭവിച്ച കാലഘട്ടമായാണ് പലരും കരുതുന്നത്. എന്നാൽ ഈ ഭാഗത്തിൽ 400 അല്ല, 430 വർഷങ്ങൾ എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ രണ്ട് സന്ദർഭങ്ങളിലും എഴുതപ്പെട്ടിരിക്കുന്ന ആ 400, 430 വർഷങ്ങൾ എന്നത്, യിസ്രായേല്യർ ഈജിപ്തിൽ താമസിച്ച കാലഘട്ടം മാത്രമല്ല.

എന്തുകൊണ്ടെന്നാൽ; യാക്കോബിന്‍റെ കുടുംബം മിസ്രയീമിലേക്ക് പോയതിനും (ഉല്പത്തി 46) അവർ മോശെയുടെ നേതൃത്വത്തിൽ അവിടെനിന്ന് വിമോചിതരായതിനും ഇടയിലുള്ള സമയം നാം പരിശോധിച്ചാൽ,

പുറപ്പാട് 6:16-20 വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു. ഗേർശോന്‍റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. കഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി; ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. അമ്രാം തന്‍റെ പിതാവിന്‍റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു.

ഈ വാക്യഭാഗം അനുസരിച്ച്, ഈജിപ്തിൽ പ്രവേശിച്ച യാക്കോബിന്‍റെ മക്കളിൽ ഒരാളായ ലേവി കഹാത്തിനെ ജനിപ്പിച്ചു, കഹാത്ത് അമ്രാമിനെ ജനിപ്പിച്ചു, അമ്രാം മോശെയെ ജനിപ്പിച്ചു. ഈ മോശെയുടെ നേതൃത്വത്തിലാണ് യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിതരായത്. ഒരു വാദത്തിന് വേണ്ടി ഇവർ എല്ലാവരും തങ്ങളുടെ നൂറാമത്തെ വയസ്സിലാണ് മക്കൾക്ക് ജന്മം നൽകിയതെന്ന് കരുതിയാൽ പോലും, യിസ്രായേല്യർ 400 വർഷക്കാലം ഈജിപ്തിലെ അടിമത്തത്തിൽ ആയിരുന്നു എന്ന് തെളിയിക്കുക അസാധ്യമാണ്. എന്തുകൊണ്ടെന്നാൽ; ലേവി മിസ്രയീമിൽ 100 വർഷം ജീവിച്ച് കഹാത്തിനെ ജനിപ്പിച്ചു എന്ന് കരുതിയാലും, കഹാത്ത് ഈജിപ്തിൽ 100 വർഷം ജീവിച്ച് അമ്രാമിനെ ജനിപ്പിച്ചു എന്ന് കരുതിയാലും, അമ്രാം ഈജിപ്തിൽ 100 വർഷം ജീവിച്ച് മോശെയെ ജനിപ്പിച്ചു എന്ന് കരുതിയാലും അപ്പോഴേക്കും 300 വർഷമേ ആകുന്നുള്ളൂ, മോശെ തന്‍റെ എൺപതാമത്തെ വയസ്സിലാണ് യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിപ്പിച്ചത് (പുറപ്പാട് 7:7). ഇതെല്ലാം കൂട്ടി നോക്കിയാൽ കേവലം 380 വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഈ കണക്കുകളെല്ലാം നാം ഒരു വാദത്തിന് വേണ്ടി മാത്രമാണ് പറയുന്നത്, യഥാർത്ഥത്തിൽ അവരാരും ഈജിപ്തിൽ തങ്ങളുടെ നൂറാമത്തെ വയസ്സിലല്ല മക്കൾക്ക് ജന്മം നൽകിയത്. ഉദാഹരണത്തിന്; ലേവി ഈജിപ്തിലേക്ക് വരുന്നതിന് മുൻപ് തന്നെ കഹാത്തിനെ ജനിപ്പിച്ചിരുന്നു (ഉല്പത്തി 46:11). അവരുടെ കാലത്ത് അവരുടെ പൂർവ്വപിതാക്കന്മാരെപ്പോലെ നൂറാമത്തെ വയസ്സിൽ മക്കൾക്ക് ജന്മം നൽകുന്ന ഒരു സാഹചര്യമല്ല ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അബ്രാഹാം തന്‍റെ 99-ാമത്തെ വയസ്സിൽ സന്താനത്തിന്‍റെ കാര്യത്തിൽ ആകുലനായത് (ഉല്പത്തി 17:17). അതുകൊണ്ട് അവരെല്ലാവരും ആ പ്രായത്തിന് മുൻപ് തന്നെ മക്കൾക്ക് ജന്മം നൽകിയിരുന്നു. ഇതനുസരിച്ച്, നാം വാദത്തിന് വേണ്ടി നോക്കിയ ആ 380 വർഷങ്ങൾക്കും വളരെ മുൻപ് തന്നെ അവർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിതരായി.

അതെങ്ങനെയെന്ന് നമുക്ക് നോക്കാം; 'ഇസ്രായേല്യർ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പത് വർഷം ആകുന്നു' എന്ന് പുറപ്പാട് 12:40 ല്‍ എഴുതപ്പെട്ടിരിക്കുന്നത് നാം കണ്ടുവല്ലോ. ഇപ്പോൾ നാം ഉപയോഗിക്കുന്ന ബൈബിൾ ഗ്രന്ഥങ്ങളെല്ലാം എ.ഡി. 10/11-ാം നൂറ്റാണ്ടിലെ ‘ലെനിൻഗ്രാഡ് കോഡെക്സ് (Leningrad codex), അലപ്പോ കോഡെക്സ് (Aleppo codex)’ എന്നീ കയ്യെഴുത്തുപ്രതികളിൽ നിന്നാണ് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയെ ‘മസോററ്റിക്’ (Masoretic) എന്ന കൂട്ടർ (എ.ഡി. എട്ടാം നൂറ്റാണ്ടിൽ) പകർത്തിയെഴുതിയതുകൊണ്ട്, ഈ പ്രതികളെ ‘മസോററ്റിക് ടെക്സ്റ്റുകൾ’ (Masoretic Texts) എന്നും വിളിക്കുന്നു. ബൈബിൾ ഗ്രന്ഥം മറ്റു ഭാഷകളിലേക്ക് അച്ചടിക്കുന്നതിനായി, പഴയനിയമം മുഴുവനായും ഉൾക്കൊള്ളുന്ന പൂർണ്ണമായ വാചകങ്ങളോടുകൂടിയ ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതികൾ ഈ ‘ലെനിൻഗ്രാഡ് കോഡെക്സ് (Leningrad codex), അലപ്പോ കോഡെക്സ് (Aleppo codex)’ എന്നിവ മാത്രമാണ്. ശേഷിച്ച മറ്റു പ്രതികളിൽ പഴയനിയമത്തിലെ വചനങ്ങളെല്ലാം പൂര്‍ണ്ണമായും ലഭ്യമാകാത്തവിധം നശിച്ചുപോവുകയാണുണ്ടായത്. ഈ രണ്ട് കയ്യെഴുത്തുപ്രതികളിൽ തന്നെ ‘അലപ്പോ കോഡെക്സ്’ (Aleppo codex) പൂർണ്ണമല്ലാത്തവിധം ഒരു പരിധിവരെ നശിച്ചുപോയിരുന്നു. അതുകൊണ്ട് പഴയനിയമത്തിന്‍റെ ഭൂരിഭാഗവും ‘ലെനിൻഗ്രാഡ് കോഡെക്സിൽ’ (Leningrad codex) നിന്ന് എടുക്കുകയും, അവർക്ക് എന്തെങ്കിലും ആശയക്കുഴപ്പം (Confusion) ഉണ്ടാകുമ്പോൾ ലഭ്യമായിട്ടുള്ള ‘അലപ്പോ കോഡെക്സിലെ’ വചനങ്ങളുമായി ഒത്തുനോക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ‘ചാവുകടൽ ചുരുളുകൾ’ (Dead Sea Scrolls) കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.

അതിനുമുമ്പുണ്ടായിരുന്ന ക്രൈസ്തവസഭ, ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഹീബ്രു ഭാഷയിൽ നിന്ന് ഗ്രീക്ക് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പഴയനിയമമായ 'സെപ്റ്റുവജിന്റും' (Septuagint - LXX), ഭക്തനായ ജെറോം ഗ്രീക്ക് ഭാഷയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ബൈബിളും ധ്യാനിച്ചു പോന്നു. അതിനെയാണ് ‘വൾഗേറ്റ്’ (Vulgate) എന്ന് വിളിക്കുന്നത്. ആദ്യമായി ഗ്രീക്ക് ഭാഷയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പഴയനിയമവും പുതിയനിയമവും അടങ്ങുന്ന സമ്പൂർണ്ണ ബൈബിൾ ഗ്രന്ഥം അതാണ്. എന്നാൽ ജെറോം അതിൽ യഹൂദന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട അപ്പോക്രിഫ (Apocrypha) പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തുകയുണ്ടായി.

വിഷയത്തിലേക്ക് വരികയാണെങ്കിൽ; ഈ രീതിയിൽ നമ്മുടെ ബൈബിളുകൾ വിവർത്തനം ചെയ്യാൻ ആധാരമായ ‘ലെനിൻഗ്രാഡ് കോഡെക്സ് (Leningrad codex), അലപ്പോ കോഡെക്സ് (Aleppo codex)’ കയ്യെഴുത്തുപ്രതികളിൽ, നാം മുകളിൽ കണ്ട ‘പുറപ്പാട് 12:40 വചനഭാഗത്തിൽ’ ഒരു തെറ്റ് സംഭവിക്കുകയുണ്ടായി. യഥാർത്ഥത്തിൽ ഈ കയ്യെഴുത്തുപ്രതികൾ എഴുതപ്പെടുന്നതിന് മുൻപ് തന്നെ നിലവിലുണ്ടായിരുന്ന 'സമരിറ്റൻ പെന്റാറ്റുക്ക്' (Samaritan Pentateuch) എന്ന പുരാതന ഹീബ്രു കയ്യെഴുത്തുപ്രതിയിൽ (ബി.സി. 100), ആ വചനഭാഗം ഇങ്ങനെയാണ് കാണപ്പെടുന്നത്: 'യിസ്രായേൽ മക്കളും അവരുടെ പിതാക്കന്മാരും കനാനിലും മിസ്രയീമിലും താമസിച്ച കാലഘട്ടം 430 വർഷം ആകുന്നു'. അതുകൊണ്ട് നാം പുറപ്പാട് 12:40-ൽ കണ്ട ആ 430 വർഷങ്ങൾ എന്നത് കേവലം യിസ്രായേല്യർ മിസ്രയീമിൽ താമസിച്ച കാലഘട്ടം മാത്രമല്ല; ദൈവവിളിയനുസരിച്ച് അബ്രാഹാം കനാനിൽ പ്രവേശിക്കുകയും, അവിടെ വെച്ച് ഇസഹാക്കിനെ ജനിപ്പിക്കുകയും, ഇസഹാക്ക് യാക്കോബിനെ ജനിപ്പിക്കുകയും, യാക്കോബ് യോസേഫിനെ ജനിപ്പിക്കുകയും, ആ യോസേഫ് മുഖാന്തരം യാക്കോബിന്‍റെ കുടുംബം മിസ്രയീമിലേക്ക് പോയി വർദ്ധിക്കുകയും, അങ്ങനെ വർദ്ധിച്ച യിസ്രായേൽ മക്കൾ മോശെയുടെ നേതൃത്വത്തിൽ ഈജിപ്തിൽ നിന്ന് വിമോചിതരാകുകയും ചെയ്യുന്നതു വരെയുള്ള മൊത്തം കാലയളവാണ് ആ 430 വർഷങ്ങൾ. “ഇത് ‘സമരിറ്റൻ പെന്റാറ്റൂക്ക്’ (Samaritan Pentateuch) എന്ന കയ്യെഴുത്തുപ്രതിയിൽ മാത്രമല്ല; ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഹീബ്രുവിൽ നിന്ന് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പഴയനിയമമായ ‘സെപ്റ്റുജിന്റിലും’ (Septuagint – LXX) ഇതേ രീതിയിൽ തന്നെയാണ്, അതായത് ‘ഇസ്രായേൽ മക്കളും അവരുടെ പിതാക്കന്മാരും കനാനിലും ഈജിപ്റ്റിലും താമസിച്ച കാലഘട്ടം 430 വർഷം ആകുന്നു’ എന്നാണ് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത് (പുറപ്പാട് 12:40). ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനും യെരൂശലേം ദൈവാലയത്തിലെ പുരോഹിതനുമായിരുന്ന ‘ഫ്ലാവിയസ് ജോസീഫസും’ (Flavius Josephus) അദ്ദേഹം രചിച്ച ‘ദി ആന്റിക്വിറ്റീസ് ഓഫ് ദി ജൂസ്’ (The Antiquities of the Jews) എന്ന പുസ്തകത്തിന്‍റെ രണ്ടാം ഭാഗം പതിനഞ്ചാം അധ്യായത്തിൽ, തങ്ങളുടെ പിതാവായ അബ്രാഹാം കനാൻ ദേശത്ത് പ്രവേശിച്ചതിന്‍റെ 430 വർഷങ്ങൾക്ക് ശേഷമാണ് യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിമോചിതരായതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം അബ്രാഹാമിന് പ്രത്യക്ഷനായി, ‘നിന്‍റെ പിതൃഭവനം വിട്ട് കനാനിലേക്ക് പോകുക; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽത്തരികളെപ്പോലെയും ഞാൻ വർദ്ധിപ്പിക്കും’ എന്ന് അരുളിച്ചെയ്തപ്പോൾ, അബ്രാഹാം അവൻ പറഞ്ഞതുപോലെ തന്നെ കനാനിലേക്ക് വന്നു (ഉല്പത്തി 12:1-5). അന്നുമുതൽ (ദൈവം വാഗ്ദത്തം ചെയ്തതുമുതൽ) യിസ്രായേൽ മക്കൾ മോശെയുടെ നേതൃത്വത്തിൽ മിസ്രയീമിൽ നിന്ന് പുറത്തുവന്ന് സീനായി പർവതത്തിനടുത്ത് വെച്ച് ന്യായപ്രമാണം സ്വീകരിക്കുന്നതുവരെയുള്ള സമയം 430 വർഷങ്ങളാണ്. യിസ്രായേല്യർ മിസ്രയീമിൽ നിന്ന് പുറത്തുവന്ന അതേ വർഷത്തിൽ തന്നെയാണ് (430-ാം വർഷത്തിൽ) സീനായി പർവതത്തിനടുത്ത് വെച്ച് അവർ ന്യായപ്രമാണം സ്വീകരിച്ചത്. പുറപ്പാട് പുസ്തകം 19-ാം അധ്യായം മുതൽ ആ വിവരങ്ങൾ നമ്മൾ വായിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പൗലോസും പ്രസ്താവിക്കുന്നത്, അബ്രാഹാമിന് അവന്‍റെ സന്തതിയെക്കുറിച്ച് ദൈവം വാഗ്ദത്തം നൽകിയതിന്‍റെ 430 വർഷങ്ങൾക്ക് ശേഷമാണ് ന്യായപ്രമാണം നൽകിയത് എന്നാണ് (ഗലാത്യർ 3:17) ഇതോടുകൂടി, പുറപ്പാട് 12:40 ല്‍ പറഞ്ഞിരിക്കുന്ന 430 വർഷങ്ങൾ ഏതിനെക്കുറിച്ചാണെന്ന കാര്യം നമുക്ക് വ്യക്തമായിക്കഴിഞ്ഞു.

ഇനി, ദൈവം അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്‍റെ സന്തതി 400 വർഷം എവിടെയാണ്, എങ്ങനെയാണ് കഷ്ടത അനുഭവിച്ചതെന്ന് നമുക്ക് നോക്കാം.

ഉൽപത്തി 15:13-14 അപ്പോൾ അവൻ അബ്രാമിനോട്: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്‍റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

അപ്പൊ. പ്രവൃത്തികൾ 7:6 അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.

ഈ വാക്യഭാഗങ്ങൾ അനുസരിച്ച്, അബ്രാഹാമിന്‍റെ സന്തതി തങ്ങളുടേതല്ലാത്ത ദേശത്ത് 400 വർഷക്കാലം പരദേശികളായി കഷ്ടതകൾ അനുഭവിക്കും. ഈ 400 വർഷത്തിന്‍റെ കാര്യത്തിലും, അത് യിസ്രായേൽ മക്കൾ മിസ്രയീമിൽ അനുഭവിച്ച കഷ്ടതകൾ മാത്രമായിട്ടല്ല; മറിച്ച് അബ്രാഹാമിന്‍റെ മകനായ ഇസഹാക്കും അവന്‍റെ മകനായ യാക്കോബും ഉൾപ്പെടെ അവർ കനാൻ ദേശത്ത് അനുഭവിച്ച കഷ്ടതകളും കൂട്ടിച്ചേർത്ത് വേണം മനസ്സിലാക്കാൻ. ശ്രദ്ധിക്കുക. ദൈവം അബ്രാഹാമിന് കനാൻ ദേശം നിന്‍റെ സന്തതിക്ക് നൽകുമെന്ന് വാഗ്ദത്തം ചെയ്തു എന്നല്ലാതെ, അത് അവനോ അവന്‍റെ മകനോ മകന്‍റെ മകനോ കൈവശമാക്കി കൊടുത്തില്ല. അവൻ മിസ്രയീമിൽ നിന്ന് മടങ്ങിവന്ന അബ്രാഹാമിന്‍റെ സന്തതിയായ യിസ്രായേല്യർക്ക് മാത്രമാണ് ആ ദേശം സ്വന്തം നാടായി വീതിച്ചു നൽകിയത്. ആ വിവരങ്ങളെല്ലാം നാം യോശുവയുടെ പുസ്തകത്തിൽ വായിക്കുന്നുണ്ട്. അതിനുമുമ്പ് അതേ കനാൻ ദേശത്ത് അബ്രാഹാമും ഇസഹാക്കും യാക്കോബും പരദേശികളായിട്ടാണ് ജീവിച്ചത് (ഉല്പത്തി 12:6,7, അപ്പൊ. പ്രവൃത്തികൾ 7:4,5, ഉല്പത്തി 26:1-4, 37:1, എബ്രായർ 11:8,9). അബ്രാഹാം തന്‍റെ പിതൃഭവനത്തിൽ നിന്ന് കനാനിലേക്ക് വരുമ്പോൾ അവന് 75 വയസ്സായിരുന്നു (ഉല്പത്തി 12:4). ആ സമയം മുതൽ യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിമോചിതരാകുന്നതുവരെ 430 വർഷങ്ങളാണ് (ഇത് ഞാൻ മുകളിൽ വിവരിച്ചിട്ടുണ്ട്). അബ്രാഹാം തന്‍റെ നൂറാമത്തെ വയസ്സിലാണ് ഇസഹാക്കിനെ ജനിപ്പിച്ചത് (ഉല്പത്തി 21:5). അതായത്, അബ്രാഹാം കനാനിൽ പ്രവേശിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് ഇസഹാക്ക് ജനിച്ചത്. അതായത്, യിസ്ഹാക്കിന്‍റെ ജനനം മുതൽ ഈജിപ്തിൽ നിന്നുള്ള പുറപ്പാട് വരെ 405 വർഷങ്ങൾ കടന്നുപോയി. സാധാരണയായി ആ ജനങ്ങൾ തങ്ങളുടെ കുട്ടികൾക്ക് 5-ാമത്തെ വയസ്സിലാണ് മുലകുടി പൂർണ്ണമായും മാറ്റുന്നത്, ആ ദിവസം അവർ വലിയൊരു വിരുന്ന് ഒരുക്കുകയും ചെയ്യും. ഇത് ഇസഹാക്കിന്‍റെ കാര്യത്തിലും സംഭവിച്ചു (ഉല്പത്തി 21:8). ഇതനുസരിച്ച്, അബ്രാഹാം തന്‍റെ മകനായ ഇസഹാക്കിന് 5-ാമത്തെ വയസ്സിലാണ് മുലകുടി മാറ്റി വിരുന്ന് ഒരുക്കിയത്

ഞാൻ മുകളിൽ വിവരിച്ചതുപോലെ, ഇസഹാക്ക് ജനിച്ചതുമുതൽ യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിമോചിതരാകുന്നതുവരെയുള്ള സമയം 405 വർഷങ്ങളാണ്. എന്നാൽ, അബ്രാഹാം ഇസഹാക്കിന്‍റെ മുലകുടി മാറ്റി വിരുന്ന് ഒരുക്കിയ സമയം മുതൽ യിസ്രായേല്യർ ഈജിപ്തിൽ നിന്ന് വിമോചിതരാകുന്നതുവരെയുള്ള സമയം 400 വർഷങ്ങളാണ്. അതേദിവസം തന്നെ, ഹാഗാറിന്‍റെ മകനായ ഇശ്മായേലിൽ നിന്ന് ഇസഹാക്കിന് കഷ്ടത അനുഭവിക്കേണ്ടി വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഉല്പത്തി 21:8-10, ഗലാത്യർ 4:28-30). ഇത് ഇസഹാക്കിന്‍റെ ജീവിതത്തിൽ അവന് സംഭവിച്ച ആദ്യത്തെ കഷ്ടതയാണ്. അന്നുമുതൽ ഇസഹാക്കിന്‍റെ ജീവിതവും യാക്കോബിന്‍റെ ജീവിതവും പരിശോധിച്ചാൽ, അവർ പരദേശികളായി ജീവിച്ച ആ ദേശത്തെ രാജാക്കന്മാരിൽ നിന്നും ജനങ്ങളിൽ നിന്നും വളരെയധികം കഷ്ടതകൾ അനുഭവിച്ചതായി നമുക്ക് കാണാൻ സാധിക്കും. പിന്നീട് യാക്കോബിന്‍റെ മകനായ യോസേഫ് ഈജിപ്തിലേക്ക് വിൽക്കപ്പെട്ടു (ഉല്പത്തി 37). അവൻ മുഖാന്തരം യാക്കോബിന്‍റെ സന്തതികളെല്ലാം ഈജിപ്തിലേക്ക് പ്രവേശിക്കുകയും (ഉല്പത്തി 46), കുറച്ചുകാലത്തിന് ശേഷം അവർക്ക് അടിമകളായി മാറുകയും ഒരുപാട് കഷ്ടതകൾ അനുഭവിക്കുകയും ചെയ്യേണ്ടതായി വന്നു (പുറപ്പാട് 1). അതിനുശേഷം ദൈവം അവരെ മോശെ മുഖാന്തരം അവിടെനിന്ന് മോചിപ്പിച്ചു (പുറപ്പാട് 12). ഇപ്രകാരം, ഇസഹാക്ക് തന്‍റെ അഞ്ചാമത്തെ വയസ്സിൽ മുലകുടി മാറിയപ്പോൾ കഷ്ടത അനുഭവിച്ചു തുടങ്ങിയതു മുതൽ യിസ്രായേല്യർ മിസ്രയീമിലെ കഷ്ടതകളിൽ നിന്ന് പുറത്തുവരുന്നതുവരെയുള്ള കാലയളവ് 400 വർഷങ്ങളാണ്. അബ്രാഹാമിനോട് ദൈവം, ‘നിന്‍റെ സന്തതി തങ്ങളുടേതല്ലാത്ത പരദേശത്ത് 400 വർഷം കഷ്ടത അനുഭവിക്കും’ എന്ന് അരുളിച്ചെയ്തത് ഇതിനെക്കുറിച്ചാണ്. ഇതോടുകൂടി, അബ്രാഹാമിന്‍റെ സന്തതി തങ്ങളുടേതല്ലാത്ത ദേശത്ത് 400 വർഷക്കാലം അടിമകളായി കഷ്ടതകൾ അനുഭവിക്കും എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തത ലഭിച്ചിരിക്കുകയാണ്.

ഇനി, ദൈവം അവിടെ അബ്രാഹാമിനോട് അരുളിച്ചെയ്തതുപോലെ അവന്‍റെ നാലാം തലമുറ കനാനിൽ പ്രവേശിച്ചോ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
പലരും അബ്രാഹാമിന്‍റെ നാലാം തലമുറ എന്ന് കേൾക്കുമ്പോൾ തന്നെ അബ്രാഹാമിൽ നിന്ന് കണക്കുകൂട്ടുകയും, യാക്കോബിന്‍റെ മക്കളോടെ നാലാം തലമുറ ആകുന്നതുകൊണ്ട് അവർക്ക് കനാൻ ദേശം കൈവശമാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് സംശയിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അബ്രാഹാമിന്‍റെ സന്തതി കനാൻ വിട്ട് മിസ്രയീമിലേക്ക് പോയത് തന്നെ യാക്കോബിന്‍റെ മക്കളുടെ കാലത്താണ് (ഉല്പത്തി 46:2-7). അങ്ങനെയെങ്കില്‍ അവർ എങ്ങനെ കനാൻദേശം കൈവശമാക്കും? അതുകൊണ്ട്, “നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല” (ഉല്പത്തി 15:16) എന്ന് ദൈവം ആ സന്ദർഭത്തിൽ അരുളിച്ചെയ്തപ്പോൾ, നിന്‍റെ സന്തതിയിലെ നാലാം തലമുറക്കാർ ഇവിടേക്ക് വരുമെന്നാണ് അർത്ഥം. തുടക്കം മുതലേ, ആ ദേശം നിന്‍റെ സന്തതിക്ക് കൈവശമാക്കി കൊടുക്കുമെന്ന വാഗ്ദത്തമാണ് അവൻ നൽകിയത്. ശ്രദ്ധിക്കുക. അബ്രാഹാമിന് ജനിച്ച മക്കളിൽ വെച്ച് ഇസഹാക്കിനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തത്, ഇസഹാക്കിന് ജനിച്ച മക്കളിൽ വെച്ച് യാക്കോബിനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തത്. യാക്കോബിന് ജനിച്ച മക്കൾ മാത്രമാണ് എല്ലാവരും അബ്രാഹാമിന്‍റെ സന്തതിയായി അംഗീകരിക്കപ്പെട്ടത്. അതുമുതൽ നാം കണക്കുകൂട്ടുകയാണെങ്കിൽ, അബ്രാഹാമിന്‍റെ സന്തതിയിലെ നാലാം തലമുറക്കാരാണ് കനാൻ ദേശം കൈവശമാക്കിയത്.
പുറപ്പാട് 6:16,18,20 വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു. കഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം. അമ്രാം തന്‍റെ പിതാവിന്‍റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു.

ഈ വാക്യഭാഗത്തിന്‍റെ അടിസ്ഥാനത്തിൽ, അബ്രാഹാമിന്‍റെ സന്തതിപരമ്പരയിൽ ലേവിയിൽ നിന്നുള്ള നാലാം തലമുറയായ മോശെയുടെ കാലത്തുള്ളവർ കനാൻ ദേശം സ്വന്തമാക്കി. എന്നാല്‍, മിസ്രയീമിൽ നിന്ന് പുറത്തുവന്ന തലമുറയിലെ എല്ലാ ആളുകളും കനാനിൽ പ്രവേശിക്കുന്നതിനുമുമ്പ് നശിപ്പിക്കപ്പെട്ടല്ലോ എന്നും, മോശയും അഹരോനും പോലും പ്രവേശിച്ചില്ലല്ലോ എന്നും സംശയം വരാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആ തലമുറയിലെ എല്ലാവരെയും ദൈവം നശിപ്പിച്ചില്ല, യെഫുന്നെയുടെ മകനായ കാലേബ് കനാൻ ദേശത്ത് പ്രവേശിച്ചു (സംഖ്യാപുസ്തകം 14:23,24). യോശുവയും അവനോടൊപ്പം ഉണ്ടായിരുന്നു. ഇപ്രകാരം ദൈവം അബ്രാഹാമിനോട് വാഗ്ദാനം ചെയ്തതുപോലെ തന്നെ, അവന്‍റെ സന്തതിപരമ്പരയിലെ നാലാം തലമുറക്കാർ കനാൻ ദേശം കൈവശമാക്കി. എന്നാൽ, യിസ്രായേല്യർ മിസ്രയീമിൽ താമസിച്ചത് എത്ര  വര്‍ഷങ്ങളാണ്?

അബ്രാഹാം തന്‍റെ 75-ാം വയസ്സിൽ കനാനിൽ വരികയും (ഉല്പത്തി 12:4) 100-ാം വയസ്സിൽ ഇസ്ഹാക്കിന് ജന്മം നൽകുകയും ചെയ്തു (ഉല്പത്തി 21:5). ആ 25 വർഷം താന്‍ അവിടെത്തന്നെയാണ് താമസിച്ചത്. അതേ കനാനിൽ വെച്ച് തന്‍റെ 60-ാം വയസ്സിൽ ഇസഹാക്ക് യാക്കോബിനെ ജനിപ്പിച്ചു (ഉല്പത്തി 25:26). യാക്കോബ് തന്‍റെ 130-ാം വയസ്സിൽ ഈജിപ്തിലേക്ക് (മിസ്രയീമിലേക്ക്) പോയി (ഉല്പത്തി 47:9). ഇതനുസരിച്ച്, അബ്രാഹാം കനാനിൽ വന്നതുമുതൽ യാക്കോബ് ഈജിപ്തിലേക്ക് പോകുന്നതുവരെ 25 + 60 + 130 = 215 വർഷങ്ങൾ ആയിരുന്നു. നാം മുകളിൽ കണ്ട 430 വർഷങ്ങളിൽ നിന്ന്, യാക്കോബ് ഈജിപ്തിലേക്ക് പോകുന്നതുവരെയുള്ള ഈ 215 വർഷം കുറച്ചാൽ ബാക്കിയുള്ളത് 215 വർഷങ്ങൾ ആണ്. അതിനാൽ, യിസ്രായേല്യർ ഈജിപ്തിൽ താമസിച്ചത് 215 വര്‍ഷങ്ങളാണ്.

യഹൂദ ചരിത്രകാരനായ ‘ഫ്ലാവിയസ് ജോസീഫസും’ തന്‍റെ ‘The Antiquities of the Jews' എന്ന പുസ്തകത്തിന്‍റെ രണ്ടാം ഭാഗം 15-ാം അധ്യായത്തിൽ യിസ്രായേല്യർ ഈജിപ്തിൽ താമസിച്ച കാലയളവ് 215 വര്‍ഷങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.