"മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം" - (ലൂക്കോസ് 18:1)
"മനുഷ്യർക്കു വേണ്ടി പ്രാർത്ഥന ചെയ്യണമെന്ന് സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു" - (1 തിമോത്തി 2:1)
എനിക്ക് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. മൂന്ന് വാക്കുകളുള്ള ഒരു ചോദ്യമാണത്. നിങ്ങൾ പ്രാർത്ഥന ചെയ്യാറുണ്ടോ? നിങ്ങള്‍ക്കല്ലാതെ മറ്റാർക്കും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമാണിത്. നിങ്ങൾ സഭയിൽ പോകുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ സഭാ നേതൃത്വത്തിന് അറിയാം. നിങ്ങൾ കുടുംബ പ്രാർത്ഥന ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങളുടെ കുടുംബത്തിലുള്ളവർക്ക് അറിയാം. പക്ഷേ നിങ്ങൾ വ്യക്തിപരമായി പ്രാർത്ഥിക്കുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങൾക്കും ദൈവത്തിനും മാത്രം അറിയാവുന്ന ഒരു കാര്യമാണ്.
ഞാൻ ഇപ്പോൾ പറയാൻ പോകുന്ന കാര്യത്തിൽ അല്‍പം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്നേഹത്തോടെ നിങ്ങളോട് അപേക്ഷിക്കുന്നു. ഈ ചോദ്യം വളരെ നേരെയുള്ളതാണെന്ന് കരുതരുത്. നിങ്ങളുടെ ഹൃദയം ദൈവത്തിന്‍റെ ദൃഷ്ടിയിൽ നേരുള്ളതാണെങ്കിൽ, നിങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ല. ഞാൻ പഠിച്ച പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടാണിരിക്കുന്നതെന്ന് ദയവായി പറയരുത്. പ്രാർത്ഥനകൾ ചൊല്ലുന്നതും പ്രാർത്ഥിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്‍റെ ചോദ്യം അനാവശ്യമാണെന്ന് തള്ളിക്കളയരുത്. ചില നിമിഷങ്ങള്‍ കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ ചോദ്യം ചോദിക്കുന്നതിന് പിന്നിൽ ശക്തമായ ചില കാരണങ്ങളുണ്ടെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.
- ഒരു വ്യക്തി രക്ഷിക്കപ്പെട്ടു എന്നതിന്‍റെ അടയാളമാണ് പ്രാർത്ഥന. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്; നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ? പ്രാർത്ഥന തീർച്ചയായും അത്യാവശ്യമാണെന്നാണ് ഞാൻ പറയുന്നത്. വളരെ ആലോചിച്ചാണ് ഞാൻ ഈ വാക്കുകൾ പറയുന്നത്. ഇപ്പോള്‍, ഞാന്‍ കുട്ടികളെക്കുറിച്ചോ അല്ലെങ്കില്‍ മാനസിക രോഗികളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. അവിശ്വാസികളെക്കുറിച്ചുമല്ല ഞാന്‍ സംസാരിക്കുന്നത്. കാരണം, കുറച്ച് മാത്രം നൽകപ്പെട്ടിടത്ത്, കുറച്ച് മാത്രമേ കണക്കുകൊടുക്കേണ്ടതുള്ളൂ എന്ന് എനിക്കറിയാം. പക്ഷേ, നമ്മുടെ രാജ്യം പോലുള്ള ഒരു സ്ഥലത്ത് താമസിക്കുന്ന, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന നമ്മുടെ ആളുകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അങ്ങനെയുള്ള സ്ത്രീപുരുഷന്മാർ പ്രാർത്ഥന ചെയ്യുന്നില്ലെങ്കിൽ അവർ രക്ഷിക്കപ്പട്ടവരാണെന്ന് ചിന്തിക്കാൻ കഴിയില്ലെന്നാണ് ഞാൻ പറയുന്നത്.
കൃപയാൽ മാത്രമാണ് രക്ഷയെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ മുൻപിലുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ പാപിക്കുപോലും പാപക്ഷമ ലഭിക്കുമെന്ന് ഞാൻ പറയും. മരണ കിടക്കയിലായിരിക്കുന്നവരുടെ അടുക്കല്‍ പോയി, അവരുടെ കിടക്കയ്ക്കരികിൽ നിന്നുകൊണ്ട്, “നിങ്ങള്‍ ഇപ്പോള്‍ എങ്കിലും യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ, രക്ഷിക്കപ്പെടും” എന്ന് പറയാൻ ഞാൻ മടിക്കില്ല. എന്നാൽ, രക്ഷയ്ക്കു വേണ്ടി ആവശ്യപ്പെടാതെ ഒരു വ്യക്തിക്ക് രക്ഷിക്കപ്പെടാൻ കഴിയുമെന്ന് ബൈബിളിൽ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. ഒരു വ്യക്തിയുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് "കർത്താവായ യേശുവേ, എന്നെ രക്ഷിക്കേണമേ" എന്ന് ഹൃദയത്തിൽ നിന്ന് അപേക്ഷിക്കാതെ അവന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന് ബൈബിൾ പറയുന്നില്ല. പ്രാർത്ഥന കൊണ്ട് മാത്രം ആരും രക്ഷിക്കപ്പെടുകയില്ല എന്ന് ബൈബിൾ പറയുന്നു, എന്നാൽ പ്രാർത്ഥിക്കാതെ ആരെങ്കിലും രക്ഷിക്കപ്പെടുമെന്ന് ഒരിടത്തും പറയുന്നില്ല.
രക്ഷിക്കപ്പെടാൻ ഒരാൾ ബൈബിൾ വായിക്കണമെന്ന് ഒരു നിബന്ധനയും ഇല്ല, കാരണം പലരും നിരക്ഷരരാണ്. ചിലർക്ക് കാഴ്ചയില്ലായിരിക്കാം, പക്ഷേ അവരുടെ ഹൃദയങ്ങളിൽ ക്രിസ്തു ഉണ്ടായിരിക്കാം. സുവിശേഷ യോഗങ്ങളിൽ പങ്കെടുത്താല്‍ മാത്രമേ ഒരാൾ രക്ഷിക്കപ്പെടൂ എന്നതും ശരിയായ കാര്യമല്ല. സുവിശേഷം പ്രസംഗിക്കപ്പെടാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളുണ്ട്. ബധിരരായ ചിലരുണ്ട്. കിടപ്പിലായവരുമുണ്ട്. അവരുടെ ഹൃദയങ്ങളിലും ക്രിസ്തു ഉണ്ടായിരിക്കാം. കാരണം വായനയ്ക്കും കേൾവിക്കും പകരം വയ്ക്കാൻ പല മാർഗങ്ങളും ഉണ്ടാകാം, പക്ഷേ പ്രാർത്ഥനയുടെ കാര്യത്തിൽ അങ്ങനെയല്ല. ഒരാൾ രക്ഷിക്കപ്പെട്ടവനാണെങ്കിൽ, അവൻ തീർച്ചയായും പ്രാർത്ഥിക്കുന്നവനായിരിക്കണം.
ആരോഗ്യത്തിന്‍റെയും അറിവിന്‍റെയും കാര്യത്തിൽ കുറുക്കുവഴികളില്ല. പ്രമാണിമാരായാലും, രാജാക്കന്മാരായാലും, ദരിദ്രരായാലും, കർഷകരായാലും, തങ്ങളുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങൾ അവർ തന്നെ നിറവേറ്റണം. ആർക്കും തങ്ങൾക്ക് പകരം മറ്റാരാളോട് ഭക്ഷണം കഴിക്കാനോ കുടിക്കാനോ ഉറങ്ങാനോ ആവശ്യപ്പെടാൻ കഴിയില്ല. എനിക്ക് പകരം മറ്റാരെങ്കിലും പഠിച്ചാൽ, അത് ഞാൻ പഠിച്ചതുപോലെയാകുന്നില്ല. ഇതെല്ലാം അവർ തന്നെ പഠിക്കുകയും അറിയുകയും ചെയ്യേണ്ട കാര്യങ്ങളാണ്. അല്ലെങ്കിൽ, അവർക്ക് ഒരിക്കലും അവ ലഭിക്കില്ല.
മാനസികവും ശാരീരികവുമായ കാര്യങ്ങൾ പോലെയാണ് ആത്മാവിന്‍റെ കാര്യവും. ആത്മാവിന്‍റെ ആരോഗ്യവും ക്ഷേമവും കാത്തുസൂക്ഷിക്കാൻ തീര്‍ച്ചയായും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓരോരുത്തര്‍ക്കും വേണ്ടി അവരവര്‍ തന്നെ തീർച്ചയായും ഇതെല്ലാം ചെയ്യേണ്ടതുണ്ട്. ഓരോരുത്തരും പാപമോചനം നേടണം, മാനസാന്തരപ്പെടണം, ക്രിസ്തുവിലേയ്ക്ക് തിരിയണം, ഓരോരുത്തരും ദൈവത്തോട് സംസാരിക്കണം, പ്രാർത്ഥിക്കണം. ഇതെല്ലാം നാം തന്നെ നമുക്കുവേണ്ടി ചെയ്യണം, മറ്റാർക്കും നമുക്കുവേണ്ടി അത് ചെയ്യാൻ കഴിയില്ല. പ്രാർത്ഥനയില്ലാതെ ഇരിക്കുക എന്നാൽ ദൈവം, ക്രിസ്തു, കൃപ, പ്രത്യാശ, സ്വർഗ്ഗം എന്നിവയില്ലാതെ ഇരിക്കുക എന്നാണ്, നരകത്തിലേക്കുള്ള വഴിയിൽ (രക്ഷിക്കപ്പെടാതെ ഇരിക്കുക) ആയിരിക്കുക എന്നാണ്. ഇപ്പോൾ മനസ്സിലായോ ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് ചോദിച്ചത് എന്തുകൊണ്ടാണെന്ന്?
- ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവ സവിശേഷതയാണ് പ്രാർത്ഥനാശീലം. അതുകൊണ്ടാണ് ഞാൻ വീണ്ടും ചോദിക്കുന്നത്, നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഈ കാര്യത്തിൽ ദൈവമക്കള്‍ എല്ലാവരും തുല്യരാണ്. ദൈവഭക്തി യഥാർത്ഥത്തിൽ അവരിൽ ആരംഭിക്കുന്ന നിമിഷം മുതൽ (അവർ രക്ഷിക്കപ്പെടുന്ന നിമിഷം മുതല്‍) അവർ പ്രാർത്ഥിക്കുന്നു. ഒരു കുഞ്ഞ് ഈ ലോകത്തിലേക്ക് ജനിക്കുമ്പോൾ ആദ്യം ചെയ്യുന്നത് ശ്വസിക്കുക എന്നതാണ്. അതാണ് ജീവന്‍റെ നിലനിൽപ്പിന് അടയാളം. അതുപോലെ, വീണ്ടും ജനിച്ചതിനുശേഷം ഒരു വിശ്വാസി ആദ്യം ചെയ്യുന്ന കാര്യം പ്രാർത്ഥിക്കുക എന്നതാണ്.
ദൈവം തിരഞ്ഞെടുത്ത എല്ലാവരിലും നാം കാണുന്ന ഒരു അടയാളമാണിത്. “അവർ മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കുന്നു” (ലൂക്കോസ് 18:1). അവരെ പുതിയ സൃഷ്ടികളാക്കിയ പരിശുദ്ധാത്മാവ് അവരിൽ പ്രവർത്തിക്കുകയും, അവർ ദൈവമക്കളായി സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുകയും, "അബ്ബാ, പിതാവേ" (റോമർ 8:15) എന്ന് വിളിക്കാൻ തക്കവണ്ണം അവരെ നയിക്കുകയും ചെയ്യുന്നു. കർത്താവായ യേശു അവരെ ജീവനിലേക്ക് കൊണ്ടുവന്നപ്പോൾ, അവൻ അവർക്ക് ഒരു ശബ്ദവും നാവും നൽകികൊണ്ട്, “ഇനി മിണ്ടാതിരിക്കരുത്” എന്ന് പറഞ്ഞു. ദൈവത്തോട് സംസാരിക്കാത്ത മക്കൾ ദൈവത്തിന് ഇല്ല. ഒരു പിഞ്ചു കുഞ്ഞിന് കരച്ചിൽ സ്വാഭാവികമായിരിക്കുന്നതുപോലെ, ദൈവമക്കള്‍ക്ക് പ്രാർത്ഥനയും സ്വാഭാവികമാണ്. കരുണയും കൃപയും തങ്ങൾക്ക് ആവശ്യമാണെന്ന് അവർ മനസ്സിലാക്കുന്നു, അവരുടെ ശൂന്യതയും ബലഹീനതയും അവർ മനസ്സിലാക്കുന്നു. അതിനാൽ അവർക്ക് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല.
ബൈബിളിലെ വിശുദ്ധന്മാരുടെ ജീവിതം ഞാൻ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയുണ്ടായി. ഉല്പത്തി മുതൽ വെളിപ്പാട് വരെ, പ്രാർത്ഥന ഇല്ലാത്ത ഒരു ഭക്തന്‍റെയും ജീവിതത്തെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നമ്മുടെ പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുന്നവർക്ക്” (1 പത്രോസ് 1:17). ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കുതന്നെ, എഴുതുന്നത്” (1 കൊരിന്ത്യർ 1:2). എന്നു പറഞ്ഞുകൊണ്ട് ദൈവമക്കളുടെ സ്വാഭാവികമായുള്ള പ്രാർത്ഥനയെക്കുറിച്ച് ബൈബിളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. “നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്‍റെ ജനത്തെ തിന്നുകളയുന്നു; യഹോവയോട് അവർ പ്രാർഥിക്കുന്നില്ല” (സങ്കീർത്തനങ്ങൾ 14:4). എന്ന് പ്രാർത്ഥിക്കാതിരിക്കുന്നത് ദുഷ്ടന്മാരുടെ സ്വഭാവമായി എഴുതിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ബൈബിളിന്‍റെ കാലം മുതൽ ഇന്നുവരെയുള്ള നിരവധി പ്രമുഖ ക്രിസ്ത്യാനികളുടെ ജീവചരിത്രങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അവരിൽ ചിലർ സമ്പന്നരാണ്, ചിലർ ദരിദ്രരാണ്. ചിലർ വിദ്യാസമ്പന്നരാണ്, ചിലർ വിദ്യാഭ്യാസമില്ലാത്തവരാണ്. അവരിൽ ചിലർ ബിഷപ്പുമാരാണ്, ചിലർ മറ്റ് പേരുകളിൽ അറിയപ്പെടുന്ന ക്രിസ്ത്യാനികളാണ്. ചിലർ കാൽവിനിസ്റ്റുകളാണ് ചിലർ അർമീനിയക്കാരാണ്. ചിലർ പ്രാർത്ഥനാ പുസ്തകങ്ങൾ ഉപയോഗിച്ചവരാണ്, മറ്റു ചിലർ ആകട്ടെ അത്തരം രീതികൾ ഉപയോഗിച്ചവരല്ല. പക്ഷേ, ഇവരിൽ എല്ലാവരിലും പൊതുവായ ഒരു വിഷയം ഞാൻ ശ്രദ്ധിച്ചു: അവരെല്ലാവരും പ്രാർത്ഥനാനിരതരായിരുന്നു.
നമ്മുടെ കാലത്തെ ക്രിസ്ത്യൻ മിഷനറി റിപ്പോർട്ടുകളും ഞാൻ പരിശോധിച്ചു. ലോകമെമ്പാടുമുള്ള നിരവധി സ്ത്രീപുരുഷന്മാരുടെ അടുക്കലേക്ക് സുവിശേഷം എത്തുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്. ആഫ്രിക്ക, ന്യൂസിലാൻഡ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ആളുകൾ മാനസാന്തരപ്പെടുന്നുണ്ട്. അവരിലെല്ലാവരിലും മിക്കവാറും പല കാര്യങ്ങളിലും വ്യത്യാസങ്ങൾ ഉള്ളത് സ്വാഭാവികമാണ്. എന്നാൽ എല്ലാ മിഷനറി കേന്ദ്രങ്ങളിലും ഞാൻ ഒരു പോലെ നിരീക്ഷിച്ച ഒരു കാര്യം, മാനസാന്തരപ്പെട്ടവരെല്ലാം പ്രാര്‍ത്ഥിക്കുന്നു എന്നതാണ്. ആത്മാർത്ഥതയില്ലാതെ വിപരീത ഹൃദയത്തോടെ ഒരാൾക്ക് പ്രാർത്ഥിക്കാൻ കഴിയുമെന്നത് ഞാൻ നിഷേധിക്കുന്നില്ല. ഒരാളുടെ പ്രാർത്ഥന മാത്രമാണ് അയാളുടെ ആത്മീയ ജീവിതത്തിന് തെളിവെന്നും ഞാൻ പറയുന്നില്ല. മറ്റ് ഭക്തികാര്യങ്ങളിൽ എന്നപോലെ, ഇതിലും വഞ്ചനയ്ക്കും കാപട്യത്തിനും സാധ്യതയുണ്ട്.
എന്നാൽ പ്രാർത്ഥിക്കാതിരിക്കുന്നത് ഒരാൾ യഥാർത്ഥ ക്രിസ്ത്യാനിയല്ല എന്നതിന്‍റെ വ്യക്തമായ തെളിവാണെന്ന് മാത്രം എനിക്ക് സ്പഷ്ടമായി പറയാന്‍ സാധിക്കും. അവർ തങ്ങളുടെ പാപങ്ങൾ തിരിച്ചറിയുന്നില്ല, അവർ ദൈവത്തെ സ്നേഹിക്കുന്നില്ല, തങ്ങള്‍ ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് അവർ കരുതുന്നുമില്ല. അവർക്ക് വിശുദ്ധ ജീവിതം ആഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. അവർക്ക് സ്വർഗ്ഗത്തെക്കുറിച്ചുള്ള ആശയോടെ ജീവിക്കാന്‍ സാധിക്കില്ല, അവർ ഇതുവരെ വീണ്ടും ജനിച്ചിട്ടില്ല, ഇതുവരെ ഒരു പുതിയ സൃഷ്ടിയാക്കപ്പെട്ടിട്ടുമില്ല. തങ്ങളുടെ തിരഞ്ഞെടുപ്പ്, കൃപ, വിശ്വാസം, പ്രത്യാശ, അറിവ് എന്നിവയെക്കുറിച്ച് വലുതായി പറഞ്ഞുകൊണ്ട് അവർ മറ്റുള്ളവരെ വഞ്ചിച്ചേക്കാം, എന്നാൽ അവർ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഇവയെല്ലാം വെറും പൊള്ളയായ വാക്കുകളാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥമായി പ്രാര്‍ത്ഥിക്കുന്ന ശീലം, ഒരു വ്യക്തിയിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്നതിന് തൃപ്തികരമായ തെളിവാണ്. ചില ആളുകൾ ദുരുദ്ദേശ്യത്തോടെയും പ്രസംഗിച്ചേക്കാം. അവർ പുസ്തകങ്ങൾ എഴുതുന്നവരായും, മികച്ച പ്രസംഗങ്ങൾ നടത്തുന്നവരായും, നല്ല പ്രവൃത്തികളിൽ താൽപ്പര്യമുള്ളവരായും തോന്നിയേക്കാം, പക്ഷേ അവർ തന്നെ ഈസ്‌കര്യോത്തു യൂദാസുകളായി മാറിയേക്കാം. എന്നിരുന്നാലും, ആത്മാർത്ഥതയില്ലാതെ ഒരാൾക്ക് തന്‍റെ മുറിയിൽ പോയി ദൈവമുമ്പാകെ രഹസ്യമായി തന്‍റെ ഹൃദയം പകരാൻ മാത്രം കഴിയില്ല. മാനസാന്തരത്തിനുള്ള യഥാർത്ഥ അടിസ്ഥാനമായി ദൈവം തന്നെ പ്രാർത്ഥനയുടെ മേൽ തന്‍റെ മുദ്ര പതിപ്പിച്ചിരിക്കുന്നു. ദമസ്ക്കോസിലുള്ള ശൗലിന്‍റെ അടുക്കലേക്ക് അനന്യാസിനെ അയച്ചപ്പോൾ പൗലോസ് മാനസാന്തരപ്പെട്ടു എന്നതിന് ആധാരമായി “ഇതാ, അവൻ പ്രാർത്ഥിക്കുന്നു” (പ്രവൃത്തികൾ 9:11) എന്നല്ലാതെ മറ്റൊരു തെളിവും ചൂണ്ടികാണിച്ചില്ല.
ഒരു വ്യക്തി പ്രാർത്ഥിക്കുന്നതിനുമുമ്പ്, അവന്‍റെ മനസ്സിലേക്ക് നിരവധി ചിന്തകൾ കടന്നുവരുമെന്ന് എനിക്കറിയാം. അവന്‍റെ ഹൃദയത്തിൽ ധാരാളം കുറ്റബോധം, നിരവധി പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ഉദ്ദേശ്യങ്ങൾ, വികാരങ്ങൾ, പ്രതീക്ഷകൾ, തീരുമാനങ്ങൾ, ഭയങ്ങൾ എന്നിവ ഉണ്ടാകാം. എന്നാൽ ഇവയൊന്നും സത്യസന്ധതയ്ക്കുള്ള ഉറപ്പായ തെളിവുകളല്ല. ഇവയെല്ലാം പലപ്പോഴും ഭക്തികെട്ടവരുടെ ഇടയിൽ പോലും കാണപ്പെടുന്നു. പലപ്പോഴും അവ ഫലശൂന്യമായി ശേഷിക്കുന്നു. മിക്കവാറും, അവ രാവിലെ വരുന്ന മേഘം പോലെയും അതേ വേഗത്തിൽ മാഞ്ഞുപോകുന്ന മഞ്ഞു പോലെയും പെട്ടെന്ന് അപ്രത്യക്ഷമായി പോകും. എന്നാൽ തകർന്നു നുറുങ്ങിയ ഹൃദയത്തിൽ നിന്നു വരുന്ന യഥാർത്ഥമായ പ്രാർത്ഥന ഇവയെല്ലാറ്റിനേക്കാളും വിലപ്പെട്ടതാണ്.
പാപികളെ അവരുടെ വഴികളിൽ നിന്ന് വിളിക്കുന്ന പരിശുദ്ധാത്മാവ്, അവരെ പതുക്കെ, പടിപടിയായി, ക്രിസ്തുവുമായുള്ള അടുപ്പത്തിലേക്ക് നയിക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ മനുഷ്യന്‍റെ കണ്ണ് അത് കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വിധി പറയുകയുള്ളൂ. വിശ്വസിക്കാതെ ഒരാൾ നീതീകരിക്കപ്പെട്ടു എന്നും അതുപോലെ പ്രാർത്ഥിക്കാതെ ഒരാൾ വിശ്വസിക്കുന്നു എന്നും ആരെക്കുറിച്ചും എനിക്ക് പറയാനാവില്ല, കാരണം ഊമവിശ്വാസം എന്നൊന്നില്ല. ദൈവത്തോട് സംസാരിക്കുക എന്നതാണ് വിശ്വാസം ചെയ്യുന്ന ആദ്യ പ്രവൃത്തി. ശരീരത്തിന് ജീവൻ എങ്ങനെയാണോ, അതുപോലെയാണ് ആത്മാവിനു വിശ്വാസവും. ശരീരത്തിന് ശ്വാസം എങ്ങനെയാണോ അതുപോലെയാണ് ഒരു വിശ്വാസിക്ക് പ്രാർത്ഥന. – ഒരു മനുഷ്യൻ ശ്വസിക്കാതെ ജീവിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതുപോലെ, പ്രാർത്ഥിക്കാത്ത ഒരു മനുഷ്യൻ വിശ്വാസിയായിരിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് സുവിശേഷകന്മാർ ധാരാളം സംസാരിക്കുമ്പോൾ അതിശയിക്കേണ്ടതില്ല. ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താനാണ് അവർ അങ്ങനെ ചെയ്യുന്നത്. നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ അവര്‍ ആഗ്രഹിക്കുന്നു. ദൈവവചനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം ശരിയായിരിക്കാം, പ്രൊട്ടസ്റ്റെൻഡ് വിശ്വാസങ്ങളോടുള്ള നിങ്ങളുടെ സ്നേഹവും പ്രതിബദ്ധതയും വളരെ പ്രകടമായിരിക്കാം. പക്ഷേ, അതെല്ലാം നിങ്ങളുടെ തലയിൽ മാത്രം ഒതുങ്ങുന്ന അറിവും, സ്വന്തം വിഭാഗത്തോടുള്ള നിങ്ങളുടെ പക്ഷപാതവും ആകാനുള്ള അപകടമുണ്ട്. അതുകൊണ്ടാണ്, നിങ്ങൾക്ക് കൃപയുടെ സിംഹാസനത്തെക്കുറിച്ച് പരിചയമുണ്ടോ, ദൈവത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നത്രയും ദൈവത്തോടും സംസാരിക്കാൻ കഴിയുന്നുണ്ടോ എന്നൊക്കെ അറിയാൻ അവര്‍ ആഗ്രഹിക്കുന്നത്.
- ഒരു വിശ്വാസിയുടെ ജീവിതത്തിൽ വ്യക്തിപരമായ പ്രാർത്ഥനയേക്കാൾ നാം അവഗണിക്കുന്ന മറ്റൊരു ഉത്തരവാദിത്തമില്ലാത്തതിനാല്‍ ഞാൻ ചോദിക്കുന്നു, നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ? പരസ്യമായ വിശ്വാസം വളരെ വർദ്ധിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രാർത്ഥനാ യോഗങ്ങൾ നടക്കുന്നു. മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ അവയിൽ പങ്കെടുക്കുന്നു. പരസ്യമായ ഭക്തി ഇത്രമാത്രം വ്യാപകമായിട്ടും, വ്യക്തിപരമായ പ്രാർത്ഥന പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമുക്കും ദൈവത്തിനും ഇടയിൽ നടക്കുന്ന, ആർക്കും കാണാത്ത ഒരു രഹസ്യ കൂട്ടായ്മയാണ്. മറ്റാരും കാണാത്തതിനാൽ ഇതിനെ അവഗണിക്കാൻ പലർക്കും ശക്തമായ പ്രലോഭനം ഉണ്ടാകാറുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ ഒരു വാക്കുപോലും പ്രാർത്ഥിക്കാത്തവര്‍ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ തിന്നുകയും കുടിക്കുകയും ചെയ്യുന്നു, ഉറങ്ങുന്നു, വീണ്ടും എഴുന്നേൽക്കുന്നു, ജോലിക്ക് പോകുന്നു, വീട്ടിലേക്ക് മടങ്ങുന്നു, ദൈവം നൽകുന്ന വായു ശ്വസിക്കുന്നു, അവന്‍റെ ഭൂമിയിൽ നടക്കുന്നു, അവന്‍റെ കരുണ അനുഭവിക്കുന്നു, മർത്യശരീരങ്ങൾ ഉള്ളവരാണ്, ന്യായവിധിയും നിത്യതയും അവരുടെ മുമ്പിലുണ്ട്. പക്ഷേ അവർ ഒരിക്കലും ദൈവത്തോട് സംസാരിക്കുന്നില്ല, അവർ നശിക്കുന്ന മൃഗങ്ങളെപ്പോലെ ജീവിക്കുന്നു, ആത്മാവില്ലാത്ത ജീവികളെപ്പോലെ പ്രവർത്തിക്കുന്നു. അവരുടെ ജീവിതവും ശ്വാസവും എല്ലാം ആരുടെ കൈകളിലാണോ ഉള്ളത്, ആരുടെ വായിൽ നിന്നാണോ അവർ അന്തിമ വിധി കേൾക്കാൻ പോകുന്നത്, അവനോട് സംസാരിക്കാന്‍ അവർക്ക് ഒരു വാക്കുപോലും ഇല്ലതാനും. ഇത് എത്ര ഭയാനകമായ കാര്യമാണ്? എന്നാൽ മനുഷ്യരുടെ രഹസ്യങ്ങൾ എല്ലാ ദിവസവും നമുക്ക് അറിയാന്‍ സാധിച്ചാല്‍ ഇത് വളരെ സാധാരണമായ ഒരു കാര്യമാണെന്ന് മനസ്സിലാകും.
ലക്ഷക്കണക്കിന് ആളുകൾ ആചാരത്തിന്‍റെ ഭാഗമായി പ്രാർത്ഥനകൾ ഉരുവിടുന്നവരാണ്. അർത്ഥമെന്താണെന്ന് ആലോചിക്കുക പോലും ചെയ്യാതെ, മനഃപാഠമാക്കിയ വാക്കുകൾ അവർ പതിവായി ആവർത്തിക്കുന്നു. ചിലർ കുട്ടിക്കാലത്ത് പഠിച്ച വാക്കുകളോടെ പ്രാർത്ഥന അവസാനിപ്പിക്കും. ചില ആളുകൾ തങ്ങളുടെ വിശ്വാസപ്രമാണം ചൊല്ലുന്നതിൽ തൃപ്തരാകുന്നു, എന്നാല്‍ അതിൽ പ്രാർത്ഥനയൊന്നും ഇല്ല എന്ന കാര്യം മറന്നു പോകുന്നു. ചിലർ അവസാനം കർത്താവ് പഠിപ്പിച്ച പ്രാർത്ഥന കൂട്ടി ചേർക്കുന്നു, പക്ഷേ അതിൽ അടങ്ങിയിരിക്കുന്ന ഗൗരവമേറിയ കാര്യങ്ങൾ നിറവേറണമെന്നുള്ള ആഗ്രഹം മാത്രം അവർക്കില്ല.
ചില ആളുകൾ, മനഃപാഠമാക്കിയ പ്രാർത്ഥനകൾ നല്ലതാണെങ്കിൽ പോലും, രാത്രി ഉറങ്ങാൻ പോകുമ്പോഴോ രാവിലെ ധൃതിവച്ച് ഒരുങ്ങുമ്പോഴോ ആലോചിക്കാതെ വെറുതെ നാവുകൊണ്ട് അവ ഉച്ചരിക്കും. ആരൊക്കെ എന്തൊക്കെ വിചാരിച്ചാലും, ദൈവത്തിന്‍റെ ദൃഷ്ടിയിൽ ഇത് പ്രാർത്ഥനയല്ല. ഹൃദയത്തിൽ നിന്ന് വരാത്ത വാക്കുകൾ, പ്രാകൃത മനുഷ്യർ വിഗ്രഹങ്ങളുടെ മുന്നിൽ ചെണ്ട കൊട്ടുന്നതു പോലെയാണ്, അവ നമ്മുടെ ആത്മാവിന് ഒരു നന്മയും ചെയ്യുന്നില്ല. ഹൃദയംഗമായി ചെയ്യുന്നില്ലെങ്കിൽ, അത് കേവലം ചുണ്ടുകളോ നാവോ ചെയ്യുന്ന പ്രവൃത്തി മാത്രം ആയിരിക്കും, പ്രാർത്ഥന ആകില്ല. ദമസ്ക്കൊസിലേക്കുള്ള വഴിയിൽ കർത്താവ് അവനെ കണ്ടുമുട്ടുന്നതിനുമുമ്പ് ശൗൽ പലതവണ പ്രാർത്ഥനകള്‍ ഉരുവിട്ടിരുന്നു എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ അവന്‍റെ ഹൃദയം നുറുങ്ങുന്നതുവരെ കർത്താവ് “ഇതാ, അവൻ പ്രാർത്ഥിക്കുന്നു” എന്ന് അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയില്ല.
ഇത് നിങ്ങൾക്ക് വിചിത്രമായി തോന്നുന്നുണ്ടോ? എന്‍റെ വാക്ക് കേള്‍ക്കൂ, ഞാൻ കാരണം കൂടാതെയല്ല സംസാരിക്കുന്നതെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ഞാൻ പറയുന്നത് അമിതവും അന്യായവുമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ശ്രദ്ധയോടെ കേൾക്കൂ, ഞാൻ നിങ്ങളോട് സത്യം ആണ് പറയുന്നതെന്ന് ഇപ്പോൾ തന്നെ നിങ്ങൾക്ക് തെളിയിച്ചുതരാം. പ്രാർത്ഥന ആർക്കും സ്വാഭാവികമായി ലഭിക്കുന്ന ഒരു ഗുണമല്ലെന്നത് നിങ്ങൾ മറന്നോ? ജഡിക മനസ്സ് ദൈവത്തോടുള്ള ശത്രുതയിലാണ്. മനുഷ്യന്‍റെ ഹൃദയത്തിലെ ചിന്തകൾ ദൈവത്തിൽ നിന്ന് അകന്നിരിക്കാൻ ആണ് ആഗ്രഹിക്കുന്നത്, ദൈവത്തോടൊപ്പമിരിക്കാൻ അല്ല. ദൈവം എന്നു കേള്‍ക്കുമ്പോൾ ഭയമെന്നല്ലാതെ മറ്റൊന്നുമില്ല അവർക്ക്. പാപത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യമോ, ആത്മീയ ആവശ്യങ്ങളോ, കാണാത്ത കാര്യങ്ങളിൽ വിശ്വാസമോ, വിശുദ്ധിയോ, സ്വർഗ്ഗീയ പ്രത്യാശയോ ഇല്ലാത്തപ്പോൾ അവർ എന്തിനാണ് പ്രാർത്ഥിക്കുന്നത്? നല്ലൊരു ശതമാനം ആളുകൾക്കും ഈ കാര്യങ്ങളെക്കുറിച്ച് ഒട്ടും തന്നെ അവബോധമോ പ്രതീക്ഷയോ ഇല്ല. വിശാലമായ പാതയിലൂടെ നടക്കുന്നവർ അനേകരുണ്ടെന്ന കാര്യം ഞാൻ മറക്കുന്നില്ല. അതുകൊണ്ടാണ് വളരെ കുറച്ചുപേർ മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ എന്ന് ഞാൻ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നത്.
പ്രാർത്ഥിക്കുന്നത് ഒരു ഫാഷനല്ലെന്ന് നിങ്ങൾ മറന്നു പോയോ? പലരും പറയാൻ ലജ്ജിക്കുന്ന വിഷയങ്ങളിൽ ഒന്നാണിത്. നൂറുകണക്കിന് ആളുകൾ പ്രതിഷേധിക്കാനും ബഹുജന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകാനും മുന്നോട്ടുവന്നേക്കാം, പക്ഷേ ഞങ്ങൾക്ക് പ്രാർത്ഥിക്കുന്ന ശീലമുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ മാത്രം അവർ ഭയപ്പെടുന്നു. അപരിചിതരോടൊപ്പം ഒരേ മുറിയിൽ കഴിയേണ്ടിവരുമ്പോൾ പ്രാർത്ഥിക്കാതെ ഉറങ്ങിപ്പോകുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുക, തിയേറ്ററിൽ പോകുക, എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുക, ബുദ്ധിമാനായി കാണപ്പെടാൻ ആഗ്രഹിക്കുക എന്നിവയെല്ലാം ഫാഷനാണ്, പക്ഷേ പ്രാർത്ഥന ചെയ്യുക എന്നത് ഫാഷൻ അല്ല. എനിക്ക് ഇത് മറക്കാൻ കഴിയില്ല. ധാരാളം ആളുകൾ ഏറ്റുപറയാൻ ലജ്ജിക്കുന്ന വിഷയത്തെ, എല്ലാവർക്കുമുള്ള സാധാരണ ശീലമായി ഞാൻ കരുതുന്നില്ല. അതുകൊണ്ടാണ് വളരെ കുറച്ച് ആളുകൾ മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ എന്ന് ഞാൻ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നത്.
പലരുടെയും ജീവിതം എങ്ങനെയാണെന്ന് നിങ്ങൾ മറന്നോ? പാപത്തിൽ മുങ്ങിക്കുളിക്കുന്ന ആളുകൾ രാവും പകലും പാപത്തിനെതിരെ പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുമോ? അവർ ലോകത്തെ അനുഗമിക്കുകയും, അതിനെതിരെ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുമോ? ദൈവത്തിന്‍റെ വേലയോട് യാതൊരു താത്പര്യവും ഇല്ലാത്ത ആളുകള്‍ വേല ചെയ്യാനുള്ള കൃപയ്ക്കായി യാചിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുമോ? ഒട്ടും തന്നെ വിശ്വസിക്കാൻ കഴിയില്ല. ഇവിടെ വ്യക്തമാകുന്ന കാര്യം, മിക്ക ആളുകളും ദൈവത്തോട് ഒന്നും ചോദിക്കുന്നില്ല അല്ലെങ്കില്‍ അവര്‍ എന്താണോ ചോദിക്കുന്നത് അത് അവരുടെ യഥാർത്ഥ ഉദ്ദേശ്യമല്ല എന്നതാണ്; ഇവ രണ്ടും ഒന്നുതന്നെ. പ്രാർത്ഥനയ്ക്കും പാപത്തിനും ഒരേ ഹൃദയത്തിൽ ഒരുമിച്ചു വസിക്കാന്‍ കഴിയില്ല. പ്രാർത്ഥന പാപത്തെ അടിച്ചമർത്തുന്നു, അല്ലെങ്കിൽ പാപം പ്രാർത്ഥനയെ തടസ്സപ്പെടുത്തുന്നു. ഇത് ഞാൻ ഒരിക്കലും മറക്കില്ല. ഞാന്‍ അവരുടെ ജീവിതങ്ങളെ കാണുമ്പോള്‍, വളരെ കുറച്ച് ആളുകൾ മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ എന്ന് എനിക്ക് ധൈര്യത്തോടെ പറയാൻ കഴിയും.
മരിച്ചു പോയ എത്രയോ ആളുകളുടെ മരണം നിങ്ങൾ മറന്നു പോയോ? എത്രയോ പേർ, അവരുടെ അവസാന മണിക്കൂറുകളിൽ പോലും, ദൈവത്തിന് പൂർണ്ണമായും അപരിചിതരാണ്. അവർക്ക് അവന്‍റെ സുവിശേഷം അറിയില്ല എന്നു മാത്രമല്ല, അവനോട് സംസാരിക്കാനുള്ള കഴിവും ഇല്ല എന്നത് വളരെ ദുഃഖകരമായ കാര്യമാണ്. അവനെ സമീപിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ ഭയങ്കരമായ വെറുപ്പും നാണക്കേടും ആണ് കാണപ്പെടുന്നത്. അവർ പുതിയ എന്തോ കാര്യം ചെയ്യുന്നതുപോലെ തോന്നും. ദൈവത്തോട് മുമ്പ് ഒരിക്കലും സംസാരിച്ചിട്ടില്ലാത്തതുപോലെ, അവർക്ക് ദൈവത്തെക്കുറിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമാണെന്ന് തോന്നിപ്പോകും. ഒരു വിഷയം എന്‍റെ ഓർമ്മയിലേക്ക് വരുന്നു. മരിക്കാറായപ്പോൾ ഒരു സുവിശേഷകനെ തന്‍റെ അടുത്തേക്ക് വിളിപ്പിക്കാൻ ഒരു സ്ത്രീ ഉത്സാഹം കാണിച്ചു. ആ സുവിശേഷകൻ തനിക്കു വേണ്ടി പ്രാർത്ഥിക്കുമെന്ന് ആ സ്ത്രീ കരുതി. സുവിശേഷകൻ ചോദിച്ചു, “ഞാൻ എന്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന്. അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, കാരണം അവർക്ക് ഒന്നും അറിയില്ലായിരുന്നു. അവരുടെ ആത്മാവിന് ദൈവത്തിൽ നിന്ന് എന്താണ് വേണ്ടതെന്ന് ഒരു വാക്കുപോലും പറയാൻ അവർക്ക് കഴിഞ്ഞില്ല. അവർക്ക് ആകെ വേണ്ടിയിരുന്നത് ഒരു ശുശ്രൂഷകന്‍റെ ഔപചാരിക പ്രാർത്ഥനകൾ മാത്രമായിരുന്നു. എനിക്ക് ഇത് മനസ്സിലാകും. മരണക്കിടക്കകൾ രഹസ്യങ്ങൾ തുറന്നു കാട്ടുന്നു. രോഗബാധിതരായി മരിക്കുന്നവരുടെ അടുക്കൽ ഞാൻ കണ്ടത് ഒരിക്കലും മറക്കാൻ കഴിയില്ല. വളരെ കുറച്ച് ആളുകൾ മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ എന്ന് വിശ്വസിക്കാൻ ഈ കാര്യങ്ങൾ എന്നെ നിർബന്ധിക്കുന്നു.
എനിക്ക് നിങ്ങളുടെ ഹൃദയം കാണാൻ കഴിയില്ല. ആത്മീയ വിഷയങ്ങളിൽ നിങ്ങളുടെ വ്യക്തിപരമായ ചരിത്രം എനിക്കറിയില്ല. പക്ഷേ, ബൈബിളിൽ നിന്ന് ഞാൻ കണ്ടതിന്‍റെയും പുറം ലോകത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടതിന്‍റെയും അടിസ്ഥാനത്തിൽ, എനിക്ക് നിങ്ങളോട് ഇതിനെക്കാൾ കൂടുതൽ അനിവാര്യമായ ഒരു ചോദ്യം ചോദിക്കാൻ കഴിയില്ല – “നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ?”
- പ്രാർത്ഥന വളരെ പ്രോത്സാഹം തരുന്ന ഒരു ഭക്തി കാര്യമാണ്. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്, നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ? പ്രാർത്ഥനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നൽകാൻ ദൈവം എപ്പോഴും തയ്യാറാണ്. എല്ലാ തടസ്സങ്ങളും അവന് മുൻകൂട്ടി അറിയാം. എല്ലാ പ്രശ്‌നങ്ങൾക്കും അവന്‍റെ പക്കൽ പരിഹാരമുണ്ട്. വളഞ്ഞത് നേരെയാക്കപ്പെടും, ദുർഘടമായത് നിരപ്പാക്കപ്പെടും. പ്രാർത്ഥിക്കാത്ത ഒരു വ്യക്തിക്ക് യാതൊരു ഒഴികഴിവും പറയാനില്ല.
എത്ര വലിയ പാപിയായാലും, എത്ര അയോഗ്യൻ ആയാലും, ഓരോ വ്യക്തിക്കും പിതാവിനെ സമീപിക്കാൻ ഒരു മാർഗ്ഗം ഉണ്ട്. കുരിശിലെ തന്‍റെ യാഗത്തിലൂടെ യേശുക്രിസ്തു ആ വഴി നമുക്കായി തുറന്നിട്ടു. ദൈവത്തിന്‍റെ വിശുദ്ധിയും നീതിയും കണ്ടുകൊണ്ട് പാപികൾ ഭയപ്പെട്ടു പിൻവാങ്ങേണ്ട ആവശ്യമില്ല. അവർ യേശുവിന്‍റെ നാമത്തിൽ ദൈവത്തോട് ചോദിച്ചാൽ, അവന്‍ തന്‍റെ കൃപയുടെ സിംഹാസനത്തിൽ നിന്ന് അവരുടെ വാക്കുകൾ കേൾക്കാൻ ഒരുക്കമുള്ളവനായി കാണപ്പെടുന്നു. ദൈവഹിതമനുസരിച്ച് നാം ചെയ്യുന്ന പ്രാർത്ഥനകൾക്ക് യേശുവിന്‍റെ നാമം ഒരു മാറ്റാനാവാത്ത പാസ്‌പോർട്ട് പോലെയാണ്. ആ നാമത്തിൽ, ഒരു വ്യക്തിക്ക് ധൈര്യത്തോടെ ദൈവത്തെ സമീപിക്കാനും വിശ്വാസത്തോടെ ചോദിക്കാനും കഴിയും. ദൈവം ആ പ്രാർത്ഥന കേൾക്കുമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, ഇത് വലിയൊരു പ്രോത്സാഹനമല്ലേ?
അവനിലൂടെ ദൈവത്തിന്‍റെ അടുത്തേക്ക് വരുന്നവരുടെ പ്രാർത്ഥനകൾ ദൈവത്തിങ്കലേക്ക് എത്തിക്കാൻ എല്ലായ്പ്പോഴും നോക്കിയിരിക്കുന്ന, ഒരു മദ്ധ്യസ്ഥൻ, ഒരു കാര്യസ്ഥൻ നമുക്കുണ്ട്. യേശുക്രിസ്തുവാണ് ആ മധ്യസ്ഥൻ. അവൻ നമ്മുടെ പ്രാർത്ഥനകളെ അവന്‍റെ സർവ്വശക്തമായ മധ്യസ്ഥതയുടെ ധൂപവുമായി കൂട്ടിക്കലർത്തുന്നു. അങ്ങനെ സംയോജിക്കപ്പെട്ട്, അവ ഒരു മധുര സുവാസനയായി ദൈവകൃപയുടെ സിംഹാസനത്തിലെത്തുന്നു. നമ്മുടെ മഹാപുരോഹിതനായ അവന്‍റെ കൈകളിൽ അവ വളരെ ബലമുള്ളതും ശക്തവുമായി മാറുന്നു. ഒപ്പില്ലാത്ത ഒരു ചെക്ക് വിലയില്ലാത്ത ഒരു കടലാസ് കഷണം പോലെയാണ്. എന്നാൽ പേന ഉപയോഗിച്ച് അതിൽ ഇടുന്ന ഒപ്പ് അതിനെ വിലയുള്ളതാക്കുന്നു. ആദാമിന്‍റെ ദരിദ്ര സന്തതിയുടെ പ്രാർത്ഥനയും വിലയില്ലാത്തതാണ്, എന്നാൽ ഒരിക്കല്‍ കർത്താവായ യേശുക്രിസ്തുവിന്‍റെ കൈയാൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ, അത് വളരെ മൂല്യമുള്ളതായിത്തീരുന്നു. റോം നഗരത്തിൽ, പൗരന്മാർക്ക് എന്തെങ്കിലും സഹായം നൽകുന്നതിനായി തന്‍റെ കവാടങ്ങൾ എപ്പോഴും തുറന്നിടാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമായിരുന്നു. അതുപോലെ, സഹായം ചോദിക്കുന്നവരുടെ നിലവിളി കേൾക്കാൻ കർത്താവായ യേശുക്രിസ്തുവിന്‍റെ ചെവികൾ എപ്പോഴും തുറന്നാണ് ഇരിക്കുന്നത്. അവരെ സഹായിക്കാനാണ് അവൻ നിയമിക്കപ്പെട്ടിരിക്കുന്നത്. അവരുടെ പ്രാർത്ഥന അവന് സന്തോഷമാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഇതൊരു വലിയ പ്രോത്സാഹനമല്ലേ?
പ്രാർത്ഥിക്കുന്നതിൽ നമ്മുടെ ബലഹീനതകൾ കണ്ട് നമുക്ക് സഹായം ചെയ്യാൻ പരിശുദ്ധാത്മാവ് എപ്പോഴും തയ്യാറായി ഇരിക്കയാണ്. അവന്‍റെ പ്രത്യേക പ്രവൃത്തികളിൽ ഒന്ന്, ദൈവത്തോട് സംസാരിക്കാനുള്ള നമ്മുടെ പരിശ്രമങ്ങളിൽ നമ്മെ സഹായിക്കുക എന്നതാണ്. പ്രാർത്ഥനയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് അറിയാതെ ഭയന്ന് നാം നിരുത്സാഹപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നു. അവൻ നമ്മുടെ ഉള്ളിൽ വസിക്കുന്ന കാരുണ്യത്തിന്‍റെയും മധ്യസ്ഥതയുടെയും ആത്മാവാണ്, അതുകൊണ്ട് അവൻ പ്രാർത്ഥന ചെയ്യാൻ നമ്മെ സഹായിക്കുന്നു. ദൈവം തന്‍റെ ജനത്തിന്‍റെ അപേക്ഷകൾ തീർച്ചയായും കേൾക്കുമെന്ന ആത്മവിശ്വാസം ഇത് നമുക്ക് നൽകുന്നു. ഇത് വലിയൊരു പ്രോത്സാഹനമല്ലേ?
പ്രാർത്ഥിക്കുന്നവർക്ക് വിലയേറിയതും അതിമഹത്തുമായ വാഗ്ദാനങ്ങൾ നൽകപ്പെട്ടിരിക്കുന്നു. “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. (മത്തായി 7:7,8). “നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു” (മത്തായി 21:22). “നിങ്ങൾ എന്‍റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും. നിങ്ങൾ എന്‍റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും” (യോഹന്നാൻ 14:13,14 ). ഈ വാക്കുകൾ പറഞ്ഞതിലൂടെ കർത്താവായ യേശുക്രിസ്തു എന്താണ് ഉദ്ദേശിച്ചത്?
1 യോഹന്നാൻ 5:14,15 - “അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു”. ഇതെല്ലാം നമ്മെ അവന്‍റെ സ്വഭാവമനുസരിച്ച് പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രാർത്ഥനയുടെ ശക്തി കാണിക്കുന്ന അത്ഭുതകരമായ ഉദാഹരണങ്ങൾ തിരുവെഴുത്തുകളിൽ നിരവധിയുണ്ട്. ദൈവം അംഗീകരിക്കുന്ന പ്രാര്‍ത്ഥനയാല്‍ നേടാൻ കഴിയാത്ത വലുതും, കഠിനമായതും പ്രയാസമായതുമായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. അസാധ്യവും അപ്രാപ്യവുമാണെന്ന് തോന്നിയ പല കാര്യങ്ങളും ദൈവാംഗീകാരമുള്ള പ്രാർത്ഥനയിലൂടെ സാധ്യമായിട്ടുണ്ട്. വെള്ളം, തീ, കാറ്റ്, ഭൂമി എന്നിവയുടെ മേൽ പോലും പ്രാർത്ഥന വിജയം നേടിയിരിക്കുന്നു. പ്രാർത്ഥന ചെങ്കടലിനെ വിഭജിച്ചു. പ്രാർത്ഥന പാറയിൽ നിന്ന് വെള്ളവും ആകാശത്ത് നിന്ന് ആഹാരവും കൊണ്ടുവന്നു. പ്രാർത്ഥന സൂര്യനെ നിശ്ചലമാക്കി. പ്രാർത്ഥനയാൽ സ്വർഗ്ഗത്തിൽ നിന്ന് തീ ഏലിയാവിന്‍റെ യാഗത്തിന്മേൽ ഇറങ്ങി വന്നു. പ്രാർത്ഥന അഹിഥോഫെലിന്‍റെ ആലോചനയെ പരാജയപ്പെടുത്തി (2 ശമുവേൽ 15:31). ഒന്ന് ആലോചിച്ചു നോക്കൂ, ഇത്തരം സംഭവങ്ങളെല്ലാം പ്രാർത്ഥനയ്ക്ക് വലിയ പ്രോത്സാഹനമല്ലേ?
പ്രാർത്ഥനയെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞ കാര്യങ്ങളെക്കാൾ ദൈവഭക്തിയിൽ ഒരു ചുവട് മുന്നോട്ട് വയ്ക്കാൻ ഒരാളെ പ്രോത്സാഹിപ്പിക്കുന്ന മറ്റെന്താണ് ഉള്ളത്? ഒരു പാപി കരുണാപീഠത്തിങ്കൽ വരുന്നതിന് തടസ്സങ്ങളെല്ലാം നീക്കി വഴിയൊരുക്കുവാന്‍ ഇതിനെക്കാൾ മറ്റെന്താണ് ചെയ്യാൻ കഴിയുക? നരകത്തിലെ ഭൂതങ്ങൾക്ക് അത്തരമൊരു വാതിൽ തുറന്നു കിട്ടിയാൽ, പാതാളം മുഴങ്ങുന്ന നിലയിൽ അവർ ആനന്ദത്താൽ തുള്ളിച്ചാടുമായിരുന്നു. അത്തരം അത്ഭുതകരമായ പ്രോത്സാഹനങ്ങളെ അവഗണിക്കുന്ന ഒരാൾ ഒടുവിൽ എവിടെയാണ് പോയി ഒളിക്കുക? ഇത്രയും പറഞ്ഞിട്ടും, ഒരാൾ പ്രാർത്ഥിക്കാതെ മരിച്ചാൽ നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത്? ആ വ്യക്തി നിങ്ങള്‍ ആകരുതെന്ന് ഞാൻ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ വീണ്ടും ചോദിക്കുന്നത് “നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ”?
- പ്രാർത്ഥനയുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയാണ് ആഴമായ വിശുദ്ധിയുടെ രഹസ്യം. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്, "നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ?" യഥാര്‍ത്ഥമായ ക്രിസ്ത്യാനികൾക്കിടയിലും നിരവധി വ്യത്യാസങ്ങളുണ്ടെന്നു പറയുന്നതിൽ തർക്കമില്ല. ദൈവത്തിന്‍റെ സൈന്യത്തില്‍ മുൻനിരയിലുള്ളവർക്കും പിന്നിൽ നടക്കുന്നവർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവരെല്ലാവരും നല്ല പോരാട്ടം പോരാടുന്നവരാണ്, പക്ഷേ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ ധൈര്യം കാണിക്കുന്നവരാണ്. എല്ലാവരും ദൈവത്തിന്‍റെ വേല ചെയ്യുന്നു, എന്നാൽ ചിലർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ചെയ്യാൻ കഴിയുന്നു. അവരെല്ലാവരും കർത്താവിൽ വെളിച്ചമാണ്. എന്നാൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ പ്രകാശം പരത്തുന്നു. അവരെല്ലാം ഒരേ ഓട്ടക്കളത്തിലാണ് ഓടുന്നത്, പക്ഷേ ചിലർ മറ്റുള്ളവരെക്കാൾ വേഗത്തിൽ ഓടുന്നു. അവരെല്ലാം ഒരേ കർത്താവിനേയും രക്ഷകനേയുമാണ് സ്നേഹിക്കുന്നത്. എന്നാൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്നു. ഇങ്ങനെയല്ലേ സംഭവിക്കുന്നതെന്ന് ഞാൻ എല്ലാ യഥാര്‍ത്ഥ ക്രിസ്ത്യാനികളോടും ചോദിക്കുന്നു. ഇത് വാസ്തവമായ കാര്യമല്ലേ?
ചിലർ ദൈവം തങ്ങളുടെ രക്ഷയെ മുന്നോട്ടു കൊണ്ടു പോകുന്ന സാഹചര്യത്തിൽ, തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പുറകോട്ടു പോകുന്നു. മറ്റു ചിലര്‍ എപ്പോഴും വളർച്ചയുള്ളവരായി കാണപ്പെടുന്നു. മഴയ്ക്ക് ശേഷം മുളയ്ക്കുന്ന പുല്ല് പോലെ അവർ വേഗം വളരുന്നു. അവർ മിസ്രയീമിലെ യിസ്രായേല്യരെപ്പോലെ അഭിവൃദ്ധി പ്രാപിക്കും. അവർ ഗിദെയോനെപ്പോലെ മുന്നേറും. ചിലപ്പോഴൊക്കെ ക്ഷീണിതരായാലും അവർ മുന്നേറും. അവർ കൃപയിൽ നിന്ന് കൃപയിലേക്ക്, വിശ്വാസത്തിൽ നിന്ന് അധികം വിശ്വാസത്തിലേക്ക് വിശ്വാസത്തെ ചേർത്തു വച്ചുകൊണ്ടിരിക്കും. നിങ്ങൾ അവരെ കണ്ടുമുട്ടുമ്പോഴെല്ലാം, അവരുടെ ഹൃദയങ്ങൾ കൂടുതൽ വിശാലവും, അവരുടെ ആത്മീയ വളർച്ച ഉയർന്നതും ശക്തവുമായി കാണപ്പെടുന്നു. ഓരോ വർഷവും അവർ ഭക്തിയിൽ വളരുന്നു, കൂടുതലായി അത് അനുഭവിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ വിശ്വാസത്തെ തെളിയിക്കുന്ന സൽപ്രവൃത്തികൾ ചെയ്യുക മാത്രമല്ല, അവയിൽ അതിയായി താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു. അവർ നല്ലത് ചെയ്യുക മാത്രമല്ല, വിരസതയില്ലാതെ നല്ലത് ചെയ്യുകയും ചെയ്യുന്നു. അവർ വലിയ കാര്യങ്ങൾക്കായി പരിശ്രമിക്കുന്നു, വലിയ കാര്യങ്ങൾ ചെയ്യുന്നു. പരാജയപ്പെടുമ്പോൾ വീണ്ടും ശ്രമിക്കുന്നു. വീണു പോകുമ്പോൾ വീണ്ടും എഴുന്നേൽക്കുന്നു. എന്നിട്ടും അവർ തങ്ങളെ തന്നെ താഴ്ത്തി കൊണ്ട് പ്രയോജനമില്ലാത്ത ദാസന്മാരെന്ന് കരുതുന്നു, ഒന്നും ചെയ്യാത്തവരായിട്ട് തങ്ങളെക്കുറിച്ച് കണക്കാക്കുന്നു. ഇങ്ങനെയുള്ളവരാണ് ദൈവഭക്തിയെ മറ്റുള്ളവരുടെ കണ്ണുകൾക്ക് മനോഹരവും ആകർഷകവുമാക്കുന്നത്. അവർ മാനസാന്തരപ്പെടാത്തവരുടെ പോലും ആദരവ് നേടുന്നവരും, ലോകത്തിലെ സ്വാർത്ഥരായ ആളുകൾക്കിടയിൽ പോലും നല്ല അഭിപ്രായം നേടുന്നവരുമാണ്. അവരെ കാണുന്നതും, അവരോടൊപ്പം ആയിരിക്കുന്നതും, അവരുടെ വാക്കുകൾ കേൾക്കുന്നതും ഒരു നല്ല അനുഭവം തന്നെയാണ്. നിങ്ങൾ അവരെ കണ്ടുമുട്ടുമ്പോൾ, ദൈവസന്നിധിയിൽ നിന്ന് പുറത്തേക്ക് വന്ന മോശയെ കണ്ടുമുട്ടിയതുപോലെ തോന്നും. നിങ്ങളുടെ ആത്മാവ് തീയുടെ അരികിലെന്നപോലെ, അവരുടെ സാമീപ്യം നിങ്ങൾക്ക് ഊഷ്മളമായ ഒരു അനുഭവമാണ് നൽകുന്നത്. അത്തരം ആളുകൾ വളരെ അപൂർവമാണെന്ന് എനിക്കറിയാം, പക്ഷേ അങ്ങനെയുള്ള ആളുകൾ ഇല്ലേ എന്ന് മാത്രമാണ് ഞാൻ ചോദിക്കുന്നത്?
ഞാൻ ഇപ്പോൾ വിവരിച്ച വ്യത്യാസങ്ങൾക്ക് കാരണം എന്താണ്? ചില വിശ്വാസികള്‍ മറ്റു വിശ്വാസികളേക്കാൾ ഇത്രമാത്രം വിശുദ്ധന്മാരും, പ്രകാശമുള്ളവരും ആകാൻ കാരണം എന്താണ്? 20-ൽ 19 തവണയും വ്യക്തിപരമായ പ്രാർത്ഥനാ ശീലങ്ങളാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ വിശുദ്ധരായവർ കൂടുതൽ പ്രാർത്ഥിക്കുന്നു, വിശുദ്ധയിൽ കുറവുള്ളവർ കുറച്ച് മാത്രം പ്രാർത്ഥിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ അഭിപ്രായം കേൾക്കുന്ന ചിലർക്ക് ഇത് ഒരു ആശ്ചര്യമായി തോന്നിയേക്കാമെന്ന് എനിക്കറിയാം. മഹത്തായ വിശുദ്ധി എന്നത് ഒരു പ്രത്യേക ദാനമാണെന്നും ചുരുക്കം ചിലർക്ക് മാത്രമേ അത് നേടാനാകൂ എന്നും പലരും വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത്തരം ആളുകളെക്കുറിച്ച് പുസ്തകങ്ങളിൽ വായിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരാളെ കാണുമ്പോൾ, ‘എത്ര നല്ല വ്യക്തി’ എന്ന് വിചാരിക്കും. പക്ഷേ അത് തങ്ങളിൽ എന്തുകൊണ്ട് ഉണ്ടായിക്കൂടാ എന്ന ആലോചന മാത്രം അവർക്കു വരുന്നില്ല. ദൈവത്തിന്‍റെ പ്രിയപ്പെട്ട ഭക്തർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്നായിട്ടാണ് അവർ അതിനെക്കുറിച്ച് കരുതുന്നത്.
ഇത് വളരെ അപകടകരമായ ഒരു തെറ്റിദ്ധാരണയാണെന്ന് ഞാൻ കരുതുന്നു. ഒരു വ്യക്തിയുടെ ഭൗതികമോ ആത്മീയമോ ആയ മഹത്വം പ്രധാനമായും അയാൾക്ക് ലഭ്യമായ വിഭവങ്ങൾ എത്രത്തോളം വിശ്വസ്തതയോടെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അസാധാരണമായ ബുദ്ധിശക്തിയുടെ വരം ആവശ്യപ്പെടാൻ നമുക്ക് അവകാശമുണ്ടെന്ന് ഞാൻ പറയുന്നില്ല. എന്നാല്‍ മാനസാന്തരപ്പെട്ട് ദൈവത്തിലുള്ള ഒരു വ്യക്തി വിശുദ്ധിയില്‍ വളരുക എന്നത്, അവന്‍ ദൈവത്തിന്‍റെ വിഭവങ്ങൾ എത്ര ശ്രദ്ധയോടെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തീയ സഭയിൽ പലരെയും മഹാന്മാരാക്കിയത് ആത്മാർത്ഥമായി പ്രാര്‍ത്ഥിക്കുന്ന അവരുടെ വ്യക്തിപരമായ ശീലമാണെന്ന് എനിക്ക് പറയാൻ കഴിയും. ബൈബിളിലും ബൈബിളിനു പുറത്തുമുള്ള ദൈവദാസന്മാരിൽ പ്രകാശിക്കുന്ന ഭക്തന്മാരുടെ ജീവിതം നോക്കൂ. മോശെ, ദാവീദ്, ദാനിയേൽ, പൗലോസ് എന്നിവരെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കുക. നവീകരണകർത്താക്കളായ ലൂഥറിനെയും ബ്രാഡ്‌ഫോർഡിനെയും കുറിച്ച് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. വൈറ്റ്ഫീൽഡ്, വെൻ, സെസിൽ, ബിക്കർസ്റ്റെത്ത്, മെക്ച്ചേൻ എന്നിവരുടെ വ്യക്തിപരമായ ഭക്തിജീവിതങ്ങൾ നിരീക്ഷിക്കുക. ഈ സ്വഭാവം ഇല്ലാത്ത ഏതെങ്കിലും വിശുദ്ധന്മാരെയോ രക്തസാക്ഷികളെയോ കുറിച്ച് നിങ്ങൾക്ക് പറയാന്‍ കഴിയുമോ? അവരെല്ലാം പ്രാർത്ഥനാനിരതരാണ്.
ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന എല്ലാവരും തീർച്ചയായും പ്രാർത്ഥിക്കും. ഒരു വ്യക്തിയുടെ ഹൃദയത്തിൽ കൃപയുടെ പ്രവൃത്തി ആരംഭിക്കുന്നത് അവനാണ്. എന്നാൽ പരിശുദ്ധാത്മാവ് നാം അവനോട് ചോദിക്കണമെന്ന് ആഗ്രഹിക്കുന്നു. കൂടുതൽ ചോദിക്കുന്നവർക്ക് അവന്‍റെ സ്വാധീനം കൂടുതലായി ലഭിക്കും. സാത്താനെയും, നമ്മെ എളുപ്പത്തിൽ കുടുക്കിലാക്കുന്ന പാപങ്ങളെയും ചെറുക്കുന്നതിനുള്ള ഏറ്റവും ഉറപ്പുള്ള പരിഹാരമാർഗ്ഗമാണ് പ്രാർത്ഥന. ഹൃദയ പൂർവ്വം ചെയ്യുന്ന പ്രാർത്ഥന പാപത്തിന്മേൽ വിജയം നൽകുന്നു. സാത്താനെ പുറത്താക്കാൻ നാം പ്രാർത്ഥിച്ചാൽ, അവന് നമ്മുടെ മേൽ ആധിപത്യം ചെയ്യാന്‍ സാധിക്കുകയില്ല. എന്നാൽ നാം വിടുതലിനായി എല്ലാ ദിവസവും നമ്മുടെ സാഹചര്യം മുഴുവൻ നമ്മുടെ പരമ വൈദ്യന്‍റെ മുമ്പാകെ വയ്ക്കണം.
നിങ്ങൾ കൃപയിൽ വളർന്നു കൊണ്ട് സമർപ്പിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് ശരിക്കും ആ ആഗ്രഹമുണ്ടെങ്കിൽ, ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമില്ല – നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ?
- പ്രാർത്ഥനയെ അവഗണിക്കുന്നതാണ് ദൈവഭക്തിയിൽ നിന്ന് അകന്നു പോകാനുള്ള ഏറ്റവും വലിയ കാരണം, അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്, നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ? ഒരു വ്യക്തി തന്‍റെ ഭക്തി ജീവിതത്തിൽ നല്ല പോരാട്ടം കഴിച്ചു കൊണ്ട് മുന്നേറിയതിനു ശേഷം, ഗലാത്യരെപ്പോലെ കുറച്ചുകാലം നന്നായി ഓടി, പിന്നീട് വ്യാജ ഉപദേഷ്ടാക്കളുടെ സ്വാധീനത്തിൽപ്പെടാൻ സാധ്യതയുണ്ട്. പത്രോസിനെപ്പോലെ ആളുകൾ തങ്ങളുടെ വിശ്വാസത്തെ ഉച്ചത്തിൽ പ്രഖ്യാപിച്ചേക്കാം, എന്നാൽ കഷ്ടകാലങ്ങളിൽ അവർ തങ്ങളുടെ കർത്താവിനെ തള്ളിപ്പറഞ്ഞേക്കാം. വിശ്വാസികൾ ഇവയെല്ലാം ചെയ്യാനുള്ള സാധ്യതയുണ്ട്.
ഭക്തിയില്‍ തരംതാണു പോകുന്നത് വളരെ വേദനാജനകമാണ്. ഒരു വ്യക്തിക്ക് നേരിടാൻ കഴിയുന്ന എല്ലാ പ്രയാസങ്ങളെക്കാളും ഏറ്റവും മോശമായ കാര്യമാണിത്. ഒറ്റപ്പെട്ട ഒരു കപ്പൽ, ചിറകറ്റുപോയ ഒരു പക്ഷി, കളകൾ നിറഞ്ഞ ഒരു പൂന്തോട്ടം, പൊട്ടിപ്പോയ വീണ, നശിച്ച പോയ ഒരു സഭ, ഇതെല്ലാം ദുരന്തപൂർണ്ണമായ സാഹചര്യങ്ങള്‍ തന്നെയാണ്, എന്നാല്‍ അധഃപതനം/പിൻമാറ്റം/വീഴ്ച ഇവയെല്ലാം അതിനെക്കാൾ ദുഃഖകരമാണ്. മുറിവേറ്റ മനസ്സാക്ഷി - ക്ഷീണിച്ച പോയ ഹൃദയം - സ്വയം കുറ്റപ്പെടുത്തുന്ന ഓർമ്മകൾ - ദൈവത്തിന്‍റെ അമ്പുകളാൽ ചീന്തപ്പെട്ട ഹൃദയം - ആന്തരിക ആരോപണങ്ങളാൽ തകർന്ന പോയ ആത്മാവ് – ഇവയെല്ലാം നരകതുല്യമായ അനുഭൂതികളാണ്. ഇത് ഭൂമിയിലെ നരകമാണ്. ജ്ഞാനിയുടെ സദൃശ്യവാക്യം എത്ര അർത്ഥവത്താണ്. “ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്‍റെ നടപ്പിൽ മടുപ്പു വരും” (സദൃശവാക്യങ്ങൾ 14:14).
എന്നാൽ ഭക്തിയില്‍ അധഃപതിച്ചു പോകാൻ കാരണമെന്താണ്? സാധാരണയായി, ഇതിനുള്ള പ്രധാന കാരണം വ്യക്തിപരമായ പ്രാർത്ഥനയെ അവഗണിക്കുന്നതാണ്. വീഴ്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അവസാന ദിവസം വരെ അറിയാൻ കഴിയില്ല എന്നത് ശരിയാണ്. ക്രിസ്തുവിന്‍റെ സുവിശേഷകനും ഹൃദയത്തെ അറിയുന്നവനും എന്ന നിലയിൽ, എനിക്ക് എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാൻ മാത്രമേ കഴിയൂ. അതേ അഭിപ്രായത്തെ ഞാന്‍ വീണ്ടും വ്യക്തമായി ആവർത്തിക്കുന്നു. വ്യക്തിപരമായ പ്രാർത്ഥന അവഗണിക്കുന്നതില്‍ നിന്നുമാണ് ഭക്തിയുടെ അധഃപതനം ആരംഭിക്കുന്നത്. പ്രാർത്ഥനയില്ലാതെ ബൈബിൾ വായിക്കുന്നത്, പ്രാർത്ഥനയില്ലാതെ പ്രസംഗം കേൾക്കുന്നത്, പ്രാർത്ഥനയില്ലാത്ത വിവാഹങ്ങൾ, പ്രാർത്ഥനയില്ലാതെ തുടരുന്ന യാത്രകൾ, ഹൃദയത്തിൽ നിന്നും അല്ലാതെ തിടുക്കത്തിൽ പൂർത്തിയാക്കുന്ന ദൈനംദിന പ്രാർത്ഥനകൾ, ഇവയാണ് പല ക്രിസ്ത്യാനികളെയും ആത്മീയമായ വീഴ്ചയിലേക്ക് നയിക്കുന്നത് അല്ലെങ്കിൽ ദൈവം അവരെ പൂർണ്ണമായും വീണുപോകുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്ന വഴുവഴുപ്പുള്ള പടികൾ.
പരസ്യമായി വീഴുന്നതിനു മുമ്പ് അവർ വ്യക്തിപരമായി വീഴുമെന്നതിൽ സംശയമില്ല. ലോകത്തിനു മുന്നിൽ അധഃപതിക്കുന്നതിനു മുമ്പ് അവർ മുട്ടുകുത്തുന്നതിൽ അധഃപതിക്കും. ഉണർന്നിരിക്കാനും പ്രാർത്ഥിക്കാനുമുള്ള കർത്താവിന്‍റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്, പത്രോസിനെപ്പോലെ, അവർ ആദ്യം തങ്ങളുടെ ശക്തി നഷ്ടപ്പെടുത്തുന്നു; പരീക്ഷ സമയങ്ങളിൽ അവർ തങ്ങളുടെ നാഥനെ തള്ളിപ്പറയും. ലോകം അവരുടെ പതനം നിരീക്ഷിക്കുന്നു. അത് ഉച്ചത്തിൽ നിലവിളിക്കുന്നു, പക്ഷേ ലോകത്തിന് യഥാർത്ഥ കാരണം അറിയില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, ഭക്തിയിൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾ ഭക്തി വിട്ടുകളയുന്ന ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ (നാമധേയ ക്രിസ്ത്യാനി), ഞാൻ നിങ്ങളോട് ചോദിക്കുന്ന ഈ ചോദ്യം ഓർക്കുക – നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ ?
- സന്തോഷവും സംതൃപ്തിയും നൽകുന്ന ഏറ്റവും നല്ല കാര്യം പ്രാർത്ഥനയാണ്. അതുകൊണ്ടാണ് ഞാൻ അവസാനമായി നിങ്ങളോട് ചോദിക്കുന്നത്, നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ? വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. പാപം ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഇതാണ് സ്ഥിതി. വേദന ഇല്ലാതെ പാപത്തിന് നിലനിൽക്കാൻ കഴിയില്ല. ലോകത്തിൽ നിന്ന് പാപം നീക്കം ചെയ്യപ്പെടാതെ ദുഃഖവും പ്രയാസവും ഒഴിവാക്കാൻ കഴിയുമെന്ന് കരുതുന്നത് വ്യർത്ഥമാണ്. ചിലർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഏതെങ്കിലും രൂപത്തിൽ കഷ്ടപ്പാട് അനുഭവിക്കാത്തവർ വളരെ കുറവാണ്. നമ്മുടെ ശരീരം, സ്വത്തുക്കൾ, കുടുംബം, കുട്ടികൾ, ബന്ധങ്ങൾ, ജോലി, സുഹൃത്തുക്കൾ, അയൽക്കാർ, ലൗകിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഉത്കണ്ഠ ഉളവാക്കുന്ന ഉറവിടങ്ങളാണ്. രോഗം, മരണം, നഷ്ടങ്ങൾ, നിരാശകൾ, തിരിച്ചടികൾ, വേർപിരിയലുകൾ, നന്ദികേട്, അപവാദം എന്നിവയെല്ലാം സാധാരണമാണ്. ഇവയില്ലാതെ നമുക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയില്ല. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം നാം ഇവയെ നേരിടേണ്ടിവരും. സ്നേഹം കൂടുന്തോറും കഷ്ടപ്പാടും കൂടുന്നു. നാം എത്ര അധികം സ്നേഹിക്കുന്നുവോ അത്രയധികം വേദനയും അനുഭവിക്കേണ്ടി വരുന്നു.
ഇതുപോലുള്ള ഒരു ലോകത്ത് സന്തോഷം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം എന്താണ്? കഷ്ടപ്പാടുകളിൽ ആശ്വാസവും അതിൽ തന്നെ മുന്നോട്ട് പോകാനുള്ള ശക്തിയും എങ്ങനെ കണ്ടെത്താനാകും? എല്ലാം പ്രാർത്ഥനയിലൂടെ ദൈവത്തിങ്കലേക്ക് കൊണ്ടുവരുന്നതിനേക്കാൾ മികച്ച മറ്റൊരു മാർഗവുമില്ല. പഴയ പുതിയ നിയമങ്ങളില്‍ വചനം തരുന്ന കല്പന ഇതാണ്. സങ്കീര്‍ത്തനക്കാരന്‍ എന്താണ് പറയുന്നത്? “കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും” (സങ്കീർത്തനങ്ങൾ 50:15).
“നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” (സങ്കീർത്തനങ്ങൾ 55:22).
അപ്പോസ്തലനായ പൗലോസ് എന്താണ് പറയുന്നത്? “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” (ഫിലിപ്പിയർ 4:6-7).
അപ്പോസ്തലനായ യാക്കോബ് എന്താണ് പറയുന്നത്: “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ;” (യാക്കോബ് 5:13).
തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിശുദ്ധന്മാരും ചെയ്തത് ഇതാണ്. തന്‍റെ സഹോദരനായ ഏശാവിനെ ഭയപ്പെട്ടപ്പോൾ യാക്കോബ് ചെയ്തത് ഇതാണ്. മരുഭൂമിയിൽ വെച്ച് ജനങ്ങൾ കല്ലെറിയാൻ ഒരുങ്ങിയപ്പോൾ മോശെ ചെയ്തത് ഇതാണ്. ഹായി സൈന്യം യിസ്രായേലിനെ പരാജയപ്പെടുത്തിയപ്പോൾ യോശുവ ചെയ്തത് ഇതാണ്. കെയ്‌ലയിലെ കഷ്ടകാലത്ത് ദാവീദ് ചെയ്തത് ഇതാണ്. സൻഹേരീബിന്‍റെ കത്ത് ലഭിച്ചപ്പോൾ ഹിസ്കീയാവ് ചെയ്തത് ഇതാണ്. പത്രോസിനെ അറസ്റ്റ് ചെയ്തപ്പോൾ സഭ ചെയ്തത് ഇതാണ്. ഫിലിപ്പിയിൽ തടവിലായിരുന്നപ്പോൾ പൗലോസ് ചെയ്തത് ഇതാണ്.
ഇതുപോലുള്ള ഒരു ലോകത്ത് യഥാർത്ഥത്തില്‍ സന്തോഷിക്കുവാനുള്ള ഏകമാർഗം നമ്മുടെ എല്ലാ ആശങ്കകളും ദൈവത്തിന്‍റെ മേൽ ഇടുക എന്നതാണ്. ഓരോരുത്തരുടെയും ഭാരങ്ങൾ അവര്‍ തന്നെ ചുമക്കാന്‍ ശ്രമിക്കുന്നതാണ് വിശ്വാസികൾ പ്രയാസപ്പെടുന്നതിന്‍റെ കാരണം. അവർക്ക് തങ്ങളുടെ ഭാരങ്ങൾ ദൈവത്തോട് പറയാൻ കഴിയുമെങ്കിൽ, ഗസ്സ നഗരത്തിലെ നടുത്തൂണുകൾ ഉയർത്താൻ ശിംശോനെ സഹായിച്ചതുപോലെ, ദൈവം അവരെയും സഹായിക്കും. അവർ തന്നെ ഭാരം ചുമക്കാമെന്നു വിചാരിച്ചാൽ, ഒരു ദിവസം ഒരു ചെറിയ വെട്ടുകിളി പോലും അവർക്ക് ഭാരമുള്ളതായി തീരും.
നാം മനസ്സ് തുറന്ന് ദുഃഖങ്ങൾ പങ്കുവെച്ചാൽ, സഹായിക്കാൻ എല്ലായ്പ്പോഴും ഒരു സുഹൃത്ത് കാത്തിരിക്കുന്നു. അവന്‍ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ രോഗികളോടും കഷ്ടപ്പെടുന്നവരോടും ദരിദ്രരോടും അനുകമ്പ കാണിച്ച ഒരു സുഹൃത്താണ്. മുപ്പത്തിമൂന്ന് വർഷം നമ്മളിൽ ഒരാളായി ജീവിച്ച്, മനുഷ്യരുടെ ഹൃദയങ്ങൾ അറിഞ്ഞ ഒരു സുഹൃത്താണ് അവിടുന്ന്. വ്യസനപാത്രമായും, രോഗം ശീലിച്ചവൻ എന്ന നിലയിലും, ദുഃഖിക്കുന്നവരോടൊപ്പം ദുഃഖിക്കാൻ കഴിയുന്ന ഒരു സുഹൃത്ത്. അവനു സൗഖ്യമാക്കാൻ പറ്റാത്ത ഒരു വേദനയും ഭൂമിയിൽ ഇല്ലാത്തതിനാൽ അവൻ നമ്മെ സഹായിക്കുന്ന സുഹൃത്താണ്. ആ സുഹൃത്ത് യേശുക്രിസ്തുവാണ്. സന്തോഷമുള്ളവരായിരിക്കാനുള്ള മാർഗം നമ്മുടെ ഹൃദയങ്ങൾ എപ്പോഴും അവനുവേണ്ടി തുറന്നിടുക എന്നതാണ്. പീഡിപ്പിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, “ഞാൻ എല്ലാം കർത്താവിനോട് പറയും” എന്ന് പറഞ്ഞ ആ ദരിദ്ര ക്രിസ്തീയ അടിമയെപ്പോലെയാകാം നമുക്ക്!
തന്നിൽ ആശ്രയിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരെ, അവരുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, യേശുവിന് സന്തോഷിപ്പിക്കാൻ കഴിയും. തടവിലാക്കപ്പെട്ടവർക്ക് മനസ്സമാധാനവും, ദരിദ്രർക്ക് സംതൃപ്തിയും, നഷ്ടപ്പെട്ടവർക്ക് ആശ്വാസവും, ശവക്കുഴിയുടെ വക്കിലുള്ളവർക്ക് സന്തോഷവും നൽകാൻ അവനു കഴിയും. പ്രാർത്ഥനയിൽ യാചിക്കുന്ന എല്ലാവർക്കും നൽകുവാൻ തക്കവണ്ണമുള്ള സർവ്വ സംപൂർണ്ണത അവനിലുണ്ട്. സന്തോഷം ബാഹ്യ സാഹചര്യങ്ങളെയല്ല, ഹൃദയത്തിന്‍റെ അവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ഏറ്റവും വലിയ ഭാരങ്ങളെപ്പോലും ലഘൂകരിക്കാൻ പ്രാർത്ഥനയ്ക്ക് കഴിയും. അവ സഹിക്കാൻ നമ്മെ സഹായിക്കുന്ന അവനിലേക്ക് അത് നമ്മെ കൂടുതൽ അടുപ്പിക്കും. നമ്മുടെ വഴികൾ അടയുമ്പോൾ പ്രാർത്ഥനയാൽ വാതിൽ തുറക്കാൻ കഴിയും. നമ്മുടെ ഭൗമിക പ്രതീക്ഷകൾ ഇരുണ്ടതായി തോന്നുമ്പോൾ പ്രാർത്ഥനയ്ക്ക് പ്രത്യാശയുടെ കിരണം നൽകാൻ കഴിയും. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് പറഞ്ഞ അവനിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കാൻ അതിന് കഴിയും. നമ്മൾ വളരെയധികം സ്നേഹിക്കുന്നവരുടെ വിയോഗത്താൽ നമുക്ക് ശൂന്യത അനുഭവപ്പെടുമ്പോൾ പ്രാർത്ഥന നമുക്ക് ആശ്വാസം നൽകും. തന്നെ കൊണ്ട് തന്നെ നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുകയും, ഉള്ളിലെ തിരമാലകളെ ശാന്തമാക്കുകയും ചെയ്യുന്ന അവനിലേക്ക് പ്രാർത്ഥന നമ്മെ അടുപ്പിക്കുന്നു.
നിങ്ങൾ സന്തോഷവാനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചോദിക്കാൻ ഇതിനെക്കാൾ കൂടുതൽ ഉപയോഗപ്രദമായ ഒരു ചോദ്യമില്ലെന്ന് എനിക്കറിയാം, നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഇനി ഈ വിഷയം അവസാനിപ്പിക്കാൻ സമയമായി. ഗൗരവമായി പരിഗണിക്കേണ്ട എല്ലാ കാര്യങ്ങളും ഞാൻ നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പരിശോധന നിങ്ങളുടെ ആത്മാവിന് ഒരു അനുഗ്രഹമാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
പ്രാർത്ഥന ചെയ്യാത്തവർക്കായി അവസാനമായി ചില വാക്കുകൾ പറയട്ടെ. ഇതുവരെ ഈ വാക്കുകൾ വായിച്ച എല്ലാവരും പ്രാർത്ഥിക്കുന്നവരാണെന്ന് ഞാൻ വിചാരിക്കുന്നില്ല. നിങ്ങൾ പ്രാർത്ഥിക്കാത്ത ഒരാളാണെങ്കിൽ, ദൈവത്തിനു വേണ്ടി ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. പ്രാർത്ഥിക്കാത്തവരോട് എനിക്ക് മുന്നറിയിപ്പ് നൽകാനേ കഴിയൂ. പക്ഷേ, ഞാൻ ഗൗരവമായാണ് മുന്നറിയിപ്പ് നൽകുന്നത്. നിങ്ങൾ അപകടകരമായ ഒരു സാഹചര്യത്തിലായതിനാലാണ് ഞാൻ നിങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്. നിങ്ങള്‍ ഇപ്പോഴത്തെ സ്ഥിതിയിൽ മരിച്ചാൽ, ഒരു പരാജയപ്പെട്ട വ്യക്തിയാകും. നിങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നത് നിത്യദുഃഖം അനുഭവിക്കാൻ വേണ്ടി ആയിരിക്കും. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർക്ക് ഒരു ഒഴികഴുവുമില്ല. പ്രാർത്ഥനയില്ലാതെ ജീവിക്കുന്നതിന് ഒരു കാരണവും നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ കഴിയില്ല.
പ്രാർത്ഥിക്കാൻ അറിയില്ലെന്ന് പറഞ്ഞ് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ഭക്തിയിൽ ഏറ്റവും എളുപ്പമുള്ള പ്രവൃത്തിയാണ് പ്രാർത്ഥന. ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന. ഇതിന് കഴിവോ ബുദ്ധിയോ പുസ്തക പരിജ്ഞാനമോ ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടത് ഹൃദയവും താൽപ്പര്യവുമാണ്. ഏറ്റവും ദുർബലനായ കുഞ്ഞ് പോലും വിശക്കുമ്പോൾ കരയും. ദരിദ്രനായ യാചകനു പോലും കൈകൾ നീട്ടി യാചിക്കാൻ കഴിയും; അവൻ നല്ല വാക്കുകൾക്കായി കാത്തിരിക്കില്ല. വെറും ആലോചന മാത്രം മതി, ഏറ്റവും നിഷ്കളങ്കനായ വ്യക്തിക്കുപോലും ദൈവത്തോട് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.
പ്രാർത്ഥിക്കാൻ ശരിയായ സ്ഥലമില്ലെന്ന് പറഞ്ഞ് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. മനസ്സുള്ള ഏതൊരാൾക്കും ഒരു രഹസ്യ സ്ഥലം കണ്ടെത്താൻ കഴിയും. നമ്മുടെ കർത്താവ് മലയിൽ ആണ് പ്രാർത്ഥിച്ചത്. പത്രോസ് തന്‍റെ വീടിന്‍റെ മേൽക്കൂരയിൽ വച്ചാണ് പ്രാർത്ഥിച്ചത്, യിസ്ഹാക്ക് വയലിലും, നഥനയേൽ അത്തിമരത്തിന്‍റെ ചുവട്ടിലും, യോനാ തിമിംഗലത്തിന്‍റെ വയറ്റിലുമാണ് പ്രാർത്ഥിച്ചത്. ഏതു സ്ഥലമായാലും ദൈവ സന്നിധിയില്‍ അത് ഒരു അറയായും, ആലയമായും, ബഥേലായും മാറുന്നു.
സമയമില്ലെന്ന് പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല. നമ്മൾ ആലോചിച്ചാൽ ധാരാളം സമയമുണ്ട്. സമയം കുറവായിരിക്കാം, പക്ഷേ പ്രാർത്ഥിക്കാൻ അത് മതിയാകും. രാജ്യത്തിന്‍റെ കാര്യങ്ങൾ ദാനിയേലിന്‍റെ കൈകളിലായിരുന്നു, എന്നിട്ടും അവൻ ദിവസവും മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു. ദാവീദ് ഒരു വലിയ ദേശത്തിന്‍റെ രാജാവായിരുന്നു. എന്നിട്ടും അദ്ദേഹം പറയുന്നു, “ഞാൻ വൈകുന്നേരത്തും, കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്‍റെ പ്രാർത്ഥന കേൾക്കും” (സങ്കീർത്തനം 55:17). വേണമെന്നു വിചാരിച്ചാൽ, സമയം എപ്പോൾ വേണെമെങ്കിലും കണ്ടെത്താൻ കഴിയും.
ഒരു പുതിയ ഹൃദയവും വിശ്വാസവുമില്ലാതെ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയില്ല, അതിനാൽ അവയ്ക്കായി കാത്തിരിക്കുകയാണെന്നു പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല. അത് പാപത്തോട് പാപം കൂട്ടുന്നതിന് തുല്യമാണ്. മാനസാന്തരമില്ലാതെ നരകത്തിൽ പോകുന്നത് തന്നെ ഭയങ്കരമാണെങ്കിൽ, “ഞാൻ കൃപയ്ക്കായി യാചിക്കില്ല” എന്ന് പറയുന്നത് അതിലും മോശമാണ്. തിരുവെഴുത്തുകൾ അത്തരം വാദങ്ങൾക്ക് ഇടം നൽകുന്നില്ല. യെശയ്യാവ് പറഞ്ഞു, “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ” (യെശയ്യാവ് 55:6). ഹോശേയ പറഞ്ഞു, “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കലേക്കു മടങ്ങുക” (ഹോശേയ 14:2). “മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിക്കുക,” (പ്രവൃത്തികൾ 8:22) എന്ന് പത്രോസ് ശിമോനോട് പറഞ്ഞു. വിശ്വാസവും പുതിയ ഹൃദയവും വേണമെങ്കിൽ, ദൈവത്തെ വിളിച്ചപേക്ഷിക്കുക. പ്രാർത്ഥിക്കാനുള്ള ശ്രമം വീണ്ടും ജനനത്തോടെയാണ് ആരംഭിക്കുന്നത്.
ഹേ, പ്രാർത്ഥന ചെയ്യാത്ത വായനക്കാരാ! ദൈവത്തോട് ഒന്നും ചോദിക്കാതിരിക്കാൻ നിങ്ങള്‍ ആരാണ്? മരണത്തോടും നരകത്തോടും നിങ്ങള്‍ ഒരു ഉടമ്പടി ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ആത്മാവ് തീയുമായി ഉടമ്പടി ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പാപം ക്ഷമിച്ചുകിട്ടേണ്ട ആവശ്യമില്ലേ? നിത്യശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് ഭയമില്ലേ? നിങ്ങൾക്ക് സ്വർഗ്ഗത്തെ കുറിച്ചുള്ള പ്രത്യാശയില്ലേ?
നിങ്ങളുടെ അന്ത്യത്തെക്കുറിച്ച് ചിന്തിക്കുക. എഴുന്നേറ്റു ദൈവത്തോട് നിലവിളിക്കുക. അയ്യോ! പലരും “കർത്താവേ, കർത്താവേ, ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കേണമേ” എന്ന് നിലവിളിക്കുന്ന ദിവസം വരുന്നു. അത്തരം ആളുകൾക്ക് സ്നേഹത്തോടെ ആലോചന പറഞ്ഞു കൊടുക്കണമെന്ന് ഞാൻ കരുതുന്നു.
ഓരോ യാത്രയ്ക്കും ആദ്യപടി വെയ്ക്കേണ്ടത് ആവശ്യമാണ്. ഇരിക്കുന്ന സ്ഥാനത്ത് നിന്ന് മാറുന്നതിന് സ്ഥാനചലനം ആവശ്യമാണ്. മിസ്രയീമിൽ നിന്ന് കനാനിലേക്കുള്ള യിസ്രായേല്യരുടെ യാത്ര സുദീർഘവും ക്ഷീണിപ്പിക്കുന്നതുമായിരുന്നു. അവർ യോർദ്ദാൻ കടക്കാൻ 40 വർഷമെടുത്തു. എന്നിരുന്നാലും, റമസേസിൽ നിന്ന് സുക്കോത്തിലേക്ക് നടന്ന് പോയവരിൽ ആദ്യപടി വച്ച ഒരാൾ ഉണ്ടായിരുന്നു. പാപത്തിൽ നിന്നും ലോകത്തിൽ നിന്നും പുറത്തുവരാൻ ഒരു വ്യക്തി ആദ്യപടി എപ്പോഴാണ് വയ്ക്കുന്നത്? അവൻ ആദ്യമായി പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിച്ച ദിവസമായിരിക്കും അത് സംഭവിക്കുന്നത്. ഓരോ കെട്ടിടത്തിനും ആദ്യം ഒരു കല്ല് ഇടേണ്ടതുണ്ട്. അതിന്‍റെ മേൽ ആദ്യത്തെ അടി വീഴേണ്ടതുണ്ട്. പെട്ടകത്തിന്‍റെ നിർമ്മാണത്തിന് 120 വർഷമെടുത്തു, എങ്കിലും നോഹ നിർമ്മാണത്തിനായി ആദ്യത്തെ മരം മുറിച്ച ഒരു ദിവസമുണ്ടായിരുന്നു. ശലോമോന്‍റെ ആലയം ഒരു മഹത്തായ കെട്ടിടമായിരുന്നു. എന്നാൽ അതിന്‍റെ ആദ്യത്തെ അടിസ്ഥാനക്കല്ല് മോറിയ മലയിൽ സ്ഥാപിച്ച ഒരു ദിവസമുണ്ടായിരുന്നു. ഒരു വ്യക്തിയുടെ ഹൃദയം പരിശുദ്ധാത്മാവ് പണിയാൻ തുടങ്ങിയിട്ടുണ്ടെന്ന് എപ്പോഴാണ് കാണുവാൻ സാധിക്കുന്നത്? അവൻ ആദ്യമായി പ്രാർത്ഥനയിൽ തന്‍റെ ഹൃദയം ദൈവമുമ്പാകെ പകരുമ്പോഴാണെന്ന് നമുക്ക് ഉറപ്പിക്കാം.
നിങ്ങൾക്ക് രക്ഷ വേണം പക്ഷെ അതിനുവേണ്ടി എന്തുചെയ്യണമെന്ന് ആലോചിക്കുകയാണെങ്കിൽ, നിങ്ങൾ ഉടനെ തന്നെ കർത്താവായ യേശുക്രിസ്തുവിന്‍റെ അടുക്കൽ പോയി നിങ്ങൾ ആദ്യം കണ്ടെത്തുന്ന രഹസ്യ സ്ഥലത്ത് നിങ്ങളുടെ ആത്മാവിനെ രക്ഷിക്കണമെന്ന് പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. “അവൻ പാപികളെ സ്വീകരിക്കുന്നവനാണെന്ന് നിങ്ങൾക്ക് അറിയാമെന്നും,” “പിതാവ് എന്നിലേക്ക് ആകർഷിച്ച ആരെയും ഞാൻ ഒരിക്കലും പുറത്താക്കില്ല” എന്ന് അവൻ പറഞ്ഞത് നിങ്ങൾ കേട്ടിട്ടുള്ളതായും അവനോട് പറയുക. നിങ്ങള്‍ ഒരു ഭയങ്കര പാപിയാണെന്നും, നീചനാണെന്നും, നിസ്സഹായനാണെന്നും, ആശയറ്റ സ്ഥിതിയിലാണെന്നും, നിങ്ങളെ പൂർണ്ണമായും അവന്‍റെ കൈകളിലേക്ക് ഏല്‍പിച്ചിരിക്കുകയാണെന്നും, അവൻ രക്ഷിച്ചില്ലെങ്കിൽ പിന്നെ മറ്റൊരു രക്ഷാമാർഗ്ഗമില്ലെന്നും പറഞ്ഞ് നിലവിളിക്കുക. പാപത്തിന്‍റെ കുറ്റബോധത്തിൽ നിന്നും, സ്വാധീനത്തിൽ നിന്നും, അനന്തരഫലങ്ങളിൽ നിന്നും മോചിപ്പിക്കണമേയെന്ന് യാചിക്കുക. അവന്‍റെ രക്തത്താൽ നിങ്ങളെ കഴുകി, ക്ഷമിക്കാൻ അവനോട് അപേക്ഷിക്ക. ഒരു പുതിയ ഹൃദയം നൽകാനും, എപ്പോഴും അവന്‍റെ ശിഷ്യനും ദാസനുമായിരിക്കാനുള്ള കൃപ, വിശ്വാസം, മനസ്സ്, ശക്തി എന്നിവ നൽകാനും അവനോട് അപേക്ഷിക്കുക. നിങ്ങളുടെ ആത്മാവിനെക്കുറിച്ച് നിങ്ങൾക്ക് വാസ്തവമായി താൽപ്പര്യമുണ്ടെങ്കിൽ, ഇന്ന് തന്നെ പോയി കർത്താവായ യേശുക്രിസ്തുവിനോട് ഇതെല്ലാം പറയുക.
നിങ്ങളുടെ സ്വന്തം രീതിയിൽ, നിങ്ങളുടെ സ്വന്തം വാക്കുകളിൽ അവനോട് പറയുക. നിങ്ങൾക്ക് അസുഖം വരുമ്പോൾ ഒരു ഡോക്ടർ നിങ്ങളുടെ അടുത്തു വന്നാൽ, നിങ്ങൾക്ക് എവിടെയാണ് വേദന അനുഭവപ്പെടുന്നതെന്ന് നിങ്ങൾ പറയുകയില്ലേ? അതുപോലെ, ആത്മീയ രോഗം നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ക്രിസ്തുവിനോട് പറയാനും നിങ്ങളുടെ അടുക്കൽ എന്തെങ്കിലും ഉണ്ടാകും. നിങ്ങൾ ഒരു പാപിയാണെന്ന കാരണത്താൽ നിങ്ങളെ രക്ഷിക്കാനുള്ള അവന്‍റെ ഇഷ്ടത്തെ സംശയിക്കരുത്. പാപികളെ രക്ഷിക്കുക എന്നതാണ് അവന്‍റെ ജോലി. “ഞാൻ പാപികളെ വിളിക്കാൻ വന്നു” (ലൂക്കോസ് 5:32) എന്ന് അവൻ തന്നെ പറഞ്ഞു.
നിങ്ങൾക്ക് യോഗ്യതയില്ല എന്നതുകൊണ്ട് വൈകരുത്. ഒന്നിനു വേണ്ടിയും വൈകിക്കരുത്. ആർക്കുവേണ്ടിയും നിര്‍ത്തി വയ്ക്കരുത്. നീട്ടിവെയ്ക്കൽ എന്നത് സാത്താനിൽ നിന്നാണ് വരുന്നത്. നിങ്ങൾ ആയിരിക്കുന്ന സ്ഥിതിയിൽ ക്രിസ്തുവിന്‍റെ അടുത്തേക്ക് ചെല്ലുക. നിങ്ങൾ എത്രത്തോളം വീണു പോയിട്ടുണ്ടോ, അത്രത്തോളം അവനോട് യാചിക്കുക. നിങ്ങള്‍ അവനിൽ നിന്ന് അകന്നു നിൽക്കുന്നിടത്തോളം സ്വയം നന്നാക്കാൻ കഴിയില്ല. നിങ്ങളുടെ പ്രാർത്ഥനയിൽ വാക്കുകൾ കിട്ടാതെ പ്രയാസപ്പെടുന്നെന്നും, നിങ്ങളുടെ വാക്കുകൾ ബലഹീനമാണെന്നും, നിങ്ങളുടെ ഭാഷ വ്യക്തമല്ലെന്നും ഭയപ്പെടരുത്. യേശുവിന് നിങ്ങളെ മനസ്സിലാക്കാൻ കഴിയും. ഒരു കുഞ്ഞിന്‍റെ സ്പഷ്ടമല്ലാത്ത വാക്കുകൾ അമ്മ മനസ്സിലാക്കുന്നതുപോലെ നമ്മുടെ രക്ഷകന് പാപികളെ മനസ്സിലാക്കാൻ കഴിയും. അവന് നിങ്ങളുടെ ഓരോ ആംഗ്യവും വായിക്കാനും ഓരോ ഞരക്കവും മനസ്സിലാക്കാനും കഴിയും. ഉടനെ ഉത്തരം ലഭിച്ചില്ലല്ലോ എന്ന് നിരാശപ്പെടരുത്. നിങ്ങൾ സംസാരിക്കുമ്പോൾ യേശു ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. വൈകിപ്പിക്കുന്നതിന് അവന് ന്യായമായ കാരണങ്ങളുണ്ട്. ചിലപ്പോൾ നിങ്ങളുടെ ആത്മാർത്ഥതയെ പരീക്ഷിക്കാൻ വേണ്ടി അവിടുന്ന് വൈകിപ്പിക്കും. വൈകിയാലും കാത്തിരിക്കയാണ് വേണ്ടത്. ഉത്തരം തീർച്ചയായും ലഭിക്കും. നിങ്ങള്‍ക്ക് രക്ഷിക്കപ്പെടാനുള്ള ആഗ്രഹം അല്പമെങ്കിലും ഉണ്ടെങ്കില്‍, ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന ഉപദേശം ഓർമ്മിക്കുക. അത് ആത്മാർത്ഥമായും പൂർണ്ണഹൃദയത്തോടെയും ചെയ്യുക, നിങ്ങൾ രക്ഷിക്കപ്പെടും.
അവസാനമായി, പ്രാർത്ഥന ചെയ്യുന്നവരോട് ചില വാക്കുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലേഖനം വായിക്കുന്ന നിങ്ങളിൽ ചിലർക്ക് പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാകുകയും ദത്ത പുത്രന്‍റെ ആത്മാവ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയുള്ള എല്ലാ ആളുകൾക്കും ഞാൻ സഹോദര സ്നേഹത്തോടെ ചില മുന്നറിയിപ്പുകൾ നൽകുന്നു. ദേവാലയത്തിൽ അർപ്പിക്കുന്ന ധൂപവർഗ്ഗം പ്രത്യേക രീതിയിൽ നിർമ്മിക്കണമെന്ന് കൽപ്പിച്ചിരുന്നു. എല്ലാ ധൂപവർഗ്ഗങ്ങളും അർപ്പിക്കാൻ അനുയോജ്യമല്ല. ഇത് ഓർമ്മിക്കുകയും നമ്മുടെ പ്രാർത്ഥനയെ സംബന്ധിക്കുന്ന നടപടിക്രമങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്യാം.
പ്രാർത്ഥിക്കുന്ന സഹോദരന്മാരേ, ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തെക്കുറിച്ച് എനിക്കറിയാവുന്ന രസകരമായ കാര്യങ്ങളിൽ ഒന്ന്, നിങ്ങള്‍ സ്വന്തം പ്രാർത്ഥനകളില്‍` മടുത്തു പോകും എന്നതാണ്. അതുകൊണ്ട് “ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കൽ ഉണ്ട്.” എന്ന അപ്പോസ്തലന്‍റെ വാക്കുകളെക്കുറിച്ച് നാം കൂടുതൽ ചിന്തിക്കണം. നിങ്ങൾ മുഴങ്കാലിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും, "വ്യർത്ഥമായ ചിന്തകളെ ഞാൻ വെറുക്കുന്നു, നിന്‍റെ ന്യായപ്രമാണം എനിക്കു പ്രിയമായിരിക്കുന്നു" എന്ന ദാവീദിന്‍റെ വാക്കുകൾ നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. “ദൈവമേ, എന്‍റെ ശത്രുക്കളിൽ നിന്ന് എന്നെ വിടുവിക്കേണമേ; ഞാന്‍ എന്ന ദുഷ്ടനിൽ നിന്ന് എന്നെ രക്ഷിക്കേണമേ” എന്ന് പ്രാർത്ഥിച്ച ഒരു വിശ്വാസിയുടെ മനസ്സിനോട് നിങ്ങൾക്കും യോജിക്കാൻ കഴിയും. ചില ദൈവമക്കൾ പ്രാർത്ഥനാ സമയത്തെ ഒരു പോരാട്ട സമയമായി കണക്കാക്കുന്നില്ല. നാം മുട്ടുകുത്തി നിൽക്കുന്നത് കാണുമ്പോൾ സാത്താൻ നമ്മോട് പ്രത്യേകിച്ച് കോപിക്കുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രാർത്ഥനകൾ സംശയാസ്പദമാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ പ്രാർത്ഥനകളെ പരിശോധിക്കാൻ തക്കവണ്ണം നമുക്ക് വേണ്ടത്ര അനുഭവം ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ഏറ്റവും കുറഞ്ഞ സന്തോഷം നൽകുന്ന പ്രാർത്ഥന, ദൈവത്തിന് ഏറ്റവും കൂടുതൽ സന്തോഷം നൽകാൻ കഴിയും. ക്രിസ്തീയ പോരാട്ടത്തിൽ നിങ്ങളുടെ കൂട്ടാളി എന്ന നിലയിൽ ഞാൻ നിങ്ങൾക്ക് ചില മുന്നറിയിപ്പുകൾ നൽകട്ടെ. നാം തീര്‍ച്ചയായും പ്രാർത്ഥിക്കാൻ തീരുമാനിക്കണം. തളരരുത്. അതിൽ തന്നെ തുടരണം.
പ്രാർത്ഥനയിൽ ഭക്തിക്കും എളിമയ്ക്കും ഉള്ള പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. നമ്മൾ ആരാണെന്നും ദൈവത്തോട് സംസാരിക്കുന്നത് എത്ര ഗൗരവമുള്ള വിഷയമാണെന്നും ഒരിക്കലും മറക്കരുത്. ദൈവത്തെ നിസ്സാരമായോ അശ്രദ്ധമായോ സമീപിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. ഇത് പരിശുദ്ധ സ്ഥലമാണെന്ന് നമുക്ക് നമ്മോടു തന്നെ പറയാം. ഇത് സ്വർഗ്ഗത്തിലേക്കുള്ള കവാടത്തെക്കാൾ ഒട്ടും കുറവുള്ളതല്ല. ഞാൻ പറയുന്നത് പൂർണ്ണഹൃദയത്തോടെ പറഞ്ഞില്ലെങ്കില്‍ അത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. “എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു.” ശലോമോൻ പറഞ്ഞ ഈ വാക്കുകൾ കൂടെ നമുക്ക് മനസ്സിൽ സൂക്ഷിക്കാം. “അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്‍റെ വാക്ക് ചുരുക്കമായിരിക്കട്ടെ” (സഭാപ്രസംഗി 5:2). അബ്രഹാം ദൈവത്തോട് സംസാരിച്ചപ്പോൾ "പൊടിയും വെണ്ണീറുമായ ഞാൻ" എന്ന് പറഞ്ഞു. യാക്കോബ് ദൈവത്തോട് സംസാരിച്ചപ്പോൾ “ഞാൻ നീചനാണ്” എന്നു പറഞ്ഞു. നമുക്കും അങ്ങനെ തന്നെ ചെയ്യാം.
ആത്മീയമായി പ്രാർത്ഥിക്കുന്നതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരികയാണ്. അതായത് എന്‍റെ ഉദ്ദേശ്യം, നമ്മുടെ പ്രാർത്ഥനകളിൽ നാം പരിശുദ്ധാത്മാവിൽ നിന്ന് നേരിട്ട് സഹായം സ്വീകരിക്കേണ്ടതുണ്ട് എന്നതാണ്. എല്ലാറ്റിനുമുപരി, പദ്ധതികള്‍ /രീതികള്‍ എന്നിവ പിന്തുടരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. ആത്മീയത എന്നത് പ്രാർത്ഥനയുടെ കാര്യത്തിൽ ഒരു പതിവ് രീതി പിന്തുടരുന്നതല്ല. വ്യക്തിപരമായ പ്രാർത്ഥനയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് ബാധകമാണ്. പ്രാർത്ഥനയിൽ, നാം ചിന്തിക്കാതെ തന്നെ ഗംഭീരമായ വാക്കുകൾ ഉപയോഗിക്കുകയും ചില തിരുവെഴുത്തുകൾ ഒരു ശീലമായി ഉരുവിടുകയും ചെയ്യുന്നു. ശ്രദ്ധയില്ലാതെ നാം ദിവസവും ഒരേ രീതി തന്നെ പിന്തുടരുകയാണ് ചെയ്യുന്നത്. ഈ കാര്യം അൽപ്പം ശ്രദ്ധയോടെയും ലളിതമായും പറയാന്‍ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ദൈനംദിന ആവശ്യങ്ങൾ ധാരാളം ഉണ്ടെന്ന് എനിക്കറിയാം. എല്ലാ ദിവസവും ഒരേ വാക്കുകൾ ഉപയോഗിച്ചും ഒരേ രീതിയിലും അവയെക്കുറിച്ച് ചോദിക്കരുതെന്ന് ഞാൻ പറയുന്നില്ല. സാത്താന്‍റെ ലോകവും നമ്മുടെ സ്വന്തം ഹൃദയവും എല്ലാ ദിവസവും ഒരുപോലെയാണ്. അവയെ നേരിടാൻ നാം എല്ലാ ദിവസവും കൃപയ്ക്കായി അപേക്ഷിക്കണം. പക്ഷേ ഈ കാര്യത്തിൽ നമ്മൾ വളരെ ശ്രദ്ധയുള്ളവരായിരിക്കണം. നമ്മുടെ പ്രാർത്ഥനകളുടെ ആകൃതിയും രൂപവും എല്ലാ ദിവസവും ഒരുപോലെയായിരിക്കാം, എന്നാൽ പരിശുദ്ധാത്മാവിന്‍റെ മാർഗ്ഗനിർദ്ദേശത്താൽ നമ്മുടെ പ്രാർത്ഥനകളെ അലങ്കരിക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾക്ക് പോലും പ്രാർത്ഥനാ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് പ്രശംസനീയമായ ഒരു ശീലമല്ല. ഒരു പുസ്തകവും നോക്കാതെ തന്നെ നമ്മുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് ഒരു ഡോക്ടറോട് പറയാൻ കഴിയുന്നതുപോലെ, നമ്മുടെ ആത്മീയ സ്ഥിതിയെക്കുറിച്ച് ദൈവത്തോട് പറയാനും നമുക്ക് കഴിയണം. കാല്‍ ഒടിഞ്ഞ ഒരാൾ സുഖം പ്രാപിച്ചു വരുമ്പോൾ ഊന്നുവടി ഉപയോഗിക്കുന്നത് നല്ലതാണ്. നടത്തം നിർത്തുന്നതിനേക്കാൾ നല്ലത് ഊന്നുവടി ഉപയോഗിക്കുന്നതാണ്, പക്ഷേ അയാള്‍ ജീവിതകാലം മുഴുവൻ ഊന്നുവടിയുടെ സഹായത്തോടെ ആണ് നടക്കുന്നതെങ്കിൽ അത് പ്രശംസനീയമല്ല. അവർ തങ്ങളുടെ ഊന്നുവടികൾ മാറ്റിവെച്ച് സ്വന്തമായി നടക്കാനുള്ള ശക്തി നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രാർത്ഥന ഒരു സ്ഥിരം ശീലമാക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. ദിവസേന പ്രാർത്ഥനയ്ക്കായി ഒരു പ്രത്യേക സമയം നീക്കിവയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ മൂല്യത്തെക്കുറിച്ചും ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ദൈവം എല്ലാം ക്രമത്തില്‍ ചെയ്യുന്ന ദൈവമാണ്. യഹൂദ ദേവാലയത്തിൽ രാവിലെയും വൈകുന്നേരവും വഴിപാടുകൾക്കായി പ്രത്യേക സമയങ്ങൾ നിശ്ചയിച്ചിരുന്നത് അർത്ഥശൂന്യമായ ഒരു ആചാരമല്ല. പാപത്തിന്‍റെ ഫലങ്ങളിലൊന്നാണ് ക്രമക്കേട്. അങ്ങനെ പറഞ്ഞുകൊണ്ട് ആരെയും അടിമത്തത്തിലേക്ക് നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ 24 മണിക്കൂറിലും ചെയ്യുന്ന ജോലിയിൽ ഒരു ഭാഗം പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കേണ്ടത് നിങ്ങളുടെ ആത്മീയ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും ജോലി ചെയ്യാനും മറ്റു കാര്യങ്ങൾക്കും എങ്ങനെ സമയം കണ്ടെത്തുന്നുവോ അതുപോലെ പ്രാർത്ഥനയ്ക്കും സമയം കണ്ടെത്തണം. അതിനായി നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയം തിരഞ്ഞെടുക്കുക. രാവിലെ ലോകത്തോട് സംസാരിക്കുന്നതിന് മുമ്പ് ദൈവത്തോട് സംസാരിക്കുക. ലോകവുമായുള്ള നിങ്ങളുടെ ജോലി പൂർത്തിയാക്കിയ ശേഷം രാത്രിയിൽ ദൈവത്തോട് സംസാരിക്കുക. എന്നാൽ എല്ലാ ദിവസവും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രവൃത്തി പ്രാർത്ഥനയാണെന്ന് നിങ്ങളുടെ മനസ്സില്‍ ഉറപ്പിക്കുക. അതിനെ ഒരു മൂലയിലേക്ക് തള്ളിവിടരുത്. സ്വന്തം ജോലിയിൽ മുഴുകി പ്രാർത്ഥനയെ അവഗണിക്കരുത്. നിങ്ങള്‍ക്ക് എത്ര ജോലി സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും പ്രാർത്ഥന നിർത്തരുത്.
പ്രാർത്ഥനയിൽ തുടരേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. ഒരിക്കൽ നിങ്ങൾ അത് ശീലമാക്കിക്കഴിഞ്ഞാൽ, ഒരിക്കലും അത് ഉപേക്ഷിക്കരുത്. ‘കുടുംബ പ്രാർത്ഥന ചെയ്യുന്നുണ്ടല്ലോ ഇപ്പോൾ വ്യക്തിപരമായി പ്രാർത്ഥിക്കാതിരിക്കുന്നതിൽ എന്താണ് നഷ്ടം?’ എന്ന് ചിലപ്പോൾ നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയും. ‘എനിക്ക് സുഖമില്ല, ഉറക്കം വരുന്നു, ക്ഷീണിതനാണ്, അതുകൊണ്ട് പ്രാർത്ഥന ചെയ്യേണ്ട ആവശ്യമില്ല’ എന്ന് ചിലപ്പോൾ നിങ്ങളുടെ ശരീരം നിങ്ങളോട് പറയും. ‘ഇന്ന് ഒരു പ്രധാനപ്പെട്ട ജോലിയുണ്ട്; അതുകൊണ്ട് പ്രാർത്ഥന ചുരുക്കുക’ എന്ന് ചിലപ്പോൾ നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയും. അത്തരം നിർദ്ദേശങ്ങളെല്ലാം സാത്താനിൽ നിന്നാണ് വരുന്നതെന്ന് നാം മനസ്സിലാക്കണം. അവ ‘നിങ്ങളുടെ ആത്മാവിനെ അവഗണിക്കുക’ എന്ന് പറയുന്നത് പോലെയാണ്. പ്രാർത്ഥനകൾ എപ്പോഴും ഒരേ സമയ പരിമിതിയിലായിരിക്കണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു കാരണവശാലും പ്രാർത്ഥന അവഗണിക്കരുതെന്നാണ് ഞാൻ പറയുന്നത്. “പ്രാർത്ഥനയില്‍ ഉറ്റിരിക്കുക” എന്നും “ഇടവിടാതെ പ്രാര്‍ത്ഥിക്കുക” എന്നും പൗലോസ് പറയുമ്പോൾ, എപ്പോഴും മുഴം കാലിൽ നിൽക്കുക എന്നല്ല, മറിച്ച് തുടർച്ചയായി അര്‍പ്പിക്കുന്ന ഹോമയാഗം പോലെയും, ഇടവിടാതെ വരുന്ന വിതകാലവും, കൊയ്ത്തുകാലവും പോലെയും, ശൈത്യകാലവും വേനൽക്കാലവും പോലെയും, യാഗം കത്തിക്കാത്തപ്പോൾ പോലും യാഗപീഠത്തിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തിരി പോലെയും, എല്ലാ ദിവസവും സ്ഥിരമായി പ്രാർത്ഥനയിൽ തുടരുക എന്നാണ് അർത്ഥമാക്കേണ്ടത്. രാവിലെയും വൈകുന്നേരവും ഉള്ള പ്രാർത്ഥനകളെ ഇടയ്ക്കുള്ള ചെറിയ ചെറിയ പ്രാർത്ഥനകളുടെ ഒരു ചങ്ങലയുമായി സംയോജിപ്പിക്കാൻ കഴിയുമെന്ന് മറക്കരുത്. അർത്ഥഹ്ശഷ്ടാ രാജാവിന്‍റെ മുമ്പിൽ നെഹെമ്യാവ് ചെയ്തതുപോലെ, നാം കമ്പനിയിൽ ആയിരിക്കുമ്പോഴും, ബിസിനസ് ചെയ്യുമ്പോഴും, തെരുവിൽ ആയിരിക്കുമ്പോഴും നമുക്ക് ദൈവത്തിന് ചെറുതും ചിറകുള്ളതുമായ സന്ദേശങ്ങൾ നിശബ്ദമായി അയയ്ക്കാൻ കഴിയും. ദൈവത്തിനു നൽകിയ സമയം പാഴായിപ്പോയി എന്ന് ഒരിക്കലും കരുതരുത്. ഏഴു ദിവസത്തെ ആഴ്ചയിലെ ഒരു ദിവസം കർത്താവിന്‍റെ ദിവസം ആചരിക്കുന്നതിനായി മാറ്റിവച്ചാൽ രാജ്യത്തിന് ഒരു നഷ്ടവുമില്ല. പ്രാർത്ഥനയിൽ തുടരുന്നതിലൂടെ ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് ഒരു ക്രിസ്ത്യാനി ദീർഘകാലാടിസ്ഥാനത്തിൽ കണ്ടെത്തും.
പ്രാർത്ഥനയിൽ താല്പര്യം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരികയാണ്. ഒരാൾക്ക് പ്രാർത്ഥനയിൽ താത്പര്യമുണ്ടെന്ന് തെളിയിക്കാൻ അയാൾ ഉച്ചത്തിൽ പ്രാർത്ഥിക്കുകയോ, ഉച്ചത്തിൽ നിലവിളിക്കുകയോ, കരയുകയോ ചെയ്യേണ്ടതില്ല. എന്നാൽ നാം പൂർണ്ണഹൃദയത്തോടും ശ്രദ്ധയോടും പ്രാർത്ഥിക്കുന്ന കാര്യങ്ങളുടെ മേൽ താല്പര്യമുള്ളവരായിരിക്കണം. ആത്മാർത്ഥമായ പ്രാർത്ഥനയാണ് ഏറ്റവും ശക്തിയുള്ളത്. പ്രാർത്ഥനയെക്കുറിച്ച് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഈ സത്യം നമുക്ക് വെളിപ്പെടുത്തുന്നു. "വിളിച്ചപേക്ഷിക്കുക, മുട്ടുക, മല്ലുപിടിക്കുക, പ്രയാസപ്പെടുക, പോരാടുക" എന്നീ വാക്കുകള്‍ നമുക്ക് കാണാം. വചനത്തിലുള്ള ആദർശങ്ങൾ നമ്മെ ഈ പാഠം പഠിപ്പിക്കുന്നു. പെനീയേലിലെ ദൂതനോട് യാക്കോബ് പറഞ്ഞു, “നീ എന്നെ അനുഗ്രഹിച്ചില്ലാതെ ഞാൻ നിന്നെ വിടുകയില്ല” (ഉല്പത്തി 31:26). ദാനിയേൽ ദൈവത്തോട് എങ്ങനെ യാചിച്ചുവെന്ന് നോക്കൂ: “കർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ട് പ്രവര്‍ത്തിക്കേണമേ ; എന്‍റെ ദൈവമേ നിന്നെതന്നെ ഓര്‍ത്ത് താമസിക്കരുതേ” (ദാനിയേൽ 9:19). നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, “ക്രിസ്തു തന്‍റെ ഐഹികജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രായർ 5:7). അയ്യോ, നമ്മുടെ പ്രാർത്ഥനകൾ ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ വ്യത്യസ്തമാണ്! നാം എത്ര ശീതോഷ്ണ സ്ഥിതിയിലാണ്! “നിങ്ങൾ എന്തിനുവേണ്ടിയാണോ പ്രാർത്ഥിക്കുന്നത് അത് നിങ്ങൾക്ക് ശരിക്കും ആവശ്യമില്ല” എന്ന് ദൈവം പറയുമ്പോൾ നാം അതിശയപ്പെടേണ്ട ആവശ്യമില്ല. ഈ തെറ്റിനെ തിരുത്താൻ നമുക്കു ശ്രമിക്കാം. പരദേശി മോക്ഷയാത്രയിലെ കാരുണ്യം എന്ന കഥാപാത്രത്തെ പോലെ, അവൻ നമ്മുടെ പ്രാർത്ഥന കേട്ടില്ലെങ്കിൽ നാം നശിച്ചുപോകുമെന്ന നിലയിൽ, കൃപയുടെ വാതിൽക്കൽ നമുക്ക് ഉറക്കെ നിലവിളിക്കാം. തണുത്തു പോയ പ്രാർത്ഥനകൾ തീയില്ലാത്ത യാഗങ്ങൾ പോലെയാണെന്നത് മറക്കരുത്. മഹാനായ ഡെമോസ്തനീസിന്‍റെ കഥ നമുക്ക് ഓർമ്മിക്കാം. ഒരു മനുഷ്യൻ സഹായത്തിനായി അദ്ദേഹത്തിന്‍റെ അടുക്കൽ വന്നു. അദ്ദേഹം വലിയ താല്പര്യത്തോടെ പറയാത്തതുകൊണ്ട് ഡെമോസ്തനീസ് കാര്യമായി ശ്രദ്ധിച്ചില്ല. ഇത് മനസ്സിലാക്കിയ, അയാള്‍ താൻ പറയുന്നത് സത്യമാണെന്ന് പിന്നെയും പറഞ്ഞപ്പോൾ, ഡെമോസ്തനീസ് “ഇപ്പോൾ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു” എന്നു പറഞ്ഞു.
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നു. നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നുവെന്ന് നാം വിശ്വസിക്കണം. അവന്‍റെ ഹിതപ്രകാരം നാം എന്ത് ചോദിച്ചാലും അവൻ ഉത്തരം നൽകുമെന്ന് നാം വിശ്വസിക്കണം. നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്ക് നേരിട്ട് നൽകിയ കല്പനയാണിത്. “അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു” (മർക്കൊസ് 11:24). അമ്പിനു പുറകിൽ തൂവൽ പോലെയാണ് പ്രാർത്ഥനയ്ക്ക് വിശ്വാസം. വിശ്വാസമില്ലാതെ പ്രാർത്ഥന ലക്ഷ്യത്തിലെത്തുക അസാധ്യമാണ്. നമ്മുടെ പ്രാർത്ഥനകളില്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ മുറുകെ പിടിച്ചുകൊണ്ട് അപേക്ഷിക്കുന്നത് ഒരു ശീലമാക്കണം. യാക്കോബിനും ദാവീദിനും മോശെയ്ക്കും ഒക്കെ ഉള്ള ശീലമായിരുന്നു ഇത്. സങ്കീർത്തനം 119 മുഴുവന്‍ “നിന്‍റെ വചനപ്രകാരം” എന്ന അപേക്ഷയാൽ നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനുമുപരി, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം പ്രതീക്ഷിക്കുന്ന ശീലം നാം വളർത്തിയെടുക്കണം. കടലിലേയ്ക്ക് കപ്പലുകൾ അയയ്ക്കുന്ന ഒരു വ്യാപാരിയെപ്പോലെ നാം ക്ഷമയോടെ കാത്തിരിക്കണം. ഉത്തരത്തിനായി നിങ്ങൾ സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കണം. ഓ, ഈ കാര്യത്തിൽ ക്രിസ്ത്യാനികൾ എത്ര പിന്നിലാണ് ഉള്ളത്! പത്രോസ് തടവിലായിരുന്നപ്പോൾ, യെരൂശലേമിലെ സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു. എന്നാൽ ഉത്തരം ലഭിച്ചപ്പോൾ അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല (പ്രവൃത്തികൾ 12:15). റോബർട്ട് ട്രെയിൽ ഗൗരവമുള്ള ഒരു കാര്യം പറഞ്ഞു. "ഉത്തരം പ്രതീക്ഷിക്കാതെ പ്രാർത്ഥിക്കുന്നതിനേക്കാൾ പ്രാർത്ഥനയെ നിസ്സാരമാക്കുന്ന മറ്റൊന്നില്ല."
ധൈര്യത്തോടെ പ്രാർത്ഥിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. ചിലർ പ്രാർത്ഥനയുടെ കാര്യത്തിൽ കാണിക്കുന്ന അമിതമായ താല്‍പര്യം സ്വീകാര്യമല്ല. പക്ഷേ വിശുദ്ധമായ ധൈര്യമെന്നു പറയുന്ന ഒന്നുണ്ട്. അത് വളരെ അഭികാമ്യമാണ്. അത്തരം ധൈര്യത്തോടെ മോശെ യിസ്രായേല്യരെ നശിപ്പിക്കരുതെന്ന് ദൈവത്തോട് അപേക്ഷിച്ചു. “മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്‍റെ ജനത്തിനു വരുവാനുള്ള ഈ അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ” (പുറപ്പാട് 32:12). യിസ്രായേൽ മക്കൾ ഹായി പട്ടണക്കാരോട് തോറ്റുപോയപ്പോൾ യോശുവ ഇങ്ങനെയുള്ള ധൈര്യത്തോടെ ദൈവത്തെ വിളിച്ചപേക്ഷിച്ചു. "നീ നിന്‍റെ മഹത്തായ നാമത്തിനുവേണ്ടി എന്തു ചെയ്യും?" (യോശുവ 7:9). ലൂഥർ ഇത്തരത്തിലുള്ള ധൈര്യത്തിന് പേരുകേട്ടവനായിരുന്നു. അദ്ദേഹം പ്രാർത്ഥിക്കുന്നത് കണ്ട ഒരാൾ പറഞ്ഞു: “അദ്ദേഹത്തിന്‍റെ ഓരോ പ്രകടനത്തിലും വളരെയധികം ആത്മീയതയും ധൈര്യവും ഉണ്ട്. ദൈവത്തോട് സംസാരിക്കുന്ന ബഹുമാനത്തോടെയും, സ്നേഹനിധിയായ ഒരു പിതാവിനോടോ സുഹൃത്തിനോടോ സംസാരിക്കുന്ന ഉറപ്പോടെയും പ്രതീക്ഷയോടെയും അദ്ദേഹം പ്രാർത്ഥിച്ചു.” പതിനേഴാം നൂറ്റാണ്ടിലെ സ്കോട്ടിഷ് ഭക്തനായ ബ്രൂസിനെ വ്യത്യസ്തനാക്കിയത് ഈ ധൈര്യമായിരുന്നു. ഈ കാര്യത്തിൽ നമ്മൾ പിന്നിലാണെന്ന് ഞാൻ ഭയപ്പെടുന്നു. ഒരു വിശ്വാസിയുടെ പദവികൾ നാം പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. ‘ദൈവമേ, ഞങ്ങൾ നിന്‍റ ജനമല്ലേ, ഞങ്ങളെ വിശുദ്ധരാക്കുന്നത് നിന്‍റെ മഹത്വമല്ലേ, നിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നത് നിനക്കു മഹത്വമല്ലേ?” എന്ന് നമ്മൾ പലപ്പോഴും പ്രാർത്ഥിക്കാറില്ല.
പ്രാർത്ഥനയിൽ പൂർണ്ണതയുടെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കാൻ ആഗ്രഹിക്കുന്നു. കപട ഭക്തിയോടെ സുദീർഘമായ പ്രാർത്ഥനകൾ നടത്തിയിരുന്ന പരീശന്മാരുടെ മാതൃക പിന്തുടരുന്നതിനെതിരെ നമ്മുടെ കർത്താവിന്‍റെ മുന്നറിയിപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ, നാം പ്രാർത്ഥിക്കുമ്പോൾ വ്യർത്ഥമായ വാക്കുകൾ ഉരുവിടരുതെന്ന് കർത്താവ് കൽപ്പിച്ചു. എന്നാൽ രാത്രി മുഴുവൻ പ്രാർത്ഥിച്ചുകൊണ്ട് ദീർഘമായ പ്രാർത്ഥനകൾ അനുവദിച്ച അവന്‍റെ സ്വന്തം മാതൃകയും എനിക്ക് മറക്കാൻ കഴിയില്ല. ഏതൊരു വിഷയത്തിനു വേണ്ടിയും ധാരാളമായി പ്രാർത്ഥിച്ച് നാം തെറ്റ് ചെയ്യുന്നില്ല, എന്നാൽ ഈ തലമുറയിൽ, വളരെ കുറച്ച് പ്രാർത്ഥിക്കുന്നതാണ് നാമെല്ലാവരും ചെയ്യുന്ന തെറ്റ് എന്ന് ഭയപ്പെടേണ്ടതുണ്ട്. മൊത്തത്തിൽ, വിശ്വാസികൾ പ്രാർത്ഥനയ്ക്കായി നീക്കിവയ്ക്കുന്ന സമയം വളരെ കുറവല്ലേ? ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് എനിക്കറിയാം. പലരും കാണിക്കുന്ന വ്യക്തിപരമായ ഭക്തി പോലും വളരെ ചെറുതാണെന്ന് ഞാൻ ഭയപ്പെടുന്നു. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ഒരു മാർഗം മാത്രമാണിത്. അവർക്ക് ദൈവത്തിൽ നിന്ന് വലുതായി ഒന്നും ആവശ്യമില്ലെന്ന് തോന്നുന്നു. അവർക്ക് ദൈവത്തോട് പറയാനോ, ദൈവത്തോട് ചോദിക്കാനോ, അവനോട് നന്ദി പറയാനോ അധികമൊന്നുമില്ല. അയ്യോ, ഇത് പൂർണ്ണമായും തെറ്റാണ്. അവർക്ക് ദൈവത്തിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് വിശ്വാസികൾ പരാതിപ്പെടുന്നത് കേൾക്കുന്നതിനേക്കാൾ സാധാരണ വിഷയം വേറൊന്നില്ല. ആഗ്രഹിക്കുന്നതുപോലെ കൃപയിൽ വളരാന്‍ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു. വാസ്തവത്തിൽ, അവർ എന്താണോ ആവശ്യപ്പെടുന്നത് അത്രയും കൃപ അവർക്കുണ്ടെന്ന് സംശയിക്കാതിരിക്കാൻ കഴിയില്ല. അവരുടെ ബലഹീനതയ്ക്ക് കാരണം അവരുടെ നാമമാത്രമായ, ചുരുങ്ങിയ, എളുപ്പമുള്ള, തിടുക്കത്തിലുള്ള, തണുത്ത പ്രാർത്ഥനകളാണ്.
പ്രത്യേകമായി പ്രാർത്ഥിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. സാധാരണ പ്രാർത്ഥനകൾ കൊണ്ട് നാം തൃപ്തരാകരുത്. കൃപാസനത്തിനു മുമ്പാകെ നമ്മുടെ ആവശ്യങ്ങൾ പ്രത്യേകമായി പ്രസ്താവിക്കണം. നമ്മൾ പാപികളാണെന്ന് വെറുതെ സമ്മതിച്ചാൽ പോരാ; നമ്മുടെ മനസ്സാക്ഷിക്ക് തെറ്റുപറ്റിയെന്ന് തോന്നുന്ന ഓരോ പാപങ്ങളും നാം ഏറ്റുപറയണം. വിശുദ്ധിയ്ക്കു വേണ്ടി ആവശ്യപ്പെട്ടാൽ മാത്രം പോരാ. നമുക്ക് ഏതു വിഷയത്തിലാണോ കുറവുള്ളത് അത് ഓരോന്നായി ചോദിക്കണം. നമ്മൾ കഷ്ടത്തിലാണെന്ന് ദൈവത്തോട് പറഞ്ഞാൽ പോരാ, നമ്മുടെ പ്രശ്നങ്ങളും അവയിലെ വിഷയങ്ങളും വിശദമായി അവനോട് പറയണം. തന്‍റെ സഹോദരനായ ഏശാവിനെക്കുറിച്ച് ഭയപ്പെട്ടപ്പോൾ യാക്കോബ് അങ്ങനെയാണ് ചെയ്തത്. താൻ ഭയപ്പെടുന്ന കാര്യങ്ങൾ അവൻ ദൈവത്തോട് നേരിട്ട് പറഞ്ഞു (ഉല്പത്തി 32:11). തന്‍റെ യജമാനനായ അബ്രഹാമിന്‍റെ മകൻ യിസ്ഹാക്കിന് വേണ്ടി ഒരു ഭാര്യയെ അന്വേഷിച്ചപ്പോൾ എലെയാസാർ ചെയ്തത് അതാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് അവൻ ദൈവമുമ്പാകെ വ്യക്തമായി പറഞ്ഞു. “എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, എന്‍റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ” (ഉൽപത്തി 24:12). ജഡത്തിലെ മുള്ളിന്‍റെ കാര്യത്തില്‍ പൗലോസും അതുതന്നെയാണ് ചെയ്തത്. അവൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു, “അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നു വട്ടം കർത്താവിനോട് അപേക്ഷിച്ചു” – കൊരിന്ത്യർ 12:8. അതാണ് യഥാർത്ഥ വിശ്വാസവും ധൈര്യവും. ദൈവമുമ്പാകെ പറയാൻ ചെറുത് എന്നൊന്ന് ഇല്ലെന്ന് നാം ഓർക്കണം. അവന്‍റെ പക്കല്‍ യാതൊരു മറവും കൂടാതെ നമുക്ക് ആയിരിക്കാം. നമ്മുടെ ഹൃദയം തുറന്ന് എല്ലാം അവനോട് പറയാം.
പ്രാർത്ഥനയിൽ മധ്യസ്ഥത വഹിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. നമ്മൾ സ്വഭാവത്താൽ സ്വാർത്ഥരാണ്. നാം വിശ്വാസികളായി മാറിയതിനു ശേഷവും സ്വാർത്ഥത നമ്മെ വിട്ടുപോകുന്നില്ല. നമ്മുടെ സ്വന്തം ആത്മാക്കളെക്കുറിച്ചും, സ്വന്തം ആത്മീയ പോരാട്ടങ്ങളെക്കുറിച്ചും, വിശ്വാസത്തിലെ നമ്മുടെ സ്വന്തം വളർച്ചയെക്കുറിച്ചും മാത്രം ചിന്തിക്കുകയും, മറ്റുള്ളവരെ മറന്നുപോകുകയും ചെയ്യുന്ന പ്രവണത നമുക്കുണ്ട്. നാമെല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം, പോരാടണം, ശ്രദ്ധയുള്ളവരായിരിക്കണം, പ്രത്യേകിച്ച് പ്രാർത്ഥനയിൽ. മറ്റുള്ളവർക്ക് ഉപയോഗമുള്ള വ്യക്തിയായി എങ്ങനെ മാറാമെന്ന് നാം പഠിക്കണം. കൃപയുടെ സിംഹാസനത്തിനു മുന്നിൽ പറയാൻ നമ്മുടെ പേരുകൾ കൂടാതെ മറ്റ് പേരുകളും ഉണ്ടായിരിക്കണം. പ്രാർത്ഥനയിലൂടെ എന്നെ സ്നേഹിക്കുന്നവരാണ് എന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവര്‍.
നമ്മുടെ ആത്മീയ ആരോഗ്യത്തിനു വേണ്ടി നാം ഇങ്ങനെ ചെയ്യണം. അത് നമ്മുടെ സഹാനുഭൂതി വർദ്ധിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയും ചെയ്യുന്നു. ഇത് സഭയുടെ ക്ഷേമത്തിന് ഉപയോഗപ്പെടുന്നു. സുവിശേഷം പ്രചരിപ്പിക്കാൻ ഉപയോഗപ്രദമാകുന്ന ഉപകരണങ്ങളിലൊന്നാണ് പ്രാർത്ഥന. ഒരു സഭ തിരഞ്ഞെടുക്കാൻ എനിക്ക് അവസരം ലഭിച്ചാൽ, പ്രാർത്ഥിക്കുന്ന ആളുകളെ എനിക്കു തരണമേ എന്ന് ആവശ്യപ്പെടും.
പ്രാർത്ഥനയിൽ കൃതജ്ഞതയ്ക്കുള്ള പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. പ്രാർത്ഥന ചെയ്യുന്നതും സ്തുതിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് എനിക്കറിയാം. എന്നാൽ ഈ രണ്ടിനും ബൈബിളിൽ ഉള്ള അടുത്ത ബന്ധം തിരിച്ചറിയുമ്പോൾ, സ്തുതി ആരാധനയില്ലാത്ത പ്രാർത്ഥനയെ യഥാർത്ഥ പ്രാർത്ഥനയെന്ന് വിളിക്കാൻ ഞാൻ ധൈര്യപ്പെടില്ല. പൗലോസും അതുതന്നെയാണ് പറയുന്നത്. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്” (ഫിലിപ്പിയർ 4:6). പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ” (കൊലൊസ്സ്യർ 4:2). അവന്‍റെ കരുണ കൊണ്ടാണ് നാം നരകത്തിൽ വീഴാത്തത്. അവന്‍റെ കരുണ കൊണ്ടാണ് നമുക്ക് സ്വർഗ്ഗത്തിന്‍റെ പ്രത്യാശ ലഭിച്ചത്. അവന്‍റെ കരുണ കൊണ്ടാണ് നമുക്ക് ആത്മീയ വെളിച്ചം കിട്ടാൻ കഴിയുന്ന ഒരു ദേശത്ത് ആയിരിപ്പാൻ കഴിഞ്ഞത്. നമ്മുടെ സ്വന്തം വഴികളുടെ അനന്തരഫലങ്ങൾ അനുഭവിക്കാതെ പരിശുദ്ധാത്മാവിനാൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് അവന്‍റെ കരുണ നിമിത്തമാണ്. അവന്‍റെ കരുണ കൊണ്ടാണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നതും അവന്‍റെ സൗജന്യ കൃപയ്ക്ക്, അവന്‍റെ ശാശ്വതമായ കൃപയ്ക്ക്, മഹത്വം കൊണ്ടുവരാൻ അവസരം ഉള്ളവരുമായിരിക്കുന്നത്. കൃതജ്ഞത കൊണ്ട് നിറയാത്ത ഒരു ഭക്തനെയും നമുക്ക് കാണാന്‍ കഴിയില്ല. സ്തുതിയും നന്ദി പറയലും ഇല്ലാതെ പൗലോസ് ഒരു ലേഖനവും ആരംഭിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ വൈറ്റ് ഫീൽഡ്, നമ്മുടെ കാലത്തെ ബിക്കർ സ്റ്റെത്ത്, ആ കൃതജ്ഞതാ മനോഭാവം ധാരാളം ഉള്ളവരായിരുന്നു. നമ്മൾ പ്രകാശിക്കുന്ന വെളിച്ചങ്ങളാകണമെങ്കിൽ, നാം നന്ദിയും സ്തോത്രവും അർപ്പിക്കുന്നവർ ആയിരിക്കണം. നമ്മുടെ പ്രാർത്ഥനകളിൽ നന്ദി അർപ്പിക്കുന്നവരായി നമുക്ക് തീരാം.
പ്രാർത്ഥനയിൽ ഉണർന്നിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. ഭക്തി ജീവിതത്തിൽ അങ്ങേയറ്റം ശ്രദ്ധ കൊടുക്കേണ്ടത് പ്രാർത്ഥനയ്ക്കാണ്. യഥാർത്ഥ ഭക്തി ആരംഭിക്കുന്നത് അവിടെ നിന്നാണ്. അവിടെയാണ് അത് അഭിവൃദ്ധി പ്രാപിക്കുന്നത്. അത് ക്ഷീണിച്ചു പോകുന്നതും അവിടെയാണ്. ഒരാളുടെ പ്രാർത്ഥനകൾ എങ്ങനെയുള്ളതാണെന്ന് എന്നോട് പറയൂ. അയാളുടെ ആത്മീയ സ്ഥിതി എങ്ങനെയുള്ളതാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. പ്രാർത്ഥനയാണ് ആത്മീയതയുടെ ജീവനാഡി. അതിനാൽ ആത്മീയ ആരോഗ്യ പരിശോധന ചെയ്യാൻ സാധിക്കും. ആത്മീയതയുടെ അളവുകോലാണ് പ്രാർത്ഥന. ഒരു വ്യക്തിയുടെ ആത്മീയ അവസ്ഥ നല്ലതാണോ അല്ലയോ എന്ന് അതിനാൽ പറയാൻ സാധിക്കും. നമ്മുടെ വ്യക്തിപരമായ ഭക്തിയിൽ നമുക്ക് നിരന്തരം ശ്രദ്ധ പുലർത്താം. ഇതാണ് നമ്മുടെ ക്രിസ്തീയ നടപ്പിന്‍റെ പാതയും ശക്തിയും. പ്രസംഗങ്ങൾ, പുസ്തകങ്ങൾ, മീറ്റിംഗുകൾ, വിശ്വാസികളുടെ കൂട്ടായ്മ, ഇവ എല്ലാം നല്ല കാര്യങ്ങളാണ്, പക്ഷേ വ്യക്തിപരമായ പ്രാർത്ഥന അവഗണിക്കുന്നതിലൂടെ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ അവയ്ക്ക് കഴിയില്ല. ദൈവവുമായുള്ള നിങ്ങളുടെ കൂട്ടായ്മയെ തകർക്കുകയും നിങ്ങളുടെ പ്രാർത്ഥനകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സ്ഥലങ്ങൾ, സൗഹൃദങ്ങൾ, സഹവാസങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവയെ കുറിച്ച് ശ്രദ്ധയുള്ളവർ ആയിരിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മാവിനെ മികച്ച അവസ്ഥയിൽ നിലനിർത്തുന്നതിനും ദൈവവുമായുള്ള നിങ്ങളുടെ ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങളും സൗഹൃദങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും അവയുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുക. പ്രാർത്ഥനയുടെ വിഷയത്തിൽ ശ്രദ്ധയുള്ളവരാണെങ്കിൽ, നിങ്ങളുടെ ആത്മാവിന് ഒരു കുറവുമുണ്ടാകില്ല.
നിങ്ങൾ വ്യക്തിപരമായി ആലോചിക്കും എന്നതിനാലാണ് ഞാൻ ഇതെല്ലാം നിങ്ങളോട് പറയുന്നത്. വളരെ താഴ്മയോടെയാണ് ഞാന്‍ ഇതൊക്കെയും നിങ്ങളോട് പറയുന്നത്. എന്നെക്കാൾ കൂടുതൽ ഇത് ഓർമ്മിപ്പിക്കപ്പെടേണ്ട മറ്റൊരാളെ എനിക്കറിയില്ല. എന്നാൽ ഇതെല്ലാം ദൈവത്തിന്‍റെ സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ ഞാനും എന്‍റെ പ്രിയപ്പെട്ടവരും ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവരായിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
നാം ജീവിക്കുന്ന കാലം പ്രാർത്ഥനയുടെ സമയങ്ങളാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നത്തെ എല്ലാ ക്രിസ്ത്യാനികളും പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനികളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഭ പ്രാർത്ഥിക്കുന്ന സഭയാകണമെന്ന് ആഗ്രഹിക്കുന്നു. ഈ ലേഖനം നിങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു പിന്നിലെ എന്‍റെ ആഗ്രഹവും പ്രാർത്ഥനയും, പ്രാർത്ഥനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇതുവരെ പ്രാർത്ഥിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ, അവർ എഴുന്നേറ്റു ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നവർ ഉണ്ടെങ്കിൽ അത് വ്യർത്ഥമായ പ്രാർത്ഥന ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.