ഉള്ളടക്കം
- ചില അടിസ്ഥാന ചോദ്യങ്ങൾ - ഉത്തരങ്ങൾ
- ദൈവം ത്രിയേകൻ എന്നതിനു തെളിവ്
- ഉപസംഹാരം
ചില അടിസ്ഥാന ചോദ്യങ്ങൾ - ഉത്തരങ്ങൾ
1. ചോദ്യം: ദൈവം ത്രിയെകനാ ണെന്നതിന്‍റെ അർത്ഥമെന്താണ്?
ഉത്തരം: ദൈവം ഏകനാണെന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നു. എന്നിരുന്നാലും, ഏക ദൈവത്തിന്‍റെ പൂർണ്ണ ദൈവത്വം, ദിവ്യനാമങ്ങൾ, ഗുണവിശേഷങ്ങൾ , പ്രവർത്തികൾ എല്ലാം തന്നെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യത്യസ്ത വ്യക്തികൾക്ക് ആരോപിക്ക പ്പെടുന്നു. ദൈവം ഏകനാണ് എന്ന സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഈ മൂന്ന് വ്യക്തികളുടെയും പൂർണ്ണ ദൈവത്വത്തെ അംഗീകരിക്കുന്ന പഠിപ്പിക്കലിനെയാണ് നമ്മൾ “ത്രിത്വ ഉപദേശം” എന്ന് വിളിക്കുന്നത്.
ദൈവം ഒന്നാണ്; എന്നാൽ ഈ ഏക ദൈവം മൂന്ന് വ്യക്തികളായാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത ദൈവങ്ങൾ ഒരു വ്യക്തി ആണെന്നല്ല, മറിച്ച് മൂന്നു വ്യത്യസ്ത വ്യക്തികൾ ഒരു ദൈവമാണെന്ന് ആണ് പറയുന്നത്. ഇങ്ങനെ പറയുമ്പോൾ ദൈവത്തെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചാൽ, ഓരോ വ്യക്തിയും ഒരോ ഭാഗമാണെന്നും ആ മൂന്നു ഭാഗങ്ങളും ചേർന്നാൽ, പൂർണ്ണനായ ദൈവമാണെന്നും അർത്ഥമാക്കുന്നില്ല. പിതാവ് പൂർണ്ണമായും ദൈവമാണ്, പുത്രൻ പൂർണ്ണമായും ദൈവമാണ്, പരിശുദ്ധാത്മാവും പൂർണ്ണമായും ദൈവമാണ്, എന്നിരുന്നാലും അവർ മൂന്ന് ദൈവങ്ങളല്ല, ഒരു ദൈവമാണ്.
പിതാവ് പുത്രനാണെന്നും പുത്രൻ പരിശുദ്ധാത്മാവാണെന്നും, പഴയനിയമ കാലഘട്ടത്തിലെ പിതാവ്, പുതിയനിയമ കാലഘട്ടത്തിലെ പുത്രൻ, വർത്തമാനകാലത്തിൽ പരിശുദ്ധാത്മാവ് എന്നിങ്ങനെ ഒരേ വ്യക്തി വ്യത്യസ്ത കാലങ്ങളിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്തതാണെന്നും പലരും തെറ്റായി വിശ്വസിക്കുന്നു. തെറ്റായ ഈ പഠിപ്പിക്കലിന് ഇവിടെ സ്ഥാനമില്ല. പിതാവ് പുത്രനല്ല, പുത്രൻ പരിശുദ്ധാത്മാവല്ല, പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ല. പിതാവ് പിതാവാണ്, പുത്രൻ പുത്രനാണ്, പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്. അതിനാൽ, ഈ മൂന്നുപേരും ഒരു വ്യക്തിയാണെന്നോ, മൂന്ന് ദൈവങ്ങളാണെന്നോ, ദൈവത്തിന്‍റെ മൂന്ന് ഭാഗങ്ങളാണെന്നോ, ദൈവം വഹിക്കുന്ന മൂന്ന് വ്യത്യസ്ത വേഷങ്ങളാണെന്നോ പറഞ്ഞാലും, ഇതൊന്നും ത്രിത്വത്തെ സംബന്ധിക്കുന്ന യഥാർത്ഥ ഉപദേശത്തിന്‍റെ ഭാഗമല്ല. ദൈവം ഏകനാണ്; ഏക ദൈവം മൂന്നു വ്യക്തികളായി നിലനിൽക്കുന്നു. ഇതാണ് ത്രിത്വത്തിന്‍റെ നിർവ്വചനം.
2. ചോദ്യം: “ത്രിത്വം” എന്ന വാക്ക് ബൈബിളിൽ ഇല്ലാത്തപ്പോൾ എങ്ങനെയാണ് അത് ഒരു ബൈബിൾ ഉപദേശമാകുന്നത്?ഉത്തരം: ബൈബിളിലെ പഠിപ്പിക്കലുകൾ നമ്മുടെ സ്വന്തം വാക്കുകളിൽ പ്രകടിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇത് എല്ലാ ആഴ്ചയും, എല്ലാ സഭകളിലും നടക്കുന്ന കാര്യമാണ്. വചന ശുശ്രൂഷയ്ക്കായി സഭയ്ക്ക് ഉപദേഷ്ടാക്കളെ നൽകി വചന ശുശ്രൂഷ നിയമിച്ച ദൈവം, വചന സത്യങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. സ്വന്തം വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഒരു പ്രസംഗം തെറ്റല്ല, കാരണം അതിലൂടെ പ്രകടിപ്പിക്കുന്നത് ദൈവവചനത്തിലെ സത്യങ്ങളാണ്. അതുപോലെ, “ത്രിത്വം” എന്ന ഒറ്റ വാക്കിലൂടെ ഒരു വചന സത്യത്തെ ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുമെങ്കിൽ എന്താണ് പ്രശ്നം? നാം വ്യക്തമാക്കുന്ന കാര്യങ്ങൾ വചന പ്രകാരം ശരിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത് , അല്ലാതെ ആ വാക്ക് ബൈബിളിൽ ഇല്ലാത്തതിനാൽ അത് ശരിയല്ലെന്ന് പറയുകയല്ല വേണ്ടത്. അത്തരം വിമർശനങ്ങൾ നടത്തുന്നവർ തങ്ങളുടെ അപക്വതയെ പ്രതിഫലിപ്പിക്കുന്നു.
3. ചോദ്യം: ഈ ത്രിത്വോപദേശത്തെ കുറിച്ചുള്ള കലഹം നമുക്കെന്തിന് ?
ഉത്തരം : ബൈബിളിൽ ദൈവം സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്”. ദൈവം തന്നെ കുറിച്ച് പറയുന്ന നിര്‍വ്വചനമാണ് ഈ ആജ്ഞയെ അർത്ഥവത്താക്കുന്നത്. ദൈവത്തിന് നാം നൽകുന്ന നിർവ്വചനം ദൈവം സ്വയം നൽകുന്ന നിർവ്വ ചനത്തിന് വിരുദ്ധമാണെങ്കിൽ, നാം ആരാധിക്കുന്ന ദൈവം ബൈബിളിലെ ദൈവമല്ല. നാം നമ്മുടെ ഭാവനയിൽ കല്പിച്ചുണ്ടാക്കിയ ദൈവത്തെ ആരാധിക്കുന്ന അപകടത്തിലേക്ക് ഇത് വഴി തെളിക്കും. ദൈവം ത്രിത്വമാണെന്ന് ബൈബിള്‍ പരിചയപ്പെടുത്തുബോൾ, ഏകേശ്വരവാദം പറയുന്നതുപോലെ ദൈവം ഒരു വ്യക്തി എന്ന് വിശ്വസിച്ചാലും, അല്ലെങ്കിൽ ബഹുദൈവാരാധികൾ പറയുംപോലെ അവന്‍ ഒന്നിലധികം ദൈവങ്ങള്‍ എന്ന് വിശ്വസിച്ചാലും, മറ്റേതെങ്കിലും ഭിന്ന സിദ്ധാന്തത്തെ ദൈവത്തിന് ആരോപിച്ചാലും, അത് ‘വേറൊരു ദൈവം നിനക്കുണ്ടാകരുത്’ എന്ന ആജ്ഞയുടെ ലംഘനം ആകും. അതുകൊണ്ട്, ദൈവമക്കൾ എല്ലാവരും ബൈബിൾ ദൈവത്തെ എങ്ങനെയാണ് നിർവചിക്കുന്നതെന്ന് പരിശോധിക്കേണ്ടതും “ത്രിത്വം” എന്ന വാക്കിൽ പ്രകടിപ്പിക്കുന്ന ആശയം ആ നിർവചനവുമായി യോജിക്കുന്നുണ്ടോ എന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.
4.ചോദ്യം: എല്ലാ ത്രിത്വവാദികളും പറയുന്നത് ത്രിത്വത്തെ പൂർണ്ണമായി മനസ്സിലാക്കുക അസാധ്യമാണെന്നല്ലേ ; പിന്നെ മനസ്സിലാക്കാൻ കഴിയാത്ത ഒന്നിനായി എന്തിനാണ് ഇത്രമാത്രം പ്രയാസപ്പെടുന്നത് ?
ഉത്തരം:- ദൈവത്തെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ഏതൊരു മനുഷ്യന്‍റെയും കഴിവിന് അപ്പുറമാണ്. കാരണം ദൈവം പരിമിതികള്‍ക്ക്
അതീതനാണ്. അവന്‍റെ ഗുണവിശേഷങ്ങളിൽ ഒരു പ്രധാനപ്പെട്ട ഗുണമാണിത്. അതീതൻ എന്നാൽ കൈവരിക്കാനാവാത്തവൻ എന്നാണ് അർത്ഥമാക്കുന്നത്. അവൻ നമ്മുടെ ഭാവനകൾക്കും ആലോചനകൾക്കും വികാരങ്ങൾക്കും അതീതനാണ്. എന്നിരുന്നാലും, ദൈവം തന്നെത്തന്നെ എത്രത്തോളം നമുക്ക് വെളിപ്പെടുത്തി ഇരിക്കുന്നോ അത്രത്തോളം അവനെ അറിയാൻ തീര്‍ച്ചയായും നമുക്ക് സാധിക്കും.
ദൈവത്തെക്കുറിച്ച് സ്വന്തമായ നിർവ്വചനങ്ങള്‍ പറഞ്ഞ്, അവനെ പൂർണ്ണമായി മനസ്സിലാക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ദൃഷ്ടിയില്‍ നാം പരിഹസിക്കപ്പെടുമെങ്കിലും, ദൈവം നമുക്ക് നൽകിയിരിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളിൽ സ്വയം പരിമിതപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നിരുന്നാലും, ഈ ഉപദേശ പഠനത്തിൽ നാം ചെയ്യുന്നത് ദൈവത്വത്തിന്‍റെ പൂർണ്ണമായ രഹസ്യം വെളിപ്പെടുത്താനുള്ള ശ്രമമല്ല, മറിച്ച് ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ അവൻ വചനത്തിൽ തന്നെക്കുറിച്ച് നൽകിയിരിക്കുന്ന നിര്‍വ്വചനവുമായി ഒത്തുനോക്കി അതിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാല്‍ ഇത് ത്രിത്വത്തെ പൂർണ്ണമായും മനസിലാക്കാൻ വേണ്ടിയല്ല, ത്രിത്വ ഉപദേശം ബൈബിൾ വെളിപ്പെടുത്തുന്ന സത്യമാണോ അല്ലയോ എന്ന് തെളിയിക്കാൻ ഉള്ള ശ്രമം മാത്രം.
5.ചോദ്യം:- ത്രിത്വം വിശ്വസിച്ചില്ലെങ്കിൽ നാം സ്വർഗ്ഗത്തിൽ പോകില്ലേ?
ഉത്തരം : സൽപ്രവർത്തികൾ ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ പോകുമോ എന്ന ചോദ്യം പോലെയാണ് ഇത്. സൽപ്രവർത്തികൾ ചെയ്യുന്നതിനാൽ രക്ഷ എങ്ങനെയാണോ നേടുവാൻ സാധിക്കാത്തത് അതുപോലെ ശരിയായ ഉപദേശം വിശ്വസിക്കാത്തതുകൊണ്ടും രക്ഷ നേടുവാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ, രക്ഷ കേവലം ദൈവത്തിന്‍റെ സൗജന്യമായ ദാനമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു (എഫെസി 2:8-9). എങ്കിലും ആ സൗജന്യമായ ദാനം എന്നിൽ രക്ഷയുടെ പ്രവർത്തി ചെയ്തു എന്നതിന് തെളിവ് എന്താണ്? ഇതിന് രണ്ട് തെളിവുകൾ ചൂണ്ടിക്കാണിക്കാം. ഒന്നാമതായി, ദൈവം മുൻകൂട്ടി ഒരുക്കിയിരിക്കുന്ന നല്ല പ്രവൃത്തികൾ ചെയ്യാനും അവയിൽ നടക്കാനും ഉത്സാഹമുള്ളവരായിരിക്കുക. (എഫെസ്യർ 2:10, തീത്തൊസ് 2:14), രണ്ടാമതായി, ദൈവം വെളിപ്പെടുത്തിയ എല്ലാ സത്യങ്ങളെയും അംഗീകരിക്കുകയും സത്യത്തോട് പറ്റിനിൽക്കുകയും ചെയ്യുക. (യോഹന്നാൻ 8:47, 10:26-27, 1 യോഹന്നാൻ 4:6). രക്ഷ സൽപ്രവൃത്തികളാൽ അല്ലെങ്കിലും സൽപ്രവർത്തികൾ ചെയ്യാത്തവർക്ക് രക്ഷ ഉണ്ടെന്നു പറയുന്നതിൽ അടിസ്ഥാനമില്ലാത്തതുപോലെ, ത്രിത്വമോ മറ്റേതെങ്കിലും ഉപദേശമോ വിശ്വസിക്കുക വഴി രക്ഷിക്കപ്പെടുന്നില്ലെങ്കിലും, ഈ ഉപദേശ സത്യങ്ങളെ നിരസിക്കുന്നവർ രക്ഷിക്കപ്പെട്ടുവെന്ന് പറയുന്നതിലും അടിസ്ഥാനമില്ല.
ദൈവത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന മൂന്ന് അടിസ്ഥാന സത്യങ്ങളെ ദൈവം “ത്രീയേകന്‍” ആണെന്ന വാക്കുകളിൽ സംഗ്രഹിച്ച് പറയാം. അതിനാൽ ദൈവം ത്രീയേകന്‍ എന്ന് തെളിയിക്കാൻ, ആ മൂന്ന് അടിസ്ഥാന സത്യങ്ങളും ബൈബിളിലുണ്ടെന്ന് തെളിയിച്ചാൽ മതിയാകും.
മൂന്നു അടിസ്ഥാന സത്യങ്ങൾ:-
- ദൈവം ഏകനാണ്
- ദൈവത്തിൽ ബഹുത്വമുണ്ട്
- ദൈവത്തിലെ ബഹുത്വം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തികളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
ഈ മൂന്ന് സത്യങ്ങളും വചനം പഠിപ്പിക്കുന്ന സത്യങ്ങളാണെങ്കിൽ, ദൈവം മൂന്ന് വ്യക്തികളായി നിലനിൽക്കുന്ന ഏക ദൈവമാണെന്ന് തെളിയപ്പെടുന്നു. അതാണ് ത്രിത്വ സിദ്ധാന്തത്തിന്‍റെ സാരം.
അതുകൊണ്ട് ഈ മൂന്ന് സത്യങ്ങളും വചനത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.
- ദൈവം ഏകനാണ്
“യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.” (പുറപ്പാട് 20:3) എന്ന ആദ്യത്തെ കല്പന തന്നെ ദൈവം ഏകൻ ആണെന്നും, ആ സ്ഥാനവും പദവിയും മറ്റാർക്കും ആരോപിക്കരുതെന്നുമാണ് പറഞ്ഞിരിക്കുന്നത് മറ്റു വേദഭാഗങ്ങളിലും ഇതേ സത്യം വീണ്ടും വീണ്ടും ഊന്നിപ്പറയുന്നത് നാം കാണുന്നു.
“…എനിക്കു മുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്‍റെ ശേഷം ഉണ്ടാകയുമില്ല.” യെശയ്യാവ് 43:10
“…ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” യെശയ്യാവ് 44:6
“…ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനേയും അറിയുന്നില്ല.” യെശയ്യാവ് 44:8
“…ഞാൻ അല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനും ഇല്ല.” യെശയ്യാവ് 46:9
“നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നെയല്ലോ നമ്മെ സൃഷ്ടിച്ചത്…” മലാഖി 2:10
ഇത് പഴയനിയമത്തിൽ മാത്രം കാണുന്ന ഒരു ഉപദേശമല്ല. പുതിയനിയമവും അതേ സത്യത്തെ കൂടുതൽ വ്യക്തതയോടെ ഊന്നിപ്പറയുന്നുണ്ട്.
“യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്.” (മർക്കൊസ് 12:29) “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”(യോഹന്നാൻ 17:3)
“ദൈവം ഏകനല്ലോ…” റോമർ 3:30
“ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ” 1തിമൊഥെയൊസ് 2:5
“ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം…” യാക്കോബ് 2:19
അതുകൊണ്ട്, ബൈബിൾ ആരംഭം മുതൽ അവസാനം വരെ ദൈവം ഏകനാണ് എന്ന സത്യത്തിന് ഊന്നൽ നൽകുന്നു. ഈ സത്യത്തെ നിഷേധിക്കുന്ന ഏതൊരു പഠിപ്പിക്കലും തിരുവെഴുത്തിനു വിശുദ്ധമാണെന്ന് വ്യക്തമാണ്.
- ദൈവത്തിൽ ബഹുത്വമുണ്ട്.
ദൈവം ഏകനാണെന്ന് ബൈബിൾ എത്ര ഊന്നിപ്പറയുന്നുവോ,അത്ര വ്യക്തമായി തന്നെ ഈ ഏക ദൈവത്തിൽ ഒരു ബഹുത്വമുണ്ടെന്ന് കൂടെ പ്രഖ്യാപിക്കുന്നു. ഒരു മനുഷ്യൻ ഒരു വ്യക്തി മാത്രമായിരിക്കണമെന്ന നിയമം ദൈവത്തിന് ബാധകമാകണമെന്നില്ല. ദൈവത്തിന്‍റെ അസ്തിത്വത്തെ, സൃഷ്ടിയിലെ യാതൊന്നിനോടും താരതമ്യപ്പെടുത്താൻ കഴിയുകയില്ല. ദൈവം ഏകനാണെങ്കിലും അവൻ ബഹു വ്യക്തികളായി അസ്തിത്വം ഉള്ളവനാണെന്ന് ബൈബിൾ അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു.
ദൈവത്തിന്‍റെ ബഹുത്വത്തെ തെളിയിക്കുന്ന നാല് തെളിവുകൾ നമുക്ക് പരിഗണിക്കാം:
A) ദൈവത്തെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്ന ബഹുവചന രൂപത്തിലുള്ള സംബോധന ദൈവത്തിൽ ബഹുത്വമുണ്ടെന്ന് തെളിയിക്കുന്നു..“യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻതന്നെ.” (ആവർത്തനപുസ്തകം 6:4.)
ഇവിടെ ‘ഏകൻ’ എന്ന പദം മൂലഭാഷയിൽ “എകാദ് “ എന്ന പദത്തിന്‍റെ വിവർത്തനം ആണ് . “ഏകാദ്” എന്ന വാക്ക് ബഹുത്വത്തിൽ ഉള്ള ഏകത്വം എന്ന ആശയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഉദാഹരണത്തിന്, വിവാഹത്താല്‍ യോജിപ്പിക്കപ്പെടുന്ന ഒരു പുരുഷനും സ്ത്രീയും “ഏക ദേഹ’മായിത്തീരുന്നു.” ഇവിടെ “എകാദ്” എന്ന വാക്ക് രണ്ടു വ്യക്തികൾ ഒന്നാകുന്നു എന്ന ആശയത്തെ വ്യക്തമാക്കുന്നു. ‘നാമെല്ലാവരും ഇന്ത്യക്കാരാണ്, നാമെല്ലാവരും ഒന്നാണ്’. ഇവിടെ ‘ഒന്നാണ്’ എന്ന ആശയം ശരിയായി പ്രകടിപ്പിക്കുന്ന എബ്രായ പദം “എകാദ്” ആണ്. എന്നാല്‍, ഒരേ ഒരു വ്യക്തിയോ വസ്തുവോ മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കാൻ “യാക്കിദ്” എന്ന പദം എബ്രായ ഭാഷയിൽ ഉപയോഗിക്കുന്നു.
നിന്‍റെ ദൈവമായ യഹോവ ‘ഏകൻ’ എന്ന് പറയാൻ ഏകത്വത്തെ സൂചിപ്പിക്കുന്ന “യാകിദ്” എന്ന പദം ഉപയോഗിക്കാതെ “എകാദ്” എന്ന ബഹുത്വത്തിലെ ഏകത്വം എന്ന ആശയത്തെ സൂചിപ്പിക്കുന്ന പദം ഉപയോഗിക്കുന്നതിലൂടെ, ദൈവം തന്‍റെ ബഹുത്വത്തിലുള്ള ഏകത്വത്തെ പ്രകടിപ്പിക്കുകയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ദൈവത്തിൽ ബഹുത്വം ഉണ്ടെന്ന് പറയുന്നതിന്‍റെ ഒരു അടിസ്ഥാനമിതാണ്.
B) ദൈവം തന്നോടു തുല്യരായവരുമായി സംസാരിച്ച സന്ദർഭങ്ങൾ തന്‍റെ ബഹുത്വത്തെ തെളിയിക്കുന്നു.ദൈവം തന്നോട് തുല്യരായവരുമായി സംസാരിച്ചിട്ടുണ്ടോ? ‘ദൈവത്തിന് തുല്യൻ’ എന്ന വാക്ക് യഥാർത്ഥത്തിൽ അവന് ഉപയോഗിക്കാമോ? “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ…” (ഫിലിപ്പിയർ 2:6) എന്ന് കർത്താവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ആ പ്രസ്താവന ഞാൻ നടത്തിയതല്ല. ദൈവത്തിന് തുല്യരായ ആളുകളുണ്ടെങ്കിൽ, അവർ ആരായിരിക്കും? തീർച്ചയായും ദൈവം തന്നെയായിരിക്കണം! ദൈവത്തോട് സമൻ ദൈവം തന്നെയാണ്. ദൈവം തന്നോട് തുല്യരായ ആളുകളോട് സംസാരിച്ച ചില സന്ദർഭങ്ങൾ ശ്രദ്ധിക്കുക:-
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക…” (ഉൽപത്തി 1:26) ‘എന്‍റെ’ സ്വരൂപത്തില്‍ ‘എന്‍റെ’ സാദൃശ്യത്തില്‍ എന്നല്ല, ‘നമ്മുടെ’ സ്വരൂപം ‘നമ്മുടെ’ സാദൃശ്യം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
ഇവിടെ “നമ്മൾ” എന്നത് ബഹുവചനമല്ല, മറിച്ച് ബഹുമാനാർത്ഥം മാത്രമാണ് എന്ന് ചിലർ പറയുന്നു. രാജാക്കന്മാർ സ്വയം ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യുന്ന രീതിയിൽ ദൈവം “നമ്മൾ”, “നമ്മുടെ” എന്നീ ബഹുവചനങ്ങൾ ഉപയോഗിക്കുന്നു എന്നാണ് അവർ പറയുന്നത്. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ, "നമ്മുടെ" സാദൃശ്യത്തിൽ "നമ്മൾ" ചെയ്യാം എന്നല്ല മറിച്ച് "നമ്മുടെ" സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക”( Let us make man in Our image)എന്നാണ് പറയുന്നത്. തന്നോടൊപ്പം മറ്റൊരാളെ ഉൾപ്പെടുത്തി കൊണ്ടു മാത്രം പറയാന്‍ സാധിക്കുന്ന ഈ സംബോധനയ്ക്ക്, വ്യത്യസ്ത അർത്ഥങ്ങൾ ആരോപിച്ച് തെറ്റായ നിലയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. തന്നോടൊപ്പം ആ പണി ചെയ്യാൻ അവൻ മറ്റൊരാളെ ക്ഷണിക്കുകയാണ്. ഇത് സൃഷ്ടി ചെയ്യുന്ന കാര്യമായതിനാൽ, ദൈവത്തിനല്ലാതെ മറ്റാർക്കും അത് ചെയ്യാൻ കഴിയില്ല. ബൈബിൾ ദൈവത്തെ കൂടാതെ മറ്റൊരു സ്രഷ്ടാവിനെയും അംഗീകരിക്കുന്നില്ല. അതിനാൽ ഇത് ദൈവത്വത്തിലെ വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണ്. അല്ലാതെ ദൈവവും അവന്‍റെ ദൂതന്മാരും തമ്മിലുള്ള സംഭാഷണമോ, ഇതിനോടകം സൃഷ്ടിക്കപ്പെട്ട പ്രകൃതിയുമായോ, അല്ലെങ്കിൽ സൃഷ്ടിക്കപ്പെട്ട മറ്റേതെങ്കിലും ജീവിയുമായോ, ശക്തിയുമായോ ഉള്ള സംഭാഷണമോ അല്ല. സൃഷ്ടാവ് പിതാവ് മാത്രമല്ല (എഫെസ്യർ 3:9) യേശുക്രിസ്തുവും (യോഹന്നാൻ 1:1-3) സൃഷ്ടാവ് ആണെന്നും , യേശുക്രിസ്തു മാത്രമല്ല പരിശുദ്ധാത്മാവും സൃഷ്ടാവ് ആണെന്നും (ഉല്പത്തി 1:2, ഇയ്യോബ് 33:4). തിരുവെഴുത്തുകൾ വ്യക്തമാക്കുന്നതിനാൽ, ഇവിടെ സംസാരിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ പ്രയാസമില്ല.
ത്രിത്വ സിദ്ധാന്തത്തെ ശരിവെച്ചു കൊണ്ട് ഡോ. ജോൺ ഗിൽ തന്‍റെ പുസ്തകത്തിൽ ഒരു വിചിത്രമായ വസ്തുത തെളിവുകള്‍ സഹിതം പങ്കുവച്ചി ട്ടുണ്ട്. “നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യം പ്രകാരം” (ഉല്പത്തി 1:26) എന്ന വാക്കുകൾ ദൈവത്തിന്‍റെ ബഹുത്വത്തെക്കുറിച്ചുള്ള ക്രിസ്തീയ ഉപദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കിയ യഹൂദന്മാർ, ആ സിദ്ധാന്തത്തെ എതിർക്കുന്നതിനായി ഈ വാക്യത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിൽ ഒരു കഥ കൂട്ടി ചേർത്തു. ഈ വാക്യം എഴുതിയപ്പോൾ മോശെ ഒന്നു നിർത്തി ദൈവത്തോട് ചോദിച്ചു, “സർവ്വഭൂമിയുടെയും ദൈവമായ കർത്താവേ, ഇത് സത്യവിരോധികൾ തെറ്റായി ചിന്തിക്കാൻ അവസരം നൽകുകയില്ലേ?” എന്ന്. അതിന് “നീ എഴുത്; തെറ്റിപ്പോകുന്നവർ തെറ്റിപ്പോകട്ടെ.” എന്നായിരുന്നത്രേ ദൈവത്തിന്‍റെ മറുപടി. ഈ കഥയുടെ ഉദ്ദേശം നിങ്ങളെ ചിരിപ്പിക്കുക മാത്രമല്ല; ഈ വാക്കുകളിൽ ബഹുത്വത്തിന്‍റെ ആശയം എത്രത്തോളം ശക്തമാണെന്നും അത് ഒഴിവാക്കാൻ തുടക്കം മുതൽ തന്നെ ദുരുപദേഷ്ടാക്കൾ എന്തെല്ലാം തന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും ഇത് കാണിക്കുന്നു.
ഇതുപോലെ ദൈവം തന്നോട് തുല്യരായവരോട് സംസാരിച്ച മറ്റു വേദ ഭാഗങ്ങളുമുണ്ട്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം ആദാം ഭക്ഷിച്ചതിനുശേഷം, ദൈവം പറഞ്ഞു, “ നമ്മിൽ ഒരുത്തനെപ്പോലെയായിതീർന്നു” (ഉല്‍പ്പത്തി 3:22). “എന്നിൽ” എന്നോ” “ഞങ്ങളിൽ” എന്നോ അല്ല “നമ്മിൽ” എന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ബാബേല്‍ ഗോപുരത്തിന്‍റെ അടുത്ത് ദൈവം ഭാഷകള്‍ സൃഷ്ടിക്കുന്ന സമയത്തും “നാം ഇറങ്ങിച്ചെന്ന്, അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക” എന്ന് പറയുന്നതായും നാം കാണുന്നു.(ഉല്‍പ്പത്തി 11 :7). പുതിയ ഭാഷകൾ സൃഷ്ടിച്ച സ്രഷ്ടാവ്, തന്നോട് തുല്യമായി ആ പ്രവൃത്തി ചെയ്യാൻ കഴിവുള്ളവരെ വരുവിൻ എന്ന് വിളിക്കുന്നതായി നാം കാണുന്നു. ഇങ്ങനെ തന്നോടൊപ്പം സൃഷ്ടിക്കാൻ കഴിവുള്ള മറ്റുള്ളവരോട് ദൈവം സംസാരിക്കുന്ന ഈ സന്ദർഭങ്ങൾ ദൈവത്തിലുള്ള ബഹുത്വത്തെ പ്രകടമാക്കുന്നു.
- C) യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ ദൈവത്തിൽ ബഹുത്വമുണ്ടെന്ന് തെളിയിക്കുന്നു.
- പഴയനിയമത്തിൽ പലപ്പോഴും ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നു. യഹോവയിങ്കൽ നിന്ന് സന്ദേശങ്ങളോ അറിയിപ്പുകളോ കൊണ്ടുവരുന്ന ആളെന്ന നിലയിൽ അദ്ദേഹത്തെ "യഹോവയുടെ ദൂതൻ" എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഈ ദൂതന്‍റെ പേര് മീഖായേൽ എന്നോ ഗബ്രിയേൽ എന്നോ അല്ല. മറിച്ച് ഈ ദൂതന് അവനെ അയച്ച യഹോവയുടെ പേരാണ് ഉള്ളത് അതിനാൽ അദ്ദേഹത്തെ “യഹോവ” അല്ലെങ്കിൽ “ദൈവം” എന്ന് അഭിസംബോധന ചെയ്തതായി നാം കാണുന്നു. അത്തരം ചില ഉദാഹരണങ്ങൾ ഞാൻ ചൂണ്ടികാണിക്കാം.
ഹാഗാർ തന്‍റെ യജമാനത്തിയുടെ അടുക്കൽ നിന്ന് ഓടിപ്പോകുമ്പോൾ, “യഹോവയുടെ ദൂതൻ” അവൾക്ക് പ്രത്യക്ഷപ്പെട്ടു (ഉല്പത്തി 16:7). മോശെ ആ ദൂതനെ “യഹോവ” എന്ന് അഭിസംബോധന ചെയ്തതായി നാം കാണുന്നു. ഹാഗാർ അവനെ “എന്നെ കാണുന്ന ദൈവം” എന്ന് വിളിച്ചു (ഉല്പത്തി 16:13). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇവിടെ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതനെ “യഹോവ” എന്നും, “കാണുന്ന ദൈവം” എന്ന് വിളിച്ചിരിക്കുന്നു. ഈ വ്യാഖ്യാനത്തെ പിന്തുണയ്ക്കുന്ന കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് പരിഗണിക്കാം.
യാക്കോബ് തന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും ദൈവത്തെ അഭിസംബോധന ചെയ്ത്, തന്നെയും ജനനം മുതൽ പോറ്റിവളർത്തിയ ദൈവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടു, തന്നെ “വിടുവിച്ച ദൂതൻ” എന്നു പറയുന്നതായി നാം കാണുന്നു (ഉല്പത്തി 48:15-16).
കത്തുന്ന മുൾപടർപ്പിന്‍റെ നടുവിൽ നിന്ന് മോശയോട് സംസാരിച്ച "യഹോവയുടെ ദൂതൻ" (പുറപ്പാട് 3:2), അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി സ്വയം പരിചയപ്പെടുത്തി കൊണ്ട് (പുറപ്പാട് 3:6) തന്‍റെ പേര് “യഹോവ” എന്ന് അർത്ഥം വരുന്ന “ഞാന്‍ ആകുന്നവന്‍” എന്ന് പ്രഖ്യാപിച്ചു (പുറപ്പാട് 3:14).
യഹോവ എന്നു പേരുള്ള ഈ ദൂതൻ ആരാണ്? മരുഭൂമിയിലൂടെയുള്ള യാത്രയിൽ ദൈവം യിസ്രായേല്യരുടെ മുമ്പിൽ ഒരു ദൂതനെ അയച്ചു “എന്‍റെ നാമം അവനില്‍ ഉണ്ട്” എന്ന് പറഞ്ഞു. (പുറപ്പാട് 23:21) ഈ വാക്യത്തിൽ ദൈവം അവരോട് ദൂതനെ അനുസരിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അവന് കോപം ജ്വലിപ്പിക്കരുതെന്നും അങ്ങനെ ചെയ്താൽ അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കയില്ലന്നും പറഞ്ഞു. എന്നിരുന്നാലും, അവർ അവന് കോപം ഉണർത്തുകയും അവന്‍റെ ക്രോധത്തിന് അവര്‍ ഇരയാകുകയും ചെയ്ത സന്ദർഭത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്, അവർ കർത്താവിനെ (ക്രിസ്തുവിനെ എന്ന് അടിക്കുറിപ്പ്) പരീക്ഷിച്ചതുപോലെ നാമും അവനെ പരീക്ഷിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു (1 കൊരിന്ത്യർ 10:9). അതുകൊണ്ട്, യഹോവയുടെ നാമം വഹിച്ചുകൊണ്ട്, യഹോവയുടെ ദൂതനായി തുടക്കം മുതൽ പ്രത്യക്ഷപ്പെട്ട ഈ ദൂതൻ കർത്താവായ യേശുക്രിസ്തു ആണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പുരാതന കാലം മുതൽ എന്നെന്നേക്കുമായി പ്രത്യക്ഷപ്പെട്ട ഈ വ്യക്തി യിസ്രായേലിന്‍റെ ഭരണാധികാരിയായി ബേത്ത്‌ലെഹെം എഫ്രാത്തയിൽ ഒരു ശിശുവായി ജനിച്ചുവെന്നും പ്രവചനം സാക്ഷ്യപ്പെടുത്തുന്നു (മീഖാ 5:2).
ദൈവത്തിന് മാത്രം ആരോപിക്കപ്പെടുന്ന “ആകുന്നവൻ” എന്ന ഗുണം ദൈവത്തിനും അവൻ അയച്ച ദൂതനും ഒരുപോലെ ആരോപിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത, ദൈവത്തിലുള്ള ബഹുത്വത്തെ സ്ഥിരീകരിക്കുന്നു. ഈ യഹോവയുടെ ദൂതനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ “യഹോവയുടെ ദൂതൻ, യേശുക്രിസ്തു” എന്ന ലേഖനം നിങ്ങൾക്ക് വായിക്കാം:
D) ഒരേ സന്ദർഭത്തിൽ ഒന്നിലധികം വ്യക്തികളെ "യഹോവ" എന്നോ "ദൈവം" എന്നോ അഭിസംബോധന ചെയ്യുന്ന സന്ദർഭങ്ങൾ, ദൈവത്തിൽ ബഹുത്വമുണ്ടെന്ന് തെളിയിക്കുന്നു.
“യഹോവ സൊദോമിന്‍റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.” (ഉൽപത്തി 19:24).
ഇവിടെ യഹോവ, യഹോവയുടെ സന്നിധിയിൽ നിന്ന് ഗന്ധകവും തീയും വർഷിപ്പിച്ചു എന്ന് നാം വായിക്കുന്നു. തീയും ഗന്ധകവും വർഷിപ്പിച്ചത് ആരാണ്? യഹോവയാണ്. ആരിൽ നിന്നാണ് അത് വർഷിപ്പിച്ചത്? യഹോവയിൽ നിന്ന് അത് വർഷിപ്പിച്ചു. തീയും ഗന്ധകവും വർഷിപ്പിച്ചത് യഹോവയാണ്, അത് ചൊരിയപ്പെട്ടത് യഹോവയുടെ അടുക്കൽ നിന്നാണ്. ഇവിടെ യഹോവ എന്ന് വിളിക്കപ്പെടുന്ന രണ്ട് വ്യക്തികളുണ്ട്.
എന്നാല്‍ ചിലര്‍, ഇവിടെ സര്‍വ്വനാമം ഉപയോഗിക്കാതെ ഒരേ വ്യക്തിയെ രണ്ടു പ്രാവശ്യം പേരിനാല്‍ അഭിസംബോധന ചെയ്യുന്നതാണ്, രണ്ടു വ്യത്യസ്ത വ്യക്തികള്‍ ഉണ്ടെന്നു പറയാന്‍ സാധിക്കില്ല എന്ന് വാദിക്കുന്നു. മറ്റൊരു വാക്യഭാഗം പരിശോധീക്കാം. ഇവിടെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ ഉണ്ട് എന്ന വസ്തുത സ്ഥിരീകരിക്കപ്പെടുന്നു. “ദൈവം സൊദോമിനെയും ഗൊമോറയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്” ആമോസ് 4:11 ഇവിടെ യഹോവ “ദൈവം സൊദോമിനെയും ഗൊമോറയെയും ഉന്മൂലനാശനം ചെയ്തതു പോലെ ഞാനും ചെയ്തിരിക്കുന്നു” എന്ന് പറയുന്നു. ഇവിടെ സംസാരിക്കുന്നത് യഹോവയാണെന്നും സൊദോമിനെയും ഗൊമോറയെയും ഉന്മൂലനം ചെയ്തത് ദൈവം ആണെന്നും ഉള്ള നിലയിൽ പറഞ്ഞിരിക്കുന്നു. സംസാരിക്കുന്ന യഹോവ, ഉന്മൂല നാശനം ചെയ്യുന്ന ദൈവം ഇങ്ങനെ രണ്ടു വ്യക്തികൾ ഉണ്ടന്നുള്ളത് വളരെ വ്യക്തമാണ്.
“ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീർത്തനങ്ങൾ 45:6-7). ഇവിടെ “ദൈവമേ” എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ട് “ദൈവം” നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അഭിഷേകം ചെയ്യുന്നയാൾ ദൈവവും അഭിഷേകം ചെയ്യപ്പെടുന്നയാൾ ദൈവവുമാകുമ്പോൾ, രണ്ട് വ്യത്യസ്ത വ്യക്തികൾ ദൈവത്തിൽ ഉണ്ടെന്ന് തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
“അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല. എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലു കൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും എന്ന് അരുളിച്ചെയ്തു. (ഹോശേയ 1:6-7) “യെഹൂദാജനത്തെ ഞാൻ രക്ഷിക്കും” എന്ന് പറയുന്ന യഹോവ ഒരാളായിരിക്കുബോൾ ആരെ കൊണ്ട് രക്ഷിക്കുമേന്നാണോ പറയുന്നത് ആ യഹോവ മറ്റൊരു വ്യക്തിയാണെന്ന് നമുക്ക് വ്യക്തമായി കാണാൻ സാധിക്കും.
“ഞാൻ അവരുടെ നേരേ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും. സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്‍റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്‍റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.”(സെഖര്യാവ് 2:9-11?) ഇവിടെ യഹോവ “ഞാൻ വന്നു നിങ്ങളുടെ ഇടയിൽ വസിക്കും,” എന്ന് പറഞ്ഞിട്ട്, “ആ നാളിൽ പലരും എന്നെ ആലിംഗനം ചെയ്തു യഹോവയ്ക്ക് ജനമായിത്തീരും.” എന്ന് പറയുന്നു.ഇവിടെ രണ്ട് വ്യത്യസ്ത ആളുകളെ യഹോവ എന്ന് വിളിച്ചിരിക്കുന്നത് നമുക്ക് വളരെ വ്യക്തമായി കാണാന്‍ സാധിക്കും.
“യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.” (സങ്കീർത്തനങ്ങൾ 110:1) “കർത്താവ് എന്‍റെ കർത്താവിനോട് അരുളിചെയ്യുന്നത്” എന്ന് പറയുന്ന സങ്കീർത്തനക്കാരൻ, യഹോവ മാത്രമാണ് തന്‍റെ കർത്താവെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നതിനാൽ (സങ്കീർത്തനം 16:2), ഇവിടെ അവന്‍റെ കർത്താവായി പരാമർശിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത വ്യക്തികളും യഹോവയാണെന്ന് പറയാതെ പറ്റില്ല. ഇവിടെ കർത്താവായി പറയുന്ന ഒരു യഹോവ മശീഹ ആണെന്ന് യേശു കർത്താവ് തന്നെ പറഞ്ഞിരിക്കുന്നു. (മർക്കോസ് 22:37).
“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹന്നാൻ 1:1) ദൈവത്തോടു കൂടെയുള്ള വചനവും ദൈവമായിരിക്കെ, രണ്ട് വ്യത്യസ്ത വ്യക്തികളെ ദൈവമായി പറഞ്ഞിരിക്കുന്നു എന്ന് അല്ലാതെ മറ്റെങ്ങനെ ഇതിനെ നമുക്ക് മനസ്സിലാക്കാൻ കഴിയും?
ഇതുപോലുള്ള അനേക വാക്യ ഭാഗങ്ങൾ ഉണ്ടെങ്കിലും, ഒരേ സന്ദർഭത്തിൽ ഒന്നിലധികം വ്യക്തികൾ “ദൈവം” അല്ലെങ്കിൽ “യഹോവ” എന്ന് പ്രസ്താവിക്കെപ്പെടുന്നുണ്ട് എന്ന വാസ്തവം തെളിയിക്കാൻ ഈ തെളിവുകൾ പര്യാപ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവത്തെ ബഹുവചനത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നതും, തന്നോട് തുല്യതയുള്ളവരുമായി സംസാരിക്കുന്നതും, ‘യഹോവയുടെ ദൂതൻ’, ‘യഹോവ’ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നതും,പല സന്ദര്‍ഭങ്ങളിലും ഒന്നിലധികം വ്യക്തികളെ ‘ദൈവം’ അല്ലെങ്കിൽ ‘യഹോവ’ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നതും ദൈവത്തിൽ ബഹുത്വമുണ്ടെന്ന വസ്തുതയെ വ്യക്തമാക്കുന്നു.
ദൈവത്തില്‍ ഉള്ള ബഹുത്വം പിതാവ്,പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ദൈവം ഏകനാണെന്നും എന്നാൽ ഈ ഏക ദൈവത്തിൽ ബഹുത്വമുണ്ടെന്നും തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ നാം സ്ഥാപിച്ചു. എന്നിരുന്നാലും, ഈ ബഹുത്വത്തിൽ എത്ര പേരുണ്ടെന്ന് പരിശോധിക്കുമ്പോൾ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികൾക്ക് മാത്രമേ ദൈവത്വത്തിന്‍റെ നാമങ്ങളും ഗുണങ്ങളും പ്രവർത്തികളൂം ആരോപിക്കപ്പെട്ടിട്ടുള്ളൂ എന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (ഈ മൂന്നുപേർക്കും ദൈവിക നാമങ്ങൾ തുല്യമായി ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് നമ്മൾ പറയുമ്പോൾ, “പിതാവ്” എന്ന നാമം പുത്രനും, “പുത്രൻ” എന്ന നാമം പരിശുദ്ധാത്മാവിനും, “പരിശുദ്ധാത്മാവ്” എന്ന നാമം പിതാവിനോ പുത്രനോ തുല്യമായി ബാധകമാണെന്ന് നമ്മൾ അർത്ഥമാക്കുന്നില്ല; ഈ മൂന്നുപേരെയും വേർതിരിച്ചറിയാൻ തിരുവെഴുത്തുകളിൽ പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്ന പേരുകളാണിവ. ഇവ അല്ലാതെ, മറ്റെല്ലാ ദൈവനാമങ്ങളും ഈ മൂന്നുപേർക്കും തുല്യമായി നൽകിയിട്ടുണ്ട്. അതിനാൽ, “പിതാവിനെ” പുത്രൻ എന്ന് വിളിക്കരുത്, “പുത്രനെ” പരിശുദ്ധാത്മാവ് എന്ന് വിളിക്കരുത്, “പരിശുദ്ധാത്മാവിനെ” പിതാവെന്നോ പുത്രനെന്നോ വിളിക്കരുത്; അവരെ അവർക്ക് പ്രത്യേകമായുള്ള സ്വന്തം പേരുകളിൽ അഭിസംബോധന ചെയ്യണം.)
A) തിരുവെഴുത്തുകൾ “ദൈവം” എന്ന് പിതാവിനെ മാത്രമല്ല (യോഹന്നാൻ 17:3), പുത്രനെയും (യോഹന്നാൻ 1:1-14), പരിശുദ്ധാത്മാവിനെയും (പ്രവൃത്തികൾ 5:3-4) വിളിക്കുന്നു. തിരുവെഴുത്തിൽ “ദൈവം” എന്ന് വിളിക്കപ്പെടുന്ന നിരവധി പേർ ഉണ്ടെങ്കിലും, അവരിൽ ആർക്കും ഈ മൂന്നു പേർക്കും ഉള്ള അതേ ദിവ്യ ഗുണങ്ങളില്ലന്നു നാം മനസിലാക്കണം. ദൈവത്തിന്‍റെ പ്രതിനിധികളായി നിന്നതിന്‍റെ പേരില്‍ ആ സ്ഥാനം ചിലര്‍ക്ക് നല്‍ല്‍കപ്പെട്ടെങ്കിലും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മാത്രമായി ആരോപിക്കപ്പെട്ട ദൈവിക അധികാരങ്ങൾ മറ്റാർക്കും നല്കപ്പെട്ടിട്ടില്ല.B) “യഹോവ” എന്ന നാമം ദൈവത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു നാമമാണ്. “ആകുന്നവൻ” എന്നർത്ഥമുള്ള ഈ നാമം, ദൈവത്തിന്‍റെ നിത്യമായ അസ്തിത്വത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, തിരുവെഴുത്തുകൾ പിതാവിനെ മാത്രമല്ല (പുറപ്പാട് 23:20), പുത്രനെയും (യെശയ്യാവ് 48:12-16), പരിശുദ്ധാത്മാവിനെയും കുടെ യഹോവ എന്ന് വിളിക്കുന്നു (2 ശമുവേൽ 23:2-3, ആവർത്തനം 32:12 & യെശയ്യാവ് 63:14, സങ്കീർത്തനം 95:6-11 & എബ്രായർ 3:6-11).
C) "സൃഷ്ടാവ്" എന്നത് ദൈവത്തിന് മാത്രം അവകാശപ്പെടാവുന്ന പേരാണ്. സൃഷ്ടാവ് എന്ന് പിതാവിനെ ഉദ്ദേശിച്ച് മാത്രമല്ല (എഫെസ്യർ 3:9, പ്രവൃത്തികൾ 4:24-25), പുത്രനെ ഉദ്ദേശിച്ചും (യോഹന്നാൻ 1:2-3), പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചും പറഞ്ഞിട്ടുണ്ടെന്ന് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു (ഇയ്യോബ് 33:4, സങ്കീർത്തനം 33:6).
D) നിത്യരക്ഷ നൽകുന്ന രക്ഷകൻ ദൈവം മാത്രമാണ്. എന്നാൽ പിതാവ് (2 തെസ്സലൊനീക്യർ 2:13) മാത്രമല്ല, പുത്രനും (തീത്തോസ് 2:13) പരിശുദ്ധാത്മാവും (തീത്തോസ് 3:5, യോഹന്നാൻ 3:6) ആ നിത്യരക്ഷ നമുക്ക് നൽകുന്ന രക്ഷകൻ എന്ന് വിളിക്കപ്പെടുന്നു.
E) ദൈവം ജഡരൂപത്തിൽ വരുന്നത് ദൈവത്തിന്‍റെ മാത്രം പ്രവൃത്തിയാണ്. ഈ മൂന്നുപേരുടേയും പങ്കാളിത്തം ജഡധാരണത്തിൽ വ്യക്തമായി കാണാം (യെശയ്യാവ് 48:12-16, ലൂക്കോസ് 1:35). F) പുത്രന്‍റെ സ്നാനം ദൈവത്തിന്‍റെ നീതിയെ നിറവേറ്റിയ ദൈവിക പ്രവൃത്തിയാണ്. (മത്തായി 3:13-17). ഈ കാര്യത്തിൽ മൂന്നുപേരുടെയും പങ്കാളിത്തം വ്യക്തമായി കാണുന്നു (മർക്കോസ് 1:10-11).
G) തന്‍റെ സ്ഥാനത്ത് പരിശുദ്ധാത്മാവിനെ അയയ്ക്കുന്ന ദൈവിക പ്രവർത്തനത്തിൽ ഈ മൂവരുടെയും പങ്ക് ഉണ്ടെന്ന് കർത്താവ് തന്നെ വിശദീകരിക്കുന്നത് നാം കാണുന്നു. (യോഹന്നാൻ 14:16-17).
H) കർത്താവിന്‍റെ മരണം നിത്യമായ ദൈവിക നീതി നിറവേറ്റുന്നതിനുള്ള യാഗമായിരുന്നു. ഈ മൂന്നുപേരും ആ ദിവ്യവേലയിൽ ഉൾപ്പെട്ടിരുന്നു (സെഖര്യാവ് 13:7, യോഹന്നാൻ 10:17, എബ്രായർ 9:14).
I) കർത്താവിന്‍റെ പുനരുത്ഥാനം ക്രിസ്തീയത സത്യമാണ് എന്നതിനു തെളിവാണ്. ഈ മഹത്തായ ദൈവിക കാര്യത്തിൽ ഈ മൂന്നുപേരും പങ്ക് വഹിച്ചിട്ടുണ്ട് (റോമർ 6:4, യോഹന്നാൻ 2:19, റോമർ 8:11-13).
J) ഈ മൂന്നുപേരുടെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കർത്താവ് തന്നെ കല്പിച്ചു (മത്തായി 28:19). യേശുവിന്‍റെ നാമത്തിൽ ശിഷ്യന്മാർ സ്നാനം കഴിപ്പിച്ചതായി അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ (പ്രവൃത്തികൾ 2:38, 8:16, 10:48, 19:5) ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ, മത്തായി 28:19-ൽ കർത്താവ് നിർദ്ദേശിച്ച മാതൃകയ്ക്ക് വിരുദ്ധമായി, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലല്ല, യേശുവിന്‍റെ നാമത്തിൽ ആണ് സ്നാനം കഴിപ്പിക്കേണ്ടതെന്ന് വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്. ക്രിസ്തുവിനെ സംബന്ധിക്കുന്നത് എന്ന ആശയം വ്യക്തമാക്കാൻ “ക്രിസ്തുവിന്‍റെ നാമത്തിൽ”, “യേശുവിന്‍റെ നാമത്തിൽ” എന്നീ വാക്കുകൾ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നു വെന്ന് അവർ മനസിലാക്കാത്തതാണ് ഈ തെറ്റിന് കാരണം (ലൂക്കോസ് 24:44, പ്രവൃത്തികൾ 15:25, 26:9, റോമർ 15:20).
K) അപ്പോസ്തലന്മാർ ഈ മൂന്നു പേരുടെയും നാമത്തിൽ ആശീർവാദം പറയുന്നതായി നാം വായിക്കുന്നു (2 കൊരിന്ത്യർ 13:14, വെളിപ്പാട് 1:4-8). പുത്രനിൽ നിന്ന് കൃപയും പിതാവിൽ നിന്ന് സ്നേഹവും പരിശുദ്ധാത്മാവിൽ നിന്ന് സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നത് ഈ മൂന്നുപേരോടും പ്രാർത്ഥിക്കുന്നതിന് തുല്ല്യമാണ്. ദൈവത്തോട് മാത്രമേ നാം പ്രാര്‍ത്ഥിക്കാവൂ. അവൻ മാത്രമാണ് പ്രാർത്ഥന കേൾക്കാനും അനുഗ്രഹിക്കാനും യോഗ്യനും കഴിവുള്ളവനും. ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഈ പ്രവൃത്തി അപ്പോസ്തലന്മാർ ഈ മൂന്നുപേർക്കും തുല്യമായി ആരോപിച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ സന്ദർഭളിൽ എവിടെയും ഈ മൂന്ന് വ്യക്തികളുടെ കൂടെ ആരെയെങ്കിലും ചേർക്കാനോ, അവരിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കാനോ കഴിയില്ല. അതിനാൽ, ഏക ദൈവത്തിലെ ബഹുത്വം മൂന്ന് വ്യക്തികളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതായി കാണുന്നു. മൂന്നുപേരെക്കാളും കൂടുതലോ കുറവോ അല്ല.
ഉപസംഹാരം
ബൈബിളിൽ നമുക്ക് വെളിപ്പെടുത്തിയിരിക്കുന്ന ദൈവം മൂന്ന് വ്യക്തികളായി അസ്തിത്വം ഉള്ള ഏക ദൈവമാണ്. നമ്മുടെ പരിമിതമായ ദാർശനിക ആലോചനകൾക്കും യുക്തിക്കും വിധേയനായ ദൈവം നമ്മുടെ ഭാവനയിൽ നിന്നാണ് ജനിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് അതീതനായ ഈ ത്രിയേക ദൈവത്തെ നമുക്ക് നൽകപ്പെട്ട അവന്‍റെ വെളിപ്പാടിലൂടെ മാത്രമേ അറിയാൻ കഴിയൂ. വചനത്തിൽ ദൈവം തന്നെതന്നെ വെളിപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ, പല ഏകദൈവ വിശ്വാസികളും വിശ്വസിക്കുന്നതുപോലെ ദൈവം ഒരു വ്യക്തിയാണെന്നോ, അല്ലെങ്കിൽ വിഗ്രഹാരാധകർ വിശ്വസിക്കുന്നതുപോലെ നിരവധി ദൈവങ്ങളുണ്ടെന്നോ, അല്ലെങ്കിൽ പാന്തിസ്റ്റുകൾ (സർവേശ്വരവാദികൾ) വിശ്വസിക്കുന്നതുപോലെ ദൈവം ലോകത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നവനല്ലന്നോ നാമും വിശ്വസിക്കുമായിരുന്നു. കാരണം ഇതെല്ലാം മനുഷ്യ യുക്തിയുമായി പൊരുത്തപ്പെടുന്ന ആശയങ്ങളാണ്. എന്നാൽ ഏക ദൈവം മൂന്ന് വ്യക്തികളായി നിലനിൽക്കുന്നുവെന്നും, ഈ മൂന്ന് വ്യക്തികൾ പൂർണ്ണമായും ദൈവമാണെന്നും, പക്ഷേ മൂന്ന് ദൈവങ്ങളല്ലന്നും, മറിച്ച് ഒരു ദൈവമാണെന്നും തിരുവെഴുത്തുകൾ പഠിപ്പിക്കുന്ന ഉപദേശം യുക്തിസഹമല്ല എന്ന് തോന്നാം, എങ്കിലും ഇത് വാസ്തവമാണ്. മനുഷ്യന്‍റെ യുക്തിക്ക് അതീതമാണ്.
പ്രകൃതിയിൽ അവന് തുല്യമായി ഒന്നുമില്ല. ആരെയാണ് അവന് തുല്യനാക്കാൻ കഴിയുക? അതുകൊണ്ടാണ് പ്രകൃതിയിൽ അവനെ വിവരിക്കാൻ കഴിയുന്ന ഒരു മാതൃകയും ഇല്ലാത്തത്. ഏത് ഉദാഹരണം എടുത്താലും അവനുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ഉദാഹരണങ്ങൾ ഉപയോഗിച്ച് ത്രിത്വത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നത് വ്യർത്ഥമാകുന്നത്. ചിലർ മുട്ട, വെള്ളം, അഗ്നി, സൂര്യൻ, മനുഷ്യാത്മാവ്, ശരീരം തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ അവയെല്ലാം മൂന്ന് ഘടകങ്ങൾ, മൂന്ന് ഭാഗങ്ങൾ, മൂന്ന് ഗുണങ്ങൾ അല്ലെങ്കിൽ മൂന്ന് അവസ്ഥകൾ എന്നിവയുള്ള ഒരേ വസ്തുക്കളോ വിഷയങ്ങളോ ആണ്. ഉദാഹരണത്തിന്, സൂര്യനെ എടുക്കുകയാണെങ്കിൽ, സൂര്യനിൽ തീ, ചൂട്, വെളിച്ചം എന്നിവയുണ്ട്, പക്ഷേ തീ സൂര്യനല്ല, വെളിച്ചം സൂര്യനല്ല, ചൂട് സൂര്യനല്ല. എന്നാൽ പിതാവ് ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്, എന്നിരുന്നാലും അവർ മൂന്ന് ദൈവങ്ങളല്ല, ഒരു ദൈവമാണ്. അതുപോലെതന്നെ ജലം ഐസ് ആയും, ദ്രാവകമായും, നീരാവിയായും മാറുന്നു. എന്നാൽ ഒരേ വ്യക്തി പിതാവായും പുത്രനായും പരിശുദ്ധാത്മാവായും രൂപാന്തരപ്പെട്ടാൽ, ഈ ഉദാഹരണം ഒരു പരിധിവരെ വിശ്വസനീയമായിരിക്കും. പക്ഷേ, ഈ ഉദാഹരണവും ത്രിത്വത്തെ വിവരിക്കാൻ പര്യാപ്തമല്ല. കാരണം, പിതാവ് പുത്രനായി മാറുന്നില്ലെന്നും പുത്രൻ പരിശുദ്ധാത്മാവായി മാറുന്നില്ലെന്നും നമ്മൾ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ ഏത് ഉദാഹരണം എടുത്താലും, പരിശുദ്ധ ത്രിത്വത്തെ വിവരിക്കുന്നതിനുള്ള ഒരു മാതൃകയായി എന്ത് കണക്കാക്കിയാലും, അവ ദൈവത്തിന്‍റെ ത്രിത്വവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല.
പരിശുദ്ധ ത്രിത്വത്തെ വിശദീകരിക്കാൻ സാധ്യമല്ല. ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവം ത്രിയേകനാണെന്ന് സ്ഥിരീകരിക്കാൻ മാത്രമേ നമുക്ക് കഴിയൂ. ഈ ലേഖനത്തിൽ ചെയ്തതുപോലെ, തിരുവെഴുത്തുകളുടെ ക്രമമായ വ്യാഖ്യാനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. മറ്റെല്ലാ ശ്രമങ്ങളും വ്യർത്ഥമാണ്.
ദൈവവചനം സത്യമാണ്. അത് വെളിപ്പെടുത്തുന്നത് എനിക്ക് മനസ്സിലായാലും ഇല്ലെങ്കിലും, അതെല്ലാം വിശ്വസനീയമാണ്. അതുകൊണ്ട് ബൈബിൾ പരിചയപ്പെടുത്തുന്ന ഈ ത്രിയേക ദൈവത്തെ എനിക്ക് മനസ്സിലായില്ലെങ്കിലും, അവൻ സത്യദൈവമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ ദൈവത്തെക്കുറിച്ചുള്ള മറ്റെല്ലാ ആശയങ്ങളും നുണയാണ്. തിരുവെഴുത്തുകൾ പരാമർശിക്കാത്ത മറ്റൊരു ദൈവത്തെ സൃഷ്ടിക്കുന്നത് ദൈവദൂഷണമാണ്. അത്തരം എല്ലാ ആശയങ്ങളെയും ദൈവമക്കൾ ചെറുക്കുകയും അപലപിക്കുകയും വേണം. അവർ സത്യദൈവമായ പരിശുദ്ധ ത്രിയേക ദൈവ ത്തിൽ വിശ്വസിക്കുകയും ആരാധിക്കുകയും പ്രഖ്യാപിക്കുകയും വേണം. അവനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.