“ദൈവത്തിന്റെ സർവ്വാധികാര പരിപാലനം” എന്ന പുസ്തകത്തിൽ, ദൈവം തന്റെ സർവ്വാധികാരത്തിൽ ഓരോ സംഭവത്തെയും നിർണ്ണയിക്കുക മാത്രമല്ല, എല്ലാറ്റിനെയും തന്റെ നിയന്ത്രണത്തിൽ വയ്ക്കുകയും തന്റെ പദ്ധതി പൂർത്തിയാക്കുകയും ചെയ്യുന്നുവെന്നും, ഇതിനായി അവൻ സാത്താൻ ഉൾപ്പെടെ എല്ലാ വ്യക്തികളെയും ഉപയോഗിക്കുന്നുവെന്നും വിശദീകരിക്കുകയുണ്ടായി.
ഈ സത്യം തളർന്ന മനസ്സിനെയും ദുഃഖത്തിൽ ആണ്ടുപോയ ഹൃദയത്തെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് കാണിക്കുകയുണ്ടായി. നിങ്ങൾക്ക് അത് മനസ്സിലാക്കുവാന്‍ സാധിച്ചില്ലെങ്കിൽ പോലും, "എന്റെ കാലഗതികൾ നിന്റെ (ദൈവത്തിന്റെ) കൈയ്യിൽ ഇരിക്കുന്നു" എന്ന് വിശ്വസിക്കുന്നതാണ് ദൈവത്തിൽ പ്രത്യാശവയ്ക്കുന്നതിന്റെ ആദ്യപടി.
എന്നാൽ ആ പുസ്തകത്തിലെ സത്യം ഒരു യുക്തിസഹമായ ചോദ്യം നമ്മിൽ ഉയർത്തുന്നുണ്ട്: “ദൈവം എല്ലാ സംഭവങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, പിന്നെ ഞാൻ എന്തിന് പ്രാർത്ഥിക്കണം?” ഈ ചോദ്യത്തോടെയാണ് ഞങ്ങൾ ഈ പുസ്തകം ആരംഭിക്കുന്നത്. അതിന് ഉത്തരം നൽകാൻ ശ്രമിക്കാം.
ദൈവത്തിന്റെ സർവ്വാധികാരത്തെ പൂർണ്ണമായും നിരസിക്കുന്നവര്‍ അല്ലെങ്കില്‍ തിരുവെഴുത്തുകളിൽ അത് കണ്ടിട്ടും അതിന് പ്രാർത്ഥനയുമായുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാത്തവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ഇവ രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എല്ലാ യഥാർത്ഥ ക്രിസ്ത്യാനികളും എപ്പോഴെങ്കിലും പ്രയാസപെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ദൈവത്തിന്റെ സമ്പൂർണ്ണ സർവ്വാധികാരം എന്ന ബൈബിൾ സത്യം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ഓരോ വ്യക്തിയും ഈ ചോദ്യവുമായി ഒരുപക്ഷേ പോരാടിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
പഴയനിയമം, ഹാഗാർ സാറയുടെ അടുക്കൽ നിന്ന് ഓടിപ്പോയ സംഭവം തുടങ്ങി യഹോവയുടെ ദൂതൻ എന്ന് വിളിക്കപ്പെടുന്ന ഒരു ദൂതനെ നമുക്ക് പരിചയപ്പെടുത്തുന്നു. (ഉല്പത്തി 16:6-13). ബൈബിളിൽ ദൈവത്തിന്റെ ദൂതന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ നമുക്ക് കാണാം. എന്നാൽ ഈ യഹോവയുടെ ദൂതൻ ഒരു സാധാരണ ദൂതനല്ല. കാരണം ദൂതന്മാർ ഒരിക്കലും സ്വയം ദൈവമെന്നോ യഹോവയെന്നോ പ്രഖ്യാപിക്കുന്നില്ല. തിരുവെഴുത്തുകളിലും അവർ ദൈവമെന്നോ യഹോവയെന്നോ എഴുതപ്പെട്ടിട്ടില്ല. അത് ദൈവദൂഷണമാകും. അതുപോലെ, ദൈവത്തിന് അർഹതപ്പെട്ട മഹത്വം അവർ സ്വീകരിക്കുന്നില്ല. (ഇതിനെക്കുറിച്ച് അവസാനം സംസാരിക്കാം). എന്നാൽ, യഹോവയുടെ ദൂതൻ മാത്രം എല്ലാ അവസരങ്ങളിലും ദൈവമെന്ന നിലയിൽ സംസാരിക്കുന്നു, ഭക്തന്മാർ അവനെ ദൈവമായി കണക്കാക്കുന്നു, തിരുവെഴുത്തുകൾ അവനെ ദൈവം, എന്നും യഹോവ എന്നും വിളിക്കുന്നു. കാരണം അവൻ ദൈവമാണ് മാത്രമല്ല, പിതാവിനോടു കൂടെ യഹോവ എന്ന നാമമുള്ള കർത്താവായ യേശുക്രിസ്തുവുമാണ്. ഇത് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ആദ്യം യഹോവയുടെ ദൂതൻ ദൈവമാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്ന വേദ ഭാഗങ്ങൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. രണ്ടാമതായി, ആളുകൾക്ക് ഇതിനെക്കുറിച്ചുള്ള എതിർ വാദങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഞാൻ ഉത്തരം നൽകാം. ഒടുവിൽ, യഹോവയുടെ ദൂതൻ കർത്താവായ യേശുക്രിസ്തുവാണെന്ന് വ്യക്തമാക്കാം.
ദൈവത്തിന്റെ സർവ്വാധികാര പരിപാലനം സംബന്ധിച്ച് ആറ് അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. അവ ദൈവവചനത്തിലുടനീളം കാണപ്പെടുകയും അതിൽ അടങ്ങിയിരിക്കുന്ന രക്ഷയുടെ സന്ദേശവുമായി ഇഴചേർന്നിരിക്കുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചും, അവന്റെ കൃപയാലുള്ള സർവ്വാധികാരത്തെക്കുറിച്ചും, ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട ദൈവശാസ്ത്രത്തെക്കുറിച്ചും വചനപ്രകാരം മനസ്സിലാക്കുന്നതിന് ഈ ആറ് പ്രമാണങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രമാണങ്ങൾ മനസ്സിലാക്കുകയും ഈ സത്യങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിലുള്ള യഥാർത്ഥ സന്തോഷത്തിലേക്ക് നയിക്കുന്ന വചന പ്രകാരമുള്ള പ്രത്യാശയുടെ അടിസ്ഥാനം. ഈ ആറ് ബൈബിൾ പ്രമാണങ്ങൾ നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഇന്നത്തെ ഭ്രാന്തമായ ലോകത്ത് ജീവിക്കുമ്പോൾ സുരക്ഷിതത്വവും ഉറപ്പും ഉള്ളവരായിരിക്കാൻ പ്രയാസമാണ്.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.