ഇന്നത്തെ ക്രിസ്തീയ സമൂഹത്തിലെ ചില ഉപദേഷ്ടാക്കൾ ചില തിരുവെഴുത്തുകളെ തെറ്റിദ്ധരിച്ചു കൊണ്ട്, രക്ഷ, പാപമോചനം, പരിശുദ്ധാത്മാവ് എന്നിവ ലഭിക്കാനുള്ള ഏക മാർഗം സ്നാനമാണെന്ന് പഠിപ്പിക്കുന്നു.രക്ഷ കൃപയാൽ വിശ്വാസത്തിലൂടെ മാത്രമാണെന്ന് പഠിപ്പിച്ച അപ്പൊസ്തലന്മാരുടെ സുവിശേഷത്തിന് ഇത് വിരുദ്ധമാണ്. ഈ തിരുവെഴുത്ത് നോക്കിയാലും.
“യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു” (റോമർ 10:9-10).
ഹൃദയത്തിൽ വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് നീതിയും രക്ഷയും ലഭിക്കുമെന്ന് ഈ വാക്യം വ്യക്തമായി പഠിപ്പിക്കുന്നു.
അതുപോലെതന്നെ; “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (എഫെസ്യർ 2:8-10).
മുകളിൽ പറഞ്ഞ വാക്യങ്ങളിൽ, യാതൊരു സൽപ്രവർത്തിയാലും രക്ഷ ലഭിക്കുന്നില്ലെന്നും, എന്നാൽ ദൈവം മുൻകൂട്ടി ഒരുക്കിയിരിക്കുന്ന സൽപ്രവൃത്തികൾ ചെയ്യുന്നതിനു വേണ്ടിയാണ് നാം രക്ഷിക്കപ്പെട്ടതെന്നും നാം വായിക്കുന്നു. അതുകൊണ്ട്, സ്നാനം എന്ന സല്‍പ്രവൃത്തിയാൽ നാം രക്ഷിക്കപ്പെടുന്നില്ല, എന്നാൽ രക്ഷിക്കപ്പെട്ടതിനുശേഷം, സ്നാനം എന്ന സല്‍പ്രവൃത്തി തീർച്ചയായും ചെയ്യണം. എന്നാൽ രക്ഷ കൃപയാൽ വിശ്വാസത്തിലൂടെ മാത്രമേ ലഭിക്കുന്നുള്ളൂ. സ്നാനത്തിലൂടെയോ മറ്റ് ഏതെങ്കിലും നല്ല പ്രവൃത്തികളിലൂടെയോ അല്ല. പരിച്ഛേദനയിലൂടെ രക്ഷ ലഭിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ആദിമ സഭയെ ആശയക്കുഴപ്പത്തിലാക്കിയ യഹൂദരായ ക്രിസ്ത്യാനികളെ പോലെ, ചില ഉപദേഷ്ടാക്കൾ സ്നാനത്തിലൂടെ രക്ഷ ലഭിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്നത്തെ സഭയെ ആശയക്കുഴപ്പത്തിലാക്കുന്നു.
എന്നാൽ രക്ഷയ്ക്കും പാപമോചനത്തിനും സ്നാനം ആവശ്യമാണെന്ന് അവർ പഠിപ്പിക്കുന്നതിന് അടിസ്ഥാനമായ തിരുവെഴുത്തുകളുടെ കാര്യമോ?
ആ തിരുവെഴുത്തുകൾ സ്നാനത്തിലൂടെ രക്ഷ ലഭിക്കുമെന്ന് പറയുന്നത് ശരിയല്ലേ? അല്ല! സന്ദർഭം അനുസരിച്ച്, ബൈബിളിന്‍റെ മൊത്തത്തിലുള്ള പഠിപ്പിക്കലിന്‍റെ വെളിച്ചത്തിൽ ആ വാക്യഭാഗങ്ങൾ വായിക്കുമ്പോൾ, രക്ഷ, പാപമോചനം മുതലായവ സ്നാനത്തിലൂടെ നേടാമെന്ന് പഠിപ്പിക്കുന്ന ഒരു വാക്യം പോലും ബൈബിളിൽ ഇല്ലെന്ന നിഗമനത്തിലേക്ക് നമുക്ക് തീർച്ചയായും വരാൻ കഴിയും.
ആ തിരുവെഴുത്തുകൾ നമുക്ക് ഓരോന്നായി പരിശോധിക്കാം.
1. “അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല” (യോഹന്നാൻ 3:5).
“വെള്ളത്താൽ” എന്ന വാക്ക് ഇവിടെ കാണുമ്പോൾ, ഉടൻ തന്നെ ചിലർ ഇത് ജലസ്നാനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും, വീണ്ടും ജനിക്കുന്നതിന് ഈ ജലസ്നാനം ആവശ്യമാണെന്നും കരുതുന്നു.
എന്നാല്‍ ഇതേ സുവിശേഷത്തിൽ “വെള്ളം” എന്ന വാക്ക് പലതവണ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന ലളിതമായ വിഷയം മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുന്നത് വളരെ നിർഭാഗ്യകരമാണ് (യോഹന്നാൻ 4:14; 7:37,38). ഈ സുവിശേഷത്തിൽ യേശു തന്‍റെ പഠിപ്പിക്കലുകളിൽ വെള്ളത്തെ ആലങ്കാരികമായി ഉപയോഗിച്ചതുപോലെ, ഈ വാക്യ സന്ദർഭത്തിലും അത് ആലങ്കാരികമായി ഉപയോഗിക്കപ്പട്ടു എന്നു പറയുന്നതിൽ സംശയമില്ല.
എന്നാൽ ഇവിടെ ‘വെള്ളം’ എന്തിന് സൂചനയായി ഉപയോഗിക്കപ്പെട്ടു? ബൈബിൾ ശ്രദ്ധാപൂർവം വായിച്ചാൽ ഇതിനുള്ള ഉത്തരം കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വീണ്ടും ജനിക്കുന്നതിനുള്ള ഉപകരണമായി ഇവിടെ “വെള്ളം” എന്ന സാദൃശ്യം ഉപയോഗിക്കപ്പെട്ടു എന്നത് ശരിയാണ്. അങ്ങനെയെങ്കിൽ ആ ഉപകരണം എന്താണ്? ജലസ്നാനമാണോ? അങ്ങനെ വിചാരിക്കുവാൻ ബൈബിളിലെ ഒരു വാക്യവും അനുവദിക്കുന്നില്ല. ഇതിനു വിപരീതമായി, വീണ്ടും ജനനത്തിനുള്ള ഉപകരണത്തെക്കുറിച്ച് പരാമർശിക്കുന്ന മറ്റെല്ലാ തിരുവെഴുത്തുകളും ദൈവവചനമാണ് ആ ഉപകരണം എന്ന് വ്യക്തമായി ഉറപ്പിച്ചു പറയുന്നു.
താഴെ പറയുന്ന വാക്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുക.
“നിന്‍റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നു” (സങ്കീർത്തനം 119:50).
“ക്രിസ്തു യേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്” (1 കൊരിന്ത്യർ 4:16).
“അവൻ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു” (യാക്കോബ് 1:18).
“കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1 പത്രൊസ് 1:23).
മുകളിൽ പറഞ്ഞ വാക്യങ്ങളിൽ പുതുജനനത്തിനുള്ള ഉപകരണമായി പറഞ്ഞിരിക്കുന്ന വാക്യത്തിനുപകരമായി മറ്റൊരു മാർഗ്ഗവും തിരുവെഴുത്തുകളിൽ പരാമർശിച്ചിട്ടില്ല. അതുകൊണ്ട്, നമ്മുടെ ഇപ്പോഴത്തെ സന്ദർഭത്തിലും, വീണ്ടും ജനനത്തിനുള്ള മാർഗമായി പറയപ്പെടുന്ന ‘വെള്ളം’ വാക്യത്തിന് പ്രതീകമായിരിക്കുന്നുവെന്ന് സംശയത്തിന് ഇടയില്ലാതെവണ്ണം പറയാൻ സാധിക്കും.
എഫെസ്യർ 5:26-27 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.
വാക്യം അത് നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉചിതമായ സാദൃശ്യങ്ങളാൽ വിവരിക്കപ്പെട്ടിരിക്കുന്നു.
നാം നടക്കേണ്ടുന്ന വഴി നമ്മെ കാണിച്ചു തരുന്നതുകൊണ്ട് വചനത്തെ ‘വെളിച്ചം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (സങ്കീർത്തനം 119:105).
കല്ലു പോലുള്ള ഹൃദയത്തെ തകർക്കുന്നതിനാൽ വാക്യത്തെ ‘ചുറ്റിക’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. “എന്‍റെ വചനം തീ പോലെയല്ലേ? പാറയെ തകർക്കുന്ന ചുറ്റിക പോലെയല്ലേ അത്?” (യിരെമ്യാവ് 23:29).
അതുപോലെ, വചനം ശുദ്ധീകരിക്കുകയും, വിശുദ്ധീകരിക്കുകയും, പുതുക്കുകയും ചെയ്യുന്നതുകൊണ്ട്, ‘വെള്ളം’ എന്ന് വിശേഷിപ്പിക്കപ്പട്ടിരിക്കുന്നു.(സങ്കീർത്തനം 119:9, യോഹന്നാൻ 15:3; യോഹന്നാൻ 17:17; എഫെസ്യർ 5:26). പരിശുദ്ധാത്മാവാണ് പുതുജനനത്തിന്‍റെ മൂലം; വെള്ളം (വചനം) ആണ് ഉപകരണം.
ശുദ്ധീകരിച്ച്, വിശുദ്ധീകരിച്ച്, പുതുക്കി, വീണ്ടും ജനിപ്പിക്കുന്ന ഈ പ്രവൃത്തിയെക്കുറിച്ച് യെഹെസ്കേൽ 36:25-27 ൽ പ്രവചിച്ചിരിക്കുന്നു.
“ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായിത്തീരും, ഞാൻ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും. ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും”.
ഈ വാക്യത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ പഠനത്തിന്, ഈ ലിങ്ക് വഴി “വെള്ളത്താലും ആത്മാവിനാലുമുള്ള ജനനം” എന്ന ലേഖനം വായിക്കുക.
2. “വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” മർക്കൊസ് 16:16
ഇത് ‘സ്നാനത്തിലൂടെയാണ് രക്ഷ’ എന്ന വ്യാജ സുവിശേഷത്തെ പിന്തുണയ്ക്കാൻ ചിലർ ദുരുപയോഗം ചെയ്യുന്ന മറ്റൊരു തിരുവെഴുത്താണ്. എന്നാൽ ഈ വാക്യം അത്തരമൊരു സുവിശേഷത്തെ ഒട്ടും പിന്തുണയ്ക്കുന്നില്ല. ഈ വാക്യത്തിന്‍റെ രണ്ടാം ഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുന്നു, എന്നാൽ ‘വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യാത്തവൻ ശിക്ഷാവിധിയില്‍ അകപ്പെടും’ എന്ന് പറയുന്നില്ല. അതായത്, ഒരു വ്യക്തി സ്നാനമേറ്റാലും,അയാൾ ഒരു യഥാർത്ഥ വിശ്വാസിയല്ലെങ്കിൽ, സ്നാനത്താൽ അയാൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. അതുകൊണ്ട്, കൃപ ഉളവാക്കുന്ന വിശ്വാസം മാത്രമേ രക്ഷിക്കുന്നുള്ളൂ.
ഈ രീതിയിൽ ആന്തരികമായി സംഭവിക്കുന്ന മാറ്റത്തിന്‍റെ പരസ്യമായ സാക്ഷ്യമാണ് സ്നാനം (റോമർ 6:4-5). അതുകൊണ്ട്, യഥാർത്ഥത്തിൽ വിശ്വസിക്കുന്ന എല്ലാവരും തീർച്ചയായും സ്നാനമേൽക്കും. കർത്താവ് അനുഗ്രഹിച്ചു നൽകിയ രക്ഷയെ പരസ്യമായി, ദൈവം കല്പിച്ച രീതിയിൽ (അതായത്, സ്നാനത്തിലൂടെ) സാക്ഷ്യപ്പെടുത്താൻ അനുസരണം കാണിക്കാത്ത വ്യക്തി യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെന്ന് വിചാരിക്കാൻ ഒരു സാധ്യതയുമില്ല. എന്നാൽ, വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടുന്നു; അതിനാൽ, സ്നാനം രക്ഷയിലേക്കുള്ള കാരണമോ ഏക മാർഗമോ ആണെന്ന് പഠിപ്പിക്കുന്നത് ബൈബിളിലെ സുവിശേഷത്തിന് വിരുദ്ധമാണ്.
ആ വിഷയത്തിലേയ്ക്ക് വന്നാല്‍, യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട വിശ്വാസത്തോടെ മാനസാന്തരപ്പെട്ട കള്ളൻ, സ്നാനമേൽക്കാതെ തന്നെ പറുദീസയിലെ അവന്‍റെ സന്തോഷത്തിൽ പങ്കുചേർന്നില്ലേ? ഇതിനു വിപരീതമായി, സ്നാനമേറ്റിട്ടും, തന്‍റെ വിശ്വാസം യഥാർത്ഥമല്ലാത്തതിനാൽ, മന്ത്രവാദിയായ ശിമോൻ “നിന്‍റെ വെള്ളി നിന്നോടുകൂടെ നശിച്ചുപോകട്ടെ” എന്ന് ശപിക്കപ്പെട്ടില്ലേ? രക്ഷ നൽകുന്നത് ബാഹ്യ ആചാരമായ സ്നാനം അല്ല എന്ന് തെളിയിക്കാന്‍ ഈ തെളിവുകൾ പര്യാപ്തമല്ലേ?
അതെ, ഷണ്ഡനെപോലെ (പ്രവൃത്തികൾ 8:36-38) കാരാഗൃഹപ്രമാണിയുടെ വീട്ടുകാരെപ്പോലെ (പ്രവൃത്തികൾ 16:31-33), ഒട്ടും താമസിക്കാതെ വിശ്വസിച്ച ഉടനെ തന്നെ സ്നാനം ഏൽക്കാനുള്ള കല്പനയ്ക്ക് നാം കീഴടങ്ങുകയാണ് വേണ്ടത്. എന്നാൽ, ഒരു ക്രിസ്ത്യാനി ഏത് നല്ലപ്രവൃത്തി ചെയ്താലും (അത് സ്നാനമായാലും, കർത്താവിന്‍റെ അത്താഴമായാലും, മറ്റെന്തായാലും) അത് ചെയ്യുന്നത് രക്ഷ നേടുവാനല്ല, മറിച്ച് അവൻ രക്ഷിക്കപ്പെട്ടതുകൊണ്ടാണ്. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല” (റോമർ 11:6). അതുകൊണ്ട് “വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന പ്രയോഗം, സ്നാനം അവന്‍റെ രക്ഷയ്ക്ക് കാരണമാണെന്ന് അർത്ഥമാക്കുന്നില്ല, മറിച്ച് അവന്‍റെ രക്ഷയ്ക്കുള്ള തെളിവാണ്.
3. “അതു സ്നാനത്തിന് ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” (1 പത്രൊസ് 3:21).
രക്ഷ സ്നാനത്തിലൂടെയാണെന്ന് പഠിപ്പിക്കുന്നവർ ദുരുപയോഗം ചെയ്യുന്ന മറ്റൊരു തിരുവെഴുത്താണിത്.
ഈ വാക്യത്തിലും, അതിനു ശേഷമുള്ള ഭാഗം ശ്രദ്ധാപൂർവ്വം വായിച്ചാൽ, സ്നാനം കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമായി നിർവചിക്കപ്പെടുന്നു: “… സ്നാനമോ (സ്നാനം എന്ന് വിളിക്കപ്പെടുന്നത്) ഇപ്പോൾ ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടല്ല (അത് വെള്ളത്തിൽ മുങ്ങി എഴുന്നേല്ക്കുക വഴി നേടിയെടുക്കാവുന്നതാണ്), മറിച്ച് യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ ദൈവത്തോടു ഒരു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ (ഇത് ആന്തരികമായ ഒരു മാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ). അതുകൊണ്ട് അല്‍പം ആഴത്തിൽ ചിന്തിക്കുമ്പോൾ, രക്ഷിക്കുന്നത് വെള്ളത്തിൽ മുങ്ങുന്ന പ്രവൃത്തിയല്ല, മറിച്ച് അത് സാദൃശ്യമാക്കുന്ന ആന്തരിക മാറ്റം മാത്രമാണെന്ന് വ്യക്തമാകും.
“അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും” (റോമർ 6:4-5).
യേശുക്രിസ്തുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലും ഐക്യപ്പെടുന്ന രക്ഷയുടെ അനുഭവത്തിന്‍റെ ഒരു പ്രതീകം മാത്രമാണ് സ്നാനം. രക്ഷയുടെ ഈ ആന്തരിക അനുഭവമാണ് 1 പത്രോസ് 3:21-ൽ പരാമർശിച്ചിരിക്കുന്ന സ്നാനം. ഇത് ആന്തരികമായി സംഭവിച്ചുകഴിഞ്ഞാൽ, അവസരം ലഭിക്കുന്ന ഓരോ വ്യക്തിയും താമസിയാതെ, ഇതിന് പ്രതീകമായിട്ടുള്ള ജലസ്നാനം തീർച്ചയായും സ്വീകരിക്കണം. എന്നാൽ, രക്ഷയുടെ അത്തരം ഒരു അനുഭവവുമില്ലാതെ ഒരാൾ ജലസ്നാനം സ്വീകരിക്കുകയാണെങ്കിൽ, അത് വെറും “ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടു” മാത്രമെ തീരുന്നുള്ളൂ, “യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ ദൈവത്തോടുള്ള നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷ” എങ്ങനെയാണ് ആകുന്നത്? അതുകൊണ്ട്, സ്നാനത്താൽ രക്ഷ ലഭിക്കുമെന്ന അവരുടെ തെറ്റിദ്ധാരണയ്ക്ക് ഈ വാക്യത്തിലും സ്ഥാനമില്ല.
4. “പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും” (അപ്പൊ. പ്രവൃത്തികൾ 2:38).
ഈ വാക്യത്തെയും പ്രവൃത്തികൾ 22:16 യെയും അടിസ്ഥാനമാക്കി ചിലർ വിശ്വസിക്കുന്നത് പാപമോചനം നേടാനുള്ള ഏക മാർഗം സ്നാനമാണെന്നും മറ്റ് മാർഗമില്ലെന്നുമാണ്. എന്നിരുന്നാലും, “യേശുവിന്‍റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാൻ 1:7) എന്ന വചനം അവർ വിട്ടുകളയുന്നു. വെള്ളത്തിൽ മുങ്ങി എഴുന്നേല്ക്കുന്നത് പാപങ്ങൾ കഴുകിക്കളയാൻ മതിയായതാണെങ്കിൽ, യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം വ്യര്‍ത്ഥമാണ്. ദൈവം തന്‍റെ ഈ പുത്രനെ ലോകത്തിലേക്ക് അയയ്ക്കാതെ തന്നെ, ആ പ്രവൃത്തി യോഹന്നാൻ സ്നാപകനിലൂടെ തനിക്ക് ചെയ്യാമായിരുന്നു.
അവർ ഉദ്ധരിച്ച അപ്പൊ. പ്രവൃത്തികൾ 2:38 എന്ന തിരുവെഴുത്തിന്‍റെ കാര്യമോ? ഈ വാക്യത്തിലെ “നിമിത്തം” അല്ലെങ്കിൽ “വേണ്ടി” (പാപങ്ങളുടെ മോചനത്തിനായി) എന്ന വാക്ക് “എയിസ്” (εἰς eis) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ‘എയിസ്’ എന്ന വാക്ക് സന്ദർഭത്തിനനുസരിച്ച് “വേണ്ടി”,“നിമിത്തം” (for), “ലേക്ക്” (into), “അടിസ്ഥാനത്തിൽ” (on the basis of) ഇങ്ങനെ പലതരത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. അതുകൊണ്ട്, “നിങ്ങൾ മാനസാന്തരപ്പെടുവിൻ, പാപമോചനത്തിനായി (നിമിത്തം) നിങ്ങൾ ഓരോരുത്തരും യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏൽക്കുവിൻ” എന്ന വാക്യത്തെ “മാനസാന്തരപ്പെടുവിൻ, പാപമോചനത്തിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾ ഓരോരുത്തരും യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏൽക്കുവിൻ” എന്നും വിവർത്തനം ചെയ്യാവുന്നതാണ്.
ഈ രീതിയിൽ വിവർത്തനം ചെയ്യുമ്പോൾ, ഈ വാക്യത്തിന് പുതിയൊരു അർത്ഥം കൈവരുന്നു. അതുകൊണ്ട്, “എയിസ്” എന്ന വാക്കിന്‍റെ സംശയാസ്പദമായ വിവർത്തനത്തെ അടിസ്ഥാനമാക്കി, പാപമോചനത്തിന് സ്നാനം ആവശ്യമാണെന്ന് തീരുമാനിക്കുകയും പ്രവൃത്തികളാല്‍ രക്ഷ സാധ്യമല്ല എന്ന വ്യക്തമായ സത്യത്തെ തകര്‍ക്കുകയും ചെയ്യന്നത് ഉചിതമായ കാര്യമല്ല.
അതുപോലെ, അപ്പൊ.പ്രവൃത്തികൾ 22:16 ലെ “നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയുക” എന്ന വാക്യം “സ്നാനമേൽക്കുക” എന്ന വാക്യത്തോടല്ല, മറിച്ച് “അവന്‍റെ നാമം വിളിച്ചപേക്ഷിക്കുക” എന്ന വാക്യത്തോട് ചേർത്താണ് മനസ്സിലാക്കേണ്ടത് എന്ന് കിംഗ് ജെയിംസ് വിവർത്തനം വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. – “arise, and be baptized, and wash away thy sins, calling on the name of the Lord.” ഗ്രേസ് മിനിസ്ട്രീസ്സിന്‍റെ വ്യവഹാരിക ഭാഷാ വിവർത്തനവും ഈ വാക്യത്തോട് നീതി പുലർത്തുന്നു – “എന്നാൽ നിങ്ങൾ എന്തിനാണ് വൈകിക്കുന്നത്? എഴുന്നേറ്റു സ്നാനം ഏൽക്കുക, അവന്‍റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്‍റെ പാപങ്ങൾ കഴുകിക്കളയുക”. റോമർ 10:9 ലെ വാക്കുകളുടെ അർത്ഥവും ഇതുതന്നെയാണ് – “യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുക എന്നതാണ് മാനസാന്തരപ്പെടുന്ന വ്യക്തി ചെയ്യുന്ന ഏറ്റുപറച്ചിൽ പ്രാർത്ഥന. അപ്പൊ.പ്രവൃത്തികൾ 2:21- “എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” അതുകൊണ്ട് “baptismal regeneration” (സ്നാനത്തിലൂടെയുള്ള രക്ഷ) എന്നത് പൂർണ്ണമായും തിരുവചന വിരുദ്ധമായ ഒരു സുവിശേഷമാണ്. ഇത് അപ്പോസ്തലിക സുവിശേഷത്തിന് വിപരീതമാണ്.
“എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ” (ഗലാത്യർ 1:8)
എന്നാല്‍ രക്ഷിക്കപ്പെട്ടവർക്ക് സ്നാനം ആവശ്യമില്ല എന്ന പഠിപ്പിക്കലും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കണം. മനഃപൂർവ്വം സ്നാനം സ്വീകരിക്കാതിരിക്കുന്നത് ദൈവവചനത്തോടുള്ള അനുസരണക്കേടാണ്.
“എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്‍റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു” (ലൂക്കോസ് 7:30)
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.