രക്ഷ

രചയിതാവ്.: ആര്‍ധര്‍ ഡബ്ലു പിങ്ക്
വിവർത്തനം: ഷിബു ബാബു &ഷൈനി
രക്ഷയെ വ്യത്യസ്ത കോണുകളിൽ നിന്ന് വീക്ഷിക്കുവാനും വ്യത്യസ്ത വിഷയങ്ങളായി വിഭാഗിച്ച് ചിന്തിക്കുവാനും സാധിക്കും. എന്നാൽ നാം ഏത് കോണിൽ നിന്ന് നോക്കിയാലും, “രക്ഷ യഹോവയ്ക്കുള്ളതാകുന്നു” എന്ന്  എപ്പോഴും ഓർക്കണം. ലോകസ്ഥാപനത്തിനു മുമ്പേ താൻ  തിരഞ്ഞെടുത്തവർക്കായി പിതാവ് ഈ രക്ഷ ഒരുക്കിയിരിക്കുന്നു.
 

മനുഷ്യനായി അവതരിച്ച്, വിശുദ്ധ ജീവിതം ജീവിച്ച് അവര്‍ക്ക് പകരം മരിച്ച തന്‍റെ പുത്രനിലൂടെ അത് വാങ്ങപ്പെട്ടിരിക്കുന്നു. ഈ രക്ഷ പരിശുദ്ധാത്മാവിലൂടെ അവരിൽ പ്രയോഗിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. തിരുവെഴുത്തുകളുടെ പഠനത്തിലൂടെയും, വിശ്വാസം അഭ്യസിക്കുന്നതിലൂടെയും, ത്രിയേക ദൈവമായ യഹോവയുമായുള്ള കൂട്ടായ്മയിലൂടെയും അത് അനുഭവപ്പെടുകയും ചെയ്യുന്നു.

ഇവിടെ നാം ഭയപ്പെടേണ്ട കാര്യം, ക്രിസ്തീയ ലോകത്തിലെ പലരും തങ്ങൾ രക്ഷിക്കപ്പെട്ടുവെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു, എന്നാൽ വാസ്തവത്തിൽ അവർ ദൈവകൃപയ്ക്ക് തികച്ചും അപരിചിതരാണ് എന്നതാണ്. ദൈവത്തെക്കുറിച്ചുള്ള സത്യം സംബന്ധിച്ച് വ്യക്തമായ ബൗദ്ധിക ആശയങ്ങൾ ഉണ്ടായിരിക്കുക എന്നത് ഒരു വിഷയമായിരിക്കുമ്പോൾ, ആ സത്യത്തെക്കുറിച്ച് വ്യക്തിപരമായ ഒരു ഹൃദയാനുഭവം ഉണ്ടായിരിക്കുക എന്നത് മറ്റൊരു വിഷയമാണ്. പാപം എത്ര ഭയാനകമാണെന്ന് ദൈവവചനം പറയുന്നത് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍, ഉള്ളിൽ അതിനോടുള്ള ഒരു വിശുദ്ധമായ ഭയവും വെറുപ്പും ഉണ്ടായിരിക്കുക എന്നത് മറ്റൊരു വിഷയമാണ്. ദൈവം നമ്മോട് ആവശ്യപ്പെടുന്നത് മാനസാന്തരമാണെന്ന് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍, നമ്മുടെ പാപങ്ങളെക്കുറിച്ച് യഥാർത്ഥമായി ദുഃഖിക്കുകയും ഞരങ്ങുകയും ചെയ്യുന്നത് മറ്റൊരു വിഷയമാണ്. പാപികളുടെ ഏക രക്ഷകൻ ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍,പൂർണ്ണഹൃദയത്തോടെ അവനിൽ ആശ്രയിക്കുന്നത് മറ്റൊരു വിഷയമാണ്.

ക്രിസ്തു സർവ്വോത്കൃഷ്ടൻ ആണെന്ന് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍, മറ്റാരെക്കാളുമുപരി അവനെ സ്നേഹിക്കുക എന്നത് മറ്റൊരു വിഷയമാണ്. ദൈവം മറ്റെല്ലാവരെക്കാളും വലിയവനും വിശുദ്ധനുമാണെന്ന് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍ അവനോട് ഭയഭക്തിയും ബഹുമാനവും ഉള്ളവരായിരിക്കുക എന്നത് മറ്റൊരു വിഷയമാണ്. രക്ഷ യഹോവയ്ക്കുള്ളതാണെന്ന് വിശ്വസിക്കുന്നത് ഒരു വിഷയമാണെങ്കില്‍, അവന്‍റെ കൃപയുടെ പ്രവർത്തനത്താൽ ആ രക്ഷയിൽ യഥാർത്ഥമായി പങ്കുള്ളവരാകുന്നത് മറ്റൊന്നാണ്. തിരുവെഴുത്തുകൾ മനുഷ്യന്‍റെ ഉത്തരവാദിത്തത്തിന് ഊന്നൽ നൽകുന്നു എന്നത് എത്ര വാസ്തവമാണോ, ദൈവം തിരുവെഴുത്തുകളിലുടനീളം പാപിയോട് ഇടപെടുന്നത് കണക്കുകൊടുക്കേണ്ടുന്നവൻ  എന്ന നിലയിലാണ് എന്നത് എത്രത്തോളം വാസ്തവമോ,അതുപോലെ ആദാമിന്‍റെ സന്തതികളെല്ലാം അവരുടെ ഉത്തരവാദിത്തവും കടമയും നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന്‍ ദൈവവചനം ആവർത്തിച്ച് വ്യക്തമായി പ്രസ്താവിക്കുന്നുവെന്നതും, എല്ലാവരും കണക്കു കൊടുക്കേണ്ടവര്‍ എന്ന നിലയില്‍ ഒരുപോലെ പരാജയപ്പെട്ടു എന്ന്‍ പറയുന്നതും സത്യമാണ്. അതുകൊണ്ടാണ് ഒരു പാപിക്ക് തനിക്ക് സ്വയം ചെയ്യാൻ കഴിയാത്തത് ചെയ്യാൻ ദൈവത്തിന്‍റെ  സഹായം വേണ്ടിവരുന്നത്. “ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല” (റോമർ 8:8). പാപി ‘ബലഹീനനാണ്’ (റോമ. 5:6). കർത്താവിനെക്കൂടാതെ നമുക്ക് “ഒന്നും ചെയ്യാൻ കഴിയില്ല” (യോഹന്നാൻ 15:5).

 കേൾക്കുന്ന എല്ലാവർക്കും സുവിശേഷം ഒരു വിളിയും,  കല്പനയും നൽകപ്പെടുന്നു എന്നത് സത്യമാണെങ്കിലും, എല്ലാവരും ആ വിളിയെ അവഗണിക്കുകയും  ആ  കല്പന അനുസരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതും സത്യമാണ്. “... എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞു തുടങ്ങി” – ലൂക്കോസ് 14:18. ഇവിടെയാണ് പാപി ഏറ്റവും ഭയങ്കരമായ പാപം ചെയ്യുന്നത്. പാപി ദൈവത്തോടും അവന്‍റെ ക്രിസ്തുവിനോടും കടുത്ത ശത്രുത്വം പ്രകടിപ്പിക്കുന്നു; തന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു രക്ഷകനെ ദൈവം വാഗ്ദാനം ചെയ്യുമ്പോൾ, പാപി അവനെ ‘നിരസിക്കുകയും ത്യജിക്കുകയും ചെയ്യുന്നു’ (യെശയ്യാവ് 53:3).

ഇവിടെയാണ് പാപി താൻ എത്രമാത്രം തിരുത്താൻ കഴിയാത്ത ഒരു മത്സരിയാണെന്നും, നിത്യനരകത്തിന് താൻ എത്രത്തോളം അർഹനാണെന്നും തെളിയുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് ദൈവം തന്‍റെ അതുല്യമായ സര്‍വ്വാധികാര കൃപ പ്രകടമാക്കുന്നത്. ദൈവം താൻ തിരഞ്ഞെടുക്കുന്നവർക്ക് വേണ്ടി രക്ഷ ഒരുക്കുക മാത്രമല്ല, യഥാർത്ഥത്തിൽ ആ രക്ഷ അവർക്ക് അനുഗ്രഹിക്കുകയും ചെയ്യുന്നു.

എന്നാൽ, ഈ വിധത്തിൽ രക്ഷ അനുഗ്രഹിക്കപ്പെടുക എന്നതിനർത്ഥം രക്ഷ കർത്താവായ യേശുവിൽ മാത്രമേ ഉള്ളൂ എന്ന പരസ്യ പ്രഖ്യാപനം നടത്തുക മാത്രമല്ല; ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കാൻ പാപികൾക്കുള്ള  ക്ഷണം മാത്രവുമല്ല . അത് യഥാർത്ഥത്തിൽ ദൈവം തന്‍റെ  ജനത്തെ രക്ഷിക്കുന്നതാണ്. അത്, യാതൊരു യോഗ്യതയും ഇല്ലാത്ത, രക്ഷയിലേയ്ക്ക് ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാത്ത, മുന്നോട്ട് വയ്ക്കാൻ കഴിയാത്ത, സമ്പൂർണ്ണമായ അധഃപതനാവസ്ഥയിൽ  കഴിയുന്നവരിൽ തന്‍റെ  ശക്തമായ കൃപയുടെ പ്രവൃത്തി കാണിക്കുന്നതാണ്. യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവർ, ദൈവകൃപയ്ക്ക് അവർ ചിന്തിക്കുന്നതിലും വളരെ അധികം കടപ്പെട്ടിരിക്കുന്നു. തങ്ങളുടെ പാപങ്ങൾ നീക്കികളയുന്നതിന് ക്രിസ്തു മരിച്ചത് കൊണ്ട് മാത്രമല്ല, അവന്‍റെ പാപപരിഹാര മരണത്തിന്‍റെ ഗുണങ്ങൾ തങ്ങളിൽ പ്രയോഗിച്ച പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിനും അവർ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.

ശരിക്കും ഈ വിഷയത്തില്‍ പല ഉപദേഷ്ടാക്കന്മാരും സത്യം വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടു പോയി. ക്രിസ്തു പാപികളുടെ രക്ഷകനാണെന്ന് ഉറച്ചു പഠിപ്പിക്കുമ്പോൾ തന്നെ, നമ്മുടെ സമ്മതത്തോടെ മാത്രമാണ് അവൻ നമ്മുടെ രക്ഷകനായതെന്ന് അവർ പഠിപ്പിക്കുന്നു. പാപത്തെക്കുറിച്ചുള്ള ബോധ്യം വരുത്തുന്നത് പരിശുദ്ധാത്മാവിന്‍റെ  പ്രവൃത്തിയാണെന്നും, നമ്മുടെ നഷ്ടപ്പെട്ട അവസ്ഥയും ക്രിസ്തുവിന്‍റെ  ആവശ്യകതയും നമുക്ക് വെളിപ്പെടുത്തി തരാൻ അവനു മാത്രമേ കഴിയൂ എന്നും പറയുമ്പോൾ തന്നെ, രക്ഷയിൽ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് മനുഷ്യന്‍റെ സമ്മതമാണെന്ന് അവർ തറപ്പിച്ചു പറയുന്നു. എന്നാൽ വിശുദ്ധ തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്നത് 'രക്ഷ യഹോവയ്ക്കുള്ളതാകുന്നു' (സങ്കീർത്തനം 3:8), മറ്റാരും അതിൽ ഉൾപ്പെടുന്നില്ല  എന്നാണ്. ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നതല്ലാത്ത മറ്റൊന്നിനും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ‘ഒരു പാപി തന്‍റെ ഹൃദയത്തിൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ മാത്രമേ തനിക്ക് രക്ഷ വ്യക്തിപരമായി ആരോപിക്കപ്പെടുന്നുള്ളൂ’ എന്നത് സത്യമാണ്. എന്നാൽ ആ വിശ്വാസം അവനിൽ ഉളവാക്കുന്നതും പരിശുദ്ധാത്മാവാണ്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു” (എഫെസ്യർ 2:8).

ഇവിടെ കണ്ടെത്തേണ്ട ഗൗരവമേറിയ കാര്യങ്ങളിലൊന്ന്, പ്രാകൃത മനുഷ്യൻ ക്രിസ്തുവിൽ “വിശ്വസിക്കുന്നു”, എന്നാല്‍ അത് ഒരു രക്ഷാകരമായ വിശ്വാസമല്ല എന്നതാണ്. ബുദ്ധമതക്കാർ ബുദ്ധനിൽ വിശ്വസിക്കുന്നതുപോലെ, ക്രിസ്തീയ ലോകത്തിൽ നിരവധി ആളുകൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു. കൂടാതെ, ആ “വിശ്വാസം” വെറും ബൗദ്ധികം മാത്രമല്ല, ആ “വിശ്വാസം” പലപ്പോഴും അനുഭവങ്ങളോടു കൂടിയതും  വികാരങ്ങളെ ഉണർത്തുന്നതുമാണ്. വിതക്കാരന്‍റെ ഉപമയിൽ, ഒരു പ്രത്യേക കൂട്ടം ആളുകളെക്കുറിച്ച് കർത്താവ്,  “വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ ...” എന്ന് പറഞ്ഞിരിക്കുന്നു (മത്തായി 13:20).

ഇത് ഇന്നും സംഭവിക്കുന്ന ഗൗരവമായ ഒരു യാഥാർത്ഥ്യമാണ്. തിരുവെഴുത്ത് നമ്മോട് പറയുന്നത് ഹെരോദാവ് “യോഹന്നാന്‍റെ വാക്കുകൾ സന്തോഷത്തോടെ കേട്ടു” എന്നാണ്. അതുകൊണ്ട്, ഈ പേജുകൾ വായിക്കുന്ന വായനക്കാരാ, ഒരു വ്യക്തി ഒരു മഹാനായ സുവിശേഷകന്‍റെ പ്രസംഗം കേൾക്കുന്നു എന്നതുകൊണ്ട് മാത്രം അയാൾ വീണ്ടും ജനിച്ചിരിക്കുന്നു എന്നു പറയാൻ കഴിയില്ല. യോഹന്നാൻ സ്നാപകനെ കുറിച്ച് പരീശന്മാരോട് സംസാരിക്കുമ്പോൾ കർത്താവായ യേശു , "നിങ്ങൾ അല്പസമയത്തേക്ക് അവന്‍റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു." എന്ന് പറഞ്ഞു. എന്നിരുന്നാലും, അവിടെ അവരുടെ ഇടയിൽ  കൃപയുടെ ഒരു പ്രവൃത്തിയും നടന്നില്ലെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

എന്നാല്‍ ഇവയെല്ലാം തിരുവെഴുത്തുകളിൽ ഗുരുതരമായ മുന്നറിയിപ്പുകളായി രേഖപ്പെടുത്തിയിരിക്കുന്നു.

മുകളിൽ ഉദ്ധരിച്ച രണ്ട് ഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന കൃത്യമായ വാക്കുകൾ മനസ്സിൽ തട്ടുന്നതും, ഗൗരവമുള്ളതും ആണെന്ന് തിരിച്ചറിയാൻ കഴിയും. മർക്കോസ് 6:20-ൽ യോഹന്നാനെ അഭിസംബോധന ചെയ്തു കൊണ്ട് വ്യക്തിപരമായ സർവ്വനാമം ആവർത്തിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക, “യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും (ദൈവത്തെ ഭയപ്പെട്ടു എന്നല്ല) അവനെ കാത്തുകൊൾകയും ചെയ്തു; അവന്‍റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു”. യോഹന്നാന്‍റെ  വ്യക്തിത്വത്തിൽ ഹെരോദാവ് ആകൃഷ്ടനായി. ഇക്കാലത്ത് ഇത് എത്ര സത്യമാണ്! ഉപദേഷ്ടാവിന്‍റെ വ്യക്തിത്വത്തിന് ആളുകൾ എത്രത്തോളം ആകർഷിക്കപ്പെടുന്നു. അവർ പ്രസംഗകന്‍റെ ശൈലിയിൽ ആകൃഷ്ടരാകുകയും, ആത്മാക്കളെ നേടുന്ന വിഷയത്തിൽ ആത്മാർത്ഥത പുലർത്തുന്നതിൽ ആകര്‍ഷണീയരാകുകയും ചെയ്യുന്നു. എന്നാൽ അതിനപ്പുറം അവർക്ക് ഒന്നുമില്ലെങ്കിൽ, അവർ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണരുന്ന ഒരു ദിവസം വരും.

സത്യം പ്രസംഗിക്കുന്നവനെ സ്നേഹിക്കുക എന്നതിനല്ല, മറിച്ച് സത്യത്തെ  സ്നേഹിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ദൈവത്തിന്‍റെ യഥാർത്ഥ ജനങ്ങളും, അത്തരം പ്രസംഗകരുമായി എപ്പോഴും സഹവസിക്കുന്ന ‘മിശ്രജനങ്ങളും’ തമ്മിലുള്ള സാധാരണ വ്യത്യാസം ഇതാണ്.

യോഹന്നാൻ 5:35-ൽ ക്രിസ്തു പരീശന്മാരോട് യോഹന്നാൻ സ്നാപകനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “അവന്‍റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ  ഇച്ഛിച്ചു” (“സത്യമായ വെളിച്ചത്തിൽ” അല്ല, “അവന്‍റെ വെളിച്ചത്തിൽ”!) അതുപോലെ ഇന്നും, പലരും ദൈവവചനത്തിലെ രഹസ്യങ്ങളും അത്ഭുതങ്ങളും വ്യക്തമായി വിശദീകരിക്കുന്ന ശക്തനായ ഒരു ഉപദേഷ്ടാവിനെ കേൾക്കുമ്പോൾ, തങ്ങൾ  ഇരുട്ടിലാണെങ്കിൽ പോലും "അവന്‍റെ വെളിച്ചത്തിൽ" സന്തോഷിക്കുന്നു. കാരണം, അവർ ഒരിക്കലും വ്യക്തിപരമായി “പരിശുദ്ധനാൽ  അഭിഷേകം” സ്വീകരിച്ചിട്ടില്ല (1 യോഹന്നാൻ 2:20) എന്നതാണ്. "സത്യം വിശ്വസിക്കുന്നവർ" (2 തെസ്സലൊനീക്യർ 2:11) ദൈവിക കൃപയുടെ പ്രവർത്തി തങ്ങളിൽ നടന്നിട്ടുള്ളവരാണ്. തിരുവെഴുത്തുകളെക്കുറിച്ചുള്ള വ്യക്തമായ ബൗദ്ധിക ഗ്രാഹ്യത്തിനപ്പുറമാണ് അവര്‍ക്കുള്ള വിശ്വാസം: ആ തിരുവെഴുത്തുകൾ  അവര്‍ക്ക് സന്തോഷവും ഹൃദയങ്ങൾക്ക് ആനന്ദവും ഉളവാക്കുന്നവയായിട്ടാണ് ഇരിക്കുന്നത് (യിരെമ്യാവ് 15:16). അവർ സത്യത്തെ സ്നേഹിക്കുന്നതിനാൽ, വ്യാജത്തെ വെറുക്കുകയും അതിനെ ഒരു മാരക വിഷമായി പുറം തള്ളുകയും ചെയ്യും. അവർക്ക് വചനത്തിന്‍റെ  രചയിതാവിൽ താൽപ്പര്യമുള്ളതു കൊണ്ട്, അവനെ മാനിക്കാത്ത ഒരു ഉപദേഷ്ടാവിനേയും  അവർ ശ്രദ്ധിക്കില്ല. തന്‍റെ സ്വന്തം ഭാവി നിർണ്ണയിക്കുന്നവന്‍ എന്ന നിലയിൽ, മനുഷ്യനെ പരമോന്നത സ്ഥാനത്ത് നിർത്തുന്ന ഒരു പഠിപ്പിക്കലും അവർ സഹിക്കില്ല.

“യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ” (യെശയ്യാവ് 26:12).  യഥാർത്ഥമായ  ദൈവജനത്തിന്‍റെ മനസ്സും, നിഷ്കളങ്കമായ അവരുടെ ഏറ്റുപറച്ചിലും, ഇവിടെ നമുക്ക് കാണാം. “ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ” എന്ന വാക്കുകൾ ശ്രദ്ധിച്ചാലും. ഒരു യഥാർത്ഥ വിശ്വാസിയുടെ ഹൃദയത്തിൽ ദൈവകൃപയുടെ പ്രവർത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ സത്യം വെളിപ്പെടുത്തുന്നത്  ഈ ഒരു വാക്യഭാഗം മാത്രമല്ല. താഴെപ്പറയുന്നവയെക്കുറിച്ച്  ശ്രദ്ധാപൂർവ്വം ആലോചിക്കുക! “എങ്കിലും എന്‍റെ ജനനംമുതൽ എന്നെ വേർതിരിച്ച് തന്‍റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ…” (ഗലാത്യർ 1:15-16). “എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു” (എഫെസ്യർ 3:20), “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു” (ഫിലിപ്പിയർ 1:4), “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13). “എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും…” (എബ്രായർ 10:16).

“...സമാധാനത്തിന്‍റെ ദൈവം നിങ്ങളെ അവന്‍റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്ത്വം” (എബ്രായർ 13:20,21). മുകളിൽ പറഞ്ഞ ഏഴ് തിരുവെഴുത്തുകൾ  ദൈവ കൃപ നമ്മുടെ ഉള്ളിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കാണിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവ അനുഭവപരമായ രക്ഷയെ നിർവ്വചിക്കുന്നു.

“യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ” (യെശയ്യാവ് 26:12). പ്രിയ വായനക്കാരാ, ഈ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ടോ? നിങ്ങളുടെ പശ്ചാത്താപം പ്രാകൃത മനുഷ്യൻ ദുഃഖത്തോടെ പൊഴിക്കുന്ന  കണ്ണുനീർ പോലെയാണോ, അതോ അത് യഥാർത്ഥ ദുഃഖമാണോ? പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ കാണിച്ച ദൈവകൃപയാണോ അതിന്‍റെ ഉറവിടം? ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെറും ബുദ്ധിപരമാണോ? അവനുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾ അവനുവേണ്ടി ചെയ്ത ഏതെങ്കിലും പ്രവൃത്തിയുടെ ഫലമാണോ അതോ പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നിങ്ങൾ അവനുമായി ഐക്യപ്പെട്ടതിന്‍റെ ഫലമാണോ? ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം വെറുമൊരു ധാർമ്മിക അഭിമാനമാണോ, അതോ ദൈവം നിങ്ങളിൽ സൃഷ്ടിച്ച പൂർണ്ണമായ പുതുക്കത്തിൽ നിന്ന്‍ വന്നതാണോ? സങ്കീർത്തനക്കാരനോടൊപ്പം, “സ്വർഗത്തിൽ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല” (സങ്കീർത്തനങ്ങൾ 73:25), എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? നിങ്ങൾ ചെയ്യുന്ന പ്രവർത്തി യഥാർത്ഥമായ വിനയത്തോടും താഴ്മയോടും കൂടിയാണോ ചെയ്യുന്നത്? ‘ഞാൻ ഒന്നിനും കൊള്ളാത്തവനും ഉപയോഗശൂന്യനുമാണ്’ എന്ന് സ്വയം മുദ്രകുത്തുന്നത് വളരെ എളുപ്പമാണ്, പക്ഷേ നിങ്ങൾ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണ് എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടോ? “സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനാണെന്ന്” നിങ്ങൾ കരുതുന്നുണ്ടോ? പൗലോസും അങ്ങനെയാണ് കരുതിയത് (എഫെസ്യർ 3:11)! മറിച്ച്, ക്രിസ്ത്യാനികളായ എല്ലാവരേക്കാളും നിങ്ങൾ നിങ്ങളെ തന്നെ ഉയർത്തി കാണിക്കുകയും, തങ്ങളുടെ പരാജയങ്ങളെക്കുറിച്ച് വിലപിക്കുകയും, ബലഹീനതകൾ ഏറ്റുപറയുകയും, "അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!" (റോമർ 7:24) എന്ന് വിലപിക്കുകയും ചെയ്യുന്നവരെക്കാൾ  ശ്രേഷ്ഠനായി കണക്കാക്കുകയും ചെയ്യുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾ ഇപ്പോഴും ദൈവത്തിന് അപരിചിതനാണ്.

യഥാർത്ഥമായ ദൈവഭക്തിയും മതാചാരവും തമ്മിലുള്ള വ്യത്യാസം ഇതാണ്: ഒന്ന് ബാഹ്യവും മറ്റൊന്ന് ആന്തരികവുമാണ്. പരീശന്മാരോടുള്ള തന്‍റെ  അസംതൃപ്തി ക്രിസ്തു ഇപ്രകാരം പ്രകടിപ്പിച്ചു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു” (മത്തായി 23:25).

ശരീരത്തെ സംബന്ധിക്കുന്ന മതം വെറും ബാഹ്യമാണ്. ദൈവം ഹൃദയത്തെ ലക്ഷ്യം വയ്ക്കുകയും, ഹൃദയത്തോട് ഇടപെടുകയും ചെയ്യുന്നവനാണ്. ദൈവം തന്‍റെ ജനത്തെ ഉദ്ദേശിച്ച് ഇപ്രകാരം പറഞ്ഞു: “എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും…” (എബ്രായർ 10:16).

“യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ” മനുഷ്യന്‍റെ അഹങ്കാരത്തിന് അപമാനകരമാണ് ഈ വാക്കുകൾ! താന്‍ സ്വയംപര്യാപ്തതയുള്ളവനായി തനിക്ക് ആവശ്യമുള്ളതെല്ലാം സാധിച്ചെടുക്കാൻ  കഴിവുമുള്ളവനാണെന്ന  ചിന്ത സാർവത്രികമായി  മനുഷ്യർക്കിടയിൽ ഉണ്ട്. ലവൊദിക്യയിലെ സഭയിലുള്ളവരുടെ വാക്കുകളിൽ പറയുകയാണെങ്കിൽ: “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല…” (വെളിപ്പാട് 3:17). പക്ഷേ, ഇവിടെ നമ്മെ ശൂന്യരാക്കുകയും നമ്മുടെ അഭിമാനത്തെ തകർക്കുകയും ചെയ്യുന്ന  ഒരു കാര്യം ഉണ്ട്. ദൈവം തന്നെ നമ്മുടെ എല്ലാ പ്രവൃത്തികളെയും നമുക്കുവേണ്ടി സഫലമാക്കുന്നതു കൊണ്ട്, നമുക്ക് പ്രശംസിക്കാൻ ഒന്നുമില്ല. “നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?” (1 കൊരിന്ത്യർ 4:7).

ഇപ്രകാരം ആരിലാണ് ദൈവം തന്‍റെ  പ്രവർത്തി ചെയ്യുന്നത്? ദൈവത്തിന്‍റെ  വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ,  അവന്‍റെ തിരഞ്ഞെടുക്കപ്പെട്ട, വീണ്ടെടുക്കപ്പെട്ട ജനങ്ങള്‍; മാനുഷിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, അവന്‍റെ നോട്ടത്തിന് പോലും അർഹതയില്ലാത്തവര്‍; അയോഗ്യര്‍; അവന്‍റെ  വിശുദ്ധ കോപത്തെ ഉണർത്താൻ മടിക്കാത്തവര്‍; തങ്ങളുടെ ജീവിതത്തിൽ ദയനീയമായി പരാജയപ്പെട്ടവര്‍; ദുഷ്ടന്മാരും അധാർമികരുമായവര്‍. എങ്കിലും പാപം പെരുകിയയിടത്ത് കൃപ അത്യന്തം വർദ്ധിച്ചു, അവർ സ്വയം ചെയ്യാത്തതും ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങൾ അവർക്കുവേണ്ടി അത് ചെയ്തു.

എന്നാൽ ദൈവം തന്‍റെ ജനത്തിന്‍റെ ഇടയിൽ ചെയ്യുന്ന “പ്രവൃത്തി” എന്താണ്? അവൻ അവരുടെ എല്ലാ പ്രവൃത്തികളും ചെയ്യുന്നു. ഒന്നാമതായി, അവൻ അവരെ  ജീവിപ്പിക്കുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല (യോഹന്നാൻ 6:63). “…അവൻ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു” (യാക്കോബ് 1:18).

രണ്ടാമതായി, അവൻ അവർക്ക് മാനസാന്തരം നൽകുന്നു. “യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലംകൈയാൽ ഉയർത്തിയിരിക്കുന്നു” (അപ്പൊ. പ്രവൃത്തികൾ 5:31) “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ…”  (അപ്പൊ. പ്രവൃത്തികൾ 11:18;2 തിമോത്തി 2:24).  

മൂന്നാമതായി, അവൻ അവർക്ക് വിശ്വാസം ദാനമായി നൽകുന്നു: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു” (എഫെസ്യർ 2:8). “ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു” (കൊലൊസ്സ്യർ 2:12).

നാലാമതായി, അവൻ അവർക്ക് ആത്മീയ ഗ്രാഹ്യം അനുഗ്രഹിക്കുന്നു: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു…” (1 യോഹന്നാൻ 5:20).

അഞ്ചാമതായി, അവൻ നമ്മുടെ അദ്ധ്വാനങ്ങളെ വിജയിപ്പിക്കും: “…അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. (1 കൊരിന്ത്യർ 15:10).

ആറാമതായി, അവൻ നമ്മുടെ രക്ഷ ഉറപ്പാക്കുന്നു: “രക്ഷയ്ക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കുവേണ്ടി…” (1 പത്രൊസ് 1:4).

ഏഴാമതായി, അവൻ നമ്മെ ഫലം കായ്ക്കുന്നവരാക്കുന്നു: "എന്നിലൂടെ നിങ്ങൾക്ക് ഫലം ഉണ്ടാകും" (ഹോശേയ 14:8). (…Your fruit is found in me” (Hos.14:8) “ആത്മാവിന്‍റെ ഫലം” (ഗലാത്യർ. 5:22). തീർച്ചയായും, അവൻ നമുക്കു വേണ്ടി നമ്മുടെ പ്രവൃത്തികളെ സഫലമാക്കും.

എന്തുകൊണ്ടാണ് ദൈവം ഈ വിധത്തിൽ ‘നമ്മുടെ പക്ഷത്തു നിന്നു കൊണ്ട് നമ്മുടെ  പ്രവൃത്തികളെ സഫലമാക്കുന്നത്’? ഒന്നാമതായി, അവൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, നാം എന്നേയ്ക്കും നിത്യനരകത്തിൽ കിടക്കേണ്ടി വരുമായിരുന്നു (റോമ. 9:29). നാം “ബലഹീനരാണ്”, ദൈവത്തിന്‍റെ നീതി നിറവേറ്റാൻ കഴിയാത്തവരാണ്. എന്നിരുന്നാലും, ദൈവം തന്‍റെ  സർവ്വാധികാര കൃപയാൽ, നാം ചെയ്യേണ്ടതും സ്വയം ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങള്‍ നമ്മിൽ ചെയ്തിരിക്കുന്നു. രണ്ടാമതായി, എല്ലാ മഹത്വവും അവന് കിട്ടത്തക്കവണ്ണം ദൈവം തന്നെയാണ് ഇതെല്ലാം ചെയ്തത്. “ഞാൻ രോക്ഷമുള്ള ദൈവമാ” ണെന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവൻ തന്‍റെ മഹത്വം മറ്റാരുമായും പങ്കിടുന്നില്ല. ഈ വിധത്തിൽ അവന്‍ നമ്മുടെ സ്തുതി സ്വീകരിക്കുന്നു. ഇതിൽ നമുക്ക് അതിശയിക്കാൻ ഒരു കാരണവുമില്ല. മൂന്നാമതായി, നമ്മുടെ രക്ഷ ഫലപ്രദവും സുരക്ഷിതവുമാക്കുന്നതിനാണ് അവൻ ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ രക്ഷ നമുക്ക് തന്നെ വിട്ടുതന്നാൽ, അത് ഒരിക്കലും ഫലപ്രദമോ സുരക്ഷിതമോ ആകില്ല. താൻ  തൊടുന്നതെല്ലാം മനുഷ്യൻ നശിപ്പിക്കുന്നു. അവൻ തന്‍റെ എല്ലാ പരിശ്രമങ്ങളിലും പരാജയം അനുഭവിക്കുന്നു. എന്നാൽ ദൈവം താൻ ചെയ്യുന്നതെല്ലാം പൂര്‍ണ്ണവും ശാശ്വതവുമായി നടപ്പിലാക്കുന്നു: “ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നെ ഭയപ്പെടേണ്ടതിനു ദൈവം അതു ചെയ്തിരിക്കുന്നു” (സഭാപ്രസംഗി 3:14).

എന്നാൽ ദൈവം “എനിക്കുവേണ്ടി” എന്‍റെ എല്ലാ പ്രവർത്തികളും ചെയ്തുവെന്ന് എനിക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും? പ്രധാനമായും, അവയുടെ ഫലങ്ങൾ മൂലമാണ്. നിങ്ങൾ വീണ്ടും ജനിച്ചവനാണെങ്കിൽ , നിങ്ങളുടെ ഉള്ളിൽ ആ പുതിയ സ്വഭാവം ഉണ്ടാകും. ഈ പുതിയ സ്വഭാവം ആത്മീയമാണ്, അത് ജഡസ്വഭാവത്തിനും അതിന്‍റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വിരുദ്ധമാണ്. ഈ രണ്ട് സ്വഭാവങ്ങളും പരസ്പരം വിരുദ്ധമായതിനാൽ,  അവയ്ക്കു തമ്മിൽ നിരന്തരമായ പോരാട്ടമുണ്ട്. ഈ ആന്തരിക സംഘർഷം നിങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങളുടെ പശ്ചാത്താപം ദൈവത്തിൽ നിന്നാണെങ്കിൽ, നിങ്ങൾ നിങ്ങളെത്തന്നെ വെറുക്കും. നിങ്ങളുടെ പശ്ചാത്താപം ആത്മാർത്ഥവും, ആത്മീയവുമാണെങ്കിൽ, ദൈവം നിങ്ങളെ നരകത്തിൽ തള്ളികളഞ്ഞില്ലല്ലോ എന്ന് ഓർത്ത് ആശ്ചര്യപ്പെടും. നിങ്ങളുടെ മാനസാന്തരം ക്രിസ്തുവിന്‍റെ  ദാനമാണെങ്കിൽ, ദൈവത്തിന്‍റെ അത്ഭുതകരമായ കൃപയ്ക്കുപകരം നിങ്ങൾ ദിവസവും ചെയ്യുന്ന നികൃഷ്ടമായ കാര്യങ്ങളെ ഓർത്ത് ദുഃഖിക്കും. നിങ്ങള്‍  പാപത്തെ വെറുക്കും. നിങ്ങള്‍ ചെയ്ത അനവധിയായ അതിക്രമങ്ങൾ ഓർത്ത് ദൈവമുമ്പാകെ രഹസ്യമായി പശ്ചാത്തപിക്കും. രക്ഷിക്കപ്പെട്ട  ആദ്യ നാളുകളിൽ മാത്രമല്ല, ഇപ്പോഴും അത്  തന്നെ ചെയ്യും.

നിങ്ങളുടെ വിശ്വാസം ദൈവത്തിൽ നിന്നാണെന്നതിന്‍റെ തെളിവ് - പ്രകൃതി സംബന്ധമായ ഒന്നിലും ആശ്രയിക്കാൻ നിങ്ങൾ തയ്യാറാവില്ല; നിങ്ങള്‍ സ്വാഭിമാനത്തേയും സ്വയ നീതിയെയും ത്യജിക്കും; നിങ്ങള്‍ ചെയ്തു പോന്ന എല്ലാ കാര്യങ്ങളേയും   നിരസിക്കും. നിങ്ങളുടെ വിശ്വാസം "ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസം" (തീത്തോസ് 1:1) ആണെങ്കിൽ, ദൈവമുമ്പാകെ അംഗീകാരം കിട്ടുന്നതിന്, അടിസ്ഥാനമായി നിങ്ങൾ ക്രിസ്തുവിൽ മാത്രം ആശ്രയിക്കും. നിങ്ങളുടെ വിശ്വാസം ‘ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസം’ ആണെങ്കിൽ, നിങ്ങൾ ദൈവവചനത്തിൽ ആഴത്തിൽ വിശ്വസിക്കുകയും, സൗമ്യതയോടെ അതിനെ സ്വീകരിക്കുകയും, നിങ്ങളുടെ സ്വന്തം ചിന്തകളെ ക്രൂശിൽ തറയ്ക്കുകയും, അവൻ പറയുന്നതെല്ലാം ഒരു ശിശുവിനെ  പോലെ അംഗീകരിക്കുകയും  ചെയ്യും.

ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം ആത്മാവിന്‍റെ ദാനമാണെങ്കിൽ (ഗലാത്യർ 5:25), അതിനുള്ള തെളിവ്, നിങ്ങൾ അവന് പ്രീതികരമല്ലാത്ത കാര്യങ്ങൾ ഒഴിവാക്കുകയും എപ്പോഴും അവനെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നതിൽ മുഴുകുകയും ചെയ്യും; ഒറ്റ വാക്കിൽ പറഞ്ഞാൽ, നിങ്ങൾ അനുസരണയോടെ പ്രവർത്തിക്കും. ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം ഒരു "പുതിയ മനുഷ്യന്‍റെ" സ്നേഹമാണെങ്കിൽ, നിങ്ങൾ അവനുവേണ്ടി വാഞ്ഛിക്കുകയും എല്ലാറ്റിനുമുപരി അവനോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ക്രിസ്തുവിനു നിങ്ങളോടുള്ള അതേ സ്നേഹം നിങ്ങൾക്ക് അവനോടും ഉണ്ടെങ്കിൽ, അവർ എപ്പോഴും കർത്താവിന്‍റെ കൂടെയായിരിക്കതക്കവണ്ണം,  തന്‍റെ ജനത്തെ സ്വീകരിക്കാൻ അവൻ രണ്ടാമതും വരുമെന്ന്, അവന്‍റെ മഹത്വത്തിന്‍റെ പ്രത്യക്ഷതയ്ക്കായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും. പ്രിയ വായനക്കാരാ, നിങ്ങളുടെ ക്രിസ്തീയ ജീവിതം യഥാർത്ഥമാണോ അതോ വ്യാജമാണോ? നിങ്ങളുടെ പ്രത്യാശ ക്രിസ്തുവാകുന്ന പാറയിലാണോ അതോ മാനുഷിക  തീരുമാനങ്ങൾ, പരിശ്രമങ്ങൾ, നിർണ്ണയങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെയുള്ള  ചെളിയിലാണോ പണിതിരിക്കുന്നത്? - ചുരുക്കത്തിൽ, നിങ്ങള്‍ക്ക് രക്ഷ ലഭിച്ചത്"കർത്താവിനാലാണോ" അതോ നിങ്ങളുടെ വഞ്ചനാപരമായ ഹൃദയത്തിന്‍റെ വ്യർത്ഥമായ ഭാവനകളാലാണോ എന്ന് തിരിച്ചറിയാൻ ദൈവം നിങ്ങൾക്ക് കൃപ നൽകട്ടെ.

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.