ഇന്ന്, തെറ്റുകൾ തുറന്നുകാട്ടുന്നതും പേരുകൾ വെളിപ്പെടുത്തുന്നതും തെറ്റാണെന്ന് പലരും കരുതുന്നു. ലിബറൽ ചിന്താഗതിക്കാർ എപ്പോഴും അങ്ങനെ വിശ്വസിക്കുന്നവരാണ്, എന്നാൽ സമീപകാലത്ത് ബൈബിളിനോട് പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെടുന്ന സുവിശേഷവിഹിതരേയും കൃപാവരങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കരിസ്മാറ്റിക്കുകാരേയും ഇത് കൂടുതൽ ബാധിച്ചിട്ടുണ്ട്.
ബൈബിളിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന മൗലികവാദികൾ പോലും അടുത്തിടെ ഇതേ മാരകമായ തെറ്റായ ആശയം പ്രകടിപ്പിക്കുന്നത് നാം കാണുന്നു. ബൈബിൾ അനുസരിച്ച് തെറ്റുകൾ തുറന്നുകാട്ടുന്നതിൽ വിശ്വസ്തരായവർ ഇപ്പോൾ നിന്ദിക്കപ്പെടുന്നു. അവർ സ്നേഹമില്ലാത്തവരും ദയയില്ലാത്തവരുമാണെന്ന് വിമർശിക്കപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണ് പഠിപ്പിക്കുന്നതെന്ന് ഞാൻ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു.
1. ബൈബിളിന്‍റെ അടിസ്ഥാനത്തിൽ വിധിക്കുന്നത് ശരിയാണ്!
“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത് “(മത്തായി 7:1) എന്നത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വാക്യങ്ങളിൽ ഒന്നാണ്. ശരിയായ അർത്ഥം ശരിയായ നിലയിൽ മനസ്സിലാക്കാൻ തിരുവെഴുത്തുകളിലെ ഓരോ ഭാഗവും അതിന്‍റെ സന്ദർഭം അനുസരിച്ച് വായിക്കണം. അതേ അധ്യായത്തിലെ 2-5 വാക്യങ്ങൾ വായിക്കുമ്പോൾ, 1-ാം വാക്യത്തിൽ പരാമർശിച്ചിരിക്കുന്നത്, കപടമായി വിധിക്കുന്നതിനെക്കുറിച്ചാണെന്ന് വ്യക്തമാകും. സ്വന്തം കണ്ണിൽ കോലുള്ളവൻ കണ്ണിൽ കരടുള്ള സഹോദരനെ വിധിക്കരുത്. ഇവിടെ നാം പഠിക്കേണ്ട പാഠം വളരെ വ്യക്തമാണ് - നിങ്ങൾ പാപത്തിലായിരിക്കുകയും മറ്റുള്ളവരെ അതേ പാപത്തിന്‍റെ കാര്യത്തില്‍ വിധിക്കുകയും ചെയ്യരുത് എന്നാണ് ഈ വാക്യത്തിന്‍റെ അർത്ഥം.
തെറ്റുകൾ തുറന്നുകാട്ടുന്നവർ തെറ്റ് ചെയ്യുകയാണെന്നു പറയാൻ "നിങ്ങൾ വിധിക്കരുത്" എന്ന വാക്കുകളിൽ തൂങ്ങിക്കിടക്കുന്നവരോട് ആ അദ്ധ്യായം മുഴുവൻ വായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അതേ അദ്ധ്യായത്തിന്‍റെ പതിനഞ്ചാം വാക്യത്തിൽ യേശു, "കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ, അവർ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കൽ വരുന്നു" (മത്തായി 7:15) എന്ന് മുന്നറിയിപ്പ് നൽകി. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ വിധിക്കുന്നില്ലെങ്കിൽ കള്ളപ്രവാചകന്മാര്‍ ആരാണെന്ന് നമുക്ക് എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുക? അവരെ തിരിച്ചറിഞ്ഞതിനുശേഷം, ഈ "കടിച്ചുകീറുന്ന ചെന്നായ്ക്കളുടെ" കാര്യത്തിൽ ആടുകൾക്ക് മുന്നറിയിപ്പ് നൽകാതിരിക്കാൻ നമുക്ക് എങ്ങനെയാണ് കഴിയുക? അവരെ തിരിച്ചറിയുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട് എന്നതിന് തെളിവുകൾ ബൈബിളിലുടനീളം കാണാം.
“അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു (16,17 വാക്യങ്ങൾ). ഒരു വൃക്ഷത്തെ (വ്യക്തിയെ) അവരുടെ മതപരമായ സിദ്ധാന്തങ്ങളുടെയും ജീവിതഫലങ്ങളുടെയും അടിസ്ഥാനത്തിൽ വിധിക്കരുതെന്നാണോ കർത്താവ് ഇവിടെ അർത്ഥമാക്കുന്നത്? ഒരിക്കലുമല്ല. കാരണം, വിധിക്കാതെ നമുക്ക് അവരെ തിരിച്ചറിയാൻ കഴിയില്ല. എന്നാല്‍ ഇഷ്ടാനിഷ്ടങ്ങളുടെയോ വ്യക്തിപരമായ അഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തിലല്ല, ബൈബിൾ പഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിലായിരിക്കണം വിധിക്കേണ്ടത്.
“കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ” (യോഹന്നാൻ 7:24). “നീതിയുള്ള വിധി വിധിപ്പിൻ”. അതായത്, ദൈവവചനത്തെ അടിസ്ഥാനമാക്കി വിധിക്കാനാണ് കർത്താവ് ഇവിടെ നമ്മോട് കൽപ്പിക്കുന്നത്. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ മറ്റേതെങ്കിലും അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിധിക്കുന്നത് മത്തായി 7:1-ന്‍റെ ലംഘനമായിരിക്കും. വെബ്‌സ്റ്റേഴ്‌സ് നിഘണ്ടു പ്രകാരം, ജഡ്ജി എന്നാൽ “നിയമം പ്രഖ്യാപിക്കുന്നവൻ” എന്നാണ് അർത്ഥം. വിശ്വസ്തനായ ക്രിസ്ത്യാനി ദൈവശ്വാസീയമായ ന്യായപ്രമാണം അതായത്, ബൈബിളിനെ അടിസ്ഥാനമാക്കി വിവേചിക്കുകയും വിധിക്കുകയും ചെയ്യുന്നവനാണ്.
1 കൊരിന്ത്യർ 5:1-13-ൽ ദുർന്നടപ്പുകാരെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. പൗലോസ് അവരോടൊപ്പം ഇല്ലാതിരുന്നിട്ടും അവരെ “വിധിച്ചിരിക്കുന്നു”(വാക്യം 5), കൊരിന്ത്യ സഭയോട് അകത്തുള്ളവരെ “ന്യായം വിധിക്കണമെന്ന്” പറഞ്ഞിരിക്കുന്നു (വാക്യം 13). “വിധിക്കുന്നവർ” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം തന്നെയാണ് മത്തായി 7:1 ലും ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തിയോട് വിധിക്കാൻ പറയുകയോ സഭയോട് വിധിക്കാൻ പറയുകയോ ചെയ്യുമ്പോൾ “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്” എന്ന വാക്കുകൾ പൗലോസ് ലംഘിക്കുകയല്ല ചെയ്യുന്നത്. കാരണം ആ വിധിയെല്ലാം ദൈവവചനത്തിന് അനുസൃതമാണ്.
നന്മയും തിന്മയും വിവേചിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിക്ക് ആത്മീയ പക്വതയുടെ ഒരു പ്രധാന ലക്ഷണങ്ങളില്‍ ഒന്നെങ്കിലും ഉണ്ടായിരിക്കും. “കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളൂ” (എബ്രായർ 5:14). W. E. വൈനിന്‍റെ അഭിപ്രായത്തിൽ, വിവേചനം എന്ന വാക്കിന്‍റെ അർത്ഥം ‘പ്രത്യേകവും വ്യക്തവുമായ വിവേചനാധികാരം, വിവേചനം, വിധിപറയൽ’ എന്നൊക്കെയാണ്; 1 കൊരിന്ത്യർ 12:10-ൽ ഈ വാക്ക് ‘വിവേചനം’ എന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ വാക്യം ആത്മാക്കളുടെ വിവേചനത്തെയാണ് സൂചിപ്പിക്കുന്നത്, അതായത്, അവ ദുരാത്മാക്കളോ അതോ ദൈവത്തിൽ നിന്നുള്ളവയോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിക്കുന്നതാണ്. സ്ട്രോങ്ങും അതിന്‍റെ അർത്ഥം വിധിക്കുക എന്നാണെന്ന് സമ്മതിക്കുന്നുണ്ട്.
ഈ വിധത്തിൽ വ്യത്യാസം തിരിച്ചറിയാനും, നന്മയും തിന്മയും തമ്മിൽ വിധിക്കാനും ഇഷ്ടമില്ലാത്തവരും അതിന് കഴിവില്ലാത്തവരും ആയവർ അവരുടെ അനുസരണക്കേടിനേയോ പക്വതയില്ലായ്മയോ ആണ് കാണിക്കുന്നത്.
2. ദുരുപദേഷ്ടാക്കളെ തുറന്നു കാട്ടുന്നത് ശരിയാണ്!
പല വിശ്വാസികളും നിശബ്ദത പാലിക്കുന്നതിനാൽ, വ്യാജ ഉപദേഷ്ടാക്കന്മാർ തങ്ങളുടെ വിഷപൂരിതമായ ഉപദേശങ്ങൾ സ്വതന്ത്രമായി പ്രചരിപ്പിക്കുന്നു. ഇത് ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കൾക്ക് അനേകരെ നശിപ്പിക്കാനും, സഭയെ തകർക്കാനുള്ള അവസരമാണ് നൽകുന്നത്.
യോഹന്നാൻ സ്നാപകൻ പരീശന്മാരെയും സദൂക്യരെയും (തന്‍റെ കാലത്തുള്ള മതനേതാക്കൾ) "സർപ്പസന്തതികളേ" എന്ന് വിളിച്ചു (മത്തായി 3:7). അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, സ്നേഹമില്ലാത്തവനെന്നും ദയയില്ലാത്തവനെന്നും യഥാർത്ഥത്തിൽ താന്‍ ക്രിസ്ത്യാനിയേയല്ലെന്നും പറഞ്ഞു കൊണ്ട് അവനെ കുറ്റപ്പെടുത്തുമായിരുന്നു.
മതഭക്തരായ പരീശന്മാരോട്, കർത്താവായ യേശു, “സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്” (മത്തായി 12:34) എന്നാണ് പറഞ്ഞത്. ചില സുവിശേഷകർക്കും മൗലികവാദികൾക്കും ഇത് അനുചിതമായ ഭാഷയായി തോന്നിയേക്കാം, എന്നാല്‍ ഇത് ബൈബിൾ ഭാഷയാണ്; സാക്ഷാല്‍ പുത്രനായ ദൈവത്തിന്‍റെ വായിൽ നിന്നു തന്നെ വന്ന വാക്കുകളാണിത്.
വ്യാജ ഉപദേഷ്ടാക്കന്മാരെ മുഖാമുഖം നേരിട്ടുകൊണ്ട്, കർത്താവായ യേശു അവരെ “കപടഭക്തർ”, “കുരുടന്മാരായ വഴികാട്ടികൾ”, “വെള്ളതേച്ച ശവക്കല്ലറകൾ”, “സർപ്പസന്തതികൾ” എന്നൊക്കെ വിളിച്ചതായി നാം കാണുന്നു(മത്തായി 23:17,23-24,27). എന്നിരുന്നാലും പരീശന്മാരെപ്പോലെ, വ്യാജ ഉപദേശങ്ങൾ പുലർത്തുന്നവരുമായി സ്നേഹപൂർവ്വം സഹകരിക്കണമെന്ന് ഇന്ന് പലരും നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ബൈബിളിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കരുമായും മറ്റ് നാമധേയ വിഭാഗങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. അത്തരം വിട്ടുവീഴ്ചകൾ ചെയ്തവരെ വിമർശിക്കരുതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
തന്‍റെ ശുശ്രൂഷയുടെ തുടക്കത്തിൽ, “യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു” (യോഹന്നാൻ 2:13-16). ഇന്ന് നമ്മുടെ രക്ഷകനെ ദുരുപദേഷ്ടാക്കളോടു പോലും ദയയും സ്നേഹവും ഉള്ളവനായി ചിത്രീകരിക്കുന്നു, എന്നാൽ ഇത് പൂർണ്ണമായും തെറ്റാണ്. ദുരുപദേഷ്ടാക്കന്മാരെയും വ്യാജ പ്രവാചകന്മാരെയും കൈകാര്യം ചെയ്യുമ്പോൾ അവിടുത്തെ വാക്കുകൾ മൂർച്ചയുള്ളതും പ്രവൃത്തികൾ വ്യക്തവുമായിരുന്നു.
തന്‍റെ പരസ്യ ശുശ്രൂഷയുടെ അവസാനത്തിൽ, ഒരിക്കൽ കൂടി ദൈവാലയത്തെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്ന് ക്രിസ്തു കരുതി. തെറ്റായ സിദ്ധാന്തങ്ങളേയും ശീലങ്ങളേയും തുറന്നുകാട്ടുക എന്നത് ഒരിക്കലും അവസാനിക്കാത്ത ഉത്തരവാദിത്തമാണ്. പിന്നെ അവൻ, “എന്‍റെ ആലയം സകല ജാതികൾക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു” (മർക്കൊസ് 11:17). ഇന്നത്തെ സാഹചര്യങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമാണോ? കള്ളന്മാർ ദൈവത്തിന്‍റെ ഭവനത്തിൽ അതിക്രമിച്ചു കയറി, ദൈവജനത്തിൽ നിന്ന് ദൈവവചനം മോഷ്ടിച്ചു, അവരുടെ വളച്ചൊടിച്ച വചനം ഉപയോഗിച്ച് വ്യാപാരം നടത്തുന്നു. കള്ളന്മാരുടെ ഗുഹകളായി മാറിപ്പോയ ഈ സഭകൾ, ദൈവജനത്തിൽ നിന്ന് ‘വേർപെട്ടിരിക്കുക’, ‘വിശുദ്ധീകരിക്കപ്പെടുക’ തുടങ്ങിയ ഉപദേശങ്ങൾ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. അവ കവർന്നെടുത്തു കഴിഞ്ഞാൽ, ദൈവമക്കളും ലോകത്തിന്‍റെ മക്കളും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകില്ലല്ലോ! ഈ കള്ളന്മാരെ (ദുരുപദേഷ്ടാക്കളെ) തുറന്നുകാട്ടേണ്ടത് അത്യാവശ്യമല്ലേ?
ഇക്കാലത്ത്, ഈ വ്യാജ ഉപദേഷ്ടാക്കൾ അവരുടെ പുസ്തകങ്ങൾ, അറിവുകൾ, സിനിമകൾ, മനഃശാസ്ത്രം, സെമിനാറുകൾ എന്നിവയുമായി നമ്മുടെ സഭകളിലേക്ക് കടന്നുവന്ന് പിതാവിന്‍റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റുന്നു. ദൈവജനം എഴുന്നേറ്റ് അവരുടെ തെറ്റുകൾ എല്ലാവരും കാണ്‍കെ തുറന്നുകാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദുരുപദേശങ്ങൾ തുറന്നുകാട്ടണമെന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു.
A) നാം അവരെ പരിശോധിക്കണം.
“പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ” (1 യോഹന്നാൻ 4:1). ഓരോ പഠിപ്പിക്കലിനെയും ഓരോ ഉപദേഷ്ടാവിനെയും ബൈബിളിന്‍റെ വെളിച്ചത്തിൽ നാം പരിശോധിക്കണം. “ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല” (യെശയ്യാവ് 8:20). (ഉപയോഗത്തിലുള്ള ഭാഷാ വിവർത്തനം – നിയമവും ഉപദേശവും അന്വേഷിക്കുക! അവർ ഈ വചനം അനുസരിച്ച് സംസാരിക്കുന്നില്ലെങ്കിൽ, അവർക്ക് നേരം വെളുത്തിട്ടില്ല!). എല്ലാ സന്ദേശങ്ങളും, സന്ദേശവാഹകരും, ഉപദേശങ്ങളും ദൈവവചനത്താൽ വിലയിരുത്തപ്പെടണം. എഫെസൊസിലെ സഭ, “അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതിൽ…” (വെളിപ്പാട് 2:2) കർത്താവിൽ നിന്നു തന്നെ പ്രശംസ ലഭിച്ചതായി നാം കാണുന്നു. വ്യാജ ഉപദേഷ്ടാക്കന്മാരെ സഹിക്കുന്നത് ഒരിക്കലും ശരിയല്ല. ദൈവവചനമനുസരിച്ച് അവരെ പരീക്ഷിക്കുകയും തുറന്നുകാട്ടുകയും തന്നെ വേണം; എന്നിരുന്നാലും, ദൈവവചനത്തോട് അനുസരണക്കേട് കാണിക്കുന്നവർ എല്ലാ വിധത്തിലും ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും.
B) നാം അവരെ കണ്ടെത്തി അവരിൽ നിന്ന് ഒഴിഞ്ഞു പോകണം.
“സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ” (റോമർ 16:17). അവരെ കണ്ടെത്തി അവരിൽ നിന്ന് അകന്നു പോകണം. ഇതിനായി, ബൈബിളിന്‍റെ വെളിച്ചത്തിൽ വിവേചിക്കുകയും വിധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ആധുനിക സുവിശേഷ വിഹിതരും ഒത്തുതീർപ്പിന് വിധേയരാകുന്ന മൗലികവാദികളും വാദിക്കുന്നത് എല്ലാവരും ഒന്നാണെന്നാണ്; തിരുവെഴുത്തനുസരിച്ചുള്ള ഈ പഠിപ്പിക്കലിനെ അനുസരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവർ എതിർക്കുന്നു. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ നാം അവരെ (വ്യാജ ഉപദേഷ്ടാക്കളെ) വിധിക്കുന്നില്ലെങ്കിൽ അവരിൽ നിന്ന് അകന്നു മാറുക അസാധ്യമാണ്.
C) നാം അവരെ ശാസിക്കണം.
“യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക” (തീത്തൊസിന് 1:14). ഇത് തീത്തൊസിനാണ് എഴുതിയത്. കാരണം അവർ വീടുതോറും പോയി തെറ്റായ ഉപദേശങ്ങൾ ഉപയോഗിച്ച് കുടുംബങ്ങളെ അട്ടിമറിച്ചിരുന്നു (തീത്തോസ് 1:10-16). ഓറൽ റോബർട്ട്സ്, റോബർട്ട് ഷൂളർ, റോഡ്നി ഹോവാർഡ്-ബ്രൗൺ, പാറ്റ് റോബർട്ട്സൺ തുടങ്ങിയ അനേകര്‍ (തെലുഗു ക്രിസ്തീയ പശ്ചാത്തലത്തിൽ നിന്നുള്ള രഞ്ജിത്ത് ഓഫിർ, പി.ഡി. സുന്ദരറാവു, ശ്യാം കിഷോർ തുടങ്ങിയവര്‍) ഇന്ന് കുടുംബങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവർ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, വിശ്വാസികളെ അവരുടെ പഠിപ്പിക്കലുകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് വിശ്വാസികളെ ശാസിക്കാതെയും, മുന്നറിയിപ്പ് നൽകാതെയും നിശബ്ദത പാലിക്കുകയാണോ വേണ്ടത്? അല്ല. വിശ്വസ്തനായ ഒരു വേലക്കാരൻ, “പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം” (തീത്തൊസിന് 1:9).
D) നാം അവരുമായി കൂട്ടായ്മ ആചരിക്കരുത്.
“ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്” (എഫെസ്യർ 5:11). ‘നിഷേധിക്കുക’ എന്നാൽ എതിർക്കുക, വിലക്കുക, കുറ്റപ്പെടുത്തുക, ശാസിക്കുക, അപലപിക്കുക എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. നാം അവരെ ദൈവവചനപ്രകാരം പരീക്ഷിക്കുന്നില്ലെങ്കിൽ, നമുക്ക് എങ്ങനെയാണ് ഈ ആജ്ഞ അനുസരിക്കാൻ കഴിയുക?
E) നാം അവരിൽ നിന്ന് അകന്നു മാറണം.
“സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു” (2 തെസ്സലൊനീക്യർ 3:6) ആരുടെ ഉപദേശങ്ങളാണോ, പ്രവർത്തനങ്ങളാണോ വചനത്തിന് അനുസൃതമല്ലാത്തത് അവരിൽ നിന്ന് നാം അകന്നു നിൽക്കണം. പൗലോസ് ഇവിടെ അർത്ഥമാക്കുന്നത് പഥ്യോപദേശം (ശരിയായ ഉപദേശം) പാലിക്കുക എന്നതാണ് എന്ന് സന്ദർഭം നമ്മോട് വ്യക്തമായി പറയുന്നു. “ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ. എങ്കിലും ശത്രു എന്ന് വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്” (2 തെസ്സലൊനീക്യർ 3:14-15). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ആരോഗ്യകരമായ പഠിപ്പിക്കലിനും ദൈവഭക്തിക്കും യോജിക്കാത്ത വ്യത്യസ്തമായ ഒരു ഉപദേശം പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, “അവരിൽ നിന്ന് അകന്നു മാറണം” (1 തിമോത്തി 6:3-5) എന്ന് പൗലോസ് തിമോത്തിയോസിന് മുന്നറിയിപ്പ് നൽകുന്നു.
F) നാം അവരോട് വിമുഖത കാണിക്കണം.
അവസാന നാളുകളെക്കുറിച്ച് സംസാരിച്ചു കൊണ്ട് പൗലോസ് പറയുന്നു, “ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക”. കാരണം അത്തരം ആളുകൾ ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്തവരാണ്. (2 തിമൊഥെയൊസ് 3:5-7). അവർ ആരാണെന്ന് തിരിച്ചറിയാതെ നമുക്ക് എങ്ങനെയാണ് അവരെ വിട്ടൊഴിയാൻ സാധിക്കുന്നത്? എന്നാൽ അവരെ തിരിച്ചറിയാൻ, നാം അവരുടെ പഠിപ്പിക്കലിനെ ദൈവവചനവുമായി താരതമ്യം ചെയ്യണം. “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക” (2 തിമൊഥെയൊസ് 4:2). ഇതാണ് ഒരു യഥാർത്ഥ ഉപദേഷ്ടാവ് ചെയ്യേണ്ട ശുശ്രൂഷ. ഇത് പൊതുവെ പലരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത ഒരു ജോലിയാണ്; എന്നിരുന്നാലും അത് ചെയ്യുക എന്നതാണ് ദൈവത്താൽ വിളിക്കപ്പെട്ടവരുടെ ഉത്തരവാദിത്തം.
G) നാം അവരെ നമ്മുടെ വീടുകളിൽ കയറ്റരുത്.
“ഒരുത്തൻ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്. അവനു കുശലം പറയുന്നവൻ അവന്‍റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ” (2 യോഹന്നാൻ10,11). യോഹന്നാൻ ഇവിടെ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. “ക്രിസ്തുവിന്‍റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന” വരെയാണ് യോഹന്നാൻ ഇവിടെ ഉദ്ദേശിച്ചത്, (2 യോഹന്നാൻ 1:9). റേഡിയോ, ടിവി, എഴുത്തുകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ കള്ളപ്രവാചകന്മാർ ഇന്ന് പല ക്രിസ്തീയ ഭവനങ്ങളിലും നുഴഞ്ഞുകയറുകയാണ്. സഹോദരന്മാരേ, ഇത് ഉചിതമല്ല.
H) സഭയിൽ ഭിന്നത ഉളവാക്കുന്നവരെ (അഭിപ്രായ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നവരെ) നാം നിരസിക്കണം.
“സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിവാക്കുക” (തീത്തൊസ് 3:10). ക്രിസ്തുവിന്‍റെ രക്തത്തിലൂടെ മാത്രമാണ് വീണ്ടെടുപ്പ് എന്ന് അംഗീകരിക്കാത്തവരെ നാം തള്ളിക്കളയണം. ഇതിനെയോ, ദൈവവചനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഉപദേശത്തെയോ നിഷേധിക്കുന്ന ധാരാളം ആളുകളുണ്ട്. ബുദ്ധി പറഞ്ഞു കൊടുക്കുമ്പോൾ അവർ സ്വയം തിരുത്തുന്നില്ലെങ്കിൽ, നാം അവരെ ഒഴിവാക്കണം.
I) മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നവരെക്കുറിച്ച് നാം ജാഗ്രത പാലിക്കണം.
“മറ്റൊരു യേശുവിനെ...മറ്റൊരു ആത്മാവിനെയോ മറ്റൊരു സുവിശേഷത്തെയോ” പഠിപ്പിക്കുന്നവർക്കെതിരെ പൗലോസ് മുന്നറിയിപ്പ് നൽകി. (2 കൊരിന്ത്യർ 11:4). ദൈവവചനത്തെ അടിസ്ഥാനമാക്കി അവരുടെ യേശുവിനെയും അവരുടെ ആത്മാവിനെയും അവരുടെ സുവിശേഷത്തെയും വിധിക്കുന്നില്ലെങ്കിൽ നമുക്ക് അവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും? അവരെക്കുറിച്ച് പൗലോസ്, “ഇങ്ങനെയുള്ളവർ കള്ള അപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ” (2 കൊരിന്ത്യർ 11:13) എന്ന് പറഞ്ഞിരിക്കുന്നു. 14-15 വാക്യങ്ങളിൽ അവൻ അവരെ “സാത്താന്‍റെ ശുശ്രൂഷക്കാർ” എന്ന് വിളിച്ചു; ഇന്ന് ദൈവത്താൽ വിളിക്കപ്പെട്ടവരും സാത്താന്‍റെ ശുശ്രൂഷക്കാരെ തുറന്നുകാട്ടാനുള്ള ഉത്തരവാദിത്തത്തിൽ അതുപോലെ തന്നെ വിശ്വസ്തരായിരിക്കണം.
“ക്രിസ്തുവിന്‍റെ സുവിശേഷം വളച്ചൊടിക്കുന്നവരെക്കുറിച്ച്” പൗലോസ് ഗലാത്യർക്ക് മുന്നറിയിപ്പ് നൽകി. “എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ” (ഗലാത്യർ 1:6-9). ഇന്ന് പലരും വളച്ചൊടിക്കപ്പെട്ട സുവിശേഷം ആണ് പ്രസംഗിക്കുന്നത്. രക്ഷ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠിപ്പിക്കുന്നവർ വളച്ചൊടിക്കപ്പെട്ട സുവിശേഷമാണ് പഠിപ്പിക്കുന്നത്. കത്തോലിക്കർ, കരിസ്മാറ്റിക് വിഭാഗങ്ങൾ, നിരവധി സുവിശേഷ വിഭാഗങ്ങൾ, മൗലികവാദികൾ എന്നിവരുൾപ്പെടെയുള്ള പലരും ഈ മലിനമായ സുവിശേഷമാണ് പഠിപ്പിക്കുന്നത്. എങ്കിലും സുവിശേഷം പ്രസംഗിക്കുന്നതിലും ക്രിസ്തീയ ശുശ്രൂഷയിലും നാം അവരുമായി സഹകരിക്കണം പോലും! അത്തരം കള്ളപ്രവാചകന്മാരെ തുറന്നുകാട്ടുന്നതിൽ നാം പരാജയപ്പെട്ടാൽ, ക്രിസ്തുവിനെയും സുവിശേഷത്തെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.
J) നാം അവരിൽ നിന്ന് വേർപെട്ടു പോകണം.
“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു...” (2 കൊരിന്ത്യർ 6:17). വിശ്വാസത്യാഗികളിൽ നിന്നും ദുരുപദേശങ്ങളിൽ നിന്നും നാം പുറത്തുവരേണ്ടതുണ്ട്. ബൈബിളിൽ വിശ്വസിക്കുന്നവര്‍ക്ക് അത്തരം സഭകളിലോ ദേശീയ/അന്താരാഷ്ട്ര ഗ്രൂപ്പുകളിലോ അംഗമായിരിക്കുവാൻ കഴിയുമോ? മതഭ്രഷ്ടമായ ഒരു സഭയിൽ അവർക്ക് എങ്ങനെയാണ് ആയിരിക്കാൻ കഴിയുക? വിട്ടുവീഴ്ച ചെയ്യുന്ന സുവിശേഷകരുടെയും മൗലികവാദികൾ (orthodox) എന്ന് വിളിക്കപ്പെടുന്ന നാമധേയ സഭകളുടെയും ഇടയിൽ അവർക്ക് എങ്ങനെയാണ് ആയിരിപ്പാൻ കഴിയുക?
3. പേരോടു കൂടെ തുറന്നുകാട്ടുന്നത് ശരിയായ കാര്യമാണ്.
ദുരുപദേശത്തെ തുറന്നുകാട്ടുന്നതും ദുരുപദേഷ്ടാക്കളുടെ പേരുകൾ വെളിപ്പെടുത്തുന്നതും ശരിയായ കാര്യമല്ലെന്ന്‍ ഇന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ അനുസരിച്ച് നോക്കിയാല്‍, അവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
പത്രോസിന്‍റെ തെറ്റിനെ അവന്‍റെ പേരോടു കൂടെയാണ് പൗലോസ് തുറന്നുകാട്ടിയത്.
പത്രോസ് വചന വിരുദ്ധമായി പ്രവർത്തിച്ച് തെറ്റ് ചെയ്തു. “എന്നാൽ കേഫാവ് അന്ത്യൊക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്‍റെ അടുക്കൽനിന്നു ചിലർ വരുംമുമ്പേ അവൻ ജാതികളോടുകൂടെ തിന്നുപോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു. ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോകുവാൻ ഇടവന്നു. അവർ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നത് എന്ത്?” (ഗലാത്യർ 2:11-14). രക്ഷ ന്യായ പ്രമാണത്താലാണോ അതോ കൃപയാലാണോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് ഇവിടുത്തെ മുഴുവൻ സന്ദർഭവും ഉള്ളത്. സുവിശേഷത്തിന്‍റെ സത്യവും വിശുദ്ധിയും ഭീഷണിയിലാകുമ്പോൾ, അതിന് കാരണക്കാരായ വ്യാജ ഉപദേഷ്ടാക്കളെ തുറന്നുകാട്ടുകയല്ലാതെ നമുക്ക് മറ്റ് മാർഗ്ഗമില്ല.
ദേമാ ലോകത്തെ സ്നേഹിച്ചതുകൊണ്ട് പൗലോസ് അവന്‍റെ പേരു പറഞ്ഞു കൊണ്ടാണ് അവനെ തുറന്നുകാട്ടിയത്.
“ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ടു പോയി…” (2 തിമൊഥെയൊസ് 4:10). ലൗകികരായി ജീവിക്കാനായി ക്രിസ്തുവിനെ നിരസിക്കുന്നവരെ പേരു പറഞ്ഞ് തുറന്നുകാട്ടണം.
പൗലോസ് ഹുമനയോസിനെയും അലക്സന്തറിനെയും പേരെടുത്ത് പറഞ്ഞാണ് തുറന്നുകാട്ടിയത്.
“മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി. ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു, അവർ ദൂഷണം പറയാതിരിപ്പാൻ പഠിക്കേണ്ടതിനു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു” (1 തിമൊഥെയൊസ് 1:18-20). ദൈവത്തിന്‍റെ യഥാർത്ഥ ദാസന്മാർ നല്ല പോരാട്ടം നടത്തണം. വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് നൽകപ്പെട്ട ഉപദേശത്തിൽ നിന്ന് വ്യതിചലിച്ചുപോകുന്നവരെ പേരെടുത്ത് തുറന്നുകാട്ടണം. രക്ഷയെക്കുറിച്ചുള്ള വിശ്വാസത്തെക്കുറിച്ചല്ല, പ്രത്യുത ഉപദേശപരമായ വിശ്വാസത്തെക്കുറിച്ചാണ് പൗലോസ് ഇവിടെ ചർച്ച ചെയ്യുന്നത് (രക്ഷയെക്കുറിച്ച് നമ്മോട് പറയുന്ന സുവിശേഷ സിദ്ധാന്തത്തെയാണ് അദ്ദേഹം വിശ്വാസമെന്ന് വിളിക്കുന്നത്). വിശ്വാസത്തിന്‍റെ കാര്യത്തിൽ അവർ കപ്പല്‍ച്ചേതത്തിൽ അകപ്പെട്ടുപോയവരെപ്പോലെ നശിച്ചു പോയതു കൊണ്ട് പൗലോസ് അവരെ പേരോടുകൂടെ തുറന്നുകാട്ടി.
പൗലോസ് ഹുമനയോസിനെയും ഫിലേത്തൊസിനെയും പേരെടുത്ത് പറഞ്ഞാണ് തുറന്നുകാട്ടിയത്.
അവൻ തിമോത്തിയോസിന് എഴുതി കൊണ്ട് ഇങ്ങനെ പറഞ്ഞു, “സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്ക് അർബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്ന” (തിമൊഥെയൊസ് 2:15-18). തെറ്റായ ഉപദേശങ്ങൾക്ക് ചിലരുടെ വിശ്വാസത്തെ നശിപ്പിക്കാൻ കഴിയുമെന്നതിനാൽ, അത് പ്രസംഗിക്കുന്നവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തുറന്നുകാട്ടണം.
പൗലോസ് അലെക്സന്തർ എന്ന ചെമ്പുപണിക്കാരനെ പേരു പറഞ്ഞാണ് തുറന്നുകാട്ടിയത്.
“ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക” (2 തിമൊഥെയൊസ് 4:14-15). ഇത് വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് ഒരു സൈദ്ധാന്തിക പ്രശ്നമാണെന്നത് വ്യക്തമാണ്. പൗലോസിന്‍റെ വാക്കുകളെയും ഉപദേശങ്ങളെയും അലെക്സന്തർ എതിർത്തു. അവൻ സത്യത്തിന്‍റെ ശത്രുവാണ്. ദൈവഭക്തരായ ഇടയന്മാർ എല്ലാ ദിവസവും ഇതേ പ്രശ്നം നേരിടുന്നു. അവർ സഭയിൽ നിന്നുകൊണ്ട് സത്യം പ്രഖ്യാപിക്കുന്നു, അവരുടെ സഭാംഗങ്ങൾ അവരുടെ വീടുകളിൽ പോയി റേഡിയോ, ടിവി പ്രസംഗകർ അതേ സത്യത്തെ എതിർക്കുന്നത് കാണുന്നു. കള്ളപ്രവാചകന്മാർ പലപ്പോഴും അവരുടെ പ്രസിദ്ധീകരണങ്ങൾ യഥാർത്ഥ സഭകളിലെ അംഗങ്ങളുടെ വീടുകളിലേക്ക് അയയ്ക്കുന്നു. സഭാ ശുശ്രൂഷകൻ ഇതിനെക്കുറിച്ച് ഒന്നും പറയരുതെന്നാണ് പലരും വിശ്വസിക്കുന്നത്. ബൈബിൾ സത്യങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഒരു ഭീരു മാത്രമാണ് മൗനം പാലിക്കുന്നത്.
യോഹന്നാൻ ദിയൊത്രെഫേസിനെ പേരെടുത്തു പറഞ്ഞുകൊണ്ട് തുറന്നുകാട്ടി.
“സഭയ്ക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല” (3 യോഹന്നാൻ 9). അവൻ യോഹന്നാനെതിരെ എങ്ങനെയാണ് മോശം വാക്കുകൾ സംസാരിച്ചതെന്ന് വിശദീകരിച്ചു (വാക്യം 10). പിന്നീട് അദ്ദേഹം ഇങ്ങനെ എഴുതി, “പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല” (3 യോഹന്നാൻ 1:11). ദൈവവചനത്തിന് വിരുദ്ധമായ ഉപദേശങ്ങളും പെരുമാറ്റങ്ങളും ഉള്ളവരെ പേരെടുത്ത് തുറന്നുകാട്ടുന്നത് തെറ്റല്ല.
വ്യാജ പ്രവാചകന്മാരെ പേരെടുത്തു പറഞ്ഞു തുറന്നുകാട്ടിയ നിരവധി ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട്. തെറ്റുകൾ തുറന്നുകാട്ടാതിരിക്കാൻ ഇന്ന് പലരും ഉപയോഗിക്കുന്ന സ്നേഹം എന്ന ഒഴികഴിവ് യഥാർത്ഥത്തിൽ വചനപ്രകാരമുള്ള സ്നേഹം അല്ല; അത് വെറും വ്യാജ സ്നേഹമാണ്.
മോശെ ബിലെയാമിനെ പേരുൾപ്പെടെയാണ് തുറന്നുകാട്ടിയത്.
(സംഖ്യാപുസ്തകം 22-25 അധ്യായങ്ങൾ കാണുക) “ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു”, എന്ന് പത്രോസ് അവനെക്കുറിച്ചു തുറന്നുകാണിച്ചു. (2 പത്രോസ് 2:15,16). ടിവിയിൽ കാണുന്ന ചില കള്ളപ്രവാചകന്മാരെപ്പോലെ, ബിലെയാമും പണത്തിനു വേണ്ടി മാത്രമാണ് ഒരു പ്രവാചകനായിരുന്നത്. അവർ യാചിച്ചു കൊണ്ട് രാജാക്കന്മാരെപ്പോലെ ജീവിക്കുമ്പോൾ, നിഷ്കളങ്കരായ ആളുകൾ അവർ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അവർക്ക് അയച്ചു കൊടുക്കുന്നു. ഇത്തരം വിദ്വാന്മാരുടെ കാര്യത്തിൽ വായ് അടച്ചുവെക്കണമെന്നാണ് പലരുടെയും അഭിപ്രായം. ഇത്തരം കാര്യങ്ങളിൽ മൗനം പാലിച്ചുകൊണ്ട് നമുക്ക് എങ്ങനെ ദൈവത്തോട് വിശ്വസ്തരായിരിക്കാൻ കഴിയും?
ബിലെയാം ചെയ്ത തെറ്റിനെ യൂദാ തുറന്നുകാട്ടി. (യൂദാ11)
യോഹന്നാൻ ബിലെയാമിന്‍റെ വ്യാജ്യോപദേശത്തെ തുറന്നുകാട്ടിക്കൊണ്ട് ഇങ്ങനെ എഴുതി: “യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്” (വെളിപ്പാട് 2:14). ഇത് വേർപാട് ഉപദേശത്തിന്‍റെ അടിസ്ഥാനത്തെ നേരിട്ട് സ്പർശിക്കുന്നു (നാം എല്ലാത്തരം അസത്യങ്ങളിൽ നിന്നും നമ്മെത്തന്നെ വേർപെടുത്തണമെന്ന പഠിപ്പിക്കൽ). ബിലെയാം യിസ്രായേൽ മക്കളെ ശപിക്കുന്നതിന് കിട്ടുന്ന പ്രതിഫലം പ്രതീക്ഷിച്ചെങ്കിലും ഒരിക്കലും അവരെ ശപിച്ചില്ല. “യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി…. അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു” (സംഖ്യാപുസ്തകം 25:1-2). എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്? കാരണം, യിസ്രായേല്യരെ മോവാബ്യരിൽ നിന്ന് വേർതിരിക്കുന്ന തടസ്സം തകർക്കാൻ ബിലെയാം ബാലാക്കിനെ പഠിപ്പിച്ചു. വെളിപാട് 2:14 ലും സംഖ്യാപുസ്തകം 31:16 ലും ഇത് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ നമുക്കത് അറിയാം. ഈ പാപം ദൈവത്തിന്‍റെ ന്യായവിധിയിൽ 24,000 യിസ്രായേൽ പുരുഷന്മാർ മരിക്കുന്നതിനു വഴിതെളിച്ചു.
ദൈവജനത്തിനും വ്യാജമതത്തിനും ഇടയിലുള്ള മതിൽ വ്യാജോപദേഷ്ടാക്കൾ പൊളിച്ചുമാറ്റുകയാണ് ചെയ്യുന്നത്. വേർപാടിന്‍റെ ഉപദേശം ഇന്ന് വളരെ കുറച്ച് മാത്രമേ പഠിപ്പിക്കപ്പെടുന്നുള്ളൂ. മോവാബിലെ സ്ത്രീകളുമായി പരസംഗം ചെയ്യാൻ യിസ്രായേൽ പുരുഷന്മാരെ പ്രേരിപ്പിച്ചുകൊണ്ട് ബിലെയാം ‘വേർപാട്’ എന്ന സിദ്ധാന്തത്തിന് വ്യക്തിപരമായി പ്രഹരമേല്പിച്ചു; കൂടാതെ, അവൻ യിസ്രായേലിനെ ദേവതയെ ആരാധിക്കാൻ നിർബന്ധിക്കുകയും സാമൂഹികമായി ‘വേർപെട്ടുപോരുവിൻ’ എന്ന ഉപദേശത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് യിസ്രായേല്യരുടെ മേൽ ദൈവത്തിന്‍റെ ശാപം വരുത്തി വച്ചു. ’വ്യക്തിപരമായും സഭയായും വേർപെട്ടിരിക്കുക’ എന്ന പ്രമാണം നാം പാലിക്കാത്തിടത്തോളം കാലം നിലവിലെ ഈ സാഹചര്യം തുടരുകതന്നെ ചെയ്യും.
ചില ആളുകള്‍, അവരുടെ പേരുൾപ്പെടെ പറഞ്ഞു കൊണ്ട് തുറന്നുകാട്ടരുതാത്ത വിധത്തില്‍ മഹാന്മാരാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഉയർന്ന സ്ഥാനങ്ങളിലുള്ളവരെയും, വലിയ സഭകളിലെ പാസ്റ്റർമാരെയും, വലിയ പ്രേക്ഷകരുള്ള ടിവി, റേഡിയോ പ്രസംഗകരെയും വിമർശിക്കരുതെന്ന മനോഭാവം പലരിലും കാണുന്നു. തങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ, ബൈബിളിന് എത്ര വിരുദ്ധമാണെങ്കിലും, ഒരു പ്രശ്നവുമില്ല എന്ന മട്ടിലാണ് ചില ആളുകൾ പെരുമാറുന്നത്, എന്നാൽ സത്യത്തിന് അപ്പുറം മറ്റൊന്നും ഇല്ലെന്ന് നാം മനസ്സിലാക്കണം.
നാഥാൻ ദാവീദിനെ ശാസിച്ചു.
ഉന്നത സ്ഥാനത്തിരുന്ന ആ മനുഷ്യൻ രഹസ്യമായി വ്യഭിചാരം ചെയ്തു. രാജ്യത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ എളിമയുള്ള, അത്ര പ്രശസ്തനല്ലാത്ത ഒരു പ്രവാചകൻ ശാസിക്കുന്നത് സാധാരണ വിഷയമായിരുന്നില്ല. നാഥാൻ നേരിട്ട് ദാവീദിന്‍റെ സന്നിധിയിൽ ചെന്ന് ഒരു കഥയിലൂടെ അവന്‍റെ പാപം അവനോട് പറയുകയും, പിന്നീട് കോപാകുലനായ ദാവീദിനോട്, “ആ മനുഷ്യൻ നീ തന്നെയാണ്” (2 ശമുവേൽ 12:7). എന്ന് പറയുകയും ചെയ്തു.
ഹനാനി യെഹോശാഫാത്ത് രാജാവിനെ അവന്‍റെ പേര് ഉൾപ്പെടെ പറഞ്ഞു കൊണ്ടാണ് തുറന്നുകാട്ടിയത്.
യെഹോശാഫാത്ത് പല വിധത്തിലും നല്ല രാജാവായിരുന്നു; എന്നാൽ ആത്മീയമായി വേർപെട്ടിരിക്കുക എന്ന വിഷയത്തിൽ അവൻ തെറ്റ് ചെയ്തു. അവൻ തന്‍റെ മകനെ ദുഷ്ടനായ ആഹാബിന്‍റെ മകൾക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തു (2 ദിനവൃത്താന്തം 18:1; 21:1-6). അവൻ ആഹാബുമായി ഒരു സഖ്യം ഉണ്ടാക്കുകയും, അവനോടൊപ്പം റാമോത്ത്-ഗിലെയാദിലെ യുദ്ധത്തിന് പോകുകയും ചെയ്തു. കരിസ്മാറ്റിക്കാരോടും കത്തോലിക്കരോടും ചേർന്ന് പ്രവർത്തിക്കാൻ നിർബന്ധം പിടിക്കുന്നവരോട് ഒരു ചോദ്യം- “ദുഷ്ടനു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകയ്ക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ?” (2 ദിനവൃത്താന്തം 19:2).
അതെ, തെറ്റുകൾ തുറന്നുകാട്ടുന്നതും തെറ്റു ചെയ്യുന്നവരെ പേരെടുത്ത് പറഞ്ഞ് തുറന്നുകാട്ടുന്നതും ശരിയായ കാര്യമാണ്.
“വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടുന്നത്” ശരിയായ കാര്യമാണ് (യൂദാ 1:3). അത് ഒരിക്കലായിട്ട് ഭരമേല്പ്പിക്കപ്പട്ടതാണ്; അതിനുശേഷം ഒരിക്കലും അത് പരിഷ്കരക്കപ്പെട്ടിട്ടില്ല. നാം "നാശനകരമായ മതഭേദങ്ങളെ നുഴയിക്കുന്ന"(2 പത്രോസ് 2:1), കള്ളപ്രവാചകന്മാരെക്കുറിച്ചു ജാഗ്രത പാലിക്കുക. ദൈവത്തിന്‍റെ വിശ്വസ്ത ദാസന്മാർ ഇത്തരത്തിലുള്ള വിശ്വാസത്യാഗികളെ തുറന്നുകാട്ടുക തന്നെവേണം. അവരെ കുറിച്ച് ഒന്നു സൂചിപ്പിച്ചാൽ മാത്രം പോരാ. കാരണം കുഞ്ഞാടുകൾക്ക് ഒന്നും മനസ്സിലാകാത്തതു കൊണ്ട്, ചെന്നായ്ക്കൾ അവയെ നശിപ്പിച്ചുകളയും.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.