നീചന്‍ എന്ന ഈ തലക്കെട്ട് ചിലരെ ഈ ലേഖനം വായിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശരിയാണ്, ഇത് നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു പ്രസംഗം ആയിരിക്കയില്ല.
ഇത് നിങ്ങളുടെ സഭകളില്‍ പ്രസംഗിക്കുന്നത് വളരെ അപൂർവ്വമായിരിക്കാം. എന്നിരുന്നാലും ഇത് തിരുവചനാധിഷ്ഠിതമായ വിഷയമാണ്. വീണുപോയ മനുഷ്യൻ "നീചനാണ്". എത്ര നീചനാണെന്നു ചോദിച്ചാല്‍ ‘അവൻ പകുതി മൃഗവും പകുതി പിശാചു’മാണെന്ന് പറയാന്‍ സാധിക്കും. അത്തരമൊരു വിവരണം സത്യത്തെ മറികടക്കുന്നില്ല
“കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുകയും" (ഇയ്യോബ്.11:12) എന്നും “പിശാചിനാല്‍ പിടിക്കപ്പെട്ട് കുടുങ്ങിയവരാകയാല്‍” (2 തിമൊ.2:26) എന്നും നാം വായിക്കുന്നു. അയ്യോ, അത് വീണ്ടും ജനിക്കാത്ത അവസ്ഥയിലുള്ള മനുഷ്യന്‍റെ സ്ഥിതിയാണ്. എന്നാൽ വീണ്ടും ജനിച്ചവരുടെ കാര്യത്തില്‍ അത് ശരിയല്ല എന്ന് ഒരുപക്ഷേ നിങ്ങള്‍ മറുപടി നൽകുമായിരിക്കും. ഒരു വശത്ത് അത് ശരിയാണ്, മറുവശത്ത് അങ്ങനെയല്ല.
"ഞാൻ പൊട്ടനും, ഒന്നും അറിയാത്തവനും ആയിരുന്നു: നിന്‍റെ മുമ്പിൽ മൃഗം പോലെ ആയിരുന്നു."(സങ്കീ.73:22) എന്ന് സങ്കീർത്തനക്കാരൻ അംഗീകരിച്ചില്ലേ? താന്‍ പഠിക്കാന്‍ തയ്യാറാകാത്ത, അനുസരണമില്ലാത്ത ദൈവത്തിന്‍റെ പദ്ധതികളെ എതിർക്കുന്നവനായ, ഒരു വിശുദ്ധനായിട്ടല്ല മനുഷ്യനായിട്ടു പോലും പെരുമാറാത്തവനാണെന്ന് സ്വയം സമ്മതിക്കുന്നു. പിന്നെയും, "ഞാൻ സകല മനുഷ്യരിലും മൃഗപ്രായനത്രേ" (സദൃ.30:2) എന്ന് ആഗുർ ഏറ്റുപറയുന്നു. ശരിയാണ്, "പെന്തക്കോസ്ത്" അല്ലെങ്കിൽ "രണ്ടാമത്തെ അനുഗ്രഹം"ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരിൽ നിന്നോ, "വിജയകരമായ ജീവിതം"നയിക്കുന്നു വെന്ന് അഭിമാനിക്കുന്നവരിൽ നിന്നോ ഇതുപോലുള്ള വിലാപങ്ങൾ നാം ഒരിക്കലും കേൾക്കുന്നില്ല. എന്നാൽ ആരാണോ സ്വന്തം ഹൃദയത്തിലുള്ള ഘോരമായ വ്യാധിയെക്കുറിച്ച് മനസ്സിലാക്കി ദു:ഖിക്കുന്നത് അവരുടെ സ്ഥിതി ഈ വാക്കുകളില്‍ നമുക്ക് കാണാം. ക്രിസ്തുവിലുള്ള ഒരു പ്രിയ സഹോദരന്‍ എനിക്ക് അടുത്തിടെ ഒരു കത്തെഴുതികൊണ്ട്, തന്നില്‍ കീഴടങ്ങാന്‍ ഇഷ്ടമില്ലാത്ത ദുരഭിമാനത്തിന്‍റെയും ദുഷ്ടതയുടെയും തീവ്രത എത്ര വലിയതാണെന്ന് വച്ചാല്‍ ചിലപ്പോഴൊക്കെ ‘എന്‍റെ മുറിവുകൾ ദുർഗന്ധം വമിക്കുകയും ദ്രവിക്കുകയും ചെയ്യുന്നു എന്ന് ഞാൻ കരയേണ്ടതായി വരുന്നു’ എന്ന് പറയുകയുണ്ടായി. എന്നാല്‍ പ്രിയ വായനക്കാരാ, സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളും ഇങ്ങനെ സ്വീകരിക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച്, ഈ പുതിയ നിയമ യുഗത്തിൽ ജീവിക്കുന്ന നാം അവരെക്കാൾ വളരെ ഉയർന്ന നിലയിലാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? ഒരു പക്ഷെ ആളുകൾ നിങ്ങളോട് അങ്ങനെ പറഞ്ഞിട്ടുണ്ടാകാം, പക്ഷേ ദൈവവചനവും അങ്ങനെ പറയുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കിൽ, ഒരു പ്രമുഖ ക്രിസ്ത്യാനിയുടെ ഞരക്കം കേൾക്കൂ: "ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിൽക്കപ്പെട്ടവൻ തന്നെ".(റോമ.7:14) നിങ്ങൾക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലേ? എങ്കില്‍ ഞാന്‍ ആത്മാർത്ഥമായി നിങ്ങളെയോര്‍ത്ത് ഖേദിക്കുന്നു. വീണുപോയ മനുഷ്യന്‍റെ "പകുതി പിശാച്" എന്ന വിവരണത്തെ ഉറപ്പിച്ചുകൊണ്ട് വീണ്ടും ജനിച്ച പത്രോസിനോട് ക്രിസ്തു, "സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്ക് ഇടർച്ചയാകുന്നു"(മത്താ.16:23), എന്ന് പറഞ്ഞില്ലേ? നിങ്ങള്‍ക്കും എനിക്കും ഇങ്ങനെയുള്ള ശാസന അർഹിക്കുന്ന സമയങ്ങളില്ലേ? എന്നോട് സംസാരിക്കുമ്പോൾ, ഞാൻ ലജ്ജയോടെ തല കുനിച്ചു കൊണ്ട് അയ്യോ ഉണ്ട് എന്ന് സമ്മതിക്കുന്നു.
"ഞാന്‍ നിസ്സാരനാണ്” (I am vile) (ഇയ്യോബ്.40:4). ഹാബേലിനെ കൊന്നതിനു ശേഷം പശ്ചാത്തപിച്ച് കയീൻ പറഞ്ഞ വാക്കുകളോ രക്ഷകനായ ക്രിസ്തുവിനെ ശത്രുക്കളുടെ കൈകളിൽ ഏല്‍പ്പിച്ചതിനു ശേഷം യൂദാ പറഞ്ഞ വാക്കുകളോ അല്ല ഇത്. എന്നാല്‍ "അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ " (ഇയ്യോബ്.1:8) എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞ ഒരാളുടെ വിലാപമായിരുന്നു അത്. ഇയ്യോബിന്‍റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്‍റെ ഭയങ്കരമായ കഷ്ടപ്പാടുകൾ മൂലമുണ്ടായ തീവ്രമായ വിഷാദത്തിന്‍റെ ഫലമായിരുന്നോ? അല്ലെങ്കിൽ സ്വയം നിന്ദിക്കുന്ന തന്‍റെ ഈ ഭാഷാപ്രയോഗം ന്യായീകരിക്കാവുന്നതാണോ? അങ്ങനെയെങ്കില്‍ ഇന്നത്തെ ക്രിസ്ത്യാനികള്‍ അവയെ പ്രതിധ്വനിപ്പിക്കുന്നത് ശരിയായ കാര്യമാണോ? ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിക്കാൻ, മറ്റൊരു ചോദ്യം ചോദിക്കേണ്ടതുണ്ട്: ഇയ്യോബ് എപ്പോഴാണ്, "ഇതാ, ഞാൻ നീചനാണ്" (നിസ്സാരനാണ്) എന്നു പറഞ്ഞത്? തന്‍റെ കനത്ത നഷ്ടങ്ങളെക്കുറിച്ചുള്ള വാർത്ത ആദ്യമായി ലഭിച്ചപ്പോഴാണോ? അല്ല, കാരണം, അപ്പോൾ അവന്‍ "യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ". (ഇയ്യോബ്.1:21) എന്നാണ് മറുപടി പറഞ്ഞത്. അവന്‍റെ സുഹൃത്തുക്കൾ അവനോട് തര്‍ക്കിക്കുകയും അവനെ ശാസിക്കുകയും ചെയ്തപ്പോള്‍ പറഞ്ഞ വാക്കുകളാണോ? അല്ല, അപ്പോൾ അവൻ സ്വയം ന്യായീകരിക്കുകയും തന്‍റെ നന്മയെച്ചൊല്ലി പ്രശംസിക്കുകയും ചെയ്യുകയായിരുന്നു. പിന്നെ എപ്പോഴാണ് ഇയ്യോബ് "ഞാൻ നീചനാണ് " എന്ന് പ്രഖ്യാപിച്ചത്? കർത്താവ് തനിക്ക് പ്രത്യക്ഷപ്പെട്ട് അവന്‍റെ അത്ഭുതകരമായ പൂർണതകളെക്കുറിച്ച് ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നൽകിയപ്പോള്‍ താന്‍ പറഞ്ഞ വാക്കുകളാണിത്. എല്ലാറ്റിനെയും ശോധന ചെയ്യുന്ന നിഷ്കളങ്കമായ ദൈവത്തിന്‍റെ വിശുദ്ധിയുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് അവന്‍റെ മഹാശക്തിയെ മനസ്സിലാക്കിയ നിമിഷമുള്ള ഇയ്യോബിന്‍റെ വാക്കുകളായിരുന്നു അവ.
ഒരു വ്യക്തി ജീവനുള്ള ദൈവത്തിന്‍റെ സന്നിധിയിലേയ്ക്ക് യഥാർത്ഥത്തിൽ കൊണ്ടുവരപ്പെടുമ്പോള്‍, പ്രശംസ ഇല്ലാതാകുന്നു, അവന്‍റെ മുഖശോഭ ക്ഷയിച്ചു പോകുന്നു. (ദാനി.10:8) "എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു" (യെശ.6:5) എന്ന് നാം വിലപിക്കുകയും ചെയ്യുന്നു. ദൈവം തന്‍റെ അത്ഭുതകരമായ പൂർണതകള്‍ ഒരു വ്യക്തിക്ക് സ്വയമായി വെളിപ്പെടുത്തുമ്പോള്‍ ആ വ്യക്തിയ്ക്ക് തന്‍റെ ദയനീയ സ്ഥിതിയെക്കുറിച്ച് ബോധ്യപ്പെടുന്നു. എത്രത്തോളം നാം കർത്താവിന്‍റെ അനിര്‍വ്വചനീയമായ മഹത്വത്തെ ധ്യാനിക്കുന്നതില്‍ മുഴുകുന്നുവോ, അത്രത്തോളം നമ്മുടെ ആത്മസംതൃപ്തി വാടിപ്പോകുന്നു. "ദൈവത്തിന്‍റെ പ്രകാശത്തിൽ, അതിൽ മാത്രം ഞങ്ങൾ പ്രകാശം കാണുന്നു." (സങ്കീ.36:9) ദൈവം നമ്മുടെ മനസ്സിലും നമ്മുടെ ഹൃദയത്തിലും പ്രകാശിച്ചു ‘ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ’ വെളിച്ചത്ത് കൊണ്ടു വരുമ്പോള്‍ നമ്മുടെ സ്വഭാവത്തിന്‍റെ ദുഷ്ടത നാം ഗ്രഹിക്കുകയും അവ നമ്മുടെ ദൃഷ്ടിയിൽ വെറുപ്പുളവാക്കുന്നതാകുകയും ചെയ്യുന്നു. നമ്മുടെ സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നാം നമ്മെക്കുറിച്ച് വളരെ ഉയർന്ന നിലയില്‍ ചിന്തിക്കാൻ സാധ്യതയുണ്ട്(റോമ.12:3); എന്നാൽ ദൈവത്തിന്‍റെ സ്വഭാവത്തിന്‍റെ വിശുദ്ധമായ മാനദണ്ഡങ്ങൾ അനുസരിച്ച് നാം നമ്മെത്തന്നെ ഒത്തു നോക്കുമ്പോൾ, "പൊടിയും വെണ്ണീറുമായ ഞാന്‍" (ഉല്പ.18:27) എന്ന് നാം നിലവിളിക്കുന്നു. യഥാർത്ഥ മാനസാന്തരം ഒരു വ്യക്തിയെ, തന്നെക്കുറിച്ച് തനിക്കുള്ള അഭിപ്രായം മാറ്റാന്‍ സഹായിക്കുന്നു.
അങ്ങനെയെങ്കില്‍, ഇന്ന് ഒരു ക്രിസ്ത്യാനി "ഇതാ ഞാൻ നീചനാണ് ” എന്ന് പറയുന്നത് ശരിയായ കാര്യമാണോ? ക്രിസ്തുവില്‍ തനിക്കുള്ള നീതിയെ വിശ്വാസത്താല്‍ കാണുമ്പോള്‍ അല്ല, സ്വഭാവത്താൽ താൻ എന്താണെന്ന് വചനത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അധിക വിനയം പ്രദര്‍ശിപ്പിച്ച് താന്‍ വളരെ താഴ്മയുള്ളവനാണെന്ന പ്രശസ്തി നേടുന്നതിനു വേണ്ടിയല്ല, ഈ വാക്കുകള്‍ ഹൃദയപൂര്‍വമായ നമ്മുടെ സമര്‍പ്പണത്തില്‍ നിന്നും പറയുവാന്‍ സാധിക്കണം. പ്രത്യേകിച്ച് നാം പശ്ചാത്താപത്തോടെയും തകര്‍ന്നും നുറുങ്ങിയുമുള്ള ഹൃദയത്തോടെയും വരുമ്പോൾ ഉണ്ടാകുന്ന സമര്‍പ്പണമായിരിക്കണം അത്. അപ്പോസ്തലനായ പൗലോസ് പരസ്യമായി “അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ!" (റോമ.7:24) എന്ന് നിലവിളിച്ചതു പോലെ നാമും വിശ്വാസികളുടെ മുമ്പില്‍ സമ്മതിക്കേണ്ടതായിട്ടുണ്ട്. ദൈവം നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങൾ ഏറ്റുപറയുക (കർത്താവിനെ ഭയപ്പെടുന്നവരുടെ മുമ്പാകെ) എന്നത് നമ്മുടെ സാക്ഷ്യത്തിന്‍റെ ഭാഗമാണ്. "ഇതാ ഞാൻ നീചനാണ്" എന്നത് എഴുത്തുകാരന്‍റെ സത്യസന്ധവും ദുഃഖകരവുമായ കുറ്റസമ്മതമാണ്.
- എന്‍റെ ഭാവനകളിൽ ഞാൻ നീചനാണ്.
എന്‍റെ ഉള്ളിൽ മോഹങ്ങൾ തിളച്ചുമറിയുമ്പോൾ എന്തൊരു മാലിന്യമാണ് ഉപരിതലത്തിലേക്ക് ഉയരുന്നത്. "എന്‍റെ ഭാവനയുടെ അറകളിൽ" എന്തൊക്കെ വൃത്തികെട്ട ചിത്രങ്ങളാണ് കാണുന്നത്. എന്തെല്ലാം നിയമവിരുദ്ധമായ ആഗ്രഹങ്ങൾ ഉള്ളിൽ കലാപം നടത്തുന്നു. ദൈവത്തിന്‍റെ വിശുദ്ധകാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോഴും മനസ്സ് അലഞ്ഞു തിരിയുകയും ആലോചനകള്‍ ദുർഗന്ധപൂരിതമായ കാര്യങ്ങളിൽ മുഴുകുകയും ചെയ്യുന്നു. "അടി തൊട്ടു മുടി വരെ ഒരു സുഖവും ഇല്ല, മുറിവും ചതവും പഴുത്ത വ്രണവും മാത്രമേ ഉള്ളൂ "(യെശ.1:6) എന്ന് ദൈവ മുമ്പാകെ എഴുത്തുകാരന് എത്രയോ തവണ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. രാത്രിയിൽ ഞാന്‍ പാപത്തിന്‍റെയും മാലിന്യത്തിന്‍റെയും പരിഹാരത്തിനായി തുറന്നിട്ട ആ ഉറവയിൽ (സെഖ.13:1)നിന്ന് കുടിക്കുന്നു.
- എന്‍റെ സ്വന്ത ഇഷ്ടത്തിൽ ഞാൻ നീചനാണ്
ദൈവം എന്‍റെ പദ്ധതികളെ തകിടം മറിക്കുമ്പോള്‍ ഞാൻ എത്രമാത്രം വിഷമിക്കുന്നു. ദൈവത്തിന്‍റെ പദ്ധതികള്‍ എനിക്ക് അസംതൃപ്തി ഉണ്ടാക്കുമ്പോള്‍ എന്‍റെ ദുഷ്ട ഹൃദയത്തില്‍ മത്സരചിന്ത ഉയര്‍ന്നുവരുന്നു. കുശവന്‍റെ കൈയിലെ കളിമണ്ണു പോലെ ശാന്തമായി ഇരിക്കാതെ, കടിഞ്ഞാണിനാല്‍ നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടാതെ, പിന്നിലെ കാലില്‍ നിന്നുകൊണ്ട് ചവിട്ടുന്ന കഴുതക്കുട്ടിയെപ്പോലെ എത്രയോ തവണ ഞാന്‍ എന്‍റെ സ്വന്ത വഴികള്‍ തിരഞ്ഞെടുത്തിരിക്കുന്നു. അയ്യോ, അയ്യോ, സൗമ്യനും താഴ്മയുള്ളവനുമായ കർത്താവിങ്കല്‍ നിന്ന് ഞാൻ വളരെ കുറച്ചു മാത്രമേ പഠിച്ചിട്ടുള്ളൂ. ശരീരം ശുദ്ധീകരിക്കപ്പെടുന്നതിനു പകരം, അത് അഴുകിപ്പോകുന്നു; ആത്മാവിന്‍റെ മേല്‍ അതിന്‍റെ ശത്രുത്വം ദുർബലമാകുന്നതിന് പകരം, അത് ഓരോ വർഷവും കൂടുതൽ ശക്തമാകുന്നതായി കാണുന്നു. ഒരു പ്രാവിനുള്ളതുപോലെ ചിറകുകൾ എനിക്കുണ്ടായിരുന്നെങ്കിൽ, എന്നെത്തന്നെ വിട്ടു പറന്നുപോയി സമാധാനത്തോടെ കഴിയാമായിരുന്നു (സങ്കീര്‍ത്തനങ്ങള്‍ 55:6)
- എന്‍റെ കപട ഭക്തിയില്‍ ഞാൻ നീചനാണ്
എത്രയോ തവണ ഞാന്‍ ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിച്ച് (ഗലാത്തി 6:12) മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു! ആത്മീയ വിഷയത്തില്‍ പ്രശസ്തി നേടാനുള്ള ആഗ്രഹത്തില്‍ ഞാന്‍ എത്ര കാപട്യമുള്ളവനാണ്! എത്രയോ പ്രാവശ്യം സത്യത്തെ മറച്ചുവച്ചുകൊണ്ട് ഞാന്‍ വളരെ നല്ല വ്യക്തിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു! എന്തൊരു അഹങ്കാരവും സ്വയം നീതിയുമാണ് എന്നില്‍ ഉയര്‍ന്നിരിക്കുന്നത്! ദൈവത്തോട് പ്രാർത്ഥിക്കുന്നതിനു പകരം സഭയെ പ്രീതിപ്പെടുത്താൻ പ്രാർത്ഥിക്കുകയും ആത്മീയ ബന്ധനത്തിലായിരുന്നപ്പോഴും എനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് നടിക്കുകയും ഞാൻ മുമ്പ് അനുഭവിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ട് പ്രസംഗവേദികളില്‍ ഞാന്‍ എത്രയോ ആത്മാര്‍ത്ഥത ഇല്ലാതെയാണ് പെരുമാറിയത്! കുഷ്ഠരോഗിയുടെ സ്ഥാനം ഏറ്റെടുത്ത്, ചുണ്ടുകൾ മൂടി "അശുദ്ധൻ, അശുദ്ധൻ" എന്നു വിളിച്ചു പറയാൻ എന്നില്‍ വളരെയധികം കാരണങ്ങള്‍ ഞാന്‍ കാണുന്നു.
- എന്‍റെ അവിശ്വാസത്തിൽ ഞാൻ നീചനാണ്
സംശയങ്ങളും അവിശ്വാസവും എത്ര തവണ എനിക്ക് ഉണ്ടാകുന്നു! എത്ര തവണ ഞാൻ കർത്താവിൽ ആശ്രയിക്കുന്നതിനു പകരം എന്‍റെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുന്നു! ഞാന്‍ ചോദിക്കുന്ന കാര്യങ്ങൾ ലഭിക്കും എന്ന് വിശ്വസിക്കുന്നതിൽ (മർക്കൊ.11:24) എത്ര തവണ പരാജയപ്പെടുന്നു! പരീക്ഷയുടെ നിമിഷങ്ങളില്‍ പലപ്പോഴും കഴിഞ്ഞകാല വിടുതലുകൾ മറന്നുപോകുന്നു! പ്രശ്നങ്ങൾ വരുമ്പോൾ അദൃശ്യനായ ദൈവത്തിന്‍റെ മുഖത്തേയ്ക്ക് നോക്കുന്നതിനു പകരം, എന്‍റെ മുന്നിലുള്ള കഷ്ടങ്ങളെ നോക്കി ഞാന്‍ ഭാരപ്പെടുന്നു! ദൈവത്തിന് സകലവും സാധ്യമാണെന്ന് ഓർക്കുന്നതിനു പകരം, "ദൈവത്തിന് മരുഭൂമിയിൽ മേശ ഒരുക്കാൻ കഴിയുമോ.(സങ്കീ.78:19)?"എന്ന് ചിന്തിക്കാന്‍ എത്ര തവണ ഞാൻ തയ്യാറായിരിക്കുന്നു! ശരിയാണ്, എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. കാരണം പരിശുദ്ധാത്മാവ് കൃപയാല്‍ ജനിപ്പിച്ച വിശ്വാസത്തെ അവന്‍ വളര്‍ത്തിക്കൊണ്ടേയിരിക്കും, എന്നാല്‍ പരീക്ഷകള്‍ വരുമ്പോള്‍ അവന്‍ പ്രവര്‍ത്തിക്കാതെയിരുന്നാല്‍, എത്ര പ്രാവശ്യം "നിങ്ങൾക്ക് വിശ്വാസമില്ലാത്തത് എന്ത്?"(മർക്കോസ്.4:40) എന്ന് എന്‍റെ കര്‍ത്താവ് പറയാന്‍ ഞാന്‍ കാരണമായിരിക്കുന്നു?
പ്രിയ വായനക്കാരാ, മുകളിൽ പറഞ്ഞവയുമായി നിങ്ങളുടെ അനുഭവം എത്രത്തോളം പൊരുത്തപ്പെട്ടിരിക്കുന്നു ? "വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു."(സദൃ.27:19) എന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ രോഗബാധിതമായ ഹൃദയത്തിന്‍റെ ചില ലക്ഷണങ്ങൾ വിവരിക്കാന്‍ എനിക്ക് കഴിഞ്ഞോ? "ഇതാ ഞാൻ നീചനാണ്"എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ദൈവമുമ്പാകെ സമ്മതിച്ചിട്ടുണ്ടോ? നമ്മില്‍ താഴ്മ ഉളവാക്കുന്ന ഈ സത്യത്തെ ക്രിസ്തുവിലുള്ള നിങ്ങളുടെ സഹോദരീ സഹോദരന്മാരുടെ മുമ്പാകെ എപ്പോഴെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? അത് കേവലം വാക്കുകൾ കൊണ്ട് ഉച്ചരിക്കുന്നത് എളുപ്പമാണ്, എന്നാല്‍ വാസ്തവമായി നിങ്ങള്‍ അത് അനുഭവിച്ചിട്ടുണ്ടോ? ഈ സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് നിങ്ങളെ ‘ലജ്ജിപ്പിക്കുകയും’ (എസ്രാ.9:6) രഹസ്യത്തിൽ ദൈവസന്നിധിയില്‍ ഞരങ്ങുമാറാക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങള്‍ ഒരു നീചനാണ് എന്ന സങ്കടകരമായ തിരിച്ചറിവ് പരിശുദ്ധനായ ദൈവത്തെ സമീപിക്കാൻ നിങ്ങൾ യോഗ്യനല്ലെന്ന ചിന്ത നിങ്ങളില്‍ ഉളവാക്കുന്നുണ്ടോ? എങ്കിൽ:
- ദൈവത്തോട് നന്ദിയുള്ളവരായിരിപ്പാന്‍ നിങ്ങള്‍ക്ക് ഒരു വലിയ കാരണം ഉണ്ട്: നിങ്ങളുടെ ദീനസ്ഥിതി അല്പമെങ്കിലും പരിശുദ്ധാത്മാവ് നിങ്ങള്‍ക്കു കാണിച്ചുതന്നതിന്, നിങ്ങളുടെ നാശകരമായ പരിസ്ഥിതിയെക്കുറിച്ചുള്ള അജ്ജാനത്തിന് നിങ്ങളെ വിടാത്തതിന്, കോടിക്കണക്കിന് ക്രിസ്ത്യാനികളെ മൂടിയിരിക്കുന്ന ആത്മീയ അന്ധകാരത്തില്‍ നിങ്ങളെ ഉപേക്ഷിക്കാത്തത്തിന് ദൈവത്തോട് നിങ്ങള്‍ വളരെ നന്ദിയുള്ളവരായിരിക്കക്കണം.
സമുദ്രത്തോളം ദുഷ്ടത നിങ്ങളില്‍ കണ്ട്, ദുഃഖത്താല്‍ ഞരങ്ങുന്ന എന്‍റെ സഹോദരാ, വിശുദ്ധമായ കര്‍ത്താവിന്‍റെ നാമത്തെ മലിനമായ നിന്‍റെ നാവു കൊണ്ട് ഉച്ഛരിക്കാന്‍ പോലും യോഗ്യതയില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയിടുണ്ടോ? എങ്കില്‍ "അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല, നാണം അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും. അവരുടെ ദർശനകാലത്ത് അവർ ഇടറി വീഴും."(യിരെ.8:12) എന്ന് എഴുതപ്പെട്ടിരിക്കുന്ന സ്വയനീതിക്കാരില്‍ ഒരാളല്ല നിങ്ങളും എന്നതിന് ദൈവത്തോട് വളരെ നന്ദിയുള്ളവനായിരിക്കണം. പാപത്താല്‍ അന്ധമായ നിന്‍റെ കണ്ണുകളെ സര്‍വ്വകൃപാലുവായ ദൈവം അഭിഷേകം ചെയ്തതിനും, ഇപ്പോൾ നിങ്ങളുടെ വികൃതമായ അവസ്ഥയെ ദൈവത്തിന്‍റെ ദൃഷ്ടിയിലൂടെ അല്പമെങ്കിലും കണ്ടുകൊണ്ടു "ഞാൻ കറുത്തവൾ എങ്കിലും" (ഉത്തമ ഗീതം.1:5) എന്ന് ആശ്വസിക്കാനും അവകാശം ലഭിച്ചത് ദൈവത്തെ സ്തുതിക്കുവാനുള്ള വലിയൊരു കാരണമാണ്.
- ദൈവമുമ്പാകെ സൗമ്യമായി നടക്കാൻ നിങ്ങൾക്ക് ഒരു വലിയ കാരണമുണ്ട്: നിങ്ങളുടെ നീചത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് അവന്‍റെ സന്നിധിയില്‍ യഥാർത്ഥമായ താഴ്മയോടെ, "ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ!" എന്ന് മാറിലടിച്ച് നിലവിളിക്കത്തക്കവണ്ണം നിങ്ങളെ നയിച്ചിട്ടുണ്ടോ? അതെ, അത്തരമൊരു പ്രാർത്ഥന വിശ്വാസത്തില്‍ വളര്‍ന്ന ഏതൊരു വ്യക്തിക്കും അവന്‍ തന്‍റെ വീണുപോയ അവസ്ഥ ആദ്യം മനസ്സിലാക്കുമ്പോള്‍ എത്ര മതിയായതാണോ ഇപ്പോഴും അത്രതന്നെ മതിയായതാണ്. കാരണം, അവൻ ആരംഭിച്ചതുപോലെ തന്നെ തുടരേണ്ടതുണ്ട്(കൊലൊ.2:6; വെളി.2:5). പക്ഷേ കഷ്ടം, നമ്മുടെ നീചത്വത്തെക്കുറിച്ചുള്ള ചിന്ത എത്ര പെട്ടെന്നാണ് നമ്മെ വിട്ടു പോകുന്നത്! എത്ര തവണയാണ് അഹങ്കാരം നമ്മെ കീഴടക്കുന്നത്! അതുകൊണ്ടാണ് നമുക്ക് "നിങ്ങളെ വെട്ടിയെടുത്ത പാറയിലേയ്ക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍" (യെശ.51:1) എന്ന കല്‍പ്പന നല്‍കപ്പെട്ടത്. ദൈവമുമ്പാകെ താഴ്മയോടെ നടക്കുന്ന വിധത്തില്‍ നിങ്ങളുടെ നീചത്വം നിങ്ങള്‍ക്ക് കാണിച്ചുതരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
- ത്രീയേക ദൈവത്തിനുള്ള ഉല്‍കൃഷ്ടമായ സ്നേഹത്തിൽ നിങ്ങൾ അത്ഭുതപ്പെടാൻ ഒരു വലിയ കാരണമുണ്ട്: ദൈവീക ത്രിത്വത്തിലുള്ള മൂന്ന് വ്യക്തികളും ഇങ്ങനെയൊരു നീചനിൽ മനസ്സുപതിപ്പിച്ചിരിക്കുന്നു എന്നത് തീർച്ചയായും എല്ലാ അത്ഭുതങ്ങളിലും വച്ച് ഏറ്റവും വലിയ അത്ഭുതമാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നിങ്ങൾ ചെയ്യാന്‍ പോകുന്ന ഓരോ പാപത്തേയും മുന്‍കൂട്ടി അറിയുന്ന പിതാവായ ദൈവം "നിതൃസ്നേഹത്തോടെ" നിങ്ങളെ സ്നേഹിച്ചു” എന്ന സത്യം നിങ്ങളെ അത്ഭുതപ്പെടുത്തേണ്ടതാണ്. ദുര്‍മ്മാര്‍ഗ്ഗവും ദോഷവും നിറഞ്ഞ നിങ്ങളെപ്പോലെ ഒരുവനെ വീണ്ടെടുക്കാന്‍ തന്‍റെ മഹിമാവസ്ത്രങ്ങള്‍ മാറ്റിവച്ച് പാപശരീരം സ്വീകരിച്ചു എന്നത് “സകല ജ്ഞാനത്തിനും അതീതമായ സ്നേഹമാണ്”. ഇത്ര നീചനായ ഒരുവന്‍റെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കുക എന്നത് “പാപം പെരുകിയേടത്ത് കൃപയും അത്യന്തം വര്‍ദ്ധിച്ചു" എന്ന സത്യത്തെ സ്ഥിരീകരിക്കുന്നു. “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ." (വെളി.1:6)
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.