ദൈവം

രചയിതാവ്.: ജോൺ ജി. റൈസിംഗർ
വിവർത്തനം: എൻ ഷൈനി & ഷിബു ബാബു

ഉള്ളടക്കം
  1. ആമുഖം
  2. ആമുഖം

സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേൻ” (റോമർ 11:36).

ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനം സംബന്ധിച്ച് ആറ് അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. അവ ദൈവവചനത്തിലുടനീളം കാണപ്പെടുകയും അതിൽ അടങ്ങിയിരിക്കുന്ന രക്ഷയുടെ സന്ദേശവുമായി  ഇഴചേർന്നിരിക്കുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചും, അവന്‍റെ കൃപയാലുള്ള സർവ്വാധികാരത്തെക്കുറിച്ചും, ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട ദൈവശാസ്ത്രത്തെക്കുറിച്ചും വചനപ്രകാരം മനസ്സിലാക്കുന്നതിന് ഈ ആറ് പ്രമാണങ്ങളും  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രമാണങ്ങൾ മനസ്സിലാക്കുകയും  ഈ സത്യങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിലുള്ള  യഥാർത്ഥ സന്തോഷത്തിലേക്ക് നയിക്കുന്ന  വചന പ്രകാരമുള്ള പ്രത്യാശയുടെ അടിസ്ഥാനം. ഈ ആറ് ബൈബിൾ പ്രമാണങ്ങൾ  നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഇന്നത്തെ ഭ്രാന്തമായ ലോകത്ത് ജീവിക്കുമ്പോൾ സുരക്ഷിതത്വവും ഉറപ്പും ഉള്ളവരായിരിക്കാൻ പ്രയാസമാണ്.

ദൈവവചനത്തിലെ പ്രത്യാശയുടെയും കൃപയുടെയും സന്ദേശം ഗ്രഹിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ, അതോ അതെല്ലാം അർത്ഥവത്തായ രീതിയിൽ രൂപപ്പെടുത്തുന്നത്  പ്രയാസമുള്ളതായിട്ട് തോന്നുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന ജീവിത സാഹചര്യങ്ങൾക്കും ബൈബിളിലെ സത്യങ്ങൾക്കും തമ്മിൽ ബന്ധം ഉണ്ടെന്ന്  നിങ്ങൾ കാണുന്നുണ്ടോ, അതോ വചനത്തിലെ പ്രമാണങ്ങൾ  നിങ്ങളുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾക്ക് അപ്രസക്തമായി തോന്നുന്നുണ്ടോ? ഈ രണ്ട് മേഖലകളിലും നിങ്ങൾക്ക് വ്യക്തമായ സഹായം നൽകുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ചെറിയ പുസ്തകം എഴുതുന്നത്. ബൈബിൾ യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്നും അതിന്‍റെ അർത്ഥമെന്താണെന്നും മനസ്സിലാക്കാനും ആ സന്ദേശം യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ പ്രായോഗികമാക്കാനും നിങ്ങളെ സഹായിക്കുക എന്നതാണ് ഈ പുസ്‌തകത്തിന്‍റെ ലക്ഷ്യം.

‘ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനം’ എന്ന സിദ്ധാന്തത്തിലെ ആറ് അടിസ്ഥാന പ്രമാണങ്ങൾ താഴെ പറയുന്ന വിധത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

  1. ഈ ലോകത്തെക്കുറിച്ച് ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയും ഉദ്ദേശ്യവുമുണ്ട്. (ഇയ്യോബ് 23:13; എഫെസ്യർ 1:8-12).
  2. ദൈവം എപ്പോഴും എല്ലാറ്റിന്‍റെയും നിയന്ത്രണം തന്‍റെ കയ്യിൽ വച്ചു കൊണ്ട്, തന്‍റെ പദ്ധതി നിറവേറ്റുന്നതിനായി അവൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. (ഹബക്കൂക്ക് 1:1-11; യെശയ്യാവ് 10:5,6).
  3. ദൈവം തന്‍റെ പദ്ധതി നിറവേറ്റുന്നതിനായി എല്ലാവരെയും നിയന്ത്രിക്കുകയും,  ഒടുവിൽ സാത്താനെയും തന്‍റെ നിയന്ത്രണത്തിൽ വയ്ക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്നു  (യെശയ്യാവ് 10:7-11; സങ്കീർത്തനം 76:10).
  4. ദൈവം തന്‍റെ ഇഷ്ടം നിറവേറ്റാൻ ഉപയോഗിക്കുന്നവർ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചാൽ അവരെ ശിക്ഷിക്കുന്നു  (യെശയ്യാവ് 10:12-16; പ്രവൃത്തികൾ 2:23,24; മത്തായി 27:15-26).
  5. എല്ലാം ദൈവത്തിൽ നിന്നാണ് ഉളവാകുന്നത്, എന്നാൽ എല്ലാ തിന്മ യുടെയും ഉറവിടം ദൂഷകനായ സാത്താൻ ആണ്. (2 ശമു. 24:1; 1 ദിന. 21:1).
  6. രോഗങ്ങളും കഷ്ടപ്പാടുകളും ദൈവഹിതത്തിന്‍റെ ഭാഗവും അവന്‍റെ നിയന്ത്രണത്തിലുമാണെങ്കിലും, എല്ലാ രോഗങ്ങളെയും കഷ്ടപ്പാടുകളെയും പാപത്തിനുള്ള ശിക്ഷയായി കാണേണ്ടതില്ല. (ഇയ്യോബ് 1:1; ഇയ്യോബ് 1:6 – 2:10; ഇയ്യോബ് 13:15).

ഈ ആറ് പ്രമാണങ്ങൾ പരിശോധിക്കുന്നതിനുമുമ്പ്, നിങ്ങളെ ഒരുക്കുന്നതിനുള്ള ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഇത് തിരുവെഴുത്തുകളെക്കുറിച്ചുള്ള നിങ്ങളുടെ പ്രാഥമിക അറിവ് പരിശോധിക്കുക മാത്രമല്ല, യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ അവയെ പ്രയോഗിക്കാനുള്ള നിങ്ങളുടെ കഴിവിനെ അളക്കുകയും ചെയ്യും. എന്തിനെക്കുറിച്ചും കാര്യമായി ആലോചിക്കുന്നത്, പ്രത്യേകിച്ച് പുതിയ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്, നമുക്ക് അത്ര രസകരമായിരിക്കില്ല. വണ്ടിച്ചക്രത്തിലെ അഴികൾ പോലെ ഒരേ മണ്ഡലത്തിന് ചുറ്റും നമ്മൾ കറങ്ങുന്നുതുകൊണ്ട്, നിങ്ങളെ യഥാര്‍ത്ഥത്തില്‍ ചിന്തിപ്പിക്കുക എന്നതാണ് എന്‍റെ ആഗ്രഹം.

അടുത്ത ഞായറാഴ്ച രാവിലെ നിങ്ങള്‍ താടി  തടവിക്കൊണ്ട് വാർത്ത വായിക്കുന്നത്   കേട്ടുകൊണ്ടിരിക്കുകയാണന്ന് കരുതുക, വാർത്ത  വായിക്കുന്ന ആൾ, തലേദിവസം  ‘എല്ലാ വേശ്യാലയങ്ങളും, എല്ലാ ചൂതാട്ട കേന്ദ്രങ്ങളും, പാപത്തിന്‍റെ കേന്ദ്രങ്ങളായിരുന്ന എല്ലാ കെട്ടിടങ്ങളും വിചിത്രമായ രീതിയിൽ തകർക്കപ്പെട്ടെന്നും, പൂർണ്ണമായും നശിപ്പിക്കപ്പെട്ടെന്നും പറഞ്ഞു എന്ന് കരുതുക. അത് കേൾക്കുമ്പോൾ, നിങ്ങൾ ഒരുപക്ഷേ, ‘ദൈവത്തിന് സ്തുതി’ എന്ന് പറയുമായിരിക്കും. നിങ്ങൾ ഞായറാഴ്ച സഭയിൽ പോകുമ്പോൾ, ‘അതിനെക്കുറിച്ച് നിങ്ങൾ എന്താണ് വിചാരിക്കുന്നത്? എന്തു സംഭവിച്ചെന്നാണ് നിങ്ങൾ കരുതുന്നത്? എന്ന് ചോദിച്ചാൽ, ‘ഇത് തീര്‍ച്ചയായും ദൈവത്തിന്‍റെ കരങ്ങളാണ്’എന്ന് നിങ്ങൾ ഉത്തരം പറയുമെന്നാണ് എന്‍റെ  വിശ്വാസം. നിങ്ങളുടെ ഉത്തരം ശരിയാണ്. അവിശ്വാസികൾ നിങ്ങളുടെ വാക്കുകൾ അംഗീകരിച്ചേക്കില്ല, പത്രങ്ങളും ടിവിയിൽ വാർത്തകൾ വായിക്കുന്നവരും വിവിധ നിലയിലുള്ള വിശകലനങ്ങൾ നൽകിയേക്കാം, പക്ഷേ നിങ്ങള്‍ക്ക് മാത്രം ഇതെല്ലാം ദൈവത്താലും  അവന്‍റെ  സർവ്വാധികാരത്തിൻ കീഴിലും സംഭവിച്ചതാണെന്ന് സന്തോഷിക്കാന്‍ സാധിക്കും.

അടുത്ത ഒരു ഞായറാഴ്ച രാവിലെ,  നിങ്ങൾ പ്രഭാതകൃത്യങ്ങൾ ചെയ്യുമ്പോൾ, വാർത്ത വായിക്കുന്ന ആൾ,  ‘ഇന്നലെ രാത്രി, ഈ രാജ്യത്തെ ബൈബിൾ വിശ്വസിക്കുന്നവരുടെ എല്ലാ പള്ളികളും ഏറ്റവും വിചിത്രവും വിനാശകരവുമായ രീതിയിൽ തകർക്കപ്പെട്ടു’ എന്ന് പറയുന്നുവെന്ന് കരുതുക. അപ്പോൾ നിങ്ങൾ എന്തു പറയും?  ക്രിസ്ത്യാനികളിൽ നല്ലൊരു പങ്ക് ‘ദൈവത്തിന് നന്ദി’ എന്ന് പറയുമോ? അതോ ‘ഇത് സാത്താന്‍റെ പ്രവൃത്തിയാണ്’ എന്ന് പറയുമോ?

ആദ്യത്തെ സംഭവത്തിന് (മോശം പ്രവർത്തനങ്ങൾ നടന്ന സ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടത് ) ദൈവത്തെ കുറ്റപ്പെടുത്തുകയോ സ്തുതിക്കുകയോ ചെയ്തിട്ട്, പിന്നെ പള്ളികളുടെ നാശത്തിന് സാത്താനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? റോമർ 11:36, 8:28 തുടങ്ങിയ വാക്യ ഭാഗങ്ങൾ നാം ശരിയായി മനസ്സിലാക്കിയാൽ, ഈ രണ്ട് സംഭവങ്ങളിലും ദൈവത്തിന്‍റെ കരം ഉണ്ടെന്ന് അംഗീകരിക്കാതിരിക്കാൻ പറ്റില്ല. ദൈവം തന്‍റെ സർവ്വാധികാരത്തിൽ, എല്ലാ സംഭവങ്ങളെയും – അത് നല്ലതായാലും മോശമായാലും  – തന്‍റെ  നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളതെന്ന് പഠിപ്പിക്കുക എന്നതാണ് ഈ ചെറിയ പുസ്തകത്തിന്‍റെ പ്രധാന ഉദ്ദേശ്യം. എല്ലാ സംഭവങ്ങൾക്കും എല്ലാ കാര്യങ്ങൾക്കും പിന്നിൽ, ഏതെങ്കിലും വിധത്തിൽ ദൈവത്തിന്‍റെ കരമുണ്ട്. ഇതിനെ 'ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനം’ എന്ന് വിളിക്കുന്നു. ഇത് സത്യമല്ലായിരുന്നെങ്കിൽ, ഉത്കണ്ഠ നിറഞ്ഞ ഈ തലമുറയിൽ നമുക്ക് സ്ഥിരമായ ഒരു പ്രത്യാശ ഉണ്ടായിരിക്കുക അസാധ്യമായിരിക്കും.

ദ്വൈതവാദം’ ഒരു ദുരുപദേശമാണ്.

എല്ലാ നന്മയും ദൈവത്തിലും എല്ലാ തിന്മയും പിശാചിലും ആരോപിക്കുന്നവർ ദ്വൈതവാദം എന്ന പുരാതനമായ  ദുരുപദേശം സംബന്ധിച്ച് കുറ്റക്കാരാണ്. ഈ ‘ദ്വൈത’ വാദം  അടിസ്ഥാനപരമായി പറയുന്നത് ദൈവവും സാത്താനും (നന്മയും തിന്മയും)  സ്വതന്ത്രവും പരമാധികാരവുമായ   ശക്തികളാണെന്നും, ഇവ രണ്ടും ഈ  ലോകത്തെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നിരന്തരം പോരാടുന്നു എന്നുമാണ്. നമ്മുടെ  ഭാഗം ജയിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു, പക്ഷേ ചില സമയങ്ങളില്‍ അങ്ങനെ സംഭവിക്കുന്നില്ല. ദുഃഖകരമായ വിഷയം എന്തെന്നാൽ, ഇന്നത്തെ പല ക്രിസ്ത്യാനികളും ഇങ്ങനെയുള്ള തെറ്റായ ഉപദേശം വിശ്വസിക്കുന്നു എന്നതാണ്. ആരോഗ്യവും ആനന്ദവും ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണെന്നും, അവരുടെ സന്തോഷത്തിന് തടസ്സമായിട്ട് വരുന്നതിനെല്ലാം കാരണം സാത്താനാണെന്നും പറയുന്ന എല്ലാവരും ചെയ്യുന്ന തെറ്റാണിത്. ദ്വൈതവാദ ഉപദേശത്തിന്‍റെ ഏറ്റവും നീചമായ ഭാഗമാണിത്.

ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികൾ പോലും ഇങ്ങനെ എന്തുകൊണ്ടാണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് അവർ തങ്ങൾ അറിയാതെ തന്നെ ദൈവത്തിന്‍റെ   സർവ്വാധികാരത്തെ നിഷേധിക്കുന്നതു പോലെ എല്ലാ നന്മയും ദൈവത്തിനും എല്ലാ തിന്മയും സാത്താനും ആരോപിക്കുന്നത്? ഒരുപക്ഷേ അവർ ഇത് ചെയ്യുന്നത് ദൈവത്തെ സംരക്ഷിക്കാനായിരിക്കാം. ദൈവത്തിൽ വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും എളുപ്പമാക്കാൻ വേണ്ടി, മോശമായി തോന്നുന്ന എല്ലാത്തിൽ നിന്നും ദൈവത്തെ മാറ്റി നിർത്തി കൊണ്ട് എല്ലാ നന്മയും അവനിൽ ആരോപിക്കുന്നതായിരിക്കാം! ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു നഴ്സ് ഇങ്ങനെ പറയുകയുണ്ടായി, ഒരു പട്ടണത്തിലെ സഭയിൽ അംഗമായിരുന്ന ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ, പാസ്റ്റർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. കുടുംബാംഗങ്ങളെ  കണ്ട ഉടനെ  അദ്ദേഹം, ‘ഒരു കാര്യം ദയവായി ഓർക്കുക, ദൈവത്തിന് ഇതിൽ യാതൊരു പങ്കുമില്ല’ എന്ന് പറഞ്ഞു. ദൈവത്തിന് ഇതിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അവർ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരിക്കാം. ആ ഉപദേശകന്‍റെ വാക്കുകൾ നിങ്ങള്‍ ശ്രദ്ധിച്ചാൽ, അതിലെ തെറ്റ് മനസ്സിലാകും. അദ്ദേഹം ദൈവത്തെ സംരക്ഷിക്കാൻ ശ്രമിച്ചതായിരിക്കാം, പക്ഷേ വാസ്തവത്തിൽ താന്‍ നിരാശയ്ക്കും അവിശ്വാസത്തിനും അടിത്തറയിടുകയാണ് ചെയ്തത്. മുറിവേറ്റ ആ വ്യക്തിയെ അദ്ദേഹം പൂർണ്ണമായും സാത്താന് അല്ലെങ്കിൽ വിധിക്ക് ഏൽപ്പിക്കുകയാണ് ചെയ്തത്. മുറിവേറ്റ ആ മനുഷ്യന് ദൈവത്തിന്‍റെ സർവ്വാധികാരത്തിലുള്ള  ഉറപ്പ് അത്യാവശ്യമായിരുന്ന ആ സമയത്ത്, ആ ഇടയൻ, തനിക്ക് അറിയാതെ തന്നെ ദൈവത്തെ ആ സാഹചര്യത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

ഒരു സന്ധ്യാവേള, ഒരു സൈനിക വിമാനാപകടത്തിൽ തന്‍റെ സുഹൃത്ത് മരിച്ച ദാരുണമായ സംഭവത്തെക്കുറിച്ചുള്ള തന്‍റെ സാക്ഷ്യം ഒരാൾ പങ്കുവെയ്ക്കുകയായിരുന്നു. മരിച്ചുപോയ തന്‍റെ സുഹൃത്തിന്‍റെ അമ്മയെ ആശ്വസിപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥൻ എത്തി ഇങ്ങനെ പറഞ്ഞു: ‘ഈ സംഭവം തീർത്തും ദൗർഭാഗ്യകരമാണ്. ഇത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു, ആർക്കും പ്രവചിക്കാൻ കഴിയുമായിരുന്നില്ല. ഇത് തടയാൻ ആർക്കും കഴിഞ്ഞില്ല, ഇതിന് ഒരു വിശദീകരണവുമില്ല.”

ഈ വാക്കുകൾ കേട്ടിട്ട് ആ മാതാവ് അദ്ദേഹത്തോട് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:

“സർ, ദൈവം എന്‍റെ മകനോടൊപ്പം ആ വിമാനത്തിലുണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലായിരിക്കാം, എന്നാല്‍ ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ സംഭവിക്കാൻ എന്തുകൊണ്ടാണ് അവൻ അനുവദിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അത് ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനത്തിന്‍റെ  ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ വിമാനത്തേയും, കാലാവസ്ഥയെയും, എന്‍റെ മകന്‍റെ ജീവനേയും തന്‍റെ കൈകളിലും നിയന്ത്രണത്തിലും വച്ചിരിക്കയായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു.”

മുറിവേറ്റ മനുഷ്യനോട്  ആ ഇടയന്‍ പറഞ്ഞ വാക്കുകൾക്കും , ഈ മാതാവിന്‍റെ  പ്രത്യാശയ്ക്കും,  ദൈവശാസ്ത്ര പരിജ്ഞാനത്തിനും തമ്മിൽ എത്രമാത്രം വ്യത്യാസം ഉണ്ടെന്നുള്ളത്  നമുക്ക് ഇവിടെ കാണുവാൻ സാധിക്കും.

ദൈവം എത്രത്തോളം ശക്തനാണ്?

നിങ്ങൾ ഒരു അപകടത്തിൽ പെട്ടെന്നും വേദന അനുഭവിക്കുകയാണെന്നും കരുതാം. ആ സഭാ ശുശ്രൂഷകന്‍റെ വേദശാസ്ത്രമോ ആശ്വാസവാക്കുകളോ നിങ്ങളെ സഹായിക്കുമോ? നടന്ന ആ സംഭവത്തോട് ദൈവത്തിന് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ നിങ്ങൾ എന്തു വിചാരിക്കും? ‘ഇത് സംഭവിച്ചപ്പോൾ ദൈവം എവിടെയായിരുന്നു? എന്തുകൊണ്ടാണ് അവൻ അത് തടയാതിരുന്നത്? ഈ സാഹചര്യങ്ങളിൽ സാത്താൻ ദൈവത്തേക്കാൾ ശക്തിയോടെ പ്രവർത്തിച്ചോ? എനിക്ക് ഈ അപായം വരാതെ  തടയാൻ ദൈവം എത്രമാത്രം ശ്രമിച്ചിട്ടും സാത്താൻ ഇത്  ചെയ്യുന്നതിൽ വിജയിച്ചോ?’ ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം നിങ്ങളിൽ ഉളവാകാൻ എത്ര സമയമെടുക്കും? പെട്ടെന്ന് തന്നെ ഞാനും നിങ്ങളും  ‘ദൈവത്തിൽ വിശ്വസിച്ചതു കൊണ്ട് നമ്മൾ തെറ്റ് ചെയ്തു പോയോ?’ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങും. ആ ഉപദേശകൻ പറഞ്ഞത് സത്യമാണെങ്കിൽ, ഒരുപക്ഷേ ദൈവം ഞാൻ കരുതിയത്ര ശക്തനല്ലായിരിക്കാം... എന്നിങ്ങനെ എനിക്ക് ഉണ്ടായ  അതേ സംശയം നിങ്ങൾക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ദൈവം നന്മയെയും തിന്മയെയും ഒരേ രീതിയിൽ തന്‍റെ നിയന്ത്രണത്തിൽ വയ്ക്കാൻ കഴിയുന്നത്ര വലിയവനല്ലെങ്കിൽ, നമ്മൾ വലിയ അപകടത്തിലാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇക്കാലത്ത്, നന്മയെക്കാൾ കൂടുതൽ തിന്മ സംഭവിക്കുന്നത് കാണുമ്പോൾ, നമ്മൾ പരാജയപ്പെട്ടതായി തോന്നുന്നു. നാം ആയിരിക്കുന്ന വിഭാഗം ദുർബലമാണെന്ന് നമുക്ക് തോന്നും. നിങ്ങൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ഇന്നത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ ഉളവാകുന്ന ചിന്തകൾ ഇവയാണ്. ഈ തലമുറ ദൈവത്തിന്‍റെ സർവ്വാധികാരം മറക്കുകയും, മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയെ വലുതായി കാണുകയും ചെയ്യുന്നു. നാം  ദൈവത്തിന്‍റെ വിശുദ്ധി  മറന്ന്‍,  മനുഷ്യന്‍റെ സന്തോഷമാണ് സുവിശേഷത്തിന്‍റെ  പ്രധാന ലക്ഷ്യവും ഉദ്ദേശ്യവും എന്ന് കരുതുന്നു. എത്രത്തോളം നാം നമ്മിലും നമ്മുടെ സ്വന്ത ആലോചനയിലും മുഴുകിയിരുക്കുന്നു എന്ന് ചോദിച്ചാല്‍, നമ്മുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നൽകാൻ മാത്രമാണ് ദൈവം ഉള്ളതെന്ന് നാം കരുതുന്നു. ദൈവത്തെ നമ്മുടെ സ്വന്തം പ്രതീക്ഷകളാകുന്ന സ്യൂട്ട്കേസ് വഹിക്കുന്നവനായി കരുതുകയും, അതിനെ എപ്പോൾ എവിടേയ്ക്ക് എടുത്തു കൊണ്ട് പോകണമെന്നാണോ നാം വിചാരിക്കുന്നത്, അവിടേയ്ക്ക് കൊണ്ടുപോകാൻ  അപേക്ഷിക്കുകയും,  അതിനെ നമ്മൾ “വിശ്വാസത്തോടു കൂടെയുള്ള പ്രാർത്ഥന” എന്ന് വിളിക്കുകയും ചെയ്യുന്നു. നാം പ്രതീക്ഷിക്കുന്നത്  ലഭിക്കാതെ വരുമ്പോൾ, നമുക്ക് വിശ്വാസം കുറവാണെന്ന് കരുതുന്നു. അല്ലെങ്കിൽ, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലുള്ള (വാഗ്ദാനങ്ങളാണെന്ന് നമ്മൾ തെറ്റായി കരുതുന്നവ) വിശ്വാസം നഷ്ടപ്പെടുന്നു.

അഹംഭാവം കൂടുതൽ ആളിക്കത്തുന്നതിനനുസരിച്ച്,  മനുഷ്യന്‍റെ  പാപപൂർണവും സ്വാർത്ഥവുമായ സ്വഭാവം വർദ്ധിക്കുന്നതിനനുസരിച്ച്, ദൈവം കൂടുതൽ ദുർബലനും നിസ്സഹായനും പരാജയത്തെ അഭിമുഖീകരിക്കുന്നവനുമായി കാണപ്പെടുന്നു. ഈ തലമുറയിൽ കാണുന്ന നിരാശയ്ക്കും വിഷാദത്തിനും കാരണം ദൈവത്തിന് എല്ലാ വിഷയങ്ങളുടെ  മേലും  സർവ്വാധികാരം ഉണ്ടെന്ന് ശരിയായി മനസ്സിലാക്കുന്നതിലുള്ള  പരാജയമാണ്. മറ്റൊരു കാരണം കൂടെ ഞാൻ ഇവിടെ പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു. ഈ തലമുറയുടെ വിശ്വാസം നഷ്ടപ്പെടുന്നതിന്‍റെ പ്രധാന കാരണം, ‘ദൈവം നിങ്ങൾ സമ്പന്നരും ആരോഗ്യവാന്മാരുമാകാൻ ആഗ്രഹിക്കുന്നു’ എന്ന് പറയുന്ന സുവിശേഷമാണ്. നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റേണ്ട സ്നേഹനിധിയായ ദൈവം നിങ്ങൾ ആഗ്രഹിക്കുന്ന ദാനങ്ങൾ നൽകുന്നില്ലെങ്കിൽ നിങ്ങൾ അവനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

ഈ ദുഷ്കാലത്ത് ജീവിക്കുന്ന ക്രിസ്ത്യാനി  തിരുവെഴുത്തുകൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവൻ ബേസ്ബോൾ കളിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയായിരിക്കും. അതുവഴി വന്ന ഒരാൾ ആ കുട്ടിയോട്, “സ്കോർ എത്രയായി?” എന്ന് ചോദിച്ചപ്പോൾ ആ കുട്ടി, “നാൽപ്പത്” എന്ന് പറഞ്ഞു. "ആരാണ് ജയിക്കാൻ പോകുന്നത്?" അയാൾ വീണ്ടും ചോദിച്ചു. “അത് മറ്റേ ടീം കാരാണ്, കുട്ടി പറഞ്ഞു. അത് കേട്ടപ്പോൾ ആ മാന്യൻ പറഞ്ഞു, “ക്ഷമിക്കണം, നിങ്ങൾ വളരെ വിഷാദത്തിലാണെന്ന് ഞാൻ കരുതുന്നു.” ഉടനെ ആ കൊച്ചുകുട്ടി , ‘ഞങ്ങൾ ഒട്ടും നിരുത്സാഹപ്പെട്ടിട്ടില്ല. ഞങ്ങൾ ഇതുവരെ ‘ബാറ്റ്’ ചെയ്യാൻ പോലും തുടങ്ങിയിട്ടില്ല!’ എന്ന് പറഞ്ഞു.

ഒരു യഥാർത്ഥ ക്രിസ്ത്യാനി പത്രങ്ങളുടെ തലക്കെട്ടുകൾ നോക്കുകയോ വിദഗ്ധരുടെ വാക്കുകൾ കേൾക്കുകയോ, ജ്യോതിഷം നോക്കുന്നവരെയോ  വ്യാജ പ്രവാചകന്മാരെയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. തിരുവെഴുത്തുകൾ മനസ്സിലാക്കുന്ന ഒരു ദൈവപൈതൽ ആ തിരുവെഴുത്തുകളിൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ സർവ്വാധികാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജ്ഞാനിയായ വിശ്വാസി ഈ ലോകത്തിലെ  സ്കോർബോർഡ് എന്ത് തന്നെ കാണിച്ചാലും, താൻ ജയിക്കുന്ന ടീമിലാണെന്ന ഉറപ്പും നിശ്ചയവും ഉള്ളവനാണ്. ഈ ലോകത്തിലോ തന്‍റെ  വ്യക്തിപരമായ ജീവിതത്തിലോ എന്ത് സംഭവിച്ചാലും, യേശുക്രിസ്തു കർത്താവാണെന്ന് അവനറിയാം. ആത്യന്തികമായി, എല്ലാം തന്‍റെ  നന്മയ്ക്കായി,  ദൈവത്തിന്‍റെ മഹത്വത്തിനായി മാറുമെന്ന ഉറപ്പ്‌ അവനുണ്ട്.

കാൽവരി വിജയത്തിന്‍റെ ദിനമാണ്

പാപികൾ തങ്ങൾ അറിയാതെ തന്നെ ദൈവികപദ്ധതി നിറവേറ്റുകയും നമ്മുടെ രക്ഷകനെ ക്രൂശിക്കുകയും ചെയ്ത ദിവസം പോലും, യേശുക്രിസ്തു  സർവ്വാധികാരമുള്ള കർത്താവാണ്. ആ ദിവസം പോലും അവന്‍റെ പിതാവ് എല്ലാ സംഭവങ്ങളെയും തന്‍റെ  നിയന്ത്രണത്തിൽ തന്നെയാണ് വച്ചിരുന്നത്. നമ്മുടെ കർത്താവ് കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, “നിന്‍റെ ദൈവം എവിടെ? നീ ദൈവപുത്രനെങ്കിൽ കുരിശിൽ നിന്ന് ഇറങ്ങിവാ” എന്ന് പറഞ്ഞു കൊണ്ട് ആ മനുഷ്യർ അവനെ പരിഹസിച്ചപ്പോൾ പോലും, അവൻ സർവ്വാധികാരവും ശക്തിയുമുള്ള ദൈവമെന്ന നിലയിൽ  സകലവും  തന്‍റെ നിയന്ത്രണത്തിൽ തന്നെ  ആയിരുന്നു. ആ ദിവസം ഞാനും നിങ്ങളും കുരിശിന്‍റെ അടുക്കൽ നിന്നു കൊണ്ട് ആ രംഗം കണ്ടിരുന്നെങ്കിൽ, ദൈവം യഥാർത്ഥത്തിൽ നമ്മുടെ കർത്താവായ യേശുവിന്‍റെ പിതാവ് തന്നെ ആണോ എന്ന് നമ്മൾ ചിന്തിച്ചുപോയേനെ. ദൈവം അവന്‍റെ പിതാവാണെങ്കിൽ, എന്തുകൊണ്ട് -   ഇറങ്ങിവന്ന് അവനെ സഹായിച്ചില്ല? പിതാവ് തന്‍റെ പ്രിയ പുത്രനെ ഇത്രയധികം കഷ്ടപ്പാടുകൾക്ക് വിധേയമാക്കിയത് എന്തുകൊണ്ടാണ്? ഇതിന്‍റെ  അർത്ഥം നമുക്ക് വെളിപ്പെടുത്തി തന്നില്ലായിരുന്നെങ്കിൽ, ആദാം പാപം ചെയ്ത ദിവസം മുതൽ,  ദൈവം ആ ദിവസത്തിലേയ്ക്കും ആ  നാഴികയിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു  എന്ന സത്യം നമുക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നില്ല.

ക്രിസ്തു കാൽവരിയിൽ മരിച്ച ദിവസത്തേക്കാൾ ദൈവത്തിന്‍റെ ശക്തിയും സ്നേഹവും വിശുദ്ധിയും വിജയം വരിച്ച മറ്റൊരു ദിവസമില്ല. യേശുക്രിസ്തു ഒരു രക്തസാക്ഷിയോ ഒരു ഇരയോ ആകുകയായിരുന്നില്ല. ആ ദിവസം ഗൊൽഗോഥയിൽ ദൈവം തോറ്റു പോകുകയായിരുന്നില്ല, മറിച്ച് വിജയക്കൊടി പാറിക്കുകയായിരുന്നു. ആ സംഭവത്തിലെ ഓരോ രംഗവും ദൈവമാണ് നയിച്ചത്. ദൈവത്തിന്‍റെ പദ്ധതിയും അവന്‍റെ ഹിതവും പരാജയപ്പെട്ടുവെന്ന് ലോകവും പിശാചും കരുതിയേക്കാം, പക്ഷേ അത് വലിയ തെറ്റാണ്.  കാൽവരി ദിനം – സർവ്വാധികാര കൃപയെ മഹത്വപ്പെടുത്തിയ  വിജയത്തിന്‍റെ ദിനമാണ്. തങ്ങളുടെ ചിന്തകളും പ്രവൃത്തികളും ദൈവഹിതം ആണ് നിറവേറ്റുന്നതെന്ന് അറിയാത്ത പാപികൾ അഹങ്കാരത്താൽ പൊട്ടിത്തെറിക്കുകയും അവനെ പരിഹസിക്കുകയും ചെയ്തു.

ഈ മഹത്തായ സത്യങ്ങൾക്ക് ആധാരമായിരിക്കുന്ന ദൈവവചനത്തിലെ ആറ് പ്രമാണങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.

                       ആദ്യത്തെ പ്രമാണം

          ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട്

ആദ്യത്തെ പ്രമാണം ദൈവത്തോടും അവന്‍റെ ഉദ്ദേശ്യങ്ങളോടും കൂടെയാണ്  ആരംഭിക്കുന്നത്. ഈ ലോകത്തെക്കുറിച്ച് ദൈവത്തിന് ഒരു സുസ്ഥിര പദ്ധതിയും ഉദ്ദേശ്യവുമുണ്ട് (ഇയ്യോബ് 23:13) (എഫെസ്യർ 1:8-12).  

ഈ സത്യത്തെക്കുറിച്ചുള്ള ഒരു  ചെറിയ സംഗ്രഹം തിരുവെഴുത്തുകളിലെ ചില വാക്യ ഭാഗങ്ങളിൽ നിന്ന് നമുക്ക് നോക്കാം:

“അവനോ അനന്യൻ; അവനെ തടയുന്നത് ആർ? തിരുവുള്ളത്തിന്‍റെ താൽപര്യം അവൻ അനുഷ്ഠിക്കും” (ഇയ്യോബ് 23:13).

ദൈവത്തിന് ഒരു പദ്ധതിയുണ്ട്. “അവനോ അനന്യൻ … തിരുവുള്ളത്തിന്‍റെ താൽപര്യം അവൻ അനുഷ്ഠിക്കും”.

ദൈവത്തിന്‍റെ പദ്ധതി മാറ്റമില്ലാത്തതാണ്. “അവനെ തടയുന്നത് ആർ?”

ദൈവത്തിന്‍റെ പദ്ധതി തീർച്ചയായും നിറവേറും.  “തിരുവുള്ളത്തിന്‍റെ താൽപര്യം അവൻ അനുഷ്ഠിക്കും”

സംഭവിക്കുന്നതെല്ലാം ദൈവത്തിന്‍റെ  പദ്ധതിയനുസരിച്ചാണ് ഉള്ളത്. “…തന്‍റെ ഹിതത്തിന്‍റെ ആലോചന പോലെ പ്രവർത്തിക്കുന്നവൻ…” (എഫേസ്യർ 1:11).

“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിര്‍ണ്ണയപ്രകാരം (പദ്ധതി) വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” (റോമർ 8:28).

ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് അംഗീകരിക്കാത്ത ഏതൊരാളും പെലേജിയനെയും അർമേനിയനെയും പോലെ  ദുരുപദേശക്കാരുടെ ഗണത്തിൽ ആണ് പെടുന്നത്. ആ പദ്ധതി വ്യക്തമല്ലെന്നും എല്ലാം അതിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ വിശ്വാസ പ്രമാണം (creed) ഇങ്ങനെ പറയുന്നു. ‘ദൈവം നിത്യത മുതൽ തന്നെ സംഭവിക്കേണ്ടതെല്ലാം  ഏറ്റവും ജ്ഞാനത്തോടും, വിശുദ്ധിയോടും  സ്വേച്ഛയോടും കൂടിയ പദ്ധതിയും തന്‍റെ സ്വന്ത ഇഷ്ടവും  അനുസരിച്ച്, സ്വതന്ത്രമായും മാറ്റാനാവാത്ത വിധവും മുൻകൂട്ടി നിർണയിച്ചു.’ ഇതിനെ ശക്തിപ്പെടുത്തുന്ന ചില വാക്യഭാഗങ്ങൾ താഴെ കൊടുക്കുന്നു.

“നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു” (സങ്കീർത്തനങ്ങൾ 115:3).

“ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. (സങ്കീർത്തനങ്ങൾ 135:6).

ദൈവം തന്‍റെ നിത്യജ്ഞാനം, ശക്തി, ഇച്ഛ എന്നിവ അനുസരിച്ചാണ് എല്ലാം ചെയ്യുന്നത് (യെശയ്യാവ് 46:10) (പ്രവൃത്തികൾ 15:18).

മുകളിൽ പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയാമെന്നു വിചാരിക്കുകയാണെങ്കിൽ ഇനിയും കൂടുതൽ ശക്തമായ ചില തിരുവെഴുത്തുകൾ പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു (ആവ. 2:30, 1 ശമു. 16:14, റോമ. 9). നിങ്ങളുടെ ദൈവശാസ്ത്രത്തെ ഈ വാക്യഭാഗങ്ങളുമായി താരതമ്യം ചെയ്യുക. ദൈവം തന്‍റെ ഇഷ്ടം നിറവേറ്റുന്നതിലുള്ള അവന്‍റെ സർവ്വാധികാരത്തിന് ഒരു പ്രധാന ഉദാഹരണം 2 ശമുവേൽ 17:1-15 ൽ കാണാം.‍‌

1-3 വാക്യങ്ങളിൽ നല്ല ഉപദേശം നൽകപ്പെട്ടിരിക്കുന്നു.

നാലാം വാക്യത്തിൽ, അബ്ശാലോം അപ്രകാരം ചെയ്യാൻ തുടങ്ങുന്നു.

5-13 വാക്യങ്ങളിൽ, മനഃപൂർവ്വമായി തെറ്റായ ഉപദേശം നൽകപ്പെടുന്നു.

പതിനാലാം വാക്യത്തിൽ  അബ്ശാലോം  നുണ വിശ്വസിക്കത്തക്കവണ്ണം  ദൈവം  കാര്യം ചെയ്യുന്നു.

ഞാൻ ഇതിനുമുമ്പ് പറഞ്ഞതുപോലെ, ഇത് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ട്. ഇത് ‘ദൈവത്തിന്‍റെ നിർണയങ്ങൾ’ (God’s Decrees) എന്ന വിഷയത്തിൽ ഞാൻ വിശദീകരിക്കുന്നതാണ്. ഈ വിഷയം പ്രത്യേകമായതുകൊണ്ട് അത് വിശദീകരിക്കാൻ ഇവിടെ സ്ഥലമില്ല. ഇപ്പോൾ നമുക്ക് രണ്ടാമത്തെ പ്രമാണം നോക്കാം.

രണ്ടാമത്തെ പ്രമാണം
ദൈവം എപ്പോഴും എല്ലാറ്റിനേയും തന്‍റെ  നിയന്ത്രണത്തിൽ സൂക്ഷിക്കുന്നു

രണ്ടാമത്തെ പ്രമാണം ആദ്യത്തേതിൽ നിന്ന്‍ ഉത്ഭവിച്ച്, അതിന്‍റെ  പിൻതുടർച്ചയായി  വരുന്നതാണ്. ദൈവത്തിന് ഒരു പദ്ധതി ഉണ്ടെന്നു മാത്രമല്ല, അവൻ അത് പൂർത്തിയാക്കുകയും ചെയ്യും. രണ്ടാമത്തെ പ്രമാണം, ദൈവം എല്ലായ്പ്പോഴും എല്ലാറ്റിനേയും തന്‍റെ നിയന്ത്രണത്തിൽ വച്ചുകൊണ്ട് തന്‍റെ പദ്ധതി നിറവേറ്റുന്നതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് (ഹബക്കൂക്ക് 1:1-11; യെശയ്യാവ് 10:5,6).

ചിലപ്പോൾ ദൈവത്തിന്‍റെ പദ്ധതി ഉണർവ്വിനുവേണ്ടിയുള്ള വിളിയാണ്. തൽഫലമായി, പെന്തക്കോസ്ത് പോലുള്ള ഒരു ദിവസം മൂവായിരം ആത്മാക്കൾ ദൈവരാജ്യത്തിൽ പ്രവേശിച്ചു. മറ്റു ചില സന്ദർഭങ്ങളിൽ, അവന്‍റെ പദ്ധതി ന്യായവിധിക്കു വേണ്ടിയുള്ള വിളിയാണ്. യെശയ്യാവ് പത്താം അദ്ധ്യായം നോക്കുമ്പോൾ, ദൈവത്തിന്‍റെ ന്യായവിധിയിൽ പലരും നശിച്ചു പോയതായി കാണാം. എങ്കിലും അത് ദൈവം ചെയ്ത കാര്യമാണ്. ആയിരക്കണക്കിന് ആളുകൾ മാനസാന്തരപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്ത ഒരു പെന്തക്കോസ്ത് ദിവസം ഉള്ളതുപോലെ തന്നെ, സകല  മനുഷ്യരും ഒരുപോലെ വെള്ളപ്പൊക്കത്തിൽ നിത്യനാശത്തിലേയ്ക്ക് ഒഴുകിപ്പോയ ഒരു ന്യായവിധിയുടെ ദിവസവും ഉണ്ട്. ഓരോ സാഹചര്യത്തിലും, ഒരു സംഭവത്തിന് ദൈവം എങ്ങനെയാണോ  കാരണക്കാരൻ ആകുന്നത് അതുപോലെ മറ്റൊരു സംഭവത്തിനും ദൈവം തന്നെയാണ് കാരണക്കാരൻ  എന്ന് നാം തിരിച്ചറിയണം. പെന്തക്കോസ്ത് ദിനമായാലും ജലപ്രളയമായാലും, പ്രവൃത്തികൾ രണ്ടാം അധ്യായത്തിലെ സംഭവമായാലും ഉല്പത്തി ആറാം അധ്യായത്തിലെ സംഭവമായാലും, ദൈവം എല്ലാറ്റിനെയും തന്‍റെ നിയന്ത്രണത്തിൽ വച്ചുകൊണ്ട്, അവന്‍റെ പദ്ധതി നടപ്പിലാക്കുന്നു. മഴ, വിളകൾ, വരൾച്ച, ഒഴിഞ്ഞു കിടക്കുന്ന കളപ്പുരകൾ എന്നിവയെല്ലാം ദൈവത്തിന്‍റെ പരമാധികാര കരങ്ങളിൽ നിന്നാണ് ഉളവാകുന്നത്. രണ്ട് സാഹചര്യങ്ങളിലും  അവനെ സ്തുതിക്കാൻ നാം പഠിക്കണം (ഹബക്കൂക്ക് 3:17-19).

ദൈവത്തിന്‍റെ നിശബ്ദത

ഈ സത്യം വെളിപ്പെടുത്തുന്ന ആദ്യത്തെ തിരുവെഴുത്ത് നാം പരിശോധിക്കുന്നത് ഹബക്കൂക്കിന്‍റെ പുസ്തകത്തില്‍ നിന്നാണ്. വചനപ്രകാരം ചരിത്രത്തെ  മനസ്സിലാക്കാൻ വേണ്ടിയാണ്  ഹബക്കൂക്കിന്‍റെ  പുസ്തകം പ്രധാനമായും എഴുതപ്പെട്ടത്. ഇന്നു നാം കൂടുതൽ സാധാരണമായി കാണുന്ന ഒരു പ്രശ്നത്തെയാണ് പ്രവാചകൻ ഇവിടെ പ്രസ്താവിക്കുന്നത്. ദുഷ്ടന്മാര്‍ നീതിമാന്മാരുടെ മേൽ വിജയം നേടാൻ പരിശുദ്ധനായ ദൈവം എങ്ങനെയാണ് അനുവദിക്കുന്നത് എന്ന ചോദ്യത്തിന് പ്രവാചകൻ ഇവിടെ ഉത്തരം നൽകുന്നു. ദുഷ്ടന്മാർ തീർച്ചയായും വിജയിക്കുന്നു. നീതിമാന്മാരെ പീഡിപ്പിച്ചുകൊണ്ട് ആണ് അവർ വിജയം സാധിക്കുന്നത്. ഈ ചോദ്യം നമുക്ക് മറ്റൊരു വിധത്തിലും ചോദിക്കാം. ‘കഷ്ടപ്പാടുകളുടെയും ക്ഷാമത്തിന്‍റെയും സമയത്ത് തന്‍റെ ജനം നിലവിളിക്കുമ്പോൾ ദൈവം ചെവിക്കൊള്ളാതിരിക്കുന്നതായി   തോന്നുന്നത് എന്തുകൊണ്ട്?’ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്ക് ദൈവ വചനം പരിശോധിക്കാം.

“ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം. യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?  നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതേ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്‍റെ  മുമ്പിൽ ഉണ്ട്; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.  അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു. ജാതികളുടെ ഇടയിൽ ദൃഷ്‍ടിവച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല. ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിനു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു. അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.  അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു” (ഹബക്കൂക് 1:1-8)

ഈ ഭാഗം വായിക്കുമ്പോൾ, രണ്ടാമത്തെ വാക്യം ശ്രദ്ധിക്കുക. ഹബക്കൂക്ക് ദൈവത്തോട് പ്രാർത്ഥിക്കുകയും  തന്‍റെ പ്രാർത്ഥന കേൾക്കുന്നില്ലെന്നും തന്‍റെ  നിലവിളിക്ക് ഉത്തരം നൽകുന്നില്ലെന്നും പറഞ്ഞ് അവനെ നിന്ദിക്കുകയും ചെയ്യുന്നു. അവൻ ഉണർവിനായി ദൈവത്തോട് നിലവിളിച്ചു, പക്ഷേ ദൈവം ഒന്നും ചെയ്യുന്നില്ലെന്നും കാര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്നും അവന് തോന്നി. ചുറ്റും അക്രമവും അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞിരുക്കുകയാണെന്ന് ഹബക്കൂക്ക് കണ്ടു, ദൈവം ഒന്നും ചെയ്യുന്നില്ലെന്നും അവനു തോന്നി. ഹബക്കൂക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അധര്‍മ്മം വർദ്ധിച്ചു വരുന്നതായി അവൻ കണ്ടു.

ആ ഭയാനകമായ കാഴ്ച കാണാൻ ദൈവം ഹബക്കൂക്കിനെ നിർബന്ധിക്കുന്നതായി മൂന്നാമത്തെ വാക്യത്തിൽ നാം കാണുന്നു. എല്ലാ വശങ്ങളിൽ നിന്നുമുള്ള അക്രമം കാണാനും അത് തിരിച്ചറിയാനും ദൈവം അവനോട് പറയുന്നതായി നമുക്ക് തോന്നുന്നു. ‘ സമൂഹത്തിന്‍റെ എല്ലാ വശങ്ങളിലും അനീതിയും ദുഷ്ടതയും ഞാൻ കാണുന്നു. ആളുകൾ ദൈവത്തെ ദുഷിക്കുന്നത് ഞാൻ കേൾക്കുന്നു. ഏറ്റവും ഭയാനകമായ കാര്യം ദൈവം അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ്.’  നാലാം വാക്യത്തിൽ ഹബക്കൂക്ക്  ‘അതുകൊണ്ട് ന്യായം ഒരിക്കലും സംഭവിക്കാതെ പോകുന്നു’ എന്ന് പറയുന്നു. സമൂഹത്തിൽ അധർമ്മം അധികമാകുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ആ സ്ഥലത്ത് ദുഷ്ടൻ എന്ത് തിന്മ ചെയ്താലും, അവൻ ധനികനാണെങ്കിൽ, അവന് രക്ഷപ്പെടാൻ കഴിയും. ഹബക്കൂക്ക് വിവരിച്ച സാഹചര്യം ഇന്നത്തെ നമ്മുടെ സമൂഹവുമായി വളരെ സാമ്യമുള്ളതാണ്. ആദ്യത്തെ നാല് വാക്യങ്ങളിൽ അവൻ ദൈവത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ‘കുറ്റപ്പെടുത്തൽ’ എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നതിന് കാരണമുണ്ട്. ദൈവം ബധിരനാണെന്നും, അല്ലെങ്കിൽ തന്‍റെ പ്രാർത്ഥന കേൾക്കാനും ഉത്തരം നൽകാനും ശക്തിയില്ലാത്തവനാണെന്നും പറഞ്ഞ് അവൻ ദൈവത്തെ കുറ്റപ്പെടുത്തുന്നു. സമൂഹത്തിലെ ഈ ഭയാനകമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ദൈവത്തിന് കഴിവില്ല, അല്ലെങ്കിൽ മനസ്സില്ല എന്ന് അവന് തോന്നുന്നു. ഹബക്കൂക്കിന് പ്രാർത്ഥനയിൽ താൻ സമയം പാഴാക്കുകയാണെന്ന് തോന്നി.

അഞ്ചാം വാക്യത്തിൽ, ദൈവം ഹബക്കൂക്കിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു, എന്നാൽ അവന്‍റെ ഉത്തരം അവന്‍റെ നിശബ്ദതയെക്കാൾ കഠിനമാണ്. ഇവിടെ നാം  ഒരു കാര്യം  ഓർമ്മിക്കേണ്ടതുണ്ട്. ഹബക്കൂക്ക് ദൈവത്തിന്‍റെ  സ്വന്ത ജനമായ, വാഗ്ദത്ത ജനത്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. അവൻ യിസ്രായേൽ ജനതയെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രത്യേകിച്ച് അഞ്ചാം  വാക്യത്തിൽ "ഞാന്‍ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും” എന്ന് ദൈവം പറയുന്നത് ശ്രദ്ധിക്കുക. തുടർന്ന് ആറാം വാക്യത്തിൽ  "ഇതാ, ഞാൻ കൽദയരെ ഉണർത്തും" എന്ന് പറയുന്നു. അതായത്, ദൈവം ഹബക്കൂക്കിനോട് മറുപടിയായി  ‘ഞാൻ പ്രവൃത്തി ചെയ്യുന്നു, ഞാൻ ബധിരനോ അന്ധനോ നിസ്സഹായനോ അല്ല’  എന്ന് പറയുന്നു. അഞ്ചാമത്തെ വാക്യം വിചിത്രമായി തോന്നും - ദൈവം പറയുന്നു, "നിങ്ങളുടെ കാലത്ത്  ഒരു പ്രവൃത്തി ചെയ്യും; അത് വിവരിച്ചു കേട്ടാൽ  നിങ്ങൾ വിശ്വസിക്കയില്ല." യഥാര്‍ത്ഥത്തില്‍ താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൻ ഹബക്കൂക്കിനോട് പറഞ്ഞപ്പോൾ, അവൻ മുമ്പത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പത്തിലായി. ഇതുവരെ ദൈവം ഒന്നും ചെയ്യുന്നില്ലെന്നു കണ്ട് ഭയപ്പെട്ടിരുന്ന ഹബക്കൂക്, താൻ ചെയ്യാൻ പോകുന്ന കാര്യം ദൈവം പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ഭയപ്പെട്ടു. ദൈവത്തിന്‍റെ ഉദ്ദേശങ്ങൾ അവന്‍റെ മൗനത്തക്കാൾ ഭയാനകമായി അവന് തോന്നി. ദൈവം യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്?  വാസ്തവത്തില്‍ ആ സമയത്ത്, യിസ്രായേൽ ദേശത്തെ ആക്രമിക്കാൻ ദൈവം കൽദയരെ  ബലപ്പെടുത്തുകയായിരുന്നു. ദൈവം യിസായേല്‍ ദേശത്തെ ആകമിക്കുവാനുള്ള ഉപകരണമായി കല്ദയരെ ഒരുക്കുകയായിരുന്നു എന്ന് ഈ വാക്യത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. കല്ദയര്‍ സംഹാരത്തിനായി വരുന്നു. അവരെ അയയ്ക്കുന്നത് ദൈവമാണ്.

ഇതിനെ സാത്താന്‍ മാത്രമാണ്‌ ചെയ്തത്!

ഇന്നത്തെ ചില ടിവി സുവിശേഷകന്മാർ - ഇത് തെറ്റാണ്, കാരണം ദൈവം നല്ലവനാണ്. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും നല്ലത് സംഭവിക്കാൻ പോകുന്നു! എന്നൊക്കെ പറയുന്നു. കൽദയരുടെ ആക്രമണത്തെ ദൈവം നല്ല ഉദ്ദേശ്യങ്ങൾക്കായി ആണ് ഉപയോഗിക്കുന്നത്. വാസ്തവത്തില്‍  ഭയാനകമായ ആ ദിനങ്ങൾ ആളുകളിൽ മാനസാന്തരം ഉളവാക്കുന്നതിനുള്ള മുഖാന്തരങ്ങളാണ്. ഉണർവിനായ്  ഹബക്കൂക്ക് ചെയ്ത പ്രാർത്ഥനയ്ക്കുള്ള ഉത്തരമാണിത്. ഈ രീതിയിൽ പ്രവർത്തിക്കുന്ന  ദൈവം, ഇന്ന് പൊതുവായി അംഗീകരിക്കപ്പെടുന്ന ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളുമായും അവന്‍റെ  പരമാധികാരവുമായും യോജിക്കുന്നില്ല. കൽദയർ നമുക്കെതിരെ വരുമ്പോൾ,  ‘അവരെ അയച്ചത് പിശാചല്ല’ മറിച്ച് ദൈവമാണ് അവരെ അയച്ചതെന്ന് നാം മനസ്സിലാക്കണം. നമ്മുടെ ജീവിതത്തിൽ നമ്മെ അസ്വസ്ഥമാക്കുന്ന എന്ത് സംഭവിച്ചാലും, അതിൽ  ദൈവത്തിന്‍റെ കൈ ഉണ്ട്, അല്ലെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്തോ ഒന്ന് നിവർത്തിക്കാൻ വേണ്ടിയാണ് അവൻ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്. നാം സാത്താനെ കുറ്റപ്പെടുത്തുന്നതിനുപകരം,  ദൈവത്തെ അന്വേഷിക്കുകയും, ഈ കഷ്ടപ്പാടുകളിലൂടെ അവൻ നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പാഠം പഠിക്കാനുള്ള കൃപയ്ക്കായി അവനോട് പ്രാർത്ഥിക്കുകയും വേണം.

നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കും പിശാചിനെ കുറ്റപ്പെടുത്തുന്നത് നമ്മുടെ സ്വയനീതിയെയും ആത്മാഭിമാനത്തെയും ശക്തിപ്പെടുത്തുകയേ ഉള്ളൂ. നാം വളരെ ഉയർന്ന ആത്മീയ നിലവാരത്തിലുള്ള ക്രിസ്ത്യാനികളായതുകൊണ്ടാണ് സാത്താൻ നമ്മെ ഇത്ര ശക്തമായി എതിർക്കുന്നത് എന്ന് നമുക്ക് തോന്നിയേക്കാം. എല്ലാ വിഷയത്തിലും നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കരം കാണാന്‍ സാധിക്കുന്നതു വരെ ദൈവത്തേയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലെ  അവന്‍റെ ഉദ്ദേശ്യത്തെയും  എതിർക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു നല്ല വിശ്വാസി തന്‍റെ സ്വന്ത ഭോഷത്വത്തിന്‍റെ  അനന്തരഫലങ്ങൾക്ക് പിശാചിനെ കുറ്റപ്പെടുത്തുന്നത് കേൾക്കുന്നതിനേക്കാൾ ദാരുണമായ മറ്റൊന്നുമില്ല. അതുമാത്രമല്ല – താൻ വളരെ ഭക്തൻ ആയതുകൊണ്ടാണ് സാത്താൻ അങ്ങനെ ചെയ്തതെന്ന് അയാൾ കരുതുന്നത് കൂടുതൽ ദയനീയമാണ്! ഒരുപക്ഷെ ദൈവം ഒരിക്കലും വാഗ്‌ദാനം ചെയ്‌തിട്ടില്ലാത്തതിനെ  വിശ്വസിച്ച്, അത് സംഭവിക്കുമെന്ന് കരുതാനുള്ള ആലോചന അയാൾക്ക് ഇല്ല. മാത്രമല്ല, ആ സാഹചര്യം സൃഷ്ടിച്ചത് ദൈവമാണെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല. ഈ പ്രശ്നത്തിന് രണ്ട് കാരണങ്ങളുണ്ട്. അവനറിയാവുന്ന വ്യാജമായ ദൈവശാസ്ത്രം, തന്‍റെ പരീക്ഷയിലൂടെ സംസാരിക്കുന്ന ദൈവത്തിന്‍റെ  ശബ്ദം കേൾക്കാൻ അവനെ അനുവദിക്കുന്നില്ല. മാത്രമല്ല, കൃത്രിമ ഭക്തിയാൽ അയാൾ കൂടുതൽ കഠിനനാകുന്നു.

എന്നാൽ ഈ വാക്യഭാഗം എന്താണ് പറയുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? “ഞാൻ (സാത്താനല്ല) ഒരു കാര്യം ചെയ്യും.” ആ കാര്യം ഒരു ന്യായവിധിയാണ്. ആറാമത്തെ വാക്യം ശ്രദ്ധിക്കുക. “ഞാൻ (സാത്താനല്ല) കൽദയരെ ഉണർത്തും.”  തന്‍റെ ജനത്തിനെതിരെ ആ ഭയങ്കര ജനതയെ അയയ്ക്കുന്നത് ദൈവം തന്നെയാണ്. ആ അധ്യായത്തിൽ അതിനു ശേഷം കൽദയര്‍ അങ്ങനെ ചെയ്തതിന് ദൈവം അവരെയും ന്യായം വിധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള വിശദീകരണത്തെ നമുക്ക് മറ്റൊരു പ്രമാണത്തിന്‍റെ  കീഴിൽ ആക്കാം.

ദൈവം എല്ലാറ്റിനെയും എപ്പോഴും  തന്‍റെ നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളത് എന്ന രണ്ടാമത്തെ പ്രമാണം വളരെ പ്രധാനപ്പെട്ടത് ആയതിനാലും, നമ്മൾ പിന്നീട് ചർച്ച ചെയ്യുന്ന പ്രമാണങ്ങളുടെ  അടിസ്ഥാനം ഇതായതിനാലും, ഇതേ സത്യം പഠിപ്പിക്കുന്ന മറ്റൊരു വാക്യഭാഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. യെശയ്യാവ് പത്താം അധ്യായത്തിൽ നാം പരിശോധിക്കാൻ ആഗ്രഹിക്കുന്ന പ്രമാണങ്ങളിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും നമുക്ക് കാണാൻ കഴിയും.  ഇപ്പോൾ ചർച്ച ചെയ്യുന്ന ഈ രണ്ടാമത്തെ പ്രമാണം 5,6 വാക്യങ്ങളില്‍ നമുക്ക് കാണാം.

“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്‍റെ  ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നെ” (യെശയ്യാവ് 10:5-6).

കൽദയര്‍ക്കു പകരമായി അശ്ശൂരിനെയാണ് ദൈവം ഇപ്പോൾ ഉപയോഗിക്കുന്നത്. അഞ്ചാം വാക്യത്തിൽ, അശ്ശൂരിന്‍റെ  കൈയിലുള്ള വടി യഥാർത്ഥത്തിൽ തന്‍റെ വടിയാണെന്ന് ദൈവം പറയുന്നു. ആക്രമിക്കുന്നത് അശ്ശൂര്‍ ആണെങ്കിലും (വാക്യം 15) അവരുടെ പിന്നിലെ കൈയും ഉദ്ദേശ്യവും ദൈവത്തിന്‍റേതാണ്. ആറാം വാക്യത്തിൽ ദൈവം പറയുന്നു, “ഭക്തികെട്ട ജനങ്ങൾക്കെതിരെ ഞാൻ അവരെ (അശ്ശൂരിനെ) അയയ്ക്കും.” യിസ്രായേല്യർക്കെതിരെ അശ്ശൂരിനെ അയച്ചത് സാത്താനല്ല, ദൈവമാണ്. “എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും,” എന്ന് ദൈവം പറയുന്നു. ദൈവം എപ്പോഴും എല്ലാറ്റിനേയും തന്‍റെ  നിയന്ത്രണത്തിൽ സൂക്ഷിക്കുന്നു എന്ന പ്രമാണം ഈ വാക്യ ഭാഗം വ്യക്തമായി പഠിപ്പിക്കുന്നു. എന്ത് സംഭവിച്ചാലും, അത് ആര് ചെയ്താലും, അത് സർവ്വശക്തനായ ദൈവത്തിന്‍റെ പ്രവൃത്തിയാണ്. എല്ലാം അവന്‍റെ  നിയന്ത്രണത്തിലാണ്, അവൻ എപ്പോഴും തന്‍റെ പദ്ധതി നിറവേറ്റുന്നു. പരീക്ഷകളുടെയും കഷ്ടപ്പാടുകളുടെയും സമയത്ത്, നല്ല ഉദ്ദേശ്യത്തോടെ പറയുന്നതാണെങ്കിൽ പോലും, നമ്മെ വഴിതെറ്റിക്കുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് അപകടകരമാണ്. പലപ്പോഴും അവർ, “എന്‍റെ ദൈവം വളരെ സ്നേഹവാനും കരുണാമയനും ആയതിനാൽ അവൻ അങ്ങനെ ചെയ്യില്ല”  എന്ന് പറയുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ അദ്ദേഹം പറയുന്നത് ശരിയായിരിക്കാം. ‘അവന്‍റെ ദൈവം’ അങ്ങനെ ചെയ്തേക്കില്ല, കാരണം ‘അവന്‍റെ ദൈവം’ തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവമല്ല. അവന്‍റെ സ്വന്തം വികാരങ്ങളിൽ നിന്ന് ഉത്ഭവിച്ചവനാണ്.

മൂന്നാമത്തെ പ്രമാണം
ദൈവം തന്‍റെ  പദ്ധതി നിറവേറ്റാൻ എല്ലാവരെയും, ഒടുവിൽ സാത്താനെയും   നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

ഇതാണ് മൂന്നാമത്തെ പ്രമാണം. ദൈവം തന്‍റെ സ്വന്തം പദ്ധതികൾ നിറവേറ്റാൻ ഓരോരുത്തരേയും ഉപയോഗിക്കുന്നു. ആദ്യം ഇത് ചിലരെ ഞെട്ടിച്ചേക്കാം: ‘എന്ത്! ദൈവം സാത്താനെയും ഉപയോഗിക്കുന്നുണ്ടോ?’ അതെ, ഇത് തികച്ചും സത്യമാണ്. സാത്താൻ ഉൾപ്പെടെയുള്ള എല്ലാവരും ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. ഒരു അടിമ പല്ല് കടിച്ചുകൊണ്ട് യജമാനനെ സേവിച്ചേക്കാം. സേവിക്കാൻ അയാൾക്ക് ഇഷ്ടമില്ലായിരിക്കാം. എങ്കിലും അവൻ സേവിക്ക തന്നെ വേണം. സാത്താന്‍റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ദൈവത്തോടുള്ള സ്നേഹത്താലോ, അനുസരണത്താലോ അവൻ ഒന്നും ചെയ്യുന്നില്ല. ദൈവത്തിന് മഹത്വം കൊണ്ടുവരാൻ അവൻ ഒരിക്കലും ബോധപൂർവ്വം ഒന്നും ചെയ്യുന്നില്ല. പിശാച് എപ്പോഴും ദൈവത്തെ വെറുക്കുന്നു, അവന്‍റെ ഉദ്ദേശ്യങ്ങളെ പരാജയപ്പെടുത്താൻ തന്നാലാവുന്നതെല്ലാം ചെയ്യുന്നു. എന്നിരുന്നാലും, ഒടുവിൽ, അവൻ ചെയ്യുന്നതെല്ലാം ദൈവത്തിന്‍റെ ഹിതം  നിറവേറ്റുന്നതിന്ന് തീർച്ചയായും കാരണമാകും. എല്ലാം നഷ്ടപ്പെടാൻ വേണ്ടി ജനിച്ച ഒരാളുണ്ടെങ്കിൽ അത് സാത്താനാണ്. സാത്താൻ ഒരിക്കൽ പോലും വിജയിച്ചിട്ടില്ലെന്ന് കാലാവസാനത്തിൽ വെളിപ്പെടും. അതിൽ ഏദൻ തോട്ടവും ഉൾപ്പെടുന്നു!

യെശയ്യാവ് പത്താം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ഈ സത്യം നമുക്ക് ശ്രദ്ധിക്കാം:

“അവനോ (അശ്ശൂര്യന്‍) അങ്ങനെയല്ല നിരൂപിക്കുന്നത്; തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്‍റെ താൽപര്യം. അവൻ പറയുന്നത്: എന്‍റെ  പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ? കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്‍റെ  കൈ എത്തിപ്പിടിച്ചിരിക്കെ, ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?” (യെശയ്യാവ് 10:7-11).

ഈ ഭാഗം വളരെ വ്യക്തമാണ്. ദൈവം ചിന്തിക്കുന്നതുപോലെ അശ്ശൂർ ചിന്തിക്കുന്നില്ല. വാസ്തവത്തിൽ, അവൻ ദൈവത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. അഹങ്കാരിയായ അശ്ശൂരിന്‍റെ  മുഴുവൻ ചിന്തയും  മറ്റൊരു രാജ്യത്തെ നശിപ്പിച്ച് അവരുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനെക്കുറിച്ചാണ്. എന്നിരുന്നാലും, അശ്ശൂർ അറിയാതെ തന്നെ ദൈവം ആണ് എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നത്. ദൈവം അവന്‍റെ മനസ്സിനെയും വികാരങ്ങളെയും ഉണർത്തുന്നു. യിസ്രായേലിന്മേൽ ന്യായവിധി വരുത്താനുള്ള തന്‍റെ  ഉദ്ദേശ്യം നിറവേറ്റുന്നതിനായി അശ്ശൂരിന്‍റെ  ഓരോ നീക്കത്തെയും നിയന്ത്രിക്കുന്നത് സർവശക്തനായ ദൈവമാണ്.

മനുഷ്യന്‍റെ കോപം ദൈവത്തെ മഹത്വപ്പെടുത്തുന്നു.

സങ്കീർത്തനം 76:10 ഈ പ്രമാണത്തെ ചിത്രീകരിക്കുന്ന ഒരു രസകരമായ വാക്യമാണ്: “മനുഷ്യരുടെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം,” വാക്യം തുടരുന്നു, “ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിനും അവന്‍റെ അധികാരത്തിനും എതിരെ മനുഷ്യൻ കോപത്താൽ നിറഞ്ഞിരിക്കുന്നു. ദൈവം ആ കോപം അവനിൽ വെച്ചിട്ടില്ല. ആ കോപം പ്രകടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നുമില്ല. മത്സരസ്വഭാവത്തിന് അടിമപ്പെട്ട മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയാണ് അവന്‍റെ ഹൃദയത്തിലെ പാപത്തിനും കോപത്തിനും പൂർണ്ണമായും ഉത്തരവാദി. എന്നിരുന്നാലും  മനുഷ്യഹൃദയത്തെ ദൈവം തന്‍റെ  പൂർണ്ണമായ നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളത്. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നതിന് സഹായിക്കുന്നിടത്തോളം  മാത്രമേ മനുഷ്യന്‍റെ കോപം ഉയർന്നു വരാൻ ദൈവം അനുവദിക്കുകയും,  അത് അവനാല്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുള്ളൂ. എന്നിരുന്നാലും, അവന്‍റെ  ഉദ്ദേശവുമായി ബന്ധമില്ലാത്ത ക്രോധം മനുഷ്യഹൃദയത്തിൽ ഇപ്പോഴും ധാരാളം അവശേഷിക്കുന്നു. അതുകൊണ്ട് അവൻ  ആ ‘ശേഷിക്കുന്ന’ കോപം മൂടിവയ്ക്കുകയും അത് പുറത്തേയ്ക്ക് വരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ദൈവം മനുഷ്യന്‍റെ കോപത്തെ രണ്ട് വിധത്തിൽ നിയന്ത്രിക്കുന്നു. ആ കോപം എപ്പോൾ, എത്രമാത്രം പ്രകടിപ്പിക്കണമെന്ന് ദൈവം തീരുമാനിക്കുകയും തന്‍റെ പദ്ധതിയുടെ ചില ഭാഗങ്ങൾ നിറവേറ്റാൻ അത് ഉപയോഗിക്കുകയും ചെയ്യുന്നു.

‘ദൈവത്തിന്‍റെ എല്ലാ സേവകന്മാരിലും ഏറ്റവും കഠിനാധ്വാനിയാണ് സാത്താൻ!’ എന്ന വാക്കുകൾ  ആദ്യമായി കേട്ടപ്പോൾ ഞാൻ എത്ര അത്ഭുതപ്പെട്ടുപോയി എന്ന് ഞാൻ ഓർക്കുന്നു. എന്നിരുന്നാലും, ദൈവം തന്‍റെ  സമ്പൂർണ്ണമായ സർവ്വാധികാരത്തെക്കുറിച്ചുള്ള സത്യം എനിക്ക് കാണിച്ചുതന്ന നിമിഷം, ആ പ്രസ്താവനയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. സാത്താൻ,താന്‍ ചെയ്യുന്നതെല്ലാം വെറുപ്പോടെയാണ് ചെയ്യുന്നത് എന്നത് വാസ്തവമാണെങ്കിലും, ദൈവം എല്ലാറ്റിനെയും തന്‍റെ നിയന്ത്രണത്തിൽ വച്ചുകൊണ്ട് തന്‍റെ പദ്ധതി നിറവേറ്റാൻ  അവയെ ഉപയോഗിക്കുന്നു. ഇത് മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം സഹായകമാകും.

പരമാധികാരത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം

ഒരു ധനികനായ മനുഷ്യന് മനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. അതിൽ വിവിധതരത്തിലുള്ള  ഫലവൃക്ഷങ്ങളുണ്ടായിരുന്നു. സ്ത്രീകളെ ഇഷ്ടമില്ലാത്തതിനാൽ അയാൾ വിവാഹം കഴിക്കാതെ ബ്രഹ്മചാരിയായിട്ടാണ് കഴിഞ്ഞിരുന്നത്. മൃഗങ്ങളെ ഇഷ്ടമല്ലാത്തതിനാൽ അയാൾ വളർത്തുമൃഗങ്ങളെ വളർത്തിയിരുന്നില്ല. അയാൾ തന്‍റെ മരങ്ങളെയാണ് വളർത്തുമൃഗങ്ങളെപ്പോലെ പരിഗണിച്ചിരുന്നത്. അയാൾ ഓരോ മരത്തിനും ഒരോ പേരും നൽകി. ആ ധനികന് ഒരു മരത്തോട് വളരെയധികം ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ദുഃഖകരമായ കാര്യം, അവന് ഒരു ശത്രു ഉണ്ടായിരുന്നു. അവൻ ആ ധനികനെ വെറുത്തു, അവനെ ഉപദ്രവിക്കാൻ ആഗ്രഹിച്ചു, പക്ഷേ അവന് തന്‍റെ ദുഷ്ട പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽ, ദുഷ്ടനായ ആ ശത്രു ധനികനെ ഗുരുതരമായി പരിക്കേൽപ്പിക്കാൻ ഒരു പദ്ധതി തയ്യാറാക്കി. അയാൾ ധനികന്‍റെ തോട്ടത്തിനു ചുറ്റുമുള്ള വേലി ചാടിക്കടന്ന് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആ മരം മുറിക്കാൻ തുടങ്ങി. ആ മരം മുറിക്കുന്നത് കാണുമ്പോൾ ധനികൻ എത്രമാത്രം ദുഖിക്കുമെന്ന ചിന്ത അയാൾക്ക് കൂടുതൽ ശക്തി നൽകി. അയാൾ വളരെ പ്രയാസപ്പെട്ട് ആ മരം മുറിക്കാൻ ശ്രമിച്ചു, ഒടുവിൽ അത് പതുക്കെ നിലത്തേക്ക് വീഴാൻ തുടങ്ങി. ഇത് കണ്ട് ആ ദുഷ്ടൻ സന്തോഷത്തോടെ മാറിപ്പോയേക്കാം എന്നുവച്ച്  എന്തു സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കാതെ ഓടിപ്പോകുകയായിരുന്നു, പക്ഷേ ആ മരം അവന്‍റെ മേൽ വീഴുകയും, അവനെ അത് നിലത്തേക്ക് വീഴ്ത്തുകയും ചെയ്തു. നേരം വെളുത്തപ്പോൾ, വീണുകിടക്കുന്ന ആ മരത്തിന്‍റെ അരികിലേക്ക് രണ്ടുപേർ നടന്നു വരുന്നത് ആ ദുഷ്ടൻ കണ്ടു. ‘ഞാൻ പിടിക്കപ്പെട്ടു. എനിക്ക് ശിക്ഷ കിട്ടും. പക്ഷേ ഞാൻ ഇതൊന്നും കണക്കിലെടുക്കില്ല. നിങ്ങളുടെ പ്രിയപ്പെട്ട മരം ഞാൻ വെട്ടിക്കളഞ്ഞു.’ ആ ദുഷ്ടൻ അത്രയധികം വെറുപ്പ് നിറഞ്ഞവനായി ‘ഞാൻ നിങ്ങളുടെ മരം നശിപ്പിച്ചു’, ‘ഞാൻ അത് നശിപ്പിച്ചു’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ ആ ധനികൻ അയാളുടെ നേർക്ക് നോക്കി, “എന്‍റെ കൂടെ വന്നയാൾ ഒരു കെട്ടിട കോൺട്രാക്ടറാണ്. എന്‍റെ മാതാപിതാക്കൾക്ക് ഒരു വേനൽക്കാല വസതി പണിയാൻ എനിക്ക് ഒരു മരം മുറിക്കണമായിരുന്നു. ആ വീട് എനിക്ക് ഇവിടെ തന്നെയാണ് പണിയേണ്ടത്. ഏത് മരമാണ് മുറിക്കേണ്ടതെന്ന് കാണിക്കാൻ ആണ് ഞാന്‍ ഇയാളെ ഇവിടേയ്ക്ക് കൊണ്ടു വന്നത്. മരം മുറിച്ചു തന്നതിനും എന്‍റെ ജോലി എളുപ്പമാക്കി തീർത്തതിനും നന്ദി” എന്നു പറഞ്ഞു.

കാര്യം നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു. സാത്താൻ ചെയ്യുന്നതെല്ലാം ദൈവഹിതം നിറവേറ്റുന്നതിന് എപ്പോഴും സഹായമായി തീരുകയാണ് ചെയ്യുന്നത്. ഈ പാപപൂർണമായ ലോകത്തിൽ ആണ് ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതെന്ന് ഓർക്കുക. യോസേഫിന്‍റെ  സഹോദരന്മാർ അവനെ വെറുക്കുകയും അവനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ “...ദൈവം അതിനെ ഗുണമാക്കി തീർത്തു.” (ഉൽപ. 50:20). അസീറിയക്കാരും കൽദയരും അധികാര ദാഹത്തോടെയും സമ്പത്തിനു വേണ്ടിയും  യിസ്രായേലിനെ ആക്രമിച്ചിരിക്കാം, പക്ഷേ ദൈവം അതിനെയെല്ലാം തന്‍റെ നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളത്.

നാലാമത്തെ പ്രമാണം
ദൈവം തന്‍റെ  ഇഷ്ടം നിറവേറ്റാൻ ഉപയോഗിക്കപ്പെടുന്നവർ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചാൽ  അവരെ ശിക്ഷിക്കുന്നു  

നമ്മൾ ന്യായമെന്ന് വിചാരിക്കുന്ന കാര്യം വച്ച് നോക്കുമ്പോൾ,  ഈ നാലാമത്തെ പ്രമാണം അംഗീകരിക്കാൻ ഒരുപക്ഷേ ഏറ്റവും പ്രയാസം എന്ന് പറഞ്ഞേക്കാം.  ദൈവം തന്‍റെ ഉദ്ദേശ്യം നിറവേറ്റാൻ  ഉപയോഗിക്കുന്ന ആളുകൾ, ദുരുദ്ദേശത്തോടെ അവനെക്കുറിച്ചുള്ള ചിന്ത ഇല്ലാതെ പ്രവർത്തിക്കുമ്പോൾ അവൻ അവരെ  ശിക്ഷിക്ക തന്നെ ചെയ്യും.

നമുക്ക് വീണ്ടും യെശയ്യാവ് പത്താം അദ്ധ്യായം നോക്കാം.

“അതുകൊണ്ടു കർത്താവ് സീയോൻ പർവതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദർശിക്കും. എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു” (യെശയ്യാവ് 10:12-13)

അശ്ശൂർ രാജാവിന്‍റെ അഹങ്കാരവും, അവിശ്വാസവും, പൊങ്ങച്ചവും  നമുക്ക് ഇവിടെ കാണാൻ കഴിയും. തന്‍റെ ബുദ്ധിശക്തിയിലൂടെയാണ് ഇതെല്ലാം നേടിയതെന്നാണ് വാസ്തവത്തില്‍ അവന്‍ കരുതുന്നത്. അവന് ദൈവത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നാം അവനോട് പറഞ്ഞാൽ, ഒരുപക്ഷെ അവനെക്കാൾ ശക്തനായ ഒരാൾ ഉണ്ടെന്ന് പറഞ്ഞതിന് അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് നമ്മെ  കൊല്ലാൻ സാധ്യതയുണ്ട്. അതിനു ശേഷ വരുന്ന വചനം അവന്‍റെ  പൊങ്ങച്ചത്തെ മനോഹരമായി ചിത്രീകരിക്കുന്നു.

“എന്‍റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്‍വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൻ പറയുന്നുവല്ലോ” (യെശയ്യാവ് 10:14)

ഇവിടെ അഹങ്കാരിയായ രാജാവ് നിസ്സഹായരായ പക്ഷികളുടെ കൂടുകൾ മോഷ്ടിക്കുന്ന ഒരാളുമായി തന്നെത്തന്നെ താരതമ്യം ചെയ്തുകൊണ്ട്,  തനിക്കുള്ള വലിയ ശക്തി കാരണം  അവന്‍ രാജ്യങ്ങളെയും സൈന്യങ്ങളെയും നാവിക ശക്തിയെയും പരിഹസിക്കുന്നു. അദ്ദേഹത്തെ തടസ്സപ്പെടുത്താനോ അദ്ദേഹത്തിനെതിരെ സംസാരിക്കാനോ പോലും ആരും ധൈര്യപ്പെടുന്നില്ല. ഒരു നിമിഷത്തിനു ശേഷം, മറ്റാരോ സംസാരിക്കുന്നത് ശ്രദ്ധിക്കുക. യിസ്രായേൽ രാജ്യത്തിന്‍റെ മേൽ ആക്രമണം എന്തുകൊണ്ടാണ് നടന്നതെന്നും, ഇനി അശ്ശുരിന് എന്ത് സംഭവിക്കുമെന്നാണ്  ദൈവം പറയുന്നതെന്നും ശ്രദ്ധിക്കുക. 5 ഉം 6 ഉം വാക്യങ്ങളിൽ, യിസ്രായേലിനെ ശിക്ഷിക്കാൻ ദൈവം അശ്ശൂരിനെ ഉപയോഗിക്കുമെന്ന് പറഞ്ഞിരിക്കുന്നു. പന്ത്രണ്ടാം വാക്യത്തിൽ അവൻ യഥാർത്ഥത്തിൽ അശ്ശൂരിനെ ഉപയോഗിച്ചുവെന്ന് പറഞ്ഞിട്ട്, തുടർന്ന് ഇങ്ങനെ പറയുന്നു – “ഞാൻ അശ്ശൂർ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദർശിക്കും” ദൈവം ഇപ്പോൾ അശ്ശൂരിനെ അവർ ചെയ്തതിന് തക്കതായ രീതിയിൽ കൈകാര്യം ചെയ്യാൻ പോകുന്നു! ദൈവം അവരെ ഏൽപ്പിച്ച ജോലി   (അവർ അറിയാതെ തന്നെ) പൂർത്തിയാക്കിയിട്ടും ദൈവം അവരോട് കോപിക്കുന്നത് എന്തുകൊണ്ടാണെന്ന് പതിനഞ്ചാം വാക്യം വിശദീകരിക്കുന്നു. ഈ വാക്കുകൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴ്ന്നിറങ്ങട്ടെ, നിങ്ങളുടെ ദൈവശാസ്ത്രം അവന്‍റെ വചനത്താൽ രൂപപ്പെടട്ടെ.

“വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു” (യെശയ്യാവ് 10:15)

മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം എങ്ങനെ നോക്കിയാലും അതിന്‍റെ  അര്‍ത്ഥം ഒന്നുതന്നെയാണ്. ദൈവം തന്‍റെ ന്യായവിധി നടപ്പിലാക്കാൻ അശ്ശൂരിനെ ഉപയോഗിച്ചതും പിന്നീട് അവർ ചെയ്തതിന് അവരെ ശിക്ഷിക്കുകയും  ചെയ്തത് അന്യായമായി തോന്നുന്നുണ്ടോ? ശരിയായ രീതിയിൽ വചന പഠനം ലഭിക്കാത്ത ക്രിസ്ത്യാനികൾക്ക് ദൈവത്തിന്‍റെ  പരമാധികാരത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതിന്‍റെ പ്രധാന കാരണം അവർക്ക് ഈ സത്യം മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്. അവർ മനുഷ്യന്‍റെ  'സ്വതന്ത്ര ഇച്ഛാശക്തി’ യെ ബൈബിൾ സിദ്ധാന്തമായ 'സ്വതന്ത്ര  പങ്കാളിത്ത' വുമായി ചേർത്ത് ആശയക്കുഴപ്പത്തിലാക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ, താഴെ പറയുന്ന രണ്ട് ഇതര മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ എന്ന് അവർ തെറ്റായി വിശ്വസിക്കുന്നു. (1) മനുഷ്യൻ പൂർണ്ണമായും സ്വതന്ത്രനായ ഒരു വ്യക്തിയാണ് (ദൈവത്തിന്‍റെ ശക്തി പോലും ആത്യന്തികമായി മനുഷ്യന്‍റെ ഇഷ്ടത്തിന് വിധേയമാണ്) അല്ലെങ്കിൽ (2) മനുഷ്യൻ ഒരു യന്ത്രമനുഷ്യനാണ് (Robot). മനുഷ്യൻ ദൈവത്തിന്‍റെ സർവ്വശക്തിയുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്, അതിനാൽ അവന്‍റെ പ്രവൃത്തികൾക്ക് അവൻ ഉത്തരവാദിയല്ല.

ദൈവം സർവ്വാധികാരിയാണ് - മനുഷ്യൻ ഉത്തരവാദിയാണ്

മുകളിൽ പറഞ്ഞ രണ്ട് ഇതര മാർഗ്ഗങ്ങളും തെറ്റാണെന്ന് നമ്മൾ പരിശോധിച്ച വാക്യഭാഗങ്ങൾ കാണിക്കുന്നു. ദൈവം താന്‍ മുൻകൂട്ടി നിശ്ചയിച്ച പദ്ധതികള്‍  നടപ്പിലാക്കുമ്പോൾ,  ഓരോ വ്യക്തിയെയും ഓരോ കാര്യങ്ങളെയും തന്‍റെ സര്‍വ്വാധികാരത്താല്‍ തന്‍റെ നിയന്ത്രണത്തിൽ വയ്ക്കുന്നുവെന്ന് ദൈവവചനം തുടക്കം മുതൽ അവസാനം വരെ പഠിപ്പിക്കുന്നു. അതേ ദൈവവചനം ഓരോ മനുഷ്യനും താൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും പൂർണ്ണമായും ഉത്തരവാദിയാണെന്നും  പഠിപ്പിക്കുന്നു. നമ്മുടെ പരിമിതമായ അറിവ് ഇതിനെ എതിർക്കുകയും, ഇതിനെ പരസ്പരവിരുദ്ധമായി കണക്കാക്കുകയും ചെയ്തേക്കാം. എന്നാല്‍,ഇവ രണ്ടും സത്യമാണെന്ന് തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നു. സത്യത്തിന്‍റെ ഈ രണ്ട് വശങ്ങളും ശരിയാണോ അല്ലയോ എന്നത് നാം അവയെ മനസ്സിലാക്കുന്നതിനെ അല്ലെങ്കില്‍ മനസ്സിലാക്കാതിരിക്കുന്നതിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ദൈവം തന്‍റെ  വചനത്തിൽ ഇവ രണ്ടും വെളിപ്പെടുത്തിയിരിക്കുന്നതിനാൽ, ഇവ രണ്ടും സത്യമാണെന്ന് നാം അംഗീകരിക്കണം. ദൈവം സർവ്വാധികാരിയാണ്. അവൻ തന്‍റെ പദ്ധതിയുടെ എല്ലാ ഭാഗങ്ങളും നടപ്പിലാക്കും. മനുഷ്യന്‍റെ എല്ലാ ചിന്തകൾക്കും വാക്കുകൾക്കും പ്രവൃത്തികൾക്കും പൂർണ്ണമായും ഉത്തരവാദി അവന്‍ തന്നെയാണ്.

ദൈവം യിസ്രായേലിനെ ശിക്ഷിച്ച് കീഴടക്കാൻ വേണ്ടി  അശ്ശൂരിനെ തന്‍റെ  നിയന്ത്രണത്തിൽ വച്ചുകൊണ്ട് അവര്‍ക്ക് നേരെ അയച്ചുവെന്ന് യെശയ്യാവ് 10:5, 6, 12- വചനങ്ങളിൽ വ്യക്തമായിട്ട് പറയുന്നില്ലേ? അശ്ശൂർ ചെയ്തതൊക്കെയും അവരുടെ ദുഷ്ട ഹൃദയവും അഹങ്കാരവും മൂലമാണെന്ന് 7-11 ഉം 15 ഉം വാക്യങ്ങൾ പറയുന്നില്ലേ? 12 ഉം 15 ഉം വാക്യങ്ങൾ അശ്ശൂർ ചെയ്തതെല്ലാം ദൈവത്തിന്‍റെ ഇഷ്ടപ്രകാരവും, അവന്‍റെ ശക്തിയിലും ആഭിമുഖ്യത്തിലും   നടന്നതാണെങ്കിലും, ദൈവം ബുദ്ധിപൂർവ്വം അവരെ ശിക്ഷിച്ചു എന്നും  ശക്തമായി പഠിപ്പിക്കുന്നില്ലേ?

ഇതേ സത്യം പഠിപ്പിക്കുന്ന മറ്റു ചില വാക്യഭാഗങ്ങൾ നമുക്ക് പരിശോധിക്കാം. പ്രവൃത്തികൾ 2:23 ഒരു നല്ല ഉദാഹരണമാണ്. ഈ വാക്യഭാഗം സർവ്വാധികാരിയായ ദൈവത്തിന്‍റെ നിയമങ്ങളെയും ഉത്തരവാദിത്തമുള്ള മനുഷ്യരുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നു. വാക്യം 22 ല്‍ ക്രിസ്തു തന്നെയാണ് വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ എന്നതിന് എല്ലാ തെളിവുകളും ഉണ്ടെന്ന് പത്രോസ് യഹൂദന്മാരെ ഓർമ്മിപ്പിക്കുന്നു. തുടർന്ന് നാം ഇങ്ങനെ വായിക്കുന്നു – “…നസറായനായ യേശുവിനെ ദൈവം തന്‍റെ  സ്ഥിരനിർണയത്താലും  മുന്നറിവിനാലും   ഏൽപ്പിച്ചിട്ട് ...”

മറ്റൊരു വിവർത്തനത്തിൽ  (NIV) ഇങ്ങനെ വായിക്കുന്നു: “ദൈവ ഹിതത്തിന്‍റെ  നിർണയത്താലും, മുന്നറിവിനാലും ഈ മനുഷ്യൻ നിങ്ങളുടെ കൈകളിൽ ഏല്പിക്കപ്പെട്ടു...”

കാൽവരി സംഭവം ദൈവഹിതപ്രകാരമായിരുന്നുവെന്ന് പത്രോസ് പറഞ്ഞപ്പോൾ, ഏതാനും ആഴ്ചകൾക്ക് മുമ്പ് “അവനെ ക്രൂശിക്കുക, ക്രൂശിക്കുക!” എന്ന് ആക്രോശിച്ച യഹൂദന്മാർക്ക് എന്ത് തോന്നിക്കാണുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? അവർ ദീർഘനിശ്വാസം വിട്ടുകൊണ്ട് മനസ്സിന്‍റെ ഭാരം കുറഞ്ഞവരായി ആശ്വാസത്തോടെ  “യേശുവിന്‍റെ മരണത്തിന് ഞങ്ങളാണ് ഉത്തരവാദികളെന്നാണ്  വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ കുറ്റക്കാരല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി” എന്ന് പറഞ്ഞിരിക്കാം. അങ്ങനെ ചെയ്തത് ദൈവം തന്നെയാണ്, തങ്ങളല്ല എന്ന് ചിന്തിച്ചിരിക്കാം. ആ ഭയാനകമായ സംഭവത്തിന് തങ്ങൾ ഉത്തരവാദികൾ അല്ലെന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരിക്കണം. ദുഃഖകരമെന്നു പറയട്ടെ, അർമീനിയരുടെ   ദുരുപദേശം ഇത്തരത്തിലുള്ള തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നു. എന്നിരുന്നാലും വാക്യത്തിന്‍റെ ബാക്കി ഭാഗം കൂടി ശ്രദ്ധിക്കുക:

“...നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു” (പ്രവൃത്തികൾ 2:23).

പത്രോസ് പറയുന്നത്, ‘ക്രിസ്തുവിനെ ക്രൂശിക്കുക എന്നത് ദൈവത്തിന്‍റെ  സർവാധികാര ഹിതമായിരുന്നു എന്നത് വാസ്തവമാണ്, പക്ഷേ അത് നിങ്ങളെ ഒരു തരത്തിലും നിരപരാധികളാക്കുന്നില്ല!’ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലെ ദോഷം കൊണ്ടാണ് ഇത് ചെയ്തത്, അതുകൊണ്ട് അവന്‍റെ രക്തം നിങ്ങളുടെ മേൽ വരും!” പ്രിയ വായനക്കാരേ, ഈ കാര്യം ഇതിലും വ്യക്തമായി പറയാൻ സാധിക്കും എന്ന് തോന്നുന്നില്ല. ദൈവം തന്‍റെ കല്പനകൾ നിറവേറ്റാൻ ദുഷ്ടന്മാരെ ഉപയോഗിക്കുകയും, അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് അവരെ ഉത്തരവാദികളാക്കുകയും ചെയ്തു എന്ന്‍ ഈ വാക്യം കാണിക്കുന്നു. ഇവ രണ്ടും എങ്ങനെ സത്യമാകുമെന്ന് നമുക്ക് മനസ്സിലാകുന്നില്ല, പക്ഷേ ദൈവവചനം രണ്ടും സത്യമാണെന്ന് പറയുന്നതിനാൽ  നമുക്ക് നിഷേധിക്കാനാവില്ല. ‘ഹൈപ്പർ-കാൽവിനിസം’ ഒന്നിനേയും ‘അർമീനിയനിസം’ മറ്റൊന്നിനേയും തള്ളിക്കളഞ്ഞേക്കാം, പക്ഷേ ഞങ്ങൾ രണ്ടും വിശ്വസിക്കുകയും രണ്ടും പഠിപ്പിക്കുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ നിയമങ്ങൾ - മനുഷ്യന്‍റെസ്വതന്ത്ര ഇച്ഛാശക്തി’

 പ്യൂരിറ്റനായ (ശുദ്ധവാദി) ഒരു വ്യക്തി നടത്തിയ ഒരു ഉത്തമമായ വ്യാഖ്യാനം അടിസ്ഥാനമാക്കി നമുക്ക് ഈ സത്യം പരിശോധിക്കാം. “ദൈവം തന്‍റെ സർവ്വാധികാരത്തിൽ നിത്യതയിൽ വച്ച് എന്താണോ നിര്‍ണ്ണയിക്കുന്നത്, അതു തന്നെയാണ് മനുഷ്യൻ തക്കസമയത്ത് സ്വമേധയാ ആഗ്രഹിക്കുന്നത്.” ദൈവം തന്‍റെ സർവ്വാധികാരത്തിൽ  നിശ്ചയിച്ചിരിക്കുന്നതിനെയാണ് മനുഷ്യൻ തന്‍റെ  സ്വതന്ത്രമായ ഇച്ഛാശക്തിയാൽ സ്വമേധയാ തിരഞ്ഞെടുക്കുന്നത്. അങ്ങനെ ദൈവത്തിന്‍റെ പദ്ധതി നടപ്പിലാവുന്നു. എന്നിരുന്നാലും, മനുഷ്യൻ തന്‍റെ പാപപ്രവൃത്തികൾക്കുള്ള ഉത്തരവാദിത്തം തന്നത്താന്‍ ഏറ്റെടുക്കണം. ഈ സത്യം മത്തായി 27-ൽ കാണുന്നതുപോലെ മറ്റൊരിടത്തും വ്യക്തമായി കാണപ്പെടുന്നില്ല. ആ അധ്യായത്തിലുടനീളം, മനുഷ്യൻ തന്‍റെ  ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ നടത്തുന്ന വ്യർത്ഥമായ ശ്രമങ്ങൾ നമുക്ക് കാണാൻ കഴിയും. ഒന്നാമതായി യൂദാസ്, ക്രിസ്തു നിരപരാധി എന്ന് പറഞ്ഞു കൊണ്ട് മുപ്പത് വെള്ളിക്കാശ് മഹാപുരോഹിതനും മൂപ്പന്മാർക്കും തിരികെ നൽകി തന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അവരതിന്  “അത് ഞങ്ങൾക്ക്  എന്തിനാണ്? നീ തന്നെ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞു. പക്ഷേ ക്രിസ്തു നിരപരാധിയാണോ അതോ മരണയോഗ്യനാണോ എന്ന് ഉറപ്പായി അറിയേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ? തീർച്ചയായും അത് അവരുടെ ഉത്തരവാദിത്തമാണ്!

യേശു പീലാത്തോസിന്‍റെ മുമ്പാകെ നിന്നപ്പോൾ, തന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം പീലാത്തോസ് നടത്തിയത് വ്യക്തമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. യേശു നിരപരാധിയാണെന്ന് പീലാത്തോസിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും അവൻ അവനെ ശിക്ഷിക്കുകയും നിയമത്തെയും നീതിയെയും പൂർണ്ണമായും അവഗണിക്കുകയും ചെയ്തു. എന്നിട്ട് താൻ ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം, അതിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. എന്നിരുന്നാലും, ജനങ്ങളുടെ ‘സ്വതന്ത്ര ഇച്ഛാശക്തി’ യിൽ എടുത്ത തീരുമാനത്തോട് പീലാത്തോസ് യോജിച്ചുവെന്ന് മത്തായി വ്യക്തമായി വിശദീകരിക്കുന്നു.  അവർക്ക് ഇഷ്ടമുള്ള ഏതൊരു തടവുകാരനെയും മോചിപ്പിക്കാനുള്ള അധികാരവും ശക്തിയും അവർക്ക് ഉണ്ടെന്ന് ഓർമ്മയുണ്ടല്ലോ? അത് പൂർണ്ണമായും അവരുടെ ഇഷ്ടമാണ്.

ഈ വാക്യഭാഗം ശ്രദ്ധാപൂർവ്വം നോക്കിയാലും:

“ ഉത്സവ സമയത്ത് പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു” (മത്തായി 27:15).

തീരുമാനം പൂർണ്ണമായും ജനങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. നന്മ ഏത് തിന്മ ഏത് എന്ന് അറിയാമായിരുന്നിട്ടും,  കുറ്റവാളിയും നീചനുമായി അറിയപ്പെട്ടിരുന്ന ബറാബ്ബാസ് എന്ന കുറ്റവാളിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് അവർ ചെയ്തത്.  തന്‍റെ ഭാര്യയുടെയും തന്‍റെ മനസ്സാക്ഷിയുടെയും, ഒടുവിൽ റോമൻ, എബ്രായ നിയമങ്ങളുടെയും എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, പീലാത്തോസ് അന്യായം തടയാനുള്ള  ശ്രമം നടത്തിയില്ല. ജനങ്ങളുടെ മുറവിളിക്കു മുന്നിൽ അയാൾ കീഴടങ്ങി. “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന ഈ യേശുവിനെ എന്തു ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് അവൻ അവരോട് ചോദിച്ചപ്പോൾ, ജനക്കൂട്ടം ഏകസ്വരത്തിൽ “അവനെ ക്രൂശിക്കുക” എന്ന് വിളിച്ചു പറഞ്ഞു. ജനങ്ങളുടെ മനസ്സ് മാറ്റാൻ പീലാത്തോസ് തനിക്കറിയാവുന്ന എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും,  അവർ കൂടുതൽ ഉച്ചത്തിൽ, “അവനെ ക്രൂശിക്കുക!” എന്ന് നിലവിളിച്ചതല്ലാതെ,  ഫലമൊന്നുമുണ്ടായില്ല.

അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാൽ അവർ കുറ്റക്കാരായിത്തീർന്നു.

ഒടുവിൽ, ജനക്കൂട്ടത്തിന്‍റെ മുന്നിൽ കൈ കഴുകിക്കൊണ്ട് പീലാത്തോസ് തന്‍റെ  ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. “ഈ നീതിമാന്‍റെ രക്തത്തിൽ ഞാൻ കുറ്റക്കാരനല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ” എന്ന് അവൻ പറഞ്ഞു. ജനങ്ങൾ സന്തോഷത്തോടെയും എതിർപ്പില്ലാതെയും അതിന്‍റെ  പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു. അവർ അഹങ്കാരത്തോടെ യാതൊരു ഭയവുമില്ലാതെ, “അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ”, എന്ന് പറഞ്ഞു. ഇതിലും വലിയ പാപം ആർക്കെങ്കിലും ചെയ്യാൻ കഴിയുമോ? എന്നിരുന്നാലും, ദൈവത്തിന്‍റെ രഹസ്യമായ ഹിതം (അവരറിയാതെ തന്നെ) കൃത്യമായി നിറവേറ്റാൻ പീലാത്തോസിനെക്കാളും ഈ ജനക്കൂട്ടത്തെക്കാളും മറ്റാർക്കെങ്കിലും കഴിയുമോ? സാധാരണയായി ചോദിക്കുന്ന രണ്ട് ചോദ്യങ്ങളും, മത്തായി 27-ൽ അവയ്ക്കുള്ള വ്യക്തമായ ഉത്തരങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കുക.

  • സർവ്വശക്തനായ ദൈവം തന്‍റെ പുത്രന് ശരിക്കും എന്ത് സംഭവിക്കണമെന്നാണ് നിത്യതയിൽ തന്നെ നിയമിച്ചത്? അവൻ  ക്രൂശിൽ മരിക്കണം എന്ന്. ഉന്മാദത്തോടെ ആ ജനസമൂഹം എന്താണ് ആവശ്യപ്പെട്ടത്?  ക്രിസ്തുവിനെ ക്രൂശിക്കണമെന്ന്.

നിത്യതയിൽ ദൈവം ഏതാണോ നിര്‍ണ്ണയിച്ചിരിക്കുന്നത് കൃത്യമായി അതുതന്നെയാണ് മനുഷ്യൻ തക്കസമയത്ത് സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നത്.

  • പാപത്തിന് പ്രായശ്ചിത്തമായി വിശുദ്ധനായ ദൈവത്തെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരേയൊരു കാര്യം എതാണ്?  ചൊരിയപ്പെട്ട യേശുക്രിസ്തുവിന്‍റെ രക്തം!  ഭ്രാന്തമായ ആ ജനക്കൂട്ടത്തിന്‍റെ ആവേശത്തെയും വെറുപ്പിനെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരേയൊരു കാര്യം എന്തായിരുന്നു – ചൊരിയപ്പെട്ട യേശുവിന്‍റെ രക്തം.

നിത്യതയിൽ ദൈവം ഏതാണോ നിര്‍ണ്ണയിച്ചിരിക്കുന്നത് കൃത്യമായി അതുതന്നെയാണ് മനുഷ്യൻ തക്കസമയത്ത് സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നത്.

ഈ വിഷയം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം ഒരു പക്ഷെ നമ്മെ സഹായിച്ചേക്കാം. രണ്ട് ട്രെയിനുകൾ പാളത്തിൽ ഓടുമ്പോൾ, അവ നേർക്കുനേർ വരുന്ന സമയത്ത് സ്വിച്ച് ഓണ്‍ ചെയ്ത് പാളങ്ങൾ മാറ്റേണ്ട ഉത്തരവാദിത്തം “സ്വിച്ച്മാനിന്‍റേതാണ്”. ഒരു പക്ഷെ അയാൾ മദ്യപിച്ച് ആ മയക്കത്തില്‍, കൃത്യസമയത്ത് സ്വിച്ച് ഓൺ ചെയ്യാതെ, രണ്ട് ട്രെയിനുകൾ കൂട്ടിമുട്ടി നൂറിലധികം യാത്രക്കാർ മരിച്ചു എന്ന് വിചാരിക്കുക. അവരുടെ മരണത്തിന് അവൻ ഉത്തരവാദിയാണെന്ന് നമുക്ക് പറയാൻ കഴിയുമോ? അങ്ങനെ പറയാൻ കഴിയുമെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ  മദ്യപിച്ചു കിടക്കുന്ന ആ മനുഷ്യന്‍റെ അറിവില്ലാതെ പെട്ടെന്ന് ഉണ്ടായ ഒരു വെള്ളപ്പൊക്കം മൂലം പാലം  ഒലിച്ചുപോയി എന്ന് നമുക്ക് സങ്കൽപ്പിക്കാം. മദ്യപിച്ചു കിടന്നതിനാലും, സ്വിച്ച് ഓൺ ചെയ്യാത്തതിനാലും, പാലം ഒലിച്ചു പോയതിനാലും, വലിയൊരു ട്രെയിൻ അപകടം ഒഴിവായി. അതുകൊണ്ട് അയാള്‍ മദ്യപിച്ച് സ്വിച്ചിടാതെ ഇരുന്നതിന് അയാൾക്ക് പ്രതിഫലം നൽകുന്നത് ന്യായമാണോ?

ഇപ്പോൾ സ്പഷ്ടമായി ചിന്തിച്ചാലും. മുകളിൽ പറഞ്ഞ രണ്ട് സന്ദർഭങ്ങളില്‍ എപ്പോഴാണ് അവൻ ഏറ്റവും വലിയ തെറ്റ് ചെയ്തത് ? അവന്‍റെ  പാപപ്രവൃത്തി അപകടമുണ്ടാക്കിയപ്പോഴോ, അതോ അതേ പ്രവൃത്തി അപകടത്തെ ഒഴിവാക്കിയപ്പോഴോ? ഇതിനുള്ള ഉത്തരം വളരെ സാധാരണമാണ്. അദ്ദേഹം തന്‍റെ കടമ നിറവേറ്റിയതിനെ സംബന്ധിച്ച്  മാത്രം വിധിക്കുകയാണെങ്കിൽ, ഈ രണ്ട് സന്ദർഭങ്ങളിലും അദ്ദേഹം കുറ്റക്കാരനാകും. ഏറ്റവും ഹീനമായ പാപങ്ങളിലൂടെ ദൈവം വലിയ നന്മ ചെയ്യുന്നു. പക്ഷേ അവൻ ആ വ്യക്തിയെ മാത്രം ആ പാപത്തിന് ഉത്തരവാദിയാക്കുന്നു. കൽദയരും, അശ്ശൂരും, ക്രിസ്തുവിനെ ക്രൂശിച്ച അവന്‍റെ എതിരാളികളും, ഇതിന് തെളിവാണ്. നമ്മുടെ പ്രവൃത്തികളിലൂടെ ദൈവം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾക്ക് നാം ഉത്തരവാദികളല്ല, മറിച്ച് നാം ചെയ്ത പ്രവൃത്തികൾക്ക് മാത്രമാണ് നാം ഉത്തരവാദികൾ. ദൈവം നമ്മോട് ഇടപെടുന്ന രീതി ഇതിനെ ആശ്രയിച്ചിരിക്കുന്നു.

അടുത്ത പ്രമാണം പരിശോധിക്കുന്നതിനുമുമ്പ്, നാം ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം നമ്മുടെ വ്യക്തിഗത ജീവിതത്തിൽ എങ്ങനെയുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്ന്  ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അഭക്തരുടെ കൈകളിൽ നാം പാപികളാണെന്നോ, ഇരകളാണെന്നോ ഒരിക്കലും കരുതരുത്. എല്ലാ സാഹചര്യങ്ങളും നാം നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ കൈകളിലാണെന്ന് എപ്പോഴും തിരിച്ചറിയണം. ദുഷ്ടന്മാർ വിജയം വരിക്കുമ്പോഴും, ദൈവം അതിനെയും തന്‍റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കും വേണ്ടി ആക്കിതീർക്കുമെന്ന് നാം തിരിച്ചറിയണം.

അമ്പത് വർഷമായി ദൈവവേലയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, എന്‍റെ  സഹപ്രവർത്തകരുമായി നന്നായി പ്രവർത്തിക്കാൻ എനിക്ക് പൊതുവെ കഴിഞ്ഞിട്ടുണ്ട്. അതേസമയം, എനിക്ക് അതുപോലെ ഒരു ഡീക്കനോടൊപ്പം (സഭയിലെ ശുശ്രൂഷകൻ) പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം എന്നെ ഒരുപാട് വെറുക്കുന്നതുപോലെ എനിക്ക് തോന്നി. അദ്ദേഹത്തിന് രക്ഷപെടാന്‍ സാധിച്ചിരുന്നെങ്കിൽ, എനിക്ക് വലിയ ദോഷം വരുത്തിവെക്കുമായിരുന്നു. ഞാൻ അയാളെ “ശിമെയി” എന്ന് വിളിക്കാറുണ്ടായിരുന്നു (ഭാര്യയോട് സംസാരിക്കുമ്പോൾ മാത്രം). നിങ്ങൾക്ക് ശിമെയിയെ ഓർമ്മയുണ്ടാകുമല്ലോ. അബ്ശാലോം ദാവീദിന്‍റെ രാജ്യം ഏറ്റെടുത്തപ്പോൾ, അവൻ ജീവനുവേണ്ടി ഓടിപ്പോകുമ്പോൾ, ശിമെയി ദാവീദിനെ ശപിച്ചുകൊണ്ട് "കൊലപാതകി, നീ നിന്‍റെ സ്വന്തം വഞ്ചനയിൽ കുടുങ്ങിയിരിക്കുന്നു" എന്ന് പറഞ്ഞു.ദാവീദിന്‍റെ  ഭൃത്യന്മാരിൽ ഒരാൾ അവന്‍റെ  തല വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, ദാവീദ്, “അവൻ ശപിക്കട്ടെ, കാരണം യഹോവ അവനോട് ‘എന്നെ ശപിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു” എന്ന് മറുപടി പറഞ്ഞു. ഇവിടെ ദൈവത്തിന്‍റെ കൈ ദാവീദ് തിരിച്ചറിഞ്ഞു.

എന്‍റെ ഡീക്കൻ സുഹൃത്തും ശിമെയിയെ പോലെയായിരുന്നു. ബോർഡ് മീറ്റിംഗുകളിൽ, ഞാൻ ചെയ്ത ചെറിയ തെറ്റിനെ പോലും വലുതാക്കി കാണിക്കുമായിരുന്നു, ഞാൻ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ഒരു വാക്കുപോലും പറയാറുമില്ലായിരുന്നു. ‘അദ്ദേഹം എന്നെ മരണം വരെ പിന്തുടർന്നു.’എന്നാൽ ഇതിലെ സവിശേഷമായ വിഷയം, ഒരു സഭയുടെ നല്ല ഇടയനാകാൻ മറ്റേതൊരു ഇടയനെക്കാളും എന്നെ സഹായിച്ചത് അദ്ദേഹമാണ് എന്നുള്ളതാണ്. കാരണം, അദ്ദേഹം സഭയുടെ കമ്മിറ്റിയിൽ അംഗമായിരുന്നപ്പോൾ, ഞാൻ ചെയ്യേണ്ടതെല്ലാം (ചെറിയ കാര്യങ്ങൾ പോലും) ഞാൻ വളരെ ശ്രദ്ധയോടെ ചെയ്തു. ചില ജോലികൾ അവസാന നിമിഷത്തേക്ക് വരെ മാറ്റിവെക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചിലപ്പോൾ ചില ചെറിയ ചെറിയ കാര്യങ്ങൾ അവസാനം ഞാൻ മറന്നുപോകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഞാൻ ‘’ശിമെയി’’ കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോൾ, ഒരു ചെറിയ കാര്യം പോലും വിട്ടുകളയാറില്ലായിരുന്നു. ഒടുവിൽ എനിക്ക് അതിനായി ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കാൻ കഴിഞ്ഞു. എനിക്ക് സഹായം ആവശ്യമാണെന്ന് ദൈവത്തിന് അറിയാമായിരുന്നതുകൊണ്ട്, അവൻ എന്നെ ഒരു നല്ല ഇടയനാക്കാൻ “ശിമെയിയെ” ഉപയോഗിച്ചു എന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹം എനിക്കു തന്ന ഇങ്ങനെയുള്ള ‘സഹായങ്ങള്‍ക്ക്’ ദൈവം അദ്ദേഹത്തെ ശിക്ഷിക്കുമെന്നും എനിക്കറിയാം.

ദൈവത്തെ സഹായിച്ചതിന്’ ശിക്ഷ

ആ സത്യം നിങ്ങൾക്ക് മനസ്സിലായോ? അയാള്‍ ചെയ്തതെല്ലാം എന്നോടുള്ള വിരോധത്തില്‍ ആയിരുന്നു. ദൈവത്തോടുള്ള സ്നേഹം കൊണ്ടോ സഭാവിഷയത്തിലുള്ള ശ്രദ്ധ കൊണ്ടോ അല്ല അദ്ദേഹം അങ്ങനെ ചെയ്തത്. എന്നെ ഉപദ്രവിക്കാൻ വേണ്ടി മാത്രമാണ് അയാള്‍ അങ്ങനെ ചെയ്തത്. എന്നിട്ടും ദൈവം അവനിലൂടെ എന്നെ സഹായിച്ചു. അയാള്‍ കാരണം, എനിക്ക് ചെറിയ കാര്യങ്ങളിൽ പോലും  ജാഗ്രത പാലിക്കാൻ കഴിഞ്ഞു. എല്ലാ മനുഷ്യരും ദൈവത്തിന്‍റെ നിയന്ത്രണത്തിലാണെന്ന്  വിശ്വാസികളായ നാം വിശ്വസിക്കണം. നമ്മെ  എന്തെങ്കിലും പഠിപ്പിക്കാന്‍ നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ആ പ്രവൃത്തി ചെയ്യുന്നതിന് ചില ആളുകളെ അവൻ നമ്മുടെ ജീവിതത്തിലേക്ക് അയയ്ക്കുന്നു. നാം ആ ആളുകളെ  എതിർത്താല്‍,  യഥാർത്ഥത്തിൽ ദൈവത്തെയാണ് എതിർക്കുന്നത്. ദൈവം അയയ്ക്കുന്ന ആളുകളെയും, അവരിലൂടെ  നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളെയും നാം പലപ്പോഴും എതിർക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, പലപ്പോഴും ആ പാഠങ്ങൾ നാം പഠിക്കുന്നില്ല. ദൈവം ആ കാര്യങ്ങൾ നമ്മിൽ ചെയ്യാൻ ശരിയായ ആളുകളെ അയയ്ക്കുന്നു.

അഞ്ചാമത്തെ പ്രമാണം
എല്ലാ തിന്മകളുടെയും മൂലകാരണം ദൂഷകനായ സാത്താനാണ്

രണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ  ഈ അഞ്ചാമത്തെ പ്രമാണം നമുക്ക് ആവശ്യമാണ്. സാത്താൻ വാസ്തവത്തിൽ ഉണ്ടെന്നുള്ളതും, അവൻ അവിരാമം പ്രവർത്തിക്കുന്നു എന്നുള്ളതുമാണ് ആ കാര്യങ്ങള്‍. ദൈവം എല്ലാറ്റിനേയും തന്‍റെ നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളതെന്നും  തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാവരെയും അവൻ ഉപയോഗിക്കുന്നുവെന്നും നാം കണ്ടു. രോഗവും കഷ്ടപ്പാടും ദൈവത്തിന്‍റെ കൈയിൽനിന്നാണ് വരുന്നതെങ്കിലും, എല്ലാ തിന്മകൾക്കും കാരണക്കാരൻ സാത്താനാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  ഒരേ സമയം തന്നെ നമുക്ക് പിശാചിന്‍റെ കൈയും  ദൈവത്തിന്‍റെ കൈയും  കാണാൻ കഴിയണം.  ലിബറൽ  ആയ ഒരു പ്രസംഗകൻ എഴുതിയ “ബൈബിളിലെ അറുപത്തിയഞ്ച് തെറ്റുകൾ” എന്നൊരു പുസ്തകം എന്‍റെ  കൈവശമുണ്ട്. വാസ്തവത്തിൽ, അത്തരമൊരു പുസ്തകം എഴുതുന്നത് തന്നെ വലിയ ഒരു  തെറ്റാണെന്ന് ഞാൻ കരുതുന്നു.

ബൈബിളിൽ അദ്ദേഹം കണ്ടെത്തിയ "തെറ്റുകളിൽ" ഒന്ന് താഴെ  ഉദ്ധരിക്കുന്നു -

“യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദായെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിനു തോന്നിച്ചു” (2 ശമൂവേൽ 24:1)

“അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു” (1 ദിനവൃത്താന്തം 21:1)

ഈ രണ്ട് വാക്യങ്ങളും ഒരേ സംഭവത്തെക്കുറിച്ചാണ് പ്രസ്താവിക്കുന്നത് എന്ന് വ്യക്തമാണ്  (യിസ്രായേലും ദാവീദും സെൻസസ് എടുത്തതിന് ശിക്ഷിക്കപ്പെട്ട സന്ദർഭം). ഒരു വാക്യഭാഗം  ദാവീദിനെ ദൈവം പ്രചോദിപ്പിച്ചെന്നു  പറയുമ്പോൾ, രണ്ടാമത്തെ വാക്യഭാഗം,  സാത്താൻ അവനെ  പ്രചോദിപ്പിച്ചെന്ന് പറഞ്ഞിരിക്കുന്നു. ഇതിൽ ഏതാണ് ശരി? ഞാൻ പറയുന്ന പ്രമാണം നാം മനസ്സിലാക്കിയാൽ, ദൈവവും സാത്താനും ഇതിൽ പ്രവർത്തിച്ചുവെന്ന് വ്യക്തമാകും. ഇത്  (സാത്താന് അറിയാത്ത) ദൈവത്തിന്‍റെ ഹിതം. സാത്താന്‍റെ  വെറുപ്പ് ദൈവത്തിന്‍റെ പ്രവൃത്തി സാധ്യമാക്കി തീർത്തു  (ദൈവം അത് ഉപയോഗിച്ചു). ദൈവം തന്‍റെ കാര്യം നിവൃത്തിക്കാൻ ദാവീദിന്‍റെ  അഹങ്കാരത്തേയും സാത്താന്‍റെ വെറുപ്പിനേയും ഉപയോഗിച്ചു. സാത്താൻ ദോഷം വരുത്തുന്നവനാണെന്ന് നാം തിരിച്ചറിയണം. എന്നിരുന്നാലും, ദൈവത്തിന്‍റെ കൈ സർവ്വാധികാരമുള്ളതാണെന്നും, ആ പ്രവർത്തി തന്‍റെ നിയന്ത്രണത്തിലാണ് അവന്‍  ചെയ്യുന്നതെന്നും നാം മനസ്സിലാക്കണം.  ഈ പ്രമാണത്തെ ഒരു കഥ രൂപേണ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാം അയയ്ക്കുന്നത് ദൈവമാണ്!

ഒരു വൃദ്ധ സ്ത്രീ തുറന്നിട്ട ജനാലയ്ക്ക് അരികിൽ  മുട്ടുകുത്തി, ഉറക്കെ  പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണമോ പണമോ ഇല്ലാത്തതിനാൽ, കഴിക്കാൻ എന്തെങ്കിലും തരണമെന്ന് ആ സ്ത്രീ ദൈവത്തോട് യാചിക്കുകയായിരുന്നു. ആ പ്രാർത്ഥന കേട്ട രണ്ട് യുവാക്കൾ അവരുടെ വിശ്വാസത്തെ പരിഹസിക്കാമെന്നു വിചാരിച്ചു. അവർ കടയിൽ പോയി ഒരു റൊട്ടിയും കുറച്ച് പാലും വാങ്ങി, ജനാലയിലൂടെ രഹസ്യമായി അകത്തു വച്ചു. അവർ കണ്ണുതുറന്നപ്പോൾ  ഭക്ഷണം കണ്ടു, തന്‍റെ പ്രാർത്ഥന കേട്ട് ഉത്തരം നൽകിയ ദൈവത്തെ സ്തുതിച്ചു. ഉടനെ, ആ ചെറുപ്പക്കാർ ജനാലയിലൂടെ തല അകത്തേക്ക് ഇട്ട് ഇങ്ങനെ പറഞ്ഞു, “വല്ല്യമ്മേ, നിങ്ങൾ ഒരു ഭോഷയാണ്. അതൊന്നും ദൈവമല്ല തന്നത്. ഞങ്ങൾ തന്നെയാണ് അവ അവിടെ വെച്ചത്. നിങ്ങള്‍ എത്ര ഭോഷയാണെന്ന് കാണിക്കാനാണ് ഞങ്ങൾ അത് ചെയ്തത്. ആ അപ്പവും പാലും ദൈവം കൊണ്ടുവന്നതല്ല, ഞങ്ങൾ തന്നെയാണ് കൊണ്ടുവന്നത്.”

ഇതുപോലുള്ള സാഹചര്യങ്ങളിൽ നിങ്ങൾ എന്ത് ഉത്തരമാണ് നൽകുക? ആ വൃദ്ധ സ്ത്രീ ഒരു പുഞ്ചിരിയോടെ അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, “ഒരുപക്ഷേ സാത്താനായിരിക്കാം ഇവ കൊണ്ടുവന്നു വച്ചത്, പക്ഷേ ദൈവമാണ് ഇവയെ അയച്ചത്” എന്ന് പറഞ്ഞു. ഇതിലെ അർത്ഥം നിങ്ങൾക്ക് മനസ്സിലായെന്ന് ഞാൻ വിശ്വസിക്കുന്നു. കറണ്ട് ബില്ല് തരുന്ന ആൾ ആയിരം രൂപയുടെ വൈദ്യുതി ബിൽ കൊണ്ടുവന്നാൽ നമുക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നില്ല. കാരണം അത് അയാള്‍ അയച്ചതല്ല. അയാള്‍ അത് കൊണ്ടുവന്നു തന്നു എന്നു മാത്രം. നാം നേരിടുന്ന എല്ലാ കഷ്ടങ്ങളിലും ഈ പ്രമാണം നാം ഉപയോഗിക്കണം. "പ്യൂരിറ്റൻ" ആയ തോമസ് വാട്സൺ, വളരെ സംക്ഷിപ്തമായ രീതിയിൽ വലിയ സത്യങ്ങൾ പ്രകടിപ്പിക്കുന്നതിൽ  വിദഗ്ദ്ധനായിരുന്നു. താഴെ പറയുന്ന വിശദീകരണം മനസ്സിലാക്കാൻ കഴിഞ്ഞാൽ, ഈ പുസ്തകത്തിന്‍റെ മുഴുവൻ ആശയങ്ങളും നിങ്ങൾക്ക് മനസ്സിലാകും. “പാപത്താൽ സംഭവിക്കുന്ന കാര്യങ്ങളുടെ മേൽ ദൈവത്തിന്‍റെ   കരം എപ്പോഴും ഉണ്ട്, എന്നാല്‍ പാപത്തില്‍ മാത്രം അവന്‍റെ കൈ ഒരിക്കലും ഉണ്ടാവില്ല.”

എന്ത് സംഭവിച്ചു, എവിടെ, എപ്പോൾ, ആർക്ക് സംഭവിച്ചു എന്നത് ഇവിടെ വിഷയമല്ല. അത് സംഭവിച്ചതാണെങ്കിൽ, അതിൽ  ദൈവത്തിന്‍റെ  കൈ ഉണ്ട്. അത് അവനാണ് തന്‍റെ നിയന്ത്രണത്തിൽ വച്ചിട്ടുള്ളത്. എന്നിരുന്നാലും, ആ സാഹചര്യത്തിനോ ആ തെറ്റിനോ കാരണമായ മനുഷ്യഹൃദയത്തിലെ പാപത്തിനും വെറുപ്പിനും ദൈവം ഉത്തരവാദിയല്ല.

നമ്മുടെ ക്രിസ്തീയ ജീവിതത്തിന് ഈ പ്രമാണം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴില്‍ താഴ്മയോടെ ഇരിക്കാനാണ് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നത് (1 പത്രോസ് 5:6; യാക്കോബ് 4:7). എന്നിരുന്നാലും, “പിശാചിനോട് എതിർത്തുനിൽക്കാനും” അവന്‍റെ  തന്ത്രങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതിരിക്കാനും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. ഈ രണ്ടു വിഷയങ്ങളും തമ്മിലുള്ള വ്യത്യാസം വിവേചിച്ചറിയുന്നതാണ്  വലിയ പ്രശ്നം. “സാത്താനെ എതിർക്കുക” എന്നതിന്‍റെ മറവിൽ പല ക്രിസ്ത്യാനികളും ദൈവത്തിന്‍റെ സർവ്വാധികാരത്തെയും അവന്‍റെ പരിപാലനത്തേയും എതിർക്കാൻ സാധ്യതയുണ്ട്. അതുപോലെ, ചില വിശ്വാസികൾ, "സകലവും  ദൈവത്തിനായി സമര്‍പ്പിക്കുന്നു” എന്ന് ദൈവഭക്തിയുടെ മറവിൽ, ദൈവത്തിന്‍റെ  നിയമങ്ങൾക്ക് കീഴടങ്ങുകയും പരീക്ഷകളെ എതിർക്കാനുള്ള ഉത്തരവാദിത്തം ഒരുപക്ഷേ മനഃപൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. സാത്താന്‍റെയും ദൈവത്തിന്‍റെയും കൈകൾ കാണാൻ പഠിക്കുന്നതുവരെ, നാം സാത്താനെ എതിർക്കുന്നുവെന്ന് കരുതി ദൈവത്തോട് പോരാടുകയും, ദൈവത്തിന് കീഴടങ്ങുകയാണെന്ന വ്യാമോഹത്തോൽ സാത്താനുമായി കൈകോർക്കുകയും ചെയ്യുന്ന അപകടമുണ്ട്.

ആറാം പ്രമാണം
എല്ലാ കഷ്ടതകളും  ശിക്ഷയാകണമെന്നില്ല.

ഇരുപതാം നൂറ്റാണ്ട് സുവിശേഷത്തെയും അതിന്‍റെ സ്ഥിരമായ വാഗ്ദാനങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുന്നു. ആറാമത്തെ പ്രമാണം ഈ തെറ്റിനെ നേരിട്ട് അഭിമുഖീകരിക്കുന്നു. എല്ലാ രോഗങ്ങളും കഷ്ടപ്പാടുകളും ദൈവത്തിന്‍റെ  നിയന്ത്രണത്തിലും  അവന്‍റെ ഇഷ്ടത്തിന്‍റെ ഭാഗവുമാണെങ്കിലും, അവയെല്ലാം പാപത്തിനുള്ള ശിക്ഷയായിട്ടാണ് വരുന്നത് എന്ന് പറയുന്നത് ശരിയല്ല. നമ്മുടെ പാപത്തിനുള്ള ശിക്ഷയായി ചില പരീക്ഷകൾ അയയ്ക്കപ്പെടുമെന്നത് സത്യമാണ്. നാം മാനസാന്തരപ്പെടാനും,  നമ്മുടെ ജീവിതത്തില്‍ മാറ്റം വരാനും വേണ്ടിയാണ് അവ  അയക്കപ്പെടുന്നത്. എന്നിരുന്നാലും, എല്ലാ സാഹചര്യങ്ങളിലും അത് സത്യമല്ല. തന്‍റെ കൃപയുടെ ശക്തി പ്രകടിപ്പിക്കുന്നതിനായി ചിലപ്പോൾ ദൈവം തന്‍റെ ജനത്തെ കഷ്ടത അനുഭവിക്കാൻ അനുവദിക്കുന്നു. കഷ്ടതകള്‍ ഉണ്ടാകുന്ന ഓരോ പ്രാവശ്യവും ഒരു ക്രിസ്ത്യാനി തന്‍റെ പാപത്തിന്‍റെ ഫലമായി കഷ്ടതകൾ അയച്ചുകൊണ്ട് ദൈവം തന്നെ ശിക്ഷിക്കുകയാണെന്ന് കരുതുന്നത് തെറ്റാണ്. ദൈവം പാപത്തെ ശിക്ഷിക്കുന്നത് രണ്ട് വിധങ്ങളിൽ ഏതെങ്കിലും ഒന്നിനാൽ മാത്രമാണ്: 1) അവൻ അതിനെ കുരിശിൽ ശിക്ഷിക്കുകയും, പാപത്തിന്‍റെ ഈ കടം പൂർണ്ണമായും വീട്ടുകയും ചെയ്തു, അല്ലെങ്കിൽ 2) പാപിയെ നരകത്തിലേക്ക് അയച്ചുകൊണ്ട് അവൻ ശിക്ഷിക്കുന്നു. കഷ്ടത ഒരു ശിക്ഷണമായി നാം അനുഭവിക്കുന്നുണ്ടെങ്കിലും, അത് ഒരു ശിക്ഷയല്ല (അതായത്, ദൈവം ന്യായവിധിയായി നമുക്ക് ശിക്ഷ വിധിക്കുന്നതല്ല). എന്നാൽ അത് നമ്മെ മേച്ചപ്പെടുത്തുന്നതിനു വേണ്ടി വേണ്ടി സ്നേഹവാനായ  സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് വരുന്നതാണ്. നമ്മുടെ പിതാവ് ശിക്ഷണത്തിന്‍റെ ഭാഗമായി പരീക്ഷകൾ അയയ്ക്കുന്നു, പക്ഷേ അവൻ ഒരിക്കലും നമ്മെ ശിക്ഷിക്കുന്നില്ല.

ഇയ്യോബിന്‍റെ ജീവിതം

ഹബക്കൂക്കിന്‍റെയും യെശയ്യാവിന്‍റെയും പുസ്തകങ്ങളിൽ, ആളുകള്‍  പാപത്തില്‍ നിന്ന് മാനസാന്തരപ്പെടുവാനും അവരെ ഉണർവ്വുള്ളവരാക്കാനും ദൈവം കഷ്ടതകളെ ഉപയോഗിച്ചതായി നാം കാണുന്നു. ‍‌ഇയ്യോബിന്‍റെ  പുസ്തകവും കഷ്ടതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത് ഹബക്കൂക്കിന്‍റെയും യെശയ്യാവിന്‍റെയും പുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്ന കഷ്ടതകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇയ്യോബിന്‍റെ കഷ്ടതകൾ  പരിശോധിച്ചു കൊണ്ട് ഈ ആറാമത്തെ പ്രമാണം നമുക്ക് പഠിക്കാം. ആദ്യമായി ഈ ഗ്രന്ഥം എങ്ങനെ മനസ്സിലാക്കണമെന്ന് നാം അറിയേണ്ടതുണ്ട്. ഇയ്യോബ് സ്വയനീതിക്കാരനായിരുന്നുവെന്നും അവനെ താഴ്മയുള്ളവനാക്കാൻ ദൈവം അവന് കഷ്ടതകൾ അയച്ചുവെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതേ വിഷയം തന്നെ ഇയ്യോബിന്‍റെ  സുഹൃത്തുക്കളും പറഞ്ഞപ്പോൾ, ഇയ്യോബും ദൈവം താനും അത് സത്യമല്ലെന്ന് പറഞ്ഞത് അവർ ഓർക്കുന്നതു കൂടെയില്ല. ഇയ്യോബ് ചില മണ്ടത്തരങ്ങൾ പറഞ്ഞുവെന്നത് ശരിയാണ്. എന്നിരുന്നാലും, ഒടുവിൽ, അവൻ ദൈവത്തെ മുമ്പ് അറിഞ്ഞിരുന്നതിനേക്കാൾ ആഴത്തിൽ മനസ്സിലാക്കിയതായി നമുക്ക് കാണാൻ കഴിയും. എന്നാൽ ഇതൊന്നും ആ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന പ്രാധാന്യമുള്ള സത്യത്തെ മാറ്റുന്നില്ല. ഇയ്യോബിനെക്കുറിച്ച് ദൈവം തന്നെ പറയുന്നത് ശ്രദ്ധിക്കുക:

“ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു” (ഇയ്യോബ് 1:1).

ഈ വാക്യം വായിച്ചതിനുശേഷം, ഇയ്യോബ് സ്വയം നീതിമാനാണെന്ന് ആരെങ്കിലും ആരോപിക്കുമോ? അത്തരമൊരു അഭിപ്രായം അംഗീകരിക്കപ്പെട്ടാൽ, ഈ പുസ്തകത്തിന്‍റെ അർത്ഥവും ഇയ്യോബിന്‍റെ  കഷ്ടതകളുടെ പുറകിലുള്ള  ഉദ്ദേശ്യവും മനസ്സിലാക്കാൻ കഴിയില്ല. ഇയ്യോബ് 1:1-ലെ വാക്കുകൾ ദൈവത്തിന്‍റെ സ്വന്തം അഭിപ്രായമല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഇയ്യോബ് 1:8-ഉം 2:3-ഉം ചേർത്ത് വായിക്കുക. അവ ദൈവത്തിന്‍റെ തന്നെ വാക്കുകളാണ്.  അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ട ഒരു  കാര്യമുണ്ട്. ഇയ്യോബ് അനുഭവിച്ച കഷ്ടതകൾ അവന്‍റെ പാപത്തിനുള്ള ശിക്ഷയായി അയക്കപ്പെട്ടതല്ല. കുറച്ചുകൂടി മുന്നോട്ടു പോയി ആലോചിച്ചാൽ, അവൻ നേരിട്ട ഏറ്റവും വലിയ പരീക്ഷ, അവൻ അനുഭവിച്ച കഷ്ടപ്പാടുകൾ സ്വന്തം പാപം മൂലമാണെന്ന് അവൻ കരുതി എന്നുള്ളതാണ്. പിന്നെ അവൻ അതിനെ ജയിച്ചു. അതാണ് ഈ പുസ്തകത്തിന്‍റെ പ്രധാന വിഷയം. തനിക്ക് സംഭവിച്ചതെല്ലാം ദൈവത്തിന്‍റെ കൈയിൽ നിന്നാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ ഇയ്യോബ് ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുമോ?  വാസ്തവത്തില്‍ ദൈവവും സാത്താനും തമ്മിലുള്ള തർക്കവും ഈ ചോദ്യത്തെക്കുറിച്ചായിരുന്നു. ഇതിനുള്ള ഉത്തരം വ്യക്തമാണ്. തനിക്ക് സംഭവിച്ച എല്ലാ കഷ്ടതകള്‍ക്കും ഉത്തരങ്ങളോ വിശദീകരണങ്ങളോ ഇല്ലാതിരുന്നപ്പോഴും, ഇയ്യോബിന്  തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടപ്പോഴും, താൻ  തന്‍റെ ദൈവത്തെ മാത്രം ഉപേക്ഷിച്ചില്ല.

വെല്ലുവിളിയ്ക്കെതിരെ  വെല്ലുവിളി

ഇയ്യോബിന്‍റെ പുസ്തകം ആരംഭിക്കുന്നത് സാത്താനും ദൈവവും തമ്മിലുള്ള ഒരു സംവാദത്തോടെയാണ്. അതിൽ ദൈവം ചെയ്ത വെല്ലുവിളിയും അതിനെതിരായി സാത്താൻ നടത്തിയ വെല്ലുവിളിയും ഉൾപ്പെടുന്നു. താഴെ പറയുന്ന വാക്യങ്ങളിൽ ഇത് കാണുവാൻ സാധിക്കും.

 “ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.  യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു.  അതിനു സാത്താൻ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്‍റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു. ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെ മേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (ഇയ്യോബ് 1:6-12)

പത്താം വാക്യത്തിൽ ഇയ്യോബ് ദൈവത്തിന്‍റെ കൈകളിൽ സുരക്ഷിതനാണെന്ന് വ്യക്തമാണ്. വാസ്തവത്തിൽ, ദൈവം അവന്‍റെ ചുറ്റും  വേലി കെട്ടിയിരിക്കുന്നതിനാൽ  അവനെ ഉപദ്രവിക്കാൻ തനിക്കു കഴിയില്ലെന്ന് സാത്താൻ കുറ്റപ്പെടുത്തുന്നു. പതിനൊന്നാം വാക്യത്തിൽ, സാത്താൻ ദൈവത്തെ വെല്ലുവിളിച്ചു, "തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക..." എന്ന് പറഞ്ഞു. ദൈവം മറുപടിയായി, "അവനുള്ളതൊക്കെയും നിന്‍റെ (സാത്താന്‍റെ) കൈയിലിരിക്കുന്നു; അവന്‍റെ മേൽ മാത്രം കൈയേറ്റം ചെയ്യരുതെന്ന് കല്പിച്ചു”. ഇയ്യോബ് ഇപ്പോൾ സാത്താന്‍റെ കൈകളിലാണെന്നാണ് തോന്നുന്നത്. ഇയ്യോബ് ഇപ്പോൾ ദൈവത്തിന്‍റെ കൈകളിലാണോ അതോ സാത്താന്‍റെ കൈകളിലാണോ ഉള്ളത്? ഈ വാക്യഭാഗം  ശരിക്കും മനസ്സിലാക്കിയാൽ, അവൻ രണ്ടു പേരുടെയും കൈകളിലാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. എന്നിരുന്നാലും ദൈവത്തിന്‍റെ കൈ സാത്താന്‍റെ കൈയ്ക്ക് മുകളിലാണെന്നും നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ട്, ദൈവം അനുവദിക്കുന്ന കാര്യങ്ങൾ മാത്രമേ സാത്താനു ചെയ്യാൻ കഴിയൂ. തീർച്ചയായും, സാത്താൻ ഇയ്യോബിനെ പരീക്ഷിച്ചപ്പോഴും, അവൻ എപ്പോഴും എന്നപോലെ ദൈവത്തിന്‍റെ കൈകളിൽ തന്നെയായിരുന്നു. വ്യത്യാസമെന്നു പറയുന്നത് ഇയ്യോബിനു ചുറ്റും കെട്ടിയിരിക്കുന്ന വേലി എത്രത്തോളം നീക്കാൻ ദൈവം ഉദ്ദേശിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും.

ഇതെല്ലാം ദൈവത്തിൽ നിന്നാണ് വന്നത്!

ഈ കഥയിൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ഇയ്യോബിന്‍റെ  ഭൃത്യന്മാരിൽ ഒരാൾ വന്ന് അവന്‍റെ എല്ലാ കാളകളെയും കഴുതകളെയും ശെബായർ മോഷ്ടിച്ചുവെന്നും അവയെ മേയിച്ചുകൊണ്ടിരുന്ന എല്ലാ ദാസന്മാരെയും കൊന്നുകളഞ്ഞുവെന്നും പറഞ്ഞു. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വേറൊരുത്തന്‍ വന്നു ആകാശത്തുനിന്ന് തീ വീണു കത്തി ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി എന്ന് പറഞ്ഞു. താമസിയാതെ മൂന്നാമതൊരാൾ വന്നു, കൽദയർ ഒട്ടകങ്ങളെയെല്ലാം മോഷ്ടിച്ചുവെന്നും അവിടെയുള്ള ദാസന്മാരെ കൊന്നുകളഞ്ഞുവെന്നുമുള്ള വാർത്ത കൊണ്ടുവന്നു. മൂന്നാമൻ പറഞ്ഞു തീരുന്നതിനു മുൻപ്, നാലാമതൊരു ദാസൻ എത്തി, ഇയ്യോബിന്‍റെ മക്കളെല്ലാം  വിരുന്ന് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു വലിയ ചുഴലിക്കാറ്റ്  വീടിനു മുകളിൽ ആഞ്ഞടിച്ചു, അത് തകർന്നുവീണു, അവന്‍റെ എല്ലാ മക്കളും മരിച്ചു എന്ന വാർത്ത കൊണ്ടുവന്നു. അത്തരം ഭയാനകമായ സാഹചര്യത്തില്‍ ഇയ്യോബ് എങ്ങനെ പ്രതികരിച്ചുവെന്നത് തുടർന്നുള്ള വാക്യങ്ങൾ നമ്മോട് പറയുന്നു.

“അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:  നഗ്നനായി ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിനു ഭോഷത്തം ആരോപിക്കയോ ചെയ്തില്ല” (ഇയ്യോബ് 1:20-22).

ഇയ്യോബ് സാത്താനെക്കുറിച്ച് ഒരു പ്രസ്താവനയും ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക. ഇതെല്ലാം ദൈവത്തിന്‍റെ കൈയാണ് ചെയ്തതെന്ന് ഇയ്യോബ് സമ്മതിക്കുന്നു. ദൈവം ആണ് തനിക്ക് ആടുകളും കാളകളും ഒട്ടകങ്ങളും കഴുതകളും തന്നതെന്നും അവയെല്ലാം തിരിച്ചെടുക്കാനും ദൈവം തന്നെയാണ് തീരുമാനിച്ചെന്നും ഇയ്യോബ് പറഞ്ഞു. എന്നാൽ അവൻ തന്‍റെ മക്കളെക്കുറിച്ച് എന്താണ് പറഞ്ഞത്? അവരുടെ ജനനവും മരണവും ദൈവത്തിന്‍റെ കൈയിൽ നിന്നാണ് വന്നതെന്ന് ഇയ്യോബ് പറയുന്നു. അവന്‍റെ ലോകം പൂർണമായും തകർന്നു പോയെങ്കിലും, ദൈവത്തിന്‍റെ സർവ്വാധികാരത്തിലും അവന്‍റെ ഉടമ്പടി വാഗ്ദാനങ്ങളിലുമുള്ള വിശ്വാസം മാത്രം ഇയ്യോബിന് നഷ്ടപ്പെട്ടില്ല.

ഇയ്യോബിന്‍റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇയ്യോബിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങൾ സാത്താനും ദൈവവും തമ്മിലുള്ള പോരാട്ടത്തിന്‍റെ ഫലമാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇയ്യോബിന് ഇതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നുവെന്ന് നാം ഓർക്കണം. തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് ബൈബിൾ നമ്മോട് പറയുന്നതിനാൽ നമുക്കിത് അറിയാം. ഈ വെല്ലുവിളിയും പ്രതി വെല്ലുവിളിയും നമുക്ക് കാണാനും കേൾക്കാനും കഴിയും. എന്നാൽ ഇയ്യോബ് ഇത് കാണുകയോ കേൾക്കുകയോ ചെയ്തില്ല. ഈ യുദ്ധത്തിനുള്ള യുദ്ധക്കളമായിരുന്നു ഇയ്യോബിന്‍റെ ഹൃദയവും ജീവിതവുമെന്ന് നമുക്കറിയാം. ഇയ്യോബിന്‍റെ ജീവിതത്തിൽ എല്ലാ പരീക്ഷണങ്ങളും പ്രലോഭനങ്ങളും നേരിട്ടിട്ടും, ദൈവകൃപ അവന്‍റെ ജീവിതത്തിൽ വിജയം വരിച്ചോ? ഈ കഥ വായിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. പക്ഷേ ഇയ്യോബിന് ഇതൊന്നും അറിയില്ലായിരുന്നു. സാത്താനും ദൈവവും മദ്ധ്യേ നടന്ന യുദ്ധത്തിൽ തന്‍റെ ഹൃദയം ഒരു യുദ്ധക്കളമായി ഉപയോഗിക്കപ്പെടുകയായിരുന്നുവെന്ന് അവനൊട്ടും തന്നെ അറിയില്ലായിരുന്നു. താൻ അനുഭവിക്കുന്ന കഷ്ടങ്ങൾക്കുള്ള കാരണമോ ദൈവശാസ്ത്രപരമായ വിശദീകരണമോ ഇയ്യോബിന് അറിയില്ലായിരുന്നു. അവനുള്ളത് സർവ്വാധികാരിയും പരിശുദ്ധനുമായ ദൈവത്തിലുള്ള വിശ്വാസം മാത്രമാണ്.

"ആദ്യ ഘട്ടം" (ഒന്നാം അധ്യായം) ദൈവകൃപയുടെ ശക്തി പ്രകടമാക്കുന്നു. ഇയ്യോബ് തന്‍റെ വിശ്വാസവും വിശ്വാസ്യതയും  കാത്തുസൂക്ഷിച്ചു. “രണ്ടാം ഘട്ട” വും ആരംഭിക്കുന്നത് സാത്താനും ദൈവവും തമ്മിലുള്ള അതേ വാദത്തോടെയാണ്. ദൈവം രണ്ടാമതും സാത്താനെ വെല്ലുവിളിച്ചപ്പോൾ, കഠിനമായ കഷ്ടതകൾ അനുഭവിച്ചിട്ടും ഇയ്യോബ് വിശ്വസ്തനായി നിലകൊണ്ടതിൽ ദൈവം വളരെ സന്തോഷിച്ചു. ഇയ്യോബിന്‍റെ പുസ്തകത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട താക്കോൽ വാക്യം രണ്ടാം അദ്ധ്യായം മൂന്നാം വാക്യം നമുക്ക് നൽകുന്നു.

“യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്‍റെ മേൽ നീ ദൃഷ്‍ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതേ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു എന്ന് അരുളിച്ചെയ്തു” (ഇയ്യോബ് 2:3).

ഈ വാക്യം എന്താണ് പറയുന്നത് എന്ന് ശ്രദ്ധാപൂർവ്വം നോക്കിയാലും. ഒന്നാമതായി, ഇയ്യോബിന്‍റെ മേൽ ഈ പരീക്ഷകൾ അയച്ചത് ദൈവമാണ്. സാത്താൻ കഷ്ടതകൾ കൊണ്ടുവരുന്നു എന്നത് സത്യമാണെങ്കിലും, അത് അയയ്ക്കുന്നത് ദൈവമാണ്. അതുപോലെതന്നെ ഈ വാക്യഭാഗത്തിലുള്ള രണ്ടാമത്തെ സത്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇയ്യോബ് നിരപരാധിയായിരുന്നിട്ടും ദൈവം അവനെതിരെ പ്രവർത്തിച്ചു. ഇയ്യോബിന്‍റെ  കഷ്ടതകൾക്ക് അവന്‍റെ പാപവുമായി യാതൊരു ബന്ധവുമില്ല. ഇയ്യോബിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തന്നെ അവൻ ഒരു “പരീക്ഷയ്ക്ക് മാതൃകയായി” ഉപയോഗിക്കപ്പട്ടു. വിശദീകരണത്തിനപ്പുറമായ കഷ്ടതകളിലൂടെ ദൈവകൃപയുടെ സമൃദ്ധി എന്താണെന്ന് അവൻ തെളിയിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.

തനിക്ക് ഉണ്ടായ ഇതര നഷ്ടങ്ങളോടൊപ്പം ഇയ്യോബിന് തന്‍റെ ദൈവീകജ്ഞാനവും നഷ്ടപ്പെട്ടു. ദൈവം "നല്ലതിനെ" അനുഗ്രഹിക്കുകയും "തിന്മയെ" ന്യായം വിധിക്കുകയും ചെയ്യുമെന്ന് അവൻ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തുവെന്ന് ഇയ്യോബിന്‍റെ സുഹൃത്തുക്കൾ അവനെ ഓർമ്മിപ്പിച്ചു. അത് സത്യവുമാണ്! എന്നാല്‍, ഇയ്യോബ് തന്‍റെ  ഇപ്പോഴത്തെ സാഹചര്യത്തിന് എന്ത് വിശദീകരണമാണ് നൽകുക? തനിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഇയ്യോബിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, അദ്ദേഹത്തിന് അറിയാവുന്ന ദൈവശാസ്ത്ര ചിന്തയുമായി അതിനെ പൊരുത്തപ്പെടുത്താനും കഴിഞ്ഞില്ല. ഇതിനെക്കുറിച്ച് ഒരാൾ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്. “പരമ്പരാഗത ദൈവശാസ്ത്രത്തിന് പരിഹരിക്കാൻ കഴിയാത്തത്ര വലിയ ഒരു പ്രശ്നത്തെ ആദ്യമായി നേരിട്ട സംഭവം ഇയ്യോബിന്‍റെ പുസ്തകം രേഖപ്പെടുത്തുന്നു.”

ചിലപ്പോൾ എല്ലാം തകർന്നടിയുകയും, ദൈവമല്ലാതെ മറ്റൊന്നും നമുക്ക് ആശ്രയിക്കാനില്ലാത്ത അവസ്ഥ വരികയും ചെയ്യുന്നു. നാം അവന്‍റെ  സ്വഭാവവും ഉടമ്പടിയും അറിയുന്നവരായി, അവയിൽ ആശ്രയിക്കുന്നു. ദൈവത്തിന്‍റെ വഴികളെ വിശദീകരിക്കാൻ നമ്മുടെ ദൈവശാസ്ത്രമോ അനുഭവമോ പര്യാപ്തമല്ല. നമുക്ക്  മനസ്സിലാക്കാന്‍ സാധിക്കുന്നില്ലങ്കിലും, ദൈവം നമുക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പരിശുദ്ധനും, നീതിമാനും, വിശ്വസ്തനുമാണെന്ന് നമുക്ക് വിശ്വസിക്കാം. ഇയ്യോബിന്‍റെ വിശ്വാസവും അതുപോലെയായിരുന്നു. ഭയാനകമായ സാഹചര്യങ്ങളുടെ നടുവിലും ഇയ്യോബിന്‍റെ വിശ്വാസം യഥാർത്ഥമാണെന്ന് തെളിയിക്കപ്പെട്ടു. ഇയ്യോബിന്‍റെ വിശ്വാസത്തിനും പ്രത്യാശയ്ക്കും ദൈവം ഏറ്റവും യോഗ്യനാണെന്ന് തെളിഞ്ഞു.

ദൈവകൃപയിലുള്ള ഇയ്യോബിന്‍റെ ആശ്രയത്തെ സാത്താന് തകർക്കാൻ കഴിയില്ലെന്ന് ദൈവം പ്രശംസയായി പറഞ്ഞപ്പോൾ, സാത്താൻ ഈ വിധത്തിൽ ആണ് പ്രതികരിച്ചത്. ഈ രണ്ടാമത്തെ വാദം ഉൾക്കൊള്ളുന്ന വാക്യഭാഗം നോക്കാം:

“സാത്താൻ യഹോവയോട്: ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്‍റെ ജീവനു പകരം കൊടുത്തുകളയും. നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: ഇതാ, അവൻ നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട് ഇയ്യോബിനെ ഉള്ളംകാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു” (ഇയ്യോബ് 2:4-8)

ഇയ്യോബ് ഒരു കപടനാട്യക്കാരനാണെന്നാണ് സാത്താൻ ഇപ്പോഴും കരുതുന്നത്. ഈ മത്സരത്തിൽ, ഇയ്യോബിന്‍റെ ശരീരത്തിന് വേദന ഉണ്ടാകാതെ ദൈവം  അവനെ സംരക്ഷിക്കുന്നത് അന്യായമാണെന്ന് സാത്താൻ വാദിച്ചു. വസ്തുക്കൾ നഷ്ടപ്പെടുന്നതും മറ്റുള്ളവർ കഷ്ടത അനുഭവിക്കുന്നത് കാണുന്നതും ഒരു വശത്താണെങ്കില്‍,  മറുവശത്ത് രാവും പകലും നിരന്തരമായ വേദന അനുഭവിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് അവൻ വാദിച്ചു. “... നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക ...” എന്ന് അവൻ പറഞ്ഞു. ആറാം വാക്യത്തിൽ ദൈവം സാത്താന് മറുപടി നൽകി, “... ഇതാ അവൻ നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത് എന്ന് കല്പിച്ചു.” ദൈവം ആ വേലി കുറച്ചു കൂടെ താഴോട്ട് താഴ്ത്തിയെങ്കിലും, വ്യക്തമായ അതിരുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് നാം കാണുന്നു. ഇപ്പോഴും എല്ലാം ദൈവത്തിന്‍റെ കൈകളിൽ തന്നെയാണ്. സാത്താൻ വെറും കഷ്ടതകൾ ഉളവാക്കുന്നവൻ മാത്രമാണ്. എല്ലാം ദൈവത്തിന്‍റെ കൈയിൽ നിന്നാണ്  വരുന്നത് എന്ന വിഷയത്തെ ഇയ്യോബ് ഒരിക്കലും സംശയിച്ചിരുന്നില്ല.

7-8 വാക്യങ്ങളിൽ, ഇയ്യോബ് ഒരു ചെറിയ ഓടിന്‍റെ കഷണം എടുത്ത്  പരുക്കളാൾ നിറഞ്ഞ തന്‍റെ ശരീരം ചൊറിയുന്നതായി നാം കാണുന്നു. പരു വളരെ വേദനാജനകമാണ്. ഇയ്യോബ് ഇരുന്നാലും നിന്നാലും കിടന്നാലും ആ പരുക്കൾ മൂലം വല്ലാതെ പ്രയാസപ്പെടേണ്ടി വന്നു. ചാരം മൃദുവായതിനാൽ അവൻ  ചാരത്തിൽ ഇരുന്നു.

"ദൈവത്തെ ശപിച്ചിട്ട് മരിക്കുക"

9-ഉം 10-ഉം വാക്യങ്ങൾ നമുക്ക് നല്ല ഉപദേശം നൽകുന്നുണ്ട്. കാഴ്ചായാലുള്ള  വിശ്വാസവും എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്‍റെ  സർവ്വശക്തമായ കരം കാണുന്ന ശക്തമായ വിശ്വാസവും തമ്മിലുള്ള വ്യത്യാസം അവ കാണിച്ചുതരുന്നു. താഴെ പറയുന്ന വാക്കുകൾ ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

“അവന്‍റെ ഭാര്യ അവനോട്: നീ ഇനിയും നിന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. അവൻ അവളോട്: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല” (ഇയ്യോബ് 2:9-10).

ഇയ്യോബിന്‍റെ ഭാര്യയുടെ വാക്കുകൾ ഒരു അവിശ്വാസിയുടെ അല്ലെങ്കില്‍  വചനം അറിയാത്ത ഒരു ക്രിസ്ത്യാനിയുടെ വാക്കുകൾ പോലെയാണുള്ളത്. അത്തരം ആളുകള്‍ ദൈവം മനുഷ്യരോട് ഇടപെടുന്ന രീതി സ്നേഹരഹിതമാണെന്ന് വിശ്വസിച്ചുകൊണ്ട് സത്യത്തെ തള്ളിക്കളയുന്നു.  ഇവിടെ നാം ചർച്ച ചെയ്യുന്ന പ്രമാണങ്ങൾ ഇയ്യോബിന്‍റെ വാക്കുകളിൽ പ്രഖ്യാപിക്കുകയാണെങ്കിൽ (ഇയ്യോബ്  അവയിൽ ആണ് പ്രതീക്ഷ വച്ചിരുന്നത്), ഇയ്യോബിന്‍റെ ഭാര്യയെപ്പോലെ കോപത്തോടെ പ്രതികരിക്കുന്ന പലരെയും ഇന്നും നമുക്ക് കാണുവാന്‍ സാധിക്കും. "ഈ കഷ്ടതകളിൽ ഏതൊക്കെയോ നിലകളിൽ ദൈവത്തിന് പങ്കുണ്ടെന്നാണോ നിങ്ങൾ പറയുന്നത്? ഞാൻ അങ്ങനെയുള്ള ഒരു ദൈവത്തെ സ്നേഹിക്കുകയോ സേവിക്കുകയോ ചെയ്യില്ല," എന്ന് അവർ പ്രതികരിക്കും. ഇയ്യോബിന്‍റെ ഭാര്യയെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ധൈര്യം എല്ലാവരും കാണിച്ചില്ലെങ്കിലും, പലരും തങ്ങളുടെ  മനോഭാവം കൊണ്ടെങ്കിലും അവളുടെ വികാരങ്ങളോട് യോജിക്കും എന്നതാണ് സത്യം. ‘എനിക്ക് ആവശ്യമുള്ളതെല്ലാം (എന്‍റെ സന്തോഷത്തിന് വേണ്ടതെല്ലാം) അവൻ നൽകുന്നിടത്തോളം കാലം ഞാൻ ദൈവത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യും. പക്ഷേ അവൻ എനിക്ക് ഇങ്ങനെയുള്ള  കഷ്ടതകള്‍ അനുവദിച്ചാല്‍ ഞാൻ അവനെ വിശ്വസിക്കില്ല.’  പരീക്ഷകളും കഷ്ടതകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധന്മാരുടെ ചെവിയിൽ സാത്താൻ എത്ര തവണ ഇത്തരം ദൈവദൂഷണം (ദൈവത്തെ ത്യജിച്ച് മരിക്കുക എന്ന്) മന്ത്രിച്ചിട്ടുണ്ട്? പക്ഷേ, അത് തന്‍റെ ഭാര്യയിൽ നിന്ന് കേട്ടപ്പോൾ ഇയ്യോബ് വലിയ പ്രതിസന്ധിയിലായി.

എന്നാൽ അവളെ കഠിനമായി വിമർശിക്കുന്നതിനുമുമ്പ്, അവൾ ഇയ്യോബിനെ ശുശ്രൂഷിക്കുകയും അവന്‍റെ ഞരക്കങ്ങൾ കേള്‍ക്കുകയും ചെയ്തുവെന്ന് ഓർമ്മിക്കുക. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു! മരിച്ച എല്ലാ മക്കളും അവളുടെ സ്വന്തം മാംസവും രക്തവുമായിരുന്നു, നഷ്ടപ്പെട്ട സ്വത്തിൽ അവൾക്കും തുല്യ പങ്കുണ്ടായിരുന്നു.

വിശ്വാസത്തിന്‍റെ സാരാംശം

ഇയ്യോബിന്‍റെ ഉത്തരം മികച്ചതായിരുന്നു. ദൈവത്തിൽ നിന്ന് നന്മ മാത്രം അനുഭവിച്ചിട്ട്, കഷ്ടതകൾ അനുഭവിക്കാൻ പാടില്ലേ?  രണ്ട് വള്ളങ്ങളിൽ കാലുവച്ചു കൊണ്ട്  തെറ്റായ പഠിപ്പിക്കലിനെ പിൻതുടരുന്ന ഒരാളായിരുന്നില്ല ഇയ്യോബ്. നല്ലതായാലും മോശമായാലും എല്ലാറ്റിന്‍റെയും കാരണം ദൈവമാണെന്ന് അദ്ദേഹം വിശ്വസിച്ചു. രോഗത്തെയും കഷ്ടപ്പാടിനെയും കുറിച്ചുള്ള ഇയ്യോബിന്‍റെ അഭിപ്രായങ്ങൾ വിലയിരുത്തുമ്പോൾ, ഇന്നത്തെ “സമൃദ്ധിയുടെ സുവിശേഷത്തിൽ” നിന്ന് അദ്ദേഹം വളരെ അകലെയായിരുന്നുവെന്ന് പറയാം. ഇക്കാലത്ത് ഞായറാഴ്ച ടിവിയിൽ വളരെ പ്രചാരത്തിലുള്ള “ആരോഗ്യവും സമ്പത്തും” പ്രസംഗിക്കുന്ന പ്രസംഗകരെ ഇയ്യോബ് പിന്തുണച്ചില്ല എന്നതിൽ സംശയമില്ല.

ഇവിടെ ഒരു കാര്യം നാം ഓർക്കണം. തനിക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ ഇയ്യോബിന് ഇപ്പോഴും  അറിയില്ല. അവന് ആകെ അറിയാവുന്നത് (1) ദൈവം ആണ് അവന്‍റെ എല്ലാ കഷ്ടതകൾക്കും കാരണം, (2) അതിനുള്ള കാരണം അവനറിയില്ലെങ്കിലും, അത് അനുവദിക്കുന്നതില്‍ ദൈവത്തിന് ഒരു നല്ല ഉദ്ദേശ്യം തീര്‍ച്ചയായും ഉണ്ടാകും. പ്രിയ സുഹൃത്തേ, സർവ്വാധികാരിയും കരുണാമയനുമായ ദൈവത്തിലുള്ള  വചനപ്രകാരമുള്ള  വിശ്വാസത്തിന്‍റെ സാരം ഇതാണ്. ഇയ്യോബിന്‍റെ  വിശ്വാസത്തിന്‍റെ  ഉച്ചകോടി ഇയ്യോബ് 13:15-ൽ കാണാം. മുഴുവൻ സന്ദർഭവും ശ്രദ്ധിക്കുക.

“നിങ്ങൾ മിണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ. ഞാൻ എന്‍റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചു പിടിക്കുന്നതും എന്‍റെ  ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?  അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും; ഞാൻ എന്‍റെ നടപ്പ് അവന്‍റെ മുമ്പാകെ തെളിയിക്കും… ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു. (ഇയ്യോബ് 13:13-18).

താൻ കുറ്റക്കാരനല്ലന്ന് തെളിയിക്കപ്പെടുമെന്നും ദൈവം തന്‍റെ പാപത്തിന് തന്നെ ന്യായം വിധിക്കുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെടുമെന്നും  ഇയ്യോബ് ഉറച്ചു വിശ്വസിച്ചു. അതിനിടയിൽ എന്ത് സംഭവിച്ചാലും ദൈവത്തിൽ ആശ്രയിക്കാൻ ഇയ്യോബ് തയ്യാറാണ്. “അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും”, എന്ന് ഇയ്യോബ് പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, “എന്‍റെ ആടുകളെയും കഴുതകളെയും ഒട്ടകങ്ങളെയും എന്‍റെ മക്കളെയും എന്‍റെ ആരോഗ്യത്തെയും എടുത്തവന്‍ ഒടുവിൽ എന്നെ കൊന്നാലും (കാരണം അവന് അങ്ങനെ ചെയ്യാൻ അധികാരമുണ്ട്), ഞാൻ അവനെ തന്നെ വിശ്വസിക്കുകയും അങ്ങനെ ചെയ്യാൻ അവന് ഒരു നല്ല കാരണമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യും” എന്നാണ്. ഈ പരീക്ഷകളിൽ  അവൻ എന്നെ ശപിക്കുന്നു  എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവനെ വിട്ടുകളയില്ല. കാരണം ഒരു ദിവസം ഞാൻ തീർച്ചയായും കുറ്റമില്ലാത്തവനായി കാണപ്പെടും.

ഇവിടെ ഒരു നിമിഷം നിന്ന്‍  ഇയ്യോബിന്‍റെ പരീക്ഷകളിൽ പലപ്പോഴും എളുപ്പത്തിൽ തെറ്റിപ്പോകാന്‍ സാധ്യതയുള്ള ഒരു വശം നമുക്ക്  പരിശോധിക്കാം. ഒരു കാര്യം തെളിയിക്കാൻ വേണ്ടി മാത്രമാണ് സാത്താൻ ഇയ്യോബിനെ ആക്രമിച്ചത്. ദൈവത്തെ സ്നേഹിക്കുന്ന  യഥാർത്ഥ വിശ്വാസി ‘ഒരാൾ’ പോലും ഇല്ല എന്നതാണ് സാത്താന്‍റെ  വാദം. മനുഷ്യർ ദൈവത്തെ ആരാധിക്കുന്നത് സ്വന്തം നന്മയ്ക്കുവേണ്ടി മാത്രമാണെന്നും അത് ലഭിക്കാതെ വരുമ്പോൾ അവർ അവനെ മുഖത്തുനോക്കി ശപിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമെന്നും തെളിയിക്കാൻ സാത്താന്‍ ശ്രമിച്ചു. ഇയ്യോബിന്‍റെ പരീക്ഷകളിൽ  ഈ വശം നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എന്നിരുന്നാലും, ഇതിനപ്പുറം  മറ്റൊരു കെണി കൂടെ ഇയ്യോബിനെ കാത്തിരിക്കുന്നുണ്ട്. ദൈവം മുഴുവൻ പ്രപഞ്ചത്തെയും പരിപാലിക്കുന്ന സർവ്വാധികാരിയാണെന്നാണ് ഇയ്യോബിന്‍റെ വിശ്വാസം. താൻ ദൈവത്തെ വിശ്വസ്തതയോടെ സേവിച്ചുവെന്നും, അതിലുപരി, താൻ അത് സ്വയം തെളിയിച്ചുവെന്നും അവൻ വിശ്വസിച്ചു. താൻ പാപരഹിതനാണെന്ന് ഇയ്യോബ് പറഞ്ഞില്ല, മറിച്ച് താൻ ദൈവത്തെ സ്നേഹിക്കുകയും നല്ല ഹൃദയത്തോടെ അവനെ പിന്തുടരുകയും ചെയ്തുവെന്ന് അവൻ പറഞ്ഞു. ഇത് സത്യമാണെങ്കിൽ, താൻ അനുഭവിച്ച കഷ്ടതകൾ  എങ്ങനെയാണ് അവന് വിശദീകരിക്കാൻ കഴിയുക? എന്തുകൊണ്ടാണ് അവ തനിക്ക് സംഭവിച്ചതെന്ന് അയാൾക്ക് വിശദീകരിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാണ്.

ദൈവത്തെ രക്ഷിക്കാനുള്ള ശ്രമം

 ഈ കഷ്ടപ്പാടുകൾ തന്‍റെ മേൽ അന്യായമായി അയച്ചു എന്ന ആരോപണത്തിൽ നിന്ന് ദൈവത്തെ രക്ഷിക്കാൻ, താന്‍ പാപം ചെയ്തിട്ടില്ലെങ്കിലും, അങ്ങനെ ചെയ്തുവെന്ന് സമ്മതിക്കുക എന്നതായിരുന്നു ഇയ്യോബ് നേരിട്ട ഏറ്റവും വലിയ പരീക്ഷ. അവന്‍ അങ്ങനെ ചെയ്‌താൽ, “ദൈവം നീതിമാനും നേരുള്ളവനും ആകുന്നു; നല്ലവർക്ക് നന്മ ചെയ്യുകയും ദുഷ്ടന്മാരെ ശപിക്കുകയും ചെയ്യുന്നു!” എന്നത് വാസ്തവമാകുമല്ലോ? അതു മുഖാന്തരം, ദൈവം എന്തിനാണ് ആ കഷ്ടതകൾ അയച്ചത് എന്ന ചോദ്യത്തിന് ഇയ്യോബിന് ഒരു ദൈവശാസ്ത്രപരമായ വിശദീകരണം ലഭിക്കുമായിരുന്നു (ഇപ്പോൾ അവ ദൈവത്തിന്‍റെ ന്യായവിധിയോ ശിക്ഷയോ ആയി കാണപ്പെടും). അപ്പോൾ അവന്‍റെ സുഹൃത്തുക്കൾക്ക് അവനെ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കാനും, “അവൻ തന്‍റെ രഹസ്യ പാപം ഏറ്റുപറഞ്ഞു എന്നതിനാൽ അവന് ക്ഷമ ലഭിക്കുകയും വീണ്ടും എഴുന്നേറ്റ് വരുമെന്നും പറയാൻ കഴിയും.” പക്ഷേ ഇവിടെ പ്രശ്നം എന്തെന്നാൽ, ഇയ്യോബ് ഒരു നുണയനായി മാറുന്നു എന്നതാണ്. അതിലും ഭയാനകമായ കാര്യം ഇയ്യോബ് ഒരു നുണയനും കപടഭക്തിക്കാരനുമായി തന്‍റെ തുടർച്ചയായ കഷ്ടപ്പാടുകൾക്ക് പകരമായി നന്മ നേടാൻ ശ്രമിക്കുകയാണെന്ന് സാത്താൻ തെളിയിച്ചതു പോലെയാകുന്നു എന്നതാണ്. യാഥാർത്ഥ്യത്തെ പിടിച്ചു കൊണ്ട് തൂങ്ങി കിടക്കുന്നതിനേക്കാൾ ആയിരം മടങ്ങ് എളുപ്പമായിരുന്നു ഇയ്യോബിന് താൻ കണ്ണിന് കണ്ടതിന് കീഴടങ്ങുന്നത്. വിശദീകരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളെ സത്യസന്ധതയോടും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തോടും കൂടി നേരിടുന്നതിനേക്കാൾ, ഇയ്യോബിന് കുറച്ച് എളിമയുള്ള വാക്കുകൾ കൊണ്ട് ദൈവത്തെ ‘രക്ഷിക്കുന്നത്’ എത്രയോ എളുപ്പമായിരുന്നു.

കുരിശിലെ ഇടർച്ചക്കല്ലും ഇതുപോലെയല്ലേ? ദൈവത്തിന്‍റെ പ്രിയപുത്രൻ ഇത്രയധികം വേദന അനുഭവിക്കുമ്പോഴും, പിതാവിന്  കൈനീട്ടി സഹായിക്കാൻ കഴിയാതിരുന്നത് എങ്ങനെയാണ്? ഈ ചോദ്യം വേറൊരു വിധത്തിലായിരുന്നു ചോദിക്കേണ്ടിയിരുന്നത്. പരിശുദ്ധനും, നീതിമാനും, സ്നേഹനിധിയുമായ സ്വർഗ്ഗസ്ഥനായ പിതാവിന് എങ്ങനെയാണ് സ്വന്തം കൈകൾ കൊണ്ട് തന്‍റെ നിരപരാധിയായ പുത്രനെ മുറിവേൽപ്പിക്കാൻ കഴിഞ്ഞത്? ഈ സത്യം യഹൂദന്മാർക്ക് മനസ്സിലായില്ല, അതുകൊണ്ട്, അവൻ ക്രിസ്തുവാണെന്ന് പറഞ്ഞപ്പോൾ അവർ അവനിൽ ദൈവദൂഷണ കുറ്റം ആരോപിച്ചു. ‘നസറായനായ യേശു ഇങ്ങനെ കഷ്ടത അനുഭവിക്കാൻ കാരണം അവൻ കുറ്റക്കാരനായതുകൊണ്ടാണ്, കാരണം ദൈവം നിരപരാധികളെ ശിക്ഷിക്കുന്നില്ല’ എന്ന് അവർ കരുതി.

ആ ദുഷ്ടന്മാർ സ്‌തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്ന ദിവസം നിങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്ന് സങ്കൽപ്പിക്കുക. “ഈ സംഭവം സർവ്വശക്തനായ ദൈവത്തിന്‍റെ നിയന്ത്രണത്തിലാണ് ഉള്ളത്. ദൈവം തന്‍റെ രഹസ്യമായ ഉദ്ദേശ്യം  നിറവേറ്റാൻ ആ ദുഷ്ടന്മാരെ ഉപയോഗിക്കുകയായിരുന്നു”  എന്ന് ആരെങ്കിലും നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചാൽ നിങ്ങൾ എന്തു പറയുമായിരുന്നു? പക്ഷേ  സ്റ്റെഫാനോസ് അങ്ങനെ തന്നെയാണ് വിശ്വസിച്ചത്! അന്യായമായി കല്ലെറിഞ്ഞു കൊല്ലപ്പെട്ടിട്ടും, അവൻ തന്‍റെ പ്രത്യാശയും ഉറപ്പും പ്രഖ്യാപിക്കുകയാണുണ്ടായത്.

ദൈവത്തിന്‍റെ ക്രമീകരണം ഒരു നിഗൂഢതയാണ്.

ദൈവം തന്‍റെ ചില വിശുദ്ധന്മാരെ പീഡനങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. എന്നിരുന്നാലും ബൈബിളും ചരിത്രവും ഇത് സത്യമാണെന്ന് തെളിയിക്കുന്നു. ദൈവവചനത്തിൽ ഇയ്യോബ്, ദാവീദ്, യോസേഫ്, സ്റ്റെഫാനോസ് എന്നിവർ ഇതിന് ഉദാഹരണങ്ങളായി കാണപ്പെടുന്നു. ഫാനി ക്രോസ്ബി, ജോണി എറിക്‌സൺ, തുടങ്ങി നിരവധി സഹോദരി സഹോദരന്മാർ ഈ സത്യത്തിന് സാക്ഷികളാണ്. “എന്തുകൊണ്ട് ഇങ്ങനെ?” എന്ന് ദൈവത്തോട് ചോദിക്കുന്നത് നമ്മുടെ പണിയല്ല. അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെടാത്ത സത്യങ്ങൾ പഠിപ്പിക്കുന്ന തിരുവെഴുത്തുകളിലെ ഭാഗങ്ങൾ നിഷേധിക്കുന്നത് ശരിയല്ല. ചില സത്യങ്ങൾ നമുക്ക് മനസ്സിലാകുന്നില്ലെങ്കിലും ദൈവത്തിന്‍റെ കൃപയും ശക്തിയും അംഗീകരിക്കുക എന്നതാണ് നമ്മുടെ കടമ.

ഒരു ടിവി ചാനലിൽ രസകരമായ ഒരു പരസ്യം സംപ്രേഷണം ചെയ്തു വന്നിരുന്നു. വിപുല്‍ എന്ന കടയുടമയെക്കുറിച്ചായിരുന്നു അത്. ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പർ എത്ര മൃദുവാണെന്ന് പരീക്ഷിക്കാൻ സ്ത്രീകൾ അതിൽ അമർത്തിയാൽ  അയാൾ അവരെ വഴക്കു പറയുമായിരുന്നു. പലചരക്ക് കടകളിൽ സ്ത്രീകൾ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷേ നാരങ്ങയും ഓറഞ്ചും പഴയതായി കേടായതാണോ എന്ന് പരിശോധിക്കാൻ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദൈവജനത്തിന് സംഭവിക്കുന്നതും  ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു. നാം എങ്ങനെയുള്ളവരാണെന്ന് കണ്ടെത്താൻ ലോകം നമ്മുടെ മേൽ സമ്മർദ്ദം ചെലുത്താൻ ദൈവം അനുവദിക്കും. എന്നാൽ തന്‍റെ അത്ഭുതകരമായ കൃപ സ്വീകരിക്കാൻ അവൻ നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ വായ തുറന്ന് സാക്ഷ്യം പറയാൻ തുടങ്ങും. വിശക്കുന്ന നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയും, നിങ്ങളുടെ ജീവിതത്തിന് യഥാർത്ഥ സന്തോഷം നൽകുകയും ചെയ്യുന്ന അപ്പം കണ്ടെത്തിയെന്ന് നിങ്ങൾ അതിശയത്തോടെ പറയും. എങ്കിലും ചിലപ്പോൾ മനുഷ്യര്‍, സംശയത്തോടെ നിങ്ങൾ എത്രത്തോളം "തൃപ്തിയുള്ളവരാണെന്ന്" കാണാൻ നിങ്ങളെ പരീക്ഷിക്കാറുണ്ട്.

ദൈവം തന്‍റെ അധികമായ കൃപയില്‍ തന്‍റെ  സർവ്വാധികാരത്തെക്കുറിച്ചുള്ള സത്യം നമ്മെ പഠിപ്പിക്കുമ്പോൾ,  ഓരോ വ്യക്തിയേയും ഓരോ സംഭവത്തെയും തന്‍റെ  നിയന്ത്രണത്തിൽ വച്ചിട്ടുള്ള   ദൈവത്തെക്കുറിച്ച് നാം കൂടെക്കൂടെ വായ തുറന്ന് അഭിമാനത്തോടെ സംസാരിക്കാറുണ്ട്. ഒരുപക്ഷേ നമ്മൾ അർമീനിയക്കാരുടെ ദുർബലനായ ദൈവത്തെ പരിഹസിക്കുക കൂടെ ചെയ്തേക്കാം. “നമ്മുടെ ദൈവം മനുഷ്യനെയോ അവന്‍റെ ഇഷ്ടത്തെയോ ആശ്രയിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ സാഹചര്യങ്ങളെയും നമ്മുടെ സർവ്വാധികാരിയായ ദൈവം തന്‍റെ  നിയന്ത്രണത്തിലാണ്  വച്ചിട്ടുള്ളത്” എന്ന് നാം പറയുന്നു. പക്ഷേ ലോകം ശരിക്കും സംശയത്തോടെ,  “ഈ ആളുകൾ ദൈവത്തിന്‍റെ സർവ്വാധികാരത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. നമുക്ക് അവരെ എതിർക്കുകയും അവർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കുകയും ചെയ്യാമെന്ന്” വിചാരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നത്  ലഭിക്കാൻ നിങ്ങള്‍ക്ക് അർഹതയുണ്ടെങ്കിലും, ഒരു അഹങ്കാരിയും നീചനുമായ വ്യക്തി അത് നിങ്ങൾക്ക് അത് കിട്ടാതിരിക്കത്തക്കവിധം തടയുമ്പോൾ  എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

ഞാൻ ഒരു കഴിവുള്ള ചിത്രകാരനാണെങ്കിൽ, വെള്ളം നിറച്ച ഒരു  ഗ്ലാസ്സിന്‍റെ  അകത്ത് നാരങ്ങാനീര് ഉള്ളതുപോലെ വരയ്ക്കാൻ എനിക്ക് കഴിയും. എന്നിരുന്നാലും, ഞാൻ ഗ്ലാസിനെ അങ്ങോട്ടും ഇങ്ങോട്ടും അനക്കിയാൽ , അതിനുള്ളിൽ യഥാർത്ഥത്തിൽ ഉള്ളത് പുറത്തുവരും. നാരങ്ങാനീര് ഉണ്ടെന്ന് തോന്നിയാലും, അതിൽ യഥാർത്ഥത്തിൽ പാൽ ആയിരിക്കും ഉള്ളത്. ഇളക്കുന്ന പ്രക്രിയയിലൂടെ ഉള്ളിലുള്ളത് പുറത്തേക്കുവരുന്നു.

നിങ്ങള്‍ക്കും എനിക്കും  അർമീനിയരെ പരിഹസിക്കാനും  നമ്മെ സ്വയം വിവിധ നിലയിലുള്ള കാൽവിനിസ്റ്റ് പേരുകളിൽ വിളിക്കാനും  കഴിയും. എന്നിരുന്നാലും, നാം പ്രശ്നങ്ങളില്‍ അകപ്പെടുകയും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാതിരിക്കുകയും ചെയ്യുമ്പോൾ, നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെ സർവ്വാധികാരിയായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ നിങ്ങൾക്ക് സംഭവിക്കുമ്പോൾ നിങ്ങളിൽ എന്താണ് കാണപ്പെടുന്നത്? ദൈവത്തിന്‍റെ സർവ്വശക്തമായ കൃപയോ അതോ നിങ്ങളുടെ സ്വന്തം ഇച്ഛയോ? ശരിയായ ദൈവശാസ്ത്രം മാത്രം പോരാ. ഇയ്യോബിന് യഥാർത്ഥത്തിൽ തന്‍റെ  ദൈവശാസ്ത്രം നഷ്ടപ്പെട്ടു. അവന്‍റെ  ദൈവശാസ്ത്രം കൊണ്ട് തന്നെ അവന്‍റെ സുഹൃത്തുക്കൾ അവനെ വേദനിപ്പിച്ചു. “ഇയ്യോബേ, ദൈവം നീതിമാന്മാരുടെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു, എന്നാൽ പാപിയുടെ പ്രാർത്ഥന കേൾക്കാൻ വിസമ്മതിക്കുന്നു, എന്ന് നീ ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോൾ, ദൈവം നിന്നേയും, നിന്‍റെ കഷ്ടപ്പാടുകളെയും കുറിച്ച് നിശബ്ദനായിരിക്കുമ്പോൾ, നീ ഇപ്പോഴും നിന്നെത്തന്നെ നീതിമാൻ എന്ന് വിളിക്കുകയാണോ? നീ ഒരു പാപിയായ കപട ഭക്തനാണ്. നിന്‍റെ പാപം ഏറ്റുപറയാതെ നീ ദൈവദൂഷണം പറയുന്നു. നിന്‍റെ  കഷ്ടതകളെ നിന്‍റെ ദൈവശാസ്ത്രവുമായി എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?” അത്തരം പരിഹാസങ്ങൾക്ക് ഇയ്യോബിന് എങ്ങനെയാണ് മറുപടി നൽകാൻ കഴിയുക? അവരെപ്പോലെ  തനിക്ക് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സത്യത്തെ നിഷേധിക്കാനായില്ല. അപ്പോൾ തന്നെ താൻ ചെയ്യാത്ത ഒരു പാപം ചെയ്തുവെന്ന് അവന് പറയാനും  കഴിയില്ല. ഇയ്യോബിന് പറയാനുള്ളത്, “എനിക്ക് അറിയില്ല” എന്നാണ്. വായ അടച്ചുവെച്ചു കൊണ്ട് ദൈവത്തിനായി കാത്തിരിക്കുക മാത്രമേ അവന് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

ഇത് ന്യായമല്ല!’’

അന്യായമായി പീഡിപ്പിക്കപ്പെട്ട പലർക്കും ഞാൻ പലപ്പോഴും വചനം ശുശ്രൂഷിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്യാറുണ്ട്. അവര്‍ പലപ്പോഴും കണ്ണീരോടെ ‘പാസ്റ്റര്‍, എനിക്ക് സംഭവിച്ചത് വളരെ അന്യായമാണ്’ എന്ന് വിലപിക്കാറുണ്ട്. ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ചില ക്രിസ്ത്യാനികൾ അധികാര സ്ഥാനങ്ങളിൽ തുടരാൻ വേണ്ടി മനഃപൂർവ്വം വഞ്ചിക്കുകയും കള്ളം പറയുകയും ചെയ്ത ഒരു സാഹചര്യത്തിലൂടെ ഞാൻ അടുത്തിടെ കടന്നുപോയി. അവരുടെ പെരുമാറ്റം ലൗകിക രാഷ്ട്രീയത്തേക്കാൾ മോശമായിരുന്നു. എന്‍റെ ക്രിസ്തീയ ജീവിതത്തിൽ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു അനുഭവമായിരുന്നു. “പക്ഷേ കർത്താവേ, അവർ കള്ളം പറയുകയാണെന്ന് എനിക്കറിയാം. ഇത് വളരെ ഭയാനകവും അന്യായവുമാണ്,” എന്ന് എനിക്ക് നിലവിളിക്കാൻ തോന്നി.

അന്യായം നടക്കുമ്പോൾ നമുക്ക് കിട്ടുന്ന  ഏക ആശ്വാസം എന്താണ്? ഒന്നാമതായി, ഈ ജീവിതത്തിൽ എല്ലാം ന്യായമായിരിക്കുമെന്ന് ദൈവം ഒരിക്കലും സൂചിപ്പിച്ചിട്ടില്ലെന്ന് നാം ഓർക്കണം! വാസ്‌തവത്തിൽ, നാം ദൈവവചനം ശരിയായി മനസ്സിലാക്കുകയും അതിലെ സന്ദേശം ശ്രദ്ധാപൂർവ്വം ഗ്രഹിക്കുകയും ചെയ്‌താൽ, ഭക്തികെട്ടവർ ന്യായം ചെയ്യുമെന്ന് നാം കരുതരുതെന്ന് നമുക്ക് മനസ്സിലാകുന്നു.

അവർ യിരെമ്യാവിനെ കിണറ്റിൽ ഇട്ടുകളഞ്ഞത് ന്യായമായിരുന്നില്ല. യോസേഫിനെ അവന്‍റെ സഹോദരന്മാർ അടിമയായി വിറ്റത് ന്യായമായിരുന്നില്ല. സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നതും, നീറോ ആയിരക്കണക്കിന് ക്രിസ്ത്യാനികളെ സിംഹങ്ങളുടെ മുമ്പിൽ എറിഞ്ഞുകൊടുത്തതും ന്യായമായിരുന്നില്ല. പല ക്രിസ്ത്യാനികളും നേരിട്ട സാഹചര്യങ്ങൾ അങ്ങേയറ്റം ക്രൂരവും അന്യായവുമായിരുന്നു എന്ന് നമുക്കറിയാം (എബ്രായർ 11 കാണുക). പക്ഷേ, എല്ലാം നമുക്ക് ന്യായമായിട്ട്  നടക്കണമെന്ന ആശയം നമുക്ക് എവിടെ നിന്നാണ് ലഭിച്ചത്? എങ്ങനെ നോക്കിയാലും, ഈ ലോകം ദൈവകൃപയ്ക്ക് അനുകൂലമല്ല. മത്തായി 10:16-42 വായിച്ചിട്ട്, ‘ഇത് എന്തുകൊണ്ട് ന്യായമല്ല?’ എന്ന് ചോദിക്കാനുള്ള ധൈര്യം കാണിക്കുക.

അതെ, നാം ഉടച്ചുവാർക്കപ്പെടും. എന്നാൽ നമുക്ക് സഹിക്കാവുന്നതിലും അപ്പുറം നാം പരീക്ഷിക്കപ്പെടുകയില്ല. ദൈവം നമ്മെ തീച്ചൂളയിലേക്ക് എറിയാൻ അനുവദിച്ചാൽ, നമുക്ക് നല്ല പടയാളികളെപ്പോലെ സഹിച്ചുകൊണ്ട് അവന്‍റെ കൃപയും ശക്തിയും  പ്രദർശിപ്പിക്കാം. ഇയ്യോബിനെപ്പോലെ വിശ്വസിക്കാനും “ദൈവത്തിന്‍റെ കൈയിൽ നിന്ന്  നന്മ മാത്രമല്ല തിന്മയും അനുഭവിക്കേണ്ടതല്ലേ?” എന്ന് ചോദിക്കാനുമുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവവചനത്തിൽ കാണപ്പെടുന്ന ഈ ആറ് പ്രമാണങ്ങൾ നാം മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ, അവ അങ്ങനെ ചെയ്യാൻ നമ്മെ സഹായിക്കും.

 ഈ സത്യം നമ്മുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടാൽ, അതിലൂടെ നമുക്ക് അതിന്‍റെ  ശക്തി എപ്പോഴും അനുഭവിക്കാനും,  എല്ലാ സാഹചര്യങ്ങളിലും നമുക്ക് “ക്രിസ്തുവിൽ പൂർണ്ണ ജയം” പ്രാപിക്കാനും കഴിയും. എല്ലാറ്റിലും ദൈവത്തിന്‍റെ കൈ നമുക്ക് കാണാനും, അവന്‍റെ സർവ്വാധികാര  കൃപയും  സ്നേഹവുമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന്  മനസ്സിലാക്കാനും കഴിയും. നാം പരിശോധിച്ച ഈ ആറ് തത്വങ്ങളും “ജിബ്രാൾട്ടറിന്‍റെ പാറ” പോലെ നമ്മുടെ കാൽക്കീഴിൽ ഉറച്ചുനിൽക്കുന്നു. “എനിക്ക് എന്ത് സംഭവിച്ചാലും അത് നല്ലതിനാണ് എന്ന് നീ എന്നെ പഠിപ്പിച്ചു” എന്ന് നമുക്ക് പറയാൻ കഴിയും.

 ഓ ക്രിസ്ത്യാനീ, സർവ്വാധികാരിയും, സർവ്വശക്തനും, സ്നേഹവാനുമായ ഇവനാണ് നിന്‍റെ  ദൈവം, - ധൈര്യമുള്ളവനായി  പ്രത്യാശ പുലർത്തുക. അവന്‍റെ ചിറകിൻ കീഴിൽ നീ വളരെ സുരക്ഷിതനാണ്. നിങ്ങളുടെ ദൈവം പൂർണ്ണ വിജയം നേടിയിരിക്കുന്നു, അതിനാൽ നിങ്ങൾക്കും വിജയം ലഭിക്കും! അവസാനമായി ഒരു വാക്ക്.

നിങ്ങൾ ഒരു ക്രിസ്ത്യാനിയല്ലെങ്കിൽ, ഇത്തരമൊരു സർവ്വാധികാരിയായ ദൈവത്തിനെതിരെയാണ് നിങ്ങൾ മത്സരിക്കുന്നതെന്ന് ഓർക്കുക. നിങ്ങൾ മനഃപൂർവ്വം അവന്‍റെ അധികാരത്തെ നിരസിക്കുകയും അവന്‍റെ കൃപയെ അവഗണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇതുവരെ അനുതാപപൂർണ്ണമായ വിശ്വാസത്തോടെ നിങ്ങളുടെ ഹൃദയവും മനസ്സും ഈ വലിയവനായ  ദൈവത്തിന് സമർപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ തീർച്ചയായും വളരെ ദൗർഭാഗ്യവാനും ഭോഷനുമാണ്. ഇതുപോലുള്ള ഒരു ദൈവത്തെ എതിര്‍ത്തുകൊണ്ട് നിങ്ങൾക്ക് എങ്ങനെ വിജയിക്കാനാകുമെന്നാണ്  നിങ്ങൾ കരുതുന്നത്? വിശ്വാസത്തോടെ അവനിലേക്ക് തിരിയുക. അവൻ സർവ്വാധികാരിയെന്നതുപോലെ തന്നെ കരുണാമയനുമാണെന്ന് അറിയുക.

 

 

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.