ദുരുപദേശങ്ങള്‍ക്ക് മറുപടി

രചയിതാവ്.: ജി. ബിബു
വിവർത്തനം: ഷിബു ബാബു &ഷൈനി

   ഇത്രയും ആശ്വാസം നൽകുന്ന ഈ ശുശ്രൂഷയെയും  നിങ്ങൾ  വിമർശിക്കുകയാണോ? ഇത് തെറ്റാണ്, അത് തെറ്റാണ് എന്ന് പറയാൻ അല്ലാതെ നിങ്ങൾക്ക്  വേറെ  പണിയൊന്നും ഇല്ലേ എന്നുള്ള വിമർശനത്തെയും തിരസ്കരണത്തെയും സഹിക്കാൻ തയ്യാറായി കൊണ്ട് തന്നെ, വചനത്തിന്‍റെ അധികാരത്തോടെ,  ഈ വാഗ്ദാന ലോട്ടറി സമ്പ്രദായത്തെ ഞാന്‍ അപലപിക്കുന്നു. ഇത് സഭയെ അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുക മാത്രമല്ല, ദൈവവചനം വായിക്കേണ്ട രീതിയെയും അപകടത്തിലാക്കുന്ന  തെറ്റായ ഒരു ശീലമാണ്. താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ എന്നോട് ഒപ്പം വിശകലനം ചെയ്താൽ ഇതിലെ തെറ്റ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ പ്രാർത്ഥനാപൂർവ്വം അവയെ പരിഗണിക്കണമെന്ന് ഞാന്‍ അഭ്യർത്ഥിക്കുന്നു.

1.വാഗ്ദാനങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലല്ല, ക്രിസ്തുവിലാണ് നൽകപ്പെട്ടിരിക്കുന്നത് (2 കൊരിന്ത്യർ 1:20).

ബൈബിളിലെ എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവിലുള്ളവർക്ക് ബാധകമാണ്.   ചെറിയ കടലാസു കഷണങ്ങളിൽ എഴുതിയതുകൊണ്ട് മാത്രം  വാഗ്ദാനങ്ങൾ ആർക്കും ബാധകമാകണമെന്നില്ല.   എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവിലായതുകൊണ്ട്,  സാഹചര്യത്തിന് അനുയോജ്യമായ ഏതൊരു വാഗ്ദാനവും,  പ്രാർത്ഥനയിൽ അവകാശപ്പെട്ടുകൊണ്ട് നമുക്ക് ദൈവത്തിൽ ആശ്രയിക്കാൻ സാധിക്കും.  അതുകൊണ്ട് അവന്‍റെ  കൃപാസനത്തെ സമീപിക്കാൻ നമുക്ക് ധൈര്യം നൽകുന്നത് കടലാസു കഷണങ്ങളല്ല (വാഗ്ദാന ലോട്ടറികൾ), മറിച്ച്  നാം ക്രിസ്തുവിലാണെന്ന ഉറപ്പ് മാത്രമാണ്.  ഈ അടിസ്ഥാന പാഠത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഈ ലോട്ടറി പരിപാടി  ദൈവം അംഗീകരിച്ച ഒരു രീതിയല്ല.  ‘ഞാൻ ക്രിസ്തുവിലായതിനാൽ’ എന്ന കാരണത്തിൽ നിന്ന് ‘എനിക്ക് ‘വാഗ്ദാനത്തിന്‍റെ ലോട്ടറി കിട്ടിയതിനാൽ’ എന്ന വഞ്ചനയിലേക്ക് തിരിക്കുന്നത് ദൈവാത്മാവിന്‍റെ പ്രവൃത്തിയല്ല.  രക്ഷയില്‍ മാത്രം ലഭ്യമാകുന്ന ഈ ശ്രേഷ്ഠമായ വാഗ്ദാനങ്ങൾ   മറ്റേതെങ്കിലും രീതിയില്‍ വിതരണം ചെയ്യാന്‍ ദൈവം ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല.

2.വാഗ്ദാനങ്ങൾ ക്രിസ്തുവിലുള്ളവർക്കു മാത്രമുള്ളതാണ് (2 കൊരിന്ത്യർ 1:20)

കുട്ടികളുടെ അപ്പം നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതു പോലെയുള്ള ബുദ്ധിശൂന്യമായ ഒരു മാർഗമാണ് വാഗ്ദാന കാർഡുകൾ.   ക്രിസ്തുവിനു പുറത്തുള്ളവരെല്ലാം ശിക്ഷാവിധിയിലാണെന്ന് നമുക്കറിയാം (റോമർ 8:1).   അവരുടെ ഓഹരി ദൈവത്തിന്‍റെ വാഗ്ദാനങ്ങളല്ല, മറിച്ച് ദൈവകോപമാണ്.   എന്നാൽ, വാഗ്ദാന കാർഡുകളാകുന്ന ലോട്ടറി എടുക്കുന്നവർ, അവർ  രക്ഷിക്കപ്പെട്ടവർ അല്ലെങ്കിൽ പോലും, തങ്ങൾക്ക് ബാധകമല്ലാത്ത ഒരു വാഗ്ദാനത്തിലൂടെ ദൈവം തങ്ങളോട് സംസാരിച്ചെന്ന തെറ്റായ ഉറപ്പിലേക്ക് എത്താൻ കാരണമായേക്കാം.   ആ തെറ്റായ ഉറപ്പോടെ വഞ്ചിക്കുന്ന പാപത്തിനുള്ള ഉത്തരവാദിത്തം വാഗ്ദാന  ലോട്ടറി വിതരണം ചെയ്തവർക്കാണ്.   ഉദാഹരണത്തിന്, യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി സ്വീകരിക്കാത്ത ഒരാൾക്ക് “കർത്താവ് എന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന വാഗ്ദാനം ലഭിച്ചാൽ, അത് സുവിശേഷത്തിന് എത്ര വലിയ തടസ്സമാണ് ഉളവാക്കുന്നതെന്ന് ആലോചിച്ചു നോക്കൂ!  ഒരു പാപിക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം അവനെ യേശുക്രിസ്തുവിലേക്ക് നയിക്കുക എന്നതാണ്. അവന്‍റെതല്ലാത്ത വാഗ്ദാനങ്ങൾ അവനു നൽകി അവന്‍റെ ഇരുട്ട് വെളിച്ചമാണെന്ന് അവനെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് അവനോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി.   ഏതൊക്കെ വാഗ്ദാനങ്ങൾ ആർക്കാണ് ലഭിക്കേണ്ടതെന്ന് ദൈവം തീരുമാനിക്കുന്നതിനാൽ, രക്ഷിക്കപ്പെടാത്തവർക്ക് അത്തരം വാഗ്ദാനങ്ങൾ വരാതെ അവൻ നോക്കിക്കോളുമെന്ന്  നിങ്ങൾ പറയുമായിരിക്കും.  എന്നാൽ എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവിലുള്ളവർക്ക് മാത്രമേ ബാധകമാകൂ എന്ന ദൈവത്തിന്‍റെ നിയമം ലംഘിച്ച്, അവൻ  നോക്കിക്കോളുമെന്ന് കരുതി അവ  ചോക്ലേറ്റുകൾ പോലെ എല്ലാവർക്കും വിതരണം ചെയ്യുന്നത് എത്ര അസംബന്ധമാണെന്ന് ചിന്തിക്കുക!  വാഗ്ദാനങ്ങൾ വിതരണം ചെയ്യുന്നതിന്‍റെ  മറവിൽ പാപിയെ വഞ്ചിക്കരുത്, വചനത്തോട് അനീതി കാണിക്കരുത്. 

3.ഉപാധികളോടു കൂടിയ വാഗ്ദാനങ്ങളെക്കുറിച്ച് എന്തുപറയും?

തിരുവെഴുത്തുകളിലെ പല വാഗ്ദാനങ്ങൾക്കും ചില വ്യവസ്ഥകൾ ഉണ്ട്.  ആ വ്യവസ്ഥകൾ നിറവേറ്റുന്നവർക്ക് പ്രതിഫലമായി നൽകുന്ന വാഗ്ദാനങ്ങള്‍, അവയെക്കുറിച്ച് അറിവില്ലാത്തവരോ ആശങ്കയില്ലാത്തവരോ ആയവർക്ക് ലോട്ടറി പോലെ വിതരണം ചെയ്യുന്നത്, ദൈവത്തിന്‍റെ നടത്തിപ്പ് ഈ പ്രക്രിയയിൽ ഇല്ല എന്നതിന്‍റെ ശക്തമായ തെളിവാണ്.   വ്യവസ്ഥകൾ പാലിക്കുന്നവർക്ക് വാഗ്ദാനങ്ങളുണ്ട്, പക്ഷേ വാഗ്ദാന കടലാസ് എടുക്കാൻ വേണ്ടി മാത്രം ഉള്ള വാഗ്ദാനങ്ങള്‍ ഒന്നുമില്ല.  വ്യവസ്ഥകൾക്ക് വിരുദ്ധമായി ജീവിക്കുന്നവർക്ക് വ്യവസ്ഥകളോടു കൂടെയുള്ള വാഗ്ദാന കാർഡ്  നൽകുന്നത്,  ദൈവവചനത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.  ഉദാഹരണത്തിന്, “നിങ്ങൾ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കും” എന്നത് മാതാപിതാക്കളെ ബഹുമാനിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ഒരു വാഗ്ദാനമാണ്.   മാതാപിതാക്കളെ വകവക്കാത്ത ഒരു മകന് ഒരു കടലാസിന്‍റെ   രൂപത്തിൽ ആ വാഗ്ദാനം കിട്ടിയതുകൊണ്ട് മാത്രം അവന് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.  ആ വ്യവസ്ഥ അനുസരിക്കുന്നവന് വാഗ്ദാന കാർഡ് ഇല്ലാതെ തന്നെ ആ വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയും.  എന്നാല്‍ വാഗ്ദാന ലോട്ടറി കിട്ടിയതുകൊണ്ട് മാത്രം ആ വാഗ്ദാനം നേടിയെടുക്കാൻ മതിയായ അർഹത ഉണ്ടാകുന്നില്ല.

4.വാഗ്ദാനങ്ങൾ തത്തമ്മ ജാതകമല്ല.

ക്രിസ്തുവിൽ ആയിരിക്കുന്നതിലൂടെയും വ്യവസ്ഥകൾ പാലിക്കുന്നതിലൂടെയും നമുക്ക് ലഭിക്കുന്ന വാഗ്ദാനങ്ങൾ, ദൈവം വരും വർഷത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന്  തത്തമ്മ പറയുന്ന ജാതകം പോലെയാണെന്ന് കരുതുന്നത് എത്ര അപകടകരമായ ആശയമാണ്.  ദൈവത്തിന്‍റെ ഉദ്ദേശത്തിനു വെളിയിൽ വചനത്തെ ഉപയോഗിക്കാനുള്ള അനുവാദം ദൈവം ആർക്കും നൽകിയിട്ടില്ല.  വിവാഹത്തിനു വേണ്ടിയോ, ജോലിക്കു വേണ്ടിയോ, മക്കൾക്കു വേണ്ടിയോ ഹൃദയത്തിൽ ആഗ്രഹിക്കുന്നവര്‍ക്ക്  “കർത്താവ് നിന്‍റെ  ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു നൽകും” എന്ന വാഗ്ദാന കാർഡ്  കിട്ടുകയും, ആ വർഷം അത് സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോൾ ദൈവം തന്‍റെ വാക്ക് ലംഘിച്ചുവെന്ന് കരുതി വിശ്വാസം ത്യജിച്ചു കളഞ്ഞ ചിലരുടെ സാക്ഷ്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.   വാഗ്ദാനങ്ങളുടെ ‘ദുരുപയോഗം’ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും അവിശ്വാസത്തിന്‍റെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുമെന്ന് മറക്കരുത്.

5.ഇത് ബൈബിൾ വ്യാഖ്യാന നിയമങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണ്.

ദൈവത്തിന്‍റെ വാക്കുകളെ അവയുടെ യഥാർത്ഥ സന്ദർഭത്തിൽ നിന്ന് മാറ്റി, എന്‍റെ ജീവിത സാഹചര്യങ്ങളാകുന്ന പുതിയ സന്ദർഭത്തെ ആരോപിക്കുന്നതിലൂടെ, അവന്‍റെ വാക്കുകൾക്ക്  പുതിയ അർത്ഥങ്ങൾ ഉളവാകുന്നു.   ആ പുതിയ അർത്ഥങ്ങൾ  അവന്‍റെ വാക്കുകളല്ല.  ദൈവം ഏത്  സന്ദർഭത്തിൽ ആണോ  സംസാരിച്ചത് ആ സന്ദർഭത്തിൽ നിന്ന് വരുന്ന അർത്ഥമാണ് അവന്‍റെ യഥാർത്ഥമായ വാക്ക്.  ആ അർത്ഥത്തിൽ നിന്ന് ഉത്ഭവിക്കുന്ന നിയമങ്ങളാണ് നമ്മുടെ ജീവിതത്തിൽ പ്രയോഗികമാക്കാൻ വേണ്ടി ദൈവം നിശ്ചയിച്ചിരിക്കുന്ന പാത.  വചനം മനസ്സിലാക്കാൻ ഒരു വ്യവസ്ഥാപിത മാർഗമുണ്ടെന്ന സത്യം അറിയാത്തവരോ, അല്ലെങ്കിൽ മനഃപൂർവ്വം അത് അവഗണിക്കുന്നവരോ മാത്രമാണ് ഈ ലോട്ടറി സമ്പ്രദായത്തിലൂടെ വചനത്തിന്‍റെ  ക്രമരഹിതമായ ദുരുപയോഗത്തിന് ഇരകളാകാൻ തങ്ങളുടെ സഭകളെ പ്രോത്സാഹിപ്പിക്കുന്നത്. 

മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പരിശോധിക്കാനും, സഭയുടെ ക്ഷേമത്തിന് കാരണമാകുന്ന രീതികൾ മാത്രം പ്രോത്സാഹിപ്പിക്കാനും, അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുന്ന ഒരു ദുശ്ശീലങ്ങളോടും സഹകരിക്കരുതെന്നും കർത്താവിന്‍റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.   ചില ‘മഹാന്മാരായ   ദൈവദാസൻമാർ’ പോലും ഈ വാഗ്ദാന ലോട്ടറി രീതികളെ പ്രോത്സാഹിപ്പിച്ചതായി നമുക്കറിയാം.അവരാല്‍ സ്ഥാപിക്കപ്പെട്ട ‘വലിയ വലിയ സഭകളില്‍’ ഈ രീതി ഇന്നും തുടരുന്നതായും നമുക്ക് അറിയാം.  അവർ എത്ര വലിയവരാണോ അവരുടെ ഉത്തരവാദിത്തവും അത്രത്തോളം വലുതാണ്.  അവർ ദൈവത്തോട് അത്രയധികം കണക്കു ബോധിപ്പിക്കേണ്ടതായും വരും. ഈ തത്തമ്മ ജ്യോതിഷത്തിൽ നിന്നും നമുക്ക് വിട്ടുനിൽക്കാം.  മുഴുവൻ പുസ്തകവും എന്‍റെതായിരിക്കെ, ആരോ ഒരാൾ തയ്യാറാക്കിയ ഒരു കടലാസു കഷണത്തിന് ( വാഗ്ദാന കാർഡ്) ഞാൻ എന്നെത്തന്നെ എന്തിന് പരിമിതപ്പെടുത്തണം?  ക്രിസ്തുവിൽ എനിക്കുള്ള എല്ലാ വാഗ്ദാനങ്ങളും എനിക്ക് വേണം.   വ്യവസ്ഥകളോടു കൂടിയ എല്ലാ വാഗ്ദാനങ്ങളും എന്നെ കൂടുതൽ അനുസരണയുള്ളവനാകാൻ പ്രോത്സാഹിപ്പിക്കണം.  ദൈവത്തിന്‍റെ  വാഗ്ദാനങ്ങൾ സ്വന്തമാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.    അങ്ങനെ ചെയ്യാനുള്ള കൃപ ദൈവം നമുക്കെല്ലാവർക്കും നൽകട്ടെ.

 

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.