“വിവാഹം എല്ലാവർക്കും മാന്യം...” (എബ്രായർ 13:4), എന്ന് വാക്യം പറയുന്നു. ഒരു വിവാഹത്തിൽ ബഹുമാനപ്പെട്ട പാസ്റ്റർ ബിബു നടത്തിയ ഒരു പ്രസംഗത്തിൽ, വിവാഹം മാന്യമായിരിക്കുന്നതിന്‍റെ പത്ത് കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. അതേ കാര്യങ്ങൾ ഈ ലേഖനത്തിന്‍റെ രൂപത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇതാണ് ആ പത്ത് കാരണങ്ങൾ...
ഒന്നാമത്തെ കാരണം
വിവാഹത്തെ സ്ഥാപിച്ചതും രൂപകൽപ്പന ചെയ്തതും ദൈവമാണ്.
വിവാഹമെന്ന സ്ഥാപനം ദൈവത്തിന്‍റെ ചിന്തകളിൽ നിന്നാണ് ഉത്ഭവിച്ചത്. ഇത് മാനുഷിക ചിന്തകളിൽ നിന്ന് ഉളവായതല്ല. 'ഞാൻ വിവാഹം കഴിച്ചാൽ എത്ര നന്നായിരുന്നു, നീ എന്നെക്കുറിച്ചു ചിന്തിക്കുന്നില്ലേ?' എന്ന് ആദാം ദൈവത്തോട് ചോദിച്ചതായോ പരാതി പറഞ്ഞതായോ നാം വായിക്കുന്നില്ല. ദൈവം തന്നെ ആദാമിനെ നോക്കി, “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും” (ഉൽപത്തി 2:18) എന്ന് പറഞ്ഞതായിട്ടാണ് നാം വായിക്കുന്നത്. വിവാഹം ദൈവത്തിന്‍റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്. മനുഷ്യവംശത്തിന്‍റെ നന്മയ്ക്കായി ദൈവം തന്നെയാണ് ഈ വിവാഹം എന്ന സ്ഥാപനം രൂപകൽപ്പന ചെയ്തത്. ദൈവം ഉണ്ടാക്കിയതിനെയും ആരംഭിച്ചതിനെയുമൊക്കെ അവൻ നല്ലത് എന്ന് വിളിക്കുന്നു. “താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്ന് കണ്ടു” (ഉൽപത്തി 1:31). അതായത് ദൈവം സ്ഥാപിച്ചത് ഏതാണെങ്കിലും അത് നല്ലതാണ്. അതുകൊണ്ട് വിവാഹം നല്ലതും, മാന്യവും, വിലയേറിയതുമാണ്. മഹത്വവാനായ ദൈവം വിവാഹത്തെ സ്ഥാപിച്ചതുകൊണ്ട് അത് മാന്യമാണ്. ഇതാണ് ഒന്നാമത്തെ കാരണം.
രണ്ടാമത്തെ കാരണം
ഓരോ വിവാഹത്തിലും യോജിപ്പിക്കുന്ന പ്രവൃത്തി ദൈവമാണ് ചെയ്യുന്നത്.
കർത്താവായ യേശുക്രിസ്തു തന്നെ ഇത് പറഞ്ഞിട്ടുണ്ട്. ഒരു സന്ദർഭത്തിൽ, ശാസ്ത്രിമാരും പരീശന്മാരും വന്ന്, “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?” എന്ന് ചോദിച്ചു. ഇത് വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു ചോദ്യമാണ്. എല്ലാ സാഹചര്യങ്ങളിലും വിവാഹമോചനം അനുവദിക്കാമോ അതോ വിവാഹമോചനം അനുവദിക്കുന്നതിന് എന്തെങ്കിലും പ്രത്യേക കാരണങ്ങൾ വേണോ എന്നാണ് അവർ ചോദിക്കുന്നത്. അവനെ പരീക്ഷിക്കാനാണ് അവർ അങ്ങനെ ചോദിക്കുന്നത്. അവർ വിവാഹമോചനത്തെക്കുറിച്ചാണ് ചോദിച്ചതെങ്കിലും, വിവാഹത്തെ നിർവ്വചിച്ചുകൊണ്ടാണ് കർത്താവ് ഉത്തരം ആരംഭിച്ചത്. അതിന്‍റെ ഭാഗമായി അവിടുന്ന് പറഞ്ഞത്- “….ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേർപിരിക്കരുത്” (മത്തായി 19:6) എന്നാണ്. ഇതിനർത്ഥം, എല്ലാ വിവാഹത്തിലും ദൈവം തന്നെയാണ് യോജിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നത് എന്നാണ്. ഇത് മനുഷ്യർ ചെയ്യേണ്ട കാര്യമല്ല. ഇത് ദൈവം തന്നെ ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. വിവാഹം ഏതു രീതിയിൽ നടന്നു എന്നതല്ല ചോദ്യം. അത് ക്രിസ്ത്യൻ വിവാഹമാണോ, ഹിന്ദു വിവാഹമാണോ, മുസ്ലീം വിവാഹമാണോ, നിരീശ്വര വിവാഹമാണോ എന്നത് വിഷയമല്ല. അതുപോലെ, വിവാഹം പള്ളിയിലായാലും, അമ്പലത്തിലായാലും, മസ്ജിദിലായാലും, രജിസ്ട്രാർ ഓഫീസിലായാലും, വിവാഹം എവിടെ നടന്നാലും, ദൈവമാണ് യോജിപ്പിക്കുന്നത്. അതുകൊണ്ട് വിവാഹം മാന്യമാണ്.
മൂന്നാമത്തെ കാരണം
എല്ലാ വിവാഹങ്ങൾക്കും സാക്ഷി യഹോവയാണ്.
മലാഖി 2:14-ന്‍റെ സന്ദർഭത്തിൽ, ചിലർ അന്യായമായി വിവാഹം ചെയ്ത തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുകയായിരുന്നു. “എന്നാൽ നിങ്ങൾ അത് എന്തുകൊണ്ട് എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നെ; അവൾ നിന്‍റെ കൂട്ടാളിയും നിന്‍റെ ധർമപത്നിയുമല്ലോ” (മലാഖി 2:14). ഒരു വിവാഹം നടന്നു എങ്കിൽ, ആ വിവാഹത്തിന് സാക്ഷി ദൈവമാകുന്നു. വിവാഹത്തിൽ സാക്ഷികളായി ഒപ്പിടുന്നവർ പോലുമല്ല, ദൈവം തന്നെയാണ് എല്ലാ വിവാഹങ്ങള്‍ക്കും സാക്ഷി. മറ്റെല്ലാ സാക്ഷികളും നിയമപരമായോ സാമൂഹികമായോ ആവശ്യമാണ്, എന്നാൽ നാം കണക്ക് ബോധിപ്പിക്കേണ്ട കാര്യത്തിൽ, ദൈവം ആണ് ഓരോ വിവാഹത്തിനും സാക്ഷി. പുരുഷന്‍മാരും സ്ത്രീകളും വിവാഹ ബന്ധത്തിലേക്ക് പ്രവേശിക്കുന്നത് പ്രതിജ്ഞയെടുത്താണ്. അതിന് ദൈവമാണ് സാക്ഷി. ദൈവം സാക്ഷിയായിരിക്കുന്നതിനെ നാം ശ്രേഷ്ഠവും ഗൗരവപ്രദവുമായ ഒന്നായി കണക്കാക്കണം. അതിനെ അനാദരിക്കുന്ന ഏതൊരാളും ദൈവത്തിന്‍റെ നാമത്തെ വൃഥാ എടുക്കുന്നവരായി കണക്കാക്കപ്പെടും, മൂന്നാമത്തെ കൽപ്പന ലംഘിക്കുന്നവർ ആകും. “നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” (പുറപ്പാട് 20:7). ഓരോ വിവാഹത്തിനും യഹോവയാണ് സാക്ഷി എന്നതിനാൽ വിവാഹം മാന്യമാണ്.
നാലാമത്തെ കാരണം
ദൈവം വിവാഹത്തെ എല്ലാ മാനുഷിക ബന്ധങ്ങളിലും വച്ച് ഏറ്റവും മികച്ചതും ഉന്നതവുമായി കണക്കാക്കുന്നു.
ഉല്പത്തി:2:24ൽ, “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും”എന്ന് കാണുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ ഉള്ള ബന്ധത്തെക്കാൾ ശ്രേഷ്ടമായ ഒരു ബന്ധം വേറെയുണ്ടോ? എന്ന് ചോദിച്ചാൽ, നമ്മിൽ മിക്കപേരും ഇല്ല എന്ന് പറയും. എന്നാൽ ദൈവം വിവാഹത്തെ അതിനേക്കാൾ മികച്ചതും ഉയർന്നതുമായ ഒരു ബന്ധമാക്കി.
ഇത് നമ്മുടെ നാട്ടിൽ വളരെയധികം കാണാനിടയില്ല. നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അന്യായമായ ഒരു വ്യവസ്ഥ കാണപ്പെടുന്നു. സ്ത്രീ മാത്രമാണ് അവളുടെ കുടുംബത്തെ മുഴുവൻ ഉപേക്ഷിച്ച് പുരുഷന്‍റെ വീട്ടിലേയ്ക്ക് പോകുന്നത്. എന്നാൽ ബൈബിൾ എന്താണ് പറയുന്നത്- “പുരുഷൻ തന്‍റെ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു...” അതായത്, വിവാഹശേഷം പുരുഷൻ മരുമകനായി ഭാര്യ വീട്ടിലേക്ക് പോകണമെന്ന് ബൈബിൾ പറയുന്നുണ്ടോ? ഒരിക്കലുമില്ല. ബൈബിൾ സ്ത്രീകളെക്കുറിച്ചും ഇതേ കാര്യം പഠിപ്പിക്കുന്നു. സങ്കീർത്തനം 45:10- “അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്ക”. വിവാഹിതരായ ഒരു പുരുഷനും സ്ത്രീയും ഒരു പ്രത്യേക കുടുംബമാണെന്ന് ബൈബിൾ ഇതിനെക്കുറിച്ച് പറയുന്നു. അവർ ഇരുവരും പരസ്പരം പറ്റിച്ചേർന്ന് ഒരു ശരീരമായിത്തീരും. അവർക്ക് ഇരുവർക്കും ഇടയിൽ ഇടപെടാൻ ആർക്കും അനുവാദമില്ല. സ്വാഭാവികമായും കുട്ടികളുമായി വളരെ അടുപ്പമുള്ള മാതാപിതാക്കൾക്ക് പോലും ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇടപെടാൻ അനുവാദം ഇല്ല. ദൈവം വിവാഹത്തെ എല്ലാ മാനുഷിക ബന്ധങ്ങളെക്കാളും ഏറ്റവും ഉന്നതമായി കണക്കാക്കുന്നതിനാൽ അത് മാന്യമാണ്.
അഞ്ചാമത്തെ കാരണം
ദൈവം താനും തന്‍റെ ജനവും തമ്മിലുള്ള ബന്ധവും, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നതിന് വിവാഹത്തെ ഒരു സാദൃശ്യമായി ഉപയോഗിച്ചു.
ദൈവം തന്നെ തന്‍റെ സ്നേഹം ആലങ്കാരികമായി പ്രകടിപ്പിക്കാൻ, വിവാഹത്തെ ഒരു ഉദാഹരണമായി ഉപയോഗിച്ചു. അങ്ങനെയെങ്കില്‍ വിവാഹം ദൈവദൃഷ്ടിയിൽ എത്ര മികച്ചതായിരിക്കണം! മാത്രമല്ല, “നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ…” (വെളിപ്പാട് 19:7), എന്ന് എഴുതപ്പട്ടിരിക്കുന്നു. കർത്താവ് തന്‍റെ സഭയെ എടുത്തു കൊണ്ട് പോകാൻ വരുന്ന തന്‍റെ വീണ്ടും വരവിനെ കുഞ്ഞാടിന്‍റെ കല്ല്യാണമായി വിശേഷിപ്പിച്ചതിലൂടെ കർത്താവ് വിവാഹത്തെ കൂടുതൽ വിലയേറിയതാക്കി.
ആറാമത്തെ കാരണം
ഭാര്യാഭർത്താക്കന്മാർ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന സന്ദർഭത്തിൽ, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ മാതൃകയായി എടുക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
എഫെസ്യർ 5:22-33 ൽ നമുക്ക് ഈ കാര്യങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിയും. ക്രിസ്തു സഭയെ സ്നേഹിച്ച് അവൾക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചതുപോലെ, ഭർത്താവ് ഭാര്യയെ ത്യാഗപൂർവ്വം സ്നേഹിക്കണമെന്ന് പറഞ്ഞിരിക്കുന്നു. അതുപോലെ, സഭ കർത്താവിന് കീഴടങ്ങുന്നതുപോലെ ഭാര്യ ഭർത്താവിന് കീഴടങ്ങണമെന്ന് പറയപ്പെട്ടിരിക്കുന്നു. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ മാതൃകയായി കാണിച്ചു കൊണ്ട് ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള വിവാഹബന്ധം ഇങ്ങനെ ആയിരിക്കണമെന്ന് പറയുന്നതിനാൽ വിവാഹം എത്ര വിലപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാം. അതുകൊണ്ട് വിവാഹം ശ്രേഷ്ഠവും മാന്യവുമാണ്.
ഏഴാമത്തെ കാരണം
യേശുക്രിസ്തു പരസംഗത്തിൽ നിന്ന് ജനിച്ചവനാണെന്ന ആരോപണത്തിൽ നിന്ന് അവനെ സംരക്ഷിക്കാൻ ദൈവം വിവാഹത്തെ ഒരു മാർഗമായി ഉപയോഗിച്ചു.
യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നപ്പോൾ ആർക്കാണ് ജനിച്ചത്? അവൻ ഒരു കന്യകയ്ക്കാണ് ജനിച്ചത്. പക്ഷേ ലോകം ഈ വിഷയം മനസ്സിലാക്കിയില്ല. ആദ്യം മറിയയ്ക്ക് മാത്രമേ അതിനെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. ദൈവത്തിന്‍റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രമാണ് യോസേഫ് പോലും അത് വിശ്വസിച്ചത്. അല്ലെങ്കിൽ, അവൻ വിശ്വസിക്കില്ലായിരുന്നു. അവൻ ചിന്തിച്ചതുപോലെ അവളെ രഹസ്യമായി ഉപേക്ഷിക്കുമായിരുന്നു. ലോകത്തിന്‍റെ ദൃഷ്ടിയിൽ യേശു ഒരു കന്യകയുടെ മകനായിട്ടല്ല, വ്യഭിചാരത്താൽ ഉണ്ടായ മകനാണെന്ന ആരോപണത്തിന് വിധേയനാകേണ്ടി വരുമായിരുന്നു. ആ അപവാദത്തിൽ നിന്ന് തന്‍റെ സ്വന്തം പുത്രനെ സംരക്ഷിക്കാൻ ദൈവം വിവാഹത്തെ ഒരു മാർഗമായി ഉപയോഗിച്ചു. മത്തായി 1:18-25 നോക്കുകയാണെങ്കിൽ, “... ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേർത്തുകൊള്ളാൻ ശങ്കിക്കേണ്ട...” എന്ന് പറഞ്ഞു കൊണ്ട് ദൈവം വിവാഹത്തെ പ്രോത്സാഹിപ്പികുകയും, അതിനെ ഒരു മാർഗ്ഗമായി ഉപയോഗിച്ച്, ലോകം തന്‍റെ പുത്രന്‍റെ മേൽ ചുമത്താമായിരുന്ന അപവാദത്തിൽ നിന്ന് അവനെ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഒരു സന്ദർഭത്തിൽ" ഇവൻ തച്ചന്‍റെ മകനല്ലയോ?" (മത്തായി 13:55) എന്ന് ചിലർ ചിന്തിച്ചതിൽ അതിശയിക്കാനൊന്നുമില്ല. എന്നാൽ “ഇവൻ ഒരു വേശ്യയുടെ മകനല്ലേ?” എന്ന് പറഞ്ഞിരുന്നെങ്കിൽ അത് ദൈവപുത്രനെ അപമാനിക്കുന്നതിനു തുല്യമാകുമായിരുന്നു. തന്‍റെ പുത്രന് അത്തരമൊരു അപഖ്യാതി സംഭവിക്കുന്നത് തടയാൻ ദൈവം വിവാഹത്തെ ഒരു മാർഗമായി ഉപയോഗിച്ചു. അതുകൊണ്ട് തന്നെ വിവാഹത്തിന് കൂടുതൽ മാന്യത ലഭിച്ചു.
എട്ടാമത്തെ കാരണം
യേശുക്രിസ്തു സ്വയം ഒരു വിവാഹത്തിൽ സന്നിഹിതനായതിലൂടെ വിവാഹത്തെ അവിടുന്ന് അംഗീകരിക്കുകയാണ് ചെയ്തത്.
കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ ശരീരധാരിയായി ജീവിച്ചപ്പോൾ, കാനായിലെ ഒരു വിവാഹവിരുന്നിൽ ആണ് അവൻ തന്‍റെ ആദ്യത്തെ അത്ഭുതം ചെയ്തത്. തന്‍റെ സാന്നിധ്യം കൊണ്ട് വിവാഹത്തെ അംഗീകരിക്കുക മാത്രമല്ല, വിവാഹവിരുന്നിലെ കുറവ് പരിഹരിക്കാൻ, തന്‍റെ ശക്തിയും കഴിവും കാരുണ്യവും കാണിച്ചു കൊണ്ട് അവൻ വിവാഹത്തെ കൂടുതൽ അംഗീകരിക്കുന്നതായി നമുക്ക് കാണിച്ചു തന്നു. അതുകൊണ്ട് വിവാഹം മാന്യമാണ്.
ഒമ്പതാമത്തെ കാരണം
വിവാഹത്തിന് പകരമുള്ള സംവിധാനങ്ങൾ ദൈവം വിലക്കി.
ഉദാഹരണത്തിന്, ഒരുമിച്ച് താമസിക്കല്‍. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുക. ദൈവം സഹവർത്തിത്വം (cohabitation) പൂർണ്ണമായും വിലക്കുന്നു. അത് ശിക്ഷാർഹമായ കുറ്റമായി ദൈവം കണക്കാക്കുന്നു. പഴയനിയമത്തിൽ, അത്തരം ആളുകളെ കല്ലെറിഞ്ഞു കൊന്നിരുന്നു. സ്വവർഗസംപർഗ്ഗം (homosexuality) എന്ന പാപത്തെയും ദൈവം വിലക്കിയിരിക്കുന്നു. നമ്മുടെ നിയമവും സംസ്കാരവും അത്തരം കാര്യങ്ങളെ അംഗീകരിച്ചേക്കാം, പക്ഷേ ബൈബിൾ അംഗീകരിക്കുന്നില്ല. ദൈവം വിവാഹത്തിനു പകരമുള്ളവയെ വിലക്കുകയും ശിക്ഷിക്കുകയും ചെയ്തു, കാരണം വിവാഹം മാത്രമാണ് ദൈവദൃഷ്ടിയിൽ മാന്യമായത്.
പത്താമത്തെ കാരണം
വിവാഹത്തിനെതിരായ പ്രവൃത്തികളെ വളരെ ഗുരുതരമായ പാപങ്ങളായി ദൈവം കണക്കാക്കുന്നു, അതിന് അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് പോലും നൽകിയിട്ടുണ്ട്.
“വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” (എബ്രായർ 13:4). അതുപോലെ മത്തായി 19:9- “…..പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു”. ഇത് യേശുക്രിസ്തുവും അപ്പോസ്തലന്മാരും കൊണ്ടുവന്ന ഒരു പുതിയ പഠിപ്പിക്കലല്ല. “ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല… നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്‍റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു… ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ” (മലാഖി 2:15-16). ദൈവം, വിവാഹത്തിന് എതിരായ പാപങ്ങൾക്ക് ശിക്ഷ വിധിക്കുകയും, അതിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ ശിക്ഷ അർഹിക്കുന്ന കാര്യങ്ങളായി പ്രഖ്യാപിക്കുന്നതിലൂടെ വിവാഹം എത്ര മാന്യമായ ബന്ധമാണെന്ന് നമുക്ക് കാണിച്ചുതരുകയും ചെയ്തു. വിവാഹമോചനത്തിന് ന്യായമായ ചില കാരണങ്ങൾ ബൈബിൾ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾക്ക് ഉത്തരവാദികളായവരെ ദൈവമക്കളായിട്ടല്ല, കുറ്റവാളികളായി, കഠിനഹൃദയരായി, ദൈവാത്മാവ് ലേശം പോലും ഇല്ലാത്തവരായി പരിഗണിച്ചതിനു ശേഷമാണ് ബൈബിൾ ആ അനുമതി നൽകിയതെന്നും കൂടെ ഓർമ്മിക്കേണ്ടതാണ്.
ഈ പത്ത് കാരണങ്ങളെ അടിസ്ഥാനമാക്കി, അതായത്
1. ദൈവം തന്നെ വിവാഹത്തെ സ്ഥാപിച്ചതിനാൽ,
2. എല്ലാ വിവാഹങ്ങളിലും, യോജിപ്പിക്കുന്ന പ്രവൃത്തി ദൈവം ചെയ്യുന്നതിനാൽ,
3. ഓരോ വിവാഹത്തിനും സാക്ഷി ദൈവമായതിനാൽ,
4. മാനുഷിക ബന്ധങ്ങളിൽ ഏറ്റവും ശ്രേഷ്ടമായിട്ട് ദൈവം വിവാഹത്തെ കരുതുന്നതിനാൽ,
5. ദൈവം തനിക്കും തന്‍റെ ജനത്തിനും മദ്ധ്യേ ഉള്ള ബന്ധത്തിനു സാദൃശ്യമായി വിവാഹത്തെ ഉപയോഗിച്ചതിനാൽ,
6. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ മാതൃകയായി എടുത്തു കൊണ്ട്, വിവാഹത്തിൽ സ്ത്രീ പുരുഷന്മാർ തങ്ങളുടെ റോളുകളിൽ പരസ്പരം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനാൽ,
7. കർത്താവായ യേശുക്രിസ്തുവിന്‍റെ വരവിന്‍റെ സാദൃശ്യമായി ദൈവം വിവാഹത്തെ ഉപയോഗിച്ചതിനാൽ,
8. യേശുക്രിസ്തു സ്വയം ഒരു വിവാഹത്തിൽ സന്നിഹിതനായി വിവാഹത്തെ അംഗീകരിച്ചതിനാൽ,
9. വിവാഹത്തിനു പകരമുള്ള സംവിധാനങ്ങളെ ദൈവം കുറ്റം വിധിക്കുകയും തള്ളികളയുകയും ചെയ്യുന്നതിനാൽ,
10. വിവാഹത്തിനെതിരായി ചെയ്യുന്ന പാപങ്ങൾ ശിക്ഷാർഹമായ കുറ്റങ്ങളായി ദൈവം പ്രഖ്യാപിച്ചതിനാൽ,
“വിവാഹം എല്ലാവർക്കും മാന്യമാണ്....” (എബ്രായർ 13:4). അതുകൊണ്ടാണ് വിവാഹം എല്ലാറ്റിലും മാന്യമാണെന്ന് പറയാതെ, “വിവാഹം എല്ലാവർക്കും മാന്യമായിരിക്കണം” എന്ന് പറയുന്നത്. ദൈവം നിരവധി ഉദാഹരണങ്ങൾ നൽകി മാന്യമായി കരുതുന്നത്, ദൈവമക്കളും മാന്യമായി കരുതുന്നു. യേശുക്രിസ്തു ഏതിനെയാണോ സ്നേഹിച്ചതും അംഗീകരിച്ചതും ബഹുമാനിച്ചതും അതിനെ അവന്‍റെ ശിഷ്യന്മാരും സ്നേഹിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവം വെറുക്കുന്നതിനെ അവരും വെറുക്കും. ഇത് ദൈവമക്കളുടെ ഒരു സ്വഭാവവിശേഷതയാണ്. ദൈവം വിവാഹത്തെ സ്നേഹിക്കുകയും അതിനെ മാന്യവും വിലയേറിയതുമായി കണക്കാക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളും അതേ രീതിയിൽ തന്നെ അതിനെ വിലമതിക്കണം. ദൈവം വിവാഹമോചനത്തെ വെറുക്കുന്നതിനാൽ, തന്‍റെ മക്കളും വിവാഹമോചനത്തെ വെറുക്കുകയും ജീവിതാവസാനം വരെ വിവാഹത്തിന്‍റെ മാന്യത ഉയർത്തിപ്പിടിക്കുകയും ചെയ്യണം. ക്രിസ്തുവിലുള്ള ഓരോ കുടുംബത്തിനും ദൈവം അത്തരം കൃപ നല്‍കി അനുഗ്രഹിക്കട്ടെ.
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.