സുരേഷ്: സുഹൃത്തേ, താങ്കൾക്ക് എന്തുപറ്റി?
രമേഷ്: എനിക്ക് ജീവിതം മടുത്തു സുരേഷ്. എന്റെ ജീവിതത്തിലെ പ്രതിസന്ധികൾ മാറാനായി എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു നോക്കി. ആരും എന്റെ നിലവിളി കേട്ടില്ല.
സുരേഷ്: ദൈവം ആരാണെന്നും അവൻ നിന്നെ എന്തിനു സൃഷ്ടിച്ചു എന്നും മനസ്സിലാക്കാതെയാണ് നീ ഇങ്ങനെ സംസാരിക്കുന്നത്.
രമേഷ്: ഇനി എന്ത് മനസ്സിലാക്കാനാണ്? ഞാൻ പോകാത്ത സ്ഥലങ്ങളില്ല, പ്രാർത്ഥിക്കാത്ത ദൈവങ്ങളുമില്ല.
സുരേഷ്: മനസ്സിലാക്കാൻ ധാരാളം ഉണ്ട്. ദൈവം നമ്മുടെ പ്രശ്നങ്ങൾ മാറ്റാൻ മാത്രമുള്ളവനാണോ? നമുക്ക് ഈ ലോകത്തിൽ ഒരു പ്രശ്നവുമില്ലാതെ സുഖസന്തോഷത്തോടെ ജീവിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്ന് നീ കരുതുന്നുണ്ടോ?
രമേഷ്: ഞാൻ മനസ്സിലാക്കിയിടത്തോളം അങ്ങനെ തന്നെയാണ്. അമ്പലത്തിലെ പൂജാരിയും അങ്ങനെ തന്നെയാണ് പറഞ്ഞത്. ചർച്ചിലും മസ്ജിദിലും അങ്ങനെതന്നെയാണ് പറഞ്ഞു കേട്ടത്. ദൈവത്തെ വിശ്വസിച്ചാൽ സൗഖ്യം ലഭിക്കുമെന്നും, ഏത് പ്രശ്നത്തിനും പരിഹാരമുണ്ടെന്നും അവർ പറഞ്ഞു. എനിക്ക് ദോഷമുണ്ടെന്നും ദോഷം പോകണമെങ്കിൽ ചില മന്ത്രങ്ങൾ ചെയ്യണമെന്നും പറഞ്ഞു. ഞാൻ അതും ചെയ്തു. പ്രാർത്ഥിച്ച എണ്ണ വാങ്ങി നോക്കി, ഏലസ് ജപിച്ച് കെട്ടി നോക്കി. പക്ഷേ പ്രശ്നങ്ങൾക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചില്ല. ദൈവം നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം തരുന്നില്ലെങ്കിൽ ദൈവത്തിൽ വിശ്വസിച്ചിട്ട് എന്ത് പ്രയോജനം?
സുരേഷ്: സുഹൃത്തേ, ഒരു നിമിഷം ചിന്തിച്ചു നോക്കൂ. ദൈവം തന്റെ ഭക്തന്മാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവനാണെങ്കിൽ എല്ലാ രംഗങ്ങളിലും അവർക്ക് മാത്രമേ മുന്നേറാൻ കഴിയുകയുള്ളൂ. എന്നാൽ ലോകത്ത് നടക്കുന്നത് അങ്ങനെ അല്ലല്ലോ? ലോകത്തിലെ ധനവാന്മാരുടെ പട്ടിക പരിശോധിച്ചാൽ അതിൽ ആദ്യത്തേത് നിരീശ്വരവാദികളാണ്.
രമേഷ്: ആണോ? എനിക്കിത് അറിയില്ലായിരുന്നു. പരിശോധിച്ചു നോക്കിയപ്പോൾ നീ പറഞ്ഞത് ശരിയാണല്ലോ. ആദ്യത്തെ പത്തിൽ Jeff Bezos, Bill Gates, Mark Zuckerberg, Warren Buffett, Larry Page, Elon Musk, Sergey Brin (as of 7th Aug 2020) എന്നിവരുണ്ട്. അങ്ങനെയെങ്കിൽ ദൈവത്തിൽ എന്തിന് വിശ്വസിക്കണം? വിശ്വസിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?
സുരേഷ്: ലോകത്തിലെ 90% ആളുകളും ഏതെങ്കിലും ഒരു മതത്തിൽ ഉൾപ്പെട്ടവരാണ്. ഏകദേശം എല്ലാ മതങ്ങളും മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നും, ദൈവം നമ്മുടെ പ്രവൃത്തികൾക്ക് അനുസരിച്ച് ന്യായവിധി നടത്തി തന്റെ ദൃഷ്ടിയിൽ നീതിമാന്മാരായി കാണുന്നവർക്ക് മോക്ഷം നൽകുമെന്നും പഠിപ്പിക്കുന്നു.
രമേഷ്: അങ്ങനെയെങ്കിൽ ദൈവം മോക്ഷം മാത്രം നൽകുന്നവനാണോ? നമ്മുടെ കഷ്ടതകൾക്ക് പരിഹാരം നൽകില്ലേ?
സുരേഷ്: കഷ്ടതകൾക്ക് പരിഹാരം നൽകില്ല എന്ന് ഞാൻ പറയുന്നില്ല. എന്നാൽ ദൈവത്തിന് പ്രധാനപ്പെട്ട കാര്യം എന്നത് നമ്മൾ എന്നെന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ്. നീ ആരിൽ വിശ്വസിക്കുന്നുവോ അവൻ സർവ്വനന്മയുമുള്ള ദൈവമായിരിക്കണം. പൂർണ്ണ ഹൃദയത്തോടെ അവനെ വിശ്വസിക്കണം.
രമേഷ്: സത്യവാനായ ദൈവമോ? എല്ലാവരും ദൈവങ്ങൾ അല്ലേ?
സുരേഷ്: എല്ലാവരും ദൈവങ്ങളാണ് എന്ന് പറയുന്നത് ശരിയല്ല. സത്യദൈവത്തിൽ സ്നേഹം, സത്യം എന്നീ ഗുണങ്ങൾ ഉണ്ട്. നീ ഇത് സമ്മതിക്കുമോ?
രമേഷ്: ശരി സമ്മതിക്കുന്നു. ഇത് ഇല്ലെങ്കിൽ ദൈവം ദൈവമാകില്ലല്ലോ. എല്ലാ ദൈവങ്ങളിലും ഇത് ഉണ്ടാവുമല്ലോ?
സുരേഷ്: എല്ലാവരിലും ഇല്ല. സത്യദൈവത്തിൽ മാത്രമേ ഇവയുള്ളൂ. ഒരു ഉദാഹരണം പറയാം. ഒരു സ്കൂൾ അധ്യാപകന് ഒരു പ്രശ്നം നേരിടേണ്ടി വന്നു. തന്റെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥിക്ക് പരീക്ഷയിൽ 100-ൽ 34 മാർക്ക് ലഭിച്ചു. പാസാകണമെങ്കിൽ 35 മാർക്ക് വേണം.
രമേഷ്: ശരിയാണ്, 100-ൽ 35 മാർക്ക് ലഭിച്ചാലേ പാസാകൂ. അതിനെന്താ? ഒരു മാർക്ക് ഇട്ടു കൊടുത്ത് പാസാക്കാമല്ലോ?
സുരേഷ്: ഒരു മാർക്ക് ഇട്ടുകൊടുത്താൽ അധ്യാപകൻ സത്യസന്ധനാകുന്നത് എങ്ങനെ? അവിടെ സത്യത്തിന് സ്ഥാനമില്ല. സത്യം അനുസരിക്കുമ്പോൾ 34 മാർക്ക് മാത്രമേ ആ കുട്ടിക്ക് ലഭിക്കൂ. അപ്പോൾ അവൻ പരീക്ഷയിൽ തോൽക്കും. അപ്പോൾ ആ അധ്യാപകനിൽ കരുണയും സ്നേഹവും ഇല്ലെന്ന് വരും. സ്നേഹം കാട്ടിയാൽ സത്യസന്ധത നഷ്ടമാകും.
രമേഷ്: ശരിയാണ്. ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടില്ല. ഇനി എന്താണ് വഴി?
സുരേഷ്: വിദ്യാർത്ഥി പാസാകണം, അതേസമയം അധ്യാപകൻ സത്യസന്ധനുമായിരിക്കണം. ഇത് സാധ്യമാണോ?
രമേഷ്: എന്റെ അഭിപ്രായപ്രകാരം സാധ്യമല്ല. അധ്യാപകൻ പ്രതിസന്ധിയിലായതായി ഞാൻ മനസ്സിലാക്കുന്നു.
സുരേഷ്: ശരിയാണ്. ഒരു വ്യക്തി ഒരേസമയം സത്യവും സ്നേഹവും ഉള്ളവനാകുക എന്നത് അത്ര എളുപ്പമല്ല. ഇതിനൊരു പ്രതിവിധി പറയാം. ഈ അധ്യാപകന് നേരിടേണ്ടി വന്നതുപോലെ ഒരു രാജാവിനും ഇതേ പ്രശ്നം നേരിടേണ്ടി വന്നു. ഒരു പട്ടണത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം നീതിമാനും വാക്ക് മാറാത്തവനുമെന്ന പേരുള്ളവനായിരുന്നു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ താൻ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തി ജോലി ചെയ്തിരുന്നു. എന്നാൽ ആ സ്നേഹിതൻ തന്റെ കഷ്ടകാലത്ത് രാജാവറിയാതെ പലരോടും പണം കടം വാങ്ങിയിരുന്നു. കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ കടം കൊടുത്തവർ രാജാവിന് പരാതി നൽകി. അദ്ദേഹത്തെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ന്യായവിധി നടത്താൻ സിംഹാസനത്തിൽ ഇരുന്നു. ഇവിടെ രാജാവ് തന്റെ സ്നേഹിതനോട് ക്ഷമിച്ചാൽ രാജാവ് അനീതിയുള്ളവനാകും. ന്യായവും നീതിയും നടപ്പാക്കിയാൽ രാജാവ് സ്നേഹമില്ലാത്തവനായി ജനങ്ങൾ കരുതും.
രമേഷ്: സാധ്യമല്ല. രാജാവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
സുരേഷ്: ലോകത്തിൽ ഒരു തെറ്റും ചെയ്യാത്ത ആരെങ്കിലും ഉണ്ടോ?
രമേഷ്: ഇല്ല, ആരും പൂർണ്ണരല്ല.
സുരേഷ്: ദൈവം നീതിമാനാണെന്ന് നാം മനസ്സിലാക്കുന്നു. അങ്ങനെയെങ്കിൽ എല്ലാവരെയും ദൈവം ശിക്ഷിച്ചാൽ എല്ലാവരും നരകശിക്ഷ അനുഭവിക്കേണ്ടി വരും.
രമേഷ്: നീ പറഞ്ഞതനുസരിച്ച് നോക്കിയാൽ ഞാൻ നരകശിക്ഷയിൽ നിന്ന് രക്ഷപെടുക അസാധ്യം. കാരണം ദൈവം നീതിയോടെ ന്യായം വിധിക്കുന്നവനാണ്. അങ്ങനെയെങ്കിൽ എന്റെ പാപത്തെ എങ്ങനെ ക്ഷമിക്കും?
സുരേഷ്: നമ്മുടെ സൃഷ്ടികർത്താവായ സത്യദൈവത്തിന് അസാധ്യമായതൊന്നുമില്ല. രാജാവ് എന്ത് ചെയ്തു എന്ന് പറയാം. തന്റെ സ്നേഹിതൻ ചെയ്ത തെറ്റിന് പിഴ അടയ്ക്കാൻ രാജാവ് കൽപ്പിച്ചു. അതിനുശേഷം രാജവസ്ത്രം അഴിച്ച് മാറ്റി, സിംഹാസനത്തിൽ നിന്ന് ഇറങ്ങി പ്രതിയുടെ സ്ഥാനത്ത് നിന്നിട്ട് ആ പിഴ താൻ തന്നെ നൽകി. അങ്ങനെ നീതിയോടെ ന്യായം വിധിച്ചിട്ട് സ്നേഹത്തോടെ രാജാവ് പിഴ കൊടുത്തു തീർത്തു. ഇതുപോലെ സത്യദൈവമായ യേശുക്രിസ്തു ജനത്തെ രക്ഷിക്കാൻ മനുഷ്യനായി അവതരിച്ചു. ദൈവം സത്യവാനും നീതിമാനും ആയതിനാൽ പാപത്തിന് തക്കതായ ശിക്ഷ തന്നിൽ തന്നെ നടപ്പാക്കി ജനത്തിന്റെ പാപങ്ങൾ ക്ഷമിച്ചു.
രമേഷ്: നീ പറഞ്ഞത് ശരിയാണ്. മുമ്പ് ഞാൻ ആരാധിച്ച ദൈവങ്ങളുടെ സ്നേഹത്തെയോ സത്യത്തെയോ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ എന്റെ ശരിക്കുമുള്ള ആവശ്യം തിരിച്ചറിഞ്ഞു. എനിക്ക് നിത്യജീവൻ നൽകുവാൻ യേശുക്രിസ്തു എനിക്കായി മരിച്ചു. എന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് (നിത്യ നരകം) അവൻ എന്നെ രക്ഷിച്ചു. ഇപ്പോൾ പ്രശ്നങ്ങൾ എന്ന് ഞാൻ കരുതിയതൊന്നും പ്രശ്നങ്ങളല്ല എന്ന് തോന്നിപ്പോകുന്നു.
ശ്രദ്ധിക്കുക: ഇതിൽ എഴുതപ്പെട്ട രംഗങ്ങൾ സാങ്കൽപ്പികമാണ്.
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.