സഭ

രചയിതാവ്.: വി.സാമുവേല്‍
വിവർത്തനം: ബേബി വർഗീസ്

ദശാംശം  എന്നത് ബൈബിള്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആജ്ഞകളില്‍ ഒന്നാണ്. പഴയ നിയമത്തില്‍ ഇത് നിര്‍ബന്ധമായ ആജ്ഞയായിരുന്നുവെങ്കിലും, പുതിയനിയമ ക്രൈസ്തവര്‍ക്ക് ഇത് ബാധകമാണോ എന്ന ചോദ്യം നിരവധി വിശ്വാസികളെ ചിന്തിപ്പിക്കുന്നു.

പഴയനിയമത്തിലെ ദശാംശം

പഴയ നിയമത്തില്‍ ദശാംശം വ്യക്തമായ നിയമപരമായ ആജ്ഞയാണ്. യിസ്രായേല്യര്‍ അവരുടെ വിളവിലും മൃഗങ്ങളിലും നിന്നുള്ള പത്ത് ശതമാനം യഹോവയ്ക്ക് നല്‍കണമെന്ന് ദൈവം കല്പിച്ചു (ലേവ്യപുസ്തകം 27:30). ലേവ്യര്‍ക്ക് ഭൂമി അവകാശമായി നല്‍കിയിരുന്നില്ലാത്തതിനാല്‍, ദശാംശം തന്നെയായിരുന്നു അവരുടെ അവകാശം (സംഖ്യാപുസ്തകം 18:21–24). ആലയസേവനം, ആരാധന, ദരിദ്രര്‍ക്ക് സഹായം, പെരുന്നാളുകള്‍ തുടങ്ങിയ നിരവധി സാമൂഹ്യ–സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ദശാംശം ഉപയോഗിച്ചിരുന്നു (ആവർത്തനം 14:22–29).
അതിനര്‍ത്ഥം, പഴയ നിയമത്തിലെ ദശാംശം ആരാധനയ്ക്കു മാത്രം അല്ല, സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു സംവിധാനവുമായിരുന്നു.

പുതിയ നിയമത്തിന്‍റെ കാഴ്ചപ്പാട്

പുതിയ നിയമത്തില്‍ ഒരിടത്തും ക്രൈസ്തവര്‍ “ദശാംശം നിര്‍ബന്ധമായി നല്‍കണം” എന്ന് പറഞ്ഞിട്ടില്ല. യേശുക്രിസ്തു ദശാംശത്തെക്കുറിച്ച് (മത്തായി 23:23) പറഞ്ഞ സാഹചര്യത്തില്‍, അദ്ദേഹം പരിശര്യരോടാണ് സംസാരിച്ചത്, അവരുടെ കപടതയെ അവന്‍ ശാസിച്ചു; എന്നാല്‍ ദശാംശത്തെ ക്രൈസ്തവര്‍ക്ക് ഒരു നിയമമായി നിര്‍ബന്ധമാക്കിയില്ല.
പഴയ നിയമത്തിലെ ദശാംശത്തിന്‍റെ ആജ്ഞ പുതിയ നിയമത്തില്‍ വീണ്ടും ആജ്ഞയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല; അതായത് അത് പുതിയ നിയമത്തിലെ ക്രൈസ്തവര്‍ക്ക് നിര്‍ബന്ധമായ നിയമമായി ബാധകമല്ല. എന്നാല്‍ അതിന്‍റെ പിന്നിലുള്ള നൈതിക സിദ്ധാന്തം — ദൈവം ഏല്പിച്ച വിഭവങ്ങളെ അവന്‍റെ പ്രവൃത്തിക്കായി ഉപയോഗിക്കുന്നത് — പുതിയ നിയമത്തില്‍ തുടരുന്നു.

പുതിയ നിയമത്തില്‍ കൊടുക്കുന്ന വിധം

പുതിയ നിയമത്തിന്‍റെ ഉപദേശപ്രകാരം ഓരോരുത്തനും നിർബന്ധത്താല്‍ അല്ല, ഹൃദയത്തില്‍ തീരുമാനിച്ചതുപോലെ കൊടുക്കണം (2 കൊരിന്ത്യര്‍ 9:7). അതുപോലെ തന്നെ സ്വന്തം ശേഷിക്ക് അനുസരിച്ച് കൊടുക്കണമെന്നും പഠിപ്പിക്കുന്നു (1 കൊരിന്ത്യര്‍ 16:1–2).
ആദ്യകാല സഭ ഉദാരത, കരുണ, ത്യാഗം എന്നിവയെ അടിസ്ഥാനമാക്കി കൊടുക്കുന്ന രീതിയാണ് പിന്തുടര്‍ന്നത് (പ്രവൃത്തികള്‍ 2:44–45; 4:32–35). ഇത് പലപ്പോഴും പത്ത് ശതമാനത്തിന്‍റെ പരിധിയെ പോലും കടന്നുപോയിരുന്നു. മക്കെദോനിയ സഭയിലെ വിശ്വാസികള്‍ കഠിനമായ ദാരിദ്ര്യത്തിലായിരുന്നിട്ടും അവര്‍ “പ്രാപ്തി പോലെയും പ്രാപ്തിക്കു മീതയും” നല്‍കി (2 കൊരിന്ത്യര്‍ 8:1–4).

പഴയ നിയമത്തില്‍ ദശാംശം ശതമാനത്തെ അടിസ്ഥാനമാക്കിയ നിയമമായിരുന്നുവെങ്കില്‍, പുതിയ നിയമത്തില്‍ കൃപയെ അടിസ്ഥാനമാക്കിയ ഉദാരതയാണ് പ്രധാന സിദ്ധാന്തം.

10% — ഒരു നിയമമാണോ?

ശതമാനം നിര്‍ബന്ധമല്ലെങ്കിലും, ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിനായി നല്‍കുന്നത് പുതിയ നിയമത്തില്‍ വ്യക്തമായ ഉപദേശമാണ്. വരുമാനത്തിന് അനുസരിച്ച്, സന്തോഷത്തോടെയും ഉദാരതയോടെയും നല്‍കുന്നത് ഒരു ക്രിസ്ത്യാനിയുടെ ആത്മീയ ഉത്തരവാദിത്തമാണ്.
അതുകൊണ്ട് 10% ഒരു നല്ല ആരംഭ ലക്ഷ്യമായിരിക്കാം; എന്നാല്‍ അത് വെറും വ്യക്തിപരമായ വിശ്വാസ തീരുമാനം മാത്രമാണ്. ഇത് പുതിയ നിയമത്തില്‍ എവിടെയും നിര്‍ബന്ധമായി കല്പിച്ചിരിക്കുന്ന വചനാധിഷ്ഠിത ആജ്ഞയല്ല; ആരുടെയും മേല്‍ ബലമായി ചുമത്തപ്പെടരുത്.

ചുരുക്കത്തില്‍ —

പഴയ നിയമത്തില്‍ ദശാംശം നിയമപരമായ ആജ്ഞയാണ്.
പുതിയ നിയമത്തില്‍ അത് കൃപയെ അടിസ്ഥാനമാക്കിയ ഉദാര സമര്‍പ്പണമാണ്.
ഇന്നത്തെ ക്രൈസ്തവര്‍ ശതമാനത്താല്‍ ബന്ധിക്കപ്പെട്ടിട്ടില്ല; എന്നാല്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിനായി ഉദാരമായി നല്‍കുന്നത് ബൈബിള്‍ പഠിപ്പിക്കുന്ന പ്രധാന സിദ്ധാന്തമാണ്.
ശതമാനം അല്ല — ഹൃദയമാണ് പ്രധാനപ്പെട്ടത്.

അങ്ങനെ എങ്കില്‍ നാം ആര്‍ക്കാണ് കൊടുക്കേണ്ടത്? അത് എങ്ങനെ ഉപയോഗിക്കണം?

ദൈവം നമ്മുക്ക് ഏല്പിച്ചിരിക്കുന്ന സാമ്പത്തിക സമര്‍പ്പണങ്ങള്‍ എങ്ങനെ ഉപയോഗിക്കണം? എന്ന ചോദ്യം സ്വാഭാവികമാണ്. ഈ കാര്യത്തില്‍ പുതിയ നിയമം പല വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. താഴെ പറയുന്ന വിഭാഗങ്ങള്‍ പുതിയ നിയമത്തിന്‍റെ ഉപദേശത്തിന് അനുസൃതമാണ്.

1) ദൈവവചനം ഉപദേശിക്കുന്ന പ്രാദേശിക സഭയിലെ ശുശ്രൂഷകരുടെ പോഷണത്തിനായി

പുതിയ നിയമത്തില്‍ ദൈവവചനം പടിപ്പിക്കുന്നവർക്ക് സഹായം നല്‍കുന്നത് വ്യക്തമായ ഉപദേശമാണ്.
“സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം” — 1 കൊരിന്ത്യര്‍ 9:13–14
“വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം” — ഗലാത്യര്‍ 6:6
“നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകിച്ച് വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ, ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക” — 1 തിമോത്തി 5:17
അതിനാല്‍, ഇന്ന് സത്യമായ സുവിശേഷം വിശ്വസ്തതയോടെ ബോധിപ്പിക്കുകയും, പൂര്‍ണമായോ പ്രധാനമായോ സഭയുടെ പിന്തുണയില്‍ ആശ്രയിച്ച് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന ദൈവദാസന്മാരെ പോഷിപ്പിക്കുന്നത് ക്രൈസ്തവന്‍റെ ആത്മീയ ഉത്തരവാദിത്തമാണ്.

2) ആവശ്യത്തിലിരിക്കുന്ന വിശുദ്ധർക്കായി

ബൈബിള്‍ പ്രകാരം വിശ്വാസികള്‍ക്കിടയിലെ സ്നേഹം വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലും പ്രകടമാകണം.
“വിശുദ്ധരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിപ്പിന്‍” (റോമര്‍ 12:13)
“അവരുടെ ഭൌതിക ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ ബാധ്യതയുള്ളവര്‍ ആകുവിന്‍” (റോമര്‍ 15:26–27; 1 കൊരിന്ത്യര്‍ 16:1–3)
“മുട്ടുള്ള സഹോദരനോടു കരുണ കാണിക്കുക” (1 യോഹന്നാന്‍ 3:17)
ആദ്യകാല സഭയില്‍ അവർ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് പങ്കുവെച്ചു; അതുകൊണ്ട് അവരുടെ ഇടയില്‍ ആര്‍ക്കും കുറവുണ്ടായിരുന്നില്ല (പ്രവൃത്തികള്‍ 2:44–45; 4:32–35).
ഇന്നത്തെ സാഹചര്യത്തില്‍ സഭയിലെ സഹോദരങ്ങള്‍ —
രോഗം,
ജോലി നഷ്ടം,
സാമ്പത്തിക പ്രതിസന്ധി,
അത്യാവശ്യ ചികിത്സാചെലവുകള്‍
ഇവ നേരിടുമ്പോള്‍ അവര്‍ക്ക് സഹായം ചെയ്യുന്നത് ബൈബിള്‍ പഠിപ്പിക്കുന്ന യഥാര്‍ത്ഥ സ്നേഹമാണ്.

3) ദരിദ്രര്‍, വിധവകള്‍, അനാഥര്‍ എന്നിവരുടെ സഹായത്തിനായി

യേശുക്രിസ്തു ദരിദ്രരോടു പ്രത്യേകമായ കരുതല്‍ പ്രകടിപ്പിച്ചു. അതുപോലെ പൗലോസ് അപ്പൊസ്തലന് ലഭിച്ച പ്രധാന നിര്‍ദ്ദേശം — “ദരിദ്രരെ ഓര്‍ക്കുവിന്‍” (ഗലാത്യര്‍ 2:10).
“ദൈവസന്നിധിയില്‍ ശുദ്ധവും കളങ്കമില്ലാത്തതുമായ ഭക്തി ഇതാണ് — അനാഥരെയും വിധവകളെയും അവരുടെ കഷ്ടങ്ങളില്‍ സന്ദര്‍ശിക്കുക” — യാക്കോബ് 1:27
യഥാര്‍ത്ഥത്തില്‍ ആവശ്യത്തിലിരിക്കുന്ന വിധവകള്‍, അനാഥര്‍, രോഗികള്‍, ഗുരുതര കഷ്ടതകളില്‍ ഉള്ള കുടുംബങ്ങള്‍ നമ്മുടെ സാമ്പത്തിക സമര്‍പ്പണത്തിന് അര്‍ഹരാണ്.

4) മിഷനറിമാര്‍ക്കായി / സുവിശേഷപ്രവര്‍ത്തനത്തിന്‍റെ വ്യാപനത്തിനായി

യേശു നല്‍കിയ “സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന മഹത്തായ കല്പന തുടരുക (മാര്‍ക്കോസ് 16:15) ഓരോ ക്രൈസ്തവന്‍റെയും കടമയാണ്.
“ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?” (റോമര്‍ 10:14–15)
“പ്രസംഗിക്കുന്നവര്‍ക്ക് കൂട്ടുവേലക്കാര്‍ ആകുവാന്‍ അവരെ സഹായിക്കേണ്ടതാണ്” (3 യോഹന്നാന്‍ 5–8)
പൗലോസും സുവിശേഷ സേവനത്തിനായി ഫിലിപ്പി സഭ നല്‍കിയ സാമ്പത്തിക സഹായത്തെ പ്രശംസിച്ചു (ഫിലിപ്പിയര്‍ 4:15–16). അതുകൊണ്ട് സുവിശേഷം പുതിയ പ്രദേശങ്ങളിലേക്ക് എത്തുന്നതിനും, മിഷനറി സേവനം വ്യാപിപ്പിക്കുന്നതിനും നമ്മുടെ സാമ്പത്തിക സഹായം അത്യാവശ്യമാണ്.

5) പ്രാദേശിക സഭയുടെ ആവശ്യങ്ങള്‍ക്കായി

ആദ്യകാല സഭയില്‍ വിശ്വാസികള്‍ തങ്ങളുടെ സ്വത്തുകളും സമ്പത്തും സഭയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു (പ്രവൃത്തികള്‍ 2:44–45; 4:32–35).
ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രാദേശിക സഭയുടെ ആവശ്യങ്ങള്‍ ഇവയായിരിക്കാം —
സഭാ കെട്ടിട നിര്‍മാണം അല്ലെങ്കില്‍ വാടക,
വൈദ്യുതി, വെള്ളം തുടങ്ങിയ നടത്തിപ്പ് ചെലവുകള്‍,
ബൈബിള്‍ പഠന ക്ലാസുകള്‍,
മറ്റ് ഭരണപരവും ശുശ്രൂഷാപരവുമായ ആവശ്യങ്ങള്‍
ഇവയെല്ലാം ദൈവസേവനത്തിന്‍റെ ഭാഗമാണ്.
കുറിപ്പ്: സാധാരണയായി, നാം ആത്മീയമായി പോഷണം ലഭിക്കുന്ന വിശ്വാസയോഗ്യമായ, വചനാനുസൃതമായ, പ്രാദേശിക സഭ മുഖേന തന്നെയാണ് നമ്മുടെ സമര്‍പ്പണങ്ങള്‍ നടത്തുന്നത് എങ്കില്‍ അത് പുതിയ നിയമം പഠിപ്പിക്കുന്ന സിദ്ധാന്തത്തിന് അനുസൃതമാണ്. എന്നാല്‍ പ്രത്യേക ആവശ്യങ്ങള്‍ അല്ലെങ്കില്‍ സുവിശേഷത്തിന്‍റെ വ്യാപന സാഹചര്യങ്ങളില്‍, സഭയുടെ അറിവോടും വിവേകത്തോടും കൂടി മറ്റു വചനാനുസൃതമായ ശുശ്രൂഷകള്‍ക്കും സഹായം നല്‍കുന്നത് ബൈബിള്‍ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമല്ല.

നാം ആർക്ക് നല്‍കരുത്? എങ്ങനെ ഉപയോഗിക്കരുത്?

ബൈബിള്‍ ഉദാരമായി നല്‍കാന്‍ മാത്രമല്ല, തെറ്റായ രീതിയില്‍ നല്‍കാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് പഠിപ്പിക്കുന്നു.

1) തെറ്റായ ഉപദേശകര്‍ക്കും വക്രസുവിശേഷം പ്രസംഗിക്കുന്നവര്‍ക്കും

“മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നവന്‍ ശാപഗ്രസ്തന്‍” (ഗലാത്യര്‍ 1:8–9) എന്ന് പൗലോസ് ശക്തമായി മുന്നറിയിപ്പ് നല്‍കി.
ലൗകിക സമ്പത്ത്, ആരോഗ്യം, സുഖസൗകര്യങ്ങള്‍, പ്രശസ്തി എന്നിവ മാത്രം വാഗ്ദാനം ചെയ്യുന്ന ‘ആശീര്‍വാദ ഉപദേശം’ ബൈബിളിലെ സുവിശേഷമല്ല. അതിരുകടന്ന സംഭാവനകള്‍, വഞ്ചനാപരമായ വാഗ്ദാനങ്ങള്‍, തെറ്റായ പ്രവചനങ്ങള്‍ ഇവ നടത്തുന്ന ശുശ്രൂഷകള്‍ക്ക് നമ്മുടെ സമര്‍പ്പണങ്ങള്‍ നല്‍കരുത്.

2) കപട നേതാക്കള്‍ക്ക്

പുതിയ നിയമത്തില്‍ സഭാ നേതാക്കള്‍ക്ക് കപട ഇല്ലാതിരിക്കുക ഒരു പ്രധാന യോഗ്യതയാണ്.
1 തിമോത്തി 3:3 — ദ്രവ്യാഗ്രഹം ഇല്ലാതിരിക്കുക
തീതോസ് 1:7, 11 — അന്യായലാഭം ആഗ്രഹിക്കരുത്
ഇതുകൂടാതെ ഇങ്ങനെ മുന്നറിയിപ്പുണ്ട് —
“'അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും” — 2 പത്രോസ് 2:3
“അവർ കൂലി കൊതിച്ചു ബിലെയാമിന്‍റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കയും” — യൂദാ 1:11
“ദൈവഭക്തി ആദായ മാർഗമായി കാണുന്നവർ" — 1 തിമോത്തി 6:5
പണം വ്യക്തിപരമായ ആഡംബരങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന ശുശ്രൂഷകര്‍ക്ക് നാം സമര്‍പ്പണങ്ങള്‍ നല്‍കരുത്.

3) നിർബന്ധത്താലും വഞ്ചനയാലും അരുത്

“സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2 കൊരിന്ത്യര്‍ 9:7).
ഭയം, സമ്മര്‍ദ്ദം, ശാപഭീഷണി അല്ലെങ്കില്‍ ആശീര്‍വാദത്തിന്‍റെ പേരില്‍ നല്‍കുന്ന സമര്‍പ്പണങ്ങള്‍ ദൈവത്തിന് പ്രസാദകരമല്ല. അതുപോലെ “ഇത്ര കൊടുത്താല്‍ അത്ര ലഭിക്കും” എന്ന വാഗ്ദാനങ്ങളോടെ നല്‍കുന്ന സമര്‍പ്പണങ്ങള്‍ വഞ്ചനാപരമാണ്. ദൈവം സ്വമേധയാ സന്തോഷത്തോടെ നല്‍കുന്ന സമര്‍പ്പണങ്ങളെയാണ് ആഗ്രഹിക്കുന്നത്.

4) കുടുംബ ഉത്തരവാദിത്തങ്ങളെ അവഗണിച്ച് നൽകരുത്

യേശുക്രിസ്തു മാതാപിതാക്കളുടെ സംരക്ഷണം അവഗണിച്ച് ‘ദൈവത്തിന് സമര്‍പ്പണം’ എന്ന് പറയുന്ന ആചാരത്തെ ശാസിച്ചു (മാര്‍ക്കോസ് 7:11–13).
ബൈബിള്‍ വ്യക്തമായി പറയുന്നു —
“സ്വന്തം കുടുംബത്തെ സംരക്ഷിക്കാത്തവന്‍ വിശ്വാസത്തെ നിഷേധിച്ചവനാണ്” — 1 തിമോത്തി 5:8
അതിനാല്‍, കുടുംബ ആവശ്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ പരിപാലനം എന്നിവയെ അവഗണിച്ച് നല്‍കുന്ന സമര്‍പ്പണങ്ങള്‍ ശരിയല്ല.

പ്രധാന ആത്മീയ മുന്നറിയിപ്പ്:

നമ്മുടെ സാമ്പത്തിക സമര്‍പ്പണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രാദേശിക സഭയില്‍ നല്‍കരുത്. വിശ്വാസയോഗ്യമായും വചനാനുസൃതമായും ഉപയോഗിക്കപ്പെടുന്ന പ്രാദേശിക സഭയില്‍ നമ്മുടെ സമര്‍പ്പണങ്ങള്‍ നല്‍കുകയും, അത്തരം സഭയില്‍ നാം അംഗങ്ങളായി തുടരുകയും ചെയ്യണം. കാരണം, നമ്മെ ഏല്പിച്ചിരിക്കുന്ന ഓരോ ധനത്തിനും ഓരോ വിഭവത്തിനും ദൈവസന്നിധിയില്‍ നാം കണക്ക് ബോധിപ്പിക്കേണ്ടവരാണ് (റോമര്‍ 14:12).
നമ്മുടെ സമര്‍പ്പണം ദൈവത്തിന്‍റെ മഹത്വത്തിനായാണോ? അല്ലെങ്കില്‍ മനുഷ്യരുടെ സ്വാര്‍ഥലാഭത്തിനായാണോ? എന്ന കാര്യത്തില്‍ വിശ്വാസിയായ നാം ജാഗ്രതയോടെ പരിശോധിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

സമാപനം

പഴയ നിയമത്തിലെ ശതമാനത്തെ അടിസ്ഥാനമാക്കിയ രീതിയില്‍നിന്ന്, പുതിയ നിയമത്തിലെ കൃപയെ അടിസ്ഥാനമാക്കിയ ഉദാരതയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം ശതമാനം നോക്കുന്നില്ല — നമ്മുടെ ഹൃദയമാണ് നോക്കുന്നത്.

അതിനാല്‍ ഇന്നത്തെ ക്രൈസ്തവന്‍റെ സാമ്പത്തിക സമര്‍പ്പണം —

വിവേകത്തോടെ,
പരിശുദ്ധാത്മാവിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തോടെ,
സുവിശേഷത്തിന്‍റെ വ്യാപനം ലക്ഷ്യമാക്കി,
സത്യസന്ധമായ ശുശ്രൂഷകര്‍ക്ക് പിന്തുണയായി,
ദരിദ്രരെ ഓര്‍ക്കുന്നതായി,
മാതൃകയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി
ആകണം.
അതുപോലെ —
തെറ്റായ ഉപദേശം,
ശുശ്രൂഷ,
വഞ്ചന,
ആഡംബരം,
സമ്മര്‍ദ്ദം
ഉള്ളിടങ്ങളില്‍ നമ്മുടെ സമര്‍പ്പണങ്ങള്‍ ഉപയോഗിക്കരുത്.
ദാനം പണം മാത്രം അല്ല — അത് ആരാധനയാണ്. നമ്മുടെ സമര്‍പ്പണം ദൈവരാജ്യത്തെ നിര്‍മ്മിക്കേണ്ടതാണ്; മനുഷ്യരുടെ രാജ്യങ്ങള്‍ അല്ല.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.