യഥാർത്ഥ ക്രിസ്തീയ ജീവിതം

രചയിതാവ്.: ആര്‍ധര്‍ ഡബ്ലു പിങ്ക്
വിവർത്തനം: ബിജോയി കുര്യന്‍

എന്‍റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്‍റെ മുഖപ്രകാശരക്ഷയും എന്‍റെ  ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും. (സങ്കീർത്തനം 42:5)

സങ്കീർത്തനക്കാരൻ ഈ വാക്കുകൾ പറയുമ്പോൾ തന്‍റെ ആത്മാവ് വിഷാദത്താൽ തകർന്നും ഹൃദയം ഭാരപ്പെട്ടും ഇരിക്കുകയാണ്.

തനിക്ക് നിരാശയും ദു:ഖവും ഉളവാക്കിയ പല കാര്യങ്ങളും ദാവീദിന്‍റെ ജീവിതത്തിൽ സംഭവിച്ചതായി നമുക്ക് കാണുവാൻ സാധിക്കും. തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതു പോലെ ക്രൂരമായി തന്നെ പിന്തുടർന്നു പീഡിപ്പിക്കുന്ന ശൗൽ, തന്‍റെ സുഹൃത്ത് അഹീഥോഫെലിനാൽ നേരിട്ട ചതി, അബ്ശാലോമിന്‍റെ ഗൂഢാലോചന, ജീവിതത്തിൽ വന്നുപോയ പാപങ്ങളെ പറ്റിയുള്ള ചിന്ത, ഇവയെല്ലാം ആരുടേയും  ധൈര്യത്തെ കെടുത്തിക്കളയുന്ന സംഭവങ്ങളാണ്. ദാവീദും നമ്മേപോലെ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു. താൻ എപ്പോഴും ആനന്ദത്തിന്‍റെ പാരമ്യത്തിൽ  വസിച്ചിരുന്ന ഒരു വ്യക്തിയല്ല. വിഷാദത്തിന്‍റെ ചതുപ്പുനിലത്തിലും ദുഖത്തിന്‍റെ  പടുകുഴിയിലും  നാളുകൾ നീക്കിയ അനുഭവങ്ങളും തനിക്കുണ്ട്.

എങ്കിലും ദാവീദ് നിരാശയ്ക്ക് വഴങ്ങിയില്ല; തന്‍റെ ദുഃഖങ്ങൾക്ക് കീഴടങ്ങിയതും ഇല്ല. വയസ്സുചെന്ന കഴുകനെപ്പോലെ ഞരങ്ങിക്കൊണ്ട് നിസ്സാഹായനായി ഇരിക്കുകയല്ല അവന്‍ ചെയ്തത്. മറിച്ച് വിവേകം ഉള്ളവരെപ്പോലെ പൌരുഷത്തോടെ, തന്‍റെ കഷ്ടപ്പാടുകളോട് മുഖാമുഖം പോരാടാന്‍ തീരുമാനിച്ചു. അത് മാത്രമല്ല, താന്‍ സൂക്ഷ്മമായി ആത്മപരിശോധന ചെയ്യുകയും സ്വയം വെല്ലുവിളിച്ചു കൊണ്ട്, വിഷാദത്തിന്‍റെ മൂലകാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. "എന്‍റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്ത്?" എന്ന് താൻ ചോദിച്ചു. തന്‍റെ വിഷാദത്തിന്‍റെ കാരണം അറിയുവാൻ അദ്ദേഹം ആഗ്രഹിച്ചു. ആത്മീക വിഷാദത്തെ തരണം ചെയ്യുവാൻ ഉള്ള ആദ്യ പടിയാണിത്. ആശങ്കയും വിരസതയും പിറുപിറുക്കലും ഇതിനു ഒരു പരിഹാരമല്ല. വിചാരപ്പെടുകയും കൈ മലര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് ആത്മീയമായോ മറ്റു യാതൊരു വിധത്തിലോ ഒരു ആശ്വാസവും ലഭിക്കുന്നില്ല. സ്വയം ചോദ്യം ചെയ്യുകയും, ആത്മപരിശോധന നടത്തുകയും സ്വയം വിധിക്കുകയും വേണം.

"എന്‍റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്ത്?" നാം നമ്മെത്തന്നെ വിമര്‍ശിക്കേണ്ടത്‌ ആവശ്യമാണ്‌. ചില ചോദ്യങ്ങളെ ധൈര്യത്തോടെ നേരിടേണ്ടതും ആവശ്യമാണ്. നിരാശയ്ക്ക് സ്ഥാനം കൊടുക്കുന്നതു മൂലമുള്ള പ്രയോജനമെന്താണ്‌? അത് എന്നെ എങ്ങനെയാണ് സഹായിക്കുക? വാടിയ മുഖത്തോടെ ഇരിക്കുന്ന ഞാന്‍ സമയം തക്കത്തില്‍ ഉപയോഗിക്കുകയല്ലല്ലോ ചെയ്യുന്നത്!  (എഫെസ്യർ 5:16) അസ്വസ്ഥനായതുകൊണ്ടും കരഞ്ഞതുകൊണ്ടും കാര്യങ്ങൾ മെച്ചപ്പെടുകയില്ല. മറിച്ച് നിരാശയില്‍ ആയിരിക്കുന്ന ഓരോരുത്തരും തങ്ങളുടെ ദുഖത്തിനും അസംതൃപ്തിക്കുമുള്ള കാരണം എന്താണെന്നു സ്വയം വിലയിരുത്തുന്നതാണ് നല്ലത്.

“പാപത്തെക്കുറിച്ച് ദുഃഖിക്കാനും നമ്മെ കീഴ്പ്പെടുത്തുന്ന അശുദ്ധികള്‍ക്കെതിരെ ഭാരത്തോടെ പ്രാർത്ഥിക്കുവാനും നമുക്ക് നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ പുറത്തുനിന്നു വരുന്ന കഷ്ടങ്ങള്‍ ആയാലും നമ്മുടെ ഉള്ളില്‍ നിന്നു വരുന്ന ശോധനകള്‍ ആയാലും, നിരാശ എന്നത് നമ്മുടെ അവിശ്വാസത്തില്‍ നിന്നും സ്വാര്‍ത്ഥ ചിന്തകളില്‍ നിന്നുമാണ് ഉളവാകുന്നത്. അതുകൊണ്ട് നാം അവയ്ക്കെതിരെ പോരാടുകയും പ്രാർത്ഥിക്കുകയും വേണം.” - (തോമസ് സ്കോട്ട്). 

"എന്‍റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്ത്?" മറ്റുള്ളവരുമായി ആലോചിക്കാതെ തന്നെ ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്താന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഹൃദയത്തിന്‍റെ  ആഴങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ കഷ്ടങ്ങളുടെ ഉറവിടം അറിയാം എന്നതോ അതിനെക്കുറിച്ചു സംശയം ഉണ്ടെന്നുള്ളതോ അല്ലെ ശരി? നിങ്ങളുടെ ബുദ്ധിശൂന്യതയാൽ സ്വയം വരുത്തിവെച്ച വേദനാജനകമായ സാഹചര്യങ്ങളല്ലേ താങ്കളുടെ വിഷാദത്തിന് കാരണം? അങ്ങനെ എങ്കിൽ, "യഹോവേ, നിന്‍റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു" (സങ്കീർത്തനം 119:75) എന്ന് സങ്കീർത്തനക്കാരനോട് ചേർന്ന് ഏറ്റുപറയുക. ഏതെങ്കിലും പാപത്തില്‍ വീഴുകയോ ഏതെങ്കിലും വിഷയത്തില്‍ സ്വന്ത താത്പര്യങ്ങള്‍ അനുസരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ശരീരാശകള്‍ വിതയ്ക്കുകയോ ചെയ്തതുകൊണ്ട് താങ്കൾ ഇപ്പോൾ ജഡത്തിൽ അശുദ്ധി എന്ന ഫലം കൊയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ ദൈവമുമ്പാകെ അവയെ ഏറ്റുപറയുകയും സദൃശവാക്യങ്ങൾ 28:13-ലെ "തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും" എന്ന വാഗ്‌ദത്ത നിവൃത്തിക്കായി അപേക്ഷിക്കുകയും ചെയ്യുക.  അല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ   അഭിവൃദ്ധിപ്പെടുന്ന വിധത്തില്‍ ദൈവിക പരിപാലനം അനുഭവിക്കാൻ നിങ്ങള്‍ക്കും സാധിക്കുന്നില്ല എന്നതാണോ നിങ്ങളുടെ നിരാശയുടെ കാരണം? എങ്കിൽ സങ്കീർത്തനം 37:1 ലെ മുന്നറിയിപ്പ് ഓർക്കുക - "ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുത്."

മുകളിൽ ഉദ്ധരിച്ച സാഹചര്യങ്ങൾ എല്ലാ വായനക്കാർക്കും ഒരു പോലെ ബാധകമായേക്കണമെന്നില്ല. ചിലർ ഞാൻ വളരെ സാമ്പത്തിക പ്രതിസന്ധിയിലാണ്; എന്‍റെ മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല;അതുകൊണ്ട്  ഞാന്‍ തളര്‍ന്നിരിക്കുന്നു; ഹൃദയത്തില്‍ എനിക്ക് വലിയ ഭാരം ഉണ്ട് എന്ന് പറയുമായിരിക്കും. ശരിയാണ്, ഇത് സങ്കടകരമായ ഒരു കാര്യം തന്നെയാണ്. ഇത് ഉണ്ടാക്കുന്ന നിരാശയില്‍ നാം തളര്‍ന്നു പോകുന്നതും സ്വാഭാവികമാണ്. എന്നാൽ പ്രിയ സുഹൃത്തേ, അത്തരമൊരു സാഹചര്യത്തിൽ പോലും നിരാശയ്ക്കു ചികിത്സ ഇല്ലാതില്ല. കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു എന്ന് പറഞ്ഞവൻ ഇന്നും ജീവനുള്ളവനായി, പരമാധികാരിയായി വാഴുന്നു.  ഇരുപത് ലക്ഷത്തോളം യിസ്രായേല്യരെ ഏകദേശം നാൽപ്പത് വർഷക്കാലം മരുഭൂമിയിൽ പോറ്റിയവന് ഇന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പോറ്റാൻ കഴിയില്ലേ? ക്ഷാമകാലത്തിൽ ഏലിയാവിനെ പോറ്റിയവന് താങ്കളുടെ വിശപ്പകറ്റാൻ കഴിയില്ലേ? "ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം." (മത്തായി 6:30).

 നമ്മുടെ തലക്കെട്ടിലുള്ള വാക്യം നാം വീണ്ടും നോക്കുകയാണെങ്കില്‍, ദാവീദ് വിഷാദത്തിനു കീഴടങ്ങാതിരിക്കുകയും, തന്‍റെ  പ്രാണനെ തന്നെ ചോദ്യം ചെയ്യുകയും തന്‍റെ അവിശ്വാസത്തെ ശാസിക്കുകയും മാത്രമല്ല തന്നെത്തന്നെ ഉപദേശിക്കുകയും ചെയ്യുന്നത് നമുക്ക് കാണാം. "ദൈവത്തിൽ പ്രത്യാശ വക്കുക.." വിഷാദമുള്ളവർ ചെയ്യേണ്ടത് ഇതാണ്. മറ്റു യാതൊന്നിനും ശരിയായ ആശ്വാസം നൽകാനാവില്ല. ഇപ്പോളുള്ള പരിസ്ഥിതി ഇരുണ്ടതായി തോന്നിയേക്കാം, എന്നാൽ ദൈവീക വാഗ്ദാനങ്ങൾ തേജസ്സേറിയതാണ്. നിങ്ങളെ സഹായിക്കുന്നതില്‍ സൃഷ്ടി പരാജയപ്പെട്ടേക്കാം, സൃഷ്ടികർത്താവ് ഒരിക്കലും പരാജയപ്പെടുന്നില്ല; എന്നാൽ നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായതായിരിക്കണം. ലോകം മുഴുവനും നിസ്സഹായരായി ഇരിക്കുമ്പോളും, ഒരു ക്രിസ്തു ഭക്തൻ നിരാശപ്പെടുന്നില്ല. "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു" (സങ്കീർത്തനം 46:1). തന്നിൽ ആശ്രയിക്കുന്നവരെ അവൻ ഒരുനാളും കൈവിടുകയില്ല.  ഈ എഴുത്തുകാരന്‍റെ ജീവിതവും ഇത് ആവർത്തിച്ച് തെളിയിക്കുന്നു. വായനക്കാരുടെ ജീവിതത്തിലും ഒരുപക്ഷെ ഇത് അന്വർത്ഥം ആയിരിക്കാം. നമ്മുടെ ജീവിത സാഹചര്യങ്ങളെല്ലാം ദൈവകൃപയുടെ ശക്തി തിരിച്ചറിയാനുള്ള മഹത്തായ അവസരങ്ങളാണെന്നതാണ് യാഥാർത്ഥ്യം. വേണ്ടുന്നതെല്ലാം കണ്മുമ്പിലുള്ളപ്പോൾ നമ്മുടെ വിശ്വാസം പ്രായോഗിക തലത്തിലേയ്ക്ക് എത്തുകയില്ലല്ലോ! 

 

ദൈവത്തിൽ പ്രത്യാശ വയ്ക്കുക

 

അവന്‍റെ കരുണയിൽ പ്രത്യാശ വയ്ക്കുക. നിങ്ങള്‍ ഒരു പാപം ചെയ്തേക്കാം, ആ പാപഭാരം വളരെ വലുതായിരിക്കാം.ഒരു പക്ഷെ അതിന്‍റെ തിക്ത ഫലങ്ങൾ നിങ്ങൾ ഇന്ന് അനുഭവിക്കുന്നുണ്ടാകാം. എന്നാൽ, അനുതാപത്തോടുകൂടി നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞാല്‍,നിങ്ങളെ സകല പാപവും പൊക്കി ശുദ്ധീകരിക്കുന്ന കരുണാമയനാണ് അവന്‍.  

 

അവന്‍റെ ശക്തിയിൽ പ്രത്യാശ വയ്ക്കുക. എല്ലാ വാതിലുകളും അടഞ്ഞേക്കാം, സഹായത്തിന്‍റെ എല്ലാ വഴികളിലും തടസ്സങ്ങള്‍ വന്നേക്കാം. എങ്കിലും സർവ്വശക്തനാൽ  അസാധ്യമായതൊന്നുമില്ല.

അവന്‍റെ വിശ്വസ്തതയിൽ പ്രത്യാശ വയ്ക്കുക. മനുഷ്യർ നിങ്ങളെ ചതിച്ചേക്കാം, വാക്ക് മാറ്റിയേക്കാം, ആവശ്യഘട്ടങ്ങളിൽ ഉപേക്ഷിച്ചു പോയേക്കാം;  എങ്കിലും അസത്യം ഒട്ടും ഇല്ലാത്തവനായ ദൈവത്തില്‍ ആശ്രയിക്കുക. അവന്‍റെ വാഗ്ദത്തങ്ങളെ സംശയിക്കരുത്.

അവന്‍റെ സ്നേഹത്തിൽ പ്രത്യാശ വയ്ക്കുക. "...ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു" (യോഹന്നാൻ 13:1).

 

"അവൻ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും." (സങ്കീർത്തനം 42:5) ദൈവത്തിൽ പ്രത്യാശിക്കുന്നവർക്ക് എപ്പോഴും ഈ അനുഗ്രഹീതമായ ഉറപ്പുണ്ടാകും; അങ്ങനെയുള്ളവർക്ക് അറിയാം "നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു" (സങ്കീർത്തനം 34:19) എന്ന്.  "സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു" (സങ്കീർത്തനം 30:5) എന്ന് ദൈവം അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. അതിനാൽ ഇത് വായിക്കുന്ന ക്രിസ്തു അനുയായിയേ, എരിയുന്ന തീച്ചൂളയുടെ അനുഭവങ്ങൾ താങ്കളുടെ ജീവിതത്തിൽ അതിന്‍റെ ഉദ്യമം പൂർത്തിയാക്കുമ്പോൾ,  നമ്മെ ബന്ധിക്കുന്ന ചങ്ങലകളെ തകർക്കുമ്പോൾ, ഇപ്പോൾ അപ്രിയമായി തോന്നുന്ന ഈ അനുഭവങ്ങൾക്കായി താങ്കൾ ദൈവത്തോട് നന്ദി പറയും. അതുകൊണ്ട് ഭാവിയെ പ്രത്യാശയോടെ കാണുക. ദൈവത്തിൽ വിശ്വസിക്കുക, അവൻ നിങ്ങളെ ഒരുനാളും കൈവിടുകയില്ല.

 

ഓ വായനക്കാരാ, ഒരു പക്ഷെ ഇപ്പോള്‍ താങ്കൾ ഈ പെരുവെള്ളത്തിന്‍റെ  അനുഭവത്തിൽ കൂടി കടന്ന് പോയില്ലെങ്കിലും, ദൈവത്തിന്‍റെ ജനം അനുഭവിക്കുന്ന ‘ഈ കാലത്തിലെ കഷ്ടങ്ങള്‍’ അവരെ ആത്മീക നന്മകളിലേക്ക് നയിക്കുവാനുള്ള കൃപയ്ക്കും, അവരുടെ ആവശ്യങ്ങളിൽ ദൈവത്തിന്‍റെ കരുണയ്ക്കുമായി ഈ എഴുത്തുകാരനോടൊപ്പം താങ്കൾക്കും ഉത്സുകതയോടുകൂടെ പ്രാർത്ഥിക്കാം.

 

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.