ദൈവം

രചയിതാവ്.: K. VidyaSagar
വിവർത്തനം: Shibu Babu & N Shiny

ഉള്ളടക്കം

 

  1.   യഹോവയുടെ ദൂതൻ ദൈവമായ യഹോവയാണ്.
  2.   യഹോവയുടെ ദൂതൻ ദൈവമായ യഹോവയാണ് എന്ന     വചനാനുസാരമായ പഠിപ്പിക്കലിനെതിരായ വാദങ്ങൾ.
  3.   യഹോവയുടെ ദൂതൻ, യേശുക്രിസ്തു.

പഴയനിയമം, ഹാഗാർ സാറയുടെ അടുക്കൽ നിന്ന് ഓടിപ്പോയ സംഭവം തുടങ്ങി യഹോവയുടെ ദൂതൻ എന്ന് വിളിക്കപ്പെടുന്ന ഒരു ദൂതനെ നമുക്ക് പരിചയപ്പെടുത്തുന്നു. (ഉല്പത്തി 16:6-13). ബൈബിളിൽ ദൈവത്തിന്‍റെ ദൂതന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ നമുക്ക് കാണാം. എന്നാൽ ഈ യഹോവയുടെ ദൂതൻ ഒരു സാധാരണ ദൂതനല്ല. കാരണം ദൂതന്മാർ ഒരിക്കലും സ്വയം ദൈവമെന്നോ യഹോവയെന്നോ പ്രഖ്യാപിക്കുന്നില്ല. തിരുവെഴുത്തുകളിലും അവർ ദൈവമെന്നോ  യഹോവയെന്നോ എഴുതപ്പെട്ടിട്ടില്ല. അത് ദൈവദൂഷണമാകും. അതുപോലെ, ദൈവത്തിന് അർഹതപ്പെട്ട മഹത്വം അവർ സ്വീകരിക്കുന്നില്ല. (ഇതിനെക്കുറിച്ച്  അവസാനം സംസാരിക്കാം). എന്നാൽ, യഹോവയുടെ ദൂതൻ മാത്രം എല്ലാ അവസരങ്ങളിലും ദൈവമെന്ന നിലയിൽ സംസാരിക്കുന്നു, ഭക്തന്മാർ അവനെ ദൈവമായി കണക്കാക്കുന്നു, തിരുവെഴുത്തുകൾ അവനെ ദൈവം, എന്നും യഹോവ എന്നും വിളിക്കുന്നു. കാരണം അവൻ ദൈവമാണ് മാത്രമല്ല, പിതാവിനോടു  കൂടെ യഹോവ എന്ന നാമമുള്ള കർത്താവായ യേശുക്രിസ്തുവുമാണ്. ഇത് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ആദ്യം യഹോവയുടെ ദൂതൻ ദൈവമാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്ന വേദ ഭാഗങ്ങൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. രണ്ടാമതായി, ആളുകൾക്ക് ഇതിനെക്കുറിച്ചുള്ള എതിർ വാദങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഞാൻ ഉത്തരം നൽകാം. ഒടുവിൽ, യഹോവയുടെ ദൂതൻ കർത്താവായ യേശുക്രിസ്തുവാണെന്ന് വ്യക്തമാക്കാം.

യഹോവയുടെ ദൂതൻ, ദൈവമായ യഹോവ.

പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്‍റെ  അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്‍റെ  അരികെവച്ചുതന്നെ അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്‍റെ  യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.  യഹോവയുടെ ദൂതൻ അവളോട്: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.  (ഉൽപത്തി 16:7-10 )

 ഇവിടെ കർത്താവിന്‍റെ ദൂതൻ മരുഭൂമിയിൽ സാറായിയുടെ ദാസിയായ ഹാഗാറിന് പ്രത്യക്ഷപ്പെട്ട് അവളുടെ സന്തതിയെ വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. ദൈവത്തിനു മാത്രമേ ഇങ്ങനെ ഒരു വാഗ്ദാനം ചെയ്യാൻ കഴിയുകയുള്ളൂ. കാരണം വർധിപ്പിക്കുന്നത് ദൈവമാണ്. (ആവർത്തനം 1:10). ഇതിന്‍റെ അടിസ്ഥാനത്തിൽ, അവൻ ഇവിടെ തന്നെത്തന്നെ ദൈവമായി കാണിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അവൻ അങ്ങനെ തന്നെത്തന്നെ കാണിച്ചു എന്നു മാത്രമല്ല, ഹാഗാർ അവനെ എങ്ങനെ തിരിച്ചറിഞ്ഞു എന്നും കാണുക;

ഉൽപത്തി 16:13 “എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.”  ഇവിടെ യഹോവയുടെ ദൂതനായി തനിക്ക് പ്രത്യക്ഷപ്പെട്ട വ്യക്തി ദൈവമാണെന്ന് ഹാഗാർ തിരിച്ചറിഞ്ഞു. ഇവിടെ, അവനെ ദൈവം എന്ന് അഭിസംബോധന ചെയ്യുന്നത് അവൾ മാത്രമല്ല, പരിശുദ്ധാത്മാവിന്‍റെ പ്രേരണയാൽ ഈ സംഭവം എഴുതുന്ന മോശെയും, സംസാരിച്ച ദൂതൻ യഹോവയാണെന്ന് വ്യക്തമാക്കുന്നു. ഈ ദൂതനെ  കുറിച്ച് കൂടുതൽ കാര്യങ്ങൾ  നമുക്കു  പരിഗണിക്കാം.

ഉൽപത്തി 21:17-18 ദൈവം ബാലന്‍റെ  നിലവിളി കേട്ടു; ദൈവത്തിന്‍റെ  ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്‍റെ  നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.”

ഇവിടെ യഹോവയുടെ ദൂതൻ വീണ്ടും ഹാഗാറിന് പ്രത്യക്ഷപ്പെടുകയും ഇസ്മായേലിനെക്കുറിച്ച് മുമ്പ് നൽകിയ വാഗ്ദാനത്തെക്കുറിച്ച് അവളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ഇനി യഹോവയുടെ ദൂതൻ അബ്രഹാമിന് പ്രത്യക്ഷപ്പെട്ട സന്ദർഭം പരിഗണിക്കാം:

ഉൽപത്തി 22:10-14  പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. ബാലന്‍റെ മേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്‍റെ  ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു. അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ  മകനു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.”

ഇവിടെ അബ്രഹാം തന്‍റെ മകൻ യിസ്ഹാക്കിനെ യാഗമായി അർപ്പിക്കാൻ തുടങ്ങിയപ്പോൾ, യഹോവയുടെ ദൂതൻ അവനെ തടഞ്ഞു കൊണ്ട് ,’നിന്‍റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് ‘ എന്ന് പറയുന്നു. ഇതനുസരിച്ച്, അബ്രഹാം ഏത് ദൈവത്തിന്‍റെ വാക്ക് കേട്ടാണോ യിസ്ഹാക്കിനെ യാഗമായി അർപ്പിക്കാൻ പോയത് (ഉല്പത്തി 22:1,2) ആ ദൈവം താനാണെന്ന് യഹോവയുടെ ദൂതൻ ഇവിടെ  പ്രഖ്യാപിക്കുന്നു. അബ്രഹാം ആ സ്ഥലത്തിന് “യഹോവ-യിരേ” (ഉല്പത്തി 22:14) എന്ന് പേരിട്ടതിലൂടെ, തനിക്ക് പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതൻ യഹോവ തന്നെയാണെന്ന് വീണ്ടും  വ്യക്തമാകുന്നു. അതുപോലെ തന്നെ, ഇസ്മായേലിനെക്കുറിച്ച് ഹാഗാറിനോട് വാഗ്ദാനം ചെയ്തതുപോലെ, യിസ്ഹാക്കിനെ കുറിച്ചും, “യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്: നീ ഈ കാര്യം ചെയ്തു, നിന്‍റെ  ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ  സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്‍ക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്‍റെ  സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.  നീ എന്‍റെ  വാക്ക് അനുസരിച്ചതുകൊണ്ടു നിന്‍റെ  സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു .  (ഉൽപത്തി 22:15-18 )എന്ന് വാഗ്ദത്തം ചെയ്തത് നമുക്ക് കാണാം.യിസ്ഹാക്കിന്‍റെ സന്താനത്തെ വർദ്ധിപ്പിച്ചത് യഹോവയായ ദൈവമായിരുന്നല്ലോ! (ആവർത്തനം 1:10).

പഴയനിയമ തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ, പിതാവായ യഹോവ കൂടാതെ, അതേ നാമം വഹിക്കുന്ന മറ്റൊരു വ്യക്തി കൂടി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, ഈ വാക്യഭാഗം നോക്കിയാലും.

ഉൽപത്തി 19:24 യഹോവ സൊദോമിന്‍റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.”

ഇവിടെ സോദോം, ഗൊമോറ നഗരങ്ങളെ നശിപ്പിക്കാൻ  യഹോവ മറ്റൊരു യഹോവയിൽ നിന്ന് തീയും ഗന്ധകവും അയച്ചു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. ഇതേ സംഭവത്തെക്കുറിച്ച് എഴുതിയ മറ്റൊരു വാക്യ ഭാഗം നോക്കാം.

ആമോസ് 4:11  ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.”

ഈ സന്ദർഭത്തിൽ, യഹോവയാം ദൈവം സംസാരിച്ചുകൊണ്ട്,  (അതുകൊണ്ടാണ് അവസാനം യഹോവയുടെ അരുളപ്പാട് എന്നുള്ളത്) ‘ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല’ എന്ന് പറയുന്നു.  ഈ വാക്കുകൾ പറയുന്നത് പ്രവാചകനാണെങ്കിൽ, നിങ്ങൾ എന്നിലേക്ക് മടങ്ങിവന്നില്ലെന്നും നിങ്ങളിൽ ചിലരെ ഞാൻ നശിപ്പിച്ചുവെന്നും അദ്ദേഹത്തിന് എങ്ങനെ പറയാൻ കഴിയും?

 

ഉല്പത്തി 18, 19  അദ്ധ്യായങ്ങളിലുള്ള ചരിത്രം  പരിശോധിക്കുമ്പോൾ, അബ്രഹാമിനെ മൂന്നു വ്യക്തികൾ സന്ദർശിക്കുന്നത്   നാം  കാണുന്നു. ഈ  മൂന്ന് പേരിൽ, ഒരാളെ മാത്രം അബ്രഹാം കർത്താവ് എന്ന് അഭിസംബോധന ചെയ്യുകയും, അവർക്ക് അതിഥി സൽക്കാരം നല്‍കുകയും ചെയ്യുന്നു. അവരിൽ ഒരാൾ യഹോവയും മറ്റ് രണ്ട് പേർ ദൂതന്മാരുമാണ് (ഉല്പത്തി 18:1-4). അവർ ഭക്ഷണം കഴിച്ചതിനുശേഷം,  ആ രണ്ട് ദൂതന്മാർ അബ്രഹാമിന്‍റെ  വീട്ടിൽ നിന്ന്  സോദോം, ഗൊമോറ എന്നീ പട്ടണങ്ങളിലുള്ള ലോത്തിന്‍റെ  വീട്ടിലേക്ക് പോയി (ഉല്പത്തി 18:16,22, 19:1), അതേസമയം യഹോവ അബ്രഹാമിന്‍റെ  കൂടാരത്തിനടുത്ത് നിന്നുകൊണ്ട് അവനുമായി സംസാരിക്കുന്നു. ആ സംഭാഷണത്തിനുശേഷം അവൻ അവിടെ നിന്ന് പോകുന്നു (ഉല്പത്തി 18:16-33). അടുത്ത ദിവസം, അവൻ സോദോം, ഗൊമോറ എന്നീ നഗരങ്ങളെ സമീപിക്കുകയും ദൂതന്മാർ നഗരത്തിൽ നിന്ന് പുറത്താക്കിയ ലോത്തിനോട് സംസാരിക്കുകയും  തുടർന്ന് മുകളിലുള്ള യഹോവയുടെ സന്നിധിയിൽ നിന്ന് തീയും ഗന്ധകവും വർഷിപ്പിക്കുകയും ആ നഗരങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു (ഉല്പത്തി 19:17-25).

(ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു, അബ്രഹാമിന്‍റെ വീട്ടിൽ വന്ന യഹോവ തന്നെയാണ് സോദോമിനെയും ഗൊമോറയെയും നശിപ്പിച്ചതെന്ന്  എങ്ങനെ പറയാൻ കഴിയും എന്ന്. അബ്രഹാമിനോട് സംസാരിച്ചതിന് ശേഷം അദ്ദേഹം അവിടെ നിന്ന് പോയല്ലോ, ഈ സംഭവം അടുത്ത ദിവസമാണല്ലോ സംഭവിച്ചത് എന്ന്. എന്നാൽ യഹോവ അബ്രഹാമിന്‍റെ  വീട്ടിൽ വന്നതിന്‍റെ മറ്റൊരു കാരണം, താൻ സോദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ പോകുകയാണെന്ന് അവനോട് പറയാനായിരുന്നു (ഉൽപത്തി 18:17-21). അപ്പോൾ അടുത്ത ദിവസം ആ നഗരങ്ങളെ നശിപ്പിച്ചത് ഈ യഹോവ തന്നെ അല്ലേ?)

ഇതിന്‍റെ  അടിസ്ഥാനത്തിൽ സൊദോമിന്‍റെയും ഗൊമോറയുടെയും നാശത്തിന്‍റെ  സമയത്ത് രണ്ട് യഹോവമാർ ഉണ്ടായിരുന്നുവെന്ന് തിരുവെഴുത്ത് വ്യക്തമായി പറയുന്നു.ഈ രണ്ട് യാഹോവാമാരെക്കുറിച്ചുള്ള മറ്റു ചില പ്രസ്താവനകള്‍  യെശയ്യാവിന്‍റെ പുസ്തകത്തിലും സെഖര്യാവിന്‍റെ പുസ്തകത്തിലും നമുക്ക് കാണാൻ കഴിയും. അത് നമുക്ക് അവസാനം നോക്കാം.

അതുകൊണ്ട്  ഈ യഹോവ തന്നെയാണ് അബ്രഹാമിനും ഹാഗാറിനും യഹോവയുടെ ദൂതനായി പ്രത്യക്ഷപ്പെടുകയും മുകളിൽ പറഞ്ഞ സന്ദർഭങ്ങളിൽ അവരോട് സംസാരിക്കുകയും ചെയ്തത്.  പ്രത്യേകിച്ച് ആ സംഭവങ്ങൾ രേഖപ്പെടുത്താൻ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാൽ എഴുതിയ  എഴുത്തുകാർ അവനെ ദൈവം എന്ന് വിളിച്ചു. ഇനി അവൻ യാക്കോബിന് പ്രത്യക്ഷപ്പെട്ട സന്ദർഭം നോക്കാം.

ഉൽപത്തി 31:10-13

ആടുകൾ ചനയേൽക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്‍റെ  ദൂതൻ സ്വപ്നത്തിൽ എന്നോട്: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്‍റെ  ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശം വിട്ടു നിന്‍റെ  ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.”

ഇവിടെ ഒരു ദൈവദൂതൻ യാക്കോബിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് സാക്ഷ്യപ്പെടുത്തി, “നീ ബേഥേലിൽ വെച്ച് അഭിഷേകം ചെയ്ത് എനിക്ക് നേർച്ച നേർന്ന ദൈവം ഞാനാണ്” എന്ന്  പറയുന്നത് നാം കാണുന്നു. ബേഥേലിൽ വെച്ച് യാക്കോബിന് പ്രത്യക്ഷപ്പെട്ടത് ഒരു ദൂതനാണോ അതോ യഹോവയാണോ? ആ സംഭവം നമുക്കു നോക്കാം.

ഉൽപത്തി 28:11-18  അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായിവച്ച് അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്‍റെ തല സ്വർഗ്ഗ ത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ  ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്‍റെ  പിതാവായ അബ്രാഹാമിന്‍റെ  ദൈവവും, യിസ്ഹാക്കിന്‍റെ  ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്‍റെ  സന്തതിക്കും തരും. നിന്‍റെ  സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ  സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.  ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും.  അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു. അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്‍റെ  ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്‍റെ  വാതിൽ തന്നെ എന്നു പറഞ്ഞു. യാക്കോബ് അതികാലത്ത് എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.”

ഈ വാക്യ ഭാഗം അനുസരിച്ച്, യാക്കോബിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് യഹോവയായ ദൈവമാണ്. അതിനാൽ മുകളിൽ പറഞ്ഞ സന്ദർഭത്തിൽ, ഏതു ദൈവദൂതനാണോ തന്‍റെ പിതാവിന്‍റെ ഭവനത്തിലേയ്ക്ക് തിരികെ പോകാന്‍ യാക്കോബിനോട് അജ്ഞാപിച്ചത് ആ ദൂതന്‍ തന്നെയാണ് മുന്‍പ് (ബെഥേലിൽ) യഹോവയായി തനിക്ക് പ്രത്യക്ഷപ്പെട്ടത്. ദൈവത്തിന്‍റെ  ദൂതനും യഹോവയുടെ ദൂതനും ഒന്നാണെന്ന് ശ്രദ്ധിക്കുക. ദൈവത്തിന്‍റെ  ദൂതൻ എന്നു മാത്രമല്ല , ചില സന്ദർഭങ്ങളിൽ അദ്ദേഹത്തെ ഒരു ദൂതൻ എന്നും വിളിക്കുന്നു. ഉദാഹരണത്തിന്, ഈ വാക്യഭാഗം കാണുക.

ഉൽപത്തി 48:15-16  പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്‍റെ  പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവംഎന്നെ സകല ദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്‍റെ  പേരും എന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.”

ഇവിടെ യാക്കോബ് തന്‍റെ  അമ്മായിയപ്പന്‍റെ വീട്ടിലായിരിക്കുമ്പോൾ തനിക്ക് പ്രത്യക്ഷപ്പെട്ട ദൈവദൂതനെ, അതായത്, ബെഥേലിൽ വെച്ച് ആദ്യമായി തനിക്ക് പ്രത്യക്ഷപ്പെട്ട യഹോവയെ കുറിച്ച് ഓർത്തുകൊണ്ട്  അവനെ ഒരു ദൂതൻ എന്ന് മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. ഇതനുസരിച്ച്, യാക്കോബിന് പ്രത്യക്ഷപ്പെട്ട ദൈവദൂതനും ദൂതനും ഒരേയാളാണ്. ഇപ്പോൾ ഈ ദൂതൻ യഹോവയുടെ ദൂതനാണെന്ന് പറയുന്നതിന് വ്യക്തമായ തെളിവ് കാണുക.

പുറപ്പാട് 23:20-23 “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ  മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്‍റെ  വാക്ക് കേൾക്കേണം; അവനോടു വികടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ  നാമം അവനിൽ ഉണ്ട്. എന്നാൽ നീ അവന്‍റെ  വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്‍റെ  ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.”

തിരുവെഴുത്ത് യഹോവയായ ദൈവം എന്ന് വിളിക്കുന്ന ഏതു ദൂതനെ അല്ലെങ്കിൽ  ദൈവദൂതനെയാണോ യാക്കോബ് തന്‍റെ മരണസമയത്ത് ഓർക്കുന്നത് അതേ ദൂതനെ കുറിച്ചാണ്  യഹോവയായ ദൈവം ഇവിടെ   പറയുന്നത്. ഈ വാക്കുകളിൽ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,  ഈ ദൂതന് ദൈവത്തിന്‍റെ നാമമുണ്ട് എന്നതാണ്. അതുകൊണ്ടാണ് അവനെ യഹോവ എന്ന് വിളിക്കുന്നത്. ദൈവമായ യഹോവയുടെ വാക്കനുസരിച്ച്, ആ ദൂതൻ ആണ് യിസ്രായേല്യരെ ഈജിപ്തിൽ നിന്ന് വിടുവിച്ച് കനാനിലേക്ക് നയിച്ചത്. ഇപ്പോൾ ആ ദൂതൻ ആരാണെന്നാണ്  പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.

ന്യായാധിപന്മാർ 2:1-3  അനന്തരം യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്കു വന്നുപറഞ്ഞത്: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്‍റെ  നിയമം ഞാൻ ഒരിക്കലും ലംഘിക്കയില്ല എന്നും  നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങൾ എന്‍റെ  വാക്ക് അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്ത്? അതുകൊണ്ട് ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കെണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു”.

ദൈവം മുമ്പ് യിസ്രായേല്യർക്ക് അയച്ച ദൂതൻ അല്ലങ്കിൽ ദൈവദൂതൻ ഈ സന്ദർഭത്തിൽ “യഹോവയുടെ ദൂതൻ” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് യഹോവ ദൈവമായി പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്‍റെ ദൂതൻ, ദൂതൻ, യഹോവയുടെ ദൂതൻ,  ഇവര്‍ എല്ലാം ഒന്നുതന്നെയാണ് നാം  മനസ്സിലാക്കണം. മുന്നോട്ട് പോകുമ്പോൾ നമുക്ക് ഇതിനെ കുറിച്ച് വീണ്ടും ഓർമ്മിക്കാം. ഇപ്പോൾ യഹോവയുടെ ദൂതൻ ദൈവമാണെന്ന് തെളിയിക്കുന്ന മറ്റു ചില ഉദാഹരണങ്ങൾ നമുക്ക് പരിഗണിക്കാം. മുകളിൽ നാം കണ്ട ഭാഗത്തിലും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്ങനെയെന്നാല്‍; പുറപ്പാട് 34:11-13ൽ, യഹോവയായ ദൈവം മോശെ യോട് സംസാരിച്ച, ഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്‍റെ  മുമ്പിൽനിന്ന് ഓടിച്ചുകളയും. നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്‍റെ മധ്യേ ഒരു കെണിയായിരിക്കും. നിങ്ങൾ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം.”  എന്ന വാക്കുകൾ ഇവിടെ യഹോവയുടെ ദൂതന്‍ സംസാരിച്ചതായി പറയുന്നത് നോക്കൂ: അനന്തരം യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്കു വന്നുപറഞ്ഞത്: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്‍റെ  നിയമം ഞാൻ ഒരിക്കലും ലംഘിക്കയില്ല എന്നും നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങൾ എന്‍റെ  വാക്ക് അനുസരിച്ചില്ല. (ന്യായാധിപന്മാര്‍ 2:1,2 )

 

മറ്റു ചില വാക്യഭാഗങ്ങൾ

പുറപ്പാട് 3:1-6  മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ  അമ്മായി യപ്പനുമായ യിത്രോവിന്‍റെ  ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്തു ദൈവത്തിന്‍റെ  പർവതമായ ഹോരേബുവരെ കൊണ്ടുചെന്നു.  അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിന്‍റെ  നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപ്പടർപ്പു തീപിടിച്ചു കത്തുന്നതും മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.  മുൾപ്പടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന് അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപ്പടർപ്പിന്‍റെ  നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.  അപ്പോൾ അവൻ: ഇങ്ങോട്ട് അടുക്കരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്‍റെ  ദൈവവും യിസ്ഹാക്കിന്‍റെ  ദൈവവും യാക്കോബിന്‍റെ  ദൈവവുമായി, നിന്‍റെ പിതാവിന്‍റെ  ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.”

ഈ സന്ദർഭത്തിൽ, യഹോവയുടെ ദൂതൻ മോശെയ്ക്ക് പ്രത്യക്ഷപ്പെട്ട് സ്വയം ദൈവം എന്ന് അഭിസംബോധന ചെയ്യുന്നതായും, അവൻ യഹോവ എന്ന് തിരുവെഴുത്തുകളിൽ  എഴുതപ്പെട്ടിരിക്കുന്നതായും നാം വായിക്കുന്നു. തന്‍റെ അവസാന നാളുകളിൽ മോശെ തനിക്ക് പ്രത്യക്ഷപ്പെട്ട ദൂതനെ  ഓർമ്മിക്കുകയും അവൻ യഹോവയായ ദൈവമെന്ന് സമ്മതിക്കുകയും ചെയ്യുന്നു:

ആവർത്തനപുസ്തകം 33:16  മുൾപ്പടർപ്പിൽ വസിച്ചവന്‍റെ  പ്രസാദം യോസേഫിന്‍റെ  ശിരസ്സിന്മേലും തന്‍റെ  സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകമേലും വരുമാറാകട്ടെ.”

ഈ സന്ദര്‍ഭത്തില്‍ മോശെക്ക്  “…ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; അബ്രഹാമിന്‍റെ  ദൈവവും യിസ്ഹാക്കിന്‍റെ  ദൈവവും യാക്കോബിന്‍റെ  ദൈവവുമായി…ഇത് എന്നേക്കും എന്‍റെ  നാമവും തലമുറതലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു. എന്ന് പരിചയപ്പെടുത്തുന്നത്  ഈ യഹോവയുടെ ദൂതൻ  ആണ്.(പുറപ്പാട് 3:14-15)

അവന്‍ ബിലെയാമിനു പ്രത്യക്ഷപ്പെട്ട സന്ദർഭം നോക്കാം.

സംഖ്യാപുസ്തകം 22:31-35  അപ്പോൾ യഹോവ ബിലെയാമിന്‍റെ  കണ്ണ് തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്‍റെ  വഴി നാശകരം എന്നു ഞാൻ കാണുന്നു.  കഴുത എന്നെ കണ്ട് ഈ മൂന്നു പ്രാവശ്യം എന്‍റെ  മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളകയും അതിനെ ജീവനോടെ രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.  ബിലെയാം യഹോവയുടെ ദൂതനോട്: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. യഹോവയുടെ ദൂതൻ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്‍റെ  പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.”

ഇവിടെ, യഹോവയുടെ ദൂതൻ ബിലെയാമിനോട് ദൈവമെന്നപോലെ സംസാരിക്കുന്നതും, ബിലെയാമും അവനെ ദൈവമായി തിരിച്ചറിഞ്ഞ് അവന്‍റെ മുമ്പിൽ കുമ്പിടുന്നതും നമുക്ക് കാണാം.

അവൻ ഗിദെയോനു പ്രത്യക്ഷപ്പെട്ട സന്ദർഭം നോക്കാം;

ന്യായാധിപന്മാർ 6:10-22

യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്‍റെ   വാക്കു കേട്ടില്ല. അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്‍റെ  കരുവേലകത്തിൻകീഴെ ഇരുന്നു; അവന്‍റെ  മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു. ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്‍റെ  അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു. അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ  കുലം എളിയതും എന്‍റെ  കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.  ഞാൻ പോയി എന്‍റെ  വഴിപാടു കൊണ്ടുവന്ന് നിന്‍റെ  മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കുട്ടയിൽവച്ച് ചാറ് ഒരു കിണ്ണത്തിൽ പകർന്ന് കരുവേലകത്തിൻകീഴെ കൊണ്ടുവന്ന് അവന്‍റെ  മുമ്പിൽ വച്ചു. അപ്പോൾ ദൈവത്തിന്‍റെ  ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്ത് ഈ പാറമേൽവച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.  യഹോവയുടെ ദൂതൻ കൈയിലുള്ള വടിയുടെ അറ്റം കൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്‍റെ  കണ്ണിനു മറഞ്ഞു.  അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു.”

ഇവിടെ ആദ്യമായി യഹോവയുടെ ദൂതൻ ഗിദെയോന് പ്രത്യക്ഷപ്പെടുന്നതായും  പിന്നീട് ആ ‘ദൂതൻ’ അവനെ നോക്കിയപ്പോൾ “അവൻ യഹോവയാണ്” എന്ന് വ്യക്തമായതായി എഴുതപ്പെടുകയും ചെയ്തു. അതുപോലെ, ഇവിടെ യഹോവയുടെ ദൂതനെ ദൈവത്തിന്‍റെ  ദൂതൻ എന്നും വിളിച്ചിരിക്കുന്നു. അതിനാൽ, മുകളിൽ പറഞ്ഞ സാഹചര്യത്തിൽ, ദൈവമായ യഹോവയായി തന്‍റെ  അസ്തിത്വത്തെ വെളിപ്പെടുത്തുന്ന യഹോവയുടെ ദൂതൻ, ദൈവത്തിന്‍റെ ദൂതൻ അല്ലങ്കിൽ ദൂതൻ  ഒരേ വ്യക്തി ആണെന്ന് വ്യക്തമാകുന്നു. കുറച്ചുകൂടി മുന്നോട്ട് പോയാൽ, മറ്റൊരു സന്ദർഭത്തിൽ ഈ വ്യക്തത നമുക്ക് വീണ്ടും കാണാൻ കഴിയും.

അവന്‍ ശിംശോന്‍റെ മാതാപിതാക്കൾക്ക്  പ്രത്യക്ഷപ്പെട്ട സന്ദർഭം;

ന്യായാധിപന്മാർ 13:19-22  അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.  അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ  ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.  യഹോവയുടെ ദൂതൻ മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.  ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു.”

ഈ സന്ദർഭത്തിൽ, ശിംശോന്‍റെ മാതാപിതാക്കൾക്ക് യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നു. തനിക്ക് പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതൻ ദൈവമാണെന്ന് മാനോഹ മനസ്സിലാക്കുകയും അവനെ കണ്ടതുകൊണ്ട്  താൻ മരിക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു. അതുപോലെ  ഇവിടെയും യഹോവയുടെ ദൂതനെ വീണ്ടും ദൂതനെന്നു  വിളിച്ചിരിക്കുന്നു.

 അവന്‍ ദാവീദിന് പ്രത്യക്ഷപ്പെട്ട സന്ദർഭം നോക്കാം;

1 ദിനവൃത്താന്തം 21:15-19   “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ട് ആ അനർഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്‍റെ  കൈ പിൻവലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്‍റെ  കളത്തിനരികെ നില്ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മദ്ധ്യെ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ  ദൈവമേ, നിന്‍റെ  കൈ ബാധയ്ക്കായിട്ടു നിന്‍റെ  ജനത്തിന്മേൽ അല്ല, എന്‍റെ മേലും എന്‍റെ  പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.  അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്‍റെ  കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടോ പറവാൻ കല്പിച്ചു.  യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.”

ഈ സന്ദർഭത്തിൽ, ദാവീദ് ചെയ്ത  പാപം നിമിത്തം ദൈവം

യിസ്രായേല്യരുടെ മേലേക്ക് അപായം കൊണ്ട് വന്നപ്പോൾ യഹോവയുടെ ദൂതൻ അവരെ നശിപ്പിക്കുന്നത് നാം കാണുന്നു. ഇവിടെ എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ, ദാവീദ് ആ ദൂതനെ തിരിച്ചറിഞ്ഞ് അവന്‍റെ  മുമ്പിൽ സാഷ്ടാംഗം വീണെന്നും, ദൈവത്തോട് എന്നപോലെ അവനോട് അപേക്ഷ നടത്തിയെന്നും തുടർന്ന് യഹോവയുടെ ദൂതൻ പ്രവാചകനായ ഗാദിനോട് ഒരു യാഗപീഠം പണിയാൻ കൽപ്പിച്ചെന്നും നമുക്ക് കാണാൻ കഴിയും. ഇപ്പോൾ, ഇതേ സംഭവത്തെ വിവരിക്കുന്ന മറ്റ് രണ്ട് തിരുവെഴുത്തുകളില്‍ നിന്നും, ആ സ്ഥലത്ത് ദാവീദിന് യഥാർത്ഥത്തിൽ ആരാണ് പ്രത്യക്ഷപ്പെട്ടത് എന്നും ഗാദ് പ്രവാചകനോട് ആരാണ് ഒരു യാഗപീഠം പണിയാൻ കൽപ്പിച്ചതെന്നും  പരിശോധിയ്ക്കാം.

2 ദിനവൃത്താന്തം അനന്തരം ശലോമോൻ യെരൂശലേമിൽ തന്‍റെ  അപ്പനായ ദാവീദിന്  യഹോവ പ്രത്യക്ഷമായ മോറിയാപർവതത്തിൽ യെബൂസ്യനായ ഒർന്നാന്‍റെ  കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി”

2 ശമൂവേൽ 24:19  യഹോവയുടെ  കല്പന പ്രകാരം ഗാദ് പറഞ്ഞതു പോലെ ദാവീദ്  അവിടേക്കു പോയി .

ഈ വാക്യഭാഗങ്ങളില്‍ നിന്നും ആ സ്ഥലത്ത് പ്രത്യക്ഷമായത് ദൈവമായ യഹോവ ആണെന്നും, ആ ദൈവം തന്നെയാണ് ഗാദിനോട് ആലയം പണിയുവാന്‍ കല്പിച്ചതെന്നും നമുക്ക് വ്യക്തമാകുന്നു. അതുപോലെതന്നെ ഇവിടെയും അവന്‍ യഹോവയുടെ ദൂതനായും , ദൂതനായും പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നതായും കാണാം.

2 ശമൂവേൽ 24:16-17  എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർഥത്തെക്കുറിച്ച് അനുതപിച്ചു, ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്‍റെ  കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിനരികെ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ കുറ്റം ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്‍റെ  കൈ എനിക്കും എന്‍റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാർഥിച്ചുപറഞ്ഞു.”

പഴയനിയമത്തിൽ യഹോവയുടെ ദൂതനെക്കുറിച്ചുള്ള മറ്റ് ഉദാഹരണങ്ങൾ നാം കാണുന്നുണ്ടെങ്കിലും, ഈ യഹോവയുടെ ദൂതൻ യഹോവയാം ദൈവമാണെന്ന് നമുക്ക് ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുള്ളതിനോൽ ഇത്രയും മതിയെന്ന് ഞാൻ വിചാരിക്കുന്നു.

 

യഹോവയുടെ ദൂതൻ ദൈവമായ യഹോവയാണ് എന്ന  വചനാനുസാരമായ പഠിപ്പിക്കലിനെതിരായ വാദങ്ങൾ:

യഹോവയുടെ ഈ ദൂതനെക്കുറിച്ച് ചിലർ വാദിക്കുന്നത്, അദ്ദേഹം യഥാർത്ഥത്തിൽ യഹോവ ദൈവമല്ലെന്നും, ഭക്തർ ദൂതനെ കണ്ട് അറിയാതെ ദൈവം എന്ന് വിളിച്ചതാണെന്നും, ദൂതന്‍റെ വാക്കുകൾ ദൈവത്തിന്‍റെതാകയാൽ തിരുവെഴുത്തിൽ ആ ദൂതനെ കുറിച്ച് ദൈവം എന്ന് എഴുതപ്പെട്ടതാണെന്നും പറയും. ഇതിനെ സ്ഥാപിക്കുന്നതിനായി അവർ പുതിയ നിയമത്തിൽ നിന്ന് ഒരു വാക്യ ഭാഗം  പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്.അപ്പൊ. പ്രവൃത്തികൾ 7:30

നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായിമലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി.

ഈ ഭാഗത്ത്, മോശെയ്ക്ക് പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതനെ (പുറപ്പാട് 3:1,2) സ്തെഫാനൊസ് ഒരു ദൂതൻ എന്നാണ് പരാമർശിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി, യഹോവയുടെ ദൂതൻ ദൈവമല്ല, മറിച്ച് ഒരു  സാധാരണ ദൂതനാണെന്ന് അവർ വാദിക്കുന്നു.

ഇനി നമുക്ക് ഈ വാദങ്ങൾക്ക് ക്രമത്തിൽ ഉത്തരം നൽകാം. ആദ്യം;  യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ട പഴയ നിയമ ഭക്തന്മാർക്ക്, സാധാരണ ദൂതന്മാരും അവർക്ക് പ്രത്യക്ഷപ്പെട്ട ഈ ദൈവദൂതനും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നുവെന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

ഉൽപത്തി 32:1-2 യാക്കോബ് തന്‍റെ  വഴിക്കു പോയി; ദൈവത്തിന്‍റെ  ദൂതന്മാർ അവന്‍റെ  എതിരേ വന്നു.  യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്‍റെ  സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.”

ഈ സാഹചര്യത്തിൽ, യാക്കോബ് തനിക്ക് എതിരെ  ദൂതന്മാർ വരുന്നത് കണ്ടപ്പോൾ അവരെ ദൈവത്തിന്‍റെ  സൈന്യമായി തിരിച്ചറിഞ്ഞു. കാരണം സാധാരണ ദൂതന്മാരും യഹോവയുടെ ദൂതനും തമ്മിലുള്ള വ്യത്യാസം അവനറിയാമായിരുന്നു. ഇതേ യാക്കോബ് മുമ്പ് യഹോവയുടെ ദൂതൻ അല്ലെങ്കിൽ ദൈവത്തിന്‍റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ദൈവമായും  യഹോവയായും തിരിച്ചറിഞ്ഞതായും നാം കാണുന്നു. (ഉല്പത്തി 31:10-13).

ന്യായാധിപന്മാർ 13:20-23  അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ  ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു. ഭാര്യ അവനോട്: നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവയൊക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്ത് ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

ഈ സാഹചര്യത്തിൽ, സാധാരണ ദൂതന്മാരും യിസ്രായേലിന്‍റെ  ദൈവമായ യഹോവയുടെ ദൂതനും തമ്മിലുള്ള വ്യത്യാസം ശിംശോന്‍റെ പിതാവിനും അറിയാമായിരുന്നു, അതിനാൽ ആണ് താൻ കണ്ട ദൂതൻ യഹോവയുടെ ദൂതനാണെന്ന്  മനസ്സിലാക്കി,  ദൈവത്തെ കണ്ടതിനാൽ അവർ മരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടത്. ഈ ദൂതൻ ഒരു സാധാരണ ദൂതനാണെങ്കിൽ, മാനോഹയ്ക്ക് ഇത്ര ഭയപ്പെടേണ്ടി വരില്ലായിരുന്നു!

പുതിയ നിയമത്തിൽ, യോഹന്നാന്‍റെ  പിതാവായ സെഖര്യാവും,  യേശുവിന്‍റെ അമ്മയായ മറിയയും അവര്‍ക്ക് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഭയപ്പെട്ടതായി നാം വായിക്കുന്നു  (ലൂക്കോസ് 1:11,12, 1:28-30). വാസ്തവത്തിൽ, അവർ മരിക്കുമെന്ന ഭയം കൊണ്ടല്ല, മറിച്ച് ദൂതൻ കൊണ്ടുവന്ന സന്ദേശം കൊണ്ടായിരുന്നു അവര്‍ ഭയപ്പെട്ടത്. എന്നാൽ മുകളിൽ നമ്മൾ കണ്ട പഴയ നിയമ  ഭക്തന്മാർ ഭയന്നത് ദൂതൻ കൊണ്ടുവന്ന സന്ദേശം കൊണ്ടല്ല, മറിച്ച് ദൂതൻ ദൈവമായതുകൊണ്ടാണ്.

ന്യായാധിപന്മാർ 6:22-23  അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: നിനക്കു സമാധാനം; ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.

ഇവിടെ, ഗിദെയോനും യഹോവയുടെ ദൂതനെ മുഖാമുഖം കണ്ടപ്പോൾ, അവൻ മരിക്കില്ലെന്ന് യഹോവ അവന് ഉറപ്പുനൽകുന്നു. ഗിദെയോന് പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതൻ ഒരു സാധാരണ ദൂതനാണെങ്കിൽ, ഇങ്ങനെ പറയേണ്ടി വരില്ലായിരുന്നു. അതിനാൽ, പഴയനിയമ വിശ്വാസികൾക്ക് സാധാരണ ദൂതന്മാരും യഹോവയുടെ ദൂതനും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നുവെന്നും, അവർക്ക് പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതൻ, ദൈവമായതിനാൽ അവർ അവനെ ദൈവമായി തിരിച്ചറിഞ്ഞ്  ഭയപ്പെട്ടുവെന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

ഇവിടെ ഞാൻ കാണിച്ച വാക്യ ഭാഗങ്ങൾ ഒരു നിമിഷം മാറ്റിവെച്ചിട്ട്, ഭക്തന്മാർ സാധാരണ ദൂതനെ കണ്ട് ഭ്രമിച്ചുപോയി ദൈവമാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് നമ്മൾ കരുതിയാലും, ഈ യഹോവയുടെ ദൂതനെക്കുറിച്ചു നാം കണ്ട സന്ദര്‍ഭങ്ങളില്‍ അവന്‍ ദൈവമാണെന്ന് ഭക്തന്മാര്‍ മാത്രമല്ല, പരിശുദ്ധാത്മാവിന്‍റെ  പ്രേരണയാൽ ആ ചരിത്രം എഴുതിയ എഴുത്തുകാരും അങ്ങനെ   വിശ്വസിച്ച്, അവന്‍ ദൈവമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. മറ്റു ചിലർ വാദിക്കുന്നതുപോലെ, ദൂതൻ പറഞ്ഞ വാക്കുകൾ ദൈവത്തിന്‍റെതായതു കൊണ്ട് അങ്ങനെ എഴുതിയതാണെന്നു  പറഞ്ഞാല്‍, മറ്റ് സന്ദർഭങ്ങളിൽ സാധാരണ ദൂതന്മാർ സംസാരിച്ചപ്പോൾ, ദൈവമാണ് സംസാരിച്ചതെന്ന് എന്തുകൊണ്ട് എഴുതിയില്ല? ആ ദൂതൻന്മാർ പ്രത്യക്ഷപ്പെട്ടപ്പോൾ അത് ദൈവം പ്രത്യക്ഷപ്പെട്ടു എന്ന് എന്തുകൊണ്ട് പറഞ്ഞില്ല?  ഭക്തർ അവരെ ദൈവം എന്ന് എന്തുകൊണ്ട് അഭിസംബോധന ചെയ്യ്തില്ല? എന്നീ  ചോദ്യങ്ങൾക്ക്  ഉത്തരം പറയേണ്ടതായി വരും.

ഉദാഹരണത്തിന്, യോഹന്നാന്‍റെ പിതാവായ സെഖര്യാവിനും, യേശുവിന്‍റെ അമ്മയായ മറിയയ്ക്കും വെളിപ്പാട് പുസ്തകത്തിന്‍റെ എഴുത്തുകാരനായ യോഹന്നാനും, പത്രോസിനും, കൊര്‍ന്നേല്യോസിനും ദൂതന്മാർ പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളിൽ, ദൈവം പ്രത്യക്ഷപ്പെട്ടതായി ആ രചയിതാക്കള്‍ എഴുതുന്നില്ല. അവരാരും തന്നെ ആ ദൂതനെ  ദൈവമായി അംഗീകരിച്ചില്ല. അതുകൊണ്ട് ആ ദൂതന്മാർ പറഞ്ഞ വാക്കുകൾ ദൈവത്തിന്‍റെ വാക്കുകൾ അല്ലേ? ശ്രദ്ധിക്കുക. ഒരു സാഹചര്യത്തിലും ദൈവത്തിന്‍റെ സ്ഥാനവും നാമവും ദൂതന്മാർക്ക് ആരോപിക്കാൻ തിരുവെഴുത്തുകൾ അനുവദിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് ദൈവദൂഷണമാണെന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

ഇനി മോശയ്ക്ക് പ്രത്യക്ഷപ്പെട്ട ദൈവത്തിന്‍റെ  ദൂതനായ യഹോവയെ സ്തെഫാനൊസ് ദൈവദൂതൻ എന്ന് പരാമർശിച്ചത് എന്തുകൊണ്ടാണെന്ന് നോക്കാം (പ്രവൃത്തികൾ 7:30).

  1.   “യഹോവയുടെ ദൂതൻ” എന്നോ “ദൂതൻ” എന്നോ “ദൈവദൂതൻ” എന്നോ വിളിക്കപ്പെടുന്ന വ്യക്തിയെ ദൈവമാണെങ്കിലും, യഹോവ എന്ന നാമമുണ്ടെങ്കിലും ഭക്തന്മാർക്ക് വിവരങ്ങൾ എത്തിച്ചുകൊടുത്തതിനാൽ അദ്ദേഹത്തെ ഒരു ദൂതൻ (Messenger)എന്ന് വിളിക്കുന്നു. കാരണം വിവരങ്ങൾ കൊണ്ടുവരുന്നവരെ ദൂതന്മാർ (messengers)  എന്ന് വിളിക്കുന്നത് സാധാരണമാണ്. ആ പ്രയോഗത്തിന്‍റെ  അടിസ്ഥാനത്തിൽ ഇവിടെ യഹോവയുടെ ദൂതൻ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയെ ദൈവം എന്ന് നമ്മൾ തിരിച്ചറിയുന്നില്ല. യഹോവയുടെ ദൂതനെ ഒരു ദൂതൻ എന്നും ദൈവത്തിന്‍റെ ദൂതൻ എന്നും അഭിസംബോധന ചെയ്യുന്നതുപോലെ, സ്തെഫാനോസ്  തന്‍റെ  വാക്കുകളിൽ അവനെ ഒരു ദൂതൻ  (Messenger) എന്ന് പരാമർശിച്ചു. ആ ദൂതനെക്കുറിച്ച് സ്തെഫാനോസ് പറഞ്ഞതിന്‍റെ ബാക്കി ഭാഗങ്ങളും കൂടെ നോക്കൂ:

അപ്പൊ. പ്രവൃത്തികൾ 7:30-34 നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായിമലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ; ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്ന് കർത്താവിന്‍റെ  ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവ് അവനോട്: നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പ് ഊരിക്കളക. മിസ്രയീമിൽ എന്‍റെ  ജനത്തിന്‍റെ  പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു.

പുറപ്പാട് 3-ൽ, യഹോവയുടെ ദൂതൻ മോശയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, ആ ദൂതനെ യഹോവ എന്നോ ദൈവം എന്നോ  എങ്ങനെ വിശേഷിപ്പിച്ചുവൊ അങ്ങനെ തന്നെ സ്തെഫാനൊസ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ ഇവിടെ അദ്ദേഹം യഹോവയുടെ ദൂതന്‍ എന്നതിനു പകരം ദൈവദൂതനെന്നു പറഞ്ഞിരിക്കുന്നു.  ഒരു ദൂതനായി വന്ന ദൈവത്തെ ദൈവദൂതൻ എന്ന് വിളിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വാസ്തവത്തിൽ, അക്കാലത്തെ യഹൂദന്മാർ യഹോവ എന്ന നാമം ഉച്ചരിക്കുമായിരുന്നില്ല, പകരം അവനെ കർത്താവ് (അഡോണായ്, എലോഹിം) എന്ന് അഭിസംബോധന ചെയ്തിരുന്നു. അതുകൊണ്ടാണ് പുതിയ നിയമത്തിൽ എവിടെയും യഹോവ എന്ന നാമം നമുക്ക് കാണാൻ കഴിയാത്തത്. അതുകൊണ്ടാണ് സ്തെഫാനൊസ് യഹോവ എന്നതിന് പകരം കർത്താവ് എന്നും യഹോവയുടെ ദൂതന് പകരം ദൈവദൂതനെന്നും   പരാമർശിക്കുന്നത്. ഇങ്ങനെ, യഹോവയുടെ ദൂതന്‍  ദൈവദൂതനെന്ന്, സ്തെഫാനൊസിന്‍റെ വാക്കുകളിൽ മാത്രമല്ല, പഴയനിയമത്തിൽ വേറൊരു സ്ഥലത്തും  പറയപ്പെടുന്നുണ്ട്.

1 രാജാക്കന്മാർ 19:5-8

അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്‍റെ  ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്‍റെ  പർവ്വതമായ ഹോരേബോളം നടന്നു.

ഏലിയാവ് കണ്ട ഈ ദർശനത്തിൽ, അവനെ ആദ്യം ഒരു ദൂതൻ എന്നും പിന്നീട് യഹോവയുടെ ദൂതൻ എന്നും പരാമർശിച്ചിരി ക്കുന്നു. അതിനാൽ, ദൂതൻ, ദൈവദൂതൻ, യഹോവയുടെ ദൂതൻ അല്ലെങ്കിൽ ദൈവത്തിന്‍റെ ദൂതൻ എന്നീ പദപ്രയോഗങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് തിരുവെഴുത്തുകൾ ഈ ദൂതനെ കുറിച്ച് എന്താണ് പറയുന്നതെന്നതിന്‍റെയും, ഭക്തന്മാർ അവനെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നതിന്‍റെയും അടിസ്ഥാനത്തിലാണ്  അവര്‍ കണ്ടത് ആരെയാണെന്ന് നാം മനസ്സിലാക്കേണ്ടത്.

അതുപോലെ, ചില സന്ദർഭങ്ങളിൽ, "യഹോവയുടെ ദൂതന്മാർ" എന്ന പദം സാധാരണ ദൂതന്മാരെയും പുരോഹിതന്മാരെയും പരാമർശിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ആ സാഹചര്യം പരിശോധിക്കുമ്പോൾ, അവർ സാധാരണ ദൂതന്മാരും മനുഷ്യരും ആയിരുന്നുവെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം (വിശദാംശങ്ങൾ ഞാൻ താഴെ നൽകിയിരിക്കുന്നു).

  1. യഹോവയുടെ ദൂതൻ ദൈവമായിരിക്കുമ്പോള്‍ തന്നെ, അവൻ തന്‍റെ ഭക്തന്മാർക്ക് ഒരു ദൂതനായി കാണപ്പെട്ടു, അതിനാൽ അവർ അവനെ ദൂതൻ, യഹോവയുടെ ദൂതൻ, ദൈവദൂതൻ, ദൈവത്തിന്‍റെ ദൂതൻ എന്നൊക്കെ വിളിച്ചു. തിരുവെഴുത്തുകളിലും ആദ്യം അവനെ അങ്ങനെ പരിചയപ്പെടുത്തുകയും പിന്നീട് അവൻ ദൈവമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഈ സന്ദർഭം കാണുക.

ഉൽപത്തി 32:24-30  അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ  തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ  തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു.  നിന്‍റെ  പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ  പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു. യാക്കോബ് അവനോട്: നിന്‍റെ  പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്‍റെ  പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു.  ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.

ഈ സാഹചര്യത്തിൽ, യാക്കോബിനോട് മല്ലുപിടിച്ച വ്യക്തിയെ ആദ്യം ഒരു മനുഷ്യനായിട്ടാണ് പരിചയപ്പെടുത്തുന്നത്, എന്നാൽ തുടർന്നുള്ള വാക്കുകളിൽ അവൻ ദൈവമാണെന്ന് വ്യക്തമാക്കുന്നു. യാക്കോബിനോട് മല്ലുപിടിച്ച വ്യക്തി ദൈവമാണെങ്കിലും, അവൻ ഒരു മനുഷ്യനായിട്ടാണ് അവന്‍റെ  അടുക്കൽ വന്നത്, അതിനാൽ തിരുവെഴുത്ത് ആദ്യം അവനെ അങ്ങനെ പരാമർശിക്കുകയും ഒടുവിൽ അവൻ ദൈവമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഇതുപോലുള്ള മറ്റൊരു സന്ദർഭം നോക്കാം.

ഹോശയ 12:3-5 അവൻ ഗർഭത്തിൽവച്ച് തന്‍റെ  സഹോദരന്‍റെ  കുതികാൽ പിടിച്ചു; ന്‍റെ  പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്‍റെ  നാമം.

ഇവിടെ യാക്കോബുമായി മല്ലുപിടിച്ചപ്പോൾ, മനുഷ്യനായി പ്രത്യക്ഷപ്പെട്ട ദൈവത്തെ, യഹോവയുടെ ദൂതൻ അല്ലെങ്കിൽ ദൂതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇതില്‍നിന്നും, യഹോവയുടെ ദൂതനായി പ്രത്യക്ഷപ്പെട്ട ദൈവത്തെ, അവൻ പ്രത്യക്ഷപ്പെട്ട രീതിയെ സൂചിപ്പിക്കാൻ ഒരു ദൂതൻ അല്ലെങ്കിൽ മനുഷ്യൻ എന്ന് പരാമർശിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് സ്തെഫനോസിന്‍റെ വാക്കുകളിലും ഏലിയാവിന്‍റെ കാര്യത്തിലും അവനെ  ദൈവദൂതൻ എന്ന് പരാമർശിച്ചിരിക്കുന്നത്, എന്നാൽ യഥാർത്ഥത്തിൽ അവൻ ഒരു സാധാരണ ദൂതൻ അല്ലെന്നു നമ്മൾ മനസ്സിലാക്കണം.

യഹോവയുടെ ദൂതൻ ദൈവമല്ലെന്ന് വാദിക്കുന്നവർ ഉന്നയിക്കുന്ന മറ്റൊരു വാദം പരിഗണിക്കാം. ബൈബിളിൽ പലയിടത്തും, യഹോവയായ ദൈവം സീനായ് പർവതത്തിൽ മോശെയ്ക്ക് ന്യായപ്രമാണം നൽകിയതായി എഴുതിയിട്ടുണ്ട് (പുറപ്പാട് 19, 20 അധ്യായങ്ങൾ).

നെഹെമ്യാവ് 9:13-14  നീ സീനായി മലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. നിന്‍റെ  വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്‍റെ  ദാസനായ മോശെ മുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.

എന്നാൽ പുതിയനിയമത്തിൽ മൂന്ന് സന്ദർഭങ്ങളിൽ, ന്യായപ്രമാണം മോശെയ്ക്ക് നൽകിയത് ദൂതന്മാർ ആണെന്ന് എഴുതിയിരിക്കുന്നു.  (ഗലാത്യർ 3:19, പ്രവൃത്തികൾ 7:53, എബ്രായർ 2:2). യഹോവയുടെ ദൂതൻ ദൈവമായ യഹോവയല്ലന്ന് പറയുന്നവർ ഇതെല്ലാം ചൂണ്ടിക്കാണിക്കുകയും, പഴയനിയമത്തിൽ ദൈവം മോശെയ്ക്ക് ന്യായപ്രമാണം നൽകിയെന്ന് എഴുതിയിട്ടുണ്ടെങ്കിലും  പുതിയനിയമത്തിൽ അത് ദൂതന്മാർ നൽകിയെന്നാണ് എഴുതിയിരിക്കുന്നത് എന്നും, ഇതനുസരിച്ച്, ന്യായപ്രമാണം ദൂതന്മാരാൽ നൽകപ്പെട്ടതാണെങ്കിലും, ആളുകൾക്ക് അത് മനസ്സിലാകത്തക്കവിധം ദൈവം എന്ന് എഴുതിയിരിക്കുന്നു എന്നും  അതുപോലെ, പഴയനിയമത്തിൽ യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ ഒരു സാധാരണ ദൂതനായിരുന്നു, പക്ഷേ ആളുകൾക്ക് അത് മനസ്സിലാക്കാൻ ദൈവം എന്നും യഹോവ എന്നും എഴുതിയിരിക്കുന്നു എന്നും വാദിക്കുന്നു. എന്നാൽ പഴയനിയമത്തിൽ മോശയ്ക്ക് നിയമം നൽകിയത് ദൈവമാണെങ്കിലും (24-ാം അധ്യായം തുടങ്ങി ആ  ദൈവം യഹോവയുടെ ദൂതനാണെന്നും പറയുന്നു), പുതിയനിയമത്തിൽ അത് ദൂതന്മാർ നൽകിയതുപോലെ എന്ന് എഴുതിയിരിക്കുന്നത് എന്തുകൊണ്ടെന്ന് കാണാൻ ഈ വാക്യ ഭാഗം പരിഗണിക്കുക.

ആവർത്തനപുസ്തകം 33:2-4  അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്ന് ഉദിച്ചു, പാറാൻപർവതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെ  വലംകൈയിൽ ഉണ്ടായിരുന്നു. അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്‍റെ  സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവനിൽ നിന്നു തിരുവചനങ്ങൾ പ്രാപിച്ചു. യാക്കോബിന്‍റെ  സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.”

ഇവിടെ സീനായ് പർവതത്തിൽ ദൈവം ന്യായപ്രമാണം നൽകിയപ്പോൾ സംഭവിച്ചതിനെക്കുറിച്ചാണ് മോശെ എഴുതുന്നത്. ആ സമയത്ത് വിശുദ്ധ സമൂഹം (ദൂതന്മാർ) അവനോടൊപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇതിനെക്കുറിച്ചുള്ള മറ്റൊരു സന്ദർഭം കാണുക.

സങ്കീർത്തനങ്ങൾ 68:17  ദൈവത്തിന്‍റെ  രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ.”

ഇവിടെയും ദൈവം തന്‍റെ സൈന്യത്തോടൊപ്പം സീനായ് പർവതത്തിൽ ഇറങ്ങി എന്ന് കാണുന്നു. ഇംഗ്ലീഷ് ബൈബിളിൽ ഇതേ ഭാഗം വായിച്ചാൽ, ആ സൈന്യത്തിൽ ആയിരക്കണക്കിന് ദൂതന്മാർ ഉണ്ടായിരുന്നുവെന്ന് എഴുതിയിരിക്കുന്നു.

Psalm 68:17 “The chariots of God are twenty thousand, even thousands of angels: The Lord is among them, as in Sinai, in the holy place.”

ഇതനുസരിച്ച്, ദൈവം മോശെയ്ക്ക് ന്യായപ്രമാണം നൽകിയപ്പോൾ, ദൂതന്മാരും അവനോടൊപ്പം ഉണ്ടായിരുന്നു. അതായത്, അവരും ആ ശുശ്രൂഷയിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് പുതിയനിയമത്തിൽ  നാം കണ്ട വാക്യ ഭാഗങ്ങളിൽ, ദൂതന്മാർ മോശെയ്ക്ക് ന്യായപ്രമാണം നൽകിയതായി എഴുതിയിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ, പഴയനിയമത്തിൽ ദൈവം ന്യായപ്രമാണം നൽകിയപ്പോൾ, അത് ദൈവങ്ങൾ നൽകി എന്നല്ല, ദൈവം നൽകി എന്നാണ് പറഞ്ഞിരിക്കുന്നത്. ആ ദൈവം അവർ പറയുന്നതുപോലെ ഒരു ദൈവദൂതൻ ആയിരുന്നുവെങ്കിൽ, ആളുകൾക്ക് മനസ്സിലാകാൻ വേണ്ടി ദൈവദൂതനെ ദൈവമാണെന്ന് രചയിതാവ് എഴുതിയതാണെങ്കിൽ, അതിന് ആധാരമായി അവര്‍ കാണിക്കുന്ന  പുതിയനിയമ ഭാഗങ്ങളില്‍ ഒരു ദൂതൻ മോശെയ്ക്ക് ന്യായപ്രമാണം നൽകി എന്നാണല്ലോ എഴിതേണ്ടത്? എന്നാല്‍ അങ്ങനെ എഴുതാതെ "ദൂതന്മാർ" എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? പ്രവൃത്തികൾ 7:53 ലും ഗലാത്യർ 3:19 ലും ന്യായപ്രമാണം നല്‍കിയത്  “ദൂതന്മാർ" എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. എബ്രായർ 2:2-ലെ ദൂതന്മാർ മുഖാന്തരം പറഞ്ഞ വചനം സ്ഥിരീകരിച്ചു എന്ന വാക്കുകളുടെ കൂടെ അർത്ഥം  നോക്കുന്നതിനു മുമ്പ്, നാം മുകളിൽ ഉത്തരം നൽകിയ വാദത്തിന്‍റെ  തുടർച്ചയായി പുതിയനിയമത്തിൽ, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലന്നും അവന്‍റെ  ശബ്ദത്തെ ആരും കേട്ടിട്ടില്ലന്നുമുള്ള വാക്യ ഭാഗങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്‍റെ അടിസ്ഥാനത്തിലും  ദൈവമല്ല, ദൂതന്മാരാണ് മോശെയ്ക്ക് പ്രത്യക്ഷപ്പെട്ട് ന്യായപ്രമാണം നൽകിയതെന്നും, യഹോവയുടെ ദൂതൻ പോലും ഒരു സാധാരണ ദൂതനാണെന്നും അവർ പറയുന്നു. ആ വാദത്തിനുള്ള  ഉത്തരം കൂടെ നോക്കാം.

യോഹന്നാൻ 1:18  ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ  മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

ഈ വാക്യഭാഗത്ത് പിതാവായ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്ന് വളരെ വ്യക്തമായി എഴുതിയിരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഈ സന്ദർഭങ്ങൾ കൂടെ നോക്കൂ.

യെശയ്യാവ് 6:1-3 ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്‍റെ  വസ്ത്രത്തിന്‍റെ  വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.  സാറാഫുകൾ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവഭൂമിയും അവന്‍റെ  മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പറഞ്ഞു.

ദാനീയേൽ 7:9-10  സിംഹാസനങ്ങള്‍ തകര്‍ക്കപ്പെടുന്നതുവരെ ഞാന്‍ നോക്കികൊണ്ടിരുന്നു. പുരാതനനായ  ഒരുൻ ഇരുന്നു. അവന്‍റെ  വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ  തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ  സിംഹാസനം അഗ്നിജ്വാലയും അവന്‍റെ  രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.  ഒരു അഗ്നിനദി അവന്‍റെ  മുമ്പിൽനിന്നു പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേർ അവനു ശുശ്രൂഷ ചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ  മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.”

യെഹെസ്കേൽ 1:26-28  അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്‍റെ കാഴ്ചപോലെ സിംഹാസനത്തിന്‍റെ  രൂപവും സിംഹാസനത്തിന്‍റെ  രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്‍റെ  അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണംപോലെ ഞാൻ കണ്ടു; അവന്‍റെ  അരമുതൽ കീഴോട്ടു തീപോലെ ഞാൻ കണ്ടു; അതിന്‍റെ  ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.  അതിന്‍റെ  ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്‍റെ  കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്‍റെ  പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്‍റെ  ശബ്ദവും ഞാൻ കേട്ടു.”

ഈ സന്ദര്‍ഭങ്ങളിലും മറ്റു ചില സന്ദര്‍ഭങ്ങളിലും യഹോവയായ ദൈവം തന്‍റെ  ഭക്തന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതായി വിവരിച്ചിരിക്കുന്നു. അപ്പോൾ യോഹന്നാൻ 1:18-ൽ പിതാവായ ദൈവത്തെ ആരും കണ്ടിട്ടില്ലെന്ന് എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ഈ പഴയ നിയമ സന്ദർഭങ്ങളെല്ലാം ദർശനങ്ങളും സ്വപ്നങ്ങളും ആണ്. യോഹന്നാൻ 1:18-ൽ, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന വാക്കുകൾ, പഴയനിയമത്തിൽ ആരും അവനെ ദർശനങ്ങളിലോ സ്വപ്നങ്ങളിലോ പോലും കണ്ടിട്ടില്ല എന്നല്ല , മറിച്ച് അവനെ ആരും നേരിട്ട് ശാരീരികമായി കണ്ടിട്ടില്ലെന്നും, ജഡത്തിൽ വന്ന ക്രിസ്തുവിൽ മാത്രമാണ് അവൻ പൂർണ്ണമായും ശരീരത്തില്‍  വെളിപ്പെട്ടതെന്നും ഊന്നിപ്പറയാനാണ് പറഞ്ഞത്. ആ ഭാഗം സന്ദർഭം വച്ചു വായിച്ചാൽ, ക്രിസ്തുവിന്‍റെ ജഡധാരണത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ  സാധിക്കും.

യോഹന്നാൻ 1:14  വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ  തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്‍റെ  തേജസ്സായി കണ്ടു.

അതുകൊണ്ടാണ് യേശുക്രിസ്തു, "എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹന്നാൻ 14:9) എന്ന് പറഞ്ഞു കൊണ്ട് ജഡം ധരിച്ചു വന്ന തന്നിൽ വെളിപ്പെടുത്തപ്പെടുന്നുന്ന പിതാവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത്. അതുപോലെ തന്നെ, കൊലൊസ്സ്യർ 2:9-ൽ "ദൈവത്തിന്‍റെ  സര്‍വ്വ സമ്പൂർണ്ണതയും ക്രിസ്തുവിൽ ദേഹരൂപമായി വസിക്കുന്നു" എന്ന് എഴുതിയിരിക്കുന്നു. അതിനാൽ, പഴയനിയമത്തിൽ പ്രവാചകന്മാർ കണ്ട ദൈവികമായ ദർശനങ്ങൾക്കും സ്വപ്നങ്ങൾക്കും യോഹന്നാൻ 1:18-ൽ പറഞ്ഞ വാക്കുകളുമായി ബന്ധമില്ല. ജഡം ധരിച്ചു വന്ന ദൈവത്തിന്‍റെ ഭൗതികമായ പ്രത്യക്ഷതയെ ആരും കണ്ടിട്ടില്ല. ജഡം ധരിച്ച് വന്ന ക്രിസ്തുവിൽ മാത്രമേ അത് കാണാൻ സാധിക്കൂ. ഈ കാര്യം കൂടുതൽ വിശദമായി മനസ്സിലാക്കാൻ, ഈ ഭാഗം വായിക്കുക.

1 തിമൊഥെയൊസ് 6:14-16  സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്‍റെ  മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.  ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും  താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാൺമാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

ഈ വാക്യ ഭാഗത്ത് യേശുക്രിസ്തുവിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അവന്‍റെ പ്രത്യക്ഷതയ്ക്കായി അല്ലേ നാം കാത്തിരിക്കുന്നത്? എന്നാൽ പൗലോസിന്‍റെ വാക്കുകളിൽ, ആ യേശുക്രിസ്തുവിനെ ആരും കണ്ടിട്ടില്ല എന്നും അല്ലെങ്കിൽ കാണാൻ കഴിയില്ല എന്നുമാണ് പറയുന്നത്. എന്നാൽ യേശുക്രിസ്തു മരിച്ചു, ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തതിനുശേഷം, അനന്യാസ് അവനെ കണ്ടു (പ്രവൃത്തികൾ 9:10). പൗലോസ് അവനെ കണ്ടു (പ്രവൃത്തികൾ 22:17). സ്തെഫാനോസും (പ്രവൃത്തികൾ 7:55) യോഹന്നാനും അവനെ കണ്ടു (വെളിപാട് 1:13-16). 1 തിമോത്തി 6:14-16-ലെ വാക്യമനുസരിച്ച്, അവരെല്ലാം കണ്ടത് യേശുക്രിസ്തുവിനെ അല്ലേ? അതോ ഒരു ദൂതനെയായിരുന്നോ? അല്ല, അവർ കണ്ടത് യേശുക്രിസ്തുവിനെ തന്നെയാണ്. പിന്നെ, “ആരും അവനെ കണ്ടിട്ടില്ല, കാണാൻ കഴിയില്ല” എന്ന് എഴുതിയിരിക്കുന്നതിന്‍റെ കാരണം, അവർ കണ്ടതെല്ലാം അവന്‍റെ  ദർശനങ്ങൾ മാത്രമായിരുന്നു എന്നതാണ്, നേരിട്ട് അല്ല. നേരിട്ട് പ്രത്യക്ഷമായി  കാണുന്നതും, ദർശനത്തിൽ  കാണുന്നതും വ്യത്യസ്തമാണ്.  ഉദാഹരണത്തിന്; അവൻ യോഹന്നാന് പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ തന്‍റെ വലതു കൈയിൽ ഏഴ് നക്ഷത്രങ്ങൾ പിടിച്ചുനിൽക്കുന്നതായി വിവരിക്കപ്പെട്ടു, എന്നാൽ  ആ ഏഴ് നക്ഷത്രങ്ങള്‍ ഏഴ് സഭകളുടെ ദൂതന്മാരായി അവിടെ വിശദീകരിച്ചിരിക്കുന്നു (വെളിപാട് 1:16,20). ഇതിനർത്ഥം ഈ ദർശനം ആലങ്കാരികമാണെന്നാണ്. അതുപോലെ തന്നെ അവൻ ആലങ്കാരികമായി “അറുക്കപ്പെട്ട കുഞ്ഞാടായും” കാണപ്പെട്ടു. (വെളിപാട് 5:6). അതുപോലെ തന്നെ പഴയനിയമത്തിലും, ഭക്തന്മാർ  ദൈവത്തെ ദർശനങ്ങളിലും സ്വപ്നങ്ങളിലും കണ്ടു, എന്നാൽ ജഡം ധരിച്ചു വന്ന ക്രിസ്തുവിൽ വെളിപ്പെട്ടതുപോലെ (ക്രിസ്തുവിനെ കണ്ടതുപോലെ)അവർ അവനെ നേരിട്ട് കണ്ടില്ല. യോഹന്നാൻ1:18-ൽ യോഹന്നാൻ പറയുന്നത് ഇതാണ്. തന്‍റെ ആദ്യ ലേഖനത്തിലും അദ്ദേഹം ഇതേ വിഷയം പറഞ്ഞിരിക്കുന്നു (1 യോഹന്നാൻ 4:12). മോശെയ്ക്ക് പോലും ദൈവത്തിൽ നിന്ന് ന്യായപ്രമാണം സ്വീകരിച്ചപ്പോഴും മറ്റ് ചില സന്ദർഭങ്ങളിലും അവന്‍റെ  മഹത്വം കാണുകയും അവന്‍റെ ശബ്ദം കേൾക്കുകയും ചെയ്യാന്‍ മാത്രമേ സാധിച്ചുള്ളൂ, ജഡം ധരിച്ചു വന്ന ക്രിസ്തുവിൽ വെളിപ്പെട്ടതു പോലെ അവന്‍റെ രൂപം നേരിട്ട് കാണുവാന്‍ സാധിച്ചില്ല.

അതുകൊണ്ട് യോഹന്നാൻ 1:18-ലെ “ദൈവത്തെ ആരും   കണ്ടിട്ടില്ല” എന്ന വാക്യത്തിന്‍റെ  അടിസ്ഥാനത്തിൽ, ദൈവമല്ല, ദൂതന്മാരാണ് സീനായ് പർവതത്തിൽ മോശെയ്ക്ക് ന്യായപ്രമാണം നൽകിയതെന്ന് തെളിയിക്കാൻ കഴിയില്ല. എന്നാൽ ഈ വാദത്തിന് വിരുദ്ധമായി ഉദ്ധരിച്ചിരിക്കുന്ന വാക്യവും കൂടെ നമുക്ക് പരിഗണിക്കാം.

യോഹന്നാൻ 5:37  എന്നെ അയച്ച പിതാവു താനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല.

ഈ വാക്യത്തിൽ, കർത്താവായ യേശുക്രിസ്തു യഹൂദന്മാരോട്  "നിങ്ങൾ ഒരിക്കലും അവന്‍റെ ശബ്ദം കേട്ടിട്ടില്ല, അവന്‍റെ  രൂപം കണ്ടിട്ടില്ല." എന്നു പറയുന്നത് നമുക്ക് കാണാം. ഇതിനെ അടിസ്ഥാനമാക്കി, പഴയനിയമ പ്രവാചകന്മാരിൽ ആരും ദൈവത്തെ കാണുകയോ അവന്‍റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഈ സന്ദർഭം പരിശോധിക്കുമ്പോൾ, കർത്താവായ യേശുക്രിസ്തു ഇവിടെ സംസാരിക്കുന്നത് പഴയനിയമത്തിൽ പ്രവാചകന്മാർക്ക് ലഭിച്ച ദൈവിക പ്രത്യക്ഷതകളെക്കുറിച്ചല്ല, മറിച്ച് ദൈവത്തോടും അവന്‍റെ  ഗുണ ലക്ഷണങ്ങളോടും  അവന്‍റെ ശബ്ദമായ കൽപ്പനകളോടും  തലമുറകളായി യഹൂദന്മാർ  കാണിച്ച അനുസരണക്കേടിനെയും അവരുടെ ഹൃദയകാഠിന്യത്തെയും കുറിച്ചാണെന്ന് വ്യക്തമാണ്. അതുകൊണ്ട് "എന്നെ അയച്ച പിതാവ്  എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുകയും "നിങ്ങൾ ഒരിക്കലും അവന്‍റെ ശബ്ദം കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല" എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നത്, അവർ പിതാവിന്‍റെ സാക്ഷ്യം തള്ളിക്കളഞ്ഞു വെന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം. ഈ കാര്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ വാക്യ ഭാഗം കാണുക.

യോഹന്നാന്‍ 8:19  “അവര്‍ അവനോട് നിന്‍റെ പിതാവ് എവിടെ എന്ന് ചൊദിച്ചതിന് യേശു:നിങ്ങള്‍ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല..”

ഈ വാക്യത്തിൽ കർത്താവായ യേശുക്രിസ്തു, തന്നെ നിരസിക്കുന്ന അതേ യഹൂദന്മാരോട് "നിങ്ങൾ എന്നെ ആകട്ടെ എന്‍റെ  പിതാവിനെ ആകട്ടെ അറിയുന്നില്ല." എന്ന് പറയുന്നു. യഹൂദന്മാർക്ക് പിതാവായ ദൈവത്തെ അറിയില്ലെങ്കിൽ, അവർ ആരെ ആരാധിക്കാനാണ് ആലയം പണിതത്? പിതാവായ ദൈവത്തെയല്ലേ? അതെ അവനെ തന്നെ! എന്നാൽ ദൈവത്തോടുള്ള അവരുടെ അനുസരണക്കേടിനെ സൂചിപ്പിക്കാൻ ആണ് കർത്താവ് ഈ വാക്കുകൾ ഉപയോഗിച്ചത്. അതിനാൽ, "നിങ്ങൾ ഒരുനാളും അവന്‍റെ  ശബ്ദം കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല" എന്ന വാക്കുകൾ ദൈവത്തിന്‍റെ  പ്രത്യക്ഷതകളെ കണ്ടില്ല എന്നല്ല, മറിച്ച് ദൈവത്തിന്‍റെ  കൽപ്പനകളോടും അവന്‍റെ ഗുണങ്ങളോടും യഹൂദന്മാർ കാണിച്ച അനുസരണക്കേടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നാം മനസിലാക്കേണ്ടതാണ്.

ഇതോടെ, പഴയനിയമത്തിൽ പ്രത്യക്ഷപ്പെട്ട്  തന്‍റെ ശബ്ദം കേൾപ്പിച്ചത് "ദൈവമല്ല, ദൂതന്മാരാണ്" എന്ന വാദത്തെക്കുറിച്ചുള്ള ചർച്ച അവസാനിക്കുന്നു.

ഇനി നമുക്ക് “ദൂതന്മാർ മുഖാന്തരം പറഞ്ഞ വചനം സ്ഥിരീകരിക്കപ്പെട്ടു” എന്ന വാക്കുകളുടെ അർത്ഥം നോക്കാം. ആ വാക്കുകൾ പരിശോധിക്കാം.

എബ്രായർ 2:1-4  അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ  കർത്താവ് താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്‍റെ  ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?”

ഇവിടുത്തെ സന്ദർഭം നാം പരിശോധിക്കുകയാണെങ്കിൽ, മുൻകാലങ്ങളിൽ ദൂതന്മാർ പറഞ്ഞ വാക്കുകൾ അനുസരിക്കാത്തവർക്ക് തന്നെ ന്യായമായ പ്രതിഫലം (ശിക്ഷ) ലഭിച്ചെങ്കില്‍, കർത്താവ് പറഞ്ഞ വാക്കുകൾ അനുസരിക്കാതിരുന്നാൽ നമുക്ക് അതിലും വലിയ പ്രതിഫലം ലഭിക്കുമെന്ന് എബ്രായലേഖനത്തിന്‍റെ എഴുത്തുകാരൻ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. കർത്താവ് പറഞ്ഞുതുടങ്ങിയ  രക്ഷയുടെ വലിപ്പം എടുത്തുകാണിക്കുക എന്നതാണ് ഇവിടെ എഴുത്തുകാരന്‍റെ ഉദ്ദേശ്യം.

"ദൂതന്മാർ പറഞ്ഞ വാക്കുകൾ" എന്ന പരാമർശം നമുക്ക് രണ്ട് തരത്തിൽ മനസ്സിലാക്കാം.

  1. ദൈവം മോശയ്ക്ക് ന്യായപ്രമാണം നൽകിയപ്പോള്‍ അതില്‍ ദൂതന്മാരെയും പങ്കടുപ്പിച്ചുവെന്ന് നാം മുകളിൽ വ്യക്തമാക്കി. അതുപോലെ മറ്റ് ചില സന്ദർഭങ്ങളിലും അവൻ തന്‍റെ വചനങ്ങൾ ദൂതന്മാരിലൂടെ തന്‍റെ ഭക്തർക്ക് എത്തിച്ചു കൊടുത്തു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.
  2. 2.എബ്രായ ലേഖനത്തിലെ ഈ വാക്കുകളുടെ താഴെ ദൈവദൂതന്മാർ എന്ന്  പ്രസ്താവിച്ചതു കൊണ്ട് മാത്രം നമ്മൾ കണ്ട വാക്യ ഭാഗത്തുള്ളത് ദൂതന്മാരാണെണ്  എന്ന് നാം കരുതേണ്ടതില്ല. കാരണം ബൈബിളിൽ  ദൂതന്മാർ എന്ന പദപ്രയോഗം പ്രവാചകന്മാർക്കും ഉപയോഗിച്ചിട്ടുണ്ടെന്ന് നമുക്ക്  കാണാം.  ഉദാഹരണത്തിന്:

ഹഗ്ഗായി 1:13  “അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോട്: ഞാൻ നിങ്ങളോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട് എന്നു പറഞ്ഞു.”

ഈ സന്ദർഭത്തിൽ, പ്രവാചകനായ ഹഗ്ഗായിയെ ഒരു ദൂതൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

 

(പുതിയ നിയമത്തിൽ  യഹോവ എന്ന നാമം യഹൂദന്മാര്‍ ഉച്ചരിക്കാത്തതിനാൽ യഹോവയുടെ ദൂതന്‍ എന്നതിനു മുമ്പുള്ള യഹോവ എന്ന നാമം നീക്കം ചെയ്ത്  ദൂതൻ എന്നോ ദൈവദൂതൻ എന്നോ പരാമർശിച്ചതായി സ്തെഫാനോസിന്‍റെ  വിശദീകരണത്തിൽ നാം കണ്ടു)

അതുപോലെ

മലാഖി 3:1  എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്‍റെ ദൂതനെ അയയ്ക്കുന്നു…”

ഈ സന്ദർഭത്തിൽ, യോഹന്നാൻ സ്നാപകനെ ഒരു ദൂതനായി അഭിസംബോധന ചെയ്തിരിക്കുന്നു.

അതുപോലെ തന്നെ

മലാഖി 2:7  പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്‍റെ  അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവയ്ക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.

2 ദിനവൃത്താന്തം 36:15-16 അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു തന്‍റെ  ജനത്തോടും തന്‍റെ  നിവാസത്തോടും സഹതാപം തോന്നിയിട്ട് അവൻ ജാഗ്രതയോടെ തന്‍റെ  ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു.  അവരോ ദൈവത്തിന്‍റെ  ദൂതന്മാരെ പരിഹസിച്ച് അവന്‍റെ  വാക്കുകളെ നിരസിച്ച് ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്‍റെ  ജനത്തിനു നേരേ ഉജ്ജലിക്കുവോളം അവന്‍റെ  പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.

ഈ സന്ദർഭങ്ങളിലും, പുരോഹിതന്മാരെയും പ്രവാചകന്മാരെയും പരാമർശിക്കാൻ "യഹോവയുടെ ദൂതന്മാർ"(ദൈവദൂതന്മാര്‍) എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. പ്രവാചകന്മാരും പുരോഹിതന്മാരും ദൈവത്തിന്‍റെ  ന്യായപ്രമാണവും അവന്‍റെ  വചനങ്ങളും സംസാരിക്കുന്നു. അവരുടെ വാക്കുകൾ കേൾക്കാത്ത യിസ്രായേല്യർക്ക് ദൈവത്തിന്‍റെ  ന്യായമായ ശിക്ഷ ലഭിച്ചതായി പഴയനിയമത്തിൽ പലതവണ നാം കാണുന്നു. അതിനാൽ എബ്രായ ലേഖനത്തിന്‍റെ  എഴുത്തുകാരൻ ഇതിനെ കുറിച്ചാണ് പരാമർശിക്കുന്നതെന്ന് നമുക്ക് അനുമാനിക്കാം.

ഇതനുസരിച്ച്  മുകളിലുള്ള വിശദീകരണങ്ങൾ പ്രകാരം, ദൈവമാണ് മോശെയ്ക്ക് ന്യായപ്രമാണം നൽകിയത് എന്നും, എഴുത്തുകാർ അവരുടെ എഴുത്തുകളിൽ ദൂതന്മാരെ ദൈവമെന്നോ യഹോവയെന്നോ പരാമർശിച്ചിട്ടില്ലെന്നും വ്യക്തമാണ്.

യഹോവയുടെ ദൂതൻ, യേശുക്രിസ്തു

ഈ ദൂതനെക്കുറിച്ച് യഹോവയായ ദൈവം പറഞ്ഞ വാക്കുകൾ നമുക്ക് ഒരിക്കൽ കൂടി ഓർമ്മിക്കാം.

പുറപ്പാട് 23:20-23  ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ  മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്‍റെ  വാക്ക് കേൾക്കേണം; അവനോടു വികടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ  നാമം അവനിൽ ഉണ്ട്.  എന്നാൽ നീ അവന്‍റെ  വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്‍റെ  ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.”

ഇവിടെ യഹോവയായ ദൈവം,  ‘യഹോവയുടെ ദൂതൻ’, ‘ദൈവത്തിന്‍റെ ദൂതൻ’, ‘ദൂതൻ’, ‘യഹോവയായ ദൈവം എന്നൊക്കെ വിളിക്കപ്പെടുന്ന ദൂതനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ആ ദൂതന് "എന്‍റെ നാമം" ഉണ്ടെന്ന് പറയുന്നു. ഈ കാരണത്താലാണ് അവൻ യഹോവ എന്ന് വിളിക്കപ്പെടുന്നതെന്ന് നമ്മൾ  ഇതിനോടകം വിശദീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ച്, യിസ്രായേല്യരെ മിസ്രയീമിൽ നിന്ന് കനാനിലേക്ക് നടത്തിയ ദൈവം ആ ദൂതനാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ആ യാത്രയിൽ  യിസ്രായേല്യർ തങ്ങളെ നടത്തിയ ദൈവത്തെ വളരെയധികം  പരീക്ഷിച്ചതായി ബൈബിൾ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു (സങ്കീർത്തനം 78:18, സങ്കീർത്തനം 78:41, സങ്കീർത്തനം 106:14). അതായത്, യിസ്രായേല്യരെ കനാനിലേക്ക് നയിക്കാൻ ദൈവം അവർക്ക് മുന്നിൽ അയച്ച ദൈവത്തിന്‍റെ ദൂതനെ അവർ പരീക്ഷിച്ചു. ഇനി പൗലോസിന്‍റെ വാക്കുകളിൽ അവർ ആരെയാണ് പരീക്ഷിച്ചതെന്ന് നോക്കൂ.

1 കൊരിന്ത്യർ 10:8  “അവരിൽ ചിലർ പരസംഗം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ (ചില പുരാതന കൈയെഴുത്തുപ്രതികളിൽ - ക്രിസ്തു എന്നാണ് കാണുന്നത്) പരീക്ഷിക്കരുത്.”

ഈ സന്ദർഭത്തിൽ, പൗലോസ് നാം കർത്താവിനെ പരീക്ഷിക്കരുതെന്നും, കാരണം യിസ്രായേല്യർ അവനെ പരീക്ഷിച്ചു നശിച്ചു പോയി എന്നും പറയുന്നു. പുരാതന കൈയെഴുത്തുപ്രതികളിൽ ക്രിസ്തു എന്ന് പറയുന്നുണ്ടെന്ന് ശ്രദ്ധിക്കുക, അതിനാൽ ആ ദൂതൻ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ കർത്താവായ യേശുക്രിസ്തുവാണ്. മറ്റ് സന്ദർഭങ്ങൾ കാണുക:

യോഹന്നാൻ 5:43  “ഞാൻ എന്‍റെ  പിതാവിന്‍റെ  നാമത്തിൽ വന്നിരിക്കുന്നു”.

ഈ വാക്യത്തിൽ, കർത്താവായ യേശുക്രിസ്തു,  തനിക്ക് പിതാവിന്‍റെ  നാമമുണ്ടെന്ന് തന്നെ കുറിച്ച് സാക്ഷ്യപ്പെടുത്തുകയാണ്.  ആ ദൂതന് യഹോവയുടെ നാമമുണ്ടെന്ന് പറഞ്ഞതായി നാം ഇതിനോടകം കണ്ടു (പുറപ്പാട് 23:20,21).

മലാഖി 3:1  “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്‍റെ  ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്‍റെ  മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

ഈ വാക്യഭാഗത്ത്, യോഹന്നാൻ സ്നാപകനെക്കുറിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ നാം കാണുന്നു. ഈ വാക്യത്തിന്‍റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്ന ദൂതൻ യോഹന്നാനും ആണ്, പിന്നീട് പരാമർശിച്ചിരിക്കുന്ന ‘നിയമദൂതൻ’ കർത്താവായ യേശുക്രിസ്തുവുമാണ്. ഇവിടെ അദ്ദേഹത്തെ ഒരു ദൂതൻ എന്ന് വിളിച്ചിരിക്കുന്നു. ഇതിനിന്നും  യഹോവയുടെ ദൂതൻ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ കർത്താവായ യേശുക്രിസ്തു ആണെന്ന് നമുക്ക് വ്യക്തമാകുന്നു.

സെഖര്യാവ് 2:5-11 എന്നാൽ ഞാൻ അതിനു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്‍റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളെ ആകാശത്തിന്‍റെ  നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.  ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക.  സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ചചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്ത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്‍റെ കൺമണിയെ തൊടുന്നു. ഞാൻ അവരുടെ നേരേ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും. സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്‍റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്‍റെ  മദ്ധ്യേവസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ  അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.”

ഇവിടെ യഹോവ പറയുന്നത് (ഞാൻ അതിനു ചുറ്റും ഒരു തീമതിലായിരിക്കും..), അനേകം ജാതികൾ യഹോവയോട് പറ്റിച്ചേർന്ന് അവന്‍റെ ജനമായിത്തീരും, യഹോവ അവനെ അയച്ചിരിക്കുന്നു എന്ന് അവർ അറിയും എന്നാണ്. നമ്മുടെ ഇടയിൽ വന്ന് വസിച്ചതും (എബ്രായർ 2:14-16, ഫിലിപ്പിയർ 2:6-8) ജാതികളെ പിതാവായ യഹോവയോട് പറ്റിച്ചേരാന്‍ സഹായിക്കുന്നതും (ഒരു രാജ്യമായി - വെളിപ്പാട് 5:9,10)കര്‍ത്താവായ യേശുക്രിസ്തുവാണ്!

യെശയ്യാവ് 48:11-17  എന്‍റെ  നിമിത്തം, എന്‍റെ  നിമിത്തം തന്നെ, ഞാൻ അതു ചെയ്യും; എന്‍റെ  നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാൻ എന്‍റെ  മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്‍റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. എന്‍റെ  കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു എന്‍റെ  വലംകൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവയൊക്കെയും ഉളവായിവരുന്നു.  നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവന്‍റെ  ഹിതം നിറവേറ്റും; അവന്‍റെ ഭുജബലം  കല്ദയര്‍ക്ക്  എതിരായിരിക്കും.  ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നുഅവന്‍റെ  വഴി സാധ്യമാകും. നിങ്ങൾ അടുത്തുവന്ന് ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്‍റെ  ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്; ഇപ്പോഴോ യഹോവയായ കർത്താവ് എന്നെയും തന്‍റെ ആത്മാവിനെയും അയച്ചിരിക്കുന്നു.  യിസ്രായേലിന്‍റെ  പരിശുദ്ധനും നിന്‍റെ  വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ  ദൈവമായ യഹോവ ഞാൻ തന്നെ.”     ഈ വേദഭാഗത്ത്, യിസ്രായേലിന്‍റെ പരിശുദ്ധ ദൈവമായ യഹോവ, തന്നെ മറ്റൊരു യഹോവയും അവന്‍റെ  ആത്മാവും ചേര്‍ന്ന്  അയച്ചതായിട്ട്  പറഞ്ഞിരിക്കുന്നു. പിതാവായ യഹോവയുടെ തീരുമാനപ്രകാരം (ഗലാത്യർ 4:4, 1 യോഹന്നാൻ 4:9,10), പരിശുദ്ധാത്മാവിന്‍റെ അത്ഭുതത്താൽ,  (ലൂക്കോസ് 1:35, യെശയ്യാവ് 11:1,2),  ദൈവമനുഷ്യനായി ഈ ഭൂമിയിലേക്ക് വന്നത്(അയക്കപ്പെട്ടത്) ആ  യേശു ക്രിസ്തു തന്നെയല്ലേ?”

അതുപോലെ, യഹോവയുടെ ദൂതൻ ദൈവമല്ല എന്ന എതിർവാദത്തിനുള്ള എന്‍റെ മറുപടിയിൽ,  യോഹന്നാൻ 1:18 പരാമർശിച്ചു കൊണ്ട്, ദൈവ ദർശനങ്ങളെ കുറിച്ചോ സ്വപ്നങ്ങളെ കുറിച്ചോ അല്ല ഈ വചനം പറയുന്നത് എന്നും, മറിച്ച് ജഡം ധരിച്ചു വന്ന  ക്രിസ്തുവിൽ  മാത്രമേ ദൈവം പ്രത്യക്ഷമായി നേരിട്ട് വെളിപ്പെട്ടുവെന്ന് ഊന്നിപ്പറയാനാണ് യോഹന്നാൻ ആ വാക്കുകൾ എഴുതിയതെന്നും ഞാൻ വിശദീകരിക്കുകയുണ്ടായി. എന്നാൽ "പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു" എന്ന് പറയുമ്പോൾ,  അത് പുതിയനിയമത്തിൽ മാത്രമല്ല, ഉല്പത്തി 18 ൽ അബ്രഹാമിന് പ്രത്യക്ഷപ്പെട്ടപ്പോഴും യാക്കോബിനോട് ഒരു മനുഷ്യനായി മല്ലിട്ടപ്പോഴും, ശിംശോന്‍റെ പിതാവായ മാനോഹയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോഴും,  അവന്‍ അവർക്ക് പിതാവിനെ (ദൈവത്തെ) വെളിപ്പെടുത്തി എന്ന് നാം മനസിലാക്കണം. "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു" എന്ന് പറയുമ്പോൾ, ആ വാക്കുകളിൽ അവന്‍ ശാരീരികമായി ജഡത്തില്‍  നൽകിയ  ഈ പ്രത്യക്ഷതകളും ഉൾപ്പെടുന്നു എന്ന് വേണം കരുതാൻ. കാരണം ഞാൻ മുകളിൽ വിശദീകരിച്ചതുപോലെ, ദർശനങ്ങളിലും സ്വപ്നങ്ങളിലുമല്ലാതെ ആരും പിതാവായ ദൈവത്തെ നേരിട്ട് ശാരീരികമായി കണ്ടിട്ടില്ല. യഹോവയുടെ ദൂതൻ എന്ന് അഭിസംബോധന ചെയ്യപ്പെട്ടവനും ജഡത്തിൽ വന്നവനുമായ യേശു ക്രിസ്തുവിൽ മാത്രമേ ആരെങ്കിലും പിതാവിനെ (ദൈവത്തെ) കണ്ടിട്ടുള്ളൂ. അതുപോലെതന്നെ, പഴയനിയമത്തില്‍ യഹോവയുടെ ദൂതൻ ആയിട്ട് പ്രത്യക്ഷപ്പെട്ടത് കർത്താവായ യേശുക്രിസ്തു തന്നെ ആയിരുന്നുവെന്ന് പറയുവാന്‍ യോഹന്നാൻ 1:18 ഒരു നല്ല അടിസ്ഥാനവുമാണ്. പഴയനിയമത്തിൽ അവൻ തന്നെയാണ് യഹോവയുടെ ദൂതനായി പ്രത്യക്ഷപ്പെട്ടത്. “നീയോ, ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉത്ഭവിച്ചു വരും; അവന്‍റെ ഉത്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ.” (മീഖാ 5:2 )

അവസാനമായി, ദൈവത്തിന് കിട്ടേണ്ട മഹത്വം ദൂതന്മാർ എടുക്കുകയില്ലെന്നതിന് കു‌ടെ വിശദീകരണം നോക്കാം. ഈ വചന ഭാഗം കാണുക:

വെളിപ്പാട് 22:8-9  ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നെ. കേൾക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്‍റെ  കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.  എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്‍റെയും നിന്‍റെ  സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.”

ഈ സന്ദർഭം നോക്കിയാൽ, യേശുവിന്‍റെ ശിഷ്യനായ യോഹന്നാൻ ഒരു ദൂതനെ ആരാധിക്കാൻ ശ്രമിച്ചപ്പോൾ, ദൂതൻ അവനെ തടഞ്ഞു കൊണ്ട് ദൈവത്തെ ആരാധിക്കാൻ പറയുന്നു. ദൈവത്തിനുള്ള മഹത്വം ദൂതന്മാർ എടുക്കുന്നില്ലെന്ന് ഇത് കാണിക്കുന്നു. കാരണം, നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ” (മത്തായി 4:10) എന്ന് എഴുതിയിരിക്കുന്നു. എന്നാൽ  ചിലർ ലോത്ത്  ദൂതന്മാരെ വണങ്ങിയ സംഭവത്തിലേക്ക് വിരൽ ചൂണ്ടി (ഉല്പത്തി 19:1,2).  ദൂതന്മാരും ഭക്തരിൽ നിന്ന് ആരാധന സ്വീകരിക്കുന്നുവെന്ന് പറയുന്നു. എന്നാൽ ലോത്തിന്‍റെ വീട്ടിൽ വന്ന ദൂതന്മാർ മനുഷ്യ രൂപത്തിൽ വന്ന അതിഥികളായിരുന്നു. അക്കാലത്ത്, അതിഥികളെയും ചില പ്രമുഖരെയും വണങ്ങുന്നത് സാധാരണമായിരുന്നു. തന്‍റെ വീട്ടിൽ വന്ന ആ രണ്ടു പുരുഷന്മാർ ദൂതന്മാരാണെന്ന് ലോത്തിന് അറിയില്ലായിരുന്നു. അതിനെക്കുറിച്ച്, അതിഥിസൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.” എന്ന് എഴുതിയിരിക്കുന്നു. (എബ്രായർ 13:2). അവർ ദൂതന്മാരാണെന്ന് ലോത്തിന് അറിയാമായിരുന്നുവെങ്കിൽ, സോദോമിലെ മനുഷ്യർ അവരെ ഉപദ്രവിക്കാന്‍ വന്നപ്പോൾ അവൻ അവരെ രക്ഷിക്കാൻ തന്‍റെ പെണ്‍മക്കളെപോലും വിട്ടുകൊടുക്കാന്‍ തയ്യാറായത് എന്തുകൊണ്ടാണ് (ഉല്പത്തി 19:5-9)?  അവർ ദൂതന്മാരായതുകൊണ്ട്  സ്വയം രക്ഷിക്കാൻ കഴിയുമെന്ന് അവന്‍ ധൈര്യപ്പെടുമായിരുന്നു.  അങ്ങനെ ആ രണ്ട് ദൂതന്മാർ  മനുഷ്യരൂപത്തില്‍  ലോത്തിന്‍റെ  അടുക്കൽ  അതിഥികൾ ആയി വരികയും, ലോത്ത് തന്‍റെ  സംസ്കാരമനുസരിച്ച്, അവരെ വണങ്ങുകയും ചെയ്തു എങ്കിലും  അവർ അവനെ തടയാൻ ശ്രമിച്ചില്ല.

മറ്റുചിലർ ദാനിയേൽ പുസ്തകത്തിൽ കാണുന്ന സന്ദർഭത്തെ തെറ്റായി വ്യാഖ്യാനിക്കുകയും പഴയനിയമ വിശ്വാസികൾക്ക് ദൂതന്മാരുടെ മുമ്പാകെ സാഷ്ടാംഗം വീഴുന്ന ഒരു ആചാരമുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്യുന്നു. ഈ വചനം  കാണുക.

ദാനീയേൽ 8:17  “അപ്പോൾ ഞാൻ നിന്നേടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.”

ഈ സന്ദർഭത്തിൽ ദർശനം വ്യാഖ്യാനിക്കാൻ വന്ന ഗബ്രിയേലിന്‍റെ  മുമ്പിൽ ദാനിയേൽ സാഷ്ടാംഗം വീണതായി നാം കാണുന്നു. എന്നാൽ താഴെ പറയുന്ന ഭാഗം കൂടി പരിശോധിച്ചാൽ, ദാനിയേൽ മനഃപൂർവ്വം ദൈവത്തിനെന്നപോലെ  അവന്‍റെ മുന്നിൽ സാഷ്ടാംഗം വീണതല്ലെന്നും, മറിച്ച്, അവൻ ഗാഢനിദ്രയിലേക്ക് വീഴുകയും ഭയത്താൽ നിലത്ത് വീഴുകയും ചെയ്തതാണെന്നും നമുക്ക്   മനസ്സിലാകുന്നു.

ദാനീയേൽ 8:18  അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ട് നിലത്തു കവിണ്ണുവീണു; അവൻ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിർത്തി.”

ഇതുപോലുള്ള മറ്റൊരു സന്ദർഭം കൂടെ നമ്മൾ കാണുന്നു.

ദാനീയേൽ 10:9,10  എന്നാൽ ഞാൻ അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു. എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളം കൈയും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.”

ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ത്രിത്വ സിദ്ധാന്തത്തെക്കുറിച്ച് അറിയാൻ താഴെയുള്ള ലേഖനം വായിക്കുക.

 

ത്രിത്വ ഉപദേശത്തിന് തെളിവ്

മറ്റു ചില വിഭാഗം ആളുകള്‍ യേശുക്രിസ്തു നിത്യന്‍ അല്ലെന്നും മുമ്പുതന്നെ സ്വര്‍ഗ്ഗത്തില്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവനാണെന്നും പഠിപ്പിക്കുന്നു. തെറ്റായ ആ ഉപദേശത്തിന് ഉത്തരം ലഭിക്കുവാന്‍

ഈ ലേഘനം കൂടെ വായിക്കുക.

  

 യേശുക്രിസ്തു നിത്യനോ അല്ലയോ? സ്വര്‍ഗ്ഗത്തില്‍ ജനിച്ചവനോ?

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.