ഇന്ന് കോടീശ്വരന്മാരായി, വ്യവസായികളായി പേര് നേടിയ പലരും ഒരിക്കൽ ദരിദ്രരായി ജീവിതം ആരംഭിച്ചവരാണ്. അത്തരത്തില്‍ ഒരാളാണ് സര്‍ ടൈറ്റസ് സാള്‍ട്ട് (Sir Titus Salt). അദ്ദേഹം ഇംഗ്ലണ്ടിലെ ഒരു ഫാക്ടറിയിൽ ബാലതൊഴിലാളിയായി തന്‍റെ ജീവിതം ആരംഭിച്ചു. കഠിനമായി പരിശ്രമിക്കണമെന്ന ദൃഢനിശ്ചയവും നല്ല ബുദ്ധിയും ഉണ്ടായിരുന്ന ടൈറ്റസ്, നാടൻ കമ്പിളി (Coarse Wool) ഗുണമേന്മയുള്ളതാക്കുന്ന പ്രക്രിയ കണ്ടെത്തി. ഇതിലൂടെ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത നാടൻ കമ്പിളി ഗുണമേന്മയുള്ളതാക്കി ലക്ഷക്കണക്കിന് പൗണ്ടുകൾ സമ്പാദിച്ച് വലിയ വ്യവസായിയായി. ടൈറ്റസിന് അറിയാനുള്ള ആകാംക്ഷ അതോടെ തീർന്നില്ല. രാവും പകലും പരിശ്രമിച്ച് ‘അൽപാക്ക’ (Alpaca) എന്ന മറ്റൊരു പ്രക്രിയ കണ്ടെത്തി വ്യവസായരംഗത്തിന്‍റെ ശിഖരത്തിലെത്തി. കോടികൾ സമ്പാദിച്ച ടൈറ്റസ് സാൾട്ട് തന്‍റെ പേരിൽ തൊഴിലാളികൾക്കായി ഒരു മാതൃകാ വ്യവസായ നഗരം നിർമ്മിച്ചു. അതാണ് ഇന്ന് “സാൾടെയർ” എന്ന പട്ടണമായി അറിയപ്പെടുന്നത്. തുടർന്ന് അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളും പുരോഗമന ചിന്തകളും വ്യവസായങ്ങളുടെ വികസനത്തിന് ഏറെ ഉപകാരപ്പെട്ടതിനാൽ *Queen Victoria* അദ്ദേഹത്തിന് “സർ” എന്ന ബഹുമതി നൽകി “ബാരൺ” (Baron) പദവിയോടെ ആദരിച്ചു.
ഇത്തരമൊരു പ്രശസ്തി നേടിയ സർ ടൈറ്റസ് സാൾട്ട് യഥാർത്ഥ സന്തോഷം കണ്ടെത്തിയോ? “കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല” (സഭാപ്രസംഗി 1:8) എന്നു ശലോമോൻ പറഞ്ഞതുപോലെ, ഈ കോടീശ്വരനും ഹൃദയത്തിൽ സന്തോഷമോ തൃപ്തിയോ ഇല്ലാത്തവനായിരുന്നു. ധനത്താൽ ലഭിക്കുന്ന എല്ലാ ഭോഗങ്ങളും അനുഭവിച്ചിട്ടും, സകല രാജ്യങ്ങളിലുമുമുള്ള വിനോദങ്ങൾ എല്ലാം കണ്ടിട്ടും, ഹൃദയം വരണ്ട മരുഭൂമിപോലെ തന്നെയായിരുന്നു. മനസ്സിന് വിശ്രമമില്ലാതെ ടൈറ്റസ് സാൾട്ട് ദുഃഖിതനായി തുടര്‍ന്നു.
ഇങ്ങനെ ഇരിക്കുമ്പോൾ ഒരു ഞായറാഴ്ച ദേവാലയത്തിൽ പ്രസംഗകൻ ഒരു പുഴുവിനെക്കുറിച്ച് പറയുന്നത് ടൈറ്റസ് കേട്ടു. ആ പ്രസംഗകൻ പറഞ്ഞു: ‘അലങ്കാരത്തിനായി എന്‍റെ തോട്ടത്തിൽ അവിടെയും ഇവിടെയും ചില മരത്തടികൾ നട്ട് അവയ്ക്ക് വ്യത്യസ്ത നിറങ്ങൾ പൂശിപ്പിച്ചു. ഒരു ദിവസം ഒരു പുഴു വേഗത്തിൽ വന്ന് നിറം പൂശിയ ഒരു മരത്തടിയിലേക്ക് കയറി, തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്നാശിച്ചു കൊണ്ട് അവിടവിടെ നോക്കി. കാണ്മാന്‍ അതീവ മനോഹരമായതിനാൽ നല്ല ആഹാരം അവിടെ തീർച്ചയായും ഉണ്ടാകും എന്ന് ആ പുഴു പ്രതീക്ഷിച്ചു. പക്ഷേ അവിടെ അതിന് ഒന്നും ലഭിച്ചില്ല. നിരാശയോടെ താഴേയ്ക്ക് ഇറങ്ങിയ പുഴു മറ്റൊരു മനോഹരമായ മരത്തടി കണ്ടു. ഇത്തവണ എങ്കിലും തന്‍റെ പ്രതീക്ഷ നിറവേറുമോ എന്ന് കരുതി കയറി നോക്കി. പക്ഷേ കണ്ണിനെ വഞ്ചിക്കുന്ന നിറം ഒഴികെ അവിടെ ഒന്നുമില്ലായിരുന്നു. അതുപോലെ ആ തോട്ടത്തിലെ ഓരോ നിറമുള്ള മരത്തടിയിലും കയറാൻ ശ്രമിച്ച പുഴുവിന് ഓരോ തവണയും നിരാശയാണ് ബാക്കിയായത്. ഈ ലോകത്തിൽ നിറം പൂശിയ മരത്തടികൾ പലതുണ്ട്. ധനം, കീർത്തി, സുഖം, വിനോദം, അധികാരം തുടങ്ങിയ നിറമുള്ള മരത്തടികൾ മനുഷ്യരെ ആകർഷിച്ചുകൊണ്ട് പ്രതീക്ഷ കൊടുക്കുന്നു. പ്രതീക്ഷയോടെ കയറി ആ മേഖലകളിൽ എത്ര ഉയരത്തിൽ ചെന്നാലും ഹൃദയത്തിന് തൃപ്തിയും മനസ്സിന് വിശ്രമവും ലഭിക്കുന്നില്ല. കാരണം അവയെല്ലാം നിറം പൂശിയ വെറും മരത്തടികളാണ്’. ഇങ്ങനെ പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു.
അടുത്ത ദിവസം പ്രസംഗകന്‍റെ വീട്ടുവാതിൽക്കല്‍ ആരോ മുട്ടി. വാതിൽ തുറന്നപ്പോൾ മഹാനായ ടൈറ്റസ് നിൽകുന്നു. ടൈറ്റസ് പ്രസംഗകനോടു പറഞ്ഞു: ‘സാർ, ഇന്നലെ നിങ്ങളുടെ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാനും നിറം പൂശിയ മരത്തടികൾ കയറി ഇറങ്ങി വളരെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്‍റെ മനസ്സിന് യഥാർത്ഥ വിശ്രമം എങ്ങനെ ലഭിക്കും എന്ന് ദയവായി വിശദീകരിക്കാമോ?’ അപ്പോൾ പ്രസംഗകൻ, “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് മനുഷ്യരെ സ്നേഹത്തോടെ വിളിച്ച രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു.
“ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അതു ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:9). ആ രോഗം പാപമാണ്. അത് ഹൃദയത്തിൽ നിന്ന് നീങ്ങാതെ യഥാർത്ഥ സന്തോഷമില്ല. “രക്തം ചൊരിയാതെ പാപമോചനം ഉണ്ടാകുകയില്ല”; “ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9). ടൈറ്റസ് തന്‍റെ പാപങ്ങൾ ഏറ്റുപറഞ്ഞ് രക്ഷകനായ യേശുവിനെ ഹൃദയത്തിൽ വിശ്വസിച്ചു. വിശ്വസിച്ച അവന്‍റെ ഹൃദയത്തിലേയ്ക്ക് യേശു കർത്താവ് പ്രവേശിച്ച് പാപം കഴുകി ഹൃദയശുദ്ധി നൽകി. പാപത്തിന്‍റെ ഭാരവും (വേദനയും) നീക്കി “വിവരിക്കാൻ കഴിയാത്ത മഹത്വമുള്ള സന്തോഷം” അവനു നൽകി. ആ കോടീശ്വരൻ ജീവിതത്തിൽ ആദ്യമായി മനശ്ശാന്തിയും ദൈവിക സന്തോഷവും പ്രാപിച്ച് ഇങ്ങനെ സ്തുതിച്ചു:
“ഉണ്ടായ അവസ്ഥയിൽ തന്നെ, എന്നെ സമീപിച്ചപ്പോൾ
കൈകൾ നീട്ടി നീ എന്നെ ചേർത്തുപിടിച്ചു –
വിടുവാൻ കഴിയാത്ത പാപഭാരത്തിന്‍റെ ചുമടെടുത്തു നീക്കി
ഹൃദയത്തിലെ മലിനത കഴുകി നീക്കി
സ്വർഗീയ സന്തോഷം ഞാൻ നേടി”
പ്രിയ സുഹൃത്തേ, നിങ്ങളും യഥാർത്ഥ തൃപ്തി നൽകാത്ത നിറം പൂശിയ മരത്തടികൾ കയറിക്കൊണ്ടിരിക്കുകയാണോ? ദൈവത്തിൽ നിന്ന് അകന്ന് ഇഹലോക മായകളാൽ വഞ്ചിക്കപ്പെടുകയാണോ? തിരുവെഴുത്തുകൾ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു.
“യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക” (സഭാപ്രസംഗി 11:9).
ടൈറ്റസിനെപ്പോലെ നിങ്ങളും യേശുക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിച്ച് അവനെ രക്ഷകനായി ആശ്രയിക്ക. അപ്പോള്‍ പാപമോചനവും ആത്മരക്ഷയും, ഹൃദയസമാധാനവും നിങ്ങള്‍ക്ക് ലഭിക്കും.
“ലംഘനം ക്ഷമിച്ചുംപാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ” എന്നു ദാവീദ് പറഞ്ഞു (സങ്കീർത്തനം 32:1).
“കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” (പ്രവൃത്തികൾ 16:31).
ബൈബിൾ അരുളിച്ചെയ്യുന്നു “ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം” (2 കൊരിന്ത്യർ 6:2).
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.