യഥാർത്ഥ ക്രിസ്തീയ ജീവിതം

രചയിതാവ്.: ആര്‍ധര്‍ ഡബ്ലു പിങ്ക്
വിവർത്തനം: ഷിബു ബാബു &ഷൈനി

ഉള്ളടക്കം

1.ഒരു ശിക്ഷാവിധിയും ഇല്ല 
2. ക്രിസ്ത്യാനിയ്ക്കുള്ള ഉറപ്പ്
3. കഷ്ടതകൾക്ക് പരിഹാരം
4. അനുഗ്രഹിക്കുന്ന വലിയ ദൈവം
5. ഓർക്കുന്ന ദൈവം
6. അഗ്നിയാലുള്ള പരീക്ഷ
7. ദൈവികമായ ശിക്ഷണം
8. ദൈവിക ശിക്ഷണം സ്വീകരിക്കൽ
9. ദൈവത്തിന്‍റെ അവകാശം
10. ദൈവം തന്‍റെ അവകാശത്തെ ഭദ്രമാക്കൽ
11. ദുഃഖിക്കുന്നവർ
12. വിശപ്പുള്ളവർ
13. ഹൃദയശുദ്ധിയുള്ളവർ
14. ഭാഗ്യവചനങ്ങളും ക്രിസ്തുവും
15. കഷ്ടതകളും മഹത്വവും
16. സംതൃപ്തി
17. വിലയേറിയ മരണം

 ആമുഖം

ക്രിസ്തുവിനെ സേവിക്കാൻ വിളിക്കപ്പെട്ട ഒരു ദാസന്‍റെ ശുശ്രൂഷയ്ക്ക് വിവിധ വശങ്ങളുണ്ട്. രക്ഷിക്കപ്പെടാത്തവരോട് അവൻ സുവിശേഷം പ്രസംഗിക്കുകയും ദൈവജനത്തെ ജ്ഞാനത്തോടെയും വിവേകത്തോടെയും  പോഷിപ്പിക്കുകയും വേണം (യിരെമ്യാവ് 3:15). അവൻ "ജനത്തിന്‍റെ  വഴിയിൽ നിന്ന് ഇടർച്ചകളെ നീക്കിക്കളയുക" (യെശയ്യാവ് 57:14) മാത്രമല്ല, "ഉറക്കെ നിലവിളിച്ചു കൊണ്ട് ജനത്തിന് അവരുടെ ലംഘനത്തേയും, പാപങ്ങളേയും  അറിയിക്കുക" (യെശയ്യാവ് 58:1; 1 തിമോത്തി 4:2;) എന്ന കൽപ്പനയും അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇതിനെല്ലാം പുറമേ, എന്‍റെ  ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ (യെശയ്യാവ് 40:1) എന്ന ദൈവത്തിന്‍റെ വാക്കുകളും പാലിച്ചുകൊണ്ട് അവൻ ശുശ്രൂഷിക്കേണ്ടതുണ്ട്.

“എന്‍റെ ജനമേ!” എന്ന വിളി എത്ര മഹത്തായ വിളിയാണ്! “നിങ്ങളുടെ ദൈവം!” എന്നത് എത്ര ആശ്വാസദായകമായ ഒരു ബന്ധമാണ്! “എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവി‍ൻ!” എന്നത് എത്ര അനുഗൃഹീതമായ ഒരു ഉത്തരവാദിത്തമാണ്! ആശ്വസിപ്പിക്കുക എന്ന കൽപ്പന രണ്ടു പ്രാവശ്യം ഊന്നി പറഞ്ഞതിന് മൂന്ന് കാരണങ്ങൾ നിർദ്ദേശിക്കാൻ കഴിയും.

  1. ചിലപ്പോൾ വിശ്വാസികളുടെ ആത്മാക്കൾ ആശ്വാസം സ്വീകരിക്കാൻ വിസമ്മതിക്കും. (സങ്കീർത്തനം 77:2). അതുകൊണ്ട്, അത്തരം സമയങ്ങളില്‍ നാം കൂടുതൽ ആശ്വസിപ്പിക്കേണ്ടതായി വരുന്നു.
  2. വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം അവഗണിക്കരുതെന്ന് പ്രബോധകനെ അറിയിക്കേണ്ടത് ആവശ്യമാണ്.
  3. ദൈവം താനും തന്‍റെ ജനം സന്തോഷമുള്ളവരായിരിക്കുന്ന കാര്യത്തില്‍ ശ്രദ്ധയുള്ളവനാണെന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം (ഫിലിപ്പിയർ 4:4). ദൈവത്തിന് തന്‍റെ ജനമുണ്ട്, അവർ അവന്‍റെ സ്നേഹത്തിന് യോഗ്യരാകാൻ തിരഞ്ഞെടുക്കപ്പെട്ട  ജനമാണ്.

അവരെ "എന്‍റെ ജനം" എന്ന് വിളിക്കുന്നതിലൂടെ  ദൈവത്തിന് അവരുമായി അടുത്ത ബന്ധമാണുള്ളതെന്ന്‍ നമുക്ക് മനസ്സിലാക്കാം.  എങ്കിലും  അവർ പലപ്പോഴും ആശ്വാസം ഇല്ലാത്തവരായിരിക്കുന്നു.  അവരുടെ സഹജമായ പാപം, സാത്താന്‍റെ പ്രലോഭനങ്ങൾ, ലോകത്തിൽ ഉള്ളവരിൽ നിന്ന് അവർക്ക് ലഭിക്കുന്ന കഠിനമായ പെരുമാറ്റം, ക്രിസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളോട്  ലോകത്തിനുള്ള ദയനീയ ഭാവം എന്നീ കാരണങ്ങളാല്‍ അവര്‍ പലപ്പോഴും ആശ്വാസം ഇല്ലാത്തവരായിത്തീരുന്നു.  എന്നാൽ സർവ്വാശ്വാസത്തിന്‍റെയും ദൈവം (2 കൊരിന്ത്യർ 1:3) അവരോട് വലിയ വാത്സല്യമാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ഹൃദയം തകർന്നവരെ ശക്തിപ്പെടുത്താനും അവരുടെ മുറിവുകളിൽ ഗിലെയാദിന്‍റെ തൈലം ഒഴിക്കാനും ദൈവം തന്‍റെ  ദാസന്മാരോട് കൽപ്പിച്ചത്. ദൈവത്തിന്‍റെ കല്പനകളും ചട്ടങ്ങളും പൂർണ്ണമായും ലംഘിക്കുകയും അവന്‍റെ പരമാധികാരത്തിനെതിരെ മത്സരിക്കുകയും ചെയ്ത ആളുകൾക്ക് പോലും ആശ്വാസം നൽകുന്ന ഈ ദൈവത്തെക്കുറിച്ച് അതുകൊണ്ടാണ് നമുക്ക്, നിന്നെപ്പോലെ ഒരു ദൈവം ഉണ്ടോ?” എന്ന് പുകഴ്ത്തി പറയാൻ ഇടയാകുന്നത് (മീഖാ 7:18)!

ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വചനപ്രകാരമുള്ള വിശദീകരണങ്ങൾ തളര്‍ന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുവാന്‍   ദൈവം കൃപകാണിക്കട്ടെ! ആമേൻ.

  അദ്ധ്യായം 1

ഒരു ശിക്ഷാവിധിയും ഇല്ല

അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 8:1)

റോമർക്കെഴുതിയ ഈ അത്ഭുതകരമായ  പുസ്തകത്തിന്‍റെ ആദ്യ പകുതിയുടെ സമാപനമായിട്ടാണ് എട്ടാം അധ്യായം എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് ഈ അധ്യായം അതുകൊണ്ട് എന്ന വാക്കോടെ ആരംഭിക്കുന്നത്. റോമർ 3:21-ൽ പൗലോസ് ആരംഭിച്ച വാദത്തിന്‍റെ സമാപനമായിട്ടാണ് ഈ വാക്കുകള്‍ പറയപ്പെടുന്നത്. അപ്പോസ്തലൻ ഇവിടെ തന്‍റെ വാദം അവസാനിപ്പിക്കുകയാണ്. ഈ നിഗമനത്തിലേക്ക് എത്തുന്ന വിധത്തില്‍ ആണ് അദ്ദേഹം തുടക്കം മുതൽ തന്‍റെ വാദം ഘടനാപരമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വിശ്വസിക്കുന്നവർക്ക് അവൻ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു…” (റോമർ 3:25)   അതുകൊണ്ട്, അവൻനമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന…” (റോമർ 4:24). അതുകൊണ്ട്, “ഏകമനുഷ്യന്‍റെ  അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്‍റെ (ക്രിസ്തു) അനുസരണത്താൽ (വിശ്വാസികളെല്ലാം) അനേകർ നീതിമാന്മാരായിത്തീരും” (റോമർ 5:19).  അതുകൊണ്ട്, “പാപസംബന്ധമായി മരിച്ചവരായ നാം (വിശ്വാസികൾ)  ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?” (റോമർ 6:2).  അതുകൊണ്ട്,  “… ക്രിസ്തുവിന്‍റെ  ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി (വിശ്വാസികൾ) മരിച്ചിരിക്കുന്നു” (റോമർ 7:4). അതുകൊണ്ട്, “…ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 8:1)

അതുകൊണ്ട് എന്ന വാക്ക് മുമ്പ് ഉന്നയിക്കപ്പെട്ട വാദങ്ങളുടെ അവസാനം മാത്രമല്ല. മുൻ അധ്യായത്തിന്‍റെ അവസാന ഭാഗത്തോടും അതിന് ബന്ധമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. റോമർ ഏഴാം അധ്യായത്തിന്‍റെ  രണ്ടാം പകുതിയിൽ, വീണ്ടും ജനിച്ച ഒരു വ്യക്തിയുടെ ഉള്ളിൽ രണ്ട് പരസ്പരവിരുദ്ധമായ സ്വഭാവങ്ങൾക്കിടയിൽ ഉണ്ടാകുന്ന വേദനാജനകവും നിരന്തരവുമായ പോരാട്ടത്തെ ചിത്രീകരിക്കുന്നതിന് അപ്പോസ്തലൻ സ്വന്തം ക്രിസ്തീയ അനുഭവത്തെ ഒരു ഉദാഹരണമായി ഉപയോഗിക്കുന്നു. ഒരു ദൈവപൈതൽ നേരിടുന്ന ആത്മീയ പോരാട്ടം സ്വന്തം അനുഭവത്തിലൂടെ ചിത്രീകരിച്ചതിനു ശേഷം, ഇത്രയും വേദനാജനകവും ദയനീയവുമായ അവസ്ഥയിൽ ആവശ്യമായ ദൈവിക ആശ്വാസത്തിലേയ്ക്ക് അവൻ ഇപ്പോൾ നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. ഏഴാം അദ്ധ്യായം നെടുവീർപ്പിന്‍റെ  സ്വരത്തോടെ അവസാനിപ്പിച്ചിട്ട്  എട്ടാം അദ്ധ്യായം വിജയത്തിന്‍റെ  ആർപ്പുവിളിയോടെ  ആരംഭിക്കുന്നത് ആശ്ചര്യകരവും പെട്ടെന്നുള്ളതുമായി തോന്നിയേക്കാം, പക്ഷേ അത് യുക്തിസഹവും സ്വാഭാവികവുമാണ്. ഒരുപക്ഷെ വിശ്വാസികൾ പാപത്തോടും മരണത്തോടും മല്ലിടുകയും അതിന്‍റെ  ഫലങ്ങളിൽ ഞരങ്ങുകയും ചെയ്യുന്നുവെന്നത് വാസ്തവമാണെങ്കിൽ, ശാപത്തിൽ നിന്നും ശിക്ഷയിൽ നിന്നുമുള്ള മോചനം നൽകുന്ന വിജയത്തിൽ അവർ സന്തോഷിക്കുന്നുവെന്നതും വാസ്തവമാണ്.  വ്യത്യസ്തമായ ഈ രണ്ട് അനുഭവങ്ങൾ ഇവിടെ വിവരിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. ഈ ലോകത്തിലെ ജീവിതത്തിലുടനീളം വിശ്വാസികളുടെ ഉള്ളിലുള്ള സ്ഫോടനാത്മകമായ പാപത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് ഏഴാം അദ്ധ്യായത്തിന്‍റെ അവസാന പകുതിയിൽ അപ്പോസ്തലൻ വിവരിക്കുന്നു. എട്ടാം അധ്യായത്തിന്‍റെ ആദ്യ വാക്യത്തിൽ, ക്രിസ്തുവിനോട് ഐക്യപ്പെട്ടപ്പോൾ അവർക്ക് ലഭിച്ച പാപത്തിൽ നിന്നുള്ള സമ്പൂർണ്ണമായ വിടുതലിനെക്കുറിച്ച് ആണ് പ്രസ്താവിച്ചിരിക്കുന്നത്. 7:24-ൽ അപ്പോസ്തലൻ, ഈ മരണത്തിന് അധീനമായ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും?” എന്ന് ചോദിക്കുന്നു. എന്നാൽ 8:2-ൽ, അവൻ എനിക്ക് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു  അതായത് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിൽ നിന്ന് അവൻ എന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

"അതുകൊണ്ട് ഇപ്പോൾ ഒരു ശിക്ഷാവിധിയും ഇല്ല." ഇവിടെ, 1 യോഹന്നാൻ 3:21-ൽ പറഞ്ഞിരിക്കുന്നതുപോലെ, നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നുണ്ടോ എന്നതല്ല ചോദ്യം. ശിക്ഷ അർഹിക്കുന്ന ഒന്നും നമ്മിൽ ഇല്ല എന്നും പറയുന്നില്ല.  പകരം, രക്ഷയ്ക്കു വേണ്ടി യേശുക്രിസ്തുവിൽ ആശ്രയിക്കുന്നവരെ ദൈവം ശിക്ഷിക്കില്ലെന്ന  അനുഗ്രഹീത സത്യമാണ് ഇത് വെളിപ്പെടുത്തുന്നത്. നമുക്ക് ന്യായമായി ലഭിക്കുന്നതും അനുഭവപരമായി ലഭിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയേണ്ടത്  വളരെ ആവശ്യമാണ്. അല്ലെങ്കിൽ, നമ്മുടെ മുമ്പിലുള്ള തിരുവെഴുത്ത് നൽകുന്ന ആശ്വാസവും സമാധാനവും അനുഭവിക്കുന്നതിൽ  നാം പരാജയപ്പെടും. ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.ക്രിസ്തുയേശുവിൽ ദൈവമുമ്പാകെ ഒരു വിശ്വാസിയുടെ സ്ഥിതിയെയാണ് ഇത് സൂചിപ്പിക്കുന്നത്.  ശാരീരികമായ സ്ഥിതിയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നില്ല. ആദാമിൽ ഞാൻ ശിക്ഷാവിധിയുടെ  കീഴിലാണ്. (റോമർ 5:21). എന്നാൽ ക്രിസ്തുവിൽ ഞാൻ  ശിക്ഷാവിധിയിൽ നിന്നും പൂർണ്ണമായും വിമുക്തൻ ആയിരിക്കുന്നു.

അതുകൊണ്ട് ഇപ്പോൾ ഒരു ശിക്ഷാവിധിയും ഇല്ല. ഇപ്പോൾ എന്ന വാക്ക്, ഒരിക്കല്‍, ക്രിസ്ത്യാനികൾ വിശ്വാസികളാകുന്നതിന് മുമ്പ്, അവർ ശിക്ഷാവിധിയിൻ കീഴിലായിരുന്നെന്നാണ് സൂചിപ്പിക്കുന്നത്. ഇത് ക്രിസ്തുവിനോടൊപ്പം മരിക്കുന്നതിന് മുമ്പ് അവർ ഉണ്ടായിരുന്ന (ഗലാത്യർ 2:20), അതായത്, ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ നിയമം അനുസരിച്ചുള്ള ശിക്ഷാവിധിയുടെ കാര്യത്തില്‍ മരിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ദുരവസ്ഥയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇപ്പോൾ എന്ന വാക്ക് ഈ രണ്ട് അവസ്ഥകൾ തമ്മിലുള്ള വ്യത്യാസത്തെ എടുത്തുകാണിക്കുന്നു. സ്വഭാവത്താൽ നാം “മരണനിയമ”ത്തിന് കീഴിലായിരുന്നു, എന്നാൽ ഇപ്പോൾ നാം “കൃപയുടെ കീഴിലാണ്” (റോമ. 6:14). പ്രകൃത്യാ നാം ദൈവകോപത്തിന്‍റെ മക്കളാണ്  (എഫെ. 2:3). എന്നാൽ ഇപ്പോൾ നാം യേശുക്രിസ്തുവിലൂടെ ദൈവപുത്രന്മാരായി സ്വീകരിക്കപ്പെട്ടിരിക്കുന്നു (എഫെ. 1:6;). ഒന്നാം ഉടമ്പടി പ്രകാരം, നാം ആദാമിലാണ് ഉണ്ടായിരുന്നത് (1 കൊരിന്ത്യർ 15:55). എന്നാൽ ഇപ്പോൾ നാം ക്രിസ്തുവിലാണ് ഉള്ളത് (റോമർ 8:1). ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്കെല്ലാവർക്കും നിത്യജീവൻ ഉള്ളതിനാൽ ഇപ്പോൾ ഒരു ശിക്ഷാവിധിയും ഇല്ല.

ശിക്ഷാവിധി എന്നത് വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. അതിൽ നിന്ന് നമ്മെ രക്ഷിച്ച ദൈവകൃപയുടെ മഹത്വം മനസ്സിലാക്കാൻ അതിന്‍റെ തീവ്രത മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കോടതികളിൽ, ശിക്ഷ എന്ന വാക്ക് ഒരു കുറ്റവാളിയിൽ ഭയാനകമായ സ്വാധീനം ആണ് ചെലുത്തുന്നത്. കാണുന്നവരിൽ പോലും അത് ദുഃഖവും ഭയവും ഉളവാക്കുന്നു. എന്നാൽ ദൈവത്തിന്‍റെ കോടതിയിൽ, ആ വാക്ക് വിശദീകരിക്കാൻ കഴിയാത്തത്ര ഗൗരവമുള്ളതാണ്. ആദാമിന്‍റെ വീണുപോയ എല്ലാ സന്തതികളും ആ ന്യായാസനത്തിനു മുമ്പാകെ നിൽക്കണം.

"പാപത്തിൽ ഗർഭം ധരിക്കപ്പെട്ട്, പാപത്തിൽ രൂപപ്പെട്ട്," കുറ്റവാളികളായി മുദ്രകുത്തപ്പെട്ട്, അഹങ്കാരത്തിന്‍റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്, പാപത്തിന്‍റെ  തടവുകാരായാണ് എല്ലാവരും ഈ  ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അത്തരം ആളുകൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ആ ഭയാനകമായ ശിക്ഷയ്ക്ക് കാരണമായ പാപത്തെ പരിഹരിക്കുക മാത്രമാണ്. കുറ്റം നീങ്ങിപ്പോകയാൽ  ഇനി ശിക്ഷാവിധിയില്ല.

അപ്പോൾ പാപം നീക്കം ചെയ്യപ്പെട്ടോ? അതിനർത്ഥം വിശ്വസിക്കുന്ന പാപിയിൽ നിന്ന് പാപത്തിന്‍റെ കുറ്റബോധം നീക്കം ചെയ്യപ്പെട്ടു എന്നാണോ? തിരുവെഴുത്തുകൾ നൽകുന്ന ഉത്തരം എന്താണെന്ന് നമുക്ക് നോക്കാം.

ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു” (സങ്കീർത്തനങ്ങൾ 103:12).

എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” (യെശയ്യാവ് 43:25).

“…നീ എന്‍റെ സകല പാപങ്ങളേയും നിന്‍റെ പുറകിൽ എറിഞ്ഞു കളഞ്ഞതു കൊണ്ട്…” (യെശയ്യാവ് 38:17).

“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു” (എബ്രായർ 10:17)

എന്നാൽ പാപം എങ്ങനെ നീക്കം ചെയ്യപ്പെട്ടു? കൈമാറ്റം ചെയ്യപ്പെടുന്നതുവഴി മാത്രമേ അത് സാധ്യമാകൂ. ദൈവത്തിന്‍റെ വിശുദ്ധിയ്ക്ക് പാപത്തെ അവഗണിക്കാൻ കഴിയില്ല, എന്നാൽ  അവന്‍റെ കൃപയ്ക്ക് അത് കൈമാറ്റം ചെയ്യാൻ കഴിയുന്നതിനാൽ, അങ്ങനെ ചെയ്തു. വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്രിസ്തു  വഹിക്കത്തക്കവണ്ണം അവ അവന്‍റെ മേൽ ചുമത്തപ്പെട്ടു.

“…യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെ (ക്രിസ്തു) മേൽ ചുമത്തി.” (യെശയ്യാവ് 53:6).

പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി” (2 കൊരിന്ത്യർ 5:21).

അതുകൊണ്ട് ഇപ്പോൾ ഒരു ശിക്ഷാവിധിയുമില്ല”. ഇവിടെ ഇല്ല എന്ന വാക്ക് ഊന്നിപ്പറയപ്പെട്ടിരിക്കുന്നു. ഇനിയും ഒരു വിധത്തിലുള്ള ശിക്ഷയും ഇല്ലെന്ന് സ്ഥിരീകരിക്കപ്പട്ടിരിക്കുന്നു. ന്യായപ്രമാണത്തിൽ  നിന്നോ ആന്തരിക ബലഹീനതയിൽ നിന്നോ സാത്താന്‍റെ ആരോപണത്തിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നോ ഇനി ഒരു ശിക്ഷയും ഇല്ല, അതായത് അത് ഒരിക്കലും ഇല്ല, ഇനിയും ഉണ്ടാകുകയുമില്ല. കുറ്റം ചുമത്തൽ ഇല്ലാത്തതുകൊണ്ട്,  ഇനി ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 8:33); കർത്താവ് നിരപരാധിയെന്ന് വിധിച്ചതിനാൽ (റോമർ 4:8), ഇനി ഒരിക്കലും കുറ്റാരോപണ ചെയ്യാൻ സാധിക്കില്ല.

"അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല." ഒരു വിശ്വാസിയുടെ ഉള്ളിൽ അവന്‍റെ പഴയതും പുതിയതുമായ സ്വഭാവങ്ങൾക്കിടയിൽ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് വിവരിക്കുമ്പോൾ, മുൻ അധ്യായത്തിൽ തന്‍റെ സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി, കൃപയിൽ വളരെയധികം വളർന്നവർ പോലും അത്തരമൊരു ആത്മീയ പോരാട്ടത്തിൽ നിന്ന് ഒഴിവുള്ളവരല്ലെന്ന് അപ്പോസ്തലൻ വ്യക്തമാക്കുന്നു. എന്നിരുന്നാലും,  വിവരണത്തിലുടനീളം അപ്പോസ്തലൻ എനിക്ക് എന്ന ഏകവചനത്തിന് പകരം റോമർ 8:1- ൽ  ബഹുവചനം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതായത്, അവൻ ക്രിസ്തുയേശുവിൽ ഉള്ള എനിക്ക് എന്നല്ല, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് എന്നാണ് പറയുന്നത്. ഇങ്ങനെ എഴുതുന്നത് പോലും പരിശുദ്ധാത്മാവിന്‍റെ കൃപയാണ്. അപ്പോസ്തലൻ ഇവിടെയും ഏകവചനം ഉപയോഗിച്ചിരുന്നെങ്കിൽ, പൗലോസിനെപ്പോലെ ഒരു വലിയ ദൈവദാസന് മാത്രമേ ഇത്രയും വലിയ ഭാഗ്യം ലഭിക്കൂ എന്നും, അത് നമ്മെപ്പോലെയുള്ളവർക്ക് ബാധകമല്ലെന്നും ചിന്തിക്കാൻ സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് പൗലോസിനെ ഇവിടെ ബഹുവചനം ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിലൂടെ, ഈ മഹത്തായ അനുഗ്രഹം ക്രിസ്തുയേശുവിലായിരിക്കുന്ന എല്ലാവർക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നു.

അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.” “ക്രിസ്തുയേശുവിൽ ആയിരിക്കുക എന്നാൽ ദൈവത്തിന്‍റെ നീതിനിഷ്ഠമായ എല്ലാ ഇടപെടലുകളിലും ക്രിസ്തുവിനോട് ഒന്നായതായി കണക്കാക്കപ്പെടുക എന്നാണ്. അത് വിശ്വാസത്തിലൂടെ ക്രിസ്തുവുമായി ഐക്യപ്പെടുന്നതാണ്. ശിക്ഷാവിധിയിൽ നിന്ന് നാം രക്ഷിക്കപ്പെടുക എന്നത്   നമ്മുടെ സ്വന്തം നീതിയാലല്ല, മറിച്ച് നാം ക്രിസ്തുയേശുവിൽ ഉള്ളതുകൊണ്ട്  മാത്രമാണ് സാധ്യമായത്. ക്രിസ്തുയേശുവിലുള്ള വിശ്വാസി പെട്ടകത്തിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ട  നോഹയെപ്പോലെയാണ്. മുകളിൽ ആകാശം ഇരുണ്ട മേഘങ്ങളാൽ മൂടപ്പെട്ടപ്പോഴും, ആഴത്തിലുള്ള വെള്ളം ഉയർന്നു പൊങ്ങിയപ്പോഴും, ഒരു തുള്ളി വെള്ളം പോലും പെട്ടകത്തിൽ കയറാതെ, കൊടുങ്കാറ്റിൽ പെട്ടകം ആടിയുലഞ്ഞപ്പോഴും,  ആ വെള്ളപ്പൊക്കത്തിൽ തന്‍റെ സമാധാനം നഷ്ടപ്പെടാതെ,  സംരക്ഷിക്കപ്പെട്ട നോഹയെപ്പോലെയാണ്  അവൻ. ക്രിസ്തുയേശുവിലുള്ള വിശ്വാസി, യിസഹാക്ക് തിരിച്ചറിയാതെ  തന്‍റെ സഹോദരന്‍റെ വസ്ത്രത്തിൽ മറഞ്ഞിരുന്ന യാക്കോബിനെപ്പോലെ സുരക്ഷിതനാണ്. ക്രിസ്തുവിലുള്ള വിശ്വാസി- രക്തപ്രതികാരകനിൽ നിന്ന് രക്ഷപ്പെടാൻ ആശ്രയപുരത്തിൽ അഭയം പ്രാപിക്കുന്ന ഒരു കൊലപാതകിയെപ്പോലെ സുരക്ഷിതനാണ്.” (ഡാ|| വിൻലോ 1857). അതെ, ക്രിസ്തുയേശുവിൽ ഉള്ള കാരണത്താൽ ഒരു ശിക്ഷാവിധിയുമില്ല. ഹല്ലേലൂയാ...

അദ്ധ്യായം 2

ക്രിസ്ത്യാനിയുടെ ഉറപ്പ്

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു (റോമർ 8:28).

നൂറ്റാണ്ടുകളായി, ദൈവത്തെ സ്നേഹിക്കുന്ന നിരവധി പേർ ഈ അനുഗ്രഹ വചനത്താൽ ആശ്വാസം പ്രാപിക്കുകയും ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. കഷ്ടപ്പാടുകളിലും, പരീക്ഷകളിലും, ആശയക്കുഴപ്പങ്ങളിലും, ആ വാക്യം അവരുടെ കാൽക്കീഴിൽ കുലുങ്ങാത്ത ഒരു  പാറ പോലെ നിലനിന്നു. പുറമെ നോക്കുമ്പോൾ സാഹചര്യങ്ങൾ അവർക്ക് പ്രതികൂലമായി കാണപ്പെട്ടിട്ടും, സ്വാഭാവികമായി ആലോചിക്കുമ്പോൾ എല്ലാം  തിന്മയ്ക്കായിട്ട്  പ്രവർത്തിക്കുന്നതായി തോന്നിയിട്ടും, അവരുടെ വിശ്വാസം മാത്രം മറിച്ചാണ് ചിന്തിച്ചത്. അതുപോലെ, ഈ ദൈവികമായ വാഗ്ദാനത്തിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് വലിയ നഷ്ടം സംഭവിക്കുകയും അനാവശ്യമായ ഭയത്തിന് വിധേയരാകുകയും ചെയ്തു.

സകലവും കൂടി വ്യാപരിക്കുന്നു.ഇവിടെ നമ്മുടെ മനസ്സിനെ  സ്പർശിക്കുന്ന ആദ്യ വിഷയം എല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന ദൈവം എത്ര വലിയവനാണ് എന്നതാണ്! എത്ര ഭീകരമായ തിന്മ തുടർച്ചയായി പ്രവർത്തിക്കുന്നു? എണ്ണിയാലൊടുങ്ങാത്ത എത്ര ജീവജാലങ്ങളാണ് സൃഷ്ടിയിലുള്ളത്? തടസ്സങ്ങൾ സൃഷ്ടിക്കുന്ന സ്വാർത്ഥ മോഹങ്ങൾ എത്രത്തോളം വ്യാപകമാണ്? ദൈവത്തിനെതിരെ പോരാടുന്ന ശത്രുക്കളുടെ എണ്ണം എത്രയോ അധികമാണ്? ദൈവത്തിന്‍റെ പ്രവർത്തനങ്ങളെ നിരന്തരം എതിർക്കുന്ന എത്ര ദുഷ്ടശക്തികളാണ് ആകാശ മണ്ഡലങ്ങളിലുള്ളത്? എന്നിരുന്നാലും, എല്ലാവർക്കും എല്ലാറ്റിനും മീതെ  സർവ്വാധികാരിയായിരിക്കുന്ന ദൈവം, കുലുങ്ങിപ്പോകാതെ എല്ലാ സാഹചര്യങ്ങളെയും തന്‍റെ നിയന്ത്രണത്തിൽ  വച്ചിരിക്കുന്നു. അവിടെ, തന്‍റെ മഹത്വമുള്ള സിംഹാസനത്തിൽ നിന്ന്, അവൻ “സകലവും തന്‍റെ ഹിതത്തിന്‍റെ  ആലോചനപോലെ ചെയ്യുന്നു.” സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു. (യെശയ്യാവ് 40:17).

ഇങ്ങനെയുള്ള  ദൈവത്തിന്‍റെ മുമ്പിൽ നമുക്ക് ഭയമുള്ളവരായിരിക്കാം. "ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്ന് നാമമുള്ളവനുമായ" (യെശയ്യാവ് 57:15) അവന്‍റെ മുമ്പിൽ നമുക്ക് ഭക്തിയോടെ നമസ്കരിക്കാം. തിന്മയിൽ നിന്നും അതിശ്രേഷ്ടമായ നന്മയിലേയ്ക്ക് നമ്മെ  നയിക്കുവാന്‍ കഴിയുന്നവനെ നമുക്ക് സ്തുതിക്കാം, ആരാധിക്കാം.

“സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു”. പ്രകൃതിയിൽ  ശൂന്യം എന്നൊന്നില്ല, മാത്രമല്ല സൃഷ്ടിക്കപ്പെട്ടതില്‍ യാതൊന്നും അതിനെക്കുറിച്ചുള്ള  ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല. ഒന്നും നിഷ്ക്രിയമായി ഇരിക്കുന്നില്ല. ഓരോന്നും അതിനായി നിയമിക്കപ്പെട്ട ലക്ഷ്യം  നിറവേറ്റുന്നതിനായി ദൈവത്താൽ ചൈതന്യവൽക്കരിക്കപ്പെട്ടുന്നു. എല്ലാം അവയുടെ സൃഷ്ടാവിന്‍റെ ദൃഷ്ടിയിൽ അനുകൂലമായ ഒരു അവസാനത്തിലെത്താൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോന്നും അവന്‍റെ വ്യർത്ഥമല്ലാത്ത നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

സകലവും കൂടി വ്യാപരിക്കുന്നു.അവ വെറുതെ സംഭവിക്കുകയല്ല, ഒരുമിച്ച് ചേർന്ന് സംഭവിക്കുകയാണ്. എല്ലാം സമഗ്രമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആത്മീയ ശ്രവണശേഷിയുള്ള കാതുകൾക്ക് മാത്രമേ അവയുടെ സമതുലിതമായ സ്വരം കേൾക്കാൻ കഴിയൂ. എല്ലാം ഒത്തുചേർന്ന് പരസ്പര സഹായത്തോടെ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒറ്റയ്ക്ക്  വരുന്നത് അപൂർവ്വമാണ് എന്ന് പറയുന്നത്. മേഘത്തെ പിന്തുടർന്ന് മേഘവും,  കൊടുങ്കാറ്റിനെ പിന്തുടര്‍ന്ന് കൊടുങ്കാറ്റം വരുന്നു. ഇയ്യോബിന് സംഭവിച്ചതു പോലെ, ഒരു മോശം വാർത്തയ്ക്ക് ശേഷം കൂടുതൽ ദുഃഖകരമായ മറ്റൊരു വാർത്ത കടന്നു വരുന്നു. പാചകത്തിന്‍റെ മൂല്യം നിർണ്ണയിക്കുന്നത് അതിലെ ചേരുവകളുടെ മിശ്രിതത്താലാണ്. ദൈവത്തിന്‍റെ കാര്യങ്ങളും  ഇതുപോലെയാണ്. അവന്‍റെ പദ്ധതിയിലെ എല്ലാ സംഭവങ്ങളും വെറുതെ സംഭവിക്കുകയല്ല, ഒരുമിച്ച് ചേർന്ന് സംഭവിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ യിസ്രായേലിന്‍റെ മധുര ഗായകൻ, അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. (സങ്കീർത്തനങ്ങൾ 18:16) എന്ന് പറഞ്ഞിരിക്കുന്നു. “സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.വിശ്വസിക്കുന്നവര്‍ക്ക്, തങ്ങളുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമോ എത്ര അസംഖ്യമോ ആയാലും, അവ എല്ലാം നന്മയ്ക്കായി തീരുന്ന വിധത്തില്‍, അതായത് അവര്‍ക്ക് സ്വര്‍ഗ്ഗീയമായ നിത്യ അവകാശം ലഭിക്കുന്ന വിധത്തില്‍ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അപകടകരമായ കാര്യങ്ങളിൽ നിന്നുപോലും നമുക്ക് ഏറ്റവും വലിയ നന്മ കൈവരിക്കത്തക്കവണ്ണം  ദൈവത്തിന്‍റെ കരുതൽ എത്ര അത്ഭുതകരമാണ്! ആകാശഗോളങ്ങളെ അവയുടെ മണ്ഡലങ്ങളിൽ മാത്രം ഒതുക്കി നിയന്ത്രിക്കാനുള്ള അവന്‍റെ മഹത്തായ ശക്തിയിൽ നാം അത്ഭുതപ്പെട്ടേക്കാം; ഋതുക്കളും, കാലങ്ങളും അവയുടെ നിയമിക്കപ്പട്ട കാലങ്ങളിൽ സംഭവിക്കുന്നതും, ഭൂമി അങ്ങനെ പുതുക്കപ്പെടുന്നതും നമുക്ക് വലിയ അത്ഭുതം നൽകുന്ന ഒരു കാര്യമായിരിക്കാം; എന്നാൽ നമ്മുടെ ജീവിതത്തിലെ കഠിനമായ പരിസ്ഥിതികളില്‍ നിന്നും നമുക്ക് നന്മ ചെയ്ത്,ഒടുവില്‍ സാത്താന്‍റെ  ശക്തിയിൽ നിന്നും, വിദ്വേഷത്തിൽ നിന്നും, അവന്‍റെ അന്തർലീനമായ എല്ലാ വിനാശകരമായ കുതന്ത്രങ്ങളിൽ നിന്നു പോലും തന്‍റെ മക്കളെ വിടുവിച്ച് ക്ഷേമം നല്‍കുവാനുള്ള ദൈവത്തിന്‍റെ കഴിവാണ്, ഏറ്റവും അത്ഭുതകരമായ കാര്യം.

“സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു” ഇങ്ങനെ സംഭവിക്കുന്നതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി, സൃഷ്ടിയിലുള്ളതെല്ലാം അതിന്‍റെ  ഭരണാധികാരിയുടെ സംപൂർണ്ണ നിയന്ത്രണത്തിലാണ്; രണ്ടാമതായി, ദൈവം നമ്മുടെ നന്മ മാത്രം, കേവലം നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നതിനാൽ; മൂന്നാമതായി, ദൈവത്തിന്‍റെ അനുവാദമില്ലാതെ സാത്താനും നമ്മുടെ തലയിലെ ഒരു മുടി പോലും തൊടാൻ കഴിയില്ല; ഒരു പക്ഷേ തൊട്ടാലും അത് നമ്മുടെ നന്മയ്ക്കുവേണ്ടി മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ എന്നതുകൊണ്ട്‌ അവയുടെ പ്രവർത്തനങ്ങളിൽ  സ്വാഭാവികമായി നല്ലതല്ലെങ്കിലും, ദൈവം അവയെല്ലാം നമ്മുടെ നന്മയ്ക്കായി തീർക്കുന്നു. യാദൃശ്ചികമായി നമ്മുടെ ജീവിതത്തിലേയ്ക്ക് ഒന്നും കടന്നുവരുന്നില്ല; ഒരു ഉദ്ദേശവുമില്ലാതെ ഒന്നും സംഭവിക്കുന്നുമില്ല. എല്ലാം ദൈവത്തിന്‍റെ  ഉദ്ദേശ്യപ്രകാരവും നമ്മുടെ നന്മയ്ക്കുവേണ്ടിയുമാണ് സംഭവിക്കുന്നത്. ഓരോന്നും ദൈവത്തിന്‍റെ നിത്യമായ ഉദ്ദേശ്യത്തിനുള്ള ഒരു ഉപകരണമാണ്, അവന്‍റെ പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരാകാൻ നിർണ്ണയിക്കപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ്. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് എല്ലാ കഷ്ടപ്പാടുകളും, നഷ്ടങ്ങളും, പീഡനങ്ങളും താൻ തിരഞ്ഞെടുത്തവരുടെ നന്മയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്.

“ദൈവത്തെ സ്നേഹിക്കുന്നവർക്ക്” ഇതാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ പ്രത്യേകമായ അടയാളം. ഇതിനു വിപരീതമാണ് വീണ്ടും ജനനം പ്രാപിക്കാത്തവരുടെ അടയാളം. എന്നാൽ, വിശുദ്ധന്മാരെല്ലാവരും ദൈവത്തെ സ്നേഹിക്കുന്നു. അവരുടെ വിശ്വാസ നിലവാരങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; അവരുടെ സഭാ ക്രമങ്ങളിൽ  വ്യത്യാസങ്ങൾ ഉണ്ടാകാം, അവർക്കുള്ള ആത്മീയ വരങ്ങളില്‍ വ്യത്യാസമുണ്ടാകാം; എന്നിരുന്നാലും ഈ ഒരു കാര്യത്തിൽ അവര്‍ ഒരുപോലെയാണ്- അവരെല്ലാവരും ക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. രക്ഷകനെ സമ്മാനമായി നൽകിയതിന് അവർ ദൈവത്തെ സ്നേഹിക്കുന്നു.  ആശ്വാസദായകനായ ഒരു പിതാവായി കണ്ടുകൊണ്ട്‌ അവര്‍ ദൈവത്തെ സ്നേഹിക്കുന്നു. അവന്‍റെ മഹത്വം, വിശുദ്ധി, ജ്ഞാനം, വിശ്വസ്തത എന്നിവ നിമിത്തം അവർ അവനെ സ്നേഹിക്കുന്നു. അവന്‍റെ ക്രിയകൾ നിമിത്തം അവർ അവനെ സ്നേഹിക്കുന്നു. അവൻ നൽകുന്ന കാര്യങ്ങൾക്കും, നൽകാൻ വിസമ്മതിയ്ക്കുന്ന കാര്യങ്ങൾക്കും, അംഗീകരിക്കുന്ന കാര്യങ്ങൾക്കും, ശാസിക്കുന്ന കാര്യങ്ങൾക്കും അവർ അവനെ സ്നേഹിക്കുന്നു. അവൻ എല്ലാം നന്നായി ചെയ്യുമെന്ന് അറിയാവുന്നതിനാൽ, ശിക്ഷണത്തിനായി അവൻ ഉപയോഗിക്കുന്ന വടിയുടെ പേരിൽ പോലും അവർ അവനെ സ്നേഹിക്കുന്നു. അവനിലുള്ള ഏതിനും, അവനിൽ നിന്ന് വരുന്ന യാതൊന്നിനും, അവനെ സ്നേഹിക്കുന്നതിൽ നിന്ന് അവരെ തടയാൻ കഴിയില്ല. ഈ വിഷയത്തിൽ അവർക്കുള്ള ഉറപ്പ് ഇതാണ്: അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു (1 യോഹന്നാൻ 4:19).

ദൈവത്തെ സ്നേഹിക്കുന്നവർക്ക്.അയ്യോ, ഞാൻ എത്ര നിർഭാഗ്യവാനാണ്! എന്‍റെ ദൈവത്തെ ഞാൻ  എത്ര കുറച്ചാണ് സ്നേഹിക്കുന്നത്. എന്‍റെ  ഉള്ളിലെ സ്നേഹക്കുറവ് നിമിത്തം ഞാൻ ദുഃഖിക്കുന്നു. എന്‍റെ സ്നേഹം തണുത്തുപോയതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു. അതെ, ഞാൻ എന്നെ തന്നെയും ലോകത്തെയും വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, 'എന്‍റെ ദൈവത്തെ ഞാൻ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ടോ?' എന്ന ചോദ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാൽ, ദൈവത്തെ സ്നേഹിക്കാനുള്ള ആഗ്രഹം ഒരു നല്ല ലക്ഷണമല്ലേ? ഞാൻ അവനെ എത്രമാത്രം കുറച്ചു സ്നേഹിക്കുന്നു എന്ന സങ്കടം തന്നെ ഞാൻ അവനെ വെറുക്കുന്നില്ല എന്നതിന്‍റെ ഏറ്റവും ഉറപ്പായ തെളിവല്ലേ? ഓരോ തലമുറകളിലുമുള്ള  നിരവധി വിശുദ്ധന്മാർ അവരുടെ ഹൃദയകാഠിന്യവും നന്ദികേടും നിമിത്തം ഈ രീതിയിൽ വിലപിച്ചിട്ടുണ്ട്. ദൈവത്തെ സ്നേഹിക്കുക എന്നത് ഒരു സ്വർഗ്ഗീയ ആഗ്രഹമാണ്. എന്നാൽ ഭൗമിക ആകർഷണങ്ങളും സമ്മർദ്ദങ്ങളും വഴിയിൽ തടസ്സമായി നിൽക്കുന്നതിനാല്‍, ആത്മാവ് ഈ എളിയ ശരീരത്തിന്‍റെ  നിര്‍ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആ  നാട്ടിൽ എത്തുന്നതുവരെ ആ ദുരിതത്തിൽ നിന്ന് നമുക്ക് മോചനം നേടാനാവില്ല’ (ഡോ. ചാമേഴ്സ്).

"നിർണപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നെ." പുതിയ നിയമ ലേഖനങ്ങളില്‍ വിളിക്കപ്പെട്ടു എന്ന പദം ഒരിക്കലും സുവിശേഷത്തിൽ  വിശ്വസിക്കാൻ ബാഹ്യമായി വിളിക്കപ്പെട്ടു എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. അന്തരാത്മാവിനെ ഉത്തേജിപ്പിക്കുകയും, രക്ഷ  സാധ്യമാക്കുകയും ചെയ്യുന്ന  വിളിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഓരോ തവണയും  ഉപയോഗിച്ചിട്ടുള്ളത്. ഈ വിളിയെ ഉളവാക്കാനോ ഇല്ലാതാക്കാനോ അതിന്‍റെമേൽ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. ... യേശുക്രിസ്തുവിനായി വിളിക്കപ്പട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു... (റോമർ 1:6-7) ഇവിടെ ഈ അർത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ... റോമയിൽ ദൈവത്തിന് പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും (വന്ദനം)..............

പ്രിയ വായനക്കാരാ! ഈ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ ദൈവ ദാസന്മാരുടെ വിളി കേട്ടു, സുവിശേഷത്തിന്‍റെ വിളി കേട്ടു, മനസ്സാക്ഷിയുടെ വിളി കേട്ടു, എന്നാൽ പരിശുദ്ധാത്മാവിന്‍റെ ആന്തരികവും ഫലകരവുമായ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കും, മരണത്തിൽ നിന്ന് ജീവനിലേയ്ക്കും, ലോകത്തിൽ നിന്ന് ക്രിസ്തുവിലേയ്ക്കും, സ്വയത്തിൽ നിന്ന് ദൈവത്തിലേയ്ക്കും നിങ്ങൾ വിളിക്കപ്പെട്ടിട്ടുണ്ടോ?  നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ടോ എന്ന് നിശ്ചയിക്കുക എന്നതാണ്. ആ വിളിയുടെ ആനന്ദദായകവും ജീവദായകവുമായ സംഗീതം നിങ്ങളുടെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ടോ? പക്ഷേ എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഇത് നിർണ്ണയിക്കുന്നതിനുള്ള കൃത്യമായ ഒരു മാനദണ്ഡം നമ്മുടെ തലക്കെട്ടിലുള്ള വാക്യത്തിൽ തന്നെ നൽകപ്പെട്ടിരിക്കുന്നു. രക്ഷയ്ക്കായി ദൈവത്താൽ വിളിക്കപ്പെടുന്നവർ അവനെ കൂടുതൽ സ്നേഹിക്കുന്നവരാണ്. അവനെ വെറുക്കുന്നതിനു പകരം അവർ അവനെ മാനിക്കും. ഭയന്ന് അവന്‍റെ സന്നിധിയിൽ നിന്ന് ഓടിപ്പോകുന്നതിനു പകരം അവർ അവനെ അന്വേഷിക്കും. അവന്‍റെ മഹത്വത്തെ അവഗണിക്കുന്നതിനുപകരം, അവനെ പ്രീതിപ്പെടുത്താനും മഹത്വപ്പെടുത്താനും ആണ് അവർ ആഗ്രഹിക്കുന്നത്.

അവന്‍റെ നിർണയപ്രകാരം.ഈ വിളി മാനുഷികമായ യോഗ്യതകളുടയോ അയോഗ്യതകളുടയോ അടിസ്ഥാനത്തിലുള്ളതല്ല. ഇത് ദൈവത്തിന്‍റെ  നിര്‍ണ്ണയമനുസരിച്ച് സംഭവിക്കുന്ന വിളി മാത്രമാണ്.

അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു, നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകല കാലത്തിനും മുമ്പേ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും, ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിര്‍ണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. (2 തിമൊഥെയൊസ് 1:9-10).

തന്‍റെ സ്വന്ത നിര്‍ണ്ണയത്തിന് ഒത്തവണ്ണം – ഈ   വാക്കുകൾ ഈ വാക്യത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, ചിലർ ദൈവത്തെ സ്നേഹിക്കുകയും മറ്റുള്ളവർ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നത് ദൈവത്തിന്‍റെ സർവ്വാധികാരം നിമിത്തമാണെന്ന് പരിശുദ്ധാത്മാവ് സൂചിപ്പിക്കുന്നു. ഇത് അവരുടെ മഹത്വം കൊണ്ടല്ല, മറിച്ച് അവന്‍റെ സർവ്വാധികാര കൃപ കൊണ്ടാണ് സാധ്യമാകുന്നത്. ഈ വാക്കുകളിൽ പ്രായോഗിക മൂല്യവും അന്തർലീനമാണ്. കൃപയുടെ ഉപദേശങ്ങൾ വിശ്വാസപ്രമാണങ്ങൾ രൂപപ്പെടുത്താൻ വേണ്ടി മാത്രമല്ല നൽകപ്പെട്ടിരിക്കുന്നത്. ഭയത്താലും ആശങ്കയാലും  തകർന്നുപോയ ഹൃദയങ്ങളെ ദൈവസ്നേഹം കൊണ്ട് നിറയ്ക്കുക എന്നതാണ് അവ നൽകപ്പെടുന്നതിന്‍റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. ഈ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിരന്തരം ഒഴുകുന്ന വിധത്തില്‍, അതിന് കാരണമായ സ്രോതസ്സിൽ, അതിനെ പോഷിപ്പിക്കുന്ന ഉറവയിൽ, നാം നിരന്തരം ആശ്രയിക്കണം. മനോഹരമായ ഒരു ദൃശ്യത്തോടോ ചിത്രത്തോടോ  നമുക്കുള്ള വിലയും മതിപ്പും പുതുക്കാൻ, നാം അത് വീണ്ടും വീണ്ടും കാണേണ്ടതുണ്ട്. അതുപോലെ, നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം പുതുക്കുന്നതിന്, നാം വിശ്വസിച്ച സുവിശേഷ സത്യങ്ങളെക്കുറിച്ച് നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്. തിരുവെഴുത്തുകൾ ഈ തത്വം വ്യക്തമായി പഠിപ്പിക്കുന്നുമുണ്ട്.

“…നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങള്‍ ഓർക്കും”

(1 കൊരിന്ത്യർ 15:2).

പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥ മനസ്സ് ഉണർത്തുന്നു.

 (2 പത്രൊസ് 3:1-2).

എന്‍റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് കർത്താവ് പറഞ്ഞു. അതുകൊണ്ട് നാം  ദുഷ്ടന്മാരും അയോഗ്യരുമായിരിക്കുമ്പോൾ, ദൈവം തന്‍റെ  കൃപയാൽ നമ്മെ വിളിച്ച സമയത്തെക്കുറിച്ച് ഓർക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങളിൽ അവന്‍റെ സ്നേഹം പുതുക്കപ്പെടുന്നു. നരകത്തിനു മാത്രം യോഗ്യതയുണ്ടായിരുന്ന നിങ്ങളെ തീയിൽ നിന്ന് പുറത്തുകൊണ്ടുവന്ന ദൈവകൃപയെക്കുറിച്ച് ഓർക്കുമ്പോൾ, നിങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞൊഴുകും. മാത്രമല്ല, ദൈവത്തിന്‍റെ സർവ്വാധികാരവും നിത്യവുമായ ഉദ്ദേശ്യപ്രകാരം മാത്രമാണ് നിങ്ങൾ വിളിക്കപ്പെട്ടതെന്നും,  അതേസമയം മറ്റു പലരും ഉപേക്ഷിക്കപ്പെട്ടുവെന്നും നിങ്ങൾ മനസ്സിലാക്കുമ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകും.

തലക്കെട്ടിലുള്ള വാക്യത്തിന്‍റെ അവസാനം നാം അറിയുന്നു എന്ന വാക്ക് അപ്പോസ്തലൻ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന സത്യത്തെക്കുറിച്ചുള്ള അവബോധം ഓരോ വിശ്വാസിയുടെയും അനുഭവമാണെന്ന മട്ടിലാണ് അപ്പോസ്തലൻ ഇവിടെ സംസാരിക്കുന്നത്. ഈ അറിവ് വെറും സാങ്കൽപ്പിക വിശ്വാസത്തേക്കാൾ വളരെ ഉയർന്ന നിലവാരമുള്ളതാണ്. എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന വിശ്വാസം ഒരു വിശ്വാസിയുടെ ഹൃദയംഗമമായ ആഗ്രഹമോ പ്രത്യാശയോ മാത്രമല്ല, അതാണ് അവന്‍റെ പൂർണ്ണമായ ഉറപ്പ്. അറിയുന്നു എന്ന വാക്കിന്‍റെ അർത്ഥം ഇതാണ്. ഇത് ബൗദ്ധികമായ അറിവല്ല;  ആത്മീയമായ അറിവാണ്. നമ്മുടെ ഹൃദയങ്ങളിൽ നട്ടുപിടിപ്പിക്കപ്പെടുന്നതും നമുക്ക് ഉറപ്പ് നൽകുന്നതുമായ നിശ്ചിതമായ അറിവാണിത്. ആ കരുണാമയന്‍റെ ജ്ഞാനമുള്ള കൈയിൽ നിന്ന് വരുന്നതെല്ലാം സ്വീകരിക്കുന്ന വിശ്വാസത്തോടു കൂടിയ അറിവാണിത്. എന്നാൽ ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുമ്പോൾ, ഈ അറിവിൽ നിന്ന് നമുക്ക് ഒരു ആശ്വാസവും ലഭിക്കില്ല. വിശ്വാസം പ്രവർത്തനത്തിൽ ഇല്ലാത്തപ്പോഴും, അത് നമുക്ക് അടിസ്ഥാനമാകയില്ല. എന്നാൽ നാം കർത്താവുമായുള്ള കൂട്ടായ്മയിൽ ആയിരിക്കുമ്പോൾ, നമ്മുടെ ബലഹീനതകളിൽ നാം അവനിൽ പൂർണ്ണമായും ആശ്രയിക്കുമ്പോൾ, ഈ അനുഗ്രഹീത ഉറപ്പ് നമ്മുടേതായി മാറുന്നു.

സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3).

നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളുമായി പല തരത്തിൽ സാമ്യമുള്ള യാക്കോബിന്‍റെ കഥ, നമ്മുടെ തലക്കെട്ടിലുള്ള വാക്യത്തെ വിശദീകരിക്കുന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്. ഇരുണ്ടതും കനത്തതുമായ ഒരു മേഘം അവനെ മൂടുകയുണ്ടായി. കഠിനമായ പരീക്ഷണം അവന്‍റെ വിശ്വാസത്തെ ഉലച്ചു കളഞ്ഞു. അവന്‍റെ കാലുകൾ ഏതാണ്ട് വഴുതിപ്പോകുമെന്ന് തോന്നി. അവന്‍റെ വേദനാജനകമായ പരാതി കേട്ടാലും. “അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു” (ഉൽപത്തി 42:36). 

ഈ സാഹചര്യങ്ങൾ മങ്ങിക്കൊണ്ടിരിക്കുന്ന വിശ്വാസത്തിന് പ്രതികൂലമായി തോന്നിയെങ്കിലും, ആ നിമിഷം തന്നെ മഹത്വമേറിയതും ഫലപ്രദവുമായ ഒരു പ്രകാശവും മേഘരഹിതമായ സൂര്യാസ്തമയവും കാണാൻ   അവനെ പ്രാപ്തനാക്കത്തക്കവണ്ണം അവസാന മണിക്കൂറുകളിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ വികസിക്കുകയും സാധ്യമാക്കുകയും ചെയ്തു. എല്ലാം അവന്‍റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, അസ്വസ്ഥമായ ഹൃദയമേ, “അങ്ങേയറ്റത്തെ കഷ്ടതയുടെ കാലം” ഉടൻ തന്നെ അവസാനിക്കും. നാം ദൈവരാജ്യത്തിൽ പ്രവേശിക്കുമ്പോൾ, ഇപ്പോള്‍ കണ്ണാടിയില്‍ കടമൊഴിയായി കാണുന്നതുപോലെയല്ല, മുഖാമുഖമായി  അവനെ കാണുമ്പോള്‍, എല്ലാം നമ്മുടെ വ്യക്തിപരവും ശാശ്വതവുമായ നന്മയ്ക്കായി കൂടി വ്യാപരിച്ചുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

 അദ്ധ്യായം 3

കഷ്ടതകൾക്ക് പരിഹാരം

 

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു” (റോമർ 8:18).

ഈ വാക്കുകളുടെ എഴുത്തുകാർക്ക് കഷ്ടപ്പാടുകൾ തികച്ചും അപരിചിതമാണ് അല്ലെങ്കില്‍ ചെറിയ കഷ്ടപ്പാടുകൾ ഒഴികെ വലിയ പരീക്ഷണങ്ങളൊന്നും അവർ അനുഭവിച്ചിട്ടില്ല എന്ന് ചിലർ കരുതിയേക്കാം.   എന്നാൽ ഈ വാക്കുകൾ, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും നിരവധി പരീക്ഷണങ്ങളും കഷ്ടപ്പാടുകളും പീഡനങ്ങളും അനുഭവിക്കുകയും ചെയ്ത ഒരു അപ്പോസ്തലന്‍ പരിശുദ്ധാത്മാവിന്‍റെ  പ്രേരണയാൽ എഴുതിയ വാക്കുകളാണ്.

യെഹൂദരാൽ ഞാൻ ഒന്നു കുറയെ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു; മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്” 

(2 കൊരിന്ത്യർ 11:24-28).

“നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല”.   സുഖാനുഭവത്താൽ സംതൃപ്തനായി ജീവിതയാത്രയിൽ,   റോസാപ്പൂക്കൾ വിരിച്ച പരവതാനികളിൻ മേൽ സുഗമമായി നടക്കുമ്പോൾ ഉണ്ടാകുന്ന അനുഭവത്തിൽ നിന്ന് വരുന്ന വാക്കുകളല്ല ഇവ. നേരെമറിച്ച്, സ്വന്തം ജനങ്ങളാൽ തന്നെ വെറുക്കപ്പെടുകയും, കുഴഞ്ഞു വീഴത്തക്കവണ്ണം ശരീരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങുകയും, സുഖാനുഭവങ്ങൾ പോയിട്ട് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്ത  ഒരു മനുഷ്യന്‍റെ  വാക്കുകളാണിത്. ഇത്രയും കയ്പേറിയ അനുഭവങ്ങൾ നേരിട്ട ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മധുരമായ പ്രത്യാശ പ്രകടിപ്പിക്കാൻ കഴിയുന്നതെന്ന് നമുക്ക് എങ്ങനെ വിശദീകരിക്കാനാകും? ഈ പരീക്ഷകളെയും കഷ്ടപ്പാടുകളെയും മറികടക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ ആ രഹസ്യം എന്തായിരിക്കും?

വളരെയധികം കഷ്ടത അനുഭവിച്ച ഈ അപ്പോസ്തലൻ, ആദ്യമായി, ഒരു ക്രിസ്ത്യാനിക്ക് കഷ്ടതകൾ ഉണ്ടാകുമെങ്കിലും  അവ താൽക്കാലികമാണെന്ന് പറഞ്ഞുകൊണ്ട് സ്വയം ആശ്വസിച്ചു. അവ വർത്തമാനകാലത്തേയ്ക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന കഷ്ടതകളാണ്. ഈ കഷ്ടതകൾക്കും ക്രിസ്തുവിനെ നിരസിക്കുന്നവർക്ക് വരാനിരിക്കുന്ന കഷ്ടതകൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവരുടെ കഷ്ടതകൾ എന്നേക്കും നിലനിൽക്കും. അവർ നിത്യനരകത്തിലെ നിത്യാഗ്നിയിൽ നിത്യദണ്ഡനം അനുഭവിക്കും. എന്നാൽ വിശ്വാസിയുടെ കഷ്ടപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്. അവന്‍റെ  കഷ്ടപ്പാടുകൾ വിരിഞ്ഞു കൊഴിഞ്ഞു പോകുന്ന ഒരു പൂവിനെ പോലെയോ, കാണപ്പെടാതെ പോകുന്ന ഒരു നിഴലിനെ പോലെയോ ഈ ഭൗമിക ജീവിതത്തിലേയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടിപ്പോയാൽ കുറച്ചു വർഷങ്ങൾ മാത്രം; പിന്നെ നാം ഈ കണ്ണുനീർ താഴ്‌വര കടന്ന്,  ഞരക്കമോ നെടുവീർപ്പുകളോ ഒരിക്കലും കേൾക്കാത്ത, സന്തോഷത്തിന്‍റെ ആ നാട്ടിലേയ്ക്ക് പ്രവേശിക്കും.

രണ്ടാമതായി, നമ്മിൽ വെളിപ്പെടാൻ പോകുന്ന തേജസ്സ് അപ്പോസ്തലൻ വിശ്വാസക്കണ്ണുകളാൽ കണ്ടു. ഈ തേജസ്സ് അദ്ദേഹത്തിന് ഒരു മധുരസ്വപ്നത്തേക്കാൾ വളരെ വലുതായിരുന്നു. അത് അദ്ദേഹത്തിന് ഒരു ജീവിക്കുന്ന സത്യമാണ്. ആ വിശ്വാസം അദ്ദേഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുകയും,  ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹത്തിന് ആശ്വാസം നൽകുകയും ചെയ്തു. കഷ്ടതകളിൽ  വിശ്വാസത്തിന്  ഒരു യഥാർത്ഥ  പരീക്ഷയാണ് ഇത്; ക്രിസ്തുവിനെ സ്വീകരിച്ചവർക്ക് അവരുടെ കഷ്ടതകളിൽ വലിയ ആശ്വാസം ലഭിക്കുന്നു; എന്നാല്‍ അവിശ്വാസിക്ക് അത് ലഭിക്കില്ല. തങ്ങളുടെ പിതാവിന്‍റെ സന്നിധിയിൽ പൂർണ്ണമായ സന്തോഷമുണ്ടെന്ന് ദൈവമക്കൾക്കറിയാം. അവന്‍റെ വലതുഭാഗത്ത് എന്നും സന്തോഷ പരിപൂർണ്ണത ഉണ്ടെന്ന് അവർക്കറിയാം. അതുകൊണ്ട് ഒരു വിശ്വാസി അവയെ മുറുകെ പിടിക്കുന്നു, എല്ലാ ദുരന്തങ്ങളിലും അവ പ്രയോഗിക്കുകയും, അവ നൽകുന്ന ആശ്വാസവും സന്തോഷവും അപ്പോഴും അവന്‍ അനുഭവിക്കുകയും ചെയ്യുന്നു. അന്ന്‍    മരുഭൂമിയിൽ യിസ്രായേല്യർ തങ്ങൾക്ക് വാഗ്ദാന ദേശത്ത് ലഭിക്കാൻ പോകുന്ന കാര്യങ്ങൾ നോക്കി  പ്രോത്സാഹിപ്പിക്കപ്പെട്ടതുപോലെ, (സംഖ്യാപുസ്തകം 13:23-26); ഇന്നും കാഴ്ചയാൽ അല്ല, വിശ്വാസത്താൽ നടക്കുന്നവർ,  കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതുമായ കാര്യങ്ങളിൽ, അതായത്, ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു (1 കൊരിന്ത്യർ 2:9,10;).

മൂന്നാമതായി, “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ്” നിമിത്തം അപ്പോസ്തലൻ സന്തോഷിക്കുന്നു.  ഇതിന്‍റെ പൂർണ്ണമായ അർത്ഥം എന്താണെന്ന് ഇപ്പോൾ നമുക്ക്  അറിയില്ല.  എന്നിരുന്നാലും, തിരുവെഴുത്തുകൾ ഇതിനെക്കുറിച്ച് സൂചന മാത്രമല്ലാതെ കൂടുതൽ വിവരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ആ ദിവസം:-

  1. നമുക്ക് പൂർണ്ണതയുള്ള തേജസ്സിന്‍റെ ശരീരം ലഭിക്കും:

നാം മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്‍റെ  പ്രതിമയും ധരിക്കും”  (1 കൊരിന്ത്യർ 15:49).

അപമാനത്തിൽ വിതയ്ക്കപ്പെടുന്നത്, തേജസ്സിൽ ഉയര്‍ത്തപ്പെടും. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നത് ശക്തിയിൽ ഉയർത്തപ്പെടും. മർത്യമായത് അമർത്യമായി ഉയിർപ്പിക്കപ്പെടും, പാപത്തിൽ കുഴിച്ചിടപ്പെട്ട ശരീരം പാപരഹിതമായി ഉയിർത്തെഴുന്നേൽക്കും. ഈ വാക്കുകളുടെ അന്തരാർത്ഥം ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്‍റെ  വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലിപ്പിയർ 3:20-21).

  1. രൂപാന്തരപ്പെട്ട മനസ്സിന്‍റെ മഹത്വം നമുക്ക് ലഭിക്കും:

ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും” (1 കൊരിന്ത്യർ 13:12).

ആഹാ... ആ മഹത്തായ അറിവ് എത്ര തിളക്കമുള്ളതും പ്രകാശിക്കുന്നതുമായിരിക്കും! അത് എത്രമാത്രം പ്രകാശം പ്രസരിപ്പിക്കുന്നു! ആ അറിവിന് ഗ്രഹിക്കാനുള്ള കഴിവ് എത്രയോ കൂടുതലാണ്. അപ്പോൾ എല്ലാ രഹസ്യങ്ങളും വെളിപ്പെടും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും, എല്ലാ ചുളിവുകളും നികത്തപ്പെടും. അപ്പോൾ ദൈവവചനത്തിലെ എല്ലാ സത്യങ്ങളും, അവന്‍റെ ക്രമീകരണത്തിലെ എല്ലാ സംഭവങ്ങളും, അവന്‍റെ  പരിപാലനയിലെ ഓരോ തീരുമാനങ്ങളും, സൂര്യന്‍റെ പ്രകാശത്തേക്കാൾ വലിയ  മഹത്വത്തോടെയും, വ്യക്തമായും നമുക്ക് കാണാൻ കഴിയും. നിങ്ങളുടെ ആത്മീയ ഓർമ്മക്കുറവും ഗ്രഹണശേഷിയുടെ പരിമിതിയും ഓര്‍ത്ത് ഇപ്പോൾ വിഷമിക്കുന്നുണ്ടോ?  എങ്കില്‍ നിങ്ങളില്‍ വെളിപ്പെടുവാനുള്ള തേജസ്സിന്‍റെ പ്രത്യാശയില്‍ സന്തോഷിച്ചുകൊള്‍വിൻ. ആ ദിവസം, നിങ്ങളുടെ എല്ലാ ജ്ഞാനവും കഴിവുകളും പുതുക്കപ്പെടുകയും വികസിക്കുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്ത്, നിങ്ങൾ പൂർണ്ണമായി “അറിയപ്പെടുന്നതുപോലെ തന്നെ അറിയുകയും ചെയ്യും”.

  1. പൂർണ്ണമായ വിശുദ്ധിയുടെ മഹത്വം നമുക്ക് ലഭിക്കും:

ഇത് ഏറ്റവും മികച്ചതാണ്. ദൈവം നമ്മിൽ ചെയ്യുന്ന കൃപയുടെ പ്രവൃത്തി പൂർണ്ണമാക്കപ്പെടും. യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും (സങ്കീർത്തനം 138:8) എന്ന വാഗ്ദാനമാണ് നമുക്കുള്ളത്. നമ്മിൽ വിശുദ്ധിയും പരിപൂർണ്ണമാകേണ്ടതുണ്ട്. അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. (റോമർ 8:29).

“… അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു”  (1 യോഹന്നാൻ 3:2).  അപ്പോൾ നമ്മുടെ ഹൃദയങ്ങൾ ഇനി ഒരിക്കലും ദുഷ്ടചിന്തകളാൽ മലിനമാകില്ല. നമ്മുടെ മനസ്സാക്ഷി കുറ്റാരോപണങ്ങളാൽ ഇനി ഒരിക്കലും മലിനമാകില്ല. നമ്മുടെ ആഗ്രഹങ്ങൾ അയോഗ്യമായ കാര്യങ്ങളാൽ ഇനി ഒരിക്കലും നിയന്ത്രിക്കപ്പെടില്ല.

എത്ര അത്ഭുതകരമായ ഭാഗ്യാവസ്ഥ! പ്രകാശകിരണങ്ങളെ ഒട്ടും തന്നെ പ്രതിഫലിപ്പിക്കാൻ കഴിയാത്ത എനിക്ക് എത്ര മഹത്വമാണ് ലഭിക്കാൻ പോകുന്നത്! എത്ര അനുസരണമില്ലാത്തവൻ, എത്ര അയോഗ്യൻ, എത്ര പാപി, ഇങ്ങനെയുള്ള ഞാൻ വെളിച്ചത്തിന്‍റെ പിതാവുമായി  എത്ര ചെറിയ നിലയിൽ മാത്രമേ കൂട്ടായ്മയിൽ ജീവിക്കുന്നുള്ളൂ! ഇങ്ങനെയുള്ള എന്നിൽ ഈ മഹിമ പ്രകടമാകാൻ സാധ്യതയുണ്ടോ? അത് സാധ്യമാണെന്ന് മാറ്റമില്ലാത്ത  ദൈവത്തിന്‍റെ വചനം സ്ഥിരീകരിക്കുന്നു. ഒരുപക്ഷെ ഞാന്‍ ദൈവമഹത്വത്തിന്‍റെ പ്രതിബിംബമായ അവനിൽ വസിക്കുന്നതുകൊണ്ട്,   വെളിച്ചത്തിന്‍റെ മകനായാല്‍, ഇപ്പോൾ ലോകത്തിന്‍റെ ഇരുണ്ട നിഴലുകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നതെങ്കിലും, ഒരു ദിവസം ഞാൻ ആകാശത്തിലെ  വെളിച്ചങ്ങളെക്കാളും പ്രകാശിക്കും. നമ്മുടെ കർത്താവായ യേശു ഈ ഭൂമിയിലേക്ക് മടങ്ങിവരുമ്പോൾ, അവനിൽ വിശ്വസിച്ച എല്ലാവരുടെയും മുമ്പിൽ പ്രശംസിക്കപ്പെടും. ആ നാളിൽ അവൻ തന്‍റെ വിശുദ്ധന്മാരിൽ മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും വരുമ്പോൾ.... (2 തെസ്സലൊനീക്യർ 1:9)

ഒടുവിൽ, നാം ഇപ്പോൾ അനുഭവിക്കുന്ന "കഷ്ടതകളെ" നമ്മിൽ വെളിപ്പെടാൻ പോകുന്ന "തേജസ്സുമായി" അപ്പോസ്തലൻ താരതമ്യം ചെയ്യുകയും, ഇവ രണ്ടും തമ്മിൽ ഒരു സാമ്യവുമില്ലെന്ന് തീര്‍ത്തു പറയുകയും ചെയ്യുന്നു. ഒന്ന് അനശ്വരവും മറ്റൊന്ന് ശാശ്വതവുമാണ്. മിതത്വത്തിന് അമിതത്വവുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ, ഭൂമിയിലെ കഷ്ടപ്പാടുകൾക്ക് സ്വർഗ്ഗീയ മഹത്വവുമായി യാതൊരു ബന്ധവുമില്ല.

മഹത്വത്തിലെ ഒരു നിമിഷം ഒരു ജീവിതകാലത്തെ കഷ്ടപ്പാടിനേക്കാൾ വളരെ അധികമാണ്. ഇമ്മാനുവേലിന്‍റെ ദേശത്തിലെ മഹത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ, നാം കഷ്ടങ്ങളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍, രോഗം, ദാരിദ്ര്യം, എല്ലാത്തരം ദുഃഖങ്ങളും വിഷാദങ്ങളും എല്ലാം എത്ര നിസ്സാരമാണ്! ദൈവത്തിന്‍റെ വലതുഭാഗത്ത് നിത്യാനന്ദ നദിയിലെ ഒരു തുള്ളി, സ്വർഗ്ഗത്തിലെ ഒരു ശ്വാസം, രക്തം തളിച്ച സിംഹാസനത്തിൽ ഒരു മണിക്കൂർ, ഈ ലോകത്തിലെ കണ്ണുനീരിനും കഷ്ടപ്പാടുകൾക്കും ഒരു അതുല്യമായ പരിഹാരമാണ്. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടപ്പാടുകൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.

ദൈവത്തിന്‍റെ കൃപാമഹിമയ്ക്ക്  പുകഴ്ച ലഭിക്കത്തക്കവണ്ണം ഈ വാക്കുകൾ വിശ്വാസത്തോടെ അംഗീകരിക്കാനും, നിലവിലെ സാഹചര്യങ്ങളിൽ അവ പ്രായോഗികമാക്കുവാനും, അവ കൊണ്ടുവരുന്ന സന്തോഷം അനുഭവിക്കാനും വായനക്കാരെയും എഴുത്തുകാരനെയും പരിശുദ്ധാത്മാവ് സഹായിക്കട്ടെ!

 അദ്ധ്യായം 4

അനുഗ്രഹിക്കുന്ന വലിയ ദൈവം

സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമർ 8:32).

മുകളിൽ പറഞ്ഞ വാക്യം ദൈവികമായ ന്യായ വാദത്തിന് ഒരു നല്ല ഉദാഹരണമാണ്.   ഇതിൽ ഒരു കാരണം, അതിനെ അടിസ്ഥാനമാക്കിയുള്ള ഫലം ഇവ രണ്ടും ഉൾപ്പെട്ടിരിക്കുന്നു.   ദൈവം തന്‍റെ ജനത്തിനു വേണ്ടി ക്രിസ്തുവിനെ പോലും നൽകുന്നതിൽ നിന്ന് പിന്മാറിയില്ല എന്ന വസ്തുതയെ അടിസ്ഥാനമാക്കി, അവർക്ക് ആവശ്യമായതെല്ലാം ദൈവം തീർച്ചയായും നൽകുമെന്ന നിഗമനത്തിൽ എത്തുന്നത് നാം ഇവിടെ കാണുന്നു.  വിശുദ്ധ തിരുവെഴുത്തുകളിൽ ഇത്തരം ദിവ്യ ന്യായവാദങ്ങൾ ആവര്‍ത്തിച്ച്  ഉപയോഗിച്ചിരിക്കുന്നത് നമുക്ക് കാണാം.

ഉദാഹരണം:-

ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം” (മത്തായി 6:30).

ശത്രുക്കളായിരിക്കുമ്പോൾതന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പ് വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും” (റോമർ 5:10).

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!  (മത്തായി 7:11).

മുകളിൽ പറഞ്ഞ വാക്യങ്ങളിൽ കാണുന്നതുപോലെ, നമ്മുടെ താക്കോൽ വാക്യത്തിലെ ന്യായവാദവും നിഷേധിക്കാനാവാത്തതും, വ്യക്തമായി മനസ്സിലാക്കാവുന്നതും, മനസ്സിനെ നേരിട്ട് സ്പർശിക്കുന്നതുമാണ്. തന്‍റെ പുത്രനെ നമുക്ക് നൽകിയതിൽ നിന്നും നമ്മുടെ സ്നേഹനിധിയായ ദൈവം എത്ര കൃപയുള്ളവനാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. നമ്മുടെ മനസ്സുകളെ പഠിപ്പിക്കാൻ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും ഉറപ്പിക്കാനും കൂടിയാണ് ഇത് എഴുതപ്പെട്ടത്. ഈ വിധത്തിൽ തന്‍റെ പുത്രനെ നൽകിയത്, ദൈവം തന്‍റെ ജനത്തിന് ആവശ്യമായതെല്ലാം നൽകുമെന്നതിന്‍റെ  ഒരു ഉറപ്പാണ്. വലിയ കാര്യങ്ങളിൽ ഏറ്റവും ചെറിയവയും  ഉൾപ്പെട്ടിരിക്കുന്നതു പോലെ പറഞ്ഞറിയിക്കാൻ പറ്റാത്ത  ഈ വലിയ ആത്മീയ അനുഗ്രഹം, നമ്മുടെ താൽക്കാലിക ആവശ്യങ്ങൾ പോലും നൽകപ്പെടുമെന്നതിനുള്ള  ഉറപ്പാണ് നൽകുന്നത്. ഈ താക്കോൽ വാക്യത്തിലെ നാല് വിഷയങ്ങൾ നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.

  1. പിതാവിന്‍റെ വിലയേറിയ ത്യാഗം:

ഇത് നാം വളരെ കുറച്ചു മാത്രം ധ്യാനിക്കുന്ന  ഒരു പ്രധാനപ്പെട്ട സത്യത്തിന്‍റെ ഒരു വശത്തെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. ക്രിസ്തുവിന്‍റെ  ത്യാഗത്തെക്കുറിച്ച് കൂടെക്കൂടെ  ധ്യാനിക്കുകയും, മരണത്തേക്കാൾ ശക്തമായ അവന്‍റെ സ്നേഹത്തെയും, തന്‍റെ ജനത്തിന് വേണ്ടിയുള്ള  ഒരു കഷ്ടപ്പാടും വലുതല്ലെന്ന് കരുതുന്ന അവന്‍റെ കാരുണ്യത്തെയും നാം പുകഴ്ത്തുകയും ചെയ്യും. എന്നാൽ, തന്‍റെ പ്രിയപുത്രൻ സ്വർഗ്ഗീയ ഭവനം വിട്ടുപോകുന്നത് ദൈവത്തിന് എത്ര ദുഃഖകരമായിരിക്കണം! ദൈവം സ്നേഹത്തിന്‍റെ  മൂർത്തീഭാവമാണ്. സ്നേഹത്തെക്കാൾ ആർദ്രമായ മറ്റൊന്നില്ല. ദൈവം വികാരരഹിതനാണെന്ന് പറഞ്ഞ സ്റ്റോയിക്സ് എന്ന ഗ്രീക്ക് തത്ത്വചിന്തകരുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. തന്‍റെ പ്രിയപുത്രനെ അയച്ചത് ദൈവത്തിന്‍റെ ഹൃദയത്തെ വേദനിപ്പിച്ച ഒരു വലിയ ത്യാഗമായിരുന്നു.

ഈ വാക്യത്തിലെ വാഗ്ദാനത്തിന് അടിസ്ഥാനമായിരിക്കുന്ന ഗൗരവമേറിയ വാസ്തവത്തെക്കുറിച്ച് ശ്രദ്ധയോടെ ചിന്തിക്കുക. ദൈവം തന്‍റെ സ്വന്തം പുത്രനെ നൽകുന്നതിൽ നിന്ന് പുറകോട്ട് പോയില്ല. ഈ വാക്കുകൾ ഗൗരവമുള്ളതും, വ്യക്തവും, മനസ്സുരുക്കുന്നതുമാണ്. വീണ്ടെടുപ്പിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും വ്യക്തമായി അവനറിയാം. ന്യായപ്രമാണം  കഠിനവും, വഴങ്ങാത്തതും, അനുസരണം ആവശ്യപ്പെടുന്നതും, അത് ലംഘിക്കുന്നവർക്ക് മരണശിക്ഷ വിധിക്കുന്നതുമായിരിക്കുമ്പോൾ, നീതി വിട്ടുവീഴ്ചയില്ലാത്തതാകുമ്പോൾ, ദുഃഖിക്കാതെ കുറ്റക്കാരോട് കരുണ കാണിക്കാൻ വിസമ്മതിക്കുമ്പോൾ, വീണ്ടെടുപ്പ് നടപ്പിലാക്കാനുള്ള ഏക മാർഗ്ഗമായ തന്‍റെ പുത്രനെ അയയ്ക്കാൻ ദൈവം മടിച്ചില്ല.

ദൈവം സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കെല്ലാവർക്കും വേണ്ടി ഏല്പിച്ചു തന്നു.... പശുത്തൊട്ടിയിൽ  കിടക്കേണ്ടിവരുന്ന ദയനീയ സ്ഥിതിയും അപമാനവും, മനുഷ്യരുടെ നന്ദികേടും, തലചായ്ക്കാൻ പോലും ഇടമില്ലാത്ത ദുരവസ്ഥയും, ശത്രുക്കളുടെ വെറുപ്പും എതിർപ്പും, സാത്താന്‍റെ ശത്രുതയും, അവൻ വരുത്തുന്ന മുറിവും  എല്ലാം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിട്ടും ദൈവം തന്‍റെ പുത്രനെ ഏല്പിച്ചുതരാൻ മടിച്ചില്ല. ദൈവം തന്‍റെ വിശുദ്ധ ദൗത്യം നിറവേറ്റുന്നതിൽ ഒരു ഒഴികഴിവും നൽകിയില്ല. പാപത്തിന്‍റെയും  ശാപത്തിന്‍റെയും തീവ്രതയെ ഒട്ടും തന്നെ കുറച്ചില്ല. ദൈവം തന്‍റെ പുത്രനെ അയയ്ക്കാൻ മടിച്ചില്ല. അവസാനത്തെ ചില്ലി കാശും കൊടുത്തു തീർക്കണം. ദൈവക്രോധത്തിന്‍റെ പാനപാത്രത്തിലെ അവസാനത്തെ തുള്ളി വരെ (മട്ടു വരെ)  കുടിച്ചു തീർക്കണം. “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകേണമേ” എന്ന് തന്‍റെ പ്രിയപുത്രൻ ഗത്സമനയിൽ അപേക്ഷിച്ചിട്ടും, പിതാവ് അവനെ ഒരു ബലിയായി അർപ്പിക്കുന്നതിൽ നിന്നും പുറകോട്ട് പോയില്ല. ദുഷ്ടന്മാരുടെ കൈകൾ അവനെ ക്രൂശിക്കുകയും അവന്‍റെ കൈകളിൽ കാരിരുമ്പാണി അടിച്ചിറക്കിയപ്പോഴും,  "വാളേ എന്‍റെ  ഇടയന്‍റെ നേരെയും  എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക; ഒരു വാൾ വരട്ടെ എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്:  ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക" (സെഖര്യാവ് 13:7) എന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അലറിക്കരഞ്ഞു. എന്നിട്ടും ദൈവം തന്‍റെ പുത്രനെ നമുക്ക് നൽകാൻ മടിച്ചില്ല.

  1. പിതാവിന്‍റെ കൃപയോടു കൂടിയ ഉദ്ദേശ്യം:

നമുക്കെല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ. ഇത്രയും വിലയേറിയ ഒരു ത്യാഗം ചെയ്തതിലുള്ള പിതാവിന്‍റെ ഉദ്ദേശ്യം ഈ വാക്കുകൾ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കെല്ലാവർക്കും വേണ്ടി ഏല്പിച്ചു എന്നാല്‍, നാം രക്ഷിക്കപ്പെടേണ്ടതിന് തന്നെത്തന്നെ ഏല്പിച്ചു തരാൻ പിതാവ് മടിച്ചില്ല എന്നാണ് അർത്ഥം. ഇതിനർത്ഥം അവന് ക്രിസ്തുവിനോട് സ്നേഹം ഇല്ല എന്നല്ല, മറിച്ച് അവന് നമ്മോടുള്ള അത്ഭുതകരവും, സമാനതകളില്ലാത്തതും, വർണ്ണനാതീതവുമായ സ്നേഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അത്യുന്നതന്‍റെ ഈ അത്ഭുതകരമായ പദ്ധതിയിൽ ആശ്ചര്യപ്പെടുവിൻ.

തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).

ഈ സ്നേഹം ശരിക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. മാത്രമല്ല, അവൻ ഈ വിലയേറിയ ത്യാഗം ചെയ്തത് പിറുപിറപ്പോടെയോ മനസ്സില്ലാമനസ്സോടെയോ അല്ല, മറിച്ച് അവന്‍റെ  ഉന്നതമായ സ്നേഹത്താൽ സൗജന്യമായാണ്  ചെയ്തത്.

മത്സരികളായ യിസ്രായേൽ ജനതയോട് ദൈവം ഒരിക്കൽ തന്‍റെ സ്നേഹം പ്രകടിപ്പിച്ചു കൊണ്ട്, “എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ  വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചു കൊടുക്കും?” (ഹോശേയ 11:8). എന്ന് പറഞ്ഞു. തീർച്ചയായും, താൻ എല്ലാ ദിവസവും ആനന്ദിച്ച പരിശുദ്ധനായ തന്‍റെ പ്രിയപുത്രനെക്കുറിച്ച് ഇങ്ങനെ പറയാൻ അതിലും വലിയ കാരണമുണ്ട്. എന്നിട്ടും, ലജ്ജയും അപമാനവും അനുഭവിക്കാനും, വെറുപ്പും കഷ്ടതയും സഹിക്കാനും തന്‍റെ പുത്രനെ ഏൽപ്പിച്ചു കൊടുക്കാൻ  അവൻ മടിച്ചില്ല. മത്സരിയായ ആദാമിന്‍റെ സന്തതികളായി, വീണുപോയവരും, അശുദ്ധരും, ദുഷിച്ചവരും, പാപികളും, വിലയില്ലാത്തവരും, ദൈവത്തെ ഉപേക്ഷിച്ച് ദൂരദേശത്തേക്ക് ഓടിപ്പോയി, എല്ലാ സ്വത്തുക്കളും ദൂർനടപ്പിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് പാഴാക്കി കളഞ്ഞവരുമായ നമുക്കുവേണ്ടി അവനെ ഏൽപ്പിച്ചു തരാൻ അവൻ മടിച്ചില്ല. കാണാതെ പോയ ആടുകളെപ്പോലെ, നമ്മുടെ സ്വന്തം വഴികളിലേയ്ക്ക് തിരിഞ്ഞ, നമുക്ക് വേണ്ടിയാണ് അവനെ ഏൽപ്പിച്ചു തന്നത്. സ്വഭാവത്താൽ മറ്റുള്ളവരെപ്പോലെ ദൈവകോപത്തിന് പാത്രങ്ങളായിരുന്ന നമുക്കു വേണ്ടി, ഒരു നന്മയുമില്ലാത്ത നമുക്കു വേണ്ടി, അവനെ  ഏല്പിച്ചു തന്നു. അവന്‍റെ വിശുദ്ധിയെ വെറുക്കുകയും, അവന്‍റെ വചനത്തെ അവഗണിക്കുകയും, അവന്‍റെ കല്പനകളെ ലംഘിക്കുകയും, അവന്‍റെ  ആത്മാവിനെ എതിർക്കുകയും ചെയ്ത നമുക്കുവേണ്ടി അവനെ ഏല്പിച്ചുതന്നു. നിത്യനരകത്തിനു വിധിക്കപ്പെട്ടവരും നമ്മുടെ പാപങ്ങളുടെ മുഴുവൻ ശമ്പളവും സ്വീകരിക്കേണ്ടവരുമായ നമുക്ക് വേണ്ടി അവനെ ഏൽപ്പിച്ചു കൊടുത്തു.

അതെ സഹവിശ്വാസി! ചില സമയങ്ങളില്‍ കഷ്ടങ്ങള്‍ അനുഭവിക്കേണ്ടതായി വരുമ്പോള്‍ ദൈവം കഠിന ഹൃദയനാനെന്നും, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരുമ്പോള്‍ ദൈവം നിങ്ങളെ അവഗണിക്കുകയാണെന്നും, കൂരിരുള്‍ താഴ്വരയില്‍ കൂടി നടക്കേണ്ടി വരുമ്പോള്‍ അവന്‍ നിങ്ങളെ ഉപേക്ഷിച്ചു എന്നും ചിന്തിക്കുന്ന നിങ്ങള്‍ക്കുവേണ്ടിയാണ് അവനെ ഏല്‍പ്പിച്ചു തന്നത്. അതുകൊണ്ട് ദൈവനാമത്തെ അപമാനിക്കുന്ന രീതിയിലുള്ള ഇങ്ങനെയുള്ള സംശയ പാപങ്ങളെ നാം ഏറ്റുപറയുകയും, സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കെല്ലാവര്‍ക്കും വേണ്ടി ഏല്‍പ്പിച്ചു തന്നവന്‍റെ സ്നേഹത്തെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യാം.

താക്കോല്‍ വാക്യത്തിലെ “എല്ലാവര്‍ക്കും” എന്ന വാക്കിനെ പരിമിതപ്പെടുത്തി ‘നമുക്ക്’ എന്ന സര്‍വ്വനാമത്തെ ഉയര്‍ത്തിക്കാണിക്കാന്‍ മനസ്സാക്ഷി എന്നെ പ്രേരിപ്പിക്കുന്നു. ഇവിടെ ‘എല്ലാവര്‍ക്കും വേണ്ടി കൊടുത്തു’ എന്നല്ല, ‘നമുക്കെല്ലാവര്‍ക്കും വേണ്ടി ഏല്‍പ്പിച്ചു കൊടുത്തു’ എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ‘നമുക്ക്’ എന്ന വാക്ക് ആരെയാണ് സൂചിപ്പിക്കുന്നതെന്ന്, അതിനു മുമ്പുള്ള വാക്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. റോമര്‍ 8:31ല്‍ ‘ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്ക് പ്രതികൂലം ആര്‍?’ എന്ന ചോദ്യം നമുക്ക് കാണാം. റോമര്‍ 8:30 ല്‍ ‘നമുക്ക്’ എന്ന വാക്ക് മുന്നിയമിക്കപ്പെടുകയും, വിളിക്കപ്പെടുകയും, നീതീകരിക്കപ്പെടുകയും ചെയ്തവരെക്കുറിച്ചാണെന്ന് വ്യക്തമായി കാണാം. അതുകൊണ്ട് ‘നമുക്കെല്ലാവര്‍ക്കും വേണ്ടി’ എന്നാല്‍ ‘സ്വര്‍ഗ്ഗീയ മഹിമയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്‍റെ സര്‍വ്വാധികാര കൃപയ്ക്ക് അര്‍ഹരായവര്‍ക്കു വേണ്ടി’ എന്നാണ് അര്‍ത്ഥം. അവര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. സ്വഭാവത്തിലും പ്രായോഗികമായും അവരും ആ കോപത്തതിന് പാത്രങ്ങളാണ്. എങ്കിലും ദൈവത്തിനു സ്തോത്രം; ഈ വാഗ്ദാനം ‘നമുക്കെല്ലാവര്‍ക്കും’ ബാധകമാക്കപ്പെട്ടു. എളിയവര്‍ക്കും, ധനവാന്മാര്‍ക്കും അഞ്ഞൂറ് വെള്ളിക്കാശ് കടമുള്ളവര്‍ക്കും, അമ്പതു വെള്ളിക്കാശ് കടമുള്ളവര്‍ക്കും ചുരുക്കത്തില്‍ ‘നമുക്കെല്ലാവര്‍ക്കും’ ഈ വാഗ്ദാനം ബാധകമാണ്.               

  1. പരിശുദ്ധാത്മാവ് വ്യക്തമായി പറയുന്ന അനുഗ്രഹകരമായ   ഫലം:

താക്കോൽ വാക്യത്തിന്‍റെ ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കി, പരിശുദ്ധാത്മാവ് ഇവിടെ എന്താണ് പറയുന്നതെന്ന് ശ്രദ്ധാപൂർവ്വം ധ്യാനിക്കുക.  സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” ദൈവിക പ്രേരണയാല്‍ അപ്പോസ്തലൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ന്യായവാദം എത്ര നിർദ്ദിഷ്ടവും എത്ര ആശ്വാസപ്രദവുമാണ്! ഏറ്റവും മികച്ചത് നൽകാൻ മടിക്കാത്ത ദൈവം, അതിനെക്കാൾ കുറഞ്ഞ  ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റാൻ താൻ തയ്യാറാണെന്ന് വിശ്വാസിക്ക് ഉറപ്പുനൽകുന്നു. ദൈവം മനസ്സോടെയും നിരുപാധികമായും തന്‍റെ സ്വന്തം പുത്രനെ നമുക്ക് നൽകി എന്ന വസ്തുത, മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അവൻ പിന്മാറുകയില്ല എന്നതിന്‍റെ ഉറപ്പാണ്.

നിരവധി കഷ്ടങ്ങളിലൂടെ കടന്നു പോയി ഹൃദയം തളർന്നുപോയ ഒരു വിശ്വാസിക്ക്, ഈ സന്ദേശം ദൈവത്തിന്‍റെ മാറ്റമില്ലാത്ത, ശാശ്വതമായ പ്രത്യാശയുടെ ഒരു ദീപസ്തംഭമാണ്. ഏറ്റവും വലിയത്  ചെയ്ത ദൈവം ഏറ്റവും ചെറിയത് കൂടെ ചെയ്യില്ലേ? നിത്യസ്നേഹം ഒരിക്കലും മാറില്ല. ക്രിസ്തുവിനെപ്പോലും നൽകാൻ മടിക്കാത്ത സ്നേഹം മറ്റ് അനുഗ്രഹങ്ങൾ നൽകാൻ മടിക്കില്ല. ദുഃഖകരമായ കാര്യം എന്തെന്നാൽ, നമ്മുടെ ഹൃദയങ്ങൾ നമുക്കുള്ള കാര്യങ്ങളെക്കാൾ ഇല്ലാത്തതിനെക്കുറിച്ചാണ് കൂടുതൽ വിചാരപ്പെടുന്നത് എന്നതാണ്. അതുകൊണ്ട് ദൈവസ്നേഹത്തെയും അതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങളെയും നിരന്തരം ഓർമ്മിപ്പിക്കുന്നതിലൂടെ, ദൈവാത്മാവ് നമ്മുടെ ക്ഷീണിച്ച ഹൃദയങ്ങ വിചാരങ്ങളെ ശാന്തമാക്കുകയും, നമ്മുടെ അസ്വസ്ഥമായ ആത്മാക്കളെ സത്യത്തെക്കുറിച്ചുള്ള അറിവ് കൊണ്ട് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.

താക്കോൽ വാക്യത്തിലെ യുക്തി ശ്രദ്ധാപൂർവ്വം പരിഗണിക്കുക. ഒന്നാമതായി, ചോദിക്കാതെ തന്നെ തന്‍റെ പുത്രനെ വലിയ ഒരു സമ്മാനമായി നൽകിയവൻ, ചോദിച്ചാൽ മറ്റ് അനുഗ്രങ്ങൾ  നല്‍കാന്‍ എന്തിനാണ് വിസമ്മതിക്കുക? നമ്മളാരും സ്വന്ത പുത്രനെ നൽകണമെന്ന് ദൈവത്തോട് അപേക്ഷിച്ചിട്ടില്ല. എന്നിട്ടും ദൈവം അവനെ നമുക്ക് തന്നു. അതുകൊണ്ട് ഇപ്പോൾ നമുക്ക്  ക്രിസ്തുവിന്‍റെ മഹത്തായ നാമത്തിൽ ദൈവകൃപയുടെ സിംഹാസനത്തിലേക്ക് നമ്മുടെ അപേക്ഷകൾ കൊണ്ടുവരാൻ ഒരു  വലിയ  അവസരം ലഭിച്ചിരിക്കുന്നു.

രണ്ടാമതായി, ദൈവം നമുക്ക്  നൽകിയ മഹത്തായ ഈ ദാനം (ക്രിസ്തു) വളരെ വിലപ്പെട്ടതാണ്. അപ്പോൾ  അവൻ വില കുറഞ്ഞ മറ്റ് അനുഗ്രഹങ്ങൾ നൽകാൻ എന്തിനാണ് വിസമ്മതിക്കുക? ഒരു സുഹൃത്ത് എനിക്ക് ഒരു പെയിന്റിംഗ് സമ്മാനമായി തന്നാൽ, അതിനോടൊപ്പം അത് സൂക്ഷിക്കാൻ പേപ്പറും അത് കെട്ടാൻ ചരടും തരാതിരിക്കുമോ? അല്ലെങ്കിൽ ഒരുവൻ  തന്‍റെ  പ്രിയപ്പെട്ടവൾക്ക് വിലയേറിയ ഒരു ആഭരണം സമ്മാനമായി നൽകിയാൽ, അത് സൂക്ഷിക്കാൻ ഒരു ചെറിയ പെട്ടി കൂടി നല്കാന്‍ അയാൾക്ക് കഴിയില്ലേ? അങ്ങനെയെങ്കില്‍, സ്വന്തം പുത്രനെ പോലും നൽകാൻ മടിക്കാത്ത സ്വർഗ്ഗസ്ഥനായ പിതാവിന്, സത്യസന്ധമായി പ്രവർത്തിക്കുന്നവരിൽ നിന്ന് എല്ലാ നന്മകളും തടയാന്‍ എങ്ങനെയാണ് കഴിയുക?

മൂന്നാമതായി, നമ്മൾ ശത്രുക്കളായിരിക്കുമ്പോൾ തന്നെയാണ് ദൈവം നമുക്ക് ഈ വിലയേറിയ ദാനം (ക്രിസ്തു) നൽകിയത്. എന്നാല്‍  ഇപ്പോൾ അവനുമായി സമാധാനത്തിലായി, അവന്‍റെ കൃപയിലേക്ക് വന്ന്, അവന്‍റെ  സുഹൃത്തുക്കളായ നമുക്ക് എന്തുകൊണ്ട് എല്ലാം നൽകാതിരിക്കും?  നാം  പാപത്തിലായിരുന്നപ്പോൾ തന്നെ, നമ്മെക്കുറിച്ച്  ഉന്നതവും സ്നേഹനിർഭരമായ ഉദ്ദേശങ്ങൾ ഉള്ള ദൈവം, തന്‍റെ പുത്രന്‍റെ വിലയേറിയ രക്തത്താൽ കഴുകപ്പെട്ട നമുക്ക് വേണ്ടി, ഇപ്പോൾ കൂടുതൽ വലിയ നന്മ ചെയ്യാൻ ഇഷ്ടപ്പെടുന്നു.

  1. ആശ്വാസകരമായ ഒരു വാഗ്ദാനം:

ഈ താക്കോൽ വാക്യത്തിന്‍റെ അടുത്ത ഭാഗത്തുള്ള വാഗ്ദാനത്തിൽ ഉപയോഗിച്ചിരിക്കുന്ന സമയം ശ്രദ്ധിക്കുക. "അവനോടു കൂടെ സകലവും നമുക്കു നൽകി" എന്നല്ല, മറിച്ച്, "സകലതും നമുക്ക്  നൽകാതിരിക്കുമോ?" എന്നാണ് ഉള്ളത്. ഈ മഹത്തായ വാഗ്ദത്തം ദൈവം ഇതിനകം ചെയ്തിട്ടുള്ള നന്മകളെ എണ്ണിപ്പറയുക മാത്രമല്ല, ഇപ്പോഴും എന്നേയ്ക്കും നമുക്ക് ആവശ്യമായ സ്ഥിരമായ ഉറപ്പ് നൽകുകയും ചെയ്യുന്നു. നൽകാതിരിക്കുമോ?” എന്ന ചോദ്യത്തിന് ഒരു സമയപരിധിയും നിശ്ചയിക്കാൻ കഴിയില്ല. ഇന്നലെയും, ഇന്നും, എന്നേയ്ക്കും  ദൈവം തന്നെത്തന്നെ അനുഗ്രഹിക്കുന്ന വലിയ ദൈവമായി കാണിക്കുന്നു. ദൈവം ഒരിക്കലും തനിക്ക് മഹത്വവും നമുക്ക് പ്രയോജനവുമായിത്തീരുന്ന ഒരു നന്മയും ചെയ്യാതിരിക്കില്ല. ക്രിസ്തുവിനെ നമുക്കുവേണ്ടി നൽകിയ ദൈവത്തിൽ ഒരു അനിശ്ചിതത്വവുമില്ല.

ദൈവം നൽകുന്ന രീതി ശ്രദ്ധിക്കുക. അവനോടു കൂടെ സകലവും നമുക്കു നൽകാതിരിക്കുമോ?” എന്ന വാക്കുകൾ, മൂലഭാഷ അനുസരിച്ചു നോക്കുകയാണെങ്കിൽ, അവനോടു കൂടെ സകലവും  സൗജന്യമായി നൽകാതിരിക്കുമോ?” എന്ന് വിവർത്തനം ചെയ്യണം. (മലയാള വിവർത്തനത്തിൽ സൗജന്യമായി എന്ന വാക്ക് കാണുന്നില്ല.) സൗജന്യമായി എന്ന ഈ വാക്ക് ദൈവം നൽകുന്ന രീതിയെക്കുറിച്ചാണ് നമ്മോട് പറയുന്നത്. ദൈവത്തെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ആവശ്യമില്ല. നാം അതിയായി യാചിച്ചു കൊണ്ട് അതിജീവിക്കേണ്ട അശ്രദ്ധ ഒന്നും ദൈവത്തിൽ ഇല്ല. സ്വീകരിക്കുന്നതിനേക്കാൾ നൽകാൻ അവൻ കൂടുതൽ സന്നദ്ധനാണ്. വാസ്തവത്തിൽ, നമുക്ക് നന്മ ചെയ്യാൻ അവൻ നമ്മോട് കടപ്പെട്ടിരിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ, അവൻ സൗജന്യമായിട്ടല്ല, മറിച്ച് ഒരു കടക്കാരനായിട്ട് നന്മ ചെയ്യുമായിരുന്നു. തനിക്കുള്ളതിനെ  കൊണ്ട് ഇഷ്ടം  ഉള്ളതുപോലെ  ചെയ്യാനുള്ള അധികാരം അവനുണ്ടെന്ന് നാം എപ്പോഴും ഓർക്കണം. അവന്‍റെ ഇഷ്ട പ്രകാരം ആർക്കു വേണമെങ്കിലും നൽകാൻ അവന് സ്വാതന്ത്ര്യമുണ്ട്.

സൗജന്യമായി എന്ന വാക്ക് ദൈവം യാതൊരു നിബന്ധനകളും കൂടാതെ സൗജന്യമായി നൽകുന്നു എന്ന ആശയം നൽകുക മാത്രമല്ല, അവൻ തന്‍റെ ദാനങ്ങൾക്ക് ഒരു മൂല്യവും കൽപ്പിക്കുന്നില്ലെന്നും, തന്‍റെ അനുഗ്രഹങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നു. ദൈവം കാരുണ്യത്തിന്‍റെ  വ്യാപാരിയല്ല, അനുഗ്രഹങ്ങളുടെ വിൽപ്പനക്കാരനുമല്ല. അങ്ങനെയെങ്കിൽ, തന്‍റെ ഓരോ അനുഗ്രഹത്തിനും ന്യായമായ വില നൽകേണ്ടിവരും. അപ്പോൾ ആദാമിന്‍റെ സന്തതികളിൽ ആർക്കാണ് അവന്‍റെ കൃപകൾക്കും അനുഗ്രഹങ്ങൾക്കും വില നൽകാൻ കഴിയുക? ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ!

ദൈവകൃപയ്ക്ക് വില കല്പിക്കേണ്ട ആവശ്യമില്ല. അതിന്  വിലയില്ല, അവന്‍റെ കൃപയെ  അളക്കാൻ മനുഷ്യന് സാധ്യമല്ല. വാങ്ങുക അത്രത്തോളം പോലും സാധ്യമല്ല. അത് സൗജന്യമായി മാത്രം നൽകപ്പെടുന്നതാണ്. (യെശയ്യാവ് 55:1).

അവസാനമായി, അവന്‍റെ വാഗ്ദാനങ്ങളുടെ വിശാലതയിൽ സന്തോഷിക്കുക. അവനോടു കൂടെ സകലവും നമുക്ക് നല്‍കാതിരിക്കുമോ? എന്ന വാക്കുകളിലെ ദൈവത്തിന്‍റെ വാഗ്ദത്തം എത്ര വിശാലമാണെന്ന് പരിശുദ്ധാത്മാവ് ഇവിടെ നമുക്ക് വെളിപ്പെടുത്തുന്നു. , ക്രിസ്ത്യാനീ, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?

നിങ്ങൾക്ക് ക്ഷമ ആവശ്യമാണോ?

എങ്കിൽ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു (1 യോഹന്നാൻ 1:9), എന്ന് ദൈവം  വാഗ്ദാനം ചെയ്തിട്ടില്ലേ?

ഒരു പക്ഷെ കൃപയാണോ വേണ്ടത്?

നിങ്ങൾ സകലത്തിലും എപ്പോഴും പൂർണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നുഎന്ന് ദൈവം വാഗ്ദാനം ചെയ്തില്ലേ? (2 കൊരിന്ത്യർ 9:8).

ഒരു പക്ഷെ ജഡത്തിൽ ഒരു മുള്ളുണ്ടെങ്കിലോ?

ഇതും നൽകപ്പെടും. വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്‍റെ ദൂതനെ തന്നെ.  (2 കൊരിന്ത്യർ 12:7)

ഒരു പക്ഷെ വിശ്രമമാണോ വേണ്ടത്?

എന്നാൽ രക്ഷകന്‍റെ ക്ഷണം സ്വീകരിക്കൂ.

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും (മത്തായി 11:28).

ഒരു പക്ഷെ ആശ്വാസമാണോ വേണ്ടത്?

എന്നാൽ അവൻ സർവ്വാശ്വാസത്തിന്‍റെയും ദൈവമല്ലേ?” (2 കൊരിന്ത്യർ 1:3). അവനോടു കൂടെ സകലവും നമുക്കു നൽകാതിരിക്കുമോ?” ഒരു പക്ഷെ വായനക്കാരൻ ആഗ്രഹിക്കുന്നത്  ലൗകികമായ ആവശ്യങ്ങൾ ആണോ? നിങ്ങളുടെ പാത്രത്തിലെ ഭക്ഷണവും കുപ്പിയിലെ എണ്ണയും വളരെ  പെട്ടെന്ന് തീർന്നുപോകുമെന്നും നിങ്ങൾക്ക് ഒന്നും ശേഷിക്കില്ലെന്നും നിങ്ങൾ വിചാരപ്പെടുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ആവശ്യം ദൈവമുമ്പാകെ വച്ചുകൊണ്ട്, ഒരു കൊച്ചുകുട്ടിയെപ്പോലെ വിശ്വാസം പ്രകടിപ്പിക്കുക. ദൈവം വിലയേറിയ ആത്മീയ ദാനങ്ങൾ നൽകുമെന്നും,  ലൗകിക ആവശ്യങ്ങൾ അവഗണിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെ പറയരുത്.

എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയർ 4:19).

നീ ചോദിക്കുന്നതെല്ലാം തരാമെന്ന് അവൻ വാഗ്‌ദാനം ചെയ്‌തിട്ടില്ല എന്നത് ശരിയാണ്. കാരണം നാം പലപ്പോഴും നമ്മുടെ സ്വന്തം സുഖങ്ങൾക്കായി ദുരുദ്ദേശ്യത്തോടെ ചോദിക്കാം. താക്കോൽ വാക്യത്തിലെ വാഗ്ദാനത്തിന്‍റെ പരിമിതി വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക, അവനോടു കൂടെ സകലവും സൌജന്യമായി നമുക്കു നൽകാതിരിക്കുമോ?” “അവനോടു കൂടെ എന്ന വാക്കുകൾ ഈ വാഗ്ദാനത്തെ പരിമിതപ്പെടുത്തുന്ന ഒരു പ്രയോഗമാണ്. അതായത്, അവൻ എന്ത് നൽകിയാലും, അത് അവനോടൊപ്പം നൽകും. പലപ്പോഴും നാം ക്രിസ്തുവിനും നമുക്കും ഇടയിൽ തടസ്സമായി വരുന്ന  കാര്യങ്ങൾ ആവശ്യപ്പെടാറുണ്ട്, എന്നാൽ ദൈവം തന്‍റെ വിശ്വസ്തതയാൽ അവ നമുക്ക് നൽകുന്നില്ല.

പുതുക്കപ്പെട്ട ഓരോ ഹൃദയത്തെയും ആശ്വസിപ്പിക്കുന്ന നാല് വിഷയങ്ങൾ നാം ഇവിടെ ധ്യാനിക്കുകയുണ്ടായി.

പിതാവിന്‍റെ വിലയേറിയ ത്യാഗം. നമ്മുടെ ദൈവം അനുഗ്രഹിക്കുന്ന വലിയ ദൈവമാണ്. നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.

പിതാവിന്‍റെ കൃപയോടു കൂടിയ ഉദ്ദേശ്യം. ക്രിസ്തുവിനെ നമുക്ക് വേണ്ടി മാത്രമാണ് ഏല്പിച്ചു തന്നത്. ദൈവത്തിന്‍റെ കൃപയാലുള്ള ഉദ്ദേശ്യം നാം സമൃദ്ധമായും ശാശ്വതമായും അനുഗ്രഹിക്കപ്പെടുക എന്നതാണ്.

പരിശുദ്ധാത്മാവ് വ്യക്തമായി പറയുന്ന അനുഗ്രഹകരമായ ഫലം. ഏറ്റവും മെച്ചമായത് നൽകാൻ മടിക്കാത്ത ദൈവം, ഏറ്റവും ചെറിയ ആവശ്യങ്ങൾ  നിറവേറ്റാനും തയ്യാറാണ്. തന്‍റെ സ്വന്ത പുത്രനെ നമുക്ക് വേണ്ടി നൽകി എന്ന വസ്തുത, നമ്മുടെ മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവൻ പുറകോട്ട് പോകില്ല എന്നതിന്‍റെ ഉറപ്പാണ്.

ആശ്വാസകരമായ ഒരു വാഗ്ദാനം. ഈ വാഗ്ദാനം വർത്തമാനകാലത്തിനും വരാനിരിക്കുന്ന കാലത്തിനും ഒരു അനുഗ്രഹമാണ്, നമ്മുടെ ഹൃദയങ്ങളിൽ പ്രത്യാശയും മനസ്സുകളിൽ സമാധാനവും ഉളവാക്കുന്ന ഒരു ആശ്വാസമാണ്. ഈ ചെറിയ ധ്യാനത്തെ കർത്താവ് തന്‍റെ അനുഗ്രഹങ്ങളാൽ നിറയ്ക്കട്ടെ.

 അദ്ധ്യായം 5

ഓർക്കുന്ന ദൈവം

നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്” (സങ്കീർത്തനങ്ങൾ 136:23).

നമ്മെ ഓർത്തവന്ഇത് കൂടെക്കൂടെ മറന്നുപോകുന്ന നമ്മുടെ സ്വഭാവത്തിന് വിരുദ്ധമായ ദൈവത്തിന്‍റെ നല്ല സ്വഭാവമാണ്. നമ്മുടെ മറ്റ് കഴിവുകളെപ്പോലെ, നമ്മുടെ ഓർമ്മശക്തിയും വീഴ്ചയാൽ ബാധിക്കപ്പെടുകയും ദുഷിക്കപ്പെടുകയും ചെയ്തു. ഉപയോഗശൂന്യമായ കാര്യങ്ങൾ ഓർമ്മിക്കാനുള്ള ശക്തിയും ഉപയോഗപ്രദമായ കാര്യങ്ങൾ മറന്നു പോകുന്ന ബലഹീനതയും ഇതിന് തെളിവാണ്. അർത്ഥശൂന്യമായ കുട്ടികവിതകളോ അല്ലെങ്കിൽ യൌവ്വനത്തിൽ പാടിയതോ കേട്ടതോ ആയ ഒരു ഗാനമോ ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ ഓർമ്മയിൽ ഉണ്ടാകും. എന്നാൽ  പ്രയോജനകരമായ ഒരു ദൈവീക സന്ദേശം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മറന്നുപോകുന്നു. എന്നാൽ ഏറ്റവും ദുഃഖകരവും ഗൗരവമേറിയതുമായ സത്യം, നാം ദൈവത്തെയും അവന്‍റെ അളവറ്റ കാരുണ്യത്തെയും എളുപ്പത്തിൽ മറന്നു പോകുന്നു എന്നതാണ്. എന്നാൽ ദൈവത്തിന് സ്തോത്രം! അവന്‍ ഒരിക്കലും നമ്മെ മറക്കില്ല; അവൻ വിശ്വസ്തതയോടെ ഓർക്കുന്ന ദൈവമാണ്.

തിരുവെഴുത്തിൽ ആദ്യമായി അഞ്ച് പ്രാവശ്യം ഓർക്കുക എന്ന വാക്ക്  ഉപയോഗിച്ചിരിക്കുന്നത്  ദൈവത്തെക്കുറിച്ചാണെന്ന് കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി.

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു…” (ഉൽപത്തി 8:1).

വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും” (ഉൽപത്തി 9:16).

എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്ത്, ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു. (ഉൽപത്തി 19:29).

എന്നാൽ ഈ വാക്ക് ആദ്യമായി ഒരു മനുഷ്യന്‍റെ  കാര്യത്തിൽ ഉപയോഗിച്ചത് എപ്പോഴാണെന്ന് നോക്കൂ.

എങ്കിലും, പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു (ഉല്പത്തി 40:23).

താക്കോൽ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന ചരിത്ര പശ്ചാത്തലം  മിസ്രയീമിലെ ഇഷ്ടിക ചൂളകളിൽ കഷ്ടം അനുഭവിച്ച യിസ്രായേലിനെ ക്കുറിച്ചുള്ളതാണ്. അവിടെ അവർ വളരെ മോശം അവസ്ഥയിലായിരുന്നു. അടിമത്തത്തില്‍, കരുണയില്ലാത്ത ഉദ്യോഗസ്ഥരുടെ അടിയാൽ ഞരങ്ങികൊണ്ട്, ദൈവത്തെ അറിയാത്ത കഠിനഹൃദയനായ ഒരു രാജാവിനാൽ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയിലായിരുന്നു അവർ. ദുരിതമനുഭവിക്കുന്നവരുടെ നിലവിളിക്ക്  അവൻ ചെവിചായിച്ചു. അവരുടെ താഴ്ചയിൽ അവൻ അവരെ ഓർത്തു. ഇതിനുള്ള കാരണം എന്താണ്? പുറപ്പാട് 2:24,25 ല്‍ ഇപ്രകാരം പറയുന്നു ദൈവം അവരെ കടാക്ഷിച്ചു.

എന്നിരുന്നാലും, തലക്കെട്ടിലുള്ള വാക്യം അബ്രഹാമിന്‍റെ അക്ഷരാർത്ഥ സന്തതികളായ യിസ്രായേൽ  മക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. ഇത് ദൈവത്തിന്‍റെ യിസ്രായേലിനും  (ഗലാത്യർ 6:16) ബാധകമാണ്. രക്ഷയിൽ പങ്കുചേരുന്ന  ഇന്നത്തെ വിശ്വാസികൾക്കും സങ്കീർത്തനക്കാരനോട് ചേർന്ന്  "നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്" എന്ന് പറയാൻ കഴിയും.

നമ്മുടെ സ്വാഭാവിക സ്ഥിതി എത്ര ദയനീയമായിട്ടാണ് ഇരിക്കുന്നത്! നമ്മുടെ വീഴ്ചയുടെ അവസ്ഥയിൽ, നമ്മെത്തന്നെ രക്ഷിക്കാൻ കഴിയാത്തവിധം നാം ദൗർഭാഗ്യകരമായ സ്ഥിതിയിലും  ദുഷ്ടതയിലും വീണുകിടക്കുകയാണ്. എന്നാൽ  തന്‍റെ അത്ഭുതകരമായ കൃപയാൽ ദൈവം നമ്മോട് കരുണ കാണിച്ചു. അവൻ തന്‍റെ ബലമുള്ള കൈ താഴേയ്ക്ക് ചായിച്ചു കൊണ്ട് നമ്മെ വീണ്ടെടുത്തു;  നാം വീണുകിടന്ന സ്ഥലത്തേയ്ക്ക് അവൻ വന്ന് നമ്മെ കണ്ട് നമ്മോട് കരുണ കാണിച്ചു (ലൂക്കോസ് 10:30-33). അതുകൊണ്ട് ഓരോ ക്രിസ്ത്യാനിയ്ക്കും, നാശകരമായ  കുഴിയിൽ നിന്നും, കുഴഞ്ഞ ചേറ്റിൽ  നിന്നും അവൻ എന്നെ കയറ്റി എന്ന് പറയാൻ കഴിയും (സങ്കീർത്തനം 40:2).

എന്തുകൊണ്ടാണ് അവൻ നമ്മെ ഓർക്കുന്നത്?  ഓർക്കുക എന്ന വാക്ക് മുന്നമേ നമുക്കുവേണ്ടിയുള്ള അവന്‍റെ കരുണയോടെയുള്ള ആലോചനയെ സൂചിപ്പിക്കുന്നു! മിസ്രയീമിലുള്ള യിസ്രായേൽ മക്കളെ അവൻ ഓർത്തതുപോലെ, നമ്മുടെ വീഴ്ചയിൽ അവൻ നമ്മെയും ഓർത്തു. നിത്യത മുതൽ നമ്മുടെ പൂര്‍വ്വികരുമായി താന്‍ ചെയ്ത ഉടമ്പടി അവൻ ഓർത്തു. തീത്തൊസ് 1:2-4-ൽ നാം വായിക്കുന്നതുപോലെ, പുരാതന കാലം മുതൽക്കേ ഭോഷ്ക് പറയാത്ത  ദൈവം നിത്യജീവൻ നമുക്കു വാഗ്ദാനം ചെയ്തു. ക്രിസ്തു ആർക്കുവേണ്ടിയാണോ തന്‍റെ ജീവൻ അർപ്പിച്ചത് അവർക്ക് ആ നിത്യജീവൻ നൽകുമെന്നുള്ള വാഗ്ദാനവും നിത്യതയിൽ തന്നെ ക്രിസ്തുവില്‍  നല്‍കപ്പെട്ടു.

ലോകസ്ഥാപനത്തിന്നു മുമ്പെ ക്രിസ്തുവിൽ നമ്മെ തിരഞ്ഞെടുത്തു, തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം... (എഫെസ്യർ 1:4). ദൈവം നമ്മെ ഓർത്തതു കൊണ്ടാണ് അവൻ തക്കസമയത്ത് നമ്മെ മരണത്തിൽനിന്നു ജീവനിലേയ്ക്കു കൊണ്ടുവന്നത്.

എന്നിരുന്നാലും, ഈ അനുഗ്രഹീതമായ താക്കോൽ വാക്യത്തിന്‍റെ സന്ദേശം ദൈവത്തിന്‍റെ രക്ഷാകര കൃപയെക്കുറിച്ചുള്ള നമ്മുടെ പ്രാരംഭ അനുഭവത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഈ പ്രസ്താവനയുടെ പിന്നിലെ ചരിത്രം, ഈ വാക്യത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിരീകരിക്കപ്പെട്ടതുപോലെ, അവർ മിസ്രയീമിൽ ആയിരുന്നപ്പോൾ മാത്രമാണ് ദൈവം അവരെ ഓർത്തത് എന്നല്ല, മറിച്ച് വാഗ്ദത്ത ദേശത്തേക്കുള്ള മരുഭൂമിയിലെ യാത്രയിലുടനീളം  അവൻ അവരെ ഓർത്തു എന്ന് കാണുവാൻ കഴിയും. മരുഭൂമിയിലെ യിസ്രായേല്യരുടെ എല്ലാ അനുഭവങ്ങളും ശത്രുവായ  ഈ ലോകത്തിലൂടെയുള്ള ഒരു വിശ്വാസിയുടെ യാത്രയുടെ മുൻനിഴലാകുന്നു. യഹോവ അവരെ ഓർക്കുകയും അവരുടെ ആവശ്യങ്ങളും വിശപ്പും  ഓരോ ദിവസവും തീര്‍ക്കുകയും ചെയ്തുവെന്ന സത്യം, നമ്മുടെ സ്വർഗ്ഗീയ ഭവനത്തിലേയ്ക്ക്  യാത്ര ചെയ്യുന്ന നമ്മോടുള്ള അവന്‍റെ കൃപയുടെ കരുതലുകൾക്ക്  അടയാളമാണ്.

ഭൂമിയിൽ ഇപ്പോൾ നമ്മൾ ഉള്ള അവസ്ഥ വളരെ ദയനീയമാണ്. കാരണം നാം  ഇനിയും വാഴുന്നവരായിട്ടല്ല ഉള്ളത്. എങ്കിലും നമ്മുടെ ദൈവം എപ്പോഴും നമ്മെ ഓർക്കുന്നു. അവൻ ഓരോ നിമിഷവും തന്‍റെ കൃപ നമുക്ക് നല്‍കുന്നു.

"നാം താഴ്ചയിൽ  ആയിരുന്നപ്പോൾ അവൻ നമ്മെ ഓർത്തു."

അനുകൂലമായ സാഹചര്യങ്ങൾ എപ്പോഴും സാധ്യമല്ലെന്ന് നമ്മുടെ  അനുഭവങ്ങളിൽ നിന്ന് നമുക്കറിയാം. സൂര്യപ്രകാശത്തിന്‍റെ തിളക്കമാർന്ന ദിവസങ്ങൾ പിന്നിടുമ്പോള്‍ മേഘങ്ങൾകൊണ്ട് മൂടപ്പെട്ട ഇരുണ്ട ദിനങ്ങളും വരും. വേനൽക്കാലത്തിനു ശേഷം ശൈത്യകാലവും വരുന്നു. നിരാശകളും, പ്രയാസങ്ങളും, നെടുവീർപ്പുകളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് നമ്മുടെ അവസ്ഥയെ ദുരിതപൂർണ്ണമാക്കിയിട്ടുണ്ട്, പലപ്പോഴും നമ്മുടെ സുഹൃത്തുക്കൾ, നമുക്ക് അവരുടെ പിന്തുണ ആവശ്യമുള്ള സമയത്തു തന്നെ നമ്മെ നിരാശപ്പെടുത്തിയിട്ടുണ്ട്. നമ്മെ സഹായിക്കുമെന്ന് നാം കരുതിയവർ നമ്മെ ഉപേക്ഷിച്ചിരിക്കുന്നു. എങ്കിലും അപ്പോഴും നമ്മെ ഓർക്കുന്ന”, ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണെന്ന് തെളിയിച്ച ഒരുവൻ നമ്മോടൊപ്പമുണ്ട്. അപ്പോൾ, പിന്നെയും നമ്മുടെ  ജീവിതത്തിൽ, “യഹോവ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.” എന്ന സത്യം തെളിയിക്കപ്പെടും (1 ദിനവൃത്താന്തം 16:34).

 നമ്മുടെ താഴ്ചയിൽ അവൻ നമ്മെ ഓർത്തു ഈ വാക്കുകൾ മറ്റൊരു സാഹചര്യത്തിലും, അതായത് നിങ്ങളുടെ ആദ്യസ്നേഹം നിങ്ങൾ വിട്ടുകളഞ്ഞ സമയങ്ങൾക്കും പ്രയോഗിക്കാവുന്നതാണ്. അപ്പോൾ  നിന്‍റെ  ഹൃദയം തണുക്കുകയും, നിന്‍റെ ജീവിതം ഈ ലോകവും അതിലുള്ളവയും കൊണ്ട് നിറയപ്പെടുകയും ചെയ്തു. അപ്പോൾ നീ  നിന്‍റെ പഴയ അവസ്ഥയിലേക്ക് തരംതാണു പോയി. അപ്പോൾ നിങ്ങളുടെ അവസ്ഥ ഏറ്റവും ദയനീയമായിതീർന്നു. എന്നിട്ടും  വിശ്വസ്തനായ ദൈവം നിന്നെ ഓർത്തു. അതെ, നമ്മളോരോരുത്തരും സങ്കീർത്തനക്കാരനോട് ചേർന്ന്, എന്‍റെ  പ്രാണനെ അവൻ  തണുപ്പിക്കുന്നു” (മൂലഭാഷ അനുസരിച്ച് - 'അവൻ എന്‍റെ  ആത്മാവിനെ പുനഃരുദ്ധരിക്കുന്നു') തിരുനാമം നിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.” (സങ്കീർത്തനം 23:4) എന്ന് പറയാൻ എത്രയോ കാരണമുണ്ട്.

“നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്”. ഈ വാക്കുകൾ വിശ്വാസിയുടെ ജീവിതത്തിലെ മറ്റൊരു സാഹചര്യത്തിലും പ്രയോഗിക്കാവുന്നതാണ്. അവന്‍റെ  ജീവിതത്തിലെ അവസാനത്തേതും  വലുതുമായ പരീക്ഷ, അതായത് അവൻ  ഈ ലോകം വിട്ടുപോകുന്ന നിമിഷം. ശരീരത്തിലെ ജീവന് ആധാരമായതെല്ലാം മന്ദഗതിയിലാവുകയും,  സ്വാഭാവികമായുള്ള എല്ലാ ശക്തികളും നഷ്ടപ്പെടുകയും ചെയ്യുമ്പോൾ അവന്‍റെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. പക്ഷേ അപ്പോഴും കർത്താവ് നമ്മെ ഓർക്കുന്നു.

അവന്‍റെ ദയ എന്നേക്കുമുള്ളത്” നമ്മുടെ ബലഹീനതയിൽ അവന്‍റെ ശക്തി പൂര്‍ണ്ണമാകുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ്, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ  നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും, (യെശയ്യാവ് 41:10) എന്ന ആശ്വാസത്തിന്‍റെ വാഗ്ദാനങ്ങൾ നിറവേറ്റി കൊണ്ട് അവൻ നമ്മെ ഓർക്കുന്നത്.

നാം താഴ്ചയിൽ ആയിരുന്നപ്പോൾ അവൻ നമ്മെ ഓർത്തു.തീർച്ചയായും, ഈ താക്കോൽ  വാക്യം, നാം  നിത്യഭവനത്തിൽ അവനോടൊപ്പം ആയിരിക്കുമ്പോൾ അവനെ സ്തുതിക്കുന്നതിന് ഉചിതമായ വാക്കുകൾ നമുക്ക് നൽകുന്നു. അവന്‍റെ ഉടമ്പടിയുടെ വിശ്വസ്തതയ്ക്കും, അതുല്യമായ കൃപയ്ക്കും, അവന്‍റെ കരുണയ്ക്കും, “നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തതിനും” നാം അവനെ എത്രത്തോളം സ്തുതിക്കണം.അപ്പോൾ, നാം പൂർണ്ണമായി അറിയപ്പെടുന്നതുപോലെ അറിയും.അപ്പോൾ നമ്മുടെ ഓർമ്മ പുതുക്കപ്പെടുകയും നാം പൂർണത പ്രാപിക്കുകയും ചെയ്യുന്നതു കൊണ്ട്, അവൻ നമ്മെ നയിച്ച  പാത മുഴുവനും നാം ഓർക്കും. വിശ്വസ്തമായ അവന്‍റെ നടത്തിപ്പിനെ നന്ദിയോടും സന്തോഷത്തോടും കൂടെ നമുക്ക് ഓർക്കാം.

“അവന്‍റെ ദയ എന്നേക്കുമുള്ളത്” എന്ന് ആരാധനാഭാവത്തോടെ നമുക്ക് അംഗീകരിക്കാം.

 അദ്ധ്യായം  6

അഗ്നിയാൽ  പരീക്ഷിക്കപ്പെടൽ

എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും” (ഇയ്യോബ് 23:10).

ഇയ്യോബ് ഇവിടെ തന്നെതന്നെ തിരുത്തുകയാണ്. ഈ അദ്ധ്യായത്തിന്‍റെ  തുടക്കത്തിൽ, ഇന്നും എന്‍റെ സങ്കടം കൊടിയതാകുന്നു; അവന്‍റെ കൈ എന്‍റെ  ഞരക്കത്തിന്മേൽ ഭാരമാകുന്നു” (ഇയ്യോബ് 23:2). എന്ന് ഇയ്യോബ് പരാതിപ്പെടുന്നത് നമുക്ക് കാണാം. എന്തൊരു കഷ്ടം! തന്‍റെ ഭാരം താങ്ങാനാവാത്തതായി ഇയ്യോബിന് തോന്നി. എന്നാൽ താന്‍ ഈ മനോഭാവത്തിൽ നിന്നും കരകയറി. താന്‍ തിടുക്കത്തിൽ ആവേശം കാണിക്കുന്നത് തിരുത്തുകയും, മനോവികാരത്താൽ ഉളവായ ചിന്തകൾ പരിഷ്കരിക്കുകയും ചെയ്തു. നാമെല്ലാവരും നമ്മെ തന്നെ തിരുത്തേണ്ട ആവശ്യമുണ്ട്. എന്നാൽ, ഈ ഭൂമിയിൽ ജീവിച്ചിരുന്ന ഒരേയൊരു മനുഷ്യനു മാത്രം അത് ആവശ്യമായി വന്നില്ല.

ഇയ്യോബ് ഇവിടെ തന്നെത്താൻ ആശ്വസിപ്പിക്കുകയാണ്. ദൈവത്തിന്‍റെ  ക്രമീകരണത്തിലുള്ള രഹസ്യങ്ങൾ അവന് ഗ്രഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ താൻ നടക്കുന്ന  വഴി ദൈവത്തിനറിയാം. തനിക്ക് സമാധാനം നൽകുന്ന ദൈവത്തിന്‍റെ സാന്നിധ്യം ഇയ്യോബ് പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും, ആ സമയത്ത് അവന് അത് കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവന്‍ ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല. വടക്ക് അവൻ പ്രവർത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല; തെക്കോട്ട് അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും” (ഇയ്യോബ് 23:8-9). എന്ന് പറഞ്ഞത്. എന്നാൽ ഈ യാഥാര്‍ത്ഥ്യത്തില്‍ ഇയ്യോബ് തന്നത്താൻ ആശ്വസിച്ചു. എനിക്ക് ദൈവത്തെ കാണാൻ കഴിയില്ലെങ്കിലും, അതിനെക്കാൾ ആയിരം മടങ്ങ് മെച്ചമായത് ദൈവം എന്നെ കാണുന്നു എന്നതാണ്. "അവന് അറിയാം." നമ്മുടെ സാഹചര്യങ്ങളോട് അശ്രദ്ധയോ നിസ്സംഗതയോ കാണിക്കുന്ന ഒരാളല്ല ദൈവം. ഒരു കുരുവി നിലത്തു വീഴുന്നത് ശ്രദ്ധിക്കുന്ന ദൈവത്തിന്, എന്‍റെ തലയിലെ ഒരു മുടി പോലും കൊഴിയുന്നത് അറിയുന്ന ദൈവത്തിന്, ഞാൻ നടക്കുന്ന  വഴി തീർച്ചയായും അറിയാം.

ഇയ്യോബ് ഇവിടെ ജീവിതത്തെക്കുറിച്ച്  ശരിയായ വീക്ഷണമാണ് പ്രകടിപ്പിക്കുന്നത്. അവൻ വലിയ പ്രത്യാശയാണ് കാണിക്കുന്നത്. തന്‍റെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ഇയ്യോബ് തന്‍റെ കഷ്ടപ്പാടുകളെ അനുവദിച്ചില്ല. തനിക്ക് നേരിടേണ്ടി വന്ന പരീക്ഷകളോ കഷ്ടപ്പാടുകളോ തന്നെ അടിച്ചമർത്താൻ അദ്ദേഹം അനുവദിച്ചില്ല. ഇരുണ്ട മേഘങ്ങൾക്കിടയിൽ പ്രകാശപൂർണ്ണമായ ഒരു വശം, അതായത്  ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കാത്ത ദൈവികമായ വശം അവൻ കാണുന്നു. അവൻ ജീവിതത്തിന്‍റെ  ദീർഘകാല പദ്ധതിയാണ് കണ്ടത്. താൻ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് അപ്പുറത്തേക്ക് അവൻ നോക്കി, അതിന്‍റെ ഫലമായി, തീയിൽ ശുദ്ധീകരിക്കപ്പെട്ട സ്വർണ്ണം പോലെ താൻ പുറത്തുവരുമെന്ന് അവൻ വിശ്വസിച്ചു. എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” (ഇയ്യോബ് 23:10). ഈ വാക്യത്തിൽ മൂന്ന് മഹത്തായ സത്യങ്ങൾ വ്യക്തമാക്കപ്പട്ടിരിക്കുന്നു. അവയെ ഇപ്പോൾ സംക്ഷിപ്തമായി വിശകലനം ചെയ്യാം.

എന്‍റെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ അറിവ്  ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നുദൈവത്തിന്‍റെ സർവ്വജ്ഞാനം അവന്‍റെ ദിവ്യത്വത്തിലെ മഹത്തായ ഗുണങ്ങളിൽ ഒന്നാണ്. അവന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിന്മേലിരിക്കുന്നു. അവന്‍റെ നടപ്പൊക്കെയും അവൻ കാണുന്നു” (ഇയ്യോബ് 34:21).

യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു” (സദൃശവാക്യങ്ങൾ 15:3).

ചാൾസ് സ്പർജ്ജൻ ഇങ്ങനെ പറഞ്ഞു, ദൈവത്തിന്‍റെ  സർവജ്ഞാനവുമായി ഞാൻ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വിശ്വാസത്തിന്‍റെ  യഥാര്‍ത്ഥതയ്ക്കുള്ള ഏറ്റവും വലിയ പരീക്ഷണം!

പ്രിയ വായനക്കാരാ! ദൈവത്തിന്‍റെ സർവ്വജ്ഞാനവുമായുള്ള നിങ്ങളുടെ ബന്ധം എന്താണ്? അത് നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? അത് നിങ്ങളെ അലട്ടുന്നുണ്ടോ? അതോ, ആശ്വാസം നൽകുന്നുണ്ടോ? ദൈവം നിങ്ങളുടെ എല്ലാ വഴികളും അറിയുന്നു എന്ന വസ്തുതയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ പെരുമാറ്റം കള്ളത്തരം, സ്വാർത്ഥത, കാപട്യം എന്നിവയാൽ നിറഞ്ഞതായിരിക്കാം. ദൈവം തന്‍റെ എല്ലാ വഴികളും അറിയുന്നു എന്ന ചിന്ത പാപിയെ വളരെയധികം ഭയപ്പെടുത്തുന്നു. അയാൾ അത് നിഷേധിക്കുകയോ,  മറന്നു പോകാൻ വഴികൾ കണ്ടെത്തുകയോ ചെയ്യും. എന്നാൽ ഒരു ക്രിസ്ത്യാനിക്ക് അത് യഥാർത്ഥമായ ആശ്വാസമാണ് നൽകുന്നത്. എന്‍റെ  പരീക്ഷകൾ, കഷ്ടങ്ങള്‍,ദുഃഖങ്ങൾ, അവനെ മഹത്വപ്പെടുത്താനുള്ള എന്‍റെ  ശ്രമങ്ങൾ എല്ലാം അവൻ അറിയുന്നുണ്ടെന്നുള്ളത് എത്ര പ്രോത്സാഹനമാണ് നല്‍കുന്നത്! ഞാൻ നടക്കുന്ന എല്ലാ വഴികളും ദൈവത്തിന് അറിയാമെന്ന സത്യം, ക്രിസ്തുവിലുള്ളവർക്ക് വിലപ്പെട്ടതാണെങ്കിലും, ക്രിസ്തുവിന് പുറത്തുള്ളവർക്ക് അത് അസൗകര്യമാണ്.

“ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു.” ഇയ്യോബിന്‍റെ പാത തന്‍റെ  കൂടെയുള്ളവർക്ക് അറിയില്ലായിരുന്നു. അവർ അവനെ വല്ലാതെ തെറ്റിദ്ധരിച്ചു. അതും തനിക്ക് ഒരു വലിയ ശോധനയായിരുന്നു. തന്‍റെ  കൂട്ടുകാർ തന്നെ അവനെ ഒരു കാപട്യക്കാരനായാണ് കണ്ടത്. അവൻ ഒരു മഹാപാപിയാണെന്നും, അതുകൊണ്ടാണ് അവൻ ദൈവത്താൽ ശിക്ഷിക്കപ്പെട്ടതെന്നും അവർ ചിന്തിച്ചു; എന്നാൽ ഇയ്യോബിന് താൻ അയോഗ്യനായ ഒരു വിശ്വാസിയാണ്, എന്നാല്‍ ഒരു കാപട്യക്കാരൻ മാത്രം അല്ലെന്ന് അറിയാമായിരുന്നു. അവർ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇവിടെ നമ്മൾ പഠിക്കേണ്ട ഒരു കാര്യമുണ്ട്. പ്രിയ വായനക്കാരാ, ഇയ്യോബിന്‍റെതു പോലെയുള്ള സാഹചര്യങ്ങളെ നാം നേരിടുമ്പോൾ, സർവ്വജ്ഞാനിയായവൻ എല്ലാം “അറിയുന്നു” എന്ന അനുഗ്രഹീത സത്യത്താൽ ആശ്വാസം കണ്ടെത്തൂ.

“ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു”. ഈ വാക്കുകൾ നാം ശരിയായി മനസ്സിലാക്കിയാൽ, താൻ നടക്കുന്ന വഴി ഇയ്യോബിനും അറിയില്ല. അതുപോലെ, നാം നടക്കുന്ന പാത നമുക്കും അറിയില്ല. ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതും, അപ്രാപ്യവുമായി കാണപ്പെടുന്നു. വർഷങ്ങൾ കടന്നുപോയാലും  ഒരു പരിഹാരവും ലഭിക്കുന്നില്ല. യാതൊരു തത്വചിന്തയും നമുക്കു സഹായമാകുന്നില്ല. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തി എന്നത് ഒരു വിചിത്രമായ കഥയാണ്. നമ്മൾ യാന്ത്രികമായി പ്രവർത്തിക്കുന്ന ഉപകരണങ്ങളല്ലെന്ന്, നമുക്കുള്ള  വിവേചനാധികാരം കൊണ്ട് വ്യക്തമാകുന്നു.  ഓരോ ചുവടുവെപ്പിലും നാം സ്വയം തീരുമാനങ്ങൾ എടുക്കുകയും നന്മയും  തിന്മയും  തിരഞ്ഞെടുക്കാനുമുള്ള കഴിവ് ഉപയോഗിക്കുകയും ചെയ്യുന്നു എന്നത്  ശരിയാണെങ്കിലും, നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി സ്വയംപര്യാപ്തമല്ല എന്നത് വ്യക്തമാണ്. നമുക്ക് എതിർക്കാൻ കഴിയാത്ത പല സമ്മർദ്ദങ്ങളും (നല്ലതോ ചീത്തയോ ആകട്ടെ) നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പാരമ്പര്യം, കാലാവസ്ഥ, ഇവയെല്ലാം നമ്മളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ചുറ്റുപാടുകൾ, സാഹചര്യങ്ങൾ മുതലായവയെ നമുക്ക് അവഗണിക്കാൻ കഴിയില്ല. മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങളെ നിർദ്ദേശിക്കുന്ന ദൈവത്തിന്‍റെ  നിർണ്ണയങ്ങളുടെ കാര്യമോ? നാം നടക്കുന്ന പാതകൾ നമുക്ക് എത്ര കുറച്ചാണ് അറിയാവുന്നത്? അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്-

യഹോവേ, മനുഷ്യനു തന്‍റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു (യിരെമ്യാവ് 10:23). ഇതൊരു നിഗൂഢമായ കാര്യമാണ്, ഇത് അവഗണിക്കാൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്. അതുകൊണ്ട് നമുക്കും ജ്ഞാനിയായ ആ മനുഷ്യനോട് ചേര്‍ന്ന് ഇങ്ങനെ അംഗീകരിക്കുന്നതാണ് നല്ലത്- “മനുഷ്യന്‍റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യനു തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം?” (സദൃശവാക്യങ്ങൾ 20:24).

എന്നാൽ പരിമിതമായ അർത്ഥത്തിൽ, ഇയ്യോബിന് താൻ പോകുന്ന പാത അറിയാമായിരുന്നു. ആ പാത എന്താണെന്ന് അദ്ദേഹം അടുത്ത രണ്ട് വാക്യങ്ങളിൽ വിശദീകരിക്കുന്നു: എന്‍റെ കാലടി അവന്‍റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്‍റെ വഴി പ്രമാണിക്കുന്നു. ഞാൻ അവന്‍റെ  അധരങ്ങളുടെ കല്പന വിട്ടു പിന്മാറിയിട്ടില്ല; അവന്‍റെ വായിലെ വചനങ്ങളെ എന്‍റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു” (ഇയ്യോബ് 23:11-12).  

ഇയ്യോബ് തിരഞ്ഞെടുത്ത വഴി ഏറ്റവും നല്ല വഴിയായിരുന്നു, വചന പ്രകാരമുള്ള വഴി, ദൈവത്തിന്‍റെ വഴി, അവന്‍റെ വഴി. പ്രിയ വായനക്കാരാ, ആ വഴിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത് ഉന്നതമായ തിരഞ്ഞെടുപ്പ് അല്ലേ! ഇയ്യോബ് സഹിഷ്ണതയുള്ളവൻ മാത്രമല്ല, ജ്ഞാനിയും ആയിരുന്നു! നിങ്ങളും അത്തരമൊരു വഴി തിരഞ്ഞെടുത്തിട്ടുണ്ടോ? “എന്‍റെ കാലടി അവന്‍റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്‍റെ വഴി പ്രമാണിക്കുന്നു.എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?! (വാക്യം 11) ഒരുപക്ഷെ നിങ്ങൾക്ക് അങ്ങനെ പറയുവാൻ സാധിക്കുമെങ്കിൽ, ആ കൃപ നൽകിയ ദൈവത്തെ സ്തുതിക്കുക. അങ്ങനെ പറയുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, അവന്‍റെ കൃപയ്ക്കായി അപേക്ഷിക്കാൻ കഴിയാത്ത നിങ്ങളുടെ തെറ്റ് ലജ്ജാപൂർവ്വം സമ്മതിക്കുക. ഉടന്‍ തന്നെ മുട്ടുകുത്തി നിങ്ങളുടെ ഹൃദയത്തിൽ ഒന്നും മറച്ചുവെക്കാതെ, ഒന്നും സമ്മതിക്കാൻ മടിക്കാതെ ക്ഷമ ചോദിക്കുക. ഇപ്രകാരം എഴുതപ്പട്ടത് ഓർക്കുക-

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു1 (യോഹന്നാൻ 1:9).

ഇയ്യോബ് 23:12 നിങ്ങളുടെയും എന്‍റെയും പരാജയത്തെ വിവരിക്കുന്നില്ലേ? ദൈവകല്പനകളുടെ മുമ്പിൽ വിറക്കാത്തതും, ദൈവവചനത്തെ അവഗണിക്കുന്നതും നാം അവന്‍റെ പാതയിൽ നിന്ന് അകന്നുപോകുന്നതിന്‍റെ  കാരണങ്ങൾ അല്ലേ? എന്നാൽ ഇപ്പോൾ, എല്ലാ ദിവസവും അവന്‍റെ കല്പനകൾ അനുസരിക്കാനും,  അവന്‍റെ വചനം നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കാനുമുള്ള  കൃപയ്ക്കായി  നമുക്ക് അപേക്ഷിക്കാം.

“ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു”. നിങ്ങൾ ഏത് പാതയാണ് പിന്തുടരുന്നത്? ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയോ? അതോ നാശത്തിലേക്ക് നയിക്കുന്ന വിശാലമായ പാതയോ? പ്രിയ സ്നേഹിതാ, ഈ കാര്യം നിങ്ങള്‍ ഉറപ്പിക്കുക. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു:

എന്നാണ എന്‍റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും... ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടിവരും (റോമർ 14:11,12).

എന്നാൽ ഈ കാര്യത്തിൽ നിങ്ങൾ വഞ്ചിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഞാൻ തന്നെയാണ് വഴി എന്ന് കർത്താവ് പറഞ്ഞു (യോഹന്നാൻ 14:6).

ദൈവിക ശോധന

 

അവൻ എന്നെ ശോധന കഴിച്ചാൽ.... വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ” (സദൃശവാക്യങ്ങൾ 17:3).

ഇത് ദൈവം പണ്ട് ശോധന ചെയ്ത  രീതിയാണ്. ഇപ്പോൾ ക്രിസ്ത്യാനികളെ ശോധന ചെയ്യുന്ന രീതിയും ഇതു തന്നെയാണ്. കനാൻ ദേശത്ത് പ്രവേശിക്കുന്നതിനുമുമ്പ് യിസ്രായേല്‍ മക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, അവർ മിസ്രയീം വിട്ടതിനു ശേഷമുള്ള അവരുടെ ചരിത്രം വിവരിച്ചു കൊണ്ട്, മോശെ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്‍റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം (ആവർത്തനപുസ്തകം 8:2).

ഇതുപോലെ  ദൈവം നമ്മെ പരിശോധിക്കുകയും, പരീക്ഷിക്കുകയും, താഴ്മയുള്ളവരാക്കുകയും ചെയ്യുന്നു. .......... അവൻ എന്നെ ശോധന കഴിച്ചാൽ...........ഇത് നാം മനസ്സിലാക്കിയാൽ, നമ്മുടെ കഷ്ടപ്പാടുകളുടെ സമയങ്ങളെ കൂടുതൽ ക്ഷമയോടെ സഹിക്കാൻ കഴിയും. ജീവിതത്തിൽ നാം ദിവസവും നേരിടുന്ന എതിർപ്പുകൾ, നമ്മെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ - ഇവയുടെ അർത്ഥമെന്താണ്? എന്തിനാണ് ഇത്തരം കാര്യങ്ങൾ അനുവദിക്കപ്പെടുന്നത്? ഇതാ, ദൈവം നിങ്ങളെ ശോധന ചെയ്യുന്നു. ഇതാണ് ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. നിങ്ങളുടെ നിരാശകൾക്കും, നിങ്ങളുടെ ലൗകികമായ പ്രതീക്ഷകൾ തകർന്ന നിമിഷങ്ങൾക്കും, നിങ്ങളുടെ ജീവിതത്തിലെ വലിയ നഷ്ടങ്ങൾക്കും ഒരു ശരിയായ വിശദീകരണം, ദൈവം നിങ്ങളെ ശോധന ചെയ്തു എന്നാണ്, ശോധന ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. അവൻ നിങ്ങളുടെ ശാന്തത ധൈര്യം, വിശ്വാസം, ക്ഷമ, സ്നേഹം, വിശ്വസ്തത എന്നിവയെ ശോധന ചെയ്യുന്നു.

‘.......... അവൻ എന്നെ ശോധന കഴിച്ചാൽ...........’. സാധാരണയായി ദൈവഭയമുള്ളവർ പോലും തങ്ങൾ നേരിടുന്ന കഷ്ടതകൾക്ക് സാത്താനാണ് കാരണം എന്ന് വിചാരിക്കാറുണ്ട്. കഷ്ടതകൾക്കും പരീക്ഷകൾക്കും  അവനാണ്, അതായത് ആ മുഖ്യ ശത്രുവാണ് (സാത്താൻ) ഉത്തരവാദി എന്ന് ചിന്തിക്കുന്നു. പക്ഷേ ഇങ്ങനെ ചിന്തിക്കുന്നത് ഹൃദയത്തിന് യാതൊരു ആശ്വാസവും ഉളവാക്കുന്നില്ല. സാത്താൻ നിരവധി സങ്കീർണതകളും പ്രശ്‌നങ്ങളും കൊണ്ടുവരുന്നു എന്ന വസ്തുതയെ ഞാൻ തള്ളിക്കളയുന്നില്ല. എന്നിരുന്നാലും, സാത്താനു മുകളിൽ  സർവ്വശക്തനായ ഒരു ദൈവം ഉണ്ട്. ദൈവത്തിന്‍റെ അനുവാദമില്ലാതെ സാത്താന് നമ്മുടെ തലയിലെ ഒരു മുടി പോലും അനക്കാൻ കഴിയില്ല. ഒരുപക്ഷെ നമ്മെ ബുദ്ധിമുട്ടിക്കാൻ ദൈവം സാത്താനെ അനുവദിച്ചാലും, അവൻ അത് നമ്മെ ശോധനചെയ്യാൻ മാത്രമാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട്  അപ്രധാനമായ ഈ   കാരണങ്ങൾക്കെല്ലാം അപ്പുറത്തേക്ക് നോക്കി കൊണ്ട്, "തന്‍റെ ഹിതത്തിന്‍റെ ആലോചന പോലെ  സകലവും പ്രവർത്തിക്കുന്ന" ദൈവത്തിലേക്ക് നോക്കാൻ പഠിക്കാം (എഫെ. 1:11,12). വാസ്തവത്തിൽ ഇയ്യോബ് ചെയ്തത് ഇതാണ്.

ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായത്തിൽ, ഇയ്യോബിനെ പീഡിപ്പിക്കാൻ സാത്താന് ദൈവത്തിന്‍റെ അനുവാദം ലഭിച്ചതായി നാം വായിക്കുന്നു. ഇയ്യോബിന്‍റെ വേലക്കാരെ കൊല്ലാൻ അവൻ (സാത്താൻ) ശെബായരെ ഉപയോഗിച്ചു (വാക്യങ്ങൾ 1:14-15). അവൻ കൽദയരെ ഉപയോഗിച്ച് തന്‍റെ ദാസന്മാരെ കൊല്ലുകയും ഒട്ടകങ്ങളെ മോഷ്ടിച്ചു കൊണ്ട് പോകുകയും ചെയ്തു (വാക്യം 17). ഇയ്യോബിന്‍റെ മക്കളെ കൊല്ലാൻ അവൻ ഒരു വലിയ കൊടുങ്കാറ്റിനെ  ഉപയോഗിച്ചു (വാക്യം 19). എന്നാൽ ഇവയൊക്കെയും  സംഭവിച്ചപ്പോൾ ഇയ്യോബ് എങ്ങനെയാണ് പ്രതികരിച്ചത്? അവനുള്ളതെല്ലാം യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (ഇയ്യോബ് 1:21), എന്ന് പറഞ്ഞത് വളരെ അത്ഭുതകരമാണ്. ഇയ്യോബിന് മാനുഷിക ഉപകരണങ്ങള്‍ക്കും അവയെ ഉപയോഗിച്ച സാത്താനും അപ്പുറം, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവത്തെ കാണാൻ കഴിഞ്ഞു. തന്നെ ശോധന ചെയ്യുന്നത് ദൈവമാണെന്ന് അവന് മനസ്സിലായി. സ്മുര്‍ന്നയിലെ സഭയ്ക്കുള്ള യോഹന്നാന്‍റെ ലേഖനത്തിലൂടെ പുതിയനിയമത്തിലും ഈ വിഷയം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു” (വെളിപ്പാട് 2:10).

അവരെ തടവിലേക്ക് അയയ്ക്കുന്നത് ദൈവത്തിന്‍റെ പരീക്ഷയാണ്. ഈ വിഷയം മറന്നു പോകുന്നതിലൂടെ നമുക്ക് എത്രത്തോളം നഷ്ടമാണ് സംഭവിക്കുന്നത്? സാഹചര്യം എത്ര ദുഷ്‌കരമായാലും, വേദന ഉളവാക്കുന്ന ഉപകരണം എന്തുതന്നെയായാലും,  ഇതിലൂടെയെല്ലാം ദൈവമാണ് തന്‍റെ മക്കളെ പരീക്ഷിക്കുന്നത് എന്ന് അറിയുന്നത് ഹൃദയം തകർന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നമ്മുടെ രക്ഷകൻ എത്ര ഉത്തമമായ മാതൃകയാണ് കാഴ്ചവച്ചത്. താൻ ഒറ്റിക്കൊടുക്കപ്പെടാൻ പോകുന്ന സമയം അടുത്തപ്പോൾ, പത്രോസ് മല്ക്കൊസിന്റെ ചെവി അറുത്ത സമയത്ത്, കർത്താവ് പറഞ്ഞ വാക്കുകൾ ഇതായിരുന്നു: വാൾ ഉറയിൽ ഇടുക: പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” (യോഹന്നാൻ 18:11).

കോപിഷ്ടരായ മനുഷ്യർ അവന്‍റെ ജീവനെടുക്കാൻ കാത്തിരിക്കുകയാണ്. സർപ്പം അവന്‍റെ കുതികാൽ കടിക്കാൻ പോകുകയാണ്, പക്ഷേ അവൻ മാത്രം ഇതിനെല്ലാം ഉപരിയായി തന്‍റെ പിതാവിന്‍റെ കരം കണ്ടു. പ്രിയ വായനക്കാരാ, ദൈവത്തിൽ നിന്ന് വരുന്ന പാനപാത്രം എത്ര കയ്പേറിയതാണെങ്കിലും (അത് കർത്താവ് സഹിച്ചതിനപ്പുറമല്ല), അതിൽ നിന്ന് കുടിക്കാൻ നാം  ഇഷ്ടപ്പെടണം.  ചില സാഹചര്യങ്ങളിൽ, നാം ദൈവത്തിന്‍റെ ജ്ഞാനത്തെ ചോദ്യം ചെയ്യുന്നവരാണ്. അവൻ  ഉളവാക്കുന്ന ചില അനുഭവങ്ങളുടെ കാര്യത്തിൽ നാം പിറുപിറുക്കുന്നവരാണ്. എനിക്ക് താങ്ങാൻ കഴിയാത്ത ഭാരം ദൈവം  എന്തിനാണ് എന്‍റെ മേല്‍വച്ചത്? മറ്റുള്ളവരുടെ പ്രിയപ്പെട്ടവരെ ജീവിക്കാൻ അനുവദിച്ചവൻ എന്തിനാണ്  എന്‍റെ പ്രിയപ്പെട്ടവരെ കൊണ്ടുപോയത്? എന്തുകൊണ്ടാണ് അവൻ എനിക്ക് ആരോഗ്യവും ശക്തിയും ഇല്ലാതാക്കിയത്? അയ്യോ മനുഷ്യാ! ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ?” ഏതൊരു ജീവിയും അതിന്‍റെ സൃഷ്ടാവായ, മഹാനായ ദൈവത്തിന്‍റെ  പ്രവർത്തനരീതിയെ ചോദ്യം ചെയ്യുന്നത് ഭോഷത്വമായി കണക്കാക്കപ്പെടുന്നു.

“…മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?” (റോമർ 9:20).

നമ്മുടെ മത്സരബുദ്ധിയുള്ള അധരങ്ങളെ നിയന്ത്രിക്കാനും, നമ്മുടെ കഠിനഹൃദയങ്ങളിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവന്‍റെ കൃപയാൽ നിയന്ത്രിക്കാനും നാം ഓരോരുത്തരും ദൈവത്തോട് ആത്മാർത്ഥമായി അപേക്ഷിക്കേണ്ടതുണ്ട്.

എന്നാല്‍ സര്‍വ്വജ്ഞാനിയായ ദൈവം അനുവദിക്കുന്നതെല്ലാം താഴ്മയോടെ സ്വീകരിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അല്‍പം വെളിച്ചം നൽകപ്പെട്ടിട്ടുണ്ട്. ഈ വെളിച്ചം യുക്തിസഹമായി തോന്നണമെന്നില്ല, പക്ഷേ ഒരു ശിശുവിന്‍റെ വിശ്വാസത്തോടും വിനയത്തോടും കൂടി സ്വീകരിക്കുമ്പോൾ, അത് ആശ്വാസവും ശക്തിയും നമുക്ക് നല്‍കുന്നു. 1 പത്രോസ് 1:6,7 ൽ നാം ഇങ്ങനെ വായിക്കുന്നു, “അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും”.

ഇവിടെ നമുക്ക് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം; ഒന്നാമതായി വിശ്വാസത്തിന് പരിശോധന ആവശ്യമാണ്. ദൈവം പറയുന്നതുകൊണ്ട് ഈ വാക്കുകള്‍ നാം  അംഗീകരിക്കണം. രണ്ടാമതായി, വിശ്വാസത്തിന്‍റെ ഈ പരിശോധന പൊന്നിനേക്കാൾ വിലയേറിയതാണ്. അത് ദൈവത്തിന്‍റെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ് (സങ്കീർത്തനം 116:15;) അതിനാൽ നമ്മുടെ ദൃഷ്ടിയിലും അത് വിലപ്പെട്ടതായിരിക്കണം. മൂന്നാമതായി, ഇപ്പോഴത്തെ പരീക്ഷ നമ്മുടെ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഈ പരീക്ഷയെ സൗമ്യതയോടെ സഹിക്കുകയും ധൈര്യത്തോടെ നേരിടുകയും ചെയ്യുന്നവർക്ക് രക്ഷകൻ പ്രത്യക്ഷപ്പെടുന്ന ദിവസം വലിയ പ്രതിഫലം ലഭിക്കും.

1 പത്രോസ് 4:12-14  വാക്യങ്ങള്‍ ഇപ്രകാരം പറയുന്നു, “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്.  ക്രിസ്തുവിന്‍റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ”. നമ്മൾ മുമ്പ് കണ്ട വാക്യങ്ങളിൽ പ്രകടിപ്പിച്ച അതേ ആശയങ്ങൾ ഈ വാക്യത്തിലും കാണുന്നു. നാം പരീക്ഷിക്കപ്പെടേണ്ടതുണ്ട്, അതിനാൽ അത് അപൂർവ്വ കാര്യമാണെന്ന് കരുതരുത്. അത് സ്വാഭാവികമായും വരുമെന്ന് നാം തിരിച്ചറിയുകയും അതിനായി തയ്യാറെടുക്കുകയും വേണം. എന്നാൽ ക്രിസ്തു മടങ്ങിവരുമ്പോൾ നമ്മുടെ കഷ്ടതകൾ നീങ്ങിപ്പോകുമെന്ന അനുഗ്രഹീതമായ വലിയ പ്രത്യാശ നമുക്കുണ്ടായിരിക്കണം. ഇവിടെ മറ്റൊരു പ്രോത്സാഹജനകമായ വിഷയം കൂടെയുണ്ട്. ഈ കഷ്ടതകളിലൂടെ നാം ക്രിസ്തുവിന്‍റെ കഷ്ടതകളിൽ പങ്കാളികളാകുന്നു. അതുകൊണ്ട്, അവയെ വിശ്വാസത്തോടെയും ധൈര്യത്തോടെയും മാത്രമല്ല, സന്തോഷത്തോടെയും നേരിടണം.

അവൻ എന്നെ ശോധന കഴിച്ചാൽപ്രിയ ക്രിസ്തീയ വായനക്കാരാ! ഈ കാര്യത്തിൽ ഒരു ഒഴികഴുവുമില്ല, ദൈവത്തിന് പാപമില്ലാത്ത ഒരു പുത്രൻ മാത്രമേയുള്ളൂ. എന്നാൽ കഷ്ടപ്പാടുകൾ ഇല്ലാത്ത ഒരു മകൻ പോലും ഇല്ല. ഇന്ന് അല്ലെങ്കിൽ നാളെ, ഏതെങ്കിലും രൂപത്തിൽ   നാം കഷ്ടതകളുടെ ഭാരം നേരിടേണ്ടിവരും.

ഈ കഷ്ടങ്ങളിൽ ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്‍റെ   സുവിശേഷഘോഷണത്തിൽ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.  കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. നാം കഷ്ടമനുഭവിക്കേണ്ടിവരും എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ട്; അവ്വണ്ണംതന്നെ സംഭവിച്ചു എന്ന് നിങ്ങൾ അറിയുന്നു” (1 തെസ്സലൊനീക്യർ 3:2-4). ഇങ്ങനെയും എഴുതിയിരിക്കുന്നു, വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചുപോന്നു” (അപ്പൊ. പ്രവൃത്തികൾ 14:22).

എല്ലാ തലമുറകളിലും ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്‌. അബ്രഹാം പരീക്ഷിക്കപ്പെട്ടു, "കഠിനമായി പരീക്ഷിക്കപ്പെട്ടു." അതുപോലെ, ജോസഫ്, യാക്കോബ്, മോശ, ദാവീദ്, ദാനിയേൽ, അപ്പോസ്തലന്മാർ തുടങ്ങിയവരും പരീക്ഷിക്കപ്പെട്ടു.

അന്തിമഫലം

ഞാൻ പൊന്നുപോലെ പുറത്തു വരും ഈ വാക്യത്തിലെ സമയം ശ്രദ്ധിക്കുക. ഇയ്യോബ് അതിനു മുമ്പ് താന്‍ തങ്കം ആണെന്ന് കരുതിയില്ല. "ഞാൻ സ്വർണ്ണം പോലെ കാണപ്പെടും" എന്ന് അവൻ ഉറച്ച ബോധ്യത്തോടെ പറഞ്ഞു. ഇപ്പോൾ  തന്‍റെ ഉള്ളിൽ ധാരാളം അശുദ്ധി ഉണ്ടെന്ന് അവന് നന്നായി അറിയാം. താൻ പൂര്‍ണ്ണനാണെന്ന് പ്രഖ്യാപിക്കുകയോ വീമ്പിളക്കുകയോ ചെയ്തില്ല. അതിനു വിപരീതമായി, ഇയ്യോബ് 42:6-ൽ, “ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നുഎന്നാണ് പറഞ്ഞത്. ഇയ്യോബ് അങ്ങനെ പറഞ്ഞത് ന്യായമാണ്. നാമും നമ്മുടെ ജഡത്തിൽ ഒരു നന്മയും വസിക്കുന്നില്ലെന്ന്  തിരിച്ചറിയുകയും ഇയ്യോബിനെ പോലെ സമ്മതിക്കുകയും ചെയ്യുന്നത് നല്ലതാണ്. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ നാം നമ്മെത്തന്നെയും നമ്മുടെ നടപ്പിനേയും പരിശോധിക്കുകയും, എണ്ണമറ്റ പാപങ്ങളും എണ്ണിയാൽ തീരാത്ത പരാജയങ്ങളും കാണുകയും ചെയ്യുമ്പോള്‍, നമുക്ക് നമ്മെത്തന്നെ വെറുക്കാൻ എല്ലാ കാരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും! പ്രിയ ക്രിസ്ത്യാനീ! നമ്മുടെ ഉള്ളിൽ ഇപ്പോഴും ധാരാളം അശുദ്ധിയുണ്ട്. എന്നാല്‍ നമ്മുടെ സ്ഥിതി എന്നേക്കും ഇങ്ങനെ തന്നെ തുടരില്ല.

“ഞാൻ പൊന്നുപോലെ പുറത്തുവരും” അവൻ എന്നെ ശോധന കഴിക്കുമ്പോള്‍   ഞാൻ പുറത്തു വന്നേക്കാം എന്ന് അവൻ പറഞ്ഞില്ല. അല്ലെങ്കിൽ, 'പൊന്നു പോലെ കാണപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' എന്ന് പറഞ്ഞില്ല. പൂർണ്ണ വിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അദ്ദേഹം പ്രഖ്യാപിച്ചത്, ഞാൻ  പൊന്നു  പോലെ പുറത്തു വരും എന്നാണ്.എന്നാൽ അത് അയാൾക്ക്  എങ്ങനെ മനസ്സിലായി? നമ്മുടെ അന്തിമഫലം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം? ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ ഒരിക്കലും മാറുകയോ പരാജയപ്പെടുകയോ ചെയ്യാത്തതിനാൽ നമുക്ക് അത്തരം ദൃഢനിശ്ചയം ഉള്ളവരായിരിക്കാൻ കഴിയും.

നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു (ഫിലിപ്പിയർ 1:4). നമ്മുടെ അന്തിമഫലം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം? ദൈവത്തിന്‍റെ വാഗ്ദാനം വിശ്വസനീയമായതിനാൽ നമുക്ക് ആ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

യഹോവ എനിക്കു സമാപ്തി വരുത്തും (സങ്കീർത്തനം 138:8). അതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരും പീഡിതരുമായ നിങ്ങൾ സന്തോഷിക്കുവിൻ, കാരണം ഈ പ്രക്രിയ ഇപ്പോൾ സന്തോഷകരം അല്ലായിരിക്കാം, വേദനാജനകമായിരിക്കാം. എന്നാൽ അതിന്‍റെ അന്തിമഫലം സന്തോഷകരമായിരിക്കും, തീർച്ചയായും അത് നിറവേറ്റപ്പെടും.

“ഞാൻ പൊന്നുപോലെ പുറത്തുവരും” മറ്റാരെക്കാളും നന്നായി വേദനയും ദുഃഖവും അറിഞ്ഞ ഒരാളാണ് ഈ വാക്കുകൾ പറഞ്ഞത്. എന്നിരുന്നാലും, ഈ അഗ്നി പരീക്ഷയിലൂടെ  കടന്നു പോകുമ്പോഴും, എല്ലാം ഒരു അനുകൂലമായ ഫലത്തിലേയ്ക്ക് നയിക്കുമെന്ന് അവന്‍ വിശ്വസിച്ചു. നമ്മുടെ അധരങ്ങളിൽ നിന്നും ഇത്തരം വിജയകരമായ വാക്കുകൾ ഒഴുകട്ടെ, “ഞാൻ പൊന്നുപോലെ പുറത്തുവരും” എന്നത് ജഡത്തിന്‍റെ വാക്കുകളല്ല, പൊങ്ങച്ചത്തിന്‍റെ  വാക്കുകളുമല്ല,  മറിച്ച് പൂർണ്ണഹൃദയത്തോടെ ദൈവത്തിലാശ്രയിച്ച  ഒരാളുടെ വാക്കുകളാണ്. ഇതിൽ നമ്മുടെ മഹത്വം ഒന്നുമില്ല. എല്ലാ മഹത്വവും നമ്മെ സ്വർണ്ണം പോലെയാക്കുന്ന ദൈവത്തിനു മാത്രമാണ്.

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും (യാക്കോബ് 1:12).

ഇപ്പോൾ നമ്മുടെ മുന്നിൽ രണ്ട് അടിസ്ഥാന വിഷയങ്ങൾ ഉണ്ട്. ഒന്നാമതായി, നാം തീവ്രമായ പരീക്ഷകളുടെ ചൂളയിലായിരിക്കുമ്പോൾ നമ്മുടെ സഹിഷ്ണുത അളക്കുന്ന തെർമോമീറ്ററാണ് സ്നേഹം. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു…” (മലാഖി 3:3). കത്തുന്ന തീച്ചൂളയിൽ മൂന്ന് എബ്രായ യുവാക്കളോടൊപ്പം ഉണ്ടായിരുന്നതുപോലെ (ദാനിയേൽ 3:25) ദൈവം പരീക്ഷകളുടെ ചൂളയിൽ നമ്മോടൊപ്പവും ഉണ്ടായിരിക്കും. രണ്ടാമതായി, സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങൾ സ്വർണ്ണ തെരുവുകളോ സ്വർണ്ണ സംഗീത ഉപകരണങ്ങളോ അല്ല, മറിച്ച് ദൈവത്തിന്‍റെ സാദൃശ്യം പതിഞ്ഞ സ്വര്‍ണ്ണ ആത്മാക്കളാണ്, അവന്‍റെ പുത്രനെപ്പോലെയാകാൻ മുൻകൂട്ടി നിശ്ചയിച്ച ആത്മാക്കൾ. ഇത്രയും മഹത്തായ ഒരു ഭാവിക്കും, ഇത്രയും വിജയകരമായ ഒരു ഫലത്തിനും, ഇത്ര നല്ലവനായ ദൈവത്തിന് സ്തുതി.

 അദ്ധ്യായം 7

 ദൈവികമായ ശിക്ഷണം

“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുത്; അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്. കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു;താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നുഎന്നിങ്ങനെ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ? (എബ്രായർ 12:5,6)

ദൈവം ശിക്ഷ വിധിക്കുന്നു, ദൈവം ശിക്ഷണം നൽകുന്നു; ആദ്യം ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ദൈവത്തിന്‍റെ  ഉയർച്ചയും മഹത്വവും ഉയർത്തിപ്പിടിക്കുന്നതിനും ഒരു ക്രിസ്ത്യാനിക്ക്  സമാധാനം ഉണ്ടാകുന്നതിനും ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്. താക്കോൽ വാക്യത്തിന്‍റെ മലയാള വിവർത്തനത്തിൽ "ശിക്ഷ" എന്നും "തല്ലുന്നു" എന്നും ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ മൂലഭാഷയ്ക്കും സന്ദർഭത്തിനും അനുസൃതമായി 'അച്ചടക്കം' (ശിക്ഷണം) എന്ന് വ്യാഖ്യാനിക്കണം. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വളരെ എളുപ്പമാണെങ്കിലും, ഈ കാര്യങ്ങളിൽ നിന്ന്  പലപ്പോഴും നാം ശ്രദ്ധ തിരിച്ചു കളയുന്നു. ദൈവജനത്തെ അവരുടെ പാപത്തിന് ശിക്ഷിക്കുക എന്നത് ഒരിക്കലും ഒരു തരത്തിലും സാധ്യമല്ല. കാരണം അവരുടെ പാപങ്ങൾക്ക് കുരിശിൽ ശിക്ഷ ലഭിച്ചു കഴിഞ്ഞു. നമ്മുടെ പാപങ്ങൾക്കുള്ള പൂർണ്ണമായ ശിക്ഷ നമ്മുടെ സ്ഥാനത്ത് കർത്താവായ യേശുക്രിസ്തു വഹിച്ചു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്, അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7). ദൈവത്തിന്‍റെ നീതിയും സ്നേഹവും, ക്രിസ്തു നൽകിയ പൂർണ്ണമായ വില, വീണ്ടും നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കുന്നില്ല. എന്നിരുന്നാലും, ഇവിടെ ഓർമ്മിക്കേണ്ട പ്രധാന കാര്യം, ശിക്ഷയും അച്ചടക്കവും തമ്മിലുള്ള വ്യത്യാസം അവ ഉളവാക്കുന്ന കഷ്ടതയുടെ സ്വഭാവത്താൽ നിർണ്ണയിക്കാനാവില്ല എന്നതാണ്. ഇവ രണ്ടും തമ്മിൽ മൂന്ന് വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, ദൈവം പ്രവർത്തിക്കുന്ന വിധം. ശിക്ഷയുടെ കാര്യത്തിൽ ദൈവം ന്യായാധിപനായി പ്രവർത്തിക്കുന്നു. എന്നാൽ, അച്ചടക്കത്തിന്‍റെ കാര്യത്തിൽ അവന്‍ ഒരു പിതാവിനെ പോലെ പ്രവർത്തിക്കുന്നു. ഒരു കുറ്റം സ്ഥാപിച്ചുകഴിഞ്ഞാൽ ശിക്ഷ വിധിക്കുന്നത് ജഡ്ജിയാണ്. ന്യായവിധിയുടെ ഫലമായുണ്ടാകുന്ന ഇത്തരം ശിക്ഷ ഒരു ദൈവമകന്‍റെ മേൽ വരുന്നില്ല. കാരണം അവന്‍റെ പാപത്തിന്‍റെ കുറ്റം ക്രിസ്തുവിന്‍റെ മേൽ ചുമത്തപ്പെട്ടു.

നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്‍റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി,” (1 പത്രൊസ് 2:24)

അതുകൊണ്ട്, ഒരു വിശ്വാസി തന്‍റെ പാപത്തിന് ശിക്ഷിക്കപ്പെടുന്നില്ല എന്നത് വാസ്തവമാണെങ്കിലും, ഒരു ക്രിസ്ത്യാനിക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല എന്നത് സത്യമാണെങ്കിലും (റോമർ 8:1-3;), അവൻ  തീര്‍ച്ചയായും ദൈവത്തില്‍ നിന്നുള്ള അച്ചടക്കത്തിന് വിധേയനാക്കപ്പെടും.

അവൻ ദൈവത്തിന്‍റെ കുടുംബത്തിലെ അംഗമാണ്. ദൈവവും അവനും തമ്മിലുള്ള ബന്ധം ഒരു പിതാവും മകനും തമ്മിലുള്ള ബന്ധം പോലെയാണ്; അതുകൊണ്ട്, ഒരു മകനെന്ന നിലയിൽ അച്ചടക്കം (ശിക്ഷണം) നിമിത്തം അവനെ ശാസിക്കണം.  ഓരോ മനുഷ്യനിലും ഭോഷത്വം സ്വാഭാവികമായും ഉണ്ടാകുന്നു. അതുകൊണ്ടാണ് ശാസിക്കുകയും നിയന്ത്രിക്കുകയും താഴ്മയുള്ളവരാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നത്.

രണ്ടാമതായി, ദൈവിക ശിക്ഷയും ദൈവിക അച്ചടക്കവും തമ്മിലുള്ള വ്യത്യാസം അത് ആര്‍ക്ക് ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ദൈവത്തെ എതിർക്കുന്നവർക്കുള്ളതാണ് ശിക്ഷ എന്നിരിക്കെ, ദൈവം സ്നേഹിക്കുന്ന തന്‍റെ മക്കൾക്ക് അവന്‍ അച്ചടക്കം (ശിക്ഷണം) പഠിപ്പിക്കുന്നു. ഈ രീതിയിൽ, ഒന്ന് ശിക്ഷാവിധിയെക്കുറിച്ചും മറ്റൊന്ന് അച്ചടക്കത്തെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്.

മൂന്നാമതായി, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം അവയുടെ ഉദ്ദേശ്യത്തിൽ കാണാം. ഒന്ന് ശിക്ഷിക്കുന്നത് ആകുമ്പോൾ, മറ്റൊന്ന്‍ പരിഹാരമായിട്ടുള്ളതാണ്. ഒന്ന് ദൈവക്രോധം മൂലം ഉണ്ടാകുമ്പോള്‍, മറ്റൊന്ന് അവന്‍റെ അളവറ്റ സ്നേഹം മൂലം ഉണ്ടാകുന്നു. ദൈവത്തിന്‍റെ ശിക്ഷ ഒരിക്കലും പാപികളുടെ നന്മയ്ക്കുവേണ്ടി അല്ല, മറിച്ച് അവന്‍റെ  ന്യായപ്രമാണത്തിന് മഹത്വമുണ്ടാകുവാനും അവന്‍റെ ചെങ്കോല്‍ ന്യായമാണെന്ന് തെളിയിക്കാനുമാണ് അയയ്ക്കപ്പടുന്നത്. എന്നാൽ ദൈവത്തിന്‍റെ ശിക്ഷണം (അച്ചടക്ക നടപടി) അവന്‍റെ മക്കളുടെ നന്മയ്ക്കുവേണ്ടിയാണ് അയയ്ക്കപ്പെടുന്നത്. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? അവർ ശിക്ഷിച്ചത് കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത് (എബ്രായർ 12:9-10).

ദൈവിക ശിക്ഷയും ദൈവിക ശിക്ഷണവും ഒന്നാണെന്ന് കരുതുന്ന ക്രിസ്ത്യാനികൾക്ക്, അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഒരു മുന്നറിയിപ്പായിട്ടാണ് മുകളിൽ കാണിച്ചിരിക്കുന്ന വ്യത്യാസങ്ങൾ ഉള്ളത്. ദൈവികമായ ശിക്ഷണത്താൽ ജീവിതം  ക്രമീകരിക്കപ്പെടുന്ന ഒരു വിശ്വാസി, ദൈവം തന്നെ ശിക്ഷിക്കുകയാണെന്ന് കരുതുന്നത് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നത് ക്രിസ്തുവിന്‍റെ ചൊരിയപ്പെട്ട രക്തത്തെ നിന്ദിക്കുന്നതിനു തുല്യമായിരിക്കും. ദൈവം നിങ്ങളെ തന്‍റെ സ്നേഹം കൊണ്ട് തിരുത്തുകയാണ് ചെയ്യുന്നത് മറിച്ച് നിങ്ങളെ കോപത്തോടെ അടിക്കുകയോ ദണ്ഡിപ്പിക്കുകയോ അല്ല എന്ന് ഓര്‍ക്കുക. അതിനെ ഒഴിവാക്കാനാവാത്ത ഒരു തിന്മയായി, തല കുനിക്കേണ്ട  ഒരു ഭാരമായി കണക്കാക്കരുത്. അത് ദൈവത്തിന്‍റെ നന്മയിൽ നിന്നും വിശ്വസ്തതയിൽ നിന്നും വരുന്നതിനാൽ, നാം അതിനെ ഒരു വലിയ അനുഗ്രഹമായി കണക്കാക്കണം, അതിന് നാം നന്ദിയുള്ളവരായിരിക്കണം. ദൈവത്താൽ ശിക്ഷണം ലഭിക്കുന്നത് നമ്മുടെ പുത്രത്വത്തിന്‍റെ തെളിവാണ്. ഒരു പിതാവും തന്‍റെ കുടുംബത്തിലെ അംഗമല്ലാത്ത ഒരാളുടെ കാര്യത്തിൽ ശ്രദ്ധകാണിക്കില്ല. എന്നാൽ അവൻ തന്‍റെ വീട്ടുകാർ ശരിയായ പാതയിൽ നടക്കത്തക്കവണ്ണം ശിക്ഷണം നൽകും. നമ്മുടെ നന്മയ്ക്കും നമുക്ക് ഏറ്റവും പ്രയോജനകരമാകുന്നതിനും വേണ്ടിയാണ് ദൈവിക ശിക്ഷണം നല്കപ്പെടുന്നത്. അതുകൊണ്ട്, അച്ചടക്കത്തിന്‍റെ വടിക്കപ്പുറം അത് പ്രയോഗിക്കുന്ന സർവ്വജ്ഞാനിയായവന്‍റെ  കരം കാണുവാൻ നാം പഠിക്കണം.

ആർക്കാണോ ഈ ലേഖനം എഴുതിയത് ആ എബ്രായർ ആ സമയത്ത് വലിയ പരീക്ഷകളിലൂടെയും കഷ്ടങ്ങളിലൂടെയും കടന്നുപോകുകയും വളരെയധികം പ്രയാസപ്പെടുകയും ചെയ്യുകയായിരുന്നു. യേശുക്രിസ്തുവിന്‍റെ  ശുശ്രൂഷാകാലത്തും പിന്നീട് അപ്പോസ്തലന്മാരുടെ ശുശ്രൂഷയിലൂടെയും തങ്ങളുടെ മിശിഹായിൽ വിശ്വസിക്കാൻ പ്രേരിതരായ യഹൂദന്മാരിൽ നിന്നും മുന്നോട്ടു വന്ന ഒരു ശേഷിപ്പായിരുന്നു അവർ. മിശിഹൈക രാജ്യം ഉടനടി സ്ഥാപിക്കപ്പെടുമെന്നും ആ സമയത്ത് ഭൂമിയെ ഭരിക്കുമെന്നും അതിനാൽ ആ രാജ്യത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ അലങ്കരിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അവർ കരുതിയിരിക്കാം. എന്നാൽ, ആ രാജ്യം സ്ഥാപിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അവർക്ക് നിരവധി കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടിയും വന്നു. അവർ ജാതികളാൽ വെറുക്കപ്പടുക  മാത്രമല്ല, വിശ്വസിക്കാത്ത സ്വന്തം ആളുകളാൽ പുറത്താക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് അവർക്ക് സാധാരണ ജീവിതം നയിക്കാൻ തന്നെ ബുദ്ധിമുട്ടായി. ദൈവത്തിന്‍റെ ക്രമീകരണങ്ങൾ പോലും തങ്ങളുടെ നേരെ നെറ്റി ചുളിക്കുന്നതായി തോന്നി. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ചില യഹൂദന്മാർ പോലും വളരെയധികം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നതിനാൽ അവരുടെ പുതിയ വിശ്വാസത്തോട് പുറംതിരിഞ്ഞു നിൽക്കാൻ പ്രലോഭിപ്പിക്കപ്പെട്ടു. ഒരു പക്ഷെ ക്രിസ്തീയത  സ്വീകരിച്ചതിലൂടെ അവർ തെറ്റ് ചെയ്തോ? നസ്രത്തിലെ യേശുവിനെ ആലിംഗനം ചെയ്തതിന് സ്വർഗ്ഗം അവരോട് കോപിച്ചോ? അവർ കഷ്ടതകളിലൂടെ കടന്നുപോകുന്നു എന്ന വസ്തുത, ദൈവം അവരോട് അനുകൂലമായി ഇടപെടുന്നില്ല എന്നതിന്‍റെ സൂചനയല്ലേ?

ഉത്കണ്ഠാജനകമായ ഈ ചിന്തകളെ അപ്പോസ്തലൻ നേരിട്ട  രീതി ജ്ഞാനപൂർവ്വകവും അനുഗ്രഹപ്രദവുമായിരുന്നു. അവരുടെ തിരുവെഴുത്തുകളിൽ നിന്നു തന്നെയുള്ള  മുന്നറിയിപ്പുകൾ അവൻ ഓർമ്മിപ്പിച്ചു കൊണ്ട്, (സദൃശവാക്യങ്ങൾ 3:11,12;) അവയെ അവര്‍ ഉള്ള    സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുകയാണ് ചെയ്തത്. താക്കോൽ  വാക്യത്തിലെ അവസാന വാക്കുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക: ‘അവൻ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?’ നിങ്ങളോട് സംവാദിക്കുന്ന എന്ന വാക്കുകൾ  പഴയനിയമ തിരുവെഴുത്തുകൾ പഴയനിയമത്തിനു കീഴിലുള്ളവർക്കു മാത്രം പരിമിതമായിരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. അവ പുതിയ നിയമത്തിൽ കീഴിലുളള നമ്മോടും സംസാരിക്കുന്നതും നമുക്കും ബാധകമായിരിക്കുന്നതുമായ മുന്നറിയിപ്പുകളാണ്.

എല്ലാ തിരുവെഴുത്തും ദൈവശാസീയമാകയാല്‍........... പ്രയോജനമുള്ളതാകുന്നു (2 തിമോത്തി 3:16). പുതിയനിയമത്തെപ്പോലെ പഴയനിയമവും നമുക്ക് പ്രബോധനത്തിനും ജ്ഞാനത്തിനുമായി നൽകപ്പെട്ടിരിക്കുന്നു. രണ്ടാമതായി, താക്കോൽ വാക്യത്തിലെ ക്രിയയുടെ കാലം ശ്രദ്ധിക്കുക മക്കളോട് എന്നപോലെ നിങ്ങളോട് സംവാദിക്കുന്ന പ്രബോധനം...ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ് സംസാരിച്ച ദൈവവചനത്തെക്കുറിച്ച് അപ്പോസ്തലൻ എഴുതുമ്പോൾ, സംവാദിച്ചഎന്നല്ല, മറിച്ച് സംവാദിക്കുന്ന എന്നാണ് എഴുതിയിരിക്കുന്നത്. വെളിപാട് 2, 3 അധ്യായങ്ങളിൽ ഇതേ കാര്യം  ഏഴു പ്രാവശ്യം ആവർത്തിക്കുന്നു: ആത്മാവ് സഭകളോട് പറയുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.” “പറഞ്ഞത് എന്നല്ല പറയുന്നത് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക; വിശുദ്ധ തിരുവെഴുത്തുകളിലെ വാക്കുകൾ ജീവനുള്ളതും ഇന്നും സംസാരിക്കുന്നതുമാണ്.

ഇനി നമുക്ക് തലക്കെട്ടിലുള്ള വാക്യത്തിലെ "മറന്നുകളഞ്ഞുവോഎന്ന വാക്ക് ശ്രദ്ധിക്കാം. സദൃശവാക്യങ്ങൾ 3:11,12-ലെ മുന്നറിയിപ്പിനെക്കുറിച്ച് അന്നത്തെ എബ്രായ ക്രിസ്ത്യാനികൾക്ക് അറിയില്ലായിരുന്നു എന്നല്ല, അവർ അത് മറന്നുപോയി എന്നാണ്  ഇത് സൂചിപ്പിക്കുന്നത്. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ പിതൃത്വം മാത്രമല്ല, മക്കൾ എന്ന നിലയിൽ അവനുമായുള്ള ബന്ധവും മറന്നു പോയി. അതുകൊണ്ടാണ് ദൈവത്തിന്‍റെ അവരോടുള്ള ഇടപെടലുകളെയും  ഉദ്ദേശ്യങ്ങളെയും അവർ തെറ്റിദ്ധരിക്കുകയും, അവന്‍റെ  സ്നേഹത്തിന്‍റെ വെളിച്ചത്തിൽ അവയെ കാണുന്നതിനുപകരം, അവ അവരോടുള്ള അവന്‍റെ അനിഷ്ടത്തിന്‍റെ അടയാളങ്ങളായി, അവൻ അവരെ മറന്നുപോയതിന്‍റെ അടയാളങ്ങളായി അവർ കണക്കാക്കി. ഇക്കാരണത്താൽ, സന്തോഷത്തോടെ തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുന്നതിനുപകരം, അവർ നിരാശയും നിസ്സഹായതയും ആണ് കാണിച്ചത്. ഇവിടെ നമുക്ക് ഒരു പ്രധാന മുന്നറിയിപ്പ് ഉണ്ട്. നമ്മുടെ സ്വന്തം യുക്തിയിലോ  മിഥ്യാധാരണകളിലോ അല്ല, മറിച്ച് ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ മാത്രമേ ദൈവം തന്‍റെ തിരഞ്ഞെടുപ്പ് അനുസരിച്ച് നമ്മോട് ഇടപെടുന്ന രീതികളെ മനസ്സിലാക്കാവൂ. “മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുത്; അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്. എന്ന് മക്കളോട് എന്നപോലെ നമ്മോട് സംസാരിക്കുന്ന  ഈ മുന്നറിയിപ്പ് നാം കൂടെക്കൂടെ മറക്കുന്നവരാണ്!

ഇവിടെ ദുഃഖകരമായ കാര്യം, ശിക്ഷിക്കുന്നു”, തല്ലുന്നു എന്നിങ്ങനെ വിവർത്തനം ചെയ്യപ്പെടുന്ന പൈ ഡിയ(paideia) എന്ന ഗ്രീക്ക് പദത്തോട് നീതി പുലർത്താൻ കഴിയുന്ന ഒരു പദവും ഇംഗ്ലീഷ് ഭാഷയിൽ (മലയാള ഭാഷയിലും) ഇല്ല എന്നതാണ്. യോഹന്നാൻ 21:5 ലും എബ്രായർ 2:13 ലും ഉപയോഗിച്ചിരിക്കുന്ന 'പെഡിയോൺ' എന്ന പദത്തിന്‍റെ പര്യായമായിട്ടാണ്  ഇത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ കൊച്ചു കുട്ടികളോട് ഇടപെടുന്ന സൗമ്യമായ സമീപനത്തെ  ഇത് സൂചിപ്പിക്കുന്നു. മലയാള ഭാഷയിൽ വിദ്യാർത്ഥി”, വിദ്യാഭ്യാസം എന്നീ പദങ്ങൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ (വിദ്യാർത്ഥി എന്നാൽ വിദ്യ അഭ്യസിക്കുന്നവൻ എന്നാണ്), ഗ്രീക്കിൽ അച്ചടക്കം”, പുത്രന്മാർ എന്നീ പദങ്ങൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. (ശിക്ഷണം പാലിക്കുന്നവൻ ആണ് പുത്രൻ). അതുകൊണ്ട്, ഇവിടെ പരിശീലനം എന്ന വാക്ക് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇത് ദൈവം  തന്‍റെ മക്കളെ പഠിപ്പിച്ച്, പരിശീലനം നൽകി, അവരെ ഒരു ക്രമത്തിലേക്ക് കൊണ്ടുവരുന്നതിനെ സൂചിപ്പിക്കുന്നു. ഒരു പിതാവ് തന്‍റെ മക്കളെ ജ്ഞാനത്തോടെ തിരുത്തുന്ന രീതിയാണിത്.

മക്കളെ തിരുത്താന്‍ കൂടെക്കൂടെ വടി എടുക്കേണ്ട ആവശ്യമുണ്ട്. എന്നാൽ, നമ്മുടെ ചിന്തകളെ ഈ ഒരു വശത്തേയ്ക്ക് മാത്രം പരിമിതപ്പെടുത്തുന്നത് വലിയ തെറ്റായിരിക്കും. തന്‍റെ മക്കൾ തെറ്റ് ചെയ്യുമ്പോഴെല്ലാം തിരുത്താൻ വേണ്ടി ദൈവം നൽകുന്ന അടികളായി മാത്രം ശിക്ഷണത്തെ കാണരുത്. ദൈവത്തിന്‍റെ ഏറ്റവും വിശുദ്ധരായ ജനങ്ങളും, ഏറ്റവും അനുസരണയുള്ള ദൈവമക്കൾ പോലും പലതവണ നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്, അനുഭവിക്കുന്നുമുണ്ട്. പലപ്പോഴും നമ്മെ തിരുത്തുന്നതിനായി ദൈവം നമ്മെ പരീക്ഷകളിലൂടെ കടന്നുപോകാൻ അനുവദിക്കുന്നു. നമ്മുടെ സ്വയനീതിയിൽ നിന്നും സ്വയംപര്യാപ്തതയിൽ നിന്നും നമ്മെ ശൂന്യരാക്കാനും,  നമ്മുടെ ലംഘനങ്ങളും നമ്മുടെ ഹൃദയങ്ങളിലെ മാരകമായ രോഗവും തുറന്നുകാട്ടുന്നതിനുമാണ് അവ അയക്കപ്പെടുന്നത്. ചിലപ്പോൾ അത്തരം ശാസനകൾ നമ്മെ ആത്മീയമായി ശക്തിപ്പെടുത്താൻ അയക്കപ്പെടാറുണ്ട്. അവ നമ്മെ അനുഭവത്തിൽ വളരാനും ഉപയോഗപ്രദമായ ഒരു തലത്തിലേയ്ക്ക് ഉയരുവാനും സഹായിക്കുന്നു. അതിനും പുറമേ നാം അഹങ്കരിക്കാതെ സൂക്ഷിക്കാനും നാം ചെയ്യുന്ന ശുശ്രൂഷകളിൽ നിഗളിക്കാതിരിക്കാനും ദൈവത്തിന്‍റെ ശാസന നമ്മെ സഹായിക്കുന്നു. ചുരുക്കമായി നാല് ഉദാഹരണങ്ങൾ പരിശോധിക്കാം.

ദാവീദ്: ദാവീദിന്‍റെ കാര്യത്തിൽ, അവന്‍റെ ഗുരുതരമായ പാപത്തിന്‍റെ  ദുഷ്ടതയ്ക്ക് ശിക്ഷണയ്ക്കുള്ള ദൈവത്തിന്‍റെ വടി ഉപയോഗിക്കപ്പെട്ടു. അത് തന്നില്‍ തന്നെ തനിക്കുള്ള വിശ്വാസവും സ്വയ നീതിയും മൂലം ഉണ്ടായതാണ്. 2 ശമൂവേൽ 22, 23 അധ്യായങ്ങളിൽ ദാവീദ് ആലപിച്ച രണ്ട് ഗാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് തന്‍റെ ജീവിതത്തിന്‍റെ  തുടക്കവുമായും, രണ്ടാമത്തേത് ജീവിതാവസാനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധാപൂർവ്വം പഠിച്ചാൽ, ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസം വായനക്കാരന് കണ്ടെത്താൻ കഴിയും. 2 ശമുവേൽ 22-25 വായിക്കുമ്പോൾ, ദൈവം ദാവീദിനെ വീഴാൻ അനുവദിച്ചതിൽ നമുക്ക് അതിശയം തോന്നില്ല,  എന്നാല്‍ 23-ാം അധ്യായത്തിലെ അനുഗ്രഹീതമായ മാറ്റം ശ്രദ്ധിക്കുക. അഞ്ചാം വാക്യത്തിൽ തന്‍റെ പരാജയത്തെക്കുറിച്ചുള്ള ഹൃദയംഗമമായ ഏറ്റുപറച്ചിൽ നാം കാണുന്നു. 10 മുതൽ 12 വരെയുള്ള വാക്യങ്ങളിൽ താന്‍ ദൈവത്തെ സ്തുതിക്കുന്നതും വിജയം അവനു മാത്രം  ആരോപിച്ചുകൊണ്ടുള്ള ഏറ്റുപറച്ചിലും നമുക്ക് കാണാം. ദാവീദിനെ ദൈവം ശാസിച്ചത് വെറുതെയായില്ല.

ഇയ്യോബ്: ഒരു പക്ഷെ മനുഷ്യർ അനുഭവിക്കുന്ന എല്ലാത്തരം കഷ്ടപ്പാടുകളും അവൻ സഹിച്ചിട്ടുണ്ടാകും. കുടുംബത്തിലെ നഷ്ടങ്ങൾ, സ്വത്തു നഷ്ടങ്ങൾ, ശാരീരിക ക്ലേശങ്ങൾ എന്നിവ പെട്ടെന്ന് ഒന്നിനു പുറകെ ഒന്നായി വന്നു ഭവിച്ചു. എന്നാൽ ആ നഷ്ടങ്ങളിൽ നിന്ന് ഇയ്യോബ് കൂടുതൽ നന്മ പ്രാപിക്കുകയും, ഇനിയും കൂടുതൽ വിശുദ്ധിയിൽ പങ്കുചേരുകയും ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിച്ചത്. തുടക്കം മുതൽ തന്നെ ഇയ്യോബ് നീതിമാനാണെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇയ്യോബ് ഒടുവിൽ മൂന്നിരട്ടി വിശുദ്ധനായവനെ മുഖാമുഖം കണ്ടപ്പോൾ, താൻ തന്നെത്തന്നെ വെറുക്കുകയും അനുതപിക്കുകയും ചെയ്തുവെന്ന് അവൻ ഏറ്റുപറഞ്ഞു (ഇയ്യോബ് 42:6).  ഇയ്യോബിന്‍റെ പരീക്ഷകൾ അവനിൽ  താഴ്മ ഉളവാക്കാൻ  അനുവദിക്കപ്പെട്ടു.

അബ്രഹാം: തന്‍റെ വിഷയത്തിൽ തീർത്തും വ്യത്യസ്തമായ ഒരു ഉദ്ദേശ്യത്തിനാണ് കഷ്ടതകൾ അനുവദിക്കപ്പെട്ടതെന്ന്  നമുക്ക് കാണാൻ കഴിയും. ഈ കഷ്ടപ്പാടുകൾ തന്‍റെ പാപങ്ങളുടെ ഫലമായിട്ടോ, തന്‍റെ ആന്തരികമായ തെറ്റുകൾ തിരുത്താനോ അനുവദിക്കപ്പെട്ടതല്ല. എന്നാല്‍ അവ അനുവദിക്കപ്പെട്ടത് അവന്‍റെ ആത്മീയ വളർച്ചയ്ക്കു വേണ്ടിയാണ്. സ്ഥിരതക്കു തികഞ്ഞ പ്രവർത്തി ഉണ്ടായി, വിശ്വാസത്തിൽ ബലപ്പെടത്തക്കവണ്ണം അബ്രഹാം ഈ ലോകത്തിലെ കാര്യങ്ങളിൽ നിന്ന് വേർപെടുത്തപ്പെടുകയും, യഹോവയായ ദൈവത്തിന്‍റെ സ്നേഹിതനായി കണക്കാക്കപ്പെടുകയും ചെയ്തു.

പൗലോസ്:  വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്‍റെ ദൂതനെ തന്നെ”  (2 കൊരിന്ത്യർ 12:7). മുള്ള് പരാജയങ്ങളാലോ പാപങ്ങളാലോ അല്ല, അതിയായി നിഗളിച്ചു പോകാതിരിക്കത്തക്കവണ്ണം, അഹങ്കാരത്തെ തടയാൻ വേണ്ടിയാണ് അയക്കപ്പെട്ടത്. നിഗളിച്ചു പോകാതിരിക്കാൻ”, എന്ന പ്രയോഗം, ഈ വാക്യത്തിൽ രണ്ടുതവണ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഈ “മുള്ള്” അയച്ചതിന്‍റെ ഫലമായി, തന്‍റെ ബലഹീനതകളെക്കുറിച്ച് അപ്പോസ്തലന്‍ കൂടുതൽ ജാഗ്രത ഉള്ളവനായിത്തീർന്നു. അതുകൊണ്ട്, നമ്മുടെ സ്വയംപര്യാപ്തതയെ തകർത്തു കൊണ്ട് നമ്മെ ഏതുമില്ലാത്തവരാക്കാൻ കഷ്ടതകൾ അയയ്ക്കപ്പെടുന്നു.

മുകളിൽ പറഞ്ഞ നാല് വ്യത്യസ്ത കാരണങ്ങളാൽ അതായത് ശിക്ഷണം ചെയ്യാനും, തിരുത്തൽ വരുത്താനും,  അഹങ്കാരമുള്ള ഹൃദയത്തിൽ നിന്ന് സംരക്ഷിക്കാനും, ആത്മീയ വളർച്ചയ്ക്കായും കഷ്ടതകള്‍ അയക്കപ്പെടുന്നതു കൊണ്ട്, ഒരു വ്യക്തിക്ക്  ഒരു പ്രത്യേക കഷ്ടം  എന്തുകൊണ്ടാണെന്ന് ഉണ്ടാകുന്നതെന്ന് വിവേചിച്ചറിയുവാൻ നാം തീര്‍ത്തും  കഴിവില്ലാത്തവരാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് എത്ര ഭോഷത്വമാണ്! നമ്മുടെ സഹ ക്രിസ്തീയ സഹോദരൻ ദൈവിക ശിക്ഷണത്തിന് വിധേയനാകുമ്പോൾ, അയാൾക്ക് തന്‍റെ പാപങ്ങൾ മൂലമാണ് ശാസന ലഭിക്കുന്നതെന്ന് കരുതുന്നത് ശരിയല്ല. അടുത്ത അധ്യായത്തിൽ, 'ദൈവിക ശിക്ഷണം നാം എങ്ങനെയുള്ള മനോഭാവത്തോടെ സ്വീകരിക്കണം' എന്ന വിഷയത്തെക്കുറിച്ച് ധ്യാനിക്കാം.

 അദ്ധ്യായം  8

 ദൈവിക ശിക്ഷണം സ്വീകരിക്കൽ

“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുത്; അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്” (എബ്രായർ 12:5).

എല്ലാത്തരം ശാസനകളും അവ സ്വീകരിക്കുന്നവർക്ക് പ്രയോജനകരമല്ല. ചിലർ കൂടുതല്‍ കഠിനരായി മാറും. മറ്റു ചിലർ അതിനടിയിൽ ചതഞ്ഞരഞ്ഞുപോകും. നാം കഷ്ടകളെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പലതും. പരീക്ഷകളിലും കഷ്ടതകളിലും സ്വാഭാവികമായി നല്ലത് ഒന്നുമില്ല. ദൈവം അവയെ അനുഗ്രഹിച്ച് അയയ്ക്കുന്നതുകൊണ്ട് മാത്രമേ നമുക്ക് അവയിൽ നിന്ന് പ്രയോജനം ലഭിക്കൂ. എബ്രായർ 12:11 വ്യക്തമാക്കുന്നതുപോലെ, “ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും” (എബ്രായർ 12:11). നമുക്ക് വേണ്ടത്  സൂഷ്മമായ മനസ്സാക്ഷിയും മൃദുലമായ ഹൃദയവുമാണ്.

താക്കോൽ വാക്യത്തിൽ, ക്രിസ്ത്യാനിക്ക് രണ്ട് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു: “നിരസിക്കരുത്”, “മുഷികയുമരുത്” – ഈ രണ്ട് അപകടകരമായ മനോഭാവങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കുക. തിരുവെഴുത്തിലെ ഓരോ സത്യത്തിനും സന്തുലിതമാക്കുന്ന മറ്റൊരു വശം ഉള്ളതുപോലെ, എല്ലാ തിന്മയ്ക്കും വിപരീതമായ ഒരു വശം ഉണ്ട്. ഒരു വശത്ത്, ശിക്ഷണത്തിന്‍റെ വടിയെ പരിഹസിക്കുന്ന അഹങ്കാരമുള്ള ഹൃദയത്തിന് കീഴിൽ, സ്വയം താഴ്ത്താൻ വിസമ്മതിക്കുന്ന സ്വതന്ത്രമായ ഇച്ഛാശക്തിയുണ്ട്. മറുവശത്ത്, വിരസത തോന്നുകയും പിന്നീട്  വിഷാദത്തിലേക്ക് വീണുപോകുകയും  ചെയ്യുന്ന മനോഭാവവുമുണ്ട്. ചാൾസ് സ്പർജ്ജൻ പറഞ്ഞതുപോലെ, “നീതിയുടെ പാത രണ്ട് അബദ്ധങ്ങളാകുന്ന പർവതങ്ങൾക്കിടയിലുള്ള ഒരു ഇടുങ്ങിയ പാത പോലെയാണ്. ഈ ഇടുങ്ങിയ താഴ്‌വരയിലൂടെ നടന്ന് ഒരാളുടെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം.”

വടിയെ നിരസിക്കൽ: ക്രിസ്ത്യാനികൾ പല നിലയിൽ ദൈവത്തിന്‍റെ ശിക്ഷണത്തിന്‍റെ വടിയെ “നിരസിക്കുന്നു”. അവയിൽ നാലെണ്ണം നമുക്ക് നോക്കാം.

(എ) താൽപ്പര്യക്കുറവ് മൂലം:  ജഡിക മനസ്സിന്‍റെ ഒരു സവിശേഷതയാണ് നിസ്സംഗത. സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നതിലൂടെ പ്രശ്‌നങ്ങളെ നേരിടാൻ കഴിയുന്നതിലും മെച്ചമായൊരു മാർഗവും ലോകത്തിനറിയില്ല. ദിവ്യമായ ആശ്വാസപ്രദന്‍റെയും, ഉപദേഷ്ടാവിന്‍റെയും, പരമ വൈദ്യന്‍റെയും  സഹായം ലഭിക്കാത്ത, അവൻ സ്വന്തം ഭൗതിക ഉറവിടങ്ങളെയാണ്  ആശ്രയിക്കുന്നത്. എന്നാല്‍ ഒരു ദൈവപൈതലും സാത്താന്‍റെ മക്കളെപ്പോലെ ഇങ്ങനെ പെരുമാറുന്നത് പറഞ്ഞറിയിക്കാനാവാത്തവണ്ണം സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. പ്രതികൂല സാഹചര്യങ്ങളിൽ പിന്തിരിയുന്ന ഒരു ക്രിസ്ത്യാനി ദൈവത്തിന്‍റെ ശിക്ഷണത്തെ വെറുക്കുന്നവനാണ്. നിസ്സംഗ മനോഭാവത്തോടെ എല്ലാം സഹിച്ച് ഹൃദയം കഠിനമാക്കുന്നതിനേക്കാൾ നല്ലത്, തകർന്നും നുറുങ്ങിയതുമായ  ഹൃദയമുള്ള ഒരു മനുഷ്യനായിരിക്കുന്നതാണ്.

(ബി) പരാതി പറയുന്നതിലൂടെ:-  മരുഭൂമിയിൽ അന്ന് എബ്രായർ ചെയ്തത് ഇതാണ്; ഇന്നും, ഇങ്ങനെ ചെയ്യുന്നവർ വിശ്വാസ ഭവനത്തിൽ അനേകരാണ്. നമുക്ക് ചെറിയ എന്തെങ്കിലും രോഗം വന്നാല്‍, നമ്മുടെ സുഹൃത്തുക്കൾ പോലും നമ്മുടെ അടുത്തേയ്ക്ക് വരാൻ മടിക്കത്തക്കവണ്ണം നാം വിരസത കാണിക്കും. കുറച്ചു ദിവസത്തേയ്ക്ക് സുഖമില്ലാതെ രോഗക്കിടക്കയിൽ കിടക്കേണ്ടിവന്നാല്‍, നുകം ശീലിച്ചിട്ടില്ലാത്ത കാളയെപ്പോലെ നാം മുറയിടും. നമ്മെക്കാൾ കുറഞ്ഞ  ഭാരം ചുമക്കുന്നവരെ അസൂയയോടെ നോക്കി കൊണ്ട്, എന്തുകൊണ്ട്  എനിക്ക് ഇതെല്ലാം സംഭവിച്ചു എന്ന് നാം ചിന്തിക്കുന്നു. “ഇതൊക്കെ അനുഭവിക്കാൻ ഞാൻ എന്ത് പാപമാണ് ചെയ്തത്?” എന്ന് നാം സ്വയം ചോദിക്കുന്നു. വായനക്കാരേ! സൂക്ഷിക്കുക! പിറുപിറുക്കുന്നവർക്ക് അയ്യോ കഷ്ടം! ആദ്യത്തെ ശിക്ഷയില്‍ നമ്മിൽ താഴ്മ ഉളവാകുന്നില്ലെങ്കിൽ, ദൈവം രണ്ടാമതും നമ്മെ ശിക്ഷിക്കും. സ്വർണ്ണത്തിൽ ഇനിയും എത്രമാത്രം അശുദ്ധി അവശേഷിക്കുന്നുണ്ടെന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ ഹൃദയത്തിലെ ദുഷ്ടത കണ്ട്, ദൈവം നിങ്ങളെ ഇരട്ടിയായി അടിക്കാത്തതിൽ ആശ്ചര്യപ്പെടൂ. “മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുത്”.

(സി) വിമർശനത്തിലൂടെ :- ശാസനയിലൂടെയുള്ള പ്രയോജനത്തെ നാം എത്ര തവണയാണ് ചോദ്യം ചെയ്യുന്നത്? ക്രിസ്ത്യാനികളായ ശേഷവും  ലൗകികരായിരുന്നപ്പോൾ നമുക്കുണ്ടായിരുന്ന അതേ ഭോഷത്വം പലപ്പോഴും നാം പ്രകടിപ്പിക്കാറുണ്ട്. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ, വീട്ടിലെ ആവശ്യമില്ലാത്ത ഒരു വസ്തുവായിട്ടാണ് ചൂരലിനെ കണക്കാക്കിയിരുന്നത്. ദൈവമക്കൾ പോലും പലപ്പോഴും ഇങ്ങനെയാണ് ചിന്തിക്കുന്നത്. എല്ലാം നന്നായി പോകുകയും അപ്രതീക്ഷിതമായി ചില അനുഗ്രഹങ്ങൾ നമ്മുടെ മേൽ വർഷിക്കപ്പെടുകയും ചെയ്യുമ്പോൾ, നമുക്ക്  അവ ദൈവത്തിന്‍റെ കൃപയെന്ന്‍ ആരോപിക്കാനും,നന്നായെന്ന്‍ ചിന്തിക്കാനും ഒരു പ്രശ്നവുമില്ല, എന്നാല്‍ നമ്മുടെ ഉദ്ദേശ്യങ്ങൾ പരാജയപ്പെടുമ്പോഴോ നമുക്ക് നഷ്ടം നേരിടുമ്പോഴോ, നമ്മുടെ ചിന്താഗതി ഇതിൽ നിന്നും വ്യത്യസ്തമാകും. എന്നാൽ ഇതിനെക്കുറിച്ച്, “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്‍ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്‍ടിക്കുന്നു, യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു” (യെശയ്യാവ് 45:7). എന്ന് എഴുതപ്പെട്ടിട്ടില്ലേ? എത്ര തവണയാണ് സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവിനോട്, “എന്തുകൊണ്ടാണ് നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത്” എന്ന് ചോദിക്കുന്നത്? ഇതുകൊണ്ട് എനിക്ക് എന്ത് പ്രയോജനം? എനിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ, ഞാൻ കൂടെക്കൂടെ പ്രാർത്ഥനാലയത്തിൽ  പോകുമായിരുന്നല്ലോ! ബിസിനസ്സിൽ നഷ്ടങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ, ദൈവത്തിന്‍റെ വേലയ്ക്കായി  കൂടുതൽ പണം എന്‍റെ പക്കൽ ഉണ്ടാകുമായിരുന്നു. ഈ പ്രയാസങ്ങള്‍ കൊണ്ട് എനിക്ക് എന്ത് നന്മയാണ് ഉണ്ടായത്?

 എന്ന് നാം ചോദിക്കുന്നു. യാക്കോബിനെപ്പോലെ, “എല്ലാം എനിക്ക് പ്രതികൂലമാണ്” എന്ന് പറഞ്ഞു കൊണ്ട് നാം ദുഃഖിക്കുകയാണ്. ഇത് ദൈവത്തിന്‍റെ ശിക്ഷണത്തെ "അവജ്ഞയോടെ തള്ളിക്കളയൽ" അല്ലെങ്കിൽ, മറ്റെന്താണ്? നിങ്ങളുടെ അജ്ഞത കൊണ്ട് ദൈവത്തിന്‍റെ ജ്ഞാനത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങളുടെ ഹ്രസ്വദൃഷ്ടി കാരണം സർവ്വജ്ഞനായ ദൈവത്തിന്‍റെ ദീർഘവീക്ഷണത്തെ കുറ്റപ്പെടുത്താൻ കഴിയുമോ?

(ഡി) അശ്രദ്ധയിലൂടെ :- പലരും തങ്ങളുടെ വഴികൾ നന്നാക്കാൻ ആഗ്രഹിക്കുന്നില്ല. തലക്കെട്ടിലുള്ള വാക്യത്തിലെ മുന്നറിയിപ്പ് നമുക്കെല്ലാവർക്കും വളരെ ആവശ്യമാണ്. ദൈവത്തിന്‍റെ ശിക്ഷയെ പുച്ഛിക്കുന്നവർ ഏറെയാണ്. അതുകൊണ്ടാണ് അവർക്ക് അതിൽ നിന്ന് യാതൊരു പ്രയോജനവും ലഭിക്കാത്തത്. ദൈവത്താല്‍ തിരുത്തല്‍ സ്വീകരിച്ചിട്ടുള്ളവര്‍ അനേകരാണെങ്കിലും ചിലരുടെ കാര്യത്തിൽ അത് വ്യർത്ഥമാണ്. രോഗങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ, നഷ്ടങ്ങൾ എന്നിവ എന്തുതന്നെയായാലും, പ്രാർത്ഥനാപൂർവ്വമായ ആത്മപരിശോധനയിലൂടെ അവ അനുഗ്രഹങ്ങളായി രൂപാന്തരപ്പെടുന്നില്ല. ഓ, സഹോദരി, സഹോദരാ, സൂക്ഷിക്കുക! ദൈവം നിങ്ങളെ ശാസിക്കുന്നുവെങ്കിൽ, "നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ" (ഹഗ്ഗായി 1:5), "നിന്‍റെ  കാലുകളുടെ പാതയെ നിരപ്പാക്കുക" (സദൃശവാക്യങ്ങൾ 4:26). ദൈവം നിങ്ങളെ ശാസിക്കാൻ ശരിയായ കാരണമുണ്ടെന്ന് അറിയുക. തങ്ങളെ  ശാസിക്കാനുള്ള കാരണം ശ്രദ്ധാപൂർവ്വം പരിശോധിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ, പല ക്രിസ്ത്യാനികളും അനുഭവിക്കുന്ന കഷ്ടതകളുടെ പകുതിയെങ്കിലും ഒഴിവാക്കപ്പെടുമായിരുന്നു.

അതിന്‍റെ കീഴിൽ നിരുത്സാഹപ്പെടൽ :

ദൈവത്തിന്‍റെ ശിക്ഷണത്തെ തുച്ഛീകരിക്കരുതെന്ന മുന്നറിയിപ്പ് നൽകിയതിനുശേഷം, ഇപ്പോൾ പ്രത്യേകമായി ദൈവത്തിന്‍റെ ശാസനയിൽ നിരാശപ്പെടരുതെന്ന് നമുക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. ഒരു ക്രിസ്ത്യാനി കുറഞ്ഞത് മൂന്ന് വിധത്തിലെങ്കിലും ദൈവത്തിന്‍റെ  ശിക്ഷണത്തില്‍ നിരുത്സാഹപ്പെടാം.

(എ) ഒരാൾ തന്‍റെ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് നിരാശയാൽ വിഷാദത്തിലാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അടിയേറ്റയാൾക്ക് പലപ്പോഴും അത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് തോന്നും. അവന്‍റെ ഹൃദയം അസ്വസ്ഥമാണ്, അന്ധകാരം അവനെ ചുറ്റിയിരിക്കുകയാണ്. പ്രത്യാശയുടെ സൂര്യന് ഗ്രഹണം സംഭവിച്ചിരിക്കുന്നു; നന്ദി അർപ്പിക്കുന്ന ശബ്ദം നിശബ്ദമായി പോകുന്നു. ‘നിരുത്സാഹപ്പെടുക’ എന്നാൽ നമ്മുടെ കടമ നിർവഹിക്കുന്നതിൽ നമ്മെത്തന്നെ അശക്തരാക്കുക എന്നാണ്. ഒരു വ്യക്തി നിരുത്സാഹത്തിലാകുമ്പോൾ, അയാൾ തളര്‍ന്നു വീഴുകയും ചലനമില്ലാത്തവനായിത്തീരുകയും ചെയ്യുന്നു. എത്രയോ ക്രിസ്ത്യാനികൾ വിഷാദത്തിൽ തങ്ങളുടെ പോരാട്ടം പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു? കഷ്ടതകൾ ഉപരോധിക്കുമ്പോൾ എത്ര പേർ ആണ് ചലനമില്ലാത്തവരായി പോകുന്നത്? എത്ര പേരാണ് ദൈവത്തിന്‍റെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു, എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ചിന്തിക്കുന്നത്? പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന് “അവൻ നിങ്ങളെ ശാസിക്കുമ്പോൾ മുഷികയുമരുത്”. ദൈവത്തിങ്കലേക്ക് നോക്കി  അവന്‍റെ കരം തിരിച്ചറിയുക, നിങ്ങളുടെ കഷ്ടതകൾ “സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നതിന്‍റെ” ഭാഗമാണെന്ന് ഓർക്കുക.

(ബി) തന്‍റെ പുത്രത്വം  ചോദ്യം ചെയ്യപ്പെടുമ്പോൾ:-  ദൈവത്തിന്‍റെ വടി അവരുടെ മേൽ വന്നപ്പോൾ, തങ്ങൾ ദൈവമക്കളല്ലേ എന്ന് സംശയിച്ച നിരവധി പേർ ക്രിസ്ത്യാനികളിൽ ഇല്ലാതില്ല. “നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു” (സങ്കീർത്തനം 34:19), എന്നും “നാം അനേകം കഷ്ടങ്ങളിലൂടെ ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” (പ്രവൃത്തികൾ 14:22) എന്നും എഴുതിയിരിക്കുന്ന കാര്യം അവർ മറന്നു പോകുന്നു. ഒരുപക്ഷെ ഞാൻ ദൈവമകനാണെങ്കിൽ, ദാരിദ്ര്യത്തിലും, ദുഃഖത്തിലും, വേദനയിലും ആയിരിക്കേണ്ടതല്ലല്ലോ?, എന്ന് ആരെങ്കിലും പറഞ്ഞേക്കാം, പക്ഷേ നോക്കിയാലും, “എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൗലടേയന്മാരത്രേ” (എബ്രായർ 12:8).

അതുകൊണ്ട് ദൈവത്തിന്‍റെ വടിയെ മാലിന്യം നീക്കുന്ന, ശുദ്ധിചെയ്യുന്ന, വിശുദ്ധീകരിക്കുന്ന അവന്‍റെ സ്നേഹത്തിന്‍റെ തെളിവായി കാണാൻ പഠിക്കുക. ഒരു കുടുംബത്തിൽ, പിതാവ് തന്‍റെ വീട്ടിലുള്ളവരെ സംരക്ഷിക്കുകയും, നയിക്കുകയും, വളർത്തുകയും ചെയ്തു കൊണ്ട്,  അവർ തന്‍റെ ഇഷ്ടപ്രകാരം തന്നെ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അതുതന്നെയാണ് ദൈവവും ചെയ്യുന്നത്.

(സി) അവൻ നിരാശനാകുമ്പോൾ:-  ചില ആളുകൾ തങ്ങളുടെ കഷ്ടങ്ങളിൽ നിന്ന് ഒരിക്കലും കരകയറാൻ കഴിയില്ല എന്ന് തെറ്റിദ്ധരിക്കുന്നു. എത്ര പ്രാർത്ഥിച്ചാലും എന്‍റെ ജീവിതത്തിൽ നിന്ന് ഈ കഷ്ടങ്ങൾ നീങ്ങി പോകില്ലെന്ന്  പറയുന്നു. എന്നാല്‍, പ്രഭാതത്തിന് മുമ്പ് ഇരുണ്ട മണിക്കൂറുകൾ ഉണ്ടാകുമെന്ന് അറിഞ്ഞ് നാം ആശ്വാസം കണ്ടെത്തണം. അതുകൊണ്ട് ദൈവത്തിന്‍റെ ശാസനയിൽ “മുഷിയരുത്”. മറ്റു ചിലർ പറയുന്നത്, ‘ഞാൻ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ മുറുകെ പിടിച്ചു അവനോട് അപേക്ഷിച്ചു, പക്ഷേ ഫലമുണ്ടായില്ല.’ എന്നാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ നിലവിളി കേട്ട് അവരെ വിടുവിക്കുമെന്ന് വിശ്വസിച്ച് ഞാനും അവനെ വിളിച്ചപേക്ഷിച്ചു,  പക്ഷേ എന്‍റെ  വിളിക്ക് ഉത്തരം ലഭിച്ചില്ല, ഇനി ഒരിക്കലും എനിക്ക് ഉത്തരം ലഭിക്കില്ലെന്ന് ഞാൻ ഭയപ്പെടുന്നു, എന്ന് പറയുന്നു. എന്താണ്? ദൈവത്തിന്‍റെ മകനേ! നീ നിന്‍റെ പിതാവിനെക്കുറിച്ച് ഇങ്ങനെയാണോ  സംസാരിക്കേണ്ടത്? “ഇത്രയും കാലം ദൈവം എന്നെ അടിച്ചുകൊണ്ടേയിരുന്നു അതുകൊണ്ട് ഇനിയും എന്നെ അടിക്കുന്നത് നിർത്തില്ല എന്നാണോ നീ പറയുന്നത്? അതിനു പകരം, ദൈവം എന്നെ ഇത്രയും കാലം അടിച്ചതുകൊണ്ട്, വിടുതൽ ഉടൻ വരും എന്ന് പറയൂ.” “നിരസിക്കരുത്”, “മുഷികയുമരുത്”. ഈ രണ്ടു തരം പാപങ്ങളിൽ നിന്നും ദൈവകൃപ എഴുത്തുകാരനും വായനക്കാരനും വിടുതൽ അനുഗ്രഹിക്കുമാറാകട്ടെ!

 അദ്ധ്യായം 9

 ദൈവത്തിന്‍റെ അവകാശം

യഹോവയുടെ അംശം അവന്‍റെ ജനവും യാക്കോബ് അവന്‍റെ അവകാശവും ആകുന്നു” (ആവർത്തനപുസ്തകം 32:9).   ഈ വാക്യം വളരെ അത്ഭുതകരമായ ഒരു സത്യം നമ്മുടെ മുമ്പിൽ വയ്ക്കുന്നു.   മാനുഷിക ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞു വരാൻ കഴിയാത്തത്ര അത്ഭുതകരമാണ് ഇത്.   സർവ്വശക്തനായ ദൈവത്തിന് ഒരു അവകാശമുണ്ടെന്നും ആ അവകാശം തന്‍റെ ജനമാണെന്നുമാണ് ഇത് നമ്മോട് പറയുന്നത്. ഈ ലോകത്തെ തന്‍റെ അവകാമാക്കാൻ അവൻ വിസമ്മതിച്ചു. അത് ഒരു ദിവസം കത്തിച്ചാമ്പലാകും. ദൂതന്മാരുടെ സൈന്യ സമൂഹമുള്ള സ്വർഗ്ഗം പോലും അവന്‍റെ  ഹൃദയത്തെ തൃപ്തിപ്പെടുത്തിയില്ല. അനാദികാലത്തില്‍ യഹോവയാം ദൈവം വാഞ്‌ഛയോടെ സംസാരിച്ച വാക്കുകൾ

“…എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു” (സദൃശവാക്യങ്ങൾ 8:31) എന്നാണ്. അവന്‍റെ വിശുദ്ധന്മാരാണ് അവന്‍റെ അവകാശമായിരിക്കുന്നതെന്ന് പറയുന്നത് ഈ ഒരു വാക്യം മാത്രമല്ല. സങ്കീർത്തനം 135:4-ൽ നാം ഇപ്രകാരം വായിക്കുന്നു: “യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്‍റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു”

മലാഖി 3:17-ൽ അവരെ “അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും” എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവർ അവന് വളരെ പ്രത്യേകതയുള്ളവരായതിനാൽ അവന്‍റെ ഉന്നതമായ സ്നേഹം അവർക്കു വേണ്ടി മാത്രം വെളിപ്പെടുത്തപ്പെട്ടു; സ്വർഗ്ഗീയ വാസസ്ഥലങ്ങൾ അവർക്കുവേണ്ടിയാണ് ഒരുക്കപ്പെടുന്നത്.

ഈ അത്ഭുതകരമായ സത്യം പുതിയനിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. എഫെസ്യർ 1:18,19 കാണുക, “…നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്‍റെ “അവകാശ”ത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിൻ വല്ലഭത്വത്തിന്‍റെ   വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു”. വിശുദ്ധന്മാർക്ക് ദൈവത്തിൽ ഒരു അവകാശം ലഭിച്ചു എന്നു മാത്രമല്ല, അവൻ അവരിൽ തന്‍റെ അവകാശം സ്ഥാപിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. ഇത് എത്ര അത്ഭുതകരമായ പ്രസ്താവനയാണ്! അവൻ അത്ര വലിയ ദൈവമായിട്ടും നമ്മുടെ വിശ്വാസം, സ്നേഹം, ആരാധന എന്നിവയെ അടിസ്ഥാനമാക്കി തന്നെത്തന്നെ കൂടുതൽ സമ്പന്നനായി  തിരഞ്ഞെടുത്തിരിക്കുന്നു. എന്തൊരു അത്ഭുതകരമായ ആലോചന! തിരുവെഴുത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ഏറ്റവും അത്ഭുതകരമായ സത്യങ്ങളിലൊന്ന്, ദൈവം ദരിദ്രരായ പാപികളെ തനിക്ക് അവകാശമായി തിരഞ്ഞെടുത്തു എന്നതാണ്.

എന്നാൽ ദൈവത്തിന് നമ്മുടെ ആവശ്യം എന്താണ്? നമുക്ക് അവനെ എങ്ങനെ സമ്പന്നനാക്കാൻ സാധിക്കും? ജ്ഞാനം, ശക്തി, കൃപ, മഹത്വം – എല്ലാം അവനിലല്ലേ ഉള്ളത്? അതെ, അത് ശരിയാണ്, പക്ഷേ അവന് വേണ്ടത് മറ്റെന്തോ ഉണ്ട്. അവന് വേണ്ടത് “പാത്രങ്ങൾ” ആണ്. സൂര്യന് പ്രകാശിക്കാൻ ഭൂമി ആവശ്യമുള്ളതുപോലെ, ദൈവത്തിന് നിറയ്ക്കാൻ പാത്രങ്ങൾ ആവശ്യമാണ്. അവന്‍റെ മഹത്വം പ്രതിഫലിപ്പിക്കുന്ന പാത്രങ്ങൾ, അവന്‍റെ കൃപയുടെ സമ്പത്ത് ചൊരിയാൻ കഴിയുന്ന പാത്രങ്ങൾ അവന് ആവശ്യമാണ്.

ദൈവജനത്തെ അവന്‍റെ “ഓഹരി”, തിരഞ്ഞെടുത്ത അവന്‍റെ “പ്രത്യേക സമ്പത്ത്” എന്ന് മാത്രമല്ല, അവന്‍റെ “അവകാശം” എന്നും വിളിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. ഇത് മൂന്ന് കാര്യങ്ങളെ സൂചിപ്പിക്കുന്നു.

ഒന്നാമതായി, മരണത്തിലൂടെയാണ് അവകാശം ലഭിക്കുന്നത്, അതിനാൽ ദൈവത്തിന്‍റെ അവകാശം അവന്‍റെ ഏകജാതനായ പുത്രന്‍റെ മരണത്തിലൂടെ ലഭിച്ചു.

രണ്ടാമതായി, അവകാശം ഒരു വ്യക്തിക്കും അയാളുടെ അവകാശികൾക്കും ശാശ്വതമായി അവകാശപ്പെട്ടതാണ്.

മൂന്നാമതായി, അവകാശം ഒരു വ്യക്തിയുടേതാണ്. അയാൾക്ക് അതിൽ പ്രവേശിക്കാനും ഉപയോഗിക്കാനും ആസ്വദിക്കാനും അവകാശമുണ്ട്.

ഇപ്പോൾ ദൈവത്തിന്‍റെ അവകാശത്തെക്കുറിച്ച് അഞ്ച് കാര്യങ്ങൾ ധ്യാനിക്കാം.

  1. തനിക്ക് ഒരു അവകാശം ഉണ്ടാകണമെന്ന് ദൈവം ഉദ്ദേശിച്ചു:-

“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്” (സങ്കീർത്തനങ്ങൾ 33:12). ഇവിടെ “ജനം” എന്ന വാക്ക് 1 പത്രോസ് 2:9-ൽ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും, രാജകീയ പുരോഹിതവർഗ്ഗവും, വിശുദ്ധവംശവും, സ്വന്ത ജനവും” എന്ന പ്രയോഗത്തിന് സമാനമാണ്. കൃപ ലഭിച്ച ഈ ജനമാണ് അവന്‍റെ  അവകാശമായിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് അവന് പിന്നീട് വന്ന ആലോചന ആയിരുന്നില്ല, മറിച്ച് അനാദികാലം മുതല്‍ അവൻ നിർണ്ണയിച്ച ഒന്നായിരുന്നു. ലോകസ്ഥാപനത്തിനുമുമ്പ് അവരെ തന്‍റെ സ്വന്തമാക്കാൻ അവൻ ഹൃദയത്തിൽ ദൃഢനിശ്ചയം ചെയ്തു.

  1. ദൈവം തന്‍റെ ജനത്തെ തനിക്ക് അവകാശമാക്കാന്‍ വില കൊടുത്ത് വാങ്ങി:- “തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിനു വേണ്ടി തന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു”, എന്ന് എഫെസ്യർ 1:14 പറയപ്പെട്ടിരിക്കുന്നു. അതുപോലെ, പ്രവൃത്തികൾ 20:28-ൽ “താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ”ക്കുറിച്ചു നാം വായിക്കുന്നു. ദൈവം തന്‍റെ ജനത്തെ മരണത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി മാത്രമല്ല, സ്വന്തം ജനമായിരിക്കാനും കൂടെയാണ് വീണ്ടെടുത്തത്.
  2. ദൈവം വന്ന് തന്‍റെ അവകാശത്തിന്‍റെ മധ്യത്തിൽ വസിക്കും:-

“യഹോവ തന്‍റെ ജനത്തെ തള്ളിക്കളകയില്ല; തന്‍റെ അവകാശത്തെ കൈവിടുകയുമില്ല. (സങ്കീർത്തനങ്ങൾ 94:14). ദൈവത്തിന്‍റെ  അവകാശത്തെക്കുറിച്ച് മുകളിൽ പറഞ്ഞ എല്ലാ പ്രസ്താവനകളും ശരീര സംബന്ധമായ യിസ്രായേലിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതിന്‍റെ വ്യക്തമായ തെളിവ്, അന്ന് യഹോവയാം ദൈവം വീണ്ടെടുക്കപ്പെട്ട യിസ്രായേലിന്‍റെ ഇടയിൽ വസിച്ചിരുന്നതുപോലെ, ഇന്ന് പരിശുദ്ധാത്മാവ് സഭയിൽ കൂട്ടായും ഓരോ വിശ്വാസിയിലും വ്യക്തിഗതമായും വസിക്കുന്നു എന്നതാണ്- “നിങ്ങൾ ദൈവത്തിന്‍റെ  മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യർ 3:16). “ദൈവത്തിന്‍റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം…” (1 കൊരിന്ത്യർ 6:19).

  1. ദൈവം തന്‍റെ അവകാശത്തെ അലങ്കരിക്കുന്നു:- ഒരു വ്യക്തി ഒരു വീടോ വസ്തുവോ വാങ്ങി, അത് സ്വന്തമാക്കി, അത് മെച്ചപ്പെടുത്താനും അലങ്കരിക്കാനും ശ്രമിക്കുന്നതുപോലെ, ദൈവം തന്‍റെ ജനങ്ങളെ തനിക്ക് യോഗ്യരായ ആളുകളാക്കി മാറ്റാൻ അവരിൽ പ്രവർത്തിക്കുന്നു. “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു” (ഫിലിപ്പിയർ 1:4).

ഇപ്പോൾ ദൈവം നമ്മെ തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ  സാദൃശ്യത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയിലാണ്. ക്രിസ്തുവിനെ സ്വീകരിച്ച ഓരോ വ്യക്തിയ്ക്കും  സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പറയാൻ കഴിയും: “യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും” (സങ്കീർത്തനം 138:8); നാം മഹത്വീകരിക്കപ്പെടുന്നതുവരെ ദൈവം സംതൃപ്തനല്ല. “അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലിപ്പിയർ 3:21). “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. (1 യോഹന്നാൻ 3:2).

  1. ഭാവിയുടെ കാര്യം എന്താണ്?:- ദൈവം തീര്‍ച്ചയായും തന്‍റെ അവകാശം കൈവശപ്പെടുത്തുകയും, അതിൽ വസിക്കുകയും, അതിനെ ആസ്വദിക്കുകയും, അതിൽ ആനന്ദിക്കുകയും  ചെയ്യും. “..ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ, തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യരായ കൊപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്ത്?” (റോമർ 9:23-24).

ദൈവത്തിന് എന്നേക്കും വസിക്കുന്ന മഹത്തായ അവകാശം തന്‍റെ  ജനത്തിൽ നിന്നാണ് വരുന്നത്. എഫെസ്യർ 2-ാം അധ്യായത്തിന്‍റെ  അവസാനത്തിലെ ഈ പ്രസ്താവന എത്ര അത്ഭുതകരമാണ്. “അവനിൽ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു. (എഫെസ്യർ 2:22).

വെളിപ്പാട് 21-ൽ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ട സ്വർഗ്ഗീയ ദൃശ്യങ്ങൾ ഗംഭീരവും മഹത്വപൂർണ്ണവുമാണ് “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്‍റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും” (വെളിപ്പാട് 21:1-3). സെഫന്യാവ് 3:17 ലെ ഈ പ്രസ്താവന എത്ര അത്ഭുതകരമാണ്, “നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. (സെഫന്യാവ് 3:17).

“ഞാൻ തൃപ്തനാണ്. ഇവിടെ ഞാൻ എന്നേക്കും വസിക്കും, ഇതാണ് എന്‍റെ അവകാശം. ഇവിടെ ഞാൻ എന്നേക്കും വസിക്കും. ഞാൻ രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്ത പാപികളുടെ മേൽ എന്‍റെ മഹത്വം പകരും.” എന്ന് ആ വലിയ ദൈവം ഇന്നും പറയുന്നു. അതുകൊണ്ട്, നാം സങ്കീർത്തനക്കാരനോട് ഈ വിധത്തിൽ യോജിക്കേണ്ടതുണ്ട് – “ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു” (സങ്കീർത്തനങ്ങൾ 139:6). നമ്മെ വിളിച്ച വിളിക്ക് യോഗ്യമായ രീതിയിൽ നടക്കാൻ ദൈവകൃപ നമ്മോടുകൂടെ ഇരിക്കട്ടെ.

 അദ്ധ്യായം 10

 ദൈവം തന്‍റെ അവകാശത്തെ ഭദ്രമാക്കൽ.

താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യ പ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കൺമണിപോലെ അവനെ സൂക്ഷിച്ചു”   (ആവർത്തനപുസ്തകം 32:10).

താക്കോൽ വാക്യത്തിനു മുമ്പുള്ള വാക്യത്തിൽ , "യഹോവയുടെ അംശം അവന്‍റെ ജനവും യാക്കോബ് അവന്‍റെ അവകാശവും ആകുന്നു." എന്ന് പറയപ്പെട്ടിരിക്കുന്നു.   അതുകൊണ്ട് അതിന്‍റെ താഴെ പറഞ്ഞിരിക്കുന്ന ഈ വാക്യത്തിൽ അതേ സത്യം വ്യത്യസ്തമായ രീതിയിൽ പറയപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.യാക്കോബ് അവന്‍റെ അവകാശവും ആകുന്നു”.

നമ്മുടെ താക്കോൽ വാക്യത്തിൽ നിന്ന്, ദൈവം തന്‍റെ അവകാശം സമ്പാദിക്കാനായി നടത്തുന്ന പ്രയത്നത്തെക്കുറിച്ച് നമുക്ക് ചിലത് പഠിക്കാൻ കഴിയും. നമുക്ക് മനസ്സിലാക്കി സന്തോഷിക്കാന്‍ സാധിക്കുന്ന നാല് കാര്യങ്ങള്‍ ഇതിലുണ്ട്.

  1. യഹോവ തന്‍റെ ജനത്തെ കണ്ടെത്തല്‍ :-

അവൻ  മരുഭൂമിയിൽ അവനെ കണ്ടു. കണ്ടു എന്ന വാക്കിൽ ഒരു അന്വേഷണം ആവശ്യമായിരുന്നു എന്ന അർത്ഥം ഉണ്ടെന്ന് പറയേണ്ടതില്ലല്ലോ.  ഇത്  അന്വേഷിക്കുന്ന ദൈവത്തിന്‍റെ അത്ഭുതകരമായ ദൃശ്യം നമ്മുടെ മുന്നിൽ വയ്ക്കുന്നു.   സൃഷ്ടിക്കും സ്രഷ്ടാവിനും ഇടയിൽ പാപം തടസ്സമായി വരുകയും, വേർപാടും അപരിചിത്വവും സൃഷ്ടിക്കുകയും ചെയ്തു. മാത്രമല്ല, വീഴ്ചയുടെ ഫലമായി, ലോകത്തിലേയ്ക്ക് പ്രവേശിക്കുന്ന ഓരോ വ്യക്തിയിലും  ദൈവത്തോടുള്ള ശത്രുതസ്വാഭാവികമായി ഉളവായി. ഈ കാരണത്താൽ  ദൈവത്തെ അന്വേഷിക്കുന്നവരില്ല എന്ന അവസ്ഥ സംജാതമായി. അതുകൊണ്ട്  ദൈവം അത്ഭുതകരമായി തന്നെത്തന്നെ താഴ്ത്തി,  തന്‍റെ അതുല്യമായ സ്നേഹത്തിലും കൃപയിലും മനുഷ്യനെ അന്വേഷിക്കുന്നവനായി.

കണ്ടെത്തുക എന്ന വാക്ക് അന്വേഷിക്കുന്നവനെ മാത്രമല്ല, ആരെയാണോ അന്വേഷിക്കുന്നത് അവരുടെ അയോഗ്യതയും പാപവും കണക്കിലെടുക്കുമ്പോൾ, അന്വേഷിക്കുന്നവന്‍റെ സ്നേഹവും അത് സൂചിപ്പിക്കുന്നു. വലിയവനായ ദൈവം, തന്‍റെ സർവ്വാധികാര കൃപയാൽ, തിരഞ്ഞെടുക്കപ്പെട്ടവരിൽ തന്‍റെ മനസ്സു പതിപ്പിച്ചു. അതുകൊണ്ട് അവൻ അവരെ അന്വേഷിക്കുന്നവനായി. ദൈവം അബ്രഹാമിൽ മനസ്സു വെച്ചതുകൊണ്ടാണ് അവൻ കൽദയരുടെ നാടായ ഊരിലെ വിഗ്രഹാരാധകരുടെ ഇടയിൽ അവനെ അന്വേഷിച്ച് കണ്ടെത്തിയത്. ദൈവം യാക്കോബിന്‍റെ മേൽ മനസ്സു  വച്ചതുകൊണ്ടാണ്  അവനോട് തന്‍റെ  സഹോദരനുള്ള  പകയെ ഭയന്ന് ഓടിപ്പോയപ്പോൾ, വെറും നിലത്ത് കിടന്ന് ഉറങ്ങുന്ന  അവനെ ദൈവം അന്വേഷിച്ച് കണ്ടെത്തിയത്. ദൈവം മോശയെ നിത്യസ്നേഹത്താൽ സ്നേഹിച്ചതുകൊണ്ട് അവൻ അവനെ അന്വേഷിച്ചു മിദ്യാനിലെ മരുഭൂമിയിൽ അവനെ കണ്ടെത്തി. അതുപോലെ, ഇതേ സ്നേഹം ഇന്ന് ലോകത്തിലെ ഓരോ യഥാർത്ഥ ക്രിസ്ത്യാനിയെയും പിന്തുടരുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു.

എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി (റോമർ 10:20-21). ദൈവം നിങ്ങളെ കണ്ടെത്തിയോ? ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, താക്കോൽ വാക്യത്തിന്‍റെ ആദ്യ ഭാഗത്തിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. “താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യ പ്രദേശത്തിലും കണ്ടു…” നിങ്ങൾക്ക് ഈ ലോകം ഇങ്ങനെയാണോ കാണപ്പെടുന്നത്? സൂര്യനു കീഴിലുള്ളതെല്ലാം വ്യർത്ഥവും ആത്മാവിന് വേദന ഉളവാക്കുന്നതുമായി കാണപ്പെടുന്നുണ്ടോ? നിങ്ങളുടെ ചുറ്റും ദിവസവും നടക്കുന്ന സംഭവങ്ങൾ കണ്ടിട്ട് ഞരക്കം ഉളവാക്കുന്ന വിധത്തിലുള്ള വേദന നിങ്ങൾ അനുഭിക്കുന്നുണ്ടോ? ലോകത്തിൽ യഥാർത്ഥത്തിൽ സംതൃപ്തി നൽകുന്നതോ പ്രയോജനകരമോ  ആയ ഒന്നും ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ ലോകം നിങ്ങൾക്ക് ശരിക്കും ഒരു മരുഭൂമി പോലെയും, ഓളി കേൾക്കുന്ന ശൂന്യ പ്രദേശം  പോലെയുമാണോ തോന്നുന്നത്? ഈ രണ്ടാമത്തെ പരീക്ഷയും കൂടെ നമുക്ക് പ്രയോഗിക്കാം. ദൈവം തന്‍റെ ആളുകളിൽ  ഒരാളെ കണ്ടെത്തിയപ്പോൾ, അവൻ അവന് തന്നെത്തന്നെ വെളിപ്പെടുത്തി. ദൈവം അവന് തന്‍റെ സർവ്വാധികാരത്തെക്കുറിച്ചും,  അനന്തമായ ശക്തിയെക്കുറിച്ചും, സങ്കൽപ്പിക്കാനാകാത്ത വിശുദ്ധിയെക്കുറിച്ചും, അത്ഭുതകരമായ കാരുണ്യത്തെക്കുറിച്ചുമുള്ള അറിവ് വെളിപ്പെടുത്തുന്നു. അങ്ങനെ അവൻ തന്നെത്തന്നെ നിങ്ങള്‍ക്ക് വെളിപ്പെടുത്തിയോ? തന്‍റെ ദിവ്യമഹത്വം, സർവ്വാധികാര കൃപ, അത്ഭുതകരമായ സ്നേഹം എന്നിവ അല്പമെങ്കിലും അവൻ നിങ്ങൾക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” (യോഹന്നാൻ 17:3).  ഈ മൂന്നാമത്തെ പരീക്ഷയും കൂടെ നമുക്ക് പ്രയോഗിക്കാം. ദൈവം നിങ്ങൾക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയാൽ, അവൻ നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക്    കാണിച്ചു തന്നിട്ടുണ്ടാവും. കാരണം അവന്‍റെ വെളിച്ചത്തിൽ ആണ് നാം വെളിച്ചം കാണുന്നത്. നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ അതിശക്തവും വേദനാജനകവും മറക്കാനാവാത്തതുമായ ഒരു അനുഭവവുമായിരിക്കും. അബ്രാഹാമിന് ദൈവം ദർശനം കൊടുത്തപ്പോൾ അവൻ ദൈവത്തോട് പറഞ്ഞത് ശ്രദ്ധിക്കുക. പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ” (ഉൽപത്തി 18:27). അവൻ യെശയ്യാ പ്രവാചകന് പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ, ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു…” (യെശയ്യാവ് 6:5) എന്ന് പറഞ്ഞു. ദൈവം ഇയ്യോബിന് പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ, “ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോബ് 42:6) എന്നാണ് പറഞ്ഞത്. ശ്രദ്ധിക്കുക! എനിക്ക് എന്‍റെ   പ്രവൃത്തികളോട് വെറുപ്പാണ് തോന്നുന്നത് എന്നല്ല, മറിച്ച് എനിക്ക് എന്നോടു തന്നെ വെറുപ്പാണ് എന്നാണ് അവൻ പറഞ്ഞത്.

പ്രിയ വായനക്കാരാ! നിങ്ങൾക്ക് ഈ അനുഭവം ഉണ്ടോ? നിങ്ങൾ വഴിതെറ്റിപ്പോയെന്നും വീണുപോയ സ്ഥീതിയിലാണെന്നും ഉള്ള തിരിച്ചറിവിലേക്ക് നിങ്ങൾ  നയിക്കപ്പെട്ടോ? നിങ്ങളില്‍ ഒരു നന്മയുമില്ലെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞോ? നിങ്ങള്‍ നരകത്തിനു മാത്രം അര്‍ഹരാണെന്ന് കാണാന്‍ സാധിച്ചോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു അനുഭവത്തിലേയ്ക്ക് വന്നോ? അങ്ങനെയെങ്കില്‍ ദൈവം നിങ്ങളെ കണ്ടു എന്നതിന്‍റെ തെളിവും ഉറപ്പും അതാണ്.

  1. യഹോവ തന്‍റെ ജനത്തെ നയിക്കൽ:-

യഥാർത്ഥത്തിൽ, താക്കോൽ വാക്യത്തിലെ ചുറ്റി പരിപാലിച്ചു (He encircled him) എന്ന വാക്കുകൾ മൂലഭാഷ അനുസരിച്ച് “നടത്തി എന്ന് വിവർത്തനം ചെയ്യണം. ദൈവം തന്‍റെ ജനത്തോട് ഇടപെടുന്ന പ്രക്രിയയിൽ, അവരെ കണ്ടെത്തുക എന്നത് അവസാനമല്ല തുടക്കം മാത്രമാണ്. അവരെ കണ്ട ദൈവം ഒരിക്കലും അവരെ കൈവിടുന്നവന്‍ അല്ല. കാണാതെ പോയി അലഞ്ഞു നടക്കുന്ന തന്‍റെ മകനെ കണ്ടെത്തിയ ദൈവം, ഇപ്പോൾ അവനെ ഇടുങ്ങിയ പാതയിലേക്ക് ആണ് നയിക്കുന്നത്.  ദൈവം നടത്തുന്നു എന്നതിനെക്കുറിച്ചുള്ള മനോഹരമായ ഒരു വാക്ക് നാം ഹോശേയയുടെ പുസ്തകത്തിൽ വായിക്കുന്നു. ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു…” (ഹോശേയ 11:3). ബലഹീനമായ ചെറിയ കാൽ പാദങ്ങൾ കൊണ്ട് നടക്കുന്ന തന്‍റെ കുഞ്ഞുങ്ങളെ  കൈപിടിച്ച് നടത്തുന്ന ഒരു അമ്മയെപ്പോലെ, കർത്താവ് തന്‍റെ നാമം നിമിത്തം വിശുദ്ധന്മാരുടെ പാദങ്ങൾ ഇടറാതെ സൂക്ഷിക്കുന്നു (1 ശമുവേൽ 2:9;). ദൈവത്തിന്‍റെ നടത്തിപ്പിന് മൂന്ന് വശങ്ങളുണ്ട്.

. സുവിശേഷത്തിലൂടെ:-

ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല (യോഹന്നാൻ 14:6). എന്നാൽ  അവൻ ഇങ്ങനെയും കൂടെ അരുളിച്ചെയ്തു, “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ല…” (യോഹന്നാൻ 6:44). ഇതാണ് ദൈവം നടത്തുന്ന വഴി. അയോഗ്യനായ പാപിയെ അവന്‍ യേശുക്രിസ്തുവിലേയ്ക്ക് നടത്തുന്നു. പ്രിയ വായനക്കാരാ!  ഈ വിധത്തിൽ നിങ്ങൾ രക്ഷകന്‍റെ അടുക്കലേക്ക് നയിക്കപ്പെട്ടിട്ടുണ്ടോ? ക്രിസ്തുവാണോ നിങ്ങളുടെ പ്രത്യാശ? അവന്‍റെ വിലയേറിയ രക്തം മാത്രമാണ് നിങ്ങൾക്ക് മതിയായതെന്ന്  നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, തന്‍റെ പുത്രനായ യേശുക്രിസ്തുവിലേയ്ക്ക് നിങ്ങളെ നയിച്ചതിന് പിതാവായ ദൈവത്തെ സ്തുതിക്കാൻ നിങ്ങൾക്ക് എത്ര വലിയ കാരണമാണ് ഉള്ളത്!

ബി. പ്രബോധിപ്പിക്കുന്നതിലൂടെ :-

സത്യത്തിന്‍റെ ആത്മാവ് വരുമ്പോൾ, അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും.എന്ന് യേശു പറഞ്ഞു. സ്വന്തമായി സത്യം കണ്ടെത്താനുള്ള കഴിവ് നമുക്കില്ലാത്തതു കൊണ്ട്, നാം സത്യത്തിലേക്ക് നയിക്കപ്പെടേണ്ടതുണ്ട്. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു (റോമർ 8:14). ദൈവവചനമാകുന്ന പുല്പ്പുറങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നത് അവനാണ്. അവന്‍റെ വചനമാകുന്ന വിളക്ക് ചൊരിയുന്ന ഓരോ പ്രകാശരശ്മിക്കും നാം എത്ര നന്ദിയുള്ളവരായിരിക്കണം!

സി. അവന്‍റെ കരുതലിൻ വിധങ്ങളിലൂടെ :-

നീ നിന്‍റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്ത് അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല (നെഹെമ്യാവ് 9:19). പുരാതന കാലത്ത് യഹോവയാം ദൈവം യിസ്രായേല്യരെ നയിച്ചതുപോലെ, ഇന്ന് ഈ മരുഭൂമിയാകുന്ന  ലോകത്തിൽ ഓരോ ചുവടുവയ്പ്പിലും അവൻ നമ്മെ നയിക്കുന്നു. എത്ര വലിയ കാരുണ്യം! ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു” (സങ്കീർത്തനങ്ങൾ 37:23).

അതെ, നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അത്യുന്നതനായ ദൈവത്താൽ നയിക്കപ്പെടുന്നു.

എന്‍റെ മുഴുവൻ സമയവും നിന്‍റെ കൈകളിലാണ്

 

എല്ലാം വിഷയങ്ങളും  നിന്‍റെ കൽപ്പന അനുസരിച്ചാണ്

 

എന്‍റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം എന്‍റെ സ്വർഗ്ഗസ്ഥനായ                    സുഹൃത്തിന്‍റെ ഇഷ്ടപ്രകാരമാണ്.

 

  1. ദൈവം തന്‍റെ ജനത്തിന് ഉപദേശം നല്‍കല്‍ :-

(താക്കോൽ വാക്യത്തിലെ സൂക്ഷിച്ചു എന്ന വാക്ക് മൂലഭാഷ അനുസരിച്ച് ഉപദേശിച്ചു അല്ലെങ്കിൽ ആലോചന പറഞ്ഞു എന്ന് വിവർത്തനം ചെയ്യണം). അവൻ നമ്മെ ഉപദേശിക്കുന്നു. ദൈവം തന്‍റെ  മഹാകൃപയാൽ, നമുക്ക് നിർദ്ദേശം നൽകാനായി തിരുവെഴുത്തുകൾ നൽകി. അവൻ നമ്മെ ഇരുട്ടിൽ തപ്പിനടക്കാൻ വിടാതെ, നമ്മുടെ കാലുകൾക്ക്  ദീപവും നമ്മുടെ പാതയ്ക്ക് വെളിച്ചവും അനുഗ്രഹിച്ചു. മാത്രമല്ല, ആ വാക്യം മനസ്സിലാക്കാനുള്ള പ്രവർത്തി  നമ്മുടെ അവിദഗ്ധമായ സ്വജ്ഞാനത്തിന് വിട്ടുകൊടുത്തിട്ടില്ല. നമുക്ക് പഠിപ്പിച്ചു തരാൻ തെറ്റുപറ്റാത്ത ഒരു ഉപദേഷ്ടാവ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവാണ് ആ ഉപദേഷ്ടാവ്. നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നുഅവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്‍റെ അഭിഷേകം തന്നെ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ” (1 യോഹന്നാൻ 2:20, 27).

ദൈവവചനത്തെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യം മനുഷ്യബുദ്ധികൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല, മറിച്ച് ദൈവത്തിന്‍റെ ദാനമാണ്. ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല (യോഹന്നാൻ 3:27). അക്ഷരങ്ങൾ എത്ര വ്യക്തമായി എഴുതിയാലും, വായനക്കാരൻ അന്ധനാണെങ്കിൽ എന്താണ് പ്രയോജനം?

 

എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല (1 കൊരിന്ത്യർ 2:14), എന്ന് എഴുതപ്പെട്ടിരിക്കുന്നു. ആത്മീയ വിവേചനം പരിശുദ്ധാത്മാവിനാൽ മാത്രമേ നൽകപ്പെടുന്നുള്ളൂ.

അവനെ ഉപദേശിച്ചു താക്കോൽ വാക്യത്തിൽ (He instructed him NKJV), ദൈവം നമ്മുടെ മന്ദതയെ എത്ര ക്ഷമയോടെ സഹിക്കുന്നു. ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം  എന്നിങ്ങനെ എത്ര ദയയോടെ  പറഞ്ഞ കാര്യങ്ങൾ പിന്നയും പിന്നെയും ആവർത്തിച്ചുകൊണ്ട് അവൻ നമ്മെ പഠിപ്പിക്കുന്നു. നാം എത്ര മടിയന്മാരാണെങ്കിലും, യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും എന്ന് വാഗ്ദാനം ചെയ്തതു കൊണ്ട് അവൻ നമ്മെ പിന്തുടരുന്നത് തുടരുന്നു. മനുഷ്യൻ പൂർണ്ണമായും വീണുപോയെന്നും, പാപത്തിൽ നിന്ന് സ്വയം കരകയറാൻ അവന് ശക്തിയില്ലെന്നും, ദൈവത്തിലൂടെ മാത്രമേ വീണ്ടും ജനനം സാധ്യമാകൂ എന്നും, അതിൽ മനുഷ്യന്‍റെ ഭാഗമോ ഇടപെടലോ ഇല്ല എന്നുമുള്ള സത്യങ്ങൾ അവൻ നിങ്ങളെ പഠിപ്പിച്ചോ? അവൻ തന്‍റെ പുത്രന്‍റെ പാപപരിഹാര യാഗത്തിന്‍റെ മൂല്യത്തെക്കുറിച്ചും, അവന്‍റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കാൻ പര്യാപ്തമാണെന്നും  അവൻ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അവനോട് നന്ദിയുള്ളവരായിരിക്കാൻ ഇത് എത്ര വലിയ കാരണമാണ്!

  1. ദൈവം തന്‍റെ ജനത്തെ സംരക്ഷിക്കൽ :-

കൺമണിപോലെ അവനെ സൂക്ഷിച്ചു” (ആവർത്തനം 32:10). ക്രിസ്തീയത ഉപാധികളോടും അനിശ്ചിതത്വത്തോടും കൂടിയ മതമല്ല. അത്തരമൊരു മതത്തിന് ഏറ്റവും അനുയോജ്യമായ പേര് അർമീനിയനിസം എന്നാണ് (മനുഷ്യന്  സ്വന്തം ഇച്ഛാശക്തിയാലും സ്വശക്തിയാലും ക്രിസ്തുവിനെ സ്വീകരിക്കാനും രക്ഷിക്കപ്പെടാനും കഴിയുമെന്ന് പഠിപ്പിക്കുന്ന ഒരു മതവിഭാഗം). റോമൻ കത്തോലിക്കാ വ്യവസ്ഥയുടെ പുത്രിമാരിൽ ഒരാളാണ് ഈ അർമീനിയനിസം. അതിനെ അന്ധമായി പിന്തുടരുന്നവരെ അനിശ്ചിതത്വത്തിലാക്കുന്നതും, ദൈവത്തെ അനാദരിക്കുന്നതും,  തിരുവെഴുത്തുകൾക്ക് വിരുദ്ധമായിരിക്കുന്നതും, ആത്മാക്കളെ നശിപ്പിക്കുന്നതുമാണ് ഈ റോമൻ കത്തോലിക്കാ ദുർവ്യവസ്ഥ. അതിന്‍റെ  പിതാവ് പിശാചായ സാത്താൻ ആയതിനാൽ, അത് സ്വയനീതിയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യന് സ്വയം രക്ഷിക്കപ്പെടാനുള്ള കഴിവുണ്ടെന്ന് പഠിപ്പിക്കുകയും,സ്വയത്തെ ഉയര്‍ത്തുകയും, സത്യത്തിനു വിരുദ്ധമായ പല കാര്യങ്ങളിലൂടെ അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ ക്രിസ്തീയത ഉറപ്പ്  ഉളവാക്കുന്നു. ആ ഉറപ്പ്, ഒരു നല്ല പ്രവർത്തി ആരംഭിക്കുകയും, തീർച്ചയായും അതിനെ പൂർത്തിയാക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്നേഹത്തിൽ നിന്നും പദ്ധതിയിൽ നിന്നുമാണ് ഉളവാകുന്നത്. യഹോവ ന്യായപ്രിയനാകുന്നു; തന്‍റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു (സങ്കീർത്തനങ്ങൾ 37:28). ഇത് എത്ര അനുഗ്രഹീതമാണ്! നോഹ മദ്യപിച്ചപ്പോൾ യഹോവ അവനെ ഉപേക്ഷിച്ചോ? ഇല്ല, തീർച്ചയായും ഇല്ല.  പാറയെ അടിച്ചതുകൊണ്ട്  അവൻ  മോശെയെ  ഉപേക്ഷിച്ചോ? തീർച്ചയായും ഉപേക്ഷിച്ചില്ല. മറുരൂപ മലയിൽ മോശെ കാണപ്പെട്ടതോടെ ഇത് സ്ഥിരീകരിക്കപ്പെട്ടു. ശത്രുക്കൾക്ക് ദൈവദൂഷണം പറയാൻ കാരണമായ പാപങ്ങൾ നിമിത്തം  അവൻ ദാവീദിനെ ഉപേക്ഷിച്ചോ? ഇല്ല, തീർച്ചയായും ഇല്ല. പകരം അവനെ മാനസാന്തരത്തിലേയ്ക്ക് നയിച്ച് അവന്‍റെ പാപങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷം, അവൻ തന്‍റെ  ദാസനിലൂടെ, “യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല” (2 ശമുവേൽ 12:13). എന്ന് പറഞ്ഞു. യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. (സങ്കീർത്തനങ്ങൾ 121:5-8).

ഇതാ,ദൈവത്തിന്‍റെ നിത്യ ഉടമ്പടിയ്ക്ക് തെളിവുകൾ! ഇതാ, ത്രിയേക ദൈവമായ യഹോവയുടെ, തെറ്റുപറ്റാത്ത വാഗ്ദാനങ്ങൾ! വ്യാജം പറയാൻ കഴിയാത്തവന്‍റെ യഥാർത്ഥ വാഗ്ദാനങ്ങളാണ് ഇവ. ശ്രദ്ധിക്കുക! ദൈവത്തിന്‍റെ  വാഗ്ദാനത്തിൽ വ്യവസ്ഥകളൊന്നുമില്ല. ‘ഒരുപക്ഷെ’ എന്ന വാക്കിന് അതില്‍ സ്ഥാനമില്ല. വിശ്വാസിയുടെ മേലുള്ള ദൈവത്തിന്‍റെ സംരക്ഷണത്തിന് ഒരു സാഹചര്യവും തടസ്സമല്ല. ഒരു മാറ്റത്തിനും ദൈവികമായ സ്ഥിരതയെ മാറ്റാനോ സ്വാധീനിക്കാനോ  കഴിയില്ല. സമ്പത്ത് നമ്മെ പ്രലോഭിപ്പിച്ചാലും, ദാരിദ്ര്യം നമ്മെ നഗ്നരാക്കിയാലും, സാത്താൻ നമ്മെ പ്രലോഭിപ്പിച്ചാലും, ആന്തരിക പാപങ്ങൾ നമ്മെ ക്ഷീണിപ്പിച്ചാലും, ഇവയ്‌ക്കൊന്നും ക്രിസ്തുവിന്‍റെ ആടുകളായ നമ്മിൽ ആരെയും നശിപ്പിക്കാൻ കഴിയില്ല. നേരെമറിച്ച്, അത്തരം അനുഭവങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ സംരക്ഷിക്കുന്ന കരത്തെ കൂടുതൽ നേരിട്ടും മഹത്വത്തോടെയും വെളിപ്പെടുത്താൻ മാത്രമേ സഹായിക്കൂ.

അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും...” (1 പത്രൊസ് 1:4).

കോപിഷ്ഠരായ വിദേശ ചക്രവർത്തിമാരുടെ സിംഹക്കുഴികളും അഗ്നിചൂളകളും തിരഞ്ഞെടുക്കപ്പെവരുടെ വിശ്വാസത്തെ പരീക്ഷിക്കാൻ ശ്രമിച്ചേക്കാം, പക്ഷേ അവയ്ക്ക് അവരുടെ വിശ്വാസത്തെ മുറിവേൽപ്പിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ക്രിസ്തുവിലുള്ള പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മെ കണ്ടെത്തുകയും നയിക്കുകയും ഉപദേശിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ത്രിയേക ദൈവത്തിന് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക?

 അദ്ധ്യായം 11

 ദുഃഖിക്കുന്നവർ

ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ (മത്തായി 5:4)

ദുഃഖിക്കുക എന്നത് മനുഷ്യസ്വഭാവത്തിന് ഇഷ്ടമല്ലാത്തതും, വിരസത ഉളവാക്കുന്നതുമാണ്.

വേദനയും കഷ്ടപ്പാടും അനുഭവിക്കാൻ അത് ഭയപ്പെടുന്നു. സ്വാഭാവികമായും നാം സന്തോഷമുള്ള ആളുകളോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു. വീണ്ടും ജനിച്ചിട്ടില്ലാത്തവർക്ക് ഈ താക്കോൽ വാക്യത്തിലെ  വാക്കുകൾ അസ്വാഭാവികമായി തോന്നിയേക്കാം, എന്നാൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവ ഏറ്റവും മധുരമുള്ള സംഗീതം പോലെയാണ് തോന്നുന്നത്. ഭാഗ്യവാനാണെങ്കിൽ എന്തിനാണ് ദുഃഖിക്കുന്നത്? ദുഃഖിതരാണെങ്കിൽ  എങ്ങനെയാണ് ഭാഗ്യവാന്മാർ ആകുന്നത്? ഈ വാക്കുകളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ആ മനുഷ്യനെപ്പോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് സമ്മതിക്കാൻ നാം നിർബന്ധിതരാകുന്നു. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ എന്ന വാക്കുകൾ ലൗകികതയ്ക്ക് നേർ വിപരീതമാണ്. എല്ലാ സ്ഥലത്തും എല്ലാ തലമുറയിലും, മനുഷ്യർ സമ്പന്നരെയും സന്തുഷ്ടരെയും ഭാഗ്യവാന്മാരായി കണക്കാക്കുന്നു; എന്നാൽ ക്രിസ്തു മാത്രം ആത്മാവിൽ ദരിദ്രരായവരെയും ദുഃഖിക്കുന്നവരെയും ആണ് ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നത്. പക്ഷേ, എല്ലാത്തരം ദുഃഖങ്ങളെയും കുറിച്ച് അവന്‍ ഇവിടെ പ്രസ്താവിക്കുന്നില്ല എന്നത് വാസ്തവമാണ്. മരണത്തിലേക്ക് നയിക്കുന്ന  ദുഃഖവും ഉണ്ട്. (2 കൊരിന്ത്യർ 7:10;). എന്നാൽ ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്ന ഭാഗ്യാവസ്ഥ ആത്മീയ ദുഃഖത്തിനു  മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്‍റെ വിശുദ്ധിയും നന്മയും, നമ്മുടെ സ്വന്തം ദുഷ്ടതയും, വീഴ്ച സംഭവിച്ച സ്വഭാവം മൂലമുള്ള നമ്മുടെ നടപ്പിലെ മത്സരവും, നമ്മുടെ ഉള്ളിലെ അശുദ്ധിയും തിരിച്ചറിയുന്നതിൽ നിന്ന് ഉളവാകുന്ന ദൈവിക ദുഃഖമാണ് ഭാഗ്യകരമായ ദുഃഖം.

സുവിശേഷത്തിൽ നാല് ജോഡികളായി ക്രമീകരിച്ചിരിക്കുന്ന എട്ട് ഭാഗ്യ വചനങ്ങൾ നമുക്ക് നോക്കാം. ഈ എട്ട് അനുഗ്രഹ വചങ്ങളിൽ, ആദ്യത്തെ ഭാഗ്യാവസ്ഥ  ആത്മാവിൽ ദരിദ്രരായവരെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. തങ്ങൾ വിലയില്ലാത്തവരാണെന്ന തിരിച്ചറിവിലേക്ക് വന്നവരെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ദുഃഖിക്കുന്നവർ എന്ന പ്രസ്താവനയിലേക്കുള്ള മാറ്റം മനസ്സിലാക്കാൻ എളുപ്പമാണ്. ദുഃഖം ദാരിദ്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവിടെ ദുഃഖം എന്ന വാക്കിന്‍റെ അർത്ഥം നിസ്സഹായത, ബുദ്ധിമുട്ട്, നഷ്ടം തുടങ്ങിയ വികാരങ്ങളെക്കാളും  അപ്പുറമാണ്. ഇവിടെ ദുഃഖിക്കുക എന്നതിന്‍റെ അർത്ഥം നമ്മുടെ ഹൃദയത്തിന്‍റെ ശൂന്യതയെക്കുറിച്ചും, ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്തിയ ലംഘനങ്ങളെക്കുറിച്ചും, നാം പ്രശംസിച്ച നീതിപ്രവർത്തികളെക്കുറിച്ചും, നാം ആശ്രയിച്ച സ്വയനീതിയെക്കുറിച്ചും, ദൈവത്തോടുള്ള നമ്മുടെ ശത്രുതയെക്കുറിച്ചും, അവന്‍റെ ഇഷ്ടത്തിനെതിരായ നമ്മുടെ മത്സരത്തെക്കുറിച്ചും ദുഃഖിക്കുക എന്നതാണ്. ആത്മീയമായി നാം ഏതുമില്ലാത്തവരാണെന്ന തിരിച്ചറിവിൽ നിന്നാണ് അത്തരം ദുഃഖം ഉണ്ടാകുന്നത്. (ഡോ. പേഴ്‌സൺ)

നമ്മുടെ രക്ഷകൻ ഭാഗ്യവാൻ എന്ന് വിളിച്ച വ്യക്തി എങ്ങനത്തെ ആളാണെന്ന് വ്യക്തമാക്കുന്ന ഉത്തമ ഉദാഹരണമാണ് ലൂക്കോസ് 18-ൽ നാം കാണുന്നത്. അവിടെ ചിത്രീകരിച്ചിരിക്കുന്ന വൈവിധ്യം ശ്രദ്ധേയമാണ്. ആദ്യം ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന സ്വയനീതിക്കാരനായ ഒരു പരീശനെക്കുറിച്ചാണ് നാം വായിക്കുന്നത്. അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.  ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു” (ലൂക്കൊസ് 18:11-12). അതെല്ലാം ശരിയായിരുന്നിരിക്കാം, പക്ഷേ ആ പരീശൻ തള്ളപ്പെട്ടവനായി തിരിച്ചു പോയി. തന്‍റെ മനോഹരമായ വസ്ത്രങ്ങൾ വെറും വൃത്തികെട്ട പഴന്തുണി മാത്രമാണെന്നും, തന്‍റെ വെള്ള വസ്ത്രം മലിനമാണെന്നും അയാൾക്ക് മനസ്സിലായില്ല.

പിന്നെ നാം ചുങ്കക്കാരനെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു; അയാൾ, “…മേല്പോട്ടു നോക്കുവാൻ കഴിയാതവണ്ണം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 40:12) എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു,  "പാപിയായ എന്നോടു കരുണയുണ്ടാകേണമേ," എന്ന് പറഞ്ഞു കൊണ്ട് തന്‍റെ ആത്മീയദാരിദ്ര്യത്തെ തിരിച്ചറിയുകയും, അതിനെക്കുറിച്ച് ശരിക്കും ദുഃഖിക്കുകയും ചെയ്തതു കൊണ്ട്, അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി.

 ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, ദൈവമക്കളായവരുടെ ജന്മനായുള്ള അടയാളങ്ങൾ (birth marks) ഇവയാണ് എന്നതാണ്. ആത്മീയമായി ഏതുമില്ലാത്തവരാണെന്ന് തിരിച്ചറിയാത്തവരും, അതിനെക്കുറിച്ച് ദുഃഖിക്കാത്തവരും, അവർ സഭയിലെ അംഗങ്ങളായാലും സഭയിലെ  ശുശ്രൂഷകരായാലും, അവര്‍ക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാനോ അത് കാണാനോ കഴിയില്ല. ഓ ക്രിസ്തീയ വായനക്കാരാ, ഇത്രയും വലിയ ഒരു ദൈവം കൃപയാൽ, തന്നെത്താൻ താഴ്ത്തി, തകർന്നും നുറുങ്ങിയതുമായ ഹൃദയത്തിൽ വസിക്കുന്നവനാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ നന്ദിയുള്ളവരായി ജീവിക്കണം!

ആകാശവും ഭൂമിയും പരിശുദ്ധമായി തോന്നാത്തവനും, മനുഷ്യൻ എത്രമാത്രം മനോഹരമായി നിർമ്മിച്ച ഒരു ആലയവും തനിക്കു നിവസിക്കുവാൻ യോഗ്യമായി കാണാത്തവനുമായ ഇത്ര വലിയ  ദൈവം നമ്മുടെ ഇടയിൽ വസിക്കുന്നു. (യെശയ്യാവ് 66:22;57:15).

ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ. ദുഃഖിക്കുക  എന്നത് അടിസ്ഥാനപരമായി ഒരാൾക്ക് സ്വന്തം പാപങ്ങൾ സംബന്ധിച്ച് കുറ്റബോധം തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു വികാരമാണ്. പക്ഷേ  അതിലേയ്ക്ക് അതിനെ പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇത്തരത്തിലുള്ള ദുഃഖം ക്രിസ്തീയതയുടെ സ്വാഭാവിക ലക്ഷണമാണ്. അവന്‍റെ ഹൃദയത്തിലെ രോഗം അവനെ ദുഃഖിതനാക്കുകയും, "അയ്യോ, ഞാൻ  അരിഷ്ടമനുഷ്യൻ!" എന്ന് വിലപിക്കുന്നവൻ ആക്കുകയും ചെയ്യുന്നു. മുറുകെ പറ്റുന്ന നമ്മുടെ അവിശ്വാസവും, നമ്മുടെ തലയിലെ രോമങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലുള്ള നമ്മുടെ പാപങ്ങളും നമ്മെ ദുഃഖത്താൽ നിറഞ്ഞവരാക്കുന്നു. നമ്മുടെ വ്യർത്ഥവും പ്രയോജനമില്ലാത്തതുമായ ജീവിതം പലപ്പോഴും നെടുവീർപ്പിനും, നിരുത്സാഹത്തിനും  കാരണമാകുന്നു. ക്രിസ്തുവിന്‍റെ  സന്നിധിയിൽ നിന്ന് ഓടിപ്പോകാൻ സന്നദ്ധമാകുന്ന ഭോഷത്തമായ ആലോചന, അവനുമായി നമുക്ക് ഉണ്ടായിരിക്കേണ്ട ഉറ്റ ബന്ധത്തിന്‍റെ അഭാവം, അവനോടുള്ള നമ്മുടെ അപൂർണ്ണമായ സ്നേഹം, ഇവയെല്ലാം നമ്മെ അലരിവൃക്ഷങ്ങളിന്മേൽ  നമ്മുടെ വീണകൾ തൂക്കിയിടാൻ തക്കവണ്ണം ദുഃഖിതരാക്കുന്നു. ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തിയെ ത്യജിക്കുന്നവരായ  കപടവിശ്വാസികളെ നമുക്ക് ചുറ്റും കാണുമ്പോൾ, ദൈവത്തിന്‍റെ സത്യത്തെ അപമാനിച്ചു കൊണ്ട് ആയിരക്കണക്കിന് വേദികളിൽ നിന്ന് തെറ്റായ ഉപദേശങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, ദൈവജനങ്ങൾക്കിടയിൽ ഭിന്നതകൾ ഉണ്ടാകുമ്പോൾ, സഹോദരങ്ങൾക്കിടയിൽ തർക്കങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ  ഇവയെല്ലാം ഹൃദയത്തെ ആഴത്തിൽ ദുഃഖിപ്പിക്കുന്നു. മാത്രമല്ല, ലോകത്തിലെ ഭയാനകമായ അക്രമത്തെക്കുറിച്ചും, ക്രിസ്തുവിനോടുള്ള മനുഷ്യരുടെ എതിർപ്പിനെക്കുറിച്ചും, അനേകർ അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത കഷ്ടങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ, നാം ഉള്ളിൽ ഞരങ്ങുന്നു. ഒരു ക്രിസ്ത്യാനി ദൈവത്തോട് അടുക്കുന്തോറും, അവനെ അപമാനിക്കുന്ന എല്ലാറ്റിനെക്കുറിച്ചും തനിക്ക് ദുഃഖമുണ്ടാകുന്നു. അവന്‍റെ ഹൃദത്തിന്‍റെ മനോഭാവം  സങ്കീർത്തനക്കാരൻ (119:53;), യിരെമ്യാവ് (13:17;), യെഹെസ്കേൽ (യെഹെസ്കേൽ 9:4;) എന്നിവരുടേതിനോട് യോജിക്കുന്നു.

"അവർക്ക് ആശ്വാസം ലഭിക്കും." ഈ ആശ്വാസം കുറ്റബോധമുള്ള  മനസ്സാക്ഷിയെ ഇല്ലാതാക്കുന്നതിലൂടെയാണ് പ്രധാനമായും ലഭിക്കുന്നത്. പരിശുദ്ധാത്മാവ് രക്ഷകന്‍റെ ആവശ്യകതയെ തിരിച്ചറിയാൻ പ്രേരിപ്പിച്ച  വ്യക്തിക്ക് ദൈവകൃപയുടെ സുവിശേഷം പ്രയോഗിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. യേശുക്രിസ്തുവിന്‍റെ പാപപരിഹാര രക്തത്തിലൂടെ പാപമോചനം സമ്പൂർണ്ണമായും സൗജന്യമായും ലഭിച്ചു എന്ന അറിവിൽ നിന്നാണ് ഇത് ഉളവാകുന്നത്. യേശുക്രിസ്തുവിൽ താൻ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുള്ള ഒരുവന്‍റെ ഹൃദയത്തിൽ നിന്ന് ഇത്തരം ആശ്വാസം, “സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം”, നിറഞ്ഞു കവിയുന്നു. ദൈവം സുഖപ്പെടുത്തുന്നതിനു മുമ്പ്  മുറിവേല്പിക്കും,  ഉയർത്തുന്നതിനു മുമ്പ് താഴ്ത്തും. ആദ്യം അവൻ നീതിയും വിശുദ്ധിയും വെളിപ്പെടുത്തുന്നു, പിന്നീട് അവൻ കൃപയും  കരുണയും വെളിപ്പെടുത്തുന്നു.

"അവർക്ക് ആശ്വാസം ലഭിക്കും" എന്ന വാക്കുകൾ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ നിരന്തരം നിറവേറ്റപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. ക്ഷമിക്കാനാവാത്ത തന്‍റെ പരാജയത്തെക്കുറിച്ചുള്ള ദുഃഖത്തോടെ തന്‍റെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞതിനുശേഷം, കർത്താവായ യേശുക്രിസ്തുവിന്‍റെ രക്തത്താൽ താൻ ശുദ്ധീകരിക്കപ്പെടുമെന്ന അറിവിൽ അവൻ സമാധാനവും ആശ്വാസവും കണ്ടെത്തുന്നു. തന്‍റെ ചുറ്റും ക്രിസ്തുവിനു  സംഭവിക്കുന്ന  അപമാനങ്ങളിൽ അവൻ ഞരങ്ങുന്നുണ്ടെങ്കിലും, സാത്താൻ പൂർണ്ണമായും നീക്കം ചെയ്യപ്പെടുമെന്നും ക്രിസ്തു എന്ന രാജാവ് തന്‍റെ കൃപയുടെ സിംഹാസനത്തിൽ ഇരുന്ന് നീതിയുള്ള ഒരു രാജ്യം സ്ഥാപിക്കുമെന്നും ഉള്ള ഉറപ്പിൽ അവൻ ആശ്വാസം കണ്ടെത്തുന്നു. കർത്താവിന്‍റെ ശിക്ഷണത്തിന്‍റെ കരം അവന്‍റെ മേൽ പതിയുന്നുണ്ടെങ്കിലും, എല്ലാ ശിക്ഷയും ഇപ്പോൾ വേദനാജനകമായി കാണപ്പെടുന്നുണ്ടെങ്കിലും, സന്തോഷകരമായി തോന്നിയില്ലെങ്കിലും, ഇവയെല്ലാം വരാനിരിക്കുന്ന മെച്ചപ്പെട്ടതും ശാശ്വതവുമായ മഹത്വത്തിനായി തന്നെ ഒരുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുന്നതിൽ അവൻ എത്ര വലിയ ആശ്വാസമാണ് കണ്ടെത്തുന്നത്. തന്‍റെ കർത്താവുമായുള്ള കൂട്ടായ്മയിൽ നടക്കുന്ന വിശ്വാസിക്ക് അപ്പോസ്തലനോടൊപ്പം, “ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ” (2 കൊരിന്ത്യർ 6:10) എന്ന് പറയാൻ കഴിയും. കയ്പേറിയ മാറ പലതവണ നിങ്ങള്‍ക്ക് കുടിക്കേണ്ടി വരും. എന്നാൽ ദൈവം അതിനടുത്തു തന്നെ കയ്പുള്ള വെള്ളത്തെ മധുരമാക്കുന്ന ഒരു ചെടി നട്ടു പിടിപ്പിച്ചിരിക്കുന്നു. അതെ, ദൈവദാസന്മാരുടെ ശുശ്രൂഷയിലൂടെയും, സഹക്രിസ്ത്യാനികളുടെ ആശ്വാസം ലഭിക്കുന്ന വാക്കുകളിലൂടെയും, ദൈവവചനം തങ്ങളുടെ  ഓർമ്മയിലേക്ക് കൊണ്ടുവന്ന് പരിശുദ്ധാത്മാവിന്‍റെ  ശക്തിയാൽ തങ്ങളുടെ ഹൃദയങ്ങളിൽ പ്രയോഗിക്കുന്നതിലൂടെയും,  ഇന്നും ദുഃഖിക്കുന്ന ക്രിസ്ത്യാനികൾക്ക് ദൈവത്തിന്‍റെ ആശ്വാസം ലഭിക്കാൻ കഴിയും.

അവർക്ക് ആശ്വാസം ലഭിക്കും.നല്ല വീഞ്ഞ് അവസാനം വരെ സൂക്ഷിച്ചുവച്ചു. “…സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു” (സങ്കീർത്തനങ്ങൾ 30:5). അവൻ ഇല്ലാത്ത സുദീർഘമായ രാത്രി സമയത്ത്, വ്യസന പാത്രമായ അവന്‍റെ അനുഭവത്തിൽ പങ്കാളികളാകാൻ ദൈവദാസന്മാർ വിളിക്കപ്പെട്ടു. എന്നാൽ ദൈവത്തിന് സ്തുതി. കാരണം, “നാം അവനോടുകൂടെ കഷ്ടങ്ങൾ അനുഭവിക്കുന്നുവെങ്കിൽ, അവനോടുകൂടെ മഹത്വപ്പെടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആ മേഘരഹിതമായ പകൽ ഉദിക്കുമ്പോൾ അത് എത്ര വലിയതായിരിക്കും? അപ്പോൾ യെശയ്യാവു 35:10-ലെ വാക്കുകൾ നിവൃത്തിയാകും: “ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.” അപ്പോൾ വെളിപ്പാട് 21:3-4-ൽ പറഞ്ഞിരിക്കുന്ന വചനവും നിവൃത്തിയാകും സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ  കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്‍റെ  ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും”.

 അദ്ധ്യായം 12

 വിശപ്പുള്ളവർ.

നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും  (മത്തായി 5:6).

ആദ്യത്തെ മൂന്നു ഭാഗ്യവചനങ്ങളിൽ പരിശുദ്ധാത്മാവിനാൽ പ്രേരേപ്പിക്കപ്പെടുന്ന ഒരാളുടെ ഹൃദയം ചെയ്യുന്ന കാര്യങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യമായി നമ്മിൽ ഒരു ആവശ്യബോധം, നാം  ഒഴിഞ്ഞവരും, ശൂന്യരുമാണെന്ന തിരിച്ചറിവ് എന്നിവ ഉളവാകുന്നു. രണ്ടാമതായി, ഞാൻ എന്നെത്തന്നെ കുറ്റം വിധിക്കുകയും, എന്‍റെ തെറ്റുകളെ  തിരിച്ചറിയുകയും, എന്‍റെ പാപങ്ങളെക്കുറിച്ച് ദുഃഖിക്കുകയും ചെയ്യുന്നു. മൂന്നാമതായി, ദൈവമുമ്പാകെ എന്നെത്തന്നെ ന്യായീകരിക്കുന്നത് ഞാൻ നിർത്തുകയും, ഞാൻ പ്രശംസിച്ചിട്ടുള്ള എന്‍റെ എല്ലാ സ്വയനീതിയും  ഉപേക്ഷിക്കുകയും, ഞാൻ സൗമ്യനായി പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുകയും ചെയ്യും.

ഇപ്പോൾ  ഈ നാലാമത്തെ ഭാഗ്യവചനത്തിൽ എന്‍റെ  പുറത്തുള്ള മറ്റൊന്നിലേയ്ക്ക് എന്‍റെ ശ്രദ്ധ ആകർഷിക്കപ്പടുന്നു. അത് എന്നിൽ ഇല്ലെന്ന് തിരിച്ചറിയുകയും, എന്നാല്‍ എനിക്ക് അത് ആവശ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തുകൊണ്ട് ഞാൻ  അതിനായി വാഞ്ഛിക്കുന്നു.

താക്കോൽ വാക്യത്തിലെ നീതി എന്ന വാക്കിനെക്കുറിച്ച് കാരണം കൂടാതെ വ്യർത്ഥമായ നിരവധി വാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കാൻ, ഈ പദം ഉപയോഗിച്ചിരിക്കുന്ന പഴയനിയമ ഭാഗങ്ങൾ നാം പരിഗണിക്കുകയും ഈ വിഷയത്തിലേക്ക് പൂർണ്ണ വെളിച്ചം വീശുന്ന പുതിയനിയമ വ്യാഖ്യാനങ്ങളുടെ വെളിച്ചത്തിൽ അവയെ മനസ്സിലാക്കുകയും വേണം.

ആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്‍ടിച്ചിരിക്കുന്നു” (യെശയ്യാവ് 45:8). ഈ വാക്യത്തിന്‍റെ ആദ്യ ഭാഗത്തിലെ വാക്കുകൾ ക്രിസ്തുവിന്‍റെ  ഭൂമിയിലേക്കുള്ള വരവിനെ ആലങ്കാരികമായി വിവരിക്കുന്നു. രണ്ടാം ഭാഗം അവന്‍റെ മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് പറയുന്നു.

“നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്‍റെ വാക്കു കേൾപ്പിൻ. ഞാൻ എന്‍റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്‍റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്‍റെ മഹത്ത്വവും നല്കും” (യെശയ്യാവ് 46:12-13).

എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ  ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു” (യെശയ്യാവ് 51:5).

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ രക്ഷ വരുവാനും എന്‍റെ  നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ” (യെശയ്യാവ് 56:1)

”ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്‍റെ ഉള്ളം എന്‍റെ  ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും. (യെശയ്യാവ് 61:10-11)

ദൈവദൃഷ്ടിയിൽ നീതിയും രക്ഷയും പര്യായപദങ്ങളാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. സുവിശേഷം പൂർണ്ണമായും വ്യക്തമാക്കുന്ന  റോമർക്ക് എഴുതിയ ലേഖനത്തിൽ ഈ വാക്കുകൾ കൂടുതൽ വിശദീകരിച്ചിരിക്കുന്നു. റോമർ 1:16,17 വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ” (റോമർ 1:16-17).

അതുപോലെ, റോമർ 3:21-24 ലും ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.

ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നുഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു അവന്‍റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.”

അനുഗ്രഹീതമായ ഈ പ്രഖ്യാപനം റോമർ 5:19-ൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഏകമനുഷ്യന്‍റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്‍റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരുംറോമർ 10:4 ഇപ്രകാരം പറയുന്നു: വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു

ഒരു പാപിയിൽ നീതി ഒട്ടുംതന്നെ ഇല്ല.

നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ദൈവം തന്‍റെ ജനത്തിലെ ഓരോ  വ്യക്തിക്കും ക്രിസ്തുവിലുള്ള  സംപൂർണ്ണ നീതി അനുഗ്രഹിച്ച് നൽകിയിരിക്കുന്നത്. ഈ നീതിയുടെ, അതായത്, ദൈവത്തിന്‍റെ  ന്യായപ്രമാണ സംബന്ധമായ നീതിയുടെ നിവൃത്തിയാക്കൽ, നമുക്ക് വേണ്ടി മറ്റൊരാൾ (യേശുക്രിസ്തു) സാധ്യമാക്കി. ഇപ്പോൾ, വിശ്വസിക്കുന്ന ഓരോ പാപിക്കും ഈ നീതി ആരോപിക്കപ്പെടുന്നു. ദൈവജനത്തിന്‍റെ പാപങ്ങൾ ക്രിസ്തുവിൽ ചുമത്തപ്പെട്ടതുപോലെ, ക്രിസ്തുവിന്‍റെ നീതിയും അവരിൽ ആരോപിക്കപ്പെടുന്നു. (2 കൊരിന്ത്യർ 5:21). നോക്കൂ, അനുഗ്രഹീതവും നിർണായകവുമായ ഈ വിഷയത്തെക്കുറിച്ചുള്ള തിരുവെഴുത്തിൽ അടങ്ങിയിരിക്കുന്ന ഉപദേശത്തിന്‍റെ ഒരു ഹ്രസ്വ സംഗ്രഹമാണിത്.

നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാർ. വിശപ്പും ദാഹവും  ഒരു വ്യക്തി തന്‍റെ ഉള്ളിലെ  കുറവിനെ തിരിച്ചറിയുകയും അതിനായി ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതിനെയാണ്  സൂചിപ്പിക്കുന്നത്. ഒന്നാമതായി, പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ വിശുദ്ധ കല്പനകളെ നമ്മുടെ ഹൃദയത്തിനു മുമ്പിൽ വയ്ക്കുന്നു. താഴ്ത്തുവാൻ കഴിയാത്ത തന്‍റെ വിശുദ്ധിയുടെ നിലവാരം അവൻ നമുക്ക് വെളിപ്പെടുത്തുന്നു. നമ്മുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നാം ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. രണ്ടാമതായി, ദൈവത്തിന്‍റെ നിലവാരത്തിൽ നിന്ന് താൻ എത്രത്തോളം പിന്നോക്കം പോയി എന്ന് മനസ്സിലാക്കുന്ന വ്യക്തി, വിറയ്ക്കുകയും താൻ എത്രമാത്രം നിസ്സഹായനും ആത്മീയമായി ദരിദ്രനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് അവനെ ദൈവമുമ്പാകെ ദുഃഖിക്കാനും ഞരങ്ങാനും ഇടയാക്കുന്നു. നിങ്ങൾക്ക് ഇതുപോലെയുള്ള  അനുഭവം ഉണ്ടോ? മൂന്നാമതായി, പരിശുദ്ധാത്മാവ് ഹൃദയത്തിൽ ആഴമായ വിശപ്പും ദാഹവും സൃഷ്ടിക്കുകയും, ആശ്വാസത്തിനായി തന്നിൽ ഇല്ലാത്തത് നേടിത്തരാൻ തനിക്ക് പുറത്ത് അന്വേഷിക്കാന്‍  പ്രേരിപ്പിക്കുന്നു. അപ്പോൾ അവന്‍റെ കണ്ണുകൾ ക്രിസ്തുവിലേയ്ക്ക് തിരിയപ്പെടും. അപ്പോൾ അവൻ യഹോവ നമ്മുടെ നീതി എന്ന് മനസ്സിലാക്കും (യിരെമ്യാവ് 23:6).

ഇതിനു മുമ്പിലത്തെപോലെ, ഈ നാലാമത്തെ ഭാഗ്യവചനവും രക്ഷയ്ക്ക് മുമ്പ് ആരംഭിക്കുകയും, രക്ഷിക്കപ്പെട്ട പാപിയിൽ പൂർണ്ണത പ്രാപിക്കുകയും ചെയ്യുന്നു. വിശപ്പിന്‍റെയും ദാഹത്തിന്‍റെയും ഈ അനുഭവം തന്‍റെ ഉള്ളിൽ തന്നെ ആവർത്തിച്ച് അനുഭവപ്പെടുന്നു. ഒരിക്കൽ ക്രിസ്തുവിനാൽ രക്ഷിക്കപ്പെടാൻ ആഗ്രഹിച്ചിരുന്ന ഈ വ്യക്തി ഇപ്പോൾ അവനെപ്പോലെയാകാൻ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയെ കൂടുതൽ വിശാലമായ കാഴ്ചപ്പാടിൽ നോക്കിയാൽ, അത് പുതുക്കപ്പെട്ട ഹൃദയത്തിന്‍റെ   ദൈവത്തിനു വേണ്ടിയുള്ള വാഞ്ഛയാണ് (സങ്കീർത്തനം 42:1). അവനുമായുള്ള അടുത്ത കൂട്ടായ്മയ്ക്കായി കാംക്ഷിക്കൽ; അവന്‍റെ പുത്രന്‍റെ  സാദൃശ്യത്തിലേയ്ക്ക് രൂപാന്തരപ്പെടാനുള്ള വാഞ്ഛ. പുതിയ സ്വഭാവം അത്തരം ഗുണങ്ങളെ ശക്തിപ്പെടുത്തുന്നതിനും, ഉത്തേജിപ്പിക്കുന്നതിനും, തൃപ്തിപ്പെടുത്തുന്നതിനും  അടിസ്ഥാനമായ  ദൈവാനുഗ്രഹം അന്വേഷിക്കുന്നു.

താക്കോൽ വാക്യം നൽകുന്ന  ഇത്രയും അത്ഭുതകരമായ  ആശയം മനുഷ്യ ബുദ്ധിയിൽ നിന്ന് ഉത്ഭവിക്കുന്നതല്ല. ജീവന്‍റെ അപ്പമായവനുമായി ( ആത്മീയ ആഹാരം)  ഐക്യപ്പെട്ടിരിക്കുകയും പൂര്‍ണ്ണനായവനിൽ  വസിക്കുകയും  ചെയ്തവന് എങ്ങനെയാണ് ഇനിയും വിശപ്പും ദാഹവും ഉള്ളവനായിരിപ്പാൻ സാധിക്കുന്നത്? ഇവിടെ ക്രിയയുടെ കാലം ശ്രദ്ധാപൂർവ്വം നോക്കുക, അത് നീതിക്കു വേണ്ടി വിശന്നവർ എന്നല്ല, നീതിക്കുവേണ്ടി വിശക്കുന്നവർ എന്നാണ്. പ്രിയ വായനക്കാരാ! താങ്കളുടെ  കാര്യത്തിൽ എങ്ങനെയാണ്? നിങ്ങൾ വിശപ്പും, ദാഹവും ഉള്ളവനാണോ? അതോ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാണോ? എല്ലാ തലമുറകളിലെയും ദൈവമക്കൾക്ക് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ് (സങ്കീർത്തനം 82:4; ഫിലിപ്പിയർ 3:8-14; മുതലായവ കാണുക).

അവർക്ക് തൃപ്തിവരും.താക്കോൽ വാക്യത്തിന്‍റെ ആദ്യ ഭാഗത്തെന്നപോലെ പോലെ  ഇതും ഇരട്ടിയായിട്ടാണ് നിറവേറുന്നത്.  ഒന്ന് രക്ഷയുടെ തുടക്കത്തിൽ സംഭവിക്കുന്ന നിവിർത്തിയാകൽ, മറ്റൊന്ന് രക്ഷാ ജീവിതത്തിലുടനീളം തുടരുന്ന നിവൃത്തിയാകൽ. ദൈവം ഒരാളുടെ ആത്മാവിൽ വിശപ്പും ദാഹവും സൃഷ്ടിക്കുന്നത് അത് തൃപ്തിപ്പെടുത്താനാണ്. ഒരു എളിയ പാപിക്ക് ക്രിസ്തുവിനെ ആവശ്യമുണ്ടെന്ന് തോന്നൽ ഉളവാക്കുകയാണെങ്കിൽ, അത് അവനെ ആകർഷിക്കാനും അവനെ ആലിംഗനം ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ്. പശ്ചാത്തപത്തോടെ  പിതാവിന്‍റെ അടുക്കലേയ്ക്ക് മടങ്ങിയ എത്തിയ മുടിയനായ പുത്രനെപ്പോലെ, വിശ്വസിച്ച പാപി  ഇപ്പോൾ കൊഴുപ്പിച്ച കാളക്കുട്ടി ആർക്കാണോ പ്രതീകമായിരിക്കുന്നത് അവനാൽ പോഷിക്കപ്പെടുന്നു. യഹോവയിൽ തനിക്ക് നീതിയുണ്ടെന്ന് അവൻ തീർച്ചയായും തിരിച്ചറിയും.

അവർക്ക് തൃപ്തി വരും (മൂലഭാഷയനുസരിച്ച് അവർ നിറയപ്പെടും എന്നാണ്). അവർ മദ്യം കൊണ്ടല്ല, മറിച്ച് ആത്മാവിനാൽ നിറയപ്പെടും സകല ബുദ്ധിയേയും  കവിയുന്ന ദൈവ സമാധാനത്താൽ നിറയപ്പെടും. ദുഃഖം വരുത്താത്ത ദൈവിക അനുഗ്രഹത്താൽ അവർ നിറയും. നമ്മുടെ എല്ലാ പ്രവൃത്തികളും നമുക്കുവേണ്ടി സഫലമാക്കിയവനോടുള്ള നന്ദിയാൽ നാം നിറയപ്പെടും. ഈ ദരിദ്ര ലോകത്തിന് നൽകാൻ കഴിയാത്തതും എടുത്തു കളയാൻ കഴിയാത്തതുമായ കാര്യങ്ങൾ കൊണ്ട് അവർ നിറയപ്പെടും. അവരുടെ പാനപാത്രം നിറഞ്ഞു കവിയത്തക്കവണ്ണം  അവർ ദൈവകൃപയാലും ക്ഷേമത്താലും നിറയപ്പെടും.

എന്നിരുന്നാലും ദൈവത്തെ സ്നേഹിക്കുന്നവർക്ക് ഇതെല്ലാം രുചി നോക്കാൻ മാത്രം ചെറിയ അളവിൽ മാത്രമേ നൽകപ്പെടുന്നുള്ളൂ. അവൻ പ്രത്യക്ഷപ്പെടുമ്പോൾ, നാം അവനെപ്പോലെയാകുന്നതു കൊണ്ട് വരാനിരിക്കുന്ന മഹത്വത്തിൽ നാം അവന്‍റെ വിശുദ്ധിയാൽ നിറയപ്പെടും. അപ്പോൾ നമ്മുടെ പാപ സ്വഭാവം പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടും. അതുകൊണ്ട് ഇനിയും വിശപ്പോ ദാഹമോ ഉണ്ടാകില്ല (വെളിപ്പാട് 7:16).

 അദ്ധ്യായം 13

 ഹൃദയശുദ്ധിയുള്ളവർ

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8).

നമ്മുടെ കർത്താവിന്‍റെ ശത്രുക്കളുടെ കൈകളാൽ വളച്ചൊടിക്കപ്പെട്ട മറ്റൊരു ഭാഗ്യവചനമാണിത്. അവർ തങ്ങളുടെ പിതാക്കന്മാരായ പരീശന്മാരെപ്പോലെ, സത്യത്തിന്‍റെ കാര്യത്തിൽ തങ്ങൾ മാത്രമാണ് ശ്രേഷ്ഠരെന്ന്‍  പ്രചരിപ്പിക്കുകയും,  യഥാർത്ഥമായ ദൈവജനത്തിന്‍റെ വിശുദ്ധിയെക്കാൾ മികച്ച ഒരു വിശുദ്ധി തങ്ങൾക്കുണ്ടെന്ന്  വീമ്പിളക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പഴയ സ്വഭാവം പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന, അല്ലെങ്കിൽ ദൈവം അവരിലെ ജഡിക സ്വഭാവം പൂർണ്ണമായും നശിപ്പിച്ചു എന്നും, അതിന്‍റെ ഫലമായി അവർ ഇനി ഒരിക്കലും പാപം ചെയ്യുകയില്ല എന്ന് മാത്രമല്ല, പാപകരമായ ആഗ്രഹങ്ങളോ ചിന്തകളോ പോലും അവരിൽ പ്രവേശിക്കുകയില്ല എന്നും  പറയുന്ന വഞ്ചിക്കപ്പെട്ട നിർഭാഗ്യവാന്മാർ ക്രിസ്തീയ ചരിത്രത്തിൽ ഉണ്ടാകാതിരുന്നിട്ടില്ല. എന്നാൽ ദൈവവചനം ഇപ്രകാരം വ്യക്തമാക്കുന്നു:നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. (1 യോഹന്നാൻ 1:8).

തീർച്ചയായും, അത്തരം ആളുകൾ തങ്ങളുടെ വഞ്ചനാപരവും വ്യർത്ഥവുമായ ആശയങ്ങളെ ന്യായീകരിക്കാൻ തിരുവെഴുത്തുകളെ തന്നെ  ചൂണ്ടിക്കാണിക്കുകയും വചനഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തു കൊണ്ട്, പാപ പരിഹാരത്തെക്കുറിച്ചുള്ള ദൈവവചനത്തിലെ നീതിയുള്ള വാക്യങ്ങൾ തങ്ങൾക്ക് പ്രായോഗികമാക്കും.    “യേശുവിന്‍റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു എന്നതിന്‍റെ അർത്ഥം മലിനമാക്കുന്ന പാപസ്വഭാവം നീക്കം ചെയ്യപ്പെടുന്നു എന്നല്ല, മറിച്ച് പാപത്തിന്‍റെ കുറ്റബോധം നീതിപൂർവ്വം നീക്കം ചെയ്യപ്പെടുന്നു എന്നാണ്.  

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു” (2 കൊരിന്ത്യർ 5:17).   ഈ വാക്യം ഈ ലോകത്തിലെ നമ്മുടെ സ്ഥിതിയെക്കുറിച്ചല്ല, മറിച്ച് ക്രിസ്തുവിനെ സ്വീകരിച്ചതിനാൽ ദൈവസന്നിധിയിൽ നാം എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് പറയുന്നത്.

ഹൃദയശുദ്ധി എന്നതു കൊണ്ട് അർത്ഥമാകുന്നത് പാപരഹിത ജീവിതം അല്ലെന്ന് ദൈവത്തിന്‍റെ വിശുദ്ധന്മാരുടെ ദൈവാത്മ പ്രകാശനത്താല്‍  എഴുതപ്പെട്ട ജീവചരിത്രങ്ങൾ പരിശോധിക്കുമ്പോൾ,  വ്യക്തമാകും. നോഹ ഒരു സമയത്ത് വീഞ്ഞുകുടിച്ച് മത്തനായി തീർന്നു; അബ്രഹാമിന് ഇരട്ട മനോഭാവം  ഉണ്ടായിരുന്നു; മോശെ അനുസരണക്കേട് കാണിച്ചു. ഇയ്യോബ് തന്‍റെ ജനന ദിവസത്തെ ശപിച്ചു; ഈസേബെലിന്‍റെ ആക്രമണം സഹിക്കവയ്യാതെ ഏലിയാവ് ഓടിപ്പോയി. ക്രിസ്തുവിനെ അറിയില്ലെന്ന് പത്രോസ് നിഷേധിച്ചു പറഞ്ഞു. സത്യമേ! എന്നിരുന്നാലും, ഇതെല്ലാം ക്രിസ്തീയത സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് സംഭവിച്ചതാണെന്ന് ചിലർ പറഞ്ഞേക്കാം. അതെ, പക്ഷേ അതിനുശേഷവും അങ്ങനെ തന്നെയാണ് സംഭവിച്ചത്. അപ്പോസ്തലനായ പൗലോസിനെക്കാൾ കൂടുതൽ ക്രിസ്തുവിനെ അനുഗമിച്ച ഒരാളെ നമുക്ക് എവിടെ കണ്ടെത്താനാകും? എന്നാൽ അവന്‍റെ അനുഭവം എങ്ങനെയാണ്?

റോമർ ഏഴാം അദ്ധ്യായം വായിച്ചു നോക്കിയാലും.   “അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്‍റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു (റോമർ 7:21). “എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്‍റെ അവയവങ്ങളിൽ കാണുന്നു; അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു (റോമർ 7:23). ഇങ്ങനെ ഞാൻ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു (റോമര്‍7:25) എന്ന് പറയുന്നു.

ഓ ക്രിസ്തീയ വായനക്കാരാ, നമ്മുടെ പഴയ സ്വഭാവത്തിന്‍റെ അശുദ്ധിയും, പഴയതും പുതിയതുമായ രണ്ടു സ്വഭാവങ്ങൾ നമ്മുടെ ഉള്ളിൽ അടുത്തടുത്തായി വസിക്കുന്നു എന്ന വസ്തുതയും തിരിച്ചറിയുന്നതാണ് നമുക്ക് ശുദ്ധമായ ഹൃദയം ഉണ്ടെന്നതിന്‍റെ ഏറ്റവും ഉറപ്പായ തെളിവ്.

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ.ഗിരിപ്രഭാഷണത്തിലെ  ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പ്, കർത്താവായ യേശു ഈ വാക്കുകൾ പറഞ്ഞത് യഹൂദമതത്തിൽ ജനിച്ചു വളർന്നവരോടാണെന്ന് ഓർമ്മിക്കേണ്ടതാണ്. ആത്മാവിനാൽ അഭ്യസിപ്പിക്കപ്പെട്ട ഒരാൾ ഇങ്ങനെ പറഞ്ഞു: "ഈ വാക്ക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കർത്താവ് യഹൂദന്മാർ അനുഷ്ഠിച്ചിരുന്ന ബാഹ്യ ശുദ്ധീകരണത്തെക്കുറിച്ചും  വിശുദ്ധിയെക്കുറിച്ചും, ദൈവവുമായി സമ്പർക്കം ഉണ്ടായിരിപ്പാൻ ഈ വിശുദ്ധിക്കുള്ള ബന്ധത്തെക്കുറിച്ചും, പരോക്ഷമായി അഭിസംബോധന ചെയ്യുകയായിരുന്നു എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല”.

ദൈവജനം എന്ന് വിളിക്കപ്പെട്ട ഈ യഹൂദന്മാർ, വിഗ്രഹാരാധനയാൽ മലിനമാക്കപ്പെട്ട പുറജാതിയില്‍  നിന്ന് വേർപെടുത്തപ്പെടുകയും, യഹോവയ്ക്ക് ഒരു വിശുദ്ധ ജനതയായി  പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തവരാണ്.  ദൈവത്തെ, ജീവനുള്ള സത്യദൈവത്തെ ആരാധനാ നിയമങ്ങൾ വഴി സമീപിക്കാനുള്ള പദവി അവർക്ക് നൽകപ്പെട്ടു. വിശുദ്ധിയുടെ ഇത്തരത്തിലുള്ള സ്വഭാവവും, ദൈവവുമായി സമ്പർക്കം പുലർത്താനുള്ള പദവിയും അവരിൽ അഹങ്കാരം ഉളവാക്കി.

 

എന്നാൽ മിശിഹായുടെ രാജ്യത്തിൽ  അവകാശികളാകുന്നവർക്ക് ഇതിനെക്കാളും  ശ്രേഷ്ഠമായ ഗുണങ്ങളും, ഇതിലും വലിയ പദവിയും ലഭിക്കും. അവർ വെറും ബാഹ്യമായ ശുദ്ധിയല്ല, ഹൃദയശുദ്ധിയുള്ളവരായി”, ദൈവത്തിന്‍റെ മഹത്വം സ്ഥാപിച്ചിരിക്കുന്ന അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുക  മാത്രമല്ല, ദൈവത്തെ കാണുന്നവരും,  അവനുമായി അടുത്ത കൂട്ടായ്മയിൽ പ്രവേശിക്കുന്നവരുമാണ്. ഇങ്ങനെ മിശിഹായുടെ ജനതയുടെ നിയമങ്ങൾ യഹൂദന്മാരുടെ ബാഹ്യ നിയമങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും വ്യത്യസ്തമായി ആത്മീയമാണ്. നമ്മുടെ മുന്നിലുള്ള ഈ വാക്യഭാഗം ഏറ്റവും പ്രാധാന്യമർഹിക്കുന്നതും താല്പര്യം ഉണർത്തുന്നതുമായ സത്യങ്ങൾ നിറഞ്ഞതുമാണ്. ഡോ. ജോൺ ബ്രൗൺ.

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ." യേശുവിന്‍റെ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ പറഞ്ഞതാണോ അതോ ഒരു നിർദ്ദേശമായി പറഞ്ഞതാണോ? ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ നൽകുന്ന പുതിയ ഹൃദയത്തെയാണോ അതോ ദൈവാത്മാവിനാൽ വിശുദ്ധീകരിക്കപ്പെടുമ്പോൾ അവനിൽ ദിനംപ്രതി സംഭവിക്കുന്ന പരിവർത്തന പ്രക്രിയയെയാണോ ഇത് സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ഒരുപക്ഷേ ഇതെല്ലാം ഇതിലുൾപ്പെട്ടിരിക്കാം. നാം ഇപ്പോൾ ചർച്ച ചെയ്യുന്ന, ഭാഗ്യവചനങ്ങളുടെ  ക്രമത്തിൽ അടുത്ത സ്ഥാനമാണ് ഹൃദയശുദ്ധിക്ക് ഉള്ളത്. രക്ഷയ്ക്കുശേഷം സംഭവിക്കുന്ന രൂപാന്തര പ്രക്രിയയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കണം (അതായത്, ആത്മീയമായി ഏതുമില്ലാത്തവരാക്കപ്പട്ടതിന്‍റെയും, പശ്ചാത്താപത്തിലേക്കും ദുഃഖത്തിലേക്കും നയിക്കപ്പെട്ടതിന്‍റെയും, സൗമ്യതയുള്ളവരാക്കപ്പട്ടതിന്‍റെയും ശേഷമുള്ള പ്രക്രിയ). എന്നിരുന്നാലും, ഒരു സ്വാഭാവിക വ്യക്തിയിൽ ഹൃദയശുദ്ധി ഇല്ലാത്തതിനാൽ, ഇവിടെ പരാമർശിച്ചിരിക്കുന്ന ഹൃദയശുദ്ധിയുടെ ഉറവിടം വീണ്ടും ജനനമാണെന്ന് നാം തിരിച്ചറിയണം.

സങ്കീർത്തനക്കാരൻ പറയുന്നതുപോലെ, “അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ” (സങ്കീർത്തനങ്ങൾ 51:6). ഇന്ന് ക്രിസ്തീയത പ്രയാസത്തോടെ ഉളവാക്കുന്ന ബാഹ്യമായ ഉണർവുകളേക്കാളും നവീകരണത്തെക്കാളും എത്രയോ ആഴമേറിയതാണ്! ഇന്ന് നമുക്ക് ചുറ്റും കാണുന്ന ക്രിസ്തീയതയുടെ ഭൂരിഭാഗവും പ്രവൃത്തികളിലൂടെ രക്ഷ തേടുന്ന ഒരു ഏകപക്ഷീയമായ മതമോ, അല്ലെങ്കിൽ ഒരു കൂട്ടം യാഥാസ്ഥിതിക വിശ്വാസ പ്രമാണങ്ങളുമായി മുമ്പോട്ടു പോകുന്ന ബൗദ്ധികമായ ഒരു മതമോ പോലെയാണ് ഉള്ളത്. എന്നാൽ ദൈവം ഹൃദയത്തെയാണ്‌ നോക്കുന്നത്. ഇവിടെ ഹൃദയം എന്ന പദത്തിൽ മനസ്സ്, ആഗ്രഹങ്ങൾ, ഇച്ഛ, തുടങ്ങി ഉള്ളിലുള്ളതെല്ലാം അടങ്ങിയിരിക്കുന്നു. അവൻ അന്തരംഗം കാണുന്നവനായതിനാൽ, തന്‍റെ  ജനത്തിന് പുതിയ ഹൃദയം നൽകുന്നു. ഇത്തരമൊരു ഹൃദയം അനുഗ്രഹിക്കപ്പെട്ടവർ ഭാഗ്യവാന്മാർ, ഇത് ശുദ്ധമായ ഹൃദയമാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ, നാം വീണ്ടും ജനിക്കുമ്പോൾ നമുക്ക് നൽകപ്പെടുന്ന പുതിയ ഹൃദയവും തുടർന്ന്  സ്വഭാവത്തിൽ സംഭവിക്കുന്ന രൂപാന്തരവും ഈ ആറാമത്തെ ഭാഗ്യവചനത്തിൽ ഉദ്ദേശിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യം നമുക്ക് വീണ്ടും ജനനത്തിന്‍റെ കഴുകൽ സംഭവിക്കുന്നു (തീത്തോസ് 3:5). ഇതിനർത്ഥം നാം ഈ ലോകത്തിലെ കാര്യങ്ങളല്ല, ഉയരത്തിലുള്ള കാര്യങ്ങൾ അന്വേഷിക്കും എന്നാണ്. അപ്പൊ.പ്രവൃത്തികൾ 15:8,9- ലെ വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ എന്ന പ്രയോഗത്തിനും ഇതേ അർത്ഥമാണുള്ളത്. നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക (എബ്രായർ 10:22).

ഈ വാക്യങ്ങളെല്ലാം മനസ്സാക്ഷിയിൽ നിന്ന് പാപഭാരം നീക്കം ചെയ്യപ്പെടുന്നതിനെയും, വിശ്വാസത്താൽ  നീതീകരിക്കപ്പട്ടിട്ട്, ദൈവവുമായി  സമാധാനത്തിലാകുന്നതിനെയും  സൂചിപ്പിക്കുന്നു.

എന്നാൽ ക്രിസ്തു ഇവിടെ പ്രോത്സാഹിപ്പിക്കുന്ന ഹൃദയശുദ്ധി ഇവിടം കൊണ്ട് അവസാനിക്കാതെ, കൂടുതൽ മുന്നോട്ട് പോകുന്ന ഒന്നാണ്. ശുദ്ധി എന്നാല്‍ എന്താണ്? അശുദ്ധിയിൽ നിന്നുള്ള മോചനം, വിഭജിക്കപ്പടാത്ത സ്നേഹം, വിശ്വസ്തതയും സത്യസന്ധതയും. ഒരു ക്രിസ്തീയ സ്വഭാവമെന്ന നിലയിൽ, നാം അതിനെ ദൈവിക നിഷ്കളങ്കത എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കാപട്യത്തിനും ഇരട്ടത്താപ്പിനും എതിരാണ്. യഥാർത്ഥ ക്രിസ്തീയത അസൂയ, വെറുപ്പ്, വഞ്ചന, കാപട്യം എന്നിവയെ തിരസ്കരിക്കുന്നു. വാക്കുകളിലും ബാഹ്യമായ പെരുമാറ്റത്തിലും വിശുദ്ധി പ്രകടിപ്പിച്ചാൽ മാത്രം പോരാ. ഒരു യഥാർത്ഥ ദൈവപൈതൽ തന്‍റെ ആഗ്രഹങ്ങളിലും, ചിന്തകളിലും, ഉദ്ദേശ്യങ്ങളിലും ശുദ്ധനായിരിക്കണം, അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഇതാണ് അവന്‍റെ സവിശേഷത. എല്ലാ വിശ്വാസികളും പ്രയോഗിക്കേണ്ട ഒരു പരീക്ഷ ഇതാ: എന്‍റെ താൽപ്പര്യങ്ങൾ ഉയരത്തിലുള്ള കാര്യങ്ങളിൽ ആണോ കേന്ദ്രീകരിച്ചിരിക്കുന്നത്? എന്‍റെ ഉദ്ദേശ്യങ്ങൾ ശുദ്ധമാണോ? ഞാൻ എന്തിനാണ് ദൈവജനവുമായി കൂട്ടായ്മ ആചരിക്കുന്നത്? ആളുകളുടെ ശ്രദ്ധ നേടാനോ? അതോ ദൈവത്തിന്‍റെ കൂട്ടായ്മ എന്ന  സാന്നിധ്യം ആസ്വദിക്കാനോ?

"അവർ ദൈവത്തെ കാണും." ഈ ഭാഗ്യവചനവുമായി  ബന്ധപ്പെട്ട വാഗ്ദാനങ്ങളുടെ നിവൃത്തി ഇപ്പോഴും ഭാവിയിലും എങ്ങനെ സംഭവിക്കുമെന്ന് ഞാൻ നിങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഹൃദയശുദ്ധിയുള്ളവർക്ക് ആത്മീയ വിവേചനാശേഷിയുണ്ട്. കണ്ണുകൾ തുറക്കപ്പെട്ട ഇവർ, ദൈവത്തിന്‍റെ സ്വഭാവത്തിലെ വിശുദ്ധി കാണുകയും അവന്‍റെ ഗുണങ്ങളുടെ ഔന്നത്യം ഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കണ്ണ് ചൊവ്വുള്ളതാണെങ്കിൽ, നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. സത്യത്തിലുള്ള വിശ്വാസം ഹൃദയത്തെ ശുദ്ധീകരിക്കുന്നു, അതുകൊണ്ട് അവർ ദൈവത്തെ കാണുന്നു. സത്യം എന്നാൽ എന്താണ്? യേശുക്രിസ്തുവിന്‍റെ മുഖത്ത് (വായിൽ) പ്രകടമായ ദൈവത്തിന്‍റെ വെളിപ്പാട് അല്ലേ അത്! അതിൽ ദൈവത്തിന്‍റെ വിശുദ്ധിയും പൂർണ്ണമായ കൃപയും ഒരുമിച്ച് വെളിപ്പെട്ടിരിക്കുന്നു. വിശ്വാസി ദൈവിക സ്വഭാവത്തിന്‍റെ  പ്രതിച്ഛായ വ്യക്തവും തൃപ്തികരവുമായി കണ്ടെത്തുക മാത്രമല്ല, ദൈവവുമായുള്ള അടുപ്പവും, സന്തോഷകരമായ ദൈവിക സാന്നിദ്ധ്യവും  കൂട്ടായ്മയും അനുഭവിക്കുകയും ചെയ്യുന്നു. അപ്പോൾ അവൻ ദൈവത്തോട് ഏറ്റവും അടുത്തവനാകും; ദൈവത്തിന്‍റെ ചിന്തകളും ദൈവഹിതവും അവന്‍റെതായി മാറുന്നു. വാസ്തവത്തിൽ അവന്‍റെ കൂട്ടായ്മ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആണ്.

ഹൃദയശുദ്ധിയുള്ളവർ ഈ  കാലത്ത് ഇങ്ങനെയാണ് ദൈവത്തെ കാണുന്നത്. വരും കാലത്ത്, ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവ് കൂടുതൽ വികസിക്കുകയും അവനുമായുള്ള അവരുടെ കൂട്ടായ്മ കൂടുതൽ അടുപ്പമുള്ളതാകുകയും ചെയ്യും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വർത്തമാന കാലത്തിൽ നാം കർത്താവിന്‍റെ മഹത്വം കൂടുതൽ വ്യക്തമായി കാണുന്നു. എന്നിരുന്നാലും, ഭാവിയിൽ വരാനിരിക്കുന്ന വെളിപ്പാടുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇപ്പോൾ നാം കണ്ണാടിയിൽ എന്നപോലെ സൂചനയായി കാണുന്നു. ഇപ്പോൾ നാം ഭാഗികമായി കാണുന്നു; ഭാഗികമായി മാത്രമേ മനസ്സിലാക്കുന്നുള്ളൂ; ഭാഗികമായി  മാത്രമേ അനുഭവിക്കുന്നുള്ളൂ;പൂര്‍ണ്ണമായത് തീർച്ചയായും വരും. അപ്പോൾ നാം അവനെ മുഖാമുഖമായി കാണും, അവൻ അറിയപ്പെടുന്നതുപോലെ നാം അവനെ അറിയും. (1 കൊരിന്ത്യർ 13:9-12); അല്ലെങ്കിൽ, സങ്കീർത്തനക്കാരന്‍റെ വാക്കുകളിൽ, നാം നീതിമാന്മാരായി അവന്‍റെ മുഖം നേരിൽ കാണും. ‘നാം  ഉണരുമ്പോൾ ദൈവത്തെ കാണും’ എന്ന വാക്യത്തിന്‍റെ അർത്ഥം നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല (ഡോ. ജോൺ ബ്രൗൺ).

 അദ്ധ്യായം 14

ഭാഗ്യവചനങ്ങളും ക്രിസ്തുവും

ഭാഗ്യവചനങ്ങളെക്കുറിച്ചുള്ള നമ്മുടെ ധ്യാനം കർത്താവായ യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കിൽ,  നമ്മുടെ ധ്യാനം അസംപൂർണ്ണമാണ്. ഒരു ക്രിസ്ത്യാനിയുടെ സ്വഭാവത്തെയാണ് ഈ ഭാഗ്യവചനങ്ങൾ വിവരിക്കുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ഇതിനകം തന്നെ വളരെയധികം ശ്രമിച്ചിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ, ക്രിസ്തീയ സ്വഭാവം ഉയർച്ചയും താഴ്ച്ചയും ഒന്നുമില്ലാതെ, ക്രിസ്തുവിന്‍റെ  സ്വഭാവവുമായി പൊരുത്തപ്പെടേണ്ടതായതുകൊണ്ട്  നമുക്ക് ഈ ഭാഗ്യവാനായ വ്യക്തിയുടെ ഉത്തമ മാതൃക  ക്രിസ്തുവിൽ മാത്രമേ കണ്ടെത്താൻ കഴിയൂ. ഈ ദൈവിക ഗുണങ്ങൾ ക്രിസ്തുവിൽ ഏറ്റവും തിളക്കത്തോടെയും പൂർണ്ണതയോടെയും കാണപ്പെടുന്നു, അവനെ അനുഗമിക്കുന്നവരിൽ മങ്ങിയതായി മാത്രമേ അവ പ്രതിഫലിക്കുന്നുള്ളൂ. ഒന്നോ രണ്ടോ അല്ല, ഈ ഭാഗ്യവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ദൈവിക പൂർണ്ണതകളും അവനിൽ പൂർണ്ണമായി കാണപ്പെടുന്നു. എനിക്ക് അവൻ വെറും മികച്ചവൻ അല്ല, മറിച്ച് എല്ലാവരിലും ഏറ്റവും മികച്ചവൻ ആണ്. ക്രിസ്തുവിനെ മഹത്വപ്പെടുത്താൻ അയയ്ക്കപ്പെട്ട  പരിശുദ്ധാത്മാവ്, നമ്മുടെ ആത്മാക്കൾക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിതരട്ടെ!

ഒന്നാമതായി:- ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ”, “അവൻ സമ്പന്നനായിരുന്നിട്ടും, അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായി തീർന്നു” എന്ന് തിരുവെഴുത്ത് അവനെക്കുറിച്ചു പറയുന്ന  ഈ പ്രസ്താവന എത്ര അനുഗ്രഹീതമാണ്! അവൻ പ്രവേശിച്ച  ദാരിദ്ര്യം യഥാര്‍ത്ഥത്തില്‍ വലിയതായിരുന്നു. ദരിദ്രരായ മാതാപിതാക്കൾക്ക് ജനിച്ച യേശു ഈ ഭൂമിയിൽ ഒരു പുൽത്തൊട്ടിയിലാണ് തന്‍റെ ജീവിതം ആരംഭിച്ചത്. കുട്ടിക്കാലത്തും യൗവനത്തിന്‍റെ ആദ്യകാലത്തും അവന്‍ ഒരു മരപ്പണിശാലയിൽ കഠിനാധ്വാനം ചെയ്തു. തന്‍റെ ശുശ്രൂഷ ആരംഭിച്ചതിനുശേഷം അവൻ “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്ക് കൂടും ഉണ്ട്‌, മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല” എന്ന് പറഞ്ഞു. സങ്കീർത്തനങ്ങളിലെ മിശിഹായെക്കുറിച്ചുള്ള പ്രവചന ഭാഗങ്ങളിൽ, അവൻ തന്‍റെ ആത്മീയ ദീനത്വത്തെക്കുറിച്ച് ദൈവത്തോട് കൂടെക്കൂടെ ഏറ്റുപറയുന്നത് നമുക്ക് കാണാൻ കഴിയും.

ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്‍റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ” (സങ്കീർത്തനങ്ങൾ 69:29).

യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു” (സങ്കീർത്തനങ്ങൾ 86:1).

ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു” (സങ്കീർത്തനങ്ങൾ 109:22).

രണ്ടാമതായി:- ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ. യഥാര്‍ത്ഥത്തില്‍ ദുഃഖിക്കുന്നവരിൽ പ്രധാന വ്യക്തി ക്രിസ്തുവാണ്. പഴയനിയമ പ്രവചനം അവനെ വ്യസനപാത്രമായും  രോഗം ശീലിച്ചവനായും ചിത്രീകരിച്ചിരിക്കുന്നു. അവൻ അവരുടെ ഹൃദയകാഠിന്യം   നിമിത്തം ദുഃഖിച്ചത് കാണുക. (മർക്കോസ് 3:5).

ഒരു ചെകിടനെ സുഖപ്പെടുത്തുന്നതിനുമുമ്പ് അവൻ നെടുവീർപ്പിടുന്നത് കാണുക. (മർക്കോസ് 7:34). ലാസറിന്‍റെ കല്ലറയ്ക്കൽ അവൻ എങ്ങനെ കരഞ്ഞുവെന്ന് ശ്രദ്ധിക്കുക; അവൻ യെരൂശലേമിനെക്കുറിച്ചു വിലപിക്കുന്നത് കേട്ടാലും.

യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല” (മത്തായി 23:37). ഗെത്ത്ശെമന തോട്ടത്തിൽ അവൻ ശക്തമായ കരച്ചിലും കണ്ണീരും കൊണ്ട് പ്രാർത്ഥനകളും യാചനകളും അർപ്പിക്കുന്നത് ഭക്തിയോടെ നോക്കിയാലും. ക്രിസ്തു തന്‍റെ ഐഹികജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു (എബ്രായർ 5:7). ക്രൂശിൽ തൂങ്ങി കിടന്നു കൊണ്ട്എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” (മർക്കോസ് 15:34) എന്ന് നിലവിളിച്ചവനെ  നമസ്കരിക്കുക.

അവൻ ചെയ്യുന്ന പരാതി കേൾക്കൂ, “കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!” (വിലാപങ്ങൾ 1:12).

മൂന്നാമതായി:- സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ. ഏറ്റവും മഹത്വമുള്ള, ശരീരധാരിയായി വന്ന ദൈവം കാണിച്ച സൗമ്യതയുടെ നിരവധി ഉദാഹരണങ്ങൾ സുവിശേഷങ്ങളിൽ കാണപ്പെടുന്നു. അവന്‍ തനിക്കായി തിരഞ്ഞെടുത്ത ശിഷ്യന്മാരുടെ കാര്യത്തിൽ നമുക്ക് ഇത് തിരിച്ചറിയാൻ കഴിയും. അവിടുന്ന് ജ്ഞാനികളെയും, വിദ്യാസമ്പന്നരെയും, ധനികരെയും, ശക്തരെയും അല്ല, ദരിദ്രരായ മീൻപിടുത്തക്കാരെയാണ്  തിരഞ്ഞെടുത്തത്. അവൻ സ്നേഹം ചെയ്യാൻ തിരഞ്ഞെടുത്തവരിൽ ഇത് ശ്രദ്ധിക്കുക. ധനികരുടെയും പ്രമുഖരുടെയും അല്ല, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്. അവൻ ചെയ്ത അത്ഭുതങ്ങളിൽ ഇത് തിരിച്ചറിഞ്ഞാലും. താൻ സൗഖ്യമാക്കിയവരോട്, തങ്ങൾക്ക് സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ കർശനമായി കൽപ്പിച്ചതായി നമുക്ക് കാണാൻ കഴിയും.അവന്‍റെ സേവനത്തിൽ, ആഢംബരമില്ലാത്ത  സേവനത്തിൽ ഇത് ശ്രദ്ധിച്ചാലും. ഒരു കപടനാട്യക്കാരനെപ്പോലെ കൊട്ടിഘോഷിക്കാതെ, ആളുകള്‍ അറിയാന്‍ ശ്രമിക്കാതെ, പ്രചാരം ഒഴിവാക്കി, പ്രശസ്തി ത്യജിച്ച്, മറ്റുള്ളവരെ സേവിച്ചുകൊണ്ട്, ലളിതമായ ഒരു ജീവിതം അവന്‍ നയിച്ചു. ആളുകൾ അവനെ  പ്രസിദ്ധനാക്കാൻ തുടങ്ങിയപ്പോൾ അവൻ അവരുടെ ഇടയിൽ നിന്ന് മാറി പോകുകയാണ് ചെയ്തത് (മർക്കോസ് 1:45; മർക്കോസ് 7:17).

അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി (യോഹന്നാൻ 6:15). പരസ്യമായ അംഗീകാരത്തിനു വേണ്ടി പെസഹാ പെരുന്നാളിൽ യെഹൂദ്യയിലേക്കു പോകണമെന്ന് അവന്‍റെ (യേശുവിന്‍റെ) സഹോദരന്മാർ അവനെ നിർബന്ധിച്ചപ്പോൾ, “എന്‍റെ സമയം ഇനിയും വന്നിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് അവൻ അവിടെത്തന്നെ പാർത്തു. പിന്നെ അവൻ രഹസ്യമായി പെരുന്നാളിനു പോയി (യോഹന്നാൻ 7).

തിരുവെഴുത്തുകളുടെ നിവൃത്തിയ്ക്കായി, അവൻ യിസ്രായേൽ ജനതയ്ക്ക് തന്നെത്തന്നെ രാജാവായി കാണിച്ചുകൊടുത്തപ്പോൾ, താഴ്മയുള്ളവനായി  കഴുതപ്പുറത്ത് കയറിയാണ് യെരൂശലേമിലേയ്ക്ക് പ്രവേശിച്ചത് (സെഖര്യാവ് 9:9).

നാലാമതായി:- നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാർ”, മനുഷ്യപുത്രനായ യേശുക്രിസ്തുവിന്‍റെ ആന്തരിക ജീവിതത്തെക്കുറിച്ച് ഇതുപോലെ ഒരു സംഗ്രഹം എത്ര അത്ഭുതകരമാണ്! അവൻ ജഡത്തിൽ വരുന്നതിനു മുമ്പുതന്നെ പരിശുദ്ധാത്മാവ് അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തി, “നീതി അവന്‍റെ നടുക്കെട്ടും  വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും” എന്ന് (യെശയ്യാവ് 11:5). അവൻ ഈ ലോകത്തിലേക്ക് വന്നപ്പോൾ ഇപ്രകാരം പറഞ്ഞു:-

ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു. (എബ്രായർ 10:7) പന്ത്രണ്ട്‌ വയസ്സുള്ള ബാലനായ യേശു എന്‍റെ പിതാവിനുള്ളതിൽ  ഞാൻ ഇരിക്കേണ്ടത് എന്ന്  നിങ്ങൾ അറിയുന്നില്ലയോ?” (ലൂക്കോസ് 2:49) എന്നാണ് പറഞ്ഞത്.

തന്‍റെ ശുശ്രൂഷയുടെ ആരംഭത്തിൽ  അവൻ  ഇപ്രകാരം അരുളിച്ചെയ്തു: ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. (മത്തായി 5:17). തന്‍റെ ശിഷ്യന്മാരോട് അവൻ, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്ത് അവന്‍റെ പ്രവൃത്തി തികയ്ക്കുന്നതു തന്നെ എന്‍റെ ആഹാരം”, എന്ന് അരുളിച്ചെയ്തു, (യോഹന്നാൻ 4:34). പരിശുദ്ധാത്മാവ് അവനെക്കുറിച്ച്, “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്‍റെ  ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. (സങ്കീർത്തനങ്ങൾ 45:7), എന്ന് സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്, കർത്താവാണ് എന്‍റെ നീതി എന്ന് നാം അവനെക്കുറിച്ച് പറയുന്നത് ഉചിതമാണ്.

അഞ്ചാമതായി:- "കരുണയുള്ളവർ ഭാഗ്യവാന്മാർ." കാരുണ്യത്തിന്‍റെ  മൂർത്തീഭാവമാണ് ക്രിസ്തു. നശിച്ചുകൊണ്ടിരിക്കുന്ന ദീനാവസ്ഥയിലുള്ള  പാപികളെ സ്വർഗ്ഗീയ മഹത്വത്തിനായി രൂപാന്തരപ്പെടുത്തുന്നത് അവന്‍റെ  കാരുണ്യമാണ്. അവന്‍റെ അത്ഭുതകരവും അതുല്യവുമായ കാരുണ്യമാണ് അവനെ തന്‍റെ ജനത്തിന് വേണ്ടി ഒരു ശാപമാകാൻ  കുരിശിലേക്ക് നയിച്ചത്.

അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചത് (തീത്തൊസ് 3:5). ദൈവത്തിന്‍റെ  കരുണാമയനും വിശ്വസ്തനുമായ മഹാപുരോഹിതൻ എന്ന നിലയിൽ (എബ്രായർ 2:17;) അവൻ ഇപ്പോഴും തന്‍റെ ജനത്തോട് കരുണ കാണിക്കുന്നു. എന്തുകൊണ്ടെന്നാൽ, ആ ദിവസത്തിൽ കർത്താവിന്‍റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവന് സംഗതി വരുത്തട്ടെ (2 തിമൊഥെയൊസ് 1:18).

ആറാമതായി:- ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ.ഈ സ്വഭാവസവിശേഷതയും ക്രിസ്തുവിൽ പൂർണ്ണമായും കാണപ്പെടുന്നു. കളങ്കമോ ന്യൂനതയോ ഇല്ലാത്ത ദൈവത്തിന്‍റെ കുഞ്ഞാടാണവൻ. പാപത്തിന്‍റെ  മാലിന്യം ഒട്ടും തന്നെ അവനെ സ്പർശിച്ചിട്ടില്ലാത്തതിനാൽ, ശരീരധാരിയിരുന്നപ്പോഴും അവൻ നിർമ്മലനായി തന്നെ തുടർന്നു. അവന്‍റെ  മനുഷ്യത്വം പരിശുദ്ധമായിരുന്നു (ലൂക്കോസ് 1:35). പവിത്രൻ, നിര്‍ദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേർപെട്ടവൻ,” ആയിരുന്നു അവൻ.

അവനിൽ പാപമില്ല (യോഹന്നാൻ 3:5) അതുകൊണ്ട്, അവൻ പാപം ചെയ്തിട്ടില്ല (1 പത്രോസ് 2:22), അവൻ പാപം അറിയാത്തവൻ (2 കൊരിന്ത്യർ 5:21), അവൻ നിർമ്മലനാണ് (1 യോഹന്നാൻ 3:3). അവന് പൂർണ്ണമായ  വിശുദ്ധ സ്വഭാവം ഉള്ളതിനാൽ, അവന്‍റെ എല്ലാ പ്രവർത്തികളും വിശുദ്ധമാണ്. “ഞാന്‍ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല” (യോഹന്നാന്‍ 8:50)  എന്ന വാക്കുകളില്‍ അവന്‍റെ ജീവിതത്തിന്‍റെ മുഴുവന്‍ സാരാംശവും അടങ്ങിയിരിക്കുന്നു.

ഏഴാമതായി:- സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. നമ്മുടെ കർത്താവിന്‍റെ കാര്യത്തിൽ ഈ ഭാഗ്യവചനം തീർച്ചയായും ഏറ്റവും ഉചിതമാണ്. കുരിശിലെ രക്തം കൊണ്ട് സമാധാനം ഉണ്ടാക്കിയത് അവനാണ് (കൊലൊസ്സ്യർ 1:19-20;). രക്തം മൂലം പ്രായശ്ചിത്തമാകാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു (റോമർ 3:25) അതായത്, ദൈവകോപത്തെ ശാന്തമാക്കി, ലംഘിക്കപ്പെട്ട ന്യായപ്രമാണത്തെ തൃപ്തിപ്പെടുത്തി, അവന്‍റെ നീതിയെ മഹത്വപ്പെടുത്താനായി നിയമിക്കപ്പെട്ടു. അതുവരെ വേർപെട്ടിരുന്ന യഹൂദന്മാരെയും ജാതികളെയും അവൻ ഒന്നിപ്പിച്ചു (എഫെസ്യർ 2:11 കാണുക).  ഭാവിയില്‍, പാപത്താൽ ശപിക്കപ്പെട്ടതും യുദ്ധത്താൽ തകർക്കപ്പെട്ടതുമായ ഈ ഭൂമിയിൽ അവൻ സമാധാനം സ്ഥാപിക്കും. അവൻ തന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ, ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും (യെശയ്യാവ് 9:7), എന്ന വാഗ്ദാനം നിറവേറ്റപ്പെടും. അതുകൊണ്ട് അവനെ സമാധാനപ്രഭു എന്നു വിളിക്കുന്നത് ഉചിതമാണ്.

എട്ടാമതായി: "നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ." ആ നീതിമാനായ മനുഷ്യന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ ഇതുവരെ ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല. വെളിപ്പാട് 12:4 ലെ പ്രസ്താവന എത്ര അത്ഭുതകരമാണ്. അവൻ പ്രവചനത്തിന്‍റെ ആത്മാവിൽ ഇങ്ങനെയും പറഞ്ഞു: “എന്‍റെ  ബാല്യംമുതൽ ഞാൻ പ്രയാസപ്പെടുന്നു, മരണത്തിന്നു ഒരുങ്ങിയിരിക്കുന്നു.” അവന്‍റെ പരസ്യ ശുശ്രൂഷയുടെ ആദ്യ നാളുകളിൽ, അവർ അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു (ലൂക്കൊസ് 4:29). അവർ ദൈവാലയത്തിൽ വെച്ചു അവനെ കല്ലെറിയാൻ ഒരുങ്ങി (യോഹന്നാൻ 8:59).

തന്‍റെ ശുശ്രൂഷയുടെ ഓരോ ഘട്ടത്തിലും അവന് എതിരാളികളെ അഭിമുഖീകരിക്കേണ്ടി വന്നു. സ്വയനീതിക്കാരായ യഹൂദന്മാർ അവനിൽ ഭൂതമുണ്ടെന്ന് ആരോപിച്ചു (യോഹന്നാൻ 8:48). പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു” (സങ്കീർത്തനങ്ങൾ 69:12). വിചാരണയ്ക്കിടെ അവർ അവന്‍റെ രോമം പറിച്ചെടുത്തു (യെശയ്യാവ് 50:6). “അവർ അവന്‍റെ മുഖത്ത് തുപ്പി, അവനെ അടിച്ചു. അവൻ (യേശു) ചമ്മട്ടികൊണ്ട് അടിക്കപ്പെടുകയും, മുള്ളു കൊണ്ടുള്ള കിരീടം ധരിപ്പിക്കപ്പെടുകയും, സ്വയം കുരിശ് ചുമന്ന് കാൽവരി മലയിലേയ്ക്ക് പോകുകയും, അവിടെ ക്രൂശിക്കപ്പെടുകയും ചെയ്തു. മരണത്തിന്‍റെ നിമിഷങ്ങളിൽ പോലും അവനെ ശാന്തനായിരിക്കാൻ അനുവദിച്ചില്ല. പരിഹാസം കൊണ്ടും പീഡനത്താലും അവർ അവനെ പലവിധത്തിൽ ബാധിച്ചു. ഇവയോട് താരതമ്യപ്പെടുത്തുമ്പോൾ അവന്‍റെ  നിമിത്തം നാം നേരിടുന്ന പീഡനം എത്ര നിസ്സാരമാണ്!

അതുപോലെ, ഈ ഭാഗ്യവചനങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളും ക്രിസ്തുവിൽ പൂർണ്ണമായും നിറവേറി. അവൻ ദീനാവസ്ഥയിലാണ്; എന്നാൽ  സ്വർഗ്ഗരാജ്യം പ്രാഥമികമായി അവന്‍റെതാണ്. അവൻ ദുഃഖിക്കുന്നവനായിരുന്നു; എന്നാൽ അവൻ തന്‍റെ വേദനയിൽ ആശ്വാസം പ്രാപിച്ചു. അവൻ സൗമ്യൻ, വിനയത്തിന്‍റെ മൂർത്തി ഭാവം; എന്നാൽ മഹത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നു. അവൻ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു, എന്നാൽ ഇപ്പോൾ തന്‍റെ  ജനത്തിന് ആരോപിക്കാൻ താൻ നേടിയെടുത്ത  നീതിയിൽ സംതൃപ്തനാണ്. അവൻ ഹൃദയശുദ്ധിയുള്ളവനാണ്; അതുകൊണ്ട്, മറ്റാരും ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവൻ ദൈവത്തെ കാണുന്നു. അവൻ സമാധാനം ഉണ്ടാക്കുന്നവനാണ്. അതുകൊണ്ട്, അവന്‍റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവരെല്ലാം അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നു. കഷ്ടതകൾ അനുഭവിച്ചവന്‍ എന്ന നിലയിൽ തനിക്ക് ലഭിച്ച പ്രതിഫലം അതുല്യമാണ്. അവന്‍റെ നാമം എല്ലാ നാമങ്ങൾക്കും മീതെ ഉയർത്തപ്പെട്ടിരിക്കുന്നു. ഏറ്റവും സുന്ദരനായ അവനാൽ നമ്മുടെ ജീവിതങ്ങൾ നിറയപ്പെടാൻ പരിശുദ്ധാത്മാവ് നമുക്ക് കൃപ നൽകട്ടെ!

 അദ്ധ്യായം 15

കഷ്ടതകളും മഹത്വവും

 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു”. (2 കൊരിന്ത്യർ 4:17 )

കഷ്ടത അനുഭവിക്കുമ്പോൾ നിരാശപ്പെടാതിരിക്കാനും പരീക്ഷകളിൽ നിരുത്സാഹപ്പെട്ടു പോകാതിരിക്കാനും ഈ വാക്യം ഒരു വലിയ കാരണം നമുക്ക് നൽകുന്നു. താൽക്കാലികവും സമയപരിമിതവുമായ കഷ്ടങ്ങളെ നിത്യതയുടെ വെളിച്ചത്തിൽ കാണാൻ ഈ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഈ കാലത്തെ കഷ്ടങ്ങൾ ആന്തരിക മനുഷ്യന്‍റെ മേൽ നന്മയ്ക്കായി സ്വാധീനം ചെലുത്തുമെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. ഈ സത്യത്തിൽ നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെങ്കിൽ, വർത്തമാനകാലത്തിന്‍റെ കയ്പേറിയ അനുഭവങ്ങളെ നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയും. ക്ഷണനേരത്തേക്കുള്ള ഈ ലഘുവായ കഷ്ടം നമുക്ക് അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യ ഘനം കൂടുതലായി കിട്ടുവാൻ കാരണമായിത്തീരുന്നു. നമ്മുടെ കഷ്ടതകൾ നിസ്സാരവും ലഘുവും താൽക്കാലികവുമാണ്. എന്നാൽ വരാനിരിക്കുന്ന മഹത്വം കൂടുതൽ വലുതും ശാശ്വതവുമാണ്. ഈ താരതമ്യത്തിന്‍റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ, ഈ വാക്യത്തിന്‍റെ  ഓരോ ഭാഗവും പ്രത്യേകം വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ ഈ വാക്യത്തിലെ ഭാഗങ്ങൾ അവ പരാമർശിക്കപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ നമുക്ക് പരിഗണിക്കാം.

  1. അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ:- “തേജസ് എന്നർത്ഥം വരുന്ന കാബോദ് എന്ന എബ്രായ പദത്തിന് ഭാരം എന്ന അർത്ഥം കൂടെ ഉണ്ടെന്ന കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. സ്വർണ്ണത്തിന്‍റെയോ വിലയേറിയ കല്ലുകളുടെയോ ഭാരം വർദ്ധിക്കുമ്പോൾ അവയുടെ മൂല്യവും വർദ്ധിക്കുന്നു. സ്വർഗ്ഗീയമായ സന്തോഷത്തെ ലൗകികമായ പദങ്ങളാൽ വിവരിക്കുക അസാധ്യമാണ്. ആലങ്കാരികമായി നൽകപ്പെടുന്ന വിവരണങ്ങൾ നൽകുന്ന ധാരണ വെറും അപൂർണ്ണമായതാണ്. താക്കോൽ വാക്യത്തിൽ ഒന്നിനു മുകളിൽ ഒന്നായി വിലയേറിയ വിവരണങ്ങൾ സജ്ജീകരിച്ചു വച്ചിരിക്കുന്നു. വിശ്വാസിക്കു വേണ്ടി, നിത്യതയിൽ മഹിമ കാത്തിരിക്കുകയാണ്. മനുഷ്യ പദാവലിക്ക് സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലുള്ള വിവരണമാണ് മഹിമയെക്കുറിച്ചുള്ള വിവരണം. എന്നാൽ വിശ്വാസിയെ കാത്തിരിക്കുന്ന മഹത്വം ഘനമേറിയതാണ്, ഭൗതികമായ ഒന്നിനോടും അതിനെ  തുലനപ്പെടുത്താനാവില്ല, അതുപോലെ മറ്റൊന്നും ഇല്ല താനും. അതിന്‍റെ മഹത്തായ മൂല്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാത്രമല്ല, ഈ അത്ഭുതകരമായ മഹത്വം ക്ഷണികമോ താല്ക്കാലികമോ  അല്ല, മറിച്ച് ദൈവീകവും ശാശ്വതവുമാണ്; അത് ദൈവീകമല്ലായിരുന്നുവെങ്കിൽ, അത് ശാശ്വതമായിരിക്കുക സാധ്യമല്ല. അതെ, നമ്മുടെ മഹാനായ ദൈവം, നമുക്ക് അവന് യോഗ്യമായ ഒന്ന്, അവനെ പോലെയുള്ള ഒന്ന്, അതായത്, അവനെപ്പോലെ അനന്തവും ശാശ്വതവുമായ ഒന്ന് നമുക്ക് നൽകാൻ പോകുന്നു.
  2. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം:-

(എ) കഷ്ടം എന്നത് മനുഷ്യജീവിതത്തിന്‍റെ ഒരു സാധാരണ ഭാഗമാണ്. തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു” (ഇയ്യോബ് 5:7). ഇത് പാപത്തിന്‍റെ അനന്തരഫലങ്ങളുടെ ഒരു ഭാഗമാണ്. വീണുപോയ മനുഷ്യന് തന്‍റെ പാപാവസ്ഥയിൽ സന്തോഷം അനുഭവിക്കാൻ കഴിയില്ല. ദൈവമക്കൾക്കും  ഇതിൽ  ഒഴികഴിവില്ല. നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു (പ്രവൃത്തികൾ 14:22). മഹത്വത്തിലേയ്ക്കും അമർത്യതയിലേയ്ക്കും കൊണ്ടു പോകാനായി ദൈവം നമ്മെ ഇടുങ്ങിയതും ദുഷ്‌കരവുമായ പാതയിലൂടെ നടത്തുന്നു.

(ബി) നമ്മുടെ കഷ്ടങ്ങൾ ലഘുവാണ്:- കഷ്ടങ്ങൾ സ്വാഭാവികമായും എളുപ്പമുള്ളതായിരിക്കില്ല. അവ പലപ്പോഴും ഭാരമുള്ളതും വേദന ഉളവാക്കുന്നതുമാണ്. എന്നിരുന്നാലും, താരതമ്യേന അവ ഭാരം കുറഞ്ഞവയാണ്. നാം എന്താണോ അർഹിക്കുന്നത് അതുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ഏതുമല്ല. നമ്മുടെ കർത്താവായ യേശുവിന്‍റെ  കഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ എത്ര നിസ്സാരമാണ്. എന്നാൽ നമുക്ക് ലഭിക്കാൻ പോകുന്ന സ്വർഗ്ഗീയ തേജസിന്‍റെ നിത്യ ഘനവുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കഷ്ടതകളുടെ യഥാർത്ഥമായ  നിസ്സാരത്വം കൂടുതൽ വ്യക്തമാകും. ഇതാണ് അപ്പോസ്തലൻ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നത്: നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു (റോമർ 8:18).

(സി) നൊടിനേരത്തേക്കുള്ളവയാണ്:- നമ്മുടെ കഷ്ടപ്പാടുകൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടായാലും, അത്തരമൊരു ജീവിതം മെതൂശലഹിന്‍റെ  ജീവിതത്തെപ്പോലെ ദീര്‍ഘമാണെങ്കില്‍ പോലും, നമ്മുടെ മുമ്പിലുള്ള നിത്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ അത് നൊടിനേരത്തേക്ക്  മാത്രമുള്ളതായിരിക്കും. ഒരു നിമിഷത്തേക്ക് പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ആവി പോലെ, നമ്മുടെ കഷ്ടപ്പാടുകൾ ഈ ജീവിതകാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കഷ്ടപ്പാടുകളെ ശരിയായ രീതിയില്‍ കാണാൻ   ദൈവം നമുക്ക് വിവേകം നൽകട്ടെ.

  1. ഇവ രണ്ടും തമ്മിലുള്ള ബന്ധം നമുക്ക് നിരീക്ഷിക്കാം:- നൊടിനേരത്തേയ്ക്കുള്ള നമ്മുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ലഭിക്കുവാൻ ഹേതുവാകുന്നു. വർത്തമാനകാലം ഭാവിയെ സ്വാധീനിക്കുന്നു. ഇതിനെക്കുറിച്ച് നാം തത്വശാസ്ത്രപരമായി വാദിക്കുന്നത്  ശരിയല്ല; ദൈവം പറഞ്ഞിരിക്കുന്നതുപോലെ, അവന്‍റെ  വചനത്തിൽ  വിശ്വസിക്കുന്നതാണ്  നമുക്ക് ഉത്തമം. മറ്റുള്ളവരുടെ അനുഭവങ്ങൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ ഇതിൽ നിന്ന് വ്യത്യസ്തമായി തോന്നാം

പലപ്പോഴും കഷ്ടങ്ങൾ നമ്മെ മത്സരികളാക്കാനും അസംതൃപ്തരാക്കാനും സംഭവിച്ചതാണെന്ന് തോന്നും. നാം അറിഞ്ഞിരിക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ കാര്യം, ഈ കഷ്ടങ്ങൾ നമ്മുടെ ശാരീരിക സ്വഭാവം ശുദ്ധീകരിക്കാൻ അയയ്ക്കപ്പെട്ടതല്ല എന്നതാണ്. അവ നമ്മുടെ ഉള്ളിലെ പുതിയ മനുഷ്യന്‍റെ നന്മയെ ഉദ്ദേശിച്ചുള്ളതാണ്. അതുമാത്രമല്ല, വരുവാനിരിക്കുന്ന മഹത്വത്തിനായി നമ്മെ ഒരുക്കുവാൻ ഈ കഷ്ടതകൾ സഹായിക്കുന്നു. കഷ്ടങ്ങൾ നമ്മെ ലോകത്തോടുള്ള നമ്മുടെ താൽപ്പര്യത്തിൽ നിന്ന് അകറ്റുന്നു. അവ നമ്മെ പാപത്താലും  ദുഃഖത്താലും  നിറഞ്ഞ ഈ ലോകത്തിൽ നിന്ന് നാം വിമോചിതരാകുന്ന നിമിഷത്തിനായി  ആകാംക്ഷയോടെ കാത്തിരിക്കുന്നവരാക്കി തീർക്കുന്നു. ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നതിനെ നന്നായി മനസ്സിലാക്കാനും വിലമതിക്കാനും ഇവ നമ്മെ സഹായിക്കുന്നു.

അതുകൊണ്ട് ഒരു വിശ്വാസി ചെയ്യേണ്ടത് ഇതാണ്:- ഒരു ത്രാസിന്‍റെ ഒരു വശത്ത് കഷ്ടതകളും മറുവശത്ത് വരാനിരിക്കുന്ന മഹത്വവും വച്ച് തൂക്കിനോക്കൂ. അവയെ ശരിക്കും താരതമ്യം ചെയ്യാൻ നമുക്ക് കഴിയുമോ? ഒരിക്കലുമില്ല. മഹത്വത്തിലെ  ഒരു നിമിഷം ഒരു ജീവിതകാലത്തെ കഷ്ടങ്ങളെക്കാൾ കൂടുതല്‍ തൂക്കമുള്ളതാണ്. ദൈവത്തിന്‍റെ വലതുഭാഗത്തുള്ള നിത്യാനന്ദവുമായി താരതമ്യപ്പെടുത്തുമ്പോൾ, കഷ്ടങ്ങളാൽ നിറയപ്പെട്ട വർഷങ്ങൾ, അനാരോഗ്യം, ദാരിദ്ര്യത്തിന്‍റെ ഞെരുക്കം, പീഡനങ്ങൾ, ഒടുവിൽ രക്തസാക്ഷിത്വം ഇവയെല്ലാം  എന്തുള്ളൂ! പറുദീസയിലെ ഒരൊറ്റ ശ്വാസം  ഈ ലോകത്തിലെ എല്ലാ പ്രതികൂലത്തിന്‍റെയും  കൊടുങ്കാറ്റുകളെ ശാന്തമാക്കുന്നു. പിതാവിന്‍റെ ഭവനത്തിലെ ഒരു ദിവസത്തിന്, നാം ചിലവഴിച്ച ഭയാനകമായ മരുഭൂമി പോലുള്ള ജീവിതത്തേക്കാൾ തൂക്കമുണ്ട്. വരാനിരിക്കുന്ന മഹത്വത്തിൽ ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഇപ്പോഴും  വിശ്വാസത്തോടെ അനുഭവിക്കാനും ആസ്വദിക്കാനും ആവശ്യമായ വിശ്വാസം ദൈവം നമുക്ക് നൽകട്ടെ.

 അദ്ധ്യായം 16

സംതൃപ്തി

ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്” (ഫിലിപ്പിയർ 4:11).

അസംതൃപ്തി! ലോകത്ത് എപ്പോഴെങ്കിലും ഇത്രയും സമാധാനക്കുറവ് ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടില്ലെന്ന് തീർച്ചയായും സംശയിക്കണം. നാം അത്ഭുതപ്പെടുന്ന രീതിയിലുള്ള ലോകത്തിന്‍റെ പുരോഗതി, വർദ്ധിച്ചുവരുന്ന സമ്പത്ത്, സന്തോഷത്തിനായി നാം സമയവും പണവും ചിലവഴിക്കുന്ന രീതി ഇവയെല്ലാം ഉണ്ടായിട്ടും, എല്ലായിടത്തും അസംതൃപ്തി നിലനിൽക്കുന്നു. ഏതു വർഗ്ഗത്തിൽപ്പെട്ടവരായാലും ഇത്തരം അസംതൃപ്തിയിൽ നിന്ന് വിമുക്തരല്ല. എല്ലാം അസ്ഥിരമാണ്. എല്ലാവരും അസന്തുഷ്ടരാണ്. ദൈവജനം പോലും ഏതെങ്കിലും നിലയിൽ അസംതൃപ്തരാണ്.

സംതൃപ്തി! ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത് അനുയോജ്യമാണോ? ഇത് വെറുമൊരു ഭാവന മാത്രമാണോ അതോ  സ്വപ്നത്തിലെ ഒരു കഥ പോലെയാണോ? ഇത് ഭൂമിയിൽ നമുക്ക് ലഭിക്കാൻ സാധ്യതയുണ്ടോ? അതോ സ്വർഗ്ഗത്തില്‍ വസിക്കുന്നര്‍ക്ക് മാത്രം പരിമിതമാണോ? ഒരുപക്ഷെ ഭൂമിയിൽ തന്നെ ലഭിക്കുമെങ്കിൽ, അത് സുസ്ഥിരമാണോ? അതോ ഏതാനും മണിക്കൂറുകൾ മാത്രമേ കാണുകയുള്ളോ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം അപ്പൊസ്തലനായ പൗലോസിന്‍റെ  വാക്കുകളിലുണ്ട്.

“ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്” (ഫിലിപ്പിയർ 4:11). മറ്റൊരു ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, താൻ ബദ്ധനായിരുന്നു”, (prisoner) (എഫെസ്യർ 4:1) ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽപ്പോലും അവൻ  സംതൃപ്തനായിരുന്നു.

എന്നാല്‍ പ്രമാണത്തിനും പ്രയോഗത്തിനും തമ്മിലും, ആദർശത്തിനും അനുഭവത്തിലൂടെ  അറിയുന്നതിനും തമ്മിലും വലിയ വ്യത്യാസമുണ്ട്.

എന്നാൽ പൗലോസിന്‍റെ കാര്യത്തിൽ, സംതൃപ്തി എന്നത് തുടർച്ചയായുള്ള യഥാർത്ഥമായ ഒരു അനുഭവമായിരുന്നു. "ഞാൻ ഏത് അവസ്ഥയിൽ ആണെങ്കിലും..." എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. എന്നാൽ പൗലോസ് ഇത്തരമൊരു അനുഭവത്തിലേക്ക് എങ്ങനെയാണ് പ്രവേശിച്ചത്? ഇത്തരമൊരു അനുഭവത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം "അലംഭാവത്തോടെ ഇരിപ്പാൻ  ഞാൻ പഠിച്ചിട്ടുണ്ട്" എന്ന വാക്യത്തിൽ കാണാം. ഞാൻ ആത്മാവിന്‍റെ സ്നാനം പ്രാപിച്ചു, അതിനാൽ സംതൃപ്തി എന്‍റെതാണ് എന്ന് അവൻ പറയുന്നില്ല. ഈ അനുഗ്രഹം, താൻ  പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചതുകൊണ്ടാണെന്ന് അവൻ അവകാശപ്പെടുന്നില്ല. അത്  സ്വാഭാവികമായി  നേടിയെടുത്ത ലക്ഷണം അല്ല എന്നതും  വ്യക്തമാണ്. പക്ഷേ അവൻ  അത് പഠിച്ചത് ക്രിസ്തീയ അനുഭവങ്ങളുടെ പാഠശാലയിലാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ ലോകത്തിലെ തന്‍റെ അവസാന മണിക്കൂറുകളിലാണ് അദ്ദേഹം ഈ വാക്കുകൾ എഴുതിയത് എന്നതാണ്.

പൗലോസ് അനുഭവിച്ച സംതൃപ്തി അനുകൂലവും, സുഖകരവുമായ അന്തരീക്ഷത്തിൽ താൻ ആയിരുന്നതുകൊണ്ട് നേടിയെടുത്തതല്ല എന്നത് മുകളിൽ സൂചിപ്പിച്ച വസ്തുതയിൽ നിന്ന് വ്യക്തമാണ്. അതിൽ നിന്ന് വ്യത്യസ്തമായ ചില പൊതുവായ അഭിപ്രായങ്ങളെയും അവ അകറ്റി നിർത്തുന്നു. ഒരാളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറാതെ സംതൃപ്തി കണ്ടെത്തുക അസാധ്യമാണെന്നത് ഒരു പൊതുവായ തോന്നലാണ്. സംതൃപ്തി കണ്ടെത്തിയ ഒരാളെ ആരും തടവറയില്‍ അന്വേഷിക്കാറില്ല. അതുകൊണ്ട് ഒരു കാര്യം വ്യക്തമാണ് ഇവിടെ പരാമർശിച്ചിരിക്കുന്ന സംതൃപ്തി പുറത്തു നിന്നല്ല, ഉള്ളിൽ നിന്നും വരുന്നതാണ്. ദൈവത്തിലല്ലാതെ സൃഷ്ടിയിലെ മറ്റു യാതൊരു സന്തോഷത്തിലും നമുക്ക് അത് കണ്ടെത്താൻ കഴിയില്ല.

കുറച്ചുകൂടി ആഴത്തിൽ പോകാനുള്ള ശ്രമം നടത്താം. സംതൃപ്തി എന്നു പറഞ്ഞാൽ എന്താണ്? അത് ദൈവം തന്‍റെ  സർവ്വാധികാരത്തിൽ ചെയ്യുന്ന ക്രമീകരണങ്ങളിൽ തൃപ്തി കണ്ടെത്തുന്നതാണ്.  അത് പിറുപിറുപ്പിനും,  എന്തിനാണ് എന്നെ ഇങ്ങനെ സൃഷ്ടിച്ചതെന്ന്, ഉളവായത്  ഉളവാക്കിയവനോട് ചോദിക്കാൻ സാഹസം കാണിക്കുന്ന മത്സരത്തിനും  വിപരീതമാണ്.

സംതൃപ്തനായ വ്യക്തി് ദൈവത്തിനെതിരെ പരാതിപ്പെടുന്നതിനുപകരം, തന്‍റെ സാഹചര്യം കൂടുതൽ വഷളാകാത്തതിൽ   ആത്മാർത്ഥമായും നന്ദിയുള്ളവനായിരിക്കും. തന്‍റെ ആവശ്യങ്ങൾക്കപ്പുറം ഒന്നും ആഗ്രഹിക്കാതെ, ദൈവം തന്നെ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുന്നതിൽ അവൻ സന്തോഷിക്കുന്നു. അങ്ങനെയുള്ളവനാണ് തനിക്കുള്ളതുകൊണ്ട് തൃപ്തനായിരിപ്പാൻ കഴിയുന്നത് (എബ്രായർ 13:5).

സംതൃപ്തി എന്ന വാക്കിന് അത്യാഗ്രഹം ഒരു മാരകമായ തടസ്സമാണ്. അത് ഇപ്പോൾ നമുക്കുള്ള ചെറിയ സംതൃപ്തിയെപ്പോലും അര്‍ബുദം പോലെ കാർന്നു തിന്നുന്നു.

സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചൊഴിഞ്ഞുകൊൾവിൻ (ലൂക്കോസ് 12:15) എന്ന വിശുദ്ധ മുന്നറിയിപ്പ് കർത്താവ് തന്‍റെ ശിഷ്യന്മാർക്ക് നൽകിയത് വെറുതെയല്ല. ചില കാര്യങ്ങൾ ഇനിയും കൂടുതൽ  വഞ്ചനാത്മകമാണ്. ചില ആളുകൾ സമ്പാദ്യത്തിന്‍റെയും സുരക്ഷയുടെയും മറവിൽ, അതായത്, മഴക്കാലത്തേക്കു സമ്പാദിക്കുക' എന്ന വ്യാജേന അത്യാഗ്രഹികളായി ജീവിക്കുന്നു. എന്നാൽ തിരുവെഴുത്ത് അത്യാഗ്രഹത്തെ വിഗ്രഹാരാധന എന്നാണ് വിളിക്കുന്നത് (കൊലൊസ്സ്യർ 3:5). ദൈവത്തെ സ്നേഹിക്കുന്നതിനെക്കാൾ ലൗകിക മോഹങ്ങളിൽ ശ്രദ്ധാലുക്കളായവർക്കുള്ള  മുന്നറിയിപ്പാണിത്. അത്യാഗ്രഹത്തോടു കൂടിയ ഹൃദയ മനോഭാവം  തരിക, തരിക എന്ന് പറയുന്ന അട്ടയുടെ മകളെ പോലെയാണ്. അത്യാഗ്രഹിയായ ഒരാൾ തനിക്കുള്ളത് അല്പമായാലും അധികമായാലും ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായമാണ്. (1 തിമോത്തി 6:6-8). ലൂക്കോസിന്‍റെ സുവിശേഷത്തിലെ ഈ വാക്കുകൾ അടിയന്തിര പ്രാധാന്യമുള്ളതാണ്, “… നിങ്ങളുടെ ശമ്പളം മതിയെന്ന് വയ്പിൻ” (ലൂക്കോസ് 3:14).

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും (1 തിമൊഥെയൊസ് 6:6). ഈ വാക്കുകൾ നമ്മെ ഉത്കണ്ഠ, ആസക്തി, അത്യാഗ്രഹം, സ്വാർത്ഥത എന്നിവയിൽ നിന്ന് മോചിപ്പിക്കുന്നു. മാത്രവുമല്ല ദൈവം നമുക്ക് നൽകുന്ന കാര്യങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു. പക്ഷേ പിന്നീട് പറയുന്ന വാക്കുകളിലെ വൈവിധ്യം ശ്രദ്ധിക്കുക.

ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു” (1 തിമൊഥെയൊസ് 6:9-10). ദൈവം നമ്മെ ഈ ലോകത്തിന്‍റെ ആത്മാവിൽ നിന്ന് വിടുവിപ്പിക്കുകയും നമുക്കുള്ളതു കൊണ്ട് തൃപ്തരായിരിപ്പാൻ സഹായിക്കുകയും ചെയ്യട്ടെ.

ദൈവത്തിൽ ഉറച്ചുനിൽക്കുന്ന ഹൃദയത്തിൽ നിന്നാണ് സംതൃപ്തി ഉളവാകുന്നത്. "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" അനുഭവിക്കാൻ കഴിയുന്നവർക്കാണ് ഈ സംതൃപ്തി. എന്‍റെ ഇഷ്ടത്തെ ദൈവേഷ്ടത്തിന് കീഴ്പ്പെടുത്തുന്നതിലാണ് ഈ സംതൃപ്തി. ദൈവം എല്ലാം ഫലപ്രദമായി ചെയ്യുമെന്നും ആത്യന്തികമായി എല്ലാം എന്‍റെ ആത്മീയ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നും മനസ്സിലാക്കുന്നതിൽ നിന്നുമാണ് ഈ സംതൃപ്തി ഉളവാകുന്നത്.

ദൈവത്തിന്‍റെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ഹിതം എന്താണെന്ന് പരിശോധിച്ച് തിരിച്ചറിയുന്നതിലൂടെയാണ് ഈ അനുഭവം നേടുന്നത്. (റോമർ 12:2).

നമ്മുടെ ജീവിതത്തിൽ അനുവദിക്കപ്പെടുന്നതെല്ലാം, തെറ്റുപറ്റാത്ത സർവ്വജ്ഞാനിയുടെ കൈയില്‍ നിന്ന്, തന്‍റെ മക്കൾ അനാവശ്യമായി ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാൻ ആഗ്രഹിക്കാത്ത പിതാവിന്‍റെ കൈയിൽ നിന്നാണ് വരുന്നതെന്ന മനോഭാവത്തോടെ അംഗീകരിക്കുമ്പോൾ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ സംതൃപ്തരായിരിപ്പാൻ കഴിയൂ. അവസാനമായി, താക്കോൽ വാക്യത്തിനു ശേഷമുള്ള വാക്യങ്ങൾ കർത്താവായ യേശുക്രിസ്തുവിന്‍റെ സന്നിധിയിൽ മാത്രമേ യഥാർത്ഥ സംതൃപ്തി കണ്ടെത്താൻ കഴിയൂ എന്ന സത്യത്തെ ശക്തിപ്പെടുത്തുന്നു.

താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ (യേശു ക്രിസ്തു) മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു. (ഫിലിപ്പിയർ 4:12-13). ഒരിക്കലും അസംതൃപ്തനാവാത്ത ഒരാളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന ശീലം വളർത്തിയെടുക്കുമ്പോൾ മാത്രമേ പരാതിപ്പെടുക എന്ന പാപത്തിൽ നിന്ന് നമുക്ക് മോചനം ലഭിക്കൂ. ദൈവഹിതം നിറവേറ്റാൻ എപ്പോഴും ഉത്സുകനായിരിക്കുന്ന അവനുമായി കൂട്ടായ്മയിലായിരിക്കുമ്പോൾ മാത്രമേ ഈ സംതൃപ്തിയുടെ രഹസ്യം നമുക്ക് മനസ്സിലാകൂ. ദൈവവചനത്തിന്‍റെ വീക്ഷണത്തിൽ നിന്നു കൊണ്ട് സ്വയം  തിരുത്തുന്നതിനും മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിന്‍റെ  മഹത്വം പ്രതിഫലിപ്പിക്കുകയും,  തേജസ്സിന്മേൽ തേജസ്സ് പ്രാപിക്കുകയും, കർത്താവിന്‍റെ ആത്മാവിനാൽ അതേ പ്രതിമയായി രൂപാന്തരപ്പെടുകയും ചെയ്യാൻ ഇത്  എഴുതുകയും വായിക്കുകയും ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ!

 അദ്ധ്യായം 17

വിലയേറിയ മരണം

തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു” (സങ്കീർത്തനങ്ങൾ 116:15). 

നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സമയത്ത് ഈ തിരുവെഴുത്ത് എത്രയോ ആശ്വാസവും അനുഗ്രഹവുമാണ്.   നമ്മുടെ ഹൃദയങ്ങൾ ഏറ്റവും ഭയപ്പെടുന്ന ആ സമയത്തെക്കുറിച്ച്  തിരുവെഴുത്തുകളിൽ കാണുന്ന ഏറ്റവും ആശ്വാസകരവും അനുഗ്രഹീതവുമായ വാക്യങ്ങളിൽ ഒന്നാണ് ഈ താക്കോൽ വാക്യം. ദൈവവചനം ഈ വിഷയത്തെക്കുറിച്ച് പറയുന്നതെല്ലാം ദൈവജനം പ്രാർത്ഥനാപൂർവ്വം പഠിക്കുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ, മരണഭയത്തിൽ നിന്ന് പൂർണ്ണമായും അല്ലെങ്കിലും ഏതാണ്ട്  വിടുതൽ പ്രാപിക്കാൻ കഴിയും.  പക്ഷേ, കഷ്ടം! പലരും അങ്ങനെ ചെയ്യാതെ  സ്വന്തം ചിന്തകളിലേയ്ക്കും ഭാവനകളിലേയ്ക്കും തിരിയുകയും ജീവിതത്തിൽ ലൗകിക ഭയങ്ങൾക്ക് വശംവദരാകുകയും, വിശ്വാസത്താലല്ല, കാഴ്ചയാൽ നടക്കുകയും ചെയ്യുന്നു.   നടത്തിപ്പിന് വേണ്ടി പരിശുദ്ധാത്മാവിലേക്ക് നോക്കിക്കൊണ്ട്, ദൈവവചനത്തിന്‍റെ  വെളിച്ചത്തിൽ ഒരു ക്രിസ്ത്യാനിയുടെ മരണ വിഷയത്തിൽ പോലും, അവിശ്വാസത്താൽ നമ്മെ ആവരണം ചെയ്യുന്ന ദുഃഖത്തെ അകറ്റി നിർത്താൻ പരിശ്രമിക്കാം.

“തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു” ഒരു വിശ്വാസി മരിക്കുമ്പോൾ ദൈവം തന്‍റെ ശ്രദ്ധ പ്രത്യേകമായി അവന്‍റെ മേൽ വയ്ക്കുന്നുവെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. “യഹോവയ്ക്ക്” (അവന്‍റെ ദൃഷ്ടിയിൽ) എന്ന വാക്ക് ശ്രദ്ധിക്കുക. ദൈവത്തിന്‍റെ ദൃഷ്ടി എപ്പോഴും നമ്മുടെ മേലുണ്ടെന്നത് സത്യമാണ്. അവൻ ഉറങ്ങുന്നില്ല, മയങ്ങുന്നില്ല. കാണുന്ന ദൈവം എന്നൊക്കെ നാം അവനെക്കുറിച്ച് പറയുന്നതും സത്യമാണ്. എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ അവൻ നമ്മെ ഒരു പ്രത്യേക രീതിയിൽ കാണുകയും ശ്രദ്ധ വഹിക്കുകയും  ചെയ്യുന്നുവെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു” (സങ്കീർത്തനങ്ങൾ 46:1)

നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല (യെശയ്യാവ് 43:2). “തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു” വിശ്വാസികളുടെ മരണത്തെക്കുറിച്ച് വളരെ അപൂർവ്വമായി മാത്രം ചിന്തിക്കുന്ന  ഒരു വശം ഈ വാക്കുകൾ നമ്മുടെ മുന്നിൽ വയ്ക്കുന്നു. ഇത്  ഈ വിഷയത്തിലെ ദൈവിക വശമായി കണക്കാക്കാം. മറ്റു വിഷയങ്ങളെപ്പോലെ, മരണത്തെക്കുറിച്ചും നാം  പലപ്പോഴും നമ്മുടെ സ്വന്തം വീക്ഷണത്തിലാണ് ചിന്തിക്കുന്നത്.

എന്നാല്‍ താക്കോൽ വാക്യം ഈ വിഷയത്തെ ഒരു സ്വർഗ്ഗീയ വീക്ഷണത്തിൽ നിന്ന് പ്രസ്താവിച്ചു കൊണ്ട് ദൈവഭക്തന്മാരുടെ മരണം ഭയാനകമോ, ദാരുണമോ, ദുഃഖകരമോ അല്ല, മറിച്ച് വിലപ്പെട്ടതും വിലയേറിയതുമാണെന്ന് പറഞ്ഞിരിക്കുന്നു. ഈ  ചിന്ത ഒരു ചോദ്യം ഉയർത്തുന്നു. തന്‍റെ ഭക്തന്മാരുടെ മരണം യഹോവയുടെ  ദൃഷ്ടിയിൽ വിലയേറിയതായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഈ അവസാനത്തെ പ്രതിസന്ധിയിൽ അവനെ  സന്തോഷിപ്പിക്കുന്നത് എന്താണ്? വിശദമായിട്ടല്ലങ്കിലും ചുരുക്കമായി  ഇതിന് ഒന്നോ രണ്ടോ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കാം.

  1. യഹോവയുടെ ഭക്തന്മാർ അവന് വിലയേറിയവരായതിനാൽ:

അവർ എപ്പോഴും അവന്‍റെ പ്രിയപ്പെട്ടവരാണ്. ലോകസ്ഥാപനത്തിനു മുമ്പേ, ആകാശങ്ങൾ രൂപപ്പെടുന്നതിനു മുമ്പേ തന്നെ  അവരോട് അവന് സ്നേഹം ഉണ്ടായിരുന്നു. അവിടുന്ന് ഉന്നതങ്ങളിലെ തന്‍റെ നിവാസസ്ഥലം ഉപേക്ഷിച്ച് വന്ന്, തന്‍റെ വിലയേറിയ രക്തം ചൊരിഞ്ഞു കൊണ്ട്, രക്ഷ നല്‍കുന്നതിനായി സന്തോഷത്തോടെ തന്‍റെ ജീവൻ ബലിയർപ്പിച്ചത് അവര്‍ക്കുവേണ്ടിയാണ്. ആ മഹാപുരോഹിതന്‍റെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതും, ഉള്ളംകൈയ്യിൽ വരച്ചിരിക്കുന്നതും അവരുടെ പേരുകൾ ആണ്. അവർ, തന്‍റെ പിതാവിനാൽ  നൽകപ്പെട്ട സ്നേഹ സമ്മാനമാണ്, അവർ അവന്‍റെ മക്കളാണ്, അവന്‍റെ  ശരീരത്തിലെ അവയവങ്ങളാണ്. അതുകൊണ്ട് അവർക്കുള്ളതെല്ലാം അവന്‍റെ  ദൃഷ്ടിയിൽ വിലപ്പെട്ടതാണ്. അവൻ അവരുടെ തലയിലെ രോമം പോലും എണ്ണത്തക്കവണ്ണം അവരെ അത്രമാത്രം സ്നേഹിച്ചു. അവരെ ശുശ്രൂഷിക്കാനും സംരക്ഷിക്കാനും അവൻ തന്‍റെ ദൂതന്മാരെ അയയ്ക്കുന്നു. അവർ അവന് വിലയേറിയവർ ആയതിനാൽ അവരുടെ മരണം പോലും അവന്‍റെ ദൃഷ്ടിയിൽ വിലയേറിയതാണ്.

  1. മരണം വിശുദ്ധന്മാരുടെ ദുഃഖവും വേദനയും അവസാനിപ്പിക്കുന്നതിനാൽ:

നാം കഷ്ടങ്ങൾ അനുഭവിക്കേണ്ടത് അത്യാവശ്യമാണ്. "നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു" (പ്രവൃത്തികൾ 14:22) എന്നിരുന്നാലും മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. (വിലാപങ്ങൾ 3:33). ദൈവം നമ്മുടെ കഷ്ടങ്ങളിലും പ്രയാസങ്ങളിലും  നിസ്സംഗനായ ഒരു വ്യക്തിയല്ല. ഒട്ടുംതന്നെ അശ്രദ്ധനായ ഒരു വ്യക്തിയുമല്ല. മുൻകാലങ്ങളിൽ തന്‍റെ ജനത്തെക്കുറിച്ച്, “അവരുടെ കഷ്ടതയിലൊക്കെയും അവൻ കഷ്ടപ്പെട്ടു” (യെശയ്യാവ് 63:9), എന്ന് എഴുതിയിരിക്കുന്നു. അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു” (സങ്കീർത്തനങ്ങൾ 103:13). “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല” (എബ്രായർ 4:15). തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതായിരിക്കുന്നതിന്‍റെ മറ്റൊരു കാരണം ഇവിടെ നമുക്ക് കാണാന്‍ കഴിയും. അത് അവരുടെ കഷ്ടങ്ങളേയും പ്രയാസങ്ങളേയും അവസാനിപ്പിക്കുന്നു. അതുകൊണ്ട്, അവരുടെ മരണം അവന്‍റെ ദൃഷ്ടിയിൽ വിലയേറിയതാണ്.

  1. ദൈവം നമുക്ക് മതിയായവനാണെന്ന് കാണിക്കാൻ മരണം ഒരു അവസരമായതിനാൽ:-

സ്നേഹം തനിക്കു വിലയേറിയവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കാൾ മറ്റൊന്നിലും  സംതൃപ്തി കണ്ടെത്തുന്നില്ല. ഒരു ക്രിസ്ത്യാനിക്ക് മരണസമയത്ത് അനുഭവപ്പെടുന്നതിനേക്കാൾ അടിയന്തിരമായ നിസ്സഹായത മറ്റൊന്നില്ല. എന്നാൽ മനുഷ്യന്‍റെ ആവശ്യകത ദൈവത്തിന്‍റെ അവസരമാണ്. ഇത്രയും ദുഷ്‌കരമായ ഒരു സാഹചര്യത്തിൽ വിറയ്ക്കുന്ന തന്‍റെ മകനോട് പിതാവായ ദൈവം പറയുന്നു, "... ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്; ഭ്രമിച്ചുനോക്കേണ്ടാ ഞാൻ നിന്‍റെ ദൈവം ആകുന്നു....." (യെശയ്യാവ് 41:9,10). അതുകൊണ്ടാണ് ഒരു വിശ്വാസിക്ക് ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാൻ കഴിയുന്നത്, “കൂരിരുൾ താഴ്‌വരയിൽ (മൂലഭാഷ അനുസരിച്ച് മരണനിഴലിൻ താഴ്‌വര) കൂടി  നടന്നാലും ഞാൻ ഒരു അർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു” (സങ്കീർത്തനം 23:4). നമ്മുടെ ഓരോ ബലഹീനതയും അവന്‍റെ ശക്തിക്കായി നിലവിളിക്കുന്നു. നമ്മുടെ അടിയന്തിരാവസ്ഥ അവന്‍റെ  മതിയായ കഴിവിനായി യാചിക്കുന്നു. ഈ തത്വം സുപരിചിതമായ ഈ വാക്കുകളിൽ അനുഗ്രഹീതമായി പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു- “ഒരു ഇടയനെപ്പോലെ അവൻ തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും” (യെശയ്യാവ് 40:11). അതെ, നമ്മുടെ ബലഹീനതയിലാണ് അവന്‍റെ ശക്തി പരിപൂര്‍ണ്ണമാകുന്നത്. തന്‍റെ സ്നേഹം, കൃപ, ശക്തി എന്നിവയാൽ തന്‍റെ ഭക്തന്മാർക്ക് ശുശ്രൂഷ ചെയ്യാൻ ഇത് ഒരു അവസരമായതിനാൽ അവരുടെ മരണം അവന്‍റെ ദൃഷ്ടിയിൽ വിലയേറിയതാണ്.

  1. മരണത്തിലൂടെ ഭക്തന്മാർ നേരിട്ട് ദൈവത്തിന്‍റെ അടുത്തേക്ക് ചേർക്കപ്പെടുന്നതിനാൽ:

ദൈവം തന്‍റെ ജനം തന്നോടൊപ്പം ആയിരിക്കുന്നതിൽ ആണ് സന്തോഷിക്കുന്നത്, ശരീരധാരിയായി  ഭൂമിയിൽ  അവൻ ചെയ്ത ശുശ്രൂഷയാൽ ഇത് അനുഗ്രഹീതമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവൻ പോകുന്നിടത്തെല്ലാം താന്‍ സ്നേഹിച്ച തന്‍റെ ശിഷ്യന്മാരെയും കൊണ്ടുപോയിരുന്നു. കാനായിലെ വിവാഹത്തിലും, യെരൂശലേമിലെ വിശുദ്ധ പെരുന്നാളിലും, യായീറോസിന്‍റെ വീട്ടിൽ മരിച്ചുപോയ മകളെ ഉയിർപ്പിക്കാനും, മറുരൂപമലയിലും ഇങ്ങനെ അവൻ എവിടെയാണോ പോയത് അവിടെയല്ലാം അവര്‍ അവനെ അനുഗമിച്ചു. അവൻ തന്നോടൊപ്പം ഇരിക്കേണ്ടതിന് പന്ത്രണ്ടുപേരെ നിയമിച്ചു (മർക്കോസ് 3:14) എന്ന വാക്കുകൾ എത്ര അനുഗ്രഹീതമാണ്. അവൻ ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ്. അതുകൊണ്ടാണ് അവൻ നമുക്ക് ഈ ഉറപ്പ് നൽകുന്നത്, ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും” (യോഹന്നാൻ 14:3).

 അതുകൊണ്ട്  “തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു”. കാരണം, ശരീരം വിട്ട് പിരിയുന്ന  നാം കർത്താവിനോടു കൂടെ ആയിരിക്കും (2 കൊരിന്ത്യർ 5:8).

ഒരു ഭക്തൻ നമ്മെ വിട്ട് നിന്ന് പോകുമ്പോൾ നാം ദുഃഖിക്കുമ്പോൾ, ക്രിസ്തു സന്തോഷിക്കുന്നു.  “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു (യോഹന്നാൻ 17:24), എന്ന് അവൻ ചെയ്ത പ്രാർത്ഥനക്കുള്ള ഉത്തരം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന തന്‍റെ ഓരോ മക്കളിലൂടെയുമാണ് ലഭിക്കുന്നത്.   ഈ മർത്യശരീരത്തിൽ നിന്ന് വിടുവിക്കപ്പെട്ട തന്‍റെ ഓരോ മക്കളിലും തന്‍റെ വേദനക്കുള്ള  പ്രതിഫലം കണ്ടു കൊണ്ട് അവൻ സംതൃപ്തനാകും.   അതുകൊണ്ട്, യഹോവാ ഭക്തന്മാരുടെ മരണം അവന്‍റെ ദൃഷ്ടിയിൽ “വിലയേറിയതാണ്”, അത് അവനെ സന്തോഷിപ്പിക്കുന്നു.   ഇവിടെ “വിലയേറിയത്” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദത്തിന്‍റെ പൂർണ്ണമായ അർത്ഥം കണ്ടെത്തുന്നത് വളരെ രസകരവും പ്രയോജനകരവുമാണ്.   ഈ പദം വിലമതിക്കാനാവാത്തത് എന്നും വിവർത്തനം ചെയ്തിട്ടുണ്ട്.

ദൈവമേ, നിന്‍റെ ദയ എത്ര വിലയേറിയത്! (സങ്കീർത്തനം 36:7).   തന്‍റെ ഭക്തന്‍റെ മരണം യഹോവയുടെ ദൃഷ്ടിയിൽ “വിലമതിക്കാനാവാത്തതാണ്”.    ഇതേ എബ്രായ പദം മാനിക്കുക എന്നും വിവർത്തനം ചെയ്തിട്ടുണ്ട്.   “രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത് എന്ന് ചോദിച്ചു” (എസ്ഥേർ 6:6).  ഭൂമിക്കു പകരം സ്വർഗ്ഗം ലഭിക്കുന്നത് ഏറ്റവും വലിയ ബഹുമതിയല്ലേ?   അതെ, ഈ ബഹുമതി എല്ലാ ഭക്തർക്കും നൽകപ്പെടുന്നു.   നമുക്ക് ദൈവത്തിന് മഹത്വം കരേറ്റാം.   ഇതേ എബ്രായ പദം പ്രകാശമുള്ളത് എന്നും വിവർത്തനം ചെയ്തിരിക്കുന്നു.   “സൂര്യൻ പ്രകാശിക്കുന്നതോ ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ട്...”   (ഇയ്യോബ് 31:26).

ഒരു ഭക്തന്‍റെ മരണം താന്‍ വിട്ടുപോകുന്നവർക്ക് ദുഃഖകരവും അന്ധകാരം നിറഞ്ഞതുമായി തോന്നിയേക്കാം, എന്നാൽ യഹോവയുടെ ദൃഷ്ടിയിൽ അത് പ്രകാശമാനമാണ്.’   അത് ദൈവത്തിന്‍റെ ദൃഷ്ടിയിൽ തിളക്കമുള്ളതാണ്.

സന്ധ്യാസമയത്തോ വെളിച്ചമാകും” യഹോവാ ഭക്തന്മാരുടെ മരണം അവന്‍റെ ദൃഷ്ടിയിൽ “വിലയേറിയതാണ്”, “വിലമതിക്കാനാവാത്തതാണ്”, ബഹുമാന്യമായതാണ്”, തിളക്കമാർന്നതാണ്.   നമ്മുടെ കർത്താവ് ഈ ചെറിയ ധ്യാനത്തെ തന്‍റെ വിശുദ്ധന്മാർക്ക് വിലയേറിയതാക്കട്ടെ.

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.