ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്യുന്നു എന്നത് വാസ്തവമാണെങ്കിൽ, പാപം ഒരു ശീലമല്ല, മറിച്ച് ഒരു സ്വഭാവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വഭാവം എന്നത് എല്ലാവരിലും, എല്ലായിടത്തും, എല്ലാ കാലത്തും കാണപ്പെടുന്ന ഒന്നാണെന്ന ജോനാഥൻ എഡ്വേർഡ്സിന്‍റെ നിർവ്വചനം ഇവിടെ വളരെ പ്രസക്തമാണ്. മനുഷ്യൻ സ്വതവെ പാപി ആകുന്നതിന്‍റെ കാരണം ക്രിസ്തീയ വീക്ഷണത്തിൽ വിശദീകരിക്കുന്ന ഉപദേശമാണ്(doctrine )' ജന്‍മപാപ സിദ്ധാന്തം'. ജന്മ പാപം എന്നാൽ “എന്‍റെ ജന്മമേ പാപം” എന്നല്ല മറിച്ച് “ജന്മനാ ഞാൻ പാപി” എന്നാണ് അര്‍ത്ഥമാക്കുന്നത്. നാം പാപം ചെയ്യുന്നതുകൊണ്ടല്ല പാപികൾ ആകുന്നത്, മറിച്ച് നാം പാപികളായതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്ന് ഈ ഉപദേശം വചനപ്രകാരം സ്ഥിരീകരിക്കുന്നു. നമ്മുടെ ഉള്ളിലെ പാപത്തിന്‍റെ ഉറവിടം ജന്മപാപമായതിനാൽ ഇതിനെ “ആദിപാപം” എന്നു കൂടി വിളിക്കുന്നു. ഇന്ന് പലർക്കും ജന്മ പാപത്തെ കുറിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ “ആദിപാപം” എന്ന പദം ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ‘ഒറിജിനൽ സിൻ’ (original sin) എന്ന ചരിത്രപരമായി സഭ ഉപയോഗിച്ച വാക്കിന്‍റെ ശരിയായ തർജ്ജമ.
ആദാമിന്‍റെ പാപം അവനോടൊപ്പം അവന്‍റെ സന്താനങ്ങളുടെയും പതനത്തിന് കാരണമായി (റോമർ 5:12-19). ആദാമിന്‍റെ പാപത്തിന്‍റെ അനന്തരഫലമായ മരണം, ആദാമിനെപ്പോലെ പാപം ചെയ്യാത്ത അവന്‍റെ എല്ലാ സന്തതികളിലേക്കും പരന്നിരിക്കുന്നു (വാക്യം 14). അവർ സ്വഭാവികമായും ദൈവ കോപത്തിന് പാത്രങ്ങൾ ആണ് (എഫെസ്യർ 2:3). നാം ജനിച്ച് നല്ലതോ മോശമോ ആയ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പേ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു എങ്കിൽ, നമ്മൾ അപ്പോഴേ അഭക്തരും, പാപികളും, ദൈവത്തിന്‍റെ ശത്രുക്കളുമാണെന്ന് വചനം പറയുന്നു (റോമർ 5:6,8,10). അഭക്തരായ നാം ജന്മനാ വക്രബുദ്ധിയുള്ളവരും, നുണയന്മാരും, വഴിതെറ്റിയവരുമാണെന്നും (സങ്കീർത്തനം 58:3), അങ്ങനെ, പാപങ്ങളിലും അതിക്രമങ്ങളിലും മരിച്ച് ജനിച്ച നാം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കപ്പെടുന്നില്ലെങ്കിൽ (എഫെസ്യർ 2:1), അതായത്, വീണ്ടും ജനിക്കുന്നില്ലെങ്കിൽ (യോഹന്നാൻ 3:3-6) ദൈവരാജ്യത്തിൽ നമുക്ക് പങ്കില്ലെന്നും വചനം വ്യക്തമായി പറയുന്നു. ഇത് സുവിശേഷവുമായി ബന്ധപ്പെട്ട കാര്യമാണെന്നും, ഇവിടെ തെറ്റ് സംഭവിച്ചാൽ, സുവിശേഷത്തിന്‍റെ സത്യത്തിൽ നിന്ന് നാം വ്യതിചലിച്ചു പോകുന്ന അപകടം ഉണ്ടെന്നും വ്യക്തമാണ്. ഇത് സത്യമല്ലായിരുന്നുവെങ്കിൽ, മനുഷ്യൻ ജന്മനാ നീതിമാനാണെന്നും, അവന്‍റെ സ്വഭാവം ശുദ്ധമാണെന്നും, സമൂഹവുമായോ സാത്താനുമായോ സമ്പർക്കം പുലർത്താൻ അനുവാദം നൽകാതെ സംരക്ഷിക്കപ്പെട്ടാൽ അവൻ, ക്രിസ്തുവിന്‍റെ നീതിയുടെ ആവശ്യമില്ലാതെ തന്നെ സ്വതവെ നീതിമാനാണെന്നും നാം സമ്മതിക്കേണ്ടി വരും. എന്നാൽ ഈ ആലോചന സുവിശേഷത്തെ തകർത്തു കളയാൻ ശ്രമിക്കുന്ന എല്ലാ തന്ത്രങ്ങളിലും വച്ച് ഏറ്റവും അപകടകരമായ ആലോചനയാണ് .
ഈ നിർണായക വിഷയത്തെ തെറ്റിദ്ധരിക്കുന്നവർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾ ഞാൻ ഇവിടെ ഉന്നയിക്കുകയും അവയ്ക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയും ചെയ്യാം. ഇത് ചില തെറ്റിദ്ധാരണകൾ എങ്കിലും നീക്കികളഞ്ഞ്, ഈ വിഷയം കൂടുതൽ ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ചിലരെയെങ്കിലും സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ദൈവം നമ്മെ പാപികളായി സൃഷ്ടിച്ചു എന്ന് പറയുന്നത് എത്ര ഭയാനകമായ ഒരു പഠിപ്പിക്കലാണ്? പാപത്തിന്‍റെ സൃഷ്ടാവ് ദൈവമാണെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?
ഉത്തരം:-
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനിൽ പാപം ഉണ്ടായിരുന്നില്ല (സഭാപ്രസംഗി 7:29). ദൈവം മനുഷ്യനെ തന്‍റെ സ്വരൂപത്തിൽ, തന്‍റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു (ഉല്പത്തി 1:26-27). എന്നാല്‍, അനുസരണക്കേടുമൂലം മനുഷ്യൻ വിശുദ്ധമായ ആ സ്വരൂപത്തെ നഷ്ടപ്പെടുത്തി, തന്‍റെ സ്വരൂപത്തിൽ, തന്‍റെ സാദൃശ്യത്തിൽ മക്കളെ ജനിപ്പിച്ചു (ഉല്പത്തി 5:3). സ്വജാതിക്കാർ സ്വജാതിക്കാരെ ജനിപ്പിക്കുന്നു. അതുകൊണ്ട്, വീണുപോയ ആ ആദ്യ ദമ്പതികളുടെ സന്തതികളായ നമുക്കെല്ലാവർക്കും അവരുടെ സ്വഭാവം തന്നെ പാരമ്പര്യമായി കൈവന്നിരിക്കുന്നു.
കുട്ടികളെ ജനിപ്പിക്കുന്നത് ദൈവമാണ് (സങ്കീർത്തനം 127:3). എന്നാൽ അവൻ അവരിൽ പാപപ്രകൃതി സ്ഥാപിക്കുന്നില്ല. കാരണം, ആദാമിനെ സൃഷ്ടിച്ചതുപോലെയല്ല അവൻ എല്ലാവരെയും സൃഷ്ടിക്കുന്നത്. ദൈവം മനുഷ്യനിൽ സഹജമായ പ്രത്യുൽപാദന നിയമം സ്ഥാപിച്ചു (ഉൽപത്തി 1:28). ഒരു മരം നല്ലതല്ലെങ്കിൽ, അതിന്‍റെ സ്വഭാവമനുസരിച്ചുള്ള ആകാത്ത ഫലമാണ് കായ്ക്കുന്നത്. മലിനമായ ഉറവയിൽ നിന്ന് നല്ല വെള്ളം എങ്ങനെ പുറപ്പെടും? അതുപോലെ,പാപിയായ ഒരു വ്യക്തിയിൽ നിന്ന് പാപമില്ലാത്ത ഒരാള്‍ ജനിക്കുക എന്നതും അസാദ്ധ്യമാണ്(ഇയ്യോബ് 14:4). ഇതിനുള്ള കാരണം ആദാമിന്‍റെ ലംഘനമാണ്. അത് ദൈവത്തിന്‍റെ തെറ്റല്ല. എന്നിരുന്നാലും, ദൈവം വളരെ കൃപയുള്ളവനാകയാൽ, മനുഷ്യൻ നഷ്ടപ്പെടുത്തി കളഞ്ഞ ദൈവത്തിന്‍റെ വിശുദ്ധമായ സ്വരൂപം തിരികെ പ്രാപിക്കുന്നതിനുള്ള ക്രമീകരണം അവൻ ക്രിസ്തുവിൽ നമുക്കു വേണ്ടി ചെയ്തു. റോമർ 8:29; എഫെസ്യർ 2:10, എഫെസ്യർ 4:21-24; കൊലോസ്യർ 3:10, 1 യോഹന്നാൻ 3:2. ആദാമിലുളള നമ്മുടെ സ്വാഭാവിക ജനനത്തിലൂടെയല്ല, ക്രിസ്തുവിലുള്ള പ്രകൃത്യാതീതമായ വീണ്ടും ജനനത്തിലൂടെ മാത്രമേ നമുക്ക് ദൈവത്തിന്‍റെ സ്വരൂപം വീണ്ടെടുക്കാൻ കഴിയൂ. അത് എനിക്ക് ജനിക്കുമ്പോൾ തന്നെ നൽകുന്നതിനു പകരം യേശുവിൽ എന്തിന് തരുന്നു എന്ന് ചോദിച്ചുകൊണ്ട് ഇടറി പോകാത്തവൻ ഭാഗ്യവാൻ.
പാപസ്വഭാവം മൂലമാണ് നാം പാപം ചെയ്യുന്നതെന്ന് പറയുന്നത് മനുഷ്യൻ തന്‍റെ ഉത്തരവാദിത്തത്തെ അവഗണിക്കുന്നതിലേക്ക് നയിക്കില്ലേ? ഞാൻ പാപം ചെയ്യുന്നത് എന്‍റെ തെറ്റല്ലെന്നും, എന്‍റെ സ്വഭാവത്തിനനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നതെയുള്ളു എന്നും പറഞ്ഞ് അനേകര്‍ തങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതിന് ഈ ഉപദേശം കാരണമാകില്ലേ?
ഉത്തരം:-
ചില ആളുകൾ വചനത്തിന്‍റെ സത്യത്തെ ഒഴികഴിവായി പറയു ന്നതിനാൽ അവർക്ക് അനുകൂലമായി ഉപദേശങ്ങൾ മാറ്റുന്നത് ശരിയല്ലല്ലോ? ഉദാഹരണത്തിന്, നാം നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ അവൻ ക്ഷമിക്കുമെന്ന് വചനം പഠിപ്പിക്കുന്നു (1 യോഹന്നാൻ 1:9). അതുപോലെതന്നെ, റോമർ 5:20-ൽ പാപം പെരുകുമ്പോൾ കൃപയും അത്യന്തം പെരുകുന്നു എന്നും വായിക്കുന്നു. ചില ആളുകൾ ഇതിനെ പാപം ചെയ്യാനുള്ള അവസരമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. പാപം ഏറ്റുപറഞ്ഞാൽ പാപക്ഷമ ലഭിക്കാനുള്ള സാധ്യതയുള്ളപ്പോൾ, പാപം ചെയ്യുന്നത് നിർത്തുന്നതിനേക്കാൾ, ചെയ്തിട്ട് ഏറ്റു പറയുന്നത് എളുപ്പവും സുഖകരവുമാണെന്ന് പലർക്കും തോന്നും. അതുകൊണ്ട്, ഈ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങൾ പ്രഖ്യാപിക്കുന്നത് നമ്മൾ നിർത്തണമോ? എല്ലാവരും അത് ശരിയായി മനസ്സിലാക്കുന്നുണ്ടോ, അല്ലെങ്കിൽ ചിലർ സ്വന്തം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അതിനെ വളച്ചൊടിക്കാൻ സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഒരു ഉപദേശം സത്യമാണോ തെറ്റാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനങ്ങള്‍ അല്ല. എല്ലാ ഉപദേശ സത്യങ്ങളും പരീക്ഷിക്കപ്പെടുന്നതുപോലെ, ജന്മപാപത്തെക്കുറിച്ചുള്ള ഉപദേശവും നിർണ്ണയിക്കപ്പെടേണ്ടത് വചനത്തിന്‍റെ സമഗ്രമായ പഠിപ്പിക്കലിന്‍റെ വെളിച്ചത്തിലാണ്. വചനം പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് സത്യം, വചനത്തിന് വിരുദ്ധമാണെങ്കിൽ അത് വ്യാജം. ജന്മപാപത്തെക്കുറിച്ചുള്ള സത്യം ശരിയായി മനസ്സിലാക്കുന്നവർ ദൈവകൃപയില്‍ കൂടുതൽ ആശ്രയിക്കുന്നു. കാരണം, എന്നിൽ അന്തർലീനമായിട്ടുള്ള വീണുപോയ സ്ഥിതിയെ മറികടക്കുക എന്നത് എന്‍റെ കഴിവിനപ്പുറമുള്ള കാര്യമാണ്. സ്വന്തം സ്വഭാവത്തിനപ്പുറം പെരുമാറാൻ ആർക്കാണ് കഴിയുക? ജഡിക മനസ്സുള്ളവരും അവന്‍റെ കല്‍പ്പനകള്‍ അനുസരിക്കാൻ മനസ്സില്ലാത്തവരും കഴിവില്ലാത്തവരുമായ ആയ നാം മാനസാന്തരപ്പെടുക എന്നത് കേവലം അവന്‍റെ കൃപയാണെന്നു മനസ്സിലാക്കുന്നത് നാം നമ്മുടെ വീഴ്ചയെ എത്രമാത്രം മനസ്സിലാക്കി എന്നതിനെ ആശ്രയിച്ചു ഇരിക്കുന്നു.
3. ചോദ്യം:-മനുഷ്യന് പാപപ്രകൃതിയുണ്ടെന്നും എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നതിനു മുമ്പേ അവൻ പാപിയാണെന്നും ബൈബിളിൽ എവിടെയാണ് പറയുന്നത്?
ഉത്തരം:-
ഓരോരുത്തരും പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്നതിന്‍റെ കാരണം സ്വന്ത മോഹങ്ങളാണെന്ന് ബൈബിൾ പറയുന്നു. സാത്താനും ലോകത്തിന്‍റെ ആകർഷണങ്ങളും അവനെ പ്രലോഭിപ്പിക്കുമെന്നത് വാസ്തവമായിരിക്കുമ്പോള്‍ തന്നെ, അവനിലെ മോഹമാണ് ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നതെന്ന് ബൈബിൾ വ്യക്തമാക്കുന്നു(യാക്കോബ് 1:13-14). പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വാര്‍ദ്ധ്യക്യത്തിലുള്ളവര്‍ വരെയുള്ള എല്ലാവരിലും, അവരുടെ പ്രായത്തിന് അനുയോജ്യമായ അളവിൽ, ഈ മോഹം സ്വഭാവികമായി കാണപ്പെടുന്നു. വീണ്ടും ജനിച്ച ഒരു വ്യക്തിയിൽ കാണുന്ന ഈ പാപനിയമവും ദൈവം നാട്ടിയ പുതിയ സ്വഭാവവും തമ്മിലുള്ള പോരാട്ടത്തെ റോമർ 7-ൽ അപ്പോസ്തലൻ മനോഹരമായി വിവരിക്കുന്നു. നന്മയും തിന്മയും എന്താണെന്ന് അവനറിയാമെങ്കിലും, നന്മ ചെയ്യുന്നതിൽ നിന്ന് അവനെ തടയുകയും തിന്മ ചെയ്യാൻ അവനെ നിർബന്ധിക്കുകയും ചെയ്യുന്ന പാപത്തിന്‍റെ നിയമം തന്‍റെ ഉള്ളിൽ ഉണ്ടെന്ന് അപ്പോസ്തലൻ തിരിച്ചറിയുന്നു. ഇതിനെയാണ് നമ്മൾ പാപ സ്വഭാവം എന്ന് വിളിക്കുന്നത്. ആന്തരിക പാപസ്വഭാവം എന്നൊന്നില്ലായിരുന്നുവെ ങ്കിൽ, മനുഷ്യൻ തന്‍റെ സ്വന്ത ഇച്ഛാശക്തി ദുരുപയോഗം ചെയ്ത് പാപം ചെയ്യുകയാണെന്ന് നമുക്ക് പറയാൻ കഴിയുമായിരുന്നു. എന്നാൽ ഈ പാപനിയമം സ്വാഭാവികമാണെന്ന് ബൈബിൾ പറയുന്നു. അതുകൊണ്ടാണ് സ്വാഭാവിക മനുഷ്യന് ദൈവത്തിന്‍റെ കാര്യങ്ങൾ മനസ്സിലാകുന്നില്ല, അത് അവന് ഭോഷത്വമാണ് എന്ന് നാം വായിക്കുന്നത് (1 കൊരിന്ത്യർ 2:14) (റോമർ 8:7). ദൈവം തന്നെ കാര്യം ചെയ്യുന്നില്ലെങ്കിൽ മനുഷ്യന് സ്വയം ക്രിസ്തുവിന്‍റെ അടുക്കലേക്ക് വരുവാനുള്ള കഴിവോ, വരുന്നതിനുള്ള മനസോ ഉണ്ടാകുമായിരുന്നില്ല. (യോഹന്നാൻ 6:44) (യോഹന്നാൻ 3:19-20).
മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെങ്കിൽ, പാപത്തിലേക്കുള്ള പ്രേരണ സാത്താന്‍റെ പ്രലോഭനത്താൽ അല്ലെങ്കിൽ മറ്റ് ചില ബാഹ്യ സാഹചര്യങ്ങളാൽ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നത് പൂർണ്ണമായ സത്യമാണെങ്കിൽ, യേശുക്രിസ്തു ഒഴികെ മറ്റെല്ലാവരും എന്തുകൊണ്ടാണ് പാപത്തെ തിരഞ്ഞെടുക്കുന്നത് ? മനുഷ്യന്‍റെ ഉള്ളിലുള്ള പാപസ്വഭാവത്തെക്കുറിച്ചുള്ള ബൈബിളിന്‍റെ വിശദീകരണം നിരസിക്കുന്നവർക്ക് വേറെ എന്ത് വിശദീകരണമാണ് പറയാനുള്ളത്? മനുഷ്യന്‍റെ നിരൂപണം എപ്പോഴും ദോഷമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ടാണ് (ഉല്പത്തി 6:5)? ദുഷ്ടന്മാർക്ക് ജനനം മുതലേ ഭ്രഷ്ട മനസ്സ് ഉള്ളത് എന്തുകൊണ്ടാണ് (സങ്കീർത്തനം 58:3)? വടി ഉപയോഗിക്ക തക്കവണ്ണം കുട്ടികളുടെ ഹൃദയത്തോട് ഭോഷത്വം പറ്റിയിരിക്കുന്നത് എന്തുകൊണ്ടാണ് (സദൃശവാക്യങ്ങൾ 22:15)? നമ്മളെ മലിനമാക്കുന്ന കാര്യങ്ങൾ പുറത്തുനിന്നല്ല, ഉള്ളിൽ നിന്ന് വരുന്നത് എന്തുകൊണ്ടാണ്? (മർക്കോസ് 7:20-23). ലോകത്തിലെ ആകർഷണങ്ങളന്നോ സാത്താന്‍റെ പ്രലോഭനങ്ങളെന്നോ എന്തൊക്കെ പറഞ്ഞാലും, മനുഷ്യന്‍റെ ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയും ഉള്ളതെന്നും, അതിനെ ആരാഞ്ഞറിയുവാന്‍ ആര്‍ക്കും സാധിക്കയില്ല എന്നും പറയുന്നത് എന്തുകൊണ്ടാണ് (യിരെമ്യാവ് 17:9)? ഇങ്ങനെയുള്ള ഹൃദയത്തെ പ്രകൃതി, സ്വഭാവം, നിയമം, അല്ലെങ്കിൽ നിങ്ങൾ അതിനെ മറ്റെന്തു പേരു വിളിച്ചാലും, പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ടെന്നും, അതാണ് പാപത്തിന്‍റെ ഉറവിടമെന്നും പഠിപ്പിക്കുന്ന തിരുവെഴുത്തിലെ ഈ സത്യത്തിന് വിരുദ്ധമായ ഏതെങ്കിലും പഠിപ്പിക്കലിന്, മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ വിശദീകരണം നൽകാൻ കഴിയുമോ? ഇത് ഒരു ചോദ്യം മാത്രമല്ല, ഒരു വെല്ലുവിളി കൂടിയാണ്.
4. ചോദ്യം:-മനുഷ്യൻ പാപപ്രകൃതിയോടെയാണ് ജനിക്കുന്നതെങ്കിൽ, മനുഷ്യനായി ജനിച്ച കർത്താവായ യേശുവിനും പാപപ്രകൃതി ഉണ്ടായിരുന്നോ?
ഉത്തരം:-
ദൈവം യേശുവിനെ മറ്റുള്ളവരെപ്പോലെ ജനിപ്പിച്ചില്ല. കാരണം ഏത് മനുഷ്യന്‍റെ അതിക്രമത്താൽ പാപം ലോകത്തിൽ പ്രവേശിക്കുകയും എല്ലാവരെയും കുറ്റക്കാരാക്കുകയും ചെയ്തുവോ (റോമർ 5:12) ആ മനുഷ്യന്‍റെ സന്താനമായി യേശു ജനിച്ചില്ല.(ഉല്പത്തി 3:15) (ഗലാത്യർ 4:4). മനുഷ്യന്‍റെ ഇടപെടലുകളൊന്നുമില്ലാതെ, ദൈവം തന്നെ അവനെ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ മറിയയുടെ ഗർഭപാത്രത്തിൽ ഉളവാക്കി. അങ്ങനെ നിത്യ ദൈവമായ ദൈവപുത്രൻ, ദൈവം ഒരുക്കിയ ശരീരം ധരിച്ചു (യോഹന്നാൻ 1:1,14,) (എബ്രായർ 10:5). അതുകൊണ്ട് ആ ശിശു പരിശുദ്ധനായ ദൈവപുത്രൻ എന്നു വിളിക്കപ്പെട്ടു (ലൂക്കോസ് 1:34-35). അങ്ങനെ അവൻ പാപജഡത്തിന്‍റെ സാദൃശ്യം സ്വീകരിച്ചു (റോമർ 8:4) എന്നല്ലാതെ പാപ ജഡം ധരിച്ചില്ല (എബ്രായർ 7:26-27). അവൻ മനുഷ്യസാദൃശ്യത്തില്‍ കാണപ്പെട്ടു (ഫിലിപ്പിയർ 2:7), എന്നാൽ അവൻ ജഡം ധരിച്ചു വന്ന ദൈവമാണ്. (യോഹന്നാൻ 1:14), അതിനാൽ അവൻ പൂർണ്ണമായും പാപരഹിതനായിരുന്നു (എബ്രായർ 4:15). “നിങ്ങളിൽ ആർക്ക് ഞാൻ പാപം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിയും?” എന്ന് അവിടുന്ന് ഉന്നയിച്ച വെല്ലുവിളി ഇന്നും വെല്ലുവിളിയായി തന്നെ തുടരുന്നു (യോഹന്നാൻ 8:46).
5. ചോദ്യം:-ഒരോരുത്തൻ പരീക്ഷക്കപ്പെടുന്നത് സ്വന്തം മോഹങ്ങളാൽ ആകർഷിക്കപ്പെടുന്നത് കൊണ്ടാണ്. (യാക്കോബ് 1:13-14). യേശുക്രിസ്തു എല്ലാ കാര്യങ്ങളിലും നമുക്ക് തുല്ല്യമായി പരീക്ഷിക്കപ്പെട്ടു (എബ്രായർ 4:15). നമ്മെപ്പോലെ പരീക്ഷിക്കപ്പെടണമെങ്കിൽ, അവനും സ്വന്തം മോഹങ്ങൾ ഉണ്ടായിരിക്കണമെന്നല്ലേ?
ഉത്തരം :-
എബ്രായർ 4:15 ൽ, അവൻ എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എങ്കിലും പാപം ചെയ്തിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, സ്വന്ത മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുന്നതൊഴിച്ച് അവൻ സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു. കാരണം, അവനില്‍ സ്വന്ത മോഹങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, അവൻ പാപരഹിതനാണെന്ന പ്രസ്താവനയ്ക്ക് യാതൊരു അർത്ഥവുമില്ല. അവൻ പാപം ചെയ്യാത്തവൻ എന്നു മാത്രമല്ല, പാപം ഇല്ലാത്തവൻ ആണെന്നതും നാം പ്രത്യേകം ശ്രദ്ധിക്കണം. സാത്താൻ അവനെ പരീക്ഷിച്ചു (മത്തായി 4:1-12). ലോകം അവന്‍റെ മേൽ എത്രയോ സമ്മർദ്ദങ്ങൾ ചെലുത്തി (യോഹന്നാൻ 1:7). എന്നാൽ അവയോടുള്ള ആന്തരിക ചായ്‌വോ ആഗ്രഹമോ ഇല്ലാത്തതിനാൽ അവൻ പാപം ചെയ്തില്ല.
6. ചോദ്യം:-യേശുവിന് പാപം ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിനുപകരം, അവന് പാപം ചെയ്യാൻ കഴിയുമായിരുന്നു, പക്ഷേ അങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ പാപത്തെ ജയിച്ചു എന്ന് പറയുന്നതല്ലേ കൂടുതൽ ശരി? പാപം ചെയ്യാൻ കഴിയാത്ത ഒരാൾ പരീക്ഷിക്കപ്പെട്ടു എന്നു പറയുന്നതിലെ മഹത്വം എന്താണ്?
ഉത്തരം:-
യേശു പൂർണ്ണ മനുഷ്യൻ മാത്രമല്ല, പൂർണ്ണ ദൈവവുമാണ്. ദൈവമായിരിക്കെ ജഡം ധരിച്ചു വന്നു എന്നതാണ് അവന്‍റെ മഹത്വം. ദൈവത്തിന് പാപം ചെയ്യാൻ കഴിയില്ല (തീത്തോസ് 1:2). യേശുവിന് പാപം ചെയ്യാൻ കഴിയുമെന്ന് പറയുന്നത് അവന്‍റെ ദൈവത്വത്തെ തിരസ്കരിക്കുന്നതിന് തുല്യമാണ്. പാപത്തെ ജയിച്ചു വിശുദ്ധി പ്രാപിച്ചു എന്നു പറയുന്നതിനേക്കാൾ അവൻ സ്വാഭാവികമായി വിശുദ്ധനാണെന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണെന്ന് ഓർമ്മിക്കേണ്ടതാണ്. അവന് മഹത്വം ആരോപിക്കുന്നു എന്നു പറഞ്ഞു കൊണ്ട് അവന്‍റെ ദൈവത്വത്തെ ദുർബലപ്പെടുത്തുന്ന തെറ്റായ പഠിപ്പിക്കലുകൾക്കെതിരെ നാം ജാഗ്രത പാലിക്കണം.
7. ചോദ്യം:-നമ്മെ പോലെ പാപം ചെയ്യാൻ ആകർഷിക്കപ്പെടുന്ന സ്വഭാവം ഉണ്ടായിട്ടു കൂടി അതിനെ മറികടക്കാൻ കഴിഞ്ഞെങ്കിൽ, യേശുവിന് നമുക്ക് മാതൃകയാകാൻ കഴിയും. എന്നാൽ അങ്ങനെ അല്ലാതെ അവൻ പാപത്തിന് അതീതനാണെങ്കിൽ, അവനെപ്പോലെ പാപത്തെ മറികടക്കാൻ നമുക്ക് എങ്ങനെ കഴിയും?
ഉത്തരം:-
പാപത്തെ ജയിക്കുന്നതിൽ യേശു നമുക്ക് മാതൃകയാണ് എന്നതിലും ഉപരിയായി നാം മനസ്സിലാക്കേണ്ടത്, നമുക്ക് തത്സമയം സഹായം നൽകാൻ അവന് കഴിയും എന്നാണ് (എബ്രായർ 4:15). മാതൃകയെ കുറിച്ച് പറയുകയാണെങ്കിൽ ഒരിക്കലും ജഡം ധരിച്ചു വരാത്ത പിതാവായ ദൈവവും നമുക്ക് വിശുദ്ധിയുടെ മാതൃകയായി കാണപ്പെടുന്നു. (മത്തായി 5:48, 1 പത്രോസ് 1:15-16, ലേവ്യപുസ്തകം 11:44; 19:2; 20:7). ദൈവത്തിന്‍റെ മാതൃകയെ നമുക്ക് എങ്ങനെ പിന്‍പറ്റാന്‍ സാധിക്കും? അതിനു നമുക്കു ആവശ്യം ഒരു മാര്‍ഗ്ഗദര്‍ശി അല്ലെങ്കില്‍ മാതൃക അല്ല. വിശുദ്ധമായ ആ ദിവ്യ സ്വഭാവത്തിലേക്ക് നമ്മെ തിരികെ വാർത്തെടുക്കാൻ കഴിയുന്ന സമയോചിതമായ സഹായിയെ ആണ് നമുക്ക് വേണ്ടത്. നാം അവന്‍റെ പൂർണമായുള്ള മാതൃക പിൻപറ്റി കൊണ്ട്, നമുക്ക് സ്വന്തമായി ആ നിലവാരം കൈവരിക്കാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കുമ്പോൾ, നാം യഥാർത്ഥത്തിൽ അവന്‍റെ കൃപാസനത്തിങ്കലേക്ക് നയിക്കപ്പെടുന്നു. അവന്‍റെ സമയോചിതമായ സഹായത്തിൽ നാം ആശ്രയിക്കുന്നു (എബ്രായർ 4:16). ഒടുവിൽ നാം ക്രിസ്തുവിന്‍റെ സ്വരൂപത്തിലേക്ക്, അവന്‍റെ പൂർണതയുള്ള വിശുദ്ധ സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടും (റോമർ 8:29, 1 യോഹന്നാൻ 3:2).
8. ചോദ്യം:-ജന്‍മപാപത്തിന്‍റെ ഉപദേശം അറിയുന്നില്ലങ്കിൽ വരുന്ന നഷ്ടമെന്താണ്?
ഉത്തരം:-
പാപത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, അത് മനുഷ്യരാശിയുടെ മേൽ വരുത്തിയ ദോഷത്തെക്കുറിച്ചും, അതില്‍ നിന്ന് രക്ഷപെടുവാന്‍ ദൈവം യേശുക്രിസ്തുവിൽ മനുഷ്യരാശിക്കു ചെയ്ത കൃപയാലുള്ള ക്രമീകരണത്തെക്കുറിച്ചുമുള്ള സമഗ്രമായ സുവിശേഷ ഗ്രാഹ്യം ജന്മപാപത്തിന്‍റെ ഉപദേശം നമുക്ക് നൽകുന്നു. ഈ അടിസ്ഥാന പാഠം പഠിക്കാതെ നമുക്ക് സുവിശേഷത്തിന്‍റെ സത്യം മനസിലാക്കാൻ കഴിയില്ല. സാർവത്രികമായി എല്ലാവരും പാപം ചെയ്യുന്നതിനുള്ള കാരണം എന്താണ്? യേശുക്രിസ്തുവിലല്ലാതെ ആരും നീതീകരിക്കപ്പെടാത്തതിന്‍റെ കാരണം എന്താണ്? ഒരു ക്രിസ്ത്യാനിയുടെ ആന്തരിക പോരാട്ടത്തെ നാം എങ്ങനെ മനസ്സിലാക്കണം? ഇത്തരം നിർണായകമായ ചോദ്യങ്ങൾക്ക് ‘ജന്മപാപ ഉപദേശം’ നൽകുന്ന സമഗ്രവും വചനപ്രകാരവുമായ പഠിപ്പിക്കൽ നഷ്ടപ്പെടുത്തുന്നത് ക്രിസ്തീയതയെ നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഈ ഉപദേശത്തിൽ വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളല്ല. അത് നികത്താനാവാത്ത നഷ്ടമല്ലേ?
ഉപസംഹാരം
ആദാം തന്‍റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് പാപം ചെയ്തു. തൽഫലമായി, അവന്‍റെ സന്തതികളെല്ലാം പാപികളായി അവനെപ്പോലെ മരണത്തിന് വിധേയരായി. ഈ വീഴ്ചയിൽ നിന്ന് പാപമില്ലാത്തവൻ ഉത്ഭവിക്കുവാൻ കഴിയാത്തതിനാൽ, ദൈവം തന്നെ മനുഷ്യനായിത്തീർന്നു പാപത്തിന് പ്രായശ്ചിത്തം ചെയ്തു (1 കൊരിന്ത്യർ 15:22,45-47) ഇതാണ് ജന്മപാപ ഉപദേശത്തിന്‍റെ സാരം. ഇതല്ലാതെ മറ്റേതെങ്കിലും സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാൽ, അവർ ശപിക്കപ്പെട്ടവരാണ് (ഗലാത്യർ 1:8-9).
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.