ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്യുന്നു എന്നത് വാസ്തവമാണെങ്കിൽ, പാപം ഒരു ശീലമല്ല, മറിച്ച് ഒരു സ്വഭാവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വഭാവം എന്നത് എല്ലാവരിലും, എല്ലായിടത്തും, എല്ലാ കാലത്തും കാണപ്പെടുന്ന ഒന്നാണെന്ന ജോനാഥൻ എഡ്വേർഡ്സിന്റെ നിർവ്വചനം ഇവിടെ വളരെ പ്രസക്തമാണ്. മനുഷ്യൻ സ്വതവെ പാപി ആകുന്നതിന്റെ കാരണം ക്രിസ്തീയ വീക്ഷണത്തിൽ വിശദീകരിക്കുന്ന ഉപദേശമാണ്(doctrine )' ജന്മപാപ സിദ്ധാന്തം'. ജന്മ പാപം എന്നാൽ “എന്റെ ജന്മമേ പാപം” എന്നല്ല മറിച്ച് “ജന്മനാ ഞാൻ പാപി” എന്നാണ് അര്‍ത്ഥമാക്കുന്നത്. നാം പാപം ചെയ്യുന്നതുകൊണ്ടല്ല പാപികൾ ആകുന്നത്, മറിച്ച് നാം പാപികളായതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്ന് ഈ ഉപദേശം വചനപ്രകാരം സ്ഥിരീകരിക്കുന്നു. നമ്മുടെ ഉള്ളിലെ പാപത്തിന്റെ ഉറവിടം ജന്മപാപമായതിനാൽ ഇതിനെ “ആദിപാപം” എന്നു കൂടി വിളിക്കുന്നു. ഇന്ന് പലർക്കും ജന്മ പാപത്തെ കുറിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ “ആദിപാപം” എന്ന പദം ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ‘ഒറിജിനൽ സിൻ’ (original sin) എന്ന ചരിത്രപരമായി സഭ ഉപയോഗിച്ച വാക്കിന്റെ ശരിയായ തർജ്ജമ.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.