- ഒന്നാമതായി, ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല, ദൈവത്തിൽ നിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു (1 യോഹന്നാൻ 3:9, 5:18).
- രണ്ടാമതായി, യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു (1 യോഹന്നാൻ 5:1).
- മൂന്നാമതായി, നീതി ചെയ്യുന്നവനൊക്കയും ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു (1 യോഹന്നാൻ 2:29)
- നാലാമതായി, നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. (1 യോഹന്നാൻ 3:14).
- അഞ്ചാമതായി, ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു (1 യോഹന്നാൻ 5:4). ആറാമതായി, ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു (1 യോഹന്നാൻ 5:18)
നിങ്ങൾ വീണ്ടും ജനിച്ചിട്ടുണ്ടോ? ദൈവഭക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. പുതുതായി ജനിച്ചിട്ടില്ലാ എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് കർത്താവായ യേശു കർശനമായി പറഞ്ഞു (യോഹന്നാൻ 3:3).
‘ഞാൻ സഭയിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് വീണ്ടും ജനിച്ച ആളാണ്’ എന്ന് ചിന്തിച്ചതുകൊണ്ട് മാത്രം മതിയാവില്ല. ആയിരക്കണക്കിന് നാമധേയ ക്രിസ്ത്യാനികൾക്ക് വചനം വെളിപ്പെടുത്തുന്ന വീണ്ടും ജനനത്തിന്‍റെ അടയാളങ്ങളോ ലക്ഷണങ്ങളോ ഒട്ടും തന്നെ ഇല്ല. വീണ്ടും ജനിച്ചതിന്‍റെ അടയാളങ്ങളും ലക്ഷണങ്ങളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയാണെങ്കിൽ, യോഹന്നാന്‍റെ ഒന്നാം ലേഖനത്തിൽ നിന്ന് അവ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.
ഒന്നാമതായി, ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല, ദൈവത്തിൽ നിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു (1 യോഹന്നാൻ 3:9, 5:18).
വീണ്ടും ജനിച്ച ഒരാൾ പതിവായി പാപം ചെയ്യുന്നില്ല. വീണ്ടും ജനനം പ്രാപിക്കാത്ത ഒരാളെപ്പോലെ, അയാൾ ഹൃദയംഗമായോ, ഇഷ്ടത്തോടെയോ, മനഃപൂർവ്വമായോ പാപം ചെയ്യുന്നില്ല. ഒരുകാലത്ത് താൻ ചെയ്യുന്ന കാര്യങ്ങളിൽ പാപമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല, മാത്രമല്ല പാപം ചെയ്തതിനുശേഷവും അതിൽ വിഷമം തോന്നാത്ത സമയങ്ങളും ഉണ്ടാകാം. അപ്പോൾ അവനും പാപവും തമ്മിൽ ഒരു ശത്രുതയും ഉണ്ടായിരുന്നില്ല; അവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇപ്പോൾ അവൻ പാപത്തെ വെറുക്കുന്നു, അതിൽ നിന്ന് ഓടിപ്പോകുന്നു, അതിനെതിരെ പോരാടുന്നു, അതിനെ ഏറ്റവും വലിയ ബാധയായി കണക്കാക്കുന്നു, അതിന്‍റെ ഭാരത്താൽ ഞരങ്ങുന്നു, അതിനാൽ ബാധിക്കപ്പെടുമ്പോൾ ദുഃഖിക്കുന്നു, അതിൽ നിന്ന് വിടുതലിനായി അതിയായി ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ, പാപം ഇപ്പോൾ അവന് ഒരു സന്തോഷവും നൽകുന്നില്ല. അവന്‍ അതിനെ നിസ്സാരമായി കാണുന്നില്ല; അവന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വിഷയം പാപമാണ്. തന്‍റെ ഹൃദയത്തില്‍ പാപത്തിന് സ്ഥാനം കൊടുക്കുന്നില്ല.
തന്നിൽ പാപം ഇല്ല എന്ന് അവൻ പറഞ്ഞാൽ, സത്യം അവനിൽ ഇല്ല (1 യോഹന്നാൻ 1:8). എന്നാൽ അവൻ അതിനെ പൂർണ്ണഹൃദയത്തോടെ വെറുക്കുന്നുവെന്നും അത് ഒരിക്കലും ചെയ്യരുതെന്നതാണ് അവന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹമെന്നും അവന് പറയാൻ കഴിയും. അവന് മോശം ചിന്തകൾ ഉണ്ടാകുന്നതിൽ നിന്നും, വാക്കുകളിലും പ്രവൃത്തികളിലും കുറവുകൾ, തെറ്റുകൾ, പോരായ്മകൾ സംഭവിക്കുന്നതിൽ നിന്നും സ്വയം തടയാൻ കഴിയില്ല. “നാമെല്ലാവരും പലതിലും തെറ്റിപ്പോകുന്നു” എന്ന് അവനറിയാം (യാക്കോബ് 5:2). പക്ഷേ, ഇതെല്ലാം തനിക്ക് പ്രയാസമുണ്ടാക്കുന്നതാണെന്നും തന്‍റെ പുതിയ സ്വഭാവം അതിനോട് യോജിക്കുന്നില്ലെന്നും ദൈവമുമ്പാകെ സത്യസന്ധമായി പറയാൻ അവനു കഴിയും. ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുന്നു. അപ്പോസ്തലന് നിങ്ങളെക്കുറിച്ച് എന്താണ് പറയാൻ കഴിയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
രണ്ടാമതായി, യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു (1 യോഹന്നാൻ 5:1).
വീണ്ടും ജനിച്ച ഒരാൾ യേശുക്രിസ്തു മാത്രമാണ് രക്ഷകൻ എന്നും അവനിലൂടെ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ എന്നും വിശ്വസിക്കുന്നു. ഈ ദൗത്യത്തിനായി പിതാവ് നിയോഗിച്ച ഏക ദൈവ മനുഷ്യൻ അവനാണെന്നും, അവനല്ലാതെ മറ്റൊരു രക്ഷകനില്ലെന്നും അവൻ വിശ്വസിക്കുന്നു. തന്നിൽ അയോഗ്യത മാത്രമാണ് കാണുന്നത്, പക്ഷേ ക്രിസ്തുവിൽ പൂർണ്ണമായ ഉറപ്പ് അവന്‍ കണ്ടെത്തുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ തന്‍റെ പാപങ്ങൾ പൂർണ്ണമായും ക്ഷമിക്കപ്പെടുമെന്ന് അവൻ വിശ്വസിക്കുന്നു. ക്രിസ്തു ക്രൂശിൽ ചെയ്ത കാര്യത്തിന്‍റെയും കുരിശു മരണത്തിന്‍റെയും അടിസ്ഥാനത്തിൽ താൻ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടുവെന്ന് വിശ്വസിച്ച്, മരണത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള ഭയമില്ലാത്തവനായി തീരുന്നു.
പക്ഷേ അവന് ചിലപ്പോഴൊക്കെ ഭയവും വിറയലും അനുഭവപ്പെടാം. അവൻ തനിക്ക് ശരിക്കും വിശ്വാസമില്ലെന്ന് തോന്നുന്നു എന്നൊക്കെ പറഞ്ഞേക്കാം. പക്ഷേ, അവന്‍റെ നിത്യതയെക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ച് അവനോട് ചോദിക്കൂ. അത് അവന്‍റെ നന്മയെയോ, മാറ്റംവരുത്തിയ പ്രവൃത്തികളെയോ, പ്രാർത്ഥനകളെയോ, ശുശ്രൂഷകനെയോ, സഭയെയോ ആശ്രയിച്ചിരിക്കുന്നുണ്ടോ എന്ന് നിങ്ങൾ ചോദിച്ചാൽ, അവൻ എന്തായിരിക്കും പറയുന്നതെന്ന് നോക്കൂ. അവൻ ക്രിസ്തുവിനെ ഉപേക്ഷിച്ച് മറ്റൊരു മതത്തിൽ പ്രത്യാശ അർപ്പിക്കുമോ എന്ന് അവനോട് ചോദിക്കൂ. താൻ ബലഹീനനും ദുഷ്ടനുമാണെന്ന് അവൻ സമ്മതിക്കുന്നുണ്ടെങ്കിലും, ലോകം മുഴുവൻ നൽകിയാലും ക്രിസ്തുവിനെ തള്ളിപ്പറയില്ലെന്ന് അവൻ പറയുന്നു. ക്രിസ്തുവിൽ വിലയേറിയത് താൻ കണ്ടെത്തിയെന്നും, തന്‍റെ ആത്മാവിന് പര്യാപ്തമായത് ക്രിസ്തുവിൽ കണ്ടെത്തിയെന്നും, അത് മറ്റെവിടെയും കണ്ടെത്താനാവില്ലെന്നും വിശ്വസിച്ചുകൊണ്ട് അവൻ അതിനെ മാത്രം മുറുകെ പിടിക്കുന്നു. ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുന്നു. അപ്പോസ്തലൻ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
മൂന്നാമതായി, നീതി ചെയ്യുന്നവനൊക്കയും ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു (1 യോഹന്നാൻ 2:29).
വീണ്ടും ജനിച്ച വ്യക്തി വിശുദ്ധനാണ്. അവൻ ദൈവഹിതം പ്രകാരം ജീവിക്കാൻ പരിശ്രമിക്കുകയും ദൈവത്തിന് പ്രസാദകരമായത് ചെയ്യുകയും ചെയ്യുന്നു. ദൈവം വെറുക്കുന്നതിനെ താനും വെറുക്കുന്നു. ദൈവത്തെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കുക, തന്നെപ്പോലെ തന്നെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കുക എന്നതാണ് അവന്‍റെ ആഗ്രഹവും ലക്ഷ്യവും. അവൻ ക്രിസ്തുവിനെ ഒരു രക്ഷകനായിട്ട് മാത്രമല്ല, തനിക്കു മാതൃകയായിട്ടും കൂടെ എപ്പോഴും ക്രിസ്തുവിങ്കലേയ്ക്കാണ് നോക്കുന്നത്. ക്രിസ്തുവിന്‍റെ കല്പനകൾ പാലിക്കുന്നതിലൂടെ താൻ അവന്‍റെ സ്നേഹിതനാണെന്ന് കാണിച്ചു കൊടുക്കുന്നു. ഇതാണ് അവന്‍റെ ആഗ്രഹം, അവന്‍ പൂർണനല്ല എന്നതിൽ സംശയമില്ല, മറ്റാരെക്കാളും മുമ്പ് താന്‍ തന്നെ അത് സമ്മതിക്കും. അവൻ തന്‍റെ ഉള്ളിലെ അശുദ്ധിയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരിക്കും. കൃപയ്‌ക്കെതിരെ നിരന്തരം പോരാടുകയും ദൈവത്തിൽ നിന്ന് അവനെ വേർപെടുത്തുകയും ചെയ്യുന്ന പാപത്തിന്‍റെ ഒരു നിയമം അവൻ തന്നിൽ കണ്ടെത്തുന്നു. എന്നാൽ, അതിന്‍റെ നിലനിൽപ്പ് ഇല്ലാതാക്കാൻ അവന് കഴിയില്ലെങ്കിലും, അതിനോട് അവൻ എകീഭവിക്കില്ല. അവന് എത്ര കുറവുകൾ ഉണ്ടെങ്കിലും, തന്‍റെ നടപ്പ് മാത്രം വിശുദ്ധിയുടെ നേർക്കാണ് ചാഞ്ഞ് നില്ക്കുന്നത്. അവന്‍റെ പ്രവൃത്തികൾ വിശുദ്ധമാണ്, അവന്‍റെ പ്രതീക്ഷകൾ വിശുദ്ധമാണ്, അവന്‍റെ ശീലങ്ങൾ വിശുദ്ധമാണ്. കാറ്റിൽ ആടിയുലയുന്ന ഒരു കപ്പൽ പോലെ തന്‍റെ ജീവിതം ആടിയുലയുന്നുണ്ടെങ്കിലും, അവന്‍റെ യാത്ര മാത്രം ദൈവത്തിങ്കലേയ്ക്കും ദൈവത്തിനായിട്ടും ആയിരിക്കും.
ചിലപ്പോഴൊക്കെ താനൊരു യഥാർത്ഥ ക്രിസ്ത്യാനിയാണോ എന്ന് സംശയിക്കാറുണ്ടെങ്കിലും, ജോൺ ന്യൂട്ടനോടൊപ്പം തനിക്കും ഇങ്ങനെ പറയാൻ കഴിയും, "ഞാൻ എന്തായിരിക്കണമോ അതുപോലെ അല്ല ഞാൻ, ഞാൻ എന്തായിരിക്കണമെന്നാണോ ആഗ്രഹിക്കുന്നത് അതുപോലെ അല്ല ഞാൻ, സ്വർഗത്തിൽ ഞാൻ എന്ത് ആകണമെന്നാണോ പ്രതീക്ഷിക്കുന്നത് അതുപോലെ അല്ല ഞാൻ, എന്നാൽ ഒരിക്കൽ ഞാൻ എന്തായിരുന്നോ അങ്ങനെ അല്ല ഞാൻ, ഞാൻ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാൽ ആണ്." ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുകയാണ്. അപ്പോസ്തലൻ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
നാലാമതായി, നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. (1 യോഹന്നാൻ 3:14).
വീണ്ടും ജനിച്ച ഒരാൾക്ക് യേശുവിന്‍റെ എല്ലാ യഥാർത്ഥ ശിഷ്യന്മാരോടും ഒരു പ്രത്യേകമായ സ്നേഹം ഉണ്ട്. സ്വർഗ്ഗസ്ഥനായ തന്‍റെ പിതാവിനെപ്പോലെ, അവന് പൊതുവെ എല്ലാവരോടും സ്നേഹമുണ്ട്. പക്ഷേ, അവനോട് ഏകമനസ്സുള്ളവരോട് അവന് ഒരു പ്രത്യേക സ്നേഹമുണ്ട്. തന്‍റെ രക്ഷിതാവും കര്‍ത്താവുമായവനെപ്പോലെ, അവനും ഏറ്റവും മോശമായ പാപിയെപ്പോലും സ്നേഹിക്കുകയും അവനുവേണ്ടി നിലവിളിക്കുകയും ചെയ്യും. എന്നാൽ, വിശ്വാസികളോട് അവന് വിശേഷമായ ഒരു സ്നേഹമുണ്ട്. അവരുമായി കൂട്ടായ്മയിൽ ഉള്ളപ്പോള്‍ ഉള്ള സന്തോഷം അവന് മറ്റെവിടെയും അനുഭവിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സന്തോഷം, വിശുദ്ധന്മാരുടെ ഇടയില്‍ അല്ലാതെ ലോകത്തിലെ മഹാന്മാരുടെ ഇടയില്‍ പോലും അവന് കണ്ടെത്താൻ കഴിയില്ല. മറ്റുള്ളവർ തങ്ങൾ തിരഞ്ഞെടുത്ത സൗഹൃദങ്ങളിൽ, വിദ്യാഭ്യാസം, ബുദ്ധിശക്തി, സാമൂഹിക സ്ഥാനം, സമ്പത്ത്, പദവി എന്നിവയെ വിലയുള്ളതായി കാണുമ്പോൾ, വീണ്ടും ജനിച്ച ഒരാൾ കൃപയ്ക്ക് മാത്രമേ വിലകല്പിക്കുന്നുള്ളൂ. കൂടുതൽ കൃപ സ്വീകരിക്കുകയും കൂടുതല്‍ ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുന്നവരെ അവൻ കൂടുതല്‍ സ്നേഹിക്കുന്നു.
എല്ലാ വിശ്വാസികളെയും അവനോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. ഒരേ ശത്രുവിനോട് പോരാടുന്ന തന്‍റെ സഹ സൈനികരായി അവൻ അവരെ കണക്കാക്കുന്നു. ഒരേ പാതയിലൂടെ സഞ്ചരിക്കുന്ന സഹയാത്രികരായി അവൻ അവരെ കണക്കാക്കുന്നു. അവൻ അവരെ മനസ്സിലാക്കുന്നു, അവർ അവനെയും മനസ്സിലാക്കുന്നു. അവനും അവരും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. നിലവാരത്തിലും സ്ഥാനത്തിലും സമ്പത്തിലും ഒക്കെ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. അതുകൊണ്ട് എന്താണ്? അവർ യേശുക്രിസ്തുവിന്‍റെ ആളുകളാണ്. അവർ അവന്‍റെ പിതാവിന്‍റെ പുത്രന്മാരും പുത്രിമാരുമായതിനാൽ അവന് അവരെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുകയാണ്. അപ്പോസ്തലൻ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
അഞ്ചാമതായി, ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു (1 യോഹന്നാൻ 5:4).
വീണ്ടും ജനിച്ച ഒരാൾ നന്മതിന്മകളെ തിരിച്ചറിയാൻ ഈ ലോകത്തിന്‍റെ അഭിപ്രായങ്ങളില്‍ ആധാരപ്പെടുന്നില്ല. ഈ ലോകത്തിന്‍റെ രീതികളുടെയും ആശയങ്ങളുടെയും ആചാരങ്ങളുടെയും ഒഴുക്കിനെതിരെ പോരാടാൻ അയാൾ മടിക്കുന്നില്ല. മനുഷ്യന്‍റെ വാക്കുകളല്ല അവന്‍റെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അവൻ ലൗകിക സ്നേഹത്തെ ജയിക്കുന്നു. തന്‍റെ ചുറ്റുമുള്ളവർ സന്തോഷിക്കുന്ന വിഷയങ്ങളിൽ അവൻ സന്തോഷം കണ്ടെത്തുന്നില്ല. അവരുടെ വിനോദങ്ങൾ അവന് ആസ്വദിക്കാൻ കഴിയില്ല. അവ അവന് വിരസത ഉളവാക്കുന്നവയാണ്. അവ അവന് വ്യർത്ഥവും, ഉപയോഗശൂന്യവും, അയോഗ്യവുമായി കാണപ്പെടുന്നു. അവൻ ലോകപ്രകാരമുള്ള ഭയത്തെ ജയിക്കുന്നു. മറ്റുള്ളവർ താൻ ചെയ്യുന്ന കാര്യങ്ങൾ അനാവശ്യമാണെന്ന് കരുതിയാലും, അവൻ അത് സംതൃപ്തിയോടെ ചെയ്യുന്നു. അവർ അവനെ നിന്ദിച്ചാലും അത് അവനെ ചലിപ്പിക്കില്ല, അവർ അവനെ പരിഹസിച്ചാലും അവൻ അവർക്ക് കീഴടങ്ങില്ല.
അവൻ മനുഷ്യരുടെ പുകഴ്ചയെക്കാൾ ദൈവത്തിന്‍റെ പുകഴ്ചയാണ് ആഗ്രഹിക്കുന്നത്. മനുഷ്യരെ വേദനിപ്പിക്കുന്നതിനേക്കാൾ ദൈവത്തെ വേദനിപ്പിക്കുന്നതാണ് അവന് കൂടുതൽ ഭയം ഉളവാക്കുന്നത്. ശിഷ്യത്വത്തിന്‍റെ വില നൽകാൻ അവൻ തയ്യാറാണ്. അവരുടെ പ്രശംസയും വിമർശനവും അദ്ദേഹത്തിന് ഒരു വിഷയമല്ല. ലോകത്തിന്‍റെ പ്രവണതകൾക്കും ആചാരങ്ങൾക്കും അവൻ അടിമയല്ല. ലോകത്തെ സന്തോഷിപ്പിക്കുക എന്നത് അവന് ഒട്ടും തന്നെ പ്രാധാന്യമുള്ള കാര്യമല്ല. ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് അവന്‍റെ പ്രധാന ലക്ഷ്യം. ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുകയാണ്. അപ്പോസ്തലൻ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
ആറാമതായി, ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു (1 യോഹന്നാൻ 5:18)
വീണ്ടും ജനിച്ച ഒരാൾ തന്‍റെ ആത്മാവിന്‍റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ളവനാണ്. പാപത്തെ മാത്രമല്ല, പാപത്തിലേക്ക് വഴിതെളിക്കുന്ന ഓരോന്നിനെയും ഇല്ലാതാക്കാൻ അവൻ പരിശ്രമിക്കുന്നു. അവൻ ആരോടാണ് സൗഹൃദം സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” എന്ന് അവനറിയാം. ആരോഗ്യത്തെക്കാൾ എളുപ്പത്തിൽ രോഗം പടരുന്നുതുപോലെ, നല്ല പെരുമാറ്റത്തേക്കാൾ മോശം പെരുമാറ്റം കൂടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്ന് അവൻ തിരിച്ചറിയുന്നു. സമയം ശ്രദ്ധാപൂർവ്വം ചെലവഴിക്കുന്നു. സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അവന്‍റെ ലക്ഷ്യം. അവൻ സുഹൃത്തുക്കളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നു. ആളുകൾ ദയയും സ്നേഹവും സദ്സ്വഭാവവും ഉള്ളവരായാൽ മാത്രം പോരാ, അതൊക്കെ നല്ലതാണെങ്കിലും, അവർ അവന്‍റെ ആത്മീയ ക്ഷേമത്തിന് പ്രയോജനപ്പെടുന്നുണ്ടോ എന്നതാണ് അവന്‍റെ ചോദ്യം. അവൻ തന്‍റെ ദൈനംദിന ശീലങ്ങളിലും പെരുമാറ്റങ്ങളിലും ശ്രദ്ധ വഹിക്കുന്നു. തന്‍റെ ഹൃദയം വഞ്ചന നിറഞ്ഞതാണെന്നും ലോകം ദുഷ്ടത കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും സാത്താൻ നിരന്തരം തനിക്കു ദോഷം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവൻ എപ്പോഴും ഓർക്കുന്നു. അതുകൊണ്ട് അവൻ എപ്പോഴും തന്നെതന്നെ യഥാർത്ഥമായി സൂക്ഷിക്കുന്നു.
ശത്രുരാജ്യത്ത് ഉള്ള ഒരു പട്ടാളക്കാരനെപ്പോലെ, എപ്പോഴും സർവാംഗ കവചം ധരിച്ച്, പരീക്ഷകളെ നേരിടാൻ തയ്യാറായി, ജീവിക്കുക എന്നതാണ് അവന്‍റെ ഹൃദയാഭിലാഷം. ശത്രുക്കളുടെ നടുവിലാണ് താനെന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയ അവൻ ഉണർന്നിരിക്കുന്നതും, സൗമ്യത പുലർത്തുന്നതും, പ്രാർത്ഥനാനിരതനാകുന്നതും ശീലമാക്കുന്നു. ഈ അടയാളം ഞാൻ നിങ്ങളുടെ മുൻപിൽ വയ്ക്കുകയാണ്. അപ്പോസ്തലൻ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? നിങ്ങൾ വീണ്ടും ജനിച്ചവനാണോ?
ഇവയാണ് വീണ്ടും ജനനത്തിന്‍റെ ആറ് നിര്‍ണ്ണായക അടയാളങ്ങൾ.
എന്‍റെ കൂടെ ഇവ വായിച്ചവരോട് ഞാൻ ആവശ്യപ്പെടുന്നത്, വീണ്ടും വീണ്ടും വായിച്ച് അവയെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കണമെന്നാണ്. ഈ ലക്ഷണങ്ങളുടെ ആഴവും വൈവിധ്യവും ഓരോരുത്തരിലും വ്യത്യാസപ്പെടുമെന്ന് എനിക്കറിയാം. ചില ആളുകളിൽ, അവ ക്ഷീണിച്ചും, മങ്ങിയും, ബലഹീനമായും, മിക്കവാറും അദൃശ്യമായും കാണപ്പെടുന്നു. മറ്റു ചിലരില്‍, എല്ലാവർക്കും തിരിച്ചറിയാൻ കഴിയും വിധം വ്യക്തമായും, മൂർച്ചയുള്ളതായും, നേരായും, സ്പഷ്ടമായും, സംശയമില്ലാതെയും കാണപ്പെടുന്നു. ഇവയിൽ ചിലത് ചിലരിൽ കൂടുതലായി കാണപ്പെടാം, മറ്റു ചിലത് മറ്റുള്ളവരിൽ കൂടുതലായി കാണപ്പെടാം. ഒരാളിൽ എല്ലാ ലക്ഷണങ്ങളും ഒരേ അളവിൽ കാണുന്നത് വളരെ അപൂർവമാണ്. ഇവയെല്ലാം സമ്മതിക്കാൻ ഞാൻ തയ്യാറാണ്.
എന്നാൽ ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തന്നെ, വ്യക്തമായി നിർവചിക്കപ്പെട്ട ആറ് ലക്ഷണങ്ങൾ നമുക്ക് ഇവിടെ കാണാൻ കഴിയും.
അപ്പോസ്തലൻ ദൈവാത്മാവിന്‍റെ പ്രേരണയാൽ ക്രിസ്തീയ സഭയ്ക്ക് അവസാനമായി സാർവത്രിക ലേഖനം എഴുതിയപ്പോൾ, വീണ്ടും ജനിച്ചവൻ പാപം ചെയ്യുന്നില്ല, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു, നീതി ചെയ്യുന്നു, സഹോദരന്മാരെ സ്നേഹിക്കുന്നു, ലോകത്തെ ജയിക്കുന്നു, തന്നെത്താൻ സൂക്ഷിക്കുന്നു എന്നൊക്കെയാണ് നമ്മോട് പറയുന്നത്. ഇവയ്ക്ക് എന്ത് ഉത്തരമാണ് നമുക്ക് നൽകാൻ കഴിയുക? വീണ്ടും ജനനം എന്നു പറയുന്നത് വെറും ബാഹ്യമായ സഭാ പ്രയോജനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് കരുതുന്നവർ ഇവയ്ക്ക് എന്ത് ഉത്തരമാണ് പറയുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല. ധൈര്യത്തോടെ ഒരു അന്തിമ നിഗമനത്തിലെത്താൻ മാത്രമേ എനിക്കു കഴിയൂ. അത് എന്താണെന്ന് വെച്ചാൽ, ഈ ആറ് ലക്ഷണങ്ങൾ ഉള്ളവർ മാത്രമേ വീണ്ടും ജനിച്ചവർ ആകുന്നുള്ളൂ; ഇവയില്ലാത്ത ഒരു പുരുഷനും സ്ത്രീയും വീണ്ടും ജനിച്ചവരല്ല. നാം ഈ ഒരു നിഗമനത്തിലെത്തുക എന്നതാണ് അപ്പോസ്തലന്‍റെ ഉദ്ദേശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രിയ വായനക്കാരാ, നിങ്ങളിൽ ഈ ലക്ഷണങ്ങളുണ്ടോ? നിങ്ങൾ വീണ്ടും ജനിച്ചിട്ടുണ്ടോ?
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.