യഥാർത്ഥ ക്രിസ്തീയ ജീവിതം

അദ്ധ്യായം 2

Outside text ക്രിസ്ത്യാനിയുടെ ഉറപ്പ്
“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” (റോമർ 8:28).
നൂറ്റാണ്ടുകളായി, ദൈവത്തെ സ്നേഹിക്കുന്ന നിരവധി പേർ ഈ അനുഗ്രഹ വചനത്താൽ ആശ്വാസം പ്രാപിക്കുകയും ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. കഷ്ടപ്പാടുകളിലും, പരീക്ഷകളിലും, ആശയക്കുഴപ്പങ്ങളിലും, ആ വാക്യം അവരുടെ കാൽക്കീഴിൽ കുലുങ്ങാത്ത ഒരു പാറ പോലെ നിലനിന്നു. പുറമെ നോക്കുമ്പോൾ സാഹചര്യങ്ങൾ അവർക്ക് പ്രതികൂലമായി കാണപ്പെട്ടിട്ടും, സ്വാഭാവികമായി ആലോചിക്കുമ്പോൾ എല്ലാം തിന്മയ്ക്കായിട്ട് പ്രവർത്തിക്കുന്നതായി തോന്നിയിട്ടും, അവരുടെ വിശ്വാസം മാത്രം മറിച്ചാണ് ചിന്തിച്ചത്. അതുപോലെ, ഈ ദൈവികമായ വാഗ്ദാനത്തിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് വലിയ നഷ്ടം സംഭവിക്കുകയും അനാവശ്യമായ ഭയത്തിന് വിധേയരാകുകയും ചെയ്തു.
“സകലവും കൂടി വ്യാപരിക്കുന്നു.” ഇവിടെ നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന ആദ്യ വിഷയം എല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന ദൈവം എത്ര വലിയവനാണ് എന്നതാണ്! എത്ര ഭീകരമായ തിന്മ തുടർച്ചയായി പ്രവർത്തിക്കുന്നു? എണ്ണിയാലൊടുങ്ങാത്ത എത്ര ജീവജാലങ്ങളാണ് സൃഷ്ടിയിലുള്ളത്? തടസ്സങ്ങൾ സൃഷ്ടിക്കുന്ന സ്വാർത്ഥ മോഹങ്ങൾ എത്രത്തോളം വ്യാപകമാണ്? ദൈവത്തിനെതിരെ പോരാടുന്ന ശത്രുക്കളുടെ എണ്ണം എത്രയോ അധികമാണ്? ദൈവത്തിന്‍റെ പ്രവർത്തനങ്ങളെ നിരന്തരം എതിർക്കുന്ന എത്ര ദുഷ്ടശക്തികളാണ് ആകാശ മണ്ഡലങ്ങളിലുള്ളത്? എന്നിരുന്നാലും, എല്ലാവർക്കും എല്ലാറ്റിനും മീതെ സർവ്വാധികാരിയായിരിക്കുന്ന ദൈവം, കുലുങ്ങിപ്പോകാതെ എല്ലാ സാഹചര്യങ്ങളെയും തന്‍റെ നിയന്ത്രണത്തിൽ വച്ചിരിക്കുന്നു. അവിടെ, തന്‍റെ മഹത്വമുള്ള സിംഹാസനത്തിൽ നിന്ന്, അവൻ “സകലവും തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ ചെയ്യുന്നു.” “സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു. (യെശയ്യാവ് 40:17).

ഇങ്ങനെയുള്ള ദൈവത്തിന്‍റെ മുമ്പിൽ നമുക്ക് ഭയമുള്ളവരായിരിക്കാം. "ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്ന് നാമമുള്ളവനുമായ" (യെശയ്യാവ് 57:15) അവന്‍റെ മുമ്പിൽ നമുക്ക് ഭക്തിയോടെ നമസ്കരിക്കാം. തിന്മയിൽ നിന്നും അതിശ്രേഷ്ടമായ നന്മയിലേയ്ക്ക് നമ്മെ നയിക്കുവാന്‍ കഴിയുന്നവനെ നമുക്ക് സ്തുതിക്കാം, ആരാധിക്കാം.
“സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു”. പ്രകൃതിയിൽ ശൂന്യം എന്നൊന്നില്ല, മാത്രമല്ല സൃഷ്ടിക്കപ്പെട്ടതില്‍ യാതൊന്നും അതിനെക്കുറിച്ചുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല. ഒന്നും നിഷ്ക്രിയമായി ഇരിക്കുന്നില്ല. ഓരോന്നും അതിനായി നിയമിക്കപ്പെട്ട ലക്ഷ്യം നിറവേറ്റുന്നതിനായി ദൈവത്താൽ ചൈതന്യവൽക്കരിക്കപ്പെട്ടുന്നു. എല്ലാം അവയുടെ സൃഷ്ടാവിന്‍റെ ദൃഷ്ടിയിൽ അനുകൂലമായ ഒരു അവസാനത്തിലെത്താൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോന്നും അവന്‍റെ വ്യർത്ഥമല്ലാത്ത നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
“സകലവും കൂടി വ്യാപരിക്കുന്നു.” അവ വെറുതെ സംഭവിക്കുകയല്ല, ഒരുമിച്ച് ചേർന്ന് സംഭവിക്കുകയാണ്. എല്ലാം സമഗ്രമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആത്മീയ ശ്രവണശേഷിയുള്ള കാതുകൾക്ക് മാത്രമേ അവയുടെ സമതുലിതമായ സ്വരം കേൾക്കാൻ കഴിയൂ. എല്ലാം ഒത്തുചേർന്ന് പരസ്പര സഹായത്തോടെ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒറ്റയ്ക്ക് വരുന്നത് അപൂർവ്വമാണ് എന്ന് പറയുന്നത്. മേഘത്തെ പിന്തുടർന്ന് മേഘവും, കൊടുങ്കാറ്റിനെ പിന്തുടര്‍ന്ന് കൊടുങ്കാറ്റം വരുന്നു. ഇയ്യോബിന് സംഭവിച്ചതു പോലെ, ഒരു മോശം വാർത്തയ്ക്ക് ശേഷം കൂടുതൽ ദുഃഖകരമായ മറ്റൊരു വാർത്ത കടന്നു വരുന്നു. പാചകത്തിന്‍റെ മൂല്യം നിർണ്ണയിക്കുന്നത് അതിലെ ചേരുവകളുടെ മിശ്രിതത്താലാണ്. ദൈവത്തിന്‍റെ കാര്യങ്ങളും ഇതുപോലെയാണ്. അവന്‍റെ പദ്ധതിയിലെ എല്ലാ സംഭവങ്ങളും വെറുതെ സംഭവിക്കുകയല്ല, ഒരുമിച്ച് ചേർന്ന് സംഭവിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ യിസ്രായേലിന്‍റെ മധുര ഗായകൻ, “അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. (സങ്കീർത്തനങ്ങൾ 18:16) എന്ന് പറഞ്ഞിരിക്കുന്നു. “സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.”വിശ്വസിക്കുന്നവര്‍ക്ക്, തങ്ങളുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമോ എത്ര അസംഖ്യമോ ആയാലും, അവ എല്ലാം നന്മയ്ക്കായി തീരുന്ന വിധത്തില്‍, അതായത് അവര്‍ക്ക് സ്വര്‍ഗ്ഗീയമായ നിത്യ അവകാശം ലഭിക്കുന്ന വിധത്തില്‍ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അപകടകരമായ കാര്യങ്ങളിൽ നിന്നുപോലും നമുക്ക് ഏറ്റവും വലിയ നന്മ കൈവരിക്കത്തക്കവണ്ണം ദൈവത്തിന്‍റെ കരുതൽ എത്ര അത്ഭുതകരമാണ്! ആകാശഗോളങ്ങളെ അവയുടെ മണ്ഡലങ്ങളിൽ മാത്രം ഒതുക്കി നിയന്ത്രിക്കാനുള്ള അവന്‍റെ മഹത്തായ ശക്തിയിൽ നാം അത്ഭുതപ്പെട്ടേക്കാം; ഋതുക്കളും, കാലങ്ങളും അവയുടെ നിയമിക്കപ്പട്ട കാലങ്ങളിൽ സംഭവിക്കുന്നതും, ഭൂമി അങ്ങനെ പുതുക്കപ്പെടുന്നതും നമുക്ക് വലിയ അത്ഭുതം നൽകുന്ന ഒരു കാര്യമായിരിക്കാം; എന്നാൽ നമ്മുടെ ജീവിതത്തിലെ കഠിനമായ പരിസ്ഥിതികളില്‍ നിന്നും നമുക്ക് നന്മ ചെയ്ത്,ഒടുവില്‍ സാത്താന്‍റെ ശക്തിയിൽ നിന്നും, വിദ്വേഷത്തിൽ നിന്നും, അവന്‍റെ അന്തർലീനമായ എല്ലാ വിനാശകരമായ കുതന്ത്രങ്ങളിൽ നിന്നു പോലും തന്‍റെ മക്കളെ വിടുവിച്ച് ക്ഷേമം നല്‍കുവാനുള്ള ദൈവത്തിന്‍റെ കഴിവാണ്, ഏറ്റവും അത്ഭുതകരമായ കാര്യം.

“സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു” ഇങ്ങനെ സംഭവിക്കുന്നതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി, സൃഷ്ടിയിലുള്ളതെല്ലാം അതിന്‍റെ ഭരണാധികാരിയുടെ സംപൂർണ്ണ നിയന്ത്രണത്തിലാണ്; രണ്ടാമതായി, ദൈവം നമ്മുടെ നന്മ മാത്രം, കേവലം നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നതിനാൽ; മൂന്നാമതായി, ദൈവത്തിന്‍റെ അനുവാദമില്ലാതെ സാത്താനും നമ്മുടെ തലയിലെ ഒരു മുടി പോലും തൊടാൻ കഴിയില്ല; ഒരു പക്ഷേ തൊട്ടാലും അത് നമ്മുടെ നന്മയ്ക്കുവേണ്ടി മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ എന്നതുകൊണ്ട്‌ അവയുടെ പ്രവർത്തനങ്ങളിൽ സ്വാഭാവികമായി നല്ലതല്ലെങ്കിലും, ദൈവം അവയെല്ലാം നമ്മുടെ നന്മയ്ക്കായി തീർക്കുന്നു. യാദൃശ്ചികമായി നമ്മുടെ ജീവിതത്തിലേയ്ക്ക് ഒന്നും കടന്നുവരുന്നില്ല; ഒരു ഉദ്ദേശവുമില്ലാതെ ഒന്നും സംഭവിക്കുന്നുമില്ല. എല്ലാം ദൈവത്തിന്‍റെ ഉദ്ദേശ്യപ്രകാരവും നമ്മുടെ നന്മയ്ക്കുവേണ്ടിയുമാണ് സംഭവിക്കുന്നത്. ഓരോന്നും ദൈവത്തിന്‍റെ നിത്യമായ ഉദ്ദേശ്യത്തിനുള്ള ഒരു ഉപകരണമാണ്, അവന്‍റെ പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരാകാൻ നിർണ്ണയിക്കപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ്. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് എല്ലാ കഷ്ടപ്പാടുകളും, നഷ്ടങ്ങളും, പീഡനങ്ങളും താൻ തിരഞ്ഞെടുത്തവരുടെ നന്മയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്.

“ദൈവത്തെ സ്നേഹിക്കുന്നവർക്ക്” ഇതാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ പ്രത്യേകമായ അടയാളം. ഇതിനു വിപരീതമാണ് വീണ്ടും ജനനം പ്രാപിക്കാത്തവരുടെ അടയാളം. എന്നാൽ, വിശുദ്ധന്മാരെല്ലാവരും ദൈവത്തെ സ്നേഹിക്കുന്നു. അവരുടെ വിശ്വാസ നിലവാരങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; അവരുടെ സഭാ ക്രമങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം, അവർക്കുള്ള ആത്മീയ വരങ്ങളില്‍ വ്യത്യാസമുണ്ടാകാം; എന്നിരുന്നാലും ഈ ഒരു കാര്യത്തിൽ അവര്‍ ഒരുപോലെയാണ്- അവരെല്ലാവരും ക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. രക്ഷകനെ സമ്മാനമായി നൽകിയതിന് അവർ ദൈവത്തെ സ്നേഹിക്കുന്നു. ആശ്വാസദായകനായ ഒരു പിതാവായി കണ്ടുകൊണ്ട്‌ അവര്‍ ദൈവത്തെ സ്നേഹിക്കുന്നു. അവന്‍റെ മഹത്വം, വിശുദ്ധി, ജ്ഞാനം, വിശ്വസ്തത എന്നിവ നിമിത്തം അവർ അവനെ സ്നേഹിക്കുന്നു. അവന്‍റെ ക്രിയകൾ നിമിത്തം അവർ അവനെ സ്നേഹിക്കുന്നു. അവൻ നൽകുന്ന കാര്യങ്ങൾക്കും, നൽകാൻ വിസമ്മതിയ്ക്കുന്ന കാര്യങ്ങൾക്കും, അംഗീകരിക്കുന്ന കാര്യങ്ങൾക്കും, ശാസിക്കുന്ന കാര്യങ്ങൾക്കും അവർ അവനെ സ്നേഹിക്കുന്നു. അവൻ എല്ലാം നന്നായി ചെയ്യുമെന്ന് അറിയാവുന്നതിനാൽ, ശിക്ഷണത്തിനായി അവൻ ഉപയോഗിക്കുന്ന വടിയുടെ പേരിൽ പോലും അവർ അവനെ സ്നേഹിക്കുന്നു. അവനിലുള്ള ഏതിനും, അവനിൽ നിന്ന് വരുന്ന യാതൊന്നിനും, അവനെ സ്നേഹിക്കുന്നതിൽ നിന്ന് അവരെ തടയാൻ കഴിയില്ല. ഈ വിഷയത്തിൽ അവർക്കുള്ള ഉറപ്പ് ഇതാണ്: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” (1 യോഹന്നാൻ 4:19).

“ദൈവത്തെ സ്നേഹിക്കുന്നവർക്ക്.” അയ്യോ, ഞാൻ എത്ര നിർഭാഗ്യവാനാണ്! എന്‍റെ ദൈവത്തെ ഞാൻ എത്ര കുറച്ചാണ് സ്നേഹിക്കുന്നത്. എന്‍റെ ഉള്ളിലെ സ്നേഹക്കുറവ് നിമിത്തം ഞാൻ ദുഃഖിക്കുന്നു. എന്‍റെ സ്നേഹം തണുത്തുപോയതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു. അതെ, ഞാൻ എന്നെ തന്നെയും ലോകത്തെയും വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, 'എന്‍റെ ദൈവത്തെ ഞാൻ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ടോ?' എന്ന ചോദ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാൽ, ദൈവത്തെ സ്നേഹിക്കാനുള്ള ആഗ്രഹം ഒരു നല്ല ലക്ഷണമല്ലേ? ഞാൻ അവനെ എത്രമാത്രം കുറച്ചു സ്നേഹിക്കുന്നു എന്ന സങ്കടം തന്നെ ഞാൻ അവനെ വെറുക്കുന്നില്ല എന്നതിന്‍റെ ഏറ്റവും ഉറപ്പായ തെളിവല്ലേ? ഓരോ തലമുറകളിലുമുള്ള നിരവധി വിശുദ്ധന്മാർ അവരുടെ ഹൃദയകാഠിന്യവും നന്ദികേടും നിമിത്തം ഈ രീതിയിൽ വിലപിച്ചിട്ടുണ്ട്. “ദൈവത്തെ സ്നേഹിക്കുക എന്നത് ഒരു സ്വർഗ്ഗീയ ആഗ്രഹമാണ്. എന്നാൽ ഭൗമിക ആകർഷണങ്ങളും സമ്മർദ്ദങ്ങളും വഴിയിൽ തടസ്സമായി നിൽക്കുന്നതിനാല്‍, ആത്മാവ് ഈ എളിയ ശരീരത്തിന്‍റെ നിര്‍ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആ നാട്ടിൽ എത്തുന്നതുവരെ ആ ദുരിതത്തിൽ നിന്ന് നമുക്ക് മോചനം നേടാനാവില്ല’ (ഡോ. ചാമേഴ്സ്).

"നിർണപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നെ." പുതിയ നിയമ ലേഖനങ്ങളില്‍ “വിളിക്കപ്പെട്ടു” എന്ന പദം ഒരിക്കലും സുവിശേഷത്തിൽ വിശ്വസിക്കാൻ ബാഹ്യമായി വിളിക്കപ്പെട്ടു എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. അന്തരാത്മാവിനെ ഉത്തേജിപ്പിക്കുകയും, രക്ഷ സാധ്യമാക്കുകയും ചെയ്യുന്ന വിളിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഓരോ തവണയും ഉപയോഗിച്ചിട്ടുള്ളത്. ഈ വിളിയെ ഉളവാക്കാനോ ഇല്ലാതാക്കാനോ അതിന്‍റെമേൽ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. “... യേശുക്രിസ്തുവിനായി വിളിക്കപ്പട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു...” (റോമർ 1:6-7) ഇവിടെ ഈ അർത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. “... റോമയിൽ ദൈവത്തിന് പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും” (വന്ദനം).............”.
പ്രിയ വായനക്കാരാ! ഈ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ ദൈവ ദാസന്മാരുടെ വിളി കേട്ടു, സുവിശേഷത്തിന്‍റെ വിളി കേട്ടു, മനസ്സാക്ഷിയുടെ വിളി കേട്ടു, എന്നാൽ പരിശുദ്ധാത്മാവിന്‍റെ ആന്തരികവും ഫലകരവുമായ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കും, മരണത്തിൽ നിന്ന് ജീവനിലേയ്ക്കും, ലോകത്തിൽ നിന്ന് ക്രിസ്തുവിലേയ്ക്കും, സ്വയത്തിൽ നിന്ന് ദൈവത്തിലേയ്ക്കും നിങ്ങൾ വിളിക്കപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ടോ എന്ന് നിശ്ചയിക്കുക എന്നതാണ്. ആ വിളിയുടെ ആനന്ദദായകവും ജീവദായകവുമായ സംഗീതം നിങ്ങളുടെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ടോ? പക്ഷേ എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഇത് നിർണ്ണയിക്കുന്നതിനുള്ള കൃത്യമായ ഒരു മാനദണ്ഡം നമ്മുടെ തലക്കെട്ടിലുള്ള വാക്യത്തിൽ തന്നെ നൽകപ്പെട്ടിരിക്കുന്നു. രക്ഷയ്ക്കായി ദൈവത്താൽ വിളിക്കപ്പെടുന്നവർ അവനെ കൂടുതൽ സ്നേഹിക്കുന്നവരാണ്. അവനെ വെറുക്കുന്നതിനു പകരം അവർ അവനെ മാനിക്കും. ഭയന്ന് അവന്‍റെ സന്നിധിയിൽ നിന്ന് ഓടിപ്പോകുന്നതിനു പകരം അവർ അവനെ അന്വേഷിക്കും. അവന്‍റെ മഹത്വത്തെ അവഗണിക്കുന്നതിനുപകരം, അവനെ പ്രീതിപ്പെടുത്താനും മഹത്വപ്പെടുത്താനും ആണ് അവർ ആഗ്രഹിക്കുന്നത്.
“അവന്‍റെ നിർണയപ്രകാരം.” ഈ വിളി മാനുഷികമായ യോഗ്യതകളുടയോ അയോഗ്യതകളുടയോ അടിസ്ഥാനത്തിലുള്ളതല്ല. ഇത് ദൈവത്തിന്‍റെ നിര്‍ണ്ണയമനുസരിച്ച് സംഭവിക്കുന്ന വിളി മാത്രമാണ്.

“അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു, നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകല കാലത്തിനും മുമ്പേ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും, ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിര്‍ണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. (2 തിമൊഥെയൊസ് 1:9-10).
“തന്‍റെ സ്വന്ത നിര്‍ണ്ണയത്തിന് ഒത്തവണ്ണം” – ഈ വാക്കുകൾ ഈ വാക്യത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, ചിലർ ദൈവത്തെ സ്നേഹിക്കുകയും മറ്റുള്ളവർ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നത് ദൈവത്തിന്‍റെ സർവ്വാധികാരം നിമിത്തമാണെന്ന് പരിശുദ്ധാത്മാവ് സൂചിപ്പിക്കുന്നു. ഇത് അവരുടെ മഹത്വം കൊണ്ടല്ല, മറിച്ച് അവന്‍റെ സർവ്വാധികാര കൃപ കൊണ്ടാണ് സാധ്യമാകുന്നത്. ഈ വാക്കുകളിൽ പ്രായോഗിക മൂല്യവും അന്തർലീനമാണ്. കൃപയുടെ ഉപദേശങ്ങൾ വിശ്വാസപ്രമാണങ്ങൾ രൂപപ്പെടുത്താൻ വേണ്ടി മാത്രമല്ല നൽകപ്പെട്ടിരിക്കുന്നത്. ഭയത്താലും ആശങ്കയാലും തകർന്നുപോയ ഹൃദയങ്ങളെ ദൈവസ്നേഹം കൊണ്ട് നിറയ്ക്കുക എന്നതാണ് അവ നൽകപ്പെടുന്നതിന്‍റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. ഈ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിരന്തരം ഒഴുകുന്ന വിധത്തില്‍, അതിന് കാരണമായ സ്രോതസ്സിൽ, അതിനെ പോഷിപ്പിക്കുന്ന ഉറവയിൽ, നാം നിരന്തരം ആശ്രയിക്കണം. മനോഹരമായ ഒരു ദൃശ്യത്തോടോ ചിത്രത്തോടോ നമുക്കുള്ള വിലയും മതിപ്പും പുതുക്കാൻ, നാം അത് വീണ്ടും വീണ്ടും കാണേണ്ടതുണ്ട്. അതുപോലെ, നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം പുതുക്കുന്നതിന്, നാം വിശ്വസിച്ച സുവിശേഷ സത്യങ്ങളെക്കുറിച്ച് നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്. തിരുവെഴുത്തുകൾ ഈ തത്വം വ്യക്തമായി പഠിപ്പിക്കുന്നുമുണ്ട്.
“…നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങള്‍ ഓർക്കും” (1 കൊരിന്ത്യർ 15:2).

“പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥ മനസ്സ് ഉണർത്തുന്നു. (2 പത്രൊസ് 3:1-2).

“എന്‍റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ” എന്ന് കർത്താവ് പറഞ്ഞു. അതുകൊണ്ട് നാം ദുഷ്ടന്മാരും അയോഗ്യരുമായിരിക്കുമ്പോൾ, ദൈവം തന്‍റെ കൃപയാൽ നമ്മെ വിളിച്ച സമയത്തെക്കുറിച്ച് ഓർക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങളിൽ അവന്‍റെ സ്നേഹം പുതുക്കപ്പെടുന്നു. നരകത്തിനു മാത്രം യോഗ്യതയുണ്ടായിരുന്ന നിങ്ങളെ തീയിൽ നിന്ന് പുറത്തുകൊണ്ടുവന്ന ദൈവകൃപയെക്കുറിച്ച് ഓർക്കുമ്പോൾ, നിങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞൊഴുകും. മാത്രമല്ല, ദൈവത്തിന്‍റെ സർവ്വാധികാരവും നിത്യവുമായ ഉദ്ദേശ്യപ്രകാരം മാത്രമാണ് നിങ്ങൾ വിളിക്കപ്പെട്ടതെന്നും, അതേസമയം മറ്റു പലരും ഉപേക്ഷിക്കപ്പെട്ടുവെന്നും നിങ്ങൾ മനസ്സിലാക്കുമ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകും.
തലക്കെട്ടിലുള്ള വാക്യത്തിന്‍റെ അവസാനം “നാം അറിയുന്നു” എന്ന വാക്ക് അപ്പോസ്തലൻ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. “സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു” എന്ന സത്യത്തെക്കുറിച്ചുള്ള അവബോധം ഓരോ വിശ്വാസിയുടെയും അനുഭവമാണെന്ന മട്ടിലാണ് അപ്പോസ്തലൻ ഇവിടെ സംസാരിക്കുന്നത്. ഈ അറിവ് വെറും സാങ്കൽപ്പിക വിശ്വാസത്തേക്കാൾ വളരെ ഉയർന്ന നിലവാരമുള്ളതാണ്. എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന വിശ്വാസം ഒരു വിശ്വാസിയുടെ ഹൃദയംഗമമായ ആഗ്രഹമോ പ്രത്യാശയോ മാത്രമല്ല, അതാണ് അവന്‍റെ പൂർണ്ണമായ ഉറപ്പ്. “അറിയുന്നു” എന്ന വാക്കിന്‍റെ അർത്ഥം ഇതാണ്. ഇത് ബൗദ്ധികമായ അറിവല്ല; ആത്മീയമായ “അറിവാണ്”. നമ്മുടെ ഹൃദയങ്ങളിൽ നട്ടുപിടിപ്പിക്കപ്പെടുന്നതും നമുക്ക് ഉറപ്പ് നൽകുന്നതുമായ നിശ്ചിതമായ അറിവാണിത്. ആ കരുണാമയന്‍റെ ജ്ഞാനമുള്ള കൈയിൽ നിന്ന് വരുന്നതെല്ലാം സ്വീകരിക്കുന്ന വിശ്വാസത്തോടു കൂടിയ അറിവാണിത്. എന്നാൽ ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുമ്പോൾ, ഈ അറിവിൽ നിന്ന് നമുക്ക് ഒരു ആശ്വാസവും ലഭിക്കില്ല. വിശ്വാസം പ്രവർത്തനത്തിൽ ഇല്ലാത്തപ്പോഴും, അത് നമുക്ക് അടിസ്ഥാനമാകയില്ല. എന്നാൽ നാം കർത്താവുമായുള്ള കൂട്ടായ്മയിൽ ആയിരിക്കുമ്പോൾ, നമ്മുടെ ബലഹീനതകളിൽ നാം അവനിൽ പൂർണ്ണമായും ആശ്രയിക്കുമ്പോൾ, ഈ അനുഗ്രഹീത ഉറപ്പ് നമ്മുടേതായി മാറുന്നു.
“സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3).

നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളുമായി പല തരത്തിൽ സാമ്യമുള്ള യാക്കോബിന്‍റെ കഥ, നമ്മുടെ തലക്കെട്ടിലുള്ള വാക്യത്തെ വിശദീകരിക്കുന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്. ഇരുണ്ടതും കനത്തതുമായ ഒരു മേഘം അവനെ മൂടുകയുണ്ടായി. കഠിനമായ പരീക്ഷണം അവന്‍റെ വിശ്വാസത്തെ ഉലച്ചു കളഞ്ഞു. അവന്‍റെ കാലുകൾ ഏതാണ്ട് വഴുതിപ്പോകുമെന്ന് തോന്നി. അവന്‍റെ വേദനാജനകമായ പരാതി കേട്ടാലും. “അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു” (ഉൽപത്തി 42:36).

ഈ സാഹചര്യങ്ങൾ മങ്ങിക്കൊണ്ടിരിക്കുന്ന വിശ്വാസത്തിന് പ്രതികൂലമായി തോന്നിയെങ്കിലും, ആ നിമിഷം തന്നെ മഹത്വമേറിയതും ഫലപ്രദവുമായ ഒരു പ്രകാശവും മേഘരഹിതമായ സൂര്യാസ്തമയവും കാണാൻ അവനെ പ്രാപ്തനാക്കത്തക്കവണ്ണം അവസാന മണിക്കൂറുകളിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ വികസിക്കുകയും സാധ്യമാക്കുകയും ചെയ്തു. എല്ലാം അവന്‍റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, അസ്വസ്ഥമായ ഹൃദയമേ, “അങ്ങേയറ്റത്തെ കഷ്ടതയുടെ കാലം” ഉടൻ തന്നെ അവസാനിക്കും. നാം ദൈവരാജ്യത്തിൽ പ്രവേശിക്കുമ്പോൾ, ഇപ്പോള്‍ കണ്ണാടിയില്‍ കടമൊഴിയായി കാണുന്നതുപോലെയല്ല, മുഖാമുഖമായി അവനെ കാണുമ്പോള്‍, എല്ലാം നമ്മുടെ വ്യക്തിപരവും ശാശ്വതവുമായ നന്മയ്ക്കായി കൂടി വ്യാപരിച്ചുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.