ഉള്ളടക്കം
ആദ്യത്തെ വിഷയം
രണ്ടാമത്തെ വിഷയം
മൂന്നാമത്തെ വിഷയം
നാലാമത്തെ വിഷയം
അഞ്ചാമത്തെ വിഷയം
ആറാമത്തെ വിഷയം
ഒരു വ്യക്തിയുടെ രക്ഷയിൽ ദൈവവത്തോടൊപ്പം ആ വ്യക്തിയ്ക്കും പങ്ക് ഉണ്ട്. രക്ഷയിൽ മനുഷ്യന്‍റെ പങ്കിന്‍റെ ആവശ്യകതയെ തീക്ഷ്ണതയുള്ള കാൽവിനിസ്റ്റുകൾ നിഷേധിക്കുമ്പോൾ, ദൈവത്തിന്‍റെ പ്രവൃത്തിയുടെ യഥാർത്ഥ സ്വഭാവത്തെ അർമീനിയക്കാർ നിഷേധിക്കുന്നു. എന്നാൽ ദൈവത്തിന്‍റെ രക്ഷാപദ്ധതിയിൽ ഈ രണ്ടുപേരുടെയും പങ്കാളിത്തം ബൈബിൾ വ്യക്തമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ആർമീനിയക്കാർ പറയുന്നതുപോലെ, ഓരോ വ്യക്തിക്കും സൗജന്യമായി രക്ഷ നൽകുക എന്നത് ദൈവത്തിന്‍റെ പണിയാണെങ്കിൽ, ആ രക്ഷ സ്വതന്ത്രമായി സ്വീകരിക്കുക എന്നതാണ് മനുഷ്യന്‍റെ പണി എന്ന് ഞാൻ പറയുന്നില്ല. മുകളിൽ പറഞ്ഞ ഭാഗത്ത് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ബൈബിളും അങ്ങനെ പഠിപ്പിക്കുന്നില്ല. ഈ വിഷയത്തെക്കുറിച്ച് ദൈവവചനം യഥാർത്ഥത്തിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് കാണുന്നതിനും അടിസ്ഥാനരഹിതമായ ചില എതിർപ്പുകൾക്ക് ഉത്തരം നൽകുന്നതിനും നമുക്ക് ഈ വിഷയത്തെ ഓരോന്നായി തെളിയിക്കാം.
ആദ്യത്തെ വിഷയം:
ഒരു വ്യക്തി രക്ഷിക്കപ്പെടണമെങ്കിൽ, അവൻ യഥാർത്ഥമായി മാനസാന്തരപ്പെടുകയും സുവിശേഷം വിശ്വസിക്കുകയും വേണം. പാപത്തിൽ നിന്ന് ക്രിസ്തുവിങ്കലേക്ക് മനസ്സോടെ തിരിയാതെ ഒരു വ്യക്തിയും ഒരിക്കലും ക്ഷമിക്കപ്പെടുകയും ദൈവമക്കളാകുകയും ചെയ്യുന്നില്ല. മാനസാന്തരവും വിശ്വാസവും കൂടാതെ ഒരു വ്യക്തിക്ക് രക്ഷിക്കപ്പെടാൻ കഴിയുമെന്ന് ബൈബിളിൽ ഒരിടത്തും പഠിപ്പിക്കുന്നില്ല, അങ്ങനെ ഒരു സൂചന പോലും ഇല്ല. നേരെമറിച്ച്, ഒരു വ്യക്തിയിൽ മാനസാന്തരവും വിശ്വാസവും കൂടിയേ തീരൂ എന്ന് ബൈബിൾ ഊന്നിപ്പറയുന്നു. “രക്ഷിക്കപ്പെടാൻ ഞാൻ എന്തു ചെയ്യണം?” എന്ന ചോദ്യത്തിന് പരിശുദ്ധ ഗ്രന്ഥം നൽകുന്ന ഒരേയൊരു ഉത്തരം, “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്നാണ് (പ്രവൃത്തികൾ 16:31).
രണ്ടാമത്തെ വിഷയം:
പാപത്തെക്കുറിച്ച് അനുതപിക്കുകയും സുവിശേഷത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും രക്ഷിക്കപ്പെടും. സുവിശേഷത്തിന്‍റെ കല്പന അനുസരിച്ചു ക്രിസ്തുവിലേക്ക് വരുന്ന ഓരോ ആത്മാവിനെയും, യാതൊരു ഒഴികഴിവുമില്ലാതെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം സ്വീകരിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. ഫിലിപ്പ് ബ്ലിസ് എന്ന വ്യക്തി ഈ ഭാഗത്തെ വിശദീകരിച്ചത് ‘സ്വീകരിക്കപ്പെട്ടവരെല്ലാം അവസാനം വരെ നിലനിൽക്കും’ എന്നാണ്. നമുക്ക് ഉറപ്പായി വിശ്വസിക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കിൽ, അത് ക്രിസ്തു തന്‍റെ അടുക്കൽ വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിന്ന് ഒരിക്കലും പിൻമാറുന്നില്ല എന്ന സത്യമാണ്. ജോൺ ബനിയൻ പറഞ്ഞതുപോലെ, “വരൂ, അംഗീകരിക്കപ്പെടൂ” എന്നതാണ് പാപികളോടുള്ള രക്ഷകന്‍റെ നിത്യമായ ക്ഷണം.
മൂന്നാമത്തെ വിഷയം:
മാനസാന്തരവും വിശ്വാസവും മനുഷ്യന്‍റെ സ്വതന്ത്രമായ പ്രവൃത്തികളാണ്. മനുഷ്യൻ സ്വന്തം ബുദ്ധികൊണ്ടും, സ്വന്തം ഹൃദയംകൊണ്ടും, സ്വന്തം ഇച്ഛാശക്തികൊണ്ടും പാപത്തെ ത്യജിച്ച് ക്രിസ്തുവിനെ സ്വീകരിക്കണം. ദൈവം ഒരിക്കലും ആരുടെയും സ്ഥാനത്ത് അനുതപിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഭാവിയിലും അവൻ അങ്ങനെ ചെയ്യില്ല. പാപത്തെ ഉപേക്ഷിച്ച് വിശ്വാസത്തോടെ ക്രിസ്തുവിലേയ്ക്ക് വരിക എന്നത് മനുഷ്യൻ ചെയ്യേണ്ട പ്രവൃത്തിയാണ്, അവൻ സുവിശേഷത്തിന്‍റെ വിളിയോട് ആ രീതിയിൽ പ്രതികരിക്കുന്നത്, താൻ യഥാർത്ഥത്തിൽ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. അവൻ ക്ഷമിക്കപ്പെടാൻ ആഗ്രഹിക്കുന്നു, അവൻ അനുതപിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ മാത്രമേ അവന് ക്ഷമിക്കപ്പെടാൻ കഴിയൂ. ദൈവം ഉൾപ്പെടെ ആർക്കും നമ്മുടെ സ്ഥാനത്ത് പാപത്തെ ഉപേക്ഷിക്കാൻ കഴിയില്ല. അത് നാം തന്നെ ചെയ്യേണ്ട കാര്യമാണ്. നമ്മുടെ സ്ഥാനത്ത് ആർക്കും ക്രിസ്തുവിൽ വിശ്വസിക്കാൻ കഴിയില്ല. രക്ഷിക്കപ്പെടാൻ നാം വ്യക്തിപരമായും, ബോധപൂർവ്വമായും, മനസ്സോടെയും അവനിൽ വിശ്വസിക്കണം. ഇവിടെ ചിലര്‍, ‘അർമേനിയരും ഇതുതന്നെയല്ലേ പറയുന്നത്?’ എന്ന് ചോദിച്ചേക്കാം. പ്രിയ സുഹൃത്തേ, ബൈബിൾ ഇങ്ങനെയാണ്- വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത്. “പക്ഷേ, മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളും ഒരു കാൽവിനിസ്റ്റ് നിഷേധിക്കുന്നില്ലേ?” എന്ന് നിങ്ങൾ ചോദിച്ചേക്കാം. കാൽവിനിസ്റ്റുകൾ നൂറ് വ്യത്യസ്ത തരത്തിലുള്ളതിനാൽ ഞാൻ അവരെക്കുറിച്ച് സംസാരിക്കാനോ അവരെ പ്രതിരോധിക്കാനോ ശ്രമിക്കുന്നില്ല. നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും മുകളിൽ പറഞ്ഞ സത്യത്തെ നിഷേധിക്കുകയാണെങ്കിൽ, ആ വ്യക്തി ഏത് വാദഗതിക്കാരനാണെന്ന് പറഞ്ഞാലും, അയാൾ ബൈബിളിന്‍റെ വ്യക്തമായ സന്ദേശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. എനിക്ക് എന്‍റെ കാര്യം മാത്രമേ പറയാൻ കഴിയൂ, അതുകൊണ്ട് ദൈവവചനം ഇത്ര വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ എനിക്ക് നിഷേധിക്കാൻ കഴിയില്ല.
പക്ഷേ, ‘മനുഷ്യൻ സ്വമേധയാ പാപത്തെക്കുറിച്ച് അനുതപിക്കുകയും സ്വന്തം ഇഷ്ടപ്രകാരം വിശ്വസിക്കുകയും ചെയ്യണമെന്ന വിഷയത്തെ അംഗീകരിക്കുന്നത് മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയുടെ സിദ്ധാന്തം സ്ഥാപിക്കുകയും ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെ നിരാകരിക്കുകയും ചെയ്യുകയല്ലേ? എന്ന്ചിലര്‍ ചോദിച്ചേക്കാം. ഞാൻ സ്വതന്ത്ര ഇച്ഛാശക്തി സിദ്ധാന്തം സ്ഥാപിക്കുകയോ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെ നിഷേധിക്കുകയോ ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്യുന്നത് അസാധ്യമാണ്. രക്ഷിക്കപ്പെടാൻ ഒരാൾ എന്ത് ചെയ്യണമെന്നാണോ ബൈബിൾ പറയുന്നത് അതേ കാര്യം തന്നെയാണ് ഞാനും പറയുന്നത്. ഇനിയിപ്പോൾ, ഒരു പാപിക്ക് എന്തുചെയ്യാൻ കഴിയും, എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് ദൈവവചനം എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.
നാലാമത്തെ വിഷയം:
മനുഷ്യൻ രക്ഷിക്കപ്പെടണമെങ്കിൽ മാനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് പറയുന്ന ബൈബിൾ, മനുഷ്യന് പാപപ്രകൃതി ഉള്ളതിനാൽ മാനസാന്തരപ്പെടാനും വിശ്വസിക്കാനും പൂർണ്ണമായും കഴിവില്ലാത്തവനാണെന്നും വ്യക്തമായി പഠിപ്പിക്കുന്നു: സുവിശേഷത്തിന്‍റെ സത്യം സ്വീകരിക്കേണ്ട മനുഷ്യന്‍റെ മനസ്സിനും ഹൃദയത്തിനും ഇച്ഛാശക്തിക്കും സ്വാഭാവികമായും അത്തരം സത്യം ഗ്രഹിക്കാനുള്ള കഴിവില്ല, അല്ലെങ്കിൽ അത്തരം കഴിവ് പ്രാപിക്കാനുള്ള ആഗ്രഹവുമില്ല. വാസ്തവത്തിൽ, സത്യം അതിന് നേരെ വിപരീതമാണ്. മനുഷ്യന്‍ ക്രിസ്തുവിന്‍റെ അടുത്തേയ്ക്ക് വരുവാനോ, വരാനുള്ള ആഗ്രഹം ഉണ്ടാകാനോ പൂർണ്ണമായും അശക്തനാണ്. മാത്രമല്ല, അവന്‍റെ മുഴുവൻ സ്വഭാവവും ക്രിസ്തുവിനേയും സത്യത്തേയും പൂർണ്ണമായും എതിർക്കുന്നതായിട്ടാണ് കാണുന്നത്. യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി അംഗീകരിക്കാതിരിക്കുന്നത് വെറും വീണ്ടുവിചാരം ഇല്ലാത്ത ഒരു പ്രവൃത്തിയല്ല, മറിച്ച് മനഃപൂർവ്വവും സ്വമേധയാ ചെയ്യുന്നതുമായ ഒരു തീരുമാനമാണ്. അത് ക്രിസ്തുവിനെ അറിഞ്ഞു കൊണ്ട് നിരസിക്കുന്നതും, ജഡവും പാപവും മനഃപൂർവം തിരഞ്ഞെടുക്കുന്നതുമാണ്. ദൈവത്തിന്‍റെയും അവന്‍റെ അധികാരത്തിന്‍റെയും കാര്യത്തിൽ ആരും നിഷ്പക്ഷരല്ല. വിശ്വാസം പോലെ, അവിശ്വാസവും മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും ഇച്ഛയുടെയും മനഃപൂർവമായ ഒരു പ്രവൃത്തിയാണ്. യോഹന്നാൻ 5:40-ൽ കർത്താവ്, “...നിങ്ങൾക്ക് എന്‍റെ അടുക്കൽ വരുവാൻ മനസ്സില്ല” (നിങ്ങൾ മനഃപൂർവ്വം അങ്ങനെ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അതെ, അവിശ്വാസം ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയാണ്; വാസ്തവത്തിൽ, അവിശ്വാസം എന്നത് ജീവസത്യങ്ങളില്‍ അധിഷ്ടിതമായ വിശ്വാസമാണ്, പക്ഷേ നിർഭാഗ്യവശാൽ, അത് എന്നിലുള്ള എന്‍റെ വിശ്വാസമാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വിഷയങ്ങളിൽ വിശ്വസിക്കുകയും അവ മാത്രം പഠിപ്പിക്കുകയും നാലാമത്തെ കാര്യം പഠിപ്പിക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾ ദൈവകൃപയുടെ സുവിശേഷത്തെ തെറ്റായി അറിയിക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് പാപിയെയും അവന്‍റെ യഥാർത്ഥ ആവശ്യത്തെയും തെറ്റായി ചിത്രീകരിക്കുന്നതിന് തുല്യമാണ്. അത്തരമൊരു പഠിപ്പിക്കൽ, വീണുപോയ മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തെ അപൂർണ്ണമായി ചിത്രീകരിക്കുകയും, അവന്‍റെ പാപപ്രകൃതിയെയും അതുമൂലം ഉണ്ടാകുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെയും മറികടക്കാനുള്ള കഴിവ് അവനിലില്ലെന്ന സത്യത്തെ അവഗണിക്കുകയും ചെയ്യുന്നു. അത്തരമൊരു കാഴ്ചപ്പാടോടെ കെട്ടിച്ചമക്കപ്പട്ട ‘സുവിശേഷം’ അപൂർണ്ണമായ ഒരു സുവിശേഷമാണ്. ഇവിടെയാണ് ആധുനിക സുവിശേഷീകരണം ദയനീയമായി പരാജയപ്പെടുന്നത്. മനുഷ്യന്‍റെ ഉത്തരവാദിത്തത്തെ അവന്‍റെ കഴിവായി തെറ്റിദ്ധരിക്കുകയും, ദൈവം കൽപ്പിക്കുന്ന എല്ലാ ജോലികളും നിറവേറ്റാനുള്ള ധാർമ്മിക ശേഷി പാപിക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. രക്ഷയ്ക്കുവേണ്ടിയുള്ള ദൈവകൃപയുടെ യഥാർത്ഥ സുവിശേഷത്തെ ഈ വിധത്തിൽ മലിനമാക്കുന്നതിലൂടെ, "മനുഷ്യൻ കഴിവില്ലാത്തവനാണ്" എന്ന ബൈബിളിന്‍റെ പ്രസ്താവന പൂർണ്ണമായും അവഗണിക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യുന്നു.
തെറ്റിപ്പോയ മനുഷ്യന് ഏതു കാര്യങ്ങളാണോ ചെയ്യാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നത് അവയിൽ ചില കാര്യങ്ങൾ പരിശോധിച്ചു കൊണ്ട് സത്യത്തെ കണ്ടത്താൻ ശ്രമിക്കാം.
1. യോഹന്നാൻ 3:3 - ``ഒരു മനുഷ്യൻ വീണ്ടും ജനിച്ചില്ല എങ്കിൽ അവന് കാണാൻ കഴിയില്ല.’’
2. 1 കൊരിന്ത്യർ 2:14- ‘മനുഷ്യന് ആദ്യം പുതിയ സ്വഭാവം നൽകപ്പെടാതെ അവന് (തന്നിൽ തന്നെ) മനസ്സിലാക്കാനോ, ഗ്രഹിക്കാനോ കഴിയില്ല’.
3. യോഹന്നാൻ 6:44,45: ``പരിശുദ്ധാത്മാവിനാൽ യഥാർത്ഥമായി വിളിക്കപ്പെട്ടില്ലെങ്കിൽ ഒരു മനുഷ്യന് (സ്വന്തമായി) ക്രിസ്തുവിന്‍റെ അടുക്കലേക്ക് വരാൻ കഴിയില്ല.’’
മനുഷ്യന്‍റെ കഴിവില്ലായ്മയെ കാണിക്കുന്ന മറ്റ് പല തിരുവെഴുത്തുകളും ഇവിടെ ഉദ്ധരിക്കുന്നില്ലെങ്കിലും, മുകളിൽ പറഞ്ഞ മൂന്ന് വാക്യങ്ങൾ പറയുന്നത്, ദൈവം ആദ്യം പാപിയുടെ സ്വഭാവത്തിൽ തന്‍റെ പ്രവർത്തനം ആരംഭിക്കുന്നില്ലെങ്കിൽ ആ പാപിക്ക് ക്രിസ്തുവിന്‍റെ അടുത്തേയ്ക്ക് വരാൻ കഴിയില്ല എന്നാണ്; ‘വരില്ല’ എന്നല്ല, ‘വരാൻ കഴിയില്ല’ എന്നാണ് പറഞ്ഞിരിക്കുന്നത്. ‘ദൈവം ചെയ്യുന്ന ഈ ഏതോ ഒരു പ്രവൃത്തി’ യെയാണ് ബൈബിൾ “വീണ്ടും ജനനം”, “പുനര്‍ജനനം” അല്ലെങ്കിൽ “മാനസാന്തരം” എന്നൊക്കെ വിളിക്കുന്നത്. ഇത് പരിശുദ്ധാത്മാവിന്‍റെ ഒരു പ്രത്യേകമായ പ്രവൃത്തിയാണ്. ഇതിൽ മനുഷ്യന്‍റെ ഇടപെടൽ ഒട്ടും തന്നെ ഇല്ല. വീണ്ടും ജനനം നൽകുന്ന കാര്യത്തിൽ മനുഷ്യന് യാതൊരു പങ്കുമില്ല.
അഞ്ചാമത്തെ വിഷയം :
വീണ്ടും ജനിക്കുക (അല്ലെങ്കിൽ പുനർജനിക്കുക) എന്നത് പാപത്തിന്‍റെ അടിമത്തം മൂലം നമുക്ക് ചെയ്യാൻ കഴിയാത്തതും എന്നാൽ ദൈവദൃഷ്ടിയിൽ നാം ചെയ്യേണ്ടതുമായ, മാനസാന്തരപ്പെടുക, വിശ്വാസം അർപ്പിക്കുക എന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ആത്മീയമായ ജീവനും കഴിവും അനുഗ്രഹിക്കുന്നതാണ്: മനുഷ്യൻ മരിച്ചു എന്ന് ബൈബിൾ പറയുമ്പോൾ, പാപം നിമിത്തം മനുഷ്യന്‍റെ മനസ്സും ഹൃദയവും ഇച്ഛാശക്തിയും ആത്മീയമായി മരിച്ചിരിക്കുന്നു എന്നാണ് അർത്ഥമാക്കേണ്ടത്. നാം പാപത്തിന്‍റെ ബന്ധനത്തിലാണെന്ന് ബൈബിൾ പറയുമ്പോൾ, നമ്മുടെ മുഴുവൻ അസ്തിത്വവും, നമ്മുടെ ഇച്ഛാശക്തി ഉൾപ്പെടെ, പാപത്തിന്‍റെ അടിമത്തത്തിലും ശക്തിയിലും ആണെന്നാണ് അർത്ഥമാക്കുന്നത്.
ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും വീണ്ടെടുപ്പിന്‍റെ വില കൊടുക്കുകയും ചെയ്യേണ്ടത് എത്രത്തോളം ആവശ്യമാണോ, വീണ്ടും ജനനത്താൽ നമുക്ക് ഒരു പുതിയ സ്വഭാവം നൽകാനുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയും അത്രതന്നെ ആവശ്യമാണ്. ദൈവപുത്രൻ നമ്മെ പാപത്തിന്‍റെ ശിക്ഷയിൽ നിന്ന് നീതിപൂർവ്വം വീണ്ടെടുക്കുന്നു. എന്നാൽ പരിശുദ്ധാത്മാവായ ദൈവത്തിനു മാത്രമേ പാപത്തിന്‍റെ ദോഷത്തില്‍ നിന്നും അതിന്‍റെ ശക്തിയിൽ നിന്നും അതിന്‍റെ ഫലമായ മരണത്തില്‍ നിന്നും നമ്മെ വിടുവിക്കാൻ കഴിയൂ. രക്ഷിക്കപ്പെടണമെങ്കിൽ നമുക്ക് ക്ഷമ ആവശ്യമാണ്; തന്‍റെ മരണത്തിലൂടെ ക്രിസ്തു നമുക്ക് പൂർണ്ണമായ ക്ഷമയും നീതിയും അനുഗ്രഹിച്ചിരിക്കുന്നു.
എന്നാൽ, നമുക്ക് ആത്മീയ ജീവനും ശേഷിയും ആവശ്യമായതു കൊണ്ട്, വീണ്ടും ജനനത്തിലൂടെ പരിശുദ്ധാത്മാവായ ദൈവം അവ നമുക്ക് നൽകുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനമായ വീണ്ടും ജനനത്തിലൂടെ മാത്രമേ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തമായി കർത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിലെ ബലി യാഗത്തെ യഥാർത്ഥമായ വിശ്വാസത്തോടെ സ്വീകരിക്കാൻ നാം പ്രാപ്തി ഉള്ളവരാകൂ.
ദൈവം ത്രിയേക ദൈവമാണ്. അതുകൊണ്ട്, ത്രിത്വത്തിലെ ഓരോ വ്യക്തിയും രക്ഷയിൽ വ്യക്തവും അനിവാര്യവുമായ പങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതുവരെ ആർക്കും “ഇത്ര വലിയ രക്ഷ” മനസ്സിലാക്കാൻ കഴിയില്ല. ദൈവത്തിന്‍റെ പാപികളെ രക്ഷിക്കുന്ന പ്രവൃത്തിക്ക് അത്യന്താപേക്ഷിതമാണെന്ന് അവകാശപ്പെടുന്ന “ക്രിസ്തുവിന്‍റെ മഹത്വമുള്ള സുവിശേഷം” മാത്രം പ്രസംഗിച്ചു കൊണ്ട്, തിരഞ്ഞെടുക്കുന്ന പിതാവായ ദൈവത്തിന്‍റെ സർവ്വാധികാര സ്നേഹവും, പരിശുദ്ധാത്മാവിന്‍റെ പുനരുജ്ജീവന ശക്തിയും പാപികളെ രക്ഷിക്കുന്ന ദൈവീക കാര്യത്തില്‍ അനിവാര്യമാണെന്ന് തിരിച്ചറിയാതെ ആർക്കും മഹത്തായ ഈ കൃപയുടെ സുവിശേഷം പ്രസംഗിക്കാൻ കഴിയില്ല.
രക്ഷയിലെ ദൈവത്തിന്‍റെ പ്രവൃത്തി പാപമോചനം നൽകുക മാത്രമാണെന്നും, ആ പാപമോചനം സ്വീകരിക്കുക എന്നത് മാത്രമാണ് മനുഷ്യൻ ചെയ്യേണ്ടത് എന്നും പറയുന്നത്, പിതാവിന്‍റെ സ്നേഹനിർഭരമായ തിരഞ്ഞെടുപ്പിനെയും പരിശുദ്ധാത്മാവിന്‍റെ വീണ്ടും ജനിപ്പിക്കുന്ന ശക്തിയെയും അവഗണിക്കുന്നതിനു തുല്യമാണ്. ഈ വിധത്തിൽ പഠിപ്പിക്കുക എന്നത് മനുഷ്യനെ രക്ഷയിൽ ദൈവവുമായി തുല്യ പങ്കാളിയാക്കുക മാത്രമല്ല, രക്ഷയിൽ മനുഷ്യനാണ് നിർണായക പങ്ക് വഹിക്കുന്നതെന്ന് പറയുന്നതുമാണ്.
കർത്താവായ യേശുക്രിസ്തു കുരിശിൽ അർപ്പിച്ച യാഗത്തിന് കർത്താവായ യേശുവിനെ മഹത്വപ്പെടുത്തുകയും, അതേസമയം തന്നെ, നിത്യതയിൽ പിതാവായ ദൈവത്തിന്‍റെ പ്രവൃത്തിക്കും (തിരഞ്ഞെടുപ്പ്) നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവാകുന്ന ദൈവത്തിന്‍റെ പ്രവൃത്തിക്കും (മാനസാന്തരം/വീണ്ടും ജനനം), പാപിയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് എത്ര ഭയാനകും പരിഹാസ്യവുമാണ്!
"നിങ്ങൾ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നില്ലെങ്കിൽ പരിശുദ്ധാത്മാവ് നിങ്ങളെ അത്ഭുതകരമായി വീണ്ടും ജനിപ്പിക്കുകയോ അവന്‍റെ പ്രവൃത്തി നിറവേറ്റുകയോ ചെയ്യില്ല" എന്ന് പറയുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ്. അങ്ങനെ ചെയ്യുന്നത് ശവക്കല്ലറകൾക്കിടയിൽ നിന്ന് കൊണ്ട് മരിച്ചവരോട്, “ഇതാ, നിങ്ങൾ വിശ്വാസത്തോടെ എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ നിങ്ങൾക്ക് ജീവൻ നൽകുകയും നിങ്ങളെ ശവക്കല്ലറകളിൽ നിന്ന് ഉയിർപ്പിക്കുകയും ചെയ്യും”, എന്ന് പറയുന്നതുപോലെയാണ്. ഇങ്ങനെ പഠിപ്പിക്കുന്നവർ പാപിയുടെ പൂർണ്ണമായ ആത്മീയ നിസ്സഹായതയെ എത്രമാത്രം അവഗണിക്കുന്നു! അതിശയം തന്നെ!
മനുഷ്യന്‍റെ മാനസാന്തരവും രക്ഷയ്ക്കു വേണ്ടിയുള്ള വിശ്വാസവും പാപിയിൽ നിന്ന് സ്വാഭാവികമായി വരുന്നതല്ല, മറിച്ച് ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഫലമാണെന്ന് തിരിച്ചറിയുന്നതിൽ അർമീനിയര്‍ പരാജയപ്പെടുന്നു എന്നതാണ് തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ ‘സുവിശേഷ’ത്തിന്‍റെ യഥാർത്ഥ പോരായ്മ. ക്രിസ്തുവിലേക്ക് തിരിയുന്ന ഓരോ വ്യക്തിയും അത് മനസ്സോടെയാണ് ചെയ്യുന്നത്. എന്നാൽ, ആ സ്വമേധയാ ഉള്ള തിരിയൽ ‘പിതാവായ ദൈവത്തിന്‍റെ സ്നേഹത്തോടെയുള്ള തിരഞ്ഞെടുപ്പിന്‍റെയും’ ‘പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ മഹത്തായ വിളിയുടെയും’ നേരിട്ടുള്ള ഫലമാണ്. "നീ വിശ്വസിക്കുന്നുവെങ്കിൽ, ദൈവം നിന്‍റെ വിശ്വാസത്തിനനുസരിച്ച് നിനക്ക് മാനസാന്തരം നൽകും" എന്ന് പറയുന്നത് മനുഷ്യന്‍റെ യഥാർത്ഥ ആവശ്യത്തെ തെറ്റിദ്ധരിക്കുക മാത്രമല്ല, ദൈവത്തിന്‍റെ ഏറ്റവും വിലയേറിയ രക്ഷയുടെ പ്രവൃത്തിയെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു.
ആറാമത്തെ വിഷയം :
വിശ്വാസവും മാനസാന്തരവും പുതുജീവന്‍റെ, തെളിവുകളാണ് കാരണമല്ലെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു:
ഉദാഹരണത്തിന്, ഇരുപത് വർഷം മുമ്പ് മരിച്ച ഒരാളെ നിങ്ങള്‍ വഴിയിൽ കണ്ടെത്തി എന്ന് കരുതുക. മരിച്ച അവസ്ഥയിൽ മടുത്തുപോയി അയാള്‍ ഒരു വലിയ ഡോക്ടറുടെ അടുത്ത് ചെന്ന് ഒരു അത്ഭുതം പ്രവർത്തിച്ച് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്ന് നിങ്ങൾ കരുതുമോ? ഇല്ല. നിങ്ങൾ വളരെ ആശ്ചര്യത്തോടെ, “ഹേയ്, നിനക്കെന്താണ് പറ്റിയത്? ആരാണ് നിന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്?”, എന്ന് ചോദിക്കും. അവൻ നടക്കുകയും ശ്വസിക്കുകയും ചെയ്യുന്നതു കൊണ്ട് അവൻ ജീവനോടെ ഇരിക്കുന്നുവെന്ന് നിങ്ങൾക്ക് പറയാൻ കഴിയും. അവൻ നടക്കുന്നതും ശ്വസിക്കുന്നതും അവനിൻ മറ്റാരോ ചെയ്ത അത്ഭുതത്തിന്‍റെ തെളിവാണെന്നും താന്‍ സ്വന്തം ശക്തിയാലും ഇച്ഛാശക്തിയാലും ചെയ്തതല്ലെന്നും നിങ്ങൾക്കറിയാം. അതുപോലെ, ആത്മീയമായി മരിച്ച ഒരു വ്യക്തി വിശ്വാസമർപ്പിക്കുക, മാനസാന്തരപ്പെടുക തുടങ്ങിയ ആത്മീയ പ്രവൃത്തികൾ ചെയ്യുന്നതായി കാണുമ്പോൾ, ആ ആത്മാവിന്‍റെ ഫലം സൂചിപ്പിക്കുന്നത് അവനിൽ പുതുജീവന്‍റെ അത്ഭുതം സംഭവിച്ചിരിക്കുന്നു എന്നാണ്.
ഒരു ബൈബിൾ ദൃഷ്ടാന്തത്തിലൂടെ ഈ കാര്യം ഞാൻ കൂടുതൽ വിശദീകരിക്കാം. മുകളിൽ പറഞ്ഞതിന് വ്യക്തമായ തെളിവാണ് അപ്പൊ. പ്രവൃത്തികൾ 16:14. എനിക്കറിയാവുന്നിടത്തോളം, പുതിയനിയമത്തിൽ “ഹൃദയം തുറന്നു” എന്ന വാക്ക് ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. മാത്രമല്ല, ഈ “ഹൃദയത്തിന്‍റെ തുറക്കൽ” പൂർണ്ണമായും ദൈവത്തിന്‍റെ ശക്തിയാലാണ് സംഭവിക്കുന്നത്, മനുഷ്യന്‍റെ ഇഷ്ടത്താലല്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എന്നാൽ ആധുനിക സുവിശേഷീകരണം, ഇതിനു നേർവിപരീതമായി, "ഹൃദയം തുറക്കുന്നത്" മനുഷ്യന്‍റെ ഇച്ഛാശക്തിയാൽ ആണ് സംഭവിക്കുന്നതെന്ന് പറയുന്നു. ഇവിടെ ഓർമ്മിക്കേണ്ട കാര്യം, ഒരു മനുഷ്യൻ തന്‍റെ ഹൃദയം തുറക്കാൻ സമ്മതിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നാം ചർച്ച ചെയ്യുന്നില്ല എന്നതാണ്. കാരണം, ആ വിഷയത്തെ നാം ഒന്ന്, രണ്ട്, മൂന്ന് വിഷയങ്ങളിൽ തെളിയിച്ചുകഴിഞ്ഞു. അത്തരമൊരു ആത്മീയ പ്രവൃത്തി ചെയ്യാൻ മനുഷ്യനെ ശക്തനാക്കിയ ഉറവിടത്തെയാണ് നാം ഇവിടെ അന്വേഷിക്കുന്നത്. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയാണ് ഈ ശക്തി നൽകുന്നതെന്ന് അർമീനിയനിസം പറയുമ്പോൾ, പരിശുദ്ധാത്മാവായ ദൈവമാണ് മാനസാന്തരം ഉളവാക്കുന്നതിലൂടെ ഈ ശക്തി നൽകുന്നതെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു.
ഇനി, തിരുവെഴുത്തുകളിൽ “ഹൃദയം തുറന്നു” എന്ന പദപ്രയോഗം ഉപയോഗിക്കുന്ന ഒരേയൊരു വാക്യം പരിശോധിച്ചു കൊണ്ട്, നാം ഇതിനോടകം പറഞ്ഞതിനോട് അത് യോജിക്കുന്നുണ്ടോ എന്ന് നോക്കാം.
പ്രവൃത്തികൾ 16:14-ൽ പൗലോസിന്‍റെ വാക്കുകൾ കേൾക്കാനും അവയോട് പ്രതികരിക്കാനും കർത്താവ് അവളുടെ ഹൃദയം തുറന്നു.
ഒന്നാമതായി, പൗലോസ് പറഞ്ഞ വചനം ലുദിയ കേട്ടു എന്ന് നമുക്ക് കാണാൻ കഴിയും. അവൾ ആ വാക്കുകൾ സന്തോഷത്തോടെ കേൾക്കുകയും, പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുകയും ചെയ്തു. നാം ഇതിനകം സമ്മതിച്ചതുപോലെ, സുവിശേഷത്തിൽ നിന്ന് പ്രയോജനം കിട്ടുന്നതിന് ലുദിയ അങ്ങനെ ചെയ്യേണ്ടത് ആവശ്യമായിരുന്നു. വാസ്തവത്തിൽ, ലുദിയ വിശ്വസിക്കാൻ തീരുമാനിച്ചു. പൂർണ്ണഹൃദയത്തോടെ അത് ചെയ്യാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞത്. അവൾ അനിഷ്ടത്തോടെയല്ല വിശ്വസിച്ചത്, അവളുടെ സ്ഥാനത്ത് കർത്താവ് കേട്ടു വിശ്വസിച്ചതുമില്ല. ഇത് അവളുടെ സ്വന്തം തീരുമാനമാണ്, മനസ്സോടെയുള്ള തീരുമാനമാണ്.
ഇത് നാം ഇതിനകം ചർച്ച ചെയ്ത ഒന്നും രണ്ടും മൂന്നും വിഷയങ്ങളെ ശക്തിപ്പെടുത്തുന്നു, മാത്രവുമല്ല, സുവിശേഷം കേട്ടാലും ഇല്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവർ എങ്ങനെയെങ്കിലും രക്ഷയിലേക്ക് നയിക്കപ്പെടുമെന്ന് പറഞ്ഞു കൊണ്ട് സുവിശേഷീകരണത്തെ അവഗണിക്കുന്ന ഹൈപ്പർ -കാൽവിനിസ്റ്റ് വീക്ഷണം ഒരു വലിയ തെറ്റാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.
പിന്നീട്, ദൈവം ലുദിയയ്ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ഇവിടെ നമുക്ക് വ്യക്തമായി കാണാൻ കഴിയും. ലുദിയ രക്ഷിക്കപ്പെടുന്നതിന് മുമ്പ് ദൈവം എന്താണോ ചെയ്യേണ്ടത് അതും ഇവിടെ തെളിയിക്കപ്പെട്ടു.
1. പഠിപ്പിക്കുവാന്‍ യോഗ്യമായ “കൃപയാല്‍, വിശ്വാസം മൂലമുള്ള” രക്ഷയെ കർത്താവ് ഇവിടെ സ്ഥാപിച്ചിരിക്കുന്നു. കർത്താവായ യേശുക്രിസ്തുവിന്‍റെ മരണം, അടക്കം, പുനരുത്ഥാനം എന്നിവയെക്കുറിച്ചുള്ള സുവിശേഷ സത്യം പൗലോസ് ഇവിടെ വ്യക്തമായി പഠിപ്പിച്ചു. തീർച്ചയായും ഈ കുഞ്ഞാട് ദൈവത്തിന്‍റെ കൃപയാലുള്ള കരുതലാണ്.
2. ദൈവം ലുദിയയ്ക്ക് തന്‍റെ കരുതലിനെക്കുറിച്ചുള്ള സന്ദേശവും നൽകി. ദൈവം തന്‍റെ പദ്ധതിയായ ഈ രക്ഷയെക്കുറിച്ച് വിശദീകരിക്കാൻ ഒരു ഉപദേഷ്ടാവിനെ ലുദിയയുടെ അടുത്തേക്ക് അയച്ചു. ഇത്രയും ഉന്നതമായ ഒരു സുവിശേഷം തയ്യാറാക്കാൻ ദൈവം എത്രയോ പ്രയാസപ്പെട്ടു. അതിനുവേണ്ടി അവൻ തന്‍റെ ഏകജാതനായ പുത്രനെ തന്നെ നൽകി. മാത്രമല്ല, പൗലോസിനെപ്പോലെ ഒരു മികച്ച ഉപദേഷ്ടാവിനെ തയ്യാറാക്കാൻ കർത്താവ് വളരെയധികം പ്രയാസപ്പെട്ടു. പ്രവൃത്തികൾ 22-ാം അധ്യായത്തിലെ പൗലോസിന്‍റെ സാക്ഷ്യത്തിൽ ഇത് വായിക്കുക.
ഇവിടെയാണ് അർമീനിയൻ സിദ്ധാന്തം ബൈബിൾ പഠിപ്പിക്കലിൽ നിന്ന് വ്യതിചലിച്ച്, മുകളിൽ പറഞ്ഞ വസ്തുതകൾക്ക് മാനുഷിക യുക്തി പ്രയോഗിക്കാൻ തുടങ്ങിയത്. ഈ വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണ് പഠിപ്പിക്കുന്നതെന്ന് പൂർണ്ണമായി പരിശോധിക്കാതെ, ദൈവം ചെയ്യേണ്ട പ്രവൃത്തി വേറൊന്നുണ്ടെന്ന് മനസ്സിലാക്കുന്നതിൽ അത് ദയനീയമായി പരാജയപ്പെട്ടു.
3. ലുദിയ വിശ്വസിക്കണമെങ്കില്‍ ദൈവം അവളുടെ ഹൃദയം തുറക്കണം (അവൾക്ക് തന്‍റെ ജീവൻ നൽകണം). അവളുടെ സ്വാഭാവിക മനസ്സ് അന്ധമാണ്, അവളുടെ പ്രകൃതി സംബന്ധമായ ഹൃദയത്തിന് ദൈവമെന്നു പറഞ്ഞാൽ ഇഷ്ടമില്ല, അവളുടെ സ്വാഭാവിക മനസ്സ് പാപത്തിന്‍റെ അടിമത്തത്തിലും, ആത്മീയമായി വീണുപോയ സ്ഥിതിയിലുമാണ്. ഈ ആത്മീയ അധഃപതനമാകുന്ന ശവക്കുഴിയിൽ നിന്ന് അവളെ വിടുവിക്കാൻ ദൈവത്തിന്‍റെ ശക്തിക്കു മാത്രമേ കഴിയൂ. ഈ പുതിയ ജീവൻ, ഈ ശക്തി, ദൈവത്തിന്‍റെ പ്രവൃത്തിയാൽ മാത്രമേ നൽകപ്പെടുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. ലുദിയയുടെ ഹൃദയം തുറന്നത് ദൈവമാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നു.
തിരുവെഴുത്തിൽ നിങ്ങൾ ഇത് ശ്രദ്ധിച്ചിട്ടില്ലെങ്കിൽ, “കർത്താവ് അവളുടെ ഹൃദയം തുറന്നു” എന്ന് നിങ്ങൾ ശരിയായി വായിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു.
ലുദിയയുടെ മാനസാന്തരത്തിൽ, കാരണവും ഫലവും തമ്മിലുള്ള ബന്ധം പരിശുദ്ധാത്മാവ് എത്ര വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുവെന്ന് കാണുക. ലുദിയായുടെ ഹൃദയം തുറന്നത് ദൈവമാണ്- ഇതാണ് ‘കാരണം’. അതുകൊണ്ട് പൗലോസ് പ്രസംഗിച്ച സത്യം അവൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു - ഇതാണ് 'ഫലം' ; അങ്ങനെയാണ് ദൈവവചനം പറയുന്നത്. അതിനെ മൃതദൈവശാസ്ത്രമായി തള്ളിക്കളയുകയോ കാൽവിനെ വിമർശിക്കുകയോ ചെയ്യുന്നതിനുപകരം, ബൈബിളിലെ ഈ ഭാഗം സ്വയം വായിച്ചു നോക്കൂ. ദൈവം പ്രത്യേകമായി ലുദിയയുടെ ഹൃദയം തുറക്കുകയും വിശ്വസിക്കാനുള്ള ശക്തി നൽകുകയും ചെയ്തതുകൊണ്ടാണ് ലുദിയ സുവിശേഷം കേട്ടതും മനസ്സിലാക്കിയതും വിശ്വസിച്ചതും എന്ന് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ, സൂക്ഷിക്കുക! നീ ദൈവവചനത്തോട് പോരാടുകയാണ്. ഈ കാര്യത്തിൽ ലുദിയയുടെ മാനസാന്തരത്തിന് കാരണമായത് മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ അറിഞ്ഞുകൊണ്ട് ദൈവവചനത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.
ദൈവകൃപ നമുക്ക് രക്ഷ അനുഗ്രഹിക്കുക മാത്രമല്ല, ദൈവത്തിന്‍റെ ശക്തി ആ രക്ഷ ആഗ്രഹിക്കാനും സ്വീകരിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. "ഇച്ഛിക്കാനും പ്രവർത്തിക്കാനും അവൻ തന്നെ നമ്മിൽ പ്രവർത്തിക്കുന്നു.വീണ്ടും ജനനം എന്നത് ഇച്ഛിക്കാനായി അവൻ നമ്മിൽ ചെയ്യുന്ന പ്രവൃത്തിയാണ്." ഞാൻ വീണ്ടും പറയുന്നു, ഈ പുതിയ ജീവൻ പകരുന്ന പ്രവൃത്തി പൂർണ്ണമായും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ പ്രവൃത്തിയാണ്.
ഒരുപക്ഷെ നാം വിശ്വാസത്താൽ രക്ഷിക്കപ്പെടുന്നതും (ഇത് ഒരു മാനുഷിക പ്രവൃത്തിയാണ്) പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിക്കുന്നതും (ഇത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്) തമ്മിലുള്ള വ്യത്യാസം വിസ്മരിക്കുകയാണെങ്കില്‍, നാം അപകടത്തിലേയ്ക്കും ആശയക്കുഴപ്പത്തിലേക്കും നീങ്ങാൻ തുടങ്ങുകയാണ്. ഏതു വിഷയമാണോ മനുഷ്യന് ചെയ്യാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നത് ആ വിഷയം മനുഷ്യന് ചെയ്യാൻ കഴിയുമെന്ന് നമ്മെ ബോധ്യപ്പെടുത്താൻ തുടങ്ങുന്നു. അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ആവശ്യകത ദൈവശാസ്ത്രപരമായി നിഷേധിച്ചതിനുശേഷം, പ്രായോഗികമായി ആ കാര്യം അവഗണിക്കപ്പെടാൻ അധികനാളുകൾ എടുക്കില്ല. ഇതാണ് ഇന്നത്തെ സുവിശേഷവൽക്കരണത്തിന്‍റെ ദയനീയമായ അവസ്ഥ. വീണ്ടും ജനിക്കുക എന്നത് മനുഷ്യ ഇച്ഛാശക്തിയുടെ ശക്തിയിലാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നതിനാൽ, ബൈബിളിന്‍റെ ദൈവശാസ്ത്രപരമായ ഉള്ളടക്കത്തേക്കാൾ ഇത്തരം മാനുഷിക ആലോചനാ രീതി അവർക്ക് കൂടുതൽ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി പൂർണ്ണമായും മറന്ന്, സുവിശേഷ സമ്മേളനത്തിന്‍റെ വിജയത്തിനുള്ള പ്രധാന ആവശ്യകതകളായി പരിപാടികളും പ്രഖ്യാപനങ്ങളും മാറിയിരിക്കുന്നു. ഈ സുവിശേഷ യോഗങ്ങൾ വിജയകരമാകാൻ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണെന്ന് അവർ ഉപരിപ്ലവമായി സംസാരിക്കുന്നുവെന്നത് ശരിയാണ്. ഈ സമ്മേളനത്തിനുവേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കാർഡുകൾ സമ്മേളനത്തിന് വളരെ മാസങ്ങൾക്ക് മുമ്പുതന്നെ വിതരണം ചെയ്യുന്നുണ്ടെന്നതും സത്യമാണ്. എന്നിരുന്നാലും ഈ സുവിശേഷ യോഗങ്ങളുടെ വിജയം ഒരു വശത്ത് പ്രാർത്ഥനാ പിന്തുണ മൂലമാണെന്നും മറുവശത്ത് നിങ്ങളുടെ സാമ്പത്തിക സഹായമില്ലായിരുന്നെങ്കിൽ ഈ യോഗങ്ങൾ വിജയിക്കുകയില്ലായിരുന്നെന്നും പ്രഖ്യാപിക്കപ്പെടുമ്പോൾ, ഈ രണ്ടെണ്ണത്തിൽ ഏതാണ് ഈ യോഗങ്ങളുടെ വിജയത്തിന് സഹായമായതെന്ന് പലർക്കും ഇപ്പോഴും മനസ്സിലാകുന്നില്ല.എന്നാല്‍ ഇത് മറ്റൊരു ദിവസത്തേയ്ക്ക് വ്യത്യസ്തമായ ഒരു സന്ദേശമായി കണക്കാക്കുക.
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.