ദുരുപദേശങ്ങള്‍ക്ക് മറുപടി

രചയിതാവ്.: ഡോ. പി. ബി. മനോഹർ
വിവർത്തനം: ഷിബു ബാബു &ഷൈനി

ആമുഖം

ദൈവത്തിന്‍റെ വലിയ കൃപയാൽ എനിക്ക് മറ്റൊരു പുസ്തകം കൂടി എഴുതുവാൻ സാധിച്ചു. പുസ്തകങ്ങൾ എഴുതുവാൻ സമയം തികയാത്തതുകൊണ്ട് 2007 മാർച്ച് മാസം 24-ാം തീയതി ഞാൻ ജോലി ചെയ്തിരുന്ന റെയിൽവേ ഉദ്യോഗത്തിൽ നിന്നും സ്വമേധയാ വിരമിച്ചു. പല സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിക്കുന്നതിനായി കർത്താവ് വാതിൽ തുറന്നു തന്നു. ഞാൻ പോയ പലയിടങ്ങളിലും ധാരാളം ആളുകള്‍, നിങ്ങളുടെ കഥകൾ വായിച്ച് ഞങ്ങൾ ഏറെ സന്തോഷിക്കുന്നു എന്ന് എന്നോട് പറയുകയുണ്ടായി. എനിക്ക് ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതുവാൻ ദൈവം കൃപ നല്‍കുന്നതിനായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

എന്‍റെ പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ച കഥകൾ ചിലർ അനുവാദമില്ലാതെ അക്ഷരംപ്രതി പകർത്തി, തങ്ങളുടെ പത്രികകളിൽ അവർ തന്നെ എഴുതിയ രീതിയിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അവർക്ക് എന്‍റെ വന്ദനം. അനേകം ആളുകൾ ആ കഥകൾ വായിക്കണം എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം. ഈ പുസ്തകത്തിന് പകർപ്പവകാശം ഇല്ല. ആർക്ക് വേണമെങ്കിലും ഇത് അച്ചടിക്കാം. ഇതിലെ ഭാഗങ്ങൾ അവരുടെ പത്രികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം.

ശ്രീ ആനുമല്ലി നവീൻ (രാജമണ്ട്രി) ഈ പുസ്തകത്തിന്‍റെ ടൈറ്റിൽ ഡിസൈൻ ചെയ്ത് അയച്ചു തന്നു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ ശ്രീമതി മേരി അത് എഴുതി ടൈപ്പ് ചെയ്തു. അവർക്ക് നന്ദി രേഖപ്പെടുത്തുന്നു. – ഡോ. പി. ബി. മനോഹർ

എന്‍റെ അഭിപ്രായം
ഏതു വിധേനയായാലും സത്യം വെളിപ്പെടുത്തുക. തെറ്റിനെ എതിർക്കുന്നതിൽ ഭയമില്ലാതെ പെരുമാറുക. എന്നാൽ അതേ സമയം മാനുഷികമായും സ്നേഹത്തോടും മാന്യതയോടും കൂടി പെരുമാറുക. – ഡബ്ല്യു. എസ്. പുൻസർ”

ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ മനോഹർ ചേട്ടന്‍റെ കൃതികളുടെ ഒരു ആരാധികയാണ്. അദ്ദേഹത്തിന്‍റെ രചനകൾ ഒരിക്കലും വലിച്ചുനീട്ടുന്ന രീതിയിലല്ല, മറിച്ച് ലളിതവും നേരിട്ടുള്ളതും ഹൃദയത്തെ സ്പർശിക്കുന്നവയുമാണ്. എന്‍റെ സൺഡേ സ്കൂൾ ശുശ്രൂഷയിൽ അദ്ദേഹം എഴുതിയ അനേകം കഥകൾ ഞാൻ ഉപയോഗിക്കാറുണ്ട്. എപ്പോഴും കഥകൾ മാത്രം എഴുതാറുള്ള അദ്ദേഹം ഒരു ദിവസം, ശുശ്രൂഷകരുടെ യഥാർത്ഥ ജീവിതകഥകൾ എഴുതുന്നത്, ഒരു വശത്ത് പുതിയ ശുശ്രൂഷകർക്ക് ഒരു വെല്ലുവിളിയായും മറുവശത്ത് ശുശ്രൂഷകരാൽ ഇരയാക്കപ്പെട്ടവർക്ക് ആശ്വാസമായും ഇരിക്കുമെന്നും, കുറച്ചുപേരിലെങ്കിലും ഒരു ചെറിയ മാറ്റം വരുത്താൻ സാധിക്കുമെന്നും ചിന്തിക്കുന്നു.

ആദ്യമായി ഇങ്ങനെയൊന്ന് എഴുതുന്നതു കൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഈ പുസ്തകത്തിന്‍റെ പ്രതി കണ്ടതിന് ശേഷം, ഇന്നത്തെ കാലത്ത് ഇത് വളരെ അത്യാവശ്യമായ ഒരു പുസ്തകമാണെന്ന് എനിക്ക് തോന്നി. ബൈബിളിലും എത്രയോ തവണ പരിശുദ്ധാത്മാവ് ഈ കള്ളപ്രവാചകന്മാരെക്കുറിച്ച് (വ്യാജ ഉപടദേഷ്ടാക്കന്മാരെ) മുന്നറിയിപ്പ് നൽകിയിരിക്കുന്നുവല്ലോ? അതിനാൽ ചേട്ടനെപ്പോലെയുള്ള എഴുത്തുകാർ ഭയങ്കരന്മാരായ ഈ ഉപദേശകരെക്കുറിച്ചുള്ള കാര്യങ്ങൾ വിശ്വാസ സമൂഹത്തെ തീർച്ചയായും അറിയിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. കാരണം ഞാനും എന്‍റെ കുടുംബവും ഇത്തരം ഉപദേശകർക്ക് ഇരയാക്കപ്പെട്ടവരാണ്. കേവലം ഇങ്ങനെയുള്ളവർ കാരണമാണ് സുവിശേഷ വേലയിൽ ഒട്ടനവധി തടസ്സങ്ങൾ ഉണ്ടാകുന്നത്. എത്രയോ പേർക്ക് ഇവർ ഒരു തടങ്കൽപാറയാണ്.

അതുകൊണ്ട് മനോഹർ ചേട്ടനെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചുകൊണ്ട്, എല്ലാ ശുശ്രൂഷകരോടും അവരുടെ ശുശ്രൂഷയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ വീണ്ടും ആരംഭിക്കണമെന്ന് കൈകൂപ്പി ഞാൻ അപേക്ഷിക്കുന്നു. സഹൃദയത്തോടെ ഇതിനെ സ്വീകരിക്കണമെന്ന് വിമർശക ലോകത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഒരുപക്ഷേ ചേട്ടൻ ഇങ്ങനെയുള്ള മറ്റൊരു പുസ്തകം എഴുതുകയാണെങ്കിൽ, അതിൽ എന്‍റെ പേര് ഉണ്ടാകാതെ എന്‍റെ ശുശ്രൂഷയുമായി മുന്നോട്ട് പോകുവാൻ എന്നെ സഹായിക്കണമേ എന്ന് കർത്താവിനോട് ഞാൻ പ്രാർത്ഥിക്കുന്നു.

എന്ന്
കർത്താവിന്‍റെ ശുശ്രൂഷയിൽ
നിങ്ങളുടെ ജ്യോതി ശേഖർ
വിശാഖ സ്റ്റീൽ പ്ലാന്റ്.

എന്‍റെ അഭിപ്രായം

ഈ പുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതി വായിച്ചതിനുശേഷം, ഇന്നത്തെ ക്രൈസ്തവ സമൂഹത്തിന് ഇങ്ങനെയൊരു പുസ്തകം വളരെ ആവശ്യമാണെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്‍റെ രചനകൾ എപ്പോഴും രസകരവും ലളിതവുമായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ക്രൈസ്തവ സമൂഹത്തെ പരിഷ്കരിക്കണം എന്നൊരു ഉദ്ദേശ്യം അദ്ദേഹത്തിന് ഉണ്ടായി എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ അയല്‍പക്കത്ത് ഒരു പാസ്റ്റര്‍ ഉണ്ടായിരുന്നു. രാവിലെ 5 മണിക്ക് വലിയൊരു ശബ്ദം അവിടെ നിന്നും കേട്ടു. ഞാൻ ഉണർന്ന് ജനലിലൂടെ നോക്കിയപ്പോൾ, പാസ്റ്റർ തന്‍റെ ഭാര്യയുടെ മുടിയിൽ പിടിച്ച് കുനിച്ചു നിർത്തി പുറത്ത് ഇടിക്കുന്നതാണ് കണ്ടത്. അവൾ ഒരു പാത്രം പാസ്റ്റർക്ക് നേരെ എറിഞ്ഞു. ഞായറാഴ്ചയായിട്ട് പോലും ഇവർ തമ്മിൽ തല്ലുകയാണല്ലോ എന്ന് ഞാൻ ഓർത്തു. 10 മണിക്ക് മൈക്കിലൂടെ പാസ്റ്ററുടെ പ്രസംഗം കേട്ടു. “എന്‍റെ സഭാംഗങ്ങളേ! രാവിലെ തന്നെ ഞാനും എന്‍റെ ഭാര്യയും കണ്ണീരോടെ കർത്താവിന്‍റെ സന്നിധിയിൽ പ്രാര്‍ഥിച്ചു. കർത്താവേ! അങ്ങയുടെ മക്കളോട് എന്താണ് പറയേണ്ടത്? എന്ന് ഞങ്ങൾ ഉറക്കെ കരഞ്ഞുകൊണ്ട് ചോദിച്ചു. അപ്പോൾ ഞങ്ങൾ കർത്താവിന്‍റെ ആത്മാവിനാൽ നിറക്കപ്പെട്ടു. കർത്താവ് ഞങ്ങളോട് സംസാരിച്ചു....” ഇങ്ങനെ പാസ്റ്ററുടെ പ്രസംഗം തുടർന്നു.

മറ്റൊരു പാസ്റ്റർ പള്ളി പണിയാമെന്ന് പറഞ്ഞ് എല്ലാവരിൽ നിന്നും പണം സമാഹരിച്ചു. ഏകദേശം 10 ലക്ഷം രൂപയോളം സമാഹരിച്ച് നല്ലൊരു പള്ളി പണിതു. ഇതിനിടയിൽ അദ്ദേഹത്തിന്‍റെ മകന് ന്യൂസിലൻഡിൽ ജോലി ലഭിച്ചു. ഇദ്ദേഹം 15 ലക്ഷം രൂപയ്ക്ക് ആ പള്ളി വേറൊരു പാസ്റ്റർക്ക് വിറ്റിട്ട് ആ പണവുമായി ന്യൂസിലൻഡിലേക്ക് പോയി. ഞങ്ങളെല്ലാവരും കൊടുത്ത പണം സ്വന്തം സ്വത്ത് പോലെ അദ്ദേഹം വിറ്റുകളഞ്ഞു.

ഇങ്ങനെ ചിന്തിക്കുമ്പോൾ പല കാര്യങ്ങളും എനിക്ക് ഓർമ്മ വരുന്നു. ഇംഗ്ലീഷിലുള്ള ഒരു പഴഞ്ചൊല്ലാണ് എനിക്ക് ഓർമ്മ വരുന്നത്. 99% മോശം ആളുകൾ കാരണം ബാക്കിയുള്ള എല്ലാ പാസ്റ്റർമാർക്കും ദുഷ്പേര് വരുന്നു. ഭക്തനായ പൗലോസ്, “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ” (എഫെസ്യർ 4:14) എന്ന് മുന്നറിയിപ്പ് നൽകുന്നു.

ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പണം കൊടുത്ത് അനുഗ്രഹം വാങ്ങാൻ കഴിയില്ല. പണം നൽകി രോഗശാന്തി നേടാനും കഴിയില്ല. എത്ര വലിയ പാസ്റ്റർ ആണെങ്കിലും ബൈബിളിന് വിരുദ്ധമായി പറഞ്ഞാൽ വിശ്വസിക്കരുത്. എത്ര ചെറിയ ആളാണെങ്കിലും ബൈബിളിലുള്ളത് പറഞ്ഞാൽ വിശ്വസിക്കുക. ഷാലോം.

വി. വിജയ കുമാർ
ട്രാഫിക് ഇൻസ്പെക്ടർ (റെയിൽവേ)


കള്ളപ്രവാചകന്മാർ

തനിക്ക് ലഭിച്ച വിവരങ്ങൾ അപൂർണ്ണമാണെന്നും തെറ്റായ വഴിയിലേക്ക് നയിക്കുന്നതാണെന്നും തിരിച്ചറിയാൻ കഴിയുന്നവനാണ് യഥാർത്ഥ വിദ്യാസമ്പന്നൻ.
“അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ട് അവർക്കു കുമ്മായം തേക്കുന്നു” - യെഹെസ്കേൽ 22:28

ഈ പുസ്തകത്തിൽ ഞാൻ ഒരു നുണ പോലും എഴുതിയിട്ടില്ല. ആരോ പറഞ്ഞ കാര്യങ്ങളോ, കേട്ടുകേൾവികളോ ഇതിൽ എഴുതിയിട്ടില്ല. ഭൂരിഭാഗവും എനിക്ക് സംഭവിച്ചതും ഞാൻ നേരിട്ട് കണ്ടുമുട്ടിയ കള്ളപ്രവാചകന്മാരെക്കുറിച്ചുള്ള കാര്യങ്ങളുമാണ് എഴുതിയിരിക്കുന്നത്. ഇവയൊന്നും വളരെക്കാലം മുൻപ് നടന്ന കാര്യങ്ങളല്ല. ഞാൻ ഈ കാര്യങ്ങൾ എഴുതാൻ ഒരു കാരണമുണ്ട്.

അടുത്തിടെ “സാക്ഷി” പത്രത്തിൽ ((തെലുഗു പത്രം-3-08-2010) വന്ന ഒരു വാർത്തയിൽ, ഒരു കുട്ടി രോഗി`യായി കിടന്നപ്പോൾ ഒരു പാസ്റ്ററും ഭാര്യയും അവന്‍റെ അമ്മയെ സമീപിച്ച് “മരുന്നുകൾ കൊണ്ട് നിങ്ങളുടെ മകന്‍റെ രോഗം മാറില്ല. ഞങ്ങൾക്ക് ഇരുപതിനായിരം രൂപയും 2 പവൻ സ്വർണ്ണവും തന്നാൽ ഞങ്ങൾ നിങ്ങളുടെ വീട്ടിലിരുന്ന് പ്രാർത്ഥിക്കാം, കുട്ടിയെ സുഖപ്പെടുത്താം” എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. ആ മകന്‍റെ അമ്മ അവർ ചോദിച്ച പണം നൽകിയെങ്കിലും ആ കുട്ടി മരണപ്പെട്ടു. ഗ്രാമവാസികൾ ആ പാസ്റ്ററെയും ഭാര്യയെയും മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ഈ വിഷയത്തിൽ പ്രധാനമായും പാസ്റ്ററുടെ ഭാഗത്താണ് തെറ്റെങ്കിലും, അജ്ഞതയിലുള്ള ജനങ്ങളെ ബോധവൽക്കരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി. “ഞാൻ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിയേണ്ടതിനു നീ അവനെ ഓർമപ്പെടുത്തീട്ടും അവൻ തന്‍റെ വഴി വിട്ടു തിരിയാഞ്ഞാൽ, അവൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു” യെഹെസ്കേൽ 33:8-9

ആർക്കെങ്കിലും രോഗശാന്തി ലഭിക്കണമെങ്കിൽ ദൈവഹിതത്തോടൊപ്പം മൂന്ന് കാര്യങ്ങൾ ആവശ്യമാണ്:
Wet eyes = കണ്ണീരുള്ള കണ്ണുകൾ
Bent Knees = മടക്കിയ മുട്ടുകൾ
Broken Heart = തകർന്ന ഹൃദയം

ഇങ്ങനെ ചെയ്യുന്ന പ്രാർത്ഥനയ്ക്ക് ദൈവം ഉടൻ തന്നെ മറുപടി നൽകും.

ഈ പുസ്തകം എഴുതാൻ ഞാൻ തുനിഞ്ഞപ്പോൾ പലരും എന്നെ നിരാശപ്പെടുത്തി. ‘അവർ അഭിഷേകം ലഭിച്ച ദൈവദാസന്മാരാണ്. അവരെ വിധിപ്പാൻ നിങ്ങള്‍ ആരാണ്?’ എന്ന് ചോദിച്ച് അവർ എന്നെ തടയാൻ ശ്രമിച്ചു.”

God himself does not propose to judge a man until he is dead so why should you? (ദൈവം പോലും ഒരു മനുഷ്യനെ അവൻ മരിക്കുന്നതുവരെ വിധിക്കാൻ മുതിരുന്നില്ല, പിന്നെന്തിനാണ് നിങ്ങള്‍ വിധിക്കുന്നത്?) എന്ന് ചിലരും,we are called to be witnesses, not lawyers or judges (നാം സാക്ഷികളാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്, വക്കീലന്മാരോ ജഡ്ജിമാരോ ആകാനല്ല) എന്ന് പറഞ്ഞു കൊണ്ട് മറ്റു ചിലരും എന്നെ നിരാശപ്പെടുത്തി. ഞാൻ വലിയൊരു മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. എങ്കിലും, എഴുതാൻ കർത്താവ് എന്നെ പ്രേരിപ്പിച്ചതുകൊണ്ട് ഞാൻ ഇത് എഴുതാൻ തുനിയുകയാണുണ്ടായത്.

പുറത്തുള്ളവരെ വിധിപ്പാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ. (1 കൊരിന്ത്യർ 5:12-13)
ഞാന്‍ ഇത് എഴുതിയതിനു ശേഷം തെന്നാലിയിലുള്ള ഒരു സഹോദരനെ കാണിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു. ‘ഇപ്പോൾ ഇതുപോലുള്ള പുസ്തകങ്ങളാണ് ആവശ്യം. നിങ്ങൾ ഇത് ഉടൻ തന്നെ പൂര്‍ത്തിയാക്കൂ’ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.

ഈ പുസ്തകം ഞാൻ ആരെയെങ്കിലും വിമർശിക്കാനോ, കുറവുകൾ ചൂണ്ടിക്കാണിക്കാനോ, വിധി പ്രസ്താവിക്കാനോ വേണ്ടിയല്ല എഴുതിയത്. ഇത്തരം വ്യാജപ്രവാചകന്മാർ ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ ഇത് ചെയ്യുന്നത്. ജനങ്ങളെ യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് എഴുതുന്നത്.

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത് യിരെമ്യാവ് 23:16

പല ആളുകളും കർത്താവ് ഞങ്ങളിലൂടെ സംസാരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ സ്വന്തം ചിന്തകളാണ് പറയുന്നത്. ദൈവം തങ്ങളെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് അവർ നിഷ്കളങ്കരായ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അവർ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

തെന്നാലിയിൽ ഒരു പരസ്യയോഗത്തിൽ ഒരു സ്ത്രീ പ്രവചിക്കുകയായിരുന്നു. 'ഇവിടെയുള്ള സ്ത്രീകളിൽ ഒരു സ്ത്രീ തന്‍റെ ഭർത്താവ് ഓഫീസിൽ പോകുമ്പോൾ അയൽക്കാരനുമായി വ്യഭിചാരത്തിൽ ഏർപ്പെടുന്നു. സഹോദരീ അരുത്, ആ കാര്യം ചെയ്യരുത്! ദൈവത്തിന്‍റെ ശാപത്തിന് ഇരയാകരുത്' എന്ന് അവർ പ്രവചിച്ചു പറഞ്ഞു. ഈ പ്രവചനം കാരണം ആ സഹോദരി തന്‍റെ മനസ്സ് മാറ്റിയോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ സംശയിക്കാൻ ഇത് കാരണമായി തീർന്നു.
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ (1 യോഹന്നാൻ 4:1).

മറ്റൊരു വ്യാജ പ്രവാചകൻ ഒരു പരസ്യയോഗത്തിൽ, “ഒരു യുവതിയും ഒരു യുവാവും ഒളിച്ചോടി പോകുന്നു” എന്ന് പറഞ്ഞു. ആ ഗ്രാമത്തില്‍ പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളും ആശങ്കാകുലരായിത്തീർന്നു. ആൺകുട്ടികളുടെ മാതാപിതാക്കളും തങ്ങളുടെ മകനാണോ ഈ ദുഷ്പ്രവൃത്തി ചെയ്യാൻ പോകുന്നത് എന്ന് സംശയിക്കാൻ തുടങ്ങി. ചുരുക്കത്തിൽ, ഈ പ്രവചനങ്ങൾ കൊണ്ട് സഭയ്ക്കോ വ്യക്തികൾക്കോ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. മാത്രമല്ല, അവ ആശയക്കുഴപ്പത്തിനും സംശയത്തിനും കാരണമാകുന്നു.

ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞ് എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു. യിരെമ്യാവ് 23:25.

കർത്താവ് പറഞ്ഞതുപോലെ, അത്തരം പ്രവാചകന്മാർ യഥാർത്ഥത്തിൽ ആട്ടിൻതോൽ ധരിച്ച കടിച്ചു കീറുന്ന ചെന്നായ്ക്കളാണ്. ഒരു ഗ്രാമത്തിൽ, എന്നെയും മറ്റൊരു പാസ്റ്ററെയും സുവിശേഷം പ്രസംഗിക്കാൻ ക്ഷണിച്ചു. ആ ഗ്രാമത്തിലെ നിരവധി ഹിന്ദു സഹോദരന്മാർ മൈക്കിലൂടെ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഞാൻ വചനം പ്രസംഗിച്ചതിനുശേഷം, പാസ്റ്റർ പ്രസംഗിക്കാനും പ്രവചിക്കാനും തുടങ്ങി.

അവിടെയുണ്ടായിരുന്ന സ്ത്രീകളിൽ മൂന്നുപേരുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ കർത്താവ് സൗഖ്യമാക്കുന്നുവെന്ന് അദ്ദേഹം പ്രവചിച്ചു പറഞ്ഞു. തെലുഗിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അങ്ങേയറ്റം ആക്ഷേപകരവുമായിരുന്നു. അതുകൊണ്ട് ആ ഗ്രാമത്തലവൻ യോഗം നടത്തുന്ന കൺവീനറെ വിളിച്ചിട്ട്: ‘നാളെ ആ പാസ്റ്റർ വന്നാൽ മൈക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല’ എന്ന് പറഞ്ഞു. തന്നെയുമല്ല, ‘നൂറു സ്ത്രീകൾ ഉള്ളപ്പോൾ മൂന്നുപേർക്ക് സ്ത്രീസഹജമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ? ഇത് ദൈവം വെളിപ്പെടുത്തുകയാണെന്ന് പറയേണ്ട കാര്യമെന്താണ്?’ എന്നും അദ്ദേഹം ചോദിച്ചു. അടുത്ത ദിവസം ആ പാസ്റ്ററെ അവർ ക്ഷണിച്ചില്ല. ഞാൻ മാത്രമാണ് അന്ന് ദൈവവചനം പങ്കുവെച്ചത്.

പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ. 2 പത്രൊസ് 1:19-21.

ഈ കള്ളപ്രവാചകന്മാർ പറയുന്ന പ്രവചനങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഒരു ഹാസ്യകഥയാണ് ഓർമ്മ വരുന്നത്. ഒരു ഗ്രാമത്തിൽ ഒരു കള്ളസന്യാസി ഉണ്ടായിരുന്നു. അയാൾ ജനങ്ങളോട് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരുന്നു. ആ ഗ്രാമത്തിൽ ബുദ്ധിമാനായ ഒരു യുവാവ് ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ ഗ്രാമത്തിലെ പ്രമുഖരോടൊപ്പം ഈ സന്യാസിയുടെ അടുക്കൽ വന്ന്: ‘എനിക്കും നിങ്ങളെപ്പോലെ ഭൂതവും വർത്തമാനവും ഭാവിയും പറയാൻ സാധിക്കും. ഞാൻ പറയുന്നത് തെറ്റാണെന്ന് തെളിഞ്ഞാൽ ഞാൻ നിങ്ങള്‍ക്ക് ആയിരം പൊൻനാണയങ്ങൾ തരാം. എന്നാൽ ഞാൻ പറയുന്നത് സത്യമാണെന്ന് സമ്മതിക്കുകയാണെങ്കിൽ നിങ്ങൾ എനിക്ക് ആയിരം പൊൻനാണയങ്ങൾ തരണം’ എന്ന് പറഞ്ഞു. അങ്ങനെ അയാൾ ഒരു പന്തയം വെച്ചു.

ആ സന്യാസി, ‘ഭൂതവും വർത്തമാനവും ഭാവിയും പറയാൻ ആർക്കും സാധിക്കില്ല. ഞാൻ വെറുതെ എന്തൊക്കെയോ ഊഹിച്ചാണ് പറയുന്നത്. ഈ യുവാവിനും അത് പറയാൻ കഴിയില്ല, അതുകൊണ്ട് എനിക്ക് ആയിരം പൊൻനാണയങ്ങൾ കിട്ടും.’ എന്ന് ഉള്ളിൽ സന്തോഷിച്ചുകൊണ്ട് ആ യുവാവിനോട്, ‘ശരി നീ എന്‍റെ ഭൂതകാലത്തെക്കുറിച്ച് ഒരു കാര്യവും വർത്തമാനകാലത്തെക്കുറിച്ച് ഒരു കാര്യവും, ഭാവിക്കാലത്തെക്കുറിച്ച് ഒരു കാര്യവും അങ്ങനെ മൂന്ന് കാര്യങ്ങൾ പറയണം. അതിൽ ഒന്നെങ്കിലും തെറ്റിയാൽ നീ എനിക്ക് ആയിരം പൊൻനാണയങ്ങൾ തരേണ്ടിവരും’ എന്ന് പറഞ്ഞു.

ആ യുവാവ് അതിന് സമ്മതിച്ചുകൊണ്ട് ‘ആദ്യം നിങ്ങളുടെ ഭൂതകാലം പറയാം. നിങ്ങൾ ജനിച്ചപ്പോൾ വളരെ ചെറുതായിരുന്നു’ എന്ന് പറഞ്ഞു. അത് തെറ്റാണെന്ന് പറയാൻ സന്യാസിക്ക് കഴിഞ്ഞില്ല, അതുകൊണ്ട് അയാൾ ‘ശരി, ഇനി വർത്തമാനകാലത്തെക്കുറിച്ച് പറയൂ’ എന്ന് പറഞ്ഞു. അപ്പോൾ യുവാവ് ‘നിങ്ങൾ ഉറങ്ങുമ്പോൾ കണ്ണുകൾ അടയ്ക്കാറുണ്ട്’ എന്ന് പറഞ്ഞു. സന്യാസി ഒന്ന് പതറിപ്പോയി, എന്നിട്ട് ‘ശരി, ഇനി ഭാവിക്കാലത്തെക്കുറിച്ച് ഒരു കാര്യം പറയൂ’ എന്ന് പറഞ്ഞു അപ്പോൾ ആ യുവാവ്, നിങ്ങളുടെ ആയുസ്സ് എത്രയെന്ന് ഞാൻ പറയാം, നിങ്ങൾ മരിക്കുന്നത് വരെ ജീവിച്ചിരിക്കും’ എന്ന് പറഞ്ഞു. സന്യാസി തന്‍റെ പരാജയം സമ്മതിച്ചുകൊണ്ട് ആ യുവാവിന് ആയിരം പൊൻനാണയങ്ങൾ നൽകി. ഈ കഥയിലെ യുവാവിനെപ്പോലെയും കള്ളസന്യാസിയെപ്പോലെയും പ്രവചനങ്ങൾ പറയുന്ന വ്യാജപ്രവാചകന്മാർ ഇന്ന് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു.

പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ (1 യോഹന്നാൻ 4:1).

ഒരു ചെറിയ പാസ്റ്റർ ഇതുപോലെ കള്ളപ്രവചനങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ തിരുത്തികൊണ്ട്, ‘നിങ്ങൾ പ്രവചനങ്ങൾ അവ്യക്തമായി പറയരുത്. കർത്താവ് അനന്യാസിനോട്, ‘നീ നേർ വീഥി എന്ന് പേരുള്ള തെരുവിൽ യുദായുടെ വീട്ടിൽ ചെന്ന് താർസോസ് കാരനായ പൗലോസ് (ശൗൽ) എന്നൊരാളെ അന്വേഷിക്കുക’ എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അതേ സമയം, അനന്യാസ് വന്ന് തനിക്ക് കാഴ്ച ലഭിക്കേണ്ടതിന് തന്‍റെ തലയിൽ കൈകൾ വെക്കുന്നത് ശൗലും ദർശനത്തിൽ കാണുകയുണ്ടായി.’ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:10.

കൊർന്നേല്യൊസിനോട്, കർത്താവിന്‍റെ ദൂതൻ “യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്ന് മറുപേരുള്ള ശിമോനെ വരുത്തുക; അവൻ കടൽക്കരയിൽ തോൽപ്പണിക്കാരനായ ശീമോന്‍റെ വീട്ടിൽ പാർക്കുന്നു” എന്നാണ് പറഞ്ഞത്.

പല കള്ളപ്രവാചകന്മാരും പേര് പറഞ്ഞ് വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവർ അവ്യക്തമായാണ് വിളിക്കുന്നത്‌. ഉദാഹരണത്തിന്, എന്നെ വിളിച്ചാൽ, 8-17-11 എന്ന ഡോർ നമ്പറിൽ താമസിക്കുന്ന കൊർന്നേലിയോസിന്‍റെ മകൻ മനോഹർ എന്ന് വിളിച്ചാൽ അത് കൃത്യമായിരിക്കും. ദൈവത്തിന് നമ്മുടെ മുഴുവൻ വിലാസവും അറിയാമല്ലോ? ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു യോഗത്തിൽ യോഹന്നാൻ, ലാസർ, മറിയ, രൂത്ത്, എസ്ഥേർ തുടങ്ങിയ പേരുകൾ ഉള്ളവർ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ? എന്‍റെ പ്രിയ വായനക്കാരേ, ഒരു നിമിഷം ഇതിനെക്കുറിച്ച് ചിന്തിക്കൂ.

വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടും വ്യർഥപ്രശംസകൊണ്ടും എന്‍റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. യിരെമ്യാവ് 23:32.

എന്‍റെ സഹോദരി (എന്‍റെ ഇളയമ്മയുടെ മകൾ), ഒരു ഗ്രാമത്തിൽ പാസ്റ്റർ പ്രാർത്ഥന ചെയ്ത് ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ പറയുന്നു എന്ന് എന്നോട് പറഞ്ഞു. കൂടെ വരണമെന്ന് അവൾ ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ അവളെയും കൂട്ടി അവിടെപ്പോയി. അവൾക്ക് ഒരുപാട് ആലോചനകൾ വന്നിട്ടും വിവാഹം നടക്കാത്തതിനാൽ അവളുടെ മാതാപിതാക്കൾ അല്‍പം സങ്കടത്തിലായിരുന്നു. ഞാൻ കൂട്ടിക്കൊണ്ടുപോയ ആ കള്ളപ്രവാചകൻ അവളെയോര്‍ത്ത് പ്രാർത്ഥിച്ചിട്ട് ‘ദൈവം നല്ല പഠിപ്പും നല്ല ജോലിയും നൽകാൻ പോവുകയാണ്. എന്നാൽ വിവാഹം ഇപ്പോൾ ഉണ്ടാകില്ല, ആദ്യം പഠിത്തം പൂർത്തിയാകണം’ എന്ന് പറഞ്ഞു.

ഇത് നടന്നിട്ട് ഇപ്പോൾ 14 വർഷങ്ങൾ കഴിഞ്ഞു. അവളുടെ വിവാഹം കഴിഞ്ഞു. എന്നാൽ അവൾക്ക് ജോലി കിട്ടിയില്ല, പോസ്റ്റ് ഗ്രാജുവേഷൻ (പി.ജി.) ചെയ്യാനും കഴിഞ്ഞില്ല. അവൾക്ക് അല്പം നിറം കുറവായതുകൊണ്ട് വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അയാൾ വെറുതെ ഊഹിച്ചു പറഞ്ഞതായിരുന്നു. ദൈവത്തിന്‍റെ വെളിപ്പാടൊന്നുമല്ല. എന്നാല്‍ അദ്ദേഹം ദൈവം എനിക്ക് വെളിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് എല്ലാ ഞായറാഴ്ചയും നൂറുകണക്കിന് ആളുകളെ ആകർഷിക്കാറുണ്ട്. സങ്കടകരമായ കാര്യം എന്തെന്നാൽ, ജനങ്ങൾ ഇപ്പോഴും അങ്ങനെയുള്ളവരുടെ വാക്കുകളെയാണ് വിശ്വസിക്കുന്നത് എന്നതാണ്.

ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവർ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. യിരെമ്യാവ് 27:15.

ഒരു പാസ്റ്റർ ആരുടെ വീട്ടിൽ ചെന്നാലും , ‘നിങ്ങൾക്ക് ചുറ്റും മൂന്ന് ദുരാത്മാക്കൾ ഉണ്ട്. അവയെ ഓടിക്കണമെങ്കിൽ മൂന്ന് ദിവസം നിങ്ങളുടെ വീട്ടിൽ ഉപവാസ പ്രാർത്ഥന നടത്തണം, ഞാൻ അത് ചെയ്യാം’ എന്ന് പറയും. അയാൾ തന്‍റെ ഭാര്യയോടൊപ്പം രാവിലെ വന്ന് വൈകുന്നേരം വരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. കുടുംബാംഗങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ പ്രാർത്ഥനയിൽ ഇരിക്കാം, അല്ലെങ്കിൽ അയാൾ ഒറ്റയ്ക്ക് ഇരിക്കും. വൈകുന്നേരം ഉപവാസം അവസാനിപ്പിച്ച് നല്ല രീതിയിൽ ഭക്ഷണം കഴിച്ച് അയാൾ പോകും. (ഇതിനിടയിൽ ആ വീട്ടുകാർ കൊടുക്കുന്ന ചായയും പഴച്ചാറുകളും കുടിക്കാറുമുണ്ട്). മൂന്ന് ദിവസത്തിന് ശേഷം ദുരാത്മാവ് ഓടിപ്പോയെന്ന് അയാൾ പറയും. ഒരുപക്ഷേ വീട്ടുകാരൻ പണക്കാരനാണെങ്കിൽ, ഈ ദുരാത്മാക്കളുടെ എണ്ണവും കൂടും!

ഒരിക്കൽ കുറെ പാസ്റ്റർമാർ എന്‍റെ വീട്ടിൽ വന്നു. ഞാൻ അവർക്കെല്ലാവർക്കും വേണ്ടി ഭക്ഷണം ഒരുക്കി. ഭക്ഷണം കഴിക്കുന്നതിന് മുൻപ് രണ്ടു മണിക്കൂർ നേരം പ്രാർത്ഥിക്കാമെന്ന് ഞങ്ങൾ നിശ്ചയിച്ചു. അതിനിടയിൽ ഒരു പാസ്റ്ററും ഭാര്യയും തങ്ങളുടെ സഭയിലെ വിശ്വാസികളോടൊപ്പം എന്‍റെ വീട്ടിലേയ്ക്ക് വന്നു. ഞങ്ങളെല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. ഒരു പാസ്റ്ററാണ് പൂർണ്ണമായും പ്രാർത്ഥന നയിച്ചത്. അദ്ദേഹം ചുരുങ്ങിയ രീതിയിൽ ദൈവവചനവും പങ്കുവെച്ചു.

അതിനുശേഷം ‘സിസ്റ്റർ, നിങ്ങൾ സമാപന പ്രാർത്ഥന ചെയ്യൂ’ എന്ന് പാസ്റ്ററുടെ ഭാര്യയോട് പറഞ്ഞു. എന്നാൽ അവർ അത് ചെയ്യാതെ, തന്‍റെ സഭയിലെ ഒരു വിശ്വാസിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. ആ വിശ്വാസി പ്രാർത്ഥിച്ചതിന് ശേഷം പാസ്റ്ററുടെ ആശീർവാദത്തോടെ അന്നത്തെ പ്രാർത്ഥനാ യോഗം അവസാനിച്ചു.

ഞാനും എന്‍റെ ഭാര്യയും കസേരകൾ ഇടുകയും അതിഥികൾക്ക് ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നപ്പോൾ, ആ പാസ്റ്ററുടെ ഭാര്യ എന്‍റെ അടുത്ത് വന്ന് 'ബ്രദർ! താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നു' എന്ന് പറഞ്ഞു. 'അതെന്താണ് സിസ്റ്റർ! അദ്ദേഹം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ചെയ്തില്ല. അഞ്ച് മിനിറ്റിന് ശേഷം ഇപ്പോൾ പ്രാർത്ഥിക്കാമെന്ന് പറയുന്നു. ശരി, ചെയ്തോളൂ' എന്നു പറഞ്ഞുകൊണ്ട് ഞാൻ കൈകൾ കെട്ടി, തല കുനിച്ച്, കണ്ണടച്ച് നിന്നു.

അതിന് അവർ ‘അങ്ങനെയല്ല ബ്രദർ. പായിൽ ഇരുന്ന് പ്രാർത്ഥിക്കാം’ എന്ന് പറഞ്ഞു. വന്ന അതിഥികൾക്ക് ഭക്ഷണ ക്രമീകരണങ്ങൾ ചെയ്യുന്നതിന്‍റെ പരിഭ്രമത്തിലായിരുന്നു ഞാൻ. അവർ പ്രാർത്ഥിക്കാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്ന് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാൻ പായ വിരിച്ച് മുട്ടുകുത്തി. അവരും മുട്ടുകുത്തി കുറച്ചുനേരം പ്രാർത്ഥിക്കുകയും, അന്യഭാഷകളിൽ സംസാരിച്ച് പ്രവചനം പറയാൻ തുടങ്ങുകയും ചെയ്തു. അവർ മൂന്ന് പ്രവചനങ്ങൾ പറഞ്ഞു.

1. നിന്‍റെ കടങ്ങളെല്ലാം ഞാൻ വീട്ടും.
2. നീ ആഗ്രഹിച്ചതുപോലെ ഞാൻ നിനക്ക് ഒരു ആൺകുഞ്ഞിനെ തന്നിരിക്കുന്നു. അതിനാൽ നീ അവനെ ദൈവവേലയ്ക്കായി സമർപ്പിക്കണം.
3. നിന്‍റെ ഭാര്യ നിനക്കൊരു തടങ്കൽ പാറയാണ്.

ഈ പ്രവചനങ്ങൾ കേട്ട ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം അവയെല്ലാം അസത്യങ്ങളായിരുന്നു.

1. ഞാൻ ഒരിക്കലും ഒരു കടവും വരുത്തിയിട്ടില്ല. റെയിൽവേയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും കടമെടുത്തിട്ടില്ല. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (Employees Co-Operative Society) ചേരുകപോലും ചെയ്തിട്ടില്ല.

2. ഞാൻ ഒരു മജീഷ്യനാണ്. എനിക്ക് അറിയാവുന്ന മാജിക് മുഴുവൻ ഒരു പെൺകുട്ടിയെ പഠിപ്പിക്കുകയാണെങ്കിൽ, ആ പെൺകുട്ടിക്ക് ഇന്ത്യയിൽ ഒന്നാം സമ്മാനം ലഭിക്കും. അതേസമയം ഒരു ആൺകുട്ടിയാണെങ്കിൽ ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരു പെൺകുട്ടി ജനിക്കുകയാണെങ്കിൽ അവളെ ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യത്തെ മജീഷ്യൻ ആക്കണമെന്ന ഉദ്ദേശത്തോടെ, എനിക്ക് ഒരു പെൺകുട്ടി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്‍റെ ഭാര്യ ഗർഭിണിയായ ഉടൻ തന്നെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത മനോഹരമായ ഒരു പെൺകുട്ടിയുടെ പേര് തിരഞ്ഞെടുത്തു. എന്നാൽ ദൈവം തന്‍റെ ഇഷ്ടപ്രകാരം എനിക്ക് ഒരു ആൺകുട്ടിയെയാണ് നൽകിയത്. ഞാൻ ദൈവത്തോട് 'ഇതെന്താണ്?' (ഹീബ്രു ഭാഷയിൽ “മന്നാ”) എന്ന് ചോദിച്ചു. ഞങ്ങളുടെ മകന്‍റെ പേര് 'മന്നാ' എന്നാണ്.

3. ഞാൻ എഴുതുന്ന കഥകൾ അക്കാലത്ത് എന്‍റെ ഭാര്യയായിരുന്നു പകർത്തിയെഴുതിയിരുന്നത്. ഫെയർ കോപ്പി ചെയ്യലും റഫറൻസുകൾ തിരയലുമെല്ലാം അവളുടെ ജോലിയായിരുന്നു. ഭാര്യ സഹകരിച്ചിരുന്നില്ലെങ്കിൽ 75 പുസ്തകങ്ങൾ എഴുതുക എന്നത് എനിക്ക് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ജോലി രാജിവെക്കാൻ ഭാര്യയുടെ സഹകരണം ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നോ? അതുകൊണ്ട് അവൾ പ്രവചിച്ചതെല്ലാം അസത്യങ്ങളാണെന്ന് വ്യക്തമാകുന്നു.

പിറ്റേദിവസം ഞാൻ അവരുടെ വീട്ടിൽ പോയി ഒരു മണിക്കൂറോളം ഇരുന്ന്, ‘നിങ്ങൾക്ക് ദൈവത്തിന്‍റെ ആത്മാവ് ഏതാണെന്നോ മനുഷ്യന്‍റെ ആത്മാവ് ഏതാണെന്നോ തിരിച്ചറിയാൻ കഴിയുന്നില്ല; നിങ്ങളുടെ സ്വന്തം ചിന്തകളെയാണ് ദൈവം പറഞ്ഞതായി നിങ്ങൾ പറയുന്നത്’ എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല.

പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോട് ഒരു കൈയായി നിന്ന് അധികാരം നടത്തുന്നു; എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും? യിരെമ്യാവ് 5:31

ഞാൻ ജോലി ചെയ്തിരുന്ന കാലത്ത്, ഓരോ ക്രിസ്മസ് കാലത്തും അവിശ്വാസികളോട് സുവിശേഷം പറയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ സെമി-ക്രിസ്മസ് ആഘോഷങ്ങൾ നടത്താറുണ്ടായിരുന്നു. എന്നാൽ ഓഫീസിലുള്ള മറ്റ് ക്രിസ്ത്യാനികൾ അവരവരുടെ പാസ്റ്റർമാരെ ക്ഷണിക്കണമെന്ന് പറഞ്ഞ് ശാഠ്യം പിടിക്കുകയും പരസ്പരം നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. അവരിൽ ചിലർ സഭകളിലെ മൂപ്പന്മാരായിരുന്നു. അവർ പ്രശസ്തരായ പാസ്റ്റർമാരെ ക്ഷണിച്ചുവരുത്തുകയും, ഓഫീസിലുള്ളവരിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിൽ ഭൂരിഭാഗവും അവർക്ക് നൽകുകയും ചെയ്യുമായിരുന്നു. അതിനുശേഷം സ്വന്തം സഭകളിൽ യോഗങ്ങൾ നടത്തുമ്പോൾ ഇതേ ദൈവദാസന്മാരെത്തന്നെയായിരുന്നു അവർ ക്ഷണിച്ചിരുന്നത്.

അതുകൊണ്ട് 'ഞങ്ങളുടെ പാസ്റ്ററെ വിളിക്കൂ, ഞങ്ങളുടെ പാസ്റ്ററെ വിളിക്കൂ' എന്ന് പറഞ്ഞ് വലിയ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടായിരുന്നു. ഒരിക്കൽ, തങ്ങളുടെ പാസ്റ്ററെ വിളിക്കാത്തതിൽ കോപിച്ച് ഒരാൾ ആ പരിപാടി മുഴുവനും തകിടം മറിക്കുക പോലുമുണ്ടായി. അതുകൊണ്ട് തൊട്ടടുത്ത വർഷം അദ്ദേഹം നിർദ്ദേശിച്ച പാസ്റ്ററെത്തന്നെ ഞങ്ങൾ ക്ഷണിച്ചു. എന്നാൽ അദ്ദേഹം ഓഫീസിന്‍റെ അടുത്തേയ്ക്ക് വന്നപ്പോൾത്തന്നെ എനിക്ക് രൂക്ഷമായ ചാരായത്തിന്‍റെ മണം അനുഭവപ്പെട്ടു. മാത്രമല്ല, അദ്ദേഹം സ്റ്റേജിൽ വെച്ചുതന്നെ അവിടെയുണ്ടായിരുന്ന മറ്റൊരു പ്രസംഗകനുമായി വഴക്കിടുകയും, ആ പ്രസംഗകൻ പരിപാടിയുടെ ഇടയില്‍ തന്നെ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു. 2 തെസ്സലൊനീക്യർ 2:11-12

ഇങ്ങനെയുള്ളവർ മൂലമാണ് കർത്താവിന്‍റെ നാമം ജാതികളുടെ ഇടയിൽ ദൂഷിക്കപ്പെടുന്നത്. ഗുണ്ടൂർ ജില്ലയിൽ രണ്ട് പാസ്റ്റർമാരുണ്ട്. അവർ രണ്ടുപേരും സഹോദരങ്ങളാണ്. പല അവസരങ്ങളിലും അവർ രണ്ടുപേരും സഭയിൽ എഴുന്നേറ്റുനിന്ന് പ്രവചനങ്ങൾ പറയാറുണ്ട്. അതിൽ ഒരാൾ അന്യഭാഷകളിൽ സംസാരിക്കുമ്പോൾ, മറ്റെയാള്‍ അത് തെലുഗിലേക്ക് വ്യാഖ്യാനിച്ച് സഭയോട് സംസാരിക്കും.

ഇവരിൽ രണ്ടുപേരിലും തെലുഗിൽ പറയുന്ന ആള്‍ക്കാണ് ഏറ്റവും പ്രയാസം. കാരണം, അന്യഭാഷയിൽ സംസാരിക്കുന്ന വ്യക്തി എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും; അതിന് അർത്ഥവത്തായ വാക്കുകൾ അയാള്‍ കണ്ടെത്തണം. ഒരു ദിവസം ഈ പരിപാടി മുഴുവനായും ആരോ വീഡിയോയിൽ പകർത്തി. ഞാൻ ആ വീഡിയോ കണ്ടപ്പോൾ ഇതെല്ലാം വെറും തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി.

ജ്യേഷ്ഠൻ ഒരു വാക്ക് പറഞ്ഞു. അനിയൻ അതിനെ 'നിങ്ങൾ ദൈവത്തിന്‍റെ വചനത്തെ അവഗണിക്കരുത്' എന്ന് തർജ്ജമ ചെയ്തു. ജ്യേഷ്ഠൻ രണ്ടാമതും തികച്ചും വ്യത്യസ്തമായ മറ്റൊരു വാക്ക് പറഞ്ഞു. അനിയൻ വീണ്ടും 'നിങ്ങൾ ദൈവത്തിന്‍റെ വചനത്തെ അവഗണിക്കരുത്' എന്ന് തന്നെ ആവർത്തിച്ചു. അതോടെ ഇത് കള്ളത്തരമാണെന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി. സത്യത്തിൽ അനിയൻ തർജ്ജമ ചെയ്യുകയാണെങ്കിൽ, ഒരേ തെലുഗ് വാക്യത്തിന് രണ്ട് വ്യത്യസ്ത ശബ്ദങ്ങൾ എങ്ങനെയാണ് ജ്യേഷ്ഠൻ ഉച്ചരിക്കുന്നത്?

ഉദാഹരണത്തിന്, ഒരാൾ ഇംഗ്ലീഷിൽ 'God is Great' എന്ന് പറഞ്ഞു. തർജ്ജമ ചെയ്യുന്നയാൾ 'ദൈവം വലിയവനാണ്' എന്ന് പറഞ്ഞു. അടുത്തതായി അയാൾ ഇംഗ്ലീഷിൽ 'God is Gracious' എന്ന് പറഞ്ഞു. തർജ്ജമ ചെയ്യുന്നയാൾ വീണ്ടും 'ദൈവം വലിയവനാണ്' എന്ന് തന്നെ പറഞ്ഞു. അപ്പോൾ അയാൾ പറയുന്നത് കള്ളമാണെന്ന് നമുക്ക് മനസ്സിലാകുമല്ലോ?

അവരെ രണ്ടുപേരെയും കണ്ടപ്പോൾ കുട്ടിക്കാലത്ത് ഞാൻ ക്രിസ്മസിന് അഭിനയിച്ച ഒരു നാടകമാണ് എനിക്ക് ഓർമ്മ വന്നത്. ആ നാടകത്തിൽ എന്നെ ഒരു ആഫ്രിക്കൻ സ്വദേശിയെപ്പോലെയാണ് മേക്കപ്പ് ചെയ്യിച്ചിരുന്നത്. പരിപാടി തുടങ്ങിയപ്പോൾ ഞങ്ങളുടെ പാസ്റ്റർ മൈക്കിന് മുന്നിൽ നിന്നുകൊണ്ട്, ‘നമ്മുടെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അപ്രതീക്ഷിതമായി ഒരു ആഫ്രിക്കൻ വ്യക്തി നമ്മുടെ ഇടയിലേക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന് തെലുഗ് അറിയില്ല. ആഫ്രിക്കയിലെ ലൂംബ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഭാഗ്യവശാൽ എന്‍റെ മകൻ ജെയിംസ് കുറച്ചുമാസങ്ങൾ ആ ലൂംബ ഗോത്രക്കാർക്കിടയിൽ ജീവിച്ചിട്ടുള്ളതുകൊണ്ട് അവന് ആ ഭാഷ അറിയാം. ജെയിംസ് അദ്ദേഹത്തിന്‍റെ വാക്കുകൾ നമുക്ക് തെലുഗിലേക്ക് തർജ്ജമ ചെയ്തു തരും’ എന്ന് പറഞ്ഞു. പാസ്റ്റർ ഇത് പറഞ്ഞയുടൻ ആഫ്രിക്കൻ വേഷം ധരിച്ച ഞാൻ സ്റ്റേജിലേക്ക് വന്നു. ജെയിംസും സ്റ്റേജിലേക്ക് കയറിവന്നു.

ഞാൻ: ‘ജിംബാഹോ ജിംബ’
ജെയിംസ്: ‘നിങ്ങൾക്കെല്ലാവർക്കും വന്ദനം’
ഞാൻ: ‘കഞ്ചികോ നപഞ്ചി സമഞ്ച ആഫ്രിക്ക റപോള ക്രിസ്മസ്’
ജെയിംസ്: ‘ആഫ്രിക്കയുടെ പേരിൽ നിങ്ങൾക്ക് ക്രിസ്മസ് ആശംസകൾ’
ഞാൻ: ‘സിമ്മകു നകേഷു സലാഫനാ റഫംഗി കിരോഷ്’
ജെയിംസ്: ‘ഈ ഒരു ആഘോഷം മാത്രമാണ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നത്.’

ഈ നാടകത്തിൽ എനിക്ക് ഒന്നുംതന്നെ മനപ്പാഠമാക്കേണ്ടി വന്നിരുന്നില്ല ഞാൻ തോന്നിയതുപോലെ ശബ്ദങ്ങൾ ഉണ്ടാക്കുകയായിരുന്നു. എന്നാൽ ജെയിംസിന് തന്‍റെ ഭാഗങ്ങളെല്ലാം കൃത്യമായി മനപ്പാഠമാക്കേണ്ടി വന്നു. പരിശുദ്ധാത്മാവിന്‍റെ പേരിൽ ഇങ്ങനെയുള്ള തട്ടിപ്പുകൾ കാണിക്കുന്നത് എത്രയോ ശോചനീയമാണ്.

അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ രണ്ടാം അധ്യായത്തിൽ അവർ പരിശുദ്ധാത്മാവിൽ സംസാരിച്ചപ്പോൾ; പാർത്ഥർ, മേദ്യർ, ഏലാമ്യർ, മെസൊപ്പൊട്ടാമിയ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ആസ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്ത് എന്നീ ദേശങ്ങളിൽ ഉള്ളവരും, കുറേനെക്ക് അടുത്ത ലിബ്യാപ്രദേശങ്ങളിൽ പാർക്കുന്നവരും, റോമയിൽ നിന്ന് പ്രവാസികളായി വന്നവരും, യെഹൂദന്മാരും യെഹൂദമതാനുസാരികളും, ക്രേത്യരും അറബിക്കാരും ആയ എല്ലാവരും ‘ഇവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്‍റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നത് നമ്മൾ കേൾക്കുന്നുവല്ലോ’ എന്ന് പരസ്പരം പറഞ്ഞു (അപ്പൊ. പ്രവൃത്തികൾ 2:9-11).

എന്നാൽ ഇന്നത്തെ പ്രവാചകന്മാർ സംസാരിക്കുമ്പോൾ അവർ ദൈവത്തിന്‍റെ വൻകാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നില്ല. അവർ തങ്ങളുടെ വാക്കുകളിൽ ‘സഭയേ ഭയപ്പെടേണ്ട, ഞാൻ നിന്നെ ഉയർത്തും, നിന്നെ ശക്തമായൊരു ജനമാക്കും’ എന്ന ഒരേ കാര്യം തന്നെ എല്ലാ ആഴ്ചയും ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാൽ പത്തു വർഷങ്ങൾ കഴിഞ്ഞാലും ആ സഭയിൽ ഒരു ആത്മാവുപോലും പുതുതായി കടന്നുവരുന്നതായോ രക്ഷിക്കപ്പെടുന്നതായോ നാം കാണുന്നില്ല. മാത്രമല്ല, ആ സഭയിലുള്ളവർ തന്നെ ഭിന്നിച്ച് മറ്റൊരു ഗ്രൂപ്പായി മാറി പുതിയ ഒരു സഭ രൂപപ്പെടുകയും ചെയ്യുന്നു.

യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാർ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു (യിരെമ്യാവ് 14:14).

പലരും 'ഞങ്ങൾ കർത്താവിനുവേണ്ടി ജീവൻ കൊടുക്കും' എന്ന് പറഞ്ഞു കൊണ്ട് സ്റ്റേജിൽ കയറി വലിയ ഗംഭീര പ്രസംഗങ്ങൾ നടത്താറുണ്ട്. അവർ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് സംസാരിക്കുന്നതാണോ, അതോ പുതുവീഞ്ഞ് കുടിച്ച് മത്തരായി സംസാരിക്കുന്നതാണോ എന്ന് എനിക്കറിയില്ല; എന്നാൽ അവർ ദൈവത്തിനുവേണ്ടി ഒരു നേരം ഉപവസിക്കാന്‍ പോലും തയ്യാറാകുന്നവരല്ല. ഒരു രൂപ പോലും കൊടുക്കുകയുമില്ല. പത്രങ്ങളിലും ക്രൈസ്തവ മാസികകളിലും തങ്ങളുടെ ഫോട്ടോകൾ അച്ചടിപ്പിക്കുന്ന ചിലര്‍. 'ഞാൻ ഇരുപതിനായിരം അനാഥക്കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, രണ്ടായിരം വൃദ്ധർക്ക് അഭയം നൽകുന്നുണ്ട്, പ്രളയബാധിതർക്ക് 5 ലോറി നിറയെ വസ്ത്രങ്ങളും, പുതപ്പുകളും, പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകി' എന്നൊക്കെ പത്രമാധ്യമങ്ങളിലൂടെ അവർ വീമ്പു പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിൽ നിന്ന് ഒരു പൈസ പോലും അവർ ഇതിനായി ചിലവഴിച്ചിട്ടുണ്ടാകില്ല.

ഇവരുടെ മുത്തശ്ശനും എന്‍റെ മുത്തശ്ശനും ഏതാണ്ട് ഒരേ സാമ്പത്തിക നിലയിലായിരുന്നവരാണ്. സത്യം പറഞ്ഞാൽ, എന്‍റെ മുതുമുത്തശ്ശൻ പശ്ചിമ ഗോദാവരി ജില്ലയിലെ പെനുമൻട്ര ഗ്രാമത്തിൽ ആദ്യമായി ഒരു വലിയ മാളിക വീട് നിർമ്മിച്ച വ്യക്തിയാണ്. അദ്ദേഹം 1940-കളിൽ റംഗൂണിൽ പോയി ഒരു ചാക്ക് നിറയെ വെള്ളി രൂപ നാണയങ്ങളുമായി (ആ കാലത്ത് പേപ്പർ നോട്ടുകൾ ഇല്ലാതിരുന്നതിനാൽ വെള്ളി നാണയങ്ങളായിരുന്നു) ഇന്ത്യയിലേക്ക് മടങ്ങിവന്നു. ആ കാലത്തുതന്നെ അദ്ദേഹം വെള്ളി പാത്രങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. നിലവിൽ ആ വെള്ളി പാത്രങ്ങള്‍ (എനിക്ക് എന്‍റെ മുത്തശ്ശന്‍റെ പേരിട്ടതുകൊണ്ട്) എന്‍റെ പക്കലുണ്ട്. അത്രയും വലിയ ധനവാന്‍റെ കൊച്ചുമകനായ ഞാൻ ഇന്ന് ഒരു സാധാരണക്കാരനായി ജീവിക്കുന്നു. എന്നാൽ ഇവർ എങ്ങനെയാണ് കോടിക്കണക്കിന് രൂപയും, നിരവധി ആഡംബര മന്ദിരങ്ങളും, ഭൂസ്വത്തുക്കളും സമ്പാദിച്ചുകൂട്ടിയത്? ഇവരുടെ മക്കൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പഠിക്കുന്നു. ഇവർക്ക് വിലകൂടിയ കാറുകളും എസി മുറികളും എങ്ങനെ ലഭിച്ചു?

ഒരിക്കൽ ഒരു പോസ്റ്റ്മാൻ എനിക്ക് ഒരു മണി ഓർഡർ (M.O.) കൊണ്ടുതന്നു. ഹൈദരാബാദിലുള്ള എന്‍റെ പിതാവാണ് ആ മണി ഓർഡർ എനിക്ക് അയച്ചുതന്നത്. ആ 1000 രൂപ എന്‍റെ കയ്യിൽ തന്നത് പോസ്റ്റ്മാനാണ്. ഇവിടെ ഞാൻ ആരെയാണ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്? എന്‍റെ പിതാവിനെയോ, അതോ പോസ്റ്റ്മാനെയോ? എന്നാൽ ഇന്ന് ജനങ്ങളെല്ലാം പോസ്റ്റ്മാനെയാണ് പുകഴ്ത്തുന്നത്. ഇവർ വരുമ്പോൾ വലിയ വലിയ കട്ടൗട്ടുകളും ഫ്ലെക്സ് ബാനറുകളും സിനിമാ താരങ്ങളേക്കാൾ കൂടുതൽ നഗരങ്ങളിൽ കാണാം. ഇവരുടെ പരസ്യപ്രചാരണങ്ങൾക്കായി എത്രയോ ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്. പത്രങ്ങളിൽ എത്രയോ പേജുകളിലാണ് ഇവരുടെ ഫോട്ടോകൾ വരുന്നത്. പ്രത്യേകിച്ച് ക്രൈസ്തവ മാസികകളിൽ ദൈവവചനത്തിനോ ക്രൈസ്തവ കഥകൾക്കോ സ്ഥാനമില്ലാതായിരിക്കുന്നു. ഇവരുടെ ചിത്രങ്ങൾ കൊണ്ട് മാത്രമാണ് പേജുകൾ നിറയുന്നത്. ഇത്രമാത്രം പ്രശസ്തിയും പരസ്യവും ആവശ്യമുണ്ടോ? വിവേകമുള്ളവർ ചിന്തിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

“ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്കയത്രേ വേണ്ടത്”( എഫെസ്യർ 5:11).

“പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം” (തീത്തൊസ് 1:9)

ടിവി പ്രസംഗകർ ട്രെയിനുകളിലെ എസി കോച്ചുകളിലല്ലാതെ സെക്കൻഡ് ക്ലാസ്സിൽ യാത്ര ചെയ്യാറില്ല. ഞാൻ ഒരു റെയിൽവേ ജീവനക്കാരനായതുകൊണ്ട് എനിക്ക് ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള പാസ്സ് ഉണ്ട്. ഞാൻ എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇത്തരം ടിവി പ്രസംഗകരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ അവർക്ക് ഫോൺ കോളുകൾ വരും.

ആരോ ഫോൺ ചെയ്ത് തങ്ങളുടെ മകന് സുഖമില്ല വളരെ സീരിയസ് ആണെന്ന് പറയുന്നത് കേൾക്കാം. ഉടനെ ഇവർ 'അതെയോ! ഞാൻ പ്രാർത്ഥിക്കാം' എന്ന് പറയുമെങ്കിലും ഫോണിലൂടെ പ്രാർത്ഥിക്കുകയില്ല, അതിനുശേഷവും ഒരു നിമിഷം പോലും അവർക്കായി പ്രാർത്ഥിക്കുകയില്ല; പകരം സെൽഫോൺ പോക്കറ്റിലിട്ടുകൊണ്ട് 'പറയൂ മനോഹർ! നമ്മൾ എവിടെയാണ് നിർത്തിയത്?' എന്ന് ചോദിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങും. ഫോൺ ചെയ്തവർക്കായി ഒരു നിമിഷം പോലും അവർ പ്രാർത്ഥിക്കാറില്ല. 'നിങ്ങളുടെ പ്രാർത്ഥനാ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കാം' എന്ന് പറയാറുണ്ടെങ്കിലും അവർ പ്രാർത്ഥിക്കാറേയില്ല. ഞാൻ പലതവണ നേരിട്ട് ഈ കാഴ്ച കണ്ടിട്ടുള്ളതാണ്.

സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു. (2 തെസ്സലൊനീക്യർ 3:6)

ആർക്കെങ്കിലും രോഗം വരികയാണെങ്കിൽ, തങ്ങളുടെ പ്രാദേശിക സഭയിലെ പാസ്റ്ററെയും സഭാ മൂപ്പന്മാരെയും വിളിച്ചുവരുത്തി കർത്താവിന്‍റെ നാമത്തിൽ അവരെക്കൊണ്ട് എണ്ണ പൂശി പ്രാർത്ഥിപ്പിക്കേണ്ടതാണ്, എന്നാൽ പലരും വളരെ നിഷ്കളങ്കമായി, 'ഞങ്ങൾ ടിവി പ്രസംഗകരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് മെസ്സേജ് അയച്ചിട്ടുണ്ടല്ലോ' എന്ന് കരുതി തങ്ങളുടെ പ്രാദേശിക സഭാ പാസ്റ്ററെ പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്.ചില ടിവി പ്രസംഗകരാകട്ടെ, കൂലിക്ക് ആളുകളെ വെച്ചാണ് പ്രാർത്ഥനാ ആവശ്യങ്ങൾക്കായി പ്രാർത്ഥിപ്പിക്കുന്നത്. നിങ്ങളുടെ സ്വന്തം സഭാ പാസ്റ്റർക്ക് നിങ്ങളോടുള്ള അത്രയും ഉത്തരവാദിത്തവും ഭാരവും മറ്റാർക്കെങ്കിലും ഉണ്ടാകുമോ?

“അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു” (അപ്പൊ. പ്രവൃത്തികൾ 17:11).

ചിലർ തിരുവചനത്തില്‍ യാതൊരു ആധാരവുമില്ലാത്ത കാര്യങ്ങളാണ് പ്രസംഗിക്കുന്നത്. തങ്ങൾ എന്തോ വലിയ ഗവേഷണം നടത്തി പറയുകയാണെന്ന് ജനങ്ങൾ കരുതാൻ വേണ്ടി അവർ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കുന്നു. അവയിൽ ചിലത് ഞാൻ താഴെ പറയുന്നു; വിവേകമുള്ളവർ ചിന്തിക്കട്ടെ:

1. യേശുവിന്‍റെ ബ്ലഡ് ഗ്രൂപ്പ് ‘എ പോസിറ്റീവ്’ (A+) ആണ്.
2. മുള്‍കിരീടം ധരിപ്പിച്ചപ്പോൾ 108 ഇടങ്ങളിൽ മുറിവുകളുണ്ടായി.
3. യേശു കർത്താവിനെ 39 ചമ്മട്ടിയടി അടിച്ചപ്പോൾ 512 ഇടങ്ങളിൽ മുറിവുകളുണ്ടായി. (ഈ വാക്ക് പറഞ്ഞയാൾ യേശുവിന്‍റെ അരികിൽ നിന്ന് എണ്ണുകയായിരുന്നോ?) യഹൂദന്മാർക്ക് 39 അടികൾ മാത്രമേ അടിക്കാൻ അനുവാദമുള്ളൂ. എന്നാൽ റോമാക്കാർക്ക് ആ പരിധി ബാധകമല്ല.
4. യൂദാ ഈസ്കര്യോത്താ യേശുവിനെ രാജാവായി അഭിഷേകം ചെയ്യാൻ 3 തവണ ശ്രമിച്ചു. (‘കരുണാമയുഡു’ എന്ന സിനിമ കണ്ടിട്ട് പറഞ്ഞുണ്ടാക്കിയ വാക്കുകൾ)
5. നിയമപെട്ടകം കാൽവരി മലയുടെ അടിവാരത്തിൽ ഭൂമിക്കടിയിൽ കുഴിച്ചിടപ്പെട്ടിരിക്കുകയാണ്.
6. ക്രൂശിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം ഈ നിയമപെട്ടകത്തിന്മേൽ വീണു.
7. യൂദാ ഈസ്കര്യോത്താ, ബറബ്ബാസ്, ക്രൂശിക്കപ്പെട്ട കള്ളന്മാർ എന്നിവരെല്ലാം സഹോദരന്മാരായിരുന്നു.

ഇവരെക്കുറിച്ച് ഭക്തനായ പത്രോസ്...”
“എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല” (2 പത്രൊസ് 2:1-3).

പ്രസംഗവേദിയിൽ നിന്ന് കൊണ്ട് ഇവർ ദൈവത്തിന്‍റെ വചനത്തേക്കാൾ കൂടുതൽ തങ്ങളെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. ഒരു പാസ്റ്റർ പറഞ്ഞ കഥ ശ്രദ്ധിച്ചു വായിക്കുക: “ഒരു യുവാവിന് ഹൈദരാബാദിൽ ഒരു ജോലിക്ക് ഇന്റർവ്യൂവിന് വരാൻ ആവശ്യപ്പെട്ടുകൊണ്ട് കോൾ ലെറ്റർ വന്നു. അവൻ ആ ലെറ്ററുമായി എന്‍റെ അടുക്കൽ വന്നു. ഞാൻ പ്രാർത്ഥിച്ചിട്ട്, ‘മകനേ! നിനക്ക് നല്ലത് വരുമെന്ന് ദൈവം എനിക്ക് വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് പറഞ്ഞു. ആ പയ്യൻ ഹൈദരാബാദിലേക്ക് പോകാൻ ഗോദാവരി എക്സ്പ്രസ്സിൽ റിസർവേഷൻ ചെയ്തു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഗോദാവരി എക്സ്പ്രസ്സ് പോയിരുന്നു. പിന്നീട് വന്ന ഗൗതമി എക്സ്പ്രസ്സിന്‍റെ ജനറൽ ബോഗിയിൽ കയറി അവൻ ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു. അവന്‍റെ എതിർവശത്ത് ഒരു മാന്യനായ വ്യക്തി ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം ഈ യുവാവിനോട് സംസാരിക്കാൻ തുടങ്ങി.

സംസാരമധ്യേ, താൻ ഒരു ജോലിക്ക് ഇന്റർവ്യൂവിന് പോവുകയാണെന്ന് ആ യുവാവ് പറഞ്ഞു. ആ വലിയ മനുഷ്യൻ താനാണ് ആ കമ്പനിയുടെ റിക്രൂട്ടിംഗ് ഓഫീസർ എന്ന് പറയുകയും, അവന്‍റെ കോൾ ലെറ്റർ വാങ്ങി അതിന്മേൽ ‘Selected’ എന്ന് എഴുതുകയും ചെയ്തു. തുടർന്ന്, ‘നീ വറങ്കലിൽ ഇറങ്ങി തിരികെ പോയി നിന്‍റെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വരൂ’ എന്ന് അവനോട് പറഞ്ഞു. ആ യുവാവ് വറങ്കലിൽ ഇറങ്ങി തിരികെ വിജയവാഡയിൽ വന്ന് തന്‍റെ മാതാപിതാക്കളെയും കൂട്ടി ഹൈദരാബാദിൽ അദ്ദേഹം പറഞ്ഞ വിലാസത്തിലുള്ള വീട്ടിലേക്ക് പോയി. ആ മാന്യനായ വ്യക്തി അവന്‍റെ മാതാപിതാക്കളെ കണ്ടപ്പോൾ: ‘ഞാൻ നിങ്ങളുടെ മകന് ജോലി നൽകിക്കഴിഞ്ഞു. എന്നാൽ ഞാന്‍ എന്‍റെ മകളെ നിങ്ങളുടെ മകന് വിവാഹം കഴിച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് ആ കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ നിങ്ങളെ വിളിച്ചു വരുത്തിയത്’ എന്ന് പറഞ്ഞു.

ഇതിലെ നുണകൾ.
1. ഒരു ജോലിക്ക് ഇൻറ്ർവ്യൂന് പോകുന്ന വ്യക്തി വലിയ മാനസിക സമ്മർദ്ദത്തിലായിരിക്കും. ഗോദാവരി എക്സ്പ്രസ്സിൽ റിസർവേഷൻ ചെയ്തിട്ടുള്ള ഒരാൾ സാധാരണയായി അരമണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തിയിരിക്കും. അങ്ങനെയുള്ള ഒരാൾക്ക് ട്രെയിൻ മിസ്സ് ആകില്ല.
2. ഞാൻ ഒരു സാധാരണ റെയിൽവേ ജീവനക്കാരനാണ്. എന്നിട്ടുപോലും ഞാൻ എസി കോച്ചുകളിലല്ലാതെ യാത്ര ചെയ്യാറില്ല. അങ്ങനെയെങ്കിൽ അത്രയും വലിയ ഒരു റിക്രൂട്ടിംഗ് ഓഫീസർ ജനറൽ ബോഗിയിൽ യാത്ര ചെയ്യുമോ?
3. സാധാരണയായി ഒരു ഇന്റർവ്യൂ ബോർഡിൽ മൂന്ന് ഓഫീസർമാർ ഉണ്ടാകും. അവർ വെവ്വേറെ ചോദ്യങ്ങൾ ചോദിക്കുകയും ഓരോരുത്തർക്കും തോന്നുന്ന മാർക്കുകൾ നൽകുകയും ചെയ്യും. ആ മാർക്കുകളെല്ലാം കൂട്ടിക്കിഴിച്ച് ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നയാൾക്കാണ് ജോലി നൽകുക. എന്നാൽ ഈ കഥയിലെ റിക്രൂട്ടിംഗ് ഓഫീസർ ഈ നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഒറ്റയ്ക്ക് അപ്പോയിന്റ്മെന്റ് ഓർഡർ നൽകിയിരിക്കുന്നു.
4. ട്രെയിനിൽ വെച്ച് കണ്ടുമുട്ടിയ ആരോ ഒരാൾ ‘ഞാനാണ് നിന്‍റെ റിക്രൂട്ടിംഗ് ഓഫീസർ’ എന്ന് പറഞ്ഞപ്പോൾ, ഈ യുവാവ് യാതൊരു സംശയവുമില്ലാതെ അത് വിശ്വസിച്ച് വറങ്കലിൽ ഇറങ്ങി തിരികെ വിജയവാഡയ്ക്ക് പോകുന്നു.
5. ആ യുവാവ് എങ്ങനെയുള്ളവനാണെന്ന് പോലും കൃത്യമായി അന്വേഷിച്ചറിയാതെ, ഈ റിക്രൂട്ടിംഗ് ഓഫീസർ സ്വന്തം മകളെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായി.
6. ഒരു റിക്രൂട്ടിംഗ് ഓഫീസർക്ക് സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ, തന്‍റെ സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിച്ചു വരുന്ന ഒരു കൂലിവേലക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ?

ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ അവിടെയിരുന്ന ജനങ്ങളെല്ലാവരും കൈയ്യടിക്കുകയായിരുന്നു.
“നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വന്നിട്ട് നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്‍റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാൻ പ്രാർഥിക്കുന്നു” (ഫിലിപ്പിയർ 1:9-11)

അതേ പാസ്റ്റർ 'ഒരിക്കൽ ഞാൻ ഒരു സ്ത്രീയുടെ വീട്ടിൽ ചെന്നപ്പോൾ, പ്രാർത്ഥിക്കുന്ന കാര്യത്തിൽ അവര്‍ തികഞ്ഞ അനാസ്ഥ കാണിച്ചു. അതിന്‍റെ ഫലമായി അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കേൾക്കൂ.' എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

'ഒരു സ്ത്രീ തങ്ങളുടെ വീട്ടിൽ വന്ന് പ്രാർത്ഥിക്കാനായി എന്നെ ക്ഷണിച്ചു. ഒരു ദിവസം രാവിലെ ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവര്‍ പാത്രങ്ങൾ കഴുകുകയായിരുന്നു. ഞാൻ പ്രാർത്ഥിക്കാനായി വന്നതാണെന്ന് പറഞ്ഞപ്പോൾ അവര്‍: "പാസ്റ്ററേ! ഞാൻ ഇപ്പോൾ വളരെ തിരക്കിലാണ്. ഇവിടെ അടുത്ത് രണ്ട് മൂന്ന് ക്രിസ്ത്യാനികളുടെ വീടുകളുണ്ട്. അവിടെ പോയി പ്രാർത്ഥിച്ചിട്ട് വരൂ. അതിനുശേഷം ഞാൻ പ്രാർത്ഥിപ്പിക്കാം" എന്ന് പറഞ്ഞു.

അതേ സമയം തന്നെ ഒരു ഭിക്ഷക്കാരൻ വന്ന് അവരോട് ഭിക്ഷ ചോദിച്ചു. അപ്പോൾ അവൾ ആ ഭിക്ഷക്കാരനോട് " എടാ, അടുത്ത രണ്ട് മൂന്ന് വീടുകളിൽ ചോദിച്ചിട്ട് വരൂ. ഞാൻ ഇപ്പോൾ തിരക്കിലാണ്, അതിനുശേഷം ഞാന്‍ നിനക്ക് ഭിക്ഷ തരാം." എന്ന് പറഞ്ഞു. എന്നോട് പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് അവര്‍ അവനോടും പറഞ്ഞത്. അവനോട് പറഞ്ഞത് തന്നെയാണ് എന്നോടും പറഞ്ഞത് ("എടാ" എന്ന് വിളിച്ചതൊഴിച്ചാൽ).

ഞാൻ ഉടൻ തന്നെ അവിടെനിന്നും പോന്നു. അന്ന് വൈകുന്നേരം അവരുടെ മകൻ എന്‍റെയടുത്ത് വന്നു. അവൻ പറഞ്ഞു: "പാസ്റ്ററേ! എന്‍റെ ചേച്ചി സ്കൂളിൽ നിന്നും വന്ന് തൂങ്ങിമരിച്ചു. എന്‍റെ മരണത്തിന് കാരണം അമ്മയാണെന്ന് അവൾ ഒരു കത്തും എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് പോലീസ് അമ്മയെ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുകയാണ്. പാസ്റ്റർ വന്ന് പ്രാർത്ഥിച്ചതിന് ശേഷം പോകാമെന്ന് പറഞ്ഞ് അമ്മയാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്." ഞാൻ അവനോട്: "മോനേ! ഞാൻ വരുന്നില്ല. പോലീസ് എന്നെക്കൂടി വണ്ടിയിൽ കയറ്റിയാലോ? രാവിലെ ഞാൻ വന്നപ്പോൾ പിന്നീട് പ്രാർത്ഥിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ദൈവദാസനെ അങ്ങനെ അവഗണിച്ചതുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെയൊരു കടുംകൈ സംഭവിച്ചത്” എന്ന് പറഞ്ഞു.

ഈ കഥയിലെ അസംബന്ധങ്ങൾ ശ്രദ്ധിക്കുക:

1. പാസ്റ്ററെ പ്രാർത്ഥിക്കാനായി വീട്ടിലേക്ക് ക്ഷണിച്ച ആ സ്ത്രീ തന്നെ, അദ്ദേഹം വന്നപ്പോൾ “പിന്നീട് വരൂ” എന്ന് പറയുമോ?
2. അവര്‍ പാത്രം കഴുകിക്കൊണ്ടിരുന്ന സ്ഥലത്തേക്ക് പാസ്റ്റര്‍ പോയോ?
3. ഒരു ഭിക്ഷക്കാരൻ വന്നാൽ നമ്മൾ ഭിക്ഷ കൊടുക്കും, അല്ലെങ്കിൽ പൊയ്ക്കൊള്ളാൻ പറയും. അതിനുപകരം വീണ്ടും വരാൻ പറയുമോ?
4. അവരുടെ മകൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചപ്പോൾ, ആ ആത്മഹത്യാക്കുറിപ്പ് (Suicide note) പോലീസിന് ആരാണ് കൈമാറിയത്?
5. ഈ വിവരം പോലീസ് എങ്ങനെയാണ് അറിഞ്ഞത് ?
6. പോലീസ് വന്നാൽ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. പാസ്റ്റർ വന്ന് പ്രാർത്ഥിക്കുന്നത് വരെ അവർ കാത്തുനിൽക്കുമോ?

ഇങ്ങനെയുള്ള ആളുകളെക്കുറിച്ചാണ് ദൈവഭക്തനായ പൗലോസ് അപ്പൊസ്തലൻ ‘കെട്ടുകഥകൾ (വ്യാജോപദേശങ്ങൾ) പറയുന്നവർ’ എന്നൊക്കെ മുന്നറിയിപ്പ് നൽകുന്നത്. ഇവർക്ക് ധാരാളം അനുയായികൾ ഉണ്ടായിരിക്കും. അത്തരം അനുയായികളെക്കുറിച്ച് കർത്താവ്...
“സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു”. (2 തെസ്സലൊനീക്യർ 2:11-12 ) എന്ന് മുന്നറിയിപ്പ് നൽകുന്നു.

“ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുത്” (ആവർത്തനപുസ്തകം 18:22)

ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി (എസ്.സി) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം നാൽപ്പതോളം സംഘടനകൾ പ്രവർത്തിച്ചുവരുന്നുണ്ട്. തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി ഇവർ ഇടയ്ക്കിടെ പത്രങ്ങളിൽ പരസ്യങ്ങൾ നൽകുകയും മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കുകയും സുപ്രീം കോടതിയിൽ ഹർജികൾ നൽകുകയും ചെയ്യുന്നു. ഇതിനായി എല്ലാ ദളിത് ക്രിസ്ത്യാനികളിൽ നിന്നും ഇവർ സംഭാവനകൾ പിരിച്ചെടുക്കുന്നു. എവിടെയെങ്കിലും മതപരമായ സംഘർഷങ്ങൾ ഉണ്ടാവുകയും ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ, ഇവർ പത്രങ്ങളിൽ "ഞങ്ങൾ ഇതിനെ അതിശക്തമായി അപലപിക്കുന്നു" എന്ന രീതിയിലുള്ള പ്രസ്താവനകൾ ഇറക്കും. എന്നാൽ ഇതിനാൽ ആക്രമിക്കപ്പെട്ടവർക്ക് യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നില്ല. തമാശയെന്തെന്നാൽ, ഇവരെ സഹായിക്കുന്നു എന്ന് പറഞ്ഞ് ഇവർ പലരിൽ നിന്നായി പണം പിരിച്ച് സ്വന്തം ഖജനാവ് നിറയ്ക്കുക മാത്രമാണ് ചെയ്യുന്നത്; ബാധിതർക്ക് യാതൊരുവിധ സഹായവും എത്തിച്ചു നൽകുന്നില്ല. അതുപോലെ ഉള്‍പ്രദേശങ്ങളിൽ, ആരും കൃഷി ചെയ്യാത്ത വിജനമായ ഭൂമി ഉഴുതുമറിക്കുന്നുണ്ടെന്നും അവിടെ സുവിശേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ് സംഭാവനകൾ പിരിക്കുന്നവരും ഉണ്ട്. എന്നാൽ ഈ തുക മുഴുവനായോ അല്ലെങ്കിൽ അതിന്‍റെ ഭൂരിഭാഗമോ ഇവർ സ്വന്തമായി തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അതിനാൽ ജാഗ്രത പുലർത്തുക

ചില ആളുകൾ വളരെ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നത്. ഞാൻ ഒരു പാസ്റ്ററോട് "നിങ്ങൾ ഏത് സഭയിൽപെട്ടയാളാണ് (ഏത് ഫെലോഷിപ്പാണ്)?" എന്ന് ചോദിച്ചു. അദ്ദേഹത്തിന് "ഹെബ്രോൻ ഫെലോഷിപ്പ് എന്ന് പറയാം, അല്ലെങ്കിൽ പെന്തെക്കോസ്ത് ഫെലോഷിപ്പ് എന്ന് പറയാം, അതുമല്ലെങ്കിൽ ബാപ്റ്റിസ്റ്റ് ഫെലോഷിപ്പ് എന്ന് പറയാം." എന്നാൽ അദ്ദേഹം പറഞ്ഞത് "യേശയ്യാ ഫെലോഷിപ്പ്" എന്നാണ്.

ഞാൻ ആ സഭയില്‍ പോയി ഇരുന്നപ്പോൾ, അദ്ദേഹം പ്രസംഗം നിർത്തുമ്പോഴെല്ലാം തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിൽ നിന്നുള്ള പ്രസംഗം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ആരാധന കഴിഞ്ഞ് പുറത്തുവന്ന് നോക്കിയപ്പോഴാണ് അദ്ദേഹത്തിന്‍റെ വീടിന് തൊട്ടടുത്ത് തന്നെ മറ്റൊരു പള്ളിയുണ്ടെന്ന് എനിക്ക് മനസ്സിലായത്. ഇവരുടെ മൈക്ക് ആ പള്ളിയുടെ നേർക്കും, അവിടുത്തെ മൈക്ക് ഈ പള്ളിയുടെ നേർക്കുമായിരുന്നു വച്ചിരുന്നത്. ഞാൻ ആ പാസ്റ്ററോട് "അവരുടെ മൈക്ക് നിങ്ങളുടെ നേർക്കും, നിങ്ങളുടെ മൈക്ക് അങ്ങോട്ടും വച്ചിരിക്കുന്നതിനാൽ രണ്ടു കൂട്ടർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് നിങ്ങൾ ആ ഭാഗത്തേക്ക് സ്പീക്കർ വയ്ക്കരുത്. അതുപോലെ ആ പാസ്റ്ററോട് ഇങ്ങോട്ടുള്ള സ്പീക്കർ മാറ്റാനും നമുക്ക് പറയാം" എന്ന് പറഞ്ഞു.

അതിന് അദ്ദേഹം "ഞാൻ മൈക്ക് മാറ്റാൻ തയ്യാറാണ്, പക്ഷേ അയാൾ മാറ്റില്ല" എന്ന് പറഞ്ഞു. "നിങ്ങൾ അദ്ദേഹത്തോട് സംസാരിച്ചോ?" എന്ന് ഞാൻ ചോദിച്ചപ്പോൾ, "ഞാൻ അയാളോട് സംസാരിക്കാറില്ല" എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "നിങ്ങളുടേത് ഏത് സഭയാണ്?" എന്ന് ചോദിച്ചപ്പോൾ "ഞാൻ യേശയ്യാ സഭയാണ് (ഫെലോഷിപ്പ്)" എന്ന് പറഞ്ഞ വ്യക്തിയുടെ അവസ്ഥ ഇതാണ്.

“ഒരുത്തന്‍ ഈ ഉപദേശവും കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്. അവന് കുശലം പറകയും അരുത്. അവന്നു കുശലം പറയുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ” (2 യോഹന്നാന്‍ 10,11)

“ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല” (യെശയ്യാവ് 8:20)

ഞാൻ എല്ലാ മാസവും 14-ാം തീയതി ഒരു ചെറിയ സുവിശേഷ യോഗം സംഘടിപ്പിക്കാറുണ്ടായിരുന്നു. ഏതെങ്കിലും നല്ല ഒരു പ്രസംഗകനെ ക്ഷണിക്കണമെന്ന് ഞാൻ ഒരു പാസ്റ്ററോട് ആവശ്യപ്പെട്ടു. തനിക്ക് സ്നാനം നൽകിയ ഒരു മുതിർന്ന പാസ്റ്റർ ഉണ്ടെന്നും അദ്ദേഹത്തെ വിളിക്കാമെന്നും പറഞ്ഞ് ആ പാസ്റ്റർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഞാൻ ആ മുതിർന്ന പാസ്റ്ററോട് സംസാരിക്കുകയും 14-ാം തീയതി വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വരാമെന്ന് അദ്ദേഹം സമ്മതിച്ചു. 14-ാം തീയതി രാവിലെ ഞാൻ അദ്ദേഹത്തെ വീണ്ടും ഫോണിൽ വിളിച്ച് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. “യോഗം കൃത്യം 7 മണിക്ക് ആരംഭിക്കും. എങ്കിലും താങ്കൾ 5 മണിക്ക് തന്നെ വരണം. നമുക്ക് അല്‍പ സമയം പ്രാർത്ഥനയിൽ ചെലവഴിക്കാം പിന്നീട് അല്പാഹാരം കഴിക്കാം" എന്ന് ഞാൻ പറഞ്ഞു. "ശരി" എന്ന് അദ്ദേഹവും പറഞ്ഞു.

രാവിലെ 9 മണിക്ക് ഒരു ‘ചെറിയ’ പാസ്റ്റർ ഞങ്ങളുടെ വീട്ടിൽ വന്നു. "മുതിർന്ന പാസ്റ്ററോടൊപ്പം മൂന്ന് സഹായികൾ വരുന്നുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു. "അവർ പാട്ട് പാടുന്നവരാണോ അതോ വാദ്യോപകരണങ്ങൾ വായിക്കുന്നവരാണോ?" എന്ന് ഞാൻ ചോദിച്ചു. "അല്ല, മുതിർന്ന പാസ്റ്റർ ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ അവർ പുറകോട്ട് മറിഞ്ഞു വീഴും. അവരെ പിടിക്കാനാണ് അവർ വരുന്നത്" എന്ന് അദ്ദേഹം പറഞ്ഞു. "പ്രാർത്ഥിച്ചാൽ എന്തിനാണ് പുറകോട്ട് വീഴുന്നത്? വരുന്ന സഹായികൾ സ്ത്രീകളാണോ?" എന്ന് ഞാൻ ചോദിച്ചു.

അതിന് "അല്ല, പുരുഷന്മാരാണ്" എന്ന് അദ്ദേഹം മറുപടി നൽകി. "പുരുഷന്മാരാണെങ്കിൽ നിങ്ങളും ഞാനും ഇവിടെയില്ലേ? പ്രത്യേകമായി അവിടുന്ന് ആളുകളെ കൊണ്ടുവരണോ? കൂടാതെ, ഞാൻ അദ്ദേഹത്തെ ദൈവവചനം പ്രസംഗിക്കാനല്ലേ ക്ഷണിച്ചത്, പിന്നെ എന്തിനാണ് പ്രാർത്ഥനകൾ നടത്തുന്നത്?" എന്ന് ഞാൻ ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം “ദുരാത്മാവ്‌ ബാധിച്ച ആളുകള്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചാല്‍ ദുരാത്മാവ് അവരെ വിട്ടുപോകുമ്പോൾ അവര്‍ പിടച്ചുകൊണ്ട് താഴെ വീഴും, അതുകൊണ്ട് സഹായികൾ ആവശ്യമാണ്‌" എന്ന് പറഞ്ഞു.

അപ്പോൾ ഞാൻ "ഇവിടെ ദുരാത്മാക്കൾ ബാധിച്ചവരാരും ഇല്ലല്ലോ?" എന്ന് പറഞ്ഞു. അതിന് അദ്ദേഹം "ഞങ്ങളുടെ സഭയിലെ ചിലർ അദ്ദേഹം വരുന്നുണ്ടെന്ന് അറിഞ്ഞ് പ്രാർത്ഥിപ്പിക്കാനായി ഇവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്" എന്ന് പറഞ്ഞു. അതിന് ഞാൻ, "ഇവിടെ അത് വേണ്ട. ഒരു കാര്യം ചെയ്യാം, അദ്ദേഹം വന്നയുടൻ ഞാൻ എന്‍റെ വാഹനം തരാം. നിങ്ങൾ അവരെ നിങ്ങളുടെ സഭയിലേക്ക് കൂട്ടിക്കൊണ്ടുപോകൂ. ദുരാത്മാക്കളെയെല്ലാം അവിടെവെച്ച് ഒഴിപ്പിച്ച ശേഷം അദ്ദേഹത്തെ മാത്രം ഇവിടേക്ക് കൂട്ടിക്കൊണ്ടുവരൂ" എന്ന് പറഞ്ഞു. ചെറിയ പാസ്റ്റർ അവിടെനിന്ന് പോയി.

മുതിർന്ന പാസ്റ്റർ അന്ന് യോഗത്തിന് വന്നില്ല. ഫോൺ വിളിച്ചില്ല. ഞങ്ങൾ വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല. അദ്ദേഹം എപ്പോൾ യോഗങ്ങൾ നടത്തിയാലും, “കുരുടര്‍ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരായി തീരുന്നു, ചെകിടര്‍ കേൾക്കുന്നു, മരിച്ചവർ ഉയിർക്കുന്നു, ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു” (മത്തായി 11:5) എന്ന വചനമാണ് തന്‍റെ ലഘുലേഖകളിലും പോസ്റ്ററുകളിലും അച്ചടിക്കുന്നത്. എന്നാൽ ഒരു തവണ പോലും അദ്ദേഹത്തിന്‍റെ പ്രാർത്ഥന കേട്ട് ദൈവം ആരെയും സൗഖ്യമാക്കിയിട്ടില്ല. "രോഗശാന്തി വരമുള്ള ദൈവദാസൻ" എന്ന് ഇവർ പ്രമുഖമായി പരസ്യപ്പെടുത്തുകയും ചെയ്യുന്നു.

“എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല. അത് അവന് ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അത് അവന് ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു. താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല” (1 കൊരിന്ത്യര്‍ 2:14, 15)

“സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിന്‍” (റോമര്‍ 16:17)

ഒരു പടയാളി എ.കെ. 47 തോക്കും ചൂണ്ടി തയ്യാറായി നിൽക്കുമ്പോൾ ശത്രു അവനെ സമീപിക്കുമോ? അതുപോലെ ദൈവീകചിന്തകളോടെ കഴിയുന്ന ഒരു വ്യക്തിയുടെ അടുത്തേക്ക് സാത്താൻ വരുമോ? ആഡംബരവും അഹങ്കാരവും തങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന തൃഷ്ണയുമുള്ള വ്യക്തികളിൽ പരിശുദ്ധാത്മാവ് വസിക്കുമോ?

ഒരു സഹോദരി, തന്‍റെ അടുക്കൽ വരുന്നവർക്കായി പ്രാർത്ഥിക്കുകയും ദൈവം തനിക്ക് വെളിപ്പെടുത്തി എന്നു പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു. ആരെങ്കിലും അവരെ സമീപിച്ചാൽ, ആദ്യം കുറച്ചു സമയം അന്യഭാഷകളിൽ സംസാരിക്കുകയും, പിന്നീട് താൻ സംസാരിച്ച വാക്കുകളുടെ അർത്ഥമാണെന്ന് പറഞ്ഞുകൊണ്ട് തെലുഗിൽ പറയുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവർ എന്നോട് സംസാരിച്ചുകൊണ്ട്, "ഞാൻ എപ്പോഴും ഇങ്ങനെ അന്യഭാഷയിൽ സംസാരിച്ച ശേഷം ആ വാക്കുകളുടെ അർത്ഥം പറയാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു വിചിത്രമായ സംഭവം നടന്നു" എന്ന് പറഞ്ഞു. "എന്താണ് ആ വിചിത്രമായ സംഭവം?" എന്ന് ഞാൻ ചോദിച്ചു.

"എന്‍റെ അടുക്കൽ പ്രാർത്ഥിക്കാനായി ഒരു സ്ത്രീ വന്നു. ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ പതിവുപോലെ അന്യഭാഷകളിൽ സംസാരിച്ചു. എന്നാൽ പ്രാർത്ഥന കഴിഞ്ഞ ശേഷം എത്ര ശ്രമിച്ചിട്ടും അതിന് തെലുഗിൽ അർത്ഥം പറയാൻ എനിക്ക് കഴിഞ്ഞില്ല. ആ സ്ത്രീയോട്, “സാധാരണയായി ഞാൻ പ്രാർത്ഥിച്ച ശേഷം ദൈവം എനിക്ക് എന്തെങ്കിലും കാര്യം വെളിപ്പെടുത്തി തരാറുണ്ട്. എന്നാൽ നിങ്ങൾക്കായി ഒന്നും വെളിപ്പെടുത്തിയില്ല" എന്ന് ഞാന്‍ പറഞ്ഞു.

അതിന് ആ സ്ത്രീ: "അതെന്താണ്, നിങ്ങൾ ഇതുവരെ ഞങ്ങളുടെ ലംബാഡി ഭാഷയിലല്ലേ എന്നോട് പല കാര്യങ്ങളും പറഞ്ഞത്?" എന്ന് ചോദിച്ചു. എനിക്ക് ലംബാഡി ഭാഷ അല്പം പോലും അറിയില്ല. എങ്കിലും ദൈവം എന്നെക്കൊണ്ട് ആ ഭാഷയിലാണ് സംസാരിപ്പിച്ചത് എന്ന് അവർ പറഞ്ഞു. "ആ ലംബാഡി സഹോദരിയുടെ വിലാസം ഒന്ന് പറയാമോ?" എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നിയെങ്കിലും, അത് മര്യാദകേടാകുമെന്ന് കരുതി ഞാൻ മിണ്ടാതെ പോന്നു.

30 വർഷങ്ങൾക്ക് മുമ്പ് ഞാൻ തമിഴ്‌നാട്ടിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. അവിടെയുള്ള ഒരു സഭയിൽ ഞാൻ പതിവായി പോകുമായിരുന്നു. അന്ന് എന്‍റെ വിവാഹം കഴിഞ്ഞിരുന്നില്ല. തമിള്‍ ഭാഷ കുറച്ചൊക്കെ സംസാരിക്കാൻ എനിക്ക് അറിയാമായിരുന്നു. ആ പള്ളിയിൽ തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന ഒരു തെലുഗു പെൺകുട്ടി ഉണ്ടായിരുന്നു. അവിടുത്തെ പാസ്റ്ററാണ് അവൾക്ക് സ്നാനം നൽകിയത്. അവൾക്ക് വിവാഹം കഴിക്കണമെങ്കിൽ തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന, അവിടെ താമസിക്കുന്ന ഒരു തെലുഗു വ്യക്തി ആയിരിക്കണം; അവൻ ഒരു വിശ്വാസിയും ആയിരിക്കണം. ഈ ലഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നതിനാൽ, ഒരു ദിവസം പാസ്റ്ററുടെ ഭാര്യക്ക് 'ആത്മാവ് വരികയും' അവർ പ്രവചിക്കാൻ തുടങ്ങുകയും ചെയ്തു. തമിഴ് ഭാഷയിൽ, "എന്‍റെ മകനേ! നിനക്കായി ഞാൻ ഇവളെ ആക്കിവെച്ചിരിക്കുന്നു" എന്ന് പറഞ്ഞു. പ്രവചനം കഴിഞ്ഞപ്പോൾ, "ദൈവം എന്നോട് സംസാരിക്കുകയാണെങ്കിൽ തെലുഗിലല്ലേ സംസാരിക്കുകയുള്ളൂ? എനിക്ക് വഴങ്ങാത്ത തമിഴിൽ എന്തിനാണ് സംസാരിക്കുന്നത്? ഒരുപക്ഷേ നിങ്ങൾ തെലുഗിൽ പ്രവചിച്ചിരുന്നെങ്കിൽ ഉടൻ തന്നെ ഞാന്‍ അത് അനുസരിക്കുമായിരുന്നു" എന്ന് ഞാന്‍ പറഞ്ഞു.

ഒരു പാസ്റ്റർ വിജയവാഡയിൽ നിന്ന് വറംഗലിലേക്ക് ഒരു വിശ്വാസിയെ കാണാൻ പോയി. വറംഗലിൽ അദ്ദേഹം സന്ദർശിച്ച വ്യക്തി ഒരു മണിക്കൂർ അദ്ദേഹത്തോട് സംസാരിച്ച ശേഷം അത്യാവശ്യ ജോലിയുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. തിരികെ യാത്ര ചെയ്യാനുള്ള പണം ഈ പാസ്റ്ററുടെ കൈയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം വറംഗൽ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു. ടിക്കറ്റ് എടുക്കാൻ പണമില്ല, വിശക്കുന്നുമുണ്ട്. അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവ് അദ്ദേഹത്തോട്: "നിന്‍റെ ഭക്ഷണത്തെക്കുറിച്ചും മടക്കയാത്രാ ചിലവുകളെക്കുറിച്ചും എന്തിനാണ് വിചാരപ്പെടുന്നത്? ഇവിടെയുള്ള ആളുകളോട് സുവിശേഷം പ്രസംഗിക്കൂ" എന്ന് പറഞ്ഞത്രേ. അങ്ങനെ അദ്ദേഹം അവിടെയുള്ളവരോട് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി.

അതിനിടയിൽ ട്രെയിൻ വന്നു. എല്ലാവരും ട്രെയിനിൽ കയറി, അദ്ദേഹവും കയറി. പെട്ടെന്ന് ഒരാൾ ബിരിയാണി പാക്കറ്റുമായി വന്ന് "ബ്രദർ, നിങ്ങളുടെ കൈയിൽ ടിക്കറ്റുണ്ടോ?" എന്ന് ചോദിച്ചു. "ഇല്ല" എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ആ വ്യക്തി ബിരിയാണി പാക്കറ്റും ടിക്കറ്റും പാസ്റ്ററുടെ കൈയിൽ കൊടുത്തിട്ട്: "ഞാൻ ഉറങ്ങിക്കിടന്നപ്പോൾ കർത്താവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, 'എന്‍റെ മകന്‍ സ്റ്റേഷനിൽ ടിക്കറ്റും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നു' എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഉടൻതന്നെ എഴുന്നേറ്റ് നിങ്ങൾക്ക് ഇത് തരാനായി കൊണ്ടുവന്നത്" എന്ന് പറഞ്ഞു.

"ബ്രദർ, നിങ്ങളുടെ പേരെന്താണ്?" എന്ന് പാസ്റ്റർ ചോദിച്ചു. "അയാൾ പേര് പറഞ്ഞുവെങ്കിലും ട്രെയിനിന്‍റെ ശബ്ദം കാരണം തനിക്ക് അത് കേൾക്കാൻ കഴിഞ്ഞില്ല" എന്ന് പാസ്റ്റർ പറഞ്ഞു. അപ്പോൾ ഞാൻ, “നിങ്ങൾ മൂന്ന് തെറ്റുകൾ ചെയ്തു. മടക്കയാത്രയ്ക്ക് പണമില്ലാതെ നിങ്ങൾ എങ്ങനെയാണ് ഇറങ്ങിയത്? പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെ എങ്ങനെ പ്ലാറ്റ്‌ഫോമിൽ കയറി? ടിക്കറ്റില്ലാതെ എങ്ങനെ ട്രെയിനിൽ കയറി?" എന്ന് ചോദിച്ചു.

വളരെക്കാലത്തിനു ശേഷം, ഒരു ഹിന്ദു സഹോദരന് ഇതുപോലൊരു അനുഭവം ഉണ്ടായതായി എഴുതിയ ഒരു പുസ്തകം എന്‍റെ ശ്രദ്ധയിൽപ്പെട്ടു. പാസ്റ്റർ ആ കഥ വായിച്ച് അതിലെ കഥാപാത്രങ്ങളെ മാറ്റി ഞങ്ങളോട് പറഞ്ഞതാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി.

ഒരാൾ ഒരു മാസിക (പത്രിക) നടത്തുന്നുണ്ടായിരുന്നു. ചോദിക്കാതെ തന്നെ അദ്ദേഹം അത് അയച്ചുതരുന്നുണ്ടല്ലോ എന്ന് കരുതി എന്‍റെ സഹോദരി അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചു. അപ്പോൾ സമയം ഉച്ചയ്ക്ക് 1 മണിയായിരുന്നു. എന്‍റെ സഹോദരി അദ്ദേഹത്തെ ഫോൺ വിളിച്ച് "സര്‍, ഞാൻ നിങ്ങളുടെ അക്കൌണ്ടില്‍ 1000 രൂപ ഇട്ടിട്ടുണ്ട്" എന്ന് പറഞ്ഞു. “നന്ദി" എന്ന് അദ്ദേഹം മറുപടി നൽകി.

ഒരു മണിക്കൂറിന് ശേഷം അദ്ദേഹം വീണ്ടും ഫോൺ വിളിച്ചു: "സിസ്റ്റർ, ഇന്ന് എന്‍റെ വീട്ടില്‍ അരിയില്ലായിരുന്നു. ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ഫോൺ വന്നത്. ഞാൻ എ.ടി.എമ്മിൽ പോയി പണമെടുത്ത് അരി വാങ്ങി. ദൈവം നിങ്ങളെ അത്ഭുതകരമായി പ്രചോദിപ്പിക്കുകയും എന്നെ അത്ഭുതകരമായി പുലർത്തുകയും ചെയ്തു" എന്ന് പറഞ്ഞു. എന്നാൽ, യഥാർത്ഥത്തിൽ അദ്ദേഹം ബുദ്ധിമുട്ടിലായിരുന്നുവെങ്കിൽ ദൈവം എന്‍റെ സഹോദരിയെ രാവിലെ 10 മണിക്ക് തന്നെ പ്രചോദിപ്പിക്കേണ്ടതായിരുന്നു. തങ്ങൾ ദൈവത്തിൽ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് മറ്റുള്ളവർ കരുതണം എന്ന ചിന്തകൊണ്ടാണ് ഇവർ ഇത്തരം കഥകൾ പറയുന്നത്.

വ്യാജ പ്രവാചകന്മാരും വ്യാജ ഉപദേശകരും ഉണ്ടെന്നും, അല്പം യുക്തിസഹമായി ചിന്തിച്ചാൽ തന്നെ അവരെ തിരിച്ചറിയാൻ കഴിയുമെന്നും വ്യക്തമാക്കുക എന്നതാണ് ഈ പുസ്തകം എഴുതുന്നതിന്‍റെ പ്രധാന ലക്ഷ്യം. ഞാൻ ഒഡീഷയിൽ പോയപ്പോൾ ഒരു പാസ്റ്റർ ഒരു ആൺകുട്ടിയെ എന്‍റെ അടുക്കൽ കൊണ്ടുവന്ന്, ഇവന്‍റെ അമ്മയെ ഏഴുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന് പറഞ്ഞു. ബലാത്സംഗം ചെയ്തവരെ പിടികൂടിയിട്ടില്ല, അമ്മ മരിക്കുകയും ചെയ്തു. "എങ്കിൽ ഈ കാര്യം നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?" എന്ന് ചോദിച്ചപ്പോൾ ആ പാസ്റ്റർ പരിഭ്രാന്തനായി.

പലരും തങ്ങൾ വലിയ കഷ്ടപ്പാടുകൾ അനുഭവിക്കുകയാണെന്ന് പറയാറുണ്ട്. എന്നാൽ യഥാർത്ഥ ഇരകളെ തിരിച്ചറിയുക പ്രയാസമാണ്. ടിവിയിൽ പ്രസംഗിക്കുന്നവർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറുകൾ നൽകുന്നു. പരീക്ഷാസമയത്ത് "നിങ്ങളുടെ ഹാൾ ടിക്കറ്റിന്‍റെ കോപ്പികള്‍ ഞങ്ങൾക്ക് അയച്ചുതരൂ, ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കാം" എന്ന് പറയുന്നു. ഫലം വന്ന ശേഷം, "ഞങ്ങൾ നിങ്ങൾക്കായി ഭാരത്തോടെ പ്രാർത്ഥിച്ചു, ദൈവം നിങ്ങൾക്ക് വിജയം തന്നു, അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സംഭാവനകള്‍ അയച്ചുതരൂ" എന്ന് പറയുകയും വീണ്ടും അക്കൌണ്ട് നമ്പറുകള്‍ നൽകുകയും ചെയ്യുന്നു.

ഇംഗ്ലീഷിൽ 'സൈമണി' (Simony) എന്നൊരു വാക്കുണ്ട്. ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഇതിന്‍റെ അർത്ഥം “Buying or selling of ecclesiastical privileges” എന്നാണ്. പണം നൽകി അനുഗ്രഹങ്ങൾ സ്വന്തമാക്കുക എന്നതാണ് ഇതിന്‍റെ ആശയം. ശീമോൻ എന്ന മന്ത്രവാദി പത്രോസിന് പണം നൽകി, "ഞാൻ ഒരുത്തന്‍റെ മേല്‍ കൈ വച്ചാല്‍ അവന് പരിശുദ്ധാത്മാവ് ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം" എന്ന് ആവശ്യപ്പെട്ടു. അവന്‍റെ പേരിൽ നിന്നാണ് 'സൈമണി' എന്ന വാക്ക് പ്രചാരത്തിലായത്.

പത്രോസ് അവനോട് പറഞ്ഞ മറുപടി നമുക്ക് നോക്കാം. “പത്രോസ് അവനോട്: ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തില്‍ നിനക്ക് പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ഥിക്ക; പക്ഷേ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും” (അപ്പൊ. പ്രവൃത്തികള്‍ 8:19- 22). പണം കൊടുത്ത് നമുക്ക് അനുഗ്രഹങ്ങള്‍ നേടാന്‍ സാധിക്കുകയില്ല. ഇങ്ങനെ ഒരു ചിന്ത ദൈവസന്നിധിയില്‍ ശരിയായതല്ല. എങ്കില്‍ ടി.വി. യില്‍ ഒരു എപിസോട് സ്പോന്‍സര്‍ ചെയ്‌താല്‍ അനുഗ്രഹങ്ങള്‍ ലഭിക്കും എന്ന വ്യാജ പ്രവാചകന്മാരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്‍റെ പ്രിയ വായനക്കാരേ, ചിന്തിക്കുക.

“നിങ്ങൾ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നെ ശോധന ചെയ്വിന്‍. നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്ന് വരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്ന് നിങ്ങളെത്തന്നെ അറിയുന്നില്ലയോ?” (2 കോരിന്ത്യർ 13:5).

പാപമോചന പത്രങ്ങൾ ലിയോ മാർപ്പാപ്പ പത്ത് ആണ് ആരംഭിച്ചത്. റോമിൽ വിശുദ്ധ പത്രോസിന്‍റെ വലിയൊരു ദേവാലയം അദ്ദേഹം നിർമ്മിച്ചു. അതിന് ആവശ്യമായ പണം കണ്ടെത്താനാണ് പാപമോചന പത്രങ്ങൾ വിൽക്കാൻ തുടങ്ങിയത്. മാർപ്പാപ്പയുടെ അധീനതയിൽ വലിയ പുണ്യമുണ്ടെന്നും, അത് ആവശ്യമുള്ളവർക്ക് പണം നൽകി വാങ്ങാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പാപം ചെയ്തവർ കുറച്ചുകാലം ശുദ്ധീകരണ സ്ഥലത്ത് (Purgatory) ശിക്ഷ അനുഭവിച്ച ശേഷം സ്വർഗ്ഗത്തിൽ പോകുമെന്നും, എന്നാൽ ഈ പാപമോചന പത്രങ്ങൾ വാങ്ങിയാൽ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞ് നേരിട്ട് സ്വർഗ്ഗത്തിൽ പോകാമെന്നും അവർ പഠിപ്പിച്ചു. ഇതിനെ 1517-ൽ മാർട്ടിൻ ലൂഥർ എതിർത്തു. പണം നൽകി അനുഗ്രഹം വാങ്ങാൻ കഴിയില്ല.

“എന്നാല്‍ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍” (ഗലാത്യർ 1:8).

പൗലോസിന്‍റെ വസ്ത്രങ്ങൾ തൊട്ടപ്പോൾ രോഗസൗഖ്യം ഉണ്ടായതുപോലെ, ഞങ്ങളുടെ തുവാല (Handkerchief) തൊട്ടാൽ സൗഖ്യമുണ്ടാകുമെന്ന് പറഞ്ഞ് ചിലർ തുവാലകൾ വിൽക്കുന്നു. നിങ്ങൾക്ക് അസുഖമുള്ള ഭാഗത്ത് ഈ തുവാല വെച്ചാൽ സൗഖ്യം ലഭിക്കുമെന്ന് അവർ പറയുന്നു. അനേകർ ഇത് വാങ്ങാൻ തിരക്ക് കൂട്ടുന്നു. ഇത് മറ്റൊരു തരം 'സൈമണി' (Simony) ആണ്.

മറ്റൊരു വ്യാജ പ്രവാചകൻ ബോൾ പോയിന്റ് പേനയിൽ 'JESUS' എന്ന് സ്ക്രീൻ പ്രിന്റ് ചെയ്ത് വിൽക്കുന്നു. വിപണിയിൽ 7 രൂപ വിലയുള്ള പേന അവർ 15 രൂപയ്ക്കാണ് വിൽക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം ടിക്കറ്റിനായി ആളുകൾ തിരക്ക് കൂട്ടുന്നത് പോലെ ആളുകൾ തിരക്കുകൂട്ടി അത് വാങ്ങുന്നു.

"ഈ പേന കൊണ്ട് എഴുതിയാൽ നിങ്ങൾക്ക് നല്ല മാർക്കും ഉയർന്ന റാങ്കും ലഭിക്കും" എന്ന് ആ വ്യാജ പ്രവാചകൻ പറയുന്നു. ഇത്തരം വ്യാജ വാക്കുകൾക്ക് വില കൊടുക്കരുത്. നിങ്ങളുടെ മകൻ നന്നായി പഠിക്കുകയും അധ്വാനിക്കുകയും ചെയ്താൽ നല്ല മാർക്ക് ലഭിക്കും. എന്നാല്‍ ഇത്തരം പേനകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം 'സൈമണി'കളെ വിശ്വസിക്കരുതെന്ന് (അദ്ദേഹം എത്ര വലിയ പാസ്റ്റർ ആയാലും) ഞാൻ അഭ്യർത്ഥിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരാൾ അഞ്ച് പുല്ലിന്‍ തണ്ടുകള്‍ ഒരു നൂലുകൊണ്ട് കെട്ടി, ഒരു കെട്ടിന് 10 രൂപ നിരക്കിൽ വിൽക്കുകയായിരുന്നു. ആളുകളെല്ലാം ആ പുല്ലുകെട്ടുകൾ വാങ്ങുന്നുണ്ടായിരുന്നു. "ഇത് നിങ്ങളുടെ പശുക്കൾക്കും എരുമകൾക്കും കൊടുത്താൽ അവ കൂടുതൽ പാൽ തരും" എന്നാണ് ആ വ്യാജ പ്രവാചകന്‍ പറയുന്നത്. "പാസ്റ്റർ പ്രാർത്ഥിച്ച് തന്ന പുല്ലാണ്, ഇത് മൃഗങ്ങൾക്ക് കൊടുത്താൽ വലിയ ലാഭമുണ്ടാകും" എന്ന് പറഞ്ഞ് ആളുകളെ വഞ്ചിക്കുകയാണ്. ദയവായി ചിന്തിക്കുക! നിങ്ങൾ കൊടുക്കുന്ന തീറ്റ കൊണ്ടാണ് പശുക്കൾ കൂടുതൽ പാൽ തരുന്നത്, അല്ലാതെ ഈ പുല്‍തണ്ടുകൾ തിന്നുന്നത് കൊണ്ടല്ല.

അതേ വ്യക്തി തന്നെ മണ്ണും വിൽക്കുന്നുണ്ട്. "ഈ മണ്ണ് പാടത്ത് വിതറിയാൽ നല്ല വിളവ് ലഭിക്കും" എന്ന് പറയുന്നു. എന്‍റെ പ്രിയ വായനക്കാരെ, അല്പം ചിന്തിക്കൂ.

ചിലർ വെളിച്ചെണ്ണ കുപ്പികൾ വിൽക്കുന്നു. ഇത്തരക്കാരെക്കുറിച്ചാണ് കർത്താവ്, "എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുത്" എന്ന് പറഞ്ഞത്. "എന്‍റെ ആലയം സകല ജാതികള്‍ക്കും ഉള്ള പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും" (യെശയ്യാവ് 56:7). പണത്തിന് വേണ്ടി മാത്രമാണ് അവർ വചനത്തിന് വിരുദ്ധമായ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരക്കാർ മൂലം ക്രൈസ്തവ സമൂഹത്തിന് തന്നെ കളങ്കമുണ്ടാകുന്നു.

ഒരിക്കൽ ഞാൻ മൂന്ന് ദിവസം ഉപവസിക്കാൻ തീരുമാനിച്ചു. സാധാരണയായി ഞാൻ ഈ വിഷയം ആരോടും പറയാറില്ല. ഞാൻ ഉപവാസ പ്രാർത്ഥനയിലായിരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ഒരു പാസ്റ്ററുടെ അടുത്തേക്ക് തന്നെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഞാൻ ശരി എന്ന് പറഞ്ഞ് അദ്ദേഹത്തെ എന്‍റെ സ്കൂട്ടറിൽ കയറ്റി ആ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി.

ഞങ്ങൾ ചെന്നയുടൻ ആ പാസ്റ്റർ, "ഞാൻ ഗുണ്ടൂരിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. അപ്പോഴാണ് കർത്താവ് എന്നോട് പോകരുതെന്ന് പറഞ്ഞത്. അവിടുത്തെ കൽപ്പന അനുസരിച്ച് ഞാൻ പോയില്ല. എന്തുകൊണ്ടാണ് പോകരുതെന്ന് പറഞ്ഞതെന്ന് ഞാൻ ഇതുവരെ ചിന്തിക്കുകയായിരുന്നു. ഇപ്പോളാണ് എനിക്ക് കാര്യം മനസ്സിലായത്, നിങ്ങൾ വരുന്നതുകൊണ്ടാണ് എന്നോട് പോകരുതെന്ന് പറഞ്ഞത്" എന്ന് പറഞ്ഞു. എന്നോടൊപ്പം വന്ന പാസ്റ്റർ "ദൈവം എത്ര അത്ഭുതവാനാണ്! അദ്ദേഹം ഗുണ്ടൂരിലേക്ക് പോയിരുന്നെങ്കിൽ നമ്മുടെ യാത്ര വ്യർത്ഥമാകുമായിരുന്നു" എന്ന് പറഞ്ഞു. ഞാൻ "അതെ" എന്ന് മറുപടി പറഞ്ഞു.

അദ്ദേഹം ഞങ്ങൾക്ക് ഇരുവർക്കും മധുരപലഹാരങ്ങളും പഴവും കാപ്പിയും തന്നു. അതുവരെ ദൈവം തന്നെയാണ് അദ്ദേഹത്തിന് വെളിപ്പെടുത്തിയത് എന്ന ഭ്രമത്തിലായിരുന്ന എനിക്ക് അദ്ദേഹത്തിന്‍റെ കള്ളത്തരം മനസ്സിലായി. യഥാര്‍ത്ഥത്തില്‍ ദൈവമാണ് അദ്ദേഹത്തിന് അത് വെളിപ്പെടുത്തിയതെങ്കിൽ, ഞാൻ ഉപവാസത്തിലായതിനാൽ എനിക്ക് മധുരപലഹാരങ്ങളും കാപ്പിയും നൽകുമായിരുന്നില്ല. അനേകർ ഇത്തരത്തിലുള്ള വാക്കുകൾ പറഞ്ഞ് തങ്ങൾ എത്രയോ വലിയവരാണെന്ന് മറ്റുള്ളവർ വിചാരിക്കണമെന്ന് ആഗ്രഹിക്കുകയും പ്രശസ്തി അന്വേഷിക്കുകയും ചെയ്യുന്നു. ഇവർ ആരെയാണ് വഞ്ചിക്കുന്നത്? മനുഷ്യരെയോ അതോ ദൈവത്തെയോ? പ്രിയ വായനക്കാരെ, അല്പം ചിന്തിക്കൂ!

ഒരു പ്രാർത്ഥനാ യോഗത്തിൽ ഒരു പാസ്റ്റർ, "ഇവിടെ ജോലിയില്ലാത്തവരെല്ലാം കൈകൾ ഉയർത്തുക" എന്ന് പറഞ്ഞു. അനേക ആളുകള്‍ കൈകൾ ഉയർത്തി. അവരോടെല്ലാവരോടും "ഈ മാസത്തിൽ നിങ്ങൾക്ക് ജോലി ലഭിക്കും" എന്ന് അദ്ദേഹം പറഞ്ഞു. "സ്വന്തമായി വീടില്ലാത്തവർ കൈകൾ ഉയർത്തുക" എന്ന് പറഞ്ഞു. പലരും കൈകൾ ഉയർത്തി. "ദൈവം നിങ്ങൾക്ക് ഈ മാസത്തിൽതന്നെ സ്വന്തമായി വീട് നൽകും" എന്ന് അദ്ദേഹം പറഞ്ഞു. ഇത് നടന്നിട്ട് 3 വർഷമായി. ഇതുവരെ അവർക്ക് ജോലിയോ സ്വന്തം വീടോ ലഭിച്ചിട്ടില്ല.

അസുഖമുള്ള ആളുകളെയെല്ലാം എഴുന്നേൽപ്പിച്ചു നിർത്തി അദ്ദേഹം, "ഞാൻ നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണ്, ദൈവം നിങ്ങളെ സൗഖ്യമാക്കും" എന്ന് പറഞ്ഞു. പ്രാർത്ഥനയ്ക്ക് ശേഷം "സൗഖ്യമായവർ സ്റ്റേജിൽ വന്ന് സാക്ഷ്യം പറയുക" എന്ന് പറഞ്ഞു. ഓരോരുത്തരായി വന്ന് സാക്ഷ്യം പറഞ്ഞു തുടങ്ങി. ഒരാൾ വന്ന് "എനിക്ക് ‘എയ്ഡ്സ്’ ഉണ്ടായിരുന്നു. പാസ്റ്റർ പ്രാർത്ഥിച്ച ഉടൻ സൌഖ്യം ലഭിച്ചു" എന്ന് പറഞ്ഞു.

അയാൾ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന ഉടനെ, സഭയിൽ ഇരിക്കുകയായിരുന്ന ഞാൻ എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു. "നിങ്ങൾക്ക് മുമ്പ് എയ്ഡ്സ് ഉണ്ടെന്ന് ആരാണ് പറഞ്ഞത്?" എന്ന് ഞാൻ ചോദിച്ചു. "ഡോക്ടർ പറഞ്ഞു" എന്ന് അയാൾ മറുപടി നൽകി. "എങ്കിൽ ഇപ്പോൾ അത് മാറിയെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?" എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പതറാൻ തുടങ്ങി. ഞാൻ അദ്ദേഹത്തോട്, "എയ്ഡ്സ് ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ 'എലിസ' (ELISA) എന്ന ടെസ്റ്റ് ആണ് ചെയ്യുന്നത്. ഡോക്ടർ ആ ടെസ്റ്റ് ചെയ്താണ് നിങ്ങൾക്ക് രോഗമുണ്ടെന്ന് പറഞ്ഞത്. ഇപ്പോൾ രോഗമില്ലെന്ന് പറയണമെങ്കിലും അതേ ടെസ്റ്റ് വീണ്ടും ചെയ്യണം" എന്ന് പറഞ്ഞു. അയാൾ ദേഷ്യത്തോടെ "നിങ്ങൾക്കെന്തിനാണ് ഇതൊക്കെ?" എന്ന് ചോദിച്ചുകൊണ്ടു വേഗത്തില്‍ അവിടെനിന്ന് നടന്നുപോയി.

സകലവും ശോധന ചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ. (1 തെസ്സലോനിക്യർ 5:21).

അതിനിടയിൽ ആ പാസ്റ്റർ വലിയൊരു വഞ്ചന കാണിച്ചു. "ഇവിടെയുള്ള ഒരു കുട്ടി എന്നോട് ഒരു വിചിത്രമായ ആഗ്രഹം പറഞ്ഞു. ആ കുട്ടിയെ ഞാൻ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് 11 വയസ്സുള്ള ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു. അവൻ സ്റ്റേജിൽ വന്നപ്പോൾ അവനൊരു മൈക്ക് നൽകി.

പാസ്റ്റർ : "നിന്‍റെ ആഗ്രഹം എന്താണ്?"
കുട്ടി : "എനിക്ക് പൊക്കം കൂടണം."
പാസ്റ്റർ : "എത്ര പൊക്കം കൂടണമെന്നാണ് നിന്‍റെ ആഗ്രഹം?"
കുട്ടി : "ഒരിഞ്ച്."

എനിക്ക് ഇതെല്ലാം വഞ്ചനയാണെന്ന് മനസ്സിലായി. 11 വയസ്സുള്ള ഒരു കുട്ടിയോട് എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ ആരും പൊക്കം കൂടണമെന്ന് ആവശ്യപ്പെടില്ല. ഇനി ആരെങ്കിലും ആവശ്യപ്പെട്ടാൽ തന്നെ കൃത്യമായി 'ഒരിഞ്ച് മാത്രം' എന്ന് പറയില്ല. ആ പാസ്റ്ററുടെ സെക്രട്ടറി വന്ന് കുട്ടിയെ ഒരു തൂണിനടുത്ത് നിർത്തി പെന്‍സില്‍ കൊണ്ട് അതിന് അടയാളം ഇട്ടു. സ്റ്റേജിൽ ഒരു പായ വിരിച്ച് കുട്ടിയെ കിടത്തി പ്രാർത്ഥിച്ച ശേഷം സെക്രട്ടറിയോട് വീണ്ടും അളക്കാൻ ആവശ്യപ്പെട്ടു. അളന്നു നോക്കിയ സെക്രട്ടറി "ഒരിഞ്ച് പൊക്കം കൂടിയിട്ടുണ്ട്" എന്ന് പറഞ്ഞു.

ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കാരണം ദൈവത്തിന്‍റെ നാമം ദുഷിക്കപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല, "ഈ കുട്ടിക്ക് പൊക്കം കൂടിയില്ലെങ്കിൽ ഞാൻ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് നിർത്തും" എന്നും പാസ്റ്റർ പറഞ്ഞു. ഇതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്. ഇവർ ആരെയാണ് വഞ്ചിക്കുന്നത്? അനന്യാസും സഫീറയും ആരെയാണ് വഞ്ചിച്ചത്? പത്രോസിനെയോ, ദൈവത്തെയോ?

“അപ്പോൾ പത്രോസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തുവയ്ക്കാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയത് എന്ത്? അത് വില്‍ക്കും മുമ്പേ നിന്‍റെതായിരുന്നില്ലയോ? വിറ്റശേഷവും നിന്‍റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്ന് പറഞ്ഞു.” (അപ്പൊ. പ്രവൃത്തികൾ 5:3,4)

എന്‍റെ ചേച്ചിക്ക് രണ്ട് പെൺകുട്ടികളാണ്. അളിയനും ചേച്ചിയും ഒരു ആൺകുട്ടി വേണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു.ചേച്ചി മൂന്നാമതും ഗർഭിണിയായപ്പോൾ ഒരു വ്യാജ പ്രവാചകൻ അവരുടെ വീട്ടിൽ വന്നു. അയാള്‍ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട്, "ദൈവം നിങ്ങൾക്ക് ഒരു ആൺകുട്ടിയെ തരുമെന്ന് പറയുന്നു" എന്ന് പറഞ്ഞു.

എന്‍റെ അളിയൻ അദ്ദേഹത്തിന് ഗംഭീരമായ ഭക്ഷണവും വലിയ തുകയും നൽകി യാത്രയാക്കി. ആ വ്യാജ പ്രവാചകൻ എല്ലാ മാസവും വന്ന് ഇതേ കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ചേച്ചിക്ക് പെൺകുഞ്ഞ് ജനിച്ചു. ആ വ്യാജ പ്രവാചകൻ വന്നപ്പോൾ അവർ കാര്യം പറഞ്ഞു.

അയാള്‍ ഉടൻ തന്നെ "എനിക്ക് ഇത് മുൻപേ അറിയാമായിരുന്നു. കർത്താവ് എനിക്ക് വെളിപ്പെടുത്തിയിരുന്നു. ദൈവം ആദ്യം നിങ്ങൾക്ക് ആൺകുട്ടിയെ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ അവിടുന്ന് മനസ്സ് മാറ്റി. ദൈവം ചിലപ്പോൾ ഇതുപോലെ മനസ്സ് മാറ്റാറുണ്ട്. നിനവേ പട്ടണത്തെ നശിപ്പിക്കുമെന്ന് പറഞ്ഞ ദൈവം പിന്നീട് മനസ്സ് മാറ്റിയില്ലേ?" എന്ന് പറഞ്ഞു.

പ്രസവത്തിന് മുമ്പ് ഇത് പറയാതെ, എല്ലാ മാസവും നന്നായി ഭക്ഷണം കഴിച്ച്, പിന്നീട് ദൈവം വെളിപ്പെടുത്തിയതാണെന്ന് പറഞ്ഞുകൊണ്ട് അയാള്‍ കള്ളം പറഞ്ഞു.

ഇങ്ങനെയുള്ളവരെ നിങ്ങള്‍ കണ്ടുമുട്ടേണ്ടി വന്നാൽ അവരുടെ വഞ്ചനയിൽ വീഴാതിരിക്കാനാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്. അയാള്‍ പറഞ്ഞ പ്രവചനം സത്യമാകാൻ 50% സാധ്യതയുണ്ട്. ഒരു നാണയം മുകളിലേക്ക് എറിഞ്ഞാൽ താഴെ വീഴുമ്പോള്‍ അതിന്‍റെ തലയോ വാലോ വീഴാം. ഒരുപക്ഷേ അയാള്‍ പറഞ്ഞതുപോലെ ആൺകുട്ടി ജനിച്ചിരുന്നെങ്കിൽ തന്‍റെ അഹങ്കാരത്തിന് അതിരുണ്ടാകുമായിരുന്നോ? സഹോദരന്മാരേ, ചിന്തിക്കുക!

“നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്പ്പിക്ക” (തീത്തോസ് 2:2).

യിരെമ്യാവിന്‍റെ കാലത്ത് ബാബിലോൺ ഭരണത്തിന് കീഴിൽ യഹൂദന്മാർ 70 വർഷം കഷ്ടപ്പെടണമെന്ന് ദൈവം നിശ്ചയിച്ചിരുന്നു. "ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികള്‍ ബാബേല്‍ രാജാവിനെ എഴുപതു സംവത്സരം സേവിക്കും” (യിരെമ്യാവ് 25:11). എഴുപത് വർഷത്തിന് ശേഷം യഹൂദന്മാർ തങ്ങളുടെ ദേശത്തേക്ക് മടങ്ങിവരുമെന്നും ദൈവം പറഞ്ഞു.

"യെഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ, ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് ഈ സ്ഥലത്തേയ്ക്ക് മടക്കി വരുത്തുമെന്ന് നിങ്ങളോടുള്ള എന്‍റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളൂ” (യിരെമ്യാവ് 29:10).

എന്നാൽ ഹനന്യാ എന്ന വ്യാജ പ്രവാചകൻ സകല ജനവും കേള്‍ക്കെ: “ഇങ്ങനെ ഞാന്‍ രണ്ട് സംവത്സരത്തിനകം ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകല ജാതികളുടെയും കഴുത്തില്‍ നിന്ന് എടുത്ത് ഒടിച്ചുകളയും എന്ന് യെഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു” (യിരെമ്യാവ് 28:11). അഞ്ചാം മാസത്തിലാണ് ഹനന്യാ ഈ പ്രവചനം പറഞ്ഞത്.

അതിന് മറുപടിയായി യിരെമ്യാവ് "ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു. അതുകൊണ്ട് യെഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഭൂതലത്തില്‍ നിന്ന് നീക്കികളയും; ഈ ആണ്ടില്‍ നീ മരിക്കും; നീ യെഹോവയ്ക്ക് വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്ന് പറഞ്ഞു. അങ്ങനെ ഹനന്യാപ്രവാചകന്‍ ആയാണ്ടില്‍ തന്നെ ഏഴാം മാസത്തില്‍ മരിച്ചു” (യിരെമ്യാവ് 28:15-17).

ആ കാലഘട്ടത്തിൽ വ്യാജ പ്രവാചകന്മാരെ ദൈവം അത്ര കഠിനമായി ശിക്ഷിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ തന്നെ വ്യാജ പ്രവാചകനായ ഹനന്യാ മരിച്ചു. എന്നാൽ ഇത് കൃപയുടെ കാലമായതുകൊണ്ട് ഇപ്പോൾ വ്യാജ പ്രവാചകന്മാർ വര്‍ദ്ധിച്ചു വരികയാണ്.

അമേരിക്കയിലുള്ള ഒരു വ്യാജ പ്രവാചകൻ ദൈവം ആകാശത്തുനിന്ന് അഗ്നി വര്‍ഷിപ്പിച്ച് അമേരിക്കയിലുള്ള എല്ലാ സ്വലിംഗാനുരാഗികളെയും നശിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു. 1995-ൽ ഇത് സംഭവിക്കുമെന്നാണ് അയാള്‍ പ്രവചിച്ചത്. 2010 ആയിട്ടും ആകാശത്തുനിന്ന് തീ ഇറങ്ങിവന്നില്ല!

കൂടാതെ, ആ വ്യാജ പ്രവാചകൻ യേശുക്രിസ്തു നൈറോബിയിലെ തന്‍റെ യോഗങ്ങളിൽ ശരീരരൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നും പ്രവചിച്ചു. 2000 ഏപ്രിൽ 29-ലെ യോഗത്തിൽ യേശു സ്റ്റേജിൽ കാണപ്പെടുമെന്ന് അയാള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെക്കുറിച്ച് യേശുക്രിസ്തു തന്നെ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

"അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോട്: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുത്; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത് (മത്തായി 24:23-26).

ഇത്തരത്തിലുള്ളവരെക്കുറിച്ചാണ് ദൈവം യിരെമ്യാവിനോട് ഇങ്ങനെ പറഞ്ഞത്: “യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാർ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.” (യിരെമ്യാവ് 14:14). അതുപോലെതന്നെ “മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ച്, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടത്: യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!” (യെഹെസ്കേൽ 13:2,3).

അടുത്ത കാലത്ത് ഇയാൾ തന്‍റെ ഭാര്യയെ ഉപേക്ഷിച്ച്, തന്നെപ്പോലെ ടിവിയിൽ പ്രസംഗിക്കുന്ന മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങിയതിനാൽ ഭാര്യ വിവാഹമോചനം നേടി. അവരുടെ വിവാഹം കഴിഞ്ഞിട്ട് 32 വർഷമായിരുന്നു. അവർക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. ദിവസവും ഇയാളുടെ പ്രസംഗം 200-ഓളം രാജ്യങ്ങളിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നു. തനിക്കെതിരെ സംസാരിക്കുന്നവര്‍ ശപിക്കപ്പെട്ടവരാകും എന്ന് അയാള്‍ പറയുമായിരുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകളില്‍, "Yes Lord. I will do it. I place a curse on every man and every woman that will stretch his hand against this anointing. I curse that man who dares to speak a word against this ministry." മാത്രമല്ല, ഈ ശാപം ദൈവഹിതപ്രകാരവും അവിടുത്തെ കൽപ്പനയനുസരിച്ചുമാണ് താൻ നൽകുന്നതെന്നും അയാള്‍ പറയുമായിരുന്നു. “അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്‍റെ അഭിഷിക്തന്മാരെ തൊടരുത്, എന്‍റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു. (സങ്കീർത്തനം 105:14,15) എന്ന വചനമാണ് ഇതിനായി അയാള്‍ ഉദ്ധരിക്കുന്നത്.

അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. (യാക്കോബ് 3:9,10). എങ്കിൽ പിന്നെ അയാള്‍ക്ക് അങ്ങനെ ശപിക്കാമോ?

നരകത്തിൽ എല്ലാ അവയവങ്ങളെക്കാളും നാവായിരിക്കും കൂടുതൽ കഷ്ടപ്പെടുന്നത്. നാവ് കൊണ്ടാണ് നാം കൂടുതൽ പാപം ചെയ്യുന്നത് എന്നതുകൊണ്ടാകാം ഇത്! ധനികൻ അബ്രാഹാമിനോട്, "ലാസർ വിരലിന്‍റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു”. (ലൂക്കോസ് 16:24). ഈ നാവ് കൊണ്ട് വ്യാജ പ്രവചനങ്ങൾ പറയുന്നതിലൂടെയും മറ്റുള്ളവരെ ശപിക്കുന്നതിലൂടെയും ഈ ധനികനെപ്പോലെ തീജ്വാലകളിൽ കഷ്ടപ്പെടേണ്ടി വരും.

മറ്റു ചില വ്യാജ പ്രവാചകന്മാർ തങ്ങൾ സ്വർഗ്ഗത്തിൽ പോയെന്നും യേശുവിനോടും അപ്പോസ്തലന്മാരായ പത്രോസിനോടും പൗലോസിനോടും സംസാരിച്ചെന്നും അവകാശപ്പെടുന്നു. ഒരു വ്യാജ പ്രവാചകൻ ഒരിക്കല്‍ താന്‍ പൗലോസ് അപ്പോസ്തലനെ കണ്ടെന്നും, അദ്ദേഹത്തിന് പൊക്കം കുറവായിരുന്നുവെന്നും, ഭൂമിയിലായിരുന്നപ്പോൾ അദ്ദേഹം ഏറ്റ ചാട്ടവാറടിയുടെ പാടുകൾ കണ്ടെന്നും പറഞ്ഞു. പ്രിയ വായനക്കാരേ, ചിന്തിക്കൂ! അത് സാധ്യമാണോ?

സത്യത്തിൽ പത്രോസും പൗലോസും കല്ലറയിൽ വിശ്രമിക്കുകയും കർത്താവിന്‍റെ രണ്ടാം വരവിലെ പുനരുത്ഥാനത്തിനായി കാത്തിരിക്കുകയുമാണ്. അവരെ കണ്ടുമുട്ടിയെന്ന് പറയുന്നത് കള്ളവും ദൈവത്തിന്‍റെ ദൃഷ്ടിയിൽ കുറ്റകരവുമാണ്. പഴയ നിയമത്തിൽ 'കർണ്ണ പിശാച്' (മരിച്ചവരുടെ ആത്മാക്കളോട് സംസാരിക്കൽ) എന്നാണ് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.

ചില സഭകൾ വളരെ പ്രശസ്തമാണ്. 'സിലോൺ പെന്തക്കോസ്ത് മിഷൻ' (CPM) എന്നൊരു സഭയുണ്ട്. അതിൽ നിന്ന് പുറത്തുവന്ന ചിലർ മറ്റൊരു സഭ സ്ഥാപിച്ചു. അതിന്‍റെ ചുരുക്കെഴുത്തും CPM എന്നു തന്നെയാണ്! അതുപോലെ LEF എന്നൊരു സഭയുണ്ട്. ചിലർ അതിൽ നിന്ന് പുറത്തുവന്ന് വേറൊരു സഭ പണിത് വേറെ പേരിട്ടെങ്കിലും ചുരുക്കെഴുത്ത് LEF എന്ന് തന്നെ വരും. "നിങ്ങൾ എന്തിനാണ് അതേ പേര് തന്നെ ഉപയോഗിക്കുന്നത്?" എന്ന് ഞാൻ അവരോട് ചോദിച്ചു. ഇത് അശ്വത്ഥാമാ ഹത: കുഞ്ജര: എന്നതു പോലെയുണ്ട് എന്ന് ഞാന്‍ പറഞ്ഞു. പുറത്തുവന്ന വിശ്വാസികളും അതേ തെരുവിൽ തന്നെയായിരിക്കും പ്രവർത്തിക്കുന്നത്. പുതിയ ആളുകൾ തെറ്റിദ്ധരിച്ച് ആ സഭയിലേയ്ക്ക് കയറിപ്പോകും.

ഒരിക്കൽ എന്‍റെ വീട്ടിൽ ഒരു പാസ്റ്റർ വന്നു. "നിങ്ങൾ എങ്ങനെയാണ് പ്രസംഗം തയ്യാറാക്കുന്നത്?" എന്ന് എന്നോട് ചോദിച്ചു. എന്‍റെ പക്കൽ Dake's Bible, Thompson Bible, Scofield Bible, Halley's Handbook, Willmington's Guide തുടങ്ങിയ പുസ്തകങ്ങൾ ഉണ്ടെന്നും അവ വായിച്ചാണ് പ്രസംഗം തയ്യാറാക്കുന്നതെന്നും പറഞ്ഞ് ആ പുസ്തകങ്ങള്‍ ഞാൻ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ഒരു മണിക്കൂറിന് ശേഷം അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ എന്‍റെ ഭാര്യ, "പാസ്റ്റർ, ഞാൻ പുതിയ അച്ചാർ ഉണ്ടാക്കി. അല്‍പം, കൊണ്ടുപോകൂ" എന്ന് പറഞ്ഞ് ഒരു ഹോർലിക്സ് കുപ്പിയിൽ അച്ചാർ നിറച്ച് കൊടുത്തു. അദ്ദേഹം "വേണ്ട മോളെ, ഞങ്ങൾ അച്ചാർ കഴിക്കാറില്ല" എന്ന് പറഞ്ഞു. "എന്താണ് അച്ചാർ വേണ്ടെന്ന് പറയുന്നത്? ചോറ് വച്ചാൽ കറിയില്ലെങ്കിലും അച്ചാർ കൂട്ടി കഴിക്കാമല്ലോ" എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ബലമായി അദ്ദേഹത്തിന്‍റെ ബാഗ് വാങ്ങി സിപ്പ് തുറന്ന് കുപ്പി ഉള്ളിൽ വെക്കാൻ ശ്രമിച്ചു. സിപ്പ് തുറന്നതും എന്‍റെ നെഞ്ച് പടപടാ ഇടിച്ചു! കാരണം എന്‍റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ ബാഗിൽ ഉണ്ടായിരുന്നു! "ഇതെന്താണ്? എന്‍റെ പുസ്തകങ്ങള്‍ എന്തിനാണ് നിങ്ങളുടെ ബാഗിൽ വെച്ചിരിക്കുന്നത്?" എന്ന് ഞാൻ ചോദിച്ചു. അതിന് അദ്ദേഹം: "നിങ്ങളല്ലേ കൊണ്ടുപോകാൻ പറഞ്ഞ് തന്നത്?" എന്ന് പറഞ്ഞു. "ഞാൻ നോക്കാൻ മാത്രമാണ് തന്നത്, നിങ്ങൾ അത് മോഷ്ടിക്കുകയായിരുന്നു! ഇനി ഒരിക്കലും എന്‍റെ വീട്ടിൽ വരരുത്" എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തെ പിന്നീട് എന്‍റെ വീട്ടിൽ കയറ്റിയിട്ടില്ല.

ഈ ദിവസങ്ങളിൽ എല്ലാവരും തങ്ങളുടെ പേരിന് മുന്നിൽ 'റവറന്റ്' (Rev.) എന്ന് ചേർക്കുന്നുണ്ട്. ഇംഗ്ലീഷിൽ 'Rev.' എന്ന് എഴുതുന്നതല്ലാതെ അതിന്‍റെ പൂർണ്ണമായ സ്പെല്ലിംഗോ അർത്ഥമോ അവർക്ക് അറിയില്ല. 'ഡോക്ടർ' എന്നാൽ വൈദ്യൻ എന്ന് മാത്രം അറിയാവുന്നവർ പോലും പേരിന് മുന്നിൽ Dr. എന്ന് എഴുതുന്നു. അടുത്തകാലത്തായി ചില സ്ഥാപനങ്ങൾ വന്നിട്ടുണ്ട്; അവർക്ക് കുറച്ച് പണം നൽകിയാൽ നിങ്ങൾക്ക് വേണ്ട ബിരുദം വീട്ടുപടിക്കൽ എത്തിച്ചുതരും! അതുകൊണ്ട് അനേകർ തങ്ങളുടെ പേരിന് മുന്നിൽ 'ബിഷപ്പ്' എന്ന് എഴുതിച്ചേർക്കുന്നു. ഈ ബിരുദങ്ങൾ കണ്ട് ഇവർ വലിയ വിദ്യാസമ്പന്നരാണെന്ന് കരുതി ആളുകൾ വഞ്ചിക്കപ്പെടുന്നു.

ഈ പുസ്തകത്തിന്‍റെ കൈയ്യെഴുത്തുപ്രതി വായിച്ച ചിലർ എന്നോട്, "നിങ്ങൾ നാസ്തികർക്കും ക്രിസ്തുമതത്തെ ദ്വേഷിക്കുന്നവർക്കും വലിയ സഹായമാണ് ചെയ്യുന്നത്, അവർക്ക് വേണ്ട കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്" എന്ന് പറഞ്ഞു. വഞ്ചിക്കപ്പെടുന്നവർ ഇല്ലെങ്കിൽ വഞ്ചിക്കുന്നവരും ഉണ്ടാവില്ല. വഞ്ചിക്കപ്പെടുന്നവരെ ബോധവൽക്കരിച്ചാൽ അവർ വഞ്ചകരെ അകറ്റി നിർത്തും. അങ്ങനെ ക്രിസ്തീയ സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഞാൻ നടത്തുന്നത്.

ചിലർ എന്നോട്, "നിങ്ങൾ എഴുതിയതുകൊണ്ട് മാത്രം അവർ മാറിപ്പോകുമോ?" എന്ന് ചോദിച്ചു. അവർ മാറില്ല എന്ന് എനിക്ക് നന്നായി അറിയാം. ഈ പുസ്തകത്തിൽ ഞാൻ സൂചിപ്പിച്ച ഒരു വ്യാജ പ്രവാചകനെ ഒരിക്കല്‍ കണ്ടുമുട്ടിയപ്പോൾ "ബ്രദർ, നിങ്ങൾ പറയുന്ന വ്യാജ പ്രവചനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകാൻ ഞാൻ അത് എന്‍റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പേര് എഴുതാതെ 'ഒരു സഹോദരൻ' എന്നാണ് എഴുതിയത്." എന്ന് പറഞ്ഞു. അതിന് അദ്ദേഹം, "പേര് എഴുതൂ സാർ, എന്‍റെ മുഴുവന്‍ പേരും ഫോണ്‍ നമ്പറും സഹിതം എഴുതൂ, അങ്ങനെയെങ്കിലും എനിക്ക് പ്രശസ്തി കിട്ടുമല്ലോ!" എന്ന് പറഞ്ഞു. ഈ പുസ്തകത്തിന് അവതാരിക എഴുതിയ സിസ്റ്റർ ജ്യോതി ശേഖർ തന്‍റെ പേര് ഇത്തരം ഒരു പുസ്തകത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് എഴുതിയപ്പോൾ, ഇയാൾ തന്‍റെ പേര് എഴുതാൻ ആവശ്യപ്പെടുന്നു!

ഈ പുസ്തകം വലിയൊരു വിപ്ലവം സൃഷ്ടിച്ച് അനേകരെ മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കുറഞ്ഞപക്ഷം ഒരാളെങ്കിലും വ്യാജ പ്രവാചകന്മാരെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് അകന്നുനിന്നാൽ മതി, എന്‍റെ ശ്രമം സഫലമായി.

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.