Hits: 39
Print
രചയിതാവ്.: കെ വിദ്യാ സാഗർ
വിവർത്തനം: എൻ ഷൈനി & ഷിബു ബാബു

ഉള്ളടക്കം

  1. ആമുഖം
  2. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.
  3. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ  സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്.
  4. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
  5. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
  6. നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
  7. കൊല ചെയ്യരുത്.
  8. വ്യഭിചാരം ചെയ്യരുത്.
  9. മോഷ്ടിക്കരുത്.
  10. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.
  11. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.

ആമുഖം

ന്യായപ്രമാണത്തിലെ ഈ പത്തു കല്പനകൾ ദൈവം തന്നെ തന്‍റെ വിരൽ കൊണ്ട് എഴുതുകയാണ് ചെയ്തത്, നിയമ പെട്ടകത്തിലും ഈ പത്തു കല്പനകൾ അടങ്ങിയ രണ്ട് പലകകൾ  വയ്ക്കുകയുണ്ടായി  (പുറപ്പാട് 34:28, ആവർത്തനം 4:13, 10:4).   ന്യായപ്രമാണത്തിന്‍റെ ശേഷമുള്ള ഭാഗം ദൈവം പറഞ്ഞ കാര്യങ്ങൾ ആത്മാവിന്‍റെ പ്രചോദനത്താൽ മോശ എഴുതിയതാണെങ്കിൽ, ഈ പത്ത് കൽപ്പനകൾ ദൈവം തന്നെ രണ്ട് പലകകളിൽ എഴുതിയതാണ്.   അതുകൊണ്ട് ഈ പത്തു കല്പനകൾ വളരെ പ്രധാന്യമുള്ളവയാണ്.   അങ്ങനെ പറയുമ്പോൾ ശേഷമുള്ള വാക്കുകൾ പ്രാധാന്യമുള്ളവയല്ല എന്നല്ല, എന്നാൽ ഈ പത്തു കൽപ്പനകളിലെ ധാർമ്മികവും ആത്മീയവുമായ വിഷയങ്ങളാണ് മുഴുവൻ തിരുവെഴുത്തുകളുടെയും സത്ത.   തിരുവെഴുത്തുകളിലെ മറ്റെല്ലാ പഠിപ്പിക്കലുകളും ഈ പത്തു കൽപ്പനകളിൽ ഏതെങ്കിലും ഒന്നിന്‍റെ  പരിധിയ്ക്കുള്ളിൽ  പറയപ്പെട്ടിരിക്കുന്നതാണ്.   ഈ പത്തു കല്പനകൾ പ്രധാന തലക്കെട്ടുകൾ (Main Headings) എന്നു കരുതിയാൽ, അവയുടെ വിശദീകരണങ്ങളാണ് ശേഷമുള്ള തിരുവെഴുത്തുകൾ.   സുവിശേഷങ്ങൾ ഉൾപ്പെടെ എല്ലാ തിരുവേഴുത്തുകളും ഈ പത്തു കൽപ്പനകളുടെ പരിധിക്കുള്ളിൽ ആണ് എഴുതപ്പെട്ടത്.   അതുകൊണ്ട് ഈ പത്തു കല്പനകൾ ദൈവത്തിന്‍റെ ധാർമ്മിക സ്വഭാവത്തിന്‍റെ പ്രതിഫലനമാണെന്ന് നാം മനസ്സിലാക്കണം. 

ചില ഉപദേഷ്ടാക്കൾ ചില തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് പത്ത് കല്പനകൾ ഉൾപ്പെടെ ന്യായപ്രമാണം  നീക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു.  ന്യായപ്രമാണം നീക്കികളഞ്ഞു  എന്നതിന്‍റെ  അർത്ഥം ക്രിസ്തുവിൽ നിറവേറ്റപ്പെട്ട ഔപചാരിക കല്പനകൾ (ക്രിസ്തുവിന്‍റെ നിഴലായ ആചാരപരമായ കല്പനകൾ) നീക്കംചെയ്യപ്പെട്ടു എന്നാണ്, പത്ത് കല്പനകള്‍ നീക്കം ചെയ്യപ്പെട്ടു എന്നല്ല (എഫെസ്യർ 2:14).   ഈ പത്തു കൽപ്പനകൾ ദൈവത്തിന്‍റെ ധാർമ്മിക സ്വഭാവത്തിന്‍റെ  പ്രതിഫലനമാണ്, അവ ഒരിക്കലും  റദ്ദാക്കാനോ നീക്കികളയാനോ കഴിയുന്നതല്ല.   അതുകൊണ്ടാണ് അവനല്ലാതെ മറ്റൊരു ദൈവവും നമുക്ക് ഉണ്ടാകരുത്, കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷ്യം പറയരുത് തുടങ്ങിയ ധാർമ്മിക നിയമങ്ങൾ ഇപ്പോഴും നമുക്കുള്ളത്.   പുതിയ നിയമവും  ഇതുതന്നെയാണ്  നമ്മെ പഠിപ്പിക്കുന്നത്.  നമുക്ക് മാതൃക കാണിച്ചു തന്ന യേശുക്രിസ്തു ഈ കല്പനകളെല്ലാം പൂർണമായി നിറവേറ്റിയതിനാൽ, നാമും അവ നിറവേറ്റാൻ ബാധ്യസ്ഥരാണ് (1 പത്രോസ് 2:21).  

ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടിട്ട്, വിശുദ്ധീകരിക്കപ്പെടുന്ന  പ്രക്രിയയിൽ ഈ പത്തു കൽപ്പനകൾ നമുക്ക് വഴികാട്ടികളാണ്.   അവ പാലിക്കുന്നതുകൊണ്ട് നാം നീതിമാന്മാരാകുന്നില്ല, എന്നാൽ തന്‍റെ സ്വന്തം നീതിയാൽ നമ്മെ നീതിമാന്മാരാക്കിയ യേശുക്രിസ്തു നമുക്ക് നൽകിയ നീതിയുടെ അടയാളമായി നാം അവയെ പാലിക്കണം.   അതുകൊണ്ട്, ഈ പത്തു കൽപ്പനകൾ ലംഘിക്കാതെ നമുക്കുള്ള ക്രിസ്തീയ സ്വാതന്ത്ര്യം നാം ആസ്വദിക്കണം.   ഈ പത്തു കൽപ്പനകൾ നിറവേറ്റാൻ പുതിയ നിയമം നമ്മെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു.  അതുകൊണ്ടാണ് ഈ പത്തു കല്പനകളിൽ പഠിപ്പിക്കുന്ന ധാർമ്മിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിനെതിരെ അത് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത് (റോമർ 13:8-10, എഫെസ്യർ 6:1-3).

ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം:

  1. ദൈവത്തിന്‍റെ നീതിയുടെ നിലവാരം എന്താണെന്ന് നമ്മെ അറിയിക്കുക.
  2. അത് നമ്മുടെ സ്വന്തം ശക്തിയാൽ നമുക്ക് നേടാൻ കഴിയില്ലെന്ന് കാണിക്കുക.
  3. അതുകൊണ്ട് എല്ലാ മനുഷ്യരും അവന്‍റെ ദൃഷ്ടിയിൽ പാപികളാണെന്ന് ആരോപിക്കുക.
  4. എല്ലാവരുടെയും അവസ്ഥ അങ്ങനെയാണെങ്കിൽ, അതിൽ നിന്ന് മോചിപ്പിക്കുന്ന പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുക.

ഗലാത്യർ 3:24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.

സാമൂഹികമായും ഇതുമൂലം നിരവധി പ്രയോജനങ്ങളുണ്ട്.  ഇതിൽ പറഞ്ഞിരിക്കുന്ന ശിക്ഷകൾക്ക്  ഭയപ്പെടുന്നതിനാൽ ചില ആളുകൾക്ക് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന തിന്മ ചെയ്യാതിരിക്കുന്നു.    അതുപോലെ തന്നെ, ന്യായപ്രമാണത്തെ സ്ഥാപിക്കാനുള്ള ഉദ്ദേശത്തോടെയാണ് നമുക്ക് വിശ്വാസം ലഭിച്ചത്.   വിശ്വാസികൾ ന്യായപ്രമാണം സ്ഥാപിക്കുന്നവരായിട്ടാണ് ഇരിക്കുന്നത്.

റോമർ 3:31 ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

ദൈവം തന്‍റെ പത്തു കൽപ്പനകൾ വെളിപ്പെടുത്തുന്നതിനു മുമ്പ് പറയുന്ന ഈ വാക്കുകൾ ശ്രദ്ധിക്കുക.

ദൈവം വചനങ്ങളൊക്കയും അരുളിച്ചെയ്തു  (പുറപ്പാട് 20:1).

പുറപ്പാട് 19-ാം അദ്ധ്യായം അനുസരിച്ച്, ദൈവം സീനായി പർവ്വതത്തിൽ ഇറങ്ങിവന്ന് എല്ലാ ജനങ്ങളും  കേൾക്കെ  ഈ പത്ത് കൽപ്പനകൾ അരുളിച്ചെയ്തു.   അവ രണ്ടു കല്പലകകളിലാണ് എഴുതപ്പെട്ടത്.   യഹൂദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ; പത്ത് കൽപ്പനകളിൽ ദൈവമുമായി ബന്ധപ്പെട്ട ആദ്യത്തെ നാലെണ്ണം ഒരു പലകയിലും, ബാക്കിയുള്ള ആറ് എണ്ണം മറ്റൊരു പലകയിലുമാണ് എഴുതപ്പെട്ടത്.   ആദ്യത്തെ പലകയിൽ എഴുതിയിരിക്കുന്ന നാല് കൽപ്പനകൾ ദൈവത്തെ സ്നേഹിക്കാൻ പറയുമ്പോൾ, രണ്ടാമത്തെ പലകയിൽ എഴുതിയിരിക്കുന്ന ആറ് കൽപ്പനകൾ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാൻ  ആണ് പറയുന്നത്.   ആദ്യത്തേത് ദൈവത്തോടുള്ള സ്നേഹമാണ്, രണ്ടാമത്തേത് മനുഷ്യനോടുള്ള സ്നേഹമാണ്.   ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.   എന്തുകൊണ്ടെന്നാൽ, ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കാൻ കഴിയാത്തവർക്ക് സഹമനുഷ്യനെയും യഥാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല.  ഒരുപക്ഷെ എന്തെങ്കിലും സ്വാർത്ഥതയാല്‍ നിങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞേക്കും, എന്നാല്‍ നിങ്ങൾക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല.   അതുപോലെ, സഹമനുഷ്യനെ സ്നേഹിക്കാൻ കഴിയാത്തവർക്ക് ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല.

1 യോഹന്നാൻ 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്‍റെ സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല

അതുകൊണ്ട്, അയൽക്കാരനെ സ്നേഹിക്കുന്നവൻ ആണ് ദൈവത്തെ സ്നേഹിക്കുകയും ന്യായപ്രമാണം നിവർത്തിക്കുകയും ചെയ്യുന്നത്.

റോമർ 13:8-10 അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നുസ്നേഹം കൂട്ടുകാരനു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തിതന്നെ.

പുറപ്പാട് 20:2 “അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു.”

ഒരു രാജാവോ ചക്രവർത്തിയോ ഒരു കൽപ്പന പുറപ്പെടുവിക്കുമ്പോള്‍, തന്‍റെ സ്വന്തം പേരിലാണ് അത് ചെയ്യുന്നത്.   അതുപോലെ, ഇവിടെ ദൈവം തന്‍റെ  കല്പനകൾ വെളിപ്പെടുത്തുന്നതിനുമുമ്പ് യഹോവ എന്ന തന്‍റെ നാമത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നു.   യഹോവ എന്ന ആ നാമത്തിന്‌ “ഭയങ്കരൻ” എന്ന ബിരുദവും (title) ഉണ്ട് (സങ്കീർത്തനം 76:11).   അതുകൊണ്ട്,സകല മനുഷ്യരും ഭയങ്കരനായ അവന്‍റെ നാമത്തിന് കീഴടങ്ങുകയും ആ നാമത്തിൽ പുറപ്പെടുവിക്കപ്പെടുന്ന കല്പനകൾ (നിയമങ്ങൾ) പാലിക്കുകയും വേണം. 

ആവർത്തനപുസ്തകം 28:58-59 നിന്‍റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകല വചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ  യഹോവ നിന്‍റെമേലും നിന്‍റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.

“അടിമവീടായ മിസ്രയീം ദേശത്ത്നിന്ന് നിന്നെ കൊണ്ടുവന്ന യെഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു” (പുറപ്പാട് 20:2)

ഈ വാക്കുകളിൽ ദൈവം യിസ്രായേൽ മക്കൾക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നത് നാം കാണുന്നു. താന്‍ വിചാരിച്ചാൽ, ഈ പത്തു കല്പനകൾ അവർക്ക്  ഒരു വ്യവസ്ഥയായി വച്ചുകൊണ്ട് അവയ്ക്ക് കീഴ്പ്പെട്ടാൽ മാത്രമേ തങ്ങളെ മിസ്രയീമിൽ നിന്ന് വിടുവിക്കുകയുള്ളൂ എന്ന് യിസ്രായേൽ മക്കൾ മിസ്രയീമിൽ  ആയിരുന്നപ്പോൾ തന്നെ അവരോട് പറയാമായിരുന്നു.   എന്നാൽ അവൻ അങ്ങനെ ചെയ്യാതെ, ആദ്യം അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിനു ശേഷം, അതിനുള്ള നന്ദി സൂചകമായി,അവന്‍റെ സ്നേഹത്തിന് കീഴടങ്ങാൻ (അവന്‍റെ കല്പനകൾ പാലിക്കാൻ) ആവശ്യപ്പെടുന്നു.   അവൻ അവരെ സ്നേഹിക്കുകയും അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്തതിനാൽ, അതിന്‍റെ പ്രതികരണമായി അവരും അവനെ സ്നേഹിക്കുകയും അവന്‍റെ കല്പനകൾ പാലിക്കുകയും വേണം.  അവന്‍റെ കല്പനകൾ അനുസരിക്കുന്നതിലൂടെയാണ് അവനോടുള്ള അവരുടെ സ്നേഹം പ്രകടമാകുന്നത് (യോഹന്നാൻ 14:21).   നമ്മുടെ രക്ഷയുടെ കാര്യത്തിലും അവൻ ചില കല്പനകൾ പുറപ്പെടുവിച്ച്, അവ പാലിച്ചു കൊണ്ട് നമ്മെത്തന്നെ നാം രക്ഷിക്കുക എന്നല്ല പറയുന്നത് (തീത്തോസ് 3:5),  ആദ്യം പാപത്തിന്‍റെ അന്ധകാരത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, കോപത്തിൽ നിന്ന് വിടുവിക്കുകയും,   അപ്പോൾ മുതല്‍ മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യാനും (പ്രവൃത്തികൾ 26:20), അവനെ സ്നേഹിക്കുകയും അവന്‍റെ കല്പനകൾ പാലിക്കുകയും ചെയ്യാനുമാണ് പഠിപ്പിക്കുന്നത്.

ഇനി വിഷയത്തിലേക്ക് കടക്കാം;

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത് (പുറപ്പാട് 20:3).

ഇത് പത്തു കല്പനകളിൽ ആദ്യത്തെ കല്പനയാണ്.   ഒരു വിധത്തിൽ പറഞ്ഞാൽ, ഇത് മറ്റെല്ലാ കല്പനകളുടെയും അടിസ്ഥാനമായി  പറയപ്പെടുന്നു.   കാരണം; ഈ കല്പന അനുസരിക്കുന്നവർക്ക് ആ ദൈവം കല്പിക്കുന്ന മറ്റു കല്പനകളും അനുസരിക്കാന്‍ സാധിക്കും.  അതുപോലെ, ഈ കല്പന പാലിക്കുന്നവർ ആ ഏക ദൈവത്തിന്‍റെ കല്പനകൾ ഒഴികെ മറ്റാരുടെയും കല്പനകൾ അനുസരിക്കാതിരിക്കത്തക്കവണ്ണം ശ്രദ്ധയുള്ളവരായിരിക്കും.  

നമുക്ക് അവനല്ലാതെ മറ്റൊരു ദൈവം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ബൈബിൾ ചരിത്രമനുസരിച്ച്, അവൻ മാത്രമാണ് എല്ലാ സൃഷ്ടികളെയും മനുഷ്യനെയും സൃഷ്ടിച്ചത്.  അവന്‍ മാത്രമാണ് സകല ജീവജാലങ്ങളെയും പോഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.  അതുകൊണ്ട്, അവനല്ലാതെ മറ്റു ദൈവങ്ങൾ നമുക്ക് ഉണ്ടാകരുത് എന്നത് ന്യായമായ ഒരു കൽപ്പനയാണ്.   ഉദാഹരണത്തിന് ഒരു പിതാവ്, എങ്ങനെ തന്‍റെ മക്കൾ തന്നെ മാത്രം പിതാവായി ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, ഈ കല്പനയിലും അതുപോലയുള്ള ന്യായമായ ആഗ്രഹമാണ് നാം കാണുന്നത്.   ആദ്യ മനുഷ്യനെ സൃഷ്ടിച്ചത് ദൈവമായ യഹോവയാണ്.   ആദ്യകാല മനുഷ്യർ അവനെ മാത്രം ദൈവമായി മനസ്സിലാകുകയും ആരാധിക്കുകയും ചെയ്തു.   പിന്നീട്, മനുഷ്യർ ഭൂമിയിലുടനീളം  വ്യാപിക്കുകയും ചിതറിപ്പോകുകയും ചെയ്തപ്പോൾ ഓരോരുത്തരും അവരവരുടേതായ  മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചു.   ഈ രീതിയിൽ കെട്ടിച്ചമക്കപ്പെട്ട  മതങ്ങളാലോ ദൈവങ്ങളാലോ  ആർക്കും ഒരു പ്രയോജനവും കിട്ടുന്നില്ല.   എല്ലാം സൃഷ്ടിച്ചവനേ  ദൈവമാകുന്നുള്ളൂ, സൃഷ്ടിക്കപ്പെട്ടവന് ദൈവമാകാൻ കഴിയില്ല.   യഥാർത്ഥ ദൈവം ദൈവമായി ഉള്ളവർക്കു മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ.   അതുകൊണ്ടാണ് നമുക്ക് അവനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്ന് പറയുന്നത്.

കൂടാതെ, സ്രഷ്ടാവായ ദൈവത്തിനു പകരം മറ്റൊരു സാങ്കൽപ്പിക ദൈവത്തെ ആരാധിക്കുന്നവർ ഗുരുതരമായ പാപം ചെയ്യുകയും യഥാർത്ഥ ദൈവത്തിന്‍റെ കോപത്തിന് പാത്രരാകുകയും ചെയ്യുന്നു.   ഉദാഹരണത്തിന്, ഒരു മകൻ തന്നെ ജനിപ്പിച്ചു വളർത്തിയ തന്‍റെ പിതാവിന് പകരം ഏതെങ്കിലും ഒരു വിഗ്രഹം ഉണ്ടാക്കി ആ വിഗ്രഹത്തെ തന്‍റെ പിതാവ് എന്ന പോലെ  ബഹുമാനിച്ചാൽ അവൻ ആ പിതാവിന്‍റെ കോപത്തിന് പാത്രമാകുന്നതുപോലെ, സ്രഷ്ടാവായ ദൈവത്തിന് പകരം ദൈവങ്ങളെ ഉണ്ടാക്കുന്നവർ ദൈവത്തിന്‍റെ ക്രോധത്തിന്  പാത്രരാകും.   അതുകൊണ്ട് നമുക്ക് അവനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്.   അതുകൊണ്ടാണ്, ഈ കല്പന യിസ്രായേൽ മക്കൾക്ക് നൽകിയതാണെങ്കിലും, എല്ലാ മനുഷ്യരും ഈ കല്പനയുടെ പരിധിക്കുള്ളില്‍  വിധിക്കപ്പെടുന്നത് (റോമർ 1:19-24).  

ഈ ഏക ദൈവത്തെക്കുറിച്ച് അവനാൽ സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ നിഴലായും, അവനാൻ എഴുതപ്പെട്ട  വചനത്തിൽ അവനെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തലുകളായും നാം കാണുന്നു.  അതുകൊണ്ട് അവനെക്കുറിച്ച് അറിയാൻ നാം തിരുവെഴുത്തുകളെ ധ്യാനിക്കേണ്ടതുണ്ട്, സൃഷ്ടിയിലെ അവന്‍റെ അദൃശ്യ ഗുണങ്ങളെ തിരിച്ചറിഞ്ഞ്, അവനെ ആരാധിക്കേണ്ടതുണ്ട്.  

അവനല്ലാതെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകരുത് എന്ന് നാം പറയുമ്പോൾ, അവൻ തന്നെത്തന്നെ നമുക്ക് എങ്ങനെയാണോ വെളിപ്പെടുത്തിയിരിക്കുന്നത് അങ്ങനെ തന്നെ നാം അവനെ തിരിച്ചറിയുകയും ആരാധിക്കുകയും വേണം.   അല്ലെങ്കിൽ, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തെ ആരാധിക്കുന്നതിനുപകരം, നമ്മുടെ സ്വന്തം ഭാവനകളിൽ നിന്ന് ജനിച്ച ഒരു ദൈവത്തെ  ആരാധിക്കുന്ന ആളുകളാകും നാം. നിർഭാഗ്യവശാൽ, ഇന്ന് ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുകയും,  “കഴിവില്ലാത്ത, തന്‍റെ ഇഷ്ടം നിറവേറ്റാൻ സാധിക്കാത്ത ഒരു ദൈവത്തെ ആരാധിക്കുന്ന അർമീനിയർ, മറിയയെയും  ഒരു ദേവതയായി ആരാധിക്കുന്ന റോമൻ കത്തോലിക്കർ, തിരുവെഴുത്തുകളിൽ പഠിപ്പിക്കുന്ന ത്രിത്വ സിദ്ധാന്തത്തെ അവഗണിക്കുന്ന ക്രിസ്തു  സഭ, യൂണിറ്റേറിയൻമാർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ”  തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന് പുറമെയുള്ള ഒരു ദൈവത്തെ ആരാധിക്കുന്നവരാണ്.

അവനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്ന് പറയുമ്പോൾ, നാം  അവനെക്കാൾ കൂടുതൽ മറ്റാരെയും സ്നേഹിക്കരുത്. അവനാണ് നമുക്ക് സകലവും നല്‍കുന്നവന്‍ എന്നതിനാല്‍, എല്ലാറ്റിനുമുപരി നാം അവനെ മാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം (മത്തായി 10:37).   ചുരുക്കി പറഞ്ഞാൽ ഏതു സാഹചര്യത്തിലും അവന്‍റെ സ്ഥാനം ഒരു നിലയിലും മറ്റാർക്കും ആരോപിക്കരുത്.   പഴയനിയമത്തിൽ (സങ്കീർത്തനം 82) ന്യായാധിപന്മാരെ ദൈവങ്ങൾ എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും,  അവർ ദൈവത്തിന്‍റെ പ്രതിനിധികളാണ് എന്ന അർത്ഥത്തിൽ മാത്രമാണ് ആ പദം ഉപയോഗിച്ചിട്ടുള്ളത്,  ദൈവത്തോടൊപ്പം അവരും ദൈവങ്ങളാണെന്ന് അർത്ഥമാക്കുന്നില്ല.   അവനല്ലാതെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകരുത് എന്ന് പറയുമ്പോൾ, അവനെ കൂടാതെ മറ്റാരെയും ദൈവമായി കണക്കാക്കാനോ അവനോടൊപ്പം മറ്റാരെയെങ്കിലും കൂടെ ദൈവമായി ആരാധിക്കാനോ  പാടില്ല.  

ഈ കല്പനയാൽ വിലക്കപ്പെട്ട ചില പാപങ്ങൾ ഇവയാണ്:

  1. അവനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്, അവൻ മാത്രമാണ് ദൈവം. അതുകൊണ്ട്, ദൈവം ഇല്ലെന്ന് അവകാശപ്പെടുന്ന നിരീശ്വരവാദം ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു.
  2. അവൻ മാത്രമാണ് നമുക്ക് ദൈവം എന്നതിനാൽ, ആ ദൈവം തന്നെ താൻ വെളിപ്പെടുത്തുന്നതിന് ഉപയോഗിച്ച മാർഗ്ഗത്തെ പരിശോധിക്കാതെ ഇരിക്കുന്നത് (വചനത്തെ അവഗണിക്കുന്നത്) ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. കാരണം, എവിടെയാണോ തിരുവെഴുത്തുകളെക്കുറിച്ചുള്ള അജ്ഞതയുള്ളത് അവിടെ ദൈവം അജ്ഞാതനായ ഒരു ദൈവമായി തുടരുന്നു (യോഹന്നാൻ 4:22, പ്രവൃത്തികൾ 17:23).  അവനല്ലാതെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകരുത് എന്നതിനാലും, അവൻ നമ്മുടെ ഏക ദൈവമായതിനാലും, എല്ലാവരും അവനെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.
  3. അവനല്ലാതെ മറ്റൊരു ദൈവവം ഉണ്ടാകരുത് എന്നതിനാൽ, ബഹുദൈവാരാധന ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു.
  4. അവൻ മാത്രമാണ് നമ്മുടെ ദൈവം എന്നതിനാൽ, മനുഷ്യനു ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ആ ഏകദൈവത്തിന്‍റെ കല്പനകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യൻ തന്‍റെ സ്വാതന്ത്ര്യം ആസ്വദിക്കണം. അത് അവന് പ്രയോജനകരമാണ്.
  5. അവനല്ലാതെ മറ്റൊരു ദൈവവും ഉണ്ടാകരുത് എന്നതിനാൽ, ദൈവത്തിൽ ആശ്രയിക്കുന്നതുപോലെ മറ്റാരിലും ആശ്രയിക്കുന്നതോ,  മറ്റാരേയും സ്നേഹിക്കുന്നതോ ആരാധിക്കുന്നതോ ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു.
  6. നമ്മെ സൃഷ്ടിച്ച ദൈവം അവനായതിനാൽ, അവനു വേണ്ടിയല്ലാതെ മറ്റാർക്കെങ്കിലും വേണ്ടി ജീവിക്കുക; ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നത് തന്നെ ജീവിത ലക്ഷ്യമാക്കുക, അല്ലെങ്കിൽ പണം സമ്പാദിക്കുന്നത് ജീവിത ലക്ഷ്യമാക്കുക തുടങ്ങിയ മറ്റെന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി ജീവിക്കുന്നത് ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു (ഫിലിപ്പിയർ 3:19, മത്തായി 6:24)

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:4)

ആദ്യത്തെ കല്പന പഠിപ്പിക്കുന്നത് അവനല്ലാതെ മറ്റൊരു ദൈവവും ഉണ്ടാകരുതെന്നും, അവൻ മാത്രമാണ് ദൈവം എന്നുമാണെങ്കിൽ, ആ ഏക ദൈവത്തെ എങ്ങനെ ആരാധിക്കരുത് എന്നാണ് ഈ കല്പന വിശദീകരിക്കുന്നത്.   മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ  അവന് ആരോപിച്ച് ആ സാദൃശ്യത്തിലുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കി അവനെ ആരാധിക്കരുത്.   കാരണം അവൻ  ആത്മാവായ, അനന്തനായ ദൈവമാണ്.  ഭൂമിയിലെ നിവാസികൾ അത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് അവർ ദൈവത്തിന്‍റെ ദൃഷ്ടിയിൽ കൊടും പാപികളായി കണക്കാക്കപ്പെടുന്നത്.

റോമർ 1:23-24 അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞുഅതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.

യിസ്രായേൽ മക്കൾക്ക്  അങ്ങനെയുള്ള തെറ്റ് ചെയ്യരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ആവർത്തനപുസ്തകം 4:12-19 യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് അവൻ നിങ്ങളോടു കല്പിച്ച തന്‍റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തുനിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടക്കേണ്ടുന്നതിനുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്ത് എന്നോടു കല്പിച്ചു. നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോറേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതുകൊണ്ടു നിങ്ങൾ ആണിന്‍റെയെങ്കിലും പെണ്ണിന്‍റെയെങ്കിലും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു മൃഗത്തിന്‍റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്‍റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്‍റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവജാതികൾക്കും പങ്കിട്ടുകൊടുത്തിരിക്കുന്നു.

ഇങ്ങനെ ഒരു രൂപവും അവന് ആരോപിക്കരുതെന്നും ആ രൂപങ്ങളെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുതെന്നുമുള്ള കൽപ്പനയിൽ, അവൻ വെളിപ്പെടുത്തിയ രീതിയിൽ അവനെ ആരാധിക്കണമെന്നും, മനുഷ്യൻ കണ്ടുപിടിച്ച രീതിയിൽ അവനെ സേവിക്കരുതെന്നും നമുക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.   ഈ മുന്നറിയിപ്പ് തുടക്കം മുതൽ തന്നെ വെളിപ്പെടുത്തപ്പെട്ടിരുന്നു.   അതുകൊണ്ടാണ് കയീന്‍ ദൈവം വെളിപ്പെടുത്തിയ യാഗവ്യവസ്ഥയിലൂടെയല്ലാതെ, വെറും വഴിപാടുകളിലൂടെ ദൈവത്തെ സമീപിക്കാൻ (ആരാധിക്കാൻ) ശ്രമിച്ചപ്പോൾ അവൻ ദൈവത്താൽ നിരസിക്കപ്പെട്ടത്.   ദൈവം വെളിപ്പെടുത്തിയ രീതിയിൽ യാഗവുമായി ഹാബെൽ ദൈവത്തെ സമീപിച്ചപ്പോൾ അവൻ അംഗീകരിക്കപ്പെട്ടു (ഉല്പത്തി 4:3,4).   അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും “യഹോവ തങ്ങളോട് കല്പിച്ചിട്ടില്ലാത്ത അന്യാഗ്നി” യാഗപീഠത്തിൽ അർപ്പിച്ചപ്പോൾ അവൻ അവരെ ദഹിപ്പിച്ചു കളഞ്ഞു എന്ന് നാം വായിക്കുന്നു. (ലേവ്യപുസ്തകം 10:1,2)   പുരോഹിതന്മാർക്ക് മാത്രമേ യാഗങ്ങൾ അർപ്പിക്കാൻ കഴിയൂ എന്ന നിയമം ലംഘിച്ചുകൊണ്ട് ശൗൽ യാഗങ്ങൾ അർപ്പിച്ചപ്പോൾ, ശമുവേൽ അവനെ ശാസിക്കുകയും രാജാവെന്ന പദവിയിൽ നിന്ന് തള്ളിക്കളയുകയും ചെയ്തുവെന്ന് നാം വായിക്കുന്നു (1 ശമുവേൽ 13:9-13).   ഉസ്സാ ലേവ്യർ മാത്രം ചുമക്കേണ്ടിയിരുന്ന  പെട്ടകത്തിൽ തൊട്ടതിനാൽ  ദൈവകോപത്തിൽ കൊല്ലപ്പെട്ടു എന്ന് നാം വായിക്കുന്നു (2 ശമുവേൽ 6:6,7).   ഈ സന്ദർഭങ്ങളെല്ലാം നമുക്ക് മുന്നറിയിപ്പ് നൽകുന്നത് “ദൈവത്തെ” അവൻ നമ്മോട് കൽപ്പിച്ച രീതിയിൽ തന്നെ സേവിക്കണമെന്നും മനുഷ്യനിർമ്മിതമായ വഴികളിൽ അവനെ ആരാധിക്കാൻ ശ്രമിക്കരുതെന്നുമാണ്.    അതുകൊണ്ടാണ് മനുഷ്യനിർമിത രീതികളെ ദൈവിക ഉപദേശങ്ങളായി പഠിപ്പിക്കുകയും അവയിലൂടെ തന്നെ ആരാധിക്കുകയും ചെയ്ത ശാസ്ത്രിമാരെയും പരീശന്മാരെയും കർത്താവായ യേശുക്രിസ്തു കഠിനമായി ശാസിച്ചത് (മത്തായി 15:9, മർക്കോസ് 7:7).   അപ്പോസ്തലന്മാർ സഭയ്ക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട്, തങ്ങൾ വാക്കുകളിലൂടെയും ലേഖനത്തിലൂടെയും  ഉപദേശിച്ച കല്പനകൾ മാത്രമേ പാലിക്കാവൂ എന്ന് ആജ്ഞാപിക്കുകയുണ്ടായി (2 തെസ്സലൊനീക്യർ 2:15).  അപ്പോസ്തലന്മാർ തങ്ങളുടെ വാക്കുകളിലൂടെയും ലേഖനങ്ങളിലൂടെയും പഠിപ്പിച്ചത് "പഴയനിയമ തിരുവെഴുത്തുകൾ (അവയുടെ സാരാംശം), യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങൾ, പരിശുദ്ധാത്മാവിനാൽ അവർക്ക് പുതുതായി വെളിപ്പെടുത്തിയ കാര്യങ്ങൾ എന്നിവ മാത്രമാണ്."  

മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്” എന്നത് “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്” എന്ന ഒന്നാം കല്പനയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് റോമൻ കത്തോലിക്കർ തങ്ങളുടെ വിഗ്രഹാരാധനയെ ന്യായീകരിക്കുകയും, അവന്‍റെതല്ലാതെ മറ്റൊരു വിഗ്രഹം വച്ച് ആരാധിക്കുന്നതാണ് തെറ്റ്, അവന്‍റെ (യേശുക്രിസ്തുവിന്‍റെ) ഒരു പ്രതിമ വച്ചുകൊണ്ട് ആരാധിക്കുന്നത് പാപമല്ലെന്ന് പറഞ്ഞു കൊണ്ട് വചനത്തെ വളച്ചൊടിക്കുകയും ചെയ്യുന്നു. എന്നാൽ പത്ത് കൽപ്പനകളുടെ എണ്ണം തികക്കുന്നതിനായി, അവർ പത്താം കൽപ്പനയെ രണ്ടായി വിഭജിച്ചു കൊണ്ട്, ഒമ്പതാം കൽപ്പന “നിന്‍റെ കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്” എന്നും പത്താം കൽപ്പന “നിന്‍റെ അയൽക്കാരന്‍റെ ഭാര്യയെയോ, അവന്‍റെ ദാസനെയോ ദാസിയെയോ, അവന്‍റെ കാളയെയോ കഴുതയെയോ, നിന്‍റെ അയൽക്കാരനുള്ള യാതൊന്നിനെയും മോഹിക്കരുത്” എന്നും പഠിപ്പിക്കുന്നു. എന്നാൽ ഇതെല്ലാം ഒരേ കൽപ്പനയാണ്, അതായത് പത്താമത്തെ കൽപ്പന.

പുറപ്പാട് 20:17 കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ  ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.

മറ്റൊരു വിഷയം, "യാതൊന്നിന്‍റെയും  പ്രതിമ അരുത്" എന്ന് പറയുമ്പോൾ ഈ കൽപ്പന ശില്പകലയെ നിരോധിക്കുന്നില്ല, ദൈവത്തിന്‍റെ സ്ഥാനത്ത് ഒരു വിഗ്രഹം വച്ച് ആരാധിക്കുന്നതിനെ പാപമായി മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്യുന്നത്.  

ഈ കല്പനയാൽ വിലക്കപ്പെട്ട ചില പാപങ്ങൾ ഇവയാണ്:

  1. വിഗ്രഹാരാധന
  2. തിരുവെഴുത്തിന് വിരുദ്ധമായ രീതിയിൽ ദൈവത്തെ ആരാധിക്കുന്നത് ഉദാഹരണത്തിന്; സ്വയം സൃഷ്ടിച്ച  രീതികളിലും പാരമ്പര്യങ്ങളാലും.
  3. തിരുവെഴുത്തിന് വിരുദ്ധമായ ഏതെങ്കിലും വിധത്തിൽ ദൈവത്തെ ആരാധിക്കുക
  4. തിരുവെഴുത്തുകളിൽ നിർദ്ദേശിച്ചിരിക്കുന്ന ആരാധനാ രീതികളിൽ നിന്ന് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

ഈ രണ്ടാമത്തെ കല്പനയ്ക്കു ശേഷം ദൈവം നൽകുന്ന ഈ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാലും:

നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും...   പുറപ്പാട് 20:5

ദൈവം ഈ മുന്നറിയിപ്പിൽ  ആദ്യമായി തന്നെത്തന്നെ തീഷ്ണതയുള്ള ദൈവമായി പ്രഖ്യാപിക്കുന്നത് നാം കാണുന്നു.  ഇവിടെ ഇംഗ്ലീഷ് ബൈബിളിൽ  ഉപയോഗിച്ചിരിക്കുന്ന “Jealous God” എന്ന പ്രയോഗം കാരണം ചിലർ ഈ വാക്യത്തെ തെറ്റിദ്ധരിക്കുന്നു.   കാരണം ഈ വാക്കിന് അസൂയ എന്നും അർത്ഥമുണ്ട്.  എന്നാൽ ഇവിടെ അവൻ പറയുന്ന തിഷ്ണത ഒരു ഭർത്താവിന് ഭാര്യയോടുള്ള അസൂയ പോലെയാണ് (സദൃശവാക്യങ്ങൾ 6:34).   ഒരു ഭർത്താവ് തന്‍റെ ഭാര്യയോട് അവൾ തന്‍റെതുമാത്രമാണെന്ന് കരുതി പ്രവര്‍ത്തിക്കുന്നതുപോലെ, ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് (നമ്മെ പാപത്തിന്‍റെയും നരകത്തിന്‍റെയും അടിമത്തത്തിൽ നിന്ന് ) താൻ രക്ഷിച്ച ആളുകളോട് ദൈവം അസൂയപ്പെടുന്നത് (തീക്ഷ്ണതയുള്ളവനായിരിക്കുന്നത്) ന്യായമായ കാര്യമാണ്.   വാസ്തവത്തിൽ, ഭാര്യയുടെ കാര്യത്തിൽ അസൂയപ്പെടാത്ത ഏതൊരു ഭർത്താവും കഴിവില്ലാത്ത ഭർത്താവാണ്.   അതുപോലെ, താൻ രക്ഷിച്ച് സംരക്ഷിച്ച് നടത്തി കൊണ്ടുവന്ന കൊണ്ടുവന്ന മക്കളോട് അസൂയപ്പെടാതെ, അവരെ വ്യാജ വിഗ്രഹങ്ങളിലേക്കും ദൈവങ്ങളിലേക്കും തിരിയാൻ അനുവദിച്ചാല്‍ (മുന്നറിയിപ്പ് നൽകാതിരുന്നാൽ), അവൻ എങ്ങനെ യഥാർത്ഥ ദൈവമാകും?

എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും...”

ഈ വാക്കുകളിൽ, തന്നെ വെറുക്കുന്നവരുടെ കാര്യത്തിൽ അവന്‍റെ മനോഭാവം എങ്ങനെയുള്ളതാണെന്ന് പറഞ്ഞിരിക്കുന്നതായി നാം കാണുന്നു.   അവനെ സ്നേഹിക്കുന്നവർ അവന്‍റെ കല്പനകൾ പാലിക്കുന്നതുപോലെ, അവനെ വെറുക്കുക എന്നാൽ അവന്‍റെ കല്പനകളെ നിരസിക്കുക എന്നാണ് അർത്ഥം (യോഹന്നാൻ 14:21).    അതുപോലെ, അവന്‍റെ കല്പനകളെ ലംഘിക്കുന്നവൻ അവനെ വെറുക്കുകയാണ് ചെയ്യുന്നത്.   എന്നാൽ ഒരുവന്‍ തന്നെ വെറുത്തതിനാല്‍ (കല്പനകൾ അവഗണിച്ചതിനാല്‍) ആ പാപത്തിന്‍റെ ശിക്ഷ അവൻ അന്യായമായി തന്‍റെ സന്തതികളുടെ മേൽ ചുമത്തുന്നില്ല.  ഒരു വ്യക്തി അവന്‍റെ കൽപ്പനകൾക്ക് വിരുദ്ധമായി വിഗ്രഹങ്ങൾ ഉണ്ടാക്കി ആരാധിച്ചാൽ, അയാളുടെ കുടുംബവും ആ വിഗ്രഹാരാധനയിൽ പങ്കാളികളാകാൻ സാധ്യതയുണ്ട്, കൂടാതെ ആ വ്യക്തി കൂടുതല്‍ കാലം ജീവിക്കുകയാണെങ്കില്‍  തനിക്ക് മൂന്നോ നാലോ തലമുറകൾ വരെ കാണാന്‍ സാധിക്കും എന്നതിനാല്‍, തന്‍റെ പാപത്തിൽ പങ്കുചേരുന്ന ആ മൂന്നോ നാലോ തലമുറകളുടെ മേലും കുറ്റം ചുമത്തപ്പെടുന്നു എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.   ചുരുക്കത്തിൽ പറഞ്ഞാല്‍,  നിങ്ങള്‍ മൂലം നിങ്ങളുടെ തലമുറകളും വിഗ്രഹാരാധകരായി മാറാതിരിക്കാനും കുറ്റവാളികളാകാതിരിക്കാനും സൂക്ഷിക്കുക എന്ന് ഒരു മുന്നറിയിപ്പായിട്ടാണ് ഈ വാക്കുകൾ പറയപ്പെട്ടിരിക്കുന്നത്.

എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു. (പുറപ്പാട് 20:6)

ഇതിന് മുമ്പ് നൽകപ്പെട്ട മുന്നറിയിപ്പിൽ  അവനെ വെറുക്കുന്നവർക്കെതിരായ അവന്‍റെ ന്യായവിധിയെക്കുറിച്ച് ആണ് വെളിപ്പെടുത്തിയതെങ്കിൽ, ഈ വാക്കുകളിൽ അവന്‍റെ കല്പനകൾ പാലിച്ചുകൊണ്ട് അവനെ സ്നേഹിക്കുന്നവരോടുള്ള തന്‍റെ കരുണയാണ് നമുക്ക് കാണാൻ കഴിയുന്നത്.   ഒരു നീതിമാന്‍റെ സന്താനം ആയ കാരണത്താൽ ആയിരം തലമുറ വരെ  അവര്‍  എന്തുതന്നെ ചെയ്താലും അവരെ പാപികളായി ദൈവം കണക്കാക്കില്ല എന്നല്ല ഇതിനർത്ഥം, മറിച്ച് ആ തലമുറകൾക്ക് അവരുടെ പാപങ്ങൾ ഉപേക്ഷിക്കാനുള്ള അവസരം  നൽകുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.  ഉദാഹരണത്തിന്, അബ്രഹാം നിമിത്തം, അവൻ യിസ്രായേല്യരോട് കരുണ കാണിക്കുന്നത് തുടരുന്നു, അവരുടെ പാപങ്ങൾ അവർ ഉപേക്ഷിക്കത്തക്കവണ്ണം അവരെ ശിക്ഷിക്കുകയും ചെയ്യുന്നു.   പക്ഷേ ശേഷം ഇല്ലാതെവണ്ണം അവരെ നശിപ്പിക്കുന്നില്ല.   ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു.  അതുപോലെ, ദാവീദ് നിമിത്തം അവന്‍റെ ഗോത്രത്തിൽ ജനിച്ച യഹൂദയിലെ രാജാക്കന്മാർക്ക്  അവന്‍ അവസരങ്ങൾ നൽകിക്കൊണ്ടിരുന്നു.

3. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. (പുറപ്പാട് 20:7)

ഒന്നാം കല്പന അവനെ മാത്രം ദൈവമായി ആരാധിക്കണമെന്നും, രണ്ടാം കല്പന അവൻ കല്പിച്ച രീതിയിൽ അവനെ ആരാധിക്കണമെന്നും  പഠിപ്പിക്കുമ്പോൾ, ഈ മൂന്നാം കല്പന അവന്‍റെ നാമം വളരെ ശ്രദ്ധയോടെ ഉച്ചരിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.   നാം എപ്പോഴും അവന്‍റെ നാമം, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടട്ടെ” എന്ന് നിലയിൽ ഉച്ചരിക്കുകയും ചിന്തിക്കുകയും വേണം.  കാരണം അവന്‍റെ നാമവും അവനും  വ്യത്യസ്തമല്ല.   അവന്‍റെ ഗുണങ്ങളാണ് "യഹോവ" എന്ന തന്‍റെ നാമത്താൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.  അതുകൊണ്ടാണ് ഭക്തനായ ദാവീദ്, ദൈവത്തിന്‍റെ  നാമം നിന്നെ ഉയർത്തുമാറാകട്ടെ” എന്ന് പറഞ്ഞിരിക്കുന്നത് (സങ്കീർത്തനം 20:1).   അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് പറയുമ്പോൾ, ആ വിശുദ്ധ നാമം തമാശയ്ക്കോ ഉദ്ദേശ്യമില്ലാതെയോ ഉച്ചരിക്കരുതെന്നാണ് നാം മനസ്സിലാക്കേണ്ടത്.   അവന്‍റെ നാമത്തെ നാം എപ്പോഴും ബഹുമാനത്തോടും ആദരവോടും കൂടി ഉച്ചരിക്കണം.   അവൻ പഠിപ്പിച്ച നീതിയും സത്യവും പാലിക്കാതെ തന്‍റെ നാമം ഉച്ചരിക്കുന്നത് ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നു.  യിസ്രായേൽ മക്കൾ ഇങ്ങനെയുള്ള  പാപം ചെയ്തപ്പോൾ  ദൈവം അവരെ ശാസിച്ചു (യെശയ്യാവ് 48:1).   ഹൃദയത്തിൽ അകൃത്യം വച്ചു കൊണ്ട് അവന്‍റെ നാമത്തിൽ ഏതോ അത്ഭുതങ്ങൾ ചെയ്തുവെന്ന് സ്വന്തം പേരിൽ  സാക്ഷ്യം വഹിക്കുന്നവര്‍ ന്യായവിധി ദിവസത്തിൽ,  “അധർമ്മം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടു പോകുവിൻ” എന്ന് പറഞ്ഞു കൊണ്ട് കര്‍ത്താവിനാല്‍ തള്ളപ്പെടും (മത്തായി 7:22,23).   അവന്‍റെ വാക്കുകൾ അനുസരിക്കാതെ അവന്‍റെ നാമം ഉച്ചരിക്കുന്നവർക്ക് അവനിൽ നിന്ന്  തിന്മ അല്ലാതെ നന്മ ഒരിക്കലും ഉണ്ടാകില്ല (ലൂക്കോസ് 6:46).

യഹോവ എന്ന നാമം ഉച്ചാരണം  സത്യം ചെയ്യുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.   ഇസ്രായേല്യർ സത്യം ചെയ്യുമ്പോഴെല്ലാം അവന്‍റെ നാമത്തിൽ സത്യം ചെയ്യണമായിരുന്നു (പുറപ്പാട് 22:11, ലേവ്യപുസ്തകം 5:1).   ആരെങ്കിലും അവന്‍റെ നാമത്തിൽ കള്ളസത്യം ചെയ്താൽ, അവന്‍റെ നാമത്തെ അശുദ്ധമാക്കിയതിന് അവർ ശിക്ഷിക്കപ്പെടും (ലേവ്യപുസ്തകം 19:12, സെഖര്യാവ് 5:4).   അവന്‍റെ നാമം ഉച്ചരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആണ് ഇവയൊക്കെ. ഒരുപക്ഷെ ആരെങ്കിലും ഇവ ലംഘിച്ച് പാപം ചെയ്താൽ, അവർ അത് മനഃപൂർവ്വം ചെയ്തതല്ല, തമാശയായി ചെയ്തതാണ് സാഹചര്യങ്ങൾ മൂലം ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ അവസരം ഉണ്ടെങ്കിലും,  അവൻ അവരെ "ശിക്ഷിക്കാതെ വിടുകയില്ല".   അങ്ങനെ ചെയ്യുന്നവരെ മാനുഷിക നിയമം ഒന്നും ചെയ്തേക്കില്ല, പക്ഷേ ദൈവത്തിന്‍റെ നിയമം അവരെ വെറുതെ വിടില്ല.  ദൈവനാമത്തിൽ  സത്യം ചെയ്യുന്നതിന് കർത്താവായ യേശുക്രിസ്തു എത്രയധികം പ്രാധാന്യം നൽകിയെന്ന്,  മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞ”പ്പോൾ  അതുവരെ മൗനമായിരുന്ന അവൻ, താൻ ആരാണെന്ന് അവന് ഉത്തരം നൽകിയതിൽ നിന്നും നമുക്ക് മനസ്സിലാക്കാം (മത്തായി 26:63,64).   ആ ഉത്തരം  തന്‍റെ ജീവൻ അപകടത്തിലാക്കുമെന്ന് അവന് അറിയാമായിരുന്നിട്ടും, ദൈവനാമത്തിൽ സത്യം ചെയ്യുന്ന വിഷയത്തിൽ അവൻ മൗനം പാലിച്ചില്ല.  കാരണം അവൻ അവിടെ ലേവ്യപുസ്തകം 5:1 ലെ നിയമം പാലിച്ചു.  അത് നമ്മുടെ  BSI മലയാളം ബൈബിളിൽ  വ്യക്തമല്ല, പക്ഷേ മൂലഭാഷ കൃത്യമായി പിൻതുടർന്നു കൊണ്ട് ഗ്രേസ് മിനിസ്ട്രീസ് ആ വാക്യത്തിന് നൽകുന്ന ഉപയോത്തിലുള്ള ഭാഷാ വിവർത്തനം ഇവിടെ നൽകുന്നു, നോക്കിയാലും.

"ഒരു മനുഷ്യൻ താൻ കണ്ടതോ അറിഞ്ഞതോ ആയ ഒരു കാര്യത്തെക്കുറിച്ച് സാക്ഷ്യം പറയാൻ കൽപ്പിക്കപ്പെട്ടിട്ടും അവൻ അത് അറിയിക്കാതിരുന്നാൽ അത് പാപമാണ്. അങ്ങനെ ചെയ്യുന്നവൻ തന്‍റെ അകൃത്യം വഹിക്കും." (ലേവ്യപുസ്തകം 5:1)

ഈ കല്പനയാൽ വിലക്കപ്പെട്ട ചില പാപങ്ങൾ ഇവയാണ്:

  1. ദൈവനാമം നിസ്സാരമായോ ആലോചിക്കാതെയോ ഉച്ചരിക്കരുത്.
  2. ദൈവനാമത്തിൽ കള്ളസത്യം ചെയ്യരുത്.
  3. ദൈവത്തിന്‍റെ നാമത്തില്‍ ചെയ്യുന്ന നേർച്ചകളുടെ കാര്യത്തിൽ ഒരിക്കലും മാറ്റം വരുത്തരുത്.
  4. ദൈവത്തെ സാക്ഷിയാക്കി കള്ളസാക്ഷ്യം പറയരുത്.

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. (പുറപ്പാട് 20:8).

ഒന്നാമത്തെ കല്പനയിൽ അവനെ മാത്രമേ ദൈവമായി  ആരാധിക്കാവൂ എന്നും, രണ്ടാമത്തെ കല്പന അവൻ സ്ഥാപിച്ച രീതിയിൽ അവനെ ആരാധിക്കണമെന്നും, മൂന്നാമത്തെ കല്പന അവന്‍റെ നാമം ഭയഭക്തിയോടെ ഉച്ചരിച്ചു കൊണ്ട് ആരാധിക്കണമെന്നും പഠിപ്പിക്കുന്നുവെങ്കിൽ, ഈ നാലാമത്തെ കല്പനയിൽ, അവനെ ആരാധിക്കുന്നതിനായി ഒരു ദിവസം (ഏഴാം ദിവസം) പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് പ്രസ്താവിച്ചിരിക്കുന്നു.   പുറപ്പാട് 20:11 പ്രകാരം; ഈ ഏഴാം ദിവസം (ശനിയാഴ്ച) യഹോവയാം ദൈവം സകലവും സൃഷ്ടിച്ചതിനു ശേഷം വിശ്രമിച്ച ദിവസമാണ്, അതുകൊണ്ടാണ് യിസ്രായേൽ മക്കൾക്കും അതേ ദിവസത്തെ തന്നെ ആരാധിക്കുന്നതിനായി   നിയമിച്ചത്.   പിന്നീട്, ശാസ്ത്രിമാരും പരീശന്മാരും ഈ ദിവസത്തെ ജനങ്ങൾക്ക് ഒരു ഭാരമാക്കി, ആ ദിവസം ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയപ്പോൾ, കർത്താവായ യേശുക്രിസ്തു അവരെ ശാസിച്ചതായി നാം കാണുന്നു.   എന്നാൽ ചിലർ ഈ കല്പനയെ അടിസ്ഥാനമാക്കി  ക്രിസ്ത്യാനികളായ നാമും ഏഴാം ദിവസം ശബ്ബത്ത് ആചരിക്കണമെന്ന് പഠിപ്പിക്കുന്നു, എന്നാൽ ഈ ശബ്ബത്ത് ക്രിസ്തുവിൽ നമുക്ക് ലഭിക്കുന്ന വിശ്രമത്തിന്‍റെ നിഴലായതിനാൽ, ഇപ്പോൾ നാം അത് ആചരിക്കേണ്ടതില്ല. 

കൊലൊസ്സ്യർ 2:16-17 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.

അതിനാൽ നമുക്ക് ആരാധനയ്ക്കായി ഒരു പ്രത്യേക ദിവസം ഇല്ലെന്നല്ല പറയുന്നത്.  യഹോവയായ ദൈവം ആദിയിൽ സകലവും സൃഷ്ടിച്ചതിനു ശേഷം വിശ്രമിച്ച ഏഴാം ദിവസത്തെ  യിസ്രായേല്യർക്ക് ശബ്ബത്ത് ദിവസമായി നിശ്ചയിച്ചെങ്കിൽ, കർത്താവായ യേശു ക്രിസ്തു നമ്മെ പുതിയ സൃഷ്ടി ആക്കാൻ (2 കൊരിന്ത്യർ 5:17) ഉയർത്തെഴുന്നേറ്റ  ഞായറാഴ്ച, അപ്പൊസ്തലന്മാരും ആദിമ ക്രൈസ്തവ സമൂഹവും ആരാധനാ ദിനമായി ആചരിച്ചുവെന്ന് നമുക്ക് കാണാൻ കഴിയും, (അപ്പൊ. പ്രവൃത്തികൾ 20:7, 1 കൊരിന്ത്യർ 16:2).   പഴയനിയമത്തിൽ ജാതികൾ പോലും തങ്ങളുടെ ശബ്ബത്ത് ആചരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്, കർത്താവിന്‍റെ ദിവസമായ ഈ  ഞായറാഴ്ച്ചയെക്കുറിച്ചാണ്.   അതുകൊണ്ട്, എല്ലാ വിശ്വാസികളും ഈ ഞായറാഴ്ചയെ കർത്താവിന്‍റെ ദിവസമായി ആചരിക്കുകയും ആ ദിവസം മറ്റ് ജോലികളിൽ നിന്ന് വിട്ടു നില്ക്കുകയും വേണം.   ആ ദിവസം ദൈവസന്നിധിയിൽ തീർച്ചയായും ചെലവഴിക്കണം.  ലോകത്തിലെ ആളുകൾ ചെയ്യുന്നതുപോലെ ആ ദിവസം അവധി ആയതുകൊണ്ട്, അത് വിനോദത്തിനായി മാറ്റിവയ്ക്കരുത്.

ആറു ദിവസം അധ്വാനിച്ച് നിന്‍റെ വേലയൊക്കെയും ചെയ്ക. പുറപ്പാട് 20:9

ഈ വാക്യത്തിൽ ആറ് ദിവസം  കഠിനാധ്വാനം ചെയ്യണമെന്ന്‍ നമുക്ക് കാണാം, ആറ് ദിവസത്തെ ജോലിക്ക് ശേഷം, ഏഴാം ദിവസം വിശ്രമ ദിവസമായി ആചരിക്കണം.  ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഏഴാം ദിവസം വിശ്രമ ദിനമായി ആചരിക്കുക എന്ന് മാത്രമല്ല, അതിനു മുമ്പുള്ള ആറ് ദിവസവും നാം കഠിനാധ്വാനം ചെയ്യണം എന്നതാണ്. നാം മടിയന്മാരായി ജീവിക്കരുത്.   ജോലിയില്ലാതെ അലസമായി ജീവിക്കുന്നതിനെ ബൈബിൾ ശക്തമായി അപലപിക്കുന്നു.  എന്തുകൊണ്ടെന്നാൽ അതിന്‍റെ  ഫലമായി തങ്ങളുടെ  കുടുംബത്തിന് വേണ്ടി കരുതാൻ കഴിയാത്ത ദയനീയ അവസ്ഥയിലേക്ക് നയിക്കപ്പെടുന്നു, കൂടാതെ അവർ കള്ളന്മാരും കൊള്ളക്കാരും ആകാനുള്ള സാധ്യതയും ഉണ്ട്.   അതുകൊണ്ടാണ് അപ്പോസ്തലൻ ഇപ്രകാരം പറയുന്നത്.

2 തെസ്സലൊനീക്യർ 3:10-12 വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.  ( പുറപ്പാട് 20:10 )

ഏഴാം ദിവസം ശബ്ബത്ത് (വിശ്രമ) ദിനമായി ആചരിക്കണമെന്ന നിയമത്തിന്, ആ ദിവസം ദൈവാരധനക്കായി മാറ്റിവയ്ക്കണമെന്ന ആത്മീയ അര്‍ത്ഥത്തിന് പുറമേ മറ്റൊരു വശം കൂടെയുണ്ട്.  

  1. ആറ് ദിവസം ജോലി ചെയ്ത ഒരാൾ ഏഴാം ദിവസം വിശ്രമിക്കേണ്ടത് അവന്‍റെ ശരീരത്തിന് വളരെ ആവശ്യമാണ്‌. അത്തരമൊരു വിശ്രമ ദിനം കൂടാതെ അയാൾ ജോലി തുടർന്നാൽ, അത് ആരോഗ്യകരമാകില്ല.
  2. അക്കാലത്ത് അടിമകൾക്ക് അവധി ഉണ്ടായിരുന്നില്ല, വർഷം മുഴുവനും ജോലി ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് ദൈവം ഏഴാം ദിവസത്തെ വിശ്രമ ദിവസമായി നിശ്ചയിച്ച്, യിസ്രായേല്യരുടെ ഇടയിൽ അടിമകളായിരുന്നവർക്ക് പോലും വിശ്രമം അനുവദിച്ചത്. അതുകൊണ്ടാണ് ഈ വാക്യത്തിൽ  ഈ വാക്കുകൾ പ്രത്യേകം പറയുന്നത്.   ഈ വാക്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് മിഷനറിമാർ അടിമകൾക്കും/തൊഴിലാളികൾക്കും ആഴ്ചയിൽ ഒരു ദിവസത്തെ അവധിക്കുവേണ്ടി പോരാടി നേടിയെടുത്തത്.

ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നുപുറപ്പാട് 20:11

ഈ വേദഭാഗത്ത് ദൈവം ഏഴാം ദിവസത്തെ ശബ്ബത്തായി നിശ്ചയിച്ചതിന്‍റെ  കാരണം വിവരിച്ചിരിക്കുന്നതായി കാണാൻ കഴിയും.   മുകളിൽ സൂചിപ്പിച്ചതുപോലെ, അവന്‍റെ ആദ്യ സൃഷ്ടിയെ അടിസ്ഥാനമാക്കിയാണ് ഈ നിയമം സ്ഥാപിച്ചത്. എന്നാല്‍ നാം ക്രിസ്തു ചെയ്ത നൂതന സൃഷ്ടിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഇത് ആചരിക്കുന്നു.

അതുപോലെ, ദൈവം വിശ്രമിച്ചു എന്നതിന്‍റെ അർത്ഥം അവൻ നമ്മെപ്പോലെ ക്ഷീണിതനായി വിശ്രമിച്ചുവെന്നല്ല.  ആ ദിവസം അവൻ പുതുതായി ഒന്നും സൃഷ്ടിച്ചില്ല എന്നും, താൻ ചെയ്യാൻ ആഗ്രഹിച്ച എല്ലാ സൃഷ്ടികളും ആറ് ദിവസം കൊണ്ട് അവൻ പൂർത്തിയാക്കി എന്നുമാണ് അതിന്‍റെ അർത്ഥം.   ഇതിനെ കുറിച്ച് ഇതിനോടകം വിശദീകരിച്ചിട്ടുണ്ട് (ഉല്പത്തി 2-ാം അധ്യായത്തിന്‍റെ വ്യാഖ്യാനം കാണുക).

5. നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറപ്പാട് 20:12)

ആദ്യത്തെ നാല് കൽപ്പനകൾ ദൈവത്തെയും അവന്‍റെ ആരാധനയെയും കുറിച്ചുള്ളതാണെങ്കിൽ,  ഇവിടെ മുതല്‍ മനുഷ്യരോട് നാം സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചുള്ള കൽപ്പനകൾ നമുക്ക് കാണാൻ കഴിയും.   ദൈവത്തോടുള്ള സ്നേഹത്താൽ ആദ്യ കല്പനകൾ പാലിക്കുന്നവര്‍ക്കേ   മനുഷ്യരോടുള്ള ബന്ധത്തില്‍ വെളിപ്പെടുത്തപ്പെട്ട കല്പനകളും പാലിക്കുവാന്‍ സാധിക്കൂ.   അതുകൊണ്ടാണ് അവൻ ആദ്യം തന്നെക്കുറിച്ചുള്ള കല്പനകൾ വെളിപ്പെടുത്തിയതിനു ശേഷം ഈ കല്പനകൾ വെളിപ്പെടുത്തിയത്. 

നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക”

വാഗ്ദത്തത്തോടുകൂടിയ ആദ്യത്തെ കല്പനയാണിത് (എഫെസ്യർ 6:2,3). നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്” എന്ന് പറഞ്ഞിരിക്കുന്നത് കനാന്‍ ദേശത്തെക്കുറിച്ച് ആയതുകൊണ്ട്, ഈ കല്പനകൾ യിസ്രായേല്യർക്ക് മാത്രമേ ബാധകമാകൂ എന്ന് ചിലർ തെറ്റായി പഠിപ്പിക്കുന്നു. എന്നാൽ ഇതേ കല്പന പൗലോസ് എങ്ങനെയാണ് പ്രസ്താവിച്ചിരിക്കുന്നതെന്ന് നോക്കൂ.

എഫെസ്യർ 6:2-3 നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും  നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

ഇവിടെ പൗലോസ് ദേശമെന്നല്ല, ഭൂമിയെന്നാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഈ കല്പനയെക്കുറിച്ച് അദ്ദേഹം സഭയെയാണ് ഓർമ്മിപ്പിക്കുന്നത്.  അതുകൊണ്ട് ഈ കല്പനകൾ യിസ്രായേൽ മക്കൾക്കു മാത്രമല്ല, ഭൂമിയിലുള്ള എല്ലാ വിശ്വാസികൾക്കും ബാധകമാണ്.

നിങ്ങളുടെ അപ്പനെയും അമ്മയെയും  ബഹുമാനിക്കുക എന്ന് പറയുമ്പോൾ, അതിനർത്ഥം അവരെ അനുസരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്നാണ്.  യഹൂദന്മാർ ഈ കല്പന ലംഘിച്ചു കൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിനു പകരം അവർക്ക് നൽകേണ്ടത് ദൈവത്തിന് കാഴ്ചവച്ചു എന്ന്  പറഞ്ഞുകൊണ്ട് ഈ കല്പനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോള്‍ കർത്താവ് അവരെ കഠിനമായി ശാസിച്ചു (മർക്കോസ് 7:10-13).   കൂടാതെ, മാതാപിതാക്കളെ അനുസരിക്കണമെന്നും മാതാപിതാക്കളെ അനുസരിക്കാത്തവരും ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണമെന്നും തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നു (ലേവ്യപുസ്തകം 19:3, ലേവ്യപുസ്തകം 20:9, ആവർത്തനപുസ്തകം 21:18-21, സദൃശവാക്യങ്ങൾ 30:17).   നിങ്ങളുടെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന് പറയുമ്പോൾ, കർത്താവിൽ അവരെ ബഹുമാനിക്കാൻ നാം ഓർക്കണം (എഫെസ്യർ 6:1).  ഇതിനർത്ഥം അവരെ ദൈവത്തിനു തുല്യരായി കാണുകയോ (ദൈവങ്ങളായി) ദൈവത്തേക്കാൾ കൂടുതലായി സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യരുത് എന്നാണ്.  എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല” മത്തായി 10:37.   കർത്താവിന്‍റെ കൽപ്പനകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്.   ഉദാഹരണത്തിന്, "ഞാനല്ലാതെ അന്യ  ദൈവങ്ങൾ നിനക്കുണ്ടാകരുത്" എന്നതാണ് ആദ്യത്തെ കല്പന, ആ കല്പന പ്രകാരം നിങ്ങളുടെ അപ്പനെയോ അമ്മയെയോ  ദൈവങ്ങളാക്കരുത്.   അതുപോലെ, നമ്മുടെ മാതാപിതാക്കൾ ദൈവവിരുദ്ധമായ മാർഗ്ഗത്തിൽ നടക്കാൻ നമ്മെ പ്രേരിപ്പിച്ചാല്‍ നാം അത് ചെയ്യരുത് (ആവർത്തനം 13:6-8). ഇങ്ങനെ നാം തിരുവെഴുത്തുകളിലെ മറ്റ് കല്പനകളുടെ പരിധിയിൽ വേണം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കാന്‍.  അവർ പറയുന്നത് തിരുവെഴുത്തുകൾക്ക് അനുസൃതമാണെങ്കിൽ, നാം അവരുടെ വാക്കുകൾ അനുസരിക്കണം.

ഈ കല്പനയിലൂടെ, ദൈവം താന്‍ നിയമിച്ച എല്ലാ അധികാരങ്ങൾക്കും കീഴ്പ്പെട്ടിരിക്കുക എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ലേഖനങ്ങളില്‍ ഈ വചനം വെളിപ്പെടുത്തപ്പെടുകയുണ്ടായി.  നാം അധികാരികൾക്ക് കീഴടങ്ങിയിരിക്കണം(റോമർ 13:1), ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിക്കണം(1 പത്രോസ് 3:1), യജമാനന്മാർക്ക് കീഴടങ്ങിയിരിക്കണം(1 പത്രോസ് 2:18), സഹോദരന്മാർക്ക് കീഴടങ്ങിയിരിക്കണം.(എഫെസ്യർ 5:21), ഇടയന്മാർക്ക് കീഴടങ്ങയിരിക്കണം (എബ്രായർ 13:17). അങ്ങനെ, “കർത്താവിൽ” (അവന്‍റെ കല്പനകളുടെ പരിധിക്കുള്ളിൽ) അധികാരത്തിന് കീഴടങ്ങുന്ന ശീലം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്നതും ഈ കല്പനയുടെ ഉദ്ദേശങ്ങളിൽ ഒന്നാണ്.  എന്തുകൊണ്ടെന്നാൽ മനുഷ്യന്‍റെ വീണുപോയ സ്വഭാവം  ഒരു വ്യക്തിക്ക് കീഴടങ്ങാൻ അനുവദിക്കാത്തതിനാൽ, നിയമത്തിന് കീഴടങ്ങുക എന്നത് വീട്ടിൽനിന്നു തന്നെ ശീലിക്കണം.  

അതുപോലെ, മക്കളോട് നിങ്ങളുടെ  അപ്പനെയും അമ്മയെയും ബഹുമാനിക്കണം” എന്ന് കൽപ്പിക്കുമ്പോൾ, മക്കളെ ദൈവഭക്തിയിൽ വളർത്താനുള്ള ഉത്തരവാദിത്തം മാതാപിതാക്കളുടെ മേലും ചുമത്തപ്പെട്ടിരിക്കുന്നു (ആവർത്തനം 6:6,7).  ദൈവഭക്തിയിൽ വളർന്നുവരുന്ന കുട്ടികൾക്ക് മാത്രമേ തിരുവെഴുത്തുകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാതാപിതാക്കളെ ബഹുമാനിക്കാൻ കഴിയൂ എന്നതിനാൽ, മാതാപിതാക്കൾ ഈ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളായിരിക്കണം.   പുതിയ നിയമത്തിലും, മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്‍റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റിവലര്‍ത്തുവിന്‍ എന്ന് കല്പിച്ചിരിക്കുന്നു.  (എഫെസ്യർ 6:4, കൊലോസ്യർ 3:21).   അതുകൊണ്ട്, കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടെന്നും ഈ കല്പന പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ മാതാപിതാക്കൾ കുട്ടികളുമായി സഹകരിക്കണം.  അവർ കർത്താവിന്‍റെ ശിക്ഷണത്തിലും പ്രബോധനത്തിലും വളരുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.  

ഇന്നത്തെ പല മാതാപിതാക്കളും കുട്ടികളോട് കാണിക്കുന്ന പരുഷമായ മനോഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ ഈ ലേഖനം വായിക്കുക.

ദൈവത്തിന്‍റെ ദാനത്തോട് കർക്കശം കാണിക്കുന്ന മാതാപിതാക്കൾ.

6. കൊല ചെയ്യരുത്. (പുറപ്പാട് 20:13).

സൃഷ്ടിയുടെ ആരംഭത്തിൽ സാത്താൻ ചെയ്ത കൊലപാതകത്തെ നിരോധിക്കുന്ന ഒരു കല്പനയായിട്ടാണ് നാം ഇത് കാണുന്നത്.   അവന്‍റെ വഞ്ചന കൊണ്ടാണ് മനുഷ്യവർഗം മരണത്തിന് വിധേയമായത്, അതുകൊണ്ടാണ് അവനെ കൊലപാതകൻ എന്ന് വിളിച്ചിരിക്കുന്നത് (യോഹന്നാൻ 8:44).   പിന്നീട്, കയീനും അവനിൽ നിന്ന് ഉള്ളവനായി, ഹാബെലിനെ കൊന്നതായി നാം കാണുന്നു(1 യോഹന്നാൻ 3:12).   അതുകൊണ്ട്, കൊലപാതകം ചെയ്യുന്ന എല്ലാവരും സാത്താനിൽ നിന്നുള്ളവരാണ്, അതുകൊണ്ടാണ് ദൈവം അത് വിലക്കിയിരിക്കുന്നത്.    ഈ കൊലപാതകം ഏതൊക്കെ രൂപങ്ങളിലാണ് ഉള്ളത് എന്ന് ചിന്തിക്കുന്നതിനുമുമ്പ്, എന്തുകൊണ്ട് കൊലപാതകം ചെയ്യരുതെന്ന് നാം മനസ്സിലാക്കണം. കാരണം,  ജീവനുള്ള ഒരു മൃഗത്തെ കൊല്ലുകയും തിന്നുകയും ചെയ്യുന്നത് പാപവും കുറ്റവുമല്ലാത്തപ്പോൾ, മനുഷ്യനെ കൊല്ലുന്നത് പാപവും കുറ്റവും ആകുന്നത് എങ്ങനെയാണെന്ന്ചിലർ ചോദിക്കുന്നു.   അതിന് ബൈബിൾ നൽകുന്ന ഉത്തരം കണ്ടാലും.

ഉൽപത്തി 9:6  ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാൽ അവന്‍റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്.

ഈ സന്ദർഭത്തിൽ, ദൈവം എന്തുകൊണ്ട് കൊലപാതകം ചെയ്യരുതെന്ന് വിശദീകരിക്കുന്നു.  “ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ സൃഷ്ടിച്ചത്”, അതുകൊണ്ട് ഒരു മൃഗത്തേയും അത്രയും പ്രാധാന്യമുള്ളതായി സൃഷ്ടിച്ചിട്ടില്ലാത്തതിനാൽ, മനുഷ്യനെ കൊല്ലാൻ പാടില്ല.  കൊലപാതകം ചെയ്യുക എന്നാല്‍ “ദൈവത്തിന്‍റെ സ്വരൂപത്തെയും സാദൃശ്യത്തെയും” കൊല്ലുക എന്നതാണ്.  അതുകൊണ്ടാണ് അവൻ  നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്‍റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല, (സംഖ്യാപുസ്തകം 35:33)  എന്ന് വളരെ വ്യക്തമായി ആജ്ഞാപിച്ചിക്കുന്നത്.  എന്നാൽ, “കൊല ചെയ്യരുത്” എന്ന് പറയുമ്പോൾ, അതിന്‍റെ പരിധികളെക്കുറിച്ച് നാം അറിവുള്ളവരായിരിക്കണം.   ഒരു സാഹചര്യത്തിലും ആരെയും കൊല്ലരുത് എന്നത് ഈ കൽപ്പനയുടെ ഉദ്ദേശ്യമല്ല.  ഒരു മനുഷ്യനെ നാല് സന്ദർഭങ്ങളിൽ കൊന്നാലും അത് കൊലപാതകമായി കണക്കാക്കപ്പെടുന്നില്ല.   അവ ഏതൊക്കെയാണെന്ന്  നമുക്ക് നോക്കാം.

A. യുദ്ധം:

യുദ്ധത്തിൽ, ഒരു രാജ്യത്തിന്‍റെ സൈന്യം തങ്ങളെ ആക്രമിക്കുന്ന മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തോട്  യുദ്ധം ചെയ്യുകയും അവരെ കൊല്ലുകയും ചെയ്യുന്നു.   ഇങ്ങനെ കൊല്ലുന്നത് കൊലപാതകമല്ല.   കാരണം ബൈബിളിൽ പല സന്ദർഭങ്ങളിലും ദൈവം തന്നെ യുദ്ധം (ന്യായമായി) ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.  ഉദാഹരണത്തിന്; ദുഷ്ടരായ കനാന്യരോട് യുദ്ധം ചെയ്ത് അവരെ പൂർണ്ണമായും നശിപ്പിക്കാൻ അവൻ യിസ്രായേല്യരോട് പറഞ്ഞു (ആവർത്തനം 20:16).   എന്നാൽ, ദൈവം നടത്തിയ യുദ്ധങ്ങൾ അയൽ രാജ്യങ്ങളെ  ആക്രമിക്കാൻ വേണ്ടിയല്ല, മറിച്ച് തങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ രാജ്യത്തെ രക്ഷിക്കാനും തിന്മയെ ശിക്ഷിക്കാനും വേണ്ടിയായിരുന്നുവെന്ന് നാം മനസ്സിലാക്കണം.   അത്തരം യുദ്ധങ്ങളിൽ ശത്രുക്കളായ സൈനികരെയും ശത്രു രാജ്യത്തുള്ളവരെയും കൊല്ലുന്നത് കൊലപാതകമല്ല.   ഈ അനുവാദത്തെക്കുറിച്ച് നാം കൂടുതൽ പരിശോധിക്കുകയാണെങ്കിൽ; പടയാളികൾ യോഹന്നാന്‍റെ അടുക്കല്‍ വന്ന് "ഞങ്ങൾ എന്തുചെയ്യണം?" എന്ന് ചോദിച്ചപ്പോൾ അവൻ നൽകുന്ന ഉത്തരം നോക്കൂ. 

ലൂക്കൊസ് 3:14 പടജ്ജനവും അവനോട്: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്ന് അവരോടു പറഞ്ഞു.

ഈ സന്ദർഭത്തിൽ, യോഹന്നാൻ തന്‍റെ അടുക്കൽ വന്ന പടയാളികളോട് ആരെയും ദ്രോഹിക്കരുതെന്നും, (അന്യായമായി) അപവാദം പറയരുതെന്നും, കൈക്കൂലി വാങ്ങരുതെന്നും പറയുന്നു, എന്നാൽ യുദ്ധങ്ങളിൽ പങ്കെടുക്കരുതെന്ന് അവൻ അവരോട് പറയുന്നില്ല.   അതുപോലെ, പ്രവൃത്തികൾ 10-ാം അധ്യായത്തിൽ കർത്താവിൽ വിശ്വസിച്ച ശതാധിപനായ കൊർന്നേല്യൊസിനെക്കുറിച്ച് നാം വായിക്കുന്നു.   ഒരു കൂട്ടം പടയാളികളുടെ നേതാവാണ് ഒരു ശതാധിപൻ.

B. നിയമപരമായ വധശിക്ഷ:

മരണശിക്ഷ അർഹിക്കുന്ന കുറ്റകൃത്യം ചെയ്ത ഒരാൾക്ക് നിയമപരമായി വധശിക്ഷ വിധിക്കുന്നത് കൊലപാതകമല്ല. മോശയുടെ ന്യായപ്രമാണത്തിൽ ഈ വധശിക്ഷയെക്കുറിച്ച് നാം ആവർത്തിച്ച് വായിക്കുന്നു.  (പുറപ്പാട് 21:23 ന്‍റെ വ്യാഖ്യാനം കാണുക)

ആവർത്തനപുസ്തകം 19:21 നിനക്കു കനിവു തോന്നരുത്; ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.

പുറപ്പാട് 21:23-25  മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം. കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ

സംഖ്യാപുസ്തകം 35:31 മരണയോഗ്യനായ കൊലപാതകന്‍റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷതന്നെ അനുഭവിക്കണം.

സംഖ്യാപുസ്തകം 35:33 നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്‍റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല.

ഉൽപത്തി 9:6 ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാൽ അവന്‍റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്.

C. സ്വയം പ്രതിരോധം:

മറ്റൊരാളിൽ നിന്ന് നമുക്കോ നമ്മുടെ കുടുംബാംഗങ്ങള്‍ക്കോ/അടുത്ത സുഹൃത്തുക്കള്‍ക്കോ ജീവന് ഭീഷണി ഉണ്ടാകുമ്പോൾ, ആ സമയത്ത് നമ്മുടെയോ/അവരുടെയോ ജീവൻ രക്ഷിക്കാൻ വേണ്ടി ആ വ്യക്തിയെ കൊല്ലുന്നത് കൊലപാതകമല്ല.

ഉദാഹരണത്തിന്; ഉല്പത്തി 14-ാം അധ്യായം വായിക്കുമ്പോൾ, ലോത്തിന്‍റെ  കുടുംബത്തെ സംരക്ഷിക്കാൻ അബ്രഹാം ശത്രു സൈനികരെ ആക്രമിച്ച് കൊന്നു.

അതുപോലെ,

പുറപ്പാട് 22:2 കള്ളൻ ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല.

ഈ സന്ദര്‍ഭത്തിൽ, ഒരു കള്ളൻ മോഷ്ടിക്കുന്നതിനിടയില്‍  പിടിക്കപ്പെട്ടാല്‍  അവന്‍ മരിക്കത്തക്കവിധം അവനെ അടിച്ചാലും അത് പാപമായി കണക്കാക്കപ്പെടുന്നില്ലെന്ന് നാം കാണുന്നു. കാരണം കള്ളൻ വെറുതെ മോഷ്ടിക്കാന്‍  വരില്ല , തന്നെ തടയുന്നവരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അയാൾ ആയുധങ്ങളും കരുതുന്നു.  അതുകൊണ്ട് അയാളിൽ നിന്ന് നമ്മെ രക്ഷിക്കാനായി അയാളെ കൊല്ലുന്നത് കൊലപാതകമല്ല. എന്നാല്‍ ഈ സ്വയം പ്രതിരോധത്തിൽ നമ്മെ ആക്രമിക്കാൻ കഴിയാത്ത വിധം ആ വ്യക്തി പരുക്കേറ്റിട്ടും, വീണ്ടും  പ്രതികാരത്തോടെ  ആ വ്യക്തിയെ അടിക്കുകയോ കൊല്ലുകയോ ചെയ്യുന്നത്  നിഷിദ്ധമാണെന്ന് നാം ഓർമ്മിക്കേണ്ടതുണ്ട്.  സ്വയം പ്രതിരോധം എന്നത് നമ്മെ നാം സംരക്ഷിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന ഒരു കാര്യമാണ്.  ആ സമയത്ത് ആ വ്യക്തി മരിച്ചാൽ, അത് കൊലപാതകമല്ല, എന്നാല്‍ ആ വ്യക്തിയിൽ നിന്ന് നമുക്ക് ഒരു അപകടവും വരാനുള്ള സാധ്യത  ഇല്ലെങ്കിൽ പോലും മനഃപൂർവ്വം അയാളെ കൊല്ലുന്നത് കൊലപാതകം തന്നെയാണ്.  

D. അബദ്ധവശാൽ മരണപ്പെടൽ:

ചിലപ്പോൾ, നാം പണി ചെയ്യുന്ന സമയത്ത് അബദ്ധവശാൽ മറ്റൊരാളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്,

ആവർത്തനപുസ്തകം 19:5,6 എങ്ങനെയെന്നാൽ: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്‍റെ ഉഷ്ണത്തോടെ പിന്തുടർന്ന് വഴിയുടെ ദൂരം നിമിത്തം അവനെ പിടിച്ച് അവന്‍റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന് അവനോടു പൂർവദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്കു ഹേതുവില്ല.

ഈ സന്ദര്‍ഭത്തിൽ, ഒരുവ്യക്തി തന്‍റെ ഉപജീവനത്തിനായി പണി ചെയ്യുന്നു.  ആ സമയത്ത്, കോടാലിയുടെ പിടി ഊരിപോയതിനാൽ മറ്റേയാളുടെ ജീവൻ അപകടത്തിലായി.  ഇത് കൊലപാതകമല്ല.  കാരണം ആ വ്യക്തി കൊലപാതകം നടത്തിയത് അശ്രദ്ധ കൊണ്ടോ, വെറുപ്പ് കൊണ്ടോ, മനഃപൂർവ്വമോ അല്ല.  ഇവിടെ ഞാന്‍  ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിക്കുക. അത് “അശ്രദ്ധയോടെ” അല്ലെങ്കില്‍ “ദുരുദ്ദേശ്യത്തോടെ” അല്ലെങ്കില്‍ “മനഃപൂര്‍വ്വം” ചെയ്തതല്ല.  കോടാലിയുടെ പിടി ഊരിപോകുമെന്ന് മുമ്പേ അറിഞ്ഞിട്ടും, അത് “അശ്രദ്ധമായി” കൈകാര്യം ചെയ്തതത് അത്തരമൊരു അപകടത്തിന്  കാരണമായാൽ, അത് നരഹത്യയാണ്.   മറ്റൊരാൾക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും, മുൻകരുതലുകൾ എടുക്കാത്തത് മൂലമാണ് അത്തരമൊരു അപകടം നടന്നതെങ്കിൽ, അത് നരഹത്യയാണ്.   നിയന്ത്രണാതീതമായ വേഗതയിൽ വാഹനം ഓടിക്കുകയും അത് ആരുടെയെങ്കിലും മരണത്തിന് കാരണമാകുകയും ചെയ്യുന്നുവെങ്കില്‍ അത് കൊലപാതകമായി കണക്കാക്കപ്പെടുന്നു.

കൊലപാതകം എന്നാല്‍;

  1. ഒരു വ്യക്തിയോടുള്ള പക മൂലമോ മറ്റ് കാരണങ്ങളാലോ  കൊല്ലുന്നത്.
  2. സഹോദരനെ കാരണം കൂടാതെ ദ്വേഷിക്കുന്നത് (1 യോഹന്നാൻ 3:15).
  3. കൊലപാതകത്തിലേക്ക് നയിക്കുന്ന അസൂയയും അന്യായമായ കോപവും വളർത്തുന്നത്.
  4. ഒരാളുടെ ജീവൻ അപകടത്തിലായിരിക്കുമ്പോൾ നമുക്ക് ആവുന്ന സഹായം ചെയ്യാതിരിക്കുന്നത്.  ഉദാഹരണത്തിന്, ആരെങ്കിലും ഒരാളെ ആക്രമിക്കുമ്പോൾ, നമുക്ക് ശക്തിയുണ്ടെങ്കിൽ പോലും  അയാൾക്ക് സഹായം ചെയ്ത് തന്‍റെ ജീവൻ സംരക്ഷിക്കാതിരിക്കുന്നത്,  വിശപ്പുകൊണ്ട ജീവിതത്തിനും മരണത്തിനും ഇടയിൽ വീർപ്പു മുട്ടുമ്പോൾ അവന് ഭക്ഷണം നൽകാതിരിക്കുന്നതും കൊലപാതകമാണ്.
  5. ആത്മഹത്യ ചെയ്യുന്നത്.  (മറ്റുള്ളവരുടെ ജീവൻ എടുക്കുന്നത് കൊലപാതകമാണെങ്കിൽ, ഒരാൾ തന്‍റെ ജീവൻ സ്വയം എടുക്കുന്നതും കൊലപാതകമാണ്.)
  6. ഇത് ചെയ്യാതിരിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ ആണെന്ന് അറിയാമായിരുന്നിട്ടും  അങ്ങനെ  ചെയ്യാതിരിക്കുന്നത്. ഉദാഹരണത്തിന്;

ആവർത്തനപുസ്തകം 22: 8 “ഒരു പുതിയ വീടു പണിതാൽ നിന്‍റെ  വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ട് വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിനു കൈമതിൽ ഉണ്ടാക്കേണം”

പരിസ്ഥിതി മലിനമാക്കൽ, റോഡിൽ ഇരുചക്ര വാഹനങ്ങളെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കുന്ന രീതിയിൽ പെരുമാറൽ, ശരിയായ ചികിത്സ തേടാതിരിക്കുക, മറ്റുള്ളവർക്ക് ചികിത്സ നൽകാതിരിക്കുക,.... ഇങ്ങനെ അശ്രദ്ധ മൂലമുണ്ടാകുന്ന എല്ലാ മരണങ്ങളും കൊലപാതകത്തിന്‍റെ  വിഭാഗത്തിൽ പെടുന്നു

7. വ്യഭിചാരം ചെയ്യരുത് (പുറപ്പാട് 20:14).

കൊല ചെയ്യരുത് എന്ന കല്പന ഒരു വ്യക്തിയുടെ ജീവന് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ വിലക്കുന്നുവെങ്കിൽ, “വ്യഭിചാരം ചെയ്യരുത്” എന്ന കല്പന കുടുംബത്തിന് അപകടകരവും സ്വന്തം ശരീരത്തിന് ഹാനികരവുമായ കാര്യത്തെയാണ് വിലക്കുന്നത് (1 കൊരിന്ത്യർ 6:18). കൊല ചെയ്യരുത് എന്ന കല്പനയിൽ ചിലത് കൊലപാതകമല്ല എന്ന ഒഴികഴിവുകൾ ഉൾപ്പെടുന്നു, എന്നാൽ ഈ കല്പനയിൽ അത്തരം ഒഴികഴിവുകളൊന്നുമില്ല.  ഇത് പറയാൻ കാരണം, അടുത്തിടെ ഒരു പ്രസംഗകൻ “ഒരു അമ്മ തന്‍റെ  മക്കളുടെ വിശപ്പ് മാറ്റാനായി വ്യഭിചാരം ചെയ്യുന്നത് പാപമല്ല” എന്ന് പഠിപ്പിച്ചത്രേ.  ഇങ്ങനെയുള്ള അധാർമിക തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ കാര്യത്തിൽ, എന്തെങ്കിലും കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ചെയ്യുന്നത് തെറ്റല്ലെന്ന നിലയിൽ അഭിനയിക്കുന്നത് ലൌകിക സിനിമകളില്‍ നാം കണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ അത്തരം മോശമായ കാര്യങ്ങൾ, “മനുഷ്യരുടെ അംഗീകാരം തേടുന്ന ഉപദേഷ്ടാക്കന്മാരാൽ, ജനങ്ങളുടെ അത്യാഗ്രഹത്തിന് അനുസരിച്ച് നടക്കുന്ന ഉപദേഷ്ടാക്കന്മാരാല്‍” സഭയിലേയ്ക്കും കടന്നു വന്നിരിക്കുന്നു.   ഒരുപക്ഷെ അദ്ദേഹം നിർദ്ദേശിച്ച അളവുകോൽ തന്നെ നാം സ്വീകരിക്കുകയാണെങ്കിൽ, തന്‍റെ മക്കൾക്ക് വരുമാനത്തിനപ്പുറം പണം ആവശ്യമുള്ള ഒരു പിതാവിന് എട്ടാം കൽപ്പന ലംഘിച്ച് മോഷണവും ചെയ്യാൻ സാധിക്കുമല്ലോ? എന്നാൽ ഈ കല്പനയുടെ കാര്യത്തിൽ അത്തരം ഒഴികഴിവുകളൊന്നും നൽകിയിട്ടില്ല.

മാതാപിതാക്കൾ മക്കളുടെ വിശപ്പകറ്റാനും, മറ്റാവശ്യങ്ങൾക്കും, കഠിനാധ്വാനം ചെയ്യുക എന്ന തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം.   ആ സാഹചര്യം ഇല്ലാത്തപ്പോൾ, ദൈവത്തിൽ ആശ്രയിക്കുകയും ബന്ധുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ സഹായം തേടുകയും വേണം.   നമുക്ക് ചുറ്റും ഇത്രയധികം ആളുകൾ ഉള്ളപ്പോൾ, കുട്ടികളുടെ വിശപ്പിന്‍റെ കാര്യത്തില്‍  സഹായം ചെയ്യാത്തവരല്ലല്ലോ എല്ലാവരും! മാത്രമല്ല, കുട്ടികളെ പോറ്റാനും പുലർത്താനും കഴിയാത്ത മാതാപിതാക്കൾ അവരെ ദത്തെടുക്കലിനായി കൊടുത്ത സന്ദർഭങ്ങൾ നിരവധിയാണ്.   സദാചാരവിരുദ്ധമായി സമ്പാദിക്കുന്ന പണം കൊണ്ട് അവരെ പോറ്റുന്നതിനേക്കാൾ നല്ലതാണ് അത്.   “വേശ്യയുടെ കൂലിയും നായുടെ വിലയും നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുത്; ഇവ രണ്ടും നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു” (ആവർത്തനപുസ്തകം 23:18) എന്ന് കല്പിച്ച ദൈവം, താൻ അനുഗ്രഹിച്ചു നൽകിയ കുട്ടികളെ പോറ്റാൻ വേശ്യയുടെ കൂലി ഉപയോഗിക്കുന്നത് ഒരിക്കലും സഹിക്കില്ല.   കാരണം, അവൻ പഠിപ്പിച്ച ധാർമ്മിക മൂല്യങ്ങൾ ലംഘിച്ച് സമ്പാദിച്ച ആ പണം “യഹോവയ്ക്ക് വെറുപ്പാണ്.”    എന്നാൽ എന്‍റെ ഈ വാദം അനുസരിച്ച്, "ആവശ്യത്തിന് മറ്റൊരാളുടെ പണം മോഷ്ടിക്കുന്നത് മറ്റുള്ളവർക്ക് നഷ്ടം ഉളവാക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യാൻ പാടില്ല, എന്നാൽ അത്യാവശ്യത്തിന് വേശ്യകളാകുന്നവർ ആർക്കും ഒരു നഷ്ടവും ഉണ്ടാക്കുന്നില്ല, അപ്പോൾ അതിനെ മോഷണവുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും?" എന്ന ചോദ്യം നിങ്ങൾക്ക് ഉണ്ടായേക്കാം.   ഇവിടെ ഞാൻ, ഒരു സാഹചര്യത്തിലും  വ്യഭിചാരം ചെയ്യരുതെന്ന് പറയുന്നത്, മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ലാഭനഷ്ടങ്ങൾ ദൃഷ്ടിയിൽ വച്ചു കൊണ്ടല്ല, ദൈവം മോഷണത്തെ പാപമായി കൽപ്പിച്ചിരിക്കുന്നതുപോലെ, വ്യഭിചാരത്തേയും പാപമായി കൽപ്പിക്കുകയും, തിരുവെഴുത്തിൽ  മറ്റൊരിടത്തും, ‘അത് വ്യഭിചാരം  അല്ല’ എന്ന് പറഞ്ഞു കൊണ്ട് ഈ കൽപ്പനയ്ക്ക് ഒരു ഒഴികഴിവും  നൽകിയിട്ടില്ല എന്നതുകൊണ്ടാണ്.  ഉദാഹരണത്തിന്, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശുക്രിസ്തു “ഞാനും നിനക്കു ശിക്ഷി വിധിക്കുന്നില്ല; പോക,  ഇനി പാപം ചെയ്യരുത്” (യോഹന്നാൻ 8:11) എന്ന് പറഞ്ഞു . ഇനി പാപം ചെയ്യരുതെന്ന് അവൻ കർശനമായ കൽപ്പന നൽകുകയായിരുന്നു, അത്യാവശ്യ സാഹചര്യങ്ങളിൽ  പാപം ചെയ്യാമെന്ന ഒഴികഴിവ് നൽകുക ആയിരുന്നില്ല ചെയ്തത്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിൽ വ്യഭിചാരം പാപമല്ലെന്ന് പഠിപ്പിക്കുന്ന വ്യാജ ഉപദേഷ്ടാക്കൾ ക്രിസ്തുവിന്‍റെ ഈ കല്പനയെ എത്രമാത്രം എതിർക്കുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കുക.   വ്യാജന്മാരായ ഈ ദുരുപദേഷ്ടാക്കന്മാർ വ്യഭിചാരത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, വിഗ്രഹാരാധനയുടെ കാര്യത്തിലും ഒഴികഴിവുകൾ  സൃഷ്ടിക്കുന്നവരാണ്. ഈ ലേഖനം വായിച്ചാലും.

ക്രിസ്ത്യാനികൾക്ക് നിർബന്ധിത സാഹചര്യങ്ങളിൽ വിഗ്രഹങ്ങളെ ആരാധിക്കാമോ?

വേശ്യാവൃത്തി ആർക്കും നഷ്ടം ഉളവാക്കില്ലെന്ന് ആരാണ് പറഞ്ഞത്?   അതുമൂലം പുരുഷന്‍റെ ജീവിതത്തിനും കുടുംബത്തിനും നഷ്ടം സംഭവിക്കുന്നു, അതുപോലെ തന്നെ സ്ത്രീയുടെ ശരീരത്തിനും നഷ്ടം സംഭവിക്കുന്നു (1 കൊരിന്ത്യർ 6:18).  പ്രത്യേകിച്ച് വ്യഭിചാരം ചെയ്യരുതെന്ന കല്പനയ്ക്ക് വിരുദ്ധമായി അത് മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.   അതുകൊണ്ട് അത് ജീവിതങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ മോഷണത്തേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്‌  ഈ പാപമാണ്.   ശ്രദ്ധിച്ചാലും,   ഇന്ന് പലരും വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിന്‍റെ പ്രധാന കാരണം, കഠിനാധ്വാനം ചെയ്യാൻ തയ്യാറാകാത്തതോ എളുപ്പത്തിൽ പണമുണ്ടാക്കാം എന്നുള്ള അത്യാഗ്രഹത്തിന് വിധേയപ്പെടുന്നതോ ആണ്.   അതിനെ ന്യായീകരിക്കാൻ പല ഒഴികഴിവുകളും പറയുന്നു, പക്ഷേ അവ വെറും ഒഴികഴിവുകൾ മാത്രമാണ് (സദൃശവാക്യങ്ങൾ 7:19,20).   പണത്തിനു വേണ്ടി കൊലപാതകം നടത്തുന്നവര്‍ക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവര്‍ക്കും  ഇത്തരം ഒഴികഴിവുകൾ പറയാന്‍ സാധിക്കും.

വ്യഭിചാരം ചെയ്യരുത് എന്ന ഈ കല്പന വിവാഹിതരായ  ദമ്പതികൾക്ക് മാത്രമല്ല, അവിവാഹിതരായ യുവാക്കൾക്കും ഒരു മുന്നറിയിപ്പായിട്ടാണ്  പറഞ്ഞിരിക്കുന്നത്.  കാരണം; ഭാര്യാഭർത്താക്കന്മാർ പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ അവരുടെ കിടക്ക (ആ ബന്ധം) നിർമ്മലമാകുന്നുള്ളൂ എന്നും, ഭാര്യാഭർത്താക്കന്മാർ ഒഴികെ മറ്റാരെങ്കിലും തമ്മിൽ ആ ബന്ധം തുടരുകയാണെങ്കിൽ അത് കളങ്കവും പരസംഗവുമാണെന്നും  വചനം പറയുന്നു (എബ്രായർ 13:4).   അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തു ഈ കല്പനയോടൊപ്പം “പരസംഗം” എന്നും കൂടെ പരാമർശിച്ചത് (മത്തായി 15:19).  

വിവാഹത്തിന് പുറത്തുള്ള എല്ലാ ലൈംഗിക പ്രവർത്തികളും വ്യഭിചാരമാണ്. അതായത് പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം മാത്രമല്ല, സ്വയം സംതൃപ്തി (സ്വയംഭോഗം), മൃഗത്തോടുകൂടെ ശയിക്കുക, സ്വവർഗ ലൈംഗികബന്ധം എന്നിവയെല്ലാം വ്യഭിചാരമായി കണക്കാക്കപ്പെടുന്നു.   ഇത്തരത്തിലുള്ള വ്യഭിചാര പ്രവർത്തികൾക്ക് അവസരമൊരൊക്കുന്ന മോഹത്തോടെയുള്ള  നോട്ടങ്ങൾ (മത്തായി 5:27,28), അശ്ലീല വസ്ത്രധാരണം (exposing), വാക്കുകൾ എന്നിവയും വ്യഭിചാരമാണ്.   അശ്ലീല സിനിമകൾ കാണുന്നതും, വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും എല്ലാം വ്യഭിചാരമാണ്. അതിനാൽ, എല്ലാ വിശ്വാസികളും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം.

വ്യഭിചാരം എന്ന പാപത്തിൽ നിന്ന് രക്ഷപെടാൻ, നാം പ്രാർത്ഥനയിൽ കൂടുതൽ സമയം ചെലവഴിക്കുകയും, പതിവായി വചനം ധ്യാനിക്കുകയും, ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ ഉത്സാഹത്തോടെ തുടരുകയും വേണം.    വ്യഭിചാരത്തിനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകളിൽ നിന്ന് അകന്നു നിൽക്കുകയും അത്തരം സിനിമകളും മറ്റ് ചിത്രങ്ങളും കാണാതെ ജാഗ്രത പാലിക്കുകയും വേണം.   കൂടാതെ, അവിവാഹിതരായ യുവാക്കൾ, അധികം വൈകിക്കാതെ ജോലിയില്‍ സ്ഥിരപ്പെടുകയും  വിവാഹം കഴിക്കുകയും വേണം (1 കൊരിന്ത്യർ 7:10). കർത്താവിൽ നിന്നുള്ള  പ്രത്യേക വരം ഉണ്ടെങ്കിൽ അല്ലാതെ വിവാഹത്തിന്‍റെ  കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.   വിവാഹിതരായ ദമ്പതികൾ പരസ്പരം സഹകരിച്ച്  "കടംപെട്ടിരിക്കുന്നത്" നിറവേറ്റണം (1 കൊരിന്ത്യർ 7:3).   ദൈവം സ്വാഭാവികമായി  നമ്മളിൽ ചിലത് വയ്ക്കുകയുണ്ടായി. ഉദാഹരണത്തിന്, വിശപ്പ്, ദാഹം തുടങ്ങിയവ.   അതുപോലെ, പ്രായപൂർത്തിയായവരിൽ ഉളവാകുന്ന ആഗ്രഹങ്ങളും അതിന്‍റെ ഭാഗമാണ്.   പക്ഷേ ആ ആഗ്രഹങ്ങൾ തെറ്റായ രീതിയിൽ നിറവേറ്റരുത്.   ദൈവഹിതപ്രകാരം അവർ വിവാഹിതരായി ജീവിതപങ്കാളിയുമായി മാത്രമേ അവ നിറവേറ്റുവാന്‍ പാടുള്ളൂ.  

വ്യഭിചാരം ചെയ്യരുത് എന്ന ഈ കല്പനയുടെ ആത്മീയ വശവും നാം മനസ്സിലാക്കണം.   ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ, അത് അവളുടെ ഭർത്താവിന് വളരെയധികം കോപം ഉളവാക്കുന്ന കാര്യമാണ്.   വേണ്ടിവന്നാൽ അവളെ കൊല്ലാൻ പോലും അയാൾ തയ്യാറാകും.   ഇത്തരത്തിലുള്ള ഒരു കോപം നമ്മിൽ എല്ലാവരിലും സ്വാഭാവികമായും ഉണ്ട്.   അതുപോലെ, ദൈവം തന്നെത്തന്നെ ഒരു ഭർത്താവെന്ന നിലയിലും നമ്മെ അവന്‍റെ ഭാര്യയെന്ന നിലയിലും താരതമ്യം ചെയ്യുന്നു (യെശയ്യാവ് 54:5, വെളിപ്പാട് 21:9).   അതുകൊണ്ട്, നാം അവനെ മാത്രം ദൈവമായി ആരാധിക്കുകയും ലോകത്തോട് ശത്രുത പുലർത്തുകയും വേണം. നാം ലോകവുമായി (ലൗകിക മോഹങ്ങളുമായി) സ്നേഹം ചെയ്യുകയാണെങ്കിൽ, അത് അവനെതിരായ വ്യഭിചാര പ്രവൃത്തിയാണ്.

യാക്കോബ് 4:4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.

അതുകൊണ്ടാണ്, യിസ്രായേല്യർ ദൈവത്തിനു പകരം വിഗ്രഹങ്ങളെ ആരാധിക്കുകയും മറ്റ് ജാതികളുടെ പാപങ്ങളിൽ പങ്കുചേരുകയും ചെയ്തപ്പോൾ, അതിനെ വ്യഭിചാരമെന്ന പാപമായി പല സന്ദര്‍ഭങ്ങളിലും താരതമ്യം ചെയ്തത്.

8. മോഷ്ടിക്കരുത് (പുറപ്പാട് 20:15).

കൊല ചെയ്യരുതെന്നും വ്യഭിചാരം ചെയ്യരുതെന്നുമുള്ള  കൽപ്പനകൾ നമ്മുടെ ജീവനേയും കുടുംബ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിന് നൽകിയതാണെങ്കിൽ, മോഷ്ടിക്കരുത് എന്ന ഈ കൽപ്പന നമ്മുടെ സ്വത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.  "മോഷണം" എന്നാൽ നമ്മുടേതല്ലാത്തതും നമുക്ക് അർഹതയില്ലാത്തതുമായതിനെ ആഗ്രഹിക്കുന്നതാണ്. മറ്റൊരാളുടെ അനുവാദമില്ലാതെയോ ബലപ്രയോഗത്തിലൂടെയോ ആ വ്യക്തിയുടെ ഒരു വസ്തു സ്വന്തമാക്കുന്നതാണ്.   ഇതിന് ചില ഉദാഹരണങ്ങൾ ഇവയാണ്; പോക്കറ്റടി, കൊള്ളയടിക്കൽ, സർക്കാരിന് കൊടുക്കേണ്ട നികുതി അടയ്ക്കാതിരിക്കൽ (അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവും   നികുതി അടച്ചത്, മത്തായി 17:27),   മറ്റൊരാളുടെ വസ്തുക്കൾ അയാളുടെ അറിവില്ലാതെ ഉപയോഗിക്കുക, മാതാപിതാക്കൾ അറിയാതെ   അവരുടെ പണം ചെലവഴിക്കുക (സദൃശവാക്യങ്ങൾ 28:24),  തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകാതിരിക്കുക, തൊഴിലുടമകളിൽ നിന്ന് തങ്ങളുടെ അധ്വാനത്തേക്കാൾ കൂടുതൽ പണം ഈടാക്കുക, കുടുംബനാഥന്മാർ തങ്ങളുടെ കുടുംബത്തിന് ആവശ്യമായത് നല്‍കാതെ ഒളിച്ചുവയ്ക്കുക , സർക്കാരുകൾ ഇരട്ടി നികുതി പിരിക്കുക... ഇങ്ങനെ നമ്മുടെ കഠിനാധ്വാനത്തിന് പുറമെ നാം സമ്പാദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം മോഷണമായിട്ടാണ് നാം കാണേണ്ടത്.  

പ്രത്യേകിച്ച് ദൈവത്തിന്‍റെ വേലയ്ക്ക് പണം കൊടുക്കാതെ കൈകള്‍ മുറുക്കിപ്പിടിക്കുന്നതും  മോഷണമാണ് (മലാഖി 3:8).

ഈ വിധത്തിൽ മോഷ്ടിച്ച്, സമ്പാദിക്കുന്ന സ്വത്തുക്കളെക്കുറിച്ച് ബൈബിൾ പറയുന്നത് കാണുക,

യിരെമ്യാവ് 17:11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപക്ഷിയെപ്പോലെ ആകുന്നു; അവന്‍റെ  മധ്യായുസ്സിങ്കൽ അത് അവനെ വിട്ടുപോകും; ഒടുക്കം അവൻ ഭോഷനായിരിക്കും.

എന്നാല്‍ വിശക്കുന്ന ഒരാൾ അടിയന്തര സാഹചര്യത്തിൽ  സമൃദ്ധമായ വിളവിൽ നിന്ന് അല്‍പം എടുത്ത് തന്‍റെ വിശപ്പകറ്റുന്നതു കൊണ്ട് മാത്രം അത് മോഷണമല്ല. എന്തുകൊണ്ടെന്നാൽ ഉടമസ്ഥന് അതുകൊണ്ട് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, സഹായം ആവശ്യമുള്ള അയൽക്കാരനോട് കരുണ കാണിക്കാനുള്ള അവസരമായിട്ടാണ് ന്യായപ്രമാണം ഇതിനെ പരിഗണിക്കുന്നത്. അത്തരത്തിലുള്ള കരുണയെക്കുറിച്ച് പറയുന്ന ഈ വാക്യഭാഗം ശ്രദ്ധിക്കുക.

ആവർത്തനപുസ്തകം 23:24-25 കൂട്ടുകാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്‍റെ പാത്രത്തിൽ ഇടരുത്. കൂട്ടുകാരന്‍റെ വിളഭൂമിയിൽക്കൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്‍റെ  വിളവിൽ അരിവാൾ വയ്ക്കരുത്.

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ വച്ച് മോഷ്ടിച്ചതോടെയാണ് ആദ്യത്തെ മോഷണം ആരംഭിച്ചത്. ആ വൃക്ഷത്തിന്‍റെ ഉടമസ്ഥനായ ദൈവത്തിന്‍റെ അനുവാദം കൂടാതെയാണ് അവർ ആ പഴം പറിച്ച് തിന്നത്. വാഗ്ദത്തനാടായ  കനാൻ ദേശത്ത് പ്രവേശിച്ച ഉടനെ യിസ്രായേല്യർ ചെയ്ത ആദ്യത്തെ കുറ്റകൃത്യവും  മോഷണമായിരുന്നു. ദൈവകല്പനയ്ക്ക് വിരുദ്ധമായി ആഖാൻ സ്വർണ്ണം മോഷ്ടിച്ചു (യോശുവ 7). ആദിമ സഭയിലും, ദൈവത്തിന് സമർപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിൽനിന്ന്  മോഷ്ടിച്ചതുകൊണ്ടാണ് അനന്യാസിനും  സഫീറയ്ക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്.

സാധാരണയായി മോഷ്ടിക്കാനുള്ള ആഗ്രഹം, ദൈവം നമുക്ക് നൽകിയതിൽ സംതൃപ്തരാകാത്തതുകൊണ്ടാണ്  ഉളവാകുന്നത്. അതുകൊണ്ട് വിശ്വാസികൾ ദൈവം  തങ്ങള്‍ക്ക് നൽകുന്നതിൽ സംതൃപ്തരായിരിക്കണം.

1 തിമൊഥെയൊസ് 6:6-8 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.

ഒരുപക്ഷെ ദൈവം എനിക്ക് ഒന്നും തന്നില്ല എന്ന് ആരെങ്കിലും നിരാശപ്പെടുന്നുവെങ്കിൽ അത് അവരുടെ അലസത മൂലമാണ്. കാരണം, കഠിനാധ്വാനം ചെയ്യാതെ ദൈവം ആകാശത്ത് നിന്ന് പണം വർഷിക്കുന്നതിനായി കാത്തിരിക്കുന്നത് മടിയന്മാർ മാത്രമാണ്.

അയൽക്കാരന്‍റെ പണം മോഷ്ടിക്കുക എന്ന ചിന്തയെ എങ്ങനെ മറികടക്കാം?

A. നമുക്കുള്ളതിൽ നാം തൃപ്തരായിരിക്കണം (1 തിമോത്തി 6:6-8).

B. ഈ ലോകത്തിൽ എന്തെങ്കിലും നേടാനുള്ള അത്യാഗ്രഹത്തോടെ ജീവിക്കാതെ ഉയരത്തിലുള്ളത് അന്വേഷിക്കണം (കൊലൊസ്സ്യർ 3:1,2).

C. മറ്റുള്ളവരെ സഹായിക്കാൻ കഴിയേണ്ടതിന് സ്വന്തം കൈകൾ കൊണ്ട് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കണം, അങ്ങനെ സമ്പാദിക്കുന്ന പണം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കണം.

എഫെസ്യർ 4:28

“കള്ളൻ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്”

9. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.  (പുറപ്പാട് 20:16)

ദൈവം സത്യവാനായതിനാലും (സങ്കീർത്തനം 31:5, 1 യോഹന്നാൻ 5:20), ഭോഷ്ക് പറയുന്നത് അവന് വെറുപ്പായതിനാലും (സങ്കീർത്തനം 119:163, സദൃശവാക്യങ്ങൾ 6:19), “കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്” എന്ന് അവൻ നമ്മോട് കൽപ്പിക്കുന്നു. കള്ളം പിശാചിൽ നിന്ന് ആണ് ഉളവായത് (യോഹന്നാൻ 8:44). അതുകൊണ്ടാണ് ദൈവമക്കൾ കള്ളസാക്ഷ്യം ഒഴിവാക്കേണ്ടത്. ദൈവം നീതിപൂർവ്വം വിധിക്കണമെന്ന് പറയുന്നു, കള്ളസാക്ഷ്യം നീതിയെ വളച്ചൊടിക്കുന്നു, അതിനാൽ കള്ളസാക്ഷ്യം പറയരുത്.  കള്ളസാക്ഷ്യം പറയുന്നത്  ഒരു വ്യക്തിയുടെ സല്‍പ്പേരിനെ നശിപ്പിക്കുന്നു, ചിലപ്പോൾ ആ വ്യക്തിയുടെ ജീവൻ നഷ്ടപ്പെടാന്‍ പോലും അത് കാരണമാകുന്നു. ഈ ഉദാഹരണം എടുക്കുക.

1 രാജാക്കന്മാർ 21:13 നീചന്മാരായ രണ്ട് ആളുകൾ വന്ന് അവന്‍റെ നേരേ ഇരുന്നു; നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്‍റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിനു വിരോധമായിതന്നെ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

അതുകൊണ്ടാണ് ഒരു വ്യക്തിക്കെതിരെ കള്ളസാക്ഷ്യം പറയാൻ ധൈര്യപ്പെടുന്നവര്‍ക്ക് ആ വ്യക്തി യഥാർത്ഥത്തിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഏതു ശിക്ഷയാണോ ലഭിക്കുന്നത് അതേ ശിക്ഷ തന്നെ ആ കള്ളസാക്ഷ്യം പറയുന്നവര്‍ക്കും നൽകണമെന്ന് ദൈവം പഠിപ്പിച്ചത്.

ആവർത്തനപുസ്തകം 19:16-19 ഒരുത്തന്‍റെ നേരേ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്ക്കേണം. ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ അവൻ സഹോദരനു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

ഇപ്പോഴത്തെ കോടതികൾ ഇത്തരത്തിലുള്ള ന്യായമായ  ശിക്ഷ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാലും, ഭോഷ്കുപറയുന്ന എല്ലാവർക്കും  ദൈവം  ശിക്ഷ വിധിക്കുക തന്നെ ചെയ്യും.

വെളിപ്പാട് 21:8 എന്നാൽ…ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.

"കള്ളസാക്ഷ്യം പറയരുത്" എന്ന ഈ കൽപ്പന നിറവേറ്റുന്നതിന്, ആദ്യമായി നാം പക്ഷപാതം കാണിക്കുന്ന മനോഭാവം ഇല്ലാത്തവരാകണം. ആ വ്യക്തി എന്‍റെ വിശ്വാസത്തിൽപെട്ടയാളല്ല, എന്‍റെ  ലിംഗത്തിൽ പെട്ടയാളല്ല, എന്നെപ്പോലെ ചിന്തക്കുന്നയാളല്ല എന്നോകെ നാം ചിന്തിക്കുമ്പോള്‍ ആണ് ആ വ്യക്തിക്കെതിരെ കള്ളസാക്ഷ്യം പറയാൻ നാം ധൈര്യപ്പെടുന്നത്. കാരണം  നമ്മെപ്പോലെ ചിന്തിക്കുന്ന ആളുകളോട്, നമ്മുടെ വിശ്വാസത്തിലുള്ള ആളുകളോട് , നമ്മുടെ ലിംഗത്തിൽപ്പെട്ട ആളുകളോട് നാം പക്ഷപാതം കാണിക്കുമ്പോൾ,  മറ്റുള്ളവർക്ക് എന്തുവന്നാലും ഒരു പ്രശ്നവുമില്ല എന്ന  ക്രൂരത നമ്മുടെ ഉള്ളിൽ വളർന്നു വരും. അതുകൊണ്ടാണ് ബൈബിൾ പക്ഷപാതം കാണിക്കുന്ന മനോഭാവത്തെ അപലപിക്കുകയും  നിന്നെപ്പോലെ തന്നെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കാൻ പറയുകയും ചെയ്യുന്നത് (ലേവ്യപുസ്തകം 19:18). നമ്മോട് വിയോജിപ്പുള്ള ആളുകളോടും നാം  നീതിപൂർവ്വം പെരുമാറണം, അവർ ചെയ്യാത്ത കുറ്റം ചെയ്തു എന്നരീതിയില്‍ കുറ്റപ്പെടുത്തി അവരെ പ്രയാസത്തിലാക്കാൻ ശ്രമിക്കരുത്.

ലേവ്യപുസ്തകം 24:22  നിങ്ങള്‍ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കണം (ന്യായവിധിയിൽ പക്ഷപാതം കാണിക്കരുത് എന്നു കാണുന്നു)

യാക്കോബ് 2:9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു ; നിങ്ങള്‍ ലംഘനക്കാര്‍ എന്ന് ന്യായപ്രമാണത്താൽ തെളിയുന്നു.

ഇയ്യോബ് 13:10 ഗൂഡമായി പക്ഷപാതം കാണിച്ചാൽ അവൻ നിങ്ങളെ ശാസിക്കും നിശ്ചയം.

എന്നാൽ, “കള്ളസാക്ഷ്യം പറയരുത്” എന്ന ഈ കൽപ്പന കോടതികളിൽ നൽകുന്ന സാക്ഷ്യവുമായി ബന്ധപ്പെട്ടു മാത്രമല്ല, ഏതു സമയത്തും ആരോടാണെങ്കിലും സത്യം മാത്രം സംസാരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു.

എഫെസ്യർ 4:15 ക്രിസ്തുവില്‍ സത്യം സംസാരിച്ചുകൊണ്ട്, ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.

എഫെസ്യർ 4:25 ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.

നമുക്കറിയാവുന്ന ഒരു  സാക്ഷ്യം പറയാതെ മൗനം പാലിക്കുന്നത്  കള്ളസാക്ഷ്യമാണ്, മറ്റൊരാളെ കുറിച്ച് മുഖസ്തുതി പറയുന്നതും കള്ളസാക്ഷ്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ സഭകളിൽ, പലരും വചനത്തിന് വിരുദ്ധമായി കള്ളസാക്ഷ്യം പറയുകയും പലരെയും വചനത്തിന്‍റെ  സത്യത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു, കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയുന്നത് തെറ്റാണെങ്കില്‍ ദൈവത്തിനും വചനത്തിനും വിരുദ്ധമായി പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എത്രയോ വലിയ പാപമാണെന്ന് നാം മനസ്സിലാക്കണം. “വെളിപ്പാട് 21:8” അനുസരിച്ച് തീപ്പൊയ്കയാണ് അവർക്കുള്ള ഓഹരി. ഇന്നത്തെ കുടുംബങ്ങളിൽ പോലും, നാം നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനങ്ങൾ നൽകുന്നു, പക്ഷേ അത് നിറവേറ്റുന്നില്ല. നമുക്ക് നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നതും കള്ളം പറയുന്നതിന്‍റെ പരിധിയിൽ ആണ് വരുന്നത്.

ഇത്തരം കള്ളത്തരങ്ങൾ എങ്ങനെ ഒഴിവാക്കാം? ഇതിനായി, കിഴവി കഥകൾക്ക് അധികം സമയം നീക്കിവയ്ക്കാതെ, നമ്മുടെ സ്വന്തം ജോലിയിൽ ഏർപ്പെടണം. പ്രാർത്ഥനയിലും വചന ധ്യാനത്തിലും നാം സമയം ചെലവഴിക്കണം.

10. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ  ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ  കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്(പുറപ്പാട് 20:17)

അന്തരംഗത്തിലുള്ള തെറ്റായ ചിന്തകൾ (ആഗ്രഹങ്ങളെ) പോലും ദൈവം പാപമായി കണക്കാക്കുന്നുവെന്ന് ഈ കല്പന നേരിട്ട് നമ്മോട് പറയുന്നു.   ഈ കല്പന അനുസരിക്കുന്നവന് തന്‍റെ അയൽക്കാരനെതിരെ മറ്റൊരു വിധത്തിലും  പാപം ചെയ്യാൻ കഴിയില്ല.  എന്തുകൊണ്ടെന്നാൽ പാപം ആദ്യം ആരംഭിക്കുന്നത് മനസ്സിലാണ്.   ഈ കല്പന ആ ചിന്തകളെത്തന്നെ അപലപിക്കുന്നു. നമ്മുടെ ചിന്തകളിൽ നാം ആ പാപത്തെ ജയിച്ചാൽ, നമ്മുടെ പ്രവൃത്തികളിൽ  അത് ചെയ്യാൻ നമുക്ക് കഴിയില്ല. ഒരുപക്ഷേ  ചിന്തയില്‍ തന്നെ അവയെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത് മറ്റ് കല്പനകളുടെ ലംഘനത്തിലേക്ക് നയിക്കുന്നു.  ഉദാഹരണത്തിന്, ഒരാൾ തന്‍റെ  അയൽക്കാരന്‍റെ ഭാര്യയെയോ അന്യസ്ത്രീയുടെ ഭർത്താവിനെയോ മോഹിക്കുന്ന പാപകരമായ ചിന്തകളെ മറികടക്കുന്നില്ലെങ്കിൽ, അത് വ്യഭിചാരമായി മാറി ”വ്യഭിചാരം ചെയ്യരുത്” എന്ന കല്പനയുടെ ലംഘനമായി മാറുന്നു.   അതുകൊണ്ട്, ഈ കല്പന അവസാനമായി പറഞ്ഞതാണെങ്കിലും, ഇത് വളരെ പ്രധാനപ്പെട്ട ഒരു കല്പനയായി നാം സ്വീകരിക്കേണ്ടതുണ്ട്.   ദൈവത്തിന്‍റെ കല്പനകള്‍ ആത്മീയമാണെന്നു പറയുന്നതിനുള്ള ശക്തമായ തെളിവാണ് ഈ കല്പന. ഭൗതികമായ നിയന്ത്രണത്തിനു വേണ്ടി നാം ഉണ്ടാക്കുന്ന നിയമങ്ങൾ പോലെയല്ല ദൈവത്തിന്‍റെ കല്പനകൾ.  അവന്‍റെ കല്പനകൾ ആന്തരികമായി ഉളവാകുന്ന പാപകരമായ ആഗ്രഹങ്ങളെ കുറ്റം വിധിക്കുകയും അവയ്ക്ക് നാം ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.   യഹൂദന്മാർ  ന്യായപ്രമാണത്തെ ബാഹ്യമായ വിഷയമായി കണക്കാക്കുകയും, ആന്തരികമായി വഴിതെറ്റിപ്പോകുകയും ചെയ്തപ്പോൾ   യേശുക്രിസ്തു അവരെ ശാസിച്ചത് അതുകൊണ്ടാണ് (മത്തായി 5:27,28).   ദൈവത്തെക്കുറിച്ചുള്ള  ഭയത്തിനു മാത്രമേ ഈ ആന്തരിക പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയൂ. 

ഈ കല്പനയിൽ മോഹിക്കരുതെന്ന് നമ്മോട് പറഞ്ഞിരിക്കുന്നതിന്‍റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്, “നിന്‍റെ കൂട്ടുകാരന്‍റെ യാതൊന്നും മോഹിക്കരുത്” എന്ന് എഴുതിയിരിക്കുന്നതിനാൽ, നാം മറ്റൊന്നും മോഹിക്കരുത്. ഒരു ചെറിയ വസ്തു പോലും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്” എന്ന് പറയുമ്പോൾ അത് അയാളുടെ വയലിനെയോ മറ്റെന്തെങ്കിലുമോ അർത്ഥമാകാം. “കൂട്ടുകാരന്‍റെ ഭാര്യ” എന്ന് പറയുമ്പോൾ അത് മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ എന്നും അർത്ഥമാക്കാം, ഇങ്ങനെ നമ്മുടേതല്ലാത്ത യാതൊന്നും നാം മോഹിക്കരുത്.   പ്രത്യേകിച്ച് നമ്മുടെ അയൽക്കാരന്‍റെ ഭാര്യയുമായോ, ഒരു അന്യ സ്ത്രീയുടെ ഭർത്താവുമായോ അവരെ ആകർഷിക്കുന്ന രീതിയിൽ നാം സംഭാഷണങ്ങളിൽ ഏർപ്പെടരുത്.   അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.

“മോഷ്ടിക്കരുത്” എന്ന കല്പനയിൽ ഞാൻ പറഞ്ഞതുപോലെ, നമ്മുടെ അയൽക്കാരനിൽ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നതിന്‍റെ കാരണം “ദൈവം നമുക്ക് നൽകിയതിൽ നാം തൃപ്തരല്ല” എന്നതാണ്, അതിനാൽ നമുക്ക് ഉള്ളതിൽ നാം തൃപ്തരായിരിക്കണം. നമുക്ക് ആവശ്യമുള്ളത് കർത്താവിനോട് ചോദിച്ചുകൊണ്ട് നാം നമ്മുടെ കൈകൾ കൊണ്ട് കഠിനാധ്വാനം ചെയ്യണം.  

മറ്റൊരു പ്രധാന കാര്യം; നമ്മുടെ സമൂഹത്തിൽ പൊതുവെ, ലൈംഗിപരമായ ആഗ്രഹങ്ങൾക്കായി ഒരാളെ ആഗ്രഹിക്കുന്നത് ഒരു വലിയ തെറ്റായും മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റല്ല എന്നും  കണക്കാക്കുന്നു.   ഉദാഹരണത്തിന്, ലൈംഗിക സംതൃപ്തിക്കായി ഒരാളെ ആഗ്രഹിക്കുന്നത് ഒരു വലിയ തെറ്റാണ്, എന്നാൽ മറ്റുള്ളവരുടെ വസ്തുക്കളും പണവും (വേശ്യാവൃത്തി ഉൾപ്പെടെ) ആഗ്രഹിക്കുന്നത് അത്ര തെറ്റല്ല.  എന്നാൽ ന്യായാധിപൻ പുറപ്പെടുവിക്കുന്ന ഈ കല്പന ശ്രദ്ധാപൂർവ്വം പരിശോധിക്കുക.   ഇവിടെ, നിങ്ങളുടെ അയൽക്കാരന്‍റെ ഭാര്യയോട് അതായത് കാമപരമായ ആഗ്രഹവും, “നിങ്ങളുടെ അയൽക്കാരന്‍റെതായ” എന്തിനോടുമുള്ള ആഗ്രഹവും ഒരേ പാപത്തിന്‍റെ പട്ടികയിൽ ആണ് പെടുത്തിയിരിക്കുന്നത്.

അതായത്, അവന്‍റെ ന്യായത്തിൽ, നമുക്ക് സ്വന്തം അല്ലാത്തതെന്തും, അത് ഒരാളുടെ ശരീരമായാലും (Sex), പണമായാലും, അല്ലെങ്കിൽ മറ്റെന്തായാലും, പാപമാണ്, ശിക്ഷ ഒന്നുതന്നെയാണ്.   അതുകൊണ്ട് നമ്മുടേതല്ലാത്ത എന്തെങ്കിലും, അതായത്, ധാർമ്മികമായി നമ്മുടെ പരിശ്രമത്തിലൂടെ നാം സമ്പാദിച്ചതല്ലാത്ത എന്തെങ്കിലും ആഗ്രഹിക്കുന്നതും, മോഹത്തോടെ ഒരാളെ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമില്ല.  ലോകത്തിന്‍റെ മനോഭാവമല്ല, അവന്‍റെ നീതിയാണ് നമ്മുടെ മാനദണ്ഡം, നീതിയുടെ ഉറവിടമായ ന്യായാധിപൻ നമുക്കുവേണ്ടി നിയമിച്ചിരിക്കുന്നതാണ് നമുക്ക് ചട്ടം.   ശ്രദ്ധികുക: ജീവിതങ്ങൾ നശിപ്പിക്കപ്പെടുന്നത് കാമം കൊണ്ട് (വ്യഭിചാരവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ / കുടുംബ കലഹങ്ങൾ / ബലാത്സംഗങ്ങൾ) മാത്രമല്ല, തങ്ങളുടേതല്ലാത്ത ഒന്നിനെ സ്വന്തമാക്കാനുള്ള  ആഗ്രഹങ്ങളാലും കൂടിയാണ്. ഉദാഹരണത്തിന്, സ്വത്തിനു വേണ്ടിയുള്ള വഴക്ക്  കൊലപാതകം വരെ എത്തിയ നിരവധി കേസുകൾ നമുക്കറിയാം. ഇവയിൽ ചിലത് സ്വന്തം കുടുംബാംഗങ്ങൾ തന്നെ ചെയ്തവയാണ്. അതുകൊണ്ടാണ്;

ആവർത്തനപുസ്തകം 5:21 കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭവനത്തെയും നിലത്തെയും അവന്‍റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.

അവസാനമായി, ദൈവം പത്തു കൽപ്പനകൾ വെളിപ്പെടുത്തായി സീനായി പർവതത്തിൽ ഇറങ്ങിവന്നപ്പോൾ, ഇടിയും മിന്നലും നിറഞ്ഞ ഒരു ഭയാനകമായ അന്തരീക്ഷം ഉളവാക്കിയെന്നും, എല്ലാ ജനങ്ങളും ഭയന്നുപോയെന്നും നാം വായിക്കുന്നു (പുറപ്പാട് 19:16).   അവൻ തന്‍റെ  കല്പനകൾ വെളിപ്പെടുത്താൻ വന്നപ്പോൾ തന്നെ അവൻ വളരെ ഭയങ്കരനായിരുന്നെങ്കിൽ, അവ ലംഘിക്കുന്നവരെ വിധിക്കാൻ വരുമ്പോൾ അവൻ എത്ര ഭയങ്കരനായിരിക്കുമെന്ന് നാം മനസ്സിലാക്കി ഈ കല്പനകൾക്കും അവയുടെ പിന്നിലെ സന്ദേശത്തിനും നാം കീഴടങ്ങുകയാണ് വേണ്ടത്.