ഉള്ളടക്കം
1. ആമുഖം
2. ദൈവഹിതം തിരിച്ചറിയുന്നതിൽ നാം പിന്തുടരുന്ന തെറ്റായ ചില സമീപനങ്ങൾ
3. ദൈവഹിതത്തിന്‍റെ രണ്ട് ഭാഗങ്ങൾ:
ദൈവഹിതം കണ്ടെത്തുന്നതിനുള്ള പ്രധാനപ്പെട്ട പ്രമാണങ്ങൾ
1. രക്ഷയെക്കുറിച്ചുള്ള ദൈവഹിതം
2. ആത്മാവിനാൽ നിറയപ്പെടണമെന്നതിലുള്ള ദൈവഹിതം.
3. വിശുദ്ധിയെക്കുറിച്ചുള്ള ദൈവഹിതം
4. നമ്മുടെ ജീവിത സാക്ഷ്യം സംബന്ധിച്ചുള്ള ദൈവഹിതം
5. നമ്മുടെ ഹൃദയത്തിന്‍റെ വീക്ഷണത്തെക്കുറിച്ചുള്ള ദൈവഹിതം
4. എന്‍റെ കാര്യത്തിലേയ്ക്ക് വന്നാല്‍?
5. അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു പ്രധാന മുന്നറിയിപ്പ്
ആമുഖം
ദൈവഹിതത്തിനനുസൃതമായ ഒരു ജീവിതം നയിക്കുക എന്നതാണ് ഓരോ യഥാർത്ഥ ക്രിസ്ത്യാനിയുടെയും അഭിലാഷം. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും, എടുക്കുന്ന ഓരോ തീരുമാനവും,പോകുന്ന ഓരോ വഴിയും ദൈവഹിതത്തിനനുസൃതമായിരിക്കണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദൈവഹിതം ചെയ്യുന്നതിലാണ് തനിക്ക് ക്ഷേമമുള്ളതെന്നും സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നത് വളരെ അപകടകരമാണെന്നും അവന് നന്നായി അറിയാം.
മാത്രവുമല്ല, “ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വന്നിരിക്കുന്നു” (എബ്രായർ 10:9) എന്ന് പറഞ്ഞ യേശുക്രിസ്തുവിന്‍റെ മനസ്സ് അവനിലും ഉള്ളതിനാൽ, “എങ്കിലും എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്ന മനോഭാവമാണ് അവന് എപ്പോഴും ഉള്ളത്. “ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” (യോഹന്നാൻ 2:17), എന്ന വാഗ്ദാനത്തിൽ പ്രതീക്ഷ വച്ചുകൊണ്ട്, "ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു" എന്ന് മർക്കോസ് 3:35-ൽ രക്ഷകൻ അനുഗ്രഹിച്ചു നൽകിയ ശ്രേഷ്ഠതയിൽ ലക്ഷ്യം വച്ചു കൊണ്ട്, “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2) എന്ന കല്പനയോട് എല്ലായ്പ്പോഴും അനുസരണം കാണിക്കാൻ അവൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യും.
പക്ഷേ, സാധാരണയായി എല്ലാവരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട് – ‘ദൈവഹിതം എനിക്ക് എങ്ങനെ കണ്ടെത്താനാകും?’, അതെ, ഈ ചോദ്യം എത്രയോ പ്രാധാന്യമുള്ളതും നിർണ്ണായകവുമാണ്. ദൈവഹിതം എന്താണെന്ന് അറിയാതെ എങ്ങനെയാണ് അത് നിറവേറ്റാൻ കഴിയുക? അതുകൊണ്ട്, ദൈവഹിതം എങ്ങനെ സ്ഥിരീകരിക്കാമെന്ന് അറിയേണ്ടത് നമ്മുടെ അടിയന്തിരവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്തമാണ്.
ദൈവഹിതം തിരിച്ചറിയുന്നതിൽ നാം പിന്തുടരുന്ന തെറ്റായ ചില സമീപനങ്ങൾ
ദൈവഹിതം കണ്ടെത്തുക എന്ന ഈ ആവശ്യവും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞ, സൂക്ഷ്മമായ മനസ്സാക്ഷിയുള്ള വിശ്വാസികളെ മുതലെടുക്കാൻ സ്വയം കണ്ടുപിടിച്ച പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് പലരെയും വഞ്ചിക്കാൻ പല ചില്ലറ വ്യാപാരികളും പുറപ്പെട്ടിട്ടുണ്ട്. “ദൈവം ഞങ്ങൾക്ക് വെളിപ്പെടുത്തി തരും! ഞങ്ങൾ നിങ്ങളുടെ മേൽ കൈവെച്ച് പ്രാർത്ഥിക്കാം! നിങ്ങളെക്കുറിച്ചുള്ള അവന്‍റെ ഇഷ്ടം എന്താണെന്ന് ഞങ്ങൾ നിങ്ങളോട് പറയാം” എന്നൊക്കെ പറഞ്ഞുകൊണ്ട്, യേശുവിന്‍റെ നാമത്തിൽ ആദ്യം സ്വത്തും പിന്നീട് ആത്മാക്കളെയും കൊള്ളയടിക്കുന്ന, ഭാഗ്യം പറയുന്നവർ എല്ലായിടത്തും എഴുന്നേറ്റ് വരുന്നുണ്ട്. മാത്രവുമല്ല, വിശ്വാസികൾ തന്നെ, തങ്ങളുടെ നിഷ്കളങ്കത കൊണ്ടോ അല്ലെങ്കിൽ തിരുവെഴുത്തുകളെക്കുറിച്ചുള്ള ധാരണക്കുറവു കൊണ്ടോ, വചനവുമായി പൊരുത്തപ്പെടാത്ത നിരവധി രീതികളിലൂടെ ദൈവഹിതം കണ്ടെത്താനായി ശ്രമിക്കുന്നുണ്ട്. ചിലർ മനസ്സാക്ഷിയുടെ സമ്മർദ്ദങ്ങളെ ദൈവത്തിന്‍റെ ശബ്ദമായി കണക്കാക്കുമ്പോൾ, മറ്റു ചിലർ, ദൈവത്തിന്‍റെ സന്നിധിയിൽ നിശബ്ദമായും ഏകാഗ്രമായും പ്രാർത്ഥനയിൽ സമയം ചെലവഴിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ചിന്തകളെ ദൈവം സൃഷ്ടിക്കുന്ന ചിന്തകളാണെന്ന് കരുതുന്നു. ചിലര്‍ ചീട്ട് ഇട്ടു നോക്കി ദൈവഹിതം ഉറപ്പാക്കാമെന്ന് കരുതുമ്പോള്‍, മറ്റു ചിലര്‍ ബൈബിള്‍ തുറക്കുമ്പോള്‍ തങ്ങളുടെ കണ്‍മുമ്പില്‍ കാണുന്ന വാക്യം ദൈവഹിതത്തിന്‍റെ വെളിപ്പെടുത്തലാണെന്ന് കരുതുന്നു. ഇവയെല്ലാം സ്വയം കണ്ടുപിടിച്ചവയാണ്, ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ പിന്തുണയ്ക്കാൻ കഴിയുന്ന രീതികളല്ല. അതുകൊണ്ട്, ഇതിലൂടെ ദൈവത്തിന്‍റെ ഇഷ്ടം കണ്ടെത്തിയെന്ന മിഥ്യാധാരണയിൽ, അവന്‍റെ ഹിതത്തിന് വിരുദ്ധമായ കാര്യങ്ങളെ പിന്തുടരാനുള്ള സാധ്യതയുണ്ട്.
നാം ഒരു ശബ്ദത്തെയോ ദർശനത്തെയോ ആശ്രയിക്കുകയും അത് ദൈവത്തിൽ നിന്നുള്ള വെളിപ്പെടുത്തലാണെന്ന് വിശ്വസിക്കുകയും ചെയ്താൽ, അത് ദൈവത്തിൽ നിന്നാണോ അതോ വെളിച്ചദൂതനായി വേഷംമാറിയ സാത്താനിൽ നിന്നാണോ അതോ നമ്മുടെ സ്വന്തം മിഥ്യാധാരണകളിൽ നിന്നാണോ വരുന്നതെന്ന് നമുക്ക് ഉറപ്പായിട്ട് വിവേചിച്ച് പറയാൻ കഴിയുമോ? മനസ്സാക്ഷിയിൽ നിന്നുള്ള ഓരോ സമ്മർദ്ദവും ദൈവത്തിന്‍റെ ശബ്ദമായി കണക്കാക്കുകയാണെങ്കിൽ, വിജാതീയർ പോലും തങ്ങളുടെ ദൈവങ്ങൾക്ക് നേർച്ചകൾ അർപ്പിക്കാനും, പൂജകളും യാഗങ്ങളും നടത്താനും, മറ്റ് നിരവധി ആചാരങ്ങളും ചടങ്ങുകളും നടത്താനും തങ്ങളുടെ മനസ്സാക്ഷിയാൽ പ്രേരിപ്പിക്കപ്പെടുകയില്ലേ! ഈ സന്ദർഭത്തിൽ, മനസ്സാക്ഷിയുടെ എല്ലാ സമ്മർദ്ദവും ദൈവത്തിൽ നിന്നുള്ള ശബ്ദമാണെന്ന് നമുക്ക് പറയാൻ കഴിയുമോ?
പ്രാർത്ഥിക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളെ ദൈവത്തിൽ നിന്നുള്ള ചിന്തകളായി കണക്കാക്കിയാൽ, ഏകാഗ്രതയെ തടസ്സപ്പെടുത്തിക്കൊണ്ട് ഒരിക്കലും ഇല്ലാത്ത ചിന്തകൾ പ്രാർത്ഥനാസമയത്ത് തന്നെ ഉണ്ടാകുമെന്ന് വായനക്കാരന് അനുഭവത്തിൽ നിന്ന് അറിയാമെന്ന് ഞാൻ കരുതുന്നു. അവയെല്ലാം തന്നെ ദൈവത്തിന്‍റെ ചിന്തകളാണെന്ന് നമുക്ക് കണക്കാക്കാൻ കഴിയുമോ?
ഇന്നും ദൈവഹിതം നിർണ്ണയിക്കുന്നതിനുള്ള നിയുക്ത രീതി ചീട്ടാണെങ്കിൽ, ശിഷ്യന്മാർ ചീട്ടിട്ട് മത്തിയാസിനെ പന്ത്രണ്ടാമനായി തിരഞ്ഞെടുത്തെങ്കിലും പിന്നീട് മൂപ്പന്മാരെ തിരഞ്ഞെടുക്കുന്നതിന് ദൈവം അതേ രീതി സഭയിൽ എന്തുകൊണ്ട് പിൻതുടർന്നില്ല? ചീട്ടിട്ട് "ദൈവമേ" എന്ന് പറയുന്നതിനുപകരം, തിരുവെഴുത്തുകളിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ദൈവം സഭയ്ക്ക് നിയമിച്ചിരിക്കുന്ന രീതി എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നില്ലേ?
ബൈബിൾ തുറക്കുമ്പോൾ കാണപ്പെടുന്ന വാക്യത്തിലൂടെ ദൈവം സംസാരിക്കും എന്ന വിഷയത്തിലേയ്ക്ക് വന്നാല്‍, യഥാർത്ഥ കൈയെഴുത്തുപ്രതികൾ സൂചിപ്പിക്കുന്നത് ദൈവം തിരുവെഴുത്തുകൾ ആ രീതിയിൽ ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല എഴുതിയത് എന്നാണ്. ചർമ്മം കൊണ്ടുള്ള ചുരുളുകളിൽ അധ്യായങ്ങളോ, വാക്യങ്ങളോ, അക്കങ്ങളോ പോലും ഇല്ലാതെ എഴുതപ്പെട്ട ആദ്യകാല കൈയെഴുത്തുപ്രതികൾ, ഇന്ന് നാം ബൈബിൾ തുറന്നു നോക്കുന്ന രീതിയുമായി പൊരുത്തപ്പെടുന്നില്ല എന്നത് വ്യക്തമായതിനാൽ, അച്ചടി യന്ത്രങ്ങളും കടലാസും ഉപയോഗത്തിൽ വന്നതിനുശേഷമാണ് ദൈവം അത്തരമൊരു സംസാരരീതി സ്വീകരിച്ചതെന്നാണോ നാം ചിന്തിക്കേണ്ടത്?
തങ്ങളുടെ പ്രത്യേക സാഹചര്യത്തെക്കുറിച്ച്, ദൈവവചനം ദിവസവും ധ്യാനിക്കുന്നതിലൂടെ ദൈവം തന്‍റെ ഇഷ്ടം വെളിപ്പെടുത്തുമെന്ന് കരുതുന്നവരുടെ തെറ്റും സമാനമായതാണ്. വാക്യത്തിന്‍റെ സന്ദർഭം മാറ്റിവച്ചു കൊണ്ട് സ്വന്തം സാഹചര്യങ്ങളുടെ വെളിച്ചത്തിൽ വാക്യത്തിന് പുതിയ അർത്ഥങ്ങൾ കൂട്ടിച്ചേർക്കത്തക്കവണ്ണം ഈ രീതി പലരേയും തെറ്റിദ്ധരിപ്പിക്കുന്നു. അതുപോലെ, ഒരു വ്യക്തി താൻ അമേരിക്കയിലേക്ക് പോകുന്നത് ദൈവഹിതമാണോ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ യെശയ്യാവ് 11:14, അദ്ദേഹത്തിന് ദൈവഹിതം വെളിപ്പെടുത്തിയെന്നാണ് പറയുന്നത്. “അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെയൊക്കെയും കൊള്ളയിടും” (യെശയ്യാവ് 11:14). ഇവിടെ, "മലഞ്ചെരിവിൽ മേൽ ചാടും" (ഇംഗ്ലീഷിൽ, "fly down upon the shoulder") എന്ന വാക്കുകളെ അടിസ്ഥാനമാക്കി ഒരു വിമാനത്തിൽ കയറാനും, "പടിഞ്ഞാറ് ഫിലിസ്ത്യരുടെ", ഇംഗ്ലീഷിൽ "toward the west" എന്ന വാക്കുകളെ അടിസ്ഥാനമാക്കി അമേരിക്കയിലേക്ക് പോകാനുമുള്ള ദൈവത്തിന്‍റെ ഇഷ്ടം അയാൾ മനസ്സിലാക്കി പോലും. ഇത്തരക്കാരുടെ മിഥ്യാധാരണ, വാക്യത്തിന്‍റെ സന്ദർഭം എന്തുതന്നെയായാലും, ദൈവത്തിന് എന്‍റെ സാഹചര്യം അറിയാമെന്നും അതിനാൽ അതിൽ നിന്ന് ഉചിതമായ പ്രയോഗം എനിക്ക് നൽകുമെന്നുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചിന്തകളാണ് വചനത്തിന് വികലമായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അടിത്തറയെന്ന് അവർ മറന്നുപോകുന്നു. സന്ദർഭത്തിന് പുറത്തുള്ള അർത്ഥം വാക്യത്തിന്‍റെ അർത്ഥമല്ല, മറിച്ച് സ്വയം കണ്ടെത്തുന്ന അർത്ഥമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ നിലയിൽ വചനത്തെ വളച്ചൊടിക്കാനും പ്രയോഗിക്കാനും ദൈവം ആർക്കും സ്വാതന്ത്ര്യം നൽകിയിട്ടില്ല. ദൈവഹിതം ഈ വിധത്തിൽ അറിയാൻ കഴിയുമെന്ന് ബൈബിൾ ആലങ്കാരികമായി പോലും പറയുന്നില്ല എന്നത് നാം മറക്കരുത്.
അവസാനമായി, ഫിലിപ്പിയർ 4:7-ലെ “സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം” എന്ന വാക്കുകളെ അടിസ്ഥാനമാക്കി, ദൈവഹിതം അറിയാനുള്ള ഒരു വിചിത്രമായ മാർഗം ചിലർ കണ്ടുപിടിച്ചിരിക്കുന്നു. ഒരു വിഷയത്തെക്കുറിച്ച് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് സമാധാനം അനുഭവപ്പെടുകയാണെങ്കിൽ, അത് ദൈവത്തിന്‍റെ ഹിതമാണെന്നും, അസ്വസ്ഥത തോന്നുകയാണെങ്കിൽ, അത് അവന്‍റെ ഹിതമല്ലെന്നുമാണ് അവർ കരുതുന്നത്. എന്നാൽ, ഈ വാക്യത്തിന്‍റെ സന്ദർഭം ദൈവഹിതം അറിയുന്നതിനുള്ള ഒരു രീതിയെക്കുറിച്ചല്ല പറയുന്നത്, മറിച്ച് പ്രാർത്ഥനയിലൂടെ നമ്മുടെ എല്ലാ ഭാരങ്ങളും ദൈവത്തിന്മേല്‍ ചുമത്തുന്നതിലൂടെ ലഭിക്കുന്ന സമാധാനത്തെക്കുറിച്ചാണ് പറയുന്നത് എന്ന് ഈ വാക്യ സന്ദർഭത്തിൽ നിന്ന് ആര്‍ക്കും മനസ്സിലാക്കാൻ സാധിക്കും (സന്ദർഭത്തിനായി 6 & 7 വാക്യങ്ങൾ ഒരുമിച്ച് വായിക്കുക). എന്നാല്‍ ഇവര്‍ തെറ്റിദ്ധരിക്കുന്നതുപോലെ ഈ “സമാധാനം” ദൈവഹിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കുന്നതിന്‍റെ അപകടത്തെ എടുത്തുകാണിക്കുന്ന ഒരു ഉദാഹരണം, ഗെത്ത്ശെമനയുടെ സാഹചര്യത്തിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയും. യേശുവിന്‍റെ ക്രൂശിലെ മരണം നിസ്സംശയമായും ദൈവഹിതത്തിൽ ഉള്ളതാണ് (യോഹന്നാൻ 10:17,18). എന്നിരുന്നാലും, അതിനായി തയ്യാറെടുക്കുമ്പോൾ, ‘സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനത്താൽ ഞാൻ നിറയപ്പെട്ടിരിക്കുന്നു’ എന്ന് കർത്താവ് പറഞ്ഞില്ല. അതിൽ നിന്നും വിഭിന്നമായി, “എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു” എന്ന് അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞതായി നാം വായിക്കുന്നു (മത്തായി 26:38). അതുകൊണ്ടു മാത്രം അവൻ ചെയ്യാൻ പോകുന്ന പ്രവർത്തി ദൈവഹിതമല്ലെന്ന് കരുതുന്നത് തിരുവെഴുത്തിന് വിരുദ്ധമായിരിക്കും (യോഹന്നാൻ 6:38). അതുകൊണ്ട് നമുക്ക് എങ്ങനെ തോന്നുന്നു എന്നത് ദൈവഹിതത്തിന്‍റെ സൂചനയല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ദൈവഹിതം ഉറപ്പാക്കാൻ മുകളിൽ നിർദ്ദേശിച്ച എല്ലാ രീതികളേക്കാളും വിശ്വസനീയവും സ്ഥിരതയുള്ളതുമായ മറ്റൊരു മാർഗ്ഗം നമുക്കുണ്ട്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്” (2 പത്രൊസ് 1:19). ഈ പ്രവചന വാക്യമാണ് വിശുദ്ധ തിരുവെഴുത്ത്. മറ്റെവിടുത്തെക്കാളും വ്യക്തമായി ദൈവം തന്‍റെ ഹിതം ഈ പുസ്തകത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ വാക്യങ്ങൾ ലോട്ടറി രീതിയിൽ തിരഞ്ഞെടുക്കുന്നതിലൂടെ നമുക്ക് ആ ഇഷ്ടം തിരിച്ചറിയാൻ കഴിയില്ല, എന്നിരുന്നാലും നാം ക്രമമായും സമഗ്രമായും അതിലെ ഉപദേശങ്ങൾ മനസ്സിലാക്കുകയും ആ ഉപദേശങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രമാണങ്ങൾ നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും പ്രയോഗിക്കുകയും ചെയ്താൽ, അവയെ അടിസ്ഥാനമാക്കിയാണ് നാം ഓരോ തീരുമാനവും എടുക്കുന്നതെങ്കിൽ, ജീവിതത്തിലെ ഓരോ വഴിത്തിരിവിലും അവയെ നമ്മുടെ വഴികാട്ടികളായി സ്വീകരിക്കുകയാണെങ്കിൽ, തീർച്ചയായും നാം ദൈവഹിതപ്രകാരം നടക്കുന്നു എന്നു പറയുന്നതിൽ സംശയിക്കേണ്ട ആവശ്യമില്ല. തിരുവെഴുത്തുകൾ ദൈവഹിതത്തിന്‍റെ വെളിപ്പെടുത്തലായതിനാൽ, തിരുവെഴുത്തനുസരിച്ചുള്ള ജീവിതം ദൈവഹിതപ്രകാരമുള്ള ജീവിതമാണ്.
എല്ലാം നല്ലതാണ്, പക്ഷേ എന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് ബൈബിളിൽ ഒരു അധ്യായവുമില്ലല്ലോ! ഏത് കോളേജിൽ ചേരണം, ഏത് ജോലി ചെയ്യണം, ഏത് പെൺകുട്ടിയെ/ആൺകുട്ടിയെ വിവാഹം കഴിക്കണം തുടങ്ങിയ കാര്യങ്ങളിൽ ബൈബിളിനെ അടിസ്ഥാനമാക്കി എനിക്ക് എങ്ങനെ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും? ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. പക്ഷേ ഇതിനുള്ള ഉത്തരം കണ്ടെത്തുന്നതിനുമുമ്പ്, ഒരു കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പലരും കരുതുന്നതുപോലെ, ദൈവം തന്‍റെ ഇഷ്ടം എനിക്കായി മറച്ചുവെച്ചിരിക്കുന്നുവെന്നും ഞാൻ അത് അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും കരുതുന്നത് ശരിയല്ല. ഞാൻ എന്ത് ചെയ്യണമെന്നാണോ ദൈവം ആഗ്രഹിക്കുന്നത് അത് എന്നിൽ നിന്ന് മറച്ചുവെച്ചാൽ എനിക്ക് അത് എങ്ങനെ നിറവേറ്റാൻ കഴിയും? നമ്മെ അറിയിക്കാതെ ഒരു വിഷയം അവൻ നമ്മിൽ നിന്ന് മറച്ചുവെച്ചാൽ, അത് അന്വേഷിച്ച് കണ്ടെത്താൻ ആർക്കാണ് സാധിക്കുക? അതുകൊണ്ട് ഞാന്‍ അവന്‍റെ ഇഷ്ടം ചെയ്യുന്ന തരത്തിലുള്ള ഒരു മാർഗം അവൻ തീര്‍ച്ചയായും എനിക്കുവേണ്ടി രൂപപ്പെടുത്തിയിരിക്കണം. ആ മാർഗ്ഗം തിരുവെഴുത്തുകളിൽ നിന്ന് മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയൂ.
ദൈവഹിതത്തിന്‍റെ രണ്ട് ഭാഗങ്ങൾ:
“മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകല വചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു” (ആവർത്തനപുസ്തകം 29:28). മുകളിൽ പറഞ്ഞ വാക്യത്തെ അടിസ്ഥാനമാക്കി, ദൈവഹിതത്തെ രണ്ട് ഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത്, ദൈവത്തിന്‍റെ രഹസ്യമായ ഹിതം. അത് ദൈവത്തെ സംബന്ധിക്കുന്നതാണ്. അത് നിറവേറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ല. രണ്ടാമത്തേത്, വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ ഹിതം. അത് അവന്‍റെ വചനത്തിൽ വ്യക്തമായി വെളിപ്പെടുത്തി നമുക്ക് നൽകിയിരിക്കുന്നു. അത് നിറവേറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നാം സാധാരണയായി നമ്മെ സംബന്ധിക്കുന്ന ഈ രണ്ടാമത്തെ ഭാഗത്തെ ഉപേക്ഷിച്ച് ദൈവത്തെ സംബന്ധിക്കുന്ന ആദ്യഭാഗം കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ വെളിപ്പെടുത്തപ്പെട്ട അവന്‍റെ ഇഷ്ടം നിറവേറ്റുന്നതിൽ നാം ഉത്സാഹമുള്ളവരല്ലെങ്കിൽ, വെളിപ്പെടുത്തപ്പെടാത്ത അവന്‍റെ ഇഷ്ടം അറിയണമെന്ന് എങ്ങനെ ആഗ്രഹിക്കാൻ കഴിയും? അതുകൊണ്ട് ആദ്യം, നമുക്ക് ദൈവത്തിന്‍റെ വെളിപ്പെടുത്തപ്പെട്ട ഹിതം ക്രമാനുഗതമായി മനസ്സിലാക്കാൻ ശ്രമിക്കാം. അത്തരത്തിലുള്ള പഠനം ആത്യന്തികമായി നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ ദൈവഹിതം സ്ഥിരീകരിക്കാൻ കഴിയുന്നതിന്‍റെ രഹസ്യവും നമുക്ക് വെളിപ്പെടുത്തുന്നു. താഴെ ഞാൻ ചർച്ച ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലളിതമായി തോന്നിയാലും, അല്ലെങ്കിൽ നിങ്ങൾക്ക് പരിചിതമായ കാര്യങ്ങളാണെങ്കിലും, അവ ശ്രദ്ധാപൂർവ്വം വായിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കാരണം, അവയിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഫലം, നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ ദൈവഹിതം നിർണ്ണയിക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും എന്നതാണ്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ എല്ലാ വ്യക്തിപരമായ തീരുമാനങ്ങളിലും, തീർച്ചയായും ദൈവഹിതമനുസരിച്ച് തീരുമാനം എടുക്കുന്നതിനുള്ള ഒരു മാർഗം നാം ഇപ്പോൾ കണ്ടെത്താൻ പോകുന്നു. അതുകൊണ്ട് നിങ്ങൾ ഇവയെ ശ്രദ്ധയോടെയും ക്ഷമയോടെയും പ്രാർത്ഥനാപൂർവ്വവും വായിക്കണമെന്ന് അപേക്ഷിക്കുന്നു.
ദൈവഹിതം കണ്ടെത്തുന്നതിനുള്ള പ്രധാനപ്പെട്ട പ്രമാണങ്ങൾ
1. രക്ഷയെക്കുറിച്ചുള്ള ദൈവഹിതം
“ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ” (2 പത്രൊസ് 3:9). ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് പത്രോസ് തന്‍റെ ലേഖനങ്ങൾ എഴുതുമ്പോൾ (1 പത്രോസ് 1:1,2; 2 പത്രോസ് 3:12), നിങ്ങളിൽ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണമെന്നതാണ് ദൈവഹിതമെന്ന് വ്യക്തമാക്കുന്നു. രക്ഷയ്ക്കുവേണ്ടിയുള്ള ഈ ദൈവഹിതത്തിന് കീഴടങ്ങാത്ത ആർക്കും തങ്ങളുടെ ജീവിതത്തിൽ അവന്‍റെ ഇഷ്ടം കണ്ടെത്താൻ കഴിയുകയില്ല. ദൈവവുമായുള്ള നല്ല ബന്ധത്തിലാകാനുള്ള ആദ്യപടിയാണ് രക്ഷ. നിങ്ങള്‍ മാനസാന്തരപ്പെട്ട്, ദൈവപുത്രനിൽ വിശ്വസിച്ച്, നിങ്ങളുടെ ജീവിതം അവനു സമർപ്പിച്ചിട്ടില്ലെങ്കിൽ, ‘എന്നെക്കുറിച്ചുള്ള ദൈവഹിതം എന്താണ്?’ എന്ന് അന്വേഷിക്കുന്നത് വ്യർത്ഥമാണ്. “ഇതാണ് എന്‍റെ ഇഷ്ടം” എന്ന് അവൻ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന ഈ പ്രാഥമിക വിഷയത്തിൽ നിങ്ങൾ അനുസരണം കാണിക്കുന്നില്ലെങ്കിൽ, മറ്റ് കാര്യങ്ങളിൽ അവന്‍റെ ഇഷ്ടം എന്താണെന്ന് ചോദിക്കാനുള്ള ധാർമ്മിക അവകാശം നിങ്ങൾക്ക് ഒട്ടും തന്നെ ഇല്ല. അതുകൊണ്ട്, ഈ രക്ഷയുടെ അനുഭവവും അതിന്‍റെ സന്തോഷവും എങ്ങനെ പ്രാപിക്കാമെന്ന് ആദ്യം അന്വേഷിക്കുന്നത് ഉചിതമാണ്. എന്നാൽ, പ്രിയ വായനക്കാരാ, നിങ്ങൾ രക്ഷിക്കപ്പെട്ട ദൈവപൈതലാണെങ്കിൽ, ദൈവത്തിന് സ്ത്രോത്രം. നിങ്ങളുടെ ജീവിതം ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്.
2. ആത്മാവിനാൽ നിറയപ്പെടണമെന്നതിലുള്ള ദൈവഹിതം.
“ബുദ്ധിഹീനരാകാതെ കർത്താവിന്‍റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുര്‍ന്നടപ്പ് ഉണ്ടാകുമാല്ലോ.ആത്മാവ് നിറഞ്ഞവരായി....” (എഫെസ്യർ 5:17-18). ദൈവഹിതം മനസ്സിലാക്കാത്തവരെ ഇവിടെ “ബുദ്ധിഹീനർ” എന്നാണ് വിളിക്കുന്നത്. ഈ വാക്യഭാഗത്തിൽ ദൈവഹിതമായി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണ്? നാം ആത്മാവ് നിറഞ്ഞവരായിരിക്കണം എന്നതാണ് ഇവിടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ ഹിതം. ദൈവഹിതം എന്ന് ആദ്യം പറഞ്ഞ വിഷയത്തിന്, അതായത് രക്ഷയുടെ വിഷയത്തിലെ ദൈവഹിതത്തിന് കീഴടങ്ങുന്നവർക്ക് മാത്രമേ ഇത് സാധ്യമാകൂ. കാരണം രക്ഷിക്കപ്പെടുന്നവരിൽ മാത്രമേ പരിശുദ്ധാത്മാവായ ദൈവം വസിക്കുന്നുള്ളൂ. രക്ഷിക്കപ്പെട്ട വ്യക്തി ആത്മാവിനാൽ നിറഞ്ഞ ഒരു ജീവിതം നയിക്കണമെന്നത് ദൈവഹിതമാണ്. ഈ വാക്യത്തിൽ നിന്ന് തന്നെ ഇതിന്‍റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാം. വീഞ്ഞു കുടിച്ചു മത്തരാകാതെ ആത്മാവിനാല്‍ നിറയപ്പെടുക എന്ന മുന്നറിയിപ്പാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്. മദ്യപിക്കുന്ന ഒരാൾക്ക് തന്‍റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും അയാൾ കഴിച്ച മദ്യത്താൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ ഇത് ശരിയല്ല. എഫെസൊസിലെ ആളുകൾ വിജാതീയരായിരുന്നപ്പോൾ, അവരുടെ ജാതീയ മതപരമായ ആചാരങ്ങളിൽ, മദ്യപിച്ച് തങ്ങളെത്തന്നെ മറന്ന് തങ്ങളുടെ ദൈവങ്ങളുമായി ബന്ധപ്പെടാൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നുവെന്ന് ചരിത്രം നമ്മോട് പറയുന്നു. എന്നാൽ ഇപ്പോൾ രക്ഷിക്കപ്പെട്ട എഫെസ്യർ മുമ്പത്തെപ്പോലെ മദ്യത്തിന്‍റെ നിയന്ത്രണത്തിന് തങ്ങളെ തന്നെ ഏല്പിച്ചു കൊടുക്കാതെ, ആത്മാവിനാൽ നിറഞ്ഞവരായിരിക്കുക, അതായത്, തങ്ങളെ പൂർണ്ണമായും നിയന്ത്രിക്കത്തക്കവണ്ണം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിന് സ്വയം സമർപ്പിക്കുക എന്നതാണ് ദൈവത്തിന്‍റെ ഇഷ്ടമെന്നാണ് ഈ വാക്യഭാഗം പറയുന്നത്. പാപത്താൽ ആത്മാവിനെ “ദുഃഖിപ്പിക്കാൻ” സാധ്യതയുണ്ട് (എഫെസ്യർ 4:30). അനുസരണക്കേടിനാൽ “ആത്മാവിനെ കെടുത്താൻ” സാധ്യതയുണ്ട് (1 തെസ്സലൊനീക്യർ 5:19). ആത്മാവിനെ ദുഃഖിപ്പിക്കുകയോ കെടുത്തുകയോ ചെയ്യാതെ, പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിൽ എല്ലായ്പ്പോഴും നാം ജീവിക്കണം എന്നതാണ് ദൈവത്തിന്‍റെ ഇഷ്ടം.
അപ്പോൾ പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അവൻ നമ്മെ എങ്ങനെയാണ് നിയന്ത്രിക്കുക? ഇതിന് ഉത്തരം കണ്ടെത്തുക വളരെ എളുപ്പമാണ്. തിരുവെഴുത്തുകളുടെ രചയിതാവ് പരിശുദ്ധാത്മാവായ ദൈവമാണ്. തിരുവെഴുത്തുകൾ അവന്‍റെ മനസ്സിന്‍റെ പ്രതിഫലനമാണ്. അതുകൊണ്ട് തിരുവെഴുത്തുകളാൽ നിയന്ത്രിക്കപ്പെടുന്നത് ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നതിന് തുല്യമാണ്. ഇത് എന്‍റെ സ്വന്തം അഭിപ്രായമല്ല. തിരുവെഴുത്തുകൾ തന്നെ ഈ സത്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അല്‍പം വിശദീകരണം ആവശ്യമുണ്ട്. എഫെസ്യർ 5:18-ൽ പറഞ്ഞിരിക്കുന്നതുപോലെ, ആത്മാവിനാൽ നിറയപ്പെടുന്നതിന്‍റെ ഫലങ്ങൾ തുടർന്നുള്ള വാക്യങ്ങളിൽ നമുക്ക് കാണാം. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും ഹൃദയങ്ങളിൽ ദൈവത്തിന്നു പാടുന്നത്, എല്ലാത്തിനും വേണ്ടി ദൈവത്തിന് നന്ദി പറയുന്നത്, പരസ്പരം കീഴടങ്ങുന്നത്, സഭയിൽ സ്നേഹപൂർവ്വമായ പെരുമാറ്റം ഉണ്ടാകുന്നത്, ഭാര്യാഭർത്താക്കന്മാർ തമ്മിലും, മാതാപിതാക്കളും മക്കളും തമ്മിലും, യജമാനന്മാരും ദാസന്മാരും തമ്മിലും നല്ല ബന്ധം സ്ഥാപിക്കുന്നത് – ഇതൊക്കെയും ഈ പട്ടികയില്‍ പരാമർശിച്ചിരിക്കുന്ന ചില പ്രധാനപ്പെട്ട വിഷയങ്ങളാണ്.
ഇതേ ഫലങ്ങളുടെ ഒരു പട്ടിക കൊലൊസ്സ്യർ 3:16 ലും തുടർന്നുള്ള ചില വാക്യങ്ങളിലും നമുക്ക് കാണാൻ കഴിയും. എന്നാൽ ഒരു ചെറിയ വ്യത്യാസം, എഫെസ്യർ 5-ൽ ആത്മാവിനാൽ നിറയപ്പെടുന്നതിന്‍റെ ഫലങ്ങളായി ഇവ പറഞ്ഞിരിക്കുമ്പോൾ, കൊലോസ്യർ 3-ൽ അവ ക്രിസ്തുവിന്‍റെ വചനം നമ്മിൽ സമൃദ്ധമായി വസിക്കുന്നതിന്‍റെ ഫലങ്ങളായി പറയപ്പെട്ടിരിക്കുന്നു എന്നതാണ്. ഫലങ്ങൾ ഒന്നുതന്നെയാകുമ്പോൾ, അവയുടെ കാരണവും ഒന്നുതന്നെയായിരിക്കണമല്ലോ. അതുകൊണ്ട് നാം തിരുവെഴുത്തുകൾ ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ, ആത്മാവിനാൽ നിറയുക, അതായത്, പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുകയും ക്രിസ്തുവിന്‍റെ വചനം നമ്മിൽ സമൃദ്ധമായി വസിക്കുകയും ചെയ്യുക എന്നത്, അതായത് വചനത്താൽ നാം നിയന്ത്രിക്കപ്പെടുക എന്നത്, ഇവ രണ്ടും ഒന്നുതന്നെയാണെന്ന് നമുക്ക് കാണാൻ സാധിക്കും.
ഈ വിധത്തിൽ ആത്മാവിനാൽ നിറഞ്ഞ് ജീവിക്കുക, വചനമനുസരിച്ച് ജീവിക്കുക എന്നിവ ദൈവഹിതമാണ്. ഈ രീതിയിൽ ജീവിക്കാത്തവർ ദൈവത്തിന്‍റെ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ഹിതത്തിന്‍റെ ഒരു പ്രധാന ഭാഗത്തോട് അനുസരണക്കേട് കാണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രിയ വായനക്കാരാ, നിങ്ങൾ രക്ഷിക്കപ്പെട്ടുവെന്നും ആത്മാവിനാൽ നിറഞ്ഞ ജീവിതം നയിക്കുന്നുവെന്നും സത്യസന്ധമായി പറയാൻ കഴിയുമെങ്കിൽ, ദൈവത്തിന് സ്തോത്രം. നിങ്ങളുടെ ജീവിതം ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്.
3. വിശുദ്ധിയെക്കുറിച്ചുള്ള ദൈവഹിതം
“ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ” (1തെസ്സലൊനീക്യർ 4:3-5 ). രക്ഷിക്കപ്പെടുകയും പരിശുദ്ധാത്മാവിന്‍റെ നിവാസമാക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ഹൃദയത്തില്‍ വിശുദ്ധിയുടെ നിയമം നട്ടുപിടിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്, ദൈവഹിതപ്രകാരം വിശുദ്ധിയില്‍ വളരാന്‍ അവന്‍ ആഗ്രഹിക്കുന്നു. അശുദ്ധിയെ വെറുക്കാത്ത ഒരാൾ ഇതുവരെ രക്ഷിക്കപ്പെട്ടിട്ടില്ലെന്നും പഴയ അവസ്ഥയിൽ തന്നെയാണെന്നും സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. കാരണം രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടുന്ന ഒരു പ്രക്രിയ തന്നിൽ അനുഭവിക്കുന്നു. അവൻ രക്ഷിക്കപ്പെട്ടപ്പോൾ അവനു നൽകപ്പെടുന്ന പുതിയ ഹൃദയം നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്ന ഹൃദയമാണ്. അത്തരമൊരു ഹൃദയമില്ലാത്തവൻ വിശുദ്ധിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഈ ഹിതം അനുസരിക്കില്ല, അനുസരിക്കാൻ കഴിയുകയുമില്ല. എന്നാല്‍ പ്രിയ വായനക്കാരാ, നിങ്ങൾ ജഡത്തിന്‍റെ ആഗ്രഹങ്ങൾക്കെതിരെ പോരാടുകയും ദൈവത്തിന്‍റെ വിശുദ്ധിക്കായി വാഞ്ഛിക്കുകയും ചെയ്യുന്നുവെന്ന് സത്യസന്ധമായി പറയാൻ കഴിയുമെങ്കിൽ, ദൈവത്തിന് സ്തോത്രം! നിങ്ങളുടെ ജീവിതം ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്
.
4. നമ്മുടെ ജീവിത സാക്ഷ്യം സംബന്ധിച്ചുള്ള ദൈവഹിതം
“നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു” (1 പത്രൊസ് 2:15). ഈ വാക്യത്തിൽ “നന്മ ചെയ്തു കൊണ്ട്” എന്ന് പരാമർശിച്ചിരിക്കുന്ന “ദൈവഹിതം”, മറ്റുള്ളവരുടെ മുമ്പാകെ നമുക്ക് ഉണ്ടായിരിക്കേണ്ട നല്ല സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സന്ദർഭത്തിൽ നിന്ന് വ്യക്തമാണ്. 1 പത്രോസ് 2:12 തുടങ്ങി ആ അധ്യായത്തിന്‍റെ അവസാനം വരെ വായിക്കുമ്പോൾ, നമ്മെ ദുഷിക്കുന്നവരുടെ മുമ്പിൽ നമുക്ക് നല്ല പെരുമാറ്റം ഉണ്ടായിക്കുക, സർക്കാരിനോടും നമ്മുടെ മേലുദ്യോഗസ്ഥരോടും ഉള്ള അനുസരണം, എല്ലാവരെയും ബഹുമാനിക്കുന്നത്, സഹോദരങ്ങളെ സ്നേഹിക്കുന്നത്, ദൈവത്തെ ഭയപ്പെടുന്നത്, ക്രിസ്തു കാണിച്ച ദീർഘക്ഷമയും, ക്ഷമാഗുണവും കാണിച്ചുകൊടുക്കൽ, തുടങ്ങിയ പല വിഷയങ്ങളുടെയും ഒരു പട്ടിക നാം കാണുന്നു. ഇവയെല്ലാം "നന്മ ചെയ്തുകൊണ്ട്" എന്ന് പ്രയോഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത്തരം 'നല്ല പെരുമാറ്റം' ഉള്ളവരായി, ബുദ്ധിയില്ലാത്തവരുടെ വായ അടപ്പിക്കുക എന്നതും, ദൈവത്തെയും അവന്‍റെ മക്കളെയും ക്രിസ്തുവിനെയും അവന്‍റെ സുവിശേഷത്തെയും ദുഷിക്കുന്നവരെ, നല്ല സാക്ഷ്യമുള്ള ജീവിതത്താൽ ജയിക്കുകയോ നിശബ്ദമാക്കുകയോ ചെയ്യുക എന്നതും ദൈവഹിതമാണ്. ജാതികൾ ദൈവനാമത്തെ ദുഷിക്കാൻ നമ്മുടെ ജീവിതം കാരണമാകുന്നുവെങ്കിൽ, നാം ദൈവഹിതത്തിന് കീഴടങ്ങുന്നവരല്ല. “ആരെന്ത് വിചാരിച്ചാലും, എനിക്ക് എന്താണ്? എന്‍റെ ജീവിതം എന്‍റെ ഇഷ്ടം” എന്ന് പറയുന്നവർ ഇപ്പോഴും തങ്ങൾക്കുവേണ്ടിയാണ് ജീവിക്കുന്നത്, ക്രിസ്തുവിന്‍റെ നാമ മഹത്വത്തിനായിട്ടല്ല. അതുകൊണ്ട് പ്രിയ വായനക്കാരാ, നിങ്ങളുടെ നല്ല പെരുമാറ്റം കണ്ട് മറ്റുള്ളവർ നിങ്ങളുടെ ദൈവത്തെ ബഹുമാനിക്കാനും ആദരിക്കാനും പ്രേരിപ്പിക്കപ്പെടുന്നെങ്കിൽ, ദൈവത്തിന് സ്തോത്രം! നിങ്ങളുടെ ജീവിതം ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്.
5. നമ്മുടെ ഹൃദയത്തിന്‍റെ വീക്ഷണത്തെക്കുറിച്ചുള്ള ദൈവഹിതം
“… എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. (തെസ്സലൊനീക്യർ 5:15-18). സാഹചര്യങ്ങൾ എന്തുതന്നെയായാലും, എപ്പോഴും കർത്താവിൽ സന്തോഷിക്കുന്നത്, അവനിൽ മാത്രം സംതൃപ്തി കണ്ടെത്തുന്നത്, അവൻ ഉണ്ടെങ്കിൽ നമുക്ക് മറ്റാരും, മറ്റൊന്നും ആവശ്യമില്ലെന്നത് ഹൃദയത്തിന്‍റെ വീക്ഷണത്തെ കാണിക്കുന്നു. നാം ഇടവിടാതെ പ്രാർത്ഥിക്കുകയും, നമ്മുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കാതെ, പൂർണ്ണഹൃദയത്തോടെ അവനിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ എല്ലാ പെരുമാറ്റത്തിലും നാം അവന്‍റെ അധികാരത്തെ അംഗീകരിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു (സദൃശവാക്യങ്ങൾ 3:5,6). എല്ലാ വിഷയങ്ങളിലും നന്ദി അർപ്പിക്കുന്നത്, അവന്‍റെ കൈയിൽ നിന്ന് വരുന്നതെല്ലാം നമ്മുടെ നന്മയ്ക്കായി അയയ്ക്കപ്പെട്ടതാണെന്ന വിശ്വാസത്തെ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഹൃദയവീക്ഷണം നമുക്ക് ഉണ്ടായിരിക്കണമെന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം. ഈ വിഷയത്തിൽ ദൈവത്തെ പൂർണ്ണഹൃദയത്തോടെ അനുസരിക്കാത്തവർ ദൈവഹിതത്തോട് അനുസരണക്കേട് കാണിക്കുന്നവരാണ്.
അതുകൊണ്ട് പ്രിയ വായനക്കാരാ, നിങ്ങളുടെ ജീവിതത്തിൽ ഇവ യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിഞ്ഞാൽ, ദൈവത്തിന് സ്തോത്രം! നിങ്ങളുടെ ജീവിതം ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്.
എന്‍റെ കാര്യത്തിലേയ്ക്ക് വന്നാല്‍?
ഒക്കെ നല്ല കാര്യങ്ങളാണ്, പക്ഷേ എന്‍റെ വ്യക്തിപരമായ തീരുമാനങ്ങളിൽ - എന്‍റെ വിദ്യാഭ്യാസം, ജോലി, വിവാഹം മുതലായ വിഷയങ്ങളിൽ - ദൈവഹിതം എങ്ങനെ നിർണ്ണയിക്കാം എന്നതിനെക്കുറിച്ച് ഒന്നും പറയാത്തത് എന്താണ്?” "ഇതെല്ലാം പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ?" എന്ന് നിങ്ങൾ ചോദിച്ചേക്കാം. ആ വിഷയത്തിലേയ്ക്കാണ് ഞാൻ വരുന്നത്. ദൈവം തന്‍റെ വചനത്തിൽ തന്‍റെ ഹിതം എന്ന് പറഞ്ഞു കൊണ്ട് വെളിപ്പെടുത്തിയിരിക്കുന്ന അഞ്ച് പ്രധാന വിഷയങ്ങൾ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രിയ വായനക്കാരാ, മറ്റ് കാര്യങ്ങളിലുള്ള ദൈവഹിതം അറിയാൻ, ആദ്യം ഈ അഞ്ച് പ്രമാണങ്ങൾക്കനുസരിച്ച് നിങ്ങളെത്തന്നെ വിലയിരുത്തുക.
1) നിങ്ങൾ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ട ആളാണോ?
2) ആത്മനിറവിലാണോ നിങ്ങള്‍ ജീവിക്കുന്നത്? വചനപ്രകാരമുള്ളതിനെ അംഗീകരിക്കുകയും, സ്വീകരിക്കുകയും, അവയാൽ നിയന്ത്രിക്കപ്പെടുകയും, തിരുവെഴുത്തുകൾക്ക് വിരുദ്ധമായ എല്ലാം വിട്ടുവീഴ്ചയില്ലാതെ നിരസിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നിങ്ങൾക്കുണ്ടോ?
3) വിശുദ്ധ ജീവിതം ഉള്ളവരായി പരസംഗം, കാമവാഞ്ച, എല്ലാത്തരത്തിലുമുള്ള അശുദ്ധി, എന്നിവയെ നിങ്ങള്‍ വെറുക്കുന്നുണ്ടോ?
4) മറ്റുള്ളവരുടെ മുമ്പാകെ ദൈവത്തിനു മഹത്വം ഉളവാക്കുന്ന ഒരു നല്ല സാക്ഷ്യ ജീവിതം നിങ്ങൾക്കുണ്ടോ?
5) എല്ലാ സാഹചര്യങ്ങളിലും കർത്താവിൽ സന്തോഷിക്കുകയും, ഇടവിടാതെ പ്രാർത്ഥിക്കുകയും, എല്ലാത്തിലും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്ന മനോഭാവം നിങ്ങൾക്കുണ്ടോ?
ഇവയെല്ലാം യഥാർത്ഥത്തിൽ നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ജഡിക മനസ്സല്ല, മറിച്ച് ദൈവത്തിന്‍റെ ആത്മാവാണെന്ന് നിസ്സംശയം പറയാൻ കഴിയും. അതുകൊണ്ട്, ഈ അഞ്ച് കാര്യങ്ങൾ യഥാർത്ഥത്തിൽ നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങൾ വ്യക്തിപരമായി തീരുമാനം എടുക്കുന്ന വിഷയത്തിൽ` എന്താണോ ആഗ്രഹിക്കുന്നത് അതാണ് നിങ്ങളുടെ കാര്യത്തിൽ ദൈവഹിതം. ഇത് ഞങ്ങളുടെ സ്വന്തം ആശയമല്ല. ദൈവവചനം ഇത് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്.“യഹോവയിൽ തന്നെ രസിച്ചുകൊൾക; അവൻ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” (സങ്കീർത്തനങ്ങൾ 37:4). "യഹോവയിൽ തന്നെ രസിക്കുക" എന്ന പ്രയോഗത്തിന് മുകളിൽ വിവരിച്ച അഞ്ച് പ്രമാണങ്ങൾ പൂർണ്ണവും സമഗ്രവുമായ ഒരു നിർവചനം നൽകുന്നു. ഇവയുള്ളവർക്കു മാത്രമേ യഹോവയിൽ വാസ്തവമായി ആനന്ദിക്കുവാൻ കഴിയൂ. എന്നാൽ ഇങ്ങനെ ചെയ്യുന്നവർക്ക് ദൈവവചനം വാഗ്ദാനം ചെയ്യുന്ന അനുഗ്രഹം എന്താണ്? അവന്‍റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ നിറവേറും. അതായത് ഈ രീതിയിൽ ജീവിക്കുന്ന ഒരാളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും ദൈവഹിതത്തിന് അനുസൃതമാണെന്നാണ്. അങ്ങനെയല്ലെങ്കില്‍ ദൈവം എന്തിനാണ് അവയെ നിറവേറ്റുന്നത്?
ശ്രദ്ധിക്കുക, ആര് എന്ത് ആഗ്രഹിച്ചാലും അതെല്ലാം ദൈവഹിതമാണെന്ന് ഞാൻ പറയുന്നില്ല. വ്യവസ്ഥകൾ ബാധകമാണ്. തിരുവെഴുത്തുകൾ പ്രകാരം ഞാൻ കാണിച്ചുതന്ന അഞ്ച് പ്രമാണങ്ങൾ ആരുടെ ജീവിതത്തിലാണോ അനുഭവപരമായി വാസ്തവമായിരിക്കുന്നത് അവരുടെ ആഗ്രഹങ്ങൾ ദൈവഹിതത്തിന് അനുസൃതമാണെന്നാണ് ഞാൻ പറയുന്നത്.
പ്രിയ വായനക്കാരാ, ‘ദൈവഹിതം എനിക്ക് എങ്ങനെ കണ്ടെത്താനാകും?’ എന്ന ചോദ്യത്തിന് ഇതിലും നല്ല ഉത്തരം എനിക്ക് എവിടെയും ലഭിച്ചിട്ടില്ല. ദൈവഹിതമായി തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ഈ പ്രമാണങ്ങൾക്ക് ഞാൻ കീഴടങ്ങുന്നതിനാൽ, യഹോവയിൽ ആനന്ദിക്കുന്ന വ്യക്തിയാണെങ്കിൽ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ, അതായത് എന്ത് പഠിക്കണം, ഏത് ജോലി ചെയ്യണം, ആരെ വിവാഹം കഴിക്കണം, എന്നിങ്ങനെയുള്ള എല്ലാ വിഷയങ്ങളിലും, എന്‍റെ ഹൃദയം ഏതാണോ ആഗ്രഹിക്കുന്നത് അത് ദൈവഹിതമാണ്. അതുകൊണ്ട് അവൻ അവയെ നിറവേറ്റും. ഇനിയും, ദൈവഹിതം അറിയാൻ, ആരെങ്കിലുമായി ബന്ധപ്പടുന്നത്, എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നിർത്തി, ദൈവമുമ്പാകെ മുട്ടുകുത്തി, ഈ അഞ്ച് പ്രമാണങ്ങളുടെ കാര്യത്തിൽ നമ്മെത്തന്നെ സ്വയം പരിശോധിക്കുന്നതാണ് ഉചിതം.
അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു പ്രധാന മുന്നറിയിപ്പ്!
മുകളിൽ പറഞ്ഞവയോട് ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ് കൂട്ടി ചേർക്കേണ്ട ആവശ്യമുണ്ട്. ‘ഞാൻ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവനാണ്, മുകളിൽ സൂചിപ്പിച്ച എല്ലാ പ്രമാണങ്ങളും എന്‍റെ ജീവിതത്തിൽ എനിക്ക് കാണാൻ കഴിയും. ഞാൻ യഹോവയിൽ ആനന്ദിക്കുന്ന വ്യക്തിയാണ്’ എന്നൊക്കെ ചിന്തിച്ചു കൊണ്ട് വഞ്ചിക്കപ്പെടുന്ന നിരവധി ക്രിസ്ത്യാനികളുണ്ട്. ദൈവഹിതം കണ്ടെത്തുന്നതിനുള്ള ഈ രീതി, അത്തരം ആളുകൾക്ക് സ്വന്തം ആഗ്രഹങ്ങളെ ന്യായീകരിക്കാനുള്ള ഒരു എളുപ്പ മാർഗമായി മാറാനുള്ള അപകടമുണ്ട്. ദൈവമക്കളുടെ ആശ്വാസത്തിനും ഉറപ്പിനും വേണ്ടി മുകളിൽ പറഞ്ഞ വാക്കുകൾ, വീണ്ടും ജനിച്ചവരാണെന്ന് കരുതി വഞ്ചിക്കപ്പെടുന്നവരുടെ ഇഷ്ടം പോലെയുള്ള ജീവിതത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാർഗമായി ഒരിക്കലും മാറരുത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് വളരെ അത്യാവശ്യമാണ്.
മുകളിൽ പറഞ്ഞ പ്രമാണങ്ങൾ അനുഭവപരമായി അറിയുന്ന ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾ എപ്പോഴും ദൈവവചനത്തിന് അനുസൃതമായിരിക്കും. അതുകൊണ്ട് യഹോവയിൽ സന്തോഷിക്കുന്ന ഒരുവന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ ദൈവഹിതത്തിനു അനുസൃതമായ ആഗ്രഹങ്ങളാണെന്നത് എത്രത്തോളം സത്യമായിരിക്കുന്നോ, അയാളുടെ ആഗ്രഹങ്ങളുടെ സവിശേഷതകൾ, അയാൾ യഥാർത്ഥത്തിൽ യഹോവയില്‍ സന്തോഷിക്കുന്നുണ്ടോ എന്നതിന്‍റെ സൂചനകളാണെന്നതും അത്രത്തോളം സത്യമാണ്.
1) യഹോവയിൽ പ്രസാദിക്കുന്ന ഒരു വ്യക്തി ആദ്യം അവന്‍റെ രാജ്യവും നീതിയും അന്വേഷിക്കുന്നു (മത്തായി 6:33).
യഹോവ തന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുമെന്ന വസ്തുത യഹോവയിൽ സന്തോഷിക്കുന്നതിനുള്ള കാരണമല്ല. അത് അതിന്‍റെ ഫലം മാത്രമാണ്. സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം യഹോവയിൽ ആനന്ദിക്കുന്നവൻ സ്വാർത്ഥനാണ്. ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടവൻ ഉയരത്തിലുള്ളത് അന്വേഷിക്കുന്നു. ഹൃദയത്തിലെ ആഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് അവ ലഭിക്കുമെന്ന് പോൾ യോങ്കിച്ചോ പോലെയുള്ളവർ പഠിപ്പിക്കുന്നുണ്ടാകാം. എന്നാൽ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കാനാണ്, അപ്പോള്‍ അവയെല്ലാം, അതായത് നമുക്ക് ആവശ്യമുള്ളതെല്ലാം ദൈവം നമുക്ക് നൽകും. ദൈവത്തേക്കാൾ സ്വന്തം ആഗ്രഹങ്ങളെ സ്നേഹിക്കുന്നവന് ദൈവഹിതത്തിൽ ഒട്ടുംതന്നെ താൽപ്പര്യമില്ല. ക്രിസ്തുവിനെക്കാൾ തങ്ങളെ തന്നെ അധികമായി സ്നേഹിക്കുന്നവർ അവനു യോഗ്യരല്ലെന്ന് നാം മറക്കരുത്.
2) കർത്താവിൽ ആനന്ദിക്കുന്നവൻ ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കുന്നില്ല (സങ്കീർത്തനം 1:1).
ഉദാഹരണത്തിന്, തന്‍റെ വിവാഹ വിഷയത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ, രക്ഷിക്കപ്പെടാത്ത തന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ കൂടെ കണക്കിലെടുക്കണമെന്ന് അവന്‍റെ പ്രാകൃത സ്വഭാവം എത്രമാത്രം നിർബന്ധം പിടിച്ചാലും, “ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്‍റെ ദാസനായിരിക്കില്ല” (ഗലാത്യർ 1:10), എന്ന വാക്യം അവനെ ശാസിക്കുകയും ദൈവത്തിന് പ്രസാദകരമായ നിലയിൽ തീരുമാനം എടുക്കത്തക്കവണ്ണം പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജാതി, സ്ത്രീധനം എന്നൊക്കെ പറഞ്ഞു കൊണ്ട് അവന്‍ ലോകത്തിലുള്ളവരെപ്പോലെ പെരുമാറുന്നില്ല. തന്‍റെ ജീവിതപങ്കാളി ഒരു വിശ്വാസി തന്നെ ആയിരിക്കണമെന്നുള്ള അവന്‍റെ ഹൃദയത്തിലെ ആഗ്രഹം, ജഡിക മനസ്സിന്‍റെ മറ്റെല്ലാ ആഗ്രഹങ്ങളെയും മറികടക്കത്തക്കവണ്ണം ശക്തമാണ്. വിവാഹത്തെ ഒരു ഉദാഹരണമായി ഞാൻ ചൂണ്ടിക്കാണിച്ചെങ്കിലും, എല്ലാ കാര്യങ്ങളിലും ഒരു ദൈവപൈതൽ അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുകയും, അവൻ വെറുക്കുന്നതിനെ നിരസിക്കുകയും വചനത്താൽ ഉപദേശിക്കപ്പടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഹൃദയമില്ലാത്തവർ യഹോവയിൽ സന്തോഷിക്കുന്നുവെന്ന് പറയുന്നത്, തങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അവന്‍റെ ഹിതത്തിന്‍റെ നിയമത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് കരുതുന്നത് തന്നെത്തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്.
3.യഹോവയിൽ ആനന്ദിക്കുന്ന ഒരു വ്യക്തി ഈ ലോകത്തിന് അനുരുപമായി ജീവിക്കുന്നില്ല (റോമർ 12:2).
ഉദാഹരണത്തിന്, തന്‍റെ സഹക്രിസ്ത്യാനികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൊഴിലവസരങ്ങൾ നേടുന്നത് കാണുമ്പോൾ, തെറ്റായ വരുമാനം ദൈവത്തിൽ നിന്ന് വരുന്നത് അല്ലാത്തതു കൊണ്ട്, അത്തരം പാപത്തിന് വഴങ്ങുന്നതിനുപകരം ന്യായമായ അവസരത്തിനായി അവൻ ദൈവത്തിങ്കലേയ്ക്ക് നോക്കുന്നു. ദൈവത്തിന്‍റെ മക്കളാണെന്ന് എല്ലായിടത്തും സാക്ഷ്യപ്പെടുത്തുമ്പോഴും, എസ്സി സർട്ടിഫിക്കറ്റു വഴി വരുന്ന ആനുകൂല്യങ്ങൾക്കായി, മണ്ഡൽ ഓഫീസിൽ മാത്രം കർത്താവിനെ തള്ളിപ്പറയുകയും, സ്വയം ഹിന്ദുക്കളെന്ന് പറയുകയും ചെയ്യുന്ന തന്‍റെ സഹ ക്രിസ്ത്യാനികളുമായി അവന്‍ ഒരിക്കലും കൈകോർക്കുന്നില്ല. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന്”, അവനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവന്‍റെ ഹൃദയത്തിന്‍റെ വീക്ഷണം തന്നെ ആ രീതിയിൽ മാറുന്നു. അത്തരമൊരു മനോഭാവമില്ലാത്ത ഹൃദയം ഇപ്പോഴും കടുത്ത ദുഷ്ടതയുടെയും അധാർമികതയുടെയും പിടിയിലാണ് എന്നതിൽ സംശയമില്ല.
പ്രിയ വായനക്കാരാ, വാക്യത്തിന്‍റെ പരിധിക്കുള്ളിൽ മാത്രം തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവർ മാത്രമേ യഹോവയിൽ ആനന്ദിക്കുന്നുള്ളൂ എന്ന കാര്യം മറക്കരുത്. ഈ പ്രമാണം നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങൾക്കും ബാധകമാണ്. ഒരു യഥാർത്ഥ ദൈവപൈതൽ ദൈവഹിതം കണ്ടെത്തുന്നു എന്ന് പറയുന്നതിനുപകരം, അവന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ ദൈവഹിതത്തിന് അനുസൃതമാണെന്ന് പറയുന്നതാണ് കൂടുതൽ ശരി. അതുകൊണ്ടാണ് ദൈവം അവയെ നിറവേറ്റുന്നത്. ദൈവം തന്‍റെ ഇഷ്ടപ്രകാരമുള്ള ആഗ്രഹങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ ഉളവാക്കത്തക്കവണ്ണമുള്ള ഒരു ജീവിതം നയിക്കുന്നവരാകട്ടെ നാമും!
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.