(1920 കളിൽ ആർതർ ഡബ്ല്യു. പിങ്ക് ഓസ്ട്രേലിയയിലെ തന്‍റെ ശുശ്രൂഷയുടെ ഭാഗമായി സിഡ്നി നഗരത്തിൽ നടത്തിയ ഒരു പ്രസംഗം.)
ഇന്ന് രാത്രിയില്‍ ഇവിടെ ഞാൻ എന്‍റെ കുടുംബത്തോടൊപ്പം മേശയ്ക്കരികിൽ ചായ കുടിക്കാൻ ഇരിക്കുകയാണ്. ഇത് ഒരു തണുപ്പുള്ള ശൈത്യകാല രാത്രിയാണ്, പുറത്ത് തെരുവിൽ വിശപ്പുകൊണ്ട് പ്രയാസപ്പെടുന്ന നിരാശ്രയരായ ചില ആളുകളും കുട്ടികളും ഉണ്ട് അവർ വന്ന് എന്‍റെ വാതിലിൽ മുട്ടിക്കൊണ്ട് "ഞങ്ങൾക്ക് നന്നായി വിശക്കുന്നു സർ, ഞങ്ങൾക്ക് നന്നായി വിശക്കുന്നു, ഞങ്ങൾക്ക് തണുക്കുന്നു, ഞങ്ങൾ പട്ടിണിയിലാണ്, ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?" എന്ന് ചോദിച്ചു. " നിങ്ങള്‍ക്ക് കഴിക്കാൻ എന്തെങ്കിലും തരണോ? ഇല്ല, നിങ്ങള്‍ ഇവിടെയല്ല വരേണ്ടത്, പൊയ്ക്കോളൂ..." ദൈവം സുവിശേഷം എന്ന വിരുന്ന് ഒരുക്കിയിരിക്കുകയാണെന്നും പാപികളായ ചില ആളുകള്‍ തങ്ങളുടെ അഗാധമായ ആവശ്യം മനസ്സിലാക്കി കര്‍ത്താവിന്‍റെ അടുക്കല്‍ വന്ന് “എന്നോട് കരുണ കാണിക്കേണമേ എന്ന് അപേക്ഷിക്കുമ്പോള്‍, അവന്‍ ഇല്ല, ഇല്ല ഞാന്‍ തിരഞ്ഞെടുത്തവരില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നില്ല” എന്ന് പറയുകയാണെന്നുമാണ് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഉപദേശത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവർ വിമര്‍ശിക്കുന്നത്.
എന്നാല്‍ എന്‍റെ സുഹൃത്തുക്കളേ, ബൈബിൾ പഠിപ്പിക്കുന്നത് അതല്ല, തീര്‍ച്ചയായും അങ്ങനെയല്ല. അത് ദൈവത്തിന്‍റെ സത്യത്തെ തികച്ചും തെറ്റായി ചിത്രീകരിക്കുന്നതാണ്. എന്‍റെ സുഹൃത്തുക്കളേ, അങ്ങനെയുള്ള യാതൊന്നിലും ഞാൻ വിശ്വസിക്കുന്നില്ല, എല്ലാ രാത്രിയിലും ഇവിടെ വന്ന് അത്തരമൊരു കാര്യം കേൾക്കാൻ ആവശ്യപ്പെട്ട് ഞാൻ നിങ്ങളെ അപമാനിക്കുന്നില്ല.
1. " അകത്തേക്ക് വരുവാന്‍ നിർബന്ധിക്കുക"
ഇതാണ് കാര്യം. ദൈവം ഒരു വിരുന്ന് ഒരുക്കിയിരിക്കുന്നു, പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ, ആർക്കും വിശപ്പില്ല, ആരും വിരുന്നിന് വരാൻ ആഗ്രഹിക്കുന്നില്ല. ഈ വിരുന്ന് ഒഴിവാക്കാൻ എല്ലാവരും ഓരോ ഒഴികഴിവുകൾ പറയുന്നു, തങ്ങളെ വിരുന്നിന് ക്ഷണിക്കുമ്പോള്‍, "ഇല്ല, ഞങ്ങൾ വരാൻ ആഗ്രഹിക്കുന്നില്ല" അല്ലെങ്കിൽ "ഞങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല" എന്നാണ് അവര്‍ പറയുന്നത്. എന്നാൽ ദൈവത്തിന് ഇതൊക്കെയും ആരംഭം മുതൽ തന്നെ അറിയാമായിരുന്നു, അതുകൊണ്ട് ദൈവം വിരുന്ന് ഒരുക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ലായിരുന്നുവെങ്കിൽ, തന്‍റെ മേശയിലെ എല്ലാ കസേരകളും എന്നെന്നേക്കുമായി ശൂന്യമായി കിടക്കുമായിരുന്നു! ഇന്ന് രാത്രി ഈ സഭയിലുള്ള ഓരോ പുരുഷനും ഓരോ സ്ത്രീയും ക്രിസ്തുവിന്‍റെ അടുക്കൽ വരുന്നതിനുമുമ്പ് പല തവണ സാഹചര്യങ്ങള്‍ക്കനുസരിച്ച് പല ഒഴികഴിവുകളും പറഞ്ഞിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. നിങ്ങളും മറ്റെല്ലാവരെയും പോലെ തന്നെയാണ്. നിങ്ങൾ ഒഴികഴിവുകൾ പറഞ്ഞു, ഞാനും പറഞ്ഞു. എന്നാല്‍ ദൈവം ഒരു വിരുന്ന് ഒരുക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ലായിരുന്നുവെങ്കില്‍ എല്ലാ കസേരകളും ശൂന്യമായി തന്നെ കിടക്കുമായിരുന്നു. എന്നാല്‍, ലൂക്കോസ് 14-ലെ ആ ഉപമയിൽ നിങ്ങൾ എന്താണ് വായിക്കുന്നത്?
വിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ വരാത്തതിനാല്‍ ദൈവം തന്‍റെ "ദാസന്മാരെ" അയച്ചു. ദയവായി നിങ്ങളുടെ കണ്ണട ധരിച്ച് വായിക്കുക. ഇവിടെ 'ദാസന്മാര്‍ ' എന്നൊന്നില്ല. ദൈവം തന്‍റെ ദാസനെ അയച്ച്, തന്‍റെ വിരുന്നിലേയ്ക്ക് അതിഥികളെ ക്ഷണിക്കുവാനും, അവരെ അകത്തേയ്ക്ക് വരുവാന്‍ ‘നിര്‍ബന്ധിക്കാനും’ പറഞ്ഞു. ഇന്ന് രാത്രി ഈ സഭയിലാകട്ടെ മറ്റേതെങ്കിലും സഭയിലാകട്ടെ, സ്ത്രീയായാലും പുരുഷനായാലും നിങ്ങള്‍ അകത്തേയ്ക്ക് വരുവാന്‍ ദൈവത്താല്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലെങ്കില്‍, കുഞ്ഞാടിന്‍റെ വിവാഹ വിരുന്നിൽ ഇരിക്കാൻ നിങ്ങള്‍ക്ക് സാധിക്കുകയില്ല.
"നിർബന്ധമോ?" എന്താണ് നിർബന്ധമെന്ന് നിങ്ങൾ എന്നോട് ചോദിച്ചേക്കാം. ദൈവത്തിന്, എതിര്‍ക്കുന്ന നിങ്ങളുടെ ഇച്ഛയെ മറികടക്കേണ്ടിവന്നു, ദൈവത്തിന് നിങ്ങളുടെ ഹൃദയാഭിലാഷത്തെ മറികടക്കേണ്ടിവന്നു, ദൈവത്തോടുള്ള സ്നേഹത്തെക്കാള്‍ സുഖത്തോടുള്ള സ്നേഹം, ദൈവത്തോടുള്ള സ്നേഹത്തെക്കാള്‍ ഈ ലോകത്തോടുള്ള സ്നേഹം എന്നിവ അവന് മറികടക്കേണ്ടിവന്നു. ദൈവത്തിന് തന്‍റെ ശക്തി പ്രദര്‍ശിപ്പിച്ചുകൊണ്ട് നിങ്ങളെ ആകര്‍ഷിക്കേണ്ടി വന്നു എന്നാണ് ഞാന്‍ പറയുന്നത്. അതുപോലെ, നിങ്ങളിൽ ആർക്കെങ്കിലും ഗ്രീക്ക് ഭാഷയെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍, അല്ലെങ്കിൽ,സ്ട്രോങ്ങ്സ് കോണ്‍കോര്‍ഡന്‍സ് (Strong’s Concordance) ഉണ്ടെങ്കില്‍ യോഹന്നാൻ 6:44 ലെ "ആകർഷിക്കുക" എന്ന വാക്കിന്‍റെ ഗ്രീക്ക് പദം നോക്കുക, "എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാന്‍ കഴികയില്ല". "ബലപ്രയോഗത്തിലൂടെ" എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അതായത് ബലം പ്രയോഗിച്ച് വലിക്കുക. ഈ അർത്ഥത്തെ വെല്ലുവിളിക്കാനും തെളിവുകളോടു കൂടെ വിശദീകരിക്കാനും കഴിയുന്ന ഒരു ഗ്രീക്ക് പണ്ഡിതനും ഭൂമിയിലില്ല. മത്സ്യം നിറച്ച വലയെക്കുറിച്ച് യോഹന്നാൻ 21-ൽ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്ക് പദമാണിത്. അത് നിറയെ മത്സ്യങ്ങളായതിനാൽ അവർക്ക് എല്ലാ ശക്തിയും ഉപയോഗിച്ച് വലിക്കേണ്ടിവന്നു. അവർക്ക് അത് "വലിക്കേണ്ടിവന്നു".
അതെ സുഹൃത്തേ, ഇങ്ങനെയാണ് നിങ്ങളും ക്രിസ്തുവിന്‍റെ അടുക്കലേയ്ക്ക് കൊണ്ടുവരപ്പെട്ടത്. നിങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരല്ലായിരിക്കാം, നിങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം. എന്നാല്‍ നാം ഓരോരുത്തരും ദൈവത്തിനെതിരെ മത്സരിക്കുകയും, ക്രിസ്തുവിനോട് പോരാടുകയും, പരിശുദ്ധാത്മാവിനെ എതിർക്കുകയും ചെയ്തതുകൊണ്ട്, ദൈവത്തിന് തന്‍റെ സര്‍വ്വശക്തി ഉപയോഗിച്ച് ആ എതിര്‍പ്പിനെ മറികടന്ന്‍ നമ്മെ മുട്ടുകുത്തുന്ന അവസ്ഥയിലേയ്ക്ക് കൊണ്ടു വരേണ്ടി വന്നു. നിങ്ങളിൽ ആരെങ്കിലും ഈ പരുഷമായ വാക്കുകളെ എതിർക്കുന്നുവെങ്കിൽ, മനുഷ്യന്‍റെ സമ്പൂർണ്ണ പതനത്തെക്കുറിച്ചുള്ള ബൈബിളിന്‍റെ പഠിപ്പിക്കലിൽ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്.
മനുഷ്യന്‍ വഴിതെറ്റി, സ്വഭാവത്താല്‍ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചിരിക്കുന്നു. ശ്രദ്ധിക്കുക, അവന് സുഖമില്ലാത്തതുകൊണ്ട് അല്പം മരുന്ന് ആവശ്യമാണെന്നോ അവന്‍ അജ്ഞതയിലായതുകൊണ്ട് അല്പം ഉപദേശം ആവശ്യമാണെന്നോ അല്ലെങ്കില്‍ അവന്‍ ദുര്‍ബലനായതുകൊണ്ട് അല്പം പ്രത്യാശ ആവശ്യമാണെന്നോ അല്ല: മനുഷ്യന്‍ മരിച്ചവനാണ്. അതെ, അവൻ തന്‍റെ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചിരിക്കുന്നു. അവനെ ഉയിര്‍പ്പിക്കാനും മരണത്തില്‍ നിന്ന് ജീവനിലേയ്ക്കു കൊണ്ടുവരാനും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സര്‍വ്വശക്തന് മാത്രമേ കഴിയൂ. ഇതാണ് ഞാന്‍ വിശ്വസിക്കുന്ന സുവിശേഷം. എന്നാല്‍ സുവിശേഷത്തോട് പ്രതികരിക്കാനുള്ള ശക്തി പാപിക്ക് ഉള്ളതുകൊണ്ടല്ല ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നത്. ആളുകൾ ആത്മീയമായി മരിച്ചവരാണെങ്കില്‍ സുവിശേഷം പ്രസംഗിക്കുന്നതിന്‍റെ പ്രയോജനമെന്താണെന്ന് നിങ്ങൾ എന്നോട് ചോദിച്ചേക്കാം. അത് പ്രഖ്യാപിച്ചിട്ട് എന്താണ് പ്രയോജനം? ഞാൻ ഉത്തരം തരാം.
കേള്‍ക്കൂ! പക്ഷവാതത്താല്‍ വരണ്ട കൈയുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ക്രിസ്തു അവനോടു “നിന്‍റെ കൈ നീട്ടുക” എന്ന് പറഞ്ഞു. അയാൾക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണിത്! തനിക്കു അസാധ്യമായ ഒരു കാര്യം ചെയ്യാൻ ക്രിസ്തു അവനോട് പറഞ്ഞു. അങ്ങനെയെങ്കിൽ ക്രിസ്തു അവനോട് കൈ നീട്ടാൻ പറഞ്ഞത് എന്തുകൊണ്ടാണ് ? കാരണം, അവനോട് കല്‍പ്പിച്ച വചനത്തോടൊപ്പം ദൈവശക്തിയും പുറപ്പെട്ടു എന്നതാണ്! ദൈവത്തിന്‍റെ ശക്തി അവനെ അങ്ങനെ ചെയ്യാൻ സഹായിച്ചു. ആ മനുഷ്യന് സ്വന്തമായി അത് ചെയ്യാൻ കഴിയില്ല. അയാൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ ആരുമാകട്ടെ ഒരു ഭ്രാന്താലയത്തിൽ പോകേണ്ടവരാണ്. ഇവിടെ, ആ മനുഷ്യന്‍ തന്‍റെ സ്വന്ത ഇച്ഛാശക്തിയുടെ പേരിൽ കൈ നീട്ടാൻ കഴിഞ്ഞുവെന്ന് കരുതുന്ന ഏതൊരാളും ഭ്രാന്താലയത്തിലേയ്ക്കാണ് പോകേണ്ടത്. പക്ഷവാതത്താല്‍ വരണ്ട കൈ എങ്ങനെയാണ് അനക്കാന്‍ സാധിക്കുക?
ശരി, അതിനേക്കാൾ ശക്തമായ മറ്റൊരു കാര്യം ഞാൻ നിങ്ങളോട് പറയാം. ഇന്ന് നിങ്ങൾക്ക് കട്ടിയായ ആഹാരം ആവശ്യമാണ്. നേർത്ത പാലിനേക്കാൾ കൂടുതൽ ആവശ്യമാണ്; നിങ്ങൾ കർത്താവില്‍ കെട്ടപ്പെടാന്‍, വളരാന്‍, ശക്തരായി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് കട്ടിയായ ആഹാരം ആവശ്യമാണ്. മരിച്ച് അടക്കപ്പെട്ട ഒരു വ്യക്തി ഉണ്ടായിരുന്നു, അയാളുടെ ശരീരം ഇതിനകം അഴുകി ദുർഗന്ധം വരാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തെ കല്ലറയില്‍ അടക്കം ചെയ്തു. ആരോ കല്ലറയുടെ അടുത്തു വന്ന്‍, “ലാസർ, പുറത്തു വരൂ” എന്നു വിളിച്ചു. അവിടെയുള്ളത് ദൈവത്തെക്കാൾ താഴ്ന്ന ഒരു വ്യക്തി ആയിരുന്നുവെങ്കില്‍, ആ വ്യക്തി ഇപ്പോഴും അവിടെ നിന്ന് "പുറത്തു വരൂ" എന്ന് വിളിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. മരിച്ച ഒരാളെ പുറത്തേയ്ക്ക് വരൂ എന്ന് വിളിച്ചിട്ട് എന്താണ് പ്രയോജനം? ആ കാര്യം പറയുന്ന ആള്‍ക്ക് അത് ചെയ്യാനുള്ള അധികാരമില്ലെങ്കിൽ ആഹ്വാനത്തിന് ഒരു അർത്ഥവുമില്ലല്ലോ!
ഇപ്പോൾ, എന്‍റെ സുഹൃത്തുക്കളേ ഞാൻ പാപികളോട് സുവിശേഷം പ്രസംഗിക്കുന്നു, എന്നാല്‍ ആ സുവിശേഷത്തോട് പ്രതികരിക്കാൻ പാപിക്ക് ശക്തിയുണ്ടെന്ന വിശ്വാസം കൊണ്ടല്ല: എങ്ങനെയുള്ള പാപിയാണെങ്കിലും അവനിൽ എന്തെങ്കിലും കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാല്‍ “ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു” എന്ന് ക്രിസ്തു പറഞ്ഞു. അതുകൊണ്ട്, ദൈവകൃപയാല്‍ ഞാന്‍ ഈ വചനം പ്രഘോഷിക്കുന്നു, കാരണം ഇത് ശക്തിയുള്ള വചനമാണ്, ആത്മാവ് അനുവദിക്കുന്ന വചനമാണ്, ജീവന്‍ നല്‍കുന്ന വചനമാണ്. ശക്തി പാപിയിലല്ല, പരിശുദ്ധാത്മാവായ ദൈവം അത് ഉപയോഗിക്കാൻ ഇഷ്ടപ്പെടുമ്പോള്‍ ആ ശക്തി വചനത്തിലൂടെ വെളിപ്പെടുന്നു. എന്‍റെ സുഹൃത്തുക്കളേ, ഞാൻ ഇത് ബഹുമാനത്തോടെ പറയുന്നു. ഒരുപക്ഷെ ദൈവം എന്നോട്, പോയി മരങ്ങളോട് ഈ വചനം പ്രസംഗിക്കാൻ പറഞ്ഞാല്‍ പോലും ഞാൻ പോകുമായിരുന്നു! അതെ, ദൈവം ഒരിക്കൽ തന്‍റെ ദാസന്മാരിൽ ഒരാളോട് പോയി അസ്ഥികളോട് പ്രസംഗിക്കാൻ പറഞ്ഞു, അവൻ പോയി അങ്ങനെ തന്നെ ചെയ്തു. നിങ്ങളായിരുന്നെങ്കില്‍ പോകുമായിരുന്നോ ഇല്ലയോ എന്നെനിക്കറിയില്ല! അതേ, അതിന് ഭാവിയില്‍ പ്രവചന നിവൃത്തിയോടൊപ്പം ഇപ്പോള്‍ പ്രയോഗവുമുണ്ട്.
2. "സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക"
രക്ഷിക്കപ്പെടാൻ ദൈവം ഒരു നിശ്ചിത സംഖ്യ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളുവെങ്കിൽ നാം എന്തിനാണ് സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കേണ്ടത്? ഈ ചോദ്യം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വരുന്നു. അങ്ങനെ ചെയ്യാൻ ദൈവം തന്നെ നമ്മോട് കല്പിച്ചിരിക്കുന്നു എന്നതാണ് അതിന് കാരണം. ശരി, എന്നാല്‍ ഇത് എനിക്ക് ന്യായമായി തോന്നുന്നില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം. അത് ഇവിടെ അപ്രസക്തമാണ്; ദൈവത്തെ അനുസരിക്കുക എന്നതല്ലാതെ അവനോട് തര്‍ക്കിക്കുക എന്നത് നിങ്ങളുടെ പണി അല്ല. സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാന്‍ ദൈവം നമ്മോട് കല്‍പ്പിക്കുമ്പോള്‍, അതു തന്നെയാണ് അതിന്‍റെ അര്‍ത്ഥം.– "സകല സൃഷ്ടികള്‍ക്കും" – ഇത് ഗൌരവമുള്ള ഒരു വിഷയമാണ്. ഇന്ന്‍ രാത്രി ഇവിടെയുള്ള ഓരോ ക്രിസ്ത്യാനിയും, ആ സുവിശേഷം സര്‍വ്വസൃഷ്ടിക്കും എത്തിക്കാന്‍ നിങ്ങളാല്‍ ആവോളം ശ്രമിച്ചിട്ടില്ല എന്നതിനാല്‍ ക്രിസ്തുവിന് നിങ്ങള്‍ കണക്കു ബോധിപ്പിക്കേണ്ടതായി വരും. അതെ, ഞാൻ മിഷനറി ശുശ്രൂഷയിൽ വിശ്വസിക്കുന്നു - ഒരുപക്ഷേ നിങ്ങളിൽ ചിലരെക്കാൾ ശക്തമായി വിശ്വസിക്കുന്നു. ഒരുപക്ഷേ മിഷനറി വേലയെക്കുറിച്ച് ഞാൻ നിങ്ങളെ പഠിപ്പിച്ചിരുന്നെങ്കില്‍ ഇതിലും ശക്തമായി ഞാൻ നിങ്ങളെ ചോദ്യം ചെയ്യുമായിരുന്നു. മിഷനറി ശുശ്രൂഷയിൽ വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികൾ അതുമായി കളിക്കുന്നതു പോലെയാണ് പെരുമാറുന്നത്. ഇന്ന് സുവിശേഷ സഭകൾ മിഷനറി ശുശ്രൂഷയുടെ പേരിൽ കളിക്കുകയാണെന്ന് പറയാന്‍ ഞാൻ ധൈര്യപ്പെടുന്നു. എന്‍റെ സുഹൃത്തുക്കളേ ആലോചിക്കുക, ഈ 20-ാം നൂറ്റാണ്ടിൽ, വളരെ സുലഭമായും കുറഞ്ഞ ചിലവിലും യാത്ര ചെയ്യാവുന്ന ഈ സമയത്ത്, മിക്കവാറും എല്ലാ ഭാഷകളിലും ബൈബിള്‍ ലഭ്യമാകുമ്പോൾ, ഇനിയും മനുഷ്യരാശിയുടെ പകുതിയോളം എന്തുകൊണ്ട് ക്രിസ്തുവിനെ അറിഞ്ഞിട്ടില്ല? ഇന്ന് രാത്രി ഞാൻ ഇവിടെ ഇരിക്കുമ്പോൾ, മനുഷ്യരാശിയുടെ പകുതിയോളം ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ആളുകൾ ഉണ്ട്. അതിന് നിങ്ങളായാലും ഞാനായാലും, നാം എല്ലാവരും ക്രിസ്തുവിനു മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതായി വരും.
അതെ, ഞാൻ മാനുഷിക ഉത്തരവാദിത്തത്തിൽ വിശ്വസിക്കുന്നു. ഞാൻ മനുഷ്യന്‍റെ "സ്വാതന്ത്ര്യത്തിൽ" വിശ്വസിക്കുന്നില്ല, എന്നാല്‍ മനുഷ്യന്‍റെ ഉത്തരവാദിത്തത്തിൽ വിശ്വസിക്കുന്നു, ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തത്തിൽ ഞാൻ ഇരട്ടിയായി വിശ്വസിക്കുന്നു. ഇന്ന് രാത്രി ഇവിടെയുള്ള നാം ഓരോരുത്തരും ഇതുവരെ ക്രിസ്തുവിനെ അഭിമുഖീകരിക്കുകയും അഗ്നിജ്വാല പോലെയുള്ള അവന്‍റെ കണ്ണുകളിലേക്ക് നോക്കുകയും ചെയ്തിട്ടില്ല. ഞാന്‍ എന്‍റെ സുവിശേഷം നിങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്നു. ഇത് നിങ്ങളെ കൊള്ളാവുന്നവരായി കണക്കാക്കി എല്പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണെന്നാണ് അവന്‍ നമ്മോട് പറയുന്നത്. (1 തെസ്സലോനിക്യർ 2:4 കാണുക). ഗൃഹവിചാരകന്മാരില്‍ അന്വഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.
എന്‍റെ സുഹൃത്തുക്കളേ, നാം ഈ വിഷയത്തെ വളരെ നിസ്സാരമായിട്ടാണ് കാണുന്നത്. നമ്മളാരും തന്നെ ഇതുവരെ വിശ്വാസത്തെ ഗൗരവമായി എടുക്കാൻ തുടങ്ങിയിട്ടില്ല. ക്രിസ്തുവിന്‍റെ രണ്ടാം വരവില്‍ വിശ്വസിക്കുന്നു എന്നാണ് നാമെല്ലാവരും പറയുന്നത്. അവന്‍ ഇതുവരെ മടങ്ങിയെത്താത്തതിന്‍റെ ഒരു കാരണം സഭ ഇതുവരെ പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല എന്നതാണ് എന്നും നാം വിശ്വസിക്കുന്നു. അവന്‍റെ ശരീരം പൂര്‍ണ്ണമാക്കപ്പെടുമ്പോള്‍ അവന്‍ മടങ്ങിവരുമെന്നും നാം വിശ്വസിക്കുന്നു. എന്‍റെ സുഹൃത്തുക്കളേ, അവൻ തിരഞ്ഞെടുക്കുന്ന ആളുകളിൽ അവസാനത്തെ വ്യക്തിയും വിളിക്കപ്പെടുന്നതുവരെ അവന്‍റെ "ശരീരം" ഒരിക്കലും പൂർണ്ണമാകില്ല. എന്നാല്‍ അവന്‍ തിരഞ്ഞെടുത്തവര്‍, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നാം സുവിശേഷം അറിയിക്കുന്നതിലൂടെയാണ് വിളിക്കപ്പെടുന്നത്. ക്രിസ്തു വേഗം വരണമെന്ന് നിങ്ങള്‍ വാസ്തവമായി കാത്തിരിക്കുന്നവരാണെങ്കില്‍, വിജാതീയർക്ക് സുവിശേഷം പ്രസംഗിക്കാനോ അയയ്ക്കാനോ ഉള്ള നിങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണം!
“നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍”. ഇത് ക്രിസ്തുവിന്‍റെ വാക്കുകളാണ്, നമ്മോടുള്ള അവന്‍റെ കല്പനയാണ്. അയയ്ക്കുക എന്നല്ല, ‘നിങ്ങള്‍ പോകുക’ എന്നാണ് അവന്‍ പറഞ്ഞത്. " ഇതുവരെ നിങ്ങൾ പോയിട്ടില്ലെങ്കിൽ, നിങ്ങൾ ക്രിസ്തുവിനോട് ഉത്തരം പറയാന്‍ കടപ്പെട്ടിരിക്കുന്നു. ഇന്നു രാത്രി ഇവിടെയുള്ള നമ്മിൽ ഓരോരുത്തരും മിഷനറി ശുശ്രൂഷയ്ക്ക് പോകണമെന്നാണോ നിങ്ങള്‍ പറയുന്നത്? എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അങ്ങനെ ഞാന്‍ പറഞ്ഞില്ല. ഞാന്‍ ആരുടെയും വിധികര്‍ത്താവ് അല്ല.
ഇന്ന് രാത്രി ഇവിടെയുള്ള നിങ്ങളിൽ പലർക്കും നിങ്ങൾ എന്തുകൊണ്ട് പോയില്ല എന്ന ചോദ്യത്തിന് ക്രിസ്തുവിനെ പ്രസാദിപ്പിക്കാൻ ഒരു നല്ല കാരണമുണ്ടാകാം. അവൻ നിങ്ങള്‍ക്കിവിടെ ജോലി തന്നു. അവൻ നിങ്ങളെ ഇവിടെ ഒരു നല്ല നിലയില്‍ ആക്കിയിരിക്കുന്നു. ഇവിടെ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ അവന്‍ നിങ്ങളെ ഏല്പ്പിച്ചിരിക്കുന്നു, എന്നാല്‍ പോകാന്‍ അവസരമുണ്ടായിട്ടും പോകാതിരിക്കുന്ന ഓരോ ക്രിസ്ത്യാനിയും അതിനെക്കുറിച്ച് ക്രിസ്തുവിനോട് ഉത്തരം പറയേണ്ടി വരും.
"ഭൂലോകത്തില്‍ ഒക്കെയും പോകുക". "ഞാൻ എങ്ങോട്ട് പോകണം" എന്ന് നിങ്ങൾ എന്നോട് ചോദിച്ചേക്കാം. അത് അറിയുക വളരെ എളുപ്പമാണ്. അത്ര എളുപ്പമോ എന്ന് ചോദിച്ചേക്കാം. അതെ എന്നാണ് ഞാന്‍ പറയുന്നത്. നിങ്ങളുടെ മിഷനറി ശുശ്രൂഷ എവിടെ തുടങ്ങണമെന്ന് അറിയുന്നതിനെക്കാൾ എളുപ്പമുള്ള മറ്റൊരു കാര്യവുമില്ല ഈ ലോകത്തില്‍. പ്രവൃത്തികളുടെ പുസ്തകം ഒന്നാം അധ്യായം എട്ടാം വാക്യത്തിൽ നിങ്ങൾക്ക് ഇത് കാണാന്‍ കഴിയും. “....പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും (അതായത് അവര്‍ ആയിരിക്കുന്ന നഗരം) യെഹൂദ്യയില്‍ എല്ലായിടത്തും (ആ നഗരം ഉള്ള രാജ്യം) ശമര്യയിലും (അയല്‍ രാജ്യം) ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും....”
നിങ്ങള്‍ സുവിശേഷവത്കരണം തുടങ്ങണമെങ്കില്‍ നിങ്ങള്‍ ആയിരിക്കുന്ന പട്ടണത്തില്‍ നിന്ന് തുടങ്ങണം. എന്‍റെ സുഹൃത്തുക്കളേ, സിഡ്നിയിലുള്ള ചൈനക്കാരുടെ രക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയില്ലെങ്കിൽ, ചൈനയിലുള്ള ചൈനക്കാരുടെ രക്ഷയെക്കുറിച്ചും നിങ്ങൾക്ക് ആശങ്കയില്ല. ഒരുപക്ഷെ എനിക്ക് ആശങ്കയുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്.
ഈ രാത്രിയില്‍ ഞാൻ കാര്യങ്ങള്‍ ഉള്ളതുപോലെതന്നെ സംസാരിക്കുകയാണ്. ചൈനയിലെ ചൈനക്കാരുടെ രക്ഷയെക്കുറിച്ച് നിങ്ങൾ ശരിക്കും ശ്രദ്ധാലുക്കളാണെങ്കിൽ, ഇവിടെ സിഡ്നിയിലുള്ള ചൈനക്കാരുടെ രക്ഷയെക്കുറിച്ചും നിങ്ങൾ അത്രതന്നെ ശ്രദ്ധ വഹിക്കുന്നവരായിരിക്കും. ഈ രാത്രിയില്‍ ഇവിടെ ഉള്ള ആരെങ്കിലും സിഡ്നിയിലുള്ള ചൈനക്കാരെ സമീപിക്കാൻ വാസ്തവത്തില്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുതകരമായ കാര്യമാണ്! അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഈ രാത്രിയില്‍ ഇവിടെയുള്ളവരില്‍ ആരെങ്കിലും സിഡ്നിയിലുള്ള ബൈബിൾ ഹൗസിൽ പോയി, "നിങ്ങളുടെ പക്കല്‍ ചൈനീസ് ഭാഷയിലുള്ള പുതിയ നിയമം ഉണ്ടോ അല്ലെങ്കില്‍ ചൈനീസ് ഭാഷയിൽ യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ പകർപ്പുകൾ ഉണ്ടോ” എന്ന് അവിടുത്തെ മാനേജരോട് ചോദിച്ചിട്ടുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. നൂറു കോപ്പികൾക്കെത്രയാണ് അല്ലെങ്കിൽ ഒരു ഡസൻ കോപ്പികൾക്കെത്രയാണ് എന്ന് ചോദിച്ച ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ആയിരമോ നൂറോ കോപ്പികൾ വാങ്ങി ചൈനീസ് ക്വാർട്ടറിലെ അവരുടെ വീടുകളിൽ പോയി, "സുഹൃത്തേ, ഇത് ഒരു ചെറിയ സമ്മാനമാണ്, നിങ്ങൾ ഇത് വായിച്ചാൽ നിങ്ങളുടെ ആത്മാവിന് ഗുണം ചെയ്യും" എന്ന് പറഞ്ഞ് വിതരണം ചെയ്തവര്‍ നിങ്ങളില്‍ എത്രപേര്‍ ഉണ്ട്?
എന്‍റെ സുഹൃത്തുക്കളേ, നാം മിഷനറി ശുശ്രൂഷയെ നിസ്സാരവൽക്കരിക്കുന്നു, അത് ഒരു പ്രഹസനം മാത്രമാണ്, അത്രമാത്രം! "നിങ്ങള്‍ പോകൂ" എന്നതാണ് ഒന്നാമത്തെ കല്പന. എങ്ങോട്ട് പോകണം? ആദ്യം നിങ്ങളുടെ ചുറ്റുമുള്ളവരുടെ അടുത്തേയ്ക്ക്. എന്തിനൊപ്പം പോകണം? സുവിശേഷത്തോടൊപ്പം! "ഞാൻ എന്തിന് പോകണം?” എന്ന് നിങ്ങൾ ചോദിച്ചേക്കാം, ദൈവം നിങ്ങളോടു കല്പിച്ചിരിക്കുന്നതിനാൽ! "അവന്‍ ചുരുക്കം ചിലരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളുവെങ്കില്‍ അങ്ങനെ ചെയ്യുന്നതിന്‍റെ പ്രയോജനമെന്താണ്?" എന്ന് നിങ്ങള്‍ ചോദിച്ചാല്‍ , ദൈവം താന്‍ തിരഞ്ഞെടുക്കുന്നവരെ വിളിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സുവിശേഷം എന്നതാണ് ഉത്തരം. ദൈവത്താല്‍ ആരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആരാണ് തിരഞ്ഞെടുക്കപ്പെടാത്തത് എന്നത് നിങ്ങള്‍ക്കും അറിയില്ല, എനിക്കും അറിയില്ല, ഈ ഭൂമിയിലുള്ള ആര്‍ക്കും അറിയില്ല. അവര്‍ ലോകമെമ്പാടും ചിതറിപ്പോയിരിക്കുന്നു, അവൻ തിരഞ്ഞെടുത്തവരിലേയ്ക്ക് എത്തണമെങ്കില്‍ സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.
Copyright Notice
ഈ ലേഖനം/പുസ്തകം വാണിജ്യപരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി നേടണം. സൗജന്യ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഈ ലേഖനം/പുസ്തകം പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്ന ഏതൊരാളും ഇനിപ്പറയുന്ന പകർപ്പവകാശ അറിയിപ്പ് ഉൾപ്പെടുത്തണം:
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.