Hits: 48
Print
രചയിതാവ്.: ജോണ്‍ ജി. റീസിംഗര്‍
വിവർത്തനം: എൻ ഷൈനി & ഷിബു ബാബു

                              ഉള്ളടക്കം

ദൈവത്തിന്‍റെ  സർവ്വാധികാരം - പ്രാർത്ഥന  (അദ്ധ്യായം -1)

പ്രാർത്ഥനയെയും ദൈവത്തിന്‍റെ സർവ്വാധികാരത്തെയും കുറിച്ചുള്ള ആറ് അടിസ്ഥാന സത്യങ്ങൾ (അദ്ധ്യായം – 2)

പ്രാർത്ഥന ഇത്ര പ്രധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് ? (അദ്ധ്യായം 3)

ദൈവത്തിന്‍റെ അനുതാപവും പ്രാർത്ഥനയും (അദ്ധ്യായം 4)

                         ആമുഖം

“ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനം” എന്ന പുസ്തകത്തിൽ, ദൈവം തന്‍റെ സർവ്വാധികാരത്തിൽ ഓരോ സംഭവത്തെയും നിർണ്ണയിക്കുക മാത്രമല്ല, എല്ലാറ്റിനെയും തന്‍റെ നിയന്ത്രണത്തിൽ വയ്ക്കുകയും തന്‍റെ പദ്ധതി പൂർത്തിയാക്കുകയും ചെയ്യുന്നുവെന്നും, ഇതിനായി അവൻ സാത്താൻ ഉൾപ്പെടെ എല്ലാ വ്യക്തികളെയും ഉപയോഗിക്കുന്നുവെന്നും വിശദീകരിക്കുകയുണ്ടായി.

ഈ സത്യം തളർന്ന മനസ്സിനെയും ദുഃഖത്തിൽ ആണ്ടുപോയ ഹൃദയത്തെയും  എങ്ങനെ ആശ്വസിപ്പിക്കുമെന്ന്  കാണിക്കുകയുണ്ടായി. നിങ്ങൾക്ക് അത് മനസ്സിലാക്കുവാന്‍ സാധിച്ചില്ലെങ്കിൽ പോലും, "എന്‍റെ കാലഗതികൾ നിന്‍റെ  (ദൈവത്തിന്‍റെ) കൈയ്യിൽ ഇരിക്കുന്നു"  എന്ന് വിശ്വസിക്കുന്നതാണ് ദൈവത്തിൽ പ്രത്യാശവയ്ക്കുന്നതിന്‍റെ ആദ്യപടി.

എന്നാൽ ആ പുസ്തകത്തിലെ സത്യം ഒരു യുക്തിസഹമായ ചോദ്യം നമ്മിൽ ഉയർത്തുന്നുണ്ട്: “ദൈവം എല്ലാ സംഭവങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, പിന്നെ ഞാൻ എന്തിന് പ്രാർത്ഥിക്കണം?” ഈ ചോദ്യത്തോടെയാണ് ഞങ്ങൾ ഈ പുസ്തകം ആരംഭിക്കുന്നത്. അതിന് ഉത്തരം നൽകാൻ ശ്രമിക്കാം.

ദൈവത്തിന്‍റെ സർവ്വാധികാരത്തെ പൂർണ്ണമായും നിരസിക്കുന്നവര്‍ അല്ലെങ്കില്‍ തിരുവെഴുത്തുകളിൽ അത് കണ്ടിട്ടും അതിന് പ്രാർത്ഥനയുമായുള്ള  ബന്ധം മനസ്സിലാക്കാൻ കഴിയാത്തവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ഇവ രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എല്ലാ യഥാർത്ഥ ക്രിസ്ത്യാനികളും എപ്പോഴെങ്കിലും പ്രയാസപെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ദൈവത്തിന്‍റെ സമ്പൂർണ്ണ സർവ്വാധികാരം എന്ന  ബൈബിൾ സത്യം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ഓരോ വ്യക്തിയും ഈ ചോദ്യവുമായി ഒരുപക്ഷേ പോരാടിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇവിടെ ചില ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ഞാൻ പരിശോധിക്കുന്നുണ്ടെങ്കിലും, ദൈവശാസ്ത്ര പണ്ഡിതന്മാരെ ഉദ്ദേശിച്ച് ഞാൻ ഈ പുസ്തകം എഴുതുന്നില്ല. ആഴമേറിയ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ദൈവമക്കൾക്ക് വചന പ്രകാരമുള്ള പ്രത്യാശ ഉളവാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ഇന്ന് ടിവിയിൽ “ആരോഗ്യവും സമ്പത്തും” പ്രസംഗിക്കുന്ന സുവിശേഷകന്മാർ  പഠിപ്പിക്കുന്ന പ്രാർത്ഥനാ സിദ്ധാന്തം യഥാർത്ഥ വിശ്വാസത്തിനെതിരെ  കോടാലി വയ്ക്കുകയാണെന്ന് കാണിക്കുക എന്നതാണ് എന്‍റെ രണ്ടാമത്തെ ലക്ഷ്യം. ചിലർക്ക് ഞാൻ കൂടുതൽ പൌരുഷമായും തുറന്നും സംസാരിക്കുകയാണെന്ന് തോന്നിയേക്കാം. പക്ഷേ, ചിലര്‍ അസത്യമായ പ്രത്യാശയെ പഠിപ്പിച്ചതിന്‍റെ ഫലമായുണ്ടായ നിരാശയും അവിശ്വാസവും കണ്ടതുകൊണ്ടാണ് എനിക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്.

സൗണ്ട് ഓഫ് ഗ്രേസ് (Sound of Grace) ശുശ്രൂഷയിൽ വിശ്വസ്തതയോടെ സഹായം നൽകിയ അനേകർക്ക് വേണ്ടി ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഈ പുസ്തകത്തിലെ എല്ലാ വിഷയങ്ങളും ആദ്യം ആ മാസികയിൽ പരിഭാഷ  ചെയ്യപ്പെട്ടതാണ്.

 അദ്ധ്യായം 1

       ദൈവത്തിന്‍റെ സർവ്വാധികാരം പ്രാർത്ഥന

നിർവചനം

“മിസ്റ്റർ റൈസിംഗർ, ഭാവിയിലെ എല്ലാ സംഭവങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, നാം എന്തിനാണ് ഇനി പ്രാർത്ഥിക്കുന്നത്?”

 ദൈവത്തിന്‍റെ സർവ്വാധികാരത്തെ ഏതാണ്ട് നിരസിക്കുന്നവരോ, തിരുവെഴുത്തുകളിൽ അത് കണ്ടിട്ടും പ്രാർത്ഥനക്ക് അതുമായുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാത്തവരോ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ഇവ രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എല്ലാ യഥാർത്ഥ ക്രിസ്ത്യാനികളും എപ്പോഴെങ്കിലുമൊക്കെ പ്രയാസപെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ദൈവത്തിന്‍റെ സമ്പൂർണ്ണ സർവ്വാധികാരത്തെക്കുറിച്ചുള്ള ബൈബിൾ സത്യത്തെ നേരിടുന്ന ഓരോ വ്യക്തിയെയും ഈ ചോദ്യം  ബുദ്ധിമുട്ടിച്ചിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇവ പരസ്പരവിരുദ്ധമാണെന്ന ആശയം സാധാരണയായി താഴെപ്പറയുന്ന ഉറവിടങ്ങളിൽ ഒന്നിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് ആദ്യം നാം മനസ്സിലാക്കണം:

വാസ്തവത്തിൽ, ദൈവത്തിന്‍റെ സർവ്വാധികാരവും മനുഷ്യന്‍റെ  ഉത്തരവാദിത്തവും തമ്മിൽ സംയോജിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അതേ പ്രശ്നം തന്നെയാണ് ഇവിടെയും. “മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തി” ഒരു മിഥ്യയാണെന്ന് തിരിച്ചറിയുന്നതുവരെ ആർക്കും ദൈവത്തിന്‍റെ സർവ്വാധികാരത്തെക്കുറിച്ചുള്ള സത്യം ഗ്രഹിക്കാൻ കഴിയില്ല. ഇന്നത്തെ ക്രിസ്ത്യാനികൾ ഈ രണ്ട് ഉപദേശങ്ങളും സംയോജിപ്പിക്കാൻ ഇത്രയധികം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. വചനാധിഷ്ഠിതമായ രീതിയിൽ പഠിപ്പിക്കുമ്പോൾ ഇവ രണ്ടിന്‍റെയും  പുറകിലുള്ള സത്യം അവർക്ക് ശരിക്കും മനസ്സിലാകുന്നില്ല. മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്ന വീക്ഷണത്തോടെയാണ് ഇന്ന് പല സുവിശേഷ വിഭാഗങ്ങളും അവരുടെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നത്. എന്നാൽ എല്ലാ ബൈബിൾ ഉപദേശങ്ങളും ആരംഭിക്കുന്നത് ദൈവവും അവന്‍റെ  സർവ്വാധികാര ഇച്ഛയും എന്ന  വിഷയത്തോടെയാണ്.

(2) പലപ്പോഴും ഉയർന്നുവരുന്ന രണ്ടാമത്തെ പ്രശ്നം, ദൈവത്തിന്‍റെ  സർവ്വാധികാരം, പ്രാർത്ഥന ചെയ്യേണ്ട  ആവശ്യകതയെ തന്നെ എതിർക്കുന്നു എന്ന കാരണം ചൂണ്ടി കാണിച്ചുകൊണ്ട്, അതിനെ തള്ളിക്കളയുന്നവർ  “ദൈവത്തിന്‍റെ മുഴുവൻ സങ്കല്‍പ്പങ്ങളെയും കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല” എന്നതാണ്. “പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു” എന്നതുപോലെയുള്ള സാധാരണ ജനങ്ങളുടെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് ഇത്തരക്കാരുടെ ദൈവശാസ്ത്രം ഇരിക്കുന്നത്. അങ്ങനെയുള്ള ആളുകളുമായി ദൈവവചനത്തെക്കുറിച്ച്  ചർച്ച ചെയ്യുന്നത് പ്രയോജനകരമല്ല. ഞാൻ മുമ്പ്  പാസ്റ്ററായി ശുശ്രൂഷിച്ച സഭയിൽ, വളരെ ഭക്തനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു, അദ്ദേഹം പിടിവാശിയുടെ കാര്യത്തിൽ വലിയ മഹാനായിരുന്നു. ദൈവവചനമാണ് തന്‍റെ അധികാരമെന്ന് പ്രഖ്യാപിക്കുന്ന അയാൾ, പക്ഷേ  ശാന്തമായി ഇരുന്ന് കൊണ്ട് ആ വചനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രം തയ്യാറായിരുന്നില്ല. പരിശുദ്ധാത്മാവ് ബൈബിളിൽ എന്ത് എഴുതിയാലും, ഈ മനുഷ്യൻ അതിന്  സാധാരണ ജനങ്ങൾ പറയുന്ന വാക്കുകൾ ഉപയോഗിച്ച് മറുപടി നൽകും. ബൈബിളിനെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം കാര്യങ്ങൾ അറിയാമായിരുന്നു, പക്ഷേ അതിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ സന്ദേശത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെക്കുറച്ചേ മനസ്സിലായിട്ടുള്ളൂ. അദ്ദേഹം “എനിക്ക് സ്ഥിരമായ ദൈവശാസ്ത്രമില്ലെന്ന് “ പറഞ്ഞാലും, അയാൾക്ക് ചില കൃത്യമായ വിശ്വാസങ്ങളുണ്ട്. ജനങ്ങൾ സാധാരണയായി പറയുന്ന ആ വാക്കുകളാണ് ഓരോ ചോദ്യത്തിനും ഓരോ പ്രശ്നത്തിനുമുള്ള അദ്ദേഹത്തിന്‍റെ  പ്രതികരണത്തെ നിർണ്ണയിക്കുന്നത്. അവയാണ് അദ്ദേഹത്തിന് തിരുവെഴുത്തുകളേക്കാൾ ആധികാരികം.

വാസ്തവത്തിൽ നാം അഭിമുഖീകരിക്കേണ്ട ചോദ്യം ഇതാണ്: പ്രാര്‍ത്ഥന എന്നത് ദൈവത്തിന്‍റെ പദ്ധതി നിറവേറ്റുന്നതിന് അത്യാവശ്യമായ ഒരു ഉപകരണമാണോ? അതോ, ഈ പ്രപഞ്ചത്തെയും ഇവിടെ നടക്കുന്ന

 സംഭവങ്ങളെയും നിയന്ത്രിക്കാനും നയിക്കാനും മനുഷ്യർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണോ? ഒറ്റനോട്ടത്തിൽ ഇതൊരു നിസ്സാരമായ ചോദ്യമായി തോന്നുമെങ്കിലും വാസ്തവത്തിൽ, ഇതാണ് വളരെ നിര്‍ണ്ണായകമായ  ചോദ്യം.                                                                              ഒന്നാമതായി, ദൈവത്തിന്‍റെ സർവ്വാധികാരത്തെക്കുറിച്ചും പ്രാർത്ഥന എന്ന വിഷയത്തെ കുറിച്ചും സംസാരിക്കുമ്പോൾ നാം എന്താണ് ഉദ്ദേശിക്കുന്നതെന്നും എന്താണ് ഉദ്ദേശിക്കാത്തതെന്നും വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്. “പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു” എന്ന പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നാണോ നമ്മൾ പറയുന്നത്? ഒരിക്കലുമല്ല, പക്ഷേ അത് മുഴുവൻ കാര്യങ്ങളും പറയുന്നില്ല എന്നാണ് ഞങ്ങൾ പറയുന്നത്. ആ ജനപ്രിയമായ വാക്കുകളിൽ പകുതിയെ സത്യമുള്ളൂ. എന്നിരുന്നാലും, ഒരു അർദ്ധസത്യത്തെ പൂർണ്ണ സത്യമായി കണക്കാക്കിയാൽ, അത് യഥാർത്ഥത്തില്‍ സത്യമല്ലെന്നും, സത്യനിഷേധത്തിലേയ്ക്കാണ് അത് നയിക്കപ്പെടുന്നതെന്നും നാം ഓർക്കേണ്ടതുണ്ട്. ജനപ്രിയമായ ആ വാക്കുകൾ വിലയേറിയ ഒരു സത്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്, എന്നാൽ അതിനെ മുഴുവൻ സത്യമായി കണക്കാക്കിയാൽ, അത് തെറ്റായ ദൈവശാസ്ത്രത്തിലേയ്ക്കാണ് വഴിതെളിക്കുക. ആ തെറ്റായ ദൈവശാസ്ത്രം എപ്പോഴും മോശം അനുഭവങ്ങളിലേക്ക് വഴി തെളിക്കുന്നു.

ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ ആറടി ഉയരമുള്ള ഒരു പെൺകുട്ടിയുടെ ഉയരം അഞ്ചടി നാല് ഇഞ്ചാക്കി മാറ്റാൻ കഴിയുമെന്ന് ജനപ്രിയമായ ആ പ്രസ്താവന കൊണ്ട്  നമുക്ക് മനസ്സിലാക്കാൻ കഴിയുമോ? “പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു” എന്ന പ്രയോഗത്തിലെ ‘സാഹചര്യം’ എന്ന വാക്കില്‍ എന്‍റെ ഉയരം, കണ്ണുകളുടെ നിറം മുതലായവ ഉൾപ്പെടുമോ? “പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു” എന്ന സിദ്ധാന്തവുമായി എന്‍റെ “സ്വതന്ത്ര ഇച്ഛാശക്തിയുടെ” ശക്തിയെ സം‌യോജിപ്പിക്കുമ്പോൾ, നമ്മുടെ നീളത്തോട് “ഒരു മുഴം കൂട്ടുവാൻ” എന്ന, മത്തായി 6:27 ലെ യേശുവിന്‍റെ    വാക്കുകളും ശരിയാണെന്ന് എനിക്ക് തെളിയിക്കാൻ പറ്റുമോ? ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ കറുത്തവന് വെളുത്തവനും വെളുത്തവന് ചുവന്നവനും ആകാൻ കഴിയുമോ? പ്രാർത്ഥനയെക്കുറിച്ചുള്ള ഇങ്ങനെയുള്ള വീക്ഷണം അർത്ഥശൂന്യമാണ്. ഇത് ദൈവവചനത്തിന് വിരുദ്ധമാണ്.

എന്നിരുന്നാലും, ആയിരക്കണക്കിന് ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികൾ അത് വിശ്വസിക്കുക മാത്രമല്ല, അത്തരം ഉപദേശങ്ങളിൽ തങ്ങളുടെ  ‘ആത്മീയ ശുശ്രൂഷ’ യെ പടുത്തുയർത്തുന്ന ധനമോഹികൾക്ക്  കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുകയും ചെയ്യുന്നു.

ഇവിടെ മറ്റൊരു വിഷയം കൂടി ഊന്നിപ്പറയേണ്ട ആവശ്യമുണ്ട്. “പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു” എന്നതിന്‍റെ അർത്ഥം പ്രാർത്ഥന ദൈവത്തെയോ അവന്‍റെ പദ്ധതിയെയോ അവന്‍റെ ഇഷ്ടത്തെയോ മാറ്റുന്നു എന്നതല്ല! ദുഃഖകരമായ കാര്യം എന്തെന്നാൽ, പലരും അറിയാതെ (ചിലർ അറിഞ്ഞു കൊണ്ടു പോലും), ഈ ജനപ്രിയ വാക്യത്തിന്‍റെ അർത്ഥം ഇതാണെന്ന് കരുതുന്നു. ദൈവം തന്‍റെ മനസ്സ് മാറ്റണമെന്ന് പ്രാർത്ഥിക്കുന്നത് വചനപ്രകാരമല്ല. അത്തരം ചിന്താഗതി അങ്ങേയറ്റം അപകടകരമാണ്. വിശ്വാസവും പ്രാർത്ഥനയും ഉപകരണങ്ങളായി ഉപയോഗിച്ചു കൊണ്ട് ദൈവത്തിന്‍റെ മനസ്സ് മാറ്റാൻ ബുദ്ധിയുള്ള ആരെങ്കിലും ശ്രമിക്കുമോ? വിവേകമുള്ള ആരും അങ്ങനെ ചെയ്യില്ല. “ദൈവത്തെപ്പോലെ പരമാധികാരിയായിരുന്നെങ്കിൽ, ഞാൻ പലതും മാറ്റുമായിരുന്നു. പക്ഷേ ദൈവത്തെപ്പോലെ ജ്ഞാനിയായിരുന്നെങ്കിൽ, ഞാൻ ഒരിക്കലും മാറില്ലായിരുന്നു” എന്ന് ആരോ പറഞ്ഞത് വളരെ സത്യമാണ്.

ദൈവം ഏതെങ്കിലും വിധത്തിൽ തന്‍റെ മനസ്സ് മാറ്റുകയാണെങ്കിൽ, ആ മാറ്റം അവന്‍റെ പദ്ധതിയെ മെച്ചപ്പെടുത്തുകയോ വഷളാക്കുകയോ ചെയ്യും. അത്തരമൊരു മാറ്റം അവന്‍റെ പദ്ധതിയെ മെച്ചപ്പെടുത്തുന്നുവെങ്കിൽ, അതിനർത്ഥം അവൻ പൂര്‍ണ്ണനല്ല എന്നല്ലേ? അതുപോലെ, അത്തരമൊരു മാറ്റം അവന്‍റെ പദ്ധതിയെ അപചയപ്പെടുത്തിയാൽ അത് അവന്‍റെ പൂർണതയ്ക്ക് കോട്ടം വരുത്തുകയല്ലേ? എന്നാൽ നിത്യവും പൂര്‍ണ്ണനായ ദൈവത്തിന്‍റെ  പദ്ധതികളും അവനെപ്പോലെ തന്നെ പൂര്‍ണ്ണമാണ്. അവ മാറ്റേണ്ട ആവശ്യമില്ല. അതുകൊണ്ട്, ദൈവത്തിനു മാത്രമേ “യഹോവയായ ഞാൻ മാറ്റമില്ലാത്തവനാണ്” എന്ന് പറയാൻ കഴിയൂ.

അതുകൊണ്ടാണ് അവനെക്കുറിച്ച്, “… അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാധനമോ ഇല്ല.” (യാക്കോബ് 1:17)

നിന്നിൽ മാറ്റത്തിന്‍റെ ഒരു ലക്ഷണവുമില്ല. നീ മാറ്റമില്ലാത്തവനാണ്, നിന്‍റെ  കാരുണ്യം എന്നെ ഒരിക്കലും വിട്ടുപോകുന്നില്ല, നീ മുമ്പത്തെപ്പോലെ എന്നേക്കും ഉള്ളവനാണ്.

അങ്ങനെ നാം അവനെക്കുറിച്ച് പാടുന്നത് ഉചിതമാണ്.

"പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു" എന്ന ഫലകത്തിന് പകരം "പ്രാർത്ഥന പ്രാർത്ഥിക്കുന്ന വ്യക്തിയെ മാറ്റുന്നു" എന്ന മറ്റൊരു ഫലകം നമുക്ക് തയ്യാറാക്കാൻ സാധിക്കും. പക്ഷേ അതും ആദ്യത്തേതു പോലെ  അർദ്ധ സത്യമേ പറയുന്നുള്ളൂ. ചിലപ്പോൾ പ്രാർത്ഥന നമ്മെ മാറ്റുകയും, ദൈവത്തോട് മാറ്റാൻ നാം ആവശ്യപ്പെട്ട സാഹചര്യങ്ങൾ നമ്മൾ അംഗീകരിക്കത്തക്കവണ്ണം  നമ്മെ മാറ്റുകയും ചെയ്യുന്നു! ഇതുതന്നെയല്ലേ പൗലോസിനും ഒരു സന്ദർഭത്തിൽ സംഭവിച്ചത് (2 കൊരിന്ത്യർ 12:7-10)? എന്നിരുന്നാലും ഇതും പകുതി സത്യം മാത്രമാണ്. പ്രാർത്ഥനയുടെ ഈ വശം നമുക്ക് പിന്നീട് പൂർണ്ണമായി പരിശോധിക്കാം. “ദൈവം നമുക്കായി ഒളിപ്പിച്ചുവെച്ചിരിക്കുന്ന നിധികൾ കുഴിച്ചെടുക്കുന്നതാണ് പ്രാർത്ഥന” എന്ന് ജോൺ കാൽവിൻ പറഞ്ഞു.

വാസ്തവത്തിൽ, പ്രാർത്ഥന നമ്മിൽ നിന്നോ നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിയിൽ നിന്നോ ഉത്ഭവിക്കുന്നില്ല. ദൈവം തന്‍റെ പദ്ധതി നിറവേറ്റാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പ്രാർത്ഥന. തീക്ഷ്ണമായി പ്രാർത്ഥിക്കാനുള്ള യഥാർത്ഥ പ്രചോദനം പരിശുദ്ധാത്മാവിൽ നിന്നാണ് ഉളവാകുന്നത്.

പ്രാർത്ഥനയെയും സർവ്വാധികാരത്തെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമുക്ക് ചോദ്യം ചെയ്യാനോ മറികടക്കാനോ കഴിയാത്ത ചില വ്യക്തമായ ബൈബിൾ സത്യങ്ങൾ ഇവിടെ പ്രസ്താവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  1. ദൈവം നമ്മോട് പ്രാർത്ഥിക്കാൻ കല്പ്പിച്ചിരിക്കുന്നു.
  2. നമ്മുടെ പ്രാർത്ഥനകൾ കേട്ട് ഉത്തരം നൽകുമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.

നാം പ്രാർത്ഥിക്കുന്നില്ലെങ്കിൽ,  മനഃപൂർവ്വമായി അവനെ അനുസരിക്കാതിരിക്കുകയാണ് ചെയ്യുന്നത്. "മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കുവിൻ" (ലൂക്കോസ് 18:1), എന്നും "ഇടവിടാതെ പ്രാർത്ഥിക്കുവിൻ" (1 തെസ്സലൊനീക്യർ 5:15) എന്നും നമ്മോട് കൽപ്പിച്ചിരിക്കുന്നു. പൗലോസിന്‍റെ  ലേഖനങ്ങളിലുടനീളം, അദ്ദേഹം എഴുതിയ സഭകൾക്കുവേണ്ടി അദ്ദേഹം ചെയ്ത പക്ഷവാദ പ്രാർത്ഥനകളെക്കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ നമുക്ക് കാണാം. പ്രാർത്ഥനയെ നിഷേധിക്കുന്നതോ, പതിവായി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം അവഗണിക്കാൻ നമ്മെ അനുവദിക്കുന്നതോ ആയ ഒരു സർവ്വാധികാര സിദ്ധാന്തത്തിൽ നാം വിശ്വസിക്കുന്നുവെങ്കിൽ, അത് ശരിയായ ഒരു സിദ്ധാന്തമല്ല. നമ്മുടെ പ്രാർത്ഥനകൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധം ശരിയാണോ എന്ന് ഗൗരവത്തോടെയും ആഴത്തിലും പരിശോധിക്കേണ്ടതുണ്ട്. “നീതിമാന്‍റെ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ്” എന്ന് യാക്കോബ് തന്‍റെ ലേഖനത്തിൽ പറയുന്നു. ഈ സത്യത്തിന് വിരുദ്ധമായ ഏതൊരു സിദ്ധാന്തവും, ദൈവശാസ്ത്രപരമോ, അനുഭവപരമോ ആകട്ടെ,  അത് വചനപ്രകാരമുള്ളതല്ല. ദൈവം നമ്മോട് പ്രാർത്ഥിക്കാൻ കൽപ്പിച്ചിട്ടുണ്ടെന്നും, പ്രാർത്ഥന കേട്ട് ദൈവം ഉത്തരം നൽകുന്നു എന്നുമുള്ള സത്യം ബൈബിളിന്‍റെ മിക്കവാറും എല്ലാ പേജുകളിലും തന്നെ കാണപ്പെടുന്നു. ഇതിനെ നിഷേധിക്കുന്ന ഏതൊരു സർവ്വാധികാര സിദ്ധാന്തവും തിരുവെഴുത്തിന്‍റെ വ്യക്തമായ പഠിപ്പിക്കലിന് വിരുദ്ധമായിരിക്കും.

എന്നിരുന്നാലും, പ്രാർത്ഥനയെക്കുറിച്ച് ഈ ആധുനിക പ്രസംഗകർ പ്രയോഗിക്കുന്ന വാക്യഭാഗങ്ങൾ സന്ദർഭത്തിന് നിരക്കുന്നതല്ല. അത്തരം രണ്ട് തിരുവെഴുത്തുകൾ ഞങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.

“അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു” (1 യോഹന്നാൻ 5:14-15).

ഈ വാഗ്‌ദാനം ഇന്നു നമുക്കു ബാധകമാണോ? തീർച്ചയായും ബാധകമാണ്‌. പക്ഷേ നമ്മൾ ഈ വാക്കുകൾ ഉള്ളതുപോലെ തന്നെ മനസ്സിലാക്കണോ? തീർച്ചയായും അങ്ങനെ തന്നെയാണ്  മനസ്സിലാക്കേണ്ടത്. എന്നാൽ ഞാൻ വിശ്വാസത്തോടെ എന്ത് ചോദിച്ചാലും ദൈവത്തിൽ നിന്ന് എനിക്ക് അത് ലഭിക്കുമോ? ഞാൻ ചോദിക്കുന്നതെല്ലാം എനിക്ക് ലഭിക്കുമെന്നാണോ യോഹന്നാൻ പറയുന്നത്? നിങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ,   നിങ്ങളുടെ വിശ്വാസം വേഗത്തിൽ ഉപേക്ഷിക്കേണ്ടി വരും. അല്ലെങ്കിൽ നിങ്ങൾ വസ്തുതകളെ നേരിടാൻ വിസമ്മതിക്കും. അത്തരമൊരു സിദ്ധാന്തം  നിങ്ങൾ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുകയും അത് വിശ്വസ്തതയോടെയും സ്ഥിരമായും പരിശീലിക്കുകയും ചെയ്താൽ, നിങ്ങൾ വളരെ വേഗത്തില്‍ ഭ്രാന്തരായി പോകും.

ഞാൻ പ്രതീക്ഷിച്ചതെല്ലാം ചോദിച്ചിട്ട് അവയെല്ലാം പതിനഞ്ചാം വാക്യത്തിലെ വാഗ്ദാനത്തിന്‍റെ കീഴിൽ വരുന്നു എന്ന് വിശ്വസിക്കാൻ ഈ ഭാഗത്ത് ഒരു കാരണവും കാണുന്നില്ല. “നാം എന്ത് ചോദിച്ചാലും” എന്ന് ഈ വചനം പറയുന്നത് സത്യമാണ്, എന്നാൽ അതിനു മുമ്പ് “അവന്‍റെ ഇഷ്ടപ്രകാരം” നാം ചോദിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഈ വാഗ്ദാനം അവന്‍റെ  ഇഷ്ടപ്രകാരം ചോദിക്കുന്നവർക്കു മാത്രമേ ബാധകമാകൂ എന്നും, അതിൽ ഒരു ഒഴികഴിവുവുമില്ല എന്നും നാം തിരിച്ചറിയണം. ഈ വാഗ്ദാനം ആരംഭിക്കുന്നത് എന്‍റെ ആവശ്യങ്ങളിൽ നിന്നോ, എന്‍റെ സ്വന്തം ഇഷ്ടത്തിൽ നിന്നോ അല്ല, മറിച്ച് ദൈവത്തിന്‍റെ സർവ്വാധികാര ഇച്ഛയിലും അവന്‍റെ  മഹത്വത്തിലും ആണ്. നമ്മുടെ ഹൃദയം അവന്‍റെ ഉദ്ദേശ്യങ്ങളോട് അനുസരണം കാണിക്കുകയും,  അവന്‍റെ ഇഷ്ടം നിറവേറ്റാൻ ആഗ്രഹിക്കുകയും,  അവന്‍റെ ഇഷ്ടം ചെയ്യാൻ ആവശ്യമായ കൃപയ്ക്കായി അപേക്ഷിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ  പ്രഥമ ലക്ഷ്യം എന്ന് ഈ വാക്യ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതിനർത്ഥം,  അവന്‍റെ  ഇഷ്ടം എനിക്ക് വെളിപ്പെടുത്തിത്തരണമെന്ന് ചോദിക്കാനാണ് ഞാൻ ദൈവവചനം പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്, മറിച്ച് ദൈവത്തിന്‍റെ പദ്ധതി എന്താണെന്ന് അറിയാതെ എന്‍റെ ഇഷ്ടം അവന്‍റെ മേൽ അടിച്ചല്പ്പിക്കാൻ ശ്രമിക്കുന്നതതിനല്ല. ഈ വാക്യത്തിന്‍റെ സന്ദർഭം പരിശോധിക്കുമ്പോൾ നമുക്ക് ഇത് വ്യക്തമാകും.

1 യോഹന്നാനിലെ വാക്യ ഭാഗവും യാക്കോബിന്‍റെ പുസ്തകത്തിലെ മറ്റൊരു വാക്യ ഭാഗവും താരതമ്യം ചെയ്യുമ്പോൾ ഈ സത്യം നമുക്ക് കൂടുതൽ വ്യക്തമാകുന്നു. യാക്കോബിന്‍റെ പുസ്തകത്തിലെ താഴെ പറയുന്ന വാക്യങ്ങൾ  പ്രാർത്ഥനയെക്കുറിച്ചുള്ള നിങ്ങളുടെ ദൈവശാസ്ത്രവുമായി എങ്ങനെയാണ് യോജിക്കുന്നത്?

“നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?  നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല” (യാക്കോബ് 4:1-2).

നാം ചർച്ച ചെയ്യുന്ന ഈ വിഷയത്തെക്കുറിച്ച് ഈ വാക്യങ്ങൾ രണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്നാമതായി, നമ്മുടെ ജീവിതത്തിലെ ബന്ധങ്ങൾ തകരുന്നതിനും നിരാശയ്ക്കും പ്രധാന കാരണം മറ്റുള്ളവരെ ഉപയോഗിച്ച് നമുക്ക് വേണ്ടത് നേടാനുള്ള നമ്മുടെ ജഡിക മോഹങ്ങളാണ്. രണ്ടാമതായി, നമുക്ക് ഈ കഷ്ടപ്പാടുകൾ ഉണ്ടാകാനുള്ള കാരണം നമ്മൾ പ്രാർത്ഥിക്കാത്തതുകൊണ്ടാണ് - "നിങ്ങൾ യാചിക്കായ്കയാൽ   കിട്ടുന്നില്ല." നാം  തള്ളുകയും, വലിക്കുകയും, വശീകരിക്കുകയും, ഭീഷണിപ്പെടുത്തുകയും, അലറുകയും,  ശകാരിക്കുകയും ചെയ്തു കൊണ്ട് നാം നേടാൻ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കാൻ ശ്രമിച്ചാലും, വിശ്വാസത്തോടെ പ്രാർത്ഥനയിൽ ദൈവത്തോട് അപേക്ഷിക്കാത്തതിനാൽ ഒന്നും ലഭിക്കില്ല. നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി, ബന്ധങ്ങളെ വഷളാക്കാനും, വിശ്വാസവഞ്ചന നടത്താനും, എന്തിനേയും അല്ലെങ്കിൽ ആരെയും നശിപ്പിക്കാന്‍ പോലും നാം മടിക്കുന്നില്ല. ദൈവഹിതം അറിയുകയും,  ചെയ്യുകയും ചെയ്യുന്ന വിശ്വസ്തമായ പ്രാർത്ഥനയ്ക്ക് എതിരാണ് നമ്മുടെ ഉള്ളിൽ ഉയർന്നു വരുന്ന തെറ്റായ മോഹങ്ങളും പ്രതീക്ഷകളും.നമുക്ക് ജീവിതത്തിൽ നിരാശ തോന്നുമ്പോഴും , ഉപയോഗശൂന്യമായ ദിവസത്തെ  നേരിടേണ്ടി വരുമ്പോഴും . “ദൈവത്തോട് യാചിക്കായ്കകൊണ്ട് കിട്ടുന്നില്ല” എന്ന വാക്കുകൾ നാം ഓർമ്മിക്കണം. "നിങ്ങൾ നിരാശപ്പടുകയും  പോരാടുകയും ചെയ്യുന്നു, പക്ഷേ പ്രാർത്ഥിക്കാത്തതുകൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല" എന്ന വാക്കുകൾ ഒരു ഫലകത്തിൽ എഴുതി നമ്മുടെ ഹൃദയത്തിന്‍റെ കവാടത്തിൽ തൂക്കിയിടണം. ദൈവത്തിന് കൊടുക്കേണ്ട  സ്ഥാനം നമ്മുടെ സ്വാർത്ഥത കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ മനോഭാവമാണ് നമ്മുടെ പല പ്രശ്‌നങ്ങളുടെയും മൂലകാരണം.

 

 യാക്കോബിന്‍റെ ലേഖനം നാലാം അധ്യായത്തിലെ അടുത്ത വാക്യം വളരെ ഗൗരവമുള്ളതാണ്. നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ  ശാരീരികമായി നാം ചെയ്യുന്ന  എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ, നാം ദൈവത്തിലേയ്ക്ക് തിരിയുന്നു. ഇതിനെയാണ് നാം പ്രാർത്ഥന എന്ന് വിളിക്കുന്നത്‌. ഇത് ശരിയല്ല.  നാം തള്ളിയും വലിച്ചും ഇടിച്ചും  നേടാൻ സാധിക്കാത്തത് ദൈവത്തെ ഉപയോഗിച്ച്  നേടാൻ ശ്രമിക്കുന്നു. യാക്കോബ് ഇത് എത്ര വ്യക്തമായി ആണ് പറയുന്നതെന്ന്  ശ്രദ്ധിക്കുക.

“നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല” (യാക്കോബ് 4:3).

പ്രാർത്ഥനയെക്കുറിച്ച് ഇന്നുള്ള സിദ്ധാന്തത്തിൽ നിന്ന് ഇത് എത്ര വ്യത്യസ്തമാണ്! യാക്കോബ് എന്താണ് പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലായോ? പ്രാർത്ഥനയുടെ മറവിൽ നാം പലപ്പോഴും നമ്മുടെ സ്വാർത്ഥതയോടും അത്യാഗ്രഹത്തോടെയുമുള്ള ഉദ്ദേശ്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ സ്വന്തം നേട്ടത്തിനായി ദൈവത്തെ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ട്, അതിനെ പ്രാർത്ഥന എന്ന് വിളിക്കാൻ ധൈര്യപ്പെടുന്നുവെന്ന് അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. "ഞങ്ങൾ ഒരുപാട് പ്രാർത്ഥിക്കുകയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയും ചെയ്യുന്നു" എന്ന് പറഞ്ഞു കൊണ്ട്, തങ്ങളുടെ സ്ഥാനവും മാനവും നിലനിർത്താൻ വേണ്ടി മാത്രം സഭകളെ തകർത്തു കളഞ്ഞ നിരവധി സഭാ നേതാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വാക്കുകൾ ഉപയോഗശൂന്യമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ! ഏറെ പ്രാർത്ഥനയ്ക്ക് ശേഷം ഉണ്ടായ സ്നേഹത്തിന്‍റെ പേരിൽ ഉണ്ടാകുന്ന ഇത്തരം വിഭജനങ്ങൾക്കും വേർപിരിയലുകൾക്കും സമാധാന പ്രഭുവായ പരിശുദ്ധാത്മാവിനെ കുറ്റപ്പെടുത്തുന്നത് അതിശയകരമല്ലേ?

ഇന്ന് അനേകരും കാണുന്ന വിധത്തിലല്ല  ദൈവം പ്രാർഥനയെ കാണുന്നത് എന്നത് വ്യക്തമാണ്. നമ്മെ ആരോഗ്യവാൻമാരും  സമ്പന്നരുമാക്കാൻ ദൈവത്തെ ഉപയോഗിക്കുവാൻ സാധിക്കുമെന്ന് പറയുന്ന തെറ്റായ പ്രാർത്ഥനാ സിദ്ധാന്തം പഠിപ്പിച്ച് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന നിരവധി മതപരമായ ചില്ലറ വ്യാപാരികളുണ്ട്. ഹോശേയ പ്രവാചകൻ നൽകിയ മുന്നറിയിപ്പ് അവരെക്കുറിച്ചാണെന്ന് അവർ തിരിച്ചറിയുന്നില്ലെന്ന് ഞാൻ കരുതുന്നു.

"അവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽ വച്ച് മുറയിടുന്നു" (ഹോശേയ 7:14).

യിസ്രായേൽ മക്കൾ പ്രാർത്ഥനയാണെന്ന് കരുതിയതിനെ പ്രവാചകൻ ഇവിടെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അവർ പ്രാർത്ഥന എന്ന് വിളിക്കുന്നതിനെ ദൈവം “കിടക്കയിൽ വച്ച് മുറയിടുന്നു” എന്നാണ് വിശേഷിപ്പിച്ചത്. അവർ ദൈവത്തോട് നിലവിളിക്കുന്നതായി നടിക്കുന്നുണ്ടെങ്കിലും, വാസ്തവത്തിൽ അവർ മുറിവേറ്റ നായയെപ്പോലെ ഞരങ്ങുകയാണ് ചെയ്യുന്നത്. എത്ര തവണ നമ്മുടെ പ്രാർത്ഥനകള്‍  ദൈവത്തിന്‍റെ  സർവ്വാധികാര കരുതലുകളിന്മേലുള്ള പിറുപിറുപ്പുകളായി മാറിയിട്ടുണ്ട്? സാഹചര്യങ്ങൾ നമുക്ക് മനസ്സിലാകാത്തപ്പോഴും, താഴ്മയോടെ ദൈവത്തിൽ ആശ്രയിക്കുവാനുള്ള കൃപയ്ക്കായി യാചിച്ചു കൊണ്ട് അവന്‍റെ മുമ്പാകെ എളിമയോടെ ആയിരിക്കുന്നതിനു പകരം, നമുക്ക് ആവശ്യമുള്ളത് നൽകാൻ  എത്ര തവണയാണ് നാം ദൈവത്തെ നിർബന്ധിച്ചിട്ടുള്ളത്!

ഇതാണ് എനിക്ക് പറയാനുള്ള  പ്രധാനപ്പെട്ട വിഷയം. ദൈവത്തിന്‍റെ  സർവ്വാധികാരത്തക്കുറിച്ചുള്ള സത്യവുമായി ഇതുപോലുള്ള പ്രാർത്ഥനാ സിദ്ധാന്തത്തെ (അത് യഥാർത്ഥത്തിൽ പ്രാർത്ഥനയല്ല, “കിടക്കയിൽ വച്ച് മുറയിടുന്നത്” മാത്രമാണ്) യോജിപ്പിക്കുക  അസാധ്യമാണ്. പ്രാർത്ഥനയെക്കുറിച്ച് ഇന്ന് പ്രചരിക്കുന്ന തെറ്റായ സിദ്ധാന്തം യഥാർത്ഥത്തിൽ ദൈവത്തെ സിംഹാസനത്തിൽ നിന്ന് നീക്കി അവന്‍റെ  നിയമങ്ങളെ അട്ടിമറിക്കുന്നതിന് ശ്രമിക്കുന്നതു പോലെയാണ് ഉള്ളത്. അത്തരമൊരു സിദ്ധാന്തം ദൈവത്തെ മനുഷ്യന്‍റെ സേവകനാക്കുകയും,  പ്രാർത്ഥനാ സംവിധാനത്തിന്‍റെ സഹായത്തോടെ, ജഡത്തിന്‍റെ മോഹങ്ങളെ സ്വന്ത ഇഷ്ടപ്രകാരം രൂപപ്പെടുത്താനും നിയന്ത്രിക്കാനും അനുവദിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള കാഴ്ചപ്പാടിന്‍റെ വേഗത്തിലുള്ള വ്യാപനം കണക്കിലെടുക്കുമ്പോൾ, ഇരുപതാം നൂറ്റാണ്ടിലെ ക്രൈസ്തവലോകത്തിൽ, ദൈവശാസ്ത്രത്തിലും വ്യക്തിപരമായ അനുഭവത്തിലും വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നുള്ളതിൽ അതിശയിക്കാനില്ല. 1 യോഹന്നാൻ 5:14, 15 പോലുള്ള ഭാഗങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ട്, ഈ ആശയക്കുഴപ്പത്തിന് കാരണമായ ബൈബിളിനെ തന്നെ നിന്ദിക്കുന്നു എന്നതാണ് ഈ ദാരുണമായ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നത്.

ഈ വേദഭാഗം  “ഉപാധികളില്ലാത്ത വാഗ്ദാനമായി” ഉപയോഗിക്കുന്നതിന് മുമ്പ്, നമ്മുടെ ഹൃദയങ്ങളോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്:

  1. ദൈവഹിതം ചെയ്യുക എന്നതാണോ എന്‍റെ ആത്മാർത്ഥമായ ആഗ്രഹം? (യോഹന്നാൻ 7:17). ഈ ആഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ ഇല്ലെങ്കിൽ, നാം എന്തിനെക്കുറിച്ച് പ്രാർത്ഥിക്കുന്നതും വ്യർത്ഥമായ ശ്രമമാണ്.
  2. എന്‍റെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്ന് അറിയാൻ ഞാൻ അവന്‍റെ വചനത്തിൽ ദൈവത്തിന്‍റെ ജ്ഞാനം അന്വേഷിക്കുന്നുണ്ടോ? ഞാൻ വീണ്ടും ആവർത്തിക്കുന്നു, ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാതെ “എനിക്ക് വേണ്ടതെല്ലാം” ചോദിക്കുന്നത് പ്രാർത്ഥനയല്ല.
  3. “എങ്കിലും എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്ന് എന്‍റെ കർത്താവ് പ്രാർത്ഥിച്ച അതേ മനോഭാവത്തോടെ എനിക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടോ? ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്‍റെ യജമാനനെക്കാൾ വലിയവനാണോ?

മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് നമുക്ക് ശരിയായി ഉത്തരം നൽകാൻ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ നമുക്ക് അങ്ങനെ ചെയ്യാൻ മനസ്സില്ലെങ്കിൽ, അതിനർത്ഥം നമ്മുടെ സ്വന്തം ഇഷ്ടം ചെയ്യാൻ നാം ദൈവത്തെ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നാണ്. നമ്മുടെ ഇഷ്ടം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍, ഒടുവില്‍ ദൈവശക്തിയെ ഉപയാഗിക്കുവാന്‍ പോലും നാം മടിക്കുന്നില്ല. ദൈവഹിതത്തിനും പദ്ധതികൾക്കും യോജിച്ചാലും ഇല്ലെങ്കിലും, നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ ഏതെങ്കിലും വിധത്തിൽ തൃപ്തിപ്പെടുത്തണമെന്നാണ് നമ്മുടെ സ്വാർത്ഥമായ സ്വഭാവം ആഗ്രഹിക്കുന്നത്. വ്യക്തിപരമായ സന്തോഷം മാത്രം നമ്മുടെ ലക്ഷ്യമാകുമ്പോൾ, ദൈവത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചുമുള്ള നമ്മുടെ ആശയം ഭയങ്കരമാം വിധം കുഴപ്പത്തിലാകുന്നു. പ്രാർത്ഥനയെക്കുറിച്ച് ഈ വാക്യത്തിൽ കാണുന്ന, “നാം എന്ത് ചോദിച്ചാലും” എന്ന വാക്കുകൾ “അവന്‍റെ ഇഷ്ടപ്രകാരം” എന്ന് വാക്കുകൾക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്. 1 യോഹന്നാൻ 5:14, 15; യാക്കോബ് 4:3 എന്നിവ ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങൾ പോലെയാണ്. ഈ  രണ്ടില്‍ ഒന്നിനെയും  അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ല. നമ്മുടെ ആത്മീയ അവസ്ഥ വിലയിരുത്തുന്നതിനുള്ള ഒരു അളവുകോലാണ് നമ്മുടെ പ്രാർത്ഥനാ ജീവിതം എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രാർത്ഥനയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നതും പുസ്തകങ്ങൾ എഴുതുന്നതും യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ്. പ്രാർത്ഥനയോടുള്ള അശ്രദ്ധമായ മനോഭാവത്തേക്കുറിച്ച് ഉള്ളിടത്തോളം കണ്ണീരോടെയുള്ള പശ്ചാത്താപം ക്രിസ്തീയ ജീവിതത്തിലുള്ള അച്ചടക്കത്തിന്‍റെ മറ്റൊരു വശത്തെക്കുറിച്ചും ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലായിരിക്കാം. പ്രാർത്ഥനയെക്കുറിച്ചുള്ള തന്‍റെ അത്ഭുതകരമായ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു റെയിൻകോട്ട് പോലെയുള്ള എന്‍റെ സ്വന്തം അനുഭവത്തെ സാമുവൽ സ്റ്റോം ഇങ്ങനെ വിവരിക്കുന്നു.

“ഞാൻ ഈ പുസ്തകം എഴുതിയതിന്‍റെ കാരണം നിങ്ങൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഞാൻ കുറ്റക്കാരനാണെന്ന ബോധമാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്‍റെ പ്രാർത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതു പോലെ ഒട്ടും തന്നെ ഇല്ല. തിരുവെഴുത്തുകൾ അനുസരിച്ച് നോക്കിയാൽ പ്രാർത്ഥനയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും, ഞാൻ അതിനെ ഒരു "റെയിൻ കോട്ട്" (Rain Coat) എന്ന പോലെ  കാണാൻ തുടങ്ങി. അതായത്, അതിനെ അലമാരയിൽ തൂക്കിയിടുകയും കാലാവസ്ഥ മോശമാകുമ്പോള്‍ മാത്രം ഉപയോഗിക്കാൻ തയ്യാറാവുകയും  ചെയ്യുന്നതൊഴിച്ചാൽ, എല്ലാ ദിവസവും അത് ഉപയോഗിക്കുന്നതിൽ ഞാൻ പരാജയപ്പെടുന്നു. വെയില്‍ തെളിയുമ്പോൾ “റെയിൻകോട്ട്” ആവശ്യമില്ലാത്തതുപോലെ, എല്ലാം നന്നായിട്ട് പോകുമ്പോൾ പ്രാർത്ഥനയുടെ ആവശ്യം ഒട്ടും തന്നെ എനിക്ക് കാണുവാൻ കഴിഞ്ഞില്ല. എന്‍റെ ജീവിതത്തിൽ അധികം കഷ്ടപ്പാടുകളോ ദുഃഖങ്ങളോ ഇല്ലാതിരുന്നതിനാൽ, ഞാൻ ഒരുതരം നിസ്സംഗതയിലേക്ക് വഴുതിവീഴുകയും, പ്രാർത്ഥനയെ മാറ്റിവെക്കുകയും ചെയ്തു”. ഡി. സാമുവൽ സ്റ്റോമിന്‍റെ  “റീച്ചിംഗ് ഗോഡ്സ് ഇയർ”, (Reaching God’s Ear) ടിംഗൽ ഹൗസ് പബ്ലിഷേഴ്‌സ്.

നാം പരിശോധിക്കാൻ പോകുന്ന  രണ്ടാമത്തെ വാക്യഭാഗം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള വാക്യമാണ്. പ്രാർത്ഥനയെക്കുറിച്ച് എഴുതിയ  പുസ്തകങ്ങളിലും, ചെയ്യപ്പെടുന്ന  പ്രസംഗങ്ങളിലും ഈ വാക്യം ഉപയോഗിച്ചിട്ടുണ്ട് അല്ലെങ്കിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈ ഭാഗം എന്താണ് പറയുന്നതെന്ന് നന്നായി ശ്രദ്ധിക്കുക. (... നിങ്ങൾ എന്‍റെ  നാമത്തിൽ പിതാവിനോട് എന്ത് ചോദിച്ചാലും അവൻ നിങ്ങൾക്ക് നൽകും” (യോഹന്നാൻ 16:23).

ക്രിസ്തു നമുക്ക് ഒരു ശൂന്യമായ ചെക്ക്ബുക്ക് തന്നുവെന്നും അതിലെ ചെക്കുകളിൽ ഒപ്പിട്ടുവെന്നും തെളിയിക്കാൻ ഈ വാചകം ഉപയോഗിക്കുന്നു. നമുക്ക് ആവശ്യമുള്ളത് കൊണ്ട് ഈ ചെക്കിനെ നിറച്ചാൽ മാത്രം മതി. നമുക്ക് വിശ്വാസമുണ്ടെങ്കിൽ, വേണ്ടതെന്തും തീർച്ചയായും ലഭിക്കും. ഇത് വായിക്കുമ്പോൾ, ദൈവഹിതത്തിലല്ല, നമ്മുടെ ആവശ്യങ്ങളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. നാം ചെയ്യേണ്ടത് ഒരു കാര്യം മാത്രം  - “യേശുവിന്‍റെ നാമത്തിൽ” പ്രാർത്ഥിക്കുക. ഈ വീക്ഷണം ഉള്ളവർക്ക്, യേശുവിന്‍റെ നാമം ഒരു മന്ത്രം പോലെയാണ്. അറേബ്യൻ നൈറ്റ്‌സ് കഥകളിലെ  "തുറക്കൂ സെസമേ " എന്ന് പറയുമ്പോൾ തന്നെ ഗുഹ തുറക്കപ്പെടുന്നതുപോലെ, യേശുവിന്‍റെ നാമം സ്വർഗ്ഗത്തിന്‍റെ കവാടങ്ങൾ തുറക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു.

   യേശുവിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുക എന്നാൽ  പ്രാർത്ഥനയുടെ അവസാനം അവന്‍റെ നാമം ചേർക്കുക എന്നു മാത്രമല്ല. അതിലും ഉപരിയായിട്ടുള്ളതെന്തോ അതിൽ  ഉൾപ്പെട്ടിരിക്കുന്നു. നാം എന്തുകൊണ്ടാണ് നമ്മുടെ സ്വന്തം നാമത്തിലോ, നമ്മൾ അംഗങ്ങളായ സഭയുടെ നാമത്തിലോ പ്രാർത്ഥിക്കാത്തത്? യേശുവിലൂടെയല്ലാതെ നമുക്ക് ദൈവമുമ്പാകെ മറ്റൊരു അര്‍ഹതയുമില്ലെന്ന് അംഗീകരിക്കാൻ വേണ്ടിയാണ് യേശുവിന്‍റെ  നാമത്തിൽ നാം  പ്രാർത്ഥിക്കുന്നത്. നമുക്ക് യാതൊരു യോഗ്യതയും ഇല്ലെങ്കിലും, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്  ഈ രീതിയിൽ അവനോട് ചോദിക്കാൻ നാം ധൈര്യപ്പെടുന്നത്. ഒരു മസോണിക് ലോഡ്ജ് (Masonic Lodge) അംഗത്തിന്‍റെ ശവസംസ്കാര ചടങ്ങിൽ പോയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. “മേസൺസ്” ആണ് ആ ആരാധനയിൽ പങ്കെടുക്കുന്നത്. സുവിശേഷം കുറച്ചൊക്കെ മനസ്സിലാക്കിയ എന്‍റെ ഒരു സുഹൃത്ത് കല്ലറയ്ക്കൽ എന്‍റെ മുന്നിൽ നിന്നിരുന്നു. മേസൺസിൽ അനേകരും തങ്ങളുടെ ലോഡ്ജിൽ അംഗത്വം ഉള്ളവർ സ്വർഗത്തിൽ ചേർക്കപ്പെടുമെന്ന്  വിശ്വസിക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. മേസോണിക് അധികാരിയായ ഒരാൾ , “മേസോണിക് ലോഡ്ജിന്‍റെ നാമത്തിൽ, ഞങ്ങളുടെ പ്രിയ സഹോദരനെ നിന്‍റെ കൈയ്യിൽ ഏൽപ്പിക്കുന്നു.” എന്ന് പറഞ്ഞു. ഞാൻ ഉടനെ എന്‍റെ സുഹൃത്തിന്‍റെ ചെവിയിൽ മന്ത്രിച്ചു, “അവർക്ക് സ്വർഗ്ഗത്തിൽ അക്കൗണ്ട് ഇല്ലല്ലോ എന്ന്.”

ഒരു ചെക്കിൽ ഒരു ഒപ്പിന് മാത്രമേ സാധുതയുള്ളൂ. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന വ്യക്തിയുടെ ഒപ്പിന്  മാത്രമേ സാധുതയുള്ളൂ. അതുപോലെ, ദൈവമുമ്പാകെ ആ യോഗ്യതയും കൃപയും നമ്മുടെ കർത്താവിന് മാത്രമുള്ളതിനാൽ, അവന്‍റെ അക്കൗണ്ടിൽ നിന്നല്ലാതെ നമുക്ക് ഒന്നും സ്വീകരിക്കാൻ കഴിയില്ല. അവൻ  തന്‍റെ നാമം ഉപയോഗിക്കാൻ നമ്മെ അനുവദിച്ചു എന്നത് ശരിയാണ്, പക്ഷേ അത് തന്‍റെ മഹത്വവും, ഇഷ്ടവും കണക്കിലെടുക്കാതെ  നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല.

യോഹന്നാൻ 16:23-ലെ നിയമങ്ങൾ അനുസരിച്ച് യേശുവിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുക എന്നതിന്‍റെ അർത്ഥമെന്താണെന്ന് ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം. നിങ്ങളുടെ പട്ടണത്തിലുള്ള ഒരു മദ്യ ഷോപ്പിൽ പോയി ഞാന്‍ ഒരു കുപ്പി വിസ്കി ചോദിക്കുന്നുവെന്ന് കരുതുക. പിന്നെ ഞാൻ , "ഇതിന്‍റെ വില നൽകാൻ എന്‍റെ  കൈവശം പണം ഇല്ല, പക്ഷേ എന്‍റെ ഒരു സുഹൃത്ത് ഈ വില അവന്‍റെ അക്കൗണ്ടിൽ എഴുതാൻ എന്നോട് ആവശ്യപ്പെട്ടു, അദ്ദേഹം ഇവിടേക്ക് വീണ്ടും വരുമ്പോൾ അത് നൽകാമെന്ന് പറഞ്ഞു", എന്ന് പറഞ്ഞെന്ന് വിചാരിക്കുക. കടയുടമ ആ സുഹൃത്തിന്‍റെ പേര് ചോദിച്ചപ്പോൾ ഞാൻ നിങ്ങളുടെ പേര് പറഞ്ഞു, എന്ന് കരുതുക. അയാൾക്ക് നിങ്ങളെ നന്നായി അറിയാമെന്നും നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്ന് അദ്ദേഹത്തിനറിയാമെന്നും നമുക്ക് കരുതാം. “ഹേയ്! നീ ഒരു നുണയനാണ്. നീ പറഞ്ഞ ആൾ ജീവൻ ഉള്ളിടത്തോളം കാലം ഇതുപോലൊരു സ്ഥലത്ത് വരില്ല.  അവൻ നിന്നെ ഇങ്ങോട്ട് അയച്ചിട്ടുമില്ല. അവൻ നിന്നോട് അവന്‍റെ പേര് പോലും ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല,” എന്ന് പറഞ്ഞ്  എന്നെ  ആട്ടിയോടിക്കുകയില്ലേ!

ഇങ്ങനെയല്ലേ ദൈവവും പലപ്പോഴും നമ്മുടെ പ്രാർത്ഥനകളോട്  പ്രതികരിക്കുന്നത്! ക്രിസ്തുവിനെക്കുറിച്ചോ അവന്‍റെ മഹത്വത്തെക്കുറിച്ചോ ചിന്തിക്കാതെ, നമുക്ക് ആവശ്യമുള്ളത് നേടുന്നതിനായി അവന്‍റെ നാമം വൃഥാ ഉപയോഗിക്കാൻ എത്ര തവണ നാം ധൈര്യപ്പെട്ടിട്ടുണ്ട്! നമ്മൾ ആഗ്രഹിക്കുന്നത് തന്നെയാണ് ക്രിസ്തുവും ആഗ്രഹിക്കുന്നതെന്ന് നമുക്ക് പൂർണ്ണമായി ഉറപ്പില്ലെങ്കിൽ, യേശുവിന്‍റെ നാമത്തിൽ നമുക്ക് പ്രാർത്ഥിക്കാൻ കഴിയില്ല. യോഹന്നാൻ 16:23 ലെ വാഗ്ദാനം ഒപ്പിട്ട് നൽകപ്പെട്ട ബ്ലാങ്ക് ചെക്ക് അല്ല. എന്‍റെ പ്രാർത്ഥനയുടെ അവസാനം “യേശുവിന്‍റെ നാമം” ചേർത്തതു കൊണ്ട് മാത്രം, ക്രിസ്തുവിന്‍റെ ശുശ്രൂഷയോടോ, എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയോടോ യാതൊരു ബന്ധവും  ഇല്ലാതെ, ദൈവം എന്‍റെ ഹൃദയത്തിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്ന് ഈ വാക്യഭാഗം നമ്മെ പഠിപ്പിക്കുന്നില്ല.

വചനപ്രകാരമുള്ള  പ്രാർത്ഥനയുടെ സിദ്ധാന്തത്തെക്കുറിച്ച് ഇതുവരെ നമ്മൾ പഠിച്ച കാര്യങ്ങളിലെ പ്രധാന വിഷയങ്ങൾ നമുക്ക് അവലോകനം ചെയ്യാം:

  1. എന്‍റെ പ്രാർത്ഥനയ്ക്ക് ഞാൻ സന്തോഷവാനായിരിക്കാൻ തീർച്ചയായും വേണ്ടതെല്ലാം നൽകുന്ന ഒരു സേവകനായി ദൈവത്തെ ഒരിക്കലും മാറ്റാൻ കഴിയില്ല. ദൈവം, എന്‍റെ സ്വാർത്ഥപരമായ ആഗ്രഹങ്ങളുടെ സ്യൂട്ട്കേസ്,ഞാൻ പറയുന്നെടുത്തേയ്ക്ക് എടുത്തു കൊണ്ട് പോകുന്ന ഒരു കൂലിപ്പണിക്കാരനല്ല.
  2. എന്‍റെ ഇഷ്ടപ്രകാരം ദൈവത്തോട് കൽപ്പിക്കാനോ, ദൈവം തന്‍റെ ഇഷ്ടം മാറ്റത്തക്കവണ്ണം ചെയ്യാനോ പ്രാർത്ഥന ഒരിക്കലും എന്നെ അനുവദിക്കുന്നില്ല.
  3. ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട്. അതാണ് എല്ലാറ്റിലും മികച്ച പദ്ധതി. ദൈവം അത് നിറവേറ്റാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കോ “വിശ്വസ്തമായ” പ്രാർത്ഥനകൾക്കോ ആ തീരുമാനത്തെ തടസ്സപ്പെടുത്താൻ കഴിയില്ല. ദൈവത്തിന്‍റെ നിര്‍ണ്ണയങ്ങൾ ഒരു വിധത്തിലും മാറ്റാൻ കഴിയുന്നതല്ല (ഇയ്യോബ് 23:13).

“ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ, അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആശ്വാസമാണ് നമ്മിൽ ഉളവാക്കുന്നത്. കാരണം, ഒരു പദ്ധതിയുമില്ലാതെ എല്ലാം കുഴപ്പത്തിലാക്കുന്ന ഒരു ദൈവത്തെ ആരാണ് മാനിക്കുക? എല്ലാ കാലങ്ങളിലേയ്ക്കും എല്ലാ സംഭവങ്ങളിലേയ്ക്കും വ്യാപിക്കുന്ന ഒരു വലിയ ഇച്ഛാശക്തി ഉള്ളവനാണ് ദൈവം എന്നത് എത്ര സന്തോഷകരമായ സത്യമാണ്! കാരണം അതു മുഖാന്തരം എല്ലാം ശരിയായ സ്ഥാനത്താണെന്നും അത് ഓരോ സംഭവങ്ങളിലും ശരിയായ സ്വാധീനം ചെലുത്തുന്നുവെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. ദൈവം തന്‍റെ പദ്ധതി നടപ്പിലാക്കുമെന്ന സത്യവും വളരെ സന്തോഷകരമാണ്. കാരണം അവന്‍റെ  പദ്ധതികൾ നല്ലതും ജ്ഞാനത്തോടു കൂടിയതുമാണ്. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്ന  വിഷയമല്ലേ? ഒരു നല്ല പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് വളരെ അപകടകരമാണ്. പിന്നെ എന്തിനാണ് മനുഷ്യർ ദൈവത്തിന്‍റെ പദ്ധതികളിലും കൽപ്പനകളിലും മടുത്തു പോകുന്നത്?” (ചാൾസ് സ്പർജന്‍റെ ഇയ്യോബ് 23:13 ആധാരമാക്കിയുള്ള പ്രസംഗത്തിൽ നിന്ന്).

പ്രാർത്ഥനയെക്കുറിച്ചുള്ള തെറ്റായ വീക്ഷണം പെട്ടെന്ന് തന്നെ നിരാശയിലേയ്ക്കും അവിശ്വാസത്തിലേയ്ക്കും നയിക്കുന്നു. ഇതാണ് ഇന്നത്തെ  ആത്മാർത്ഥതയുള്ള അനേകം വിശ്വാസികളുടെയും ജീവിതത്തിൽ നിരാശയ്ക്കും നിരുത്സാഹത്തിനും പ്രധാനമായും കാരണമാകുന്നത്. റേഡിയോയിലും ടിവിയിലും “രോഗശാന്തി നൽകുന്ന ദാസന്മാർ “ എന്ന് വിളിക്കപ്പെടുന്നവരുടെ പരിപാടികൾ കേൾക്കുന്നവരിലാണ് ഈ ദുരവസ്ഥ പ്രത്യേകിച്ച് കാണപ്പെടുന്നത്. ഞാൻ എല്ലാ ആഴ്ചകളിലും നയിച്ച ബൈബിൾ പഠന ക്ലാസുകളിൽ  ഒരു സ്ത്രീ വളരെ വിഷാദാവസ്ഥയിൽ ആയിരുന്നു  പങ്കെടുത്തിരുന്നത്. പക്ഷേ സാധാരണയായി അവര്‍ ദൈവകൃപയിൽ സന്തോഷിച്ചുകൊണ്ട് തിരിച്ചുപോകുമായിരുന്നു. ഒടുവിൽ, എല്ലാ ഞായറാഴ്ചയും ഒന്നിനു പുറകെ ഒന്നായി ടിവിൽ വാക്യം പറയുന്നവരുടെ പ്രസംഗങ്ങൾ കേൾക്കുമായിരുന്നെന്ന് അവര്‍ എന്നോട് സമ്മതിച്ചു. അവരുടെ പ്രസംഗങ്ങൾ കേട്ടതിനാൽ തന്‍റെ ഉത്കണ്ഠ വർദ്ധിച്ചതായി അവർ പറഞ്ഞു. താൻ സുഖം പ്രാപിക്കാത്തതിനാൽ തനിക്ക് ക്രിസ്തുവിൽ വിശ്വാസമുണ്ടോ എന്ന് അവര്‍ സംശയിക്കാൻ തുടങ്ങി. ദൈവം തന്നെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും, ക്രിസ്തു അതിനുവേണ്ടി എല്ലാം ഒരുക്കിയിട്ടുണ്ടെന്നും, എന്നാൽ  തെറ്റ് മൊത്തം തന്‍റെ സ്വന്തം വിശ്വാസത്തിലാണെന്നും അവര്‍ ശരിക്കും വിശ്വസിച്ചു. ടിവിയിൽ കാണുന്ന രോഗശാന്തി ശുശ്രൂഷകരുടെ തെറ്റായ പഠിപ്പിക്കലുകൾ ശ്രദ്ധിക്കരുതെന്ന് ഞാൻ എത്ര പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. അവരുടെ ശാരീരികവും ആത്മീയവുമായ അവസ്ഥ വളരെ വഷളായിക്കൊണ്ടിരുന്നു.

രോഗശാന്തി  ശുശ്രൂഷകന്മാരുടെ പ്രാർത്ഥനയും രോഗശാന്തിയെക്കുറിച്ചുള്ള സിദ്ധാന്തവും  വളരെ സ്നേഹമുള്ളതായി തോന്നും. നമ്മുടെ ക്ഷേമത്തിൽ ആത്മാർത്ഥമായി താല്പര്യമുള്ള, സഹാനുഭൂതിയുള്ള  വ്യക്തിയായിട്ടാണ് രോഗശാന്തി നൽകുന്നയാൾ കാണപ്പെടുന്നത്. അവന്‍റെ ദൈവം വളരെ ദയാലുവും ഉദാരമതിയുമായി കാണപ്പെടും. എന്നാൽ വാസ്തവത്തിൽ, സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ആ പ്രസംഗകനും, തന്‍റെ സിദ്ധാന്തവും, ദൈവവും - എല്ലാം  വളരെ ക്രൂരന്മാരാണ്. ഈ രോഗശാന്തി ശുശ്രൂഷകർക്ക് വാസ്തവത്തിൽ നമ്മോട് യാതൊരു താൽപ്പര്യവുമില്ല. അവർക്ക് നമ്മുടെ പണത്തിൽ മാത്രമാണ് താൽപ്പര്യം. അവരിൽ പലരും ആളുകളുടെ കഷ്ടപ്പാടുകൾ, നിരാശകൾ, രോഗങ്ങൾ  എന്നിവ കൊണ്ട് ചില്ലറ വ്യാപാരം ചെയ്ത് ധനമുണ്ടാക്കുന്നവരാണ്. ഇവ വളരെ കഠിനമായ വാക്കുകളാണെന്ന് എനിക്കറിയാം. എന്നാൽ സമ്പന്നരാകാൻ വേണ്ടി നമ്മില്‍ തെറ്റായ പ്രതീക്ഷകൾ വളർത്താൻ ക്രിസ്തുവിന്‍റെ നാമം മനഃപൂർവ്വം ഉപയോഗിക്കുന്നവരെ അപലപിക്കാൻ എത്ര കഠിനമായ ഭാഷ ഉപയോഗിച്ചാലും മതിയാകില്ല.

“എന്നാൽ വിശ്വാസത്തോടെ കൂടിയ പ്രാർത്ഥന ദീനക്കാരെ രക്ഷിക്കും” എന്ന് ബൈബിൾ പറയുന്നില്ലേ? ഈ ഉപദേഷ്ടാക്കൾ ഉപയോഗിക്കുന്ന യാക്കോബിന്‍റെ ലേഖനത്തിലെ ഈ വാക്കുകൾ നമുക്ക് ശ്രദ്ധാപൂർവ്വം പരിശോധിക്കാം. രോഗശാന്തി വരമുള്ള ഈ മഹാന്മാർ ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്ന സത്യം എത്രത്തോളം പിൻതുടരുന്നുവെന്ന് നമുക്ക് നോക്കാം.

“നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്‍റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും…” (യാക്കോബ് 5:14-15).

ഈ വാക്യങ്ങൾ അനുസരിച്ച് നോക്കിയാൽ,  രോഗിയായ ആൾ എന്തുചെയ്യണം? ആദ്യം, അവൻ സഭയിലെ മൂപ്പന്മാരെ വിളിക്കണം. “മൂപ്പന്മാർ” എന്ന വാക്ക് ബഹുവചനമാണ്. രോഗി അവരെ വിളിപ്പിക്കണം. ആ മൂപ്പന്മാർ (ബഹുവചനം) രോഗിയുടെ അടുത്ത് വന്ന് “അവനുവേണ്ടി പ്രാർത്ഥിക്കണം.” മുകളിൽ പറഞ്ഞ വാക്യവും, ഒരാൾ കൂടാരം അടിച്ച്  രോഗികളെ തന്‍റെ അടുത്തേക്ക് വിളിക്കുന്നതും  തമ്മിൽ വ്യത്യാസമുണ്ട്. അബോധാവസ്ഥയിലുള്ള ഒരു രോഗിയെ രോഗശാന്തി മീറ്റിംഗിലേക്ക്  ആരെങ്കിലും കൊണ്ടുവരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രോഗശാന്തിക്കായി പ്രാർത്ഥിക്കുന്ന ഒരു ശൂശ്രുഷകൻ സഹായം ആവശ്യപ്പെട്ടവരെ  സുഖപ്പെടുത്താൻ ആശുപത്രിയിൽ പോകുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

രണ്ടാമതായി, മൂപ്പന്മാർ “അവനു വേണ്ടി എണ്ണ പൂശി പ്രാർത്ഥിക്കണം.” ഇവിടെ ആരാണ് പ്രാർത്ഥിക്കേണ്ടതെന്ന് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വേദഭാഗം “ആ മൂപ്പന്മാർ” എന്ന് പറഞ്ഞിരിക്കുന്നു. ഇവിടെ രോഗി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചോ അവന്‍റെ വിശ്വാസത്തെക്കുറിച്ചോ  ഒന്നും പറയുന്നില്ല.

മൂന്നാമതായി, മൂപ്പന്മാർ ചെയ്യുന്ന “വിശ്വാസത്തോടു കൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും.” പ്രാർത്ഥിക്കുന്നവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രോഗശാന്തി ഉണ്ടാകുന്നതെന്ന് ഇവിടെ വ്യക്തമാണ്. മൂപ്പന്മാരാണ് പ്രാർത്ഥിക്കുന്നതെന്ന് ഈ വാക്യ ഭാഗം വ്യക്തമായി സൂചിപ്പിക്കുന്നു. വിശ്വാസത്താലാണ് സൗഖ്യം എന്ന് അവകാശപ്പെടുന്നവർ ഈ വാക്യത്തെ പൂർണ്ണമായും വളച്ചൊടിക്കുകയും രോഗം സൗഖ്യമാകുന്നതിന്‍റെ  ഉത്തരവാദിത്തം രോഗിയുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു! എന്നാൽ യാക്കോബ് പറയുന്നത്, രോഗി സുഖം പ്രാപിച്ചില്ലെങ്കിൽ, അത് അവന്‍റെ സൗഖ്യത്തിനായി പ്രാർത്ഥിച്ചവർക്ക് “വിശ്വാസത്തോടെയുള്ള പ്രാർത്ഥനയിൽ” വേണ്ടത്ര വിശ്വാസം ഇല്ലായിരുന്നതുകൊണ്ടാണ് എന്നാണ്. പക്ഷേ ടിവിയിൽ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നവർ എന്തിനാണ് രോഗിയുടെ മേൽ ആ ബാദ്ധ്യത വയ്ക്കുന്നത്? അത്തരം സംപ്രേക്ഷണങ്ങളിൽ  ഏത് നോക്കിയാലും, “തല വീണാൽ ഞാൻ ജയിക്കും, വാൽ വീണാൽ നിങ്ങൾ തോൽക്കും.” എന്ന വികാരമാണ് മീറ്റിംഗിന്‍റെ  അവസാനം കാണുകയും കേൾക്കുകയും ചെയ്യുന്നത്…

ഒന്നാമതായി, ഈ അത്ഭുത രോഗസൗഖ്യം ചെയ്യുന്നയാൾ, ദൈവം തന്നെ എങ്ങനെയാണ് വിളിച്ചതെന്നും, എങ്ങനെയാണ് തനിക്ക് രോഗശാന്തിയുടെ വരം നൽകിയതെന്നും, എങ്ങനെയാണ് ഈ രോഗശാന്തി ശുശ്രൂഷ തന്നെ ഏൽപ്പിച്ചതെന്നും പറയുന്നു. പിന്നീട്, ആ വരത്തിന്‍റെ ശക്തി തന്നിലൂടെ എങ്ങനെയാണ് പ്രസരിക്കുന്നുവെന്ന് അവൻ വിശദീകരിക്കും. ആ ശക്തിയുമായി ബന്ധം സ്ഥാപിക്കാൻ, നിങ്ങൾ അയാളുടെ കൈ തൊടണം അല്ലെങ്കിൽ ടി.വി.യിൽ കൈ വയ്ക്കണം. തന്‍റെ വരത്തെക്കുറിച്ചും ദൈവത്തിൽ നിന്ന് ലഭിക്കുന്ന ശക്തിയെക്കുറിച്ചും പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ ശേഷം, അവൻ ആവേശത്തോടെയും ശക്തിയോടെയും, “സാത്താൻ കൊണ്ടുവന്ന ഈ രോഗത്തിൽ നിന്ന് നിങ്ങൾ വിടുവിക്കപ്പെടണമെന്ന് ഞാൻ ആജ്ഞാപിക്കുന്നു” എന്ന് പ്രാർത്ഥിക്കും. പിന്നെ, അവൻ, “ശക്തിയുള്ള യേശുവിന്‍റെ മഹത്തായ നാമത്തിൽ ഞാൻ സാത്താനെ ശാസിക്കുന്നു.”എന്ന് ഉച്ചത്തിൽ വിളിച്ചു പറയും. എല്ലാവരും കൈകൾ ആട്ടുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ, വലിയ രോഗശാന്തി വരമുള്ള   ആ മനുഷ്യൻ, “വിശ്വാസത്തോടെയുള്ള” തന്‍റെ  ശക്തമായ പ്രാർത്ഥനയോടെ “സാത്താനെ പുറത്താക്കിയ” ശേഷം, രോഗിയുടെ നേരെ തിരിഞ്ഞു കൊണ്ട് “ഇപ്പോൾ നീ നിന്‍റെ വിശ്വാസം ഉപയോഗിച്ച്,  സുഖം പ്രാപിക്കുക.” എന്ന് പറയും.

കാര്യം വളരെ നല്ലതാണ്! അത്ഭുതങ്ങൾ കാണിക്കുന്ന ഈ വ്യക്തി തനിക്കുള്ള സൗഖ്യമാക്കുന്ന വരത്തെക്കുറിച്ച് വീമ്പടിച്ചുകൊണ്ട്,  വിശ്വാസത്തിന്‍റെ  വലിയ പ്രാർത്ഥന ഇപ്പോഴാണല്ലോ ചെയ്തത്! എന്നിരുന്നാലും, രോഗി തന്‍റെ  വിശ്വാസത്തെ  പ്രകടമാക്കുന്നതുവരെ ഒന്നും സംഭവിക്കില്ലത്രേ. എല്ലാം രോഗിയുടെ വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നതെങ്കിൽ, രോഗശാന്തി വരമുള്ള ഒരു വ്യക്തിയുടെ ആവശ്യകത എന്താണ്? എന്ത് സംഭവിച്ചാലും, തനിക്ക് മാത്രം   സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും, താൻ പരാജയപ്പെട്ടില്ലന്നും  അയാൾ  അവകാശപ്പെടുന്നു, മാത്രമല്ല സാഹചര്യത്തെ തന്ത്രപൂർവ്വം തനിക്ക് അനുകൂലമായി  മാറ്റുകയും ചെയ്യുന്നു. രോഗി സുഖം പ്രാപിച്ചാൽ  രോഗശാന്തി വരം ഉള്ള ആൾക്ക് സ്തുതി (കർത്താവിനും കിട്ടും കുറച്ച് സ്തുതി). രോഗശാന്തി സംഭവിച്ചില്ലെങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രോഗശാന്തി നൽകുന്നയാളെയല്ല, മറിച്ച് വിശ്വസിക്കുന്നതിൽ പരാജയപ്പെട്ട "രോഗിയായ വ്യക്തിയെയാണ് കുറ്റപ്പെടുത്തുന്നത്"! ഈ സന്ദർഭത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? രോഗശാന്തി ചെയ്ത ആൾക്ക് രോഗി നൽകിയ  പണം ലഭിച്ചു, പക്ഷേ  രോഗിക്കു മാത്രം തന്‍റെ രോഗം അങ്ങനെതന്നെ അവശേഷിച്ചു. എന്നിരുന്നാലും, രോഗശാന്തിക്കാരൻ മാത്രം,  രോഗി വേണ്ടത്ര വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നു പറഞ്ഞ്  രക്ഷപെടുന്നു. ഇപ്പോൾ, നിർഭാഗ്യവശാൽ, രോഗിക്ക് തന്‍റെ  അനാരോഗ്യത്തോടൊപ്പം താനേതോ തെറ്റ് ചെയ്തു എന്ന കുറ്റബോധവും  ഭരിക്കേണ്ടി വരുന്നു. അയാൾക്ക്  രോഗം അങ്ങനെ തന്നെ അവശേഷിക്കുന്നു, അയാൾ തനിക്ക് ദൈവത്തിൽ വിശ്വാസമില്ലേ? എന്ന സംശയത്താൽ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം പഠിപ്പിക്കലിന്‍റെ  സ്വാധീനം വഴി, ഒരു വ്യക്തി താൻ സൗഖ്യം പ്രാപിക്കാതിരിക്കുന്നതിന് നൂറു ശതമാനം ഉത്തരവാദിത്വം തനിക്കാണന്ന് വിശ്വസിക്കുമെന്ന് ഉറപ്പാണ്. “വിശ്വാസത്തോടെയുള്ള പ്രാർത്ഥന” എന്ന വചനത്തെ വളച്ചൊടിച്ച് പഠിപ്പിച്ച ആ വഞ്ചകനാണ് മനസ്സാക്ഷിയിൽ ഈ കുറ്റബോധം അടിച്ചേല്പിച്ചത്.

ഞാൻ ദയയില്ലാത്തവനും സ്നേഹമില്ലാത്തവനും ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ എന്നോട് ക്ഷമിച്ചാലും. എന്നാൽ ദുരിതത്തിലായിരിക്കുന്നവരോട് ദൈവം വാഗ്ദാനം ചെയ്തിട്ടില്ലാത്തത്  നൽകുമെന്ന് പ്രഖ്യാപിച്ചിട്ട്, പിന്നീട് “അത് സ്വീകരിക്കാൻ നിങ്ങൾക്ക് വിശ്വാസമില്ല” എന്ന് പറയുന്നതിനെക്കാൾ വെറുപ്പുളവാക്കുന്നതും ക്രൂരവുമായ മറ്റൊന്നുമില്ല. ശക്തി നിങ്ങളിലൂടെ ഒഴുകുന്നുവെന്ന് പറയുകയും പിന്നീട് അത് സ്വീകരിക്കുന്നതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും രോഗിയുടെ മേൽ കെട്ടിവയ്ക്കുകയും ചെയ്ത് കൈകൾ കഴുകുന്നത്  കൂടുതൽ നീചമാണ്. ഇത് വഞ്ചനയും ക്രൂരതയുമാണ്.

'രോഗസൗഖ്യം വിൽക്കുന്ന' ഈ ചില്ലറ വ്യാപാരികളുടെ ക്രൂരത സ്വന്തം കണ്ണുകൊണ്ട് കാണണമെങ്കിൽ, തിങ്കളാഴ്ച രാവിലെ പക്ഷാഘാതം പോലുള്ള രോഗികൾക്ക് ശുശ്രൂഷ ചെയ്യുന്ന ഒരു സ്ഥാപനം സന്ദർശിക്കുക. കഴിഞ്ഞ രാത്രിയില്‍ തന്നെ സുഖം പ്രാപിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയ, ജീവിതത്തിൽ ഇപ്പോഴും  ഏറ്റുപറഞ്ഞുപേക്ഷിക്കാത്ത എന്തെങ്കിലും പാപമുണ്ടോ എന്ന് സ്വയം പരിശോധിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയോട് സംസാരിക്കുക. ഭേദമാക്കാനാവാത്ത രോഗം കൊണ്ട് പ്രയാസപ്പെടുന്ന നിസ്സഹായനായ ഒരാളുടെ വേദന മനസ്സിലാക്കുക. "എനിക്ക് സുഖം പ്രാപിക്കാൻ ആവശ്യമായ വിശ്വാസം എങ്ങനെ ലഭിക്കും?" അല്ലെങ്കിൽ "ദൈവം എന്നെ സ്നേഹിക്കുന്നില്ലാത്തതിനാൽ  അവൻ എന്നെ സൗഖ്യമാക്കുന്നില്ല" എന്ന് പറയുന്നവരുടെ മാനസിക വേദന മനസ്സിലാക്കുക. ഇത് കാണുമ്പോൾ,  ടി.വി.യിലും റേഡിയോയിലും കാണുന്ന സ്നഹമുണ്ടെന്ന് പറയുന്ന, ധനമോഹികളെ  ചാട്ടവാറു കൊണ്ട് അടിക്കാനും അവരുടെ ക്രൂരതയ്ക്കുള്ള പ്രതിഫലമായി അവരെ ജയിലിലടയ്ക്കാനും തക്കവണ്ണമുളള കോപം ജ്വലിക്കുന്നു.

 പ്രശസ്തനായ ഒരു രോഗശാന്തിക്കാരൻ എഴുതിയ ഒരു പുസ്തകം എന്‍റെ  ഓർമ്മയിലേക്ക് വരുന്നു. അതിൽ അദ്ദേഹം വീൽചെയറിൽ ഇരിക്കുന്ന ഒരു വികലാംഗയായ സ്ത്രീയെ കുറിച്ച് വിവരിക്കുന്നുണ്ട്. അവർ ടി.വി.യില്‍  അദ്ദേഹത്തെക്കുറിച്ച്  കേട്ട്, മീറ്റിംഗുകളിൽ പങ്കെടുക്കാനുള്ള ആശയോടെ അനേക മൈലുകൾ സഞ്ചരിച്ചാണ് വന്നത്. അയാളുടെ സന്ദേശങ്ങളിലൂടെ, “ദൈവത്തിന്‍റെ ശക്തിയിലും” സുഖപ്പെടുത്താനുള്ള അവന്‍റെ സന്നദ്ധതയിലും ആ സ്ത്രീക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.” അവിടെ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ആ ചെറിയ പുസ്തകത്തിൽ ഇങ്ങനെ എഴുതി.

“ഞാൻ അവരുടെ തലയിൽ കൈവെച്ച് വിശ്വാസത്തോടെ പ്രാർത്ഥിച്ചു. ദൈവത്തിന്‍റെ ശക്തി എന്നിലൂടെ പ്രവഹിക്കുന്നത് എനിക്ക് അനുഭവപ്പെടുകയും, ഒരു വലിയ അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ നോക്കി കൊണ്ട് ഇരിക്കുകയും ചെയ്തു. ഞാൻ കണ്ണുതുറന്നപ്പോൾ, ആ സ്ത്രീയുടെ മുഖത്തും കണ്ണുകളിലും പ്രതീക്ഷ വ്യക്തമായി കാണാൻ കഴിഞ്ഞു. ഞാൻ അവരുടെ കൈ പിടിച്ചു കൊണ്ട് പതുക്കെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അവര്‍ എഴുന്നേൽക്കാൻ തുടങ്ങിയിട്ട്, പെട്ടെന്ന് നിന്നു പോയി. അവരുടെ കണ്ണുകളിൽ ഭയം കാണുകയും അവർ നിരാശയോടും അവിശ്വാസത്തോടും കൂടെ തിരിച്ച് കസേരയിലേക്ക് ഇരുന്നുപോകുകയും ചെയ്തു.”

ഇത്  ആദ്യമായി വായിച്ചപ്പോൾ എനിക്ക് എത്ര ദേഷ്യം വന്നോ, അത്ര തന്നെ  ദേഷ്യം വായിക്കുന്ന നിങ്ങൾക്കും വന്നുവെന്ന് ഞാൻ കരുതുന്നു. കഥ അവിടെ അവസാനിച്ചില്ല. കൂടുതൽ വായിക്കുന്തോറും അവന്‍റെ ക്രൂരതയിൽ എനിക്ക് ദേഷ്യം കൂടിക്കൂടി വന്നു.

“... പതുക്കെ ഞാൻ അവളുടെ കൈ വിട്ടുകളഞ്ഞു. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. ദൈവത്തിന്‍റെ രോഗശാന്തി സന്ദേശം ഞാൻ അവര്‍ക്ക് നൽകി. വിശ്വസിക്കാൻ ഞാൻ അവരോട് അപേക്ഷിച്ചു. എന്നാൽ സൗഖ്യമാകാൻ ആവശ്യമായ വിശ്വാസം അവര്‍  കാണിച്ചില്ല. അവളെ സഹായിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തുവെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇതിൽ വളരെ ദുഃഖമുണ്ട്.”

ഇതിനേക്കാൾ ക്രൂരനും കഠിനഹൃദയനുമായ ആരെയെങ്കിലും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അയാൾ ആ സ്ത്രീയിൽ തെറ്റായ പ്രതീക്ഷ നിറച്ചു. അവൻ സാത്താന്‍റെ ശക്തിയെ പുറത്താക്കുന്നതായി നടിച്ചു. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതായി നടിച്ചു, അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. പിന്നെ എഴുന്നേൽക്കാത്തതിന് അവൻ അവളെ ശാസിച്ചു! “അവളെ സഹായിക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു” എന്ന് പറയാൻ പോലും അയാൾ ധൈര്യപ്പെട്ടു. അവൻ അവർക്ക് വാസ്തവത്തിൽ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. താൻ എന്താണ് ചെയ്തതെന്ന് തന്‍റെ ഉള്ളിൽ അയാള്‍ക്കും അറിയാം. പക്ഷേ ദുഃഖകരമായ കാര്യം, പണം കിട്ടുന്നിടത്തോളം കാലം അയാൾക്ക് അതൊന്നും പ്രശ്നമല്ല എന്നതാണ്. ഇതിനെ “സ്നേഹവും ദയയും” എന്നാണ് വിളിക്കുന്നതെങ്കിൽ, നിങ്ങൾ  കല്ലുപോലെയുള്ള ഹൃദയമുള്ള  ആളാണ്.

ദുഃഖകരമായ കാര്യം എന്തെന്നാൽ പല ക്രിസ്ത്യാനികൾക്കും ദൈവശാസ്ത്രത്തിൽ താൽപ്പര്യമില്ല എന്നതാണ്. അതുകൊണ്ട് തന്നെ, പല പ്രശ്നങ്ങളുടെയും മൂലകാരണം തിരിച്ചറിയുന്നതിൽ അവർ പലപ്പോഴും പരാജയപ്പെടുന്നു. രോഗ സൗഖ്യം നടത്തുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ദൈവശാസ്ത്രം മനസ്സിലാക്കുന്നവർ ചുരുക്കമാണ്. എന്നിരുന്നാലും, “അയാൾ ആത്മാർത്ഥതയുള്ളവനല്ലേ?” എന്ന മനോഭാവം പലർക്കും ഉള്ളത് വ്യാജ ഉപദേഷ്ടാക്കളെ തുറന്നുകാട്ടുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു. ഈ രോഗശാന്തി ഗൂഢാലോചന മൊത്തം  തെറ്റായ ദൈവശാസ്ത്രത്തിൽ അധിഷ്ഠിതമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നതുവരെ ഇതിൽ ഒളിഞ്ഞിരിക്കുന്ന വഞ്ചന പുറത്തുവരില്ല. ക്രിസ്തുവിന്‍റെ പാപപരിഹാര വേലയെക്കുറിച്ച് ഈ രോഗശാന്തി ഉപദേഷ്ടാക്കൾക്ക് തെറ്റായ വീക്ഷണമാണുള്ളത്. നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിച്ചതുപോലെ, നമ്മുടെ ശാരീരിക രോഗങ്ങൾക്കുവേണ്ടിയും അവൻ കഷ്ടം അനുഭവിച്ചു എന്ന് അവർ വിശ്വസിക്കുന്നു. വിശ്വാസത്തിലൂടെ പാപമോചനം ലഭിക്കുന്നതുപോലെ, വിശ്വാസത്തിലൂടെ രോഗശാന്തിയും ലഭിക്കുമെന്ന് അവർ പഠിപ്പിക്കുന്നു.

അത്തരമൊരു പാപപരിഹാര ദൈവശാസ്ത്രം ശരിയാണെങ്കിൽ, രോഗിയായി തീരുന്നത് പോലും പാപമാണെന്ന അർത്ഥമാണ് അത് നൽകുന്നത്. പാപമോചനം നിരസിക്കുന്നത് എത്ര ഭയാനകമാണോ, അതുപോലെ തന്നെ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാൻ വിസമ്മതിക്കുന്നതും ഭയാനകമായ പാപമാകും. നശിച്ചുപോകുന്നവരുടെ രക്ഷയെ തടയുന്നത് അവിശ്വാസമെന്ന പാപമാണെങ്കിൽ, രോഗികളെ സൗഖ്യമാകുന്നതിൽ നിന്ന് തടയുന്നതും ആ അവിശ്വാസമെന്ന പാപമാണ്. പശ്ചാത്താപമില്ലാതെ പാപത്തിൽ തുടരുന്നവർ കുറ്റക്കാരാകുന്നതുപോലെ, സുഖം പ്രാപിക്കാത്ത രോഗികളും തങ്ങളുടെ രോഗത്തിൽ തുടരുന്നതിലൂടെ കുറ്റക്കാരാകുന്നു. അതുകൊണ്ട്, ഒരുവന്‍റെ  വീണ്ടെടുപ്പിനായി "ക്രിസ്തു മുഴുവൻ വിലയും നൽകി" എന്ന സന്ദേശം കേട്ടതിനുശേഷം പാപത്തിന്‍റെയോ രോഗത്തിന്‍റെയോ അവസ്ഥയിൽ തുടരുന്നത് ഒരാളെ ഇരട്ടി കുറ്റക്കാരനാക്കുന്നു. ഈ രോഗശാന്തി ശുശ്രൂഷകരുടെ അടിസ്ഥാന സിദ്ധാന്തം ശരിയാണെങ്കിൽ, അതിന്‍റെ ഫലങ്ങളും ശരിയാണ്. നേരെമറിച്ച്, അവരുടെ ദൈവശാസ്ത്രം തെറ്റാണെങ്കിൽ, അത് കഷ്ടത അനുഭവിക്കുന്ന വിശുദ്ധന്മാരുടെ ജീവിതത്തിൽ കൂടുതൽ ആശയക്കുഴപ്പം ഉളവാക്കുന്നു. അതുകൊണ്ട് ഇപ്പോൾ പ്രായശ്ചിത്തത്തിന്‍റെ  യഥാർത്ഥ സ്വഭാവവും അതിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സിദ്ധാന്തവും അത്ര പ്രധാനമല്ലെന്ന് ആർക്കാണ് പറയാൻ കഴിയുക?

യാക്കോബിന്‍റെ പുസ്തകം അവസാനിപ്പിക്കുന്നതിനുമുമ്പ്, ഏലിയാവ് ആകാശം അടച്ച് ക്ഷാമം വരുത്തിയതിനെക്കുറിച്ച് യാക്കോബ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം. താഴെയുള്ള വചനങ്ങളിൽ മികച്ച ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നു.

“ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാര്‍ത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോൾ ആകാശത്തു നിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു” (യാക്കോബ് 5:17-18).

അതായത് ദൈവം  കാലാവസ്ഥയുടെ മേലുള്ള തന്‍റെ അധികാരത്തെ ഏലിയാവിന്  നൽകിക്കൊണ്ട്,  മഴ എപ്പോള്‍ പെയ്യണം എപ്പോള്‍ പെയ്യണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം അവന് നൽകി എന്ന് നാം മനസ്സിലാക്കണമോ? ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള  മനുഷ്യനായതുകൊണ്ട്, നമുക്കും അവനെപ്പോലെ പ്രാർത്ഥിക്കാനും കാലാവസ്ഥ നിയന്ത്രിക്കാനും കഴിയുമെന്നാണോ ദൈവം പറയുന്നത്? രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സുവിശേഷ യോഗത്തിനായി ഒരു സുവിശേഷകൻ മഴ പെയ്യിക്കരുതെന്ന് പ്രാർത്ഥിക്കുമ്പോൾ, ഒരു ക്രിസ്തീയ കർഷകൻ തന്‍റെ  വിളകൾക്ക് വേണ്ടി മഴ അയക്കാൻ പ്രാർത്ഥിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? ആരുടെ പ്രാർത്ഥനയ്ക്കായിരിക്കും ദൈവം ഉത്തരം നൽകുക? 

ഏലിയാവിനെപ്പോലെ ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആകാശം അടയ്ക്കാൻ നിങ്ങൾ പ്രാർത്ഥിച്ചപ്പോൾ ഏകദേശം മൂന്ന് വർഷത്തേയ്ക്ക് മഴ പെയ്തില്ലെന്ന് സങ്കൽപ്പിക്കുക. പുല്ലു കിട്ടാതെ മിക്കവാറും എല്ലാ കന്നുകാലികളും ചത്തുപോയി. അരിമണികള്‍ കിട്ടാതെ കോഴിക്കുഞ്ഞുങ്ങളും ചത്തു പോയി. പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിച്ചു പോകുന്നു. ഇത് കാണുമ്പോൾ ആളുകൾ നിങ്ങളെ ശപിക്കുകയും മഴയ്ക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എല്ലാവരും നിങ്ങളെ ദയയോ കരുണയോ ഇല്ലാത്ത ക്രൂരനായ ഒരു രാക്ഷസനായി കരുതും. "നിങ്ങള്‍ മഴയ്ക്കു വേണ്ടി എന്തുകൊണ്ട് പ്രാർത്ഥിക്കുന്നില്ലെന്ന് ", അവർ ചോദിക്കും. ഏലിയാവ് എന്തുകൊണ്ട് പ്രാർത്ഥിച്ചില്ല? ആളുകൾ കഷ്ടപ്പെടുന്നത് കണ്ട് സന്തോഷിക്കുന്ന സ്വഭാവം അവനുണ്ടോ? ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. എന്തിനുവേണ്ടി  പ്രാർത്ഥിക്കണമോ, എപ്പോൾ പ്രാർത്ഥിക്കണമോ ദൈവം തന്നെ ഏലിയാവിന്  നിർദ്ദേശിച്ചു. 1 രാജാക്കന്മാർ 17-18 ലെ കഥ വീണ്ടും വായിക്കുക. അവിടെ ഏലീയാവ് ശരിക്കും  മഴ നിലയ്ക്കാനും, പിന്നീട് പെയ്യാനും കൽപ്പിച്ചതായി നിങ്ങൾക്ക് കാണാൻ കഴിയും. എന്നിരുന്നാലും, ദൈവം അവനോട് അങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ മാത്രമാണ് അവൻ അങ്ങനെ ചെയ്തതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ, ഒരു പ്രത്യേക ജനതയെ (യിസ്രായേൽ) മാനസാന്തരത്തിലേക്ക് നയിക്കാൻ അവർക്ക് ഒരു പാഠം പഠിപ്പിക്കാൻ ദൈവം ആഗ്രഹിച്ചു. ആ പാഠം പൂർത്തിയാക്കുന്നതുവരെ, ഏലിയാവിനെന്നല്ല ആര്‍ക്കും  മഴ പെയ്യിക്കാൻ കഴിയില്ല.

ആ സമയത്ത് ചിലർ രാത്രി മുഴുവൻ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഒരു പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചുവെന്ന് കരുതാം. അവർ എത്ര ആളുകൾ ഒത്തുചേർന്ന്, എത്ര ആത്മാർത്ഥമായി, എത്ര നേരം പ്രാർത്ഥിച്ചാലും, അതെല്ലാം വെറുതെയാകും. കാരണം, ദൈവം വരൾച്ച അയച്ചതിലെ ദൈവികമായ ഉദ്ദേശം പൂർത്തിയാകുന്നതുവരെ മഴ പെയ്യുകയില്ല. ഏലിയാവ് ദൈവത്തിന്‍റെ കൈകളിലെ ഒരു ഉപകരണം മാത്രമായിരുന്നു. അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ ദൈവമാണ്. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ, “ദൈവം നല്ലവനാണ്! അവൻ നമുക്ക് മഴ നൽകാൻ ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നതിന് നമുക്ക് വിശ്വാസം ഉണ്ടായിരിക്കണം” എന്ന് ടി. വി. യിൽ വിശ്വാസത്തെ വ്യാപാരമാക്കുന്ന ചില്ലറ വ്യാപാരിയാണ്  രാജ്യത്തെ ഏറ്റവും ക്രൂരനായ വ്യക്തി. ദൈവത്തിന്‍റെ സർവ്വാധികാര ഉദ്ദേശ്യങ്ങൾക്കെതിരെ പോരാടുകയും മഴ പെയ്യുന്നത് തടയുകയും ചെയ്യുന്നത് അങ്ങനെയുള്ളവരാണ്.

എന്നാൽ ഇവിടെ, ദൈവിക രോഗശാന്തിയിൽ എനിക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ഓരോ സൗഖ്യവും ദൈവികമാണ്. ദൈവം മരുന്നിനെയോ ഡോക്ടറുടെ കൈകളെയോ അനുഗ്രഹിച്ചില്ലെങ്കിൽ (അയാൾ വിശ്വാസിയല്ലെങ്കിൽ പോലും), ഒരു നന്മയും സംഭവിക്കില്ല. അത്ഭുത രോഗശാന്തിയിലും ഞാൻ വിശ്വസിക്കുന്നു. യാതൊരു മരുന്നും ഉപയോഗിക്കാതെ, ദൈവം നേരിട്ട് നൽകുന്ന  സൗഖ്യമാണിത്. എന്നാൽ  ക്രിസ്തു തന്‍റെ യാഗത്തിലൂടെ എല്ലാ രോഗങ്ങൾക്കും സൌഖ്യം വാങ്ങിയിരിക്കുന്നതിനാൽ, വിശ്വാസത്തിലൂടെ എനിക്ക് അത്ഭുതകരമായ രോഗശാന്തി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

“രക്ഷിക്കപ്പെടാൻ ഞാൻ എന്തു ചെയ്യണം?” എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, പ്രവൃത്തികൾ 16:31 നോക്കൂ എന്ന് ഞാൻ പറയും. അവിടെ പൗലോസ് പറഞ്ഞത്, “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും.” എന്നാണ്. എന്നാൽ “സൌഖ്യം പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് നിങ്ങൾ ചോദിച്ചാൽ, “ദൈവത്തിന്‍റെ പൂര്‍ണ്ണ ഹിതം നിറവേറ്റത്തക്കവണ്ണം അവനോട് പ്രാർത്ഥിക്കുക. അവൻ നിങ്ങൾക്ക് ധൈര്യവും അചഞ്ചലമായ വിശ്വാസവും നൽകുവാനും, അവൻ എന്ത് ചെയ്താലും അവനിൽ ആശ്രയിക്കാനുള്ള കൃപയ്ക്കു വേണ്ടിയും അപേക്ഷിക്കുക എന്ന് ഞാൻ പറയും.” പാപത്തിൽ നിന്ന് രക്ഷിക്കപ്പെട്ടതുപോലെ, രോഗത്തിൽ നിന്ന് നിങ്ങൾ സുഖം പ്രാപിക്കുമെന്ന് ബൈബിളിലെ ഒരു വാക്യവും ഉറപ്പായി പറയുന്നില്ല.

ദൈവിക രോഗശാന്തിയിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നുവെന്ന് വീണ്ടും   ആവർത്തിക്കുന്നു. പക്ഷേ ദൈവിക രോഗശാന്തി വരം ഉണ്ടെന്ന് അവകാശപ്പെടുന്നവരെ മാത്രം ഞാൻ വിശ്വസിക്കുന്നില്ല. ദൈവം തന്‍റെ  കൃപയാലും ശക്തിയിലും ഒരു അത്ഭുതം ചെയ്യുന്നതും, ആ ശക്തിയും കൃപയും മറ്റുള്ളവരിലേക്ക് പകരാനുള്ള വരം ഒരു വ്യക്തിക്ക് നൽകുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. രോഗശാന്തി  നടത്താമെന്ന് തന്നത്താൻ പ്രഖ്യാപിക്കുന്ന ആൾ,  തന്‍റെ വഞ്ചനയെ തുടർന്നു കൊണ്ടു പോകാനായി വചനത്തെ ദുരുപയോഗം ചെയ്യുന്നതിനെ ഞാൻ പൂർണ്ണമായും എതിർക്കുകയും അതിനെക്കുറിച്ച് ദുഃഖിക്കുകയും ചെയ്യുന്നു. അതിലൂടെ അയാള്‍ സൃഷ്ടിക്കുന്ന ദുഃഖവും നിരാശയും കണ്ട് വളരെയധികം ഭാരപ്പെടുന്നു.

അത്ഭുതകരമായ രോഗശാന്തി ശുശ്രൂഷകൾ നടത്തുന്ന ഒരാളോട്, രോഗശാന്തിക്കായുള്ള പ്രാർത്ഥനയുടെ അവസാനം, “എന്‍റെ ഇഷ്ടമല്ല, നിന്‍റെ  ഇഷ്ടം നിറവേറട്ടെ” എന്ന് ചേർക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു നോക്കുക. അത്തരമൊരു വാചകം ചേർക്കുന്നത് അവിശ്വാസം എന്ന പാപമാണെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. എല്ലാ രോഗങ്ങളിൽ നിന്നും സുഖം പ്രാപിക്കുന്നത് എപ്പോഴും ദൈവഹിതമാണെന്ന മിഥ്യാധാരണയിൽ കഴിയുന്നതിനാൽ, അങ്ങനെ പറഞ്ഞുകൊണ്ട് രക്ഷപ്പെടാൻ ആണ് അദ്ദേഹം  ശ്രമിക്കുന്നത്. "നിങ്ങൾക്ക് വേണ്ടത് വിശ്വാസം മാത്രമാണ്." രോഗശാന്തിക്കാരന്‍റെ   പണം സമ്പാദിക്കാനുള്ള പദ്ധതി മുഴുവൻ ഈ ദുഷ്ട ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണുള്ളത്. “അത്ഭുതകരമായി സുഖം പ്രാപിച്ച” കുറഞ്ഞത് അഞ്ച് പേരെയെങ്കിലും ഞാൻ അടക്കം ചെയ്തിട്ടുണ്ട്, എന്ന് പ്രശസ്തനായ ഒരു രോഗശാന്തി ശുശ്രൂഷകൻ പറഞ്ഞു. “അവർ വിശ്വാസത്താൽ ആ സൗഖ്യത്തെ മുറുകെ പിടിക്കാതിരുന്നതുകൊണ്ട് അവർ ആ രോഗ സൗഖ്യം നഷ്ടപ്പെടുത്തി കളഞ്ഞു!” യേശു സുഖപ്പെടുത്തിയവരിൽ ആർക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് എന്നെ കാണിച്ചു തന്നാലും!

രോഗസൗഖ്യം നൽകാമെന്ന്  അവകാശപ്പെടുന്നവരുടെ “ആരോഗ്യവും സമ്പത്തും” എന്ന സുവിശേഷം ഏഷ്യയിലും ആഫ്രിക്കയിലും ലോകമെമ്പാടും ഉള്ള  ദരിദ്രരും രോഗികളുമായ വിശ്വാസികൾക്ക് അപമാനമാണ്. ഫാനി ജെ. ക്രോസ്ബി (Fanny J. crosby), ജോണി എറിക്സൺ എന്നിവരെപ്പോലുള്ളവർ, ക്രിസ്തു തങ്ങൾക്കുവേണ്ടി വിലയ്ക്കു വാങ്ങിയ രോഗശാന്തി സ്വീകരിക്കാൻ ആവശ്യമായ വിശ്വാസം ഇല്ലാത്ത ദുഷ്ടരായ അവിശ്വാസികളാണ് നാം എന്ന് വിശ്വസിക്കാൻ ഇത് നമ്മെ നിർബന്ധിക്കുന്നു. ഇതിനർത്ഥം ഈ മഹാന്മാരായ ക്രിസ്ത്യാനികൾ അവരുടെ ജീവിതകാലം മുഴുവൻ അവിശ്വാസത്തിൽ ചിലവഴിച്ചു എന്നാണ്. ഇത് എത്ര അസംബന്ധം!

ഇത് വായിക്കുന്ന ഒരാൾക്ക്, "ഈ വിഷയത്തെക്കുറിച്ച് ഈ എഴുത്തുകാരന് അമിതമായ ഉത്കണ്ഠയുണ്ട്" എന്ന് തോന്നിയേക്കാം. അത് സത്യമാണ്. മനുഷ്യരെ സ്നേഹിക്കുകയും ബൈബിൾ പഠിപ്പിക്കുന്ന ദൈവത്തിന്‍റെ  സർവ്വാധികാര കൃപയുടെ സന്ദേശത്തെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരും ഈ രീതിയിൽ ഉൽക്കണ്ഠ ഉള്ളവരാകണം. ജിമ്മി ബേക്കറിനെപ്പോലെയുള്ള പ്രശസ്തരായ രോഗശാന്തിക്കാരുടെ ലൈംഗിക പാപങ്ങളെക്കാൾ അവർ പ്രസംഗിക്കുന്ന തെറ്റായ സിദ്ധാന്തങ്ങൾ സുവിശേഷത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നത്  ഉറപ്പാണ്. ഈ ജഡികമായ പാപം അവന്‍റെ വരുമാനം കുറയ്ക്കുകയും ഒടുവിൽ അവനെ ബന്ധനത്തിലാക്കുകയും ചെയ്യുന്നു. എന്നാൽ അവന്‍റെ  വക്രമായ സുവിശേഷം അതിൽ വിശ്വസിക്കുന്നവരുടെ ആത്മാക്കളെയാണ് നശിപ്പിക്കുന്നത്. ബേക്കർ, സ്വാഗാർട്ട് തുടങ്ങിയ ചില പ്രമുഖരുടെ അഴിമതിയെക്കാൾ അപകടകരമാണ് അവർ പ്രസംഗിക്കുന്ന വചനവിരുദ്ധമായ സന്ദേശങ്ങൾ എന്ന് ആരെങ്കിലും ഊന്നിപ്പറയേണ്ട സമയമാണിത്.

മുന്നോട്ട് പോകുന്നതിനുമുമ്പ്, ഇതുവരെ നമ്മൾ പരിശോധിച്ച പ്രധാന കാര്യങ്ങൾ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

ഇനി നമുക്ക് പ്രാർത്ഥനയെക്കുറിച്ചും ദൈവത്തിന്‍റെ സർവ്വാധികാരവുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും തിരുവെഴുത്തിൽ നിന്നുള്ള ചില അടിസ്ഥാന പ്രമാണങ്ങൾ പരിശോധിക്കാം.

 അദ്ധ്യായം – 2

പ്രാർത്ഥനയെയും ദൈവത്തിന്‍റെ സർവ്വാധികാരത്തെയും കുറിച്ചുള്ള ആറ് അടിസ്ഥാന സത്യങ്ങൾ

ആദ്യത്തെ അടിസ്ഥാന സത്യം

പഴയനിയമത്തിലേയും പതിയനിയമത്തിലേയും  വിശ്വാസികൾ  ദൈവത്തിന്‍റെ സമ്പൂർണ്ണമായ സർവ്വാധികാരത്തിലും പ്രാർത്ഥനയുടെ ആവശ്യകതയിലും യാതൊരു  പ്രശ്നവുമില്ലാതെ വിശ്വസിച്ചിരുന്നു.

ദാനിയേൽ ഒന്‍പതാം അധ്യായത്തിൽ സർവ്വാധികാരിയായ  ദൈവം എന്താണ് ചെയ്യാൻ പോകുന്നതെന്ന് പ്രവാചകന് കൃത്യമായി അറിയാമായിരുന്നിട്ടും, അവൻ അതിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചു. യിരെമ്യാവിലൂടെ മുമ്പേ  പറയിച്ച പ്രവചനം നിവർത്തിയാക്കുന്ന കൃത്യമായ സമയത്തെക്കുറിച്ച് ദൈവം ദാനിയേലിനെ  അറിയിച്ചു.  ദൈവം എന്താണ് ചെയ്യാൻ പോകുന്നതെന്നും  അത് എപ്പോൾ ആണ് ചെയ്യാൻ പോകുന്നതെന്നും ദാനിയേലിന് കൃത്യമായി അറിയാമായിരുന്നിട്ടും, ഇതൊന്നും ആ വാഗ്ദാനത്തിന്‍റെ  നിവൃത്തിക്കായി പ്രാർത്ഥിക്കുന്നതിൽ നിന്നും അവനെ തടഞ്ഞില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. വാസ്തവത്തിൽ, ഇതിന് നേരെ വിപരീതമാണ് എല്ലായ്പ്പോഴും സത്യം! ദൈവത്തിന്‍റെ സർവ്വാധികാര വാഗ്ദാനങ്ങളിലും ദൈവികമായ കരുതലുകളിലും നമുക്ക് എത്രത്തോളം ഉറപ്പുണ്ടോ, അത്രത്തോളം ഉടമ്പടി പ്രകാരം നമ്മുടേതാക്കപ്പെട്ട കാര്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിക്കണം.

പെന്തക്കോസ്ത് ദിനത്തിനു  ശേഷം ആദിമ സഭയിൽ നടന്ന ആദ്യ പ്രാർത്ഥനാ യോഗം ഇതിന് നല്ലൊരു ഉദാഹരണമാണ്. ഇത് ദൈവത്തിന്‍റെ സർവ്വാധികാരവും, പ്രാർത്ഥനയും തമ്മിലുള്ള ബന്ധത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. പ്രവൃത്തികളുടെ പുസ്തകം നാലാം അദ്ധ്യായത്തിൽ നമുക്ക് ആ വാക്യഭാഗം കാണുവാൻ സാധിക്കും.

“വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു. അതു കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്‍റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ  ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, നീ അഭിഷേകം ചെയ്ത യേശു എന്ന നിന്‍റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,  സംഭവിക്കേണം എന്നു നിന്‍റെ കൈയും നിന്‍റെ ആലോചനയും മുൻനിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം.  ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.  സൗഖ്യമാക്കുവാൻ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ  പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്‍റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു” (അപ്പൊ. പ്രവൃത്തികൾ 4:23-31).

സഭ ആദ്യമായി നേരിട്ട വലിയ പീഡനം കാരണമാണ് ഈ പ്രത്യേക പ്രാർത്ഥനാ യോഗം നടന്നത്. അപ്പോസ്തലന്മാരെ അടിക്കുകയും  യേശുവിന്‍റെ നാമത്തിൽ ഇനി ഒരിക്കലും ഉപദേശിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. വാക്യം 23 ല്‍ പറയുന്നത്, അവർ “കൂട്ടാളികളുടെ അടുക്കൽ ചെന്നു സംഭവിച്ചതെല്ലാം അവരോടു പറഞ്ഞു” എന്നാണ്. അവർ ഒരു കമ്മിറ്റി രൂപീകരിച്ചില്ല. എല്ലാ പുരോഹിതന്മാരെയും യോഗം  ചേരാനായി  വിളിച്ചില്ല.  മറിച്ച്, മുഴുവൻ സഭയും  ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ഒരുമിച്ച് നടപടിയെടുക്കുകയും ചെയ്തു.

വാക്യം 24 -ല്‍ ഭയാനകമായ ഈ സാഹചര്യത്തോട് സഭ എങ്ങനെ പ്രതികരിച്ചുവെന്ന് നമുക്ക് കാണാം. നാം സാധാരണയായി ചെയ്യുന്നതുപോലെ അവർ പ്രാർത്ഥന ആരംഭിച്ചില്ല എന്നത് അതിശയകരമല്ലേ? അവർ ആരാധനയോടെ തുടങ്ങി ദൈവത്തിന് വലിയ മഹത്വവും സർവ്വാധികാരവും ആരോപിച്ചു. നമ്മുടെ എല്ലാ പദ്ധതികളും തകിടം മറിയുമ്പോൾ പോലും നമ്മുടെ പ്രാർത്ഥന, “കർത്താവേ, നീ മാത്രമാണ് ദൈവം. നീ സകലത്തിന്‍റെയും സ്രഷ്ടാവാണ്. ഈ നിമിഷത്തിലും, പരിസ്ഥിതികളും മനുഷ്യരും എല്ലാം നിന്‍റെ നിയന്ത്രണത്തിലാണ്” എന്ന വാക്കുകളോടെ  ആരംഭിക്കില്ല.  നാം ഒരുമിച്ച് ദൈവസന്നിധിയിലേക്ക് ഓടിയെത്തുകയും , നമ്മുടെ പ്രശ്നം മടികൂടാതെ  വെളിപ്പെടുത്തുകയും, ഉടൻ തന്നെ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അവനോട് പരാതിപ്പെടുകയും, അല്ലാത്തപക്ഷം എല്ലാ ശ്രമങ്ങളും വെറുതെയായി പോകുമെന്ന് പറയുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനകൾ യഥാർത്ഥമായ ആരാധനയോടും സ്തുതിയോടും കൂടി ആരംഭിക്കേണ്ടത്, എന്തുകൊണ്ട് ആണ് ഇത്ര പ്രാധാന്യമായിരിക്കുന്നത്?

ഒന്നാമതായി, നമ്മുടെ പ്രശ്‌നങ്ങൾ എന്തുതന്നെ ആയാലും, ദൈവം ആരാധനയ്ക്ക് യോഗ്യനാണ്. രണ്ടാമതായി, ദൈവസന്നിധിയിൽ പ്രവേശിക്കുന്നത് ഒരു വലിയ പദവിയാണെന്ന് നാം എപ്പോഴും ഓർമ്മിക്കണം. ഈ സത്യങ്ങൾ ഓർമ്മിക്കുന്നത് ദൈവത്തെയും, നമ്മുടെ പ്രശ്നങ്ങളെയും ശരിയായ കാഴ്ചപ്പാടിൽ കാണാൻ നമ്മെ സഹായിക്കുന്നു. ഇവ മറന്നു പോകുന്നതു കൊണ്ട് നമ്മുടെ പ്രാർത്ഥനകൾ  വെറും സ്വാർത്ഥതയായി മാറുന്നു. ഇത്തരത്തിൽ, നമ്മുടെ പ്രാർത്ഥനകളിലൂടെ നാം ദൈവത്തെ അപമാനിക്കുന്നവർ ആയിത്തീരുന്നു.

നിങ്ങളുടെ പട്ടണത്തിലെ തദ്ദേശീയരായ അധികാരികൾ നിങ്ങളോട് അന്യായം ചെയ്തുവെന്ന് കരുതുക, നിങ്ങൾ ഉന്നത അധികാരികള്‍ക്ക്  നീതിക്കായി അപ്പീൽ നൽകുകയും ഒടുവിൽ പ്രസിഡണ്ടിന്‍റെ അടുക്കല്‍ വരെ പോകുകയും ചെയ്തു എന്ന് കരുതുക. “അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വാതിലുകൾ തുറന്നപ്പോൾ തന്നെ അകത്തേക്ക് തള്ളിക്കയറി, ആ ദുഷ്ടന്മാർ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ രാജ്യത്തിന്‍റെ  പ്രസിഡന്‍റെ അല്ലേ? ഈ വിഷയത്തില്‍ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?” എന്ന് പറയുമോ? തീർച്ചയായും ഇല്ല. ആരും അതുപോലെ ചെയ്യാൻ ധൈര്യപ്പെടില്ല. നമ്മോട് കൂടിക്കാഴ്ച നടത്താൻ സമയം നൽകിയതിന് ആദ്യം തന്നെ അദ്ദേഹത്തോട്  ഹൃദയംഗമമായ നന്ദി അറിയിക്കും. കാരണം അദ്ദേഹം എത്ര പ്രധാനപ്പെട്ട വ്യക്തി ആണെന്ന് നമുക്കറിയാം. നാം സാധാരണയായി, “സർ, ഈ രാജ്യത്തിന്‍റെ പ്രസിഡണ്ടായ താങ്കൾ എന്‍റെ വ്യക്തിപരമായ അഭ്യർത്ഥന കേൾക്കുന്ന നിലയിലേക്ക് താഴ്ന്നു വന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഈ ധന്യതയ്ക്കും ബഹുമതിക്കും ഞാൻ ആത്മാർത്ഥമായും ആഴമായും കടപ്പെട്ടിരിക്കുന്നു” എന്ന് പറയും. അദ്ദേഹം ദിവസവും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നാം ചിന്തിക്കാൻ തുടങ്ങുമ്പോൾ, ഇത്രയും ചെറിയ ഒരു വിഷയത്തിൽ അദ്ദേഹത്തെ നിരാശപ്പെടുന്നതിൽ  ലജ്ജ തോന്നാൻ തുടങ്ങും. വാസ്തവത്തിൽ, അദ്ദേഹത്തിന്‍റെ മുമ്പിൽ നിൽക്കുമ്പോൾ, നമ്മുടെ സ്വന്തം പ്രശ്നങ്ങൾ മറന്നുപോകുന്ന തരത്തിൽ നാം അത്ഭുതപ്പെട്ടുപോകും! മാനുഷിക  അധികാരികൾക്ക് നൽകുന്നതിനേക്കാൾ വളരെ കുറച്ച് ബഹുമാനം മാത്രമേ നാം പലപ്പോഴും ദൈവത്തിന് നൽകുന്നുള്ളൂ എന്ന് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ആദിമ  സഭ നമ്മെക്കാൾ എത്രയോ മെച്ചമായിരുന്നു!

മൂന്നാമതായി, ദൈവത്തെ ആരാധിച്ചുകൊണ്ടും അവന്‍റെ മഹത്വത്തെയും സർവ്വാധികാരത്തേയും ഓർത്ത് അവനെ സ്തുതിച്ചുകൊണ്ടും നമ്മുടെ പ്രാർത്ഥന ആരംഭിക്കേണ്ടതിന്‍റെ കാരണം, അത് നമുക്ക് സമാധാനവും ഉറപ്പും നൽകുകയും നമ്മുടെ രക്തസമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാൻ  സഹായിക്കുകയും ചെയ്യുന്നു എന്നതാണ്. നമ്മുടെ പ്രശ്നത്തിന്‍റെ മേൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നിടത്തോളം കാലം, ദൈവത്തിന്‍റെ ശക്തിയും അധികാരവും കാണുന്നതിൽ പരാജയപ്പെടും. ആകാശവും ഭൂമിയും സൃഷ്ടിച്ച മഹാനായ ദൈവത്തിന്‍റെ മുമ്പാകെ മനുഷ്യരായ ഈ അധികാരികൾ എന്തുള്ളൂ? ദൈവത്തിന്‍റെ സമ്പൂർണ്ണ അധികാരത്തിലുള്ള വിശ്വാസത്തിന്‍റെ  അടിത്തറയിലാണ് ആദ്യകാല ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു! ദൈവത്തിന്‍റെ ശക്തിയിലും അവന്‍റെ തീരുമാനങ്ങളിലും ആഴമായ വിശ്വാസം ഉണ്ടെന്ന് അവർ ആദ്യം പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ദൈവം അവർ കൂടിയ സ്ഥലം കുലുക്കാൻ ഇടയാക്കിയതെന്ന് ഡോ. ലോയ്ഡ് ജോൺസ് അഭിപ്രായപ്പെടുന്നു. (വാക്യം 31). “നിങ്ങൾ പ്രാർത്ഥിക്കുന്ന രീതിയിൽ ഞാൻ സന്തുഷ്ടനാണ്. എന്‍റെ  ശക്തിയിലുള്ള നിങ്ങളുടെ വിശ്വാസത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്താൻ എന്‍റെ ശക്തിയിൽ ഒരു ഭാഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം” എന്ന് പറഞ്ഞുകൊണ്ട് ദൈവം അവർ ഇരുന്ന സ്ഥലത്തെ ഇളക്കിയതുപോലെയുണ്ട്. അതെ, അവന് ആരെയും, എന്തിനെയും  കുലുക്കാൻ കഴിയും. അവന് സാമ്രാജ്യങ്ങളെ തന്നെ വിറപ്പിക്കാനും തകർത്തു കളയാനും കഴിയും.

25 മുതൽ 27 വരെയുള്ള വാക്യങ്ങൾ ധാരാളം വിഷയങ്ങൾ  നമ്മെ പഠിപ്പിക്കുന്നു. ലോകം ക്രിസ്തുവിനെ വെറുക്കുമെന്ന ദാവീദിന്‍റെ പ്രവചനം അവന്‍റെ ക്രൂശീകരണത്തിൽ വ്യക്തമായി നിവൃത്തിയേറിയതായി സഭ ദൈവമുമ്പാകെ എന്തുകൊണ്ടാണ് ഓർക്കേണ്ടത്? സകല മനുഷ്യരും  ക്രിസ്തുവിനെ എതിർത്തു. മാനുഷികമായ എല്ലാ അധികാരികളും അവനെ എന്നെന്നേക്കുമായി നശിപ്പിക്കുക എന്ന ഉദ്ദേശ്യം ഉള്ളവരാണ്. തങ്ങളെക്കാൾ മുമ്പ് തങ്ങളുടെ ജേഷ്ട സഹോദരൻ ഉള്ള അതേ അവസ്ഥയിലാണ് തങ്ങളെന്ന് അവർ സ്വയം ഓർത്തുകൊണ്ട് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. അവൻ വെറുക്കപ്പെടുകയും കഷ്ടതകൾ അനുഭവിക്കുകയും ചെയ്തതുപോലെ അവരും വെറുക്കപ്പെടുകയും കഷ്ടത അനുഭവിക്കുകയും ചെയ്തു. എന്നിരുന്നാലും, ക്രിസ്തു പിതാവിന്‍റെ കരങ്ങളിൽ സുരക്ഷിതനായിരുന്നതുപോലെ, അവരും അവന്‍റെ കരങ്ങളിൽ സുരക്ഷിതരാണ്. ഇതെല്ലാം ദൈവത്തിന്‍റെ പ്രവൃത്തിയാണ്. അത് അവരുടെ സ്വന്തം പ്രവർത്തിയല്ല. ഈ കളിയിൽ അവർ വെറും കരുക്കൾ മാത്രമാണ്. കളി നടത്തുന്നത് ദൈവമാണെന്ന് അവർ തിരിച്ചറിഞ്ഞു.

പ്രവൃത്തികൾ 4:28 വായിക്കുമ്പോൾ, എനിക്ക് ഉച്ചത്തിൽ നിലവിളിക്കാൻ ആണ് തോന്നുന്നത്. ക്രിസ്തുവിനെ അവന്‍റെ ശത്രുക്കള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് അവരെല്ലാം ശക്തമായ ഒരു ഗ്രൂപ്പായി ഒരുമിച്ച് കൂടിയത്? ആദിമ സഭയിൽ പീഡനം അനുഭവിച്ച വിശ്വാസികൾ, ആ ദുഷ്ടന്മാരായ ശത്രുക്കൾ “നിന്‍റെ കൈയും നിന്‍റെ ആലോചനയും  മുൻകൂട്ടി നിശ്ചയിച്ചതുപോലെ” ചെയ്തുവെന്ന്, ഓർക്കുകയും അവരുടെ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു. ദൈവത്തിന്‍റെ സമ്പൂർണ്ണ സർവ്വാധികാരത്തിൽ ആശ്രയിക്കുക എന്നു പറഞ്ഞാൽ  ഇതാണ് അർത്ഥം. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയെക്കുറിച്ച് നമുക്ക് സംസാരിക്കാൻ സാധിക്കും. അല്ലെങ്കിൽ എല്ലാ ദുരന്തങ്ങളും പിശാചിന്‍റെ മേൽ ചുമത്തി അവനെ കുറ്റപ്പെടുത്താന്‍ സാധിക്കും. എന്നാൽ പരീക്ഷകൾ നമ്മെ ശരിക്കും വലയം വയ്ക്കുമ്പോൾ, ദൈവത്തിന്‍റെ സർവ്വാധികാരത്തിൽ നമുക്ക് ഉറച്ച നിലപാട് ഇല്ലെങ്കിൽ നമ്മുടെ വിശ്വാസം തീർച്ചയായും ദുർബലമാകും. കഷ്ടത അനുഭവിച്ച ആ ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ നിരന്തരമായ പ്രാർത്ഥനയ്ക്കും ദൈവത്തിന്‍റെ സർവ്വാധികാര നിയമങ്ങൾക്കും തമ്മിൽ  ഒരു വൈരുദ്ധ്യവും കണ്ടില്ല. ദൈവത്തിന്‍റെ  നിര്‍ണ്ണയത്താല്‍, ക്രിസ്തുവിനെന്നപോലെ, തങ്ങൾക്കും ഒന്നും സംഭവിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.

അടുത്തിടെ എന്‍റെ ക്രിസ്തീയ ജീവിതത്തിൽ വളരെ മോശമായ ഒരു അനുഭവം ഉണ്ടായി. ചില ആളുകള്‍ എന്നോട് കള്ളം പറഞ്ഞു കൊണ്ട്, എന്നെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി. ഞാൻ സ്നേഹിച്ചവർ തന്നെ എന്നെ പിന്നിൽ നിന്ന് കുത്തുന്നത് ഞാൻ കണ്ടു. നുണ ശക്തമായി നില്‍ക്കുന്നതും സത്യം ചെളിയിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതും  ഞാൻ കണ്ടു. “ലക്ഷ്യം അത് നേടിയെടുക്കാൻ, പിന്തുടരുന്ന പാതയെ ന്യായീകരിക്കുന്നു” എന്ന തത്ത്വചിന്ത ഉപയോഗിച്ച്, ക്രിസ്ത്യാനികൾ തങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ നിർഭയമായി കള്ളം പറയുന്നതും തെറ്റായ വഴികളിൽ സഞ്ചരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇത്തരം അന്യായങ്ങൾ നടക്കുമ്പോൾ ദൈവം എവിടെയാണ്? അപ്പൊസ്തല പ്രവൃത്തികളിൽ ശിഷ്യന്മാർ അടികൊണ്ടപ്പോഴും,  ക്രിസ്തു കാൽവരിയിൽ മരിച്ചപ്പോഴുമെല്ലാം  സകലവും തന്‍റെ നിയന്ത്രണത്തിൽ വച്ചിട്ടുള്ള ദൈവം ഈ സാഹചര്യങ്ങളെയും തന്‍റെ നിയന്ത്രണത്തിലാണ് വച്ചിട്ടുള്ളത്. എന്‍റെ സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ അനുവാദം ഇല്ലാതെ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇത് ഞാൻ വിശ്വസിച്ചില്ലായിരുന്നെങ്കിൽ, തീർച്ചയായും ഞാൻ കോപത്തോടെ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുമായിരുന്നു. ഇതിലെല്ലാം ഞാൻ ആഴത്തിൽ വേദന അനുഭവിച്ചില്ല എന്ന് പറയുന്നത് നുണയായിരിക്കും. എന്നിരുന്നാലും, എന്നെ വളരെയധികം വഞ്ചിക്കുകയും വെറുപ്പോടെ പെരുമാറുകയും ചെയ്തവരിൽ ചിലരോട് എനിക്ക് ആത്മാർത്ഥമായി സഹതാപം തോന്നുന്നു. ഞാൻ സത്യസന്ധമായും ശരിയായ രീതിയിലും ആണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് എനിക്കറിയാം. ഫലങ്ങൾ എപ്പോഴും ദൈവത്തിന്‍റെ കൈകളിൽ ആണ് ഉള്ളത്. ഇന്ന് ആര് വിജയിച്ചുവെന്ന് തോന്നിയാലും,  ഒടുവിൽ നിറവേറുന്നത് ദൈവഹിതം ആയിരിക്കും. ദൈവത്തോടും മനുഷ്യനോടും കുറ്റമറ്റ മനസ്സാക്ഷി ഉണ്ടായിരിക്കുക എന്നതാണ് എന്‍റെ ഏക കടമ.

പ്രവൃത്തികൾ നാലാം അധ്യായത്തിലെ മോശം ഫലങ്ങൾ കണ്ട വിശ്വാസികൾ, തങ്ങൾ എതോ തെറ്റ് ചെയ്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതിയോ, അതോ തങ്ങളുടെ  നേതാക്കന്മാർ മൂലം തങ്ങൾക്ക് ഈ കഷ്ടം വന്നിട്ടും  തങ്ങൾ ദൈവഹിതത്തിൽ തന്നെയാണെന്ന് വിശ്വസിച്ചോ? “എന്തായാലും സമാധാനമാണ് പ്രധാനം” എന്ന് മധുരമായി പറയുന്ന ആരെങ്കിലും എഴുന്നേറ്റു നിന്ന്, “നമ്മൾ പ്രസംഗിച്ച രീതി കാരണം ഇതെല്ലാം നമ്മൾ തന്നെ വരുത്തി വെച്ചതാണെന്ന് നിങ്ങൾക്കറിയാമോ? യെഹുദന്മാർ വെറുക്കുന്ന ആക്ഷേപകരമായ ഉപദേശങ്ങൾ നാം പഠിപ്പിക്കരുതായിരുന്നു. നമ്മൾ അത്തരം ദുശ്ശാഠ്യമുള്ള വാദങ്ങൾ ഉന്നയിക്കരുതായിരുന്നു.” എന്ന് പറഞ്ഞെന്ന് ഊഹിക്കാൻ പറ്റുമോ? ഇന്നത്തെ നിഷ്കളങ്ക തലമുറ ഇതിനെ “ക്രിസ്തീയ സ്നേഹം, ദൈവികജ്ഞാനം” എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. എന്നാല്‍, ഇങ്ങനെ പറയുന്നത്, ഈ ഭൂമിയിൽ സത്യം സ്ഥാപിക്കുന്നതിനായി രക്തം ചിന്തിയ ആദ്യകാല വിശ്വാസികളുടെ തീക്ഷ്ണതയെയും ധൈര്യത്തെയും അപമാനിക്കുന്നതിനു തുല്യമായിരിക്കും.

ഇല്ല, എന്‍റെ സുഹൃത്തേ, ദൈവത്തിന്‍റെ സർവ്വാധികാര തീരുമാനങ്ങൾക്കും, ആത്മാർത്ഥവും വിശ്വസ്തവുമായ പ്രാർത്ഥനയ്ക്കും ഇടയിൽ ഒരു വൈരുദ്ധ്യവുമില്ല. പ്രവൃത്തികൾ നാലാം അധ്യായത്തിലെ വാക്കുകൾ ഒന്നുകൂടി വായിച്ചു നോക്കുക. ദൈവം നിശ്ചയിച്ചതുപോലെ എല്ലാം സംഭവിക്കുമെന്ന സത്യത്തിലുള്ള അവരുടെ ഉറച്ച വിശ്വാസമാണ്, ആ പ്രയാസകരമായ സമയങ്ങളിൽ പ്രാർത്ഥിക്കാനുള്ള ധൈര്യവും വിശ്വാസവും അവർക്ക് നൽകിയത്. അത് ഈ വാക്യ ഭാഗത്ത്  വ്യക്തമായി കാണാൻ കഴിയും. ആ വാക്കുകൾ മനഃപൂർവ്വം വളച്ചൊടിച്ച് മനുഷ്യകേന്ദ്രീകൃത ദൈവശാസ്ത്രങ്ങൾക്ക് അനുസൃതമായി മാറ്റുന്നില്ലെങ്കിൽ ആ വാക്കുകൾ  മറ്റൊരു നിലയിൽ മനസ്സിലാക്കാൻ സാധിക്കില്ല.

ഒടുവിൽ, ഇരുപത്തി ഒന്‍പതാം വാക്യത്തിൽ, വിശ്വാസികൾ തങ്ങളുടെ സാഹചര്യം ദൈവത്തോട് പറയുന്നത് നാം കാണുന്നു. അതുവരെ അവർ ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു, എന്നാൽ അവർ നേരിടുന്ന പീഡനം നിർത്താനോ തങ്ങളെ പീഡിപ്പിക്കുന്നവരെ നശിപ്പിക്കാനോ അവർ അവനോട് ആവശ്യപ്പെട്ടില്ല. ഇത് അതിശയമല്ലേ? എന്നാൽ അതിലും അതിശയിപ്പിക്കുന്ന കാര്യം, ഒടുവിൽ അവർ ദൈവത്തോട് സഹായം ചോദിച്ചപ്പോഴും, അവരുടെ കഷ്ടതകൾക്ക് കാരണമായ സുവിശേഷത്തിന്‍റെ  പ്രഖ്യാപനം ധൈര്യത്തോടെ തുടരാനുള്ള കൃപ മാത്രമാണ് അവർ ചോദിച്ചത് എന്നതാണ്. തങ്ങൾക്ക് വന്ന കഷ്ടതകളുടെ കാര്യം അവർ ദൈവത്തിന് വിട്ടുകൊടുത്തു, ഫലങ്ങൾ എന്തുതന്നെയായാലും, തങ്ങൾ മനസ്സിലാക്കിയ ദൈവത്തിന്‍റെ സത്യം പ്രഖ്യാപിക്കാനുള്ള ധൈര്യത്തിനായി ആണ് അവർ പ്രാർത്ഥിച്ചത്. പ്രിയ സുഹൃത്തേ, ഇതാണ് യഥാർത്ഥ പ്രാർത്ഥന. ഇവിടെ നാം കണ്ടതുപോലെ, ദൈവത്തിന്‍റെ  ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി നാം ഉപയോഗിക്കപ്പെടത്തക്കവണ്ണം അവന്‍റെ  സർവ്വാധികാരത്തിന്  സന്തോഷത്തോടെ കീഴടങ്ങുന്നതാണ് യഥാർത്ഥമായ പ്രാർത്ഥന. ദൈവത്താൽ, അവന്‍റെ രീതിയിൽ, അവന്‍റെ മഹത്വത്തിനായി നമ്മെ ഉപയോഗിക്കണമെന്ന് പ്രാർത്ഥിക്കാൻ നാം അല്‍പം ഭയപ്പെടുന്നുണ്ടെന്ന് പറയുന്നതിൽ  അതിശയിക്കാനില്ല.

ഇതിനെക്കാൾ ജിമ്മി ബേക്കറിനെപ്പോലുള്ള ദുരുപദേഷ്ടകാരുടെ വാക്കുകൾ കേട്ട്,  “ദയവായി എനിക്ക് ഒരു നീന്തൽ വസ്ത്രം തരൂ!” എന്ന് പ്രാർത്ഥിക്കുന്നത് എളുപ്പമല്ലേ! ( ഏത് നിറം വേണമെന്ന് ദൈവത്തോട് പറയാൻ മറക്കരുത്, ശരിയല്ലേ?!)

പ്രവൃത്തികൾ 4:23-31നെ ഇങ്ങനെ സംഗ്രഹിക്കാം.

രണ്ടാമത്തെ അടിസ്ഥാന സത്യം

ദൈവഹിതമാണെന്ന് നമുക്കറിയാവുന്ന കാര്യത്തിന് വഴങ്ങാതെ അതിനെ നിരസിക്കുന്നതിന് പ്രാർത്ഥനയെ ഒരു ഉപകരണമായി ഉപയോഗിക്കാൻ കഴിയും.

സഹോദരന്മാരേ, നാം ഇപ്പോൾ യഥാർത്ഥ പ്രാർത്ഥനയിൽ ഉള്ള യഥാർത്ഥ പ്രശ്നത്തിന്‍റെ അടുക്കൽ എത്തിയിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ദൈവത്തിന്‍റെ നിര്‍ണ്ണയ പ്രകാരം ഉളവാകുന്ന സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായിട്ടാണ് നാം പലപ്പോഴും പ്രാർത്ഥനയെ ഉപയോഗിക്കുന്നത്. ദൈവത്തിന്‍റെ സർവ്വാധികാരത്തിനു മുന്നിൽ തല കുനിക്കാൻ മനസ്സില്ലാത്ത നാം, പ്രാർത്ഥനയിലൂടെ അവന്‍റെ ആലോചനയെ  മാറ്റാൻ ധൈര്യപ്പെടുന്നു. സര്‍വ്വാധികാരിയായ നമ്മുടെ ദൈവത്തിന്‍റെ ഹിതത്തിന് സന്തോഷത്തോടെ കീഴടങ്ങുന്നതാണ് യഥാര്‍ത്ഥമായ പ്രാര്‍ത്ഥന! സാഹചര്യങ്ങൾ നമ്മുടെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമാകുമ്പോൾ ദൈവത്തിന്‍റെ മനസ്സ് മാറ്റാൻ ശ്രമിക്കുന്നതിൽ നാമെല്ലാവരും കുറ്റക്കാരല്ലേ? അതിലും ഹീനമായ കാര്യം, നമുക്ക് ആവശ്യമുള്ളത് നേടാനായി ദൈവമുമ്പാകെ പിറുപിറുക്കുന്നതിനെ "പ്രാർത്ഥന" എന്ന് വിളിക്കാൻ നാം ധൈര്യപ്പെടുന്നു എന്നതാണ്! വാസ്തവത്തിൽ, വ്യക്തമായി വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തെ നിഷേധിക്കാൻ നാം പ്രാർത്ഥനയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ദൈവമക്കളിൽ ഏറ്റവും ശ്രേഷ്ഠരായവർ പോലും ഈ ഭയാനകമായ പാപം ചെയ്യുന്നവരാണ്. ഇതിന് ഉദാഹരണമായി അബ്രഹാമിന്‍റെ ജീവിതത്തിലെ ഒരു സംഭവം നോക്കാം.

"അപ്പോൾ യഹോവ... 'ഞാൻ ചെയ്യാൻ പോകുന്നത് അബ്രഹാമിനോട്  മറച്ചുവെക്കുമോ?'" (ഉൽപത്തി 18:17).

ഈ സന്ദർഭത്തിൽ, ദൈവം സൊദോമിനെ നശിപ്പിക്കാൻ പോകുകയാണെന്ന് അബ്രഹാമിനെ അറിയിക്കുന്നത് നമുക്ക് കാണാൻ കഴിയും. ദൈവം ശരിക്കും എന്താണ് ചെയ്യാൻ പോകുന്നതെന്ന് അബ്രഹാമിനോട്  പറഞ്ഞിരുന്നു. എന്നാൽ ദൈവത്തിന്‍റെ ഉദ്ദേശ്യത്തോട് യോജിക്കാൻ അബ്രഹാം തയ്യാറായിരുന്നില്ല. ദൈവത്തിന്‍റെ മനസ്സ് മാറ്റാമെന്ന പ്രതീക്ഷയിൽ അവൻ “ദൈവത്തോട് പ്രാർത്ഥിക്കാൻ” തീരുമാനിച്ചു. ഞാൻ പറയാൻ ആഗ്രഹിക്കുന്നതിന്‍റെ ഒരു നല്ല ഉദാഹരണമാണ് ഈ സംഭാഷണം.

“അബ്രാഹാം അടുത്തുചെന്നു പറഞ്ഞത്: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?  ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ? അതിനു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്ന് അരുളിച്ചെയ്തു. പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചു പേർ കുറഞ്ഞുപോയെങ്കിലോ? അഞ്ചു പേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്ന് അബ്രാഹാം പറഞ്ഞതിന്: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു.  അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്: ഞാൻ നാല്പതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. അതിന് അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതു പേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു. ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു പേരെ അവിടെ കണ്ടാലോ എന്ന് അവൻ പറഞ്ഞതിന്: ഞാൻ ഇരുപതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു.  അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു.  യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി” (ഉൽപത്തി 18:23-33).

സോദോമിനെയും ഗൊമോറയെയും നശിപ്പിക്കാനുള്ള തന്‍റെ ഉദ്ദേശ്യം ദൈവം അബ്രഹാമിനെ അറിയിച്ചതുകൊണ്ടാണ് ഈ സംഭാഷണം നടന്നതെന്ന് ഓർക്കുക. ദൈവം ചെയ്യാൻ പോകുന്ന കാര്യം അബ്രഹാമിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. 23 ഉം 24 ഉം വാക്യങ്ങൾ പരിശോധിക്കുമ്പോൾ, ദൈവവുമായി ന്യായവാദം ചെയ്ത്, ലോത്തിനെ രക്ഷിക്കാൻ അബ്രഹാം ആകാംക്ഷയുള്ളവനാണെന്ന് നമുക്ക് തോന്നുന്നു. എന്നാൽ സൊദോമിൽ അമ്പത് നീതിമാന്മാർ ഉണ്ടാകുമെന്ന് അബ്രഹാമിന് എന്തെങ്കിലും ധാരണയുണ്ടായിരുന്നോ, അതോ അവന്‍റെ മുഴുവൻ ആശങ്കയും തന്‍റെ  ബന്ധുവായ ലോത്തിനെക്കുറിച്ചായിരുന്നോ? ഈ സംഭാഷണത്തിലുടനീളം ദൈവമോ അബ്രഹാമോ ലോത്തിന്‍റെ പേര് എടുത്തു പറയുന്നില്ല എന്നത് രസകരമാണ്, അബ്രഹാമിന്‍റെ ഹൃദയത്തിലെ യഥാർത്ഥ ഉത്കണ്ഠ ലോത്തിനെക്കുറിച്ചാണെന്ന് ഇരുവർക്കും അറിയാമായിരുന്നു! ഒരു കാര്യം ശ്രദ്ധിക്കുക. ദൈവം സോദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയെങ്കിലും, ഈ സംഭാഷണത്തിൽ അബ്രഹാമിനോട് പ്രതികരിക്കുമ്പോൾ  സോദോമിനെക്കുറിച്ച് മാത്രമേ പ്രസ്താവിക്കുന്നുള്ളൂ എന്ന് നമുക്ക് കാണാൻ കഴിയും. അബ്രഹാമിന്‍റെ  മുഴുവൻ ആശങ്കയും സൊദോമിനെക്കുറിച്ചായിരുന്നപ്പോൾ ഗൊമോറയെക്കുറിച്ച് എന്തിനാണ് പ്രസ്താവിക്കുന്നത്?

ദൈവം കൃപയോടെ അബ്രഹാമിന്‍റെ നിബന്ധനകൾ അംഗീകരിക്കുകയും അമ്പത് നീതിമാന്മാർ അവിടെ ഉണ്ടെങ്കിൽ  ആ നഗരത്തെ നശിപ്പിക്കില്ലെന്ന് സമ്മതിക്കുകയും ചെയ്തു. അതോടെ ആ വിഷയം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ അബ്രഹാം കൂടുതൽ “പ്രാർത്ഥിക്കാൻ” തീരുമാനിച്ചു. ആദ്യം അവൻ തന്‍റെ വിനയം പ്രകടിപ്പിച്ചിട്ട്, പിന്നീട് തന്‍റെ  കാപട്യം വെളിപ്പെടുത്തി. വസ്തുതകളെ വളച്ചൊടിച്ച് കാര്യങ്ങൾ നടത്തുക എന്നതിന്‍റെ അർത്ഥം കണ്ടെത്താൻ, 28-ആം വാക്യം കാണുക. അമ്പത് നീതിമാന്മാർക്കുവേണ്ടി മുഴുവൻ നഗരത്തെയും രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ അഭ്യർത്ഥന. അപ്പോൾ അബ്രഹാം ആ സംഖ്യയിൽ നിന്ന് അഞ്ച് കുറയ്ക്കാൻ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ, "നാൽപ്പത്തഞ്ച് നീതിമാന്മാർ അവിടെ ഉണ്ടെങ്കിൽ നീ ആ നഗരം നശിപ്പിക്കുമോ?" എന്ന് ചോദിക്കണമായിരുന്നു. പക്ഷേ, “നാൽപ്പത്തിയഞ്ച്” എന്നതിലുപരി, ആ “അഞ്ചിൽ” മാത്രം ശ്രദ്ധ കേന്ദ്രീകരിക്കത്തക്കവണ്ണം ആണ് അദ്ദേഹം തന്‍റെ                                                  ചോദ്യം രൂപപ്പെടുത്തിയത്. "കർത്താവേ, അഞ്ചു പേർ നിമിത്തം നീ പറഞ്ഞ വാക്കു പിൻവലിക്കുമോ?" എന്ന രീതിയിലാണ് താന്‍ ചോദിച്ചത്. അബ്രഹാം കണക്ക് തലകീഴായി ആണ് ചെയ്യുന്നത്. എന്നിരുന്നാലും, ആ  വാക്യത്തിന്‍റെ  അവസാനത്തിൽ, ദൈവം അബ്രഹാമിന്‍റെ കണക്കിനെ ശരിയാക്കി കൊണ്ട്, “നാൽപ്പത്തഞ്ച്” നീതിമാന്മാർ ആ നഗരത്തിലുണ്ടെന്നു വന്നാലും അതിനെ നശിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്തു.

ഇത്രയും കൊണ്ട് അബ്രഹാം  തൃപ്തനായി മൗനം പാലിക്കുമെന്ന് നാം ചിന്തിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചില്ല! അബ്രഹാം തന്‍റെ ഇഷ്ടം ദൈവത്തിന്മേൽ അടിച്ചേൽപ്പിച്ചു കൊണ്ട്, ദൈവത്തിന്‍റെ ഉദ്ദേശ്യം തിരുത്താൻ തീരുമാനിച്ചു. 29 മുതൽ 32 വരെയുള്ള വാക്യങ്ങൾ  നാം വായിക്കുമ്പോൾ, അബ്രഹാം നാല്പത്തഞ്ചിൽ നിന്ന് നാല്പതിലേക്കും, പിന്നീട് മുപ്പതിലേക്കും, ഇരുപതിലേക്കും, ഒടുവിൽ പത്തിലേക്കും എത്തിയപ്പോൾ,  വെറും ഒരു മനുഷ്യൻ കാണിക്കുന്ന ഈ ശാഠ്യത്തെ ദൈവം തീർച്ചയായും ശിക്ഷിക്കുമെന്ന് നാം വിചാരിക്കും! പക്ഷേ, അങ്ങനെ സംഭവിച്ചില്ല. "ഇനി ഒരു പ്രാവശ്യം മാത്രം ഞാൻ സംസാരിക്കും" എന്ന് അബ്രഹാം ഭക്തിയോടെ പറഞ്ഞപ്പോഴും അവന് ഒരു ശിക്ഷയും കിട്ടിയില്ല. അവൻ അപ്പോഴേയ്ക്കും  അഞ്ച് തവണ അങ്ങനെ പറഞ്ഞു കഴിഞ്ഞു. എന്നിരുന്നാലും അവന് ശിക്ഷ കിട്ടാതിരുന്നതിന്‍റെ കാരണം എന്താണ്? കാരണം ദൈവം അബ്രഹാമിന്‍റെ സുഹൃത്തായിരുന്നു. അവൻ അവനെ ആഴമായി സ്നേഹിച്ചു. അവൻ തന്‍റെ മക്കളോട് ദീർഘക്ഷമയുള്ളവനാണ്. അബ്രഹാം തെറ്റായ വഴിയിൽ ആണ് പോകുന്നതെന്ന് ദൈവത്തിന് അറിയാമായിരുന്നു. അവന്‍റെ പ്രാർത്ഥനയിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശം ദൈവം കണ്ടുപിടിച്ചു. എന്നിരുന്നാലും, ദൈവം അബ്രഹാമിന്‍റെ  ഹൃദയത്തെയും മനസ്സിനെയും മാറ്റാൻ ആഗ്രഹിച്ചു. 33 -ആം വാക്യം നോക്കിയാൽ, ദൈവം ഈ സംഭാഷണത്തെ “സംസാരിക്കുക” എന്ന് വിളിക്കുന്നു. എന്നാൽ ഞാൻ അതിനെ “വിരസത ഉളവാക്കുക”  എന്ന് വിളിക്കും. ഞാൻ ദൈവത്തെപ്പോലെ ഉദാരമതിയല്ലല്ലോ!

പ്രാർത്ഥന നിർവഹിക്കുന്ന നിരവധി പ്രധാന കാര്യങ്ങളിൽ  ഒന്ന് “നമ്മെ രൂപാന്തരപ്പെടുത്തുക” എന്നതാണെന്ന്  ഈ ഉദാഹരണം നമ്മെ പഠിപ്പിക്കുന്നു. ദൈവം തന്‍റെ ഉദ്ദേശ്യം മാറ്റിയില്ല, മറിച്ച് അബ്രഹാമിന്‍റെ മനോഭാവം മാറ്റാൻ അവന്‍റെ പ്രാർത്ഥനയെ ഉപയോഗിച്ചു. പ്രാർത്ഥന അബ്രഹാമിനെ മാറ്റി. ദൈവത്തിന്‍റെ സർവ്വാധികാര ഹിതത്തിന് സന്തോഷത്തോടെ കീഴടങ്ങുന്നതിനുപകരം, ചിലപ്പോൾ നാം പ്രാർത്ഥനയിലൂടെ ദൈവത്തിന്‍റെ  മനസ്സ് മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ തന്‍റെ സമ്പൂർണ്ണ അധികാരത്താൽ നമ്മെ  അവങ്കലേയ്ക്ക് തിരിക്കുന്നതിനുപകരം (അവന് അങ്ങനെ ചെയ്യാൻ അധികാരമുണ്ടെങ്കിലും), നമ്മുടെ ഭയങ്ങളും എതിർപ്പും പ്രകടിപ്പിക്കാനുള്ള അവസരം ദൈവം നമുക്ക് നൽകുന്നു, ആത്യന്തികമായി നാം എത്രമാത്രം കാരണമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾക്ക് സംഭവിച്ച ചെറിയ കാര്യത്തെ പർവ്വതം പോലെ വലുതാക്കിയിട്ടുണ്ടോ? നിങ്ങൾ അത് മനസ്സിൽ സൂക്ഷിക്കുന്നിടത്തോളം, അത് കൂടുതൽ വലുതായിക്കൊണ്ടിരിക്കും. ഒരു വ്യക്തി നിങ്ങൾക്കെതിരെ ചെയ്ത ഒരു കാര്യം മനസ്സിൽ വച്ചുകൊണ്ട്, അവസാനം അതിനെക്കുറിച്ച് നിങ്ങളുടെ  മുമ്പിൽ ഉള്ള ആൾക്ക് അവൻ എത്ര മോശമായി പെരുമാറി എന്ന് വിവരിക്കാൻ ശ്രമിച്ചപ്പോൾ, അത് പറയുകയും തകർന്നുപോകുകയും ചെയ്ത അനുഭവം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അപ്പോഴാണ് അത് വളരെ സാധാരണ വിഷയമായിരുന്നെന്നും എപ്പോഴോ  അത് ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും നിങ്ങൾക്ക് മനസ്സിലാകുന്നത്. നിങ്ങള്‍ വായ് അടച്ചുവച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് നിങ്ങൾക്ക് തോന്നും. പക്ഷേ, അത് വാക്കുകളിൽ വിവരിക്കുന്നതുവരെ നിങ്ങൾക്ക് നിങ്ങളുടെ തെറ്റ് മനസ്സിലായില്ല.

ദൈവം നമ്മോട് പലപ്പോഴും ഈ വിധത്തിലാണ് ഇടപെടുന്നത്. അവന്‍റെ  മനസ്സ് മാറ്റാൻ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണെന്ന് നമുക്ക് മനസ്സിലാകുന്നതുവരെ അവൻ ക്ഷമയോടെ കേൾക്കും. തൽഫലമായി, നമ്മുടെ മനോഭാവവും പ്രാർത്ഥനയും മാറും. നാം താഴ്മയുള്ളവരായി അവൻ എന്തു ചെയ്താലും  ആരാധനാപൂർണ്ണമായ ഹൃദയത്തോടെ തല കുനിക്കും. നമ്മോട് അവൻ കാണിച്ച ക്ഷമയ്ക്കായി നാം അവനെ വീണ്ടും സ്തുതിക്കും.

ഇത് ഈ ചർച്ചയിലെ അടുത്ത വിഷയത്തിലേയ്ക്ക് നമ്മെ നയിക്കുന്നു.

മൂന്നാമത്തെ അടിസ്ഥാന സത്യം

ചിലർ “സ്വാർത്ഥമായത്” എന്ന് വിളിക്കുന്ന പ്രാർത്ഥന ചെയ്യുന്നതിൽ തെറ്റില്ല. എന്‍റെ കുട്ടികൾ യാത്ര പോകുമ്പോൾ അവരെ സംരക്ഷിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ അവർക്ക് നല്ല ജോലി ലഭിക്കാൻ വേണ്ടിയോ പ്രാർത്ഥിക്കുന്നത് നല്ലതല്ലേ? എന്‍റെ ഭാര്യ ഒരു ഓപ്പറേഷനു വേണ്ടി ആശുപത്രിയിൽ പോകുമ്പോൾ അത് വിജയകരം ആക്കണമെന്ന്  പ്രാർത്ഥിക്കുന്നത് കുറ്റമാണോ? ഈ കാര്യങ്ങളിലൊക്കെ ദൈവത്തിന്‍റെ തീരുമാനം എന്താണെന്ന് എനിക്കറിയില്ല. അബ്രാഹാമിന്‍റെ പ്രാർത്ഥനയിൽ ആത്മാർത്ഥത കുറവായിരുന്നിരിക്കാം, പക്ഷേ അവൻ ലോത്തിന്‍റെ കാര്യത്തിൽ ഉത്കണ്ഠാകുലനായതും അവന്‍റെ ക്ഷേമത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നതും ശരിയായിരുന്നോ? നമ്മുടെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് ആലോചിച്ച് കൊണ്ട് അവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നത്  ഉചിതമാണോ? ഇത് മനസ്സിലാക്കാൻ മറ്റൊരു ബൈബിൾ ഉദാഹരണം നമ്മെ സഹായിച്ചേക്കാം. ദാവീദിന്‍റെ ഒരു പ്രാർത്ഥന നമുക്ക്  പരിശോധിക്കാം.

“ദാവീദ് നാഥാനോട്: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാൻ ദാവീദിനോട്: യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞ് നാഥാൻ തന്‍റെ  വീട്ടിലേക്കു പോയി.  ഊരീയാവിന്‍റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിനു കഠിനരോഗം പിടിച്ചു” (2 ശമൂവേൽ 12:13-15).

ദാവീദ് വ്യഭിചാരം ചെയ്തെന്നും ഒടുവില്‍ കൊലപാതകം വരെ ചെയ്തെന്നും നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ. ദൈവം നാഥാനെ ദാവീദിന്‍റെ  അടുക്കലേയ്ക്ക് അയയ്ക്കുകയും, അവന്‍റെ സന്ദേശത്തിലൂടെ താൻ ചെയ്ത ഭയങ്കര പാപം ഏറ്റുപറയാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞ വാക്യങ്ങളിലൂടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ദൈവം വ്യക്തമായി വെളിപ്പെടുത്തി. ജനിക്കാൻ പോകുന്ന കുഞ്ഞ്  മരിച്ചു പോകും. അബ്രഹാമിന്‍റെ കാര്യത്തിലെന്ന പോലെ തന്നെ ദാവീദിനും ദൈവത്തിന്‍റെ  ഇഷ്ടം അഥവാ മുന്നറിയിപ്പ് വ്യക്തമായി തന്നെ വെളിപ്പെടുത്തപ്പെട്ടു. എങ്കിലും  രോഗിയായ തന്‍റെ കുഞ്ഞിനെ രക്ഷിക്കാൻ ദാവീദ് ദൈവത്തോട് അപേക്ഷിച്ചു.

“ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു. അവന്‍റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ട് അരികെ നിന്നു; എന്നാൽ അവനു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല” (2 ശമൂവേൽ 12:16-17).

ദാവീദ് ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയാണോ? ദൈവം ആ കുട്ടി മരിക്കുമെന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ പ്രാർത്ഥിക്കുന്നത് സമയം പാഴാക്കലല്ലേ? ദാവീദിന്‍റെ ജീവിതത്തിൽ നടന്ന ഈ സംഭവത്തിൽ നിന്ന് പ്രാർത്ഥനയെക്കുറിച്ച് നമുക്ക് ഒരു വലിയ പാഠം പഠിക്കാൻ കഴിയും. ദാവീദ്  ദൈവത്തോട്  അപേക്ഷിച്ചിട്ടും കുട്ടി  മരിച്ചു പോയി. ആ വിവരം  ദാവീദിനോട് പറയാൻ ഭൃത്യന്മാർ ഭയപ്പെട്ടു. അവന്‍റെ മാനസികാവസ്ഥ കണക്കിലെടുത്ത്, അവൻ എന്തെങ്കിലും ബുദ്ധിശൂന്യമായ പണി കാണിച്ചേക്കുമെന്ന് അവർ കരുതി. ദാവീദ് സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കി, “കുഞ്ഞ് മരിച്ചോ ?” എന്ന് ചോദിച്ചു. ദാസന്മാർ  “അതെ,” എന്ന് ഉത്തരം പറഞ്ഞപ്പോൾ ദാവീദ് എന്താണ് ചെയ്തതെന്ന് തിരുവെഴുത്ത് ഇപ്രകാരം പറയുന്നു.

“ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്‍റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്‍റെ മുമ്പിൽവച്ചു അവൻ ഭക്ഷിച്ചു. (2 ശമൂവേൽ 12:20). തന്‍റെ കുട്ടി മരിച്ചുവെന്ന് അറിഞ്ഞയുടന്‍ തന്നെ ദാവീദ് ദൈവഹിതം അംഗീകരിച്ചു.അവന്‍ ആദ്യം ദൈവത്തെ ആരാധിക്കുകയും പിന്നീട്  തന്‍റെ  ദൈനംദിന കാര്യങ്ങൾ തുടരുകയും ചെയ്തു. ദാവീദിന്‍റെ ഭൃത്യന്മാർ അത്ഭുതപ്പെട്ടു. തനിക്കിങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞ്  അവൻ കരയുകയും വിലപിക്കുകയും ചെയ്യുമെന്ന് അവർ കരുതി. എന്തുകൊണ്ടാണ് അവൻ ഇങ്ങനെ ചെയ്തതെന്ന് അവർ ചോദിച്ചപ്പോൾ, ദാവീദ് പറഞ്ഞ ഉത്തരം ആണ് പ്രാർത്ഥനയെക്കുറിച്ചുള്ള ഈ പാഠത്തിന്‍റെ കേന്ദ്രബിന്ദു.

അവന്‍റെ ഭൃത്യന്മാർ അവനോട്: നീ ഈ ചെയ്തിരിക്കുന്നതെന്ത്? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു. അതിന് അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്‍റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്‍റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു. (2 ശമൂവേൽ 12:21-23).

ദാവീദ് എന്താണ് പറയുന്നത്? തന്‍റെ കുഞ്ഞിനെ രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിച്ചപ്പോൾ അവന്‍റെ ഹൃദയത്തിന്‍റെ മനോഭാവം എന്തായിരുന്നു? ദാവീദ് ഇങ്ങനെ പറയുന്നു, “കുട്ടി ജീവിച്ചിരുന്നപ്പോൾ, അവനെ രക്ഷിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.” “അങ്ങനെ നടക്കില്ല” എന്ന് പറയാൻ ദൈവം ഇഷ്ടപ്പെട്ടു. മറുപടിയായി, “ദൈവത്തിനു സ്തുതി!” എന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്‍റെ ജീവിതം തുടരുന്നു. ദൈവത്തിന്‍റെ  സർവ്വാധികാര ഹിതത്തിനു മുന്നിൽ ഞാൻ താഴ്മയോടെ തല കുനിക്കുന്നു. “എന്നിരുന്നാലും എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്ന് ദാവീദ് ഉറക്കെ പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അവൻ തീർച്ചയായും അതേ മനോഭാവത്തോടെയാണ് പ്രാർത്ഥിച്ചത്. നമ്മുടെ ഹൃദയത്തിന്‍റെ  ആഗ്രഹങ്ങൾ എന്തുതന്നെ ആയിരുന്നാലും  അതിനെക്കുറിച്ച് നമുക്ക്  പ്രാർത്ഥിക്കാൻ സാധിക്കും. എന്നാൽ നമ്മുടെ പ്രാർത്ഥനകൾക്ക് "അതെ" എന്നോ "അല്ല" എന്നോ ഉത്തരം നൽകാനുള്ള നിര്‍ണ്ണയം  നാം ദൈവത്തിന് തന്നെ വിട്ടുകൊടുക്കണം. ഇന്ന് പ്രാർത്ഥനയെക്കുറിച്ച് പഠിപ്പിക്കുന്ന രീതിക്ക് ഇത് വിരുദ്ധമായിരിക്കാം. പക്ഷേ ഇത് വചനാധിഷ്ഠിതമാണ്. നമ്മുടെ കർത്താവ് പോലും, “എങ്കിലും എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ.” എന്ന് പ്രാർത്ഥിച്ചു. നാം നമ്മുടെ യജമാനനെക്കാൾ വലിയവരാണോ?

വചനപ്രകാരമുള്ള  ഈ പ്രമാണത്തിന് മറ്റൊരു ഉദാഹരണം നൽകുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ഞാൻ എഴുതിയ ‘ദൈവത്തിന്‍റെ  സർവ്വാധികാര പരിപാലനം’ എന്ന  ആ ചെറിയ പുസ്തകത്തിൽ ഹബക്കൂക്കിന്‍റെ പുസ്തകത്തെ  ആഴത്തിൽ പരിശോധിക്കുകയുണ്ടായി. നാം  ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രാർത്ഥനയുടെ ഈ പ്രമാണത്തിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം. അതിന്‍റെ പ്രാരംഭ വചനങ്ങളിൽ, ദൈവം പ്രവർത്തിക്കാത്തതിന്‍റെ കാരണം വിശദീകരിക്കാൻ ഹബക്കൂക്ക് ദൈവത്തെ വെല്ലുവിളിക്കുന്നു. മറുപടിയായി, യിസ്രായേൽ ജനതയെ ആക്രമിച്ച് നശിപ്പിക്കാൻ കൽദയരെ അയയ്ക്കുകയാണെന്ന് ദൈവം പ്രവാചകനോട് അറിയിച്ചപ്പോൾ, അബ്രഹാം എന്താണോ ചെയ്തത് അതു തന്നെയാണ് പ്രവാചകനും ചെയ്തത്. അങ്ങനെ ചെയ്യുന്നത് ദൈവത്തിന്‍റെ വിശുദ്ധ സ്വഭാവത്തിന് വിരുദ്ധമാണെന്ന് പ്രവാചകൻ അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ശരിയാണ് യിസ്രായേൽ പൂർണ്ണമായും നശിപ്പിക്കപ്പെടാൻ ഹബക്കൂക്കും ആഗ്രഹിച്ചില്ല എന്ന് നമുക്ക് കാണാൻ കഴിയും. “യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിലുണ്ട്‌” എന്ന്‌ ദൈവം തന്‍റെ പ്രവാചകനെ ഓർമ്മിപ്പിച്ചതിനുശേഷം അവന്‍റെ മനോഭാവം പൂർണ്ണമായും മാറിപ്പോയി. ദൃഢനിശ്ചയമുള്ള ഹൃദയത്തിൽ നിന്ന് വരുന്ന യഥാർത്ഥമായ   പ്രാർത്ഥന ശ്രദ്ധിക്കുക.

“വിഭ്രമരാഗത്തിൽ ഹബക്കൂക്പ്രവാചകന്‍റെ ഒരു പ്രാർഥനാഗീതം. യഹോവേ, ഞാൻ നിന്‍റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പേ നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പേ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ…നിന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായിട്ടും നിന്‍റെ അഭിഷിക്തന്‍റെ  രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്‍റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.

 ഞാൻ കേട്ട് എന്‍റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്‍റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്‍റെ അസ്ഥികൾക്ക് ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.  എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ  രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു; അവൻ എന്‍റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. (ഹബക്കൂക് 3:1,2,13,16-19). ഹബക്കൂക്ക് തന്‍റെ പ്രാർത്ഥനയിൽ ദൈവവുമായി നടത്തിയ സംഭാഷണം തന്‍റെ വീക്ഷണത്തെയും മനോഭാവത്തെയും പൂർണ്ണമായും മാറ്റിമറിച്ചുവെന്ന് വ്യക്തമാണ്. ദൈവം എപ്പോഴും എല്ലാറ്റിനെയും തന്‍റെ  നിയന്ത്രണത്തിൽ  വയ്ക്കുകയും അവന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി അവൻ എല്ലാവരെയും, ഒടുവില്‍ ദുഷ്ടരായ കൽദയരെപ്പോലും ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് അവൻ മനസിലാക്കി. രണ്ടാം വാക്യം ഒരു യഥാർത്ഥ പ്രാർത്ഥനയാണ്. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ എങ്ങനെ മനസ്സിലാക്കാമെന്നും പ്രാവർത്തികമാക്കാമെന്നും പതിമൂന്നാം വാക്യം നമ്മോട് പറയുന്നു. സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും ആത്യന്തികമായി ദൈവജനവുമായി എതെങ്കിലും നിലയിൽ ബന്ധമുണ്ട്. 16-19 വാക്യങ്ങളിൽ അത്ഭുതത്തോടും ഭയഭക്തിയോടും കൂടെ  ദൈവം ആരാധിക്കപ്പെടുന്നത് നാം കാണുന്നു. തന്‍റെ  ജനതയുടെ മേൽ ന്യായവിധി വരുമെന്ന കാര്യം ഹബക്കൂക്കിന് അറിയാമായിരുന്നു. എന്നാൽ ദൈവം അതിലൂടെയും നന്മ ഉളവാക്കുമെന്നും തന്നെത്തന്നെ മഹത്വപ്പെടുത്തുമെന്നും അവൻ വിശ്വാസത്തോടെ പ്രത്യാശ വച്ചു. ഇതാണ് പ്രാർത്ഥനയുടെ ശരിയായ മാർഗം. എന്നാൽ ചില സമയങ്ങളില്‍ നാം ചെയ്ത തെറ്റായ പ്രാർത്ഥനകളെ ഉപയോഗിച്ച്  ദൈവം നമ്മുടെ മനോഭാവം മാറ്റിയതിനു ശേഷം മാത്രമേ അതുപോലെയുള്ള ശരിയായ പ്രാർത്ഥന ചെയ്യാൻ കഴിയൂ.

നാലാമത്തെ അടിസ്ഥാന സത്യം

പ്രാർത്ഥന എന്നത് ചോദിക്കുന്നതാണ്. ദൈവത്തോട് എന്തുചെയ്യണമെന്ന് പറയുന്നതല്ല.

പ്രാർത്ഥന എന്നാൽ യഥാർത്ഥത്തിൽ ചോദിക്കൽ ആണെന്ന് നാം മനസ്സിലാക്കണം. എന്നാല്‍, നമ്മുടെ പ്രാർത്ഥനയ്ക്ക് 'അതെ' എന്നോ 'ഇല്ല' എന്നോ ഉത്തരം നൽകാൻ ദൈവത്തിന് അധികാരമുണ്ടെന്ന് തിരിച്ചറിയുന്നതുവരെ നമുക്ക് ഈ സത്യം കാണാൻ കഴിയില്ല. പ്രാർത്ഥനയെ നാം  വചനപ്രകാരം മനസ്സിലാക്കുമ്പോൾ, അതിൽ മനോഭാവവും പ്രവൃത്തിയും ഉൾപ്പെടുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അപേക്ഷിക്കുന്ന വാക്കുകളോടൊപ്പം ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തോടുള്ള ഹൃദയപൂർവമായ പ്രതികരണവും അതിൽ ഉൾപ്പെടുന്നു. പ്രാർത്ഥനയായി കണക്കാക്കാത്തത് എന്തിനെയാണെന്ന് ഞാൻ താഴെ വിശദീകരിക്കാം.

  1. പ്രാർത്ഥന എന്നത് ദൈവം എന്ത് ചെയ്യണമെന്നോ, എപ്പോള്‍ ചെയ്യണമെന്നോ, ആരിലൂടെ ചെയ്യണമെന്നോ അവന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതല്ല . അങ്ങനെ ചെയ്താൽ, പ്രശ്നം പരിഹരിക്കുന്നതിന് ദൈവത്തിന് സ്വന്തമായി ഒരു പദ്ധതിയും ഇല്ലെന്ന് നാം പറയുന്നത് പോലെയിരിക്കും.
  2. പ്രാർത്ഥന എന്നാൽ ദൈവത്തിന് അറിയാത്ത വിവരങ്ങൾ നിങ്ങള്‍ അവനെ അറിയിക്കുന്നതല്ല. നിങ്ങള്‍ എപ്പോഴെങ്കിലും പ്രാർത്ഥിക്കുമ്പോൾ, സാഹചര്യം എന്താണെന്ന് ശ്രദ്ധാപൂർവ്വം ദൈവത്തിന് വിശദീകരിച്ച് പറഞ്ഞതിന്നു ശേഷം, “ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അവിടുന്ന് മനസ്സിലാക്കുകയും, ഞാൻ കൊടുത്ത ആലോചന എത്ര ജ്ഞാനത്തോടെ ഉള്ളതാണെന്ന് കാണാനുള്ള സ്ഥിതിയിൽ അവിടുന്ന് ഇപ്പോൾ എത്തുകയും ചെയ്തു”എന്ന് വിചാരിക്കുന്നുവോ? ഇത് എത്ര അഹങ്കാരമാണ്?

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആലോചന തോന്നിയ ഒരാളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. ഒരു പ്രാർത്ഥനാ യോഗത്തിൽ അവൻ എഴുന്നേറ്റു നിന്ന് ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി, “കർത്താവേ, ആ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. പക്ഷേ ആ അപകടം നടന്ന പട്ടണത്തിന്‍റെ  പേര് അയാൾ മറന്നുപോയി, “പിന്നെ... പിന്നെ....” എന്ന് പറഞ്ഞുകൊണ്ട്, ആ പേര് ഓർമ്മിക്കാൻ ശ്രമിച്ചു, ഒടുവിൽ അയാൾ പറഞ്ഞു, “കർത്താവേ, ആ സ്ഥലത്തിന്‍റെ പേര് എനിക്ക് ഓർമ്മയില്ല. പക്ഷേ, നിനക്കത് അറിയാമെന്ന് എനിക്കുറപ്പുണ്ട്. ഇന്നത്തെ എല്ലാ പത്രങ്ങളിലും അത് പ്രസിദ്ധീകരിക്കപ്പെട്ടതാണല്ലോ” എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ, "ദൈവത്തിന് ശരിയായ വിവരങ്ങളുള്ള പത്രം  ലഭിച്ചോ, ഇല്ലയോ" എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു." നമ്മൾ ഈ കഥ കേൾക്കുമ്പോൾ  ചിരിച്ചേക്കാം, പക്ഷേ നമ്മളും ചിലപ്പോൾ, പ്രാർത്ഥിച്ചതിനുശേഷം അതേ മനോഭാവത്തോടെ, "ഇപ്പോൾ ദൈവത്തിന് ശരിക്കും കഥ മനസ്സിലായി" എന്ന് വിചാരിക്കാറില്ലേ?

പ്രാർത്ഥന അവസാനിപ്പിച്ചതിനു  ശേഷം നമുക്കുളവാകുന്ന  ചിന്തകള്‍, നമ്മുടെ മനോഭാവം, ഇവയാണ് നമ്മുടെ വിശ്വാസം എങ്ങനെയുള്ളതാണ് എന്നതിനുളള തെളിവുകൾ. നാം എല്ലാം “ഉപേക്ഷിച്ച്”, നമ്മുടെ ഭാരം ദൈവത്തിന്‍റെ മേൽ വച്ചിരിക്കുന്നു എന്ന് പറയുന്നു. സാഹചര്യങ്ങള്‍ എല്ലാം അവന്‍റെ കൈകളിലാണെന്ന് നാം അംഗീകരിക്കുന്നു. ഇതെല്ലാം വെറും സംസാരം മാത്രമാണ്! പ്രായോഗികമായി നാം പലപ്പോഴും വ്യത്യസ്തമായി പെരുമാറുന്നു. യാഥാർത്ഥ്യം എന്തെന്നാൽ, നാം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ, എല്ലാ സാഹചര്യങ്ങളിലും നമ്മുടെ ബുദ്ധിശക്തി ഉപയോഗിച്ച് കൊണ്ട് സാമർത്ഥ്യത്തോടെ  മുന്നോട്ടു പോകാൻ ആണ് ശ്രമിക്കുന്നത്. “എല്ലാം അവന് വിട്ടുകൊടുത്തു” എന്ന് പറയുമ്പോൾ തന്നെ പല വിധങ്ങളിലും ഗൂഢാലോചന ചെയ്യുന്നവരാണ് നാം. “നമ്മുടെ ഭാരം ദൈവത്തിന്‍റെ മേൽ വയ്ക്കുന്നു” എന്ന് പറഞ്ഞുകൊണ്ടു തന്നെ നമ്മുടെ സ്വന്തം ബുദ്ധിയിൽ തോന്നുന്ന പ്രയത്നങ്ങൾ എല്ലാം ചെയ്യുന്നു. എന്നാൽ വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോഴും, നമ്മുടെ സ്വന്തം പദ്ധതികളിൽ ആശ്രയിക്കുന്നത് ഉചിതമല്ല.

ഈ സത്യം വ്യക്തമാക്കുന്നതിന് ജെയ് ആഡംസ് ഒരു അത്ഭുതകരമായ ഉദാഹരണം നൽകിയിട്ടുണ്ട്. എല്ലായിപ്പോഴും വിഷാദാവസ്ഥയിലായിരിക്കുകയും, എല്ലാറ്റിനെക്കുറിച്ചും പരാതി പറയുകയും ചെയ്യുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കഥ മുഴുവൻ കേൾക്കാൻ ഒരു മണിക്കൂർ സമയം എങ്കിലും വേണ്ടിവരും, അതുകൊണ്ട് തന്‍റെ സുഹൃത്തുക്കളാരും അദ്ദേഹത്തോട് “സുഖമാണോ?” എന്ന് ചോദിക്കാൻ  പോലും ധൈര്യപ്പെടാറില്ല. പക്ഷേ ഒരു ദിവസം, അവൻ വളരെ സന്തോഷവാനായിരിക്കുന്നത് കണ്ട് സുഹൃത്ത് അതിനുള്ള കാരണം അന്വേഷിച്ചപ്പോൾ, , “ഈ ലോകത്ത് എനിക്ക് ആകുലപ്പെടാൻ  ഇനി ഒന്നുമില്ല” എന്ന് അയാള്‍ മറുപടി പറഞ്ഞു. അവന്‍റെ സുഹൃത്ത് അത്ഭുതത്തോടെ, “ഇത് വളരെ വിചിത്രമായിരിക്കുന്നുവല്ലോ! നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എങ്ങനെയാണ് പോയത്?” എന്ന് ചോദിച്ചു. "എന്നേക്കാൾ നന്നായി എന്‍റെ  എല്ലാ പ്രശ്നങ്ങളും ചുമക്കാൻ കഴിയുന്ന ഒരാളെ ഞാൻ കണ്ടെത്തി. എന്‍റെ  പ്രശ്നങ്ങൾ ചുമക്കാൻ ആഴ്ചയിൽ അഞ്ഞൂറ് രൂപയും  ഞാൻ അദ്ദേഹത്തിന് നൽകുന്നുണ്ട്" എന്ന് അദ്ദേഹം മറുപടി നൽകി. “അത്രയും പണം നിനക്ക് എവിടെ നിന്നാണ് കിട്ടുന്നത്?” എന്ന് സുഹൃത്ത് ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ, “അതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും അവന്‍റെ  പ്രശ്നമാണ്, എന്‍റെ പ്രശ്നമല്ല” എന്ന് അയാൾ മറുപടി പറഞ്ഞു. ഇതിന്‍റെ  അർത്ഥം നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ പ്രശ്നങ്ങൾ ദൈവത്തിന് സമർപ്പിക്കുമ്പോൾ, നാം അവയെ പൂർണ്ണമായും അവന്‍റെ കൈകളിലേക്ക് ഏൽപ്പിക്കണം.

എത്ര തവണയാണ് നാം നമ്മുടെ പ്രശ്‌നങ്ങൾ ദൈവമുമ്പാകെ വയ്ക്കുകയും, അവന്‍റെ സന്നിധിയിൽ നിന്ന് പുറത്തുപോയ ഉടനെ തന്നെ  അവയെ വീണ്ടും തലയിലെടുത്തു വെയ്ക്കുകയും ചെയ്യുന്നത്? എത്ര തവണയാണ് നാം അവ ദൈവത്തിന് ഏല്പിക്കുകയും, അവന് അവയെക്കുറിച്ച് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യുന്നത്? അത്തരം സാഹചര്യങ്ങളിൽ,  നാം പ്രതീക്ഷിക്കുന്നത് ചെയ്യാൻ ദൈവത്തിന്  കഴിയുമോ എന്ന ആശങ്കയാണ് നമ്മുടെ യഥാർത്ഥ പ്രശ്നം.

വചനപ്രകാരമുള്ള പ്രാർത്ഥനയെ നിറവേറ്റുന്ന മൂന്ന് വ്യക്തമായ കാര്യങ്ങൾ ഞാൻ ഇപ്പോൾ നിങ്ങളോട് പറയാൻ പോകുന്നു. യഥാർത്ഥമായി പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ടെന്ന് ഇവ നമുക്ക് കാണിച്ചുതരുന്നു. സർവ്വാധികാരിയായ ദൈവത്തിന്‍റെ ഇഷ്ടം ആത്മാർത്ഥമായി അന്വേഷിച്ച് അതിനു കീഴടങ്ങുന്നതിനുപകരം, നാം ആഗ്രഹിക്കുന്നത് ദൈവത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ നാം പലപ്പോഴും ശ്രമിക്കുന്നു.

  1. ദൈവം സർവ്വാധികാരിയാണെന്ന് ആത്മാർത്ഥമായി ഏറ്റുപറയുന്നതാണ് യഥാർത്ഥമായ പ്രാർത്ഥന. വാസ്തവത്തിൽ, നാം പ്രാർത്ഥിക്കുമ്പോൾ, ആ കാര്യം പൂർണ്ണമായും ദൈവത്തിന്‍റെ കൈകളിലാണെന്ന് നാം സമ്മതിക്കുകയാണ് ചെയ്യുന്നത്. നാളെ അത് നമ്മുടെ കൈകളിലെത്തിക്കുക എന്നുള്ളത് നമ്മുടെ അധികാരത്തിലല്ല, അവന്‍റെ അധികാരത്തിലാണ് ഉള്ളതെന്ന് നാം അംഗീകരിക്കുന്നു. അവ അവന്‍റെ കൈകളിലാണ് ഉള്ളത്. നമ്മുടെ കൈകളിലല്ല.
  2. ദൈവത്തിന്‍റെ സർവ്വാധികാര ഹിതത്തിന് സന്തോഷത്തോടെ കീഴടങ്ങുന്നതാണ് പ്രാർത്ഥന. ദൈവത്തിന് നല്ലതെന്ന് തോന്നുന്നതെന്തും ചെയ്യാനുള്ള അധികാരവും ശക്തിയും ഉണ്ടെന്ന് നാം അംഗീകരിക്കുന്നു.  നാളെത്തെ ദിവസം ദൈവം എന്തു ചെയ്താലും അതെല്ലാം റോമർ 8:28-ലെ “സകലവും” എന്ന് വാക്കിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് നാം വിശ്വസിക്കുന്നു.
  3. പ്രാർത്ഥന എന്ന് പറയുന്നത് ദൈവം എന്ത് ചെയ്താലും അവനെ മഹത്വപ്പെടുത്താനുള്ള കൃപ നൽകണമെന്ന് അവനോട് ആത്മാർത്ഥമായും  അപേക്ഷിക്കുന്നതാണ്. അതായത്  “പിതാവേ, അങ്ങ് ‘അതെ’ എന്നു പറഞ്ഞാലും  ‘അല്ല’ എന്ന് പറഞ്ഞാലും അങ്ങയെ വിശ്വസിക്കാനും,  അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള കൃപ  നൽകണമെന്ന്  അപേക്ഷിക്കുന്നതാണ്.”

 മോൺട്രിയലിൽ ഞാന്‍ ഒരു പ്രസംഗം നടത്തിയപ്പോൾ മുകളിൽ പറഞ്ഞ നിർവചനങ്ങൾ ഉപയോഗിച്ചത് ഓർക്കുന്നു. അതിൽ പങ്കെടുത്തിരുന്നവരിൽ ഒരു സ്ത്രീ അതിന്‍റെ പേരിൽ ദേഷ്യപ്പെടുകയും, അതിന്‍റെ ശേഷം മൂന്ന് രാത്രികൾ, അവർ യോഗങ്ങൾക്ക് ഹാജരാകാതിരിക്കുകയും ചെയ്തു . അവര്‍ തിരിച്ചെത്തിയപ്പോൾ എന്നോട് "മിസ്റ്റർ റൈസിംഗർ, രണ്ട് വർഷത്തിലേറെയായി ഞാൻ രാത്രിയിൽ ശരിയായി ഉറങ്ങിയിട്ടില്ല. പക്ഷേ ഇന്നലെ രാത്രി ഞാൻ ആദ്യമായി സുഖമായി ഉറങ്ങി" എന്നു പറഞ്ഞു കൊണ്ട് അതിന്‍റെ കാരണം വിശദീകരിക്കാൻ തുടങ്ങി. അവരുടെ മകൻ മയക്കുമരുന്നിന് അടിമയാണ്. അത് മറച്ചുവെക്കാൻ അവര്‍ക്ക് കള്ളം പറയേണ്ടി വന്നു. അവനെകുറിച്ച് അവര്‍ കരഞ്ഞു, യാചിച്ചു, വാഗ്ദാനങ്ങൾ ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. അവര്‍ പറഞ്ഞു, “ഇന്നലെ രാത്രി ഞാൻ എന്‍റെ കട്ടിലിനരികിൽ മുട്ടുകുത്തി എന്‍റെ മകനെ ദൈവത്തിന്‍റെ  കൈകളിൽ ഏൽപ്പിച്ചു. അവന് എന്‍റെ മകനെ നശിപ്പിക്കാനും അതുവഴി മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് അവനെ ഒരു ഉദാഹരണമാക്കാനും അവന് അധികാരമുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. എന്‍റെ മകനെ രക്ഷിക്കണമേ എന്ന് ഞാൻ ദൈവത്തോട് അപേക്ഷിച്ചു. എന്തു സംഭവിച്ചാലും  ദൈവത്തില്‍ വിശ്വസിക്കാനുള്ള  ഉറപ്പ് എന്നിൽ ഉളവായി. രണ്ട് വർഷമായി  ഉറങ്ങിയിട്ടില്ലാത്ത രീതിയിൽ  കിടക്കയിൽ കിടന്ന് ഉറങ്ങാൻ എനിക്ക് കഴിഞ്ഞു.”

ഈ സ്ത്രീയുടെ കാര്യത്തിൽ, മൂന്ന് മാസത്തിനുശേഷം ദൈവം അവളുടെ മകനെ രക്ഷിച്ചു. എന്നാൽ  എല്ലാ സന്ദർഭങ്ങളിലും ഈ രീതിയിൽ സംഭവിക്കുന്നില്ല. എന്നിരുന്നാലും, നമ്മുടെ ജീവിതത്തെയും, ജോലിയെയും, കുട്ടികളെയും ദൈവത്തിന്‍റെ കൈകളിൽ  ഏല്പിക്കാൻ നാം പഠിക്കണം. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അവർ അവന്‍റെ കൈകളിലാണ് ഉള്ളത്. എന്നാൽ ഹൃദയംഗമമായ പ്രാർത്ഥനയിലൂടെ അവരെ അവനെ ഏല്പിക്കുക എന്നാൽ ദൈവത്തിന്‍റെ സർവ്വാധികാര പരിപാലനം വിശ്വസിക്കാൻ പഠിക്കുക എന്നതാണ്.

യഥാർത്ഥമായി പ്രാർത്ഥിക്കുന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതല്ലേ? നാം പ്രതീക്ഷിക്കുന്ന രീതിയിൽ ഉത്തരം ലഭിക്കില്ല എന്ന സംശയം പലപ്പോഴും നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥനക്ക് തടസ്സം നിൽക്കുന്നു എന്നത് വാസ്തവമല്ലേ? നാളയെക്കുറിച്ചുള്ള നമ്മുടെ മനോഭാവത്തെ യാക്കോബ് നിന്ദിക്കുന്നതിൽ ഇതും ഒരു ഭാഗമല്ലേ? നമ്മുടെ ബിസിനസ്സിലും ജീവിതത്തിലും,  എന്ത് സംഭവിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് അറിയാം – നാം അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുകയാണ് ! അങ്ങനെയാകുമ്പോൾ, “എന്നിരുന്നാലും, എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്ന് പൂർണ്ണഹൃദയത്തോടെ പറയാൻ നമുക്ക് പ്രയാസമാണ്. "ദൈവമേ, ഞാൻ ഇതിനോടകം തയ്യാറാക്കിയ പദ്ധതിയെ അനുഗ്രഹിക്കണമേ" എന്ന് പറയുന്നത് അതിനേക്കാള്‍ എത്രയോ എളുപ്പമാണ്. എന്നാൽ നമ്മുടെ അപൂർണ്ണതകളും, ആവശ്യകതകളും  തിരിച്ചറിഞ്ഞെന്ന് സമ്മതിക്കുന്നതാണ് യഥാർത്ഥമായ പ്രാർത്ഥന. എല്ലാ ദിവസവും എല്ലാ സാഹചര്യങ്ങളിലും  ദൈവത്തിൽ ആശ്രയിക്കുന്നുവെന്ന് നാം അംഗീകരിക്കുന്നു. യാക്കോബ് പറഞ്ഞ കാര്യങ്ങള്‍ നാം എപ്പോഴും ഓർമ്മിക്കണം. പ്രത്യേകിച്ച് നാം പ്രാർത്ഥിക്കാത്തപ്പോൾ, ഈ വാക്കുകൾ ഓർമ്മിക്കണം.

“ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്. നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു” (യാക്കോബ് 4:13-16).  

“ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ പദ്ധതികളെക്കുറിച്ച് പ്രാർത്ഥിക്കുന്നതിൽ പരാജയപ്പെടുന്നു, അല്ലെങ്കിൽ നിങ്ങൾ ആ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ദൈവത്തിന്‍റെ സർവ്വാധികാരം അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നു,” എന്ന് യാക്കോബ് പറയുന്നു. ഇതിനു മുമ്പ്, നാം  പ്രാർത്ഥിക്കാതിരിക്കുന്നതിനെ, അല്ലെങ്കിൽ നമ്മുടെ സ്വാർത്ഥപരമായ  ആഗ്രഹങ്ങൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുന്നതിനെ  യാക്കോബ്  ശാസിക്കുന്നത് നാം കണ്ടു. നമ്മുടെ പദ്ധതികളെയും ആശയങ്ങളെയും അനുഗ്രഹിക്കണമേ എന്ന്  മാത്രം ദൈവത്തോട് അപേക്ഷിക്കുന്നത്രയും  കാലം ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ നമുക്ക് കഴിയില്ല.

അഞ്ചാമത്തെ അടിസ്ഥാന സത്യം

ദൈവത്തിന്‍റെ സർവ്വാധികാരത്തിലുള്ള വിശ്വാസം, യഥാർത്ഥ പ്രാർത്ഥനയെ തടസ്സപ്പെടുത്തുന്നില്ല, മറിച്ച് അതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

വചനപ്രകാരമുള്ള പ്രാർത്ഥനയെ നശിപ്പിക്കുന്നത് സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസമാണ്. സ്വതന്ത്ര ഇച്ഛാശക്തിയുടെ സിദ്ധാന്തം ഹോശേയ,  "കട്ടിലിൽ കിടന്നു മുറയിടുന്നത്" എന്ന് വിളിച്ച തരത്തിലുള്ള പ്രാർത്ഥനയ്ക്ക് കാരണമായേക്കാം, പക്ഷേ  അത് പോലും അധികകാലം നിലനിൽക്കില്ല. സ്വതന്ത്ര ഇച്ഛാശക്തിയിൽ വിശ്വസിച്ചു കൊണ്ട്, അല്ലെങ്കിൽ ദൈവത്തിന്‍റെ സർവ്വാധികാരത്തിൽ  വിശ്വസിക്കാതെ, പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ നിങ്ങൾ ഒരിക്കലും പങ്കടുത്തിട്ടില്ലെന്ന് പറയാന്‍ ഞാൻ ധൈര്യപ്പെടുന്നു. തന്‍റെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിന്‍റെ  വീക്ഷണകോണിൽ നിന്നു കൊണ്ട് പ്രാർത്ഥിക്കാൻ ശ്രമിച്ചിരുന്ന ഒരു മൂപ്പന്‍  ഞാനായിരിക്കുന്ന സഭയില്‍ ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ എല്ലാ തവണയും അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അയാള്‍ എല്ലാ ആഴ്ചയും, “കർത്താവേ, ഈ ലോകത്തിലെ എല്ലാവരെയും നീ ഒരുപോലെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അമേരിക്കയിലുള്ള എല്ലാവരെയും നീ സ്നേഹിക്കുന്നുണ്ടെന്നും എന്‍റെ സംസ്ഥാനത്തെ ഓരോ ആത്മാവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും എനിക്കറിയാം. ഈ പട്ടണത്തിലുള്ള എല്ലാവരെയും നീ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം (ഇപ്പോൾ അയാൾ വളരെ പതുക്കെ പറഞ്ഞു, "കർത്താവേ, ഈ തെരുവിലുള്ള എല്ലാവരെയും നീ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്‍റെ ഇരുവശത്തുമുള്ള എന്‍റെ  അയൽക്കാരെയും നീ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം." പിന്നീട് ആ മനുഷ്യൻ കരയാൻ തുടങ്ങി, “പക്ഷേ കർത്താവേ, അവർ സുവിശേഷം കേൾക്കില്ല. അവർ ആരാധനയ്ക്ക് വരില്ല. ദൈവമേ, നിന്‍റെ  പരിശുദ്ധാത്മാവിനെ അയച്ച് അവരെ ബോധ്യപ്പെടുത്തണമേ. ദൈവമേ, അവരെ നിങ്കലേയ്ക്ക് ആകർഷിക്കേണമേ,” എന്ന് പറയും. അടുത്ത ആഴ്ചയും അയാൾ അതേ രീതിയിൽ തന്നെ പ്രാർത്ഥിക്കുന്നു. അദ്ദേഹം  പ്രാർത്ഥിക്കുമ്പോഴെല്ലാം ദൈവത്തിന്‍റെ സർവ്വാധികാരം അംഗീകരിക്കാൻ നിർബന്ധിതനാകുന്നുവെന്ന് മനസ്സിലാക്കുന്നതിൽ  പരാജയപ്പെടുകയായിരുന്നു.   (അദ്ദേഹത്തിന്‍റെ  പ്രാർത്ഥനയുടെ ആദ്യഭാഗം ഒരു പ്രാർത്ഥനയേയായിരുന്നില്ല, മറിച്ച് എന്നെ ഉദ്ദേശിച്ച് നടത്തിയ ഒരു പ്രസംഗമായിരുന്നു.)

 ക്രിസ്ത്യാനികൾ മുട്ടിന്മേൽ നിൽക്കുമ്പോൾ മനുഷ്യന്‍റെ "സ്വതന്ത്ര ഇച്ഛാശക്തി" പൂർണ്ണമായും മറന്നു പോകുന്നത് അതിശയകരമല്ലേ? അത്യാവശ്യ  സമയങ്ങളിൽ നാം അവന്‍റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ അവന്‍റെ  സമ്പൂർണ്ണ സർവ്വാധികാരത്തെ സ്നേഹിക്കേണ്ടതല്ലേ?

ഞാൻ ന്യൂയോർക്കിൽ ആയിരുന്നപ്പോൾ, ഒരു ബൈബിൾ ക്ലാസ് നടത്തിയിരുന്നു. അതിൽ പങ്കെടുത്ത ഒരു സ്ത്രീയെ ഞാൻ ഒരിക്കലും മറക്കില്ല. അവര്‍ കർത്താവിനെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ സർവ്വാധികാര കൃപയെക്കുറിച്ചുള്ള സത്യം അവരെ ആരും ഒരിക്കലും പഠിപ്പിച്ചിട്ടില്ല. റോമർക്ക് എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ബൈബിൾ പഠനം  വളരെ സന്തോഷത്തോടെ അവര്‍ കേട്ടുകൊണ്ടിരുന്നു. എന്നാൽ ദൈവത്തിന്‍റെ സർവ്വാധികാരത്തെക്കുറിച്ചുള്ള സിദ്ധാന്തം അവസാനിക്കാറായപ്പോൾ അവര്‍  “ഈ ബൈബിൾ പഠന ക്ലാസ് എന്‍റെ  പ്രാർത്ഥനാ ജീവിതം നശിപ്പിക്കുകയാണ്. ഞാൻ ഇനി ഒരിക്കലും ഈ ബൈബിൾ ക്ലാസുകൾക്ക് വരില്ല” എന്ന് പറഞ്ഞു. അതിന് ഞാൻ  "സഹോദരീ, ഇതിന് ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ പ്രാർത്ഥനാ ജീവിതം നശിപ്പിക്കാൻ ഞാൻ എന്താണ് പറഞ്ഞതെന്ന്” ചോദിച്ചു.  അതിന് അവര്‍  “ഇച്ഛാസ്വാതന്ത്ര്യത്തെയും ദൈവത്തിന്‍റെ  സർവ്വാധികാരത്തെയും കുറിച്ചുള്ള നിങ്ങളുടെ സിദ്ധാദ്ധം തന്നെയാണ്.  നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ, പിന്നെ ഞാൻ എന്തിനാണ്  പ്രാർത്ഥിക്കുന്നത്?” എന്ന് ചോദിച്ചു. അന്ന് രാവിലെ എന്തിനെക്കുറിച്ചാണ് പ്രാർത്ഥിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ, അവര്‍ തന്‍റെ പേഴ്സ് തുറന്ന് ഒരു പഴയ പ്രാർത്ഥന ലിസ്റ്റ് പുറത്തെടുത്തു. ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ കുടുങ്ങിയ തന്‍റെ രണ്ട് സുഹൃത്തുക്കൾക്കുവേണ്ടി താൻ ആ ദിവസം രാവിലെ പ്രാർത്ഥിച്ചതായി അവര്‍ പറഞ്ഞു. അവർ അവിടെ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു. “ദൈവം എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ പ്രാർത്ഥിച്ചത്?” ഞാൻ ചോദിച്ചു. ഒരു മടിയും കൂടാതെ അവര്‍ മറുപടി പറഞ്ഞു, “എന്‍റെ ആ രണ്ട് സുഹൃത്തുക്കളും സുരക്ഷിതരായിരിക്കണമെന്ന്‍ ഞാൻ പ്രാർത്ഥിച്ചു. സൈന്യം അവരുടെ ശുശ്രൂഷയിൽ, അവരെ ഉപദ്രവിക്കരുതെന്ന് ഞാൻ പ്രാർത്ഥിച്ചു. ബോംബുകളോ വെടിയുണ്ടകളോ മൂലം അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടാതെ  സംരക്ഷിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു.” അത്ഭുതം നടിച്ചുകൊണ്ട് ഞാൻ  “നിങ്ങള്‍ ശരിക്കും അങ്ങനെ പ്രാർത്ഥിച്ചോ? ആ പട്ടാളക്കാർക്കെല്ലാം സ്വതന്ത്ര ഇച്ഛാശക്തിയുണ്ടല്ലോ! ഒരു അംബാസഡറോട് യുദ്ധത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നതല്ലേ ഇതിനേക്കാള്‍ നല്ലത്? ആ രണ്ട് നഴ്‌സുമാരെ രക്ഷിക്കാൻ ദൈവം മുഴുവൻ യുദ്ധത്തെയും ഓരോ സൈനികനേയും, ബോംബിനേയും, വെടിയുണ്ടകളേയും തന്‍റെ നിയന്ത്രണത്തിൽ വയ്ക്കണമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാമോ?” എന്ന് ചോദിച്ചു.അവർക്ക് പ്രായം അൽപ്പം കൂടുതലായതിനാൽ എന്‍റെ വാക്കുകളുടെ അർത്ഥം അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല. പക്ഷേ ശേഷമുള്ള ആളുകളിൽ പലർക്കും മനസ്സിലായി. ദൈവഭക്തിയുള്ള ആ സ്ത്രീ ദൈവത്തിന്‍റെ ശക്തിയെക്കുറിച്ചോ പാപികളായ പടയാളികളുടെ സ്വതന്ത്ര ഇച്ഛാശക്തിയെക്കുറിച്ചോ ചിന്തിച്ചില്ലെങ്കിലും, അവര്‍ സർവ്വാധികാരിയായ ദൈവത്തോട് ആണ് പ്രാർത്ഥിച്ചത്. ദൈവം ഓരോ പട്ടാളക്കാരനെയും എല്ലാ ആയുധങ്ങളെയും തന്‍റെ നിയന്ത്രണത്തിൽ വച്ചുകൊണ്ട് തന്‍റെ  സുഹൃത്തുക്കളായ നഴ്‌സുമാരെ സംരക്ഷിച്ചു കൊണ്ട് തന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ സർവ്വാധികാരിയായ ദൈവത്തോട് ആത്മാർത്ഥമായി  പ്രാർത്ഥിച്ചു.

സർവ്വാധികാര കൃപയെക്കുറിച്ചുള്ള ഉപദേശം കേട്ട് മാനസാന്തരപ്പെട്ടവർക്ക് പൊതുവെ സർവ്വാധികാരത്തെക്കുറിച്ചോ പ്രാർത്ഥനയെക്കുറിച്ചോ ഒരു സംശയവും തോന്നാത്തത് എന്നെ  പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. എന്‍റെ മരുമകൾ മാനസാന്തരപ്പെട്ടതിനുശേഷം, ഒരു ഞായറാഴ്ച ഞാൻ പ്രസംഗിക്കാൻ വേറൊരു സ്ഥലത്തേയ്ക്ക് പോയപ്പോൾ അവൾ മറ്റൊരു പള്ളിയിൽ ആരാധനയ്ക്ക് പോയി. ആ വൈകുന്നേരം ഞാൻ അവളോട് ഫോണിൽ സംസാരിക്കുകയും ആരാധന എങ്ങനെ ഉണ്ടെന്ന് ചോദിക്കുകയും ചെയ്തു. അതിന് അവൾ അൽപ്പം രസത്തോടെ, “അച്ചാ, എനിക്ക് അത് അല്‍പം വിചിത്രമായിട്ടാണ്  തോന്നിയത്. പ്രസംഗിച്ചപ്പോൾ ആ പാസ്റ്റർ നിങ്ങളുടെ വീക്ഷണങ്ങളോട് വിയോജിക്കുന്നതു പോലെ തോന്നി. പക്ഷേ അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ,  നിങ്ങളോട് നൂറ് ശതമാനവും യോജിക്കുന്നതായി തോന്നി” എന്ന് മറുപടി പറഞ്ഞു.അവൾ പറഞ്ഞത് ശരിയായിരുന്നു. നിങ്ങൾക്ക് നിരവധി “സ്വതന്ത്ര ഇച്ഛാശക്തി” (അർമേനിയൻ) പ്രസംഗങ്ങൾ കേൾക്കുവാൻ സാധിക്കും. (അവ പ്രസംഗകന്‍റെ ബുദ്ധിയിൽ നിന്ന് ഉളവാകുന്നതാണ്). എന്നാൽ നിങ്ങൾക്കു ഒരിക്കലും ഒരു “സ്വതന്ത്ര ഇച്ഛാശക്തി” (അർമേനിയൻ) പ്രാർത്ഥന കേൾക്കാന്‍ സാധിക്കില്ല (കാരണം യഥാർത്ഥ പ്രാർത്ഥന ഹൃദയത്തിൽ നിന്നാണ് വരുന്നത്).

ആറാമത്തെ അടിസ്ഥാന സത്യം

പ്രാർത്ഥന വളരെ അത്യന്താപേക്ഷിതമാണ്. കാരണം ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗമായി അതിനെ നിയമിച്ചിരിക്കുന്നു.

“പ്രാർത്ഥന കൂടാതെ ദൈവത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് ഒരു ചോദ്യമല്ല. എന്നാല്‍, “ദൈവം തന്‍റെ  സർവ്വാധികാരത്തിൽ, താൻ നിർണ്ണയിച്ച  കാര്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗമായി പ്രാർത്ഥനയെ നിയമിച്ചിരിക്കുന്നുവോ?” എന്നതാണ് യഥാര്‍ത്ഥ ചോദ്യം. പ്രാർത്ഥന ചെയ്യാനുള്ള ഭാരം നമ്മുടെ ഉള്ളിൽ നിന്ന് വരുന്നതല്ല. അത് ദൈവത്താൽ ഉളവാകുന്നതാണ്. ഈ സത്യം നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, പ്രാർത്ഥന ചെയ്യാനുള്ള ഭാരം ഉള്ളവനാകാൻ ഒരു തീരുമാനം എടുക്കുക, എന്നിട്ട് അത് പണി ചെയ്യുമോ എന്ന് നോക്കുക. ഒരു മിഷനറിക്കു വേണ്ടിയോ മറ്റൊരാൾക്കു വേണ്ടിയോ ഭാരത്തോടെ ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ തീരുമാനം എടുക്കുക. സൂര്യപ്രകാശം ഏൽക്കുമ്പോൾ മഞ്ഞുതുള്ളികൾ ആവിയായി പോകുന്നതുപോലെ, നിങ്ങളുടെ ഭാരവും വേഗത്തിൽ അപ്രത്യക്ഷമാകും. ഞാൻ ഭാരത്തോടെ പ്രാർത്ഥിക്കുമെന്ന് കരുതുന്ന വിഷയങ്ങളെക്കുറിച്ച് കൂടെക്കൂടെ  ഭാരത്തോടെ പ്രാർത്ഥിക്കുന്ന അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടില്ലേ? നിങ്ങൾക്ക് നന്നായി അറിയില്ലാത്ത ചില ആളുകളെക്കുറിച്ച് പ്രാർത്ഥിക്കാനുള്ള  ഒരു വലിയ ഭാരം ദൈവം ചിലപ്പോൾ നിങ്ങള്‍ക്ക് തരാറുണ്ട്. നിങ്ങൾക്ക് ആ വ്യക്തിയെ ഇഷ്ടപ്പെട്ടു എന്ന് വരില്ല, അല്ലെങ്കിൽ നിങ്ങൾ അടുത്തിടെയായിരിക്കും അദ്ദേഹത്തെ കണ്ടുമുട്ടിയത്. എങ്കിലും പരിശുദ്ധാത്മാവ് ആ വ്യക്തിയെ നിങ്ങളുടെ മനസ്സിലേക്ക് ആവർത്തിച്ച് കൊണ്ടുവരുകയും അവനോ അവൾക്കോ വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളെ നിർബന്ധിക്കുകയും ചെയ്യും.

സർവ്വാധികാര തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സത്യം ആദ്യമായി കേട്ടപ്പോൾ ഒരു പെൺകുട്ടി എന്നോട് ദേഷ്യപ്പെട്ടത് ഞാൻ ഓർക്കുന്നു. "ഇത് ഞാൻ വിശ്വസിച്ചാൽ, എന്‍റെ അമ്മയുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കുന്നത് ഞാൻ നിർത്തേണ്ടിവരും," എന്ന് അവൾ പറഞ്ഞു. ആ വാക്കുകളിൽ, അവളുടെ സംശയത്തിനുള്ള ഉത്തരം എനിക്ക് കാണാൻ കഴിഞ്ഞു. “നിന്‍റെ അമ്മയുടെ രക്ഷയ്ക്കായി നീ വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നുണ്ടോ?” എന്ന് ഞാൻ അവളോട് ചോദിച്ചു. കണ്ണീരോടെ അവൾ എനിക്ക് ഇങ്ങനെ മറുപടി നൽകി. “ഞാൻ അവര്‍ക്കുവേണ്ടി ഏകദേശം എല്ലാദിവസവും പ്രാർത്ഥിക്കാറുണ്ട്. ചിലപ്പോൾ ജോലി ചെയ്യുമ്പോൾ പോലും, ഈ വിഷയത്തെക്കുറിച്ച് ഞാൻ നിശബ്ദമായി, എന്‍റെ ഹൃദയം ദൈവത്തിലേയ്ക്ക് ഉയർത്താറുണ്ട്. അപ്പോൾ ഞാൻ കരയുന്നതുകൊണ്ട് എന്‍റെ മുഖം വെള്ളത്തിൽ കഴുകേണ്ടി വരുന്നു. എന്‍റെ അമ്മയുടെ ആത്മാവിനെക്കുറിച്ച് എനിക്ക് വലിയ ഭാരം ഉണ്ട്.” അപ്പോൾ  ഞാൻ, “നിങ്ങളുടെ അച്ഛനെക്കുറിച്ച് നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ, അദ്ദേഹം ഒരു ക്രിസ്ത്യാനിയാണോ?” എന്ന് ചോദിച്ചു. അവൾ അല്ല എന്ന് മറുപടി പറഞ്ഞു, “നീ എത്ര തവണ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്? അദ്ദേഹത്തെ രക്ഷിക്കാൻ നീ എപ്പോഴെങ്കിലും കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ടോ?” എന്ന് ഞാൻ ചോദിച്ചു. അവൾ എന്നെ വിചിത്രമായി നോക്കിക്കൊണ്ട്, “നിങ്ങള്‍ എന്നോട് ചോദിച്ചതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഞാൻ ഒരിക്കലും എന്‍റെ അച്ഛന് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല, പക്ഷേ  എല്ലാ ദിവസവും എന്‍റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഞാന്‍ നിർത്തില്ല” എന്ന് പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട്, “നിന്‍റെ അച്ഛനെക്കുറിച്ച്  നീ കൂടുതൽ ചിന്തിക്കണമെന്ന് എനിക്ക് തോന്നുന്നു. ദൈവം നിങ്ങളുടെ അമ്മയെ രക്ഷയിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണീരോടെ നിങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നതുകൊണ്ട് അവന്‍റെ  ആത്മാവ് തന്നെയാണ് നിങ്ങളെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കും. പരിശുദ്ധാത്മാവ് നമ്മെ വെറുതെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നില്ല," എന്ന് പറഞ്ഞു.

ആ പെൺകുട്ടി എത്ര ശ്രമിച്ചാലും, തന്‍റെ പിതാവിനുവേണ്ടി പ്രാർത്ഥിക്കാനുള്ള  ഭാരം തനിയെ  അവളിൽ ഉളവാകുക അസാധ്യം. അതുപോലെ, ദൈവം അവരെ രക്ഷിക്കുക എന്ന തന്‍റെ  കൃപയുടെ പ്രവൃത്തി ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലങ്കിൽ തന്‍റെ അമ്മയെക്കുറിച്ചുള്ള ഭാരവും അവൾക്ക് ഉണ്ടാകുമായിരുന്നില്ല. തന്‍റെ ഹിതത്തിലുള്ളതല്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രാർത്ഥിക്കാൻ ദൈവം നമ്മുടെ ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നില്ല. നമുക്ക് വേണ്ടത് നാം തന്നെ തിരഞ്ഞെടുത്തിട്ട് അത് അവന്‍റെ ഇഷ്ടത്തിൽ ഉൾപ്പെടുത്താന്‍ ദൈവത്തെ നിർബന്ധിക്കാൻ നമുക്ക് കഴിയില്ല. അങ്ങനെ ചെയ്യുന്നത്, നാം ഈ ലോകത്തെ നമ്മുടെ നിയന്ത്രണത്തിൽ വച്ചുകൊണ്ട്, നമ്മുടെ പ്രാർത്ഥനകളാൽ അതിനെ നയിക്കുന്നുവെന്ന് പറയുന്നതിന് തുല്യമായിരിക്കും.

തീവ്രമായ കാൽവിനിസ്റ്റുകൾ (ഹൈപ്പർ കാൽവിനിസ്റ്റുകൾ) ഇത് വായിച്ച് “ആമേൻ” എന്ന് ഉച്ചത്തിൽ പറയുമെന്ന് എനിക്കറിയാം. പക്ഷേ ഇവിടെ പ്രശ്നം എന്തെന്നാൽ, ഒരിക്കലും പ്രാർത്ഥിക്കാത്ത ഒരു തണുത്ത ഹൃദയത്തെ എന്‍റെ വാക്കുകൾ ന്യായീകരിക്കുന്നില്ല എന്നതാണ്! ഞാന്‍ കുറച്ച് കാര്യങ്ങള്‍ നേരിട്ട് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. ദൈവത്തിന്‍റെ സർവ്വശക്തിയെക്കുറിച്ചുള്ള സിദ്ധാന്തം നാം ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ ഇവ നമ്മെ സഹായിക്കും.

ഒന്ന്: പ്രാർത്ഥന ദൈവത്തിൽ നിന്ന് ആരംഭിച്ച്, അവന്‍റെ തീരുമാനങ്ങളിൽ നിന്നാണ് പുറത്തേയ്ക്ക് വരുന്നത്.

രണ്ട്: ദൈവം തന്‍റെ പദ്ധതി പ്രകാരം നിറവേറ്റാൻ പോകുന്ന കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കത്തക്കവണ്ണം പരിശുദ്ധാത്മാവ് ആളുകൾക്ക് ഭാരം നൽകുന്നു.

ഇവ രണ്ടും സത്യമാണെങ്കിൽ (ഇവ സത്യമാണ്), നിങ്ങളും ഞാനും ദൈവഹിതത്തിലാണോ അല്ലയോ, നമുക്ക് അവന്‍റെ അനുഗ്രഹം സ്വീകരിക്കാൻ കഴിയുമോ ഇല്ലയോ എന്ന്, നമുക്ക് ഭാരമുള്ള ഹൃദയമുണ്ടോ എന്ന പ്രമാണത്താൽ  കണ്ടെത്താൻ കഴിയും. സുഹൃത്തേ, ദൈവകൃപയുടെ സിംഹാസനത്തിനു മുന്നിൽ കണ്ണുനീർ പൊഴിക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ, അവൻ നിങ്ങളെ ഉപയോഗിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് അത്. നിങ്ങൾ ഒരു മൂലയിലാണെന്നോ, അല്ലെങ്കിൽ നിങ്ങൾ മാനസാന്തരപ്പെട്ടിട്ടില്ലെന്നോ ആണ് അത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഹൃദയം ഒരു ഐസ് കട്ട പോലെ തണുത്തതായതിനാൽ, ദൈവം നിങ്ങളിലൂടെ തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ലായിരിക്കാം. ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ അവയെ നിറവേറ്റുന്നതിൽ  അവൻ നിങ്ങളെ ഉപയോഗിക്കുന്നില്ല എന്നുമാത്രം.

ഒരു നിമിഷം എന്‍റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കൂ. നമ്മുടെ ഹൃദയങ്ങളിൽ ഭാരം വരുത്തുന്നത് ദൈവമാകുമ്പോൾ, അവന്‍റെ  പ്രതികരണം ഒന്നുകിൽ നമ്മുടെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങൾ നിറവേറ്റുക അല്ലെങ്കിൽ അവയെ നിരസിച്ച് നമ്മുടെ ഹൃദയങ്ങളെ തകർക്കുക എന്നതായിരിക്കും. എന്നാൽ നമുക്ക് ഒരു ഭാരമുള്ള ഹൃദയമോ തകർന്ന ഹൃദയമോ ഇല്ലെങ്കിൽ, നമ്മുടെ സാഹചര്യം എന്താണെന്നാണ് നാം മനസ്സിലാക്കേണ്ടത്? സുഹൃത്തേ, നാം ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്നിൽ ഭാരമുള്ള ഒരു ഹൃദയം തരേണമേ എന്ന് യാചിക്കുമ്പോൾ മാത്രമേ അവൻ അത് നമുക്ക്  നൽകൂ. അവന്‍റെ കൈകളിൽ ഉപയോഗിക്കപ്പെടാൻ  ആഗ്രഹിക്കുന്നുവെന്ന് നാം അവനോട് പറയണം. നമ്മുടെ ഉള്ളിലെ തണുപ്പിനെ നീക്കം ചെയ്ത് ഹൃദയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കണം. അവന്‍റെ ആത്മാവ് നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്നതുവരെ നാം അവനെ അന്വേഷിച്ചു കൊണ്ടിരിക്കണം. താഴെ പറയുന്ന പല്ലവി നമ്മുടെ പ്രാർത്ഥനയായി പാടണം…

ആത്മാക്കളെക്കുറിച്ചുള്ള ഭാരം എനിക്ക് തരൂ,

എന്നിലൂടെ നിന്‍റെ സ്നേഹം കാണിക്കൂ

അവരെ നിനക്കു വേണ്ടി നേടാനുള്ള

എന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ കൃപതരൂ.

വിശ്വസ്തനായ സാക്ഷിയാകാനുള്ള ആഗ്രഹവും ഭാരവും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഈ പല്ലവി സമ്മതിക്കുന്നു. സ്നേഹിക്കാനും പ്രാർത്ഥിക്കാനും സാക്ഷ്യം വഹിക്കാനുമുള്ള ആഗ്രഹവും കഴിവും നമുക്ക് നൽകേണമേ എന്ന് അത് ദൈവത്തോട് നിലവിളിക്കുന്നു. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ഇതിലും കുറഞ്ഞ എന്തെങ്കിലും പ്രതീക്ഷിക്കാൻ കഴിയുമോ? എന്‍റെ കടുത്ത ഹൈപ്പർ-കാൽവിനിസ്റ്റ് സുഹൃത്തേ, അത് സംഭവിക്കില്ല. നിനക്ക് അത്ര എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ല. ദൈവശാസ്ത്ര പുസ്തകങ്ങൾക്ക് പിന്നിൽ നിന്‍റെ തണുത്ത ഹൃദയം ഒളിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. അതിലെ ദൈവശാസ്ത്രം ശരിയാണെങ്കിൽ, കൊള്ളാം! യേശു നമ്മെ പഠിപ്പിച്ചത് ചോദിക്കാനും, അന്വേഷിക്കാനും, മുട്ടുവാനുമാണ്. നമുക്ക് ലഭിക്കുമെന്നും, നാം കണ്ടെത്തുമെന്നും, വാതിൽ തുറക്കപ്പെടുമെന്നും അവൻ വാഗ്ദാനം ചെയ്തു. നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? നിങ്ങൾ കണ്ടെത്തുന്നുണ്ടോ? അവസരങ്ങൾ നിങ്ങൾക്കായി തുറക്കപ്പെടുന്നുണ്ടോ? “നമ്മൾ എന്താണ് ചോദിക്കുന്നത്? നമ്മൾ എന്താണ് അന്വേഷിക്കുന്നത്? നമ്മൾ എന്തിനാണ് മുട്ടുന്നത്?”എന്നതാണ് ഇവിടെ ചോദിക്കേണ്ട പ്രധാന ചോദ്യം.  ദൈവം തന്‍റെ നിർണ്ണയങ്ങൾ നിറവേറ്റുന്നതിനുള്ള  മാർഗ്ഗമായി പ്രാർത്ഥനയെ നിയമിച്ചിട്ടുണ്ടെന്ന് നാം അംഗീകരിക്കുകയാണെങ്കിൽ, ആ പ്രക്രിയയുടെ ഭാഗമായി നാം ഉത്സാഹത്തോടെ ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്തില്ലെങ്കിൽ ദൈവം നമ്മെ ഉപയോഗിക്കുകയില്ലെന്ന് നാം മനസ്സിലാക്കണം.

ഈ അവസാന പ്രമാണത്തെ, ചില വ്യക്തിപരമായ ചോദ്യങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ഞാൻ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു:

  1. നാം ഒരു പ്രത്യേകമായ വിഷയത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ഭാരം ഉള്ളവരാണോ? ഇല്ലെങ്കിൽ, ദൈവം തന്‍റെ കൃപയുടെ ഉദ്ദേശ്യം നിറവേറ്റാൻ നമ്മെ ഉപയോഗിക്കുന്നില്ല എന്ന് അർത്ഥം.
  2. ആരുടെ രക്ഷയ്ക്കു വേണ്ടിയാണ് നാം തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്നത്? അങ്ങനെയുള്ള ആരുമില്ലെങ്കിൽ, ദൈവം താൻ തിരഞ്ഞെടുത്തവരെ കൂട്ടിച്ചേർക്കുന്ന പ്രക്രിയയിൽ നമ്മെ ഉപയോഗിക്കുന്നില്ല എന്നാണ് അർത്ഥം.
  3. നമ്മുടെ സഭയിൽ നിന്ന് ഉണർവ്വിനായുള്ള ഞരക്കങ്ങൾ ദൈവം എത്ര തവണ കേട്ടിട്ടുണ്ട്? “നിങ്ങൾ യാചിക്കായ്ക കൊണ്ട് ഒന്നും കിട്ടുന്നില്ല” എന്ന് യാക്കോബ് പറയുന്നു. നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി ദൈവത്തോട് നിലവിളിക്കുന്നു എന്നതിൽ സംശയമില്ല. ഇത് സത്യമായതിനാൽ നമ്മുടെ പ്രാർത്ഥനാ ജീവിതം നമ്മുടെ ക്രിസ്തീയ ജീവിതത്തിന്‍റെ ആത്മീയ സ്ഥിതി അളക്കുന്നതിനുള്ള ബാരോമീറ്റർ പോലെയാണ്. നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ഒരു കാര്യത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ - ഞാൻ മുമ്പ് പറഞ്ഞതുപോലെ - ദൈവം ആ ആഗ്രഹം നിറവേറ്റണം അല്ലെങ്കിൽ "ഇല്ല" എന്ന് പറഞ്ഞു നമ്മുടെ ഹൃദയങ്ങളെ തകർക്കണം. പക്ഷേ, എത്ര തവണ നമുക്ക് ഭാരമുള്ള ഹൃദയമോ തകർക്കപ്പെട്ട ഹൃദയമോ, ഇല്ലാതിരിക്കുന്നു?
  4. ഈ നിമിഷം തന്നെ ദൈവം സ്വർഗ്ഗത്തിന്‍റെ വാതിലുകൾ തുറന്ന്, കഴിഞ്ഞ ഒരു മാസമായി നാം ഭാരത്തോടെ പ്രാർത്ഥിച്ച എല്ലാ ആത്മീയ അനുഗ്രഹങ്ങളും നമ്മുടെ ഹൃദയങ്ങളിലേക്ക് പകരാൻ തീരുമാനിച്ചിരുന്നെങ്കിൽ, നമ്മിൽ എത്ര പേർ ആത്മീയമായി ശൂന്യമായി കിടക്കുമായിരുന്നു? നാം ഇങ്ങനെ ഒരു അവസ്ഥയിലാണ് ഉള്ളതെങ്കില്‍, അതിന് ദൈവത്തിന്‍റെ സര്‍വ്വാധികാരത്തെ നിന്ദിക്കാന്‍ സാധിക്കുമോ?

ദൈവത്തിന്‍റെ സർവ്വാധികാരത്തിലുള്ള നമ്മുടെ ഉറച്ച വിശ്വാസം യഥാർത്ഥ പ്രാർത്ഥനയെ ഒരു തരത്തിലും എതിർക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇതിനു വിപരീതമായി, ദൈവത്തിന്‍റെ സർവ്വാധികാരത്തിൽ വിശ്വസിച്ച് പ്രാർത്ഥിക്കാതിരിക്കുന്നതിനേക്കാൾ പരസ്പരവിരുദ്ധമായി മറ്റൊന്നുമില്ല. താഴെ പറയുന്ന വാക്കുകൾ സുവർണ്ണ ലിപികളിൽ എഴുതി എല്ലാ കാൽവിനിസ്റ്റ് അല്ലെങ്കിൽ നവീകരണ സഭകളുടെയും പ്രസംഗപീഠങ്ങൾക്ക് മുകളിൽ തൂക്കിയിടണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. (അവ മനസ്സിലും  പതിഞ്ഞു കിടക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.)

“പ്രാർത്ഥനയില്ലാത്ത ഒരു ദിവസം ദൈവത്തിന്‍റെ സർവ്വാധികാരത്തെ നിഷേധിക്കുകയും മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയിലും സ്വയംപര്യാപ്തതയിലും അതിശയിക്കുകയും ചെയ്യുന്ന ദിവസമാണ്”.

അധ്യായത്തിന്‍റെ സംഗ്രഹം

അദ്ധ്യായം3

പ്രാർത്ഥന ഇത്ര പ്രധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് ?

പ്രാർത്ഥനയുടെ പ്രാധാന്യം നാം പരിശോധിക്കേണ്ടത് ഇത്ര ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവം നമ്മോട് പ്രാർത്ഥിക്കാൻ കൽപ്പിച്ചിരിക്കുന്നു. അതിന് ഉത്തരം നൽകാമെന്ന് വാഗ്ദത്തവും ചെയ്തിരിക്കുന്നു. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയെ ആശ്രയിച്ചാണ്  എല്ലാം ഇരിക്കുന്നതെന്ന് വാദിക്കുന്നവർ ഒരു വിധത്തിൽ പ്രാർത്ഥനയെ താറുമാറാക്കുമ്പോൾ, തീക്ഷ്ണതയുള്ള “ഹൈപ്പർ-കാൽവിനിസ്റ്റുകൾ” മറ്റൊരു വിധത്തിൽ അതിനെ താറുമാറാക്കുന്നു. ഈ രണ്ട് തെറ്റുകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുന്ന ചില ബൈബിൾ സത്യങ്ങൾ നമുക്ക് പരിശോധിക്കാം.

  1. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ  നിറവേറ്റുന്നതിന് പ്രാർത്ഥന ആവശ്യമാണ്.

ചിലർ ഈ വാക്കുകള്‍ കേട്ട്, “ഇത് സത്യമാണോ?” എന്ന് ചിന്തിച്ചേക്കാം. ബൈബിളുമായി ഇതിന് യാതൊരു ബന്ധവുമില്ലെങ്കിൽ ഇങ്ങനെ പറയുന്നത് തെറ്റായിരിക്കും. എന്നാൽ  ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമായി പ്രാർത്ഥനയെ ഉപയോഗിക്കണം  എന്നതിനെ ബൈബിളിന്‍റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, അത് വചനപ്രകാരമുള്ള   സത്യമാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. “ഹൈപ്പർ-കാൽവിനിസ്റ്റുകൾ” മാത്രമേ ഈ സത്യത്തെ എതിർക്കുകയുള്ളൂ.

പ്രാർത്ഥനയെയും ദൈവത്തിന്‍റെ സർവ്വാധികാരത്തെയും കുറിച്ചുള്ള മുകളിൽ പറഞ്ഞ പ്രസ്താവനകളെ ഈ സത്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ പ്രാർത്ഥന കൂടാതെ തന്‍റെ ഇഷ്ടം നിറവേറ്റാൻ കഴിയാത്തത്ര ശക്തിയില്ലാത്തവനല്ല ദൈവം. എന്നാൽ നമ്മുടെ പ്രാർത്ഥനയിലൂടെ കാര്യങ്ങൾ ചെയ്യുക എന്നത് സർവ്വാധികാരിയായ ദൈവത്തിന്‍റെ നിയമമാണ്. സ്വർണ്ണ കാളക്കുട്ടിയെ ഉണ്ടാക്കിയതിന് യിസ്രായേൽ ജനത്തോട് ക്ഷമിക്കാൻ ആഗ്രഹിച്ച ദൈവം, അവരെ നശിപ്പിക്കരുതെന്ന് അപേക്ഷിക്കാൻ മോശെയെ എഴുന്നേൽപ്പിച്ചില്ലേ? (പുറപ്പാട് 32:1-14). യഥാർത്ഥ പ്രാർത്ഥന എപ്പോഴും “അവന്‍റെ ഇഷ്ടപ്രകാരം” ആണ് ആരംഭിക്കുന്നത്. കാരണം അതിനെ പ്രേരിപ്പിക്കുന്നത്  നമ്മളല്ല, ദൈവമാണ്. യഥാർത്ഥ പ്രാർത്ഥന എപ്പോഴും “ദൈവഹിതപ്രകാരമായതിനാൽ”, നാം എപ്പോഴും അവന്‍റെ ഇഷ്ടപ്രകാരം നടക്കുന്നവരാകാനും, അതേ സമയം പ്രാർത്ഥന ചെയ്യാതിരിക്കുന്നവരാകാനും  കഴിയില്ല. നമ്മുടെ പ്രാർത്ഥനയില്ലായ്മ, ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നില്ല എന്നതിന്‍റെ തെളിവാണ്.

 വ്യക്തമായ രണ്ട് ബൈബിൾ സത്യങ്ങൾ  നാം തിരിച്ചറിയേണ്ടതുണ്ട്. (1) ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റാൻ പ്രാർത്ഥന ആവശ്യമാണ്. കാരണം, തന്‍റെ ജനത്തിന്‍റെ പ്രാർത്ഥനയിലൂടെ തന്‍റെ ഇഷ്ടം (അല്ലെങ്കിൽ ഉദ്ദേശ്യങ്ങൾ) നിറവേറ്റാൻ അവൻ സ്വയം തീരുമാനിച്ചിരിക്കുന്നു. ദൈവത്തിന്‍റെ  തീരുമാനങ്ങളിൽ   പ്രാർത്ഥനയും ഒരു ഭാഗമാണ്. (2) പ്രാർത്ഥന ദൈവഹിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, നമ്മുടെ ദൈനംദിന പ്രാർത്ഥനാ ജീവിതം നമ്മുടെ ആത്മീയ സ്ഥിതിയുടെ അളവുകോലാണ്. ഈ സത്യം ഇങ്ങനെ തുറന്നു പറയുമ്പോൾ പലർക്കും (ഞാന്‍ ഉള്‍പ്പെടെ) കുറ്റബോധം തോന്നും – അത് നല്ലതാണ്! ഉത്സാഹത്തോടെ നിരന്തരം പ്രാർത്ഥിക്കാൻ കഴിയാത്തതിൽ ഞാൻ തീര്‍ച്ചയായും ക്ഷമ ചോദിക്കണം.

ഞാൻ പറയുന്നത്, ദൈവത്തെ യഥാർത്ഥത്തിൽ മഹത്വപ്പെടുത്തുന്നതിനും, അവനിലുള്ള നമ്മുടെ സ്നേഹവും വിശ്വാസവും തെളിയിക്കുന്നതിനുമുള്ള ഒരു മികച്ച ഉപകരണമാണ് പ്രാർത്ഥന എന്നാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു കോടീശ്വരനായാലും പട്ടണത്തിലെ ഏറ്റവും വലിയ ബേക്കറിയുടെ ഉടമയായാലും, “നിങ്ങളുടെ അന്നന്നത്തെ ആഹാര”ത്തിനായി പ്രാർത്ഥിക്കാൻ തിരുവെഴുത്ത് കൽപ്പിക്കുന്നു. നാം ചോദിക്കുന്നതിനു മുമ്പുതന്നെ ദൈവത്തിന് നമ്മുടെ ആവശ്യങ്ങൾ അറിയാം. അങ്ങനെയെങ്കില്‍ നമുക്ക് ദൈനംദിന ആഹാരം എളുപ്പത്തിൽ സമ്പാദിക്കാൻ കഴിയുമെന്ന് തോന്നിയേക്കാം. മാത്രമല്ല, നാം ചോദിക്കുന്നതിനു മുമ്പുതന്നെ ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു. എന്നിരുന്നാലും  നമ്മുടെ അനുദിന ആഹാരത്തിനായി നാം പ്രാർത്ഥിക്കണമെന്ന് ബൈബിൾ പറയുന്നു. “അന്നന്നത്തെ അപ്പം” എന്ന വാക്കിൽ നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം (ജീവൻ ഉൾപ്പെടെ) ഉൾപ്പെടുന്നുവെന്ന് നാം മനസ്സിലാക്കണം. ശരിയായി മനസ്സിലാക്കിയാൽ, ദൈനംദിന അപ്പത്തിനായി പ്രാർത്ഥിക്കുക എന്നതിനർത്ഥം ഓരോ ദിവസവും, ആ ദിവസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദൈവത്തിന്‍റെ  സർവാധികാര നിയന്ത്രണത്തിലാണ് ഉള്ളതെന്ന് അംഗീകരിക്കുക എന്നതാണ്. യാക്കോബ് 4:13-15 ൽ  പ്രസ്താവിച്ചിരിക്കുന്നതും ഇതുതന്നെയാണ്.

ദൈവത്തെ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവായി കണ്ടുകൊണ്ട് എല്ലാ ദിവസവും അവനുമായി സംഭാഷണം നടത്തണമെന്ന് അവൻ ആഗ്രഹിക്കുന്നു.  നമ്മോട് സംസാരിക്കാനും തന്‍റെ നിക്ഷേപങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ നമുക്ക് നൽകുവാനും ദൈവം ആഗ്രഹിക്കുന്നു. നാം അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവനിൽ നിന്നാണെന്നും ഭാവിയിലെ ഏതൊരു അനുഗ്രഹത്തിനും നാം അവനെ തന്നെ ആശ്രയിക്കണമെന്നും, നാം മനസ്സിലാക്കിയെന്ന് നമ്മുടെ ദൈനംദിന പ്രാർത്ഥന കാണിക്കുന്നു. നിങ്ങൾക്ക് ഒരേ സമയം പ്രാർത്ഥിക്കാനും, സ്വയംപര്യാപ്തത ഉള്ളവനായിരിപ്പാനും കഴിയില്ല. അതുപോലെ, സ്വയത്തിൽ ആശ്രയിക്കുന്ന ഒരാൾക്ക് പ്രാർത്ഥനയെ അലക്ഷ്യം ചെയ്യാതിരിക്കാനും  കഴിയില്ല. ഞാൻ മുമ്പ് പറഞ്ഞത് വീണ്ടും ആവർത്തിക്കാം: “ദൈവത്തിന്‍റെ സർവ്വാധികാരത്തെ നിഷേധിക്കുന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് പ്രാർത്ഥനയില്ലാത്ത ഒരു ദിവസം.”

ഹോസ്റ്റലിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവിനോട് എനിക്ക് ഈ പ്രമാണത്തെ താരതമ്യം ചെയ്യാൻ കഴിയും. മകന്‍റെ ഹോസ്റ്റലിലെ ചിലവുകൾ രണ്ട് വിധത്തിൽ അയാൾക്ക് അടക്കാൻ കഴിയും. ഒരു മാസത്തെ മുഴുവൻ ചെലവുകളും നിങ്ങൾക്ക് ഒരു ചെക്കു കൊണ്ട് അടയ്ക്കാം, അല്ലെങ്കിൽ ഒരാഴ്ചത്തെ ചെലവുകൾ മാത്രം അയാൾക്ക് നൽകാം. ഈ രണ്ട് വിധങ്ങളിലൂടെ അവന്‍റെ ആവശ്യം നിറവേറ്റാൻ കഴിയും. പക്ഷേ, നിങ്ങൾക്ക് എത്ര തവണ അവനിൽ നിന്ന് ഒരു കത്തോ, ഫോൺ കോളോ ലഭിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ആഴ്ചയിൽ ഒരിക്കൽ പണമടച്ചാൽ കൂടുതൽ കത്തുകളും ഫോൺ കോളുകളും വന്നുകൊണ്ടേയിരിക്കും. ഇതിന്‍റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നു. തന്‍റെ മക്കൾ തന്നോട് സംസാരിക്കുന്നത് ദൈവത്തിന് വളരെ ഇഷ്ടമാണ്. അതിനാൽ എല്ലാ ദിവസവും നമുക്ക് അവനുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിൽ നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു രീതിയാണ് അവൻ പിന്തുടരുന്നത്.

സർവ്വാധികാരിയായ ദൈവം തന്‍റെ ഉദ്ദേശ്യം സാധിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി പ്രാർത്ഥനയെ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ പ്രാർത്ഥന അനിവാര്യമാണെന്ന് നാം തിരിച്ചറിയണം. അതേസമയം, പ്രാർത്ഥനയിലൂടെ ദൈവത്തിന് തന്‍റെ ശക്തി ഉപയോഗിക്കാനുള്ള അവസരം നാം നൽകുകയാണെന്ന്  ഒരിക്കലും കരുതരുത്. ദൈവത്തിന്‍റെ സർവ്വാധികാരവും പ്രാർത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയും പരസ്പരവിരുദ്ധമായി തോന്നിയേക്കാം. പക്ഷേ അവ രണ്ടും സത്യങ്ങളാണ്. സർവ്വാധികാരിയായ  ദൈവം പ്രാർത്ഥനയെ ഒരു അത്യാവശ്യ ഉപകരണമായി നിയമിച്ചുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു. എന്നിരുന്നാലും, പ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ അവൻ തന്‍റെ ഇഷ്ടവും ഉദ്ദേശ്യവും നിറവേറ്റുന്നതിൽ പരാജയപ്പെടുമായിരുന്നെവെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. പ്രാർത്ഥിക്കാത്ത ആളുകൾക്ക് ദൈവത്തിന്‍റെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നതിന്‍റെ സന്തോഷം അനുഭവിക്കാൻ കഴിയില്ല. എന്നാൽ നാം പ്രാർത്ഥിക്കാത്തതുകൊണ്ട് ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ ഒരിക്കലും നടക്കാതെ വരുന്നില്ല.  പ്രാർത്ഥനയിലൂടെ നാം നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ദൈവം ഓരോ നിമിഷവും തന്‍റെ പദ്ധതികളില്‍ മാറ്റം വരുത്തുന്നില്ല . ദൈവം തന്‍റെ പദ്ധതി യാതൊരു മാറ്റങ്ങളുമില്ലാതെ നടപ്പിലാക്കും. ഇത് എ.ഡബ്ല്യു. പിങ്ക് നന്നായി വിശദീകരിച്ചിട്ടുണ്ട്.

“നാം ദൈവത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാൽ ആണ് പ്രാർത്ഥനയെ കുറിച്ച് ഈ രീതിയിൽ  ആലോചിക്കുന്നത്. നിമിഷം തോറും നിറങ്ങൾ മാറ്റുന്ന ഓന്തിനെ പോലെയുള്ള ഒരു ദൈവത്തോട് പ്രാർത്ഥിക്കുന്നത് വെറുതെയാണെന്ന് നാം അറിഞ്ഞിരിക്കണം. ഇന്ന് ഒരു ആലോചനയും ഇന്നലെ മറ്റൊരു ആലോചനയും ഉള്ള ദൈവത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ ഉയർത്തിയാൽ  നമുക്ക് എന്ത് പ്രോത്സാഹനമാണ് ലഭിക്കുന്നത്?ഇന്ന് നമ്മുടെ അപേക്ഷകള്‍ സ്വീകരിക്കുകയും നാളെ അതിനെ ഇല്ല എന്ന് പറയുകയും ചെയ്യുന്ന ഈ ലോക അധികാരികളോട് അപേക്ഷിച്ചാല്‍ എന്താണ് പ്രയോജനം? പ്രാർത്ഥനയെ പ്രോത്സാഹിപ്പിക്കുന്നത് അവന്‍റെ മാറ്റമില്ലാത്ത സ്വഭാവമല്ലേ? അവനിൽ ഇളക്കമോ ചലനമോ ഇല്ലാത്തതിനാൽ, അവന്‍റെ ഇഷ്ടപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. “പ്രാർത്ഥന എന്നു പറയുന്നത് ദൈവഹിതത്തെ ചെറുക്കുന്നതല്ല, മറിച്ച് അവന്‍റെ ഇഷ്ടം സ്വീകരിക്കുന്നതാണ് “എന്ന് ലൂഥർ പറഞ്ഞത് ശരിയാണ്.” (“ദൈവത്തിന്‍റെ സർവ്വാധികാരം – ആർതർ ഡബ്ല്യു. പിങ്ക്, പേജ് 113 മുതൽ).

ഒരു ക്രിസ്ത്യൻ കോളേജില്‍ ബാസ്കറ്റ്ബോൾ പരിശീലകൻ കളിക്കാരോട്- അവർക്ക് വേണ്ടത്ര വിശ്വാസവും നിരന്തരം പ്രാർത്ഥനയും ഉണ്ടെങ്കിൽ അവർക്ക് എല്ലാ കളികളും ജയിക്കാനും ദേശീയ ചാമ്പ്യന്മാരാകാനും കഴിയും എന്ന് പറഞ്ഞത്രേ. എന്തൊരു വിചിത്രമായ തത്ത്വചിന്ത!

ഇങ്ങനെ സങ്കൽപ്പിക്കുക: ടീം എ അവർക്ക് വിജയം നൽകണമെന്ന് പറഞ്ഞ് ഒരു മണിക്കൂർ ദൈവത്തോട് പ്രാർത്ഥിച്ചു, അപ്പോൾ അവൻ, “നിങ്ങൾ വളരെ പ്രാർത്ഥിച്ചല്ലോ, നിങ്ങൾ കളി ജയിക്കാൻ പോകുന്നു” എന്ന് പറഞ്ഞു. അവരുടെ എതിരാളികളായ ടീം ‘ബി’ രണ്ട് മണിക്കൂർ പ്രാർത്ഥിച്ചു, അപ്പോൾ ദൈവം, “ടീം എ, എന്നോട് ക്ഷമിക്കൂ, ടീം ‘ബി’ വിജയിക്കും, കാരണം അവർ നിങ്ങളേക്കാൾ കൂടുതൽ സമയം പ്രാർത്ഥിച്ചു” എന്ന് പറഞ്ഞെന്നിരിക്കട്ടെ. ഉടനെ, എ ടീമും മുഴുവൻ കോളേജും രാത്രി മുഴുവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു, ദൈവത്തിന് വീണ്ടും തന്‍റെ തീരുമാനം മാറ്റേണ്ടിവന്നു. “ഇപ്പോൾ അവൻ പറഞ്ഞു, ‘ടീം ബി’ എന്നോട് ക്ഷമിക്കണം. കാരണം അവർ നിങ്ങളെക്കാൾ കൂടുതൽ പ്രാർത്ഥിച്ചു, അതിനാൽ അവർ വിജയിക്കും.” ഇത്തവണ ‘ബി’ ടീം മുഴുവൻ പട്ടണത്തേയും ഒരുമിച്ചുകൂട്ടി പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തു, ദൈവം വീണ്ടും അവന്‍റെ  മനസ്സ് മാറ്റാൻ കാരണമായി. ഈ സന്ദർഭത്തിൽ നിന്ന് പ്രാർത്ഥനയെക്കുറിച്ചുള്ള ഈ വീക്ഷണം എത്രത്തോളം തെറ്റാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതുപോലെയുളെള ഭാവന,  പ്രാർത്ഥനയുടെ വിജയം നാം എത്രമാത്രം പ്രാർത്ഥിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട്,  പ്രാർത്ഥനയെ ഒരു രാഷ്ട്രീയ പാർട്ടി എന്തെങ്കിലും നേടുന്നതിനായി നിയമസഭയിൽ ചെലുത്തുന്ന സമ്മർദ്ദത്തിന്‍റെ നിലയിലേക്ക് തരംതാഴ്ത്തുന്നു. അമിതമായ സമ്മർദ്ദം ചെലുത്തുന്നവർക്ക് അവർ ആഗ്രഹിക്കുന്നത് നേടാനാകും. ഈ കാഴ്ചപ്പാട് അനുസരിച്ച്, കൂടുതൽ ആളുകളെ ഒരുമിച്ചുകൂട്ടി  കൂടുതൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവത്തിൽ സമ്മർദ്ദം ചെലുത്താനും അവർ ആഗ്രഹിക്കുന്നത് നേടാനും കഴിയും. ഇത് ദൈവത്തിന്‍റെ സർവ്വാധികാരത്തെ നിഷേധിക്കലാണ്. അവന്‍റെ ജ്ഞാനത്തെയും ഉദ്ദേശ്യങ്ങളെയും സംശയിക്കുന്നതാണ്.

ലൂക്കോസ് 11:5-10-ൽ യേശു പഠിപ്പിച്ച പാഠത്തെക്കുറിച്ച് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. ഇതിനെയാണ് സ്ഥിരോത്സാഹിയായ സുഹൃത്തിന്‍റെ  ഉപമ എന്ന് വിളിക്കുന്നത്. ഈ ഉപമയിൽ, യാചിക്കുന്ന വ്യക്തിയുടെ സുഹൃത്തും ദൈവവും തമ്മിലുള്ള വ്യത്യാസത്തെ താരതമ്യം ചെയ്യുകവഴി, പ്രാർത്ഥിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യിസ്രായേലിന്‍റെ ദൈവം ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല. അതുകൊണ്ട് യേശു ഇവിടെ പറയുന്നത് ദൈവം ഉറങ്ങുകയും ഉണരാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന ആ മനുഷ്യനെപ്പോലെയാണെന്നല്ല. നമ്മുടെ പിതാവായ ദൈവം അത്തരമൊരു മനുഷ്യനിൽ നിന്ന് വളരെ വ്യത്യസ്തനാണെന്നാണ് യേശു പറയുന്നത്. ഇതാണ് ഈ ഉപമയുടെ അർത്ഥം. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാലും ഒരു മനുഷ്യൻ മടുത്തു പോകാതെ നിങ്ങളുടെ ആവശ്യം നിറവേറ്റുമെങ്കിൽ, തന്‍റെ മക്കൾ എപ്പോൾ വേണമെങ്കിലും തന്‍റെ അടുക്കൽ വരുന്നതിൽ സന്തോഷിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ എത്രയധികം തയ്യാറാകും! ഈ വാക്യ ഭാഗം ഞാൻ പഠിപ്പിച്ചതിന് വിരുദ്ധമല്ല, മറിച്ച് അതിനെ ബലപ്പെടുത്തുന്നു.

മറ്റൊരു ഉദാഹരണം, നിങ്ങൾ ദൈവമാണെന്ന് സങ്കൽപ്പിക്കുക. ഈ ഭൂമിയിലെ നിങ്ങളുടെ മക്കളിൽ ഒരാളായ ഒരു കർഷകന് തന്‍റെ വിളകൾക്ക് മഴ ആവശ്യമാണ്. യാക്കോബിന്‍റെ പുസ്തകത്തിലെ വാഗ്ദാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവൻ വിശ്വാസത്തോടെ അതിനായി പ്രാർത്ഥിക്കുന്നു. അതേസമയം, സമീപത്ത് സുവിശേഷ യോഗങ്ങൾക്കായി വലിയ അളവിലുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. യോഗങ്ങൾ വിജയകരമാകാൻ മഴ പെയ്യരുതേ എന്ന് ചിലർ ഉത്സാഹത്തോടെ പ്രാർത്ഥിക്കുന്നു. ആ സാഹചര്യത്തിൽ, ആരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാൻ നിങ്ങൾ തീരുമാനിക്കും? നമ്മുടെ ആവശ്യങ്ങളിൽ നിന്നല്ല, ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നാണ് പ്രാർത്ഥന ആരംഭിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് എത്ര പ്രാധാന്യമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?

  1. ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകളെക്കുറിച്ച് എന്ത് പറയും?

മുകളിലുള്ള ഉദാഹരണം നമ്മെ അടുത്ത വിഷയത്തിലേയ്ക്ക് എത്തിക്കുന്നു. “ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകളുടെ” യാഥാർത്ഥ്യത്തെ “തിരുവെഴുത്തുകളിലെ വ്യക്തമായ വാഗ്ദാനങ്ങളുമായി” എങ്ങനെ ബന്ധപ്പെടുത്താൻ കഴിയും? മഴ പെയ്തില്ലെങ്കിൽ, ദൈവം തന്‍റെ പ്രാർത്ഥനക്ക് ഉത്തരം തന്നില്ല  എന്ന് ആ കർഷകന് വിചാരിക്കാൻ കഴിയുമോ? മഴ പെയ്യാതിരുന്നത് ആ ബൈബിൾ കോൺഫറൻസിൽ ഉണ്ടായിരുന്നവർക്ക് ആ കർഷകനെക്കാൾ ഭക്തിയും പ്രാർത്ഥനാശക്തിയും ഉണ്ടായിരുന്നു എന്നതിന്‍റെ  തെളിവാണോ? ഇത്തരം ചോദ്യങ്ങൾ പ്രാർത്ഥനയെക്കുറിച്ചുള്ള നമ്മുടെ തെറ്റായ വീക്ഷണത്തെ വെളിപ്പെടുത്തുന്നു. “ഉത്തരം ലഭിക്കാത്ത പ്രാർത്ഥന” എന്ന ആശയം, ദൈവം അത്രത്തോളം സർവ്വാധികാരിയല്ലെന്നും, അല്ലെങ്കിൽ അവന്‍റെ കൈ ചലിപ്പിക്കാൻ നമ്മുടെ വിശ്വാസം ശക്തമല്ലെന്നും വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

നമ്മുടെ പ്രാർത്ഥനയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞാൽ, ഒരു പ്രശ്നവും ഉണ്ടാകില്ല. പ്രാർത്ഥന എന്നാൽ ദൈവത്തോട് ചോദിക്കുന്നതാണ്, അല്ലാതെ ദൈവത്തോട് പറയുന്നതല്ല എന്ന്  നാം മനസ്സിലാക്കിയാൽ, “ഇല്ല” എന്ന ഉത്തരവും, “അതെ” എന്ന ഉത്തരത്തിന് തുല്യമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഞങ്ങൾ പറയുന്ന സത്യങ്ങൾ മനസ്സിലാക്കുന്ന ഒരു ദൈവപൈതൽ “ഉത്തരം ലഭിക്കാത്ത പ്രാർത്ഥന” എന്നൊന്നില്ലെന്ന് മനസ്സിലാക്കും. ദൈവത്തിന്‍റെ ജ്ഞാനത്തിലും സർവ്വാധികാരത്തിലും വിശ്വാസമുള്ളവർക്ക്, “ഇല്ല” എന്ന അവന്‍റെ ഉത്തരം,  “ഉവ്വ്” എന്ന ഉത്തരം പോലെ തന്നെ ദയയുള്ളതാണെന്ന് കാണാൻ കഴിയും. 'ഇല്ല' എന്ന ഉത്തരം പ്രാർത്ഥന കേൾക്കാൻ അവന് മനസ്സില്ലെന്നോ, അശക്തനാണെന്നോ തെളിയിക്കുന്നില്ല. ‘’അതെ’’ എന്ന് പറയുന്ന അവന്‍റെ കൃപയും വാത്സല്യവുമാണ് “അല്ല” എന്ന ഉത്തരത്തിന്‍റെയും അടിസ്ഥാനം. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ, മുൻകാലങ്ങളിൽ നമ്മുടെ ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് ‘ഇല്ല’ എന്ന് ഉത്തരം ലഭിച്ചതിന് ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കാൻ കഴിഞ്ഞ സന്ദർഭങ്ങളും  ഉണ്ടാകുമല്ലോ?

ഓരോ പ്രാർത്ഥനയ്ക്കും “അതെ” അല്ലെങ്കിൽ “ഇല്ല” എന്ന ഉത്തരം ലഭിക്കുമെന്ന് നാം മനസ്സിലാക്കണം. ചില സന്ദര്‍ഭങ്ങളില്‍ 'ഇല്ല' എന്ന ഉത്തരത്തിന് കാത്തിരിക്കൂ,  സമയം ഇനിയും ആയിട്ടില്ല എന്നാണ് അർത്ഥം. "എന്‍റെ  കുഞ്ഞേ, ഇത് നിനക്ക് നല്ലതല്ല" എന്ന് ദൈവം പറഞ്ഞാലും അല്ലെങ്കിൽ നീ ആവശ്യപ്പെടുന്നത് അവൻ നിനക്ക് നൽകിയാലും, എല്ലാ സാഹചര്യത്തിലും വിശ്വാസികൾ ഒരുപോലെ നന്ദിയുള്ളവരായിരിക്കണമെന്ന് ഞാൻ ആവർത്തിക്കുന്നു. സ്നേഹമുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ വഷളായ കുട്ടികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് “ഇല്ല” എന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ ദൈവം അത്രയധികം സ്നേഹമുള്ളവനായതിനാൽ തന്‍റെ മക്കൾ അച്ചടക്കമില്ലാത്തവരായി മാറാൻ അവൻ ആഗ്രഹിക്കുന്നില്ല. അനിയന്ത്രിതമായ സ്വാർത്ഥതയിലൂടെ നമ്മെത്തന്നെ നശിപ്പിക്കാൻ കരുണാമയനായ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ അനുവദിക്കില്ല. അതുകൊണ്ട്, നമ്മുടെ പ്രാർത്ഥനകൾക്കുള്ള അവന്‍റെ, ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്നുള്ള ഉത്തരങ്ങൾ ഒരുപോലെ നന്ദിയോടെ നാം സ്വീകരിക്കണം.

നാം ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ കൂടെകൂടെ ഓർമ്മിക്കുന്നത്, ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും പരസ്പരവിരുദ്ധമാണെന്ന് തോന്നുന്ന  കാര്യങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ദൈവത്തിൽ നിന്ന് നമുക്ക് ആവശ്യമുള്ളത് നേടാനുള്ള ഒരു മാർഗമായി പ്രാർത്ഥനയെ കരുതുന്നതിനുപകരം, യഥാർത്ഥ പ്രാർത്ഥന ദൈവത്തെ മാനിക്കുന്നതാണെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നാം ശരിയായി പ്രാർത്ഥിക്കുമ്പോൾ, അവന്‍റെ സാർവത്രിക ഭരണം സന്തോഷത്തോടെ അംഗീകരിക്കുന്നു. നമ്മുടെ  ദൈവം സൂര്യനെയും മഴയെയും ഒരുപോലെ നിയന്ത്രിക്കുന്നവനാണെന്ന് നാം അംഗീകരിക്കുന്നു.  ദൈവത്തിനു മാത്രമേ നമ്മെ പാപത്തിൽ നിന്നും, നമ്മുടെ പ്രിയപ്പെട്ടവരെ അജ്ഞതയിൽ നിന്നും, അന്ധകാരത്തിൽ നിന്നും വിടുവിക്കാൻ കഴിയൂ എന്ന് വചനപ്രകാരമുള്ള പ്രാർത്ഥന  നമ്മെ പഠിപ്പിക്കുന്നു. ശരിയായ പ്രാർത്ഥന നമ്മുടെ വിശ്വാസത്തെയും സ്നേഹത്തെയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യുന്നു.  നാം  പൂർണമായും ദൈവത്തിലാണ് ആശ്രയിക്കുന്നതെന്ന് കാണിക്കുമ്പോൾ, നാം അവനെ സന്തോഷിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. പ്രാർത്ഥന ദൈവത്തോടുള്ള ആരാധനയാണ്. അവൻ ആരാണെന്നും അവൻ തന്നെത്തന്നെ എങ്ങനെയാണ് വെളിപ്പെടുത്തുന്നതെന്നും ഓര്‍ത്ത് നാം അവനെ സ്തുതിക്കുന്നു. ഇതുമൂലം നമുക്ക് ഇതിലും വലിയ കാര്യങ്ങൾ ചോദിക്കാനുള്ള ധൈര്യം കിട്ടുന്നു. നമ്മുടെ കർത്താവായ യേശു ദേവാലയത്തെ “യാഗസ്ഥലം” എന്നല്ല, “പ്രാർത്ഥനാലയം” എന്നാണ് വിളിച്ചത്. സ്തുതിഗീതങ്ങളിലൂടെയോ വഴിപാടുകളിലൂടെയോ നാം ദൈവത്തെ എങ്ങനെ സമീപിച്ചാലും, അത് ഒരു വിധത്തിലുള്ള പ്രാർത്ഥനായാണ്.

ആത്മീയ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് പ്രാർത്ഥന. അങ്ങനെ നമുക്ക് ദൈവത്തിന്‍റെ കൃപയിലും ജ്ഞാനത്തിലും വളരാൻ കഴിയും. പ്രാർത്ഥനയിലൂടെ നാം താഴ്മയുള്ളവരാകുന്നു, സ്വയംപര്യാപ്തതയിൽ നിന്ന് വിടുതൽ പ്രാപിക്കുന്നു. ഇത് നമ്മുടെ വിശ്വാസത്തേയും ആരാധനയെയും അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്‍റെയും നന്ദിയുടെയും അളവുകോലാണ് പ്രാർത്ഥന. നമ്മുടെ പ്രാർത്ഥന ശരിയാണെങ്കിൽ, സങ്കീർത്തനക്കാരന്‍റെ ഈ വാക്കുകൾ നമുക്കും ബാധകമാണ്:

“യഹോവ എന്‍റെ പ്രാർഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്‍റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും” (സങ്കീർത്തനങ്ങൾ 116:1-2).

അദ്ധ്യായം 4
ദൈവത്തിന്‍റെ  അനുതാപവും പ്രാർത്ഥനയും

“മിസ്റ്റർ റൈസിംഗർ, താങ്കൾ പറയുന്നത് ശരിയാണെങ്കിൽ, ദൈവം പ്രാർത്ഥന കേട്ട് മനസ്സ് മാറ്റിയ തിരുവെഴുത്തുകളിലെ സന്ദർഭങ്ങളെക്കുറിച്ച് എന്ത് പറയും?” എന്ന് നിങ്ങൾ ചോദിച്ചേക്കാം.   ഇങ്ങനെയുള്ള ചോദ്യത്തിന് അവസരം നൽകുന്ന സന്ദർഭം പുറപ്പാട് 32:1-14 ൽ നാം വായിക്കുന്നു.   പ്രാർത്ഥനയെക്കുറിച്ച് ഞാൻ ഇതുവരെ പറഞ്ഞ മിക്കവാറും എല്ലാറ്റിനെയും ഇത്തരം തിരുവെഴുത്തുകൾ പൊളിച്ചു കളയുന്നുവെന്ന് നമുക്ക് തോന്നിയേക്കാം.    പുറപ്പാട് 32:14-ൽ ദൈവം തന്‍റെ മനസ്സ് മാറ്റിയതായിട്ട് നമുക്ക് വ്യക്തമായി കാണാൻ കഴിയും. ഈ വാക്യത്തിന്‍റെ യഥാർത്ഥ അർത്ഥമെന്താണ്?

പുറപ്പാട് 32-34 അധ്യായങ്ങൾ ബ്രാക്കറ്റുകളിലാണ് (parenthesis) എന്ന് നമുക്കറിയാം. സീനായ് പർവതത്തിൽ മോശെ ദൈവത്തിങ്കൽ നിന്ന് ശിലാഫലകങ്ങൾ സ്വീകരിക്കുമ്പോൾ പർവതത്തിന്‍റെ താഴെ യിസ്രായേൽ മക്കൾക്കിടയിൽ സംഭവിച്ച ഒരു സംഭവമാണ് ഈ അധ്യായങ്ങൾ രേഖപ്പെടുത്തുന്നത്. പുറപ്പാട് 32:1-14 വരെയുള്ള വാക്യങ്ങൾ താഴെയുള്ളതുപോലെ സംഗ്രഹിക്കുന്നു.

  1. അവർ ചെയ്ത പാപം അവിശ്വാസം സംബന്ധിച്ച പാപം (വാക്യം 1-6)

വാക്യം 1: എന്നാൽ മോശെ പർവതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്‍റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

അവിശ്വാസം അസഹിഷ്ണുതയോടു കൂടിയതാണ്. അത് പുറമെ കാണുന്നതിനെ നോക്കി നടക്കുന്നതല്ലാതെ വിശ്വാസത്തോടെ നടക്കുന്നത് അല്ല. അദൃശ്യനായ ദൈവത്തെ വിശ്വാസത്തോടെ  അന്വേഷിക്കുന്നതിനേക്കാൾ കണ്ണിന് ദൃശ്യമായ ഒരു സ്വർണ്ണ കാളക്കുട്ടി ഉള്ളതാണ് നല്ലതെന്നാണ് അതിന്‍റെ  ആലോചന.

വാക്യം 2: അഹരോൻ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ച് എന്‍റെ  അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു

അവരുടെ ആലോചന പാപമാണെന്ന് അഹരോന് നന്നായി അറിയാമായിരുന്നു. ഒരുപക്ഷേ അഹരോൻ  അങ്ങനെ പ്രതികരിച്ചത് ഒന്നുകിൽ അങ്ങനെ സംഭവിക്കുന്നത് തടയുവാൻ കുറിച്ചു സമയം ആവശ്യമായതുകൊണ്ടോ,  അല്ലെങ്കിൽ അവർ തങ്ങളുടെ സ്വർണ്ണം നൽകേണ്ടി വരുന്നതു കൊണ്ട്  തങ്ങളുടെ അഭ്യർത്ഥന പുനഃപരിശോധിക്കുമെന്ന ഉദ്ദേശ്യത്തോടെയോ ആയിരിക്കാം. പക്ഷേ തന്‍റെ സമയം വൈകിപ്പിക്കൽ തന്ത്രം വിജയിച്ചില്ല. വിഗ്രഹാരാധന വിഷയത്തിൽ യിസ്രായേല്യർക്കുള്ള താൽപ്പര്യത്തെ അവൻ കുറച്ചുകണ്ടു.

വാക്യം 3: ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊൻകുണുക്കു പറിച്ച് അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു.”  അവിശ്വാസം എന്നത് ദൃഡനിശ്ചയത്തോടു കൂടിയതാണ്. തന്‍റെ സ്വന്ത ആഗ്രഹം നിറവേറുന്നതുവരെ എന്ത്‌ വില കൊടുക്കാനും അത് മടിക്കില്ല.

വാക്യം 4: അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറഞ്ഞു” 

അവിശ്വാസം കഴിഞ്ഞകാല അനുഗ്രഹങ്ങൾ മറന്ന് വർത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു.

വാക്യം 5: അഹരോൻ അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു

അവിശ്വാസത്തിന് ദൈവത്തെ ആദരിക്കുക എന്ന ഭക്തിയുടെ മറവിൽ  മറഞ്ഞിരിക്കാൻ സാധിക്കും.

വാക്യം 6: പിറ്റന്നാൾ അവർ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു”  (പുറപ്പാട് 32:6)

അവിശ്വാസം വഞ്ചനാത്മകമാണ്, കാമത്തെ പോലും ആരാധനയായി കണക്കാക്കുന്നു.

  1. അവരുടെ പാപത്തിനെതിരായി ദൈവത്തിന്‍റെ നീതിയുള്ള കോപം (വാക്യം 7-10)

വാക്യം 7: അപ്പോൾ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു

ദൈവം തന്‍റെ ഉടമ്പടി ജനതയെ പൂർണ്ണമായും തള്ളിക്കളഞ്ഞതായി കാണുന്നു.

വാക്യം 8:ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ  ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു

അവർ ഇത്ര പെട്ടെന്ന് മത്സരികൾ ആയതിൽ ദൈവം ഇവിടെ ആശ്ചര്യം പ്രകടിപ്പിക്കുകയാണ്. ഇതിൽ നിങ്ങളുടെയും എന്‍റെയും ജീവിതത്തിന് ബാധകമാകുന്ന ഒരു ഗുണപാഠമുണ്ട്.

വാക്യം 9:ഞാൻ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു” 

ഈ വാക്കുകൾ അവരുടെ നിന്ദയെയും, അഹങ്കാരത്തെയും, ദൈവത്തോടുള്ള അനുസരണക്കേടിനെയും സൂചിപ്പിക്കുന്നു.

വാക്യം 10: അതുകൊണ്ട് എന്‍റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു” 

ഒരു ജനതയെ മുഴുവൻ അവരുടെ പാപം നിമിത്തം നശിപ്പിക്കാനും മോശെയെ ഒരു വലിയ ജനതയാക്കാനും ദൈവം തയ്യാറാണെന്ന് നാം ഇവിടെ കാണുന്നു. മുകളിൽ പറഞ്ഞ വാക്യങ്ങൾ പുറപ്പാട് 24:6-8 നോട് ചേർത്ത് വായിക്കണം. അവിടെ ആ ജനം ഉടമ്പടി രക്തം കൊണ്ട് തളിക്കപ്പെട്ടവരായി നാം കാണുന്നു. അതായത്, അടുത്തിടെയാണ് യിസ്രായേല്യർ, ദൈവത്തിന്‍റെ ഉടമ്പടി ജനതയായി വേർതിരിക്കപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ദൈവം കോപിക്കുന്നത് അനിവാര്യമാണ്. കാരണം, പ്രായശ്ചിത്തം കൂടാതെ പാപം ക്ഷമിക്കുന്നത് അവന് ന്യായമല്ല.

നിയമപരമായി നോക്കുകയാണെങ്കിൽ, നാം പാപം ചെയ്യുന്ന ഓരോ തവണയും ദൈവം നമ്മെ ശിക്ഷിക്കണം. എന്നിരുന്നാലും, അവൻ അങ്ങനെ ചെയ്യാത്തതിന് ഒരു കാരണമുണ്ട്; അത് നമുക്കും ദൈവത്തിനും ഇടയിൽ ഒരു മധ്യസ്ഥനുണ്ട് എന്നതാണ്. അവൻ മദ്ധ്യസ്ഥത  ചെയ്യുന്നില്ലെങ്കിൽ നാം തീർച്ചയായും നശിച്ചുപോകും. ദൈവത്തിന്‍റെ സർവ്വാധികാര ഉദ്ദേശ്യങ്ങളും പദ്ധതികളും അവന്‍റെ നീതിക്കും വിശുദ്ധിക്കും അനുസൃതമായി മാത്രമേ നിറവേറ്റാൻ കഴിയൂ. നാം ക്ഷമിക്കപ്പെട്ടത് ദൈവത്തിന്‍റെ സ്നേഹം കൊണ്ടോ, അവന്‍റെ സർവ്വാധികാരം കൊണ്ടോ അല്ലെന്ന് നാം എപ്പോഴും ഓർക്കണം. പാപത്തിന്‍റെ ശിക്ഷ യഥാർത്ഥ പശ്ചാത്താപത്തിലൂടെ ന്യായവും നീതിയുക്തവുമായ രീതിയിൽ നീക്കം ചെയ്യാത്തിടത്തോളം കാലം ദൈവസ്നേഹം പാപത്തെ ക്ഷമിക്കില്ല, ക്ഷമിക്കാന്‍ സാധിക്കുകയുമില്ല. അതുപോലെ, അംഗീകാരയോഗ്യനായ മദ്ധ്യസ്ഥൻ പക്ഷവാദം ചെയ്യാൻ ഇല്ലാത്ത പക്ഷം, ദൈവത്തിന്‍റെ മഹത്തായ സർവ്വാധികാര ശക്തി പോലും   ഒരു പാപവും ക്ഷമിക്കില്ല, ക്ഷമിക്കാൻ കഴിയുകയുമില്ല. നമുക്കും ദൈവക്രോധത്തിനും ഇടയിൽ ഒരു മധ്യസ്ഥൻ  നിന്നുകൊണ്ട്, തന്‍റെ  പാപപരിഹാരത്താൽ സാധ്യമായ പുതിയ ഉടമ്പടി എന്ന  വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുപോകാനുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ പോലും, അവരുടെ വിഗ്രഹാരാധന എന്ന പാപത്തിന് ഒരു ഒഴികഴുവും നൽകുന്നില്ല. ദൈവം അവരുടെ പാപത്തോട് നീതിപൂർവ്വം ഇടപെടണം. ഇതിനർത്ഥം മോശെ മധ്യസ്ഥത വഹിക്കണം അല്ലെങ്കിൽ യിസ്രായേൽ നശിപ്പിക്കപ്പെടണം. മറ്റ് മാർഗമില്ല.

  1. മോശയുടെ മധ്യസ്ഥത ദൈവത്തിന്‍റെ അനുതാപം (വാക്യം 11-14)

വാക്യം 11:എന്നാൽ മോശെ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ജനത്തിനു വിരോധമായി നിന്‍റെ  കോപം ജ്വലിക്കുന്നത് എന്ത്?”                                                                                     

വാക്യം 12: മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്‍റെ ജനത്തിനു വരുവാനുള്ള അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ” 

വാക്യം 13: നിന്‍റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ” 

വാക്യം 14:അപ്പോൾ യഹോവ തന്‍റെ  ജനത്തിനു വരുത്തും എന്നു കല്പിച്ച അനർഥത്തെക്കുറിച്ച് അനുതപിച്ചു” 

ഈ വാക്കുകൾ നാം എങ്ങനെ മനസ്സിലാക്കണം? "ദൈവം അനുതപിച്ചു" എന്ന വാക്കുകൾ സത്യസന്ധമായി വ്യാഖ്യാനിക്കാൻ എന്തെല്ലാം ആലോചനകൾ കണക്കിലെടുക്കണം? ദൈവം ചഞ്ചലനും മനസ്സ് പലതവണ മാറ്റുന്നവനുമാണെന്നാണോ മോശെ പറയുന്നത്? ഈ പ്രത്യേക സാഹചര്യത്തിൽ മാത്രം മോശെ ദൈവത്തെക്കാൾ ശക്തനും സ്നേഹവാനും നീതിമാനും ആണെന്ന് തെളിയിക്കപ്പെട്ടു എന്നാണോ ഇതിനർത്ഥം? ഈ സന്ദർഭവും തിരുവെഴുത്തിലെ മറ്റ് വാക്യഭാഗങ്ങളും മാറ്റിവെച്ചിട്ട്,  ഈ വാക്കുകൾ മാത്രം അതേപടി എടുക്കുകയാണെങ്കിൽ, അതിനപ്പുറം മറ്റൊരു അർത്ഥവും നമുക്ക് കാണാൻ കഴിയില്ല. മോശെ തക്കസമയത്ത് ഇടപെട്ട് ദൈവത്തിന്‍റെ മനസ്സ് മാറ്റിയില്ലായിരുന്നുവെങ്കിൽ, അവൻ യിസ്രായേലിനെ പൂർണ്ണമായും നശിപ്പിച്ച് തന്നത്താൻ ഭോഷനായി കാണിക്കുമായിരുന്നു എന്ന് നാം വിശ്വസിക്കേണ്ടിവരും. ദൈവം തന്നെ തന്‍റെ ഉദ്ദേശ്യങ്ങളെ നശിപ്പിച്ചു കളഞ്ഞു എന്നും, അബ്രഹാമുമായുള്ള ഉടമ്പടി തള്ളിക്കളഞ്ഞു എന്നും വിശ്വസിക്കേണ്ടി വരും. ഇതാണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നതെങ്കിൽ, നാം ദൈവത്തിനു പകരം മോശെയെ ആരാധിക്കേണ്ടി വരും. അതുകൊണ്ട് ഈ വാക്കുകളുടെ പുറമേ കാണുന്ന അർത്ഥം അവയുടെ യഥാർത്ഥ അർത്ഥമല്ലെന്ന് വ്യക്തമാണ്. കാരണം അത്, ദൈവത്തക്കാൾ നന്നായിട്ട് തന്‍റെ വികാരങ്ങളെ നിയന്ത്രിച്ചു കൊണ്ട് കോപത്തെ  നിയന്ത്രിക്കാൻ  കഴിഞ്ഞ മോശെയെ  “ദൈവത്തേക്കാൾ വലിയവൻ” ആക്കുകയും,  ദൈവത്തെ നമ്മെപ്പോലെയുള്ള പാപികളുടെ നിലവാരത്തിലേക്ക് താഴ്ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഈ വാക്കുകൾ മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കേണ്ടത് ആവശ്യമാണ്‌.

ദൈവം നമ്മോട് എങ്ങനെ ഇടപെടുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടി, ബൈബിളിൽ പലപ്പോഴും  മനുഷ്യർ പൊതുവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ, സ്വാഭാവികമായ മാനുഷിക വർണ്ണനകൾ, ദൈവത്തിന് പ്രയോഗിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. തിരുവെഴുത്തുകളുടെ എഴുത്തുകാർ പലപ്പോഴും തങ്ങൾ കണ്ടത് അതേപടി വിവരിച്ചതായി നമുക്ക് കാണാൻ കഴിയും. നാം ചെയ്യുന്നതും ഇതുതന്നെയല്ലേ?  വാർത്തകൾ വായിക്കുന്ന ആൾ ഓരോ ദിവസം സൂര്യൻ അസ്തമിക്കുന്ന സമയവും മറ്റെന്നാൾ സൂര്യൻ ഉദിക്കുന്ന സമയവും പറയുന്നു. സൂര്യൻ ഭൂമിയെ ചുറ്റുന്നതായി തോന്നുമെങ്കിലും അത് വാസ്തവമല്ലെന്നും, സൂര്യൻ യഥാർത്ഥത്തിൽ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ലെന്നും, വാർത്തകൾ വായിക്കുന്നവർക്കും കേൾക്കുന്നവർക്കും അറിയാവുന്ന കാര്യമാണ്. ഭൂമി കറങ്ങുന്നതിനാലാണ് രാവും പകലും ഉണ്ടാകുന്നത്,  സൂര്യോദയവും സൂര്യാസ്തമയവും സൂര്യന്‍റെ ചലനം മൂലമല്ല സംഭവിക്കുന്നത്. എന്നിരുന്നാലും, നാം ഉപയോഗിക്കുന്ന ഈ പൊതുവായ  പദപ്രയോഗം ഇതിന് വ്യത്യസ്തമായ അർത്ഥമാണല്ലോ നൽകുന്നത്?

ദൈവം തിരഞ്ഞെടുത്ത ആടുകളും ആട്ടിൻകൂട്ടത്തിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് അവന്‍റെ കോപത്തിന്‍ കീഴിലായിരുന്നു. അപ്പോൾ അവരും ശിക്ഷയ്ക്ക് വിധേയരായിരുന്നു. “അവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്‍റെ മക്കൾ ആയിരിന്നു” എന്ന് എഫെസ്യർ 2:3-ൽ പൗലോസ് പറയുന്ന വാക്കുകളുടെ അര്‍ത്ഥം ഇതാണ്. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പും കൃപയും ദൈവകോപം നീക്കുകയോ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കുകയോ ചെയ്തില്ല. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് നമ്മെ രക്ഷിക്കുകയും കോപത്തിൽ നിന്ന് വിടുവിക്കുകയും ചെയ്യുമെന്ന് നിർണ്ണയിച്ചിട്ടുണ്ടെങ്കിലും, എന്തെങ്കിലും സംഭവിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, നിശ്ചിത സമയത്ത് അത് യഥാർത്ഥത്തിൽ സംഭവിക്കേണ്ടതിന്‍റെ ആവശ്യകതയെ ഒരു തരത്തിലും ഒഴിവാക്കുന്നില്ല. ഉദാഹരണത്തിന്, ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി  കുരിശിൽ മരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നു എന്നത്  വാസ്തവമാണ്. എന്നിരുന്നാലും, ഈ വാസ്തവം കുരിശുമരണത്തിലൂടെ ക്രിസ്തു മരണവേദന അനുഭവിക്കേണ്ടതിന്‍റെ ആവശ്യകതയെ ഒരു തരത്തിലും ഒഴിവാക്കുന്നില്ല. ദൈവത്തിന്‍റെ ആടുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. നാം ക്രിസ്തുവിന് പുറത്തായതിനാൽ, അക്ഷരാർത്ഥത്തിൽ ദൈവത്തിന്‍റെ കോപത്തിന് കീഴിലാണ്. എന്നിരുന്നാലും ലോകസ്ഥാപനത്തിനു മുമ്പുതന്നെ നാം അവനിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ തീർച്ചയായും നാം രക്ഷിക്കപ്പെടേണ്ടവരാണ്. ഈ രണ്ടു വിഷയങ്ങളും ഒരേ സമയം സത്യമാണ്!

നാം രക്ഷിക്കപ്പെടുമ്പോൾ, നമ്മോടുള്ള ദൈവത്തിന്‍റെ മനസ്സും മനോഭാവവും പൂർണ്ണമായും മാറുന്നതായി തോന്നുന്നു. എന്നാൽ വാസ്തവത്തിൽ, മാറിയത് ദൈവമല്ല; നമ്മളാണ് മാറിയത്. ശക്തമായ കാറ്റിനെതിരെ നടക്കുന്ന ഒരു വ്യക്തിയെപ്പോലെയാണ് നാം. അവന്‍ അതിന്‍റെ ശക്തമായ ആഘാതത്തിൽ നിന്ന് സ്വയം രക്ഷിച്ചു കൊണ്ട്, തന്‍റെ മേലങ്കി കൊണ്ട് മുഖം മൂടി, തല കുനിച്ചു കൊണ്ട് കഴിയുന്നത്ര ദൂരം നടക്കുന്നു. കുറച്ചു ദൂരം പോയി തന്‍റെ ദിശ മാറുമ്പോൾ, കാറ്റ് തന്‍റെ പിന്നിലേക്ക് നീങ്ങുന്നതായി അയാൾക്ക് അനുഭവപ്പെടുന്നു. അവൻ നെടുവീർപ്പിട്ടു കൊണ്ട് , “ഹോ! കാറ്റിന്‍റെ ദിശ മാറി!” എന്ന് ആശ്വസിക്കുന്നു. അതുപോലെ, നാമും സ്വർഗ്ഗത്തിലേക്ക് നോക്കിയപ്പോൾ, ദൈവക്രോധം മാത്രമേ നമുക്ക് കാണാൻ കഴിഞ്ഞുള്ളൂ. എന്നാൽ നാം  കർത്താവായ യേശുക്രിസ്തുവിന്‍റെ മുമ്പാകെ മാനസാന്തരത്തോടെയും വിശ്വാസത്തോടെയും നില്ക്കുമ്പോൾ, നാം ദൈവത്തിന്‍റെ സ്നേഹവും കൃപയും  കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. നമ്മോടുള്ള ദൈവത്തിന്‍റെ വ്യക്തിത്വം അല്ലെങ്കില്‍ മനോഭാവം  മാറിയതായി തോന്നും. എന്നാൽ വാസ്തവത്തിൽ, മാറിയത് ദൈവമല്ല; മാറിയത് നമ്മളാണ്. അത്തരമൊരു മാറ്റം നമ്മെ ദൈവത്തിന്‍റെ ഗുണങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു. അതായത്, അതുവരെ അവന്‍റെ  കോപത്തിൻ കീഴിലായിരുന്ന നാം, അവന്‍റെ സ്നേഹത്തിൻ കീഴിലേയ്ക്ക് വിലയ്ക്കുവാങ്ങപ്പെട്ടവരാകുന്നു. ദൈവം ഇപ്പോൾ എത്ര സ്നേഹവാനാണോ, നാം രക്ഷിക്കപ്പടുന്നതിനു മുമ്പും അത്രത്തോളം സ്നേഹവാനാണ്. അതുപോലെ, നമ്മുടെ രക്ഷയ്ക്ക് മുമ്പ് അവൻ പാപത്തെ എത്രത്തോളം വെറുത്തോ,  ഇപ്പോഴും അത്രതന്നെ  വെറുക്കുന്നു. അവന്‍റെ  ക്ഷമയുടെ കീഴിൽ ഉള്ളതു കൊണ്ട്, അവന്‍റെ ഗുണത്തിന്‍റെയും  ഉദ്ദേശ്യങ്ങളുടെയും മറ്റൊരു വശം നാം കാണുന്നു.

അതുപോലെ, പുറപ്പാട് 32-ാം അധ്യായത്തിൽ, ദൈവം തന്‍റെ മനസ്സ് മാറ്റിയതായി കാണപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ, അവൻ തന്‍റെ ഉടമ്പടി വാഗ്ദാനങ്ങളോ ഉടനടിയുള്ള ഉദ്ദേശ്യങ്ങളോ മാറ്റിയിട്ടില്ല. അവൻ ചെയ്തത് ഒരേയൊരു കാര്യം മാത്രമാണ്; യിസ്രായേലിനു വേണ്ടിയുള്ള തന്‍റെ  സർവ്വാധികാര ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങളായി അവൻ മോശയെയും അവന്‍റെ മദ്ധ്യസ്ഥതയെയും ഉപയോഗിച്ചു. “ഒരുപക്ഷെ മോശെ പ്രാർത്ഥിക്കാൻ തയ്യാറായില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?” എന്ന് ചോദിക്കുന്നത് ഭോഷത്തമാകും. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ യിസ്രായേൽ നശിപ്പിക്കപ്പെടുമായിരുന്നു. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളും തകർന്നു പോകുമായിരുന്നു. പക്ഷേ അത് സംഭവിക്കണമെങ്കി‍‍ൽ, ഈ “ഒരുപക്ഷെ” എന്നത് യാഥാർത്ഥ്യമാകണം. അത്തരമൊരു മാറ്റം അസാധ്യമാണ്, അത് ഒരിക്കലും സംഭവിക്കില്ല. “ഒരുപക്ഷെ” എന്ന ചോദ്യത്തിന് എനിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു ഉത്തരം ഇതാണ്. “അതൊരു ഭോഷത്തമായ ചോദ്യമാണ്; കാരണം അത് അസാധ്യമായ ഒരു അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.”

നടന്ന ഒരു സംഭവത്തെക്കുറിച്ച് ആരെങ്കിലും നമ്മളോട്, “അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?” എന്ന് ചോദിച്ചാൽ, “പക്ഷേ അത് അങ്ങനെ സംഭവിച്ചു” എന്നു മാത്രമാണ് നാം ഉത്തരം പറയേണ്ടത്. ദൈവത്തിന്‍റെ സർവ്വാധികാര തിരഞ്ഞെടുപ്പിനെ എതിർക്കുന്ന ഒരു സ്ത്രീ ഒരിക്കൽ, “നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ച ആ രാത്രിയിൽ  നിങ്ങൾ അങ്ങനെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?” എന്ന് ചോദിച്ചു. “പക്ഷേ ഞാൻ സ്വീകരിച്ചല്ലോ!” എന്ന് മാത്രമേ ഞാൻ അവരോട് ഉത്തരം പറഞ്ഞുള്ളൂ. സംഭവിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് വാദിക്കാൻ ഞാൻ വിസമ്മതിച്ചു. അതിന് അവര്‍ അല്‍പം ആശങ്ക പ്രകടിപ്പിച്ചു. തിരുവെഴുത്തുകളെ മറികടന്ന് മനുഷ്യന്‍റെ ബുദ്ധിയെ അടിസ്ഥാനമാക്കുന്ന ഒരു ദൈവശാസ്ത്രത്തിനായി വാദിക്കാൻ നാം വിസമ്മതിക്കുമ്പോൾ, വസ്തുതകൾക്ക് പകരം സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവർ, ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണല്ലോ!

ഞാൻ പറയുന്നത് എന്തെന്നാല്‍, രക്ഷിക്കപ്പടുന്നതിനു മുമ്പ് നാം ദൈവകോപത്തിൻ കീഴിൽ, പാപികളും  കുറ്റക്കാരുമാണ്, അതേ സമയം തന്നെ നാം അവനാൽ തിരഞ്ഞെടുക്കപ്പെട്ടവരും,  അവന്‍റെ കൃപയുടെ പദ്ധതിയിൽ ചേര്‍ക്കപ്പെട്ടവരും ആണ്. യേശുക്രിസ്തുവിൽ നാം യഥാർത്ഥ വിശ്വാസത്തിലേക്ക് വരികയും, അനുഭവപരമായി ആ കൃപയിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്തപ്പോൾ ദൈവം തന്നെ നമ്മോടുള്ള തന്‍റെ  മനോഭാവം മാറ്റിയതായി നമുക്കു തോന്നും. പക്ഷേ വാസ്തവത്തിൽ  മാറിയത് നമ്മളാണ്. ദൈവത്തിന്‍റെ മറ്റൊരു സ്വഭാവത്തിലേയ്ക്ക് നാം വന്നെത്തിയിരിക്കുന്നു.

ഇപ്പോൾ  നമുക്ക് ഈ തിരുവെഴുത്ത് വിശദീകരിക്കാനുള്ള ശ്രമം നടത്താം. ഇത് ചെയ്യുന്നതിന്, പുറപ്പാട് 32-ലെ സന്ദർഭത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നാം ആദ്യം വ്യക്തമായി തിരിച്ചറിയണം.

  1. ദൈവം തന്‍റെ ഉടമ്പടിയുടെ വ്യവസ്ഥകള്‍ (പത്തു കല്പനകൾ) യിസ്രായേലിനു വ്യക്തമായി വെളിപ്പെടുത്തി (പുറപ്പാട് 20).
  2. യിസ്രായേൽ മക്കൾ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്നും ആ ഉടമ്പടി പാലിക്കുമെന്നും ദൈവമുമ്പാകെ വാഗ്ദാനം ചെയ്തു (പുറപ്പാട് 24:7).
  3. മോശെ പർവതത്തിൽ വെച്ച് ഉടമ്പടിയുടെ ഒരു ലിഖിത പകർപ്പ് സ്വീകരിക്കുമ്പോൾ, യിസ്രായേൽ ദൈവത്തെ പരസ്യമായി ധിക്കരിച്ചു കൊണ്ട് ആരാധിക്കാൻ ഒരു സ്വർണ്ണ കാളക്കുട്ടിയെ ഉണ്ടാക്കി ഉടമ്പടിയുടെ ആദ്യ വ്യവസ്ഥ തന്നെ ലംഘിച്ചു.
  4. ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം അവരെ നശിപ്പിക്കുകയല്ലാതെ ദൈവത്തിന് മറ്റൊരു മാർഗമില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണെങ്കിലും, നീതിയെ ബലികഴിച്ച് കൊണ്ട് കരുണ കാണിക്കാൻ കഴിയില്ല

 (സങ്കീർത്തനം 85).

എന്നാല്‍, പുറപ്പാട് 32:10-ൽ ഒരു പ്രധാന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. എന്‍റെ അഭിപ്രായത്തില്‍, ഈ വാക്യഭാഗത്തിന്‍റെ താക്കോൽ നമുക്ക് ഈ വാക്കുകളിൽ തന്നെ കണ്ടെത്താൻ കഴിയും. മോശെ ഒരു വാക്കുപോലും പറയുന്നതിനുമുമ്പ് ദൈവം “എന്നെ വിടുക” എന്ന്  എന്തുകൊണ്ടാണ് പറഞ്ഞത്? അബ്രഹാമുമായുള്ള ഒരു നിരുപാധിക ഉടമ്പടിയുടെ അടിസ്ഥാനത്തിൽ യിസ്രായേലിനെ ഈജിപ്തിൽ നിന്ന് വിടുവിച്ച ദൈവം, ഇപ്പോൾ അവരെ പൂർണ്ണമായും തുടച്ചുനീക്കി മോശെയെ  ഒരു വലിയ ജനതയാക്കുമെന്ന്  പറയുന്നത് എന്തുകൊണ്ടാണ്? ഈ സന്ദർഭം നാം   പൂർണ്ണമായി മനസ്സിലാക്കിയാൽ, ദൈവം മോശെയെ മദ്ധ്യസ്ഥം വഹിക്കാൻ പ്രേരിപ്പിക്കുന്നതായി നമുക്ക് കാണാൻ കഴിയും. വാസ്തവത്തില്‍ ദൈവം , “മോശെ, നീ മധ്യസ്ഥത വഹിക്കാതെ എന്നെ വിട്ടുകളഞ്ഞാൽ, ഈ ആളുകളെ നശിപ്പിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല” എന്നാണ് പറയുന്നത്.“ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തിൽ ഇടപെടരുത്” എന്ന് നാം പലപ്പോഴും പറയുമ്പോഴും യഥാർത്ഥത്തിൽ, “ഇടപെട്ടു കൊണ്ട് എന്നെ അങ്ങനെ ചെയ്യാതിരിക്കാൻ  സഹായിക്കൂ” എന്നല്ലേ പരോക്ഷമായി അർത്ഥമാക്കുന്നത്?

ദൈവത്തിനും യിസ്രായേലിന്‍റെ ന്യായയുക്തമായ നാശത്തിനും ഇടയിൽ നിൽക്കുന്നത് മോശെ മാത്രമാണെന്ന് അവന് നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും ദൈവം സംസാരിക്കാൻ തിരഞ്ഞെടുത്ത രീതി മോശെയ്ക്കും   ഒരു പരീക്ഷയായിരുന്നു. ഒരു പുതിയ ജനതയുടെ പിതാവാകാൻ  ലഭിച്ച ഈ അവസരം മോശെ ഉപയോഗപ്പെടുത്തുമോ? പിതാവായ അബ്രഹാമിന്‍റെ സ്ഥാനം കൈക്കലാക്കുന്ന നിലയിലേക്ക് അവനിലെ അഹങ്കാരം പൊട്ടിത്തെറിക്കുമോ? അതോ ദൈവത്തിന്‍റെ കൃപ അവന്‍റെ ഹൃദയത്തിലുണ്ടെന്ന് തെളിയിച്ചുകൊണ്ട് മോശെ യിസ്രായേലിനോട് ക്ഷമിക്കാൻ ദൈവത്തോട് അപേക്ഷിക്കുമോ? മോശെ എന്തു ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നെന്ന് നമുക്കറിയാം. വാസ്തവത്തിൽ, മോശെയുടെ ഹൃദയത്തിൽ അത്തരമൊരു നന്മ  വച്ചതും ദൈവമാണ്.

എന്നിരുന്നാലും, മോശെ തന്നെ പക്ഷവാദം ചെയ്യണം; അവൻ അത് സ്വമേധയാ ചെയ്യണം. ദൈവത്തിന്‍റെ കൃപയാലും സർവ്വാധികാരത്താലും മോശെ അങ്ങനെ തന്നെ ചെയ്തു. എന്തുകൊണ്ടെന്നാൽ, യിസ്രായേലിനെക്കുറിച്ചുള്ള തന്‍റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം നിയോഗിച്ച ഒരു ഉപകരണമായിരുന്നു അത്.

ഇവിടെ മോശ നമ്മുടെ ആരാധ്യനായ കർത്താവിന് ഒരു മാതൃകയാണ്. യോഹന്നാൻ 17:9-ലെ സത്യത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് മോശെ  പ്രവർത്തിച്ചത്. നമ്മുടെ കർത്താവിനെപ്പോലെ, മോശെയും തന്‍റെ ജനവുമായി ഏകീഭവിച്ചു. ഇത് അവൻ സ്വമേധയാ ചെയ്തു. നമ്മുടെ വിശ്വസ്ത രക്ഷകനെപ്പോലെ, മോശെയും തന്‍റെ ജനത്തിന്‍റെ പാപം കണക്കിലെടുക്കാതെ അവരെ സ്നേഹിച്ചു.

മോശെ തന്‍റെ പ്രാർത്ഥനയിൽ

  1. ദൈവകൃപയെ അടിസ്ഥാനമാക്കിയാണ് അവൻ അപേക്ഷിച്ചത് (വാക്യം 11). കാരണം, അവന്‍റെ സർവ്വാധികാര കൃപയും ശക്തിയുമാണ് യിസ്രായേലിനെ ഈജിപ്തിൽ നിന്നും വിടുവിച്ചത്. ഇന്ന് നാം പാപത്തിൽ വീഴുമ്പോഴും നമ്മുടെ പ്രത്യാശക്ക് അടിസ്ഥാനം ഇതല്ലേ? (1 യോഹന്നാൻ 1:9).
  2. ദൈവത്തിന്‍റെ മഹത്വത്തെ അടിസ്ഥാനമാക്കിയാണ് അവൻ അപേക്ഷിച്ചത് (വാക്യം 12). അന്യജനങ്ങളുടെ ഇടയില്‍ ദൈവത്തിന്‍റെ നാമം ദുഷിക്കപ്പെടുമോ എന്ന ചിന്ത മോശെ വ്യക്തമാക്കി.
  3. അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് ദൈവം ചെയ്ത ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആണ് അവൻ ദൈവത്തോട് അപേക്ഷിച്ചത്. (വാക്യങ്ങൾ 12-13). നിത്യമായ ഉടമ്പടി രക്തത്തെ ആധാരമാക്കി കൊണ്ട് നമ്മുടെ രക്ഷകനും നമുക്കു വേണ്ടി അതേ രീതിയിൽ മധ്യസ്ഥത വഹിക്കുന്നു (1 യോഹന്നാൻ 2:1; എബ്രായർ 7:25).

മോശെ ചെയ്ത ഈ പക്ഷവാദം യിസ്രായേലിൽ നിന്ന് ദൈവകോപത്തെ അകറ്റിനിർത്തി. അത്തരമൊരു പ്രാർത്ഥന  ആവശ്യം ആയിരുന്നതുകൊണ്ട്, ദൈവം തന്നെയാണ് ആ പ്രാർത്ഥന ക്രമീകരിച്ചത്. യിസ്രായേല്യരെ കൊല്ലാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. കാരണം പത്താം വാക്യം അനുസരിച്ച്, ദൈവം തന്നെയാണ് മോശെയെ അങ്ങനെ പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം.

ദൈവത്തിന് നമ്മെ രക്ഷിക്കാനും പരിപാലിക്കാനും ഉള്ള ഉദ്ദേശം ഉള്ളപ്പോഴും, അങ്ങനെ സംഭവിക്കണമെങ്കിൽ  ക്രിസ്തു വന്ന് നമുക്കുവേണ്ടി മരിക്കുകയും പിന്നീട് നമുക്കുവേണ്ടി മധ്യസ്ഥ്യം വഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങളും ഞാനും അവന്‍റെ മധ്യസ്ഥതയാൽ സംരക്ഷിക്കപ്പെടുന്നതുപോലെ, അന്ന് മോശെയുടെ മധ്യസ്ഥതയാൽ യിസ്രായേലും  സംരക്ഷിക്കപ്പെട്ടു. അതുകൊണ്ട് ഈ വാക്യ ഭാഗത്തെ എങ്ങനെ വ്യാഖ്യാനിച്ചാലും, ദൈവം ഒരു സാധാരണ മനുഷ്യനെപ്പോലെ തന്‍റെ  മനസ്സ് മാറ്റി എന്ന വിശകലനം, ഈ  വാക്യ ഭാഗത്തിന്‍റെ സന്ദർഭത്തെയും,  തിരുവെഴുത്തിലെ മറ്റ് വാക്യഭാഗങ്ങളെയും അവഗണിക്കുന്നതിന് തുല്യമാകും. ദൈവം തന്‍റെ ഉടമ്പടി ജനതയെ നശിപ്പിക്കുമെന്ന് പറഞ്ഞങ്കിലും, അങ്ങനെ ചെയ്യുന്നത് അവന്‍റെ വാഗ്ദാനത്തിന്‍റെ ലംഘനമായിരിക്കും. എന്നാൽ വാക്കു മാറ്റുന്നത് ദൈവത്തിന് സാധ്യമായ കാര്യമല്ല; ദൈവത്തിന് നുണ പറയുക അസാധ്യമായതിനാൽ  (എബ്രായർ 6:18), ഈ വാക്യ ഭാഗമോ മറ്റേതെങ്കിലും ഭാഗമോ ദൈവം തന്‍റെ മനസ്സ് മാറ്റിയെന്ന് സൂചിപ്പിക്കുന്നു എന്ന ആശയം,  വചന പ്രകാരമുള്ള തിരുവെഴുത്തിന്‍റെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.

നാം ഇപ്പോൾ പരിഗണിക്കുന്ന ഈ വാക്യ ഭാഗത്തിന് ഞാൻ നൽകിയ വ്യാഖ്യാനമാണ് ശരിയായ വ്യാഖ്യാനമെന്ന് ഞാൻ വാദിക്കുന്നില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇത് എങ്ങനെ വ്യാഖ്യാനിക്കണമെന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിഞ്ഞില്ലെങ്കിലും, എങ്ങനെ വ്യാഖ്യാനിക്കരുതെന്ന് മാത്രം എനിക്ക് തീർച്ചയായും പറയാൻ കഴിഞ്ഞു.

സമാപനം

‘ബില്ലി ബ്രേ’ ഒരു ഭക്തനായ ക്രിസ്ത്യാനിയാണ്. അയാൾ ഇങ്ങനെ പറയാറുണ്ട്:  “എനിക്ക് ഇക്കാര്യത്തെക്കുറിച്ച് എന്‍റെ പിതാവിനോട് തീർച്ചയായും പറയണം”. അവൻ ഓരോ വിഷയത്തെക്കുറിച്ചും പ്രാർത്ഥിക്കണമെന്ന് ചിന്തിച്ചയാളാണ്. ഞാൻ അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ, താഴെ പറയുന്ന കഥയാണ് എന്‍റെ മനസ്സിലേയ്ക്ക് വരുന്നത്.

വൃദ്ധനായ ഒരു വിശ്വാസിക്ക് തന്‍റെ ജന്മസ്ഥലത്തു നിന്ന് പത്ത് മൈൽ അകലെയുള്ള ഒരു നഗരത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ബൈബിൾ സമ്മേളനത്തിൽ പങ്കെടുക്കാൻ ദൈവം തന്നെ പ്രേരിപ്പിക്കുന്നതായി തോന്നി. അയാൾ ഉച്ചഭക്ഷണം പായ്ക്ക് ചെയ്ത്, ആ യോഗങ്ങൾക്ക് നടന്നു പോയി വണ്ടിക്കൂലിയും ലാഭിക്കാമെന്ന് വിചാരിച്ചു. വഴിയിൽ വെച്ച് അദ്ദേഹം ഒരു ദൈവശാസ്ത്ര വിദ്യാർത്ഥിയെ കണ്ടുമുട്ടി. അവനും അതേ മീറ്റിംഗുകൾക്ക് പോകുന്നു. ഉച്ചയ്ക്ക് രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ആ യുവാവ് ഭക്ഷണത്തിന് വേണ്ടി നന്ദി പറയുകയും സുവിശേഷ യോഗങ്ങളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

വൃദ്ധനും അതേ രീതിയിൽ പ്രാർത്ഥിച്ചു, എന്നാൽ അദ്ദേഹം മറ്റ് ചില വ്യക്തിപരമായ ആവശ്യങ്ങളും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി. “പിതാവേ, എനിക്ക് ശരിക്കും ഒരു ജോഡി ഷൂസ് ആവശ്യമുണ്ട്. അത് എനിക്ക് തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പിതാവേ, ഈ മീറ്റിംഗുകളിലെ സന്ദേശങ്ങൾ ഞാൻ ശ്രദ്ധയോടെ കേൾക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ എനിക്ക്  ശരിയായി കേൾക്കാൻ കഴിയില്ലെന്ന് നിനക്കറിയാമല്ലോ? അതുകൊണ്ട് അവിടെ ഇരുന്ന് നന്നായി കേൾക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം  എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവസാനമായി, പിതാവേ, ഹോട്ടലിൽ താമസിക്കാൻ എന്‍റെ കൈവശം പണമുണ്ട്, പക്ഷേ ഈ വാരാന്ത്യം ആരുടെയെങ്കിലും വീട്ടിൽ ചെലവഴിക്കാൻ എന്നെ ക്ഷണിക്കാൻ നിന്‍റെ മക്കളിൽ ആരെയെങ്കിലും പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആമേൻ,” എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

ഇത് കേട്ടപ്പോൾ ആ സെമിനാരി വിദ്യാർത്ഥി അസ്വസ്ഥനായി വൃദ്ധനെ ശാസിച്ചു. ആദ്യം ചെരിപ്പിനു വേണ്ടി പ്രാർത്ഥിച്ചത് ശരിയല്ല. അത് പോരാഞ്ഞിട്ട്  ദൈവത്തോട് പാർപ്പിടത്തിനായി അപേക്ഷിക്കുന്നത് അതിലും മോശമാണെന്ന് പറഞ്ഞ് നിന്ദിച്ചു. അവർ മീറ്റിംഗ് സ്ഥലത്തെത്തിയപ്പോഴേക്കും എല്ലാ കസേരകളും നിറഞ്ഞു കഴിഞ്ഞിരുന്നു. നിൽക്കാൻ മാത്രമേ സ്ഥലമുള്ളൂ. വൃദ്ധനും ആ വിദ്യാർത്ഥിയും  പിന്നിൽ നിൽക്കുകയാണ്. വൃദ്ധൻ ചെവി കൂർപ്പിച്ച് ആരംഭത്തിലുള്ള പ്രഖ്യാപനങ്ങൾ കേൾക്കാൻ ശ്രമിക്കുകയായിരുന്നു. “സീറ്റിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനയ്ക്ക് നല്ല ഉത്തരമാണല്ലോ ലഭിച്ചത്?” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആ വിദ്യാർത്ഥി സ്വയം ചിരിച്ചു.

ഹാളിന്‍റെ ഒന്നാം നിരയിൽ മാത്രം ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അതിനടുത്തുള്ള കസേരയിൽ ഒരു ചെറുപ്പക്കാരി ഇരുപ്പുണ്ട്. അവൾ കൂടെ കൂടെക്കൂടെ പിന്നിലേയ്ക്ക് തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. “ആദ്യത്തെ ഗീതം ആലപിച്ചുകൊണ്ട് നമുക്ക് ഈ ആരാധന ആരംഭിക്കാം” എന്ന് അനൗൺസ്മെൻ്റ് ചെയ്യുന്ന ആൾ പറഞ്ഞപ്പോൾ, ആ യുവതി അവിടെയുണ്ടായിരുന്ന ഒരാളെ വിളിച്ചു, പിന്നിലേയ്ക്ക് ചൂണ്ടികാണിച്ചു കൊണ്ട്, അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു. അയാൾ പിന്നിൽ നിന്നിരുന്ന വൃദ്ധന്‍റെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു, “നിങ്ങൾക്ക് കേൾക്കാൻ ബുദ്ധിമുട്ടുണ്ടോ?” അതിനവൻ “അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അയാൾ “ഒന്നാം നിരയിൽ ഒരു യുവതി തന്‍റെ പിതാവിന് വേണ്ടി ഒരു കസേര ഒഴിച്ചിട്ടുട്ടുണ്ട്. അയാൾ ഒരു ഡോക്ടറാണ്. മീറ്റിംഗ് തുടങ്ങിയിട്ടും താൻ  എത്തിയില്ലെങ്കിൽ, താൻ ഒരു ശസ്ത്രക്രിയ നടത്തുകയാണെന്നും, തന്‍റെ കസേര മറ്റൊരാൾക്ക് നൽകണമെന്നും അയാൾ മകളോട് പറഞ്ഞിരുന്നത്രേ. ആ യുവതി നിങ്ങളോട് ആ കസേരയിൽ ഇരിക്കാൻ വരാൻ പറഞ്ഞു” എന്ന് പറഞ്ഞു. ഉടനെ തന്നെ ആ വൃദ്ധൻ മുകളിലേയ്ക്ക് കണ്ണുകൾ ഉയർത്തി, “പിതാവേ, നിനക്കു സ്തുതി.” എന്ന് പറഞ്ഞു. വിദ്യാർത്ഥി അത് കണ്ട് അത്ഭുതത്തോടെ വാതുറന്ന് നിന്നുപോയി.

ആ പ്രാർത്ഥനാ ഹാളിൽ പ്രാർത്ഥന നടക്കുമ്പോൾ എല്ലാവരും അവരവരുടെ ഇരിപ്പിടത്തിനു മുന്നിൽ മുട്ടിന്മേൽ നില്ക്കുന്ന പതിവുണ്ടായിരുന്നു. ഈ വൃദ്ധൻ പുറകോട്ട് തിരിഞ്ഞു കസേരയുടെ മുന്നിൽ മുട്ടുകുത്തിയപ്പോൾ, വേദിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്‍റെ പിൻഭാഗവും, അയാൾ ധരിച്ച ഷൂസിന്‍റെ അടിഭാഗവും കാണുവാൻ കഴിഞ്ഞു.. മീറ്റിംഗ് അവസാനിച്ചപ്പോൾ, അതിന്‍റെ അദ്ധ്യക്ഷന്‍ ഈ വൃദ്ധനെ സമീപിച്ച്  “സഹോദരാ, എനിക്ക് നിങ്ങളോട് എങ്ങനെ പറയണമെന്ന് അറിയില്ല. കാരണം എന്‍റെ ജീവിതത്തിൽ ഇതിനുമുമ്പ് ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് എന്‍റെ ഉദ്ദേശ്യമല്ല. പക്ഷേ നിങ്ങള്‍ മുട്ടുകുത്തി പ്രാർത്ഥിച്ചപ്പോൾ, നിങ്ങളുടെ ഷൂസ് തേഞ്ഞുപോയതിനാൽ സോക്സ് പുറത്തേക്ക് വന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് ഒരു ചെരുപ്പു കടയുണ്ട്. നിങ്ങള്‍ക്ക്  ഒരു ജോഡി ഷൂസ് തരാൻ ദൈവം എന്നെ കൂടെക്കൂടെ  പ്രേരിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. അവ കഴിഞ്ഞ വർഷത്തെ മോഡൽ ബൂട്ടുകളാണ്, പക്ഷേ അവ പുതിയതാണ്. എന്‍റെ ഗിഫ്റ്റായി അവ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ?” എന്ന് ചോദിച്ചു. അപ്പോൾ ആ വൃദ്ധൻ ഒരു ചെറു പുഞ്ചിരിയോടെ, “ഞാൻ അത് തീർച്ചയായും സ്വീകരിക്കാം. ഇന്ന് ഈ ആവശ്യത്തിനായി ഞാൻ പ്രാർത്ഥിച്ചു. എന്‍റെ പിതാവ് അതിന് ഉത്തരം നൽകി” എന്ന് പറഞ്ഞു.അപ്പോൾ ആ കട ഉടമ അത്യധികം സന്തോഷിച്ചു കൊണ്ട്, “നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരമാകാനുള്ള ഭാഗ്യം ദൈവം എനിക്ക് നൽകിയതിന് ഞാൻ അവന് നന്ദി പറയുന്നു” എന്ന് പറഞ്ഞു.

ആ യുവതി അത്ഭുതപ്പെട്ടുപോയി. ഈ മീറ്റിംഗ് നടക്കുന്ന സമയത്ത് എവിടെയാണ് താമസിക്കുന്നതെന്ന് അവൾ ആ വൃദ്ധനോട് ചോദിച്ചു. അപ്പോൾ അയാള്‍, “എനിക്ക് കൃത്യമായി അറിയില്ല. എന്‍റെ പിതാവ് എനിക്കായി ഒരു മുറി വേർതിരിച്ചു വച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു”  എന്ന് പറഞ്ഞു. അപ്പോൾ ആ യുവതി “നിങ്ങളുടെ പിതാവോ? നിങ്ങൾക്കേ 70 വയസ്സിനു മുകളിൽ പ്രായം തോന്നുന്നുണ്ടല്ലോ!” എന്ന് പറഞ്ഞിട്ട് പെട്ടെന്ന്  “ഓഹോ,  സ്വർഗ്ഗസ്ഥനായ പിതാവാണോ? ഞാൻ തിരിച്ചുവരുന്നതുവരെ ദയവായി ഇവിടെ നിൽക്കൂ” എന്ന് പറഞ്ഞു. അവൾ പാസ്റ്ററുടെ ഓഫീസിൽ പോയി തിരിച്ചു വന്നു, “ഞാൻ എന്‍റെ പിതാവിനോട് സംസാരിച്ചു, അദ്ദേഹം ഓപ്പറേഷൻ പൂർത്തിയാക്കി. ഞാൻ അദ്ദേഹത്തോട് നിങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍, ‘ആ നല്ല സഹോദരനെ എനിക്ക് കാണണം. ഈ വാരാന്ത്യം നമ്മുടെ വീട്ടിൽ ചെലവഴിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കാൻ പറഞ്ഞു”  എന്ന് പറഞ്ഞു. ആ വൃദ്ധൻ പുഞ്ചിരിയോടെ കണ്ണുകൾ ഉയർത്തി “പിതാവേ സ്തോത്രം” എന്ന് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കുമെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുമോ? നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇക്കാലത്ത് നാം വളരെ സ്വയംപര്യാപ്തരായി  എന്തിനാണ് ഇത്തരം നിസ്സാരകാര്യങ്ങളിൽ  ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതുന്നു.  ഒരുപക്ഷേ, നാം ഓരോ കാര്യത്തിലും ‘എന്‍റെ പിതാവിനോട് സംസാരിക്കണമെന്ന്’ തീരുമാനിക്കേണ്ടതുണ്ട്. എല്ലാറ്റിനുമുപരി,  സർവ്വാധികാരിയായ നമ്മുടെ പിതാവിന്‍റെ നിയന്ത്രണത്തിലാണല്ലോ എല്ലാം!