Hits: 8
Print
രചയിതാവ്.: കെ. വിദ്യാസാഗര്‍
വിവർത്തനം: ഷിബു ബാബു &ഷൈനി

നയമാനെ വിട്ടുപോയ കുഷ്ഠരോഗം പോലുള്ള വളച്ചൊടിക്കലുമായി മല്ലുപിടിക്കുന്ന ജയ് ശ്രീ റാം പാസ്റ്ററിനുള്ള ഉത്തരമാണ് ഈ ലേഖനം:

അപ്പൊസ്തലനായ പത്രോസ് പൗലോസിന്‍റെ ലേഖനങ്ങളെ ഉദ്ദേശിച്ച്, “അജ്ഞരും അസ്ഥിരരുമായവർ മറ്റു തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു” (2 പത്രോസ് 3:16) എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ചിലർ തുടക്കം മുതൽ തന്നെ തിരുവെഴുത്തുകളെ തെറ്റിദ്ധരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്തിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. അങ്ങനെ, വിനാശകരമായ ഒരു ദുരുപദേഷ്ടാവിനാല്‍ വളച്ചൊടിക്കപ്പെടുകയും, ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾക്കും വിഗ്രഹങ്ങളെ ആരാധിക്കാമെന്ന് പറയാൻ ആധാരമായി കാണിക്കുകയും ചെയ്യുന്ന തിരുവെഴുത്തിനെ വിശകലനം ചെയ്യുന്നതിനാണ് ഞാൻ ഈ ലേഖനം എഴുതുന്നത്.

വിഷയത്തിലേക്ക് വന്നാല്‍; രണ്ട് ദിവസം മുമ്പ്, ഒരു സഹോദരൻ എന്നെ വിളിച്ച്, വചനത്തെക്കുറിച്ചുള്ള അറിവോ ക്രിസ്തീയ ധാർമ്മികതയോ ഇല്ലാതിരുന്നിട്ടും, തനിക്കുള്ള വാചാലത കൊണ്ടും, തന്‍റെ ഗുരുവായ മറ്റൊരു ദുരുപദേഷ്ടാവ് പഠിപ്പിച്ച നാല് വാക്കുകൾ ഉപയോഗിച്ചുകൊണ്ടും, പ്രശസ്ത പ്രാസംഗികനായി വളർന്ന ഒരു ദുരുപദേഷ്ടാവ് കൊണ്ടുവന്ന വാദത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ആ ദുരുപദേഷ്ടാവ് ഏലീശയുടേയും നയമാന്‍റെയും സന്ദർഭം ഉദ്ധരിച്ചു കൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾക്കും വിഗ്രഹങ്ങളെ ആരാധിക്കാം അല്ലെങ്കിൽ അവയ്ക്ക് മുന്നിൽ കുമ്പിടാം എന്നൊക്കെയാണ് വാദിക്കുന്നത്. ആ വാദം കേട്ടപ്പോൾ തന്നെ ഞാന്‍ മുമ്പ് ചില ദുരുപദേശങ്ങൾ കേട്ടപ്പോഴുണ്ടായിരുന്നതിനേക്കാൾ അല്പം കൂടുതൽ ആശങ്കാകുലനായി. കാരണം ആ വാദം മൂലം വചനത്തെക്കുറിച്ച് ശരിയായ അറിവില്ലാത്ത വിശ്വാസികളോ, ക്രിസ്തീയതയിലേക്ക് പുതുതായി വന്നു തുടങ്ങുന്നവരോ, വീണ്ടും വിഗ്രഹാരാധനയിലേക്ക് നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അങ്ങനെ ആ ദുരുപദേഷ്ടാവ് ചെയ്യുന്ന വാദം താൻ ഉൾപ്പെടെയുള്ള മറ്റുള്ളവരെയും ക്രിസ്തീയ നിയമങ്ങളിൽ നിന്ന് വഴിതെറ്റിക്കാൻ ആയുധമായി ഉപയോഗിക്കപ്പെട്ടു. ശ്രദ്ധിച്ചാലും. എനിക്കു ഫോൺ ചെയ്ത സഹോദരൻ ഒരു ഹിന്ദു കുടുംബത്തിൽ നിന്ന് വിശ്വാസത്തിലേയ്ക്ക് വരികയും, ഇപ്പോഴും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്‍റെ കുടുംബത്തിൽ നിന്ന് നിരവധി പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്ന വ്യക്തിയാണ്. ഒരു പക്ഷെ ആ വ്യക്തി ആ വാദത്താൽ പ്രചോദിതനായാല്‍, ‘നിർബന്ധിത സാഹചര്യങ്ങളിൽ തെറ്റില്ലാത്ത വിഗ്രഹാരാധന’ വിഷയത്തിൽ ഇത്രയും കാലം കർശന നിലപാട് എടുക്കുകയും കുടുംബത്തെ കഷ്ടപ്പെടുത്തുകയും, താനും കഷ്ടപ്പെടുകയും ചെയ്തു എന്ന് പറഞ്ഞു കൊണ്ട് അന്നുമുതൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വിഗ്രഹാരാധന ചെയ്യുമായിരുന്നില്ലേ? പക്ഷേ ആ സഹോദരൻ തിരുവെഴുത്തുകളിൽ അറിവുള്ള ആളായതുകൊണ്ട് വഴിതെറ്റി പോകാതെ എന്നോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാൽ, അത്തരം വചന പരിജ്ഞാനമില്ലാത്തവർ ആ വാദത്താൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ ആശങ്കപ്പെടുന്നു.

2 തിമോത്തി 2:17 അവരുടെ വാക്ക് അർബ്ബുദവ്യാധി പോലെ തിന്നുകൊണ്ടിരിക്കും.

ഇനി നമുക്ക് വിഗ്രഹാരാധനയെ അനുകൂലിക്കുന്നതിനായി ആ ദുരുപദേഷ്ടാവ് വളച്ചൊടിച്ച തിരുവെഴുത്തിലേയ്ക്ക് കടക്കാം. "1 രാജാക്കന്മാർ 5-ാം അദ്ധ്യായം" വായിക്കുമ്പോൾ, സിറിയയിലെ രാജാവിന് നയമാൻ എന്നു പേരുള്ള ഒരു സേനാപതി ഉണ്ടായിരുന്നു, അയാൾ ഒരു കുഷ്ഠരോഗിയായിരുന്നു. യിസ്രായേൽ ദേശത്തുനിന്ന് അടിമയായി കൊണ്ടുപോകപ്പെട്ട ഒരു യുവതിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അവൻ പ്രവാചകനായ എലീശയെ കാണുകയും രോഗസൌഖ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. എലീശാ പറഞ്ഞതുപോലെ, അദ്ദേഹം യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയപ്പോൾ തന്‍റെ കുഷ്ഠരോഗം മാറി രോഗസൌഖ്യം പ്രാപിക്കുന്നു. അതിനുശേഷം അവർ രണ്ടുപേരും തമ്മിലുള്ള സംഭാഷണം കാണുക.
2 രാജാക്കന്മാർ 5:17-19 അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർകഴുതച്ചുമടു മണ്ണ് അടിയനു തരുവിക്കേണമേ; അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല. ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്ന് എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. അവൻ അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ഈ സംഭാഷണത്തിൽ നയമാൻ, “ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്ന് എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ” എന്ന് പറഞ്ഞപ്പോൾ ഏലീശ, “സമാധാനത്തോടെ പോക എന്നു പറഞ്ഞ” വാക്കുകൾ ഉദ്ദരിച്ചുകൊണ്ട്, ആ ദുരുപദേശകന്‍ ക്രിസ്ത്യാനികൾ നിർബന്ധിത സാഹചര്യങ്ങളിൽ വിഗ്രഹങ്ങൾക്ക് വണങ്ങിയാല്‍ അത് പാപമല്ലെന്ന് പഠിപ്പിക്കുന്നു. വാസ്തവത്തില്‍ പരിശുദ്ധാത്മാവ് ഈ വാക്കുകൾ ആ അർത്ഥത്തിൽ തന്നെയാണോ എഴുതിയത് എന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, ഉപദേഷ്ടാക്കൾ അനുസരിക്കേണ്ട ഒരു പ്രധാന നിയമത്തക്കുറിച്ച് നാം അറിഞ്ഞിരിക്കണം.
അതെന്തെന്നാൽ; തിരുവെഴുത്തിലെ ഏതെങ്കിലും വാക്യഭാഗം അടിസ്ഥാനമാക്കി പഠിപ്പിക്കുന്നതിനുമുമ്പ്, ആ തിരുവെഴുത്ത് എഴുതപ്പെട്ട സന്ദർഭം നാം പരിശോധിക്കണം. അതുപോലെതന്നെ മറ്റു വാക്യ ഭാഗങ്ങളുടെ പരിധിയിൽ ആ വാക്യഭാഗത്തെ മനസ്സിലാക്കണം ഒരു വാക്യ ഭാഗത്തിനനുകൂലമായി ബാക്കിയുള്ള വാക്യ നിയമങ്ങളെ ചവിട്ടിമെതിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. ദൈവത്തിന്‍റെ കല്പനകൾ എന്തു പറയുന്നു എന്നതും ബാക്കിയുള്ള തിരുവെഴുത്തുകൾ എന്തു പറയുന്നു എന്നതുമാണ് പ്രധാനം. ഈ നിയമം അവഗണിച്ചാൽ, നിങ്ങൾക്ക് എത്ര മോശമായ ഉപദേശം വേണമെങ്കിലും ചെയ്യാൻ സാധിക്കും. ഇന്ന് സഭയിൽ കടന്നുവന്നിട്ടുള്ള എല്ലാ ദുരുപദേശങ്ങളും ഈ വിധത്തിൽ പ്രവേശിച്ചതാണ്. ആളുകളെ അവരുടെ തെറ്റായ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഉപദേശിക്കുകയും, അവരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കല്ലാതെ വിശ്വസ്തരായ ദാസന്മാർക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. നാം പറയുന്ന ദുരുപദേഷ്ടാവ് ആ പട്ടികയിൽപ്പെടുന്ന ആളാണ്. ഒരു വിധത്തിൽ പറഞ്ഞാൽ, വ്യാജ ഉപദേഷ്ടാക്കളുടെയോ അല്ലെങ്കിൽ വികലമായ പഠിപ്പിക്കലുകളുടെയോ പിതാവ് എന്ന പദവി പോലും അദ്ദേഹത്തിന് നൽകുവാന്‍ സാധിക്കുമായിരിക്കും.

വിഗ്രഹാരാധനയെക്കുറിച്ചുള്ള ദൈവത്തിന്‍റെ കല്പന എന്താണെന്ന് നോക്കാം;

പുറപ്പാട് 34:14 അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
തിരുവെഴുത്തുകളിൽ ഇതുപോലുള്ള നിരവധി കല്പനകൾ നാം കാണുന്നു. ഈ കല്പന നല്ലവണ്ണം ശ്രദ്ധിക്കുക. “അന്യദൈവത്തെ നമസ്കരിക്കരുത്”. നമസ്കരിക്കരുത്, എന്നു പറഞ്ഞാൽ നമസ്കരിക്കരുത് എന്നാണ് അർത്ഥം. ഞാന്‍ ഇത് പറയാനുള്ള കാരണം, ആ ദുരുപദേഷ്ടാവായ പ്രസംഗകൻ വാദിക്കുന്നത്, നാം ഭക്തിയോടെ നമസ്കരിക്കരിച്ചാലേ അത് വിഗ്രഹാരാധനയാകുന്നുള്ളൂ, എന്നാല്‍ മനസ്സില്‍ ഭക്തി ഇല്ലാതെ നിര്‍ബന്ധിത സാഹചര്യങ്ങളിൽ ഒന്നു കുമ്പിട്ടു എന്ന് കരുതി അത് വിഗ്രഹാരാധന ആകില്ല എന്നാണ്. അത് സത്യമാണെങ്കിൽ, ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ആ അറിവ് ഇല്ലായിരുന്നോ? അവരുടെ മനസ്സിൽ ഒന്നും ഇല്ലാതിരുന്നതിനാൽ രാജാവ് കല്പിച്ചപ്പോൾ (ദാനിയേൽ 3 അധ്യായം) അവന്‍റെ ദേവതയെ നമസ്ക്കരിച്ചാൽ മതിയാകുമായിരുന്നല്ലോ? അതിനു വേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോരാടേണ്ട ആവശ്യമുണ്ടായിരുന്നോ? അവരാകട്ടെ തങ്ങളുടെ ദൈവം അവരെ സംരക്ഷിക്കുമെന്ന വിശ്വാസത്തോടെ ആ ധൈര്യം കാണിച്ചതുമില്ല. അതുകൊണ്ടാണ്, “ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്‍റെ കൈയിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്‍റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയുമില്ല എന്നറിഞ്ഞാലും…” എന്ന് ഉത്തരം പറഞ്ഞത് (ദാനീയേൽ 3:16-18). അതനുസരിച്ച്, ആ ദുരുപദേഷ്ടാവിന്‍റെ ദൃഷ്ടിയിൽ അവർ കാണിച്ച ധൈര്യം ഉചിതമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ അവർ, “അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു” എന്ന ദൈവ കല്പന അനുസരിച്ച്, മറ്റൊരു ദൈവത്തെ വണങ്ങി ദൈവത്തിന് കോപം ഉളവാക്കുന്നതിനുപകരം ജീവൻ ബലിയർപ്പിക്കുന്നതാണ് നല്ലത് എന്ന ദൃഢനിശ്ചയം അവർ കാണിച്ചു. നെബൂഖദ്‌നേസർ പറഞ്ഞതുപോലെ അവർ തന്‍റെ ദേവതയെ വണങ്ങിയിരുന്നെങ്കിൽ, യഹോവയുടെ ആരാധകർ പോലും തങ്ങളുടെ ദൈവത്തിന്‍റെ കാര്യത്തിൽ അവിശ്വസ്തരാണെന്ന അഭിപ്രായം അവന് ഉണ്ടാകുമായിരുന്നു.

ദയവായി ശ്രദ്ധിക്കുക. ഞാൻ ഇവിടെ “ശദ്രക്, മേശക്, അബേദ്നെഗോ” എന്നിവരെക്കുറിച്ചുള്ള പരാമർശം മാത്രമേ മനഃപൂർവ്വം നടത്തിയിട്ടുള്ളൂ, ദാനിയേലിനെക്കുറിച്ച് പ്രസ്താവിച്ചിട്ടില്ല. കാരണം ദാനിയേലിന്‍റെ കാര്യത്തിൽ, രാജാവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന് കല്പനയുണ്ട് (ദാനിയേൽ 6:7). നാം സംസാരിക്കുന്ന ദുരുപദേഷ്ടാവ് വചനത്തെ വളച്ചൊടിക്കുന്നതിലും, സത്യം മറച്ചുവച്ച് തെറ്റിദ്ധരിപ്പിക്കുന്നതിലും വിദഗ്ദ്ധനായതിനാൽ, ഞാന്‍ ആ സന്ദർഭം ചൂണ്ടിക്കാണിച്ചാൽ, ദാനിയേൽ സിംഹത്തിന്‍റെ ഗുഹയിൽ വീഴാൻ പോലും തയ്യാറായത് മറ്റൊരു ദൈവത്തെ ആരാധിക്കുന്ന വിഷയത്തിലല്ല, രാജാവിനെയല്ലാതെ മറ്റൊരു ദൈവത്തെയും നമസ്കരിക്കരുത് എന്ന കൽപ്പന ഉണ്ടായിരുന്നതിനാൽ, യഹോവയെ ആരാധിക്കാതിരിക്കാൻ അവന് കഴിയുമായിരുന്നില്ല എന്നതുകൊണ്ടാണ് അവൻ ഇത്രയും ധൈര്യം കാണിച്ചതെന്ന് എളുപ്പത്തിൽ വാദിക്കാവുന്നതാണ്. പക്ഷേ, “ശദ്രക്, മേശക്, അബേദ്നെഗോ” എന്നിവരുടെ കാര്യത്തിൽ അത്തരമൊരു അവസരം ഇല്ലാത്തതിനാലാണ് ഞാൻ അവരുടെ സംഭവം പരാമർശിച്ചത്.

ആ ദുരുപദേഷ്ടാവ് അവകാശപ്പെടുന്നതുപോലെ, നിർബന്ധിത സാഹചര്യങ്ങളിൽ വിഗ്രഹങ്ങളെ നമസ്കരിക്കുന്നത് പാപമല്ലെങ്കിൽ, എന്തുകൊണ്ടാണ് ആദിമ ക്രിസ്ത്യാനികൾ റോമാക്കാരാൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടത്? അവരുടെ മനസ്സിൽ ഒന്നുമില്ലാത്തതിനാൽ, ഒന്നു കുമ്പിട്ടാൽ മാത്രം മതിയായിരുന്നല്ലോ? മനസ്സിൽ ഒന്നുമില്ലാത്തതിനാൽ വിഗ്രഹങ്ങൾക്ക് നമസ്കരിക്കുന്നത് പാപമല്ല എന്ന വാദം വാസ്തവത്തിൽ വളരെ ഉപയോഗശൂന്യമായ വാദമാണ്. ഇത് എങ്ങനെയാണെന്നു വച്ചാൽ, എന്‍റെ മനസ്സിൽ ഒന്നുമില്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ, ഞാൻ എന്തു ചെയ്താലും പാപമല്ലെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അദ്ദേഹം ആ സിദ്ധാന്തത്തെ സഭയിൽ അടിച്ചേൽപ്പിച്ചു കൊണ്ട്, മക്കളെ പോറ്റാൻ വേണ്ടി ഒരു അമ്മ വ്യഭിചാരം ചെയ്യുന്നത് പാപമല്ലെന്ന് വാദിക്കാനും മടിക്കില്ല. അതിനെക്കുറിച്ച് ഞാൻ ഇതിനോടകം വിശദീകരിച്ചിട്ടുണ്ട്. ഈ ലേഖനം വായിക്കുക.

പത്ത് കൽപ്പനകളുടെ വിശദീകരണം

ഇനി നമുക്ക് എലീശാ നയമാന്‍റെ എനിവരുടെ അടുക്കലേയ്ക്ക് വരാം; അവിടെ നാം മലയാളത്തിലും ഇംഗ്ലീഷിലും വായിക്കുന്ന, “അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല. ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്ന് എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ”, എന്ന് എഴുതപ്പെട്ടത്, നിർബന്ധിത സാഹചര്യത്തിൽ രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്ക്കരിച്ചെങ്കിലും "യഹോവ അടിയനോട് ക്ഷമിക്കുമാറാകട്ടെ", എന്ന് പറഞ്ഞത് താൻ നിർബന്ധിത സാഹചര്യത്തിൽ ചെയ്യാൻ പോകുന്ന വിഗ്രഹാരാധനയ്ക്ക് ഏലീശയോട് അനുവാദം ചോദിക്കുന്നതായി തോന്നുന്നു. എലീശാ ഉടൻ തന്നെ “അവനെ സമാധാനത്തോടെ പറഞ്ഞയച്ചു,” അതായത് എലീശാ നയമാന്‍റെ അപേക്ഷ അനുവദിച്ചു എന്ന് സൂചിപ്പിക്കുന്നു.

പക്ഷേ, ഞാൻ നേരത്തെ വിശദീകരിച്ചതുപോലെ, അത്തരം അനുമതി വചനപ്രകാരമുള്ളതല്ല. മറ്റു തിരുവെഴുത്തുകൾ അതിന് വിരുദ്ധമാണ്. അങ്ങനെയെങ്കിൽ തിരുവെഴുത്തുകളോട്, അതായത് ദൈവകല്പനകളോട് അനുസരണം കാണിക്കുന്ന നമ്മുടെ മുമ്പിൽ രണ്ട് പരിഹാരങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

1. ഈ സംഭവം ദൈവത്തിന്‍റെ കല്പനയായിട്ടല്ല, മറിച്ച് ഒരു ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു. ഉദാഹരണത്തിന്;
ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്… അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്… യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്‍ടിക്കരുത്. കൂട്ടുകാരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്. (പുറപ്പാട് 20:3 -17), ഇവയെല്ലാം ദൈവം തന്നെ പറഞ്ഞ കല്പനകളാണ്. അവിടുന്നു പറഞ്ഞ കല്പനകൾ ആണ് മോശെ ജനത്തെ അറിയിച്ചത്. അവൻ അവ ആലേഖനം ചെയ്തു. ശേഷം പ്രവാചകന്മാരും ദൈവം വെളിപ്പാടുകളിലൂടെയോ ആത്മാവിന്‍റെ നടത്തിപ്പിലൂടെയോ ജനങ്ങൾക്ക് അറിയിച്ച കല്പനകൾ തന്നെയാണ് ജനങ്ങളെ പഠിപ്പിച്ചത്, ആലേഖനം ചെയ്തത്. എന്നാൽ ചരിത്രമായി എഴുതപ്പെട്ടതിൽ, ഭക്തന്മാരുടെ ജീവിതത്തിൽ സംഭവിച്ചത് സംഭവിച്ചതുപോലെ എഴുതപ്പട്ടിരിക്കുന്നു. ഉദാഹരണത്തിന്; ഭക്തയായ സാറാ അബ്രഹാമിനോട് ഹാഗാറിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നു, അബ്രഹാം അതിന് സമ്മതിക്കുന്നു (ഉല്പത്തി 16). അവരുടെ ജീവിതത്തിൽ സംഭവിച്ചതുപോലെ അവിടെ എഴുതപ്പെട്ടിരിക്കുന്നു, എന്നാല്‍ ദൈവം അബ്രഹാമിനോടോ സാറയോടോ അങ്ങനെ ചെയ്യാൻ കൽപ്പിച്ചിട്ടില്ല. ഏറ്റവും ഭക്തരായ ആളുകൾക്ക് പോലും തങ്ങളുടെ ജീവിതത്തിൽ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ദൈവകല്പനകളുടെ വെളിച്ചത്തിൽ അവർ ചെയ്തത് ശരിയോ തെറ്റോ എന്ന് നാം തീരുമാനിക്കണം, മറിച്ച് “ദൈവകല്പനകൾക്ക് വിരുദ്ധമാണെങ്കിൽ പോലും അവർ അത് ചെയ്തതിനാൽ ഞങ്ങളും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞുകൊണ്ട് അതിനെ ഒരു മാനദണ്ഡമായി എടുക്കരുത്.

അതുകൊണ്ടാണ്, “നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്‍റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്‍റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു” (സങ്കീർത്തനങ്ങൾ 119:4-5). “ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്‍റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ” (സങ്കീർത്തനങ്ങൾ 119:19). “നിന്‍റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു” (സങ്കീർത്തനങ്ങൾ 119:21). “മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ നിന്‍റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്‍റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു. എന്‍റെ നടപ്പ് നിന്‍റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്‍റെ കാൽ വഴുതിയതുമില്ല” (സങ്കീർത്തനങ്ങൾ 17:4-5). “നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും…” (സദൃശവാക്യങ്ങൾ 3:6). ഇതുപോലുള്ള വചനങ്ങള്‍ തിരുവെഴുത്തുകളിൽ പലയിടത്തും എഴുതപ്പെട്ടിട്ടുണ്ട്. അതുപോലെ നമ്മുടെ ഉപദേശത്തിന്‍റെ വിഷയത്തിൽ, “ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല” (യെശയ്യാവ് 8:20) , എന്ന് എഴുതപ്പെട്ടു.

ഈ വിധത്തിൽ ചിന്തിക്കുമ്പോൾ, വിഗ്രഹാരാധനയുടെ കാര്യത്തിൽ ഏലീശ നയമാന് നൽകിയ അനുമതി, “അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു” എന്ന ദൈവത്തിന്‍റെ കല്പനയ്ക്ക് എതിരാണ്, അതിനാൽ എലീശാ അവിടെ തെറ്റ് ചെയ്തുവെന്ന് വേണം കരുതാന്‍ (വാസ്തവത്തിൽ, എലീശാ അങ്ങനെ ചെയ്തില്ല, ഞാൻ താഴെ വിശദീകരിക്കാം). അങ്ങനെ ചിന്തിച്ച് നാം ദൈവകല്പനകൾ അനുസരിച്ചു മാത്രമേ പഠിപ്പിക്കാവൂ, ദൈവകല്പനകൾക്ക് വിരുദ്ധമായി ചില ചരിത്രസംഭവങ്ങൾ കാണിച്ചുകൊടുത്ത് വിശ്വാസികളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കരുത്. എന്നാൽ ആ വ്യാജ ഉപദേഷ്ടാവും അവനെപ്പോലുള്ള പിശാചിന്‍റെ സേവകരും ദൈവകല്പനകളെ മാറ്റിവെച്ചു കൊണ്ട് അവരുടെ ദുരുപദേശത്തിന് അനുയോജ്യമായ സന്ദർഭങ്ങൾ അന്വേഷിക്കുന്നു. കാരണം ദൈവകല്പനകൾ പാപത്തെ കുറ്റം വിധിക്കുന്നു. അവ പാപത്തിന് ഒരു ഒഴികഴിവും നൽകുന്നില്ല.

അതുകൊണ്ട്, പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു; പാപം അധർമം തന്നെ” (1 യോഹന്നാൻ 3:4). “അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ” (യോഹന്നാൻ 3:18-19), എന്ന് എഴുതപ്പെട്ടു. അങ്ങനെയെങ്കിൽ, പാപത്തെ ഉപേക്ഷിക്കാൻ കഴിയാത്ത ജനത്തെ ആകർഷിക്കാൻ, വചനത്തെ വളച്ചൊടിക്കുന്നതിലൂടെ, പാപത്തിന്‍റെ കാര്യത്തിൽ ഒഴികഴിവ് നൽകുന്നത് ആ വ്യാജ ഉപദേഷ്ടാക്കൾക്ക് ഒരു നല്ല മാർഗ്ഗമാണ്. അത്തരം പാപികൾക്ക് വേണ്ടി, അവരെ അനുകൂലിക്കുന്ന ഇത്തരത്തിലുള്ള ഉപദേഷ്ടാക്കൾക്കു വേണ്ടിയാണ് പൗലൊസ് തിമൊഥെയൊസിനെ, “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക. അവർ പഥ്യോപദേശം പൊറുക്കാതെ കർണരസമാകുമാറു സ്വന്തമോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും” (2 തിമൊഥെയൊസ് 4:2-4), എന്ന് പ്രബോധിപ്പിച്ചത്. അതിന്‍റെ ഫലമായി പരിജ്ഞാനം ഇല്ലാത്ത യഥാർത്ഥ വിശ്വാസികൾ പോലും വഞ്ചിക്കപ്പെടുന്നു, അതുകൊണ്ടാണ് ഈ ആശങ്ക.

ദയവായി ശ്രദ്ധിക്കുക, ഞാൻ ഇവിടെ ദൈവത്തിന്‍റെ കല്പനകളേയും ചരിത്രത്തേയും പ്രത്യേകമായി പ്രസ്താവിച്ചതിനാൽ, ദൈവത്തിന്‍റെ കല്പനകൾ മാത്രമാണ് തിരുവെഴുത്തുകൾ എന്നും, ചരിത്രപരമായ കാര്യങ്ങൾ തിരുവെഴുത്തുകളല്ലെന്നും ദയവായി തെറ്റിദ്ധരിക്കരുത്. നമ്മുടെ കൈയിലുള്ള 66 പുസ്തകങ്ങളും തിരുവെഴുത്തുകളാണ്. അതായത്, അവ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ എഴുതപ്പെട്ട വാക്കുകളാണ് (ലൂക്കോസ് 24:44,45, 2 പത്രോസ് 1:20,21, 2 തിമോത്തി 3:16,17). ഉദാഹരണത്തിന്, ഉല്‍പ്പത്തി പുസ്തകത്തില്‍ നടന്ന ചരിത്രം മോശെ ഇത്ര വ്യക്തമായി എങ്ങനെയാണ് അറിഞ്ഞത്? ആത്മ പ്രേരണയാൽ ആണ് അദ്ദേഹം അത് എഴുതിയത്. എന്നാൽ മൂന്നാം അധ്യായത്തിൽ സാത്താൻ ഹവ്വായോട് പറഞ്ഞ വാക്കുകളും ഉൾപ്പെട്ടിരിക്കുന്നു. സാത്താൻ അങ്ങനെ പറഞ്ഞതായി മോശെ എങ്ങനെയാണ് അറിഞ്ഞത്? അതുപോലെ ഇയ്യോബിന്‍റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അവന് എങ്ങനെ അറിയാം? ആത്മാവിന്‍റെ പ്രേരണയാൽ ആണ് അത് എഴുതപ്പെട്ടത്. അങ്ങനെ, മുഴുവൻ ബൈബിളും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താൽ എഴുതപ്പെട്ടു. എന്നാൽ ചരിത്രം നാം വായിക്കുമ്പോൾ, ദൈവകല്പനകളുടെ വെളിച്ചത്തിൽ അത് പരിശോധിക്കുകയും ആ ഭക്തർ ചെയ്തത് ശരിയാണോ അല്ലയോ എന്ന് പരിശോധിച്ചു കൊണ്ട്, ശരിയായ മാതൃക പിന്തുടുകയും വേണം. തെറ്റായ മാതൃകകളെ കുറിച്ച് ജാഗ്രത ഉള്ളവരായിരിക്കണം. അതുകൊണ്ടാണ് ബൈബിൾ ചരിത്രത്തിൽ ഭക്തരുടെ നല്ല പ്രവൃത്തികളും അതുപോലെ തന്നെ തെറ്റായ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടത്. കല്പനകളുടെ വെളിച്ചത്തിൽ നാം നന്മയെ പിന്തുടരുകയും തിന്മയെ വർജ്ജിക്കുകയും വേണം. അവരെപ്പോലെ നാമും വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഈ വാക്യഭാഗങ്ങൾ നോക്കിയാലും.
യാക്കോബ് 5:10-11 സഹോദരന്മാരേ, കർത്താവിന്‍റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്‍റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.

1 കൊരിന്ത്യർ 10:1-12 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു- എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനു തന്നെ. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ പരസംഗം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

റോമർ 15:4 എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു.

യാക്കോബ് 2:20-26 “വ്യർഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്‍റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.
2. വാസ്തവത്തിൽ ഏലീശ ഒരു നല്ല പ്രവാചകൻ ആയിരുന്നു. ദൈവകല്‍പ്പനകള്‍ക്ക് വിരുദ്ധമായി വിഗ്രഹാരാധനയെ ഒരിക്കലും അനുവദിക്കുന്ന ഒരു പ്രവാചകനായിരുന്നില്ല താന്‍. അദ്ദേഹം ഒരു നല്ല പ്രവാചകൻ ആയിരുന്നതിനാലാണ് മറ്റൊരു പ്രവാചകന്‍റെയും ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത അത്ഭുതം അദ്ദേഹത്തിന്‍റെ കാര്യത്തിൽ സംഭവിച്ചത് (2 രാജാക്കന്മാർ 13:20,21). അങ്ങനെയെങ്കിൽ, അദ്ദേഹം പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്ന വാക്യഭാഗം നമ്മുടെ ബൈബിളിൽ ശരിയായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ അതോ പകർപ്പുകളിൽ തെറ്റുണ്ടോ എന്ന് നാം പരിശോധിക്കണം. നമുക്ക് അത്ര കഴിവില്ലാത്തപ്പോൾ, അത്തരം കഴിവുള്ള ചില ബൈബിൾ പണ്ഡിതരുടെ എഴുത്തുകളെ അടിസ്ഥാനമാക്കി അവയെ വ്യാഖ്യാനിക്കണം. കാരണം, ഇന്ന് നാം വായിക്കുന്ന ബൈബിള്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താൽ എഴുത്തുകാർ എഴുതിയ തിരുവെഴുത്തുകളുടെ പകർപ്പുകളെ അടിസ്ഥാനമാക്കിയുള്ള വിവർത്തനങ്ങൾ മാത്രമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ആ മൂലകൃതികൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകർത്തപ്പെടുന്നതിനാൽ, സംഖ്യാപരമായോ, അക്ഷരത്തിന്‍റെ കാര്യത്തിലോ തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണ്. കാരണം ആ പകർപ്പുകൾ എഴുതിയത് നമ്മെപ്പോലുള്ള സാധാരണ മനുഷ്യരാണ്. ഇതിനെക്കുറിച്ച് ഞാൻ ഇതിനോടകം ഒരു ലേഖനം എഴുതിയിട്ടുണ്ട്, ദയവായി അത് വായിക്കുക.

യിസ്രായേൽ മക്കൾ മിസ്രയീമിൽ എത്ര കാലം ജീവിച്ചു?

ഈ രീതിയിൽ ആലോചിക്കുമ്പോൾ, "ഡി റോസി" (De Rossi) 2 രാജാക്കന്മാർ 5:19-ലെ എലീശയുടെ വാക്കുകളുടെ പകർപ്പുകളിൽ ഒരു തെറ്റ് തിരിച്ചറിയുകയുണ്ടായി. “ആദം ക്ലാർക്ക്” (Adam Clark) തന്‍റെ വ്യാഖ്യാനത്തിൽ പരാമർശിച്ച “ഡി റോസി” യുടെ വിശദീകരണം ഞാൻ അതേപടി ഇവിടെ നൽകുന്നു. അത് വായിക്കുക.
“Verse 2 Kings 5:19. And he said unto him — There is a most singular and important reading in one of De Rossi’s MSS., which he numbers 191. It has in the margin לא ק that is, “read לא lo, not, instead of לו lo, to him.” Now this reading supposes that Naaman did ask permission from the prophet to worship in Rimmon’s temple; to which the prophet answers, No; go in peace: that is, maintain thy holy resolutions, be a consistent worshipper of the true God, and avoid all idolatrous practices. Another MS., No. 383, appears first to have written לו to him, but to have corrected it immediately by inserting an א aleph after the ו vau; and thus, instead of making it לא no, it has made it לוא lu, which is no word”

ഇതിന്‍റെ അടിസ്ഥാനത്തിൽ നയമാൻ എലീശയോട്, “എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്ന് എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ” എന്ന് പറഞ്ഞപ്പോൾ, എലീശാ ഉടനെ അവനോട് “സമാധാനത്തോടെ പോക” എന്ന് പറഞ്ഞില്ല. ആദ്യം, "അരുത്" എന്ന് പറഞ്ഞിട്ട്, "ഞാൻ ഇനി യഹോവയ്ക്കല്ലാതെ മറ്റു ദൈവങ്ങൾക്ക് ഹോമയാഗങ്ങളോ യാഗങ്ങളോ അർപ്പിക്കുകയില്ല" (2 രാജാക്കന്മാർ 5:17), എന്ന് തീരുമാനിച്ചതിൽ ഉറച്ചുനില്ക്കാൻ പറഞ്ഞതിനു ശേഷം അവനോടു "സമാധാനത്തോടെ പോക" എന്ന് പറഞ്ഞു. പകർപ്പുകളിൽ ആലേഫ് (Aleph) എന്ന അക്ഷരത്തിന്‍റെ കാര്യത്തിൽ തെറ്റു സംഭവിച്ചതു കൊണ്ട് ആ രീതിയിൽ വിവർത്തനം ചെയ്യപ്പെടുകയും നമ്മുടെ ബൈബിളിൽ “അരുത്” എന്ന വാക്ക് വിട്ടുകളയുകയും ചെയ്തു. ദൈവകല്പനകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, “ഡി റോസി” യുടെ ഈ വിശദീകരണം സത്യമാണെന്നും എലീശാ അങ്ങനെ തന്നെയാണ് സംസാരിച്ചതെന്നും പറയുന്നതിൽ നമുക്ക് സംശയമില്ല.

“ആഡം ക്ലാർക്ക്" ( Adam Clark) തന്‍റെ വ്യാഖ്യാനത്തിൽ "ഡോ. ലൈറ്റ്ഫൂട്ട്" (Dr.Light Foot), നയമാന്‍റെ വാക്കുകൾക്ക് ചെയ്ത വിവർത്തനത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതനുസരിച്ച്, ഭാവിയിൽ ചെയ്യാൻ പോകുന്ന വിഗ്രഹാരാധനയ്ക്കുള്ള അനുവാദമായി ആ വാക്കുകളെ നയമാൻ പ്രസ്താവിച്ചില്ല. താൻ മുമ്പ് ചെയ്തതിന് അദ്ദേഹം ക്ഷമ ചോദിക്കുകയായിരുന്നു. പക്ഷേ അത് എനിക്ക് സ്വീകാര്യമായി തോന്നിയില്ല, അതിനാൽ ഞാൻ “ഡോ. ലൈറ്റ്ഫൂട്ട്” വിവർത്തനം ഒഴിവാക്കി.

ശ്രദ്ധിച്ചാലും. ബൈബിളിൽ നിന്ന് ഏതെങ്കിലും ഒരു സിദ്ധാന്തം തയ്യാറാക്കണമെങ്കിൽ, ഞാൻ വിശദീകരിച്ച നിയമങ്ങൾ പാലിച്ചു വേണം ചെയ്യാൻ. പക്ഷേ ഈ ദുരുപദേഷ്ടാവിനും അയാളെപ്പോലുള്ള മറ്റു ദുരുപദേഷ്ടാക്കൾക്കും ഇതൊന്നും ആവശ്യമില്ല. അവർക്ക് അവരുടെ മനസ്സിലെ തിന്മയ്ക്ക് അനുകൂലമായിട്ടുള്ള ഒരു സന്ദർഭം കാണാൻ കഴിഞ്ഞാൽ മാത്രം മതിയാകും. ഉടനെ തന്നെ വലിയ ജ്ഞാനികൾ എന്ന പോലെ അറിവിന്‍റെ പ്രദർശനങ്ങൾ നടത്തി കൊണ്ടിരിക്കും. വാദത്തിനുവേണ്ടി, ഞാൻ ഇതുവരെ പറഞ്ഞതെല്ലാം മാറ്റിവെച്ച്, സന്ദർഭം വിഗ്രഹാരാധനയെ പിന്തുണയ്ക്കുന്നുവെന്ന് തന്നെ കരുതാം. “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം” (റോമർ 15:2). എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിർബന്ധിത സാഹചര്യങ്ങളിൽ വിഗ്രഹാരാധന പാപമല്ലെന്ന് പറയുന്നതു കൊണ്ട് സഭയ്ക്ക് ആത്മീയ വർദ്ധന ഉളവാകുന്നുണ്ടോ? അതോ ബലഹീനരായവരുടെ മനസ്സ് ദുഷിക്കപ്പെടാനുള്ള സാധ്യതയുണ്ടോ? പൗലോസ് തന്‍റെ ജ്ഞാനത്താൽ, “അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു” (കൊലൊസ്സ്യർ 1:28), എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ, “ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്നെ കുഞ്ഞുങ്ങളേ…” (ഗലാത്യർ 4:19) എന്ന് സഭയുടെ വിശുദ്ധിയുടെ കാര്യത്തിൽ പ്രയാസപ്പെടുമ്പോൾ, ആ പൗലോസിനോട് താരതമ്യപ്പെടുത്തുന്ന ഈ ദുരുപദേഷ്ടാക്കൾ, പിശാചിന്‍റെ തന്ത്രങ്ങൾ ഉപയോഗിച്ച് സഭയെ ലോകത്തിലേയ്ക്കും പാപത്തിലേയ്ക്കും തിരിച്ചുവിടാൻ എല്ലാവിധത്തിലും ശ്രമിക്കുകയാണ് ചെയ്യുന്നത്.

“എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇങ്ങനെയുള്ളവർ കള്ളഅപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്‍റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും” (2 കൊരിന്ത്യർ 11:3,13-15).

സഭയേ, ഇത്തരം ആളുകളുടെ കാര്യത്തിൽ സൂക്ഷിക്കുക. അത്തരം ആളുകൾ വരുമെന്ന് പൗലോസും മറ്റ് അപ്പൊസ്തലന്മാരും മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു (പ്രവൃത്തികൾ 20:29,30, തീത്തൊസ് 1:11, റോമർ 16:17,18, 2 പത്രോസ് 2:1,12,15-19, ഫിലിപ്പിയർ 3:18,19).

വാസ്തവത്തിൽ, ഈ ദുരുപദേഷ്ടാവ് വിഗ്രഹാരാധനയെ അനുകൂലിച്ച് ഇപ്പോഴല്ല മുൻകാലങ്ങളിലും നിരവധി ഉപദേശങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്; വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കാം, ക്രൈസ്തവരായ സ്ത്രീകൾ പൊട്ട് തൊട്ടാലും കുഴപ്പമില്ല തുടങ്ങിയവ. അതിനെയെല്ലാം താൻ മുഴുവൻ തിരുവെഴുത്തുകളും പരിശോധിക്കാതെ, ചില ഭാഗങ്ങൾ വളച്ചൊടിച്ചുകൊണ്ടും, ചിലതിനെ സന്ദർഭവുമായി ബന്ധമില്ലാതെ കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ടാണ് പഠിപ്പിക്കുന്നത്. ഇപ്പോൾ അവ നമ്മുടെ വിഷയമല്ലാത്തതിനാൽ, അവയെ വിശദീകരിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട്, ഈ വിഗ്രഹാര്‍പ്പിതങ്ങളെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കൂ.
“എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്” (വെളിപ്പാട് 2:14).

“എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്‍റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്” (വെളിപ്പാട് 2:20).

ഈ വേദഭാഗങ്ങൾ അനുസരിച്ച്, വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കൾ ഭക്ഷിക്കുന്നത് അനുവദനീയമാണെന്ന് പഠിപ്പിക്കുന്നത് ഈസബെലിന്‍റെ ആൾക്കാരും ബിലെയാമിന്‍റെ ശിഷ്യന്മാരുമാണ്. ഈ വിഗ്രഹാര്‍പ്പിതത്തെക്കുറിച്ചുള്ള തന്‍റെ വാദം പൗലോസ് സൗമ്യമായി ആരംഭിക്കുകയും, ഒടുവിൽ അവ ഭക്ഷിക്കരുതെന്ന് കൃത്യമായി തന്നെ പഠിപ്പിക്കുകയും ചെയ്തു.
1 കൊരിന്ത്യർ 10:19-22 “ഞാൻ പറയുന്നത് എന്ത്? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്‍റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിനു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?

പൊട്ടിന്‍റെ കാര്യത്തിലേയ്ക്ക് വന്നാല്‍, ഈ ദുരുപദേഷ്ടാവ് പൊട്ട് ഉപയോഗിക്കരുതെന്ന്‍ ബൈബിളില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന കുതര്‍ക്കം ഉപയോഗിക്കുന്നു. ബൈബിളുമായി ബന്ധപ്പെട്ട സംസ്കാരത്തിൽ പൊട്ട് ഇല്ലാതിരുന്നപ്പോൾ, അതിനെക്കുറിച്ച് പ്രത്യേകമായി എങ്ങനെയാണ് എഴുതുക? അതുകൊണ്ടാണ് അതിനെ കുതർക്കം എന്ന് വിളിക്കുന്നത്. അങ്ങനെയെങ്കിൽ, സിഗരറ്റ് വലിക്കുന്ന വ്യക്തിയും അതേ യുക്തി ഉപയോഗിച്ച് സ്വയം ന്യായീകരിക്കും. പക്ഷേ, ഏതു ഹിന്ദു പണ്ഡിതനോട് ചോദിച്ചാലും, ഒരു പൊട്ടിന് പിന്നിലെ മതപരമായ ഉദ്ദേശ്യം എന്താണെന്ന് അദ്ദേഹം നിങ്ങളോട് പറയും. “വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വർജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു” (അപ്പൊ. പ്രവൃത്തികൾ 15:20), എന്ന് എഴുതിയിരിക്കുന്നതുകൊണ്ട് വിഗ്രഹാരാധനയോട് ബന്ധമുള്ള പൊട്ടിനോട് ക്രൈസ്തവരായ സ്ത്രീകൾക്ക് എന്ത് ബന്ധമാണുള്ളത്? മാത്രമല്ല, ഇവർ ക്രിസ്ത്യൻ സ്ത്രീകളല്ല, ഹിന്ദു സ്ത്രീകളാണെന്ന് പറയപ്പെടുന്നതിനുള്ള അടിസ്ഥാനമായി ഈ പൊട്ട് മാറുന്നു. അതുകൊണ്ടാണ് അത് നിഷിദ്ധമാണെന്ന് നാം പറയുന്നത്. അവരുടെ ഭർത്താക്കന്മാർ അത് അംഗീകരിക്കുന്നില്ലെങ്കിൽ, ആ ഭർത്താക്കന്മാര്‍ ക്രിസ്തുവിനെയും അംഗീകരിക്കുന്നില്ല, അങ്ങനെയെങ്കിൽ ആ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമോ? ഈ ദുരുപദേഷ്ടാവ് അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്, ഉണരുക.

ആ ദുരുപദേഷ്ടാവിന് ഒരു നിർദ്ദേശം: “ഉപദേശകന്മാർക്ക് ഇതിലും കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് നിങ്ങൾക്ക് മനസ്സിലാക്കുന്നില്ലേ?”എന്ന് പ്രസംഗങ്ങളിൽ ഭ്രാന്തമായി അലറുകയോ പാട്ടുകളിൽ പൊട്ടിതെറിക്കുന്നതൊ അല്ല ഇത്.ആ കഠിനമായ ന്യായവിധിയിൽ ഇത്തരം ഉപയോഗശൂന്യമായ ഉപദേശങ്ങൾ നടത്തുന്ന നിങ്ങൾ ആണ് മുമ്പിലുള്ളതെന്ന് മനസ്സിലാക്കി, ഇപ്പോഴെങ്കിലും നിങ്ങളെ ബാധിച്ചിരിക്കുന്ന പിശാചിനെ കുടഞ്ഞുകളയാൻ ശ്രമിക്കുക. മനുഷ്യരുടെ അംഗീകാരമല്ല, ദൈവത്തിന്‍റെ അംഗീകാരത്തിനായി പ്രയാസപ്പെടത്തക്കവണ്ണം വചനം പ്രകാരമുള്ള ഒരു ഉപദേഷ്ടാവിന്‍റെ കീഴിൽ പരിശീലനം നേടുകയാണ് വേണ്ടത്. ആദ്യം, കർത്താവിനെ ആത്മാർത്ഥമായി ആശ്രയിക്കുക. ആ പ്രതീക്ഷയോടെയാണ്, മറ്റുള്ളവരുടെ കാര്യത്തിൽ നിങ്ങൾ ആവർത്തിച്ച് പരാമർശിക്കുന്ന തിരുവെഴുത്ത് ഞാൻ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്, ഒരുതവണ നിങ്ങള്‍ക്കുവേണ്ടി തന്നെ നിങ്ങള്‍ അത് വായിച്ചാലും.

“സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്” (യാക്കോബ് 3:1).“ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? “(റോമർ 2:21).

അവസാനമായി; എന്നെ ഫോണിൽ വിളിച്ച സഹോദരൻ എന്നോട്, തന്നെ അനുഗമിക്കുന്ന അവന്‍റെ അനുയായികളുടെ അവസ്ഥ എന്തായിരിക്കുമെന്നും, അദ്ദേഹത്തിന്‍റെ ഭയങ്കരമായ പഠിപ്പിക്കലുകൾക്കിടയിലും അവർ എങ്ങനെയാണ് അദ്ദേഹത്തെ ഇത്രയധികം പിന്തുണയ്ക്കുന്നതെന്നും ചോദിച്ചു. ഇതിൽ അത്ഭുതപ്പെടാൻ എന്താണ് ഉള്ളത്? “അവർ ലൗകികന്മാർ ആകയാൽ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു” (1 യോഹന്നാൻ 4:5). അവർക്ക് തങ്ങളുടെ ദുർമോഹങ്ങൾക്കും പാപങ്ങൾക്കും അനുകൂലമായി പഠിപ്പിക്കുന്ന ഉപദേഷ്ടാവിനെയാണ് വേണ്ടത്, ഇദ്ദേഹത്തിലും ഇദ്ദേഹത്തെ പോലുള്ള ചില ഉപദേഷ്ടാക്കളിലും ആ ഗുണങ്ങൾ ധാരാളമുള്ളതിനാൽ അവർ അങ്ങനെയുള്ളവരെ മാത്രമേ പിന്തുടരുകയുള്ളൂ. “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു” (2 തിമൊഥെയൊസ് 3:7) എന്നല്ലേ പൗലോസ് തിമോത്തിയോസിനോട് പറയുന്നത്. വാസ്തവത്തിൽ, അവരുടെ കൂട്ടത്തിൽ രക്ഷിക്കപ്പെട്ടവർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അവർ അതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു, പുറത്തേക്ക് വരുമായിരുന്നു. “അവന്‍റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും” (യോഹന്നാൻ 7:17), എന്ന കർത്താവായ യേശുക്രിസ്തുവിന്‍റെ വാക്കുകൾ അനുസരിച്ച്, അവന്‍റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ, അവൻ കേൾക്കുന്ന ഉപദേശങ്ങളെ വചനത്തിന്‍റെ വെളിച്ചത്തിൽ പരിശോധിക്കും. വചനത്തിന്‍റെ വെളിച്ചത്തിൽ, എന്നു പറഞ്ഞാൽ, തങ്ങളുടെ പ്രിയപ്പെട്ട ഉപദേശകൻ തന്‍റെ പഠിപ്പിക്കലിനെ അനുകൂലിച്ച് ചൂണ്ടിക്കാണിക്കുന്ന വാക്യഭാഗങ്ങളുടെ വെളിച്ചത്തിൽ അല്ല, മുഴുവൻ തിരുവെഴുത്തുകളുടെയും വെളിച്ചത്തിൽ അവർ ആ വാക്യഭാഗങ്ങൾ മനസ്സിലാക്കുന്നു (1 കൊരിന്ത്യർ 2:13). അതുപോലെ, ആ വാക്യഭാഗങ്ങളുടെ അർത്ഥം ആ ഉപദേശകൻ പറഞ്ഞതാണ് സത്യമെന്ന് കരുതാതെ, മറ്റ് ബൈബിൾ പണ്ഡിതന്മാർ ആ ഭാഗങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് പരിശോധിക്കുകയും തുടർന്ന് ആ പഠിപ്പിക്കലിനെക്കുറിച്ച് ശരിയായ തീരുമാനം എടുക്കുകയും ചെയ്യുന്നു. ഇതെല്ലാം "അവന്‍റെ ഇഷ്ടപ്രകാരം ചെയ്യാൻ നിശ്ചയിച്ചവർ" ചെയ്യുന്ന കാര്യങ്ങളാണ്. ആ ഉദ്ദേശം ഇല്ലാത്തവർക്ക് ഈ പരിശോധന ആവശ്യമില്ല. അവരുടെ അത്യാഗ്രഹത്തിന് അനുയോജ്യമായ ആ പ്രസംഗകന്‍റെ വാക്കുകളും മുറവിളികളും മാത്രമാണ് അവർക്ക് സത്യം. അവർക്ക് സ്വർഗ്ഗം നൽകുന്നത് യേശുക്രിസ്തുവല്ല. ആ ദുരുപദേഷ്ടാവാണ്. അത്തരം ആളുകളുടെ വിഷയത്തിൽ, “അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു “ (2 തെസ്സലൊനീക്യർ 2:9-12) എന്ന വാക്കുകൾ ഓർത്തു കൊണ്ട്, നിശബ്ദമായിരിക്കകയാണ് വേണ്ടത്. ഞാൻ ഈ ലേഖനം എഴുതുന്നത് അത്തരം ഗ്രൂപ്പുകൾക്കോ, വെള്ളത്തിലെ തവളകൾക്കോ വേണ്ടിയല്ല. സഭയിലെ ബലഹീനരാവർക്ക് വേണ്ടി മാത്രമാണ്.

അവരോടുള്ള അഭ്യർത്ഥന: അടിയന്തര സാഹചര്യങ്ങളിലോ അല്ലെങ്കിൽ നമുക്ക് ഗുണം ചെയ്യുമെന്ന് തോന്നുമ്പോഴോ നമുക്ക് എന്തും ചെയ്യാൻ കഴിയുമെന്ന തെറ്റായ പഠിപ്പിക്കൽ എത്രത്തോളം അപകടകരമാണെന്ന് കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ അത്തരം മറ്റേത് പഠിപ്പിക്കലുകൾ സഭയിൽ കടന്നുവന്നാലും അവയെക്കുറിച്ച് ജാഗ്രത പാലിക്കുക. അതുകൊണ്ടാണ് പൗലോസ്, “ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്നു ഞങ്ങൾ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ” (2 തെസ്സലൊനീക്യർ 2:15), എന്ന് കല്പിച്ചത്.

1 യോഹന്നാൻ 4:6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്‍റെ ആത്മാവ് ഏത് എന്നും വഞ്ചനയുടെ ആത്മാവ് ഏത് എന്നും നമുക്ക് ഇതിനാൽ അറിയാം.

വായനക്കാരോടുള്ള അഭ്യർത്ഥന: നിങ്ങൾക്ക് ഏതെങ്കിലും വാക്യ ഭാഗത്തെക്കുറിച്ച് ഇതുപോലുള്ള ആരോപണങ്ങളോ വ്യക്തിപരമായ സംശയങ്ങളോ ഉണ്ടാകുകയാണെങ്കിൽ, ദയവായി ഞങ്ങളുടെ ബൈബിൾ വ്യാഖ്യാനങ്ങൾ പരിശോധിക്കുക. ഞങ്ങളുടെ കാഴ്ചപ്പാടനുസരിച്ച്, കഴിയുന്നിടത്തോളം, ഞങ്ങളുടെ കഴിവിന്‍റെ പരമാവധി, ഓരോ ആരോപണത്തിനും സംശയത്തിനും അതിനെക്കുറിച്ചുള്ള വാക്യഭാഗത്തിന്‍റെ അടിസ്ഥാനത്തിൽ ഉത്തരം നൽകുന്നതാണ്.