Hits: 10
Print
രചയിതാവ്.: ഡി. യശ്വന്ത് കുമാര്‍
വിവർത്തനം: ഷിബു ബാബു &ഷൈനി

വേദങ്ങളിലെ 33 ദേവന്മാരിൽ ഒരാളായ പ്രജാപതി യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ലെന്ന് ചിലർ പഠിപ്പിക്കുന്നു. പ്രജാപതി ദൈവപുത്രനായ യേശുവാണെന്നും എല്ലാ ദേവന്മാരും ചേർന്ന് പ്രജാപതിയെ ബലിയർപ്പിച്ചുവെന്നും സംശയാതീതമായി തെളിയിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ അവനുണ്ടെന്ന് അവർ പറയുന്നു. ഈ ദുരുപദേശം കൂടുതൽ ആഴത്തിൽ പരിശോധിക്കുന്നതിന് മുമ്പ്, ആര്യന്മാരുടെ പുണ്യഗ്രന്ഥങ്ങള്‍ പരിചയപ്പെടേണ്ടത് ആവശ്യമാണ്.

ആര്യന്മാരുടെ പുണ്യഗ്രന്ഥങ്ങൾ

ഋഗ്വേദം:

ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്മാർ ഇന്ത്യയിലെ തദ്ദേശവാസികളായ ദ്രാവിഡരെ പരാജയപ്പെടുത്താൻ ആഗ്രഹിച്ചു. ആ വിഷയത്തിൽ തങ്ങളെ സഹായിക്കാൻ തങ്ങളുടെ ദൈവങ്ങളോട് അപേക്ഷിക്കാൻ വേണ്ടി അവർ ചില ശ്ലോകങ്ങൾ സൃഷ്ടിച്ചു. നിലവിലുള്ള ഋഗ്വേദത്തിലെ മിക്കവാറും എല്ലാ ശ്ലോകങ്ങളും ഇന്ദ്രൻ, അഗ്നി, പൂഷൻ (പുഷൻ), വരുണൻ തുടങ്ങിയ ദേവന്മാരെ കീർത്തിക്കുന്ന ശ്ലോകങ്ങളാണ്. ക്രിസ്ത്യാനികളായ നമുക്ക് ഇവയുമായി യാതൊരു ബന്ധവുമില്ല.

യജുർവേദം:

ദേവന്മാർക്ക് യാഗങ്ങൾ അർപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. തങ്ങൾ അർപ്പിക്കുന്ന ബലി ദേവന്മാർ ഭക്ഷിക്കുമെന്നും, അഗ്നി ദേവൻ ആ ഭക്ഷണം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമെന്നുമാണ് ആര്യന്മാർ കരുതിയിരുന്നത്.

സാമവേദം:

ഈ പുസ്തകത്തിൽ ഭൂരിഭാഗവും ഋഗ്വേദത്തിൽ നിന്ന് എടുത്തിട്ടുള്ള ശ്ലോകങ്ങളാണ് ഉള്ളത്. മറ്റ് വേദങ്ങളിൽ ഇല്ലാത്തതും ഇതിൽ മാത്രം ഉള്ളതുമായ ശ്ലോകങ്ങൾ വളരെ കുറച്ചു മാത്രമേയുള്ളൂ.

അഥർവ്വവേദം:

മറ്റ് പുരാതന ജാതികളെപ്പോലെ, ആര്യന്മാരും മന്ത്രങ്ങൾ പോലുള്ള കാര്യങ്ങളിൽ കൂടുതല്‍ വിശ്വസിച്ചിരുന്നു. അഥർവ്വവേദത്തിൽ അങ്ങനെയുള്ള കാര്യങ്ങൾ ആണ് ഉള്ളത്. മന്ത്രങ്ങൾക്കും ശാപവാക്കുകള്‍ക്കും ഇന്നും ഈ വേദം തന്നെയാണ് ഉപയോഗിക്കുന്നത്.

ബ്രാഹ്മണങ്ങൾ:

ഓരോ വേദത്തിനും വ്യാഖ്യാനമുണ്ട്. ആ വ്യാഖ്യാനത്തെ ബ്രാഹ്മണങ്ങൾ എന്നാണ് വിളിക്കുന്നത്. പ്രജാപതി എന്നറിയപ്പെടുന്ന വിഭാഗത്തിന്‍റെ പ്രധാന പഠിപ്പിക്കലുകളിൽ ചിലത് ഈ ബ്രാഹ്മണങ്ങളിൽ നിന്നാണ് എടുത്തിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ടത് ഐതരേയ ബ്രാഹ്മണവും ശതപഥ ബ്രാഹ്മണവുമാണ്.

അരണ്യകങ്ങള്‍:

‘അരണ്യം’ എന്ന സംസ്കൃത പദത്തിന്‍റെ അർത്ഥം ‘വനം’ എന്നാണ്. കാട്ടിൽ ആയിരിക്കുമ്പോൾ മാത്രം ചൊല്ലേണ്ട ശക്തമായ മന്ത്രങ്ങളാണ് അരണ്യകങ്ങൾ. മനുഷ്യവാസമുള്ള ഒരു പ്രദേശത്ത് അവ ജപിച്ചാൽ, രാക്ഷസന്മാർ നാശം വിതയ്ക്കും.

ഉപനിഷത്തുകൾ:

കണ്ടെത്തിയ ഉപനിഷത്തുകളുടെ എണ്ണം നൂറിൽ താഴെയാണ്, പക്ഷേ അവ ആയിരങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപനിഷത്തുകളിൽ ദാർശനിക സംഭാഷണങ്ങൾ അടങ്ങിയിരിക്കുന്നു.

മറ്റ് ഗ്രന്ഥങ്ങൾ:

ഈ ഗ്രന്ഥങ്ങൾക്ക് പുറമേ, ഹിന്ദുക്കൾ പുണ്യഗ്രന്ഥങ്ങളായി കരുതുന്ന മറ്റു പല ഗ്രന്ഥങ്ങളും ഉണ്ട്. രാമായണം, മഹാഭാരതം, മഹാഭാരതത്തിന്‍റെ ഭാഗമായ ഗീത, 18 പുരാണങ്ങൾ, 18 ഉപപുരാണങ്ങൾ തുടങ്ങിയവ.

“പ്രജാപതി ക്രിസ്തുവാണ്” എന്ന ദുരുപദേശം ദശാബ്ദങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നു. പണ്ഡിതരെന്ന് വിളിക്കപ്പെടുന്ന ചിലർ അടുത്തിടെ പുരാതന ആര്യദെവമായ പ്രജാപതിയെ തങ്ങളുടെ കർത്താവും രക്ഷിതാവുമായി അംഗീകരിച്ചതോടെ, ഈ ദുരുപദേശം ഒരു അനുബന്ധ വിഭാഗമായി വളർന്നിരിക്കുന്നു. ഈ പണ്ഡിതന്മാർ പറഞ്ഞ നുണകളാൽ സാധാരണക്കാരെത്രയോ പേരാണ് വഞ്ചിക്കപ്പെടുന്നത്.


പ്രജാപതിയിൽ കാണപ്പെടുന്ന താഴെ പറയുന്ന ഗുണങ്ങൾ യേശുക്രിസ്തുവിലും കാണപ്പെടുന്നുവെന്ന് അവർ പറയുന്നു.

വേദങ്ങളിലെ പ്രജാപതിയിൽ കാണുന്ന ചില സ്വഭാവസവിശേഷതകൾ യേശുക്രിസ്തുവിലും കാണപ്പെടുന്നു എന്നതാണ് ഈ അനുബന്ധ വിഭാഗത്തിന്‍റെ പ്രധാന ദുരുപദേശം. പ്രപഞ്ചത്തിന്‍റെ മുഴുവൻ സ്രഷ്ടാവായ ദൈവം, മനുഷ്യരാശിയുടെ രക്ഷയ്‌ക്കായുള്ള ഭാവി പദ്ധതി ആര്യന്മാർക്ക് വെളിപ്പെടുത്തിയെന്ന് അവർ പറയുന്നു. എന്നാൽ ബൈബിൾ പറയുന്നത് അത്തരം ഒരു വെളിപ്പാട് ജാതികളിൽ ആർക്കും നൽകിയിട്ടില്ല എന്നാണ്. ദൈവവചനം യഹൂദന്മാർക്ക് മാത്രമേ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളൂ (സങ്കീർത്തനം 147:19,20, റോമർ 3:1, 2). വാദത്തിനുവേണ്ടി, ദൈവവചനം ആര്യന്മാർക്കാണ് വെളിപ്പെടുത്തിയതെന്ന് പ്രജാപതി ഭക്തരോട് സമ്മതിച്ചാലും, അത് ഈ പ്രശ്‌നത്തെ ഒട്ടുംതന്നെ പരിഹരിക്കുന്നില്ല. കാരണം യേശു ക്രിസ്തുവിലുള്ള ഏതു ഗുണങ്ങളാണോ പ്രജാപതിയിൽ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നത്, അവയെല്ലാം വ്യാജമാണ്.

പ്രജാപതി പാപരഹിതനാണോ?

ദൈവപുത്രനായ യേശുക്രിസ്തു ഒരു പാപവും ചെയ്തിട്ടില്ല. വേദങ്ങളിലെ പ്രജാപതിയും പാപരഹിതനാണെങ്കിൽ, ആ പ്രജാപതി ക്രിസ്തുവാണെന്ന് പറയുന്നതിന് അത് നല്ല തെളിവാകുമായിരുന്നു. അതുകൊണ്ട്, പ്രജാപതിയെ പാപരഹിതനായി ചിത്രീകരിക്കാൻ ഈ അനുബന്ധ വിഭാഗത്തിൽ പെട്ടവർ സർവ്വശക്തിയോടെ ശ്രമിക്കുകയുണ്ടായി. അവർ വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് പ്രജാപതി പാപരഹിതനാണെന്ന് തീരുമാനിക്കുന്നു. എന്നിരുന്നാലും, യാഥാർത്ഥ്യം തികച്ചും വിപരീതമാണ്. ഉദാഹരണത്തിന്, ഐതരേയ ബ്രാഹ്മണം: 3.2.9 കാണുക.

പ്രജാപതി സ്വന്തം മകളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ ഇതറിഞ്ഞ മറ്റ് ദേവന്മാർ എതിർപ്പ് പ്രകടിപ്പിച്ചു. അത്തരമൊരു പാപം ചെയ്യുന്നതിൽ നിന്ന് പ്രജാപതിയെ തടയാൻ മറ്റ് ദേവന്മാർ ശ്രമിച്ചു. പക്ഷേ അവൻ അവരുടെ വാക്ക് കേട്ടില്ല. അതോടെ ദേവന്മാർ കോപാകുലരായി പ്രജാപതിയെ കൊല്ലാൻ ശ്രമിച്ചു, പക്ഷേ അവർക്ക് അതിന് കഴിഞ്ഞില്ല. അതുകൊണ്ട് അവരെല്ലാവരും ഒരുമിച്ച് രുദ്രനെ സൃഷ്ടിച്ചു. ആ രുദ്രൻ പ്രജാപതിയെ കൊല്ലുന്നതിൽ വിജയം സാധിച്ചു.

ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്: സ്വന്തം മകളുമായി അവിഹിത ബന്ധം പുലർത്തിയതിന് ദേവന്മാരാൽ കൊല്ലപ്പെട്ട ഈ പ്രജാപതിയെ യേശുക്രിസ്തുവായി പരിഗണിക്കാൻ സാധിക്കുമോ? അവന്‍റെ മരണത്തിനും നമ്മുടെ കർത്താവിന്‍റെ ത്യാഗത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെ ഒരാൾ ദൈവപുത്രനായ യേശുക്രിസ്തുവാണെന്ന് പ്രചരിപ്പിക്കുന്ന നിലയിലേക്ക് ഒരാൾക്ക് എങ്ങനെയാണ് തരം താഴുവാന്‍ കഴിയുന്നത്‌?

എന്നാൽ നുണകളുടെ പിതാവും വഞ്ചകനുമായ ദുഷ്ടനായവൻ, വേദങ്ങളിൽ ധാരാളം പ്രജാപതികളുണ്ടെന്നും തന്‍റെ മകളുമായി വ്യഭിചാരം ചെയ്തയാൾ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ പുരുഷ പ്രജാപതിയല്ലെന്നും തന്‍റെ അനുയായികളെക്കൊണ്ട് പറയിക്കുന്നു.എന്നാല്‍ ഇതേ ബ്രാഹ്മണത്തിലെ തുടർന്നുള്ള ശ്ലോകങ്ങൾ പരിശോധിച്ചാൽ, മനുഷ്യനെ സൃഷ്ടിച്ച പുരുഷ പ്രജാപതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതിനാൽ, ഈ വാദം അർത്ഥശൂന്യമാണ്. പ്രജാപതിയുടെ ബീജത്തിന്‍റെ അളവ് വളരെ കൂടുതലായതിനാൽ സ്ത്രീക്ക് അതിനെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല എന്നും, അങ്ങനെ താഴെ വീണുപോയ ബീജം ഒരു തടാകമായി മാറി എന്നും, അതിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതെന്നും ഒരു ബ്രാഹ്മണത്തിൽ പറയുന്നു. ഇപ്പോൾ പറയൂ! ഇയാളല്ലേ യഥാർത്ഥ പ്രജാപതി?

കൂടാതെ, ബൃഹദാരണ്യക ഉപനിഷത്ത് പ്രജാപതിയുടെ പാപത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. കാണുക: 1. 4. 2 - 4. പ്രജാപതി ഒറ്റയ്ക്കായപ്പോൾ, അവൻ ഭയപ്പെട്ടു. അവൻ തന്‍റെ ശരീരത്തെ രണ്ടായി വിഭജിച്ചു. ഒരു പകുതി പുരുഷനായും മറ്റേ പകുതി സ്ത്രീയായും മാറി. അവരുടെ സംയോഗത്തിൽ നിന്നാണ് മനുഷ്യർ ഉണ്ടായത്. സ്ത്രീ പ്രജാപതിയെ ഇഷ്ടപ്പെടാതെ ഓടിപ്പോയി പശുവിന്‍റെ രൂപം ധരിച്ചു. അപ്പോൾ പ്രജാപതി ഒരു കാളയായി മാറി അവളുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് പശുക്കൾ സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ആ സ്ത്രീ എല്ലാത്തരം മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾ സ്വീകരിച്ചു, അതനുസരിച്ച് പ്രജാപതിയും സ്വയം മാറുകയുണ്ടായി. എല്ലാ ജീവജാലങ്ങളും ഈ രീതിയിൽ ഉത്ഭവിച്ചു. ഇപ്പോൾ ചോദ്യം ഇതാണ്: ഈ പ്രജാപതിയും യേശുവും ഒരാളാണോ? ഒരിക്കലുമല്ലേയല്ല!

മുൾക്കിരീടം

യേശുവിനെ മുൾക്കിരീടം അണിയിച്ചു. പ്രജാപതിക്കും അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, പ്രജാപതി ക്രിസ്തുവാണെന്ന് തെളിയിക്കാൻ എളുപ്പമായിരിക്കും. അതുകൊണ്ട് പ്രജാപതിയുടെ ഭക്തർ അങ്ങനെയുള്ള എന്തെങ്കിലും ഒന്ന് കണ്ടെത്താൻ അവർക്ക് സാധിക്കുന്നതുപോലെ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. ഒടുവിൽ, യാഗക്കുതിരയെ തൂണിൽ കെട്ടാൻ ഉപയോഗിച്ച വൈക്കോൽ കയറു കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു.

ശതപഥ ബ്രാഹ്മണം അനുസരിച്ച്, യാഗത്തിനായുള്ള കുതിരയെ വൈക്കോലും വേവിച്ച ചോറും കൊണ്ട് നിർമ്മിച്ച കയർ ഉപയോഗിച്ച് ഒരു തൂണിൽ കെട്ടിയിടണം. വാസ്തവത്തിൽ, യേശു ധരിച്ചിരുന്ന മുൾക്കിരീടവുമായി ഇതിന് യാതൊരു ബന്ധവുമില്ല. പക്ഷേ, അജ്ഞരെ വഞ്ചിക്കാൻ പിശാച് അത് ഉപയോഗിച്ചു. കുതിര പ്രജാപതി ആണെങ്കിൽ, ആ പ്രജാപതിക്ക് ഒരിക്കലും യേശുവാകാൻ കഴിയില്ല, കാരണം കുതിരയുടെ മറ്റ് സ്വഭാവസവിശേഷതകൾ യേശുവിൽ കാണുന്നില്ല. ഉദാഹരണത്തിന്, ബലിയർപ്പിക്കുന്നതിനുമുമ്പ് ഒരു കുതിരയെ കുളിപ്പിക്കണമായിരുന്നു. അങ്ങനെ ചെയ്യിക്കുമ്പോൾ, ചത്ത നായയെ അതിന്‍റെ കാലുകൾക്കിടയിലൂടെ കടത്തിവിടണം. അത് മാത്രമല്ല, കുതിരയെ കൊല്ലുന്ന രീതിയും വളരെ വ്യത്യസ്തമാണ്. കുതിരയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തുന്നത്. ഈ സ്വഭാവവിശേഷങ്ങൾ യേശുവിന് ചേരുന്നതല്ല!

ഇത് ഇങ്ങനെയാണെങ്കിൽ ഇതിലും വികൃതമായ മറ്റു ചില കാര്യങ്ങളുമുണ്ട്. കുതിരയെ കൊന്നതിനുശേഷം അതിന്‍റെ ശരീരം ഒരു തുണികൊണ്ട് മൂടുന്നു. കുതിരയെ ബലി നൽകുന്ന പുരുഷന്‍റെ ഭാര്യ കുതിരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കുതിരയുടെ ശവശരീരത്തോടൊപ്പം ഉറങ്ങുന്നു. സൂര്യോദയം വരെ അത് തുടരും. അതേസമയം, ഭാര്യാഭർത്താക്കന്മാർ പരസ്പരം അസഭ്യം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോൾ, ഒരിക്കൽക്കൂടി യഥാർത്ഥമായ ചോദ്യം: ഈ കുതിര നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ ഒരു നിഴലാണോ? തീർച്ചയായും അല്ല.

തിരസ്ക്കാരം

വാസ്തവത്തിൽ ഇതിൽ വലുതായി ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ഒന്നും ഇല്ല. ഒരു വ്യക്തിയെയോ മൃഗത്തെയോ തിരസ്ക്കരിക്കാതെ ബലിയർപ്പിക്കാൻ കഴിയില്ല. യേശു സകലവും തിരസ്ക്കരിക്കുകയും തന്നെത്തന്നെ യാഗമായി അർപ്പിക്കുകയും ചെയ്തു. മൃഗങ്ങളുടെ കാര്യത്തിൽ, ആളുകൾ ആദ്യം അവയെ തിരസ്ക്കരിക്കുകയും പിന്നീട് അവയെ ബലിയർപ്പിക്കുകയും ചെയ്യുന്നു. ആരു തന്നെയാണെങ്കിലും ഇങ്ങനെയാണ് ചെയ്യേണ്ടത്, കാരണം അതല്ലാതെ മറ്റൊരു രീതിയിൽ ചെയ്യാൻ കഴിയില്ല. എന്നാൽ പ്രജാപതിയുടെ ഭക്തന്മാർ ഇതിനെ ഒരു വിചിത്ര വിഷയമാക്കി മാറ്റി, കാരണം ഐതരേയ ബ്രാഹ്മണത്തിൽ, അതിന്‍റെ ബന്ധുക്കളുടെ സമ്മതത്തോടെ ഒരു പശു ബലിയർപ്പിക്കപ്പെടുന്നു. ഇവിടെ കാണപ്പെടുന്ന പ്രശ്നങ്ങൾ ഇവയാണ്:

1. അത് പ്രജാപതിയല്ല, ഒരു പശുവാണ്.
2. പശു തിരസ്ക്കരിക്കപ്പെടുന്നില്ല, മറിച്ച് അതിന്‍റെ ബന്ധുക്കളുടെ അനുമതിയോടെയാണ് ബലിയർപ്പിക്കപ്പെടുന്നത്.
3. ഐതരേയ ബ്രാഹ്മണമനുസരിച്ച്, പശുവിന് വിമുഖതയും ഭയവുമുണ്ട്. എന്നാൽ യേശു വിമുഖതയോ ഭയമോ കാണിച്ചില്ല.
4. പശുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ പശു ഒരു തരത്തിലും യേശുക്രിസ്തു അല്ല ; അവൻ നിശബ്ദമായി വേദന അനുഭവിച്ചു.

യേശു തന്നെത്തന്നെ ഒരു യാഗമായി അർപ്പിച്ചു, മനസ്സോടെ എല്ലാം സഹിച്ചു. അതുകൊണ്ട് പ്രജാപതിയും അങ്ങനെ തന്നെ ചെയ്തുവെന്ന് കാണിക്കണം. ഒരുപാട് തിരച്ചിലിനു ശേഷം, പിശാച് ഋഗ്വേദം 5.46-ൽ സമാനമായ ഒന്ന് കണ്ടെത്തി. “ഒരു കുതിരയെപ്പോലെ ഞാൻ മനഃപൂർവ്വം ഒരു തൂണിൽ എന്നെത്തന്നെ ബന്ധിച്ചിരിക്കുന്നു. വിടുവിക്കപ്പെടണമെന്നോ പിന്തിരിയണമെന്നോ ഞാൻ ആഗ്രഹിച്ചിട്ടില്ല.” എപ്പോഴെങ്കിലും പ്രജാപതി അങ്ങനെ സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ആ സന്ദർഭത്തിൽ ആ വാക്കുകൾ നമ്മോട് എന്താണ് പറയുന്നത്? ഋഗ്വേദം 5.46 ന് പ്രജാപതിയുമായി യാതൊരു ബന്ധവുമില്ല. ആ ശ്ലോകം പ്രതിഖത്രൻ എന്നൊരാൾ എഴുതിയതാണ്, ആ വാക്കുകൾ അദ്ദേഹം തന്നെക്കുറിച്ചു തന്നെ  പറഞ്ഞതാണ്. കുതിരയെപ്പോലെ തൂണിൽ ബന്ധിക്കപ്പെട്ടിരിക്കുന്നത് പ്രജാപതിയല്ല, പ്രതിഖത്രനാണ്. എന്നിരുന്നാലും, വേദങ്ങൾ പരിചയമില്ലാത്ത ആളുകളെ പിശാച് വഞ്ചിക്കുകയാണ് ചെയ്യുന്നത്. വേദങ്ങൾ വായിക്കാനും സത്യം പരിശോധിക്കാനും മിക്ക ആളുകൾക്കും കഴിയില്ലെന്ന് അവന് അറിയാം.

മാത്രമല്ല, പ്രജാപതിയുടെ ഭക്തർ ഒരിക്കലും ശേഷിക്കുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കാൻ ധൈര്യപ്പെടുന്നില്ല. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? ചില പ്രജാപതി ഭക്തർ വേദങ്ങളിൽ ഒരു ദൈവമേ ഉള്ളൂ എന്നും അത് പ്രജാപതി ആണെന്നും പ്രചരിപ്പിക്കുന്നു. പ്രജാപതിക്ക് മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ എന്ന് വേദങ്ങൾ പറയുന്നുവെന്ന് അവർ പറയുന്നു.എന്നാല്‍, ശേഷമുള്ള ശ്ലോകങ്ങൾ കൂടി വായിച്ചാൽ, ഈ വാദം തെറ്റാണെന്ന് വ്യക്തമാകും. പ്രജാപതിയോട് അപേക്ഷിക്കുന്നതുപോലെ, അഗ്നി, ഇന്ദ്രൻ, വരുണൻ, മിത്രൻ, വിഷ്ണു, മരുത്തുക്കൾ, രുദ്രൻ, പൂഷാവ് തുടങ്ങിയ ദേവന്മാരെയും ആ ദേവന്മാരുടെ എല്ലാ ഭാര്യമാരെയും സംരക്ഷണത്തിനും മോക്ഷത്തിനും വേണ്ടി വിളിച്ചപേക്ഷിക്കുന്ന നിരവധി ശ്ലോകങ്ങൾ വേദങ്ങളിലുണ്ട്. മറ്റു ദേവതകളെ മഹത്വപ്പെടുത്താൻ വേണ്ടി എഴുതിയ ഈ ശ്ലോകങ്ങൾക്ക് യേശുക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

കുരിശുമായി പൊരുത്തപ്പെടാത്ത തൂണ്

വേദങ്ങളിൽ കുരിശിനെക്കുറിച്ച് ഒരു പ്രസ്താവനയുമില്ല. എന്നിരുന്നാലും, പ്രജാപതിയെ ക്രൂശിക്കാൻ, എങ്ങനെയെങ്കിലും വേദങ്ങളിലേക്ക് കുരിശ് കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് തിരച്ചിൽ ആരംഭിച്ചതും, ഒടുവിൽ എന്തോ ഒന്ന് കണ്ടെത്തിയതും. ബലിമൃഗത്തെ ഒരു തൂണിൽ കെട്ടുമായിരുന്നു. വാസ്തവത്തില്‍ ഇതിൽ അസാധാരണമായി ഒന്നുമില്ല. ഒരു മൃഗത്തെ എന്തിലെങ്കിലും കെട്ടിയില്ലെങ്കിൽ അത് ഓടിപ്പോകുമല്ലോ? ഇന്നും കശാപ്പുകാർ മൃഗങ്ങളെ കൊല്ലാൻ ഈ രീതി ഉപയോഗിക്കുന്നു. എന്നാൽ ചില പ്രജാപതി ഭക്തർ ഇതിനെ ഒരു പ്രത്യേക വിഷയമായി ചിത്രീകരിക്കുന്നു; കാരണം ഈ രീതിയിൽ, അജ്ഞരെ എളുപ്പത്തിൽ വഞ്ചിക്കാൻ കഴിയും. വേദങ്ങളിൽ (ഋഗ്വേദം 3:8) യൂപ എന്ന തൂണിനെ ഒരു ദേവനായി കണക്കാക്കുന്നുണ്ടെങ്കിലും, പ്രജാപതിയുടെ ഭക്തർ ഇതിനെക്കുറിച്ച് ഒരിക്കലും പരാമർശിക്കുന്നില്ല. ഈ മൃഗത്തെ ഒരു തൂണിൽ കെട്ടിയിട്ടിരുന്നു, എന്നാൽ യേശു ആണികളാല്‍ കുരിശിൽ തറയ്ക്കപ്പെട്ടു. ദൈവമാകുന്ന ഈ തൂണിന് കുരിശുമായി യാതൊരു ബന്ധവുമില്ല.

രക്തം

രക്തം ചൊരിയാതെ ഒരു യാഗവും അർപ്പിക്കാൻ കഴിയില്ല. ബലിയർപ്പിക്കുമ്പോൾ രക്തം ചൊരിയുന്നത് അതിശയകരമായ വിഷയമൊന്നുമല്ല. സ്വന്തം മകളുമായി അവിഹിത ബന്ധം പുലർത്തിയതിന് ദേവന്മാരാൽ കൊല്ലപ്പെട്ട പ്രജാപതിയുടെ രക്തം ചൊരിയപ്പെട്ടിരിക്കാം, പക്ഷേ നിർഭാഗ്യവശാൽ വേദങ്ങളിൽ അതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അതുകൊണ്ട് ഈ ദുരുപദേഷ്ടാക്കൾക്ക് എവിടെയെങ്കിലും കുറച്ച് രക്തം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. ഒടുവിൽ, ബൃഹദാരണ്യകോപനിഷത്തിൽ രക്തം കണ്ടെത്തി. ഇവിടെ മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചിരിക്കുന്നു. മനുഷ്യന്‍റെ തലയിൽ രോമമുണ്ടെന്നും പകരം മരത്തിന് ഇലകളുണ്ടെന്നും, മരത്തിനും മനുഷ്യനും തൊലിയുണ്ടെന്നും, മരത്തിന്‍റെ കറ മനുഷ്യ രക്തം പോലെയാണെന്നും വിവരിക്കപ്പെട്ടു.

ഒരു മരം മുറിക്കുമ്പോൾ മുറിവേറ്റ ഒരാളിൽ നിന്ന് രക്തം ഒഴുകുന്നതു പോലെ അതിൽ നിന്ന് കറ പുറത്തുവരുന്നു. ഇവിടെ പ്രജാപതിയെക്കുറിച്ച് പരാമർശമില്ല. ബലിയാഗത്തെ കുറിച്ചും പ്രസ്താവനയില്ല. എന്നാൽ പിശാച് ഈ വാക്കുകളിൽ ചിലത് എളുപ്പത്തിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളവരെ വഞ്ചിക്കാൻ ഉപയോഗിക്കുന്നു.

അസ്ഥികൾ

യേശുവിന്‍റെ അസ്ഥികൾ ഒടിഞ്ഞില്ലായിരുന്നു. അതുകൊണ്ട് പ്രജാപതിയുടെ അസ്ഥികൾ എങ്ങനെയെങ്കിലും ഒടിയാതെ ഇരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് വക്ര ബുദ്ധിയുള്ള പിശാച് ഐതരേയ ബ്രാഹ്മണത്തിൽ എന്തോ ഒന്ന് കണ്ടെത്തി. ബന്ധുക്കളുടെ സമ്മതത്തോടെ ബലിയർപ്പിക്കപ്പെട്ട ഒരു പശുവുണ്ടായിരുന്നു. ഈ പശുവിന്‍റെ ശരീരത്തിൽ നിന്ന് 26 അസ്ഥികൾ എടുത്ത് നിരനിരയായി വച്ചു. എല്ലുകൾ ഒടിഞ്ഞോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. മാത്രമല്ല, മറ്റ് അസ്ഥികൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമില്ല. എന്നാൽ പിശാചിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അനാവശ്യമാണ്. പ്രജാപതിയുടെ അസ്ഥികൾ ഒടിഞ്ഞിട്ടില്ല എന്ന വാദം മാത്രം അവൻ ഉന്നയിച്ചു.

പുനരുത്ഥാനം

ഹിന്ദുക്കളുടെ വിശ്വാസപ്രകാരം, ഈ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ആത്മാവ് ഈ ലോകത്തിൽ ഏതെങ്കിലും മൃഗമായോ മനുഷ്യനായോ പുനർജനിക്കുന്നു. ഹിന്ദുക്കളുടെ ഈ വിശ്വാസത്തെ പ്രജാപതി ഭക്തരിൽ ചിലർ പ്രജാപതിയ്ക്ക് അനുചിതമായി പ്രയോഗിച്ചു കൊണ്ട്, ബലിയർപ്പിക്കപ്പെട്ടതിനുശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് അവകാശപ്പെടുന്നു. ബൃഹദാരണ്യകോപനിഷത്തിന്‍റെ ഒരു ഭാഗം കൂടെ സന്ദർഭത്തിന് പുറത്ത് വ്യാഖ്യാനിക്കുകയുണ്ടായി. (നമ്പർ 6 കാണുക). ഒരു മരം മുറിച്ചാൽ, അത് വീണ്ടും മുളച്ച് വളരും, വീണ്ടും ജീവിക്കും.

എന്നാൽ ഒരു മനുഷ്യൻ ഛേദിക്കപ്പെട്ടാൽ, അവൻ എങ്ങനെയാണ് വീണ്ടും ജീവിക്കുക? അവൻ വീണ്ടും ജീവിക്കും, കാരണം അവന്‍റെ ആത്മാവ് മറ്റൊരു ജന്മം എടുത്ത് കൊണ്ട് വീണ്ടും അവതരിക്കും. ഇവിടെ പ്രജാപതിയെക്കുറിച്ചോ ഏതെങ്കിലും യാഗത്തെക്കുറിച്ചോ പ്രസ്താവിക്കുന്നില്ല. മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചിരിക്കുന്നു. വേദങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് പലർക്കും അറിവില്ലാത്തതിനാൽ, സാത്താനും അവന്‍റെ അനുയായികളും നുണകൾ പ്രചരിപ്പിച്ചു കൊണ്ടും വേദങ്ങളുടെ ചില ഭാഗങ്ങൾ ദുരുപയോഗം ചെയ്തു കൊണ്ടും അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യന്‍റെ മാംസം

ഈ നുണ കർത്താവിന്‍റെ അത്താഴത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ആര്യന്മാർ പറയുന്നതനുസരിച്ച്, അവരുടെ ദേവന്മാർ ഭക്ഷണത്തിനായി ഋഷിമാർ അർപ്പിക്കുന്ന യാഗങ്ങളെ ആശ്രയിക്കുമായിരുന്നു. അതുകൊണ്ട് പ്രജാപതി ബലിയർപ്പിക്കപ്പെട്ടതിനു ശേഷം അവർ പ്രജാപതിയെയും ഭക്ഷിച്ചു. ഇത് കര്‍ത്താവിന്‍റെ അത്താഴത്തില്‍ നിന്ന് വ്യത്യസ്തമാണ്. വേദങ്ങളിൽ പ്രജാപതിയെ ദേവന്മാർ കൊന്നു ഭക്ഷിച്ചു എന്നാണ് പറയുന്നത്, എന്നാൽ ക്രിസ്തുമതത്തിൽ യേശുവിന്‍റെ മരണത്തിന് സാദൃശ്യമായിരിക്കുന്ന അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത് അവനെ കൊന്ന യഹൂദന്മാരല്ല, അവനിൽ വിശ്വസിച്ച ക്രിസ്ത്യാനികളാണ്.

മാത്രമല്ല, ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ മാംസം കഴിക്കുന്നതിൽ യാതൊരു പ്രത്യേകതയുമില്ല, കാരണം ഇന്നും ലോകമെമ്പാടും പല സ്ഥലങ്ങളിലും അത്തരമൊരു ആചാരം നിലവിലുണ്ട്. അതുകൊണ്ട്, ദേവന്മാർ പ്രജാപതിയുടെ മാംസം ഭക്ഷിക്കുന്നു എന്നത് കണക്കിലെടുക്കേണ്ട കാര്യമല്ല.

പ്രജാപതിയുടെ അങ്കി

പ്രജാപതിയുടെ ഭക്തരിൽ ചിലർ പ്രജാപതിയുടെ വസ്ത്രങ്ങൾ നാല് പുരോഹിതന്മാർ പങ്കിട്ടിരുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്നു. അത്തരമൊരു സംഭവം എവിടെയാണ് പ്രസ്താവിച്ചിരിക്കുന്നതെന്നു മാത്രം ആരും പറയുന്നില്ല. ചില പ്രജാപതി വിഭാഗങ്ങളും ഈ വിഷയത്തെ തള്ളിക്കളയുന്നു. എന്നിട്ടും, ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് വിഭാഗം അവരുടെ സൺ‌ഡേ സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രജാപതിയെയും അദ്ദേഹത്തിന്‍റെ നിരവധി ഗുണങ്ങളെയും കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്!

കീറി പോകാത്ത വസ്ത്രം

പ്രജാപതിയുടെ അങ്കി കീറിയിട്ടില്ല എന്ന മറ്റൊരു നുണ കൂടിയുണ്ട്. ഹിന്ദു പുരാണങ്ങളിൽ അങ്ങനെ ഒരു പരാമർശവുമില്ല. പശുവിന്‍റെ തോൽ (നമ്പർ 3 & 7 കാണുക) കീറാതെ നീക്കം ചെയ്തതിനാൽ, പ്രജാപതിയുടെ വസ്ത്രം കീറിയിട്ടില്ലെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ വാദിക്കുന്നു. എന്നാല്‍, പശുവിന്‍റെ തോല്‍ കീറിയോ ഇല്ലയോ എന്ന് ഒരു ഗ്രന്ഥത്തിലും ഒരിടത്തും പരാമർശിച്ചിട്ടില്ല. ഒരുപക്ഷെ പശുവിന്‍റെ തോല്‍ കീറിയില്ലെങ്കിലും, പ്രജാപതിയുടെ തുണി കീറിയില്ല എന്നതിന് ഒരു തെളിവല്ല അത്. കാരണം, തൊലി വസ്ത്രമല്ല, ഇവിടെ പ്രജാപതിയില്ല, പശു മാത്രമേ ഉള്ളൂ.

ക്രൂശിൽ തൂങ്ങി മരിച്ചോ?

പ്രജാപതിയുടെ കൈകാലുകൾ ഒരു തൂണിൽ ആണിയടിച്ച് തറയ്ക്കപ്പെട്ടുവെന്ന് പ്രജാപതിയുടെ ഭക്തർക്ക് നന്നായി അറിയാമെന്ന് പറയപ്പെടുന്നു, പക്ഷേ വേദങ്ങളിൽ ആ സംഭവം എവിടെയാണെന്ന് ആർക്കും കാണിച്ചുതരാൻ കഴിയില്ല. പക്ഷേ അതൊന്നും അവർക്ക് വലിയ കാര്യമല്ല. പ്രജാപതിയുടെ കൈകാലുകൾ കുരിശിൽ തറച്ചിരുന്നു, അതുകൊണ്ടാണ് അവർ പ്രജാപതിയാണ് ക്രിസ്തു എന്ന് ഇപ്പോഴും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.

സോമരസം

ആര്യന്മാർ ഒരുതരം ജ്യൂസ് തയ്യാറാക്കി ഒരുതരം ലഹരി പാനീയമായി കുടിച്ചിരുന്നു. ദേവന്മാരുടെ രാജാവിന് സമർപ്പിക്കുന്ന സോമരസം ‘മഹത്തായ സോമ പാനീയം’ എന്ന് പ്രശംസിക്കപ്പെട്ടു. എന്നാൽ പ്രജാപതി സോമരസം കുടിച്ചതായോ, അത്തരമൊരു പാനീയം നൽകിയ മൃഗത്തെക്കുറിച്ചോ ഒരിടത്തും  പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, പ്രജാപതി ബലിയർപ്പിക്കപ്പെട്ടപ്പോൾ സോമരസം കുടിപ്പിച്ചു എന്ന നുണ പ്രചരിപ്പിക്കാൻ പിശാച് തന്‍റെ ദാസന്മാരെ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒരു വലിയ പെന്തക്കോസ്ത് സഭ അവരുടെ സൺഡേ സ്കൂൾ പാഠപുസ്തകത്തിൽ ഈ നുണ (മറ്റുള്ളവയ്‌ക്കൊപ്പം) പ്രസിദ്ധീകരിച്ചു.

കന്യകയുടെ മകനാണോ?

പ്രജാപതിയുടെ സേവകരിൽ ചിലർ വേദങ്ങളിൽ പ്രത്യക്ഷപ്പെടുന്ന തങ്ങളുടെ കർത്താവായ പ്രജാപതി ഒരു കന്യകയുടെ മകനാണെന്ന് പഠിപ്പിക്കുന്നു. വേദങ്ങളിലോ മറ്റ് ഹൈന്ദവ ഗ്രന്ഥങ്ങളിലോ ഈ കാര്യം എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. വാസ്തവത്തിൽ, വേദങ്ങളിൽ അങ്ങനെ യാതൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ല.

നിലവിലില്ലാത്ത ശ്ലോകങ്ങൾ

വേദങ്ങളിൽ കാണുന്ന ശ്ലോകങ്ങൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നതിനു പുറമേ, നിരവധി പ്രജാപതി ഭക്തർ പുതിയ ശ്ലോകങ്ങൾ സൃഷ്ടിച്ച് വേദമന്ത്രങ്ങളായി പ്രചരിപ്പിക്കുന്നു. ഉദാഹരണത്തിന്, കന്യകാപുത്രനെ (ഓം ശ്രീ കന്യക സുധായ നമഃ) സ്തുതിക്കുന്നതില്‍ ആരംഭിക്കുന്ന പ്രസിദ്ധമായ ഈ ശ്ലോകം ഒരു വേദത്തിലും കാണുന്നില്ല. ഉത്തരേന്ത്യൻ ബ്രാഹ്മണർ കുളിക്കുമ്പോൾ ജപിക്കുന്നതാണെന്ന് പറയപ്പെടുന്ന മന്ത്രവും (പാപോഹം പാപകർമഹം പാപാത്മ പാപസംഭവം) ഒരു പച്ചക്കള്ളമാണ്. അതുപോലെ തന്നെ നമുക്ക് സുപരിചിതമായ ‘സർവ്വ പാപ പരിഹാരോ രക്തപ്രോക്ഷണം ആവശ്യകം, തദ് രക്തം പരമാത്മാവേന പുണ്യദാന ബലിയാഗം’ എന്ന ശ്ലോകം പാണ്ഡ്യ മഹാബ്രാഹ്മണ്യത്തിൽ എവിടെയോ ഉണ്ടെന്നു പറയും. പരവസ്തു സൂര്യനാരായണ, പണ്ഡിത സി. എച്ച്. ഫ്രാൻസിസ് തുടങ്ങിയ പ്രശസ്തരായ “പണ്ഡിതന്മാരാണ്” ഇത്തരം നുണകളും കെട്ടിച്ചമച്ച വാക്യങ്ങളും പ്രചരിപ്പിച്ചത്. ഇക്കാരണത്താൽ, പലരും, മൂലഗ്രന്ഥങ്ങൾ പരിശോധിക്കാതെ, അവ യഥാർത്ഥത്തിൽ ഉണ്ടെന്നുള്ള മിഥ്യാധാരണയിലാണ് ആയിരിക്കുന്നത്. വാസ്തവത്തിൽ സ്വാമി വിവേകാനന്ദനിൽ നിന്നാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചത്. യോഹന്നാൻ 1:1 ലെ “വചനം” പുരുഷ സൂക്തത്തിലെ ഓംകാര പ്രണവ ശബ്ദമാണെന്ന് അദ്ദേഹം തന്‍റെ രചനകളിൽ പ്രഖ്യാപിച്ചു. ഇതിനെ ആശ്രയമായി എടുത്തുകൊണ്ട്, പല ആളുകളും ഉള്ളതും ഇല്ലാത്തതും സംയോജിപ്പിച്ച് കൊണ്ട്, ക്രിസ്തുവിനേയും വേദങ്ങളേയും തമ്മിൽ ബന്ധിപ്പിക്കാൻ തുടങ്ങി. ഈ ലേഖനത്തിലെ തെളിവുകളുടെ വെളിച്ചത്തിൽ, പ്രജാപതി എന്ന അനുബന്ധ വിഭാഗം ഒരു നുണയാണ്, നുണകളിൽ അധിഷ്ഠിതവും, നുണയന്മാരാല്‍ പ്രചരിപ്പിക്കപ്പെടുന്നതുമാണ്.

സമാപനം

ദൈവത്തിന്‍റെ സഭ യേശുക്രിസ്തുവിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുയേശുവിനോടുള്ള ഏകാഗ്രത നഷ്ടപ്പെടുമ്പോൾ, നാം അശുദ്ധരായിത്തീരുന്നു (2 കൊരിന്ത്യർ 11:2,3). ഒരു പരിധിവരെ യേശുവിനെ പോലെയായതുകൊണ്ട്, മറ്റൊരാളെ യേശുവായി അംഗീകരിക്കാൻ നമുക്ക് കഴിയില്ല. വേദങ്ങളിലെ പ്രജാപതി ബൈബിളിലെ യേശുക്രിസ്തു അല്ലെന്ന് നാം ഇതിനോടകം കണ്ടുകഴിഞ്ഞു. പ്രജാപതി യേശുവിനെപ്പോലെ ആണെങ്കിലും, അവന്‍ വേറൊരു ക്രിസ്തുവായതുകൊണ്ട് നമുക്ക് അവനെ അംഗീകരിക്കാൻ കഴിയില്ല.
ഈ വിഷയത്തെക്കുറിച്ച് പൗലോസ് എന്താണ് പറയുന്നതെന്ന് നോക്കുക “എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി…” (1 തിമൊഥെയൊസ് 4:1-2). ഈ പ്രവചനം നമ്മുടെ കൺമുന്നിൽ പ്രജാപതി ആരാധന എന്ന രൂപത്തിൽ നിറവേറിക്കൊണ്ടിരിക്കുന്നു. ഈ ക്രിസ്തുവിരുദ്ധ ആത്മാവിനെ തിരിച്ചറിയുന്നതിൽ ഇക്കാലത്തെ സഭാ നേതാക്കൾ പരാജയപ്പെട്ടിരിക്കുന്നു. ഇവാജെലിക്കല്സ് (Evangelicals) എന്ന് വിളിക്കപ്പെടുന്നവർ പോലും ഈ അപകടകരമായ അനുബന്ധ വിഭാഗത്തിന്‍റെ നേതാക്കളെ സമർപ്പണമുള്ള മിഷനറിമാരായി എല്ലായിടത്തും അനുവദിക്കുകയാണ് ചെയ്യുന്നത്.

“നിങ്ങൾക്കു കർത്താവിന്‍റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല” (1 കൊരിന്ത്യർ 10:21).

ക്രിസ്തു വിരോധിയായ ആത്മാവിനെ തിരിച്ചറിഞ്ഞ്, അവനെ അവന്‍റെ ശുശ്രൂഷകരോടൊപ്പം പുറത്താക്കേണ്ട സമയം ആസന്നമായിരിക്കുന്നു.

കുറിപ്പ്:

യേശു ക്രിസ്തു പ്രജാപതി അല്ല, പരിശുദ്ധനായ യേശുക്രിസ്തുവിനെ അത്തരം അധാർമികരായ ആളുകളുമായി താരതമ്യം ചെയ്യുന്നത് അങ്ങേയറ്റം നീചമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടും, ചില പൈശാചികരായ ആളുകൾ ഇപ്പോഴും, "അവനിലല്ലോ നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്നത്, അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ "നാം അവന്‍റെ സന്താനമല്ലോ" എന്ന് പറഞ്ഞിരിക്കുന്നു." എന്ന് പൗലോസ് ഏദന്‍സില്‍, ഗ്രീക്ക് ദേവനായ സീയൂസ് (Zeus) നെക്കുറിച്ച്, എപ്പിമെനാഡസും അരാറ്റസും പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട്, സിയൂസിനും ഒരു അധാർമിക ചരിത്രമുണ്ടായിരുന്നു, പിന്നെ എന്തിനാണ് പൗലോസ് ആ വാക്കുകൾ ബൈബിളിലെ ദൈവത്തിന് ആരോപിച്ചത്? എന്ന് ചോദിക്കുന്നു. അതുകൊണ്ട് അവരുടെ ചരിത്രങ്ങൾ ഞങ്ങള്‍ക്ക് ആവശ്യമില്ല, താരതമ്യങ്ങൾ മാത്രമേ കാണാവൂ എന്ന് വാദിക്കും എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഇവിടെ രണ്ട് കാര്യങ്ങളുണ്ട്; ഒന്നാമത് – പ്രജാപതിയ്ക്കും യേശുക്രിസ്തുവിനും തമ്മിൽ ഒരു സാമ്യം പോലുമില്ല, അവയെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ്. അവ ഇതിനോടകം വിശദീകരിച്ചു കഴിഞ്ഞതുമാണ്. രണ്ടാമതായി – പോലോസ് സുവിശേഷം പ്രസംഗിക്കുന്നതിന്‍റെ ഭാഗമായി സിയൂസിനെക്കുറിച്ച് എഴുതിയ വാക്കുകൾ പരാമർശിച്ചില്ല. എന്തുകൊണ്ടാണ് അദ്ദേഹം അത് പരാമർശിച്ചതെന്ന് ഞങ്ങൾ ഇതിനകം വിശദമായി എഴുതിയിട്ടുണ്ട്.