Hits: 7
Print
രചയിതാവ്.: സ്റ്റീഫന്‍ ഹാക്ക്
വിവർത്തനം: ഷിബു ബാബു &ഷൈനി

അർമീനിയർ പ്രസംഗിക്കുന്ന യേശു ബൈബിളിലെ യേശു തന്നെയാണോ? അല്ലേയല്ല.

അന്ത്യനാളുകളിൽ ക്രിസ്തുവെന്ന് അവകാശപ്പെടുന്ന നിരവധി കള്ളക്രിസ്തുക്കൾ വരുമെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. “അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്‍റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും” (മത്തായി 24:4-5).

ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന നാം ജാഗ്രത പാലിക്കണം. വഞ്ചിക്കപ്പെടാതിരിക്കാൻ നാം വളരെ ശ്രദ്ധിക്കണം. സത്യക്രിസ്തുവിനെ മാത്രം വിശ്വസിക്കാനും സ്നേഹിക്കാനും അനുഗമിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ കാലത്തുള്ള നിരവധി വ്യാജക്രിസ്തുക്കളുമായി നമുക്ക് യാതൊരു ബന്ധവുമുണ്ടായിരിക്കേണ്ട ആവശ്യമില്ല. ചില സഭാ വിഭാഗങ്ങളുടെയും പുറജാതീയ മതങ്ങളുടെയും ക്രിസ്തുവിനെക്കുറിച്ച് നമുക്കറിയാം. അവൻ ഒരു നല്ല വ്യക്തിയോ, ഒരു പ്രവാചകനോ, ദൈവത്തിന്‍റെ ആദ്യ സൃഷ്ടിയോ, ഒരു മഹാത്മാവോ, ഒരു ദൈവിക ഭാവനയോ, അല്ലെങ്കിൽ ദൈവം തന്നെയോ ആകാം. എന്നാൽ അവൻ സത്യദൈവമല്ല, നിത്യനായ ദൈവവുമല്ല. അവൻ തന്നെക്കാൾ വലിയ ഒരാളിൽ നിന്നാണ് അസ്തിത്വം പ്രാപിച്ചത്. അത്തരമൊരു വ്യക്തിയല്ല ബൈബിളിലെ ക്രിസ്തു. അവനാൽ നാം വഞ്ചിക്കപ്പെടുകയില്ല. അവൻ ഒരു കള്ള ക്രിസ്തുവാണ്.

റോമൻ കത്തോലിക്കരുടെ ക്രിസ്തുവിനെ നമുക്കറിയാം. അവൻ സത്യദൈവമാണെന്ന് അവർ വിശ്വസിക്കുന്നു. പാപമോചനത്തിനായി അവൻ കഷ്ടത അനുഭവിക്കുകയും മരിക്കുകയും ചെയ്തു, ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു, വീണ്ടും വരാൻ പോകുന്നു എന്നും വിശ്വസിക്കുന്നു. എന്നാല്‍ അവൻ പൂർണ്ണ രക്ഷകനല്ല. റോമൻ കത്തോലിക്കർ പറയുന്ന ക്രിസ്തുവിന്, സ്വന്തം നീതിപ്രവൃത്തികളും പുരോഹിതന്മാരുടെ മധ്യസ്ഥതയും കൂടാതെ പാപികളെ രക്ഷിക്കാൻ കഴിയില്ല. അത്തരമൊരു വ്യക്തി ബൈബിളിലെ ക്രിസ്തു അല്ല. അവനാൽ നാം വഞ്ചിക്കപ്പെടുകയില്ല. അവൻ ഒരു കള്ള ക്രിസ്തുവാണ്.

എന്നാല്‍, ഈ മത വിഭാഗങ്ങളുടെയും റോമൻ കത്തോലിക്കരുടെയും ക്രിസ്തുവിനേക്കാൾ അപകടകാരിയായ മറ്റൊരു ക്രിസ്തു ഉണ്ട്. അവൻ വർഷങ്ങളായി ഇന്നുവരെ ദശലക്ഷക്കണക്കിന് ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കാൻ തക്കവിധം അവൻ വളരെ അപകടകാരിയാണ് (മത്തായി 24:24). അവനാണ് അർമീനിയരുടെ ക്രിസ്തു.

ഈ വ്യാജ ക്രിസ്തു അങ്ങേയറ്റം അപകടകാരിയാണ്, കാരണം അവന് യഥാർത്ഥ ക്രിസ്തുവുമായി നിരവധി സാമ്യങ്ങളുണ്ട്.അവന്‍ പിതാവിനോടും പരിശുദ്ധാത്മാവിനോടും സമനാണെന്നും സത്യദൈവമാണെന്നും അവർ പറയുന്നു. പാപികളെ രക്ഷിക്കാൻ വേണ്ടി അവൻ കുരിശിൽ മരിച്ചെന്ന് അവർ പ്രഖ്യാപിക്കുന്നു. മനുഷ്യന്‍റെ പ്രവൃത്തികളാലല്ലാതെ, തന്‍റെ കൃപയാൽ മാത്രമാണ് അവൻ രക്ഷിക്കുന്നതെന്നും അവർ സമ്മതിക്കും. മറ്റു മത വിഭാഗങ്ങളുമായോ റോമൻ കത്തോലിക്കാ ക്രിസ്തുവുമായോ അവന് യാതൊരു ബന്ധവുമില്ലായിരിക്കാം.
തീർച്ചയായും സൂക്ഷിക്കുക! സൂക്ഷിക്കുക! ഈ അർമീനിയൻ ക്രിസ്തു ബൈബിളിലെ യഥാർത്ഥ ക്രിസ്തുവല്ല. വഞ്ചിക്കപ്പെടരുത്!

1. അർമീനിയരുടെ ക്രിസ്തു ലോകത്തിലെ ഓരോ വ്യക്തിയേയും സ്നേഹിക്കുകയും അവരെല്ലാം രക്ഷിക്കപ്പെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. ബൈബിളിലെ ക്രിസ്തു ദൈവത്താൽ നിരുപാധികമായി തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം സ്നേഹിക്കുകയും അവരുടെ രക്ഷ മാത്രം ആഗ്രഹിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 5:5, സങ്കീർത്തനം 7:11, സങ്കീർത്തനം 11:5, മത്തായി 11:27, യോഹന്നാൻ 17:9-10, പ്രവൃത്തികൾ 2:47, പ്രവൃത്തികൾ 13:48, റോമർ 9:10-13, റോമർ 9:21-24, എഫെസ്യർ 1:3-4).

2. അർമീനിയരുടെ ക്രിസ്തു എല്ലാവർക്കും രക്ഷ വാഗ്ദാനം ചെയ്യുകയും എല്ലാവരെയും രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവരിൽ ഭൂരിഭാഗവും കടന്നുവരാൻ വിസമ്മതിക്കുകയും, പലപ്പോഴും അവന്‍റെ വാഗ്ദാനത്തെയും പ്രയാസത്തെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ബൈബിളിലെ ക്രിസ്തു തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ഫലപ്രദമായി വിളിക്കുകയും തന്‍റെ സർവ്വശക്തിയാൽ അവരെ രക്ഷിക്കുകയും ചെയ്യും. അവരിൽ ആരും നഷ്ടപ്പെടുകയില്ല. (യെശയ്യാവ് 55:11, യോഹന്നാൻ 5:21, യോഹന്നാൻ 6:37-40, യോഹന്നാൻ 10:25-30, യോഹന്നാൻ 17:2, ഫിലിപ്പിയർ 2:13)

3. സ്വതന്ത്ര ഇച്ഛാശക്തിയാൽ (free will) ആദ്യം തന്നെ തിരഞ്ഞെടുക്കാത്ത ഒരു പാപിയെ അർമീനയരുടെ ക്രിസ്തുവിന് വീണ്ടും ജനിപ്പിക്കാനും രക്ഷിക്കാനും കഴിയില്ല. ക്രിസ്തുവിനെ തിരഞ്ഞെടുക്കണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കുമുണ്ട്.ആ ഇച്ഛാശക്തിയാൽ ക്രിസ്തുവിനെ സൃഷ്ടിക്കാന്‍ പാടില്ല.

ബൈബിളിൽ ക്രിസ്തു തന്‍റെ സർവ്വാധികാരത്താൽ പാപിയുടെ തീരുമാനം കണക്കിലെടുക്കാതെ തന്നെ അവനെ വീണ്ടും ജനിപ്പിക്കുന്നു. കാരണം, ആത്മീയമായി മരിച്ച ഒരു പാപിക്ക് വീണ്ടും ജനിക്കാതെ ക്രിസ്തു വേണമെന്ന് തീരുമാനിക്കാൻ കഴിയില്ല. വിശ്വാസം രക്ഷയ്ക്കായുള്ള മാനുഷിക പങ്കാളിത്തമല്ല, മറിച്ച് ക്രിസ്തു തന്‍റെ സർവ്വാധികാരത്താൽ പുതുജനനത്താൽ നൽകുന്ന ദാനമാണ്. (യോഹന്നാൻ 3:3, യോഹന്നാൻ 6:44 & 65, യോഹന്നാൻ 15:16, പ്രവൃത്തികൾ 11:18, റോമർ 9:16, എഫെസ്യർ 2:1, എഫെസ്യർ 2:8-10, ഫിലിപ്പിയർ 1:29, എബ്രായർ 12:2).

4. അർമീനീയരുടെ ക്രിസ്തു എല്ലാവർക്കും വേണ്ടി കുരിശിൽ മരിച്ച്, എല്ലാവർക്കും രക്ഷ സാധ്യമാക്കി. എന്നാൽ മനുഷ്യന്‍റെ തീരുമാനം കൂടാതെ ആ മരണത്തിന് ആരെയും രക്ഷിക്കാൻ കഴിയില്ല. ഇക്കാരണത്താൽ, അവൻ ആർക്കുവേണ്ടിയാണോ മരിച്ചത് അവരിൽ പലരും നശിച്ചുപോകും.

ബൈബിളിലെ ക്രിസ്തു ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രം മരിക്കുകയും, അവൻ ആര്‍ക്കു വേണ്ടിയാണോ മരിച്ചത് അവർക്കെല്ലാം രക്ഷ സാധ്യമാക്കുകയും ചെയ്തു. അവന്‍റെ മരണം ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ പാപ ദോഷത്തെ പരിഹരിക്കുകയും അവരുടെ സ്ഥാനത്ത് ദൈവത്തിന്‍റെ നീതിയെ തൃപ്തിപ്പെടുത്തുകയും ചെയ്തു. (ലൂക്കോസ് 19:10, യോഹന്നാൻ 10:14-15 & 26, പ്രവൃത്തികൾ 20:28, റോമർ 5:10, എഫെസ്യർ 5:25, എബ്രായർ 9:12, 1 പത്രോസ് 3:18).

5. അർമീനിയരുടെ ക്രിസ്തു താൻ രക്ഷിച്ചവരിൽ പലരും വിശ്വാസത്തിൽ തുടരാത്തതിനാൽ നഷ്ടംസഹിക്കും. ചിലർ പറയുന്നതുപോലെ, അവൻ അവർക്ക് നിത്യമായ ഭദ്രത നൽകിയാലും, അത് അവന്‍റെ ഇഷ്ടത്താലോ പ്രവൃത്തിയാലോ അല്ല, മറിച്ച് ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ പാപി എടുത്ത തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ബൈബിളിലെ ക്രിസ്തു താന്‍ രക്ഷിക്കുന്ന എല്ലാവരും അവസാനം വരെ വിശ്വാസത്തിൽ തുടരും വിധം അവരെ സംരക്ഷിക്കുന്നു. ദൈവത്തിന്‍റെ തെരഞ്ഞെടുപ്പിനാലും, അവന്‍റെ ഫലപ്രദമായ മരണത്തിന്‍റെ ശക്തിയാലും, അവന്‍റെ ആത്മാവിന്‍റെ ശക്തമായ പ്രവർത്തനത്താലും അവൻ അവരെ സംരക്ഷിക്കുന്നു. (യോഹന്നാൻ 5:24, യോഹന്നാൻ 10:26-29, റോമർ 8:29-30, റോമർ 8:35-,39, 1 പത്രോസ് 1:2-5, യൂദാ 24-25)

നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, അർമീനിയരുടെ ക്രിസ്തുവും ബൈബിളിലെ ക്രിസ്തുവും ഒരേ വ്യക്തിയാണെന്ന് തോന്നുമെങ്കിലും, അവർക്കിടയിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഒരാൾ വ്യാജ ക്രിസ്തുവും മറ്റേയാൾ യഥാർത്ഥ ക്രിസ്തുവുമാണ്. ഒരാൾ ദുർബലനും, നിസ്സഹായനും, മനുഷ്യ പരമാധികാര ഇച്ഛയ്ക്ക് തലകുനിക്കുന്നവനുമാണ്. മറ്റെയാൾ സർവ്വാധികാരിയായ കർത്താവാണ്, അവൻ തന്‍റെ ഇഷ്ടപ്രകാരം തീരുമാനിക്കുകയും അവൻ തീരുമാനിക്കുന്നതെന്തും നിറവേറ്റുകയും ചെയ്യും.

നിങ്ങൾ അർമീനിയരുടെ ക്രിസ്തുവിൽ വിശ്വസിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ബൈബിളിലെ ക്രിസ്തുവിനെയല്ല സേവിക്കുന്നത് എന്ന വസ്തുത തിരിച്ചറിയണം. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. തിരുവെഴുത്തുകൾ പരിശോധിച്ച് യഥാർത്ഥ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുക. മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ നിങ്ങളുടെ സർവ്വാധികാരിയായ കർത്താവും ദൈവവുമായി വിശ്വസിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക.