Hits: 11
Print
രചയിതാവ്.: ഡി. യശ്വന്ത് കുമാര്‍
വിവർത്തനം: ഷിബു ബാബു &ഷൈനി

                                                              ഉള്ളടക്കം

1. ആമുഖം
2. ഒരു അപ്പോസ്തലന്‍റെ ആറ് അടയാളങ്ങൾ
ആദ്യത്തെ അടയാളം, അപ്പോസ്തലൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരിക്കണം.
രണ്ടാമത്തെ അടയാളം, അപ്പോസ്തലൻ യേശുക്രിസ്തുവിനാല്‍ നിയമിക്കപ്പെട്ട ആളായിരിക്കണം.
മൂന്നാമത്തെ ലക്ഷണം, അപ്പോസ്തലൻ യേശുക്രിസ്തുവിനെ നേരില്‍ കണ്ട ഒരു ദൃക്‌സാക്ഷി ആയിരിക്കണം.
നാലാമത്തെ അടയാളം, അപ്പൊസ്തലൻ ദൈവം നൽകിയ പ്രത്യേക ശക്തിയും കഴിവുകളും ഉള്ള വ്യക്തി ആയിരിക്കണം.
അഞ്ചാമത്തെ അടയാളം, അപ്പോസ്തലൻ തന്‍റെ ഉപദേശത്തിലൂടെ സഭയ്ക്ക് അടിസ്ഥാനം ഇടുന്ന വ്യക്തി ആയിരിക്കണം.
ആറാമത്തെ അടയാളം, അപ്പോസ്തലന്മാർ ഭാവിയിൽ വലിയ സ്ഥാനങ്ങളിൽ ആക്കിവയ്ക്കപ്പെടുകയും, വലിയ നിലയിൽ മാനിക്കപ്പെടുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നവരാണ്
3. പതിമൂന്നു പേർ മാത്രമാണോ, അല്ലെങ്കില്‍ മറ്റാരെങ്കിലും പുതിയനിയമത്തിൽ അപ്പോസ്തലന്മാരായി തിരിച്ചറിയപ്പെട്ടിട്ടുണ്ടോ?
4. അപ്പസ്തോലിക പിന്തുടർച്ച
5. നേരിടേണ്ടിവരുന്ന ആരോപണങ്ങൾ - വചനപരമായ ഒരുക്കം.
6. സമാപനം.

ആമുഖം

2 കൊരിന്ത്യർ 12:11-13-ൽ അപ്പോസ്തലനായ പൗലോസ് തന്‍റെ അപ്പോസ്തലത്വത്തെ സമര്‍ത്ഥിക്കുന്നതായി നാം വായിക്കുന്നു. കൊരിന്തിലെ സഭയ്ക്ക് തുടക്കത്തിൽ പൗലോസിനെ ഒരു അപ്പൊസ്തലനായി അംഗീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പൗലോസ് അവരോടൊപ്പം ഏകദേശം രണ്ട് വർഷം താമസിച്ചു, അവരെ പഠിപ്പിക്കുകയും അവിടെ ഒരു സഭ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷവും അവൻ അവർക്ക് ലേഖനം എഴുതുന്നത് തുടർന്നു.

കാലക്രമേണ, ചില വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകന്മാരും സഭയിൽ നുഴഞ്ഞുകയറി പലരെയും വഞ്ചിക്കുകയുണ്ടായി. സാത്താന്‍റെ ചില അനുയായികൾ സഭയിൽ പ്രവേശിച്ച് പൗലോസിന്‍റെ അപ്പോസ്തലത്വത്തെ ആക്രമിക്കാൻ തുടങ്ങി. പൗലോസ് യഥാർത്ഥത്തിൽ ഒരു അപ്പോസ്തലനല്ലെന്നും, മറിച്ച് ഒരു നുണയനും വഞ്ചകനുമാണെന്നും, തങ്ങളാണ് യഥാർത്ഥത്തിൽ ദൈവത്താൽ അയയ്ക്കപ്പെട്ടവരെന്നും, തങ്ങൾ പറഞ്ഞത് മാത്രമാണ് സത്യമെന്നും പറഞ്ഞുകൊണ്ട്, അവർ കൊരിന്ത്യയിലെ സഭാംഗങ്ങളെ വശീകരിച്ച്, അവരെ തങ്ങളുടെ ഉപദേശത്തിലേക്ക് തിരിക്കുകയുണ്ടായി.

ഇങ്ങനെ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി പൗലോസ് തന്‍റെ അപ്പോസ്തലത്വത്തെ സമര്‍ത്ഥിക്കുന്നതായി നാം കാണുന്നു. വാസ്തവത്തിൽ ഇതും, കൊരിന്ത്യർക്ക് ലേഖനം എഴുതുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാൽ കൊരിന്ത്യർക്ക് മാത്രമല്ല, നൂറ്റാണ്ടുകളായി ഈ കത്ത് വായിച്ചുകൊണ്ടിരുന്ന സകല ഭക്തന്മാര്‍ക്കും നിരവധി തെളിവുകളോടെ പൗലോസ് തന്‍റെ അപ്പോസ്തലത്വം തെളിയിച്ചുകൊണ്ടിരിക്കുന്നു.

11-ാം അദ്ധ്യായം മുതൽ, പൗലോസ് പല നിലയിൽ തന്‍റെ അപ്പോസ്തലത്വത്തെയും സത്യസന്ധതയെയും സമര്‍ത്ഥിക്കുന്നു. എന്നാൽ പ്രധാനമായും 2 കൊരിന്ത്യർ 12:12-ൽ, അപ്പോസ്തലന്‍റെ ലക്ഷണങ്ങളെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. “അപ്പൊസ്തലന്‍റെ ലക്ഷണങ്ങൾ പൂർണസഹിഷ്ണുതയിലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ”.

പൗലോസ് പറയുന്നു - 'എന്‍റെ അപ്പോസ്തലത്വം യഥാർത്ഥമാണെന്നതിന്‍റെ മറ്റൊരു തെളിവ് ഞാൻ നിങ്ങളുടെ ഇടയിൽ ചെയ്തിട്ടുള്ള വീര്യപ്രവർത്തികളും, അടയാളങ്ങളും, അത്ഭുതങ്ങളുമാണ്. ഇവയെ പൗലോസ്, ‘അപ്പോസ്തലന്‍റെ ലക്ഷണങ്ങൾ’ എന്ന് വിളിക്കുന്നു. ഇതിനർത്ഥം എല്ലാവർക്കും ഇത് ചെയ്യാൻ കഴിയില്ല എന്നാണ്. എല്ലാവർക്കും ചെയ്യാൻ കഴിയുമെങ്കിൽ, അവ എങ്ങനെയാണ് അപ്പോസ്തലന്‍റെ ലക്ഷണങ്ങളാവുക? എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിനെക്കാൾ, ഈ സന്ദർഭത്തിൽ പൗലോസ്, തനിക്കും കള്ള അപ്പോസ്തലന്മാർക്കും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ട്, ഈ കള്ള അപ്പോസ്തലന്മാർക്ക് ഇപ്രകാരം അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുന്നു. ഇത് അപ്പോസ്തലന്മാർക്ക് മാത്രമുള്ള അടയാളമാണ്. മറ്റൊരു വിധത്തിൽ ഇങ്ങനെ പറയാൻ സാധിക്കും, ദൈവം അപ്പോസ്തലന്മാരായി നിയമിച്ചവർക്ക് അടയാളങ്ങളും അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്യാനുള്ള കഴിവ് നൽകിയതിലൂടെ അങ്ങനെയുള്ളവർ മാത്രമാണ് യാഥാർത്ഥ അപ്പോസ്തലന്മാർ എന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തത്.

ഇക്കാലത്ത്, നിരവധി പ്രസംഗകർ തങ്ങളെത്തന്നെ അപ്പോസ്തലന്മാരാണെന്ന് പ്രഖ്യാപിക്കുകയും, അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചില ക്രിസ്തീയ വിഭാഗങ്ങളിൽപ്പെട്ടവർ ഇങ്ങനെയാണ് വാദിക്കുന്നത് – “ഓരോ ക്രിസ്ത്യാനിയും ഒരു അപ്പോസ്തലനാണ്. അപ്പോസ്തലന്മാർ ചെയ്ത കാര്യങ്ങളെല്ലാം ഓരോരുത്തരും ചെയ്യണം. അപ്പോസ്തലന്മാർ പ്രകടിപ്പിച്ച ആ മനുഷ്യാതീതമായ ശക്തിയും സാമര്‍ത്യവും പ്രകടിപ്പിക്കണം.” ഈ അഭിപ്രായത്തോട് വിയോജിക്കുന്നവർക്കെതിരെ നടത്തുന്ന ആരോപണങ്ങൾ എന്തെന്നാൽ? – “അപ്പോസ്തലന്മാർ ചെയ്തതെല്ലാം, തീർച്ചയായും അവർ ചെയ്തതുപോലെ തന്നെ ചെയ്യണമെന്ന് നിങ്ങൾ സമ്മതിക്കുന്നില്ലെങ്കില്‍, നിങ്ങൾ മറ്റൊരു ദൈവത്തെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ തന്‍റെ ശക്തിയും സാമര്‍ത്യവും നഷ്ടപ്പെട്ട ഒരു ദൈവമാണ് അവൻ. അങ്ങനെ തന്‍റെ ശക്തിയും സാമര്‍ത്യവും നഷ്ടപ്പെട്ട ഒരു ദൈവത്തെ ആരെങ്കിലും ആരാധിക്കാൻ ആഗ്രഹിക്കുമോ? ബൈബിളിൽ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിയ ദൈവത്തിന് തന്‍റെ ശക്തി നഷ്ടപ്പെട്ടോ? ഇന്നലെയും ഇന്നും എന്നെന്നേയ്ക്കും അനന്യൻ ആയിരിക്കുന്ന ദൈവത്തിൽ നിങ്ങൾക്ക് വിശ്വാസമില്ല. കഴിഞ്ഞ രണ്ടായിരം വർഷമായി ഒരു അത്ഭുതവും ചെയ്യാത്ത ഒരു ദൈവത്തെ ആരാധിക്കാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?”

ഇങ്ങനെയുള്ള ആരോപണങ്ങളെല്ലാം ഉന്നയിച്ചുകൊണ്ട് അവർ വിശ്വാസികളെ ഭയപ്പെടുത്തി, 'അതെ, അത് സത്യമാണ്, ദൈവം മാറ്റമില്ലാത്തവനാണ്, അതിനാൽ യേശുക്രിസ്തുവിന്‍റെയും അപ്പോസ്തലന്മാരുടെയും കാലത്ത് അവൻ ചെയ്തതെല്ലാം ഇന്ന് നമ്മിലൂടെയും അവന് ചെയ്യാൻ കഴിയുക തന്നെ ചെയ്യും. ഒരിക്കൽ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു ദൈവത്തിന് ഇപ്പോൾ അങ്ങനെ ചെയ്യാൻ കഴിയില്ലേ? തീർച്ചയായും അവന് കഴിയും. എല്ലാ വിശ്വാസികൾക്കും അങ്ങനെ ചെയ്യാൻ കഴിയണം. അല്ലെങ്കിൽ, നാം ദൈവത്തെ കഴിവില്ലാത്തവനായി ചിത്രീകരിക്കുകയായിരിക്കും ചെയ്യുന്നത്’ എന്ന് അവരെ സമ്മതിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങളെയെല്ലാം എതിർത്തു കൊണ്ട് സത്യത്തിനുവേണ്ടി ഉറച്ചുനിൽക്കാൻ വചനമെന്ന ആയുധം ഉപയോഗിച്ച് പോരാടാൻ ഓരോ വിശ്വാസിയും തയ്യാറാകണം.

ടിവി പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ പഠിപ്പിക്കൽ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നു. ഈ തലമുറയിലെ പലരും ഈ വിഷയത്തില്‍ എന്താണ് സത്യം, എന്താണ് വ്യാജം എന്ന് നിർണ്ണയിക്കാൻ കഴിയാത്ത ആശയക്കുഴപ്പത്തിലാണ് ഉള്ളത്. തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ നമുക്ക് ശ്രമിക്കാം.

ആദ്യമായി അപ്പോസ്തലന്മാർ ആരായിരുന്നു? അവരുടെ പങ്ക് എന്താണ്? അവർ എന്തിനാണ് നിയമിക്കപ്പെട്ടത് എന്നിവ അറിയുക എന്നത് പ്രധാനപ്പെട്ട വിഷയമാണ്? ‘അപ്പോസ്തലൻ’ എന്നാൽ ‘അയയ്ക്കപ്പെട്ടവൻ’ എന്നാണ് അർത്ഥമാക്കുന്നത്. ‘ദൂതൻ’ എന്നോ അല്ലെങ്കിൽ ‘സന്ദേശവാഹകൻ’ എന്നോ വിളിക്കാൻ സാധിക്കും. ഒരു ദൗത്യത്തിനായി അയയ്ക്കപ്പെടുന്ന ആരെയും അപ്പോസ്തലൻ എന്ന് പറയാന്‍ സാധിക്കും. യേശുക്രിസ്തുവും ഒരു ദൗത്യത്തിനായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവന്‍ ആയതുകൊണ്ട് എബ്രായർ 3:1-ൽ അവനെ ‘അപ്പോസ്തലൻ’ എന്ന് വിളിച്ചിരിക്കുന്നു.

എന്നാൽ പുതിയനിയമത്തിൽ, ഈ അതുല്യമായ പദവി കർത്താവായ യേശുവിനെ കൂടാതെ 14 പേർക്ക് കൂടി നൽകപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേകമായ ഉദ്ദേശ്യത്തോടെ ആ 14 പേർക്ക് മാത്രമാണ് ആ പേര് നൽകപ്പെട്ടത്. അതെ, ഞാൻ 14 പേരെന്നാണ് പറയുന്നത്. ‘അതെങ്ങനെ ശരിയാകും, അപ്പോസ്തലന്മാർ പന്ത്രണ്ട് പേർ മാത്രമല്ലേ ഉള്ളൂ?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. തീർച്ചയായും, ലൂക്കോസ് 6:13-ൽ നാം ഇങ്ങനെ വായിക്കുന്നു, “അവൻ തന്‍റെ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പോസ്തലന്മാർ എന്ന്‍ പേർ വിളിച്ചു.” എന്നാല്‍ യേശുവിനെ ഒറ്റിക്കൊടുക്കുകയും തൂങ്ങിമരിക്കുകയും ചെയ്തതിലൂടെ യൂദാ ഒരു അപ്പോസ്തലനായിരിപ്പാൻ അയോഗ്യനാക്കപ്പെട്ടു. മത്തിയാസ് അദ്ദേഹത്തിന്‍റെ സ്ഥാനത്ത് നിയമിക്കപ്പെട്ടു (പ്രവൃത്തികൾ 1:15-26). യൂദായ്ക്കു പകരം മത്തിയാസിനെ പന്ത്രണ്ടാമനായി തിരഞ്ഞെടുത്ത് പതിനൊന്നു പേരോട് കൂടെ ചേർത്തതിലൂടെ പന്ത്രണ്ട് അപ്പോസ്തലന്മാർ ഉണ്ടായിരിക്കണമെന്നാണ് ദൈവം ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. പിന്നീട് ഈ പദവി പൗലോസിനും നൽകപ്പെട്ടു. അപ്പോൾ മൊത്തത്തിൽ, ഈ 14 പേർക്ക് മാത്രമേ പുതിയനിയമത്തിൽ ‘അപ്പോസ്തലൻ’ എന്ന പദവി നൽകപ്പെട്ടിരുന്നുള്ളൂ. യൂദാസിന് ഈ പദവി നൽകപ്പെട്ടെങ്കിലും, ആ സ്ഥാനത്ത് തുടരാൻ അവൻ അയോഗ്യനായതിനാൽ, യഥാർത്ഥത്തിൽ 13 പേർ മാത്രമേ അപ്പോസ്തലന്മാരായിട്ടുള്ളൂ. ഇവരിൽ പന്ത്രണ്ടു പേർ മാത്രമേ കുഞ്ഞാടിന്‍റെ അപ്പോസ്തലന്മാര്‍ എന്ന് പറയപ്പെടുന്നുള്ളൂ. അവരുടെ പേരുകളാണ് പുതിയ യെരുശലേം നഗരത്തിന്‍റെ മതിലുകളുടെ അടിസ്ഥാനങ്ങളിൽ കാണപ്പെടുന്നത് (വെളിപ്പാട് 21:1,2,14). പൗലോസ് ഈ കുഞ്ഞാടിന്‍റെ അപ്പോസ്തലന്മാരോടൊപ്പം കണക്കാക്കപ്പെടുന്നില്ല – ഏന്തുകൊണ്ടെന്നാൽ 1 കൊരിന്ത്യർ 15:8-9-ൽ പൗലോസ് ഇങ്ങനെ പറയുന്നു- “എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;(പുനരുദ്ധാനം ചെയ്ത യേശു ക്രിസ്തു ) ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല.” ഒരു പ്രത്യേക ദൗത്യത്തിനായി പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു അപ്പോസ്തലനായിരുന്നു പൗലോസ് എന്നത് വ്യക്തമാണ്.

അതുകൊണ്ട്, ഈ 13 അപ്പോസ്തലന്മാരെയും രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഒന്ന്, കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാർ (പന്ത്രണ്ടാമത്തേത് മത്ഥിയാസ്), രണ്ടാമത്തേത്, ഒരു പ്രത്യേക അപ്പോസ്തലനായി നിയമിക്കപ്പെട്ട പൗലോസ്.

ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ അവരെ ഉപയോഗിച്ച വിധം വളരെ സവിശേഷമായിരുന്നു. ദൈവം അവർക്ക് ഒരു പ്രത്യേക ദൗത്യം നൽകി. അത് അവർ മാത്രമാണ് ചെയ്ത് പൂർത്തിയാക്കിയത്. അതിനുശേഷം മറ്റാരും ആ ജോലി ചെയ്യേണ്ട ആവശ്യമില്ല, അടുത്ത തലമുറയിലെ ആർക്കും പത്രോസ് പറഞ്ഞ യോഗ്യതകൾ ഉണ്ടാകാനുള്ള സാധ്യതയുമില്ല. യഥാർത്ഥ അർത്ഥത്തിൽ ഇവർ മാത്രമാണ് എല്ലായ്പ്പോഴും അപ്പോസ്തലന്മാർ.

തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ, മറ്റുള്ളവരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്ന ലക്ഷണങ്ങളും അടയാളങ്ങളും നമുക്ക് കാണാൻ കഴിയും. അവ കുറഞ്ഞത് ആറ് എങ്കിലും ഉണ്ട്. ആ അടയാളങ്ങൾ അവർക്ക് മാത്രമുള്ളതാണ്, മറ്റാരിലും അവ കാണപ്പെടുന്നില്ല. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒരു അപ്പോസ്തലന്‍റെ ആറ് അടയാളങ്ങൾ

ആദ്യത്തെ അടയാളം, അപ്പോസ്തലൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരിക്കണം.

ചില ആളുകള്‍ ചർച്ച ചെയ്ത് ആ പ്രത്യേക വ്യക്തി അപ്പോസ്തലനാണെങ്കിൽ നല്ലതായിരിക്കുമെന്നും, അദ്ദേഹമാണെങ്കിൽ ഈ വേല ഫലപ്രദമായി ചെയ്യുമെന്നും പറഞ്ഞ്, എല്ലാവരും ചേർന്ന് അയാളെ ഒരു അപ്പോസ്തലനായി നിയമിക്കുന്നതല്ല. ഒരു തിരഞ്ഞെടുപ്പ് നടത്തി ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തിയെ അപ്പോസ്തലനായി നിയമിക്കുന്നതും അല്ല. ഒരാളെ അപ്പോസ്തലനായി നിയമിക്കുന്നത് മനുഷ്യർ ചെയ്യുന്ന വേല അല്ല. ദൈവം തന്നെയാണ് ഒരാളെ അപ്പോസ്തലനായി തിരഞ്ഞടുക്കുന്നത്.

1 കൊരിന്ത്യർ 1:1-ൽ, “ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട” പൗലോസ് എന്ന് പറഞ്ഞിരിക്കുന്നു. ഇതേ കാര്യം 2 കൊരിന്ത്യർ 1:1, എഫെസ്യർ 1:1, കൊലൊസ്സ്യർ 1:1, 2 തിമൊഥെയൊസ് 1:1 എന്നീ വാക്യങ്ങളിലും പൗലോസ് പറയുന്നുണ്ട്. ഗലാത്യർ 1:15,16 വാക്യങ്ങളിൽ ഇത് കൂടുതൽ വിശദമായി പറഞ്ഞിരിക്കുന്നു. “എങ്കിലും എന്‍റെ ജനനംമുതൽ എന്നെ വേർതിരിച്ച് തന്‍റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോട് ആലോചിക്കയോ…” അതായത്, ഈ കാര്യത്തിൽ എല്ലാ മഹത്വവും താന്‍ ദൈവത്തിനാണ് അവൻ നൽകുന്നത്. അവൻ ജനിക്കുന്നതിനു മുമ്പുതന്നെ, അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ, അവനെ ക്രിസ്തുവിന്‍റെ അടുത്തേക്ക് വിളിച്ചതും, തന്‍റെ വേലയ്ക്കായി വേർതിരിച്ചതും ജാതികളുടെ അപ്പോസ്തലനായി നിയമിച്ചതും ദൈവമാണ്. 1 തിമോത്തി 1:1-ൽ പൗലോസ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നു – “നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും കല്പന പ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലോസ്...”.

യൂദാ ഉൾപ്പെടെ ഈ 14 പേരെ ദൈവം അനാദികാലം മുതൽ തന്നെ തിരഞ്ഞെടുത്തു. പഴയനിയമത്തിലും യൂദയെക്കുറിച്ച് പ്രവചനാത്മകമായി പരാമർശിച്ചിട്ടുണ്ട്. ദൈവം തന്നെയാണ് തന്‍റെ സർവ്വാധികാരത്താൽ അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തു എന്നത് വ്യക്തമാണ്. ഇതാണ് ആദ്യത്തെ അടയാളം.

രണ്ടാമത്തെ അടയാളം, അപ്പോസ്തലൻ യേശുക്രിസ്തുവിനാല്‍ നിയമിക്കപ്പെട്ട ആളായിരിക്കണം

തിരഞ്ഞെടുക്കുന്നത് ദൈവമാണ്, എന്നാൽ നിയമിക്കുന്നത് യേശുക്രിസ്തുവാണ്. മർക്കോസ് 3:14-ൽ, യേശു തന്നോടൊകൂടെ ഇരിപ്പാൻ പന്ത്രണ്ടുപേരെ നിയമിച്ചു. 16-19 വാക്യങ്ങളിൽ അവരുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവർ അപ്പോസ്തലന്മാരായിരിപ്പാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. യേശു നരരൂപിയായി വന്ന ദൈവമായതു കൊണ്ട് അവന് എല്ലാം അറിയാമെന്ന് വായനക്കാരോട് പ്രത്യേകമായി പറയേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരുന്ന യേശു, ആ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടിരുന്നവരെയാണ് അപ്പോസ്തലന്മാരായി നിയമിച്ചത്.

യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു – “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല;...ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു (ദൈവമായതുകൊണ്ട്) നിയമിച്ചു.” പ്രവൃത്തികൾ 20:24-ൽ പൗലോസ് തന്‍റെ ശുശ്രൂഷയെ "കർത്താവായ യേശു തന്ന ശുശ്രൂഷ" എന്ന് പറഞ്ഞിരിക്കുന്നു. കൂടാതെ, റോമർ 1:6-ൽ, താൻ കർത്താവായ യേശുക്രിസ്തുവിൽ നിന്ന് അപ്പോസ്തലത്വം പ്രാപിച്ചുവെന്ന് അദ്ദേഹം പറയുന്നു. ലൂക്കോസ് 6:13-ൽ നാം ഇങ്ങനെ വായിക്കുന്നു, “നേരം വെളുത്തപ്പോൾ അവൻ (യേശു) ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.” ഒരു വ്യക്തിയെ അപ്പോസ്തലൻ എന്ന് വിളിക്കണമെങ്കിൽ, ആദ്യം അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെടണം (തിരഞ്ഞെടുക്കപ്പെട്ടവർ ആരാണെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു). രണ്ടാമതായി, ദൈവത്തിന്‍റെ സർവ്വാധികാര തിരഞ്ഞെടുപ്പിനനുസരിച്ച് ക്രിസ്തു തന്നെ അവരെ നിയമിക്കണം.

മൂന്നാമത്തെ ലക്ഷണം, അപ്പോസ്തലൻ യേശുക്രിസ്തുവിനെ നേരില്‍ കണ്ട ഒരു ദൃക്‌സാക്ഷി ആയിരിക്കണം.

അതിനർത്ഥം അവനുമായി കൂട്ടായ്മയിൽ ഉള്ള ആളായിരിക്കണം എന്നാണ്. എന്നാല്‍ യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ടുപേരും അവസാനം വരെ വിശ്വസ്തരായി നിലകൊണ്ടില്ല. അവരിൽ ഒരാൾ യേശുവിനെ ഒറ്റിക്കൊടുക്കാൻ ആഗ്രഹിച്ചു. അവനാണ് യൂദാ ഈസ്‌കര്യോത്താ. അവൻ അപ്പോസ്തലന്മാരോടൊപ്പം ആയിരുന്നിട്ടും, അവൻ ഒരു അവിശ്വാസിയായിരുന്നു. അവൻ കർത്താവിനെ പിന്തുടരുന്നതായി തോന്നിയെങ്കിലും, അവന്‍ ദുഷ്ട ഹൃദയം ഉള്ളവനായിരുന്നു.അവന്‍ ഒരു അത്യാഗ്രഹിയായിരുന്നു. പണത്തെയും അധികാരത്തെയും അധികമായി സ്നേഹിച്ച വ്യക്തിയായിരുന്നു. യേശു മിശിഹ ആയതിനാൽ, അവന്‍ റോമൻ സാമ്രാജ്യത്തെ അട്ടിമറിക്കുമെന്നും, യിസ്രായേലിന് വീണ്ടെടുപ്പ് നൽകുമെന്നും, തന്‍റെ രാജ്യം സ്ഥാപിക്കുമെന്നും യൂദാ കരുതി. വരും നാളുകളിൽ യേശു യെരൂശലേമിൽ സിംഹാസനസ്ഥനാകുകയും രാജാവായി യിസ്രായേലിനെ ഭരിക്കുകയും ചെയ്യുമെന്നതിനാൽ, യേശുവിൽ നിന്ന് തനിക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് വിശ്വസിച്ചതുകൊണ്ടായിരിക്കാം അവൻ അപ്പോസ്തലന്മാരുടെ കൂട്ടത്തിൽ ചേർന്നത്. യൂദാസിനെക്കുറിച്ച് യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു “യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. (യോഹന്നാൻ 6:70). യൂദാ ഒരിക്കലും മാനസാന്തരപ്പെട്ടിട്ടില്ല, ഒരിക്കലും യേശുവിന് സ്വയം സമർപ്പിച്ചതുമില്ല.

എന്നാല്‍ യൂദാ യേശുവിനെ ചതിച്ച ശേഷം അവന്‍റെ ഹൃദയം പശ്ചാത്താപത്താല്‍, അപമാനത്താല്‍ നിറഞ്ഞു. അതുകൊണ്ട് യിസ്രായേലിലെ മൂപ്പന്മാരിൽ നിന്നും വാങ്ങിയ 30 വെള്ളിക്കാശ് തിരികെ നൽകാൻ അവൻ ആഗ്രഹിച്ചു, പക്ഷേ അവർ അത് നിരസിച്ചു. അവൻ അവയെ ദൈവാലയത്തിൽ തന്നെ വലിച്ചെറിഞ്ഞിട്ട്, പോയി കെട്ടിഞാന്ന് ചത്തുകളഞ്ഞു. ആ വെള്ളി നാണയങ്ങൾ രക്തം ചൊരിയിക്കാന്‍ വേണ്ടി ചെലവഴിച്ചതായതിനാൽ യിസ്രായേലിലെ പ്രമാണിമാർ അവയെ തൊട്ടില്ല. അവയെ കൊണ്ട് ഒരു നിലം വാങ്ങി, ആ നിലത്തിന് രക്തനിലം എന്ന് പേരിട്ടു.

പന്ത്രണ്ടുപേരിൽ ഒരാൾ കുറഞ്ഞതിനാൽ മറ്റൊരാൾ ആ സ്ഥാനത്തേക്ക് വരണം. ആ പ്രക്രിയ എങ്ങനെ നടന്നു എന്ന് മനസ്സിലാക്കാൻ, അപ്പോ. .പ്രവൃത്തികൾ 1 ആം അധ്യായത്തിലെ സംഭവങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്. ഏകദേശം 120 പേർ ഒരുമിച്ചുകൂടിയപ്പോൾ, പത്രോസ് അവരുടെ നടുവിൽ എഴുന്നേറ്റു നിന്ന് ഇങ്ങനെ പറഞ്ഞു:‌ “സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.” പഴയനിയമത്തിൽ യൂദയെക്കുറിച്ച് പ്രവചിക്കപ്പെട്ടിട്ടുണ്ട് (സങ്കീർത്തനം 41:9). "അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ" (വാക്യം 17). "അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു..." ഇതിനർത്ഥം യൂദാ യഥാർത്ഥത്തിൽ അത് വാങ്ങി എന്നല്ല, മറിച്ച് യൂദാ യിസ്രായേലിലെ പ്രമാണിമാർക്ക് തിരികെ നൽകിയ വെള്ളി നാണയങ്ങൾ കൊണ്ട് വാങ്ങിയ നിലം എന്നാണ് അർത്ഥമാക്കേണ്ടത്. അവൻ പോയി തൂങ്ങിമരിച്ചു. അതുമാത്രമല്ല, മരക്കൊമ്പ് ഒടിഞ്ഞതിനാലോ കയർ പൊട്ടിയതിനാലോ "അവൻ തലകീഴായി വീണു". അവൻ വളരെ ഉയരത്തിൽ നിന്ന് വീണതായിരിക്കണം, ഒരുപക്ഷേ അടിയിൽ പാറകൾ ഉണ്ടായിരുന്നതുകൊണ്ടാകാം, “ നടുവെ പിളര്‍ന്ന് അവന്‍റെ കുടലെല്ലാം തുറിച്ചു പോയത്” (വാക്യം 18). അവന്‍റെ ദുഷ്ടത എത്ര വലുതായിരുന്നോ അത്രയും ഭയാനകമായിരുന്നു അവന്‍റെ മരണവും.

“അത് യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർഥമുള്ള അക്കല്ദാമാ എന്നു പേർ ആയി”. (വാക്യം 19) സങ്കീർത്തനം 109:8-ൽ ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “അവന്‍റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.”

ഈ പ്രവചനം പൂർണ്ണമായും നിറവേറേണ്ടതാണ് എന്ന് പത്രോസ് ചിന്തിച്ചിരിക്കാം, അതുകൊണ്ടാണ് താന്‍, “ആകയാൽ കർത്താവായ യേശു യോഹന്നാന്‍റെ സ്നാനംമുതൽ നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” എന്ന് പറഞ്ഞത്. (വാക്യം 21,22 )

അതുകൊണ്ട് ഒരു വ്യക്തിയെ അപ്പോസ്തലനായി നിയമിക്കണമെങ്കിൽ, അയാൾ സ്നാപക യോഹന്നാൻ യേശുവിന് സ്നാനം നൽകിയ സമയം മുതൽ യേശുവിന്‍റെ പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും വരെ അവനോടൊപ്പം ഉണ്ടായിരുന്ന ആളായിരിക്കണം. അതായത് യേശു ശുശ്രൂഷ ചെയ്ത കാലമത്രയും അവനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരിക്കണം.

“അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി, (23) ഇങ്ങനെ പ്രാർത്ഥിച്ചു. അവർ, “നീ തിരഞ്ഞെടുത്തയാളെ ഞങ്ങൾക്ക് കാണിച്ചുതരേണമേ ” എന്നാണ് പ്രാർത്ഥിച്ചത്. വീണ്ടും ഒന്നാമത്തെ നിയമം ഈ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം ദൈവമാണ് ഒരാളെ അപ്പോസ്തലനായി തിരഞ്ഞെടുക്കുന്നത്. രണ്ടുപേരും നല്ല ആളുകളാണ്, പക്ഷേ ദൈവത്തിന്‍റെ ക്രമീകരണത്തിൽ ആരാണ് ഉള്ളതെന്ന് വെളിപ്പെടുത്താൻ അവർ ദൈവത്തോട് അപേക്ഷിക്കുന്നു – “സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്‍റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്‍റെയും സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർഥിച്ച് അവരുടെ പേർക്കു ചീട്ടിട്ടു; ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (24 -26)

എന്നാല്‍ ഇന്നത്തെ വിശ്വാസികളും ദൈവഹിതം കണ്ടെത്തുന്നതിന് ഈ രീതി സ്വീകരിക്കണമോ, വേണ്ടയോ എന്ന് കണ്ടെത്താൻ, താഴെയുള്ള ലിങ്കുകൾ വഴി ‘ദൈവഹിതം കണ്ടെത്തൽ - ഭാഗം – 1 & ദൈവഹിതം കണ്ടെത്തൽ - ഭാഗം – 2’ വായിക്കുക.

യൂദായെ സംബന്ധിച്ചിടത്തോളം, യേശു ജീവിച്ച അത്രയും കാലം യൂദാ യേശുവിനോടൊപ്പമുണ്ടായിരുന്നു, പക്ഷേ അവൻ യേശുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചില്ല. യേശു ജീവിച്ച അത്രയും കാലം അവനോടൊപ്പം ഉണ്ടായിരുന്നതിനാൽ യൂദയെ ഒരു അപ്പോസ്തലൻ എന്ന് വിളിക്കാൻ സാധിക്കും. പക്ഷേ അവസാനം വരെ അവൻ നിലനിന്നില്ല. ദൈവം മത്ഥിയാസിനെ അദ്ദേഹത്തിന് പകരമായി നിയമിച്ചു, അങ്ങനെ അപ്പോസ്തലന്മാരുടെ എണ്ണം വീണ്ടും 12 ആയി. എല്ലാവരും യേശുവിന്‍റെ മുഴുവൻ ജീവിതത്തിനും പുനരുത്ഥാനത്തിനും ദൃക്‌സാക്ഷികളായിരുന്നു.

പത്രോസ് അപ്പൊ.പ്രവൃത്തികൾ 10-ൽ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചു കൊണ്ട്, “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നുകൊണ്ട് അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയും കൊണ്ട് സഞ്ചരിച്ചതുമായ വിവരം നിങ്ങൾ തന്നെ അറിയുന്നുവല്ലോ. യെഹൂദ ദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിന്നും ഞങ്ങൾ (അപ്പോസ്തലന്മാരായി നിയമിക്കപ്പെട്ട ഞങ്ങൾ) സാക്ഷികളാണ്”. (10:38,39) ഞങ്ങൾ എപ്പോഴും യേശുവിനോടു കൂടെ ആയിരുന്നവരും, സകലവും ഞങ്ങളുടെ സ്വന്തം കണ്ണുകളാൽ കണ്ടവരുമാണെന്ന് പറഞ്ഞിരിക്കുന്നു. “അവനെ അവർ മരത്തിൻ മേൽ തൂക്കിക്കൊന്നു. ദൈവം അവനെ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്പിച്ചു. സകല ജനത്തിനുമല്ല... ദൈവം മുൻകൂട്ടി നിയമിച്ച സാക്ഷികളായ ഞങ്ങൾക്ക് തന്നെ പ്രത്യക്ഷനാക്കിതന്നു.” (40,41)

തീർച്ചയായും, ഉയിർത്തെഴുന്നേറ്റ യേശു എല്ലാവർക്കും പ്രത്യക്ഷപ്പെട്ടില്ല, മറിച്ച് ദൈവത്താൽ മുൻകൂട്ടി തിരഞ്ഞെടുക്കപ്പെട്ട സാക്ഷികൾക്ക് മാത്രമാണ് പ്രത്യക്ഷപ്പെട്ടെതെന്ന പത്രോസിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത് ദൈവം അവരെ മുൻകൂട്ടി തിരഞ്ഞെടുത്തിരുന്നു എന്നാണ്. ലോക സ്ഥാപനത്തിനു മുമ്പുതന്നെ, അവർ ജനിക്കുന്നതിനു മുമ്പുതന്നെ, ദൈവം തന്‍റെ സർവ്വാധികാര ഹിതപ്രകാരം ഈ അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തു. യേശു അവരെ വിളിക്കുകയും അഭിഷേകം ചെയ്യുകയും ചെയ്തു. “അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം അവർ അവനോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയമിച്ചവൻ ഇവൻ തന്നെയാണെന്ന് ജനത്തോട് പ്രസംഗിക്കാനും സാക്ഷ്യപ്പെടുത്താനും അവൻ ഞങ്ങളോട് കല്പിച്ചു.” (41,42)

അതുകൊണ്ട് ഒരു വ്യക്തിയെ അപ്പോസ്തലൻ എന്ന് വിളിക്കണമെങ്കിൽ - ആദ്യം അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായിരിക്കണം, യേശുവിനാൽ നിയമിക്കപ്പെട്ട ആളായിരിക്കണം. മൂന്നാമതായി, യേശു ജീവിച്ചിരുന്നപ്പോൾ അവന്‍റെ ശുശ്രൂഷയ്ക്കും പുനരുത്ഥാനത്തിനും സാക്ഷ്യം വഹിച്ച ദൃക്‌സാക്ഷി ആയിരിക്കണം.

അപ്പോള്‍ പൗലോസിന്‍റെ കാര്യമോ? താനും ഒരു അപ്പോസ്തലനല്ലേ? ഈ നിയമങ്ങളെല്ലാം തനിക്കും ബാധകമല്ലേ? തീർച്ചയായും ബാധകമാണ്. മത്തിയാസ് പതിമൂന്നാമന്‍ ആണെങ്കില്‍ പൗലോസ് പതിനാലാമനാണ്. 1 കൊരിന്ത്യര്‍ 15:4-8 ല്‍ നാം ഇങ്ങനെ വായിക്കുന്നു, “തിരുവെഴുത്തുകളിൻപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു (അവൻ കല്ലറയിൽ നിന്ന് പുറത്തുവന്നു) കേഫാവിനും (അതായത് പത്രോസിന്‍റെ മറ്റൊരു പേര്) പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി (ആദ്യം പത്രോസിനും പിന്നെ പന്ത്രണ്ടു പേരിൽ എല്ലാവർക്കും) എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതുതന്നെ നിങ്ങൾക്ക് ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിനും (യേശു ക്രിസ്തുവിന്‍റെ സഹോദരൻ) പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി…”

അപ്പോൾ പൗലോസ് ഒരു അപ്പോസ്തലനല്ലേ. ഉയിർത്തെഴുന്നേറ്റ യേശുവിനെ, കല്ലറയിൽ നിന്ന് പുറത്തുവന്ന ക്രിസ്തുവിനെ പൗലോസ് നേരിട്ട് കണ്ടു. ഒരു വ്യക്തി അപ്പോസ്തലൻ എന്ന് വിളിക്കപ്പെടാൻ ആവശ്യമായ എല്ലാ യോഗ്യതകളും പൗലോസിനുണ്ടായിരുന്നു. യിസ്രായേൽ ദേശത്തോ യെരുശലേമിലോ അല്ല പൗലോസ് യേശുവിനെ കണ്ടത്. യേശു തന്‍റെ ശുശ്രൂഷ ചെയ്ത കാലത്തിലുടനീളം, യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനപ്പെടുത്തിയതു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സമയത്ത്, മറ്റ് അപ്പോസ്തലന്മാർ കണ്ടതുപോലെ പൗലോസ് യേശുവിനെ കണ്ടില്ല. എന്നാൽ വളരെ പ്രത്യേകമായ ഒരു വിധത്തിൽ, പൗലോസ് ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടു.
പൌലോസ് താൻ “അകാല പ്രജ” എന്നു പറയുന്നതിനോടൊപ്പം “ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ: ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പോസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എങ്കിലും ഞാൻ ആയിരിക്കുന്നത് ദൈവകൃപയാൽ ആകുന്നു” (9,10) എന്നും പറഞ്ഞിരിക്കുന്നു.

അങ്ങനെ, ജീവിച്ചിരിക്കുന്ന പന്ത്രണ്ടു പേരോടൊപ്പം,ഇപ്പോള്‍ ഒരു പ്രത്യേകമായ അപ്പോസ്തലനും ചേർക്കപ്പെട്ടു. ആ വേലയ്ക്ക് പൗലോസ് യോഗ്യനാണെന്ന് പരിഗണിക്കപ്പെടേണ്ടതിന് കർത്താവ് തന്നെത്തന്നെ അവന് വെളിപ്പെടുത്തി. അപ്പൊ.പ്രവൃത്തികൾ 9-ൽ നാം വായിക്കുന്നതുപോലെ, ദമാസ്കസിലേക്കുള്ള വഴിയിൽ അവൻ പൗലോസിന് പ്രത്യക്ഷപ്പെട്ടു. ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ പൗലോസ് ദമാസ്കസിലേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ, ദൈവം സിംഹാസനസ്ഥനായ ക്രിസ്തുവിനെ പൗലോസിന്‍റെ അടുക്കലേക്ക് അയച്ചു, ക്രിസ്തു പൗലോസിന് പ്രത്യക്ഷപ്പെട്ടു. പൗലോസ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടു. പൗലോസ് ക്രിസ്തുവിനെ ഈ ഒരു പ്രാവശ്യം മാത്രമല്ല, മൂന്ന് പ്രാവശ്യം കണ്ടതായി പ്രവൃത്തികളുടെ പുസ്തകത്തിൽ നാം വായിക്കുന്നു.

എന്നാൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ആരെയാണ് അപ്പോസ്തലൻ എന്ന് വിളിക്കേണ്ടത് എന്നതാണ്? ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരെയും, ക്രിസ്തുവിനാൽ നിയമിക്കപ്പെട്ടവരെയും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിട്ട് കണ്ടവരെയും മാത്രമേ അപ്പോസ്തലന്മാർ എന്ന് വിളിക്കാൻ കഴിയൂ.

നാലാമത്തെ അടയാളം, അപ്പൊസ്തലൻ ദൈവം നൽകിയ പ്രത്യേക ശക്തിയും കഴിവുകളും ഉള്ള വ്യക്തി ആയിരിക്കണം.

ഇതുവരെ, ഈ പതിനാല് പേരെ മാത്രം അപ്പോസ്തലന്മാരായി അംഗീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം കണ്ടു. ഇനിയും അവർക്ക് മാത്രം ചെയ്യാൻ കഴിയുന്നതും അവർ ചെയ്തിട്ടുള്ളതുമായ ചില കാര്യങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തിലും ഒരു വ്യക്തിയെ അപ്പോസ്തലനായി തിരിച്ചറിയാൻ സാധിക്കും. ശുശ്രൂഷയുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുകയുണ്ടായി.

എ) മർക്കോസ് 3:14 ൽ നാം വായിക്കുന്നു – “അവൻ തന്നോടു കൂടെ ഇരിക്കേണ്ടതിന് ... പന്തിരുവരെ നിയമിച്ചു” അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തിൽ നാം ഇതിനോടകം വായിച്ചതുപോലെ, ഒരു അപ്പോസ്തലൻ ക്രിസ്തുവിനോടൊപ്പം ആയിരിക്കണം. അവനോടൊപ്പം നടക്കണം, അവനോട് സംസാരിക്കണം, അവനോടൊപ്പം ഭക്ഷണം കഴിക്കണം, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അവനോടൊപ്പം ആയിരിക്കണം, അവനെ അടുത്തു നിരീക്ഷിക്കണം, അവനെ അനുഗമിക്കണം, അവനെ അനുസരിക്കണം. അവനെപ്പോലെ എങ്ങനെ ജീവിക്കണമെന്ന് പഠിക്കണം. അവരുടെ ജീവിതം അവന്‍റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാകണം. പൗലോസും ക്രിസ്തുവിന്‍റെ മൂന്ന് മഹത്വകരമായ വെളിപ്പാടുകള്‍ കണ്ടു. വളരെ പ്രത്യേകമായ ഒരു രീതിയിൽ, പൗലോസിന് കർത്താവുമായി ഒരു നല്ല ആത്മീയ ബന്ധവും ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള ആത്മീയ പരിജ്ഞാനത്തിൽ താന്‍ അഭിവൃദ്ധി പ്രാപിച്ചതിന്‍റെ ഒരു പ്രധാന കാരണം കർത്താവുമായുള്ള തന്‍റെ വ്യക്തിപരമായ ബന്ധമായിരുന്നു. മറ്റ് അപ്പോസ്തലന്മാർ കർത്താവുമായുള്ള വ്യക്തിപരമായ കൂട്ടായ്മയിൽ ഏകദേശം മൂന്ന് വർഷം ചിലവഴിക്കുകയും അപ്പോസ്തലിക ശുശ്രൂഷയ്ക്കായി ഒരുങ്ങുകയും ചെയ്തതുപോലെ, പൗലോസും അറേബ്യൻ മരുഭൂമികളിൽ ഏകദേശം മൂന്ന് വർഷം ചിലവഴിക്കുകയും അപ്പോസ്തലിക ശുശ്രൂഷയ്ക്കായി ഒരുങ്ങുകയും ചെയ്തു (ഗലാത്യർ 1:15-17). ഒരു അപ്പോസ്തലൻ ചെയ്യേണ്ട ആദ്യത്തെ കാര്യം അവന്‍ കർത്താവിനോടൊപ്പമായിരുന്ന്‍, അവനെ പോലെ നടക്കാൻ പഠിക്കുക എന്നതാണ്.

ബി) മർക്കോസ് 3:15 – “സുവിശേഷം പ്രസംഗിക്കേണ്ടതിന് അയപ്പാനും.... അവൻ പന്തിരുവരെ നിയമിച്ചു.” സുവിശേഷം പ്രസംഗിക്കുക എന്നത് അപ്പോസ്തലന്‍റെ രണ്ടാമത്തെ ഉത്തരവാദിത്തമാണ്. മത്തായി 28 അനുസരിച്ച്, അവർ സകല ജാതികളെയും ശിഷ്യരാക്കണം. ക്രിസ്തു അവർക്ക് ഉപദേശിച്ച കാര്യങ്ങൾ എല്ലാവരെയും പഠിപ്പിക്കണം. മർക്കൊസ് 16:20 ലും ഇതേ കാര്യം പറഞ്ഞിരിക്കുന്നു. “സകല ജാതികളുടേയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചിരിക്കുന്നു” എന്ന് റോമർ 1:5-ൽ പൗലോസ് പറയുന്നു. ഈ കല്പന അനുസരിച്ചാണ് അപ്പോസ്തലന്മാർ ക്രിസ്തുവിന്‍റെ കൃപയെ പ്രചരിപ്പിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് നീതീകരിക്കപ്പെടുന്നതെന്ന് പ്രഖ്യാപിച്ചു. ഇതാണ് സുവിശേഷം. അപ്പോസ്തലനായ പൗലോസ് സുവിശേഷത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട്, “ആ സുവിശേഷത്തിനു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 1:11) എന്നാണ് പറഞ്ഞത്.

സി) അപ്പോസ്തലന്മാർക്ക് പ്രത്യേകമായി നൽകപ്പെട്ട മറ്റൊരു അധികാരമുണ്ട്. അത് ദുരാത്മാക്കളുടെ മേലുള്ള അധികാരമാണ്. ഇത് അത്ഭുതകരമായ, പ്രത്യേകമായ അധികാരമാണ്. മർക്കോസ് 3:15 “ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു” മത്തായി 10:1 - “…അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്ക് അധികാരം കൊടുത്തു.” കൂടാതെ ലൂക്കോസ് 9:1 - “അവൻ പന്തിരുവരെ (ശിഷ്യന്മാരെ )അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു…” അതുകൊണ്ട്, തിരുവെഴുത്തുകളുടെ സമഗ്രമായ പരിശോധനയിൽ, അപ്പോസ്തലന്മാർക്ക് എല്ലാ ഭൂതങ്ങളുടെയും മേൽ അധികാരം നൽകപ്പെട്ടിരുന്നുവെന്ന് വ്യക്തമാകുന്നു. ഇത് അത്ഭുതകരമായ ഒരു അടയാളമാണ്.

എല്ലാ ഭൂതങ്ങളുടെയും മേൽ സമ്പൂർണ്ണ അധികാരം. സാത്താൻ ഉൾപ്പെടെ എല്ലാത്തരം ഭൂതങ്ങളുടെയും മേൽ സമ്പൂർണ്ണ അധികാരം. ആളുകൾ ഭൂതങ്ങളിൽ നിന്നും വിടുതൽ വേണമെന്ന് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരം അപ്പോസ്തലന്മാർക്ക് നൽകപ്പെട്ടിരുന്നു. ഇങ്ങനെ ഭൂതങ്ങളെ പുറത്താക്കാൻ ഒരു മന്ത്രവും ജപിക്കേണ്ട ആവശ്യമില്ല. ഭൂതബാധിതർ പാപങ്ങൾ ഏറ്റുപറഞ്ഞുള്ള പ്രാർത്ഥനകളോ അനുതാപത്തോടെ കണ്ണീരൊഴുക്കി ചെയ്യുന്ന പ്രാർത്ഥനകളോ നടത്തേണ്ടതില്ല, അവർ അങ്ങനെ ചെയ്യാൻ പറ്റിയ സാഹചര്യത്തിലുമല്ല ഉള്ളത്. വഴിയിലൂടെ നടക്കുമ്പോൾ കണ്ടുമുട്ടുന്ന ഏതൊരു ഭൂതബാധിതനേയും നോക്കി അവനിലുള്ള ഭൂതത്തോട് "അവനെ വിട്ട് പോകൂ" എന്ന് കൽപ്പിക്കാനുള്ള അധികാരം കർത്താവ് അപ്പോസ്തലന്മാർക്ക് നൽകി.

അപ്പോസ്തലന്‍റെ കല്പന അനുസരിക്കാത്ത, അവന്‍റെ വാക്കുകൾ കേൾക്കാത്ത, അവന്‍റെ അധികാരത്തോടു കൂടിയ കല്പന അനുസരിക്കാത്ത ഒരു ഭൂതവുമില്ലെന്ന് പറഞ്ഞാൽ അതില്‍ അതിശയോക്തിയില്ല. ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ ചരിത്രത്തിലും ഒരിടത്തും മനുഷ്യർക്ക് ഇത്രയും അധികാരവും ശക്തിയും ഉള്ളതായി നാം വായിക്കുന്നില്ല. കർത്താവിനും അവന്‍റെ അപ്പോസ്തലന്മാർക്കും അല്ലാതെ മറ്റാർക്കും അത്തരമൊരു അധികാരം നൽകപ്പെട്ടിട്ടില്ല. എല്ലാവിധ ഭൂതങ്ങളുടെയും മേൽ പൂർണ്ണമായ അധികാരം ഉണ്ടായിരിക്കുക എന്നത് ലളിതമായ കാര്യമല്ല. എന്നാൽ അപ്പോസ്തലന്മാർക്ക് അത്തരം അധികാരം നൽകപ്പെട്ടിരുന്നു. അവർ തങ്ങളുടെ ശുശ്രൂഷയ്ക്കായി എവിടെ പോയാലും, ഭൂതബാധിതരായ എല്ലാവരിൽ നിന്നും അവർ ഭൂതങ്ങളെ പുറത്താക്കുകയുണ്ടായി. അപ്പോസ്തലന്മാർക്ക് നൽകപ്പെട്ട അധികാരം അത്തരത്തിലുള്ളതാണ്.

ഇതുമാത്രമല്ല, ലൂക്കോസ് 9 ഉം മത്തായി 10 ഉം അനുസരിച്ച്, രോഗങ്ങൾ സുഖപ്പെടുത്താനുള്ള ശക്തിയും അപ്പോസ്തലന്മാർക്ക് നൽകപ്പെട്ടിരുന്നതായി മനസ്സിലാക്കാം. വീണുപോയ ആത്മാക്കൾ ഉൾപ്പെടെയുള്ള അമാനുഷിക ആത്മാക്കളുടെ മേൽ അപ്പോസ്തലന്മാർക്ക് അധികാരം നൽകപ്പെട്ടു എന്നു മാത്രമല്ല, ഭൗതിക സൃഷ്ടിയിൽ മനുഷ്യശരീരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ സുഖപ്പെടുത്താനുള്ള അധികാരവും കർത്താവ് അവർക്ക് നൽകി. പാപം നിമിത്തം, ദൈവം സൃഷ്ടിച്ച ഈ സൃഷ്ടിയും ശാപത്തിൻ കീഴിലായി, മനുഷ്യരാശി രോഗത്തിനും കഷ്ടപ്പാടിനും വേദനയ്ക്കും ഒടുവിൽ മരണത്തിനും വിധേയരായി. എല്ലാ രോഗങ്ങളും ആയിരിക്കുന്ന ഇടത്തു തന്നെ, തൽക്ഷണം സുഖപ്പെടുത്താനുള്ള ശക്തി ദൈവം അപ്പോസ്തലന്മാർക്ക് നൽകി. ഇക്കാലത്ത്, പലരും രോഗശാന്തി വരവും ഭൂതങ്ങളെ പുറത്താക്കാനുള്ള വരവും തങ്ങൾക്ക് ഉണ്ടെന്ന് അവകാശപ്പെടുന്നു. അത്തരം ആളുകളുടെ ഭ്രാന്തമായ വേഷം കെട്ടലുകൾക്കും, അപ്പോസ്തലന്മാർക്ക് നൽകപ്പെട്ട അത്ഭുതകരമായ ശക്തികൾക്കും തമ്മിൽ സമാനതകളൊന്നുമില്ല. വെറും വാക്കിലൂടെ ഏതൊരു രോഗത്തേയും സുഖപ്പെടുത്താനുള്ള പ്രത്യേക ശക്തി അപ്പോസ്തലന്മാർക്ക് മാത്രമേ നൽകപ്പെട്ടിരുന്നുള്ളൂ. ഇങ്ങനെ എല്ലാ ഭൂതങ്ങളുടെയും മേലുള്ള അധികാരവും എല്ലാ രോഗങ്ങളെയും സുഖപ്പെടുത്താനുള്ള ശക്തിയും ഒരു യഥാർത്ഥ അപ്പോസ്തലന്‍റെ അടയാളങ്ങളാണ്.

ഡി) ഇവ കൂടാതെ, പുതിയ നിയമ പുസ്തകങ്ങൾ എഴുതുന്നതിനുള്ള ഉത്തരവാദിത്തവും പ്രധാനമായും അപ്പോസ്തലന്മാർക്കായിരുന്നു. ആ ഉത്തരവാദിത്തം അപ്പോസ്തലന്മാർക്കാണ് നൽകിയത്. പുതിയനിയമത്തിലെ മിക്ക പുസ്തകങ്ങളുടെയും രചയിതാക്കൾ അപ്പോസ്തലന്മാരായിരുന്നു. ചില പുസ്തകങ്ങൾ അപ്പോസ്തലന്മാരുടെ മേൽനോട്ടത്തിലും അവരുടെ ശുശ്രൂഷയിൽ സഹകാരികളായവരാലും എഴുതപ്പെട്ടു. ഉദാഹരണത്തിന്, ലൂക്കോസിന്‍റെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവൃത്തികളും ലൂക്കോസ് എഴുതി. ലൂക്കോസ് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ദൃക്സാക്ഷിയായ പൗലോസിന്‍റെ ഒരു കൂട്ടാളിയും, അടുത്ത സുഹൃത്തും ആയിരുന്നു. ലൂക്കോസ് തീർച്ചയായും പരിശുദ്ധാത്മാവിന്‍റെ പ്രേരണയാൽ ആണ് ഈ പുസ്തകങ്ങൾ എഴുതിയത്. യാക്കോബിന്‍റെ ലേഖനം എഴുതിയത് യാക്കോബാണ്. ഇത് അപ്പോസ്തലനായ യാക്കോബല്ല, നമ്മുടെ കർത്താവിന്‍റെ സഹോദരനായ യാക്കോബാണ്. ഈ യാക്കോബ് യേശുക്രിസ്തുവിന്‍റെ മുഴുവൻ ജീവിതവും സൂക്ഷ്മമായി നിരീക്ഷിച്ചവനും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ഒരു ദൃക്സാക്ഷിയുമായിരുന്നു (1 കൊരിന്ത്യർ 15). യൂദായുടെ ലേഖനം എഴുതിയത് യൂദായാണ്. ഇദ്ദേഹവും നമ്മുടെ കർത്താവിന്‍റെ സഹോദരനാണ്, കർത്താവിനോട് വളരെ അടുപ്പമുള്ളവൻ ആണ്. അപ്പോസ്തലന്മാരുടെ മേൽനോട്ടത്തിലാണ് അദ്ദേഹം ഈ ലേഖനം എഴുതിയത്. മർക്കോസിന്‍റെ സുവിശേഷം – മർക്കോസ് തന്‍റെ സുവിശേഷത്തിൽ അപ്പോസ്തലനായ പത്രോസിന്‍റെ ഓർമ്മയില്‍ ഉള്ള വിഷയങ്ങള്‍ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്രോസിന്‍റെ അപ്പസ്തോലിക അധികാരത്തിലാണ് മർക്കോസ് ഈ പുസ്തകം എഴുതിയത്. അതുകൊണ്ട് ഈ പുസ്തകത്തിൽ നമുക്ക് യേശുക്രിസ്തുവിന്‍റെ ജീവിതം പത്രോസിന്‍റെ വീക്ഷണത്തിൽ നിന്ന് കാണാൻ കഴിയും.

അതുകൊണ്ട് പുതിയനിയമത്തിലെ പുസ്തകങ്ങൾ നേരിട്ട് അപ്പോസ്തലന്മാർ എഴുതിയതായിരിക്കണം – ഉദാഹരണത്തിന് – മത്തായി, യോഹന്നാൻ, പൗലോസ് എഴുതിയ 13 ലേഖനങ്ങൾ, പത്രോസിന്‍റെ ലേഖനങ്ങൾ, യോഹന്നാന്‍റെ ലേഖനങ്ങൾ, യോഹന്നാന്‍റെ വെളിപ്പാട് പുസ്തകം. അല്ലെങ്കിൽ അപ്പോസ്തലിക ഉപദേശം നമുക്ക് ലിഖിത രൂപത്തില്‍ നല്‍കാന്‍ പരിശുദ്ധാത്മാവിനാൽ പ്രേരിപ്പിക്കപ്പെട്ട അപ്പോസ്തലന്മാരുടെ കുട്ടാളികൾ ആരെങ്കിലും എഴുതിയതായിരിക്കണം.
ഈ വിഷയം കൂടുതൽ ആഴത്തിൽ ധ്യാനം ചെയ്യാൻ, താഴെയുള്ള ലിങ്ക് വഴി “66 പുസ്തകങ്ങൾ മാത്രമാണോ ദൈവവചനം?” എന്ന ലേഖനം വായിക്കുക.

എന്നാൽ ദൈവത്തിന്‍റെ ഈ വെളിപ്പാട് എഴുതാൻ ദൈവം അവരെ സഹായിക്കുമെന്ന് എപ്പോഴെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ? ചെയ്തിട്ടുണ്ട്. മാളിക മുറിയിൽ വച്ച് ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവ് നൽകപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സന്ദർഭത്തിൽ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും” (യോഹന്നാൻ 14:26). മത്തായിയുടെ സുവിശേഷം എഴുതാൻ ദൈവം മത്തായിക്ക് സഹായം ചെയ്യുമെന്ന വാഗ്ദാനമാണിത്. പരിശുദ്ധാത്മാവ് അവനെ പ്രചോദിപ്പിക്കുകയും എല്ലാ കാര്യങ്ങളും അവന്‍റെ ഓർമ്മയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതുപോലെ, യോഹന്നാന്‍റെ സുവിശേഷം എഴുതാൻ പരിശുദ്ധാത്മാവ് യോഹന്നാനെ പ്രചോദിപ്പിക്കുകയും, എല്ലാ കാര്യങ്ങളും അവന്‍റെ ഓർമ്മയിലേക്ക് കൊണ്ടുവരികയും ചെയ്തു. പത്രോസ് എല്ലാ കാര്യങ്ങളും ഓർത്ത് മർക്കോസിനോട് പറയുകയും, മർക്കോസ് അവയെല്ലാം ഓർത്തു കൊണ്ട് മർക്കോസിന്‍റെ സുവിശേഷത്തിന്‍റെ രൂപത്തിൽ എഴുതുകയും ചെയ്യുന്നവിധത്തില്‍, പരിശുദ്ധാത്മാവ് അവർക്ക് സഹായം ചെയ്യുമെന്ന് പറഞ്ഞുകൊണ്ടുള്ള കർത്താവിന്‍റെ വാഗ്ദാനമാണിത്. ലൂക്കോസിന്‍റെ സുവിശേഷവും പ്രവൃത്തികളുടെ പുസ്തകവും എഴുതാൻ പരിശുദ്ധാത്മാവ് പൗലോസിനെ പ്രചോദിപ്പിക്കുകയും, എല്ലാ കാര്യങ്ങളും അറിയിക്കത്തക്കവണ്ണം പൗലോസ് ലൂക്കോസിനെ സഹായിക്കുകയും ചെയ്തു.

യോഹന്നാൻ 15:26 – “ഞാൻ പിതാവിന്‍റെ അടുക്കൽ നിന്നു നിങ്ങൾക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കൽനിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും”. “നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിക്കും. അവൻ എന്നെക്കുറിച്ച് സാക്ഷ്യം പറയും.” എന്ന് യേശു പറഞ്ഞു. ആ സാക്ഷ്യമാണ് പുതിയനിയമത്തിലെ 27 പുസ്തകങ്ങളുടെ വെളിപ്പാട്. യോഹന്നാൻ 16:13 – “സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും”. പുതിയനിയമ പുസ്തകങ്ങൾ എഴുതുന്നതിനെക്കുറിച്ച് യേശു തന്‍റെ
ശിഷ്യന്മാർക്ക് നൽകിയ വാഗ്ദാനമാണിത്. കാരണം, സഭയ്ക്ക് ആവശ്യമായ എല്ലാ സത്യവും പുതിയനിയമത്തിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനപ്പുറം സത്യം മറ്റൊരിടത്തും കാണാന്‍ കഴിയില്ല. അതുകൊണ്ട്, ‘സകല സത്യത്തിലേക്കും വഴിനടത്തും’ എന്ന വാഗ്ദാനം ഈ പുതിയനിയമം നമുക്ക് നൽകിയ അപ്പോസ്തലന്മാരാൽ നിറവേറിയെന്ന് നമുക്ക് ഉറപ്പിക്കാം.

ഇതുവരെ നാം കണ്ട എല്ലാ അടയാളങ്ങളുടെയും അടിസ്ഥാനത്തിൽ, അപ്പോസ്തലന്മാർ വളരെ പ്രത്യേകതയുള്ളവരാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. പ്രത്യേകമായ ജോലിയ്ക്കു വേണ്ടി, പ്രത്യേകമായ ശക്തിയും കഴിവുകളും, പ്രത്യേകമായ വാഗ്ദാനങ്ങളും അവർക്ക് നൽകപ്പെട്ടു.

അഞ്ചാമത്തെ അടയാളം, അപ്പോസ്തലൻ തന്‍റെ ഉപദേശത്തിലൂടെ സഭയ്ക്ക് അടിസ്ഥാനം ഇടുന്ന വ്യക്തി ആയിരിക്കണം.

എഫെസ്യർ 2:20 – “ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” ഏതൊരു കെട്ടിടത്തിന്‍റെയും അടിത്തറ അതിന്‍റെ നിർമ്മാണത്തിന്‍റെ പ്രാരംഭത്തിലാണ് സ്ഥാപിക്കുന്നത്. ആ അടിത്തറയിലാണ് കെട്ടിടത്തിന്‍റെ ബാക്കി ഭാഗങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഇടയ്ക്കിടെ അടിത്തറ ഇടുക എന്നത് സാധ്യമല്ല. അപ്പോസ്തലന്മാരും അടിസ്ഥാനങ്ങൾ പോലെയുള്ളവരാണ്. അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ സഭയ്ക്ക് അവർ നൽകപ്പെട്ടത്. എഫെസ്യർ 4:13 - "അവൻ ചിലരെ അപ്പോസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും നിയമിച്ചു.... വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവർദ്ധനയ്ക്കും ആകുന്നു”. അപ്പോസ്തലന്മാരാണ് സഭയ്ക്ക് അടിത്തറ ഇട്ടത്. എന്താണ് ആ അടിത്തറ? അവരുടെ ഉപദേശം. അവരുടെ ഉപദേശമാണ് അവർ സ്ഥാപിച്ച അടിത്തറ. അപ്പോസ്തലിക ഉപദേശമാകുന്ന അടിത്തറയിലാണ് സഭ പണിയപ്പെടുന്നത്.

ആദ്യമായി വിശ്വാസികള്‍ സഭയായി കൂടുക എന്നത് സഭ സ്ഥാപിതമായ ദിവസം, അതായത് പെന്തക്കോസ്ത് ദിനത്തിൽ ആണ് നടന്നത്. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു” (അപ്പൊ. പ്രവൃത്തികൾ 2:42). സത്യം ആയിരിക്കണം സഭയുടെ അടിത്തറ. അപ്പോസ്തലിക ഉപദേശത്തിന്‍റെ രൂപത്തിൽ ആ സത്യം അപ്പോസ്തലന്മാരുടെ വായിലൂടെ പ്രസംഗിക്കപ്പെടുകയും അവരുടെ പേനകളാല്‍ കടലാസിൽ എഴുതപ്പെടുകയും ചെയ്തു. അങ്ങനെ, അപ്പോസ്തലന്മാർ സഭയ്ക്ക് അടിസ്ഥാനം എന്ന നിലയില്‍ ഉള്ളവരാണ്. അവരുടെ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സഭ പണിയപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പുതിയനിയമത്തിലെ 27 പുസ്തകങ്ങളിലുള്ള സുവിശേഷ സത്യങ്ങളിലാണ് സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. പുതിയ നിയമം എന്നാല്‍ അപ്പോസ്തലിക ഉപദേശമാണ്, അപ്പോസ്തലിക ഉപദേശം എന്നാല്‍ പുതിയ നിയമവുമാണ്. ഈ അടിസ്ഥാനം അപ്പോസ്തലന്മാർ ഒരിക്കലായിട്ടാണ് സ്ഥാപിച്ചത്. ഇനിയും വീണ്ടും വീണ്ടും ആരും അടിത്തറ ഇടേണ്ട ആവശ്യമില്ല. അതിനർത്ഥം ഇനി അപ്പോസ്തലന്മാരുടെ ആവശ്യമില്ല എന്നാണ്. പുതിയ അപ്പോസ്തലന്മാർ വന്ന് പുതിയ അടിത്തറയിടേണ്ട ആവശ്യമില്ല. യേശു പറഞ്ഞു, “... ഞാൻ എന്‍റെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്തായി 16:18). ഈ സഭയുടെ മൂലക്കല്ല് ക്രിസ്തു ആണ്, അപ്പോസ്തോലിക ഉപദേശം അടിത്തറയാണ്. ദൈവം പരിശുദ്ധാത്മാവിലൂടെ ഈ അടിസ്ഥാനം ശരിയായിട്ടാണ് സ്ഥാപിച്ചത്. അതാണ് ഇന്ന് വിശുദ്ധ തിരുവെഴുത്തുകളുടെ രൂപത്തിൽ നമ്മുടെ കൈകളിലുള്ളത്. ഈ അടിസ്ഥാനത്തിന്മേലാണ് കർത്താവ് തന്‍റെ സഭയെ പണിയുമെന്ന് പറഞ്ഞത്.

ആറാമത്തെ അടയാളം, അപ്പോസ്തലന്മാർ ഭാവിയിൽ വലിയ സ്ഥാനങ്ങളിൽ ആക്കിവയ്ക്കപ്പെടുകയും, വലിയ നിലയിൽ മാനിക്കപ്പെടുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നവരാണ്.

ഈ വിധത്തിലും, അപ്പോസ്തലന്മാർ വളരെ പ്രത്യേകതയുള്ളവരാണ്. “പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജനനത്തിൽ മനുഷ്യപുത്രൻ തന്‍റെ മഹത്ത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു_ (മത്തായി 19:27-28). യേശു തന്‍റെ രാജ്യം സ്ഥാപിച്ച് സിംഹാസനത്തിൽ ഇരുന്ന് ഭരിക്കണമെന്ന് ശിഷ്യന്മാർ ആഗ്രഹിച്ചു. അത് പെട്ടന്ന്‍ സംഭവിക്കണമെന്ന് അവർ ആഗ്രഹിച്ചു. എന്നാൽ അവരുടെ ആഗ്രഹം ക്രിസ്തുവിന്‍റെ രണ്ടാം വരവിൽ മാത്രമേ നിറവേറുകയുള്ളൂ. എന്നാൽ അത് സംഭവിക്കുമ്പോൾ, ഈ പന്ത്രണ്ടുപേരും പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കുമെന്ന് യേശു പറഞ്ഞു. ഈ പന്ത്രണ്ട് സിംഹാസനങ്ങൾ, പന്ത്രണ്ട് ഗോത്രങ്ങൾ മാത്രം. ഈ പന്ത്രണ്ടുപേരിൽ മത്തിയാസും ഉൾപ്പെടുന്നു. അപ്പോസ്തലനായ പൗലോസ് ഈ പന്ത്രണ്ടുപേരിൽ നിന്ന് വേറിട്ട് നിയമിക്കപ്പെട്ട ഒരു പ്രത്യേക അപ്പോസ്തലൻ ആയതിനാൽ, പന്ത്രണ്ടുപേരിൽ ഉൾപ്പെടുത്തപ്പട്ടിട്ടില്ല. ഈ പന്ത്രണ്ടുപേർ മാത്രം സിംഹാസനങ്ങളിൽ ഇരുന്ന് യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെയും ഭരിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.

അതുമാത്രമല്ല, – വെളിപ്പാട് 21:1-2, 14, “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു…. നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്.” പന്ത്രണ്ട് അടിസ്ഥാനങ്ങളിലും ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഉണ്ട് എന്ന വസ്തുത സൂചിപ്പിക്കുന്നത് അവർ നിത്യതയിൽ വളരെയധികം ബഹുമാനിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുമെന്നാണ്. ആ അടിസ്ഥാനങ്ങളിൽ ഈ പന്ത്രണ്ട് പേരുടെ പേരുകൾ മാത്രമേ ഉള്ളൂ എന്നതിനാല്‍, അവർ എത്രമാത്രം പ്രത്യേകതയുള്ളവരാണെന്ന് നാം മനസ്സിലാക്കണം.

ഇക്കാലത്ത് പലരും അപ്പോസ്തലന്മാരാണെന്ന് അവകാശപ്പെടുന്നു. അങ്ങനെയുള്ളവർ തങ്ങളെക്കാൾ വളരെ പ്രത്യേകതയുള്ള ആ പന്ത്രണ്ട് അപ്പോസ്തലന്മാർക്ക് മാത്രമുള്ള അധികാരം, പദവി, ബഹുമാനം എന്നിവ തങ്ങൾക്കും വേണമെന്ന് അവകാശപ്പെട്ടു കൊണ്ട്, തങ്ങളെ ആ പന്ത്രണ്ടുപേർക്ക് തുല്യരാക്കാനാണ് ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം ഈ പന്ത്രണ്ടുപേരെയും പൗലോസിനെയും അല്ലാതെ മറ്റ് ആരേയും അപ്പോസ്തലന്മാരായി പരിഗണിക്കുന്നില്ല.
ലൂക്കോസ് 6:13-ൽ യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പോസ്തലന്മാർ എന്ന് പേരിട്ടു. അവരെ ‘അപ്പോസ്തലന്മാർ’ എന്ന് വിളിച്ചപ്പോൾ യേശു ചെയ്തത് അവരെ ഒരു പ്രത്യേക ജോലിക്കായി തന്‍റെ പ്രതിനിധികളായി നിയമിക്കുകയായിരുന്നു. നിയമിക്കുന്ന വ്യക്തിക്ക് എത്രത്തോളം അധികാരം ഉണ്ടോ അത്രത്തോളം അധികാരം പ്രതിനിധിക്കും ഉണ്ട്. യേശു ഈ പന്ത്രണ്ടുപേരെ മാത്രമേ തന്‍റെ പ്രതിനിധികളായി നിയമിച്ചിട്ടുള്ളൂ. യഹൂദന്മാർ, അപ്പോസ്തലനെയോ പ്രതിനിധിയെയോ ആരാണോ അയക്കുന്നത്, ആ വ്യക്തി തന്നെ തങ്ങളുടെ അടുത്തേക്ക് വന്ന് ആ കാര്യങ്ങള്‍ പറയുന്നതായിട്ടാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ടാണ് യേശു പന്ത്രണ്ട് ശിഷ്യന്മാർക്ക് ‘അപ്പൊസ്തലന്മാർ’ എന്ന് നാമകരണം ചെയ്ത ശേഷം ഇങ്ങനെ പറഞ്ഞത് – “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു” (മത്തായി 10:40).

എബ്രായർ 3:1-ൽ യേശു ദൈവത്തിന്‍റെ അപ്പോസ്തലന്‍ എന്ന് പറഞ്ഞിരിക്കുന്നു. ‘അപ്പോസ്തലൻ’ എന്ന വാക്കിന് മുകളിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, യേശു ദൈവത്തിന്‍റെ അപ്പോസ്തലനായതിനാൽ, നിങ്ങൾ യേശുവിനോട് ഇടപെടുന്നത്, ഒരർത്ഥത്തിൽ, ദൈവത്തോട് തന്നെ ഇടപെടുന്നതിന് തുല്യമാണ്. കൂടാതെ, അപ്പോസ്തലന്മാർ യേശുവിന്‍റെ പ്രതിനിധികളായതിനാൽ, നിങ്ങൾ അപ്പോസ്തലന്മാരോടാണ് ഇടപെടുന്നതെങ്കിൽ നിങ്ങൾ യേശുവിനോട് തന്നെയാണ് ഇടപെടുന്നത്.

പതിമൂന്നു പേർ മാത്രമാണോ, അല്ലെങ്കില്‍ മറ്റാരെങ്കിലും പുതിയനിയമത്തിൽ അപ്പോസ്തലന്മാരായി തിരിച്ചറിയപ്പെട്ടിട്ടുണ്ടോ?

പുതിയ നിയമത്തിൽ മറ്റു ചിലരേയും കൂടെ അപ്പോസ്തലന്മാർ എന്ന് വിളിച്ചിട്ടുണ്ട്. അപ്പോൾ അവരുടെ കാര്യമോ? അവർ സഭയുടെ അപ്പോസ്തലന്മാരാണ്. കർത്താവിന്‍റെ കുഞ്ഞാടിന്‍റെ അപ്പോസ്തലന്മാർക്കുള്ള അധികാരമോ ശക്തിയോ അവർക്ക് നൽകപ്പെട്ടിട്ടില്ല. “അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു” എന്ന് പ്രവൃത്തികൾ 2:43 & 5:12 ൽ നാം വായിക്കുന്നു. സഭ മുഖാന്തരം അയക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ മാത്രമാണ് അവരെ അപ്പോസ്തലന്മാർ എന്ന് വിളിച്ചത് (2 കൊരിന്ത്യർ 8:23). (2 കൊരിന്ത്യർ 8:23). പ്രവൃത്തികൾ 13:1-ൽ ബർണബാസിനെ പ്രവാചകൻ എന്നും ഉപദേഷ്ടാവ് എന്നും വിളിച്ചിരിക്കുന്നു. പൗലോസിന്‍റെ ഏറ്റവും അടുത്ത സഹകാരി ആയിരുന്ന അദ്ദേഹത്തെ ഒരു അപ്പോസ്തലൻ എന്നും വിളിച്ചിരിക്കുന്നു (പ്രവൃത്തികൾ 14:14). 2 കൊരിന്ത്യർ 8:23-ൽ പറഞ്ഞിരിക്കുന്നതുപോലെ, ബർണബാസും സഭയുടെ അപ്പോസ്തലന്മാരിൽ ഒരാളായിരുന്നു.

ചിലർ അപ്പോസ്തലന്മാരല്ലെങ്കിലും അത്ഭുതപ്രവൃത്തികൾ ചെയ്തതായി നാം വായിക്കുന്നു. ഉദാഹരണത്തിന്, അപ്പോ. പ്രവൃത്തികൾ 8:13-ൽ ഫിലിപ്പോസിനെക്കുറിച്ച് നാം വായിക്കുന്നു. അപ്പോസ്തലനായ ഫിലിപ്പോസല്ല, സുവിശേഷകനായ ഫിലിപ്പോസാണ്. പ്രവൃത്തികൾ 7:6-ൽ സ്തെഫാനൊസിനെക്കുറിച്ച് നാം വായിക്കുന്നു. അവർ രണ്ടുപേരും അടയാളങ്ങളും അത്ഭുതങ്ങളും ചെയ്തവരാണ്. പുതിയനിയമ പുസ്തകങ്ങൾ അപ്പോസ്തലന്മാരോടൊപ്പം അവരുടെ കൂട്ടാളികളും എഴുതിയതുപോലെ, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കാനുള്ള ശക്തി അപ്പോസ്തലന്മാരാല്‍ ഒരു പരിധിവരെ അവരുടെ അടുത്ത കൂട്ടാളികൾക്കും നൽകപ്പെട്ടു.

അപ്പസ്തോലിക പിന്തുടർച്ച

യൂദാ ഒഴികെയുള്ള പന്ത്രണ്ടുപേർ മാത്രമാണ് കുഞ്ഞാടിന്‍റെ അപ്പോസ്തലന്മാർ. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട പതിമൂന്നാമത്തെ അപ്പോസ്തലനായിരുന്നു പൗലോസ്. അവർക്ക് ശേഷം അവരുടെ അനന്തരാവകാശം മറ്റാർക്കും കൈമാറ്റം ചെയ്യപ്പെട്ടില്ല. ഈ ശുശ്രൂഷ അത്തരത്തിലുള്ളത് ആയിരുന്നില്ല. ഈ പന്ത്രണ്ടുപേരിൽ അവസാനമായി മരണപ്പെട്ടത് യോഹന്നാനാണ്. എ.ഡി 96-ൽ അദ്ദേഹം വെളിപ്പാട് പുസ്തകം എഴുതി. അതേ വർഷം തന്നെ അദ്ദേഹം മരണപ്പെട്ടു. യോഹന്നാന്‍റെ മരണത്തോടെ അപ്പോസ്തലിക കാലഘട്ടം അവസാനിച്ചു. പുതിയ നിയമം എങ്ങനെയാണോ വീണ്ടും ഏഴുതപ്പെടാത്തത്, അതുപോലെ തന്നെ അപ്പോസ്തലന്മാരും വീണ്ടും നിയമിക്കപ്പെടുന്നില്ല. അപ്പോസ്തലന്മാരും അവരുടെ ശുശ്രൂഷയെയും എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് ശ്രദ്ധാപൂർവ്വം നാം മനസ്സിലാക്കണം. ഈ വിഷയത്തിൽ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാനും വഞ്ചിക്കാനും പലരും പുറപ്പെട്ടിട്ടുണ്ട്, സൂക്ഷിക്കുക.

നേരിടേണ്ടിവരുന്ന ആരോപണങ്ങൾ - വചനപരമായ ഒരുക്കം.

ഈ വിഷയത്തിൽ നിരവധി ആരോപണങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അവയ്ക്ക് ധൈര്യമായി ഉത്തരം നൽകാൻ നാം തയ്യാറാകണമെന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. അവയെക്കുറിച്ച് വീണ്ടും ചിന്തിക്കാം. കള്ള ഉപദേഷ്ടാക്കൾ പറയുന്നത് – ‘അപ്പോസ്തലന്മാർ ചെയ്ത ഓരോ പണിയും അവർ ചെയ്തതുപോലെ നാമും ചെയ്യണം. ഇന്നും നമുക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നാം തന്‍റെ ശക്തിയും മഹത്വവും നഷ്ടപ്പെട്ട, സാമര്‍ത്ഥ്യമില്ലാത്ത,ഒന്നും ചെയ്യാന്‍ കഴിയാത്ത മറ്റൊരു ദൈവത്തെ ആരാധിക്കുന്നവരാണ്. അപ്പോസ്തലന്മാരെപ്പോലെ, നമുക്കും പുതിയ വെളിപ്പാടുകൾ ലഭിക്കും. നമുക്കും ദൈവം ഭൂതങ്ങളുടെ മേൽ അധികാരം നൽകും. രോഗശാന്തി വരം നൽകും. ഇതെല്ലാം നാം ചെയ്യുന്നില്ലെങ്കിൽ, ദൈവം നമ്മിലൂടെ പ്രവർത്തിക്കുന്നത് തടയുകയാണ് നാം ചെയ്യുന്നത്. അവന്‍റെ തോൽവിക്കും പരാജയത്തിനും നമ്മളായിരിക്കും കാരണക്കാർ. ദൈവത്തെ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായനായി ചിത്രീകരിക്കുന്നവരായി നാം മാറുന്നു.’ ഇങ്ങനെ ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ തങ്ങൾ പറയുന്ന കാര്യങ്ങൾ ആണ് സത്യമെന്ന് ബോധ്യപ്പെടുത്താൻ വ്യാജോപദേഷ്ടാക്കൾ പലവിധത്തിൽ ആളുകളെ സമ്മർദ്ദത്തിലാക്കുന്നു.
എന്നാൽ സഭയുടെ ചരിത്രം നോക്കുകയാണെങ്കിൽ, അതായത്, സഭയുടെ ചരിത്രം സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ, രണ്ടാം നൂറ്റാണ്ടിലെ സഭയുടെ സ്ഥിതിഗതികൾ, അത് പ്രവർത്തിച്ച രീതി, വളരെ വ്യത്യസ്തമാണെന്ന് കാണുവാൻ സാധിക്കും. അത് ഒന്നാം നൂറ്റാണ്ടിലെ സഭയെപ്പോലെ ആയിരുന്നില്ല, തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് സഭ നിലനിന്നിരുന്നതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ രണ്ടാം നൂറ്റാണ്ടിലേക്ക് ഒരു ടൈം മെഷീനിൽ സഞ്ചരിക്കുകയാണെങ്കിൽ, അവർ ആശ്ചര്യപ്പെടുമത്രേ. ‘ഇത് എന്താ ഇങ്ങനെ! ഒന്നാം നൂറ്റാണ്ടിലെ സഭ ഇങ്ങനെയായിരുന്നില്ലല്ലോ? അപ്പോസ്തലന്മാരും പ്രവാചകന്മാരും ഉണ്ടായിരുന്നു, പക്ഷേ ഈ സഭയിൽ അവര്‍ എന്താണ് ഇല്ലാത്തത്. അത്ഭുതങ്ങളും രോഗശാന്തികളും ഭൂതങ്ങളെ പുറത്താക്കലും അന്നത്തെപ്പോലെ കൂടക്കൂടെ സംഭവിക്കാത്തത് എന്തുകൊണ്ടാണ്?’ എന്ന് ആശ്ചര്യപ്പെടാതിരിക്കില്ല. അത്രത്തോളം, സഭയിലെ സാഹചര്യങ്ങൾ മാറിപ്പോയിരുന്നു.

ചരിത്രകാരനായ സാമുവൽ ഗ്രീൻ തന്‍റെ സഭാ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിൽ ഇങ്ങനെ എഴുതി: ‘രണ്ടാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്കും സഭ നിരവധി മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമായി. ആ സഭയിൽ അപ്പോസ്തോലിക അധികാരം എന്നൊന്ന് ഉണ്ടായിരുന്നില്ല. അപ്പോസ്തലന്മാർ ചെയ്ത അത്ഭുതങ്ങൾ, രോഗശാന്തി മുതലായവ അവരോടൊപ്പം നിന്നുപോയി’. എന്നാൽ പ്രത്യേകമായ ഉദ്ദേശ്യത്തോടെ ദൈവം തന്നെ ഇങ്ങനെ ചെയ്തുവെന്ന് വിചാരിക്കാം. ദൈവം അവയെ ആ കാലത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ ആഗ്രഹിച്ചു. ആ ശക്തികളും കഴിവുകളും വരങ്ങളും അപ്പോസ്തലന്മാർക്ക് ഒരു പ്രത്യേകമായ ജോലിക്കായി നൽകപ്പെട്ടു. സഭയ്ക്ക് അടിസ്ഥാനം ഇട്ടതിലൂടെ ദൈവം അവരെ ഏൽപ്പിച്ച ദൗത്യം അവർ പൂർത്തിയാക്കി. അതുകൊണ്ടാണ്, സഭ പണിയുന്നതിനുള്ള ഉത്തരവാദിത്തം തുടരുന്നതിനായി പുതിയ അപ്പോസ്തലന്മാരെ അപ്പോസ്തലന്മാരുടെ പിൻഗാമികളായി നിയമിക്കുന്നതിനുപകരം, ആ ദൗത്യം ഇടയന്മാരെയും സുവിശേഷകരെയും ഏൽപ്പിച്ചത്.

അപ്പോസ്തലന്മാർ എപ്പോഴും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തുകൊണ്ടിരുന്നു എന്ന് വിചാരിക്കാനും പറ്റില്ല. കാരണം, അപ്പോസ്തലന്മാർക്ക് തങ്ങളുടെ വരങ്ങൾ ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് ക്രമേണ കുറഞ്ഞുവന്നെന്ന് പ്രവൃത്തികളുടെ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന്, പ്രവൃത്തികളുടെ പുസ്തകത്തിന്‍റെ ഒന്നാം അധ്യായത്തിൽ, യേശുക്രിസ്തുവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് നാം വായിക്കുന്നു. രണ്ടാമത്തെ അധ്യായത്തിൽ സഭയുടെ രൂപീകരണത്തെക്കുറിച്ച് നാം വായിക്കുന്നു. ആ പ്രാരംഭ നാളുകളിൽ, അല്ലെങ്കിൽ ആദ്യഘട്ടത്തിൽ, അപ്പോസ്തലന്മാർ നിരവധി അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും ചെയ്തു വന്നു. അപ്പൊ.പ്രവൃത്തികൾ 5:16-ൽ, “അവരെല്ലാവരും സൗഖ്യം പ്രാപിച്ചു”, എന്ന് വായിക്കുന്നു. എന്നാൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, എല്ലാ അപ്പോസ്തലന്മാരിലും മഹാനായ പൗലോസ് – “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്‍റെ ദൂതനെ തന്നെ” (2 കൊരിന്ത്യർ 12:7), എന്ന് പറഞ്ഞു. പൗലോസിന് തന്‍റെ ജഡത്തിൽ നിന്ന് ഈ മുള്ള് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. മുള്ള് നീക്കാൻ അവൻ കർത്താവിനോട് അപേക്ഷിക്കുന്നു, പക്ഷേ കർത്താവ് അത് നീക്കുന്നില്ല. അവസാന നാളുകളിൽ തനിക്ക് പ്രിയപ്പെട്ടവനായ തിമോത്തിയോസ് പതിവായി അനാരോഗ്യത്താല്‍ പ്രയാസപ്പെടുന്നുവെന്ന്‍ പൗലോസ് മനസ്സിലാക്കുന്നു. ഉടനെ എന്തെങ്കിലും ചെയ്ത് സുഖപ്പെടുത്തുന്നതിനുപകരം, അവന് ലേഖനം എഴുതി, മരുന്നായി അല്പം വീഞ്ഞ് കഴിക്കാൻ നിർദ്ദേശിക്കുന്നു. ‘ഇവിടെ ശരിക്കും എന്താണ് സംഭവിക്കുന്നത്’ എന്ന് നമുക്ക് തോന്നും. ആദ്യകാലങ്ങളിൽ പൗലോസ് നിരവധി പേരെ സുഖപ്പെടുത്തിയല്ലോ. ഭൂതബാധിതരായ പലരിൽ നിന്നും അവൻ ഭൂതങ്ങളെ പുറത്താക്കി. ഇപ്പോൾ എന്താണ് ഇങ്ങനെ ചെയ്യുന്നത്? രോഗിയായിരുന്ന തിമോത്തിയെ എന്തിനാണ് സുഖപ്പെടുത്താതെ വിട്ടത്?

പിന്നീട്, 2 തിമൊഥെയൊസ് 4:20-ൽ പൗലോസ് മിലേത്തോസിലേയ്ക്ക് പോയതായി നാം വായിക്കുന്നു. അപ്പോഴും, തന്‍റെ ഒരു സുഹൃത്തിന് ഗുരുതരമായ രോഗം ബാധിച്ചപ്പോൾ പൗലോസ് എന്താണ് ചെയ്തതെന്ന് നോക്കൂ. “ത്രോഫിമോസിനെ ഞാന്‍ മിലേത്തോസിൽ രോഗിയായി വിട്ടേച്ചു പോന്നു” (2 തിമോത്തി 4:20). എന്ത്, തന്‍റെ സുഹൃത്ത് രോഗിയായി പ്രയാസത്തിൽ ആയപ്പോൾ അപ്പോസ്തലനായ പൗലോസ് ഉടൻ തന്നെ അവനെ സൌഖ്യമാക്കാതെ അതേ സ്ഥിതിയിൽ തന്നെ വിട്ടിട്ട് പോന്നെന്നാണോ? അതെ.

അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തിന്‍റെ പ്രാരംഭ അധ്യായങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്ന ഒരു സുവിശേഷകനും മരിച്ചതായി നാം വായിക്കുന്നില്ല. അവർ അസാധാരണ വ്യക്തികളായി കാണപ്പെടുന്നു. എന്നാൽ പ്രവൃത്തികൾ 7-ാം അദ്ധ്യായത്തിൽ, സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊല്ലുന്നു. തുടർന്ന് യാക്കോബിനെ വധശിക്ഷയ്ക്ക് വിധിക്കുകയും കൊല്ലുകയും ചെയ്യുന്നു. ‘എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?’ എന്ന് ചിന്തിച്ചാൽ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാകും.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, അപ്പോസ്തലന്മാർ ചെയ്ത അത്ഭുത പ്രവൃത്തികൾ ക്രമേണ കുറഞ്ഞു വരികയും ഒരു ഘട്ടത്തിൽ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്തു. അവസാന ഘട്ടങ്ങളിൽ, നിരവധി അപ്പോസ്തലന്മാർ ഒന്നിനുപുറകെ ഒന്നായി രക്തസാക്ഷികളാകുന്നതും നാം കാണുന്നു. പൗലോസിനെ ശിരഛേദം ചെയ്തു. പത്രോസിനെ തലകീഴായി ക്രൂശിച്ചു. അപ്പോസ്തലനായ യോഹന്നാൻ പത്മോസ് ദ്വീപിൽ തടവിലായി.

ആദിമ സഭയിൽ അപ്പോസ്തലന്മാർ അത്ഭുതങ്ങൾ ചെയ്യുന്നത് കുറഞ്ഞുവരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിനർത്ഥം ദൈവത്തിന്‍റെ ശക്തി കുറഞ്ഞു പോയെന്നാണോ? തീർച്ചയായും അല്ല. പുതിയനിയമ തിരുവെഴുത്തുകൾ പൂർണ്ണമായും രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോഴേക്കും, അപ്പോസ്തലന്മാർ ആരാണെന്ന് സഭയ്ക്ക് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞു. അതുകൊണ്ട്, ദൈവനിശ്വസ്തമായ ആധികാരിക തിരുവെഴുത്തുകളായി സഭ അവരുടെ ലേഖനങ്ങൾ മാത്രമേ സ്വീകരിച്ചുള്ളൂ. അങ്ങനെ പുതിയ നിയമം പൂർണ്ണമായും എഴുതപ്പെട്ടതിനു ശേഷം പിന്നെ എന്തിനാണ് ഈ അടയാളങ്ങൾ?

അപ്പോസ്തലിക കാലഘട്ടത്തിൽ സംഭവിച്ചത് സാധാരണ സംഭവങ്ങളായിരുന്നില്ല. ഒന്നാം നൂറ്റാണ്ടിനു മുമ്പോ ശേഷമോ ഇത്തരം കാര്യങ്ങൾ ഒരിക്കലും സംഭവിച്ചിട്ടില്ല. ഇനി ഒരിക്കലും സംഭവിക്കുകയുമില്ല. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നതിലൂടെ തങ്ങൾ ദൈവം അയച്ച അപ്പോസ്തലന്മാരാണെന്ന് സ്വയം സ്ഥിരീകരിച്ചുകൊണ്ട് അവർ പ്രഖ്യാപിച്ച സത്യം നാം മുറുകെ പിടിക്കണം. ആ അപ്പസ്തോലിക ഉപദേശം ശ്രദ്ധാപൂർവ്വം വായിക്കുകയും പിന്തുടരുകയും വേണം.
ദൈവത്തിന്‍റെ വിശുദ്ധ തിരുവെഴുത്തുകൾ നമുക്ക് മതിയായതാണ്. അവൻ നൽകിയ പരിശുദ്ധാത്മാവ് നമുക്ക് മതിയായവൻ ആണ്. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു” (2 തിമൊഥെയൊസ് 3:16-17).
യേശു തന്നെയാണ് ക്രിസ്തുവെന്ന് ദൈവത്തിന് വീണ്ടും സ്ഥിരീകരിക്കേണ്ട ആവശ്യമില്ല. അതുപോലെ, പത്രോസും യോഹന്നാനും ഉൾപ്പെടെയുള്ള പന്ത്രണ്ടുപേർ മാത്രമാണ് താൻ നിയമിച്ച അപ്പോസ്തലന്മാർ എന്ന് ദൈവത്തിന് വീണ്ടും സ്ഥിരീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ ദൈവം ഒരു അത്ഭുതവും പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കാരണം അവൻ തന്‍റെ സുവിശേഷത്തിലൂടെ അനേകരെ രക്ഷിക്കുന്നു. അവൻ നിരവധി പേരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു. മറ്റു പല നിലകളിൽ ധാരാളം ആളുകളെ അനുഗ്രഹിക്കുന്നു. ഇതുപോലുള്ള നിരവധി അത്ഭുതകരമായ കാര്യങ്ങൾ ദൈവം ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നുമുണ്ട്. അത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് ദൈവത്തിന് അപ്പോസ്തലന്മാർ ആവശ്യമാണെന്നും, അവരിലൂടെ മാത്രമേ ദൈവത്തിന് കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്നുമുള്ള നിയമം മനുഷ്യനിർമ്മിതമായ ഒരു നിയമമാണ്, വചനത്തിൽ അത്തരമൊരു നിയമം നാം കാണുന്നില്ല.

സമാപനം

മുകളിൽ പറഞ്ഞവയെല്ലാം സമഗ്രമായ രീതിയിൽ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്താൽ, നാം വന്നെത്തുന്ന നിഗമനം ഇതാണ്. അപ്പോസ്തലൻ എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്ന അര്‍ത്ഥം വരുന്നതിനാല്‍, തിരുവെഴുത്തുകളിലുടനീളം നാല് തരം അപ്പോസ്തലന്മാരെ മാത്രമേ നമുക്ക് കാണാൻ കഴിയൂ.

1. പിതാവിനാൽ അയക്കപ്പെട്ടവനായതു കൊണ്ട് യേശുക്രിസ്തുവിനെ ‘അപ്പോസ്തലൻ’ എന്ന് വിളിച്ചിരിക്കുന്നു. (എബ്രായർ 3:1)
2. യേശുക്രിസ്തുവിനാൽ അയക്കപ്പെട്ട പന്ത്രണ്ടു പേരെ ‘കുഞ്ഞാടിന്‍റെ അപ്പോസ്തലന്മാർ’ എന്ന് വിളിച്ചിരിക്കുന്നു.
3. യേശുക്രിസ്തുവിനാൽ പ്രത്യേകമായി അയക്കപ്പെട്ടതിനാൽ പൗലോസിനെ ഒരു പ്രത്യേക പദവിയിലുള്ള ‘അപ്പോസ്തലൻ’ എന്ന് വിളിച്ചിരിക്കുന്നു.
4. സഭ മുഖാന്തരം അയക്കപ്പെട്ടവരേയും ‘അയക്കപ്പെട്ടവർ’ എന്ന അർത്ഥത്തിൽ ‘അപ്പോസ്തലന്മാർ’ എന്ന് വിളിച്ചിരുന്നു.

ഇന്ന്, മുകളിൽ സൂചിപ്പിച്ച നാലാമത്തെ വിഭാഗത്തിലെ അപ്പോസ്തലന്മാർ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ.എന്നാല്‍, ആദ്യത്തെ മൂന്ന് വിഭാഗങ്ങൾക്കുള്ള അധികാരങ്ങളും കഴിവുകളും അവർക്കില്ല, പക്ഷേ അവരുടെ അപ്പോസ്തലത്വം സഭ അവർക്ക് നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.