Hits: 9
Print
രചയിതാവ്.: ഡി. യശ്വന്ത് കുമാര്‍
വിവർത്തനം: ബാബു വര്‍ഗീസ്‌

വിഭൂതി ബുധൻ – നോമ്പുകാലത്തിന്‍റെ ആരംഭ ദിനം.

ആരാണ് ഇത് ആചരിക്കുന്നത്?

ക്രിസ്ത്യാനികളുടെ ഇടയിൽ പ്രധാനമായും റോമൻ കത്തോലിക്കർ, ലൂഥറൻമാർ, മെഥഡിസ്റ്റുകൾ, സി.എസ്.ഐ. വിശ്വാസികൾ, കൂടാതെ മറ്റ് അനേകം പ്രൊട്ടസ്റ്റന്റ് സഭകളിലെ വിശ്വാസികളും നോമ്പുകാല ദിനങ്ങൾ (lent days) ആചരിക്കുന്നു. ആ നോമ്പുകാലത്തിന്‍റെ ആരംഭ ദിനത്തെ ‘വിഭൂതി ബുധനാഴ്ച’ എന്ന് വിളിക്കുന്നു.

ഏത് ദിവസം ആചരിക്കുന്നു?

ഞായറാഴ്ചകൾ ഒഴിവാക്കി, അതായത് ഞായറാഴ്ചകൾ കണക്കു കൂട്ടാതെ, ഈസ്റ്റർ ഞായറാഴ്ചയ്ക്ക് 40 ദിവസം മുമ്പ് ഈ നോമ്പുകാല ദിനങ്ങൾ ആരംഭിക്കുന്നു.

ഇത് എപ്പോൾ ആരംഭിച്ചു?

ഈ നോമ്പുകാല ദിനങ്ങളെ ആചരിക്കൽ ആദിമ സഭാകാലത്ത് ഉണ്ടായിരുന്നില്ല; യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ ഇതിനെ ആചരിച്ചിരുന്നില്ല. സഭാ ചരിത്രത്തിൽ പിന്നീട് ഏതോ സമയത്ത് റോമൻ കത്തോലിക്കർ ഇതിനെ സഭയിൽ പ്രവേശിപ്പിച്ചു. ചിലർ ഇത് നാലാം നൂറ്റാണ്ടിൽ ആരംഭിച്ചതാണെന്ന് പറയുന്നു, മറ്റുചിലർ പതിനൊന്നാം നൂറ്റാണ്ടിൽ ആരംഭിച്ചതാണെന്ന് പറയുന്നു.

എന്തുകൊണ്ട് ഈ ദിവസത്തെ വിഭൂതി ബുധൻ എന്ന് വിളിക്കുന്നു?

നോമ്പുകാലത്തിലെ ആദ്യ ദിവസം എല്ലായ്പ്പോഴും ബുധനാഴ്ചയായിരിക്കും വരുന്നത്. അതുകൊണ്ടാണ് ഈ ദിവസത്തെ വിഭൂതി ബുധൻ എന്ന് വിളിക്കുന്നത്. ഒരുപക്ഷെ ഈ ദിവസം വ്യാഴാഴ്ച വന്നിരുന്നെങ്കിൽ, വിഭൂതി വ്യാഴാഴ്ച എന്നു വിളിക്കുമായിരുന്നു.

എന്ത് ചെയ്യുന്നു & എങ്ങനെ ചെയ്യുന്നു?

ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പ് വരുന്ന ഞായറാഴ്ചയെ കുരുത്തോല ഞായറാഴ്ചയായി ആചരിക്കുന്നു. യേശുക്രിസ്തു യെരൂശലേമിലേക്ക് പ്രവേശിക്കുമ്പോൾ ഈന്തപ്പനയുടെ കുരുത്തോലകൾ പിടിച്ച് “ഓശാന” എന്ന് വിളിച്ചുകൊണ്ട് ജനങ്ങൾ അവനെ സ്വീകരിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ കുരുത്തോല ഞായറാഴ്ച ആചരിക്കുന്നത്.

നമ്മുടെ പ്രദേശങ്ങളിൽ ഈന്തപ്പന കുരുത്തോല ലഭിക്കാത്ത പക്ഷം തെങ്ങിന്‍റെ ഓലകൾ (പന ഓലകൾ) പിടിച്ച് അവയിൽ പൂക്കൾ കുത്തി, “ഓശാന, ഓശാന” എന്ന് പാടി പള്ളിക്ക് ചുറ്റും തിരിയുന്നു.

അങ്ങനെ ചുറ്റിയ ശേഷം ആ ഓലകൾ പള്ളിയിൽ വെക്കുകയും, തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ അവ എടുത്ത് വീട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഓലകൾ വീട്ടിൽ ഇരിക്കുന്നത് നല്ലതാണെന്നു കരുതുന്നു. ചിലർ അവ കൊണ്ട് ഒരു ക്രൂശ് ഉണ്ടാക്കുന്നു.

കുറച്ച് ദിവസങ്ങൾക്കകം അവ ഉണങ്ങി പോകുന്നു. ആ ഉണങ്ങിയ ഓലകളെ ശേഖരിച്ചു ചുട്ട് ചാരമാക്കുന്നു. ഇങ്ങനെ ചുട്ട് ചാരമാക്കുന്നത് ചിലർ ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മറുനാൾ തന്നെ ചെയ്യുന്നു; മറ്റുചിലർ ഈസ്റ്ററിൽ നിന്ന് അമ്പതാം ദിവസം ആചരിക്കുന്ന പെന്തെക്കോസ്ത് പെരുന്നാൾ ദിനത്തിൽ ചെയ്യുന്നു; മറ്റുചിലർ വിഭൂതി ബുധനാഴ്ചയ്ക്ക് മുമ്പുദിവസം ചെയ്യുന്നു.

ആ ചാരം ശേഖരിച്ചു സൂക്ഷിക്കുന്നു. അങ്ങനെ സൂക്ഷിച്ചിരിക്കുന്ന ചാരം അടുത്ത വർഷം വിഭൂതി ബുധനാഴ്ച ദിവസം ഉപയോഗിക്കുന്നു. അച്ചൻ അല്ലെങ്കിൽ തിരുമേനി ആ ചാരം ക്രൂശിന്‍റെ ആകൃതിയിൽ വിശ്വാസികളുടെ നെറ്റിയിൽ പുരട്ടുകയോ അല്ലെങ്കിൽ അവരുടെ തലയിൽ വിതറുകയോ ചെയ്യുന്നു.

അങ്ങനെ പുരട്ടുമ്പോൾ – “മണ്ണായ നീ വീണ്ടും മണ്ണിലേയ്ക്കു മടങ്ങും; അതിനാൽ നിന്‍റെ പാപങ്ങൾക്കായി പശ്ചാത്തപിച്ചു മാനസാന്തരപെട്ട് രക്ഷിക്കപ്പെടുക” എന്ന് പറയുന്നു.

അനേകം പള്ളികളിൽ ഈ പ്രവർത്തി തിരുമേനിമാരും അച്ചൻമാരും തന്നെയാണ് ചെയ്യുന്നത്; ചില സ്ഥലങ്ങളിൽ ആ ചാരം ഒരു പാത്രത്തിൽ വെക്കുന്നു. വിശ്വാസികൾ തന്നെയാണ് അത് അവരുടെ നെറ്റിയിൽ പുരട്ടുന്നത്. ചിലർ നേരിട്ട് ചാരം തന്നെ പുരട്ടുന്നു; മറ്റുചിലർ ഈ ചാരത്തിൽ “ഹോളി വാട്ടർ” എന്നു പറയുന്ന വെള്ളമോ, അല്ലെങ്കിൽ ഒലിവ് എണ്ണയോ കലർത്തി നെറ്റിയിൽ പുരട്ടുന്നു.

എന്തുകൊണ്ട് ചാരം ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നു?

പഴയ നിയമത്തിൽ ചില പ്രത്യേക സമയങ്ങളിൽ ചിലർ ചണവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് കരഞ്ഞതായും ദുഃഖിച്ചതായും നാം വായിക്കുന്നു. ആ സംഭവങ്ങളെ അടിസ്ഥാനമാക്കി ഈ ആചാരം നിലവിൽ വന്നു എന്ന് പറയപ്പെടുന്നു.

വചനത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിക്കാം

ഈ ആചാരത്തെക്കുറിച്ച് വചനാനുസൃതമായി പ്രതികരിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

നോമ്പുകാല ദിനങ്ങളെ ആചരിക്കണമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലല്ലോ. വിശ്വാസികൾ എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, ദൈവത്തെ എങ്ങനെ ആരാധിക്കണം, എങ്ങനെ ആരാധിക്കരുത് എന്നതെല്ലാം ദൈവം തന്നെ തന്‍റെ വിശുദ്ധഗ്രന്ഥമായ ബൈബിളിൽ വ്യക്തമായി അറിയിച്ചിട്ടുണ്ട്. അവ നാം ചെയ്താൽ മതിയാകും; പുതുതായി ഒന്നും കണ്ടുപിടിക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യാനുള്ള അധികാരവും ദൈവം ആർക്കും നൽകിയിട്ടില്ല.

നോമ്പുകാല ദിനങ്ങൾ എന്ന ആചാരം എപ്പോൾ ആരംഭിച്ചു, ആരാണ് ആരംഭിച്ചത് എന്നു ചിന്തിച്ചാലും, ഈ ആചാരത്തിന് യേശുക്രിസ്തുവുമായോ അപ്പോസ്തലന്മാരുമായോ യാതൊരു ബന്ധവുമില്ലെന്ന് മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ ആര്‍ക്കും എളുപ്പത്തിൽ ഗ്രഹിക്കാന്‍ സാധിക്കും. കര്‍ത്താവ് ചെയ്യാൻ പറഞ്ഞതുമല്ല, അവൻ ആരംഭിച്ചതുമല്ല; പിന്നീട് ആരോ ഉണ്ടാക്കിയ ആചാരമോ മനുഷ്യർ ഉണ്ടാക്കിയ ആചാരമോ തന്നെയാണ് ഈ നോമ്പുകാല ദിനങ്ങൾ.

ഇത്തരത്തിലുള്ള മനുഷ്യർ ഉണ്ടാക്കിയ ആചാരങ്ങളെക്കുറിച്ച് യേശു ഒരു സന്ദർഭത്തിൽ പറഞ്ഞത് — മത്തായി 15:6-9 “ഇങ്ങനെ നിങ്ങളുടെ സാമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു. എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.

നോമ്പുകാല ദിനങ്ങൾ മനുഷ്യർ ഉണ്ടാക്കിയ ആചാരമാണെന്ന് മനസ്സിലായതിനാൽ, ഇത്തരത്തിലുള്ളവ ആചരിക്കുന്നതിലൂടെ ദൈവത്തോടടുത്തുവരാം എന്നു പഠിപ്പിക്കുന്നവരുടെ വാക്കുകൾ പൂർണ്ണമായും അസത്യമാണ് എന്നു മനസ്സിലാക്കണം. അവയെ ദൈവോപദേശങ്ങളാണെന്ന് പഠിപ്പിക്കുന്നവർ വ്യർത്ഥമായി ദൈവത്തെ ആരാധിക്കുന്നുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങളിൽ ആരും വ്യർത്ഥമായി ദൈവത്തെ ആരാധിക്കുന്നവരാകരുതെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ഈ വിഭൂതി ബുധനാഴ്ച ആചരിച്ച് നെറ്റിയിൽ ചാരം പുരട്ടുന്നവർ, ചാരം പശ്ചാത്താപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും അടയാളമാണെന്നും അതുകൊണ്ടാണ് ഇത് ആചരിക്കുന്നതെന്നും പറയുന്നു. പശ്ചാത്താപപ്പെടാനും മാനസാന്തരം പ്രാപിക്കാനും ഒരു ദിവസം വേർതിരിക്കേണ്ട ആവശ്യം എന്താണ്? അങ്ങനെ ചെയ്യണമെന്ന് വചനത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

ഏതൊരു മനുഷ്യനും പാപത്തെക്കുറിച്ച് പരിശുദ്ധാത്മാവിനാൽ ബോധ്യപ്പെടുത്തപ്പെടുമ്പോൾ പശ്ചാത്താപത്തിലേക്കു നയിക്കപ്പെടുകയും മാനസാന്തരം പ്രാപിക്കുകയും ചെയ്യും. അതല്ലാതെ നെറ്റിയിൽ ക്രൂശിന്‍റെ ആകൃതിയിൽ ചാരം പുരട്ടിയതുകൊണ്ട് മാത്രം ഒരാൾ പശ്ചാത്താപത്തിലേക്കു വരുമോ? മാനസാന്തരം പ്രാപിക്കുമോ? അങ്ങനെ വചനത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്?

ഒരു വിശ്വാസി തന്‍റെ പാപത്തെക്കുറിച്ച് പശ്ചാത്താപിക്കുകയും മാനസാന്തരം പ്രാപിക്കുകയും ചെയ്യുന്നത് ദിവസേന ചെയ്യേണ്ട കാര്യമാണ്. എന്നാൽ അതിനായി ഒരു ദിവസം വേർതിരിച്ച്, ആ ദിവസം മാത്രം അല്ലെങ്കിൽ ആ നാൽപ്പത് ദിവസങ്ങൾക്കുള്ളിൽ ചില ആചാരപരമായ കാര്യങ്ങൾ ചെയ്താൽ മതി എന്നു പറയുന്നത് പശ്ചാത്താപത്തെയും മാനസാന്തരത്തെയും കുറിച്ച് ബൈബിളിൽ പഠിപ്പിച്ചിരിക്കുന്ന ഉപദേശങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണ്.

2 തെസ്സലോനിക്ക്യർ 2:15 – "ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ച് അതിൽ ഉറച്ചുനിന്നുകൊൾവിൻ”

അപ്പോസ്തലീക ഉപദേശങ്ങൾ മാത്രമാണ് സഭയായ നാം എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നു നിർണ്ണയിക്കുന്ന മാനദണ്ഡമായിരിക്കേണ്ടത്. അതിൽ തന്നെ നിലകൊള്ളുവാനാണ് പൗലോസ് കല്പിക്കുന്നത്. ആ ഉപദേശത്തിന് പുറത്തായി മനുഷ്യർ സൃഷ്ടിച്ച രീതികളും ആചാരങ്ങളും ഓരോ ദിവസവും പുതുതായി ഉദിച്ചുവരുന്നു. സഭ അത്തരത്തിലുള്ള എല്ലാറ്റിലും ജാഗ്രതയോടെ നിന്ന്, അവയെ നിരസിച്ച് തള്ളിക്കളയണം.

പഴയ നിയമത്തിലെ ഭക്തന്മാർ ഇങ്ങനെ ചെയ്തതിനാലാണ് ഞങ്ങളും ചെയ്യുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ പഴയ നിയമത്തിലെ ഭക്തന്മാർ എന്താണ് ചെയ്തത് –

എസ്തേർ 4:1,3 – “ സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദേഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്‍റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു...രാജാവിന്‍റെ കല്പനയും തീര്‍പ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണ്ണീറില്‍ കിടന്നു”

ഇയ്യോബ് 42:6 – “ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു, പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.”

ദാനിയേൽ 9:3 – “അപ്പോൾ ഞാൻ ഉപവസിച്ചും രെട്ടുടുത്തും വെണ്ണീറില്‍ ഇരുന്നും കൊണ്ട് പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന് ദൈവമായ കര്‍ത്താവിലേയ്ക്ക് മുഖം തിരിച്ചു”.
യോനാ 3:5-6 “ എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. വർത്തമാനം നീനെവേ രാജാവിന്‍റെ അടുക്കൽ എത്തിയപ്പോള്‍ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന ഇവരൊക്കെയും പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളാലും വിലപിക്കുകയും ദുഃഖിക്കുകയും പശ്ചാത്താപിക്കുകയും ചെയ്ത് ചാരത്തിൽ ഇരുന്നു. ആ സാഹചര്യവും കാരണങ്ങളും എന്തെന്നു ആ വചനഭാഗങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. അതല്ലാതെ പശ്ചാത്താപത്തിനായി ഒരു ദിവസം നിശ്ചയിച്ച് എല്ലാവരും ഒന്നിച്ചു കൂടി പശ്ചാത്താപിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ല. പശ്ചാത്താപം ചെയ്തത് വ്യക്തികൾ തന്നെയാണ്, ഓരോരുത്തരും സ്വന്തം നിലയിൽ ചെയ്ത പ്രവൃത്തിയായിരുന്നു അത്.

“ഇന്ന് വിഭൂതി ബുധനാഴ്ചയായതിനാൽ നാം എല്ലാവരും ഒന്നിച്ചു കൂടി ഇരുന്ന് കൂട്ടത്തോടെ പശ്ചാത്താപിക്കാം” എന്ന് പറഞ്ഞ് ചെയ്തതായി ഒരിടത്തും പറഞ്ഞിട്ടില്ല. മുകളിൽ പറഞ്ഞവരിൽ ആരും ഇതിനെ ഒരു ആചാരമായി ചെയ്തിട്ടില്ല. പിന്നെയും, “പഴയ നിയമത്തിലെ ഭക്തന്മാർ ചെയ്തതിനാൽ ഞങ്ങളും ചെയ്യുന്നു” എന്നു പറയുന്നവർ, അവരെപ്പോലെ തന്നെ ചണവസ്ത്രം ധരിച്ചു ചാരത്തിൽ ഇരിക്കാമല്ലോ? നെറ്റിയിലോ തലയിലോ അല്പം ചാരം ചിതറിച്ചാല്‍ മതിയെന്ന് ആരാണ് പറഞ്ഞത്?

അതുപോലെ കഴിഞ്ഞ വർഷം ഓശാന ഞായറാഴ്ച ഉപയോഗിച്ച കുരുത്തോലകൾ ചുട്ട് കിട്ടിയ ചാരമേ ഉപയോഗിക്കാവൂ. അങ്ങനെ എന്തിന് ചെയ്യുന്നു? പഴയ നിയമത്തിലെ ഭക്തന്മാരെപ്പോലെ മുഴുവൻ ചാരത്തിൽ ഇരുന്ന് പശ്ചാത്താപിക്കാമല്ലോ? അവർ ചെയ്തതുപോലെ ചെയ്യുന്നു എന്ന് പറയുന്നതിനാലാണ് ഞാൻ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുന്നത്; അവരെപ്പോലെ ചെയ്യണമെന്ന് ഞാൻ പറയുന്നില്ല.

ആർക്കും ഇഷ്ടമുള്ളതുപോലെ പുതിയ രീതികളും ആചാരങ്ങളും ഉണ്ടാക്കി, യേശുക്രിസ്തുവിനെയും അപ്പോസ്തലന്മാരെയും മറികടന്ന് കൂടുതൽ ഭക്തി കാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ദൈവത്തെ വ്യർത്ഥമായി ആരാധിക്കുന്ന കപടഭക്തികാരുടെ പട്ടികയിൽ നിങ്ങൾ ഉൾപ്പെടാതിരിക്കുവാൻ ജാഗ്രത പാലിക്കണമെന്ന് ഞാൻ പറയുന്നു. വചനങ്ങളെ അവയുടെ സന്ദർഭത്തിൽ ശരിയായി മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യാനുള്ള ജ്ഞാനം നമുക്കെല്ലാവർക്കും തരണമേ എന്ന് കർത്താവിനോട് അപേക്ഷിക്കാം.

യേശു നടത്തിയ 40 ദിവസത്തെ ഉപവാസത്തെ അടിസ്ഥാനമാക്കി നോമ്പുകാല ദിനങ്ങൾ ആചരിക്കുന്നു എന്നും ചിലർ പറയുന്നു. യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് 40 ദിവസം ഉപവസിച്ചു. അതിന് ശേഷം മൂന്നര വർഷങ്ങൾക്കു ശേഷം ക്രൂശിൽ മരിച്ചു. അവന്‍റെ മരണത്തിനും 40 ദിവസത്തെ ഉപവാസത്തിനും തമ്മിൽ യാതൊരു ബന്ധവും ഇല്ല.

യേശുക്രിസ്തു ഈ ഭൂമിയിൽ ജീവിച്ച മൂന്നര വർഷത്തെ ശുശ്രൂഷാകാലത്തുടനീളം ഒരിക്കലും ഇത്തരത്തില്‍ യാതൊന്നും ആചരിച്ചിട്ടില്ല. അതുകൊണ്ട്  “യേശുക്രിസ്തു ചെയ്തതിനാൽ ഞങ്ങളും ചെയ്യുന്നു” എന്ന് എങ്ങനെ പറയാന്‍ സാധിക്കും? വചനാധാരമില്ലാതെ, ദൈവത്തിന്‍റെ അനുമതിയില്ലാതെ, ആരും ഇഷ്ടമുള്ളപോലെ ബൈബിളിലെ വചനങ്ങൾക്ക് പുതിയ അർത്ഥങ്ങൾ ചേർത്ത്, തങ്ങൾക്ക് ഇഷ്ടമുള്ള ആചാരങ്ങൾ സൃഷ്ടിച്ചു കൊണ്ടുപോയാൽ, ഭാവിയിൽ വർഷത്തിലെ 365 ദിവസങ്ങൾക്കും ഓരോ ആചാരം വീതം ഉണ്ടാകും. എന്നാൽ അവയെ അടിസ്ഥാനമാക്കിയോ അവ ആചരിക്കുന്നവരെ അടിസ്ഥാനമാക്കിയോ ദൈവം സന്തോഷിക്കുന്നില്ലെന്നു ഓർക്കുക.