ആമുഖം
"ബൈബിളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ട്... ഒരിടത്തു പറഞ്ഞതിന് മറ്റൊരിടത്തു പറഞ്ഞതുമായി യാതൊരു പൊരുത്തവുമില്ല... അങ്ങനെയെങ്കില്‍ അത് എങ്ങനെയാണ് ദൈവവചനം ആകുന്നത്?"
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലായാലും, കോളേജ് കാമ്പസുകളിലായാലും, സുഹൃത്തുക്കൾ തമ്മിലുള്ള ആത്മീയ ചർച്ചകളിലായാലും - വിമർശകരിൽ നിന്ന് പതിവായി ഉയരുന്ന ഒരു പ്രധാന ചോദ്യമാണിത്. ബൈബിൾ മുറുകെപ്പിടിക്കുന്ന ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ഈ വെല്ലുവിളി നേരിടേണ്ടതായി വരുന്നു. മറ്റു ചിലരിൽ ഇത് ഉള്ളിൽ ആരോടും തുറന്നുപറയാൻ കഴിയാത്ത സംശയങ്ങള്‍ പോലും ജനിപ്പിക്കുന്നുണ്ടാകാം.
യഥാർത്ഥത്തിൽ ബൈബിളിൽ പരസ്പരം നിഷേധിക്കുന്ന വൈരുദ്ധ്യങ്ങളുണ്ടോ? അതോ ഇവ കേവലം അപൂർണ്ണമായ പഠനം കൊണ്ടും, മനഃപൂർവ്വമായ വളച്ചൊടിക്കലുകൾ കൊണ്ടും ഉടലെടുത്ത തെറ്റിദ്ധാരണകളാണോ?
ഒരു ഗ്രന്ഥത്തെ വിമർശിക്കുന്നതിനുമുമ്പ് നാം പാലിക്കേണ്ട അടിസ്ഥാനപരമായ നീതിശാസ്ത്ര തത്വങ്ങൾ എന്തൊക്കെയാണ്? ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പ്രാചീന സംസ്കാരം, സാഹിത്യ ശൈലികൾ, ചരിത്ര പശ്ചാത്തലങ്ങൾ എന്നിവ കണക്കിലെടുക്കാതെ നടത്തുന്ന വിലയിരുത്തലുകള്‍ എത്രത്തോളം ന്യായമാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരമായി – വൈരുദ്ധ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളുടെ പിന്നിലുള്ള യഥാർത്ഥ സത്യം വിശകലനം ചെയ്തുകൊണ്ടും, തിരുവെഴുത്തുകളുടെ വിശുദ്ധിയെ തെളിയിച്ചുകൊണ്ടുമുള്ള 10 അടിസ്ഥാന പഠന തത്വങ്ങളെ ഈ ലേഖനത്തിൽ നമുക്ക് വിശദമായി പരിശോധിക്കാം.
ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ വിശുദ്ധ ഗ്രന്ഥമായ ബൈബിളാണ്. അപ്പൊസ്തലനായ പൗലോസ് തിമൊഥെയോസിനെഴുതുമ്പോൾ:
"ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളത് ആകുന്നു" എന്ന് പ്രഖ്യാപിച്ചു (2 തിമൊഥെയൊസ് 3:16-17).
അതുപോലെതന്നെ പത്രൊസ് തന്‍റെ രണ്ടാമത്തെ ലേഖനത്തിൽ തിരുവചനത്തിന്‍റെ സുസ്ഥിരതയെക്കുറിച്ച് കൂടുതൽ വ്യക്തമായി വിവരിച്ചുകൊണ്ട്:
"തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മാനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ" (2 പത്രൊസ് 1:20-21) എന്ന് പ്രസ്താവിച്ചു.
ഇത്രയും പവിത്രമായ തിരുവെഴുത്തുകൾക്ക് നേരെ വിമർശകർ പതിവായി പ്രയോഗിക്കുന്ന പ്രധാന ആയുധം, 'ബൈബിളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ട് (self-contradictions), അതുകൊണ്ട് അതിന് ദൈവവചനമാകാന്‍ കഴിയില്ല' എന്നതാണ്. ഒന്നിനൊന്നു ചേരാത്തതും, പരസ്പരം നിഷേധിക്കുന്നതുമായ വിഷയങ്ങൾ ബൈബിളിലുണ്ടെന്നാണ് അവരുടെ ആരോപണം.
എന്താണ് യഥാർത്ഥത്തിൽ വൈരുദ്ധ്യം? അത് തെളിയിക്കുക എന്ന കടമ ഉത്തരവാദിത്തം ആരുടേതാണ്?
ആദ്യമായി 'പരസ്പര വൈരുദ്ധ്യം' (Contradiction) എന്നാൽ എന്താണെന്ന് നാം വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. ഒരിടത്ത് ഒരു സത്യത്തെ പ്രസ്താവിക്കുകയും, മറ്റൊരിടത്ത് അതിനെ പൂർണ്ണമായും നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്താൽ അതിനെ വൈരുദ്ധ്യം എന്ന് വിളിക്കുന്നു. പരസ്പരവിരുദ്ധമായി തോന്നുന്ന വേദഭാഗങ്ങളെ പൊരുത്തപ്പെടുത്താൻ കഴിയുന്ന മറ്റ് യുക്തിസഹമായ വിശദീകരണങ്ങളൊന്നും തന്നെയില്ലെന്ന് തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരോപിക്കുന്നത് അനീതിയാണ്.
ഇവിടെ നാം ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമതത്വമുണ്ട്: തെളിയിക്കേണ്ട ഉത്തരവാദിത്തം (The Burden of Proof).
ലോകത്തിലെ ഏത് കോടതിയിലായാലും ഒരു വ്യക്തിക്കെതിരെ കുറ്റാരോപണം ഉണ്ടായാൽ, ആ കുറ്റം തെളിയിക്കപ്പെടുന്നതുവരെ അയാൾ നിരപരാധിയായിത്തന്നെ പരിഗണിക്കപ്പെടുന്നു. കുറ്റം ആരോപിച്ചവൻ തന്നെയാണ് അത് തെളിയിക്കേണ്ടത്, കുറ്റാരോപിതൻ താൻ നിരപരാധിയാണെന്ന് ഓരോ തവണയും സ്വയം തെളിയിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ല. എന്നാൽ ഖേദകരമായ കാര്യമെന്തെന്നാൽ, ചിലർ ബൈബിളിന്‍റെ കാര്യത്തിൽ ഈ നീതിയെ കീഴ്മേല്‍ മറിക്കുന്നു. ബൈബിൾ അതിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ അതിനെ ഒരു കുറ്റവാളിയെന്ന രീതിയിൽ സമീപിക്കുന്നു.
രസകരമായ ഒരു ഉദാഹരണം നോക്കാം. ഒരാൾ വന്ന് "ഞങ്ങളുടെ വീട്ടിൽ ഒരു വെള്ളാനയുണ്ട്" എന്ന് പ്രസ്താവിച്ചു എന്നിരിക്കട്ടെ. ഇപ്പോൾ ആ വീട്ടിൽ വെള്ളാനയുണ്ടെന്ന് തെളിയിക്കേണ്ട കടമ ആരുടേതാണ്? ആ പ്രസ്താവന നടത്തിയ ആളുടേത് തന്നെയാണ്. "ഞങ്ങളുടെ വീട്ടിൽ വെള്ളാനയില്ലെന്ന് നിങ്ങൾ തെളിയിക്കൂ" എന്ന് മറ്റുള്ളവരോട് പറയാന്‍ അയാള്‍ക്ക് കഴിയില്ല; കാരണം ഇല്ലാത്ത ഒന്നിനെ ഇല്ല എന്ന് തെളിയിക്കാൻ ആര്‍ക്കും സാധ്യമല്ല. ബൈബിളിൽ ഇല്ലാത്ത വൈരുദ്ധ്യങ്ങളെ ഇല്ലെന്ന് തെളിയിക്കേണ്ട കടമ വിശ്വാസിയുടേതല്ല; മറിച്ച് വൈരുദ്ധ്യങ്ങളുണ്ടെന്ന് വാദിക്കുന്ന വിമർശകൻ തന്നെയാണ് അതിനെ ചോദ്യം ചെയ്യാനാവാത്ത വിധം തെളിയിക്കേണ്ടത്. ഒടുവിൽ തെളിയിക്കാൻ ആവശ്യപ്പെടുമ്പോൾ, ഒരു ചെറിയ നായ്ക്കുട്ടിയെ കൊണ്ടുവന്ന് 'ഇതാണ് വെള്ളാന' എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതുപോലെ ഇല്ലാത്ത പ്രശ്നങ്ങളെ അവർ മുന്നോട്ട് വെക്കുന്നു.
വളച്ചൊടിക്കലുകളുടെ നിർമ്മാണശാലകൾ: തിരുവെഴുത്തുകളെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണത
യഥാർത്ഥത്തിൽ തിരുവെഴുത്തുകളിൽ ഇല്ലാത്ത വൈരുദ്ധ്യങ്ങൾ കണ്ടെത്താന്‍ എന്തിനാണ് ശ്രമിക്കുന്നത്? അപ്പൊസ്തലനായ പത്രോസ് ഈ പ്രവണതയെ നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ തുറന്നുകാട്ടിയിട്ടുണ്ട്:
"...നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്ക് ഇതിനെക്കുറിച്ച് സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ള ചിലതുണ്ട്; അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു." (2 പത്രൊസ് 3:15-16)
ഇവിടെ പത്രൊസ് വളരെ വ്യക്തമായി പറയുന്നു: തിരുവെഴുത്തുകളിൽ ഗ്രഹിക്കാൻ പ്രയാസമുള്ള ചില കാര്യങ്ങളുണ്ട്. എന്നാൽ അസ്ഥിരരും ശരിയായ ഗ്രാഹ്യമില്ലാത്തവരുമായ ആളുകൾ അവയെ സ്വന്തം നാശത്തിനായി വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.
വിമർശകർ ഒരു തെറ്റായ വ്യാഖ്യാനത്തെ ബൈബിൾ വാക്യങ്ങളിൽ അടിച്ചേൽപ്പിക്കുകയും, സ്വയം ഒരു കൃത്രിമ വൈരുദ്ധ്യം സൃഷ്ടിക്കുകയും, ബൈബിളിൽ തെറ്റ് കണ്ടെത്താനുള്ള ‘ശ്രമങ്ങള്‍’ നടത്തുകയും ചെയ്യുന്നു. ഈ വളച്ചൊടിക്കലുകളെ നേരിടാൻ ഒരേയൊരു നീതിപൂർവ്വമായ നിയമമേയുള്ളൂ: വിമർശകൻ നൽകിയ വ്യാഖ്യാനം മാത്രമാണ് സാധ്യമായ ഒരേയൊരു വ്യാഖ്യാനം (only possible interpretation) എന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ അത് വൈരുദ്ധ്യമായി മാറുകയുള്ളൂ. സന്ദർഭാനുസൃതവും ന്യായയുക്തവുമായ ഒരു ബദൽ വിശദീകരണം ഉള്ളിടത്തോളം കാലം, ആരോപിക്കപ്പെട്ട ആ വൈരുദ്ധ്യം ഇല്ലാതാകുന്നു.
വിമർശകർ ഉന്നയിക്കുന്ന നൂറുകണക്കിന് ആരോപണങ്ങളെ ഓരോന്നായി വിശകലനം ചെയ്യുന്നതിനേക്കാൾ, ആ ആരോപണങ്ങൾക്ക് പിന്നിലുള്ള യുക്തിസഹമായ പോരായ്മകളെ തിരിച്ചറിയാൻ സഹായിക്കുന്ന 10 അടിസ്ഥാന തത്വങ്ങൾ നാം മനസ്സിലാക്കിയാൽ അവർ കൊണ്ടുവരുന്ന ഏത് പ്രശ്നത്തെയും എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.
വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുന്ന 10 പഠന തത്വങ്ങൾ
1. സന്ദർഭത്തെ അവഗണിക്കുന്നത് വഴി ഉണ്ടാക്കുന്ന വൈരുദ്ധ്യങ്ങൾ (Violating Context)
ഏതൊരു ഗ്രന്ഥത്തിന്‍റെയും സന്ദർഭം മാറ്റിവെച്ചാൽ എഴുത്തുകാരന്‍റെ ഉദ്ദേശ്യം തലകീഴായി മറിയും. ഉദാഹരണത്തിന്, ബൈബിളിൽ "ദൈവം ഇല്ല" എന്ന വാചകം രണ്ടുതവണയുണ്ട് (സങ്കീർത്തനങ്ങൾ 14:1, 53:1). അതുകൊണ്ട് ബൈബിൾ നിരീശ്വരവാദമാണ് പഠിപ്പിക്കുന്നതെന്ന് പറയാൻ കഴിയുമോ? പൂർണ്ണ സന്ദർഭം വായിച്ചാൽ: "ദൈവം ഇല്ല എന്നു മൂഢൻ തന്‍റെ ഹൃദയത്തിൽ പറയുന്നു" എന്ന് വ്യക്തമായി കാണാം. സന്ദർഭം മുറിച്ചുമാറ്റി ആ ഒരു ഭാഗം മാത്രം എടുത്താൽ അത് കടുത്ത വളച്ചൊടിക്കലായി മാറും.
മറ്റൊരു പ്രശസ്തമായ ഉദാഹരണം:
" നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്വം പോലെ അവനോട് ഉത്തരം പറയരുത്. മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്വത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക." (സദൃശവാക്യങ്ങൾ 26:4-5).
4-ാം വാക്യത്തിൽ ഉത്തരം പറയരുതെന്നും, 5-ാം വാക്യത്തിൽ ഉത്തരം പറയണമെന്നും പറഞ്ഞിരിക്കുന്നത് പരസ്പര വൈരുദ്ധ്യമല്ലേ എന്നാണ് ഇവിടെ വിമർശകരുടെ ചോദ്യം. എന്നാൽ ശലോമോനെപ്പോലൊരു ജ്ഞാനി ഒരേ പുസ്തകത്തിൽ തൊട്ടടുത്ത രണ്ട് വാക്യങ്ങളിൽ അത്ര അശ്രദ്ധയോടെ വൈരുദ്ധ്യമായ കാര്യങ്ങള്‍ എഴുതുമോ? ഇവിടെ സന്ദർഭം മൂഢന് മറുപടി നൽകണമോ വേണ്ടയോ എന്നതല്ല; ഏത് സാഹചര്യത്തിൽ എങ്ങനെ സംസാരിക്കണം, എങ്ങനെ സംസാരിക്കരുത് എന്നുള്ളതാണ് പ്രധാനപ്പെട്ട വിഷയം.
• 4-ാം വാക്യം അനുസരിച്ച്: മൂഢൻ സംസാരിക്കുന്ന അതേ തരംതാണ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്ന് നീയും അവനെപ്പോലെ മറുപടി പറയരുത്.
• 5-ാം വാക്യം അനുസരിച്ച്: അവൻ സ്വയം വലിയ ജ്ഞാനിയാണെന്ന് തെറ്റിദ്ധരിക്കാതെ അവന്‍റെ അജ്ഞതയെ തുറന്നുകാട്ടുന്ന രീതിയിൽ സത്യം വ്യക്തമാക്കി കൊടുക്കുക. സന്ദർഭം പരിശോധിച്ചാൽ അവിടെ യാതൊരു വൈരുദ്ധ്യവുമില്ല.
2. രണ്ട് വ്യത്യസ്ത സംഭവങ്ങളെ ഒരൊറ്റ കാര്യമായി ചിത്രീകരിക്കൽ (Conflating Two Separate Events)
വ്യത്യസ്ത സമയങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളെ ഒന്നായി കരുതി, വിശദാംശങ്ങളിൽ വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് ബഹളം വെക്കുന്നത് വിമർശകരുടെ രണ്ടാമത്തെ വളച്ചൊടിക്കൽ രീതിയാണ്.
ഉദാഹരണത്തിന്, മത്തായി 8:23-26 വാക്യങ്ങളിൽ യേശുക്രിസ്തു പടകിൽ കിടന്നുറങ്ങുമ്പോൾ കൊടുങ്കാറ്റുണ്ടായതും, ശിഷ്യന്മാർ ഉണർത്തിയപ്പോൾ അവിടുന്ന് കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കിയതും നാം കാണുന്നു. എന്നാൽ യോഹന്നാൻ 6:16-21-വാക്യങ്ങളിൽ ശിഷ്യന്മാർ പടകിൽ യാത്ര ചെയ്യുമ്പോൾ രാത്രിസമയത്ത് യേശു വെള്ളത്തിന്മീതെ നടന്നു വന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതായി കാണാം. വിമർശകർ ഉടൻതന്നെ: "ഒരു സുവിശേഷത്തിൽ യേശു പടകിലായിരുന്നു എന്ന് പറയുന്നു, മറ്റൊരു സുവിശേഷത്തിൽ വെള്ളത്തിന്മീതെ നടന്നുവെന്ന് പറയുന്നു, ഇതെന്തൊരു വൈരുദ്ധ്യമാണ്?” എന്ന് ചോദിക്കുന്നു. എന്നാൽ വാസ്തവത്തിൽ അവ രണ്ടും വ്യത്യസ്ത സമയങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളാണ്. മത്തായിയും തന്‍റെ 14-ാം അധ്യായത്തിൽ (മത്തായി 14:22-33) യേശു വെള്ളത്തിന്മീതെ നടന്ന രണ്ടാമത്തെ സംഭവത്തെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് യോഹന്നാൻ മത്തായിക്ക് വിരുദ്ധമായിട്ടല്ല എഴുതിയത്.
അതുപോലെതന്നെ 5,000 പേരെ 5 അപ്പവും 2 മീനും കൊണ്ട് പോഷിപ്പിച്ച അത്ഭുതം (മത്തായി 14:13-21) ഒന്നാണ്; 4,000 പേരെ 7 അപ്പവും ഏതാനും ചെറിയ മീനുകളും കൊണ്ട് പോഷിപ്പിച്ച അത്ഭുതം (മത്തായി 15:32-39) മറ്റൊന്നാണ്. മത്തായി 16:9-10-ൽ യേശു തന്നെ ഈ രണ്ട് വ്യത്യസ്ത സംഭവങ്ങളെയും പരാമർശിച്ചുകൊണ്ട് ശിഷ്യന്മാരോട് സംസാരിക്കുന്നുണ്ട്. വ്യത്യസ്ത സംഭവങ്ങളെ ഒരൊറ്റ സംഭവമാക്കി മാറ്റി വൈരുദ്ധ്യങ്ങളെന്ന് മുദ്രകുത്തുന്നത് വിമർശകരുടെ അജ്ഞത മാത്രമാണ്.
3. ഭാഗിക വിവരങ്ങളെ വൈരുദ്ധ്യമായി ചിത്രീകരിക്കൽ (Partial vs. Complete Information)
ഒരേ സംഭവത്തെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ ഒരു ഗ്രന്ഥകർത്താവ് ഭാഗികമായ വിവരങ്ങളും, മറ്റൊരാൾ കൂടുതൽ സമഗ്രമായ പശ്ചാത്തലവും രേഖപ്പെടുത്തിയേക്കാം. അതുകൊണ്ട് മാത്രം അതൊരു വൈരുദ്ധ്യമാകുന്നില്ല.
ദാവീദ് ജനസംഖ്യ എടുത്ത പാപത്തിന്‍റെ കാര്യത്തിൽ ഗാദ് പ്രവാചകൻ മൂന്ന് ശിക്ഷാ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച സന്ദർഭം നോക്കിയാൽ:
• 2 ശമൂവേൽ 24:13-ൽ: ഏഴു സംവത്സരത്തെ ക്ഷാമം വേണമോ എന്നും,
• 1 ദിനവൃത്താന്തം 21:12-ൽ: മൂന്നു സംവത്സരത്തെ ക്ഷാമം വേണമോ എന്നും ചോദിക്കുന്നത് നാം വായിക്കുന്നു.
യഥാർത്ഥത്തിൽ ക്ഷാമകാലം 7 വർഷമാണോ അതോ 3 വർഷമാണോ? 2 ശമൂവേൽ 21-ാം അധ്യായം നാം ശ്രദ്ധയോടെ വായിച്ചാൽ, ശൌൽ ഗിബെയോന്യരോട് ചെയ്ത അനീതി നിമിത്തം അതിനോടകം തന്നെ യിസ്രായേൽ ദേശത്ത് 3 വർഷത്തെ ക്ഷാമം അവര്‍ അനുഭവിച്ചിരുന്നു. ഇപ്പോൾ ദാവീദിന്‍റെ പാപത്തിന് മറ്റൊരു 3 വർഷത്തെ ക്ഷാമം കൂടി ചേർന്നാൽ ആകെ 6 വർഷമാകും. യിസ്രായേൽ ന്യായപ്രമാണമനുസരിച്ച് ഓരോ ഏഴാമത്തെ വർഷവും ഭൂമിക്കുള്ള സ്വസ്ഥതാ വർഷമാണ് (ശബ്ബത്ത് വർഷം). തുടർച്ചയായി ക്ഷാമം ഉണ്ടാകുമ്പോൾ സ്വസ്ഥതാ വർഷത്തിലും വിളവെടുപ്പ് ഉണ്ടാകില്ല എന്നതിനാൽ അതും ക്ഷാമമായിത്തന്നെ മാറും. അങ്ങനെ മൊത്തത്തിൽ 7 വർഷത്തെ ക്ഷാമകാലം ദാവീദിന് നേരിടേണ്ടി വരുന്നു. ദിനവൃത്താന്ത രചയിതാവ് ഏറ്റവും പുതിയ നിർദ്ദേശമായ 3 വർഷത്തെ നേരിട്ട് പരാമർശിച്ചപ്പോൾ, ശമൂവേലിന്‍റെ പുസ്തക രചയിതാവ് മൊത്തം കാലയളവിനെ (പൂർണ്ണ വിവരങ്ങളെ) മനസ്സിൽ കണ്ടുകൊണ്ടാണ് സംസാരിച്ചത്. രണ്ടിനെയും സമന്വയിപ്പിച്ച് നോക്കുമ്പോൾ നമുക്ക് സത്യം വ്യക്തമാകും.
4. കാലക്രമത്തെ കണക്കിലെടുക്കാതിരിക്കൽ (Ignoring Chronological Harmony)
സുവിശേഷങ്ങളിലെ വിവരങ്ങളെ ശരിയായ ക്രമത്തിൽ (chronological order) കാണാതെ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്‍റെ ജനനത്തിനു ശേഷം കിഴക്കുനിന്നുള്ള വിദ്വാന്മാർ വരുന്നത്, ഹെരോദാവ് കുഞ്ഞുങ്ങളെ കൊല്ലിക്കുന്നത്, യേശുവിന്‍റെ കുടുംബം മിസ്രയീമിലേക്ക് ഓടിപ്പോകുന്നതും, പിന്നീട് നസറെത്തിലേക്ക് മടങ്ങിവരുന്നതും... ഇങ്ങനെ നാം വായിക്കുന്നു (മത്തായി 2-ാം അധ്യായം). എന്നാൽ ലൂക്കൊസിന്‍റെ സുവിശേഷം 2-ാം അധ്യായത്തിൽ യേശുവിന്‍റെ ജനനം, 8-ാം നാളിലെ പരിച്ഛേദന, 33 ദിവസങ്ങൾക്ക് ശേഷം ദൈവാലയത്തിൽ നടന്ന ശുദ്ധീകരണ കർമ്മങ്ങൾ എന്നിവ കഴിഞ്ഞയുടൻ അവർ നസറെത്തിലേക്ക് മടങ്ങിപ്പോയതായി ചുരുക്കി വിവരിച്ചിരിക്കുന്നു. ഇവിടെ വിദ്വാന്മാരെക്കുറിച്ചോ മിസ്രയീമിലേക്കുള്ള യാത്രയെക്കുറിച്ചോ ലൂക്കൊസ് രേഖപ്പെടുത്തിയിട്ടില്ല.
വിമർശകർ ഇതിനെ വൈരുദ്ധ്യമെന്ന് വിളിക്കുന്നു. എന്നാൽ വിദ്വാന്മാർ വന്നത് യേശു പശുത്തൊട്ടിയിൽ കിടന്ന രാത്രിയിലല്ല. കിഴക്കുദേശത്തു നിന്നും യാത്ര ചെയ്തു വരാൻ അവർക്ക് ഏതാണ്ട് ഒന്നോ രണ്ടോ വർഷത്തെ സമയം എടുത്തു (അതുകൊണ്ടാണ് ഹെരോദാവ് രണ്ടു വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ കൊന്നൊടുക്കിയത്). അതിനിടയിലാണ് ലൂക്കൊസ് പറഞ്ഞ ശുദ്ധീകരണ കർമ്മങ്ങൾ പൂർത്തിയായത്. അതിനുശേഷമാണ് മിസ്രയീമിലേക്കുള്ള പലായനവും, പിന്നീട് നസറെത്തിലേക്കുള്ള മടങ്ങിവരവും സംഭവിച്ചത്. ഒരു എഴുത്തുകാരൻ ഒരു പ്രത്യേക ഭാഗം രേഖപ്പെടുത്തിയപ്പോൾ മറ്റൊരു എഴുത്തുകാരൻ വേറൊരു കോണിൽ നിന്നാണ് വിശദീകരിച്ചത്. രണ്ടിനെയും കാലക്രമത്തിൽ വെച്ച് നോക്കുമ്പോൾ ചരിത്രം പൂർണ്ണമാകുന്നു.
5. രചനാശൈലി തിരിച്ചറിയുന്നതിൽ പരാജയപ്പെടൽ (Literary Genre & Style)
ബൈബിൾ ഒരൊറ്റ ശൈലിയിൽ മുന്നോട്ടുപോകുന്ന പുസ്തകമല്ല. ഇതിൽ ചരിത്രപരമായ വിവരണങ്ങൾ (historical narrative), കാവ്യശൈലി (poetry), പ്രവചനങ്ങൾ (prophecy), ഉപമകൾ (parables) തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. കാവ്യരൂപത്തിൽ അലങ്കാരമായി പറഞ്ഞതിനെ, അക്ഷരാർത്ഥ പ്രവചനവുമായി താരതമ്യം ചെയ്ത് വൈരുദ്ധ്യമെന്ന് പറയുന്നത് സാഹിത്യ നിയമങ്ങൾക്ക് തന്നെ വിരുദ്ധമാണ്.
ഉദാഹരണത്തിന്:
• സഭാപ്രസംഗി 1:4 - "ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു."
• 2 പത്രൊസ് 3:10 - "കർത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും; അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും."
സഭാപ്രസംഗി എഴുതിയിരിക്കുന്നത് കാവ്യരൂപത്തിലാണ്. അതിവേഗം കടന്നുപോകുന്ന മനുഷ്യ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമി യുഗങ്ങളായി ഇളകാതെ നിലനിൽക്കുന്നതായി തോന്നുന്നു എന്നാണ് അവിടെ കവിയുടെ ആശയം. നിത്യതയിൽ ഭൂമി ഒരിക്കലും നശിച്ചുപോകില്ലെന്ന് ഭൗതികശാസ്ത്രപരമായ നിർവ്വചനം നൽകുകയല്ല അവിടെ ചെയ്യുന്നത്. എന്നാൽ പത്രൊസ് സംസാരിക്കുന്നത് യുഗാന്ത്യ പ്രവചനത്തെക്കുറിച്ചാണ്; ഭാവിയിൽ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്ന ന്യായവിധിയെക്കുറിച്ചാണ്. കാവ്യപരമായ അലങ്കാരത്തെ പ്രവചന യാഥാർത്ഥ്യവുമായി താരതമ്യപ്പെടുത്തി വൈരുദ്ധ്യം കണ്ടെത്തുന്നത് വേദപുസ്തക ശൈലിയെ അവഗണിക്കുന്നതിന് തുല്യമാണ്.
6. തിരുവെഴുത്തുകളെക്കുറിച്ചുള്ള സമഗ്രമായ അറിവിന്‍റെ അഭാവം (Lack of Holistic Scriptural Understanding)
തിരുവെഴുത്തുകളുടെ സമഗ്രമായ സത്യം ഗ്രഹിക്കാതെ ഒരു വാക്യം മാത്രമായി അടർത്തിയെടുത്താൽ തെറ്റായ ഉപദേശങ്ങളും വൈരുദ്ധ്യങ്ങളും ഉടലെടുക്കും.
പഴയനിയമത്തിൽ ദൈവം അരുളിച്ചെയ്യുന്നു: "ഞാൻ, ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല" (യെശയ്യാവു 43:11). അങ്ങനെയെങ്കിൽ പുതിയനിയമത്തിൽ യേശുക്രിസ്തുവിനെ ദൈവമായി ആരാധിക്കുമ്പോൾ, അത് ഏകദൈവ വിശ്വാസത്തിന് വിരുദ്ധമല്ലേ എന്ന് ചിലർ ചോദിക്കുന്നു. എന്നാൽ തിരുവെഴുത്തുകളുടെ സമഗ്ര വെളിച്ചത്തിൽ നാം ദൈവത്തിന്‍റെ ത്രിത്വ സത്യത്തെ (Trinity) മനസ്സിലാക്കുന്നു. 'യഹോവ' എന്ന ദൈവത്വം ഏക സത്യദൈവത്തിന്‍റെ സ്വഭാവമാണ്; ആ ദൈവത്വം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങളിൽ ഏകത്വമായി നിറഞ്ഞിരിക്കുന്നു. സമഗ്രമായ കാഴ്ചപ്പാട് ഉണ്ടാകുമ്പോൾ ഈ സത്യം എത്രയോ മനോഹരമായി ബോധ്യപ്പെടുന്നു.
7. അടിസ്ഥാന നിയമങ്ങൾക്കുള്ള ദൈവിക ഇളവുകൾ തിരിച്ചറിയാതിരിക്കൽ (Rules vs. Exceptions)
"കൊല ചെയ്യരുത്" എന്നത് ദൈവകല്പനയാണ് (പുറപ്പാടു 20:13). എന്നാൽ ചില ദുഷ്ട ജനതകൾക്കെതിരെ യുദ്ധം ചെയ്യാനും അവരെ നശിപ്പിക്കാനും ദൈവം തന്നെ യിസ്രായേല്യരോട് ആജ്ഞാപിച്ചു. "ഒരിടത്ത് കൊല്ലരുതെന്നും, മറ്റൊരിടത്ത് കൊല്ലണമെന്നും പറഞ്ഞോ? ഇത് വൈരുദ്ധ്യമല്ലേ?" എന്ന് വിമർശകർ ചോദിക്കുന്നു.
വ്യക്തിപരമായ പകയോടുകൂടി അന്യായമായി ജീവനപഹരിക്കുന്നതിനെയാണ് കൊലപാതകം എന്ന് പറയുന്നത്. എന്നാൽ ന്യായമായ യുദ്ധങ്ങൾ, സമൂഹത്തിന്‍റെ സംരക്ഷണത്തിനായി കോടതികൾ വിധിക്കുന്ന വധശിക്ഷകൾ, ആത്മരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ദൈവിക നിയമം തന്നെ വ്യക്തമായ ചില ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ "വ്യഭിചാരം ചെയ്യരുത്" തുടങ്ങിയ കല്പനകൾക്ക് ബൈബിളിൽ ഒരിടത്തും യാതൊരുവിധ ഇളവുകളുമില്ല. അതുകൊണ്ടുതന്നെ ജീവഹാനിയുടെ കാര്യത്തിൽ ദൈവം തന്നെ നൽകിയ ന്യായമായ ഇളവുകളെ വൈരുദ്ധ്യങ്ങളായി ചിത്രീകരിക്കുന്നത് ശരിയല്ല.
8. ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തെ വിസ്മരിക്കൽ (Historical and Cultural Context)
വിശുദ്ധ ഗ്രന്ഥം ഒരു നിർദ്ദിഷ്ട ചരിത്ര കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. ആ കാലത്തെ നിയമങ്ങളെയും ഭരണരീതികളെയും കുറിച്ചുള്ള അറിവില്ലെങ്കിൽ തിരുവെഴുത്തുകൾ തെറ്റിദ്ധരിക്കപ്പെടും.
ന്യായപ്രമാണപ്രകാരം വ്യഭിചാരക്കുറ്റം തെളിയിക്കപ്പെട്ടാൽ കല്ലെറിഞ്ഞു കൊല്ലണം (ആവർത്തനം 22:23-24). എന്നാൽ മത്തായി 1:19-ൽ മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ, യോസേഫ് അവളെ പരസ്യമായി അപമാനിക്കാതെ രഹസ്യമായി ഉപേക്ഷിക്കാമെന്ന് ചിന്തിച്ചു. അങ്ങനെ ചെയ്തതിന് തിരുവെഴുത്ത് യോസേഫിനെ 'നീതിമാൻ' എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്‍റെ നീതിയുക്തമായ കല്പന നടപ്പിലാക്കാതെ ഒഴിവാക്കാൻ ആഗ്രഹിച്ച ഒരു വ്യക്തി എങ്ങനെ നീതിമാനാകും? ഇത് വൈരുദ്ധ്യമല്ലേ?
ഇവിടുത്തെ ചരിത്ര പശ്ചാത്തലം എന്തെന്നാല്‍: ആ കാലത്ത് യെഹൂദന്മാർ റോമാ സാമ്രാജ്യത്തിന്‍റെ ഭരണത്തിൻ കീഴിലായിരുന്നു. റോമൻ നിയമപ്രകാരം സ്വതന്ത്രമായി ആർക്കും വധശിക്ഷ നടപ്പിലാക്കാനുള്ള അധികാരം യെഹൂദന്മാർക്ക് ഉണ്ടായിരുന്നില്ല (അതുകൊണ്ടാണ് യേശുവിനെ ക്രൂശിക്കാൻ പോലും അവർ പീലാത്തൊസിന്‍റെ അനുവാദം തേടിയത് - യോഹന്നാൻ 18:31). അങ്ങനെയെങ്കില്‍ യോസേഫിന്‍റെ ചിന്ത ദൈവകല്പനയുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തിയെന്ന് കരുതുന്നത് ശരിയല്ല. കൂടാതെ, ഗർഭധാരണം ദൈവീകമാണെന്ന് പൂർണ്ണമായി അറിയുന്നതുവരെയുള്ള മാനസിക വേദനയിൽ അവളെ അപഹാസ്യയാക്കാതെ ന്യായമായ ഉപേക്ഷണപത്രം നൽകാൻ ആഗ്രഹിച്ചതിൽ യോസേഫ് ദയയുള്ള ഒരു നീതിമാനായി പെരുമാറി. ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയാൽ അവിടെ വൈരുദ്ധ്യത്തിന് സ്ഥാനമില്ല.
9. വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി തെറ്റിദ്ധരിക്കൽ (Diversity is not Contradiction)
ദൈവത്തിന്‍റെ പ്രവൃത്തികളിൽ വലിയൊരു വൈവിധ്യം (Variety/Diversity) കാണാം. വൈവിധ്യം ഒരിക്കലും വൈരുദ്ധ്യമല്ല.
യേശുക്രിസ്തു പ്രവർത്തിച്ച രോഗശാന്തികൾ ശ്രദ്ധിക്കുക: ചിലയിടങ്ങളിൽ വെറുമൊരു വാക്കു കൊണ്ട് സൗഖ്യമാക്കി, ചിലയിടങ്ങളിൽ കൈവെച്ച് തൊട്ടു സൗഖ്യമാക്കി, മറ്റൊരു സ്ഥലത്ത് നിലത്തു തുപ്പി ചേറുണ്ടാക്കി കണ്ണിൽ പുരട്ടി കഴുകാൻ ആവശ്യപ്പെട്ടു (യോഹന്നാൻ 9:6-7). മറ്റു ചിലരെ രണ്ടുതവണ തൊട്ടു സൗഖ്യമാക്കി (മർക്കൊസ് 8:23-25). "ഒരിടത്ത് വാക്കു കൊണ്ടു ചെയ്തു, മറ്റൊരിടത്ത് ചെളി എന്തിനാണ് തേച്ചത്? ഇത് വൈരുദ്ധ്യമാണ്" എന്ന് പറയുന്നത് എത്ര വലിയ അവിവേകമാണ്! അത് ദൈവത്തിന്‍റെ പരമാധികാരത്തിലുള്ള രീതികളുടെ വൈവിധ്യം മാത്രമാണ്.
10. കൈയെഴുത്തുപ്രതികളിലെ പകർപ്പെഴുത്തു തെറ്റുകളെ മൂലഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളായി ആരോപിക്കൽ (Scribal Errors in Manuscripts)
ബൈബിളിന്‍റെ മൂലപ്രതികൾ (Original manuscripts) ദൈവശ്വാസീയമായി യാതൊരു തെറ്റുമില്ലാതെയാണ് എഴുതപ്പെട്ടത്. എന്നാൽ അച്ചടിയന്ത്രങ്ങൾ ഇല്ലാതിരുന്ന പ്രാചീന കാലത്ത് പകർപ്പെഴുത്തുകാർ കൈയെഴുത്തുപ്രതികളിലൂടെയാണ് (manuscripts) വേദപുസ്തകങ്ങൾ പകർത്തി സംരക്ഷിച്ചുപോന്നത്. നൂറ്റാണ്ടുകളിലായി ആയിരക്കണക്കിന് പകർപ്പുകൾ എഴുതിയുണ്ടാക്കുന്ന പ്രക്രിയയിൽ അക്ഷരങ്ങളിലോ സംഖ്യകളിലോ (Scribal errors) ചെറിയ ചില മാനുഷിക പിഴവുകൾ സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജാക്കന്മാരുടെയും ദിനവൃത്താന്തങ്ങളുടെയും പുസ്തകങ്ങളിലെ സംഖ്യകളിൽ ഇത്തരം ചില വ്യത്യാസങ്ങൾ കാണാം.
എന്നിരുന്നാലും, ദൈവത്തിന്‍റെ പരിപാലനം നിമിത്തം ആയിരക്കണക്കിന് പുരാതന കൈയെഴുത്തുപ്രതികൾ ഇന്ന് നമുക്ക് ലഭ്യമാണ്. പാഠവിമർശനം (Textual Criticism) വഴി ഏതാണ് യഥാർത്ഥമെന്നും എവിടെയാണ് പിശക് സംഭവിച്ചിട്ടുള്ളതെന്നും തിരിച്ചറിയാനുള്ള അത്ഭുതകരമായ അവസരം ക്രിസ്തീയ പണ്ഡിതന്മാർക്കുണ്ട്. ഒരു പകർപ്പെഴുത്തുകാരൻ സംഖ്യകൾ പകർത്തുന്നതിൽ വരുത്തിയ പിഴവിനെ മുൻനിർത്തി, ദൈവിക പ്രേരണയാൽ എഴുതപ്പെട്ട മൂലഗ്രന്ഥത്തിൽ വൈരുദ്ധ്യമുണ്ടെന്ന് ആരോപിക്കുന്നത് ഒട്ടും യുക്തിസഹമല്ല.
തിരുവെഴുത്തുകളിലുള്ള അചഞ്ചലമായ വിശ്വാസം
ഈ 10 തത്ത്വങ്ങൾ വിശ്വാസികളുടെ കൈയിലെ ശക്തമായ ആത്മീയ ആയുധങ്ങളാണ്. വിമർശകർ ബൈബിളിനെതിരെ ഉന്നയിക്കുന്ന ഏത് ആരോപണവും സൂക്ഷ്മമായി പരിശോധിച്ചാൽ, അത് ഈ പത്ത് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ തീർച്ചയായും ഉൾപ്പെടുന്നതായി കാണാം.
വിമർശകർ ഇല്ലാത്ത 'വെള്ളാനകളെ' സൃഷ്ടിച്ച്, ഒരു ചെറിയ നായ്ക്കുട്ടിയെ കാണിച്ച് വഞ്ചിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു. നിലത്ത് ഉലയില്‍ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ തന്നെ (സങ്കീര്‍ത്തനങ്ങള്‍ 12:6). നമ്മുടെ വിശ്വാസത്തെ തളർത്തുന്ന വ്യർത്ഥമായ വാദങ്ങളെ ഭയപ്പെടാതെ, തിരുവെഴുത്തുകളെ സന്ദർഭോചിതമായും വിവേകത്തോടെയും പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പോടെയും നമുക്ക് പഠിക്കാം. സത്യം എപ്പോഴും അചഞ്ചലമായി വിജയം വരിക്കും!
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.