Hits: 20
Print
രചയിതാവ്.: ഡി. യശ്വന്ത് കുമാര്‍
വിവർത്തനം: ഷിബു ബാബു &ഷൈനി
66 പുസ്തകങ്ങളെ മാത്രം 'ദൈവവചനം' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഈ ചോദ്യം വളരെ പ്രാധാന്യമുള്ളതാണ്, കാരണം റോമൻ കത്തോലിക്കാ സഭ ഈ 66 പുസ്തകങ്ങൾ കൂടാതെ ചില അപ്പോക്രിഫ പുസ്തകങ്ങളും ദൈവശ്വാസീയമായ തിരുവെഴുത്തുകളാണെന്ന് വിശ്വസിക്കുന്നു. പഴയനിയമത്തിനും പുതിയനിയമത്തിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ അപ്പോക്രിഫാ പുസ്തകങ്ങൾ എഴുതപ്പെട്ടത്. ഇത് റോമൻ കത്തോലിക്കരുടെ കാര്യമാണെങ്കിൽ, മോർമൺസ് (Mormons) ,'ദി ബുക്ക് ഓഫ് മോര്‍മണ്‍ ', 'ദി ഡോക്ട്രിൻ ആൻഡ് കവനണ്ട്സ്', 'ദി പേൾ ഓഫ് ഗ്രേറ്റ് പ്രൈസ്' തുടങ്ങിയ പുസ്തകങ്ങൾ ബൈബിളിനോട് ഒപ്പം കൂട്ടിച്ചേർക്കുകയും അവയും ദൈവത്തിന്‍റെ തിരുവെഴുത്തുകളാണെന്ന്‍ വിശ്വസിക്കുകയും ചെയ്യുന്നു. കോൺസ്റ്റന്റൈൻ (Constantine) ചക്രവർത്തിയെപ്പോലെയുള്ളവരാണ് ബൈബിളിൽ ഏതൊക്കെ പുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചതെന്ന് മറ്റു ചിലർ പറയുന്നു.

ഇങ്ങനെ ഓരോ വിഭാഗത്തിനും ഓരോ അഭിപ്രായം ഉള്ള പശ്ചാത്തലത്തിൽ, ഈ 66 പുസ്തകങ്ങൾ മാത്രമാണ് ദൈവത്തിന്‍റെ സമ്പൂർണ്ണ തിരുവെഴുത്തുകളെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? അപ്പോക്രിഫ പുസ്തകങ്ങൾ തിരുവെഴുത്തുകളല്ലാത്തത് എന്തുകൊണ്ടാണ്? ഏതാണ് തിരുവെഴുത്ത്, ഏതാണ് തിരുവെഴുത്ത് അല്ലാത്തത് എന്ന് ആരാണ് തീരുമാനിക്കുന്നത്? നാം ദിവസവും ധ്യാനിക്കുന്ന ഈ ബൈബിൾ, ദൈവത്തിന്‍റെ സമ്പൂർണ്ണ വചനമാണോ? ഈ വിഷയം നമുക്ക് എങ്ങനെ അറിയാം?

ഈ കാര്യങ്ങൾ മനസ്സിലാക്കാൻ, ഏതാനും ആഴ്ചകൾ വളരെ ശ്രദ്ധയോടെ ഇരുന്നുകൊണ്ട് ‘ബൈബിൾ കാനോനിസിറ്റി’ എന്ന ഈ സിദ്ധാന്തത്തിന് ബൈബിളിൽ നിന്നുള്ള തെളിവുകളും, ചരിത്രപരമായ വിശദാംശങ്ങളും പരിശോധിച്ചാൽ നമുക്ക് പൂർണ്ണമായ ഒരു ധാരണയിലെത്താൻ കഴിയും. അതിനു സഹായിക്കുന്ന ധാരാളം പുസ്തകങ്ങളും, ഉറവിങ്ങളും എല്ലാം തന്നെ ലഭ്യമാണ്. എന്നാൽ ഈ ലേഖനത്തിൽ നാം കാണാൻ പോകുന്നത്, മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ബൈബിളിനെ അടിസ്ഥാനമാക്കി വളരെ ചുരുക്കമായി ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്.

തിരുവെഴുത്തിന്‍റെ നിലവാരം റോമൻ കത്തോലിക്കാ സഭ നിർണ്ണയിച്ചിട്ടില്ല. കോൺസ്റ്റന്റൈൻ ചക്രവർത്തിയെയും, ജോസഫ് സ്മിത്തിനെയും പോലെയുള്ളവർ, സഭാ നേതാക്കൾ, ഭരണാധികാരികൾ, മഹാനായ ദൈവശാസ്ത്രജ്ഞർ, ഇവരാരുമല്ല അത് തീരുമാനിച്ചത്. തിരുവെഴുത്തിന്‍റെ മാനദണ്ഡം (ബൈബിൾ കാനോനികത) എന്ന സിദ്ധാന്തം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ വാക്കുകളിന്മേൽ സ്ഥാപിക്കപ്പെട്ട ഒരു സിദ്ധാന്തമാണ്. ഏതാണ് തിരുവെഴുത്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം സഭയുടെ കർത്താവായ ക്രിസ്തുവിന് മാത്രമേ ഉള്ളൂ. ഈ സിദ്ധാന്തം അവിടുത്തെ അധികാരത്തിന്മേൽ അടിസ്ഥാനമാക്കി ഉള്ളതാണ്. നമുക്ക് അവനിൽ വിശ്വാസമുണ്ടെങ്കിൽ, അവന്‍റെ വാക്കുകളിലും വിശ്വാസമുണ്ടാകും. അപ്പോൾ നാം അവന്‍റെ അധികാരത്തിനും വചനത്തിനും കീഴടങ്ങും.

ആദ്യം പഴയനിയമത്തെക്കുറിച്ച് നോക്കാം.

പഴയനിയമ തിരുവെഴുത്തുകളുടെ മാനദണ്ഡം യേശു ക്രിസ്തു തന്നെ സ്ഥിരീകരിച്ചു.

യേശു ജീവിച്ചിരുന്ന കാലത്ത് യഹൂദന്മാർ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങളെല്ലാം അവിടുന്ന് തിരുവെഴുത്തുകളായി സ്ഥിരീകരിച്ചു. അവയാണ് നമ്മുടെ ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ. അവ 39 പുസ്തകങ്ങള്‍ ആണ്.

ഒരു സന്ദർഭത്തിൽ, മുഴുവന്‍ പഴയനിയമ പുസ്തകങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു:
മത്തായി 5:17 – 18 –
“ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല”.
അങ്ങനെ, യേശുവിന്‍റെ ശുശ്രൂഷയിലുടനീളം, പഴയനിയമ തിരുവെഴുത്തുകൾ ദൈവശ്വാസീയമാണെന്ന് പല വിധത്തിൽ സ്ഥിരീകരിക്കപ്പെട്ടതായി സുവിശേഷങ്ങളിൽ നാം വായിക്കുന്നു.

# 1. ചരിത്രപരമായി, പഴയനിയമ തിരുവെഴുത്തുകൾ വിശ്വസനീയമാണ്.

ഈ വിഷയത്തെ യേശുക്രിസ്തു പല അവസരങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മത്തായി 10:15 ; 19:3-5 ; 12:40 ; 24:38,39
അതുപോലെ, പ്രവചനങ്ങളുടെ കാര്യത്തിൽ പഴയനിയമ തിരുവെഴുത്തുകൾ കൃത്യമാണെന്ന് യേശുക്രിസ്തു ആവർത്തിച്ച് സ്ഥിരീകരിച്ചു. ഉദാഹരണത്തിന്-
മത്തായി 26:49-56 –
“ഉടനെ അവൻ യേശുവിന്‍റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്‍റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി”.

# 2. പര്യാപ്തമാണ്, മതിയായതാണ്.

പഴയനിയമ തിരുവെഴുത്തുകൾ പര്യാപ്തവും മതിയായതുമാണെന്ന് യേശുവും സ്ഥിരീകരിച്ചു. ഉദാഹരണത്തിന് - ലൂക്കോസ് 16:27-31
“അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടിൽ അയയ്ക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു”.

# 3. ഐക്യം

പഴയനിയമ തിരുവെഴുത്തുകളിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും, അവയ്‌ക്കെല്ലാം നല്ല ഐക്യവും ഏകോപനവും ഉണ്ടെന്നും യേശുക്രിസ്തു തന്‍റെ വാക്കുകളിലൂടെ വെളിപ്പെടുത്തി.
ലൂക്കോസ് 24:27,44
27.“മോശെ തുടങ്ങി സകല പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
44.പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു”.

# 4. കുറ്റമറ്റതും, തെറ്റില്ലാത്തതും.

പഴയനിയമ തിരുവെഴുത്തുകൾ പര്യാപ്തവും മതിയായതുമാണെന്ന് മാത്രമല്ല, അവ തെറ്റില്ലാത്തതുമാണെന്ന് യേശുക്രിസ്തു ഒരു സന്ദർഭത്തിൽ പറയുന്നു. ഉദാഹരണത്തിന് –
മത്തായി 22:24-29 –
“ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്‍റെ സഹോദരൻ അവന്‍റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്‍റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്‍റെ ഭാര്യയെ സഹോദരനു വിട്ടേച്ചു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻവരെയും അങ്ങനെതന്നെ. എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു”
അതായത് മനുഷ്യർ തെറ്റു ചെയ്യാന്‍ സാധ്യതയുണ്ടെങ്കിലും, തിരുവെഴുത്തുകൾ (പഴയനിയമ തിരുവെഴുത്തുകൾ) തെറ്റു പറ്റാത്തതും കുറ്റമറ്റതുമാണെന്ന് യേശുക്രിസ്തു ഈ സന്ദർഭത്തിൽ ഉറപ്പിച്ചു പറയുന്നു.
യോഹന്നാൻ 17:17 –
“സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്‍റെ വചനം സത്യം ആകുന്നു”.

# 5. അധികാരമുള്ളതാണ്
മത്തായി 21:13,16,42 –
“എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. 16. ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. 42. യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?”
‘എഴുതിയിരിക്കുന്നു’, ‘നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?’, ‘നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ’ – ഇത്തരം വാക്കുകൾ പഴയനിയമ തിരുവെഴുത്തുകൾ ആധികാരികമാണെന്ന് സൂചിപ്പിക്കുന്നു.

പഴയ നിയമം മുഴുവനും ദൈവവചനമാണെന്നും വിശുദ്ധ തിരുവെഴുത്തുകളാണെന്നും യേശു സ്ഥിരീകരിച്ച സന്ദർഭങ്ങളുണ്ട് –
മത്തായി 15:6 –
“...നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു”.
മർക്കോസ് 7:13 –
“ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു”.
ഈ വാക്യങ്ങളിൽ, യേശുക്രിസ്തു പഴയനിയമ തിരുവെഴുത്തുകളെ ഉദ്ദേശിച്ച്, അവ ‘ദൈവവചനം’ ആണെന്ന് സ്ഥിരീകരിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ റോമൻ കത്തോലിക്കാസഭയുടെ അപ്പോക്രിഫ പുസ്തകങ്ങളെ തിരുവെഴുത്തുകളായി പരിഗണിച്ചിരുന്നില്ല. യേശുവും അവയെ ദൈവത്തിന്‍റെ പരിശുദ്ധ തിരുവേഴുത്തുകളായി പരിഗണിച്ചില്ല. യഹൂദ തിരുവെഴുത്തുകൾ മാത്രമേ പഴയനിയമമായി യേശുക്രിസ്തു സ്ഥിരീകരിച്ചിട്ടുള്ളൂ. യേശു അപ്പോക്രിഫ പുസ്തകങ്ങളെ ഒട്ടും അംഗീകരിച്ചില്ല, അവയിലെ വിഷയങ്ങളെക്കുറിച്ച് ഒരിക്കലും പരാമർശിച്ചിട്ടുമില്ല, എവിടെയും ഉദ്ധരിച്ചിട്ടുമില്ല. യേശു മാത്രമല്ല, പുതിയനിയമ എഴുത്തുകാരിൽ ആരും തന്നെ അവരുടെ രചനകളിൽ ഈ പുസ്തകങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

ചിലർ ഉന്നയിക്കുന്ന മറ്റൊരു എതിർപ്പ്, യൂദായുടെ ലേഖനത്തിൽ ഹാനോക്കിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള പരാമർശമുണ്ട് എന്നതാണ്. നാം ആദ്യം അറിയേണ്ടത് അത് അപ്പോക്രിഫ പുസ്തകം അല്ല എന്നതാണ്. യഹൂദന്മാരുടെ രചനകളിൽ വളരെ പ്രസിദ്ധമായ ഒരു പുസ്തകം, ഒരു ഉദാഹരണമായി യൂദാ ആ പുസ്തകത്തെക്കുറിച്ച് പരാമർശിക്കുന്നു. നാലോ അഞ്ചോ വാക്യങ്ങൾ ഉദ്ധരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ ഒരു പുസ്തകത്തിന്‍റെ പേര് പറഞ്ഞതു കൊണ്ടോ, ആ പുസ്തകം മുഴുവനും ദൈവശ്വാസീയമായ തിരുവെഴുത്തായി മാറുന്നുണ്ടോ? ഇല്ല.
അങ്ങനെ നോക്കിയാൽ, പ്രവൃത്തികൾ 17-ൽ പൗലോസ് അവരുടെ കവിവരന്മാരുടെ വാക്കുകളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്, അതിനർത്ഥം ആ കവികൾ പറഞ്ഞതെല്ലാം തിരുവെഴുത്തുകളാണെന്നാണോ? അല്ലല്ലോ? എത്രത്തോളം ഉദ്ധരിച്ചിരിട്ടുണ്ടോ, അത്രത്തോളമേ ദൈവവചനമാകുന്നുള്ളൂ.

എന്തുകൊണ്ടാണ് പ്രൊട്ടസ്റ്റന്റുകാർ അപ്പോക്രിഫയെ അംഗീകരിക്കാത്തത്? എന്തുകൊണ്ടാണ് അവർ അവയെ തിരുവെഴുത്തുകളായി കണക്കാക്കാത്തത്?
കാരണം യേശു അവയെ തിരുവെഴുത്തുകളായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. കുറഞ്ഞപക്ഷം അപ്പോസ്തലന്മാർ പോലും അവയെക്കുറിച്ചു പരാമർശിച്ചിട്ടില്ല. ആ കൃതികൾ ഉപയോഗപ്രദമാകാം, പക്ഷേ അതുകൊണ്ട് മാത്രം ആ പുസ്തകങ്ങളെ ആധികാരിക (ദൈവശ്വാസീയമായ) ഗ്രന്ഥമായി കണക്കാക്കാൻ കഴിയില്ല. ആദിമ സഭാപിതാക്കന്മാരും (Church Fathers) അപ്പോക്രിഫ എഴുത്തുകൾ കാനോനികമാണെന്ന് കരുതിയിരുന്നില്ല. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ജെറോം ഇതിന് ഒരു നല്ല ഉദാഹരണമാണ്.

ഇനി പുതിയ നിയമത്തിലേയ്ക്ക് വന്നാല്‍:-

പഴയനിയമത്തിന് നാം പ്രയോഗിച്ച അതേ നിയമം പുതിയനിയമത്തിനും ബാധകമാണ്. യേശുക്രിസ്തു യഹൂദ തിരുവെഴുത്തുകളെ (അതായത്, പഴയ നിയമം) ദൈവവചനമായി സ്ഥിരീകരിക്കുക മാത്രമല്ല, താൻ പണിയാൻ പോകുന്ന സഭയ്ക്ക് ആവശ്യമായ കൂടുതൽ വെളിപ്പെടുത്തലുകൾ തന്‍റെ ഔദ്യോഗിക പ്രതിനിധികളായ അപ്പൊസ്തലന്മാർക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

യേശു താൻ മരിക്കുന്നതിന്‍റെ തലേദിവസം തന്‍റെ ശിഷ്യന്മാരോട് ഇക്കാര്യങ്ങൾ പറഞ്ഞു.

യോഹന്നാൻ 14:25-26-
“ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും”.
തിരുവെഴുത്തിന്‍റെ കാനോനികത എന്ന ഉപദേശത്തിന് ഈ വാക്യത്തിലെ അവസാന വാക്കുകൾ വളരെ പ്രധാനമാണ് – “ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും”. ആരാണ് ഓർമ്മിപ്പിക്കുന്നത്? പരിശുദ്ധാത്മാവ്.

ഇത് വളരെ അത്ഭുതകരമായ ഒരു വാഗ്ദാനമാണ്, പുതിയനിയമത്തിലെ ആദ്യത്തെ നാല് സുവിശേഷങ്ങൾ ഈ വാഗ്ദാനത്തിന്‍റെ പൂർത്തീകരണമാണ്. യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങൾ, അവന്‍റെ രോഗശാന്തികൾ, പഠിപ്പിക്കലുകൾ, പ്രസംഗങ്ങൾ മുതലായവയെല്ലാം ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതേ സന്ദർഭത്തിൽ, രണ്ട് അധ്യായങ്ങൾക്ക് ശേഷം, യേശു അപ്പോസ്തലന്മാരോട് സംസാരിക്കുകയും പരിശുദ്ധാത്മാവിലൂടെ അവർക്ക് കൂടുതൽ വെളിപ്പെടുത്തൽ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

യോഹന്നാൻ 16:12-15 –
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്ന് ഞാൻ പറഞ്ഞത്”.

പുതിയനിയമത്തിലെ ശേഷിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ ആണ് ആ അധികമായ വെളിപ്പെടുത്തൽ. ക്രിസ്തുവിന്‍റെ ആത്മാവ് അപ്പൊസ്തലന്മാരെ പ്രേരിപ്പിച്ചതിനാൽ, ദൈവം അവരിലൂടെ സഭയ്ക്ക് നൽകിയ യഥാർത്ഥ തിരുവെഴുത്തുകളാണ് പുതിയ നിയമത്തിലെ ശേഷം പുസ്തകങ്ങൾ.

ഈ ലോകത്തിൽ തന്‍റെ സാക്ഷികളായിരിക്കാൻ യേശു അപ്പോസ്തലന്മാരോട് കൽപ്പിക്കുന്നു. അങ്ങനെ ക്രിസ്തു പുതിയ ഉടമ്പടിയെ മുൻകൂട്ടി സാക്ഷ്യപ്പെടുത്തുന്നു. പഴയനിയമ പ്രവാചകന്മാർ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി എഴുതിയതു പോലെ, ക്രിസ്തുവിന്‍റെ ഔദ്യോഗിക പ്രതിനിധികളും പരിശുദ്ധാത്മാവിനാൽ പ്രചോദിതരായാണ് എഴുതിയത്. അതുകൊണ്ട്, പുതിയനിയമ പുസ്തകങ്ങളെ ദൈവവചനമായ തിരുവെഴുത്തുകളായി നാം സ്വീകരിക്കുകയും മുറുകെ പിടിക്കുകയും അവയ്ക്ക് മാത്രം കീഴടങ്ങുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, പുതിയനിയമത്തിലെ എല്ലാ പുസ്തകങ്ങൾക്കും ഈ മാനദണ്ഡം പ്രയോഗിക്കാൻ ശ്രമിക്കാം.

മത്തായിയുടെയും യോഹന്നാന്‍റെയും സുവിശേഷങ്ങൾ - അപ്പോസ്തലന്മാരാൽ എഴുതപ്പെട്ടവയാണ്.

മർക്കോസിന്‍റെ സുവിശേഷം – ഈ പുസ്തകത്തിൽ അപ്പോസ്തലനായ പത്രോസിന്‍റെ ഓർമ്മക്കുറിപ്പുകൾ ആണ് അടങ്ങിയിരിക്കുന്നത്. മർക്കോസ് പത്രോസിന്‍റെ അപ്പോസ്തലിക അധികാരത്തിൻ കീഴിലാണ് ഈ പുസ്തകം എഴുതിയത്.

ലൂക്കോസിന്‍റെ സുവിശേഷവും അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകവും എങ്ങനെ എഴുതപ്പെട്ടു എന്ന് ലൂക്കോസിന്‍റെ സുവിശേഷത്തിന്‍റെ പ്രാരംഭ വാക്യങ്ങൾ നമ്മോട് പറയുന്നു.
“നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട്, നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന് അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു” (ലൂക്കൊസ് 1:2-4)
ഈ ‘അറിവ്’ ലഭിക്കുന്നത് “ആരംഭം മുതൽ ദൃക്‌സാക്ഷികളായിരുന്ന വചനത്തിന്‍റെ ശുശ്രൂഷകരിൽ (അപ്പൊസ്തലന്മാർ)” നിന്നാണ്.

മാത്രമല്ല ലൂക്കോസ്, അപ്പോസ്തലനായ പൗലോസിന്‍റെ സുവിശേഷ യാത്രകളിൽ അദ്ദേഹത്തിന്‍റെ കൂട്ടാളിയായിരുന്നു. അങ്ങനെ, ലൂക്കോസ് പൗലോസിന്‍റെ മേൽനോട്ടത്തിലാണ് ഈ പുസ്തകങ്ങൾ എഴുതിയത്. മാത്രമല്ല, 1 തിമോത്തി 5:18-ൽ പൗലോസ് ലൂക്കോസിന്‍റെ സുവിശേഷത്തെ ‘തിരുവെഴുത്ത്’ എന്ന് പരാമർശിച്ചതായി നാം വായിക്കുന്നു.

‘മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്’ എന്ന് തിരുവെഴുത്ത് പറയുന്നു. വേലക്കാരൻ തന്‍റെ കൂലിക്ക് അർഹനാണ്.” ഇവിടെ ഉദ്ധരിച്ചിരിക്കുന്ന വാക്കുകൾ ലൂക്കോസിൽ അല്ലാതെ മറ്റൊരിടത്തും അങ്ങനെ തന്നെ പരാമർശിച്ചിട്ടില്ല (ലൂക്കോസ് 10: 7 – വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യനാണ്), അതിനാൽ പൗലോസ് ലൂക്കോസിന്‍റെ എഴുത്തുകളെ തിരുവെഴുത്തുകളായി പരാമർശിക്കുന്നുവെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും. ഇത് ലൂക്കോസിന്‍റെ സുവിശേഷവും ലൂക്കോസ് എഴുതിയ പ്രവൃത്തികളുടെ പുസ്തകവും തിരുവെഴുത്തുകളാണെന്ന് സ്ഥിരീകരിക്കുന്നു.

പൌലോസ് എഴുതിയ ലേഖനങ്ങള്‍ - റോമർ മുതൽ ഫിലേമോൻ വരെയുള്ള ലേഖനങ്ങൾ അപ്പോസ്തലനായ പൗലോസ് എഴുതിയതാണ്.

പൗലോസ് എഴുതിയ ലേഖനങ്ങൾ ‘വിശുദ്ധ തിരുവെഴുത്തുകൾ’ ആണെന്ന് പത്രോസും സ്ഥിരീകരിക്കുന്നു-

2 പത്രോസ് 3:15-16 –
“അങ്ങനെതന്നെ നമ്മുടെ പ്രിയസഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു”
എബ്രായ ലേഖനം - ഈ പുസ്തകത്തിന്‍റെ ഗ്രന്ഥ കർത്തൃത്വം കൃത്യമായി അറിയില്ല, എന്നാൽ സഭാ ചരിത്രത്തിലെ പലരും വിശ്വസിക്കുകയും അഭിപ്രായപ്പെടുകയും ചെയ്യുന്നത് പൗലോസ് ആയിരിക്കാം ഈ പുസ്തകം എഴുതിയത് എന്നാണ്. ഒരുപക്ഷെ പൗലോസ് അല്ല ഈ പുസ്തകം എഴുതിയതെങ്കിൽ പോലും, പൗലോസിന്‍റെ ശുശ്രൂഷ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാൾ ആയിരിക്കണം എഴുതിയതെന്നതിന് ലേഖനത്തിൽ തന്നെ തെളിവുണ്ട്. എബ്രായർ 13:23-25 അനുസരിച്ച്, എബ്രായലേഖനത്തിന്‍റെ രചയിതാവ് തിമോത്തിയോസിന്‍റെ സഹദാസനായിരുന്നു. കൂടാതെ, ലൂക്കോസിനെപ്പോലെ, ഈ എഴുത്തുകാരനും എബ്രായർ 2:4-ൽ ഇങ്ങനെ പറയുന്നു:

“കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?”
ഇതിനർത്ഥം, ലൂക്കോസിനെപ്പോലെ, എബ്രായലേഖനത്തിന്‍റെ രചയിതാവും ഈ ലേഖനത്തിൽ നമ്മോട് പറയുന്ന കാര്യങ്ങൾ കർത്താവിന്‍റെ ഉപദേശം കേട്ടവരിൽ നിന്ന്, അതായത് അപ്പോസ്തലന്മാരിൽ നിന്ന് ശേഖരിച്ച കാര്യങ്ങൾ ആണെന്നാണ്. അതുകൊണ്ട്, ഈ ലേഖനം അപ്പോസ്തലിക അധികാരത്തിൻ കീഴിലാണ് എഴുതപ്പെട്ടത്.

പൊതുവായ ലേഖനങ്ങൾ

യാക്കോബ് – അപ്പോസ്തലനായ യാക്കോബ് ഈ ലേഖനം എഴുതിയിരിക്കാൻ സാധ്യതയില്ല, കാരണം താന്‍ ആദ്യകാലങ്ങളിൽ തന്നെ രക്തസാക്ഷിത്വം വരിച്ച വ്യക്തിയാണ് (പ്രവൃത്തികൾ 12:2). ക്രിസ്തുവിന്‍റെ സഹോദരനായ യാക്കോബ് ആയിരിക്കണം ഈ ലേഖനം എഴുതിയത്. യാക്കോബ് യേശു മിശിഹയാണെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ലെങ്കിലും, പിന്നീട് യേശുക്രിസ്തുവിനെ മിശിഹയായി അംഗീകരിച്ചു. മാത്രമല്ല, അവൻ യെരുശലേം സഭയിലെ ഒരു പ്രധാന നേതാവായി മാറുകയും ചെയ്തു (പ്രവൃത്തികൾ 12:17; 15:13; 21:18). അവന്‍ അപ്പോസ്തലന്മാരുമായി കൂട്ടായ്മ പുലര്‍ത്തിയിരുന്നു. അപ്പൊ.പ്രവൃത്തികൾ 15:28: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വർജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഈ വാക്യത്തിൽ, തന്നെയും അപ്പോസ്തലന്മാരെയും ചേർത്തു കൊണ്ട് യാക്കോബ് പറഞ്ഞ “ഞങ്ങൾക്കും തോന്നിയിരിക്കുന്നു” എന്ന വാക്കുകൾ, അവൻ അപ്പോസ്തലന്മാരുമായി കൂട്ടായ്മ പുലര്‍ത്തിയിരുന്നെന്നും അവർക്കുവേണ്ടി ഔദ്യോഗിക പ്രസ്താവനകൾ നടത്തിയിരുന്നെന്നും സൂചിപ്പിക്കുന്നു. സഭയുടെ തൂണുകളായി കണക്കാക്കപ്പെട്ടിരുന്ന കേഫാവിനെയും യോഹന്നാനെയും പോലെ യാക്കോബിനെയും ഒരു തൂണായി വിളിച്ചിരിക്കുന്നു (ഗലാത്യർ 2:9).
നമ്മുടെ കർത്താവിന്‍റെ സഹോദരനും, സഭയുടെ തൂണായി എണ്ണപ്പെട്ടവനും, സഭയുടെ നേതാവും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ഒരു ദൃക്‌സാക്ഷിയും (1 കൊരിന്ത്യർ 15:7), അപ്പോസ്തലന്മാരുമായി കൂട്ടായ്മയുള്ളതുമായ യാക്കോബ്, അപ്പോസ്തലിക അംഗീകാരത്തിലും മേൽനോട്ടത്തിലും ആണ് ഈ ലേഖനം എഴുതിയത്.

പത്രോസിന്‍റെയും യോഹന്നാന്‍റെയും ലേഖനങ്ങൾ- ഈ പുസ്തകങ്ങളുടെ പേരുകൾ വായിച്ചാൽ തന്നെ, ഇവയും അപ്പോസ്തലന്മാരാല്‍ എഴുതപ്പെട്ടതാണെന്ന് മനസ്സിലാകും.
യൂദായുടെ ലേഖനം- ഈ യൂദാ ഒരു സന്ദർഭത്തിൽ പരോക്ഷമായി താൻ അപ്പോസ്തലന്മാരിൽ ഒരാളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു (യൂദാ 17). ഈ ലേഖനം യേശുക്രിസ്തുവിന്‍റെ സഹോദരനായ യൂദയാണ് എഴുതിയത് (യൂദാ 1). അവൻ തന്‍റെ സഹോദരനായ യാക്കോബിനോടും, മറ്റ് അപ്പൊസ്തലന്മാരോടും കൂട്ടായ്മയിൽ ആയിരിന്നുകൊണ്ട്, അപ്പോസ്തലന്മാരുടെ മേൽനോട്ടത്തിലും അപ്പോസ്തലന്മാരുടെ അധികാരത്തിലും ആണ് ഈ ലേഖനം എഴുതിയത് (പ്രവൃത്തികൾ 1:12-14; 1 കൊരിന്ത്യർ 9:5).
അവസാനത്തേത് വെളിപ്പാട് പുസ്തകം - അപ്പൊസ്തലനായ യോഹന്നാൻ ആണ് ഇത് എഴുതിയത്.

അതുകൊണ്ട്, പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അപ്പോസ്തലിക അധികാരത്തിൻ കീഴിലാണ് എഴുതപ്പെട്ടത്. ഭൂരിഭാഗവും അപ്പോസ്തലന്മാർ നേരിട്ട് എഴുതിയതാണ്, ബാക്കിയുള്ളവ അപ്പോസ്തലന്മാരുടെ ശുശ്രൂഷയിൽ പങ്കെടുത്തവർ അപ്പോസ്തലിക അംഗീകാരത്തോടെ എഴുതിയതാണ്. ക്രിസ്തുവിന്‍റെ ഔദ്യോഗിക പ്രതിനിധികളിൽ നിന്ന് വരുന്നതിനാൽ നാം ഈ പുസ്തകങ്ങൾക്ക് കീഴടങ്ങുന്നു. ഇവയ്ക്ക് കീഴടങ്ങുന്നതിലൂടെ നാം നമ്മുടെ കർത്താവിനാണ് കീഴടങ്ങുന്നത്.

തിരുവെഴുത്തുകൾ പൂർത്തിയായിരിക്കുന്നു എന്ന് നാം പറയുന്നതിന്‍റെ കാരണം, യേശുക്രിസ്തു തന്‍റെ പ്രതിനിധികളായി നിയമിച്ചവരുടെ (അപ്പൊസ്തലന്മാരുടെ) ജീവിതകാലത്ത് മാത്രമേ വെളിപ്പാട് ഉണ്ടാകാനുള്ള സാധ്യത ഉള്ളൂ എന്നതുകൊണ്ടാണ്. അതിനുശേഷം ആരെയെങ്കിലും അവരുടെ പിൻഗാമികളായി നിയമിക്കുമെന്നോ, ആ പിൻഗാമികളാൽ പുതിയ വെളിപ്പാട് നൽകപ്പെടുമെന്നോ പറയുന്നതിന് തിരുവെഴുത്തുകളിൽ യാതൊരു ആധാരവുമില്ല. അതുകൊണ്ട്, അവസാനത്തെ അപ്പോസ്തലന്‍റെ ജീവിതകാലം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍ മാത്രമേ തിരുവെഴുത്ത് ആകുന്നുള്ളൂ. അതിനുശേഷം, പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകാനോ, ദൈവശ്വാസീയമായ പുസ്തകങ്ങൾ എഴുതപ്പെടാനോ ഉള്ള സാധ്യതയില്ല. അതുകൊണ്ട് തന്നെ, പുതിയ വെളിപ്പെടുത്തലുകൾ ഇപ്പോഴും വരുന്നുണ്ട് എന്നുള്ളവരുടെ വാദത്തെ തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ എളുപ്പത്തിൽ ഖണ്ഡിക്കാൻ കഴിയും.
എന്തുകൊണ്ടാണ് 66 പുസ്തകങ്ങൾ മാത്രം?

ബൈബിൾ ദൈവത്തിന്‍റെ തെറ്റില്ലാത്ത വചനമാണെന്ന നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം യേശുക്രിസ്തുവിന്‍റെ അധികാരമാണ്. അതുകൊണ്ട്, യേശു തിരുവെഴുത്തുകളായി സ്ഥിരീകരിച്ചവയെയും, അവന്‍റെ അംഗീകൃത പ്രതിനിധികളായ അപ്പോസ്തലന്മാർ എഴുതിയവയെയും, അപ്പോസ്തലന്മാരുടെ അംഗീകാരത്തിലും മേൽനോട്ടത്തിലും മറ്റ് വിശ്വാസികൾ എഴുതിയവയെയും മാത്രമേ നാം തിരുവെഴുത്ത് എന്ന് വിളിക്കുന്നുള്ളൂ. അതുകൊണ്ട് 66 പുസ്തകങ്ങൾ മാത്രമാണ് ദൈവശ്വാസീയമായ വിശുദ്ധ തിരുവെഴുത്തുൾ എന്ന് പറയുന്നത്.