ఎమి
1 രാജാക്കന്മാർ 3:5-15
5
ഗിബെയോനില്‍വെച്ചു യഹോവ രാത്രിയില്‍ ശലോമോന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.
6
അതിന്നു ശലോമോന്‍ പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.
7
എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള്‍ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള്‍ നടത്തുവാന്‍ എനിക്കു അറിവില്ല.
8
നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയന്‍ ഇരിക്കുന്നു.
9
ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും.
10
ശലോമോന്‍ ഈ കാര്യം ചോദിച്ചതു കര്‍ത്താവിന്നു പ്രസാദമായി.
11
ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
12
ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെശേഷം ഉണ്ടാകയും ഇല്ല.
13
ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരില്‍ ഒരുത്തനും നിനക്കു സമനാകയില്ല.
14
നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.
15
ശലോമോന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ അതു സ്വപനം എന്നു കണ്ടു. പിന്നെ അവന്‍ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു തന്റെ സകലഭൃത്യന്മാര്‍ക്കും വിരുന്നു കഴിച്ചു.
മത്തായി 20:21
“നിനക്കു എന്തു വേണം” എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്റെ പുത്രന്മാര്‍ ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
മത്തായി 20:22
അതിന്നു ഉത്തരമായി യേശു“നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര്‍ പറഞ്ഞു.
റോമർ 8:25
നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
ഫിലിപ്പിയർ 4:6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.