20
അന്തര്‍മ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
21
ആലയത്തിന്റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്റെ മുന്‍ വശത്തു വിലങ്ങത്തില്‍ പൊന്‍ ചങ്ങല കൊളുത്തി അന്തര്‍മ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
22
അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
23
അന്തര്‍മ്മന്ദിരത്തില്‍ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
24
ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതല്‍ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
25
മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
26
ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
27
അവന്‍ കെരൂബുകളെ അന്തരാലയത്തിന്റെ നടുവില്‍ നിര്‍ത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവില്‍ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
28
കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
29
അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
30
അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
31
അവന്‍ അന്തര്‍മ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചില്‍ ഒരു അംശമായിരുന്നു.
32
ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
33
അവ്വണ്ണം തന്നേ അവന്‍ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലില്‍ ഒരംശമായിരുന്നു.
34
അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടകൂപാളിയും മറ്റെ കതകിന്നു രണ്ടു മടകൂപാളിയും ഉണ്ടായിരുന്നു.
35
അവന്‍ അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേല്‍ പൊന്നു പൊതിഞ്ഞു.