25
അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.
26
അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന്‍ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.
27
ഈ രാജാക്കന്മാര്‍ ഇരുവരും ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കല്‍വെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.
28
പിന്നെ അവന്‍ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
29
നിയമിക്കപ്പെട്ട കാലത്തു അവന്‍ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.
30
കിത്തീംകപ്പലുകള്‍ അവന്റെ നേരെ വരും; അതുകൊണ്ടു അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
31
അവന്‍ അയച്ച സൈന്യങ്ങള്‍ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തല്‍ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
32
നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന്‍ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.
33
ജനത്തില്‍ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവര്‍ വാള്‍ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്‍ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;
34
വീഴുമ്പോള്‍ അവര്‍ അല്പസഹായത്താല്‍ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേര്‍ന്നുകൊള്ളും.
35
എന്നാല്‍ അന്ത്യകാലംവരെ അവരില്‍ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില്‍ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
36
രാജാവേ, ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന്‍ തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്‍വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
37
അവന്‍ എല്ലാറ്റിന്നും മേലായി തന്നെത്താല്‍ മഹത്വീകരിക്കയാല്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38
അതിന്നു പകരം അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര്‍ അറിയാത്ത ഒരു ദേവനെ അവന്‍ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.
39
അവന്‍ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
40
പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
41
അവന്‍ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര്‍ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില്‍ നിന്നു വഴുതിപ്പോകും.
42
അവന്‍ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
43
അവന്‍ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള്‍ ആയിരിക്കും.
44
എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.