1
തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്‍, നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്‍ക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.
2
ഔരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.
3
അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.
4
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.
5
ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുംനേരെ ആയിരിക്കേണം.
6
പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.
7
തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
8
ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.
9
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.
10
ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
11
താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
12
മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.
13
മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.
14
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.