23
യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു
24
പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.
25
ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.
26
ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍
27
അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.
28
പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
29
ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
30
എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.
31
മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
32
യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.
33
സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.
34
നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.
35
ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.
36
ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.
37
യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.
38
അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
39
അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
40
യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.